Sunday, 21 December 2008
മുസ്ലിം ഭീകരതയില്‍ നിന്നും ഹിന്ദു ഭീകരതയിലേക്ക് എന്തു ദൂരം ?
മുംബൈയില്‍ അടുത്തിടെ നടന്ന ഭീകരാക്രമണത്തിന്റെ ബാക്കിപത്രം ഇതു വരെ എഴുതി കഴിഞ്ഞിട്ടില്ല. പക്ഷെ അത് ഇന്‍ഡ്യന്‍ രാഷ്ട്രീയത്തിലും, പാക്കിസ്ഥാനി രാഷ്ട്രീയത്തിലും, ആഗോളതലത്തിലും അസുഖകരമായ പല പ്രശ്നങ്ങള്‍ക്കും വഴിവച്ചിട്ടുണ്ട്, എന്നതില്‍ ഒട്ടും സംശയമില്ല.
പാക്കിസ്ഥാന്‍ പതിറ്റാണ്ടുകളായി അമേരിക്കയുടെ സഖ്യ രാഷ്ട്രമാണ്. ഇക്കഴിഞ്ഞ അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളുടെ പ്രചരണവേളയില്‍ , ഭീകരതെക്കെതിരെയുള്ള യുദ്ധം ഒരു പ്രധാന വിഷയമായിരുന്നു. അഗോളതലത്തില്‍ മുസ്ലിം ഭീകരത ആഞ്ഞടിച്ചപ്പോള്‍, കാര്യവിവരമുള്ളവര്‍ പാക്കിസ്ഥാനാണ് എല്ലാ ഭീകരതയുടെയും പ്രഭവകേന്ദ്രമെന്ന് അഭിപ്രായപ്പെട്ടിരുന്നു. പക്ഷെ അമേരിക്ക അതു വക വച്ചു തന്നിരുന്നില്ല. ഇന്‍ഡ്യ തെളിവു സഹിതം പാക്കിസ്ഥാനുള്ള പങ്ക് അമേരിക്കയെ ബോദ്ധ്യപ്പെടുത്തിയപ്പോഴും അവര്‍ അതു ഗൌനിച്ചതായി ഭാവിച്ചില്ല. അഫ്ഘാനിസ്ഥാനെതിരെയുള്ള യുദ്ധത്തില്‍ ഇന്‍ഡ്യ പൂര്‍ണ്ണ പിന്തുണയും സഹായവും വാഗ്ദാനം ചെയ്തിട്ടും അമേരിക്ക അതു തള്ളിക്കളഞ്ഞ്, പാക്സിസ്ഥാന്റെ പക്ഷത്തു നിലയുറപ്പിക്കുകയുണ്ടായി. തെരഞ്ഞെടുപ്പു പ്രചാരണവേളയുഇല്‍ നിയുക്ത പ്രസിഡണ്ട്, ഒബാമ പറഞ്ഞു, ഭീകരരെ പാക്കിസ്ഥാന്‍ നിയന്ത്രിക്കുകയും അടിച്ചമര്‍ത്തുകയും ചെയ്യണം . അതിനവര്‍ക്ക് സാധിച്ചില്ലെങ്കില്‍ , അമേരിക്ക ഇടപ്പെട്ട് അതു ചെയ്യും .ഇപ്പോഴത്തെ പ്രസിഡണ്ടിന്റെ പാര്‍ട്ടി സ്ഥാനാര്‍ത്ഥി മക് കെയിന്‍ പറഞ്ഞു, പാക്കിസ്ഥാന്‍ അമേരിക്കയുടെ സഖ്യ രാഷ്ട്രമാണ്. അവരെ ആക്രമിക്കാന്‍ അമേരിക്കക്കു സാധിക്കില്ല എന്ന്. ഒബാമ അടുത്ത മാസം പ്രസിഡണ്ടായി അധികാരം ഏല്‍ക്കുകയാണ് . പ്രസക്തമായ ചോദ്യം, അമേരിക്ക പാക്കിസ്ഥാനിലെ ഭീകര പരിശീലന കേന്ദ്രങ്ങള്‍ തകര്‍ക്കുമോ ഇല്ലയോ എന്നതാണ്. അതിനുള്ള സാധ്യത വിദൂരമാണ്. കാരണം അമേരിക്ക ഭരിക്കുന്നത് തെരഞ്ഞെടുക്കപ്പെട്ട പ്രസിഡണ്ടുമാരല്ല, കുറച്ച് മാഫിയകളാണ്.
പാക്കിസ്ഥാനില്‍ മാത്രമല്ല, ലോകം മുഴുവന്‍ മുസ്ലിം ഭീകരത വളര്‍ത്തുന്നതില്‍ അമേരിക്കക്കു കാര്യമായ പങ്കുണ്ട്. യുഗോസ്ലാവിയയിലും , സോവിയറ്റ് യൂണിയനിലും , കാഷ്മീരിലും , അഫ്ഘാനിസ്ഥാനിലും ഭരണകൂടങ്ങള്‍ക്കെതിരെ പോരാടാന്‍ , മുസ്ലിം ഭീകരരെ വളര്‍ത്തിയെടുത്തതില്‍ വലിയ പങ്ക് സി ഐ എക്കാണ്. റൊനാള്‍ഡ് റീഗനും സിയ ഉള്‍ ഹക്കുമായിരുന്നു ഈ പരസ്പര സഹകരണത്തിന്റെ സൂത്രധാരകര്‍ . അഫ്ഘാനിസ്ഥാനിലും യുഗോസ്ലാവിയയിലും ഇത് ലക്ഷ്യം കണ്ടപ്പോള്‍, അമേരിക്ക സന്തോഷിച്ചു. അതു കൊണ്ട് അതിനെ നിര്‍ബാധം വളരാനും അനുവദിച്ചു. അവര്‍ തുറന്നു വിട്ട് പരിപോഷിപ്പിച്ച സത്വത്തിന്റെ യധാര്‍ത്ഥ മുഖം വര്‍ഷങ്ങള്‍ക്ക് ശേഷമാണ് അവര്‍ക്ക് ശരിക്കും കാണാന്‍ സാധിച്ചത്, 2001 സെപ്റ്റം ബര്‍ 11 ന്. അപ്പോഴേക്കും അതു ആര്‍ക്കും തടുക്കാനാവാത്തവിധം വളര്‍ന്നു പോയിരുന്നു. കഴിഞ്ഞ 7 വര്‍ഷം യുദ്ധം ചെയ്തിട്ടും അതിന്റെ ശക്തി കുറയുന്നില്ല, കൂടുകയാണു ചെയ്യുന്നതും .
ഇസ്ലാമിക ഭീകരത എന്ന വാക്കു കൂടുതലായി ഉപയോഗിക്കാന്‍ തുടങ്ങിയത് അഫ്ഘാനിസ്ഥാനിലെ ഭീകരര്‍ അമേരിക്കക്കെതിരായ നിലപാട് സ്വീകരിക്കാന്‍ തുടങ്ങിയതു മുതലാണ്. മതം ഭീകരതക്കുപയോഗിച്ചു എന്നു കരുതി അത് മറ്റ് ഭീകരതകളില്‍ നിന്നും വ്യത്യസ്ഥമല്ല. ഖലിസ്ഥാന്‍ ഭീകരതയും, ശ്രീലങ്കന്‍ പുലികളുടെ ഭീകരതയും, ഉള്‍ഫയുടെ ഭീകരതയും, ഐറീഷ് റിപബ്ളിക്കന്‍ ആര്‍മിയുടെ ഭീകരതയും ഏറ്റവും ഒടുവിലെ സംഘ പരിവാര്‍ ഭീകരതയും എല്ലാം ഒന്നു തന്നെ. ഇന്നലെ വരെ ഭീകരായിരുന്ന നേപ്പാളി മാവോയിസ്റ്റുകള്‍ ഇന്ന് ആ ഗണത്തില്‍ പെടുന്നില്ല. പി എല്‍ ഓ എന്ന സംഘടന വളരെക്കാലം ഭീകര സംഘടനയായിരുന്നു പടിഞ്ഞാറന്‍ നാടുകള്‍ക്കെല്ലാം . അന്നു പക്ഷെ അല്‍ ഖയിദ പോലുള്ള സംഘടനകള്‍ അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ നല്ല പിള്ളകളായിരുന്നു.
പാക്കിസ്ഥാനില്‍ മുസ്ലിം ഭീകരരെ രണ്ടു തരത്തിലാണവര്‍ ഉപയോഗിച്ചത്. ഒന്നു അഫ്ഘാനിസ്ഥാനിലെ സോവിയറ്റ് ചായ് വുള്ള സര്‍ക്കാരിനെതിരെ യുദ്ധം ചെയ്യാനും മറ്റേത് കാഷ്മീരിലെ ഇന്‍ഡ്യന്‍ ഭരണത്തിനെതിരെ യുദ്ധം ചെയ്യാനും . ഇന്‍ഡ്യ സോവിയറ്റ് ചേരിയിലായിരുന്നതാണതിനു കാരണം. ഇന്‍ഡ്യയില്‍ ഭീകരാക്രമണം കൂടുതലായി ഉണ്ടായത് എണ്‍പതുകള്‍ക്ക് ശേഷമാണ്. അതു കാഷ്മീര്‍ പ്രശ്നവുമായി ബന്ധപ്പെട്ടും കിടക്കുന്നു. കഷ്മീരിലെ ഒരു വിഭാഗം മുസ്ലിങ്ങളുടെ സ്വാതന്ത്ര്യ സമരം പാകിസ്ഥാന്‍ വളരെ സമര്‍ദ്ധമായി, ഇന്‍ഡ്യയെ ദുര്‍ബലപ്പെടുത്താന്‍ ഉപയോഗിച്ചു. അതിനു മുഴുവന്‍ പിന്തുണ കൊടുത്തത് അമേരിക്കയും പടിഞ്ഞാറന്‍ രാജ്യങ്ങളുമായിരുന്നു. ഇന്നുള്ള വലിയ ഭീകരപ്രസ്ഥാനങ്ങളെല്ലം ഉദയം കൊണ്ടത് അഫ്ഘാനിസ്ഥാനിലെ കമ്യൂണിസ്റ്റു ചായ്വുള്ള സര്‍ക്കാരിനെതിരെ യുദ്ധം ചെയ്യാന്‍ സി ഐ എ നിയോഗിച്ച ഒളിപ്പോരാളികളില്‍ നിന്നുമാണ്. അതു ചെയതത് ഐ എസ് ഐ എന്ന പാകിസ്ഥാന്‍ ചാര ഏജന്‍സിയുടെ ഉത്തരവാദിത്തത്തിലും . അഫ്ഘാനിസ്ഥാനിലെ കമ്യൂണിസ്റ്റു ഭരണം അവസാനിപ്പിച്ചതിനു ശേഷം പണിയില്ലാതായ ഒളിപ്പോരാളികളെ ഇന്‍ഡ്യന്‍ അധീന കാഷ്മീരിലേക്കയച്ചു. അത് കാഷ്മീരും കടന്ന് ഇന്‍ഡ്യയുടെ പല ഭഗങ്ങളിലേക്കും വ്യാപിച്ചു. ഒരു വിഭാഗം ഇന്‍ഡ്യന്‍ മുസ്ലിങ്ങളും അതിനു സഹായവും ചെയ്തു. 1992 ല്‍ ഹിന്ദു തീവ്രവാദികള്‍ ബാബ്രി മസ്ജിദ് തകര്‍ത്തപ്പോള്‍ കൂടുതല്‍ ഇന്‍ഡ്യന്‍ മുസ്ലിങ്ങള്‍ തീവ്രവാദത്തിലേക്ക് തിരിഞ്ഞു. അത് ഹിന്ദു തീവ്രവാദികള്‍ ഒരു മറയാക്കി.
ഈ ഭീകരര്‍ക്ക് രണ്ട് ലക്ഷ്യങ്ങളുണ്ട്. ഇന്‍ഡ്യയും പാക്കിസ്ഥാനുമായുള്ള അതിര്‍ത്തിയിലേക്ക് പാക്കിസ്ഥാനി സേനയെ പുനര്‍വിന്യസിപ്പിക്കുകയാണൊന്ന്. അത് അഫ്ഘാനിസ്ഥാനില്‍ ഭീകരര്‍ക്ക് കുറച്ചുകൂടെ മേല്‍ക്കൈ നേടാന്‍ സഹായിക്കും . രണ്ട് ഇന്‍ഡ്യയില്‍ മുസ്ലിങ്ങള്‍ക്കെതിരെ ഹിന്ദു ഭീകരരുടെ അതിക്രമങ്ങള്‍ വര്‍ദ്ധിപ്പിക്കുക അതു വഴി കൂടുതല്‍ മുസ്ലിങ്ങളെ ഭീകര സംഘടനകളിലേക്ക് ആകര്‍ഷിക്കുക.
പാക്കിസ്ഥാനിലുള്ള എണ്ണമറ്റ ഭീകര സംഘടനകളില്‍, പാക്കിസ്ഥാനി മിലിട്ടറിയുമായി ഇന്നും സഹകരിക്കുന്ന ഒന്നാണ് ലഷ്കര്‍ എ തായിബ. ഇത് ഒരു സാമൂഹ്യ സേവന സംഘടനയായിട്ടാണ് അറയപ്പെടുന്നതും അംഗീകാരം നേടിയതും . കൂടുതലും പഞ്ചാബി സംസാരിക്കുന്നവരുടേതാണിത്. അതു കൊണ്ട് ഇതിനെ അഫ്ഘാനിസ്ഥാനില്‍ പ്രവര്‍ത്തിക്കാന്‍ ഐ എസ് ഐ ഉപയോഗിച്ചില്ല. പകരം കാഷ്മീരായിരുന്നു ഇതിന്റെ പ്രധാന പ്രവര്‍ത്തനമേഖല. അതിന്റെ ഏറ്റവും പുതിയ ആക്രമണമാണ് മുംബൈയില്‍ അടുത്തയിടെ അരങ്ങേറിയത്.
മുസ്ലിം ഭീകരതയുടെ ഏറ്റവും പുതിയ മുഖമായ ലഷ് കര്‍ എ തായിബയുടെ സ്ഥാപകന്‍ ഹാഫീസ് സയിദിന്റെ വാക്കുകള്‍ ഇവയാണ്.
'ഇന്ത്യക്ക് കോട്ടം തട്ടാതിരിക്കുവോളം സമാധാനം പുലരുകയില്ല. അവരെ വെട്ടിമാറ്റുക, അവര്‍ കരുണക്കായി നിങ്ങളുടെ കാല്‍ക്കല്‍ വീണു യാചിക്കുവോളം അവരെ വെട്ടിയൊതുക്കുക'. 'ഇന്ത്യയാണ് നമുക്ക് ഈ വഴി കാണിച്ചുതന്നത്. നാം ഇന്ത്യക്ക് ഉരുളക്കുപ്പേരിയായി മറുപടി നല്‍കാന്‍ , അവര്‍ ചെയ്ത അതേ രീതിയില്‍ , കാഷ്മീരിലെ മുസ്ലിംകളെ കൊല്ലുന്ന വിധത്തില്‍ തന്നെ ഹിന്ദുക്കളെ കൊന്ന് തിരിച്ചടിക്കണം'.
ലഷ്കര്‍ എ തായിബയെ നമുക്ക് ഭീകര സംഘടന എന്നു വിളിക്കാം . പക്ഷെ ഒരു ജനാധിപത്യ സംഘടനയായ ബി ജെ പിയുടെ ഒരു പ്രാദേശിക നേതാവ് പറഞ്ഞതോ? 2002 ലെ ഗുജറാത്ത് കലാപത്തിന്റെ നടത്തിപ്പുകാരില്‍ ഒരാളായിരുന്നു ബാബു ബജ് റംഗി. തികച്ചും ജനാധിപത്യവാദിയും, ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോദിയുടെ വിശ്വസ്തരില്‍ ഒരാളുമായിരുന്ന, അദ്ദേഹത്തിന്റെ വാക്കുകള്‍ ഇവയാണ്.
'ഒരൊറ്റ മുസ്ലിംകടയും ഞങ്ങള്‍ ബാക്കിവെച്ചില്ല. എല്ലാം ഞങ്ങള്‍ ചുട്ടെരിച്ചു. കൊത്തിനുറുക്കി തീയിട്ടു. അവരെ ചുട്ടുകൊല്ലണമെന്നാണ് ഞങ്ങളുടെ നിശ്ചയം. കാരണം ഈ തെമ്മാടികള്‍ക്ക് ശവദാഹം പേടിയാണ്. എനിക്ക് ഒരു അന്ത്യാഭിലാഷമുണ്ട്. എന്നെ വധശിക്ഷക്ക് വിധിക്കട്ടെ. തൂക്കിക്കൊന്നാലും എനിക്കൊരു ചുക്കുമില്ല. തൂക്കിലേറ്റും മുമ്പ് എനിക്ക് രണ്ടുനാള്‍ തരിക. എന്നിട്ട് എനിക്ക് ജുഹാപുരയില്‍ ഏഴോ എട്ടോ ലക്ഷം ഈ ജാതിക്കാര്‍ താമസിക്കുന്ന സ്ഥലത്ത് ചെല്ലണം. അവരെ മുഴുവന്‍ ഞാന്‍ വകവരുത്തും. അവരെ കുറച്ചുപേരെ കൂടി യമപുരിക്ക് അയക്കണം. ചുരുങ്ങിയത് 25-50 ആയിരം പേര്‍ കൂടി ചാവണം'.
ഇനി നമ്മുടെ ഓര്‍മ്മ കുറച്ചുകൂടി പിന്നോട്ട് കൊണ്ടുപോകാം. മോദിയുടെയും അദ്വാനിയുടെയും ബാജ് പേയിയുടെയും ബജ് രംഗിയുടേയും താത്വികാചാര്യന്‍ , അര്‍ എസ് എസ് എന്ന ഹിന്ദു സംഘടന സ്ഥാപിച്ച, ഗുരുജി എന്നു വിളിക്കപ്പെടുന്ന ഗോള്‍ വാക്കറുടെ വാക്കുകള്‍ നമുക്ക് കേള്‍ക്കാം.
'മുസ്ലിംകള്‍ ആദ്യമായി ഹിന്ദുസ്ഥാനില്‍ കാലുകുത്തിയ ആ നശിച്ച നാള്‍ മുതല്‍ ഇന്നോളം ഹിന്ദുരാഷ്ട്രം ഈ പിടിച്ചുപറിക്കാരെ അമര്‍ച്ച ചെയ്യാന്‍ ധീരമായി പൊരുതിവരികയാണ്. വംശീയവികാരം ഉണര്‍ന്നെണീറ്റു കൊണ്ടിരിക്കുകയാണ്'.
ഇതിനു ശേഷം എണ്ണിയാലൊടുങ്ങാത്ത ഇസ്ലാമിക ഭീകരരുടെ വാക്കുകളും നമുക്ക് ശ്രദ്ധിക്കാം . ഇതിന്റെയെല്ലാം അന്തസത്ത ഒന്നു തന്നെയല്ലേ? വംശീയ വിദ്വേഷം, മത വിദ്വേഷം, എന്നൊക്കെ അതിനെ വിശേഷിപ്പിക്കാം . ബജ് രംഗി പ്രതിനിധാനം ചെയ്യുന്ന ഭീകരതക്ക് മറ്റൊരു മുഖം കൂടിയുണ്ട്. അത് ജാതീയ വിദ്വേഷത്തിന്റേതാണ്. സഹസ്രാബ്ദങ്ങളോളം ഇന്‍ഡ്യയിലെ കീഴ്ജാതിക്കാരെ സമൂഹത്തിന്റെ പിന്നാമ്പുറങ്ങളിലേക്ക് ആട്ടിപ്പായിച്ച ജാതീയ വിദ്വേഷത്തിന്റെ മുഖം. മുസ്ലിങ്ങളല്ലാത്തവരെ എതിര്‍ക്കുക , അവരില്‍ ഭീതി പരത്തുക അവരെ ഉല്‍മൂലനം ചെയ്യുക എന്നതാണ് ഇസ്ലാമിക ഭീകരതയുടെ ലക്ഷണങ്ങള്‍ . അതു തന്നെയാണ് ഹിന്ദു ഭീകരതയുടെ ലക്ഷണങ്ങളും . അതു കൊണ്ടാണ് അടുത്തയിടെ അവര്‍ ഒറീസയിലും കര്‍ണാടകയിലും ക്രിസ്ത്യാനികളെ വകവരുത്താനും അവരുടെ ഇടയില്‍ ഭീതി പരത്താനും ഒരു ശ്രമം നടത്തിയത്. അടുത്ത ഡിസം ബര്‍ 25 ന് ഒറീസയില്‍ ബന്ദ് ആചരിക്കാനാണ് ഹിന്ദു ഭീകരര്‍ ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്. ഡിസം ബര്‍ 25 ക്രിസ്ത്യാനികള്‍ക്ക് ഏറ്റവും വിശേഷപ്പെട്ട ഒരു ദിനമാണെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം . എന്തുകൊണ്ടായിരിക്കാം ഹിന്ദു ഭീകരര്‍ അന്നു തന്നെ ഒരു ബന്ദ് നടത്താന്‍ ആഹ്വാനം ചെയ്തത്? ക്രിസ്ത്യാനികളില്‍ ഭീതി പരത്തുക അവരുടെ സമാധാനം തകര്‍ക്കുക. ഇതു രണ്ടുമാണ് ഈ ഭീകരരുടെ ലക്ഷ്യം.
ഗുജറാത്തില്‍ നരഹത്യ നടത്തിയവരെയോ ഒറീസ്സയില്‍ ഭീകര താണ്ധവം ആടിയവരെയോ ആരും ഭീകരര്‍ എന്നു വിളിച്ചില്ല. ഭീകരത എന്ന വാക്കു കുറച്ചുപേര്‍ക്ക് സംവരണം ചെയ്യപ്പെട്ടതാണല്ലോ.
മലേഗാവ് സ്ഫോടനം മുസ്ലിം ഭീകരരിലായിരുന്നു ആദ്യം അരോപിക്കപ്പെട്ടിരുന്നത്. പിന്നീട് അതിന്റെ നിജസ്ഥിതി വെളിച്ചത്തു വരികയും ചെയ്തു. ഹിന്ദു ഭീകരതയുടെ പുതിയ മുഖങ്ങളായ പ്രഗ്യ ഠാക്കൂറും മറ്റും ഇപ്പോള്‍ അറസ്റ്റിലാണ്. അവരെ അറസ്റ്റു ചെയ്ത ഹേമന്ത് കാര്‍ക്കറെയുടെ കൊലപാതകത്തെച്ചൊല്ലി കോണ്‍ഗ്രസ് പാര്‍ട്ടി ഇപ്പോള്‍ കുഴപ്പത്തിലുമായി.
എല്ലാ ഭീകരരെയും ഭീകരര്‍ എന്നു വിളിക്കുകയും കാണുകയും ചെയ്യാതെ ഭീകരതയെ എതിര്‍ത്തു തോല്‍പ്പിക്കാനാവില്ല.
Sunday, 14 December 2008
ഏതു ജനതയുടെ ആത്മാവിഷ്കാരം ?
കൈരളി ചാനല്‍ തുടങ്ങിയത് സി പി എം എന്ന രാഷ്ട്രീയ പാര്‍ട്ടിയുടെ ആഭിമുഖ്യത്തിലാണ്. അതു പാര്‍ട്ടി പരിപാടികള്‍ ജനങ്ങളില്‍ എത്തിക്കുന്നതിനു വേണ്ടിയാണെന്നാണ് സി പി എം പ്രവര്‍ത്തകര്‍ കരുതിയത്. കുറഞ്ഞപക്ഷം പാര്‍ട്ടി അനുഭാവികളായ സാധാരണക്കാരുടെയും പാവപ്പെട്ടവരുടെയും പ്രശ്നങ്ങള്‍ക്ക് പ്രാധാന്യം കൊടുക്കും എന്നവര്‍ കരുതി. അതു കൊണ്ടാണ് അതിനു വേണ്ടി പണപ്പിരിവും സഹായകവും അവര്‍ ചെയ്തതും.
ഒരു ജനതയുടെ ആത്മാവിഷ്കാരം എന്നാണ് ആ ചാനലിന്റെ പരസ്യം തന്നെ. പക്ഷെ ഏതു ജനതയുടേതെന്നാണ് പ്രസക്തമായ ഒരു ചോദ്യം . കേരള ജനതയുടേതാണെന്നു കരുതാന്‍ പ്രയാസമാണ്. ആ ചാനലില്‍ ഉപയോഗിക്കുന്ന ഭാക്ഷ 80 ശതമാനവും മലയാളമല്ല. മലയാളം എന്നു തോന്നിക്കുന്ന ചില പരിപാടികളില്‍ കടിച്ചാല്‍ പൊട്ടാത്ത സംസ്കൃതപദങ്ങളും സംസ്കൃതപ്രയോഗങ്ങളും കാണാം .പരിപാടികളുടെ പരസ്യങ്ങളെല്ലാം തന്നെ ഇംഗ്ളീഷിലാണ്. അപ്പോള്‍ ഉയരുന്ന ചോദ്യം, മലയാളികളുടെ മാതൃഭാഷ ഏതാണ്?
കൈരളി ചാനിലിന്റെ വെബ് സൈറ്റില്‍ കാണുന്ന പരിപാടികളേക്കുറിച്ചുള്ള പരസ്യങ്ങളാണ് ചുവടെ.
ഇതു കാണുന്ന മലയാളിയല്ലാത്ത ആരും കരുതും ഇതൊരു ഇംഗ്ളീഷ് ചാനല്‍ ആണെന്ന്
മുകളില്‍ കൊടുത്തിരിക്കുന്നവയില്‍ രസകരമായ ഒന്നാണ് cross fire എന്നത്. ഈ പേരിന്റെ പ്രസക്തി എത്ര ആലോചിച്ചിട്ടും മനസിലാകുന്നില്ല. ഈ വാക്കിനു വെടിയുതിര്‍ക്കുക എന്നാണര്‍ത്ഥം . വാക്കുകള്‍ കൊണ്ട് വെടി ഉതിര്‍ക്കുക എന്നായിരിക്കാം ഉദ്ദേശിക്കുന്നതും . ഇതിനു ഇടക്കിടക്ക് ജോണ്‍ ബ്രിട്ടാസ് അവതരിപ്പിക്കുന്ന ഒരു പരസ്യമുണ്ട്. An enlightened platform for dialogue എന്നാണത്. അപ്രസക്തമായ പൊടിപ്പും തൊങ്ങലും അഴിച്ചുമാറ്റി, ഇതിനെ മലയാളത്തില്‍ ആക്കിയാല്‍, സംവാദം എന്നു വരും . സംവാദം എന്നത് എത്ര സുന്ദരവും വളരെ എളുപ്പത്തില്‍ മനസിലാക്കാവുന്നതുമായ പദമാണ്. ജോണിന്റെ ഇംഗ്ളീഷ് വളരെ താണ നിലവാരത്തിലുള്ളതുമാണെന്നു പറയാതെ വയ്യ. ഇംഗ്ളീഷ് അറിയാമെന്നു കാണിക്കാന്‍ എന്തിനു പ്രേക്ഷകരുടെ മുന്നില്‍ ഇതു പോലെ ചെറുതാവുന്നു. മികച്ചതല്ലെങ്കിലും ഭേദപ്പെട്ട നിലവാരമുള്ള ഒരു അവതാരകനാണ് ജോണ്‍ ബ്രിട്ടാസ്.എന്തിനതു കളഞ്ഞു കുളിക്കുന്നു.
താഴെക്കാണുന്ന പരിപാടികള്‍ കണ്ടാല്‍ ആരും അല്‍പ്പം ഒന്നമ്പരന്നു പോകും .
നേഴ്സറി ക്ളാസ്സിലെ കുട്ടികള്‍ a for apple, b for ball , c for cat, e for elephant എന്നൊക്കെ പഠിക്കാറുണ്ട്. ഇതുപോലൊരു തലവചകം കൊടുക്കുക വഴി ഇതിന്റെ ശില്‍പ്പികള്‍ നേഴ്സറി നിലവാരമുള്ളവരാണെന്നു തെളിയിക്കുന്നു. കേരളത്തിലെ ഭൂരിഭാഗം വരുന്ന തൊഴിലാളികളും സാധാരണക്കാരും വീടുകളില്‍ ആനയെ വളര്‍ത്തുന്നവരായതു കൊണ്ട് ഈ പരിപാടി അവര്‍ക്ക് ഉപകരിക്കും എന്നതില്‍ യാതൊരു സംശയവുമില്ല.
രണ്ടാമത്തെ പരിപാടിക്കു ചമയം എന്നാണ് പേരെങ്കിലും അത് അവതരിപ്പിക്കുന്നത് വികൃതമായ ഇംഗ്ളീഷ് സംസാരിക്കുന്ന ഒരു ജീവിയാണ്. 99% ഇംഗ്ളീഷ് ഭാഷ ഉപയോഗിക്കുന്ന ഇവര്‍ പരിചയപ്പെടുത്തുനത്, വജ്രവും മറ്റും പതിപ്പിച്ച ആധുനിക ആഭരണങ്ങളും മുന്തിയ ചെരുപ്പുകളുമാകുന്നു. മലായാളികളെ എല്ലാവരെയും പണക്കാരാക്കി കഴിഞ്ഞ സ്ഥിതിക്ക്, ഇത് മുകുന്ദന്റെ ഭാഷയില്‍ പറഞ്ഞാല്‍, ആധുനിക ലോകത്തിനു യോജിച്ച പരിപാടിയും .
മൂന്നാമത്തേതാണ് ഏറ്റവും രസകരം . B 4 midnite എന്ന പ്രയോഗം മറ്റെല്ലാ ചാനലിനേയും കവച്ചു വക്കും എന്നു പറയാതെ വയ്യ. ഇത് തലയില്‍ ഉദിച്ച ആ ജീവിയെ നല്ല ഒരു പുരസ്കാരം കൊടുത്ത് ബഹിമാനിക്കേണ്ടതാണ്. സാധാരണ ഇങ്ങനത്തെ പ്രയോഗം കുട്ടികള്‍ക്ക് വേണ്ടിയുള്ള കാര്‍ട്ടൂണൂകളില്‍ കാണാം . ഭാവിയില്‍ കൈരളി കാര്‍ട്ടൂണ്‍ നിലവാരത്തിലേക്ക് ഉയര്‍ത്താനുള്ള ശ്രമം തുടങ്ങിയതാവാനും മതി.
Tuesday, 9 December 2008
കടുവയെ കിടുവ പിടിക്കുമ്പോള്‍
നിയമ നിര്‍മാണ സഭയിലെ സീറ്റുകള്‍ ലേലം വിളിച്ചും അല്ലാതെയും വിറ്റു കാശുമേടിക്കുന്ന പതിവു ഇന്‍ഡ്യയില്‍ പണ്ടേ ഉള്ളതാണ്. അടുത്തു നടന്ന തെരഞ്ഞെടുപ്പിലും അതു സംഭവിച്ചതായാണ് റിപ്പോര്‍ ട്ടുകള്‍ .ഈ പ്രശ്നത്തിന്റെ പേരിലാണ് അടുത്തകാലത്ത് കോണ്‍ഗ്രസില്‍ മാര്‍ഗരറ്റ് ആല്‍വ കലഹിച്ചതും പാര്‍ട്ടി സ്ഥാനങ്ങളില്‍ നിന്ന് പുറത്തായതും .
അമേരിക്കയില്‍ ഇതു പോലെ സീറ്റു വിലപന എന്നു കേട്ടാലധികമാരും അതു വിശ്വസിക്കില്ല. കാരണം , ലോകം മുഴുവനുമുള്ള അഴിമതിയുടെ കണക്കെടുക്കുകയും മറ്റു രാജ്യങ്ങളെ അധിക്ഷേപിക്കുകയുമാണല്ലോ അമേരിക്കയുടെ പ്രധാന വിനോദം . അങ്ങനെയുള്ള അഴിമതി രഹിത സ്വര്‍ഗ്ഗത്തില്‍ നടന്ന ഒരു നാറുന്ന കഥയാണിത്.
ഇല്ലിനോയിയില്‍ നിന്നുള്ള സെനറ്ററായിരുന്നു ബരാക്ക് ഒബാമ. അദ്ദേഹം ഒഴിഞ്ഞ സെനറ്റ് സീറ്റിലേക്ക് ആളെടുക്കുന്നതിന്റെ ഭാഗമായിട്ടാണ് അമേരിക്കയില്‍ സീറ്റു കച്ചവടം നടന്നത്. ഇല്ലിനോയി ഗര്‍ണറായ ബ്ളാഗൊജെവിച് ആ സീറ്റു കച്ചവടം ചെയ്യാന്‍ ശ്രമിച്ചതിന്റെ തെളിവുകള്‍ എഫ് ബി ഐ ക്ക് കിട്ടുകയും അദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
ഇല്ലിനോയിയില്‍ നിന്നുള്ള മൂന്നു മുന്‍ ഗവര്‍ണര്‍മാരും അഴിമതിയുടെ പേരില്‍ ജയില്‍ വാസം അനുഭവിച്ചിട്ടുണ്ട്.
Saturday, 6 December 2008
ഇന്‍ഡ്യന്‍ ചരിത്രത്തിലെ കറുത്ത ഏട്
ഹിന്ദു ഭീകരവാദികള്‍ ഒരു ആരാധനാലയം തകര്‍ത്തതിന്റെ വാര്‍ഷികമാണ് ഡിസംബര്‍ 6. സ്വതന്ത്ര ഇന്‍ഡ്യയുടെ ചരിത്രത്തിലെ രണ്ടാമത്തെ കറുത്ത ഏടാണ് ഇത്. ആദ്യത്തേത് രാഷ്ട്ര പിതാവിനെ വധിച്ചതായിരുന്നു. രണ്ട് നിര്‍ഭാഗ്യ സംഭവങ്ങളുടെയും പിന്നില്‍ ഹിന്ദു വര്‍ഗ്ഗീയ വാദികളായിരുന്നു എന്നതും ചരിത്ര സത്യം .
ഹിന്ദു ഭീകരര്‍ ബാബ്രി മസ്ജിദ് തകര്‍ക്കുന്നതിന്റെ ചില രംഗങ്ങള്‍ ഇവിടെ കാണാം.
ഇന്‍ഡ്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ചതി എന്നു പറയവുന്നതാണ് ആ സംഭവം . അന്നത്തെ സര്‍ക്കാരിനും കോടതികള്‍ക്കും മസ്ജിദ് തകര്‍ക്കില്ല എന്ന ഉറപ്പു കൊടുത്ത് അതു പാലിക്കാതിരുന്ന ചതി. 150000 ഹിന്ദു തീവ്രവാദികള്‍ എല്‍ കെ അദ്വാനിയുടെയും എം എം ജോഷിയുടേയും സാന്നിദ്ധ്യത്തില്‍ ഒരു ആരാധനാലയം തകര്‍ത്തു.
Wednesday, 3 December 2008
വി പി സിംഗ്, ഒരു സ്മരണാഞ്ജലി
മുംബൈ ഭീകരാക്രമണത്തിന്റെ ഇടയിലാണ് മുന്‍ പ്രധാനമന്ത്രി വി പി സിം ഗ് അന്തരിച്ചത്. അതു കൊണ്ട് അധികമൊന്നും മാധ്യമ ശ്രദ്ധ ആ സംഭവത്തിനു കിട്ടിയില്ല. രാഷ്ട്രീയ നേതാക്കള്‍ ഒരു ചടങ്ങെന്ന പോലെ അതും തള്ളിനീക്കി.
അരാണ് വിശ്വനാഥ് പ്രതാപ് സിം ഗ്? അദ്ദേഹത്തിന്റെ പ്രസിദ്ധമായ ചില വാക്കുകള്‍ കേട്ടാലും ഈ രാജ്യത്തിലും സമൂഹത്തിലും സാമൂഹിക നീതിയും സമത്വവും കൊണ്ടുവരാന്‍ ഞാന്‍ ശ്രമിക്കുമ്പോള്‍ , തികച്ചും ശരിയായ പ്രവര്‍ ത്തിയാണ് ചെയ്യുന്നതെന്ന ഉത്തമ ബോധ്യം എനിക്കുണ്ട്. ഇതു പറഞ്ഞത് അദ്ദേഹം പ്രധാനമന്ത്രിയായിരുന്ന സമയത്ത്, മണ്ധല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കാന്‍ ശ്രമിക്കുകയും,ഇന്‍ഡ്യയിലെ ഉയര്‍ന്ന ജാതിക്കാര്‍ അതിനെതിരെ പ്രക്ഷോഭം നടത്തുകയും ചെയ്തപ്പോഴായിരുന്നു. ഇത് നടന്നത് ബി ജെ പിയുടെ നേത്വത്തില്‍ മണ്ധല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കുന്നതിനെതിരെ നടന്ന സമരാഭാസങ്ങളുടെ സമയത്തായിരുന്നു.
രാഷ്ട്രീയ ജീവിതത്തിന്റെ ആരംഭം മുതല്‍,സംശുദ്ധമായ ഒരു പൊതു ജീവിതം നയിച്ച വ്യക്തിയാണ് വി പി സിം ഗ്. സമകാലീന ഇന്‍ഡ്യന്‍ രാഷ്ട്രീയത്തില്‍ അപൂര്‍വതയാണത്.1984 ല്‍ രാജീവ് ഗാന്ധി പ്രധാനമന്ത്രിയായപ്പോഴാണ്, സിം ഗിനെ കേന്ദ്രത്തിലേക്ക് കൊണ്ടുവരുന്നതും ധനകാര്യ വകുപ്പ് അദ്ദേഹത്തെ ഏല്‍പ്പിക്കുന്നതും . ധനകാര്യ മന്ത്രിയായി ചുമതല ഏറ്റപ്പോള്‍ അദ്ദേഹം ആദ്യം ചെയ്തത്, നികുതി നല്‍കാന്‍ തയ്യാറല്ലാത്ത വലിയ പണക്കാരുടെ നികുതി വെട്ടിപ്പ് തടയാനുള്ള ശ്രമമായിരുന്നു. റിലയന്‍സിനു അങ്ങനെ അദ്ദേഹം കണ്ണിലെ കരടായി. അദ്ദേഹത്തിനു ധനകാര്യ വകുപ്പ് നഷ്ടപ്പെട്ടു. റിലയസ് ഇന്നും നികുതി വെട്ടിപ്പും,ഇന്‍ഡ്യന്‍ പ്രധനമന്ത്രിയുടെ അജണ്ട നിശ്ചയിക്കുന്നവരുമായി തുടരുന്നു. പിന്നീട് പ്രതിരോധവകുപ്പിലേക്ക് മാറ്റപ്പെറ്റ അദ്ദേഹം അവിടെയും അഴിമതിക്കെതിരെ ശക്തമായ നിലപാടെടുത്തു. ബോഫോഴ് സ് പ്രശ്നത്തില്‍ രാജീവ് ഗാന്ധിയുമായി അഭിപ്രായ വ്യത്യാസം ഉണ്ടായതും , തെറ്റിയതും , കോണ്‍ഗ്രസില്‍ നിന്നും പുറത്തു പോന്നതും,പില്‍ കാല ചരിത്രം . അതു ഇന്‍ഡ്യയിലെ രണ്ടാമത്തെ കോണ്‍ഗ്രസിതര സര്‍ക്കാരുണ്ടാവുന്നതില്‍ കലാശിച്ചു. അയോധ്യ പ്രശ്നത്തില്‍ ബി ജെ പി പിന്തുണ പിന്‍വലിക്കുന്നത് വരെ അതു തുടര്‍ ന്നു.
ഒരു രാഷ്ട്രീയ നേതാവെന്ന നിലയില്‍ അദ്ദേഹത്തിന്റെ നേട്ടങ്ങള്‍ നിരവധിയാണ്. ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി എന്ന നിലയില്‍ കൊള്ളക്കാരെ നിയന്ത്രിച്ചതും , പ്രധാനമന്ത്രിയെന്ന നിലയില്‍ പഞ്ചാബ് പ്രശ്നം പരിഹരിക്കാന്‍ ശ്രമിച്ചതും നികുതി വെട്ടിക്കുന്ന പണക്കാര്‍ എന്ന കൊള്ളക്കാരെ നേരിട്ടതും,എല്ലാം അദ്ദേഹത്തിന്റെ യശസുയര്‍ത്തി. പക്ഷെ മണ്ധല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കാന്‍ തീരുമാനിച്ചതാണ് അദ്ദേഹത്തിന്റെ ഏറ്റവും വലിയ നേട്ടം .
സ്വതന്ത്ര ഇന്‍ഡ്യന്‍ രാഷ്ട്രീയത്തിലെ ഏറ്റവും പ്രധാനപ്പെട്ട,നയപരമായ തീരുമാനമായിരുന്നു അത്. സഹസ്രാബ്ദങ്ങളോളം സമൂഹത്തിന്റെ പുറമ്പോക്കിലേക്ക് വലിച്ചെറിയപ്പെട്ട ഭൂരിപക്ഷ ജനത സാമൂഹിക നീതി നേടിയെടുത്തതും,രാഷ്ട്രീയത്തിലും ഭരണത്തിലും,സമൂഹത്തിലും,അവര്‍ക്കര്‍ഹതപ്പെട്ട സ്ഥാനം നേടിയെടുക്കാന്‍ തുടങ്ങിയതും,അതിനു ശേഷമാണ്.
Subscribe to:
Posts (Atom)