Friday, 2 December 2011

Life is Beautiful

1998 ല്‍ Cannes ചലചിത്ര മേളയില്‍ പരമോന്നത ബഹുമതിയും, ഓസ്കാര്‍ അവാര്‍ഡുകളും ലഭിച്ച ഇറ്റാലിയന്‍  സിനിമ ആയിരുന്നു Life is Beautiful. നാസി കോണ്‍സെന്റ്രേഷന്‍ ക്യാമ്പില്‍ അകപ്പെട്ട ഒരു കൊച്ചു കുട്ടിയുടെ അത്മവീര്യം തകരാതിരിക്കാന്‍ അവന്റെ അച്ഛന്‍ ശ്രമിക്കുന്നത് ഹൃദയാവര്‍ജ്ജകമായ രീതിയില്‍ അതില്‍ വരച്ച് കാട്ടുന്നു. ഞാന്‍ ഇഷ്ടപ്പെടുന ഏറ്റവും നല്ല സിനിമകളില്‍ ആദ്യത്തേതാണ്Life is Beautiful. 

അതിലെ ഒരു രംഗത്തിന്റെ വീഡിയോ ക്ളിപ്പിംഗ് ആണു താഴെ.






അനിവാര്യമായ ദുരന്തം പൂര്‍ണ്ണമായി മനസിലാക്കുമ്പോഴും മകന്റെ ആത്മവീര്യം തകരാതെ നോക്കുന്നു ആ പിതാവ്. അതിനദ്ദേഹം ഉപയോഗിക്കുന്ന മാര്‍ഗ്ഗം, ക്യാമ്പ് ഒരു പ്രത്യേക തരം കളി ആണെന്ന് മകനെ പറഞ്ഞു മനസിലാക്കുന്നതാണ്. കളിയില്‍ ജയിക്കുന്ന അള്‍ക്ക് ലഭിക്കുന്ന സമ്മാനം ഒരു ടാങ്ക് ആണെന്ന് മകനെ വിശ്വസിപ്പിക്കുന്നു. ആ പിതാവു നല്‍കുന്ന ആത്മധൈര്യമാണാ കുട്ടിയെ ക്യാമ്പിലെ ദാരിദ്ര്യവും, രോഗവും, മരണവുമൊക്കെ അതിജീവിക്കാന്‍ പ്രാപ്തനാക്കുന്നത്. 

കഴിഞ്ഞ ആഴ്ച്ച ഒരു പരിചയക്കാരന്‍ എന്നോട് പറഞ്ഞ ഒരു സംഭവം. ഇടുക്കി ജില്ലയിലെ ഒരു ചെറിയ ഗ്രാമത്തില്‍ നടന്നത്. നാലാം ക്ളാസില്‍ പഠിക്കുന്ന അദ്ദേഹത്തിന്റെ മകന്‍ എന്നും രാത്രിയില്‍ ദുസ്വപ്നം കണ്ട് ഞെട്ടി ഉണരുന്നു. ഒരു ദിവസം സ്വപ്നത്തില്‍ കുട്ടിവിളിച്ചു പറഞ്ഞത് കടുവ വരുന്നേ എന്നായിരുന്നു. പുലര്‍ന്നപ്പോള്‍ അച്ഛന്‍ മകനോട് അതേപ്പറ്റി ചോദിച്ചു. അപ്പോഴാണു കുട്ടി സംഗതി വിവരിച്ചത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി മാദ്ധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്നത് മുല്ലപ്പെരിയാര്‍ തകര്‍ന്നാല്‍ ഉണ്ടാകുന്ന ദുരങ്ങള്‍ ആണ്. കുട്ടികളും അവരുടെ ഭാവനക്കനുസരിച്ച് നിറം പിടിപ്പിച്ച കഥകളുണ്ടാക്കുന്നു. അക്കൂടെ മുതിര്‍ന്ന കുട്ടികള്‍ പറഞ്ഞു കൊടുത്തത്, മുല്ലപ്പെരിയാറിലെ വനം കടുവ സങ്കേതമാണ്, അവിടെ അനേകം കടുവകളുണ്ട്. അണക്കെട്ട് തകരുമ്പോള്‍ കടുവകളും ഒഴുകി വരും, എന്നൊക്കെ. . അങ്ങനെ ഒഴുകി വന്ന ഒരു കടുവയാണ്, സ്വപ്നത്തില്‍ ആ കുട്ടിയെ പേടിപ്പിച്ചത്. 

ഇത് രണ്ടും ഇവിടെ എഴുതിയത് കുട്ടികള്‍ക്ക് നല്ലതു പറഞ്ഞു കൊടുക്കാന്‍ ഉദ്ദേശിച്ച് നടത്തുന്ന ഒരു ബ്ളോഗില്‍ കണ്ട ചില അഭിപ്രായങ്ങളാണ്.


ഒരഭിപ്രായം  ഇതാണ്.



ഇതെഴുതിയ വ്യക്തി ഈ അണക്കെട്ടു തകരും എന്ന് തീര്‍ച്ചയാക്കി കഴിഞ്ഞു. അനിവാര്യമായ ദുരന്തം ഏറ്റുവാങ്ങാന്‍ അദ്ദേഹം തയ്യറെടുത്തും കഴുഞ്ഞു.  മുല്ലപ്പെരിയാറിനടുത്തു തന്നെയാണോ അദ്ദേഹം ജീവിക്കുന്നതെന്ന് അറിയില്ല.

മറ്റൊരു മാന്യ ദേഹം ഒരു പടി കൂടി കടക്കുന്നു.





ഇതൊക്കെ കോടതി നിര്‍ദ്ദേശിച്ചു എന്നും പറഞ്ഞാണ്, പിഞ്ചുകുട്ടികളെ ബോധവത്കരിക്കാന്‍  അഹ്വാനം ചെയ്യുന്നതും, വിദ്യാഭ്യാസ അധികാരികളുടെ അനുവാദം വാങ്ങുന്നതും.

അദ്ധ്യാപകരല്ലാത്തവര്‍ ഈ നിര്‍ദ്ദേശം മുന്നോട്ടു വയ്ക്കുന്നത് മനസിലാക്കാം. പക്ഷെ അദ്ധ്യാപകര്‍ ഇതിനെ അനുകൂലിക്കുന്നത് മനസിലാക്കാന്‍ പ്രയാസമുണ്ട്.

ഇപ്പോള്‍ തന്നെ  പിഞ്ചു കുട്ടികള്‍ പേടിയിലാണ്. കൂടുതല്‍ ഭയാനകമായ കാര്യങ്ങള്‍ പറഞ്ഞ് പേടിപ്പിച്ച് അവരുടെ മനസിലുണ്ടായിരിക്കുന്ന  മുറിവ് വലുതാക്കരുതെന്ന വിനീതമായ അഭ്യര്‍ത്ഥന എനിക്കുണ്ട്. എന്തെങ്കിലും ബോധവത്കരണം നടത്തുന്നുണ്ടെങ്കില്‍ വിദ്യാലയങ്ങളില്‍ കടന്നു ചെന്ന് അവരുടെ ഭീതി അകറ്റുക. ഇപ്പോള്‍ തന്നെ സത്യങ്ങളും,അര്‍ത്ഥ സത്യങ്ങളും, നിറം പിടിപ്പിച്ച കഥകളം ​ഒക്കെ അവരുടെ മനസിനെ കലുഷിതമാക്കിയിട്ടുണ്ട്. അതൊക്കെ മാറ്റി അവര്‍ക്ക് ധൈര്യം കൊടുക്കുയാണു വേണ്ടത്. അല്ലാതെ എരിതീയില്‍ എണ്ണ  ഒഴിക്കുകയല്ല.

ബോധവ്തകരണവും രക്ഷപ്പെടനുള്ള മാര്‍ഗ്ഗങ്ങളും മുതിര്‍ന്നവരെ പറഞ്ഞ് മനസിലാക്കുക. കൊച്ചു കുട്ടികളുടെ ലോകം മനോഹരമാണ്. അതില്‍ കറുത്ത ചായം ​തേക്കരുതെ. അവിടെ വിവിധ വര്‍ണ്ണങ്ങളുള്ള മഴവില്ല്, വിടര്‍ത്തുകയാണ്, ഒരദ്ധ്യാപകന്റെ കടമ.




Sunday, 27 November 2011

പ്രശ്നം കോടതിയിലാണ്.

വിഷയം മുല്ലപ്പെരിയാര്‍ തന്നെ.  ഡെമോക്ളീസിന്റെ വാള്‍ പോലെ ഇത് മലയാളിയുടെ  തലക്കു മുകളില്‍ തൂങ്ങിക്കിടന്ന് നമ്മെ പേടിപ്പിക്കാന്‍ തുടങ്ങിയിട്ട് കുറച്ചു കാലമായി. അടുത്തകാലത്ത്  ഇടുക്കി മേഘലയില്‍ അടിക്കടി  ഉണ്ടാകുന്ന  ഭൂചലനങ്ങള്‍  മദ്ധ്യ കേരളത്തിലെ ജനങ്ങളുടെ  ഉറക്കം കെടുത്തുന്നു. ശ്രീ കെ പി സുകുമാരന്‍ ,  മുല്ലപെരിയാര്‍ പരിഹാരം എന്ത് ?, എന്ന  പേരില്‍ എഴുതിയ ഒരു ലേഖനത്തില്‍ മാദ്ധ്യമങ്ങള്‍ മലയാളികളെ പേടിപ്പിക്കുന്നു എന്നാണാരോപിക്കുന്നത്. മുല്ലപ്പെരിയാര്‍ സുരക്ഷിതമാണ്, എന്ന ധ്വനിയില്‍  അദ്ദേഹം തമിഴ് നാട്ടിലെ മറ്റൊരു അണക്കെട്ടിന്റെ കഥ പറയുന്നുണ്ട്. 


"ഇന്ത്യയിലെ ആദ്യത്തേതും ലോകത്ത് തന്നെ ഏറ്റവും പഴക്കം ചെന്നതില്‍ ഒന്നുമായ അണക്കെട്ട് തമിഴ്നാട്ടിലാണുള്ളത്. തഞ്ചാവൂരില്‍ കാവേരി നദിക്ക് കുറുകെ കരികാല ചോളന്‍ എന്ന രാജാവ് ക്രി.വ. ഒന്നാം നൂറ്റാണ്ടില്‍ നിര്‍മ്മിച്ച കല്ലണയാണത്. പത്തൊന്‍പതാം നൂറ്റാണ്ടില്‍ ബ്രിട്ടീഷ് എഞ്ചിനീയര്‍ അത് പുനരുദ്ധരിച്ച് ഗ്രാന്‍ഡ് അണക്കെട്ട് (Grand Anicut)എന്ന് പേരു നല്‍കി. ആ അണക്കെട്ട് കേട് കൂടാതെ ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. അണക്കെട്ടിന്റെ ആ‍യുസ്സ് പ്രവചിക്കുന്നവര്‍ക്ക് ഈ അണക്കെട്ട് ഒരു പാഠമാണ്.  ക്രിസ്തുവര്‍ഷം ഒന്നാം നൂറ്റാണ്ടില്‍ നിര്‍മ്മിച്ച് പത്തൊന്‍പതാം നൂറ്റാണ്ടില്‍ പുനരുദ്ധരിച്ച ഒരണക്കെട്ട് ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെങ്കില്‍ , മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് വേണോ അതോ പുനരുദ്ധരിച്ചാല്‍ മതിയോ എന്ന് തീരുമാനിക്കേണ്ടത് വിദഗ്ദ്ധരായ എഞ്ചിനീയര്‍മാരായിരുന്നു.  എന്നാല്‍ ആളുകള്‍ക്ക് ഇപ്പോള്‍ അതാത് മേഖലയില്‍ വിദഗ്ദ്ധരായ ആള്‍ക്കാരെ വിശ്വാസമില്ലല്ലൊ. അതാണ് കൂടംകുളത്ത് കാണുന്നത്."


ശ്രീ സുകുമാരന്‍ പരാമര്‍ശിക്കുന്ന തടയണയുടെ ചിത്രമാണു താഴെ.

File:Great Anaicut Thanjavur 08.jpg







Kallanai


Kallanai

Kallanai

    5.5മീറ്റര്‍ മാത്രം ഉയരമുള്ള,  ഒരു വലിയ പാലത്തിന്റെ അത്ര മാത്രം വലുപ്പമുള്ള ഈ തടയണയാണ്, 150 അടിക്കു മുകളില്‍ ഉയരമുള്ള മുല്ലപ്പെരിയാര്‍ അണക്കെട്ടുമായി താരതമ്യം ചെയ്യുന്നത്.


ശ്രീ സുകുമാരന്‍ അറിഞ്ഞോ അറിയാതെയോ കൂടം കുളം വിഷയവും ഇവിടെ പരാമര്‍ശിക്കുന്നു. കൂടം കുളവും മുല്ലപ്പെരിയാറും തമിഴന്റെ ഇരട്ടത്താപ്പിനുദാഹരണമാണ്.  ആധുനിക സങ്കേതിക വിദ്യ ഉപയോഗിച്ച് പണിയുന്ന  ഈ വൈദ്യുതനിലയം സുരക്ഷിതമല്ല എന്നും പറഞ്ഞാണ്, തമിഴന്‍മാര്‍ സമരം ചെയ്യുന്നത്. നിര്‍മ്മിച്ച കാലത്തെ ഏറ്റവും വലിയ അണക്കെട്ടുകളില്‍ ഒന്നായിരുന്നു മുല്ലപ്പെരിയാര്‍. അതും 130 വര്‍ഷം മുമ്പ്  ഉണ്ടായിരുന്ന സങ്കേതിക വിദ്യ ഉപയോഗിച്ചും. ഈ അണക്കെട്ടു പണുതവര്‍ അതിനു നല്‍കിയിരുന്ന ആയുസ് 50 വര്‍ഷമായിരുന്നു. അത് ഇനിയും ബലപ്പെടുത്തി സംരക്ഷിക്കണമെന്നൊക്കെ പറയുന്നത് ശുദ്ധ വിവരക്കേടാണ്.  അതിനു വേണ്ടി സാങ്കേതിക വിദഗ്ദ്ധരുടെ അഭിപ്രായം തേടണമെന്നു പറയുന്നത് പ്രതികരണം പോലും അര്‍ഹിക്കുന്നില്ല.

തമിഴന്‍മാര്‍ കേരളത്തിന്‌ അരിയും പച്ചക്കറികളും തരുന്നതുകൊണ്ട്, തമിഴന്‍മാരോട് നമുക്ക് കടപ്പാടുണ്ട് എന്നൊക്കെ വാദിക്കുന്നത് അസംബന്ധമാണ്. ഇതിനൊക്കെ നമ്മള്‍ മാര്‍ക്കറ്റ് വില നല്‍കിയാണ്, വാങ്ങുന്നത്. വെള്ളം തുച്ഛമായ വിലക്ക് തരുന്നവരല്ലേ, അതുകൊണ്ട് പച്ചക്കറികള്‍ സഹായവിലക്ക് നല്‍കിയേക്കാം എന്നൊന്നും ഒരു തമിഴനും വിചാരിക്കുന്നില്ല.

ശ്രീ സുകുമാരന്‍ നിര്‍ദ്ദേശിക്കുന്ന പരിഹാരം ഇങ്ങനെ.


>>>>>അണക്കെട്ട് കെട്ടാനുള്ള ചെലവ് തമിഴ്നാട് സര്‍ക്കാര്‍ വഹിക്കുക. അച്ചുതമേനോന്റെ കാലത്ത് പുതുക്കിയ പാട്ടക്കരാറിലെ തുക ഇന്നത്തെ നിലയ്ക്ക് വേണമെങ്കില്‍ വീണ്ടും പുതുക്കുക. അങ്ങനെ പുതുക്കുമ്പോള്‍ അണക്കെട്ട് നിര്‍മ്മിക്കാനുള്ള ചെലവ് തമിഴ്നാടാണ് വഹിക്കുന്നത് എന്ന കാര്യം കണക്കിലെടുക്കണം. കേരളത്തിന് വരവേയുള്ളൂ ചെലവില്ല. (നമ്മുടെ സ്ഥലമല്ലേ, വെള്ളമല്ലേ എന്നൊന്നും പറയരുത്. ആ വെള്ളം വറ്റിച്ച് സ്ഥലം കേരളത്തിലുള്ളവര്‍ വീതം വയ്ക്കാനൊന്നും പോകുന്നില്ലല്ലൊ)<<<<<

എത്ര ലളിതമായി ഈ വിഷയം പണത്തില്‍ കൊണ്ടു കെട്ടിയിരിക്കുന്നു. ഇത്ര നിസാരമാണോ ഈ പ്രശ്നം?

പുതിയ അണക്കെട്ട് നിര്‍മിക്കാന്‍ കേരളവും തമിഴ്നാടും 1979 ല്‍ സംയുക്ത സര്‍വെ നടത്തി  സ്ഥലം കണ്ടെത്തിയിരുന്നു. അതിനു ശേഷം അവര്‍ അതില്‍ നിന്നു പിന്നാക്കം പോയി. ഇപ്പോള്‍ പുതിയ അണ എന്ന ആശയത്തെ ഇതു വരെ തമിഴ് നാട് എതിര്‍ക്കുന്നു. അത് മൂന്നാം കിട രാഷ്ട്രീയമാണ്. തമിഴ് നാടിന്റെ മൂന്നാം കിട രാഷ്ട്രീയം. അതുകൊണ്ട് ഇത് മുഖ വിലക്കെടുക്കാന്‍ പ്രയാസമുണ്ട്. ഇതാണു തമിഴ് നാടിന്റെ ആവശ്യമെന്ന് ഇവര്‍ ഇതു വരെ പറഞ്ഞിട്ടില്ല. അനേകം വട്ടം ചര്‍ച്ചകള്‍ നടത്തിയപ്പോഴൊന്നും ഈ വിഷയം ഉയര്‍ന്ന് വന്നിട്ടില്ല.

കുറഞ്ഞ വിലക്ക് വെള്ളം ലഭിക്കുക എന്നതാണ്, അവരുടെ ലക്ഷ്യമെങ്കില്‍ അതനുവദിച്ചു കൊടുക്കാന്‍ പറ്റില്ല. ആത്മാഭിമാനമുള്ള ആര്‍ക്കും അതനുവദിക്കാന്‍ ആകില്ല. നിസാര വിലക്ക് അവര്‍ നമുക്ക് അരിയും പച്ചക്കറികളും നല്‍കുമെങ്കില്‍ ഈ നിര്‍ദ്ദേശം പരിഗണിക്കാം എന്നു മാത്രം.

സാമ്പത്തിക വിഗഗ്ദ്ധനായ ഇന്‍ഡ്യന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്  അടുത്ത കാലത്ത് പറഞ്ഞത്, "വില, കമ്പോളം നിശ്ചയിക്കും" എന്നാണ്. അടിക്കടി ഇന്ധന വില കൂടിയപ്പോളാണത് പറഞ്ഞത്. തമിഴ് നാടു തരുന്ന പച്ചക്കറിയുടെയും അരിയുടെയും വില നിശ്ചയിക്കുന്നത് നമ്മളല്ല. കമ്പോളമാണ്. അതേ മാന്ദണ്ഡപ്രകാരം വെള്ളത്തിന്റെ വിലയും കമ്പോളം നിശ്ചയിക്കണം.

ഇതിലെ പ്രശ്നം വെറും രാഷ്ട്രീയമാണ്. ആരു ഭരിച്ചാലും കേന്ദ്ര സര്‍ക്കാരില്‍ സ്വാധീനമുണ്ടാക്കി, തമിഴ് രാഷ്ട്രീയക്കാര്‍, ഡി എം കെ ആയാലും എ ഡി എം കെ  ആയാലും  തമിഴ് വികാരം ഉണര്‍ത്തി, തമിഴരെ ഇളകി വിടുന്നു. സമ്മര്‍ദ്ദം ചെലുത്തി അനര്‍ഹമായത് നേടി എടുക്കുന്നു. മലയാളികള്‍ അത് വെറുതെ നോക്കി നില്‍ക്കുന്നു.

ശ്രീ സുകുമാരന്‍ നിര്‍ദ്ദേശിക്കുന്നതുപോലെ തമിഴ് നാട് കേരളത്തില്‍ അണ നിര്‍മ്മിക്കേണ്ട അവശ്യമില്ല. കേരളത്തിന്റെ മണ്ണില്‍ അണ കേരളമാണു നിര്‍മ്മിക്കേണ്ടത്.  വെള്ളം തമിഴ് നാടിനു കൊടുക്കാം. അണയുടെ നിയന്ത്രണം കേരളത്തിനായിരിക്കണം.

കോടതി തീരുമാനിച്ചാലും, കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചാലും, 999 വര്‍ഷത്തേക്കുള്ള പാട്ടം എന്ന അസംബന്ധം അവസാനിപ്പിക്കണം. ലോകത്തൊരിടത്തും ഇല്ലാത്ത ഒരു വിചിത്ര വ്യവസ്ഥയാണത്. തമിഴ് നാട് ആ വ്യവസ്ഥയില്‍ കടിച്ചു തൂങ്ങിയാണ്, സമ്മര്‍ദ്ദ തന്ത്രം പ്രയോഗിക്കുന്നത്. അത് ബ്രിട്ടീഷ് കാര്‍  ഇല്ലാത്ത അധികാരം ഉപയോഗിച്ച് ഭീക്ഷണി പ്രയോഗിച്ച് ഉണ്ടാക്കിയ കരാറാണ്. അത് സ്വതന്ത്ര ഇന്‍ഡ്യക്ക് ബാധകമല്ല എന്ന് കോടതിയോ സര്‍ക്കാരോ വ്യക്തമാക്കണം. അത് അസാധുവാക്കിയില്ലെങ്കില്‍ ഈ പ്രശ്നം പരിഹരിക്കാന്‍ ആകില്ല. എന്നിട്ട് ഒരു ക്ളീന്‍ സ്ലേറ്റില്‍ നിന്നും ആരംഭിക്കണം. പുതിയ അണ നിര്‍മ്മിക്കണം. പുതിയ കരാറുണ്ടാക്കണം.തമിഴ് നാടിന്‌ ആവശ്യമുണ്ടെങ്കില്‍ പുതിയ കരാര്‍ വ്യവസ്ഥ അനുസരിച്ച് വെള്ളം കൊണ്ടുപോകാം. മറ്റ് അണകളില്‍ നിന്നും വെള്ളം കൊണ്ടു പോകുന്ന പോലെ.




വര്‍ഷങ്ങളായി സുപ്രീം കോടതിയുടെ പരിഗണനയില്‍ ഇരിക്കുന്ന ഈ അന്തര്‍ സംസ്ഥാന വിഷയത്തില്‍ എന്നും വളരെ സമര്‍ദ്ധമായി കേന്ദ്ര സര്‍ക്കാര്‍ കൈ കഴുകി  മാറിന്നു. ഇപ്പോഴുമത് ചെയ്യുന്നു. പീലാത്തോസുമാരുടെ നീണ്ട നിരയില്‍ അവസാനത്തെ  മാന്യ ദേഹമാണ്, കേന്ദ്ര മന്ത്രി സാല്‍മന്‍ ഖുര്‍ഷിദ്. അദ്ദേഹവും മൊഴിഞ്ഞു, "പ്രശ്നം കോടതിയുടെ പരിഗണനയില്‍  ആയതുകൊണ്ട്, ഇടപെടില്ല."

ഈ നപുംസകങ്ങള്‍ക്ക് ആര്‍ക്കും കേരളത്തോട് താല്‍പ്പര്യമുണ്ടാകില്ല. അവരെ വിട്ടു കളയാം. പക്ഷെ കേരളത്തില്‍ നിന്നുള്ള  മന്ത്രിമാരായ എ കെ ആന്റണി, വയലര്‍ രവി, ഇ അഹമ്മദ്, മുല്ലപ്പള്ളി രാമചന്ദ്രന്‍ കെ സി വേണു ഗോപാല്‍, കെ വി തോമസ് എന്നിവര്‍ക്കോ? ഇപ്പോഴാണിവര്‍ക്ക് കേരളത്തോടുള്ള പ്രതിപത്തി അറിയേണ്ടത്. അറിയാന്‍ ഒന്നുമില്ല. ഇവര്‍ക്ക് കേരളത്തോടുള്ളതിനേക്കാള്‍ താല്‍പര്യം കസേരകളോടാണ്. ഇവര്‍ പറയട്ടെ, മുല്ലപ്പെരിയാര്‍ അണക്കെട്ട് സുരക്ഷിതമാണോ എന്ന്. എന്നിട്ട് നമുക്ക് ഇവരെ കൈകാര്യം ചെയ്യാം. കൂടെ  മറ്റ് എം പി മാരെയും. അല്ലാതെ തമിഴനു നേരെ ആക്രോശിച്ചതുകൊണ്ടോ പ്രചരണം നടത്തിയതുകൊണ്ടോ യാതൊരു ഗുണവുമില്ല.


പിഴവില്ലാത്തൊരു പരിഹാര മാര്‍ഗമാണ് നമുക്കാവശ്യം. പഴിചാരിയും കുറ്റപ്പെടുത്തിയുമല്ല; കൂടിയാലോചനകളിലൂടെ ഉരുത്തിരിയുന്ന സമഗ്രമായ ശാസ്ത്രീയമായ പരിഹാരമാണു വേണ്ടത്. സമചിത്തതയോടെയും  വിവേകത്തോടെയും  ഇതിനെ സമീപിക്കുകയും വേണം. കേരളം ആ വഴി തന്നെയാണു പിന്തുടരുന്നതും.

അതിനു വേണ്ടത് രണ്ടു കാര്യങ്ങളാണ്.

1. ഈ അണ കാലഹരണപ്പെട്ടു എന്ന യാഥാര്‍ത്ഥ്യം അംഗീകരിക്കുക.

2. അധിനിവേശം നടത്തിയിരുന്ന ഒരു വിദേശ ശക്തി ഉണ്ടാക്കിയ കരാര്‍ സ്വതന്ത്ര ഇന്‍ഡ്യയിലെ സംസ്ഥാനമായ കേരളത്തിനു ബാധകമല്ല എന്ന യാഥാര്‍ത്ഥ്യം ​ അംഗീകരിക്കുക.


ഇത് രണ്ടും ബന്ധപ്പെട്ടവര്‍, കോടതിയും കേന്ദ്ര സര്‍ക്കാരും, അംഗീകരിച്ചാല്‍ തമിഴ് നാടിനംഗീകരിക്കേണ്ടി വരും. അതിനവരെ പറഞ്ഞു മനസിലാക്കിക്കണം. ഇപ്പോള്‍ കേരളവും കേന്ദ്രവും ഭരിക്കുന്നത് ഒരേ പാര്‍ട്ടിയാണ്. എളുപ്പം നേടി എടുക്കാവുന്ന അര്‍ഹതപ്പെട്ട തീരുമാനങ്ങളാണിവ.


Wednesday, 16 November 2011

ചങ്ങലക്ക് ഭ്രാന്തു പിടിക്കുമ്പോള്‍ 


മനുഷ്യനു ഭ്രാന്തുപിടിച്ചാല്‍ ചങ്ങലക്കിടാം. ചങ്ങലക്ക് ഭ്രാന്തു പിടിച്ചാലോ?

കഴിഞ്ഞ ദിവസങ്ങളില്‍ കേരളത്തില്‍ ഏറ്റവും കൂടുതല്‍ വാര്‍ത്താ പ്രാധാന്യം നേടിയത് സി പി എം നേതാവ് എം വി ജയരാജന്‍ ഒരു ജഡ്ജിയെ ശുംഭനെന്നു വിളിച്ചതിനു കിട്ടിയ ശിക്ഷയായിരുന്നു.

ആ ശിക്ഷാവിധിയില്‍ ജഡ്ജിമാര്‍ നടത്തിയ ഒരഭിപ്രായപ്രകടനം ആരെയും അത്ഭുതപ്പെടുത്തും. വി ആര്‍ കൃഷ്ണയ്യരും പി ശിവശങ്കറും കോടതികളെ വിമര്‍ശിച്ചിട്ടുണ്ട് എന്ന് ജയരാജന്റെ അഭിഭാഷകന്‍ പറഞ്ഞതിനേക്കുറിച്ചായിരുന്നു ആ അഭിപ്രായ പ്രകടനം. ഇതാണത്.

"It was recognising the knowledge of these eminent personalities regarding the working of the institution of justice, that their statements were held not to amount to contempt of court. But the respondent here in is only a worm, who does not come anywhere near those legal luminaries, so as to start a campaign highlighting the pitfalls of the judiciary and to correct them".


ഇവിടെ ഉയരുന്ന ചോദ്യങ്ങള്‍ രണ്ടാണ്.

1. ജഡ്ജിമാര്‍ക്ക് ഒരിന്‍ഡ്യന്‍ പൌരനെ  കീടം (worm) എന്ന്  വിളിക്കാമോ?
2. നിയമത്തിന്റെ മുന്നില്‍ ജയരാജന്‍ കൃഷ്ണയ്യരേയും ശിവശങ്കറേക്കാളും താഴ്ന്ന പൌരനാണോ?


ജഡ്ജിതമ്പ്രാന്‍മാര്‍ പറഞ്ഞത് ജയരാജന്‍ പുഴുവിനേക്കാള്‍ നിസാരന്‍ ആണെന്നാണ്. അപ്പോള്‍ കോടതിയെ വിമര്‍ശിച്ചതൊന്നുമല്ല ഈ അഭിനവ തമ്പുരാന്‍ മാരെ പ്രകോപിപ്പിച്ചത്. പുഴുവിനേക്കാള്‍ നിസാരന്‍ ആയ ജയരാജന്‍ വിമര്‍ശിച്ചതാണ്. കോടതിയില്‍ രണ്ടു തരം നീതി ഉണ്ടെന്നു തെളിയുന്നു. മുന്‍ ജഡ്ജിമാരായ കൃഷ്ണയ്യര്‍ക്കും ശിവശങ്കറിനും ഏത് കോടതിയേയും വിമര്‍ശിക്കാം. ഒരു പ്രശ്നവുമില്ല. പഴയ രാജാക്കന്‍മാരെ പുതിയ രാജാക്കന്‍മാര്‍  ബഹുമാനിക്കുമ്പോലെ ഈ തമ്പ്രാക്കളും ബഹുമാനിക്കും.

ജഡ്ജിമാര്‍ കോഴ വാങ്ങുന്നു എന്നും താന്‍ അതിനു സാക്ഷിയാണെന്നും  സുധാകരന്‍ എന്ന എം പി പരസ്യമായി പറഞ്ഞിട്ടും ഈ തമ്പ്രാക്കള്‍ക്കത് കോടതി അലക്ഷ്യമായി ഇതു വരെ തോന്നിയിട്ടില്ല.

ഇന്‍ഡ്യന്‍ നീതി ന്യായ വ്യവസ്ഥ മാതൃകയാക്കുന്ന,  ബ്രിട്ടനിലെ ജഡ്ജിമാരൊന്നും  വ്യക്തിപരമായ വിമര്‍ശനങ്ങളെ കാര്യമായി എടുക്കാറില്ല. വ്യക്തിപരമായ അവഹേളനങ്ങളെ പല ജഡ്ജിമാരും ചിരിച്ചു തള്ളിക്കളയുന്നു.

ജയരാജന്‍ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കി. പരമോന്നത കോടതി ജയരാജനു ജാമ്യം നല്‍കി വിട്ടയച്ചു. കേസിന്റെ  തുടര്‍ പരിഗണന,  8 മാസങ്ങള്‍ക്ക് ശേഷം നടത്താമെന്ന് കോടതി ഉത്തരവിടുകയും ചെയ്തു. അതീവ ഗുരുതരമായ ചില നിരീക്ഷണങ്ങള്‍ പരമോന്നത നീതി പീഠം നടത്തി. അവയില്‍ ചിലത് താഴെ.


"ഹൈക്കോടതി ഉപയോഗിച്ച മോശമായ പരാമര്‍ശങ്ങളും അപ്പീല്‍ നല്‍കാന്‍ സമയം അനുവദിക്കാതിരുന്നതും അസാധാരണവും ഖേദകരവുമാണ്. 


ജയരാജന്റെ അതേ നാണയത്തില്‍ ഹൈക്കോടതിയും തിരിച്ചടിച്ചത്  ഞെട്ടലുണ്ടാക്കുന്നു. 


ജഡ്ജിയുടെ വ്യക്തിപരമായ താല്‍പര്യങ്ങളും വികാരങ്ങളും ബാഹ്യസ്വാധീനങ്ങളും വിധിയില്‍ പ്രതിഫലിക്കരുത്.


ജുഡീഷ്യല്‍ പ്രക്രിയയില്‍, അപ്പീല്‍ നല്‍കാനുള്ള നിയമപരമായ അവകാശം നിഷേധിക്കാന്‍ പാടില്ല. എങ്ങനെയാണു ജാമ്യം നിഷേധിക്കുക? എങ്ങനെയാണ് അപ്പീല്‍ നല്‍കാന്‍ സമയം അനുവദിക്കാതിരിക്കുക? വിധിന്യായത്തിന്റെ ഭാഷയില്‍ കോടതി മിതത്വം പാലിക്കണമായിരുന്നു. ഹൈക്കോടതിയുടെ നടപടികള്‍ ജുഡീഷ്യല്‍ പുനഃപരിശോധനയ്ക്കു വിധേയമാണ്".   


ഈ കേസില്‍ കേരള ഹൈക്കോടതി വൈര നിര്യാതന ബുദ്ധിയോടെ പെരുമാറി എന്ന് ഞാന്‍ മറ്റൊരു പോസ്റ്റില്‍ സൂചിപ്പിച്ചിരുന്നു. ആ ആശങ്ക ശരിവയ്ക്കുന്നതാണ്, ഇപ്പോള്‍ സുപ്രീം കോടതി നടത്തിയ നിരീക്ഷണങ്ങള്‍.


ഇത് ഹൈക്കോടതി ചോദിച്ചുവാങ്ങിയ അടിയാണ്. സ്വാഭാവികനീതിയുടെയും  നിയമത്തിന്റെ പരിരക്ഷയുടെയും  നിഷേധമാണു ഹൈക്കോടതിയില്‍ നിന്നുണ്ടായത്. പക്ഷെ പരമോന്നത നീതി പീഠത്തിനതിന്റെ നേരെ കണ്ണടക്കാന്‍ ആയില്ല.

ഹൈക്കോടതി വളരെ വ്യക്തമായി  പ്രതികാരബുദ്ധിയോടെ പ്രവര്‍ത്തിച്ചു. ഒരു വ്യക്തിയെ ഒരു കോടതിക്കും   പുഴുവോ കീടമോ ആയി കാണാനാവില്ലെന്ന്  സുപ്രീം കോടതി വ്യക്തമാക്കി. ഒരു  ശത്രുവിനോടെന്നപോലെയാണ് ഹൈക്കോടതി ജയരാജനോട് പെരുമാറിയത്. ഉന്നത സ്ഥാനം വഹിക്കുന്ന ജഡ്ജിയില്‍ നിന്നുണ്ടാകാന്‍ പടില്ലാത്ത പദപ്രയോഗങ്ങളും പെരുമാറ്റവും ഹൈക്കോടതിയില്‍നിന്നുണ്ടായി. നിയമം അനുവദിക്കുന്ന അപ്പീലിനുള്ള അവസരം ജയരാജനു  നിഷേധിക്കപ്പെട്ടു.

കോടതിയുടെ സുഗമമായ പ്രവര്‍ത്തനം നടക്കുന്നതിന് ആവശ്യമായ അത്രയും പരിരക്ഷമാത്രമേ ബ്രിട്ടനിലും അമേരിക്കയിലും കോടതിയലക്ഷ്യ നിയമത്തിന്റെ പരിധിയില്‍ ഉള്ളു. അവിടെ ജഡ്ജിയെ അവഹേളിക്കുന്നതൊന്നും കോടതിയലക്ഷ്യമായി വിലയിരുത്തപ്പെടുന്നില്ല.


അനാവശ്യമായ വാശിയും തിടുക്കവും ഹൈക്കോടതിയുടെ ഭാഗത്തുനിന്നുണ്ടായി. ഏതുവിധേനയും ജയരാജനെ ജയിലിലേക്കയക്കണമെന്ന വാശി കോടതിക്കുണ്ടായിരുന്നു. നിയമം അനുവദിക്കുന്ന പരമാവധി ശിക്ഷ വെറും തടവാണെന്നിരിക്കെ, കഠിന തടവു നല്‍കിയത്, അതിന്റെ തെളിവാണ്. ഹൈക്കോടതിയുടെ വൈരനിര്യാതനത്തിന്റെ മറ്റൊരു തെളിവാണ്,  സുപ്രീം കോടതിയില്‍ പ്രത്യേക അഭിഭാഷകനെ നിയോഗിച്ചത്. സുപ്രീം കോടതിയേക്കൊണ്ട് ഹൈക്കോടതി വിധി നടപ്പാക്കിക്കിട്ടുക എന്ന ഹീന ലക്ഷ്യമായിരുന്നു ഈ പരിഹാസ്യമായ പ്രവര്‍ത്തിയുടെ പിന്നില്‍. സുപ്രീം കോടതിയുടെ മുന്നിലെത്തിയ വിധിയെ ന്യായീകരിക്കാന്‍ വേണ്ടി ഒരഭിഭാഷകനെതന്നെ ഹൈക്കോടതി ഏര്‍പ്പാടാക്കി. ഹൈക്കോടതി സുപ്രീം കോടതിയില്‍ കേസു നടത്തുന്ന തലത്തിലേക്ക് വരെ ഈ വ്യക്തി വിരോധം ചെന്നെത്തി.  ജയരാജനു യാതൊരു തരത്തിലും ജാമ്യം  ലഭിക്കരുതെന്ന ഗൂഡ ലക്ഷ്യം ഈ നടപടിയില്‍ ഉണ്ടായിരുന്നു.

വി എസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രി ആയിരുന്നപ്പോള്‍ സര്‍ക്കാരിന്റെ കേസുകള്‍ നടത്താന്‍ സുപ്രീം കോടതിയിലെ അഭിഭാഷകരെ വരുത്തിയതിനെ കേരള ഹൈക്കോടതി വിമര്‍ശിച്ചിരുന്നു. ആരാണവര്‍ക്ക് പണം നല്‍കിയതെന്നു ഹൈക്കോടതി ചോദിച്ചു. ഇപ്പോള്‍ ഇതേ  ഹൈക്കോടതി തന്നെ നിയമവിരുദ്ധമായി നടത്തിയ ഒരു വിധി നടപ്പാക്കി കിട്ടാന്‍ വേണ്ടി സുപ്രീം കോടതിയില്‍  ഒരഭിഭാഷകനെ  ഫീസു നല്‍കി അയച്ചിരിക്കുന്നു. ഈ ഫീസ് ആരു നല്‍കും? ജഡ്ജിമാര്‍ ജുഡീഷ്യറിയെ വ്യഭിചരിച്ചതിനു സാധൂകരണം  ഉണ്ടാക്കാന്‍ മുടക്കിയ  പണം നികുതി ദായകര്‍ നല്‍കണോ? ഇത് ഈ ഞെട്ടലുളവാക്കുന്ന പ്രവര്‍ത്തികള്‍ ചെയ്ത ജഡ്ജിമാരുടെ ശമ്പളത്തില്‍ നിന്നും പിടിക്കാന്‍ എന്തങ്കിലും  വകുപ്പുണ്ടോ എന്തോ!




ചങ്ങലക്ക് ഭ്രാന്തു പിടിക്കുന്ന അവസ്ഥയാണിപ്പോള്‍ കേരള ഹൈക്കോടതിയില്‍ നടക്കുന്നത്. പല കേസുകളിലും ജഡ്ജിമാര്‍ കോഴ വാങ്ങി വിധിക്കുന്നു എന്നാരോപണമുണ്ടാകുന്നു. ഒരു ജനപ്രതിനിധി തന്നെ അതാരോപിച്ചു. കേരളം ഭരിക്കുന്ന ഒരു മന്ത്രി അത് ചെയ്തു എന്ന്, അദ്ദേഹത്തിന്റെ ദീര്‍ഘകാല സഹചാരിയായിരുന്ന ബന്ധു  പരസ്യമായി പറയുന്നു. അതിനുള്ള തെളിവുകള്‍ നിരത്തുന്നു.

ജസ്റ്റിസ് കെ ജി ബാലകൃഷ്ണന്‍ പടിയിറങ്ങിയപ്പോള്‍ പരമോന്നത നീതി പീഠം കുറച്ചുകൂടി നീതി ബോധം കാണിക്കുന്നുണ്ട്. നിലപാടുകള്‍ കര്‍ക്കശമാക്കിയിട്ടുണ്ട്. സാധാരണക്കാരുടെ അവസാന അത്താണിക്ക് കൂടി ഭ്രാന്തുപിടിക്കാതിരിക്കട്ടെ എന്ന് ആശിക്കാം.