നരേന്ദ്ര മോദി അടുത്ത ഇന്‍ഡ്യന്‍ പ്രധാന മന്ത്രി എന്ന തരത്തിലാണ്, മോദിയുടെ പിന്തുണക്കാരുടെ നിലപാട്. അദ്ദേഹം ഇന്‍ഡ്യന്‍ പ്രധാന മന്ത്രി ആയാല്‍ എന്തുണ്ടാകുമെന്നതിന്റെ ചില സൂചനകള്‍ ഇപ്പോള്‍ പുറത്തു വരുന്നുണ്ട്.
കോണ്‍ഗ്രസ് എന്ന പാര്‍ട്ടി വ്യക്തി കേന്ദ്രീകൃതമാണെന്നായിരുന്നു മോദി ഉള്‍പ്പടെയുള്ള ബി ജെ പി നേതാക്കളൊക്കെ പറഞ്ഞു നടന്നിരുന്നത്. ബി ജെ പി എന്ന പാര്‍ട്ടി ഇപ്പോള്‍ അതേ ഗതികേടിലാണ്. ബി ജെ പിയില്‍ ഇപ്പോള്‍ ഒരു നേതാവേ ഉള്ളു. നരേന്ദ്ര മോദി. ബി ജെ പി എന്ന പാര്‍ട്ടിക്ക് മേല്‍വിലാസം ഉണ്ടാക്കി കൊടുത്ത നേതാക്കളൊക്കെ ഇന്ന് അവഗണിക്കപ്പെടുകയോ, ഒതുക്കപ്പെടുകയോ, പുറത്താക്കപ്പെടുകയോ, അവഹേളിക്കപ്പെടുകയോ ഒക്കെ ആണ്. അവരുടെ നിര നീണ്ടതാണ്. എല്‍ കെ അദ്വാനി, മുരളീ മനോഹര്‍ ജോഷി, ജസ്വന്ത് സിംഗ്, യശ്വന്ത് സിന്‍ഹ, കല്‍രാജ് മിശ്ര, ലാല്‍ജി ടാണ്ടണ്‍, സുഷമ സ്വരാജ് തുടങ്ങിയവൊരൊന്നും ഇന്ന് ചിത്രത്തിലേ ഇല്ല. സര്‍വ്വം മോദി മയം. ഹര്‍ ഹര്‍ നമോ എന്നാണിപ്പോള്‍ മോദി ഭക്തരുടെ വേദ വാക്യം പോലും. അദ്വാനി ജോഷി തുടങ്ങിയ ബി ജെ പിയുടെ സ്ഥാപക നേതാക്കള്‍ക്ക് പോലും ഇഷ്ടമുള്ള മണ്ഡലങ്ങളില്‍ മത്സരിക്കാന്‍ ആകുന്നില്ല. ജോഷിക്ക് സ്വന്തം മണ്ഡലം മോദിക്കു വേണ്ടി ഒഴിഞ്ഞു കൊടുക്കേണ്ടിയും വന്നു. തിരുവായ്ക്ക് എതിര്‍വാ ഇല്ല എന്നത് ഇതു വരെ കോണ്‍ഗ്രസിലെ അവസ്ഥ ആയിരുന്നു. ഇപ്പോള്‍ ബി ജെ പിയിലും മോദി എന്ന ഹര്‍ വായ്ക്ക് എതിര്‍വാ ഇല്ല എന്ന അവസ്ഥയാണ്. അഴിമതിയുടെയും സാമ്പത്തിക നയങ്ങളുടെയുമൊക്കെ വിഷയങ്ങളില്‍ കോണ്‍ഗ്രസും ബി ജി പിയും ഒരേ നാണയത്തിന്റെ രണ്ടു വശങ്ങളാണെന്നതുപോലെ ഏകാധിപത്യത്തിന്റെ കാര്യത്തിലും അതു തന്നെയെന്ന് അവര്‍ തെളിയിക്കുന്നു. വ്യക്തി പൂജയെ എതിര്‍ക്കുന്ന മോദിയുടെ ഗുജറാത്തില്‍ നമോ എന്ന പേരില്‍ ഒരു റ്റെലിവിഷന്‍ ചാനല്‍ പോലുമുണ്ട്. മൂന്നു പതിറ്റാണ്ടു കാലം ബി ജെ പി എന്ന പാര്‍ട്ടി കോണ്‍ഗ്രസിലെ വ്യക്തി പൂജക്കെതിരെ എന്നും ശബ്ദിച്ചിരുന്നു. സ്വേഛാധിപതി ആയ മോദിയുടെ വ്യക്തി പൂജയാണിന്ന് ബി ജെ പി എന്ന പാര്‍ട്ടിയില്‍ മുഴുവന്‍. കോണ്‍ഗ്രസില്‍ ഇന്ന് സോണിയ ഗാന്ധിക്കുള്ള അതേ സ്ഥാനമാണ്, ബി ജെ പിയില്‍ മോദിക്കും. ഇന്നു വരെ ഉണ്ടായിരുന്ന ബി ജെ പി എന്ന പാര്‍ട്ടിയില്‍ നിന്നും ഒരു തരത്തിലുള്ള പ്രവര്‍ത്തന സ്വാതന്ത്ര്യം മോദിക്കുണ്ട്. കോണ്‍ഗ്രസിനെ അതി ശക്തമായി എതിര്‍ത്തിരുന്ന സോഷ്യല്‍ മീഡിയ പ്രവര്‍ത്തകര്‍ യാതൊരു ഉളുപ്പുമില്ലാതെ ഈ വ്യക്തിയെ പൂജിക്കാന്‍ മുന്നിട്ടിറങ്ങുന്ന കാഴ്ച അതിശയത്തോടെയേ ആര്‍ക്കും നോക്കിക്കാണാനാകൂ. മോദി ഇതൊക്കെ ആസ്വദിക്കുന്നു എന്നതാണിതിലെ ഫലിതം.
വാരാണസിയില്‍ നിന്നും ജോഷിയെ അദ്ദേഹത്തിന്റെ എതിര്‍പ്പിനെ മറി കടന്ന് മോദി മാറ്റിയത് പാര്‍ട്ടി ഹൈക്കമന്റിന്റെ തീരുമാനം എന്നായിരുന്നു ഒരു മോദി ആരാധകന്‍ പറഞ്ഞത്. കോണ്‍ഗ്രസിലെ ഹൈക്കമാന്റ് സംസ്കാരത്തെ എന്നും കളിയാക്കിയിരുന്ന ബി ജെ പി, അതേ ഹൈക്കമാന്റ് സംസ്കാരത്തെ ആശ്ലേഷിച്ചിരിക്കുന്നു. ഹര്‍ ഹര്‍ മഹാ ദേവ് എന്ന പോലെ, ഹര്‍ ഹര്‍ മോദി എന്ന മുദ്രവാക്യം പോലും മോദി ഭക്തര്‍ മെനഞ്ഞെടുത്തു. മോദി ആണീ ഹൈക്കമാന്റ് എന്നതാണിതിലെ കാവ്യ നീതിയും. ഒന്നുകില്‍ എന്റെ വഴി അല്ലെങ്കില്‍ പുറത്തേക്കുള്ള വഴി എന്നതാണ്, മോദിക്ക് പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളോട് പറയാനുള്ളത്. മോദിയുടെ ആരാധകര്‍ പറയുന്നത്, ഗുജറാത്ത് ഇന്‍ഡ്യയിലെ പ്രത്യേക പദവിയുള്ള ഒരു സസംസ്ഥാനമാണെന്ന രീതിയിലാണ്. ഗുജറാത്ത് സ്വന്തം പോക്കറ്റിലാണെന്ന രീതിയിലാണിപ്പോള്‍ മോദി പെരുമാറുന്നത്. ഗുജറാത്തിലെ പാര്‍ട്ടിയെ ഉരുക്കുമുഷ്ടി കൊണ്ട് അടിച്ചൊതുക്കി സ്വന്തം വരുതിയിലാക്കി. എല്ലാ എതിര്‍ശബ്ദങ്ങളെയും ഇല്ലാതാക്കി. പാര്‍ട്ടി അംഗങ്ങളെ വരെ ഇല്ലായ്മ ചെയ്തു. സ്വന്തം മന്ത്രി സഭാംഗങ്ങളെ വരെ വെറും ശിപായിമാരുടെ തലത്തിലേക്ക് ചവുട്ടി താഴ്ത്തി. സ്വന്തം പ്രസ്ഥാനത്തേക്കാള്‍ വലിയ നേതാവായി സ്വയം അവരോധിച്ചു. ഒരു ജനാധിപത്യ പാര്‍ട്ടിക്ക് ചേര്‍ന്ന രീതിയിലല്ല മോദിയുടെ പ്രവര്‍ത്തനം. ഗുജറാത്തിലെ ആര്‍ എസ് എസ് നിയന്ത്രണത്തിലുള്ള എല്ലാ സംഘടനകളെയും മോദി നിഷ്പ്രഭമാക്കി. മോദി ഇന്‍ഡ്യന്‍ പ്രധാന മന്ത്രി ആയാല്‍ ഇന്‍ഡ്യ മുഴുവന്‍ ഇതാവര്‍ത്തിക്കും. അതിന്റെ ഭവിഷ്യത്ത് ബോധ്യമായ ആര്‍ എസ് എസ്, ഹര്‍ ഹര്‍ മോദി എന്ന മുദ്രവാക്യം വിളിക്കുന്നത് വിലക്കുക പോലുമുണ്ടായി.
അദ്വാനിയോട് ചെയ്തത് നന്ദി കേടാണെന്ന് ഏത് നിഷ്പക്ഷമതിയും സമ്മതിക്കും. ബി ജെ പി യുടെ പഴയ രൂപമായിരുന്ന ജന സംഘത്തെ ഇന്നത്തെ ബി ജെ പി ആയി വളര്‍ത്തിയത് അദ്വാനി എന്ന ഒറ്റ വ്യക്തിയുടെ കഴിവു തന്നെയാണ്.
നെഹ്രുവിന്റെ മന്ത്രിസഭയില്‍ അംഗമായിരുന്ന ശ്യാമപ്രസാദ് മുഖര്‍ജി, പാകിസ്ഥാനുമായുണ്ടാക്കിയ ഒത്തു തീര്‍പ്പില്‍ പ്രതിക്ഷേധിച്ച് രാജിവച്ചു. ഹിന്ദു ദേശീയതയുടെ വക്താവായിരുന്ന അദ്ദേഹം ആര്‍ എസ് എസ് തലവന്‍ ഗോള്‍വാര്‍ക്കറുമായി അലോചിച്ചാണ്, ജന സംഘത്തിനു രൂപം നല്‍കിയത്. ഹിന്ദു വര്‍ഗ്ഗീയ സംഘടനയായ ആര്‍ എസ് എസിനു നിര്‍ണ്ണായക സ്വാധീനമുണ്ടായിരുന്നു പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരണത്തില്‍. ഹിന്ദു ദേശീയതയുടെ രാഷ്ട്രീയ മുഖമായിരുന്നു ജന സംഘം. ആര്‍ എസ് എസില്‍ ദീര്‍ഘകാലം പ്രവര്‍ത്തിച്ച എല്‍ കെ അദ്വാനി ജന സംഘത്തിന്റെ സ്ഥാപക നേതാക്കളില്‍ ഒരാളും ആയിരുന്നു.
വളരെയധികം അര്‍പ്പണബോധത്തോടും ദീര്‍ഘവീക്ഷണത്തോടും കൂടി ഹിന്ദുത്വക്കു വേണ്ടി പോരാടിയ ഈ മുന്നണി പോരാളി, ഇത്ര പെട്ടെന്ന് വെറുക്കപ്പെട്ടവനായത് സമകാലീന ഇന്‍ഡ്യന്‍ രാഷ്ട്രീയത്തിലെ ഒരു ഫലിതമാണ്. അത്രയധികം നിര്‍ദ്ദയമായിട്ടാണ്, വളരെ കാലം കൂടെ നിന്നിരുന്ന സഹപ്രവര്‍ത്തകര്‍ അദ്ദേഹത്തെ ഒതുക്കിയത്. നന്ദി കേടില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്നത് നരേന്ദ്ര മോദിയും. ഗുജറാത്ത് കൂട്ടക്കൊലയില്‍ രാജ ധര്‍മ്മം പാലിച്ചില്ല എന്നും പറഞ്ഞ് മോദിയെ പുറത്താക്കാന്‍ അന്നത്തെ പ്രധാന മന്ത്രി ബാജ് പെയ് തീരുമാനിച്ചതായിരുന്നു. പക്ഷെ അദ്വാനിയുടെ ശക്തമായ എതിര്‍പ്പിനേ തുടര്‍ന്ന് ബാജ് പെയിക്ക് മുട്ടു മടക്കേണ്ടി വന്നു. അന്ന് രക്ഷിച്ചെടുത്ത മോദി ആണിന്ന് അദ്വാനിയെ അവഹേളിക്കാന്‍ മുന്നില്‍ നില്‍ക്കുന്നതെന്നോര്‍ക്കുക. ഭോപ്പാലില്‍ മത്സരിക്കണമെന്ന ആഗ്രഹം അദ്വാനി പ്രകടിപ്പിച്ചപ്പോള്‍, അത് വേണ്ട, വേണമെങ്കില്‍ ഗുജറാത്തിലെ ഗാന്ധി നഗറില്‍ മത്സരിച്ച് "തന്റെ കാരുണ്യത്തില്‍ ജയിച്ചോളൂ" എന്നാണ്, മോദിയുടെ നിലപാട്. ഇതിനെ കാവ്യ നീതി എന്നു വേണമെങ്കില്‍ വിളിക്കാം. 2002 ല്‍ മോദിയെ പുറത്താക്കാന്‍ ബാജ് പെയിയെ അനുവദിക്കാതിരുന്നത് മണ്ടത്തരമായി പോയിഎന്ന് അദ്വാനിക്കിപ്പോള്‍ തോന്നുന്നുണ്ടാകണം.
രഥമുരുട്ടിയും പള്ളി പൊളിച്ചും വിധ്വേഷം വമിക്കുന്ന പ്രസംഗങ്ങള്‍ പറഞ്ഞും അദ്വാനി ഹിന്ദു തീവ്രവാദികള്‍ക്ക് ഇന്‍ഡ്യയില്‍ ഒരു സ്ഥാനം നേടിക്കൊടുത്തു. ഈര്‍ക്കിള്‍ പാര്‍ട്ടി ആയിരുന്ന ജന സംഘത്തെ അര നൂറ്റാണ്ടുകൊണ്ട് ഭരണകക്ഷിയാക്കുന്നതില്‍ പ്രധാന പങ്കു വഹിച്ചത് അദ്വാനിയാണ്. രണ്ടോ മൂന്നോ സീറ്റു കിട്ടുന്ന ജനസംഘത്തില്‍ നിന്നും ഇന്‍ഡ്യയിലെ ഏറ്റവും വലിയ കക്ഷിയായി ബി ജെ പി വളര്‍ന്നത് അദ്വാനിയുടെ കഴിവുകൊണ്ടു മാത്രമായിരുന്നു. ഏറ്റവും വലിയ കക്ഷിയായാലും ഭരിക്കാന്‍ കഴിയണമെങ്കില്‍ ഒരു മുഖം മൂടി കൂടി ധരിക്കണമെന്ന തിരിച്ചറിവ്, അദ്വാനി ഉള്‍പ്പടെ എല്ലാ ബി ജെ പി നേതാക്കള്‍ക്കും ഉണ്ടായി. അങ്ങനെയാണ്, ബാജ്പെയി ഹിന്ദുത്വയുടെ മുഖംമൂടി ആയത്.
തീവ്ര ഹിന്ദുത്വ എന്ന സത്വത്തെ അതി സമര്‍ദ്ധമായി ബാജ്പെയി എന്ന മുഖം മൂടിക്കു പിന്നില്‍ ഒളിപ്പിക്കാമെന്ന് അദ്വാനിയും കൂടെയുള്ളവരും കരുതി. തീവ്ര ഹിന്ദുത്വ അജണ്ട തല്‍ക്കാലത്തേക്ക് മാറ്റി വച്ച് മറ്റു ചില പാര്‍ട്ടികളുമായി കൂട്ടുകെട്ടുണ്ടാക്കി അധികാരത്തില്‍ കയറി. അധികാരത്തിലെത്തിയപ്പോഴാണ്, ജനങ്ങള്‍ എന്തു ചിന്തിക്കുന്നു എന്ന തിരിച്ചറിവ്, അദ്വാനിക്കു കിട്ടിയത്. തീവ്ര ഹിന്ദുത്വയെ സാധാരണ ജനങ്ങള്‍ എത്രത്തോളം വെറുക്കുന്നു എന്നദ്ദേഹം മനസിലാക്കി. അതു കൊണ്ട് ബാജ്പെയ് അണിഞ്ഞ മുഖം മൂടി കടം വാങ്ങി അദ്ദേഹം അണിഞ്ഞു. 2005 ല്‍ പാകിസ്ഥാന്‍ സന്ദര്‍ശിച്ച അവസരത്തില്‍ മൊഹമ്മദാലി ജിന്നയെ മതേതരവാദി എന്ന് പുകഴ്ത്തി പറഞ്ഞതിനദ്ദേഹം ഏറെ വിമര്‍ശിക്കപ്പെട്ടു. അന്നു പക്ഷെ പാര്‍ട്ടി നേതാക്കളാരും അദ്ദേഹത്തെ കൈവിട്ടില്ല. എല്ലാവരും അദ്ദേഹത്തിന്റെ പിന്നില്‍ അണിനിരന്നു. പിന്നീടു നടക്കുന്ന തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ നയിക്കാന്‍ അദ്ദേഹം വേണമെന്ന തിരിച്ചറിവില്‍ നിന്നാണതുണ്ടായത്. 2009 ല്‍ ആ പ്രതീക്ഷ അസ്തമിച്ചപ്പോള്‍ പാര്‍ട്ടിക്കുള്ളില്‍ പല പ്രമുഖരും അദ്ദേഹത്തിനെതിരെ തിരിഞ്ഞു.
ജനാധിപത്യ വ്യവസ്ഥിതിയില്‍ രാഷ്ട്രീയം ഉപേക്ഷിക്കാന്‍ പ്രായം ഒരു കാരണമല്ല. സാധാരണ രാഷ്ട്രീയക്കാര്‍ രാഷ്ട്രീയം വിടുന്നത് ആരോഗ്യപരമായ കാരണങ്ങളാലോ, അഴിമതി ആരോപണം നേരിട്ടോ ആണ്. അദ്വാനിക്ക് ഇപ്പോഴും നല്ല അരോഗ്യമുണ്ട്. സ്വജന പക്ഷപാതമോ അഴിമതിയോ ഇന്നു വരെ അദ്ദേഹത്തില്‍ ആരോപിക്കപ്പെട്ടിട്ടില്ല. പാര്‍ട്ടിക്കുള്ളില്‍ അദ്ദേഹം ഇപ്പോള്‍ നേരിടുന്ന വേട്ട നന്ദികേടായിട്ടേ എനിക്ക് മനസിലാക്കാന്‍ ആകുന്നുള്ളു.
തെരഞ്ഞെടുപ്പടുക്കുമ്പോള്‍ ഇടക്കിടക്ക് ഹിന്ദുത്വയെ ബി ജെ പി ആശ്ളേഷിക്കാറുണ്ട്. മറ്റാരും തന്നെ അത് അത്ര കാര്യമായി എടുത്തിരുന്നില്ല, അദ്വാനിയുടെ കസേരയിലിരിക്കാന്‍ തയ്യാറെടുക്കുന്ന നരേന്ദ്ര മോദി ഒഴികെ. പക്ഷെ 2014 ലെ തെരഞ്ഞെടുപ്പില്‍ ചിത്രം ആകെ മാറിയിരിക്കുന്നു.
ബി ജെ പിക്ക് അനാസ വിജയം ഉണ്ടാകുമായിരുന്ന ഡെല്‍ഹി നിയമ സഭ തെരഞ്ഞെടുപ്പില്‍ അതിനു തടയിട്ടത് അരവിന്ദ് കെജ്‌രിവാളിന്റെ ആം ആദ്മി പാര്‍ട്ടി ആയിരുന്നു. അതു പോലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലെ അനായാസ വിജയത്തിനു തടയിടുന്നതും ആം ആദ്മി പാര്‍ട്ടിയുടെ സാന്നിദ്ധ്യമാണ്. ബി ജെ പിക്ക് ന്യായമായും പോകേണ്ടി ഇരുന്ന കുറെയേറെ വോട്ടുകള്‍ ആം ആദ്മി കൊണ്ടു പോകും.അത് ശരിക്കുമറിയാവുന്ന മോദി കെജ്‌രിവാളിനെ പാകിസ്താനി ഏജന്റ് എന്നു വിളിച്ച് തീവ്ര ഹിന്ദുക്കളുടെ വോട്ടു ലക്ഷ്യമിടുന്നു. മോദി അനുയായികള്‍ കെജ്‌രിവാളിനെ ലഭ്യമാകുന്ന അവസരത്തിലൊക്കെ ആക്രമിക്കുന്നു.
മോദിയുടെ നയം അദ്ദേഹത്തിന്റെ ഉറച്ച അനുയായികള്‍ വ്യക്തമാക്കുന്നുണ്ട്.
2002 ല്‍ ഗുജറാത്ത് കൂട്ടക്കൊലക്കു ശേഷം തന്റെ സ്ഥാനം ഉറപ്പിക്കാന്‍ വേണ്ടി, ബാജ് പെയിക്കെതിരെ പാര്‍ട്ടിക്കുള്ളില്‍ നയരൂപീകാരണമുണ്ടാക്കുന്നതില്‍ മോദി വിജയിച്ചിരുന്നു. അദ്വാനിയെ മുന്നില്‍ നിറുത്തി ആയിരുന്നു അത് സാധിച്ചെടുത്തത്. അതിനു ശേഷം ബി ജെ പി മോദി എന്ന വ്യക്തിയുടെ വലയില്‍ കുടുങ്ങിപ്പോയി എന്നു പറയാം. മുസ്ലിം വിരോധം മുതലെടുത്ത് തീവ്ര ഹിന്ദുക്കളുടെ പിന്തുണ ഉറപ്പാക്കിയ ശേഷം വികസനം എന്ന മന്ത്രമായിരുന്നു മോദിയുടെ തുറുപ്പു ചീട്ട്. മാദ്ധ്യമങ്ങളെ വിലക്കെടുത്ത് ഇല്ലാത്ത വികസനമുണ്ടെന്ന് പ്രചരിപ്പിച്ചു. ആ വികസന കുമിളക്ക് അരവിന്ദ് കെജ്‌രിവാല്‍ ഒരു കുത്തു കൊടുത്തു. അപ്പോള്‍ വികസന അജണ്ട മോദി മാറ്റി. ഇപ്പോള്‍ അദ്ദേഹത്തിന്റെ അടിസ്ഥാന അജണ്ടയായ ഹിന്ദുത്വയിലാണ്, പ്രതീക്ഷ. താന്‍ ഒരു ഹിന്ദു ദേശീയവാദി ആണ് എന്നാണദേഹം ആവര്‍ത്തിച്ചു പറയുന്നത്. അത് പലതിന്റെയും സൂചനയാണ്. മറ്റ് മത വിശ്വാസികള്‍ക്ക് മോദിയുടെ ഭരണത്തില്‍ സ്ഥാനമുണ്ടാകില്ല. ആര്‍ എസ് എസിന്റെയും, ബജ്‌രംഗ് ദളിന്റെയും, വിശ്വ ഹിന്ദു പരിക്ഷത്തിന്റെയും ഹൈന്ദവ ദേശീയതയില്‍ മറ്റ് മത വിശ്വാസികള്‍ക്ക് സ്ഥാനമില്ലല്ലൊ. അതാണ്, വിശ്വ ഹിന്ദു പരിക്ഷത്ത് നേതാവ് പ്രവീണ്‍ തൊഗാഡിയയുടെ വാക്കുകളിലുടെ പുറത്തു വന്നതും.
ഹിന്ദു മേഖലകളില്‍ സ്ഥലം വാങ്ങാന്‍ മുസ്ലിംകളെ അനുവദിക്കരുത് എന്നാണ് ഗുജറാത്തിലെ ഭവ്നഗറില്‍ പ്രവീണ്‍ തൊഗാഡിയ പ്രസംഗിച്ചത്.
നരേന്ദ്ര മോദിയെ പിന്തുണയ്ക്കാത്തവര്‍ പാകിസ്ഥാനിലേക്കു പോകട്ടെ എന്ന് ഗിരിരാജ് സിംഗ് പറയുന്നു. മോദിയെ എതിര്‍ക്കുന്ന എല്‍ കെ അദ്വാനി, മുരളീ മനോഹര്‍ ജോഷി, ജസ്വന്ത് സിംഗ്, യശ്വന്ത് സിന്‍ഹ, കല്‍രാജ് മിശ്ര, ലാല്‍ജി ടാണ്ടണ്‍, സുഷമ സ്വരാജ് തുടങ്ങിയ ബി ജെ പി നേതാക്കളും കൂടെ പാകിസ്ഥാനിലേക്ക് പോകണമെന്നാണോ അദ്ദേഹം ഉദ്ദേശിക്കുന്നത്?
മോദിയുടെ മസാക്ഷി സൂക്ഷിപ്പുകാരനായ അമിത് ഷാ മുസാഫര്‍ നഗറിലെ ഹിന്ദുക്കളോട് വോട്ടിലൂടെ മുസ്ലിങ്ങളോട് പ്രതികരിക്കാൻ ആണാവശ്യപ്പെട്ടത്.
ഹിന്ദുക്കളൊക്കെ വോട്ടു ചെയ്ത് ബി ജെ പിയെ ജയിപ്പിക്കണം എന്ന് ആര്‍ എസ് എസ് ആവശ്യപ്പെടുന്നു.
ഗുജറാത്തിനേക്കുറിച്ച് സംസാരിക്കാന്‍ തനിക്കു മാത്രമേ അര്‍ഹതയുള്ളൂ എന്നതാണ്, മോദിയുടെ നിലപാട്. പൊതു ഖജനാവിലെ പണം മുടക്കി പല പൊറാട്ടു നാടകങ്ങളും നടത്തുന്നു. അതിന്റെ അവസാനത്തെ ഉദാഹരണമാണ്, 2800 കോടി ചെലവാക്കി പട്ടേല്‍ പ്രതിമ സ്ഥാപിക്കുന്നത്. ഇതിനെതിരെ ഗുജറാത്തില്‍ നിന്ന് യാതൊരു വിധ എതിര്‍പ്പും ഉണ്ടാകുന്നില്ല. അത്രക്കവിടത്തെ ജനത അടിമകളായി മാറിയിരിക്കുന്നു. ഇനി ഇന്‍ഡ്യന്‍ ജനതയേയും ഈ വക നാടകങ്ങള്‍ക്ക് അടിമകളാക്കണമെന്നതാണ്, മോദിയുടെ സ്വപ്നം. താന്‍ വിവാഹിതനല്ല, തനിക്ക് കുടുംബബന്ധങ്ങളില്ല. അതുകൊണ്ട് അഴിമതി കാണിക്കില്ല എന്നാണദേഹം വീമ്പിളക്കുന്നത്. വിവാഹിതരും കുടുംബങ്ങളുള്ളതുമായ ബി ജെ പി ഭരണ കര്‍ത്താക്കളൊക്കെ അഴിമതിക്കാരാണെന്ന് ഭംഗ്യന്തരേണ സൂചിപ്പിക്കുന്ന ഒരു പ്രസ്താവനയാണിത്. ഇന്‍ഡ്യയിലെ മദ്ധ്യ വര്‍ഗ്ഗങ്ങളും ഭൂരിഭാഗം മാദ്ധ്യമങ്ങളും മോദിയുടെ ഈ കെണിയില്‍ വീണു പോയിരിക്കുന്നു. അല്ലെങ്കില്‍ വിവാഹിതരായ ഭരണകര്‍ത്താക്കളൊക്കെ അഴിമതിക്കാരാണോ എന ചോദ്യം അവര്‍ മോദിയോട് ചോദിക്കുമായിരുന്നു. വ്യക്തി പൂജ ഇന്‍ഡ്യക്കാരുടെ സിരകളില്‍ ഉള്ളതാണ്. മോദി ആ വസ്തുതയെ അതി സമര്‍ദ്ധമായി മുതലെടുക്കുന്നു. ധാര്‍ഷ്ട്യത്തോടു കൂടി അത് ആരാധകരേക്കൊണ്ട് സമൂഹത്തില്‍ അടിച്ചേല്‍പ്പിക്കുന്നു. ജനാധിപത്യ പ്രസ്ഥാനമായ ബി ജെ പിക്ക് മോദിയുടെ ഏകാധിപത്യ പ്രവണതകള്‍ ദോഷം ചെയ്യാനാണു സാധ്യത. ഈ വ്യക്തിയുടെ ഇഷ്ടാനിഷ്ടങ്ങളാണിന്ന് ബി ജെ പിയില്‍ നടപ്പാക്കപ്പെടുന്നത്.
ബി ജെ പിയുടെ ആദ്യ പ്രധാനമന്ത്രി ബാജ്പെയിക്ക് ഒരു കുലീനത ഉണ്ടായിരുന്നു. ശാന്തമായ പ്രകൃതം. ആര്‍ക്കും സമീപിക്കാവുന്ന തരത്തില്‍ ഉള്ള പെരുമാറ്റം. അദ്ദേഹം ഉപയോഗിച്ച വാക്കുകളിലൊന്നും ആരെയും വെറുപ്പിക്കുന്ന പരാമര്‍ശങ്ങളുണ്ടായിരുന്നില്ല. ബജ്പെയിക്കും അദ്വാനിക്കും പെരുമാറ്റത്തിലും സംസാരത്തിലും ലാളിത്യവും ആധികാരികതയുമുണ്ടായിരുന്നു. പക്ഷെ മോദിയില്‍ അതില്ല. ഒരിക്കലും ചിരിക്കാത്ത, ഗൌരവം മാത്രം പ്രകടിപ്പിക്കുന്ന, ധാര്‍ഷ്ട്യത്തിന്റെയും അഹങ്കാരത്തിന്റെയും ആവരണമാണാ മുഖത്തേപ്പോഴും. മോദിക്ക് തുറന്ന സമീപനമില്ല. ആര്‍ എസ് എസിന്റെയും വിശ്വ ഹിന്ദു പരിക്ഷത്തിന്റെയും ഒക്കെ ദുരൂഹതകളാണാ വ്യക്തിത്വത്തില്‍ നിറഞ്ഞു നില്‍ക്കുന്നത്. ബാജ് പെയിയും ജസ്വന്ത് സിംഗും അദ്വാനിയും കുല്‍കര്‍ണിയുമൊക്കെ കൊണ്ടു നടക്കുന്ന നാഗരികവും പുരോഗമന പരവുമായ സമീപനം മോദിക്കില്ല. വികസന നയകന്‍ എന്നു സ്വയം പ്രഖ്യാപിക്കുമ്പോഴും ജീര്‍ണ്ണതയാണദ്ദേഹത്തിന്റെ സമീപനത്തില്‍ നിറഞ്ഞു നില്‍ക്കുന്നത്. കര്‍ക്കശക്കാരാനായ ഒരു ഹിന്ദു തീവ്രവാദിയുടെ മുഖഛായയാണു മോദിക്കുള്ളത്. ഗുജറാത്തിലെ മുസ്ലിം കൂട്ടക്കൊല നടന്നപ്പോള്‍ തീവ്ര ഹിന്ദുക്കള്‍ക്ക് എന്തും ചെയ്യാനുമുള്ള സമയം അദ്ദേഹം അനുവദിച്ചു കൊടുത്തു. ബജ് രംഗ് ദള്‍ പ്രവര്‍ത്തകര്‍ അത് തുറന്നു പറഞ്ഞിട്ടുമുണ്ട്.
ഗുജറാത്ത് കൂട്ടക്കൊലയേക്കുറിച്ച് ചോദിക്കുമ്പോഴെല്ലാം അദ്ദേഹം അസ്വസ്ഥനാകുന്നു. അഭിമുഖ സംഭാഷണങ്ങളില്‍ നിന്നും ഇറങ്ങി പോകുന്നു.
.
ഗുജറാത്ത് കൂട്ടക്കൊല മോദിയുടെ ജീവിതത്തിലെ മായ്ച്ചു കളയാനാകാത്ത കറ ആയി അവശേഷിക്കും
മുസ്ലിം വിരോധവും പാകിസ്ഥാന്‍, ചൈനാ പേടിയും വിതച്ച് തീവ്ര ഹിന്ദു മതവികാരം ഇളക്കിവിട്ടാണ്, മോദി തന്റെ വോട്ടു ബാങ്ക് സൃഷ്ടിച്ചെടുത്തത്. യാതൊരു അടിസ്ഥാനവുമില്ലാതെ എ കെ ആന്റണിയേയും അരവിന്ദ് കേജ്‌രിവാളിനെയും ഇന്‍ഡ്യയുടെ ശത്രുക്കളായി അദ്ദേഹം ആക്ഷേപിക്കുന്നു. മോദിയുടെ ഇന്‍ഡ്യ എന്നത് തീവ്ര ഹിന്ദുക്കളുടെ ഇന്‍ഡ്യ മാത്രമാണ്. മുസ്ലിങ്ങളെ കൈയ്യിലെടുക്കാന്‍ വേണ്ടി പിടിക്കാവുന്ന കാലുകളൊക്കെ ഇപ്പോള്‍ പിടിക്കാന്‍ വേണ്ടി നടക്കുന്നു. അവസാനം ബിസ്മില്ലാ ഖാന്റെ കുടുംബത്തോടു പോലും വാരാണസിയില്‍ തന്നെ നാമ നിര്‍ദേശം ചെയ്യാന്‍ അപേക്ഷിക്കുന്നു. കാര്യം നേടാന്‍ കഴുത കാലു പിടിക്കുമ്പോലെ.
നരേന്ദ്ര മോദി എന്ന പേരു പോലും മത ന്യൂനപക്ഷങ്ങളിലും ഭൂരിഭാഗം ഹിന്ദുക്കളിലും ആശങ്ക ആണുണ്ടാക്കുന്നത്. മോദി പ്രധാന മന്ത്രി ആയാല്‍ ഇന്‍ഡ്യയെ ഒരുമിച്ച് കൊണ്ടു പോകാന്‍ സാധ്യതയില്ല. മറിച്ച് വിഭാഗീയത ഉണ്ടാക്കും.
ഇന്‍ഡ്യയെ ഗുജറാത്താക്കും എന്നു വീമ്പടിക്കുന്ന മോദി 2002 ല്‍ കലാപത്തിന്റെ ഇരകളെ ഇന്നും പുനരധിവസിപ്പിച്ചിട്ടില്ല. അവരില്‍ മിക്കവരും ഇപ്പോഴും ദുരിതാശ്വാസ ക്യാമ്പുകളില്‍ നരകിക്കുന്നു.
അന്യ സംസ്ഥാനത്തു നിന്നു പോലും മുസ്ലിങ്ങളെ തട്ടിക്കൊണ്ടു വന്ന് ഗുജറാത്തില്‍ വച്ച് വ്യാജ ഏറ്റുമുട്ടലുകള്‍ സൃഷ്ടിച്ച് കൊന്നൊടുക്കുന്നതിനു ചുക്കാന്‍ പിടിച്ച മോദി ഇന്‍ഡ്യന്‍ പ്രധാന മന്ത്രി ആകാന്‍ യോഗ്യനല്ല.