കുറച്ചു നാളുകള്‍ക്ക് മുമ്പ് വഴിയോരത്ത് പൊതു യോഗം കൂടുന്നത് നിരോധിച്ചു കൊണ്ട് കേരള ഹൈക്കോടതിയില്‍ നിന്നും ഒരു വിധി വന്നിരുന്നു. സി പി എം നേതാവ്, എം വി ജയരാജന്‍ ഈ വിധി പറഞ്ഞ ജഡ്ജിയെ ശുംഭന്‍ എന്നു വിളിച്ചു. കേരള ഹൈക്കോടതി അദ്ദേ ഹത്തെ കോടതി അലക്ഷ്യത്തിനു വിചാരണ ചെയ്തു. ശുംഭന്‍ എന്ന വാക്കിന്റെ അര്‍ത്ഥം ജഡ്ജിയെ പഠിപ്പിക്കാനുള്ള ജയരാജന്റെ ശ്രമം പരാജയപ്പെട്ടു. അതുകൊണ്ട് ജയരാജന്‍ കോടതിയോട് മാപ്പു പറഞ്ഞ് രക്ഷപ്പെടാന്‍ നോക്കി. പക്ഷെ കോടതിയോടല്ല പൊതു ജനത്തോട് മാപ്പു പറയണം എന്ന് ജഡ്ജി വാശി പിടിച്ചു. അതിനു തയ്യാറാകാത്തതുകൊണ്ട്, ജയരാജനെ തടവിനു വിധിച്ചു. അപ്പീലിനുള്ള സാവകാശം പോലും നല്‍കാതെ ഈ ജഡ്ജി ജയരാജനെ പൂജപ്പുര ജയിലിലേക്കയച്ചു. അപ്പീലു പോയാല്‍ ജഡ്ജിയുടെ ശുംഭത്തരം പെട്ടെന്ന് പൊതു ജനം അറിയുമെന്ന തിരിച്ചറിവുകൊണ്ടായിരുന്നു അതുണ്ടായത്. ജയരാജന്‍ ജയിലില്‍ പോയെങ്കിലും, അപ്പീലുമായി അദ്ദേഹത്തിന്റെ വക്കീല്‍ സുപ്രീം കോടതിയില്‍ പോയി. അപ്പീല്‍ അനുവദിക്കുക മാത്രമല്ല, ജയരാജനെ ഉടന്‍ മോചിപ്പിക്കാനും സുപ്രീം കോടതി ഉത്തരവായി. ശിക്ഷ വിധിച്ച ജഡ്ജിയുടെ ശുംഭത്തരം അന്ന് പൊതു ജനത്തിനു ബോധ്യമാകുകയും ചെയ്തു.
അടുത്ത കാലത്ത് ഉമ്മന്‍ ചാണ്ടിയുടെ ഓഫീസിനു പങ്കാളിത്തമുള്ള സോളാര്‍ കേസുണ്ടായി. ഏറെ വിവാദമുണ്ടാക്കിയ ആ കേസില്‍ മുഖ്യ മന്ത്രിയുടെ ഗണ്‍മാന്‍ ആയിരുന്ന സലീം രാജിനും പങ്കുണ്ടെന്നായപ്പോള്‍ ഉമ്മന്‍ ചാണ്ടി അദ്ദേഹത്തെ പിരിച്ചു വിട്ടു. സോളാര്‍ തട്ടിപ്പില്‍ മാത്രമല്ല,. ഭൂമി തട്ടിപ്പിലും ഗുണ്ടായിസത്തിലും, ഇപ്പോള്‍ ഈ പഴയ പോലീസുകാരന്‍ പ്രതിയാണ്. കേസിലെ പ്രതിയായ സലിം രാജിനെ കേരളാ പോലീസ് സ്നേഹ ബഹുമാനത്തോടെ ചോദ്യം ചെയ്തത് പക്ഷെ കേരള ഹൈക്കോടതിയിലെ ഒരു ജഡ്ജിയായ ഹാരൂണ്‍ റഷീദിനു രുചിച്ചില്ല. സലീം രാജിനു മുകളില്‍ അധികാരകേന്ദ്രം ഉണ്ടെന്നു കൂടി പറയാനും ജഡ്ജി മറന്നില്ല. പക്ഷെ ഏതാണീ അധികാരകേന്ദ്രമെന്നു ജഡ്ജി പറഞ്ഞില്ല. അത് ആരാണെന്ന് കേരളത്തിലെ അരിയാഹാരം കഴിക്കുന്ന എല്ലാവര്‍ക്കും അറിയാം. അത് ഉമ്മന്‍ ചാണ്ടി ആണെന്നു പറയാന്‍ ജഡ്ജിക്ക് പേടി ആണ് എന്ന് പ്രതിപക്ഷ നേതാവ് വി എസ് അഭിപ്രായപ്പെട്ടു. ഉടനെ ജഡ്ജിക്ക് കലി കയറി. വി എസിന്റെ വിദ്യാഭ്യാസ യോഗ്യത എന്താണ്, എന്നു ജഡ്ജി ചോദിച്ചു. അദ്ദേഹത്തിനു നിയമം അറിയില്ലെന്നും, കോടതിയില്‍ വരികയാണെങ്കില്‍ നിയമം പഠിപ്പിച്ചു കൊടുക്കാം എന്നും ജഡ്ജി പുംഗവന്‍ കൂട്ടിച്ചേര്‍ത്തു. തനിക്ക് ഏഴാം ക്ളാസുവരെ വിദ്യാഭ്യാസമേ ഉള്ളു എന്നും, വയസു 90 ആയി എന്നും, ഇനി കൂടുതലായി ഒന്നു പഠിക്കാന്‍ ഉദ്ദേശിക്കുന്നില്ല എന്നും വി എസ് മറുപടിയും കൊടുത്തു. പറഞ്ഞ ശുംഭത്തരം മനസിലായതുകൊണ്ടോ എന്തോ പിന്നീട് ജഡ്ജി, കോടതി അലക്ഷ്യമെന്ന ഉമ്മക്കി കാട്ടി വി എസിന്റെ പിന്നാലെ പോയില്ല. സലീം രാജിനെ ഒരു പ്രതിയെ ചോദ്യം ചെയ്യുന്ന തരത്തില്‍ ചോദ്യം ചെയ്യിക്കാനും ഈ ശുംഭനു സാധിച്ചുമില്ല.
സോളാര്‍ കേസിലെ ഒരു വാദി ആയ ശ്രീധരന്‍ നായര്‍ സരിതയോടൊപ്പം ഉമ്മന്‍ ചാണ്ടിയെ അദ്ദേഹത്തിന്റെ ഓഫീസില്‍ കണ്ടിട്ടുണ്ട് എന്ന ആരോപണം ഉണ്ടായപ്പോള്‍, അങ്ങനെ കണ്ടിട്ടില്ല എന്ന് ഉമ്മന്‍ ചാണ്ടി അവകാശപ്പെടുന്നു. പക്ഷെ അങ്ങനെ കണ്ടാല്‍ എന്താണു കുഴപ്പമെന്ന് ഈ ജഡ്ജി ഒരിക്കല്‍ ചോദിച്ചു. അദ്ദേഹം പരിഗണിക്കുന്ന കേസുമായി യാതൊരു തരത്തിലും ബന്ധപ്പെട്ടതല്ലെങ്കിലും ഉമ്മന്‍ ചാണ്ടിക്ക് ഈ തട്ടിപ്പില്‍ ഒരു പങ്കുമില്ല എന്ന അഭിപ്രായം കൂടി ഈ ജഡ്ജി പറഞ്ഞു എന്നും കൂടി ഓര്‍ക്കുക.
അതിനിടയില്‍ സരിതയെ ഒരു മജിസ്റ്റ്രേട്ടിന്റെ മുമ്പില്‍ ഹജരാക്കിയപ്പോള്‍ അവര്‍ക്ക് ചിലത് പറയാനുണ്ട് എന്ന് ജഡ്ജിയോട് പറഞ്ഞു. അദ്ദേഹം മറ്റുള്ളവരെയെല്ലാം പുറത്താക്കി സരിതക്ക് പറയാനുള്ളത് മുഴുവന്‍ കേട്ടു. പക്ഷെ വളരെയേറെ ഗൌരവമുള്ള, ഈ കാര്യങ്ങള്‍ രേഖപ്പെടുത്താനൊന്നും നിയമം പഠിച്ച്, ജഡ്ജിയായ ഇദ്ദേഹം തയ്യാറായില്ല. അതിന്റെ കാരണം ഇത് രാഷ്ട്രീയത്തില്‍ കോളിളക്കം ഉണ്ടാക്കാന്‍ സാധ്യതയുള്ളവ ആയതുകൊണ്ടായിരുന്നു. സരിതയോട് പറയാനുള്ളതൊക്കെ എഴുതി നല്‍കാന്‍ നിര്‍ദ്ദേശിച്ചു. ഇതു പ്രകാരം സരിതക്കു പറയാനുള്ളത് 24 പേജുള്ള ഒരു statement ആയി തയ്യാറാക്കി. അതില്‍ പല ഉന്നതരുടെയും പേരുണ്ടെന്ന് സരിതയുടെ വക്കീല്‍ തന്നെ മാദ്ധ്യമങ്ങളിലൂടെ വെളിപ്പെടുത്തി. ഇത് പൊതു സമൂഹത്തില്‍ വലിയ ചര്‍ച്ചക്ക് വഴിവച്ചപ്പോള്‍ ഇതേ ജഡ്ജി പറഞ്ഞത്, അതൊക്കെ ഒരു കെട്ടു നുണകള്‍ ആണെന്നായിരുന്നു. ഇതിന്റെ രാഷ്ട്രീയ പ്രത്യാഘാതം മനസിലാക്കിയ ഉമ്മന്‍ ചാണ്ടി, സുരക്ഷാ കാരണങ്ങള്‍ പറഞ്ഞ് സരിതയെ ജയില്‍ മാറ്റി. ഉന്നത പോലീസുദ്യോഗസ്ഥനും മറ്റ് പലരും അവരെ ചെന്നു കണ്ടു. അതിനു ശേഷം 24 പേജുള്ള statement , വെറും നാലു പേജായി ചുരുങ്ങി. ഉന്നതരുടെ പേരുകളും അപ്രത്യക്ഷമായി. ജഡ്ജി സരിത എഴുതിക്കൊടുത്ത statement ഉം സ്വീകരിച്ചു. പക്ഷെ ഇതില്‍ ഉണ്ടായ അട്ടിമറി മറ്റുള്ളവര്‍ക്ക് മനസിലായി. അഡ്വക്കറ്റ് ജയശങ്കറിനേപ്പൊലുള്ളവര്‍ ഹൈക്കോടതിയില്‍ ഇതേപ്പറ്റി ഒരു പാരാതി കൊടുത്തു. ഹൈക്കോടതി അന്വേഷിക്കാന്‍ നിര്‍ദ്ദേശിച്ചപ്പോള്‍, ഒരു കെട്ടു നുണ എന്നു പറഞ്ഞതൊക്കെ സത്യമാണെന്ന് ജഡ്ജിക്ക് സമ്മതിക്കേണ്ടി വന്നു. പലരും തന്നെ ലൈംഗികമായി പീഢിപ്പിച്ചു എന്നും , രണ്ടു മൂന്ന് മന്ത്രിമാരുടെ പേരുകള്‍ അവര്‍ പറഞ്ഞിരുന്നു എന്നുമാണ്, ഇപ്പോള്‍ ഈ ജഡ്ജി പറയുന്നത്. പക്ഷെ അവരുടെ പേരുകള്‍ ഇപ്പോള്‍ ഓര്‍മ്മയില്ലത്രെ. ഓര്‍മ്മയില്ലെന്ന് ഏതെങ്കിലും സാക്ഷി കോടതിയില്‍ മൊഴി കൊടുത്താല്‍, അവരെ കടിച്ചു കീറുന്ന ജഡ്ജിയാണിത് പറയുന്നതെന്നോര്‍ക്കുക. നിയമം സംരക്ഷിക്കാന്‍ വേണ്ടി ജഡ്ജി പദം അലങ്കരിക്കുന്ന ഒരു ജഡ്ജിക്ക്, ഒരു സ്ത്രീ ലൈംഗിക പീഢനം നടന്നു എന്ന് പരാതിപ്പെട്ടാല്‍ എന്തു ചെയ്യണമെന്നറിയില്ലെങ്കില്‍ ഇദ്ദേഹത്തെ ശുംഭന്‍ എന്നു തന്നെയല്ലേ വിളിക്കേണ്ടത്?
കേരളത്തിലെ ഭൂരിഭാഗം ജനങ്ങളും ഇപ്പോള്‍ പന്തം കണ്ട പെരുച്ചാഴികളേപ്പോലെ അന്തിച്ചു നില്‍ക്കുകയാണ്. ഗാഡ്‌ഗില്‍ കമ്മിറ്റിയും, കസ്തൂരി രംഗന്‍ കമ്മിറ്റിയും, യു ഡി എഫും, എല്‍ ഡി എഫും, കത്തോലിക്ക സഭയും, കോണ്‍ഗ്രസ് എം പി, പി റ്റി തോമസും കൂടി മലയാളികളെ മുഴുവന്‍ ഒരു മായിക ലോകത്തേക്ക് കൊണ്ടുപോയിരിക്കുന്നു.
കസ്തൂരി രംഗന്‍ കമ്മിറ്റി റിപ്പോര്‍ട്ടിലെ ചില നിര്‍ദ്ദേശങ്ങള്‍ നടപ്പില്‍ വരുത്തിക്കൊണ്ട് കേന്ദ്ര സര്‍ക്കാര്‍ അടുത്തിടെ ഒരുത്തരവിറക്കി. മൈനിങ്, പാറപൊട്ടിക്കല്‍, മണല്‍വാരല്‍, 20,000 ചതുരശ്രമീറ്ററിന് മുകളിലുള്ള കെട്ടിടനിര്‍മ്മാണം, താപവൈദ്യുത നിലയം, 50 ഹെക്ടറിന് മുകളിലുള്ള ടൗണ്‍ഷിപ്പ്, ചുവപ്പു കാറ്റഗറിയില്‍ വരുന്ന വ്യവസായം എന്നിവയ്ക്കുമാത്രമാണ് ഈ ഉത്തരവു പ്രകാരം ഇപ്പോള്‍ നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഈ ഉത്തരവിറങ്ങിയ ഉടനെ രണ്ട് ക്രൈസ്തവ ബിഷപ്പുമാര്‍ അതിനെതിരെ പ്രതിഷേധവുമായി രംഗത്തിറങ്ങി. ഇടുക്കി ബിഷപ്പും താമരശ്ശേരി ബിഷപ്പും. ഹര്‍ത്താലിനാഹ്വാനം ചെയ്തു. യു ഡി എഫ് ഘടകകക്ഷികളായ മുസ്ലിം ലീഗും, കേരള കോണ്‍ഗ്രസും, എല്‍ ഡി എഫും ഹര്‍ത്താലില്‍ പങ്കു ചേര്‍ന്നു. പക്ഷെ പലയിടത്തും അക്രമങ്ങളുണ്ടായി. ടിപ്പര്‍ ലോറികളില്‍ അക്രമികളെ കൊണ്ടു വന്നിറക്കി വ്യാപകമായ നശാനഷ്ടങ്ങളുണ്ടാക്കി. ടിപ്പറില്‍ ആളെ ഇറക്കിയവര്‍ പാറപൊട്ടിക്കലിനും മണല്‍ വാരലിനും വേണ്ടി നിലകൊള്ളുന്നവരാണെന്നു സ്പഷ്ടം.
ഹര്‍ത്താല്‍ നടത്തുന്നവര്‍ കസ്തൂരി രംഗന്‍ കമ്മിറ്റി റിപ്പോര്‍ട്ട് വായിച്ചിട്ടുണ്ടോ എന്ന് രണ്ട് ഹൈക്കോടതി ജഡ്ജിമാര്‍ ചോദിച്ചിരിക്കുന്നു. ഈ ജഡ്ജിമാരെ ശുംഭന്‍ മാര്‍ എന്നു തന്നെ വിളിക്കാം. ഹര്‍ത്താലിഹ്വാനം ചെയ്ത ബിഷപ്പുമാരും, രാഷ്ട്രീയ പാര്‍ട്ടികളുടെ നേതാക്കളും ഇത് വായിച്ചിട്ടുണ്ട് എന്ന് എല്ലാവര്‍ക്കും അറിയാം. ഈ റിപ്പോര്‍ട്ട് അവരില്‍ പലരുടെയും പല തരം താല്‍പ്പര്യങ്ങള്‍ക്കെതിരായതുകൊണ്ടാണ്, ഇതിനെ എതിര്‍ക്കുന്നതെന്ന് ഈ ജഡ്ജി മാര്‍ക്ക് മനസിലായിട്ടില്ലെങ്കില്‍ ഇവരെ ശുംഭന്‍മാര്‍ എന്നു തന്നെയല്ലേ വിളിക്കേണ്ടത്?
ഇടുക്കിയിലെ അനധികൃത കയ്യേങ്ങളൊഴിപ്പിക്കാന്‍ ചെന്നാല്‍, ചെല്ലുന്നവരുടെ കാലു വെട്ടും എന്ന് പറഞ്ഞ എം എം മണിയാണ്, ഹര്‍ത്താലിനാഹ്വാനം ചെയത് ഒരു രാഷ്ട്രീയ നേതാവ്. ഈ അനധികൃത കയ്യേറ്റ ഭൂമിയില്‍ പണുതിരിക്കുന്ന അനധികൃത നിര്‍മ്മാണങ്ങള്‍ പലതും പൊളിച്ചു മാറ്റേണ്ടി വരും എന്ന തിരിച്ചറിവു കൊണ്ടാണവര്‍ ഹര്‍ത്താലിനിറങ്ങിയത്.
താമരശ്ശേരി ബിഷപ്പ് ഡെല്‍ഹിയില്‍ ചെന്ന് സോണിയ ഗാന്ധിയെ കണ്ട് ഒരു ഉറപ്പു വങ്ങിയതിനു ശേഷമാണത്രെ ഹര്‍ത്താല്‍ പിന്‍വലിക്കാന്‍ തീരുമാനിച്ചത്. ഒരു കര്‍ഷകനെയും കുടിയിറക്കില്ല എന്ന ഉറപ്പാണത്രെ വാങ്ങിയത്. ഏതെങ്കിലും കര്‍ഷകനെ കുടിയിറക്കണമെന്ന് ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടിലോ, കസ്തൂരി രംഗന്‍ കമ്മിറ്റി റിപ്പോര്‍ട്ടിലോ നിര്‍ദ്ദേശിക്കുന്നില്ല. അതിന്റെ അര്‍ത്ഥം ഇല്ലാത്ത ഒരു നിര്‍ദ്ദേശത്തിന്റെ പേരും പറഞ്ഞാണ്, ഈ ബിഷപ്പ് ഹര്‍ത്താലിനാഹ്വാനം ചെയ്തതെന്നല്ലേ? അപ്പോള്‍ ഇദ്ദേഹത്തിന്റെ ഉദ്ദേശ്യം മറ്റെന്തോ ആണെന്ന് മറ്റുള്ളവര്‍ സംശയിച്ചാല്‍ അതില്‍ അത്ഭുതപ്പെടേണ്ടതില്ല.
ഇടുക്കി ബിഷപ്പും ഇടുക്കി എം പി ആയ പി റ്റി തോമസും നേര്‍ക്ക് നേരെ പോരാടുകയാണ്. കോണ്‍ഗ്രസ് പാര്‍ട്ടിയും കത്തോലിക്കാ സഭയും തമ്മില്‍ പണ്ടുമുതലേ സൌഹൃദത്തിലാണ്. വിമോചന സമര കാലം മുതലേ ഉള്ള ഈ അടുപ്പത്തിനു വലിയ കോട്ടമുണ്ടായിട്ടില്ല. പക്ഷെ ഇപ്പോള്‍ പി റ്റി തോമസിനെ അടുത്ത തെരഞ്ഞെടുപ്പില്‍ പരാജയപ്പെടുത്തും, എന്നൊക്കെ ആണു ബിഷപ്പു പറയുന്നത്.
ഇവര്‍ തമ്മിലുള്ള വാക്‌പ്പോരിലെ പ്രസക്തഭാഗങ്ങള്‍ ഇതാണ്.
പി റ്റി തോമസ്.
തെറ്റായ രീതിയിലുള്ള പ്രചാരണം അഴിച്ചുവിട്ട് വിഭാഗീയത സൃഷ്‌ടിക്കാനുള്ള ശ്രമങ്ങളാണ് ഇടുക്കി രൂപതാ ബിഷപ്പിന്റെ നേതൃത്വത്തില്‍ നടത്തുന്നത്. കാശ്‌മീര്‍ മോഡല്‍ കേരളത്തിലും ആവര്‍ത്തിക്കുമെന്നാണു ബിഷപ് പറയുന്നത്. ഈ പ്രഖ്യാപനത്തിലൂടെ ബിഷപ് വിഘടനവാദിയായി മാറി. ഏത് സാഹചര്യത്തിലാണ് ഇത്തരമൊരു പ്രസ്‌താവന ബിഷപ്പിന്റെ ഭാഗത്തുനിന്നുണ്ടായതെന്ന് അദ്ദേഹം വ്യക്‌തമാക്കണം. മൂലമറ്റം പവര്‍ഹൗസ് ഉപരോധിക്കാനാണ് അവരുടെ തീരുമാനം. നക്‌സലുകള്‍ പോലും ചെയ്‌തിട്ടില്ലാത്ത സമരരീതിയാണിത്. നക്‌സലിസത്തേക്കാള്‍ മാരകമായ രീതിയില്‍ പ്രവര്‍ത്തിക്കാന്‍ ബിഷപ്പിന് എങ്ങിനെ സാധിക്കുന്നു? പരിസ്‌ഥിതി സംരക്ഷണത്തിന്റെ ആവശ്യകത ഊന്നിപ്പറയുന്നതാണ് കത്തോലിക്കാ സഭയുടെ ചരിത്രം. പരിസ്‌ഥിതിക്ക് എതിരായ പ്രവര്‍ത്തനം പറഞ്ഞു കുമ്പസാരിക്കേണ്ട ഒന്നായാണ് സഭ കാണുന്നത്. എന്നിട്ടും ബിഷപ് പരിസ്‌ഥിതി സംരക്ഷണത്തിന് എതിരായി നിലകൊള്ളുന്നു. ഇതു സഭാ വിശ്വാസികള്‍ അംഗീകരിക്കില്ലെന്ന് ഉറപ്പാണ്.
ബിഷപ്പ്.
ഹൈറേഞ്ചിന്റെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനും അവകാശങ്ങള്‍ നേടിയെടുക്കാനും പ്രാപ്‌തമായ നേതൃത്വം ഇവിടെയില്ലാത്ത സാഹചര്യത്തിലാണ് എല്ലാ വിഭാഗങ്ങളേയും കൂട്ടിയോജിപ്പിച്ച് ഹൈറേഞ്ച് വികസന സമിതി രൂപീകരിച്ചത്. ഈയൊരു നടപടി ഏറ്റവും ഭയപ്പെടുത്തിയതു പി.ടി. തോമസിനെ പോലെയുള്ള രാഷ്‌ട്രീയക്കാരെയാണ്. കര്‍ഷകന് എതിരെ നിന്നാല്‍ ഒരൊറ്റവോട്ടും കിട്ടില്ലെന്ന് ബോധ്യമായപ്പോഴാണ് അസത്യപ്രചാരണത്തിലൂടെ ഞങ്ങള്‍ക്കിടയില്‍ വിള്ളല്‍ വീഴ്‌ത്താന്‍ പി.ടി. ശ്രമിക്കുന്നത്. അപ്പോള്‍ ആരാണ് യഥാര്‍ഥ വിഘടനവാദി? മൂലമറ്റം പവര്‍ഹൗസ് ഉപരോധിക്കുന്നതു പ്രതീകാത്മകമായിട്ടാണ്. അത് ആശയതലത്തില്‍ മാത്രമാണ്. പ്രായോഗിക തലത്തിലേക്കു മാറ്റുമ്പോള്‍ മാത്രമേ അത് നക്‌സലിസമാകുന്നുള്ളൂ. ഒന്നു ചിരിക്കാന്‍ പോലും അറിയാത്ത വ്യക്‌തിയാണ് പി.ടി. തോമസ്. ഉള്ളം നിറയെ കളങ്കമാണ്. അതുകൊണ്ടാണ് എന്നെ ഇങ്ങനെയൊക്കെ വിശേഷിപ്പിക്കാന്‍ സാധിക്കുന്നതും. ഗ്രൂപ്പ് നേതാവായി നെഞ്ച് വിരിച്ച് നടക്കണമെന്ന് മാത്രമേയുള്ളൂ. സാധാരണകര്‍ഷകനോട് സംസാരിക്കാന്‍ പോലും പി.ടിക്കു താല്‍പ്പര്യമില്ല. കര്‍ഷകന്റെ പ്രശ്‌നങ്ങള്‍ അറിയാനും പരിഹരിക്കാനും സമയമില്ല. സഭയുമായി പി.ടി ക്കിപ്പോള്‍ അടുപ്പമൊന്നുമില്ല. ഇനി പി.ടി. മത്സരിക്കുകയാണെങ്കില്‍ നിലംതൊടാതെ പൊട്ടിക്കുമെന്നുറപ്പാണ്. എം.പി. എന്ന നിലയ്‌ക്ക് പി.ടി. സമ്പൂര്‍ണ പരാജയമാണ്.
സതീശനെയും ബലറാമിനെയും പോലെ ഹരിത പട്ടം സ്വയം ചാര്‍ത്തി നടക്കുന്ന ആളുമല്ല പി റ്റി തോമസ്. ബലറാം ഇപ്പോള്‍ അമേരിക്കന്‍ സന്ദര്‍ശനത്തിനു പോയിരിക്കുകയാണെന്ന് കേള്‍ക്കുന്നു. കാതിക്കുടം വിഷയത്തില്‍ സതീശനുള്ള പരിസ്ഥിതി സ്നേഹം എല്ലാവരും കണ്ടതുമാണ്. ഇതുപോലെ മുഖം മൂടി ഒന്നും ധരിക്കാത്ത പി റ്റി തോമസിനിപ്പോള്‍ ഈ വിഷപ്പുമായിഏറ്റുമുട്ടേണ്ടി വന്നത് എന്തുകൊണ്ടായിരിക്കാം? പാര്‍ട്ടി എടുത്ത തീരുമാനമായതുകൊണ്ട്, അതിനെ തള്ളിപ്പറയാന്‍ സ്ഥാനാര്‍ത്ഥിത്ത മോഹി ആയ തോമസിനു ബുദ്ധിമുട്ടുണ്ടാകാം. അതുകൊണ്ട് സര്‍ക്കാര്‍ തീരുമാനത്തെ അദ്ദേഹം സ്വാഗതം ചെയ്തു. അല്ലെങ്കില്‍ സോണിയ ഗാന്ധി ചീട്ടു വെട്ടിക്കളയും എന്ന തിരിച്ചറിവുകൊണ്ടാണത്.
പക്ഷെ അതിപ്പോള്‍ ബൂമറാംഗ് പോലെ തിരിച്ചു വന്നിരിക്കുന്നു. ഇടുക്കിയിലെ ഭൂരിഭാഗം പേരും എതിര്‍ക്കുന്ന ഒരു വിഷയത്തില്‍ ബിഷപ്പിനെതിരെ പരസ്യ നിലപാടെടുക്കാന്‍ കാണിച്ച ധൈര്യം ഏതായലും അനുമോദനം അര്‍ഹിക്കുന്നുണ്ട്.
ഇക്കാര്യത്തില്‍ പി റ്റി തോമസിനോട് തോന്നിയ ആദരം പാടെ ഇല്ലാതാക്കുന്ന മറ്റ് ചില പരാമര്‍ശങ്ങള്‍ അദ്ദേഹത്തിന്റെ ഭാഗത്തു നിന്നുണ്ടായി.
ഗാഡ്ഗില്‍ കമ്മിറ്റി റിപ്പൊര്‍ട്ടിന്, എന്തു പോരായ്‌മകള്‍ ആണുള്ളത് എന്നു ചോദിച്ചപ്പോള്‍ പി റ്റി തോമസിന്റെ മറുപടി ഇതായിരുന്നു. ഗാഡ്‌ഗിലിന്റെ നിര്‍ദേശങ്ങളില്‍ പോരായ്‌മകളുണ്ടെന്നു കരുതുന്നില്ല എന്നാണദ്ദേഹം മറുപടി പറയുന്നത്. എങ്കില്‍ പിന്നെ കസ്തൂരി രംഗന്‍ കമ്മിറ്റിയെ അദ്ദേഹത്തിന്റെ പാര്‍ട്ടി ആയ കോണ്‍ഗ്രസ് എന്തിനു നിയോഗിച്ചു? എന്തുകൊണ്ട് തോമസ് അതിനെതിരെ പ്രതിഷേധിച്ചില്ല? ഇവിടെ തോമസ്, വി ഡി സതീശന്‍ ലെവലിലേക്ക് താഴുന്നു.
കാഷ്മീര്‍ മോഡല്‍ സമരം നടത്തുമെന്ന് ബിഷപ്പ് പറഞ്ഞതായും അത് വിഘടന വാദത്തിനു സമമാണ്, എന്നുമാണ്, തോമസിന്റെ നിലപാട്. പണ്ട് ബാലകൃഷ്ണപിള്ള പഞ്ചാബ് മോഡല്‍ സമരത്തിനാഹ്വാനം നടത്തിയതുപോലെ. ഇടുക്കി ബിഷപ്പിനേക്കുറിച്ച് മേജര്‍ ആര്‍ച്ച് ബിഷപ്പിനോട് പരാതി പറയുമെന്നാണു തോമസ് പറയുന്നത്. വിഘടന വാദം രാജ്യ ദ്രോഹമാണ്. അതിനുള്ള പരാതി ഏതെങ്കിലും സഭയുടെ തലവന്റെ അടുത്തല്ല കൊടുക്കേണ്ടത്. അത് നീതി ന്യായ കോടതിയിലാണ്. ഇത് പറഞ്ഞതു വഴി തോമസ് ഒരു ശുംഭന്‍ നിലവാരത്തിലേക്ക് എത്തിയിട്ടുണ്ട്.
തോമസ് പറഞ്ഞ ഏറ്റവും വലിയ തമാശ ഇതാണ്.
റിപ്പോര്‍ട്ട് കര്‍ഷകര്‍ക്കു ദോഷം ചെയ്യാത്തതാണെങ്കില്‍ അവരെ ചര്‍ച്ചയില്‍ പങ്കെടുപ്പിച്ച് അവരുടെ നിര്‍ദ്ദേശങ്ങള്‍ കേട്ട ശേഷം നടപ്പാക്കുകയായിരുന്നെങ്കില്‍ ആശങ്കകള്‍ അകറ്റാമായിരുന്നില്ലേ?
എന്ന ചോദ്യത്തിനുള്ള ഉത്തരം ഇങ്ങനെ.
ഇതേ അഭിപ്രായം തന്നെയാണ് എനിക്കുമുള്ളത്.
2009 മുതല്‍ തോമസ് ഇടുക്കിയിലെ എം പി ആണ്. 2011 ലായിരുനു ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഈ റിപ്പോര്‍ട്ടാണു നല്ലതെന്നു പറയുന്ന ഇദ്ദേഹം ഇതേക്കുറിച്ച് ഒരു ചര്‍ച്ച സംഘടിപ്പിക്കാന്‍ ഇതു വരെ ശ്രമിച്ചതായി കേട്ടില്ല.കോണ്‍ഗ്രസിലെ ഗ്രൂപ്പു വഴക്കില്‍ കാണിച്ച ച്വ്ച ആവേശ ത്തിന്റെ ആയിരത്തിലൊന്ന്, ഈ റിപ്പോര്‍ട്ടിനേപ്പറ്റി സ്വന്തം വോട്ടര്‍മാരെ ബോധവാന്‍മാരാക്കാന്‍ ഇദ്ദേഹം ശ്രമിച്ചില്ല. ബിഷപ്പ് പറഞ്ഞതുപോലെ നെഞ്ചു വിരിച്ച് ഗ്രൂപ്പു കളിച്ചു നടന്നു. ഇപ്പോഴും അതിനു വേണ്ടി ശ്രമിക്കുന്നതായി കാണുന്നില്ല. തെരഞ്ഞെടുപ്പ് അടുത്തു വന്നപ്പോള്‍ അദ്ദേഹം അങ്കലാപ്പിലാണ്. ബിഷപ്പ് മാത്രമല്ല ഇടുക്കിയിലെ ലക്ഷക്കണക്കിനാളുകള്‍ പ്രതിഷേധിക്കുന്നുണ്ട്. പക്ഷെ തോമസിന്റെ അസ്ത്രം ബിഷപ്പിനു നേരെ മാത്രം തിരിച്ചു വച്ചിരിക്കുന്നത്, അദ്ദേഹം ബിഷപ്പിനെതിരെ ആരോപിക്കുന്ന അതേ ഗൂഢ അജണ്ടയുടെ ഭാഗമല്ലേ എന്നു സംശയിക്കേണ്ടി ഇരിക്കുന്നു. ഏതായാലും തോമസിന്റെ കാര്യം ഏതാണ്ടു തീരുമാനമായി. താമരശ്ശേരി ബിഷപ്പിനെ നികൃഷ്ട ജീവി എന്നു വിളിച്ച്, പിണറായി വിജയന്‍ ഇടതുപക്ഷത്തിനുണ്ടാക്കിയ കറ ഏതാണ്ട് കഴുകിക്കളയാനുള്ള അവസരം ഇടതുപക്ഷത്തിനു കിട്ടിയിട്ടുണ്ട്. അതവര്‍ പരമാവധി ഉപയോഗപ്പെടുത്തുമെന്നു തീര്‍ച്ച.
അടുത്ത ശുംഭത്തരം പറഞ്ഞത് കേരള മുഖ്യമന്ത്രി ആയ ഉമ്മന്‍ ചാണ്ടി ആണ്.
അദ്ദേഹം പറഞ്ഞത് ഇതാണ്.
കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് മലയോര ജനതയെ ബാധിക്കില്ല. ഇ.എസ്.എയില്‍ വനം വകുപ്പിന്റെ യാതൊരു ഇടപ്പെടലുമുണ്ടാകില്ല. ജനവാസത്തിന് തടസവും വരില്ല. ഇപ്പോള്‍ എങ്ങനെ ജീവിക്കുന്നുവോ അങ്ങനെ തുടർന്നും ജീവിക്കാം. കൃഷിക്കും കന്നുകാലി വളര്‍ത്തലിനും തടസമുണ്ടാകില്ല.
ഇത് തികച്ചും തെറ്റായ പ്രസ്താവന ആണ്. ഉമ്മന്‍ ചാണ്ടിയും ആളുകളെ തെറ്റിദ്ധരിപ്പിക്കുകയാണ്. പശ്ചിമഘട്ടത്തെ മുഴുവന്‍ പരിസ്ഥിതിലോലമായി കാണണമെന്നായിരുന്നു ഗാഡ്ഗില്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. പക്ഷെ 60,000 ചതുരശ്രകിലോമീറ്റര്‍ മാത്രം പരിസ്ഥിതിലോലമായി പ്രഖ്യാപിച്ചാല്‍ മതിയെന്നാണ് കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിലുള്ളത്. കേരളത്തിലെ 123 വില്ലേജുകളാണ് ഇതില്‍ വരിക. കസ്തൂരിരംഗന്‍ കമ്മിറ്റി സ്വാഭാവിക വനങ്ങളും സംരക്ഷിതപ്രദേശങ്ങളും ഉള്‍പ്പെടുന്ന സ്ഥലങ്ങളെയാണ് പരിസ്ഥിതിലോലമായി കണക്കാക്കിയത്. ചതുരശ്രകിലോമീറ്ററിന് 100 ല്‍ താഴെ ജനങ്ങളുള്ള പ്രദേശങ്ങളാണ് പരിസ്ഥിതിലോല മേഖലയില്‍ വരുന്നതെന്നും കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിലുണ്ട്.ഏത് റിപ്പോര്‍ട്ട് നടപ്പാക്കിയാലും ഈ പരിസ്തിതി ലോല പ്രദേശങ്ങളില്‍ ചില നിയന്ത്രണങ്ങള്‍ ഉണ്ടാകും. ഇല്ലെന്ന് ഉമ്മന്‍ ചാണ്ടി പറയുന്നത് ശുംഭത്തരമാണ്.
ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടിലെ ഗുണപരമായ കാര്യങ്ങള്‍ നടപ്പിലാക്കണമെന്നാണ്, വി എസ് അച്യുതാനന്ദന്‍ പറയുന്നത്. ജനങ്ങള്‍ക്ക് ദോഷകരമെന്നു തോന്നുന്ന വിഷയങ്ങളില്‍ സമവായമുണ്ടാക്കി ആവശ്യമായ ഭേദഗതികള്‍ വരുത്തി നടപ്പിലാക്കാം എന്ന് ഗാഡ്ഗില്‍ തന്നെ പറയുന്നുണ്ട്.
പക്ഷെ പിണറായി വിജയന്‍ വ്യക്തമായി ഒന്നും പറയുന്നില്ല. അദ്ദേഹം എങ്ങും തൊടാതെ ചിലത് പറയുന്നു. 'ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ ചില ദൗര്‍ബല്യങ്ങള്‍ കസ്തൂരിരംഗന്‍ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പരിഹരിച്ചിട്ടുണ്ടെങ്കിലും ആ റിപ്പോര്‍ട്ട് അതേപടി നടപ്പിലാക്കുന്നത് അംഗീകരിക്കാനാവില്ല. 'ഈ ആശങ്കകള്‍ പരിഹരിച്ചുകൊണ്ട് ജനങ്ങളെ പ്രകൃതിസംരക്ഷണത്തിനായുള്ള പ്രവര്‍ത്തനങ്ങളില്‍ കൊണ്ടുവരുന്ന തരത്തിലുള്ള ഇടപെടലാണ് ആവശ്യമായിട്ടുള്ളത്. അതിന് പകരം ധൃതിപിടിച്ച് റിപ്പോര്‍ട്ട് നടപ്പിലാക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ പരിശ്രമിക്കുന്നത്. ഇതിനോട് യോജിക്കാന്‍ കഴിയില്ല. കര്‍ഷക സംഘടനകളുമായും അതുപോലുള്ള വിവിധ ജനവിഭാഗങ്ങളുമായും ചര്‍ച്ച നടത്തി ആവശ്യമായ ഭേദഗതികള്‍ വരുത്തിക്കൊണ്ട് ജനങ്ങളെ വിശ്വാസത്തിലെടുത്ത് മുന്നോട്ടുപോകാനാവണം.'
ഇതിനെ കേരള രാഷ്ട്രീയത്തിലെ ക്ളൌണ്‍ എന്നു വിശേഷിപ്പിക്കാവുന്ന കെ സി ജോസഫ് പരിഹസിക്കുന്നത് ഇങ്ങനെ.
ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടിനെ അനുകൂലിച്ച വി.എസ്. അച്യുതാനന്ദനും കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിനെ അനുകൂലിച്ച പിണറായി വിജയനും ഇപ്പോള്‍ പാഷാണം വര്‍ക്കിയുടെ റോളാണ് അഭിനയിക്കുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് നാട്ടില്‍ കലാപമുണ്ടാക്കാനാണ് സി.പി.എം. ശ്രമിക്കുന്നത്.
യു ഡി എഫ് പ്രതിരോധത്തിലാണ്. യു ഡി എഫിലെ പ്രാബല കക്ഷികളായ കേരള കോണ്‍ഗ്രസും, മുസ്ലിം ലീഗും ഈ റിപ്പോര്‍ട്ട് നടപ്പിലാക്കുന്നതിനെ എതിര്‍ക്കുന്നു. കേരളത്തിലെ പ്രബല സമുദായമായ കത്തോലിക്കാ സഭയും എതിര്‍ക്കുന്നു. സി പി എമ്മുമായി ഒരു കാലത്തും അടുപ്പം കണിക്കാത്ത കത്തോലിക്കാ സഭ, സി പി എം എടുത്ത നിലപാടില്‍ വരുമ്പോള്‍ അവര്‍ അതിനെ രാഷ്ട്രീയമായി ഉപയോഗിക്കുന്നു. അവരെ തങ്ങളുടെ ചേരിയിലേക്ക് കൊണ്ടു വരാന്‍ കിട്ടിയ അവസരം അവര്‍ ഉപയോഗപ്പെടുത്തുന്നു. കേരളത്തില്‍ ഭരിക്കുന്ന കോണ്‍ഗ്രസ് തന്നെയാണ്, കേന്ദ്രത്തിലും ഭരിക്കുന്നത്. കോണ്‍ഗ്രസ് സര്‍ക്കാര്‍ എടുത്ത തീരുമാനത്തോട് മാലയോര മേഘലകളിലെ ഭൂരിഭാഗം ജനങ്ങളും എതിര്‍ക്കുന്നതിന്, സി പി എമ്മിന്റെ നേരെ കുതിര കയറുന്നതില്‍ എന്തു കാര്യം?.
ഉമ്മന്‍ ചാണ്ടി കസ്തൂരി രംഗന്‍ കമ്മിറ്റി റിപ്പോര്‍ട്ടിനേക്കുറിച്ച് പഠിക്കാന്‍ ഒരു കമ്മിറ്റിയെ നിയോഗിച്ചിരുന്നു. അതിന്റെ റിപ്പോര്‍ട്ട് വരുന്നതു വരെയെങ്കിലും കാത്തിരിക്കാന്‍ ഉമ്മന്‍ ചാണ്ടിക്ക് കേന്ദ്ര സര്‍ക്കരിനോട് പറയാമായിരുന്നു. അതൊന്നും ചെയ്യാതെ ജനങ്ങളെ കലാപത്തിലേക്ക് തള്ളിവിട്ടതിന്റെ ഉത്തരവാദിത്തം കോണ്‍ഗ്രസ് പാര്‍ട്ടിക്കു മാത്രമാണ്. അത് ഉമ്മന്‍ ചാണ്ടിയുടെ പരാജയം മാത്രമാണ്.
ഈ റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നപ്പോള്‍ മുതല്‍ മലയോര മേഘലയിലെ ആളുകള്‍ ഭയാശങ്കയിലായിരുന്നു. അതിനൊന്നും പരിഹാരമുണ്ടാക്കാന്‍ ശ്രമിക്കാതെ പണ്ടത്തെ നാട്ടു രജാക്കന്‍മാരേപ്പോലെ പണക്കിഴി വിതരണം ചെയ്ത് നടക്കുകയായിരുന്നു ഉമ്മന്‍ ചാണ്ടിയും ജോസഫും. ഇപ്പോള്‍ കാര്യങ്ങളൊക്കെ കൈ വിട്ടു പോകുന്ന അവസ്ഥയില്‍ എത്തിയപ്പോള്‍ പ്രതിപക്ഷത്തിന്റെ നേരെ കുതിര കയറിയിട്ട് യാതൊരു പ്രയോജനവുമില്ല.
സുകുമാരന്‍ നായര്‍ എന്തു പറഞ്ഞാലും ആരെ ചീത്ത വിളിച്ചാലും, അത് പറയാന്‍ അദ്ദേഹത്തിനു സ്വാതന്ത്ര്യമുണ്ട് എന്ന് പറയുന്ന ചെന്നിത്തലയോ, പി റ്റി തോമസോ, ഉമ്മന്‍ ചാണ്ടിയോ, ആ ഔദാര്യം ഇടുക്കി ബിഷപ്പിനനുവദിച്ചു കൊടുത്ത് കണ്ടില്ല. തോമസ് ബിഷപ്പിനെ ആക്ഷേപിക്കുകയാണു ചെയ്തത്. ഉമ്മന്‍ ചാണ്ടിക്കോ കെ സി ജോസഫിനോ ആ ധൈര്യമില്ലാത്തതുകൊണ്ട് സി പി എമ്മിനെ ചീത്ത വിളിക്കുന്നു.
കേരളം ചില ആവശ്യങ്ങള്‍ മുന്നോട്ടു വയ്ക്കുമെന്നാണ്, ഉമ്മന്‍ ചാണ്ടി പറയുന്നത്. ഇവയാണാ ആവശ്യങ്ങള്‍.
കസ്തുരിരംഗന്‍ ശിപാര്‍ശ ചെയ്ത വില്ളേജുകളിലെ പരിസ്ഥിതി ലോല പ്രദേശത്തെയും (ഇ.എസ്.എ) അല്ലാത്ത പ്രദേശങ്ങളെയും വേര്‍തിരിക്കണം.
വനത്തിനകത്തെ ഏലം ഉള്‍പ്പെടെയുള്ള തോട്ടങ്ങള്‍, വനത്തിനോട് ചേര്‍ന്ന് കിടക്കുന്ന പ്രദേശങ്ങള്‍, റബ്ബര്‍തോട്ടങ്ങള്‍ എന്നിവയെ പരിസ്ഥിതി ലോല പ്രദേശങ്ങളുടെ പട്ടികയില്‍ നിന്ന് ഒഴിവാക്കണം.
കസ്തുരിരംഗന്‍ റിപ്പോര്‍ട്ടില്‍ 123 വില്ലേജുകളും 121 പഞ്ചായത്തുകളും ഉൾപ്പെടുത്തിയത് അംഗീകരിക്കില്ല.
പരിസ്ഥിതി ലോല പ്രദേശം ഉള്‍പ്പെടുന്ന വില്ലേജുകളെ അപ്പാടെ ഇ.എസ്.എയായി പ്രഖ്യാപിച്ച നടപടി തിരുത്തണം.
റെഡ് കാറ്റഗറിയില്‍ നിന്ന് ആശുപത്രികളെയും ഡയറികളെയും ഒഴിവാക്കണം.
ഇതൊക്കെ ആണു നിര്‍ദ്ദേശങ്ങളെങ്കില്‍ പിന്നെ എന്തിനു വെറുതെ ഒരു കമ്മിറ്റിയെ കൂടി വച്ച് ആ പണം കൂടെ ദൂര്‍ത്തടിക്കുന്നു? യഥാര്‍ത്ഥത്തില്‍ ഉമ്മന്‍ ചാണ്ടി കുറച്ച് സാവകാശം ലഭിക്കാന്‍ ശ്രമിക്കുകയാണ്. ജനങ്ങളെ വിഡ്ഢികളാക്കാന്‍. ഞാന്‍ ജനങ്ങള്‍ക്ക് വേണ്ടി ചിലതൊക്കെ ചെയ്യുന്നു എന്ന തോന്നലുണ്ടാക്കി, എങ്ങനെയെങ്കിലും ലോക് സഭ തെരഞ്ഞെടുപ്പു വരെ ഇത് നീട്ടിക്കൊണ്ടുപോകാനുള്ള ഗൂഢ തന്ത്രമാണിത്.
ചതുരശ്രകിലോമീറ്ററിന് 100 ല്‍ താഴെ ജനങ്ങളുള്ള പ്രദേശങ്ങളാണ് പരിസ്ഥിതിലോല മേഖലയില്‍ വരുന്നതെന്നാണ്, കസ്തൂരിരംഗന്‍ കമ്മിറ്റി റിപ്പോര്‍ട്ടിലുള്ളത്. ഇതുപ്രകാരം പരിസ്തിതി ലോല പ്രദേശത്തില്‍ ഉള്‍പ്പെടുന്നത് ചില ആദിവാസി കോളനികള്‍ മാത്രമായിരിക്കും. ഉമ്മന്‍ ചാണ്ടിയുടെ ആവശ്യം അംഗീകരിച്ചാല്‍ ഒറ്റ വില്ലേജും പരിസ്തിതി ലോല പ്രദേശത്തില്‍ ഉള്‍പ്പെടുത്താന്‍ ആകില്ല. അപ്പോള്‍ പിന്നെ ഈ റിപ്പോര്‍ട്ടിനു പ്രസക്തി ഇല്ലാതാകും. ജനസാന്ദ്രത കണക്കിലെടുത്താല്‍ കേരളത്തിലെ 123 വില്ലേജുകളെയും പരിസ്ഥിതിലോലപരിധിയില്‍നിന്ന് ഒഴിവാക്കേണ്ടി വരും.
കസ്തൂരി രംഗന്‍ കമ്മിറ്റി റിപ്പോര്‍ട്ടിലെ ഏറ്റവും വലിയ പാളിച്ചയുമിതാണ്. ഇനി കേരളം ആവശ്യപ്പെടുമ്പോലെ ഓരോ വില്ലേജിലും പരിസ്തിതി ലോല പ്രദേശമെന്നും അല്ലാത്തതെന്നും വേര്‍തിരിക്കുക എന്നൊക്കെ പറഞ്ഞാല്‍ അതില്‍ പ്രായോഗിക ബുദ്ധിമുട്ടുകള്‍ ഉണ്ടാകും. ബഹിരാകാശ ശാസ്ത്രജ്ഞനായ കസ്‌തൂരിരംഗന്‍ ആകാശത്തു നിന്ന് ഭൂമിയെ കണ്ടാണീ റിപ്പോര്‍ട്ട് തയ്യാറാക്കിയത്. അതുകൊണ്ട് അദ്ദേഹത്തിനു യാഥാര്‍ത്ഥ്യങ്ങളൊന്നും ശരിയായ വിധത്തില്‍ കാണാന്‍ പറ്റിയില്ല. പരിസ്‌ഥിതിക്ക് യാതൊരു പ്രാധാന്യവും കല്പ്പിക്കാതെയാണ് കസ്‌തൂരിരംഗന്‍ പശ്‌ചിമഘട്ട സംരക്ഷണത്തെ നോക്കിക്കണ്ടതെന്ന് അദ്ദേഹത്തിന്റെ റിപ്പോര്‍ട്ട് വായിച്ചാല്‍ മനസിലാകും. അദ്ദേഹത്തിന് യാതൊരു പരിചയവുമില്ലാത്ത മേഖലയാണ് പ്രകൃതിസംരക്ഷണരംഗം. അതുകൊണ്ടാണ്,. 123 വില്ലേജുകളെ ആകാശത്തു നിന്ന് വീക്ഷിച്ചിട്ട് അവിടങ്ങളില്‍ പല കാര്യങ്ങളും ചെയ്യരുതെന്ന് നിര്‍ദേശിച്ചിരിക്കുന്നത്. പക്ഷെ ഗാഡ്ഗില്‍ എന്ന പ്രകൃതിശാസ്ത്രജ്ഞന്‍ നിര്‍ദ്ദേശിച്ചത്, പരിസ്തിതി ലോല മേഘലയില്‍ പലതും ചെയ്യാം പക്ഷെ, പ്രകൃതിക്കനുയോജ്യമായ രീതിയില്‍ ആയിരിക്കണമെന്നു മാത്രം. അതാതു പ്രദേശത്തു താമസിക്കുന്ന ജനങ്ങളുടെ ആവശ്യങ്ങളും, അഭിപ്രായങ്ങളും കണക്കിലെടുത്ത്, വിദഗ്ദ്ധരുടെ നിര്‍ദ്ദേശത്തോടു കൂടി, നിര്‍മ്മാണ പ്രവര്‍ത്തികള്‍ ചെയ്യണമെന്നാണു ഗാഡ്ഗില്‍ പറയുന്നത്. കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് മുകളില്‍ നിന്നും അടിച്ചേല്‍പ്പിക്കുന്ന ഒരു തീരുമാനവും, ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് ജനങ്ങളുടെ പങ്കാളിത്തത്തോടെ നടപ്പിലാക്കേണ്ട നിര്‍ദ്ദേശങ്ങളുമാണ്.
ആറു സംസ്‌ഥാനങ്ങളിലേയും മുഖ്യമന്ത്രിമാര്‍ ചേര്‍ന്ന് പ്രശ്‌ന പരിഹാരം ഉണ്ടാക്കട്ടെയെന്ന്, കസ്‌തൂരിരംഗന്‍ നിര്‍ദേശിക്കുമ്പോള്‍, അതാതിടത്തെ ജനങ്ങളുടെ ആവശ്യത്തിനനുസരിച്ചും, പ്രകൃതിക്ക് ദോഷം വരാത്തതുമായ തീരുമാനങ്ങള്‍ നടപ്പില്‍ ആക്കട്ടെ എന്നാണ് ഗാഡ്ഗിൽ കമ്മിറ്റി നിർദ്ദേശം . ഇതനുസരിച്ച് ഏറ്റവും ജനാധിപത്യപരമായ നിര്‍ദ്ദേശങ്ങള്‍ ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടിലാണുള്ളത്. നടപ്പാക്കേണ്ടതും അതാണ്. അതിനു വേണ്ടി, ഓരോ പ്രദേശത്തുമുള്ള പരിസ്തിതി വിഷയത്തില്‍ പ്രാവീണ്യമുള്ള വിദഗ്‌ധരെ സര്‍ക്കാര്‍ കണ്ടെത്തി പരിസ്‌ഥിതി ലോല പ്രദേശങ്ങള്‍ സംബന്ധിച്ച് ജനങ്ങള്‍ക്ക് അവബോധം നല്‍കുകയാണു വേണ്ടത്. അതിനു ശേഷം നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കാം. ഇവ നിര്‍ദ്ദേശങ്ങള്‍ മാത്രമാണ്, നിയമങ്ങളല്ല.
പക്ഷെ ഇപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ച വിജ്ഞാപനം കര്‍ഷകരെയും കുടിയേറ്റക്കാരെയും യാതൊരു തരത്തിലും ബാധിക്കില്ല. മാഫിയകളെയും റിയല്‍ എസ്റ്റേറ്റ് ബിസിനസുകാരെയും, മെഡിക്കല്‍ കോളേജുകള്‍ പോലെ വന്‍ നിര്‍മ്മാണം മനസില്‍ കണ്ട് സ്ഥലം വാങ്ങിക്കൂട്ടിയവരെയുമൊക്കെ ബാധിക്കും.