ഭൂമിയുടെ ചരിത്രത്തില്‍ ഉണ്ടായിട്ടുള്ള ജീവികളില്‍ വച്ച് ഏറ്റവും സവിശേഷമായ കഴിവുകള്‍ ഉള്ള ജീവി വര്‍ഗ്ഗമാണു മനുഷ്യന്‍. പ്രകൃതിയെ കീഴടക്കി അവന്‍ അജയ്യനുമായി. പക്ഷെ വിരോധാഭാസമെന്നു പറയട്ടെ, ഭൂമിയുടെ നാശത്തിനും അവന്‍ ഹേതുവായിക്കൊണ്ടിരിക്കുന്നു. പരിസ്ഥിതിയെ സംരക്ഷിക്കുന്നതിനല്ല, നശിപ്പിക്കുന്നതിനാണവന്‍ ശ്രമിക്കുന്നത്. പരിസ്ഥിതി നശീകരണം കലാവസ്ഥയില്‍ വ്യതിയാനമുണ്ടാക്കുമെന്ന് അനേകം ശാസ്ത്രജ്ഞര്‍ പറഞ്ഞപ്പോഴൊന്നും സാധാരണ മനുഷ്യര്‍ അത് കാര്യമായി എടുത്തില്ല. കാലവസ്ഥയില്‍ ഉണ്ടാകുന്ന മാറ്റങ്ങള്‍ മുമ്പത്തേക്കാള്‍ ഇപ്പോള്‍ പ്രകടമായി കാണുവാന്‍ സാധിക്കുന്നു. ഈ വര്‍ഷം ഉത്തരാഖണ്ടിലും കേരളത്തിലും ഉണ്ടായ പേമാരിയും, ഉരുള്‍ പൊട്ടലും, വെള്ളപ്പൊക്കവും അതിന്റെ സാക്ഷ്യപത്രങ്ങളായിരുന്നു. അസാധാരണമായ കാലാവസ്ഥാ വ്യതിയാനത്തിലൂടെ കേരളം ഇപ്പോള്‍കടന്നു പോകുകയാണ്.കാലം തെറ്റിയും ക്രമം തെറ്റിയും മഴ പെയ്യുന്നു. കടുത്ത ചൂടനുഭവപ്പെടുന്നു. അതിവര്‍ഷവും, വെള്ളപ്പൊക്കവും, ഉരുള്‍ പൊട്ടലും. ഇതായി മാറിയിരിക്കുന്നു കേരളത്തിലെ കാലാവസ്ഥ.
നിര്‍ഭാഗ്യവശാല്‍ ഇപ്പോഴും പ്രകൃതി സംരക്ഷണത്തിന്റെ ഗൌരവം സാധാരണക്കാര്‍ക്ക് മനസിലായിട്ടില്ല. ഉത്തരവാദപ്പെട്ട രാഷ്ട്രീയ നേതാക്കള്‍ അതിനു ശ്രമിക്കുന്നുമില്ല. പശ്ചിമഘട്ട സംരക്ഷണം മുന്‍നിറുത്തി പരിസ്ഥിതി പഠനത്തിനും, ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ക്കും വേണ്ടി, കേന്ദ്ര സര്‍ക്കാര്‍ പ്രൊഫസര്‍ മാധവ് ഗാഡ്ഗിലിന്റെ നേതൃത്വത്തില്‍ ഒരു വിദഗ്ദ്ധ സമിതിയെ നിയോഗിച്ചു. വിശദമായ പഠനം നടത്തി ഒരു വിദഗ്ദ്ധ റിപ്പോര്‍ട്ട് തന്നെ അദ്ദേഹം അദ്ധ്യക്ഷനായ സമിതി സമര്‍പ്പിച്ചു. ചില പരിസ്ഥിതി പ്രവര്‍ത്തകരും, സംഘടനകളും അതിനെ പിന്തുണച്ചതല്ലാതെ ഈ റിപ്പോര്‍ട്ടിനേക്കുറിച്ച് ഗൌരവമായ ഒരു ചര്‍ച്ച സംഘടിപ്പിക്കാനോ, ജനങ്ങളെ ബോധവത്കരിക്കാനോ രാഷ്ട്രീയ നേതൃത്വം ശ്രമിച്ചില്ല. അതിനു പകരം തെറ്റിദ്ധാരണ ന പരത്താനും, റിപ്പോര്‍ട്ടിലെ ശുപാര്‍ശകളെ അട്ടിമറിക്കാനും ആണു ശ്രമിച്ചത്. ആറു സംസ്ഥാനങ്ങളിലെ കോടിക്കണക്കിനു ജനങ്ങളെ പ്രത്യക്ഷമായി ബാധിക്കുന്ന പശ്ചിമഘട്ട മലനിരകളേക്കുറിച്ച് പഠിക്കാനാണീ കമ്മിറ്റിയെ നിയോഗിച്ചത്. ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട ജൈവ വൈവിദ്ധ്യ മേഘലകളില്‍ ഒന്നും കൂടിയാണീ മലനിരകള്‍. അന്യം നിന്നു പോയിക്കൊണ്ടിരിക്കുന്ന നൂറുകണക്കിന് സസ്യ/ജീവജാലങ്ങള്‍ ഇവിടെ ഉണ്ട്.
കേരളത്തേ സംബന്ധിച്ചും ഈ മലനിരകള്‍ ഏറെ പ്രാധാന്യമര്‍ഹിക്കുന്നു. കേരളത്തിലെ എല്ലാ നദികളും ഉത്ഭവിക്കുന്ന സഹ്യപര്‍വതം ഈ മല നിരകളുടെ ഭാഗമാണ്. ഗുരുതരമായ വരള്‍ച്ചയും കാലാവസ്ഥാ വ്യതിയാനവും ഉണ്ടാകുന്ന ഇക്കാലത്ത്, ഈ നദികളിലൂടെ ഒഴുകുന്ന വെളളത്തിന് വളരെയധികം പ്രാധാന്യമുണ്ട്. പശ്ചിമഘട്ട മലനിരകളും അവിടത്തെ നിബിഢ വനങ്ങളും നശിച്ചാല്‍ കേരളം തന്നെ നശിക്കും.
പ്രകൃതി വിഭവങ്ങളുടെ നഗ്നമായ കൊളളയാണ് കേരളത്തില്‍ ഇപ്പോള്‍ നടക്കുന്നത്. അനിയന്ത്രിതമായ കരിങ്കല്‍ ഖനനം, വനനശീകരണം, അനിയന്ത്രിതമായ മണല്‍ വാരല്‍ , വനം കൈയ്യേറ്റം, അനധികൃതമായ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ എന്നിവ നിയന്ത്രിച്ചില്ലെങ്കില്‍ ഈ മലനിരകള്‍ നശിപ്പിക്കപ്പെടും. ഇതില്‍ നിന്ന് കേരളത്തെ സംരക്ഷിക്കാനുള്ള മാര്‍ഗ്ഗരേഖയാണ്, ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട്. പക്ഷെ ഈ റിപ്പോര്‍ട്ട് ലഭിച്ച കേന്ദ്ര മന്ത്രാലായം ഇത് പുറത്തു വിട്ടില്ല. അസംഘ്യം മാഫിയകളുടെ സമ്മര്‍ദ്ദഫലമായി ഇത് പൂഴ്ത്തി വയ്ക്കപ്പെട്ടു. അവസാനം വിവരാകാശ നിയമ പ്രകരം അപേക്ഷിച്ചപ്പോള്‍ ഗത്യന്തരമില്ലാതെ പുറത്തു വിടേണ്ടി വന്നു.
ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് വന്നപ്പോള്‍ ഇടുക്കിയിലെ ഒരു ബിഷപ്പ് പറഞ്ഞത്, ഗാഡ്ഗില്‍ സമിതി റിപ്പോര്‍ട്ട് കര്‍ഷകരെ അടിമകളാക്കും എന്നായിരുന്നു. ഈ റിപ്പോര്‍ട്ടിനെ എതിര്‍ക്കാന്‍ രാഷ്ട്രീയക്കാരും കയ്യേറ്റക്കാരും ഭൂമായിയയും, ഒക്കെ ഒരുമിച്ചു.
കേരളത്തിലെ പ്രകൃതിയെ സംരക്ഷിച്ചേ അടങ്ങൂ എന്ന് ആക്രോശിച്ചു കൊണ്ട് 6 യുവ സിംഹങ്ങള്‍ കൊട്ടിഘോഷത്തോടെ Green Thoughts എന്ന പേരില്‍ ഒരു ഒരു ബ്ളോഗുപോലും തുടങ്ങിയതായിരുന്നു. പക്ഷെ അവരും ഇതുപോലെ പ്രധാനപ്പെട്ട ഒരു വിഷയത്തേക്കുറിച്ച് ഒരു ചര്‍ച്ച നടത്താന്‍ സമയം കളഞ്ഞില്ല. സരിതയുടെ സാരിത്തുമ്പില്‍ ഈ ഹരിത എം എല്‍ എ മാരും സായൂജ്യം തേടി എന്നു വേണമെങ്കില്‍ പറയാം. നീറ്റാജലാറ്റിന്‍ കമ്പനി ചാലക്കുടി പുഴയിലേക്ക് മാലിന്യമൊഴുക്കി പരിസ്ഥിതി നാശം നടത്തിയപ്പോള്‍ വി ഡി സതീശനെന്ന ഹരിത സിംഹം കമ്പനിയുടെ പക്ഷത്തു ചേര്‍ന്ന് തന്റെ ശരിക്കുള്ള മുഖം പൊതു ജനത്തിനു കാണിച്ചും കൊടുത്തു. മുന്‍ മന്ത്രി ജി സുധാകരന്‍ ഇവരുടെ കാപട്യത്തെ കളിയാക്കിയപ്പോള്‍ മറുപടി പറയാന്‍ പക്ഷെ ഇവര്‍ മറന്നില്ല.
മാധവ് ഗാഡ്ഗിൽ സമിതിയുടെ റിപ്പോർട്ട് സംബന്ധിച്ച് ഒരു വിഭാഗം ജനങ്ങളും വിവിധ സംസ്ഥാന സർക്കാരുകളും മിക്കവാറും എല്ലാ രാഷ്ട്രീയ പാര്‍ട്ടിക്കാരും കടുത്ത ആശങ്ക പ്രകടിപ്പിച്ചു. ഈ റിപ്പോര്‍ട്ടുണ്ടാക്കീയ കമ്മിറ്റിയേയും അതിനെ പിന്തുണച്ചവരെയും പരിസ്ഥിതി തീവ്രവാദികൾ എന്നാണിവരൊക്കെ വിളിച്ച്ത്. ഇതിനെത്തുടർന്ന് ഗാഡ്ഗിൽ സമിതി ശുപാർശകൾ വിലയിരുത്താനും പുതിയ റിപ്പോർട്ട് സമർപ്പിക്കാനും നിർദ്ദേശിച്ച് കേന്ദ്ര ആസൂത്രണ കമ്മീഷൻ അംഗം കെ. കസ്തൂരി രംഗന്റെ നേതൃത്വത്തിലുള്ള മറ്റൊരു സമതിയെ കേന്ദ്ര സർക്കാർ നിയോഗിച്ചു.
പശ്ചിമഘട്ട മലനിരകളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ നിയമിച്ച ലോകപ്രശസ്ത ഇക്കോളജിസ്റ്റ് മാധവ് ഗാഡ്ഗില്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടാണ് ഗാഡ്ഗില്‍ റിപ്പോര്‍ട്ട്. ഇതിനെതിരായ ആക്ഷേപങ്ങളുടെ പശ്ചാത്തലത്തില്‍ റിപ്പോര്‍ട്ട് പഠിച്ച് വേണ്ട നിര്‍ദേശങ്ങള്‍ നല്‍കാനായി കേന്ദ്ര സര്‍ക്കാര്‍ നിയമിച്ച പ്രമുഖ ബഹിരാകാശ ശാസ്ത്രജ്ഞന്‍ കെ കസ്തൂരിരംഗന്റെ നേതൃത്വത്തിലുള്ള സമിതി തയ്യാറാക്കിയ റിപ്പോര്‍ട്ടാണ് കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട്.
ഇവര്‍ രണ്ടു പേരുടെയും പശ്ചാത്തലം അറിഞ്ഞാല്‍ തന്നെ ആരുടെ റിപ്പോര്‍ട്ടാണ്, ആധികാരികം എന്നു മനസിലാകും. സമഗ്രമായ പഠനങ്ങളിലൂടെ പരിസ്ഥിതി വിശകലനം നടത്തി, ദേശീയവും അന്തര്‍ദേശീയവും ആയ പരിസ്ഥിതി സംരക്ഷണമാനദണ്ഡങ്ങള്‍ പാലിച്ചിട്ടാണ്, മാധവ് ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ദീര്‍ഘകാലാടിസ്ഥാനത്തില്‍ ജനസമൂഹങ്ങള്‍ക്കുണ്ടാകാവുന്ന ഗുണദോഷങ്ങള്‍ പരിഗണിച്ചിട്ടുണ്ടെന്ന് അത് വായിച്ചാല്‍ മനസിലാകും. അതിലെ വിശദാംശങ്ങള്‍ ചര്‍ച്ചചെയ്യാവുന്നതും നീക്കുപോക്കുകള്‍ വേണ്ടിടത്ത് ആകാവുന്നതുമാണ്. ജൈവ വൈവിധ്യം, ശുദ്ധജല ലഭ്യത തുടങ്ങിയവ മുതല്‍ നാട്ടുരീതികളെയും നാടന്‍ സംസ്കാരങ്ങളെയുംവരെ പരിഗണിച്ചിട്ടുണ്ട് ഗാഡ്ഗില്‍ കമ്മിറ്റി. എന്നാല്‍ കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് പശ്ചിമഘട്ട മേഖലയെ അശാസ്ത്രീയമായി വിഭജിച്ച്, മൂന്നില്‍ രണ്ടു ഭാഗം നശീകരണത്തിന് വിട്ടുകൊടുക്കുന്നു.
ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് കുടിയേറ്റ മേഖലയില്‍ വ്യാപക പ്രശ്നങ്ങള്‍ സൃഷ്ടിക്കുമെന്ന് ആരോപിച്ച് വിവിധ കര്‍ഷക സംഘടനകളും, രാഷ്ട്രീയ കക്ഷികളും, മത സംഘടനകളും രംഗത്തു വന്നു. ഈ പശ്ചാത്തലത്തില്‍ കസ്തൂരി രംഗന്‍ സമിതി റിപ്പോര്‍ട്ട് നടപ്പാക്കാന്‍ ഒരുങ്ങുകയാണ് കേന്ദ്ര സര്‍ക്കാര്‍. ഗാഡ്ഗില്‍ റിപ്പോര്‍ട്ടില്‍ കാതലായ മാറ്റം വരുത്തിയാണ് കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. പക്ഷെ ഈ റിപ്പോര്‍ട്ടും നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന വാദവുമായി രാഷ്ട്രീയ, മത, കര്‍ഷക സംഘടനകള്‍ രംഗത്തു വന്നിട്ടുണ്ട്. പക്ഷെ വാസ്തവത്തില്‍ ഈ റിപ്പോര്‍ട്ടുകള്‍ പഠിക്കുകയോ വായിക്കുക പോലുമോ ചെയ്യാതെ ജനങ്ങള്‍ക്കിടയില്‍ ഇവര്‍ ഭീതി പരത്തുകയാണ്.
ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പിലാക്കിയാല്‍ കർഷകർക്കു മരച്ചീനി കൃഷി ചെയ്യാൻ സാധിക്കില്ല,പ്ലാസ്റ്റിക് നിരോധിക്കും,മലയോര പ്രദേശങ്ങളിലെ കര്‍ഷകരെയും കുടുംബങ്ങളെയും കുടിയിറക്കും, കൃഷി ചെയ്യാന്‍ അനുവദിക്കില്ല, രാസവളം ഉപയോഗിക്കാന്‍ അനുവദിക്കില്ല, സ്കൂളുകളും ആശുപത്രികളുമടക്കമുളള സ്ഥാപനങ്ങള്‍ അടച്ചിടും, പുതിയ വീടുകളുണ്ടാക്കണമെങ്കില്‍ പുല്ലും വയ്ക്കോലും മാത്രമേ ഉപയോഗിക്കാവൂ, കരിങ്കല്ലും കോണ്‍ക്രീറ്റും ഉപയോഗിക്കാന്‍ പറ്റില്ല, രണ്ടു പശുക്കളില്‍ കൂടുതല്‍ വളര്‍ത്താന്‍ അനുവദിക്കില്ല, കാലിത്തീറ്റ
കിട്ടാതെ വരും, കേരളം ഇരുട്ടിലാകും, ഇടുക്കി ഡാമുള്‍പ്പെടെ പൊളിച്ചു നീക്കേണ്ടി വരും, തുടങ്ങിയവയാണ്, ആരോപണങ്ങള്‍. ഇതൊക്കെയാണ് സാധാരണക്കാരെ പറഞ്ഞു വിശ്വസിപ്പിച്ചിരിക്കുന്നത്. രാഷ്ട്രീയ നേതാക്കളായ മാത്യൂ സ്റ്റീഫനും. ബിജിമോളിനും ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടിനേക്കുറിച്ചുള്ള അജ്ഞത ഈ ചര്‍ച്ചയില്‍ വെളിവാകുന്നു.
എന്താണീ റിപ്പോര്‍ട്ട് എന്ന് ഈ ലിങ്കില്‍ നിന്നും മനസിലാക്കാം.
Gadgil Committee Report ഈ ആരോപണങ്ങളില്‍ ഒരു കഴമ്പുമില്ല എന്ന് ഈ റിപ്പോര്‍ട്ട് വായിച്ചാല്‍ മനസിലാകും.
അതിലെ പ്രധാന ശുപാര്‍ശകള്‍ ഇവയാണ്.
ഇന്‍ഡ്യയിലെ പല സ്ഥലങ്ങളിലും ഇപ്പോള്‍ നിലവിലുള്ള നിയന്ത്രണങ്ങളും, നിയമങ്ങളുമൊക്കെ വിശദമായി പഠിച്ച്, അവ ക്രോഡീകരിച്ച്, പോരായ്മകളൊക്കെ പരിഹരിച്ച് നല്‍കിയിട്ടുള്ള നിര്‍ദ്ദേശങ്ങളാണിതിലുള്ളത്. ഇവ ആരിലും അടിച്ചേല്‍പിക്കുന്നില്ല. നടപ്പാക്കേണ്ട നിയന്ത്രണങ്ങള്‍ക്കുള്ള മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ മാത്രമാണിവ. ഓരോ സ്ഥലത്തെയും ജനങ്ങളുടെയും പരിസ്ഥിതിയുടെയും അവസ്ഥക്കനുസരിച്ച് മാറ്റങ്ങളോടെ നടപ്പാക്കണമെന്നു മാത്രമേ നിര്‍ദ്ദേശിച്ചിട്ടുള്ളു.
ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടിനെ അനുകൂലിക്കുന്നവരെയല്ല പരിസ്ഥിതി തീവ്രവാദികളെന്നു വിളിക്കേണ്ടത്. തെറ്റായ പ്രചരണം നടത്തി കാട്ടുകള്ളന്മാർക്കും വ്യവസായ ലോബികൾക്കും കഞ്ചാവു കൃഷിക്കാർക്കും ഒത്താശ ചെയ്തുകൊടുക്കുന്ന പരിസ്ഥിതിയെ നശിപ്പിക്കാന്‍ കൂട്ടുനില്‍ക്കുന്ന വിവരദോഷികളെയാണ്. കുറെയേറേ സാധാരണക്കാര്‍ ഇവരുടെ ചതിയില്‍ വീണ്, ഗാഡ്ഗില്‍ എന്ന പരിസ്ഥിതി ശാസ്ത്രജ്ഞനെ ചീത്ത വിളിക്കുന്നു. 30 ഡിഗ്രിയിലേറെ ചെരിവുള്ള പ്രദേശങ്ങളിൽ മരച്ചീനി പോലുള്ള
വാഷികവിളകല്‍ക്ക് പകരം ദീർഘകാലവിളയിലേക്കു ചുവടു മാറുന്ന ചെറുകിട കർഷകർക്കു സർക്കാർ ധനസഹായം നൽകണമെന്നും, പ്ലാസ്റ്റിക് ഘട്ടം ഘട്ടം ആയി മാത്രം നിരോധിക്കണമെന്നും, രണ്ടു കന്നുകാലികളെങ്കിലും ഉള്ളവർക്കു ജൈവവാതക പ്ലാന്റ് സ്ഥാപിക്കാൻ സർക്കാർ സഹായം നൽകണമെന്നും, 1977നു മുമ്പു കുടിയേറിയവരെ ഒഴിപ്പിക്കാതെ, മേലിൽ കുടിയേറുന്നത് തടയണമെന്നുമൊക്കെയാണു ഗാഡ്ഗിൽ കമ്മിറ്റിയുടെ നിദ്ദേശങ്ങള്‍. കുടിയേറ്റ മേഘലയിലെ നിര്‍മ്മാണപ്രവര്‍ത്തങ്ങള്‍ നിയന്ത്രിക്കണെമെന്നും അത് പരിസ്ഥിതിക്കനുരൂപമാകണമെന്നും അദ്ദേഹം നിര്‍ദേശിക്കുന്നു. ഇതു പോലുള്ള നിദ്ദേശങ്ങൾ പാവപ്പെട്ട കർഷകരെ സഹായിക്കാനുള്ളതാണ്. പക്ഷെ ഇതില്‍ വെള്ളം ചേര്‍ത്ത കസ്തൂരി രംഗന്‍ കമ്മിറ്റി റിപ്പോർട്ട് ഈ പാവപ്പെട്ടവരെ സഹായിക്കാനെന്ന വ്യാജേന, സമ്പന്നർക്കും,കാട്ടുകള്ളന്മാർക്കും, കയ്യേറ്റക്കാര്‍ക്കും, അസംഘ്യം മാഫിയകള്‍ക്കും, വ്യവസായ ലോബിക്കും, കഞ്ചാവു കൃഷിക്കാർക്കും ഒക്കെ വേണ്ടിയുള്ളതാണ്.
പശ്ചിമഘട്ട മലനിരകളെകുറിച്ചുള്ള യാഥാര്‍ത്ഥ്യമാണ് ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട്. ഇവ അപ്രീയ സത്യങ്ങള്‍ ആണെങ്കിലും അംഗീകരിച്ചേ മതിയാവൂ. ഗ്രാമസഭകളുടെയും ജില്ലാ പഞ്ചായത്തുകളുടെയും
ആഭിമുഖ്യത്തില്‍ സാധാരണക്കാരായ ജനങ്ങളുടെ ഇടയില്‍ ചര്‍ച്ചചെയ്തേ പരിസ്ഥിതി വികസനം നടത്താനാവൂ എന്നാണ് ഈ റിപ്പോര്‍ട്ടില്‍
പറഞ്ഞിരിക്കുന്നത്. റിപ്പോര്‍ട്ടില്‍ ഒരിടത്തും കൃഷിക്കാരെയോ
ആദിവാസികളെയോ കുടിയൊഴുപ്പിക്കുന്ന കാര്യം പറയുന്നില്ല. ജില്ലാ
തലത്തിലും പഞ്ചായത്ത് തലത്തിലും ഇത് ചര്‍ച്ച ചെയ്യപ്പെടേണ്ടിയിരുന്നു. പക്ഷെ ഇത് ഒരിടത്തും ചര്‍ച്ച ചെയ്യപ്പെടരുതെന്ന് ചിലര്‍ തീരുമാനിച്ചു. അങ്ങനെ ചെയ്തിരുന്നെങ്കില്‍ ഇതിനെ സംബന്ധിച്ചുള്ള ജനങ്ങളുടെ സംശയങ്ങള്‍ ആദ്യമേ തന്നെ മാറ്റാന്‍ സാധിക്കുമായിരുന്നു. അതുണ്ടായാല്‍ ഭൂരിഭാഗം ജനങ്ങളും സ്വീകരിക്കും എ ന്നറിയാവുന്നവര്‍ റിപ്പോര്‍ട്ടിനെ സംബന്ധിച്ചുള്ള വിശദീകരണം നല്‍കരുത് എന്ന് ഗാഡ്ഗിലിനോട് നേരിട്ട്
ആവശ്യപ്പെട്ടിരുന്നു. പണത്തിന്റെയും അധികാരത്തിന്റെയും ശക്തി ഉപയോഗിച്ച് റിപ്പോര്‍ട്ടിനെ അട്ടിമറിക്കാന്‍ ചില ലോബികള്‍ ശ്രമിച്ചു. വിജയവും കണ്ടു. അതാണ്, കസ്തൂരി രംഗന്‍ കമ്മിറ്റി റിപ്പോര്‍ട്ടായി പുറത്തു വന്നത്. മലയാളികള്‍ കൃഷി ഒന്നും ചെയ്യേണ്ട, ഭൂമിയിലൊക്കെ കോണ്‍ക്രീറ്റ് കൂടാരങ്ങള്‍ പണുതാല്‍ മതി എന്നു പറഞ്ഞ മൊണ്ടേക് സിംഗ് അഹ്‌ലുവാലിയയേപ്പോലുള്ള ഭീകരരാണിതിനു പിന്നില്‍ പ്രവര്‍ത്തിച്ചത്. അവരൊക്കെ കൂടി ആസൂത്രണ കമ്മീഷന്‍ അംഗമായ ബഹിരാകാശ ശാസ്ത്രജ്ഞന്റെ നേതൃത്വത്തില്‍ മറ്റൊരു കമ്മിറ്റിയുണ്ടാക്കി ഈ റിപ്പോര്‍ട്ടിനെ അട്ടിമറിച്ചു.
ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് അപ്പാടെ അതുപോലെ സ്വീകരിക്കണമെന്നില്ല. ഓരോ സ്ഥലത്തിനും യോജിച്ച തരത്തില്‍ വേണ്ട മാറ്റം വരുത്തി നടപ്പിലാക്കിയാല്‍ മതി.
ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടിനെ എതിര്‍ക്കുന്നവര്‍ ഉത്താരാഖണ്ഡിലെയും ഇടുക്കിയിലെയും ദുരന്തങ്ങളില്‍ നിന്ന് ഒന്നും പഠിക്കാത്തവരാണ്. കേരളത്തിന്റെ ജലസമൃദ്ധിയും,കാര്‍ഷിക സമൃദ്ധിയും, കാലാവസ്ഥയും ഒക്കെ സഹ്യപര്‍വത നിരകളുടെ സംഭാവനയാണ്. പശ്ചിമഘട്ട സംരക്ഷണം നമ്മുടെ മുഴുവന്‍ നിലനില്‍പ്പിന്‍റെ പ്രശ്നമാണ്. നിര്‍ഭാഗ്യവശാല്‍ ഇത് മനസിലാക്കാനുള്ള പാരിസ്ഥിതിക സാക്ഷരത ഇവിടെ ഭൂരിഭാഗം പേര്‍ക്കും ഇല്ല. ഉത്തരാഖണ്ഡിലും, പശ്ചിമ ഘട്ട മലനിരയിലും ഉണ്ടായ ഉരുള്‍പൊട്ടലും വെള്ളപ്പൊക്കവും നമ്മുടെ തെറ്റായ വികസനപ്രവര്‍ത്തനങ്ങളുടെ സൃഷ്ടിയാണ്.
കസ്തൂരി രംഗന്‍ കമ്മിറ്റിയുടെ ശുപാര്‍ശകള്‍ ഈ ലിങ്കില്‍ വായിക്കാം.
Section 6.4 ഇല്‍ ആണു നടപ്പാക്കേണ്ട നിര്‍ദ്ദേശങ്ങളുള്ളത്.