Wednesday 28 August 2013

സാമ്പത്തിക വൈദഗ്ദ്ധ്യം.



ഇന്‍ഡ്യന്‍ പ്രധാന മന്ത്രി,  മന്‍  മോഹന്‍ സിംഗ് അറിയപ്പെടുന്നത് ലോക പ്രശസ്ത സാമ്പത്തിക വിദഗ്ദ്ധന്‍ എന്നാണ്. ഐ എം എഫിലും വേള്‍ഡ്  ബാങ്കിലും, പിന്നീട് ഇന്‍ഡ്യന്‍ റിസര്‍വ്  ബാങ്കിലും സേവനമനുഷ്ടിച്ച ശേഷം  അദ്ദേഹം,  ഇന്‍ഡ്യന്‍ ധനകാര്യ വകുപ്പ് മന്ത്രി ആയി. അപ്പോഴാണ്, ഇന്‍ഡ്യന്‍ സമ്പദ് രംഗം വിദേശ ശക്തികള്‍ക്ക് തുറന്നു കൊടുത്തത്. ആഗോള വത്കരണമെന്നും ഉദാരവത്കരണമെന്നും പറഞ്ഞ് വിദേശികള്‍ക്ക് കരമൊഴിവായി പല ആനുകൂല്യങ്ങളും നല്‍കി. കിട്ടിയ അവസരം മുതലെടുത്ത് അവര്‍ പണമുണ്ടാക്കി. കൂടെ ഇന്‍ഡ്യക്കാരായ കുറച്ച് പണക്കാരും കൂടുതല്‍ പണമുണ്ടാക്കി. ഇന്‍ഡ്യയിലെ പാവങ്ങള്‍ കൂടുതല്‍ പാവപ്പെട്ടവരുമായി.

ഇതില്‍ സന്തോഷിച്ച ലോക മാദ്ധ്യമങ്ങള്‍ മന്‍ മോഹന്‍ സിംഗിനെ ആവോളം പുകഴ്ത്തി. ഇന്‍ഡ്യയിലെ ശിങ്കിടിക്കാരും  അതാവര്‍ത്തിച്ചു. ഇതിന്റെ ചിറകിലേറി മന്‍ മോഹന്‍ സിംഗ് ഇന്‍ഡ്യന്‍ പ്രധാന മന്ത്രിയും ആയി.

പക്ഷെ സായിപ്പ് ആഗ്രഹിച്ച പോലെ ഫലം അനുഭവിക്കാന്‍ ആകാതെ വന്നപ്പോള്‍ അവര്‍ തന്നെ മന്‍ മോഹന്‍ സിംഗിനെ Underachiever എന്ന് വിളിച്ച് ആക്ഷേപിച്ചു. ആ ആക്ഷേപത്തിനു പരിഹാരമുണ്ടാക്കാനെന്ന വണ്ണം കൂടുതല്‍ കൂടുതല്‍ ആനുകൂല്യങ്ങള്‍ വിദേശികള്‍ക്ക് അദ്ദേഹം നല്‍കി. അതിന്റെ മറവില്‍ ഇന്‍ഡ്യയിലെ സായിപ്പന്‍മാര്‍ക്കും കൂടുതല്‍ കൂടുതല്‍ ആനുകൂല്യങ്ങള്‍ നല്‍കി. അവയിലൊന്ന് ഇന്‍ഡ്യയിലെ എണ്ണയുടെ വില  ആഗോള നിലവാരത്തിലേക്ക് ഉയര്‍ത്തുകയായിരുന്നു. അതിന്റെ ആദ്യ ഫലം എല്ലാറ്റിന്റെയും വില കൂടുകയും. അവശ്യസാധനങ്ങളളുള്‍പ്പടെ എല്ലാറ്റിന്റെയും  വിലകൂടികൂടി വന്നപ്പോള്‍ മന്‍  മോഹന്‍ സിംഗ് പറഞ്ഞത്, വിലക്കയറ്റം സാമ്പത്തിക വളര്‍ച്ചയുടെ ലക്ഷണമെന്നാണ്.

ഈ വര്‍ഷം മദ്ധ്യത്തോടെ ഡോളറിന്റെ വില കൂടിയപ്പോള്‍ ധനകാര്യമന്ത്രി ചിദംബരം അതിനെ നിസാരവത്കരിച്ചു. അന്താരാഷ്ട്ര  വ്യതിയാനങ്ങളാണതിനു പിന്നിലെന്നും  പറഞ്ഞ് ഇന്‍ഡ്യക്കാരെ സമാധാനിപ്പിച്ചു. അപ്പോഴും മന്‍ മോഹന്‍ സിംഗും ചിദംബരവും ഇന്‍ഡ്യന്‍ സമ്പദ് വ്യവസ്ഥ ശക്തമാണെന്നും വളര്‍ച്ചാ  നിരക്ക് കൂടുമെന്നും പറഞ്ഞ് ഇന്‍ഡ്യക്കാരെ തെറ്റിദ്ധരിപ്പിച്ചു. ഇപ്പോള്‍ ഡോളറിന്റെ വില കൂടിക്കൂടി വരുന്നു. ഇന്ന് ഡോളറിന്റെ വില 68 രൂപയും, പൌണ്ടിന്റെ വില 106 രൂപയുമാണ്.. എല്ലാറ്റിന്റെയും വില കൂടിയപ്പോള്‍ ഡോളറിന്റെയും വില കൂടി. ഇതും  സാമ്പത്തിക വളര്‍ച്ചയുടെ ലക്ഷണമായി ഇന്‍ഡ്യക്കാര്‍ കാരുതിക്കോളണം. അതാണു  ന്യൂ ജെനെറേഷന്‍ സാമ്പത്തിക ശാസ്ത്രം.

ഒരു പതിറ്റാണ്ടു കാലം ഇന്‍ഡ്യക്കാരെ തെറ്റിദ്ധരിപ്പിക്കുകയാണിവര്‍ ചെയ്തത്. അമേരിക്കയിലും യൂറോപ്പിലും സാമ്പത്തിക മാന്ദ്യമുണ്ടായപ്പോള്‍ വന്‍കിട കമ്പനികളുടെ ലാഭത്തില്‍ കുറവു വന്നു. ലാഭം കുറയുമ്പോള്‍ അത് നഷ്ടമെന്നാണ്, മുതലാളിത്ത വ്യവസ്ഥിതിയില്‍ വിലയിരുത്തപ്പെടുന്നത്.  അത് ഇന്‍ഡ്യന്‍ സമ്പദ് വ്യവസ്ഥയെ സഹായിച്ചു. അത് നേരിട്ടുണ്ടായ സഹായമായിരുന്നില്ല. അവിടെ ലാഭം കുറഞ്ഞപ്പോള്‍  കൂടുതല്‍ ലാഭമുണ്ടാക്കാന്‍ സാധിക്കുന്ന ഇന്‍ഡ്യയിലേക്കവര്‍ വന്നു. അതിന്റെ ചില ഗുണ ഫലങ്ങള്‍ ഉണ്ടായി എന്നത് നേരാണ്. പക്ഷെ അതിനേക്കാളേറെ ദൂഷ്യങ്ങളുമുണ്ടായി.

പടിഞ്ഞാറന്‍ നാടുകളിലെ സാമ്പത്തിക മാന്ദ്യത്തിന്റെ വിടവില്‍ കൂടി ഇന്‍ഡ്യ നേടിയെടുത്ത വളര്‍ച്ച ആണിപ്പോള്‍ പിന്നോട്ടടിച്ചു കൊണ്ടിരിക്കുന്നത്. ഇതുപോലുള്ള ഒരു സാമ്പത്തിക വളര്‍ച്ച ആയിരുന്നില്ല സാമ്പത്തിക വിദഗ്ദ്ധന്‍ നേടിയെടുക്കേണ്ടിയിരുന്നത്.

ഇന്‍ഡ്യയില്‍ സാമ്പത്തിക മാന്ദ്യം ആരംഭിച്ചു കഴിഞ്ഞു. മന്‍ മോഹന്‍ സിംഗിന്റെയോ ചിദംബരത്തിന്റെയോ ചെപ്പടി വിദ്യകളൊന്നും ഇതിനു തടയിടാന്‍ പോകുന്നില്ല. അടുത്ത വര്‍ഷം വരാന്‍ പോകുന്ന പൊതു തെരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കാന്‍ ഉദ്ദേശിച്ച് നടപ്പിലാക്കുന്ന ഭക്ഷ്യ സുരക്ഷ കൂനില്‍മേല്‍ കുരു പോലെ സമ്പദ് വ്യവസ്ഥയുടെ നടുവൊടിക്കും. സാമ്പത്തിക നില മെച്ചപ്പെട്ടു നിന്ന സമയത്ത് പണക്കാരെ സഹായിക്കാനാണ്, മന്‍ മോഹന്‍ സിംഗ് ശ്രമിച്ചത്. അന്ന് സാധാരണക്കാരുടെ ജീവിതം മെച്ചപ്പെടുത്താന്‍ ഒന്നും ചെയ്യാതെ  6.7 ബില്യണ്‍ ഡോളറിന്റെ സ്വര്‍ണ്ണം വാങ്ങി വച്ചു. 1991 ല്‍ സാമ്പത്തിക ബുദ്ധിമുട്ടുണ്ടായപ്പോള്‍  സ്വര്‍ണ്ണം പണയം വച്ചതിനെ പരിഹസിച്ചവര്‍ ഈ സ്വര്‍ണ്ണം വാങ്ങലിനെ   പ്രകീര്‍ത്തിച്ചു. അത് സോഷ്യലിസത്തില്‍ നിന്നും  മുതലാളിത്തത്തിലേക്ക് ഇന്‍ഡ്യ മാറിയതിന്റെ മേന്‍മയായും  പ്രചരിപ്പിച്ചു. പക്ഷെ ഇപ്പോള്‍  1991 ല്‍ ഉണ്ടായിരുന്നതിലും ഗുരുതരമായ സാമ്പത്തിക  ബുദ്ധിമുട്ടിലേക്കാണു കാര്യങ്ങള്‍ നീങ്ങുന്നത്. സ്വര്‍ണം പണയം വച്ച് സാമ്പത്തിക ബുദ്ധിമുട്ട് മറികടക്കാന്‍ ഇപ്പോള്‍ ആലോചിക്കുന്നു.   സ്വര്‍ണ്ണം പണയം വയ്ക്കാന്‍ ലാഭം മാത്രം നോക്കുന്ന പല വ്യവസായികളും നിര്‍ബന്ധിക്കുന്നുമുണ്ട്. എന്നു വച്ചാല്‍ മുതാളിത്തത്തിലേക്ക് മാറിയിട്ടും, ലോക പ്രശസ്ത സാമ്പത്തിക വിദഗദ്ധന്‍ 10 വര്‍ഷം അമരത്തിരുന്ന് ഭരിച്ചിട്ടും, ഇന്‍ഡ്യ 1991 ലെ അവസ്ഥയിലേക്ക് തിരിച്ചു പോകുന്നു. ഓഹരി വിപണിയും തകര്‍ന്നു.

മെച്ചപ്പെട്ട സാമ്പത്തിക നില ഉണ്ടായിരുന്ന കാലത്തൊന്നും  പാവപ്പെട്ടവര്‍ക്ക് ഗുണകരമാകേണ്ടിയിരുന്ന ഭക്ഷ്യ സുരക്ഷയേപ്പറ്റി മന്‍ മോഹന്‍ സിംഗോ ചിദംബരമോ ചിന്തിച്ചതേ ഇല്ല. ഇപ്പോഴും ഇത് അദ്ദേഹത്തിന്റെ അജണ്ടയൊന്നുമല്ല. അത് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ അജണ്ടയാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പിനു മുന്നെ ഇടതുപക്ഷം നിര്‍ബന്ധിച്ച് നടപ്പിലാക്കിയ ദേശീയ തൊഴിലുറപ്പു പദ്ധതി കോണ്‍ഗ്രസിനെ സഹായിച്ചിരുന്നു. അതുപോലെ ഭക്ഷ്യ സുരക്ഷയും അടുത്ത വര്‍ഷം സഹായിക്കുമെന്നാണ്, കോണ്‍ഗ്രസിന്റെ ചിന്ത. പക്ഷെ അതിനുള്ള സാധ്യത ഇപ്പോഴില്ല.

ഇനി ചെലവു ചുരുക്കലും നികുതി വര്‍ദ്ധിപ്പിക്കലും ഉണ്ടാകും. അത് 25 വര്‍ഷത്തേക്ക് കരമൊഴിവായി പലതും വാരിക്കോരി കൊടുത്തവരെ ബാധിക്കില്ല. സാധാരണക്കാരെ മാത്രമേ ബാധിക്കൂ.  കേരളത്തിലെ പൊട്ടിപ്പൊളിഞ്ഞ റോഡുകളിലൂടെ യാത്ര ചെയ്യുമ്പോള്‍ ഇപ്പോള്‍ പണി പൂര്‍ത്തിയാകാത്ത അനേകം കെട്ടിടങ്ങള്‍ കാണാം. അവിടങ്ങളില്‍ പണി ഒന്നും നടക്കുന്നുമില്ല. മിക്കവാറും അവയൊന്നും പൂര്‍ത്തിയാകാന്‍ സാധ്യതയുമില്ല. കേരളത്തില്‍ ഇപ്പോള്‍ 20 മന്ത്രിസഭകളാണുള്ളത്. ഉമ്മന്‍ ചാണ്ടി പണ്ടത്തെ രാജാക്കന്‍മാരേപ്പോലെ നാടു നീളെ നടന്ന പണക്കിഴികള്‍ വിതരണം ചെയ്യുന്നു. ഓരോ മന്ത്രിമാരും അവര്‍ക്ക് തോന്നുമ്പോലെ പലതും ചെയ്യുന്നു. സാമ്പത്തിക സ്ഥിതി മോശമാണെന്ന് മന്ത്രി ആര്യാടന്‍ തുറന്നു പറഞ്ഞിരിക്കുന്നു. സ്ഥിതി വളരെ നല്ലതാണെന്ന് ഉമ്മന്‍ ചാണ്ടിയും  കെ എം മാണിയം ​പറയുന്നു. ആരു പറയുന്നതാണു ശരി എന്ന് ആര്‍ക്കുമറിയില്ല. പക്ഷെ ഒരു കാര്യത്തില്‍ തര്‍ക്കമില്ല. സാമ്പത്തിക മാന്ദ്യം  കേരളത്തെ വലിയ തോതില്‍ ബാധിക്കും.

രൂപയുടെ മൂല്യം ഇടിയുന്നതിനു മുന്നെ അവശ്യ സാധനങ്ങളുടെ വില കുത്തനെ കൂടിയിരുന്നു. പെട്രോളിനും ഡീസലിനും  അടുത്തു തന്നെ വില കൂടും. അപ്പോള്‍ അവശ്യസാധനങ്ങളുടെ വില പിടിച്ചാല്‍ കിട്ടാത്ത വിധം ഉയരും.  രൂപയുടെ വില കുറയുന്നതുപോലെ വില കുറയുന്ന മറ്റൊരു തരം ഉല്‍പ്പന്നം ഇന്‍ഡ്യയിലുണ്ട്.മനുഷ്യര്‍,. അവരെ ആര്‍ക്ക് വേണമെങ്കിലും പീഢിപ്പിക്കാം, കൊലപ്പെടുത്താം, പറ്റിക്കാം, തട്ടിപ്പിനിരയാക്കാം. വേണമെങ്കില്‍ കേരള മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വരെ അതിനു കൂട്ടുനില്‍ക്കും.


20 comments:

kaalidaasan said...

രൂപയുടെ മൂല്യം ഇടിയുന്നതിനു മുന്നെ അവശ്യ സാധനങ്ങളുടെ വില കുത്തനെ കൂടിയിരുന്നു. പെട്രോളിനും ഡീസലിനും അടുത്തു തന്നെ വില കൂടും. അപ്പോള്‍ അവശ്യസാധനങ്ങളുടെ വില പിടിച്ചാല്‍ കിട്ടാത്ത വിധം ഉയരും.

രൂപയുടെ വില കുറയുന്നതുപോലെ വില കുറയുന്ന മറ്റൊരു തരം ഉല്‍പ്പന്നം ഇന്‍ഡ്യയിലുണ്ട്.മനുഷ്യര്‍,. അവരെ ആര്‍ക്ക് വേണമെങ്കിലും പീഢിപ്പിക്കാം, കൊലപ്പെടുത്താം, പറ്റിക്കാം, തട്ടിപ്പിനിരയാക്കാം. വേണമെങ്കില്‍ കേരള മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വരെ അതിനു കൂട്ടുനില്‍ക്കും.

ajith said...

നമുക്ക് തെരഞ്ഞെടുക്കാന്‍ വേറൊന്നില്ല എന്നുള്ളതാണ് നമ്മുടെ ഏറ്റവും വലിയ ദോഷം. ഇവരല്ലെങ്കില്‍ അവര്‍. വറചട്ടിയും എരിതീയും പോലെ. ഈ മന്മോഹന്‍ നമ്മുടെ ഗോര്‍ബച്ചേവ് ആകുമോ?

ഒരു ലിങ്ക് തരാം:
http://ramakumarr.blogspot.com/2013/08/blog-post.html

Naughtybutnice said...

മനുഷ്യരുടെ വില കുറഞ്ഞെന്നോ?? ഒരു അസുഖവും ആയി പ്രൈവറ്റ് ആശുപത്രിയിലേക്ക് ഒന്ന് പോയി നോക്ക് അപ്പോൾ അറിയാം മനുഷ്യരുടെ വില എത്രമാത്രം കൂടിയെന്ന്. :)

stephen jose said...

can you suggest an y solution for this problem ?in the next election ,the choice infront of indians is two 1)narendra modi 2)rahul gandhi..we cannot expect a left dominated government.

another real problem is syria.america may attack syria within days.the result is uncontrollable rise of fuel price.

kaalidaasan said...

അജിത്,

നമുക്ക് തെരഞ്ഞെടുക്കാന്‍ വേറൊരു രാഷ്ട്രീയ പാര്‍ട്ടിയില്ല എന്നുള്ളതാണ് നമ്മുടെ ഏറ്റവും വലിയ ദുര്യോഗം. എന്നു കരുതി ഇപ്പോഴുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ഇന്‍ഡ്യന്‍ സമ്പദ് വ്യവസ്ഥയെ രക്ഷപ്പെടുത്താനുള്ള നയപരിപാടികള്‍  നടപ്പിലാക്കാന്‍ പറ്റില്ല എന്നു പറയാന്‍ ആകില്ല. മന്‍ മോഹന്‍ സിംഗിനേപ്പോലെ ഒരു ബ്യൂറോക്രാറ്റിനെ ഇന്‍ഡ്യന്‍ പ്രധാന മന്ത്രി ആക്കിയതാണ്, നമുക്ക് പറ്റിയ ഏറ്റവും വലിയ പാളിച്ച. ജനങ്ങളുമായോ അവരുടെ പ്രശ്നങ്ങളുമായോ യാതൊരു ബന്ധവുമില്ലാത്ത വ്യക്തിയായിരുന്നു അദ്ദേഹം. 20 വര്‍ഷം ഇന്‍ഡ്യന്‍ രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിച്ചിട്ടും ഇന്നും അദ്ദേഹത്തിന്, ഇന്‍ഡ്യക്കാരുടെ പ്രശ്നങ്ങള്‍ മനസിലാക്കാന്‍ പറ്റിയിട്ടില്ല. അദ്ദേഹത്തിനു പകരം ​പ്രണാബ് മുഖര്‍ജി പ്രധാനമന്ത്രി ആയിരുന്നെങ്കില്‍ ഇതുപോലെ ഒരു പതനം ഉണ്ടാകില്ലായിരുന്നു എന്നാണ്, ഞാന്‍ വിശ്വസിക്കുന്നത്.

യാതൊരു നിയന്ത്രണവുമില്ലാതെ ആര്‍ക്കും എന്ത് വേണമെങ്കിലും ഇവിടെ കൊണ്ടുവന്നു വില്‍ക്കാം എന്ന നയം ആണ്, ഇന്‍ഡ്യന്‍ സമ്പദ് വ്യവസ്ഥയെ അട്ടിമറിച്ചത്. ഒരുദാഹരണം പറയാം. ലോകത്തുള്ള എല്ലാ കമ്പനികളുടെയും കാറുകള്‍ ഇവിടെ കൊണ്ടു വന്ന് വില്‍ക്കാന്‍ അനുവദിച്ചു. ആരും ഇവിടെ കാറുകള്‍  നിര്‍മ്മിച്ചില്ല. മറ്റ് നാടുകളില്‍ ഉണ്ടാക്കിയ ഘടകങ്ങള്‍ കൊണ്ട് വന്ന് കൂട്ടിയിണക്കി കറാക്കി ഇവിടെ വില്‍ക്കുകയണുണ്ടായത്. അതൊരിക്കലും ഇന്‍ഡ്യന്‍ സമ്പദ് വ്യവസ്ഥയെ സഹായിച്ചിട്ടില്ല. എണ്ണ കുടിക്കുന്ന കാറുകള്‍ എണ്ണ ഇറക്കുമതി കൂട്ടാന്‍ പ്രേരിപ്പിച്ചു. ഇന്ന് ഇന്‍ഡ്യ എണ്ണക്കും  സ്വര്‍ണ്ണത്തിനും ആണ്, ഏറ്റവും കൂടുതല്‍ വിദേശനാണ്യം ചെലവഴിക്കുന്നത്.

മന്‍ മോഹന്‍ സിംഗിന്റെ നയം പണ്ടത്തെ ജന്മിമാരുടേതിനു തുല്യമാണ്. കുടിയാന്‍ മാര്‍ എങ്ങനെയെങ്കിലുമൊക്കെ ജീവിച്ചു കൊള്ളും എന്ന ജന്മി മനോഭാവമാണദ്ദേഹത്തിന്. 20 വര്‍ഷം കഴിഞ്ഞിട്ടും കുടിയാന്‍ മാര്‍  കുടിയന്‍മാരായി കിടക്കുന്നു എന്നദ്ദേഹത്തിനിപ്പോള്‍ സമ്മതിക്കേണ്ടി വന്നിരിക്കുനു. അതിന്റെ ഫലമാണ്, ഭക്ഷ്യ സുരക്ഷ ബില്ല്.

സമ്പദ് വ്യവസ്ഥ 9% വരെ വളര്‍ച്ച നേടി എന്ന് കണക്കുകള്‍  പറഞ്ഞിരുന്നു. ആരുടെ കണക്ക് എന്നൊന്നും ചോദിക്കരുത്. ഇപ്പോളത് 1991 ലെ 5% ത്തിലേക്ക് താണിരിക്കുന്നു. അതിന്റെ അര്‍ത്ഥം സിംഗിന്റെ നയങ്ങള്‍ ഇന്‍ഡ്യന്‍ സമ്പദ് വ്യവസ്ഥക്ക് കാര്യമായ ഒന്നും നേടിക്കൊടുത്തില്ല എന്നാണ്. ഇന്‍ഡ്യന്‍ ജനതയെ ഹിന്ദി സിനിമ പോലെ ഒരു സ്വപ്ന ലോകത്തേക്ക് കൊണ്ടു പോയി എന്നു മാത്രം.

അംബാനിമാരുടെ ചെരുപ്പ് നക്കി നടന്നിട്ട് ഇപ്പോള്‍ അംബാനിമാരും അദ്ദേഹത്തെ തള്ളിപ്പറയുന്നു.

നല്ല ഒരു ലേഖനത്തിന്റെ ലിങ്ക് ഇവിടെ തന്നതിനു നന്ദി.

kaalidaasan said...

naughtybutnice,

അത് മനുഷ്യന്റെ വില അല്ലല്ലോ. അവന്റെ കിഡ്നിയുടെയും, ഹാര്‍ട്ടിന്റെയും, രക്തത്തിന്റെയും, ഒക്കെ വില അല്ലേ. അതിനല്ലെ പ്രൈവറ്റ് ആശുപത്രികള്‍ വിലയിടുന്നത്?

kaalidaasan said...

stephen jose

മന്‍ മോഹന്‍ സിംഗ് നേടിയെടുക്കാന്‍ ശ്രമിച്ച പടിഞ്ഞാറന്‍ നാടുകളുടെ വിശ്വാസ്യത ഇന്‍ഡ്യക്ക് നഷ്ടപ്പെട്ടു. അതുകൊണ്ട് ഇനി അവരെ പ്രീതിപ്പെടുത്താന്‍ നടക്കാതെ ഇന്‍ഡ്യയുടെ യഥാര്‍ത്ഥ പ്രശ്നങ്ങള്‍ മനസിലാക്കി പരിഹരിക്കാന്‍ നോക്കണം. ലോക ബാങ്കിന്റെയും വേള്‍ഡ് ബാങ്കിന്റെയും തീട്ടുരമനുസരിച്ചല്ല ഇന്‍ഡ്യയുടെ വികസന നയങ്ങള്‍ രൂപപ്പെടുത്തേണ്ടത്. അവര്‍ക്ക് പ്രധാനം അവരുടെ താല്‍പ്പര്യങ്ങളാണ്. പണ്ട് ലാറ്റിനമേരിക്കയെ ഇതുപോലെ വികസിപ്പിച്ച് ഇവരൊക്കെ കൂടി കുത്തുപാളയെടുപ്പിച്ചതാണ്. ഇന്‍ഡ്യയിലും അതാവര്‍ത്തിക്കാന്‍ സാധ്യതയുണ്ട് എന്ന് പലരും മുന്നറിയിപ്പു നല്‍കിയതിനെ മന്‍ മോഹന്‍ സിംഗ് പുച്ഛിച്ചു തള്ളിയിരുന്നു.

ഇപ്പോഴത്തെ പതനത്തിന്റെ പ്രധാന കാരണങ്ങളിലൊന്ന് അംബാനിമാരേപ്പോലുള്ള സ്വകാര്യ വ്യക്തികളുടെ താളത്തിനനുസരിച്ച് മന്‍ മോഹന്‍ സിംഗ് തുള്ളിയതാണ്. അംബാനിയേക്കാളും കൂടുതല്‍ ഇന്‍ഡ്യന്‍ സമ്പദ് രംഗത്തിനു സംഭാവന നല്‍കുന്നത് റ്റാറ്റയാണ്. അംബാനി ഇന്‍ഡ്യയുടെ സമ്പത്ത് കൊള്ളയടിക്കുമ്പോള്‍, റ്റാറ്റയൊക്കെ ഇന്‍ഡ്യന്‍ സമ്പദ് വ്യവസ്ഥക്ക് പല സംഭാവനകളും നല്‍കുന്നു. ചെറുതായിട്ടാണെങ്കിലും ഇന്‍ഡ്യന്‍ ഉത്പന്നങ്ങള്‍ റ്റാറ്റ വിദേശത്തു വിറ്റ് വിദേശ നാണ്യം നേടിത്തരുന്നു. അംബാനിയോ? ഇതേ വിദേശ നാണ്യം കൊടുത്ത് എണ്ണ ഇറക്കുമതി ചെയ്തും,അതിന്റെ മറവില്‍ ഇന്‍ഡ്യയുടെ പ്രകൃതി വതകം ചുളുവിലക്ക് മേടിച്ച്, അമിത വിലക്ക് വിറ്റ് കൊള്ള ലാഭമുണ്ടാക്കുന്നു. 4000 കോടി രൂപയുടെ മണിമാളിക പണിയുന്നു.

ഇന്‍ഡ്യയുടെ വികസന പദ്ധതികള്‍ക്ക് വേണ്ട പണമില്ലെന്നു പറയുന്നത് കല്ലു വച്ച നുണയാണ്. അഴിമതികളിലൂടെയും തട്ടിപ്പുകളിലൂടെയും ഖജനാവിലേക്ക് വരേണ്ട പണം വരുന്നില്ല. 2 ജി സ്പെക്ട്രത്തിലൂടെയും കല്‍ക്കരി പാടത്തിലൂടെയും 4 ലക്ഷം കോടി രൂപയാണിതുപോലെ നഷ്ടപ്പെട്ടത്. ഇതുപോലെ പുറത്തറിയാത്ത അനേകം നഷ്ടങ്ങളുണ്ട്. നികുതി പിരിവിലൂടെ എത്രയോ ലക്ഷം കോടികള്‍ സമാഹരിക്കാം. മിക്കപ്പോഴും വന്‍കിട പണക്കാരുടെയും വ്യവസായികളുടെയും നികുതി പിരിച്ചെടുക്കാറില്ല എന്നു മാത്രമല്ല എഴുതി തള്ളാറുമുണ്ട്. ഇവ കാര്യക്ഷമമാക്കിയാല്‍ വേള്‍ഡ് ബാങ്കിന്റെയും ഐ എം എഫിന്റെയും തിണ്ണയില്‍ നിരങ്ങി ഇരക്കേണ്ട ആവശ്യം വരില്ല.

kaalidaasan said...

മന്‍ മോഹന്‍ സിംഗ് നടപ്പാക്കിയ സമ്പദ് വ്യവസ്ഥ consumer sector നെ അടിസ്ഥാനമാക്കിയാണ്. അതിനു പകരം  manufacturing sector നെ അടിസ്ഥാനമാക്കിയ വ്യവസ്ഥിതി ഉണ്ടായാലേ ഇന്‍ഡ്യക്ക് രക്ഷപ്പെടാന്‍ ആകൂ. വ്യവസായത്തിന്റെ നിയന്ത്രണം ഒഴിവാക്കിയതും, ഇറക്കുമതി തീരുവ കുറച്ചതും സമ്പദ് വ്യവസ്ഥയെ പ്രതികൂലമായി ബാധിച്ചു. ഇറക്കുമതി വര്‍ദ്ധിച്ച് പല പുതിയ ഉത്പന്നങ്ങളും  കണ്ടപ്പോള്‍ ഇന്‍ഡ്യക്കാരില്‍ ഭൂരിഭാഗത്തിന്റെയും  കണ്ണു മഞ്ഞളിച്ചു പോയി. ഇത് വികസനമാണെന്നവര്‍ ധരിച്ചു വച്ചു. അനാവശ്യ ഇറക്കുമതികള്‍ ഒഴിവാക്കിയേ പറ്റൂ. ഇന്‍ഡ്യയുടെ ഏലവും, കുരുമുളകും, ഇഞ്ചിയു ഒക്കെ ലോകം മുഴുവന്‍ പ്രശസ്തമായിരുന്നു. അതിനു നല്ല വിലയും കിട്ടിയിരുന്നു. പക്ഷെ സിംഗിന്റെ ഉദാരവ്തകരണം  പലയിടത്തുനിന്നും ഗുണം കുറഞ്ഞ വസ്തുക്കള്‍ ഇറക്കുമതി ചെയ്യുന്നതിനനുവാദം കൊടുത്തു. അത് മുതലെടുത്ത കുറച്ച് സമൂഹ്യ ദ്രോഹികള്‍ ഇവ ഇന്‍ഡ്യന്‍ ഉത്പന്നങ്ങളെന്ന വ്യാജേന കയറ്റു മതി ചെയ്തു. തട്ടിപ്പ് മനസിലാക്കിയവര്‍ അതപ്പാടെ ബഹിഷ്കരിച്ചു. വില ഇടിഞ്ഞു. പലരും  കൃഷി ചെയ്യുന്നതും  നിറുത്തി. ഇന്നിപ്പോള്‍ ഇതില്‍ പലതിനും  ഇന്‍ഡ്യയില്‍ വിലക്കൂടുതലുണ്ട്.പക്ഷെ ഇന്‍ഡ്യക്ക് പുറത്താര്‍ക്കും വേണ്ട. ജീവിതത്തിന്, അത്യാവശ്യമായതും, തൊഴില്‍  സൃഷ്ടിക്കാത്തതുമായ ഇറക്കുമതികള്‍ വേണ്ടെന്നു വയ്ക്കണം. കല്‍ക്കരി ഇറക്കുമതി ചെയ്യേണ്ട ആവശ്യം ഇന്‍ഡ്യക്കില്ല. പക്ഷെ ഇപ്പോള്‍ അത് ചെയ്യുന്നുണ്ട്. സുതാര്യവും, നീതിപൂര്‍വകവുമായ രീതില്‍ കല്‍ക്കരി പാടങ്ങള്‍ ലേലം ചെയ്തു കൊടുത്താല്‍ ഖജനാവിനു നേട്ടവും, കയറ്റുമതിയിലൂടെ വിദേശ നാണ്യവും  ഉണ്ടാക്കാം.

നാണ്യപ്പെരുപ്പം കാരണം, ഇന്‍ഡ്യന്‍ രൂപയുടെ മൂല്യം ആഭ്യന്തര അന്തരീക്ഷത്തിലും കുറഞ്ഞു പോയി. അത് കയറണമെങ്കില്‍  പണപ്പെരുപ്പം കുറയ്ക്കണം. അത് പെട്ടെന്ന് സാധിക്കില്ല. ഇറക്കുമതി കുറച്ച് കയറ്റു മതി കൂട്ടേണ്ടതുണ്ട്. എണ്ണയുടെ ഉപഭോഗം കുറയ്ക്കണം. സ്വര്‍ണ്ണ ഇറക്കുമതി കുറയ്ക്കണം. സര്‍ക്കാരിന്റെ പാഴ്ചെലവ് കുറയ്ക്കണം. കേരളത്തിലെ ഒരു സാധാരണ വീട്ടിലെ വൈദ്യുതി ഉപയോഗം 100 മുതല്‍ 150 യൂണിറ്റ് വരെയാണ് എന്നിരിക്കെ
മന്ത്രിമന്ദിരങ്ങള്ല്‍ 3000 യൂണിറ്റ് വരെ ഉപയോഗിക്കുന്നു. ഇതുപോലെയുള്ള അനാവശ്യചെലവുകല്‍ കുറയ്ക്കണം.

1991 ലേതുപോലെ കൂടുതല്‍ പരിഷ്കാരങ്ങള്‍  നടപ്പാക്കാന്‍ മന്‍ മോഹന്‍ സിംഗ് ശ്രമിക്കാന്‍ സാധ്യതയുണ്ട്. അതിനു വേണ്ടി വ്യവസായ ലോബി വാദിക്കുന്നുമുണ്ട്. പക്ഷെ അന്നത്തെ ലോക സാഹചര്യമല്ല ഇന്ന്. അന്ന് പടിഞ്ഞാറന്‍ നാടുകള്‍ സാമ്പത്തികമായി സുശക്തമായിരുന്നു. ഇന്നവര്‍ ഒരു മാന്ദ്യത്തില്‍ നിനം ​കഷ്ടിച്ച് കരകയറുന്നേ ഉള്ളു. അതുകൊണ്ട് 1991 ല്‍ ഉണ്ടായപോലെ വിദേശ മുതല്‍ മുടക്കിന്റെ ഒഴുക്കൊന്നും ഇനി പ്രതിക്ഷിക്കേണ്ടതുമില്ല.

എണ്ണ മാറ്റിനിറുത്തിയാല്‍ ഇന്‍ഡ്യയുടെ ഏറ്റവും വലിയ ചൈനയാണ്. അടിസ്ഥാന സൌകര്യ വികസനത്തില്‍ ചൈനയില്‍ നിന്നുള്ള നിക്ഷേപം ഇന്‍ഡ്യ സ്വീകരിക്കണം. പടിഞ്ഞാറന്‍ നാടുകള്‍ക്കുള്ളതുപോലെ ഞെരുക്കുന്ന നിബന്ധനകളൊന്നും അവര്‍ക്കില്ല. പടിഞ്ഞാറന്‍ നാടുകള്‍ ഉപേക്ഷിച്ചു പോയ ആഫ്രിക്കയുടെ മുഖഛായ ഇപ്പോള്‍ ചൈന മാറ്റിക്കൊണ്ടിരിക്കുന്നു. അത് ഇന്‍ഡ്യക്കും സ്വീകരിക്കുന്നതില്‍ തെറ്റില്ല. പക്ഷെ അതിനു വേണ്ടത് ഭരണാധികാരികളുടെ ചൈന പേടി ഇല്ലാതാക്കുയാണ്. ചൈനയുമായുള്ള അതിര്‍ത്തി പ്രശ്നങ്ങളൊക്കെ പരിഹരിച്ച് അവരുമായി നല്ല ബന്ധത്തില്‍ പോകുകയാണു വേണ്ടത്. പക്ഷെ അതിനുള്ള ആര്‍ജ്ജവം ഭരിക്കുന്നവര്‍ക്കില്ല.

അമേരിക്കയെ പേടിച്ച് ഇറാനുമായുള്ള വ്യാപാരം ഇന്‍ഡ്യ നിറുത്തരുത്. അതിനു പകരം കൂട്ടണം. അവിടെ നിന്ന് എണ്ണ ഇറക്കുമതി ചെയ്യണം. അവര്‍ക്ക് രൂപയില്‍ വില നല്‍കിയാല്‍ മതിയാകും. അത് അധികമായി ഡോളറിനെ ആശ്രയിക്കുന്നതില്‍ നിന്നും രക്ഷപ്പെടുത്തും.

kaalidaasan said...

>>>>in the next election ,the choice infront of indians is two 1)narendra modi 2)rahul gandhi..we cannot expect a left dominated government.<<<<

ദാരിദ്ര്യം ഒരു മാനസിക അവസ്ഥയാണെന്നാണ്, രാഹുല്‍ ഗാന്ധിയുടെ പക്ഷം. ദാരിദ്ര്യം അനുഭവിക്കാന്‍ വേണ്ടി ഉത്തരപ്രദേശിലെ ആദിവാസി ഊരുകളില്‍ അദ്ദേഹം അന്തിയിറങ്ങിയിട്ടും, അതെന്താണെന്ന് ഇപ്പോഴുമദ്ദേഹത്തിനറിയില്ല. അതുപോലെ ഒരാള്‍ ഇന്‍ഡ്യന്‍ പ്രധാന്‍ മന്ത്രി ആകുന്നത്, കുരങ്ങന്റെ കയ്യില്‍ പൂമാല ഏല്‍പ്പിക്കുന്നതുപോലെ ആണ്.

നരേന്ദ്ര മോദി ഊതി വീര്‍പ്പിച്ച ഒരു ബലൂണ്‍ മാത്രമാണ്. ബ്രിട്ടീഷുകാരുടെ കാലത്തു തന്നെ വ്യാവസയികമായി പുരോഗതി പ്രാപിച്ചിരുന്ന ഗുജറാത്തിന്റെ അവസ്ഥയല്ല ഇന്‍ഡ്യ മുഴുവനുള്ളത്. ന്യൂന പക്ഷങ്ങള്‍ ഭീതൊഇയോടെ ജീവിക്കേണ്ട ഒരവസ്ഥ ഏതായാലും  നല്ലതല്ല. നരേന്ദ്ര മോദിക്ക് ബി ജെ പിയുടെ നയങ്ങളില്‍ നിന്നും വ്യത്യസ്ഥമായ എന്തെങ്കിലും നയപരിപാടി ഉള്ളതായി ഇതു വരെ അറിവില്ല.

ഇടതുപക്ഷത്തിനു മേല്‍കൈയുള്ള ഒരു സര്‍ക്കാര്‍ ഉണ്ടാകാനുള്ള സാധ്യത വിരളമാണ്. പക്ഷെ ഒരു മൂന്നാം മുന്നണി സര്‍ക്കാര്‍ ഉണ്ടാകനുള്ള സാധ്യത ഉണ്ട്. ഇപ്പോഴത്തെ സര്‍ക്കാരിന്റെ പാളിച്ചകള്‍ മനസിലാക്കാന്‍ ശേഷിയുള്ള ഒരു സര്‍ക്കാരും പ്രധാനമന്ത്രിയും ഉണ്ടാകണം.

kaalidaasan said...

എണ്ണ മാറ്റിനിറുത്തിയാല്‍ ഇന്‍ഡ്യയുടെ ഏറ്റവും വലിയ ചൈനയാണ്.

എന്നത് എണ്ണ മാറ്റിനിറുത്തിയാല്‍ ഇന്‍ഡ്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളി ചൈനയാണ് എന്നു തിരുത്തി വായിക്കാന്‍ അപേക്ഷ.

kaalidaasan said...

രൂപയുടെ മൂല്യം ഇടിയുന്നതിന്റെയും സാമ്പത്തിക സ്ഥിതി മോശമാകുന്നതിന്റെയും  കാരണങ്ങള്‍ മന്‍ മോഹന്‍ സിംഗ് കണ്ടെത്തിക്കഴിഞ്ഞു.

സിറിയ ഉള്‍പ്പെടെയുള്ള അന്താരാഷ്‌ട്ര പ്രശ്‌നങ്ങളും സാമ്പത്തിക രക്ഷാ പാക്കേജുകള്‍ പിന്‍വലിക്കാനുള്ള അമേരിക്കന്‍ തീരുമാനവും ചില ആഭ്യന്തര പ്രശ്‌നങ്ങളുമടക്കമുള്ള അപ്രതീക്ഷിത സാഹചര്യങ്ങളാണ്‌ ഇപ്പോഴത്തെ പ്രതിസന്ധിക്കു കാരണം.കല്‍ക്കരി, പെട്രോളിയം ഉള്‍പ്പന്നങ്ങള്‍ തുടങ്ങിയവയുടെ ഇറക്കുമതി വര്‍ദ്ധിച്ചു. കയറ്റുമതി കുറഞ്ഞു.

കൂടാതെ മറ്റൊരു സത്യം കൂടെ പറഞ്ഞു.

ഇന്ത്യ മാത്രമല്ല, ബ്രസീല്‍, ദക്ഷിണാഫ്രിക്ക, തുര്‍ക്കി തുടങ്ങിയ രാജ്യങ്ങളും പ്രതിസന്ധിയിലാണ്. അതുകൊണ്ട് ഇന്‍ഡ്യക്കാര്‍ സന്തോഷിക്കണം.

എത്ര സമര്‍ദ്ധമായിട്ടാണ്, തന്റെ പരാജയം മറ്റുള്ളവരുടെ മേല്‍ ഇദ്ദേഹം കെട്ടി വയ്ക്കുന്നതെന്ന് നോക്കുക. സിറിയയിലെ അന്താരാഷ്ട്ര പ്രശ്നം  എണ്ണ ഇന്‍ഡ്യയേക്കാള്‍  കൂടുതല്‍ ഇറക്കുമതി ചെയ്യുന്ന അമേരിക്കയേയും  യൂറോപ്പിനെയും എന്തു കൊണ്ട് ബാധിച്ചില്ല? ഈ അന്താരാഷ്ട്ര പ്രശ്നം കാരണം അവരുടെ നാണയങ്ങളുടെ മൂല്യം  കൂടുകയാണുണ്ടായത്.

അമേരിക്ക അവിടത്തെ സാമ്പത്തിക പാക്കേജുകള്‍ പിന്‍വലിക്കണോ വേണ്ടയോ എന്നതൊക്കെ അവരുടെ ആഭ്യന്തര പ്രശ്നമല്ലേ? ഇന്‍ഡ്യക്കു വേണ്ടി അതൊക്കെ പിന്‍വലിക്കാതിരിക്കുമെന്നൊക്കെ കരുതുന്ന ഒരാളെ എങ്ങനെ സാമ്പത്തിക വിദഗ്ദ്ധന്‍ എന്നു വിളിക്കും?

അമേരിക്കക്ക് വേണ്ടി ഇന്‍ഡ്യന്‍ നയങ്ങള്‍ മന്‍ മോഹന്‍ സിംഗ് മാറ്റുന്നതുപോലെ ഇന്‍ഡ്യക്കു വേണ്ടി ആരും അവരുടെ നയങ്ങള്‍ മാറ്റില്ല. മന്‍ മോഹന്‍ സിംഗിനത് ഇതുവരെയും മനസിലാകാത്തതൊന്നുമല്ല. കഴുതകളായ ഇന്‍ഡ്യക്കാരെ പറ്റിക്കാനുള്ള ചെപ്പടി വിദ്യയാണ്.

പ്രതിസന്ധിക്ക് പരിഹാരവും അദ്ദേഹത്തിന്റെ മനസിലുണ്ട്. ജി എസ് ടി നടപ്പാക്കുക, പെന്‍ഷന്‍, ഇന്‍ഷുറന്‍സ്‌ മേഖല പരിഷ്‌കരിക്കുക, സബ്‌സിഡി വെട്ടിക്കുറയ്‌ക്കുക. ഇതൊക്കെ രാജ്യം സഹിക്കുക തന്നെ വേണം.

കൂടെ ഒരുപദേശവും.

സ്വര്‍ണത്തോടുള്ള ആസക്‌തി കുറയ്‌ക്കണം.

സര്‍ക്കാര്‍ തന്നെ സ്വര്‍ണ്ണം വന്‍ തോതില്‍ വാങ്ങിക്കൂട്ടി വച്ചിരിക്കുന്നു. ലക്ഷക്കണക്കിനു കോടി ഡോളര്‍ മന്‍  മോഹന്‍ സിംഗും കൂട്ടരും വിദേശ ബാങ്കുകളില്‍ സൂക്ഷിച്ചിരിക്കുന്നു. സുപ്രീം കോടതിയോട് പോലും അതിന്റെ കണക്ക് പറയില്ല ഇദ്ദേഹം. അഴിമതിക്കാര്‍ക്കും, കള്ളപ്പണക്കാര്‍ക്കും, കരിഞ്ചന്തക്കാര്‍ക്കും, തട്ടിപ്പുകാര്‍ക്കും ഒക്കെ എല്ലാ ഒത്താശകളും ചെയ്തു കൊടുത്തിട്ട്, അവര്‍ വന്‍ തോതില്‍ സ്വര്‍ണ്ണം വാങ്ങി സൂക്ഷിക്കുന്നതിനു മാതൃകയും  കാണിച്ചു കൊടുക്കുന്നു. എന്നിട്ട് അതിനോടുള്ള ആസക്തി കുറയ്ക്കണമെന്ന്. ആരുടെ ആസക്തി? ഉദ്ദേശിക്കുനത് നിസാര സ്വര്‍ണ്ണം വാങ്ങി ആഭരണമുണ്ടാക്കുന്ന പാവങ്ങളെയാണ്. അവരാണല്ലോ ഇന്‍ഡ്യയുടെ എല്ലാ പ്രശ്നങ്ങള്‍ക്കും കാരണം.

ഓരോ ജനതക്കും അവര്‍ അര്‍ഹിക്കുന്ന ഭരണാധികാരിയെ ലഭിക്കും എന്നു പറഞ്ഞത് എത്രയോ ശരി. അതിന്റെ കൂടെ മുന്നാം കിട ജനതക്ക് ഏഴാം കിട നേതാവിനെ ലഭിക്കും എന്നതും ശരിയാകുന്നു.

kaalidaasan said...


കേരളത്തിലെ സാമ്പത്തിക ബുദ്ധിമുട്ടിന്റെ കാരണം  കെ എം മാണി പറയുന്നത് ആരെയും ചിരിപ്പിക്കും.

മഴ കൂടി. ഡാമുകളില്‍ ആവശ്യത്തിനു വെള്ളമുണ്ട്. അതുകൊണ്ട് ജലവൈദ്യുതി ഉത്പാദനം കൂടി. അതിന്റെ ഫലമായി താപവൈദ്യുതി ഉത്പാദനം കുറഞ്ഞു. അപ്പോള്‍ അതു വഴിയുള്ള നികുതി വരവു കുറഞ്ഞു.

എല്ലാ വര്‍ഷവും മദ്യത്തിന്റെ നികുതി സര്‍ക്കാര്‍ വരുമാനത്തിന്റെ ഒരു പ്രധാന സ്രോതസാണ്. . കഴിഞ്ഞ വര്‍ഷം ആ വരുമാനം ​കുറഞ്ഞു.


ധനകാര്യ വിഷയത്തില്‍ മന്‍ മോഹന്‍ സിംഗിന്റെ യഥാര്‍ത്ഥ അനുയായിയാണ്, കെ എം മാണി.

സര്‍ക്കാരിലേക്ക് വരേണ്ട വരുമാനം കുറയുന്നതിന്റെ യഥാര്‍ത്ഥ കാരണങ്ങള്‍ ഈ കാപട്യങ്ങള്‍ പറയില്ല. അവര്‍ക്കത് നന്നായി അറിയാം.

Ananth said...

i am afraid i do not have the luxury of time to engage in a long debate- i would like to make a couple of points and run along- these may help the readers to get a balanced view is all i hope-

1 currency exchange rate is not a metric to assess the health of the national economy ( yen has been falling against dollar and japan continues to be a robust industrial power or euro has been ebbing all the while but germany continues to be the economic powerhouse that it has always been ) ....or look at it this way....in 1947 rupee was almost at par with dollar whereas now it is close to 70 rs...does it mean that the indian economy was in pretty good shape those days..no way

2 it is good to be nostalgic about the good old days when amabassador cars were the ultimate dream....but one has to be realistic that today a large number indians have the purchasing power to own ferraris and lamborginis.....just as the comrades of today do not relish "parippuvada and kattanchaya"

3 what matters is not whether you get 10 rs against a dollar or 100 but whether you have the purchasing power to continue to avail the goods and services that you need , to maintain the lifestyle that you are used to, whatever be your social status

4 with rupee devaluing , a large section of kerala society with someone working in gulf is going to find more money in their hands...and as for the rest it is only question of time before their earnings (salary or whatever)go up in proportion to the rise in prices....in short the purchasing power is going to remain the same - so don't expect fall in exchange rate to fuel food riots or revolution

5 having said that , yes perhaps we should have taken a route more like china in adopting liberalisation with govt retaining control over key areas like oil sector etc...but what happened is that - the policy of economic reforms has been hijacked by the elite (political and corporate) who turned it into an orgy of plundering nations resources as evidenced by successive scams like 2g,coalgate etc,and that is what has resulted in disastrous loss for India as a nation … it is definitely the failure of Manmohan singh , the politician

kaalidaasan said...

>>>>currency exchange rate is not a metric to assess the health of the national economy <<<<

But unfortunately, in the case of present India, it is.

ജപ്പാന്‍ പോലുള്ള ഒരു സമ്പന്ന രാജ്യത്തിന്റെ വിനിമയ നിരക്കെടുത്തു കാട്ടി, അതുപോലെയാണ്, ഇന്‍ഡ്യ പോലുള്ള ഒരു ദരിദ്രരാജ്യത്തിന്റേതുമെന്നു പറയുന്നത് ശുദ്ധ മണ്ടത്തരമാണ്. ഇന്‍ഡ്യയുടെ സാമ്പത്തിക രംഗം വളരെ മോശമാണെന്ന് ഇന്‍ഡ്യന്‍ പ്രധാനമന്ത്രിയും, ധനകാര്യമന്ത്രിയും, റിസര്‍വ് ബാങ്ക് ഗവര്‍ണറും, മറ്റ് സാമ്പത്തിക വിദഗ്ദ്ധരും പറയുന്നു. അതിന്റെ ഏറ്റവും പ്രധാന കാരണം  Balance of payment കൂടി കൂടി വരുന്നതാണെന്നും അവര്‍ പറയുന്നു. current account deficit കൂടിയതാണ്, ഡോളറുമയുള്ള വിനിമയ നിരക്ക് കൂടാന്‍  പ്രധാന കാരണം.

ഇന്‍ഡ്യക്കുള്ളില്‍ പണപ്പെരുപ്പമുണ്ടായാലോ, വിലക്കയറ്റമുണ്ടായാലോ അതൊക്കെ ഇന്‍ഡ്യന്‍ സര്‍ക്കാരിന്, ഒരു പരിധി വരെ പിടിച്ചു നിറുത്താന്‍ പറ്റിയേക്കും. പക്ഷെ ഇന്‍ഡ്യ ഏറ്റവും കൂടുതല്‍ ഇറക്കുമതി ചെയുന്ന എണ്ണ എന്ന വസ്തുവിനു കൊടുക്കാന്‍ ഡോളറില്‍ പണമില്ലെങ്കില്‍  എല്ലാം തകിടം മറിയും. അതാണിപ്പോള്‍ ഉണ്ടായിരിക്കുന്നത്. അതിന്റെ നേരിട്ടുള്ള ഫലമാണ്, രൂപയുടെ മൂല്യം ഇടിഞ്ഞതും.

ഇതൊരു vicious cycle ആണ്. എണ്ണയുടെ വില നിയന്ത്രിക്കാനോ, ഇറക്കുമതി നിയന്ത്രിക്കാനോ ഇപ്പോള്‍ സര്‍ക്കാരിനു കഴിയുന്നില്ല. അതുകൊണ്ട് balance of payment ഇനിയു കൂടും. Current account deficit ഉം ആഴത്തിലാകും. എണ്ണ വില കൂടുമ്പോള്‍ നിത്യോപയോഗ സാധങ്ങളുടെ വില കൂടും എന്നു പറയാന്‍ ഒരു സാമ്പത്തിക വൈദഗ്ദ്ധ്യവും ആവശ്യമില്ല.

സാധാരണ നാണയത്തിന്റെ മൂല്യമിടിയുമ്പോള്‍ ഇറക്കുമതി ചെയ്യുന്ന വസ്തുക്കളുടെ വിലകൂടി, ഇറക്കുമതി കുറഞ്ഞ് സ്വയം correction ഒരു ഉണ്ടാകാറുണ്ട്. പക്ഷെ ഇപ്പോള്‍ അതുണ്ടാകാനുള്ള സാധ്യതയില്ല. രൂപയുടെ മൂല്യമിടിഞ്ഞാലും വിദേശ നണയത്തിന്റെ ഡിമാന്‍ഡ് കുറയില്ല. അതിന്റെ പുറത്തേക്കുള്ള ഒഴുക്കും കുറയില്ല. എണ്ണയുടെയും  സ്വര്‍ണ്ണത്തിന്റെയും ഇറക്കുമതി സര്‍ക്കാരിനു നിയന്ത്രിക്കാന്‍ ആകാത്ത അവസ്ഥയിലാണ്.

ഇന്‍ഡ്യന്‍ രൂപയുടെ മൂല്യ ശോഷണം, സാമ്പത്തിക രംഗത്തെ പരിതാപകരമായ അവസ്ഥയുടെ പ്രതിഫലനമാണ്. ജാപ്പനീസ് നാണയത്തെ എടുത്ത് അതിനെ നേരിടാന്‍ ശ്രമിച്ചാലും  ഈ സത്യം ഇല്ലാതാകില്ല. ഇന്‍ഡ്യക്ക് എണ്ണ ഇറക്കുമതിക്ക് ഡോളര്‍ വേണം. അനേകം വായ്പ്പകള്‍ തിരിച്ചടക്കാന്‍  ഡോളര്‍ തന്നെ വേണം. ഈ ആവശ്യങ്ങള്‍ കൂട്ടിക്കൊണ്ടേ ഇരിക്കും. ഉദാരവത്കരണം എന്ന പേരും പറഞ്ഞ് എല്ലാം വിദേശ നാണയത്തെ അടിസ്ഥാനമാക്കി എടുത്തിന്റെ ഫലമാണിത്. ഇത് അസ്ഥിരത കൂട്ടും. എണ്ണ വില കൂടി വന്നപ്പോള്‍ സാമ്പത്തിക വിദഗ്ദ്ധരും വിവരദോഷികളായ കോണ്‍ഗ്രസ് രാഷ്ട്രീയക്കാരും ഒരേ സ്വരത്തില്‍ പറഞ്ഞത്, ഇപ്പോഴും അന്താരാഷ്ട്ര നിലവാരത്തിലേക്കത് എത്തിയിട്ടില്ല എന്നായിരുന്നു.ഇപ്പോളത് അന്താരാഷ്ട്ര നിലവാരത്തിനും  മുകളിലേക്ക് പോകുന്ന ലക്ഷണമാണുള്ളത്. അത് എല്ലാറ്റിന്റെയും വില കൂട്ടും. നണയപ്പെരുപ്പമുണ്ടാക്കും.

രൂപയുടെ മൂല്യം  ഇടിയുന്നതിനു മുമ്പു തന്നെ സാമ്പത്തിക രംഗത്തിന്റെ ആരോഗ്യം നശിച്ചു തുടങ്ങിയിരുന്നു. വളര്‍ച്ചാ നിരക്ക് കുറഞ്ഞിരുന്നു. ഇപ്പോളത് 1991 ലെ നിലവാരത്തിലെത്തി. ഇനിയും താഴോട്ടു പോകും. യാതൊരു സംശയവുമില്ല. ഇന്നത്തെ അവസ്ഥയില്‍ ഇന്‍ഡ്യയില്‍  നിക്ഷേപിക്കുന്നതിനേക്കാള്‍ ലാഭകരം അമേരിക്കയിലും മറ്റ് പടിഞ്ഞാറന്‍ നാടുകളിലും നിക്ഷേപികുന്നതാണെന്ന് വിദേശ നിക്ഷേപകര്‍ക്കറിയം. തകരുന്ന ഒരു സമ്പദ് വ്യവസ്ഥയില്‍  കൊണ്ട് തലയിടാന്‍  അറിഞ്ഞു കൊണ്ട് അവര്‍ക്ക് തോന്നില്ല.

പണപ്പെരുപ്പം കൂടിത്തുടങ്ങിയിട്ട് നാളുകളേറെ ആയി. അതിന്റെ കൂടെ ഇറക്കുമതിയെ ആശ്രയിക്കലും കൂടെ ആയപ്പോള്‍ വളരെ കൂടി. അപ്പോഴാണ്, രൂപയുടെ മൂല്യം ഇടിഞ്ഞ്ത്. അതാണു പ്രശ്നത്തെ രൂക്ഷമാക്കിയത്.

പണ്ടേ ദുര്‍ബല, കൂടെ ഗര്‍ഭിണിയും എന്ന അവസ്ഥയാണിപ്പോള്‍ ഇന്‍ഡ്യയുടെ അവസ്ഥ. വിദേശ നിക്ഷേപത്തെ(ഡോളറിനെ) അടിസ്ഥാനമാക്കി മാറ്റിയെടുത്ത ഇന്‍ഡ്യന്‍ സമ്പദ് വ്യവസ്ഥക്ക് രൂപയുടെ മൂല്യ ശോഷണം കനത്ത അടിയായി എന്നാണു ഞാന്‍ പറഞ്ഞത്.

2003 നു ശേഷം ഉണ്ടായ സാമ്പത്തിക വളര്‍ച്ച ഒരു ഹൃസ്വകാല നീര്‍ക്കുമിള മാത്രമായിരുന്നു. ദീര്‍ഘകാലത്തേക്ക് സുസ്ഥിരമായ ഒരു വളര്‍ച്ച ആയിരുന്നില്ല. ഇത് രൂപയുടെ മൂല്യത്തിന്റെ കഥ മാത്രമല്ല, വളര്‍ച്ച എന്നു പറഞ്ഞു നടന്നിരുന്ന തട്ടിപ്പിന്റെയും കൂടി കഥയാണ്.

ഇതില്‍ നിന്നും രക്ഷപ്പെടാനുള്ള ഏക വഴി, വിദേശ നാണയത്തെ, പ്രത്യേകിച്ചും ഡോളറിനെ ആശ്രയിക്കുന്ന പരിപാടി കുറക്കുക. പുറത്തുനിന്നുള്ള നിക്ഷേപം ആകര്‍ഷിക്കാന്‍ വേണ്ടി കൂടുതല്‍ ഉദാരവത്കരണം നടത്താതിരിക്കുക. വിദേശ വ്യാപാരത്തിലും വിദേശ നിക്ഷേപത്തിലും  ഉള്ള നയങ്ങള്‍ പൊളിച്ചെഴുതുക. പക്ഷെ അതിനു ,മന്‍  മോഹന്‍ സിംഗിന്റെ സര്‍ക്കാരിനു പറ്റില്ല,. വേറെ സര്‍ക്കാര്‍ വേണ്ടി വരും.

kaalidaasan said...

This is just a capitalist rhetoric.

ഏത് തരത്തിലൂള ഇന്‍ഡ്യക്കര്‍ക്കാണിത് സാധ്യമായതെന്ന് താങ്കള്‍ക്ക് പറയാമോ? താങ്കള്‍ക്ക് സാധിച്ചോ? താങ്കളുടെ അടുത്ത സര്‍ക്കിളിലുള്ള ആര്‍ക്കെങ്കിലും സാധിച്ചോ?

Ferraris ഉം lamborginis ഉം ഒക്കെ വാങ്ങാന്‍ കുറെയേറെ പേര്‍ക്ക് ഇന്ന് പണമുണ്ടായിട്ടുണ്ട്. പക്ഷെ അതില്‍ ഏറിയ പങ്കിനും നേരായ മാര്‍ഗ്ഗത്തിലൂടെ അല്ല ആ പണമുണ്ടായതെന്ന സത്യം താങ്കളേപ്പോലുള്ള്വര്‍ മനസിലാക്കുന്നില്ല. കള്ളപ്പണത്തിലൂടെയും, അഴിമതിയിലൂടെയും, കള്ളക്കടത്തിലൂടെയും, അസംഘ്യം മാഫിയ ഇടപാടിലൂടെയും, പിടിച്ച് പറിയിലൂടെയും നികുതി വെട്ടിപ്പിലൂടെയും  ആണാ പണമുണ്ടായത്. ഇവിടെ നാണയപ്പെരുപ്പവും, പണപ്പെരുപ്പവും, വിലക്കയറ്റവും ഒക്കെ ഉണ്ടായത്തിന്റെ ഒരു പ്രധാന കാരണവും ഈ അസാന്‍മാര്‍ഗ്ഗിക നടപടികളാണ്.

സഖാക്കള്‍ കട്ടന്‍ ചായയും പരിപ്പു വടയും കഴിച്ച് നടന്ന കാലത്ത് ഇന്‍ഡ്യന്‍ രൂപക്ക് നല്ല മൂല്യമുണ്ടായിരുന്നു. താങ്കളേപ്പോലുള്ളവര്‍  കെ എഫ് സിയും മക് ഡൊണാള്‍ഡും, പെപ്സിയും, കോളയും കഴിച്ചു തുടങ്ങിയപ്പോഴേക്കും രൂപയുടെ മൂല്യം ഇടിഞ്ഞിടിഞ്ഞില്ലാതായി. അതിനു സഖാക്കളെ കളിയാക്കിയിട്ട് കാര്യമില്ല. എവിടെയാണു തെറ്റിയതെന്ന് മനസിലാക്കുക. അതിനു ശേഷിയുണ്ടെങ്കില്‍.

Ferraris ഉം lamborginis ഉം ഒക്കെ വാങ്ങാന്‍ ഒക്കെ വാങ്ങാന്‍ തക്ക purchasing power കുറച്ച് ഇന്‍ഡ്യക്കാര്‍ക്കുണ്ടായി. പക്ഷെ അത് ഓടിക്കാനുള്ള എണ്ണ വാങ്ങാനുള്ള purchasing power ഇന്‍ഡ്യന്‍ രൂപക്കിന്നില്ല. അതില്‍ നിന്ന് എന്തെങ്കിലും താങ്കള്‍ക്ക് മനസിലായോ എന്തോ.

kaalidaasan said...

>>>> what matters is not whether you get 10 rs against a dollar or 100 but whether you have the purchasing power to continue to avail the goods and services that you need , to maintain the lifestyle that you are used to, whatever be your social status<<<<

അത് തന്നെയാണു പ്രശ്നം. പക്ഷെ താങ്കളത് ചിന്തിക്കുന്നത് തല തിരിച്ചാണെന്നു മാത്രം.

ആഗോളവത്കരണം ഉദാരവത്കരണം എന്നൊക്കെ പറഞ്ഞ് പറഞ്ഞ് ഫെറാറി മുതല്‍, പെപ്സി വരെ ഇന്‍ഡ്യന്‍ മാര്‍ക്കറ്റില്‍ കുത്തി നിറച്ചിട്ട്, അത് എന്നത്തേക്കും ഉപയോഗിച്ച് സുഖിച്ചു നടക്കാന്‍ ഉള്ള ശേഷി ഇന്‍ഡ്യക്കാര്‍ക്കുണ്ടോ എന്നതു തന്നെയാണു പ്രശ്നം.

ലോകം മുഴുവനുള്ള എല്ലാ തരത്തിലുള്ള കാറുകളും  പല ആനുകൂല്യങ്ങളും നല്‍കി ഇന്‍ഡ്യയില്‍ വിറ്റഴിപ്പിച്ച്, അതാണു വികസനം എന്നു വിളിച്ചിട്ട്, ഇപ്പോള്‍ പറയുന്നു. ഇതൊക്കെ ഓടിക്കുന്നത് കുറയ്ക്കണമെന്ന്. മന്‍ മോഹന്‍ സിംഗ് പറഞ്ഞത് ഇന്‍ഡ്യക്കാര്‍ എണ്ണ ഉപയോഗം കുറയ്ക്കണമെന്നാണ്. ഈ കാറുകള്‍ക്കൊക്കെ ആവശ്യമുള്ള എണ്ണ നല്‍കാന്‍ കഴിവില്ലാത്തവര്‍ എന്തിനിത് ഇറക്കുമതി ചെയ്തു എന്ന് താങ്കളേപ്പോലുള്ളവര്‍ ചോദിക്കില്ല.

സാമ്പത്തിക വളര്‍ച്ച താഴോട്ടു താഴോട്ടു പോകുമ്പോഴും, വിദേശ കടം കൂടിക്കൂടി വരുമ്പോഴും, ഇതിനു സ്ഥായിയായ നിലനില്‍പ്പില്ല എന്നും കൂടി മനസിലാക്കണം.

kaalidaasan said...

>>>> with rupee devaluing , a large section of kerala society with someone working in gulf is going to find more money in their hands...and as for the rest it is only question of time before their earnings (salary or whatever)go up in proportion to the rise in prices....in short the purchasing power is going to remain the same - so don't expect fall in exchange rate to fuel food riots or revolution<<<<

നല്ല സാമ്പത്തിക ശാസ്ത്രം. മന്‍ മോഹന്‍ സിംഗിന്റെ വിശ്വസ്ത അനുയായി. വിദേശത്തു നിന്ന് ചുമ്മാ ഇങ്ങോട്ട് പണം വന്നു കൊണ്ടിരിക്കും, ഇടതടവില്ലാതെ. പണ്ട് ത്രേതായുഗത്തില്‍ ശ്രീകൃഷ്ണന്‍ ദ്രൌപദിക്ക് സാരികള്‍ തുടര്‍ച്ചയായി കൊടുത്തുകൊണ്ടിരുന്ന പോലെ. മന്‍ മോഹന്‍ സിംഗും ഇതാണ്, ഇന്‍ഡ്യക്കാരോട് പറഞ്ഞു കൊണ്ടിരുന്നത്. സായിപ്പ് ഇടതടവില്ലാതെ ഡോളറുകള്‍ കൊണ്ടൂ വന്ന് ഇന്‍ഡ്യ നിറയ്ക്കുമെന്ന്. സായിപ്പിന്റെ നാട്ടില്‍ ഉണ്ടാകുന്ന മാറ്റങ്ങളൊന്നും കാണാന്‍ ആ സാമ്പത്തിക വിദഗ്ദ്ധനു ശേഷിയുണ്ടായില്ല. അതുപോലെ ഗള്‍ഫിലും ഉണ്ടായിക്കൊണ്ടിരിക്കുന്ന മാറ്റങ്ങള്‍ താങ്കള്‍ക്കും കാണാനുള്ള ശേഷിയില്ല. സര്‍ക്കാര്‍ കണക്കനുസരിച്ച് കഴിഞ്ഞ മാസങ്ങളില്‍ 20000 പേരാണ്, ഗള്‍ഫില്‍ നിന്നും ജോലി നഷ്ടപ്പെട്ട് തിരികെ വന്നത്. സ്വദേശിവത്കരണത്തിന്റെ ഭാഗമായി ഇനിയും ആയിരങ്ങള്‍ തിരികെ വരും. അപ്പോള്‍ purchasing power എന്ന മന്ത്രമൊക്കെ വിലയില്ലാതായി തീരും.

ഗള്‍ഫ് മലയാളികള്‍ ഇതുപോലെ, കടം വാങ്ങി പോലും, കേരളത്തിലേക്ക് പണമയക്കുന്നത് ഏതെങ്കിലും കടം വീട്ടാനാണുപയോഗിക്കുന്നതെങ്കില്‍ അത് ഗുണകരമായിരിക്കും. അല്ലാതെ കൂടുതലായി വരുന്ന പണം സമ്പദ് വ്യവസ്ഥയെ സഹായിക്കില്ല. താളം തെറ്റിക്കയേ ഉള്ളു.

purchasing power ഇന്നത്തേപ്പോലെ നില നില്‍ക്കുമെന്നൊക്കെ താങ്കള്‍ ശുഭാപ്തി വിശ്വാസം പുലര്‍ത്തിക്കോളൂ. കൂടെ fuel food riots or revolution എന്നൊക്കെയുള്ള rhetoric ക്കും ഉരുവിട്ടുകൊള്ളു.

kaalidaasan said...

>>>> yes perhaps we should have taken a route more like china in adopting liberalisation with govt retaining control over key areas like oil sector etc...<<<<

ഹാവൂ. അവിടെയെങ്കിലും കമ്യൂണിസ്റ്റുകാരുടെ നയങ്ങള്‍ ശരി എന്നു സമ്മതിച്ചല്ലൊ.

യാതൊരു നിയന്ത്രണവുമില്ലാതെ അഴിച്ചു വിട്ട കാളയേപ്പോലെ ഇങ്ങനെ പോയാല്‍ ദുരന്തത്തിലേക്ക് ചെന്നെത്തുമെന്ന് ഇന്‍ഡ്യയിലെ ഇടതുപക്ഷവും മന്‍ മോഹന്‍  സിംഗിനു മുന്നറിയിപ്പു കൊടുത്തിരുന്നു. പക്ഷെ കേട്ടില്ല. ഇനി പറഞ്ഞിട്ട് കാര്യമില്ലല്ലോ. പോയ ബുദ്ധി ആന പിടിച്ചാലും തിരികെ വരില്ല.

പക്ഷെ ഇന്‍ഡ്യയുടെ ഗതികേട് അതല്ല. ഇതു വരെ നടത്തിയതിലും കൂടുതല്‍ സാമ്പത്തിക പരിഷ്കാരങ്ങള്‍ ഇനിയുണ്ടാകുമെന്നാണ്, സിംഗിന്റെ ഭീക്ഷണി. സാധാരണ ആളുകള്‍ അനുഭവങ്ങളില്‍ നിന്നും പാഠം പഠിക്കും. താങ്കള്‍ക്കു പോലും ഇന്‍ഡ്യക്കെവിടെ തെറ്റി എന്നത് മനസിലായി. പക്ഷെ മന്‍ മോഹന്‍ സിംഗിനിപ്പോഴും മനസിലായിട്ടില്ല.

ചൈന നടത്തിയത് അവരുടെ terms and conditions അനുസരിച്ചായിരുന്നു. അല്ലാതെ ഇന്‍ഡ്യ ചെയ്ത പോലെ വേള്‍ഡ് ബാങ്കിന്റെയും, ഐ എം എഫിന്റെയും  തീട്ടുരങ്ങളനുസരിച്ചല്ല. അതുകൊണ്ട് നിയന്ത്രണം അവിടത്തെ സര്‍ക്കാരിന്റെ കയ്യിലായിരുന്നു. അവര്‍ manufacturing sector നാണു പ്രധാന്യം കൊടുത്തത്. ഇന്‍ഡ്യയേപ്പോലെ service sector നല്ല. റ്റൈം മാഗസിന്‍ Underachiever  എന്നു വിളിച്ച ഉടനെ വാള്‍ മാര്‍ട്ടിന്, ഇന്‍ഡ്യന്‍ മാര്‍ക്കറ്റ് തുറന്നു കൊടുക്കാനുള്ള സാമ്പത്തിക വൈദഗ്ദ്ധ്യമേ മന്‍ മോഹന്‍ സിംഗിനുള്ളു.

ചൈനയിലും മറ്റ് രാജ്യങ്ങളിലും  ഉത്പാദിപ്പിക്കുന്ന സാധനങ്ങള്‍ ഇന്‍ഡ്യയില്‍ കൊണ്ടു വന്ന് assemble ചെയ്ത് വിറ്റ് കാശാക്കുന്ന പരിപാടികളാണ്, ഇന്‍ഡ്യയില്‍ കൂടുതലായി ഉണ്ടായത്. ഇന്‍ഡ്യയില്‍ മുതല്‍ മുടക്കിയവര്‍ ഇന്‍ഡ്യയിലെ മാര്‍ക്കറ്റിലായിരുന്നു പ്രധാനമായും നോക്കിയത്. ചൈനയുടെ ഉത്പന്നങ്ങള്‍ ഇല്ലാത്ത ഒറ്റ രാജ്യവും ഇന്ന് ലോകത്തില്ല. ഇന്‍ഡ്യയില്‍ പോലും  അവ വ്യാപകമായി ഉണ്ട്. പരമ്പരാഗതമായി ഇന്‍ഡ്യക്കാര്‍ നിര്‍മിച്ചിരുന്നവ ഇന്ന് ചൈന നിര്‍മ്മിക്കുന്നു. കാഞ്ചീപുരം സാരി വരെ. അതുകൊണ്ടവര്‍ക്ക്, ഇന്‍ഡ്യക്കുണ്ടായ current account deficit ഉം balance of payment crisis ഉം ഉണ്ടാകുന്നില്ല. സാമ്പത്തിക വളര്‍ച്ച കുറഞ്ഞില്ല.

kaalidaasan said...

>>>> but what happened is that - the policy of economic reforms has been hijacked by the elite (political and corporate) who turned it into an orgy of plundering nations resources as evidenced by successive scams like 2g,coalgate etc,and that is what has resulted in disastrous loss for India as a nation … it is definitely the failure of Manmohan singh , the politician<<<<

ഹഹഹഹ. താങ്കള്‍ക്കിതു വരെ നേരം വെളുത്തിട്ടില്ല. അതുകൊണ്ടാണീ സ്ഥലജല വിഭ്രാന്തി.

ഇന്‍ഡ്യന്‍ മാര്‍ക്കറ്റ് കുത്തകകള്‍ക്ക് തുറന്നു കൊടുക്കുന്നത് economic reforms ആണെന്നു കരുതുന്നവര്‍ക്കിതേ മനസിലാകൂ.

റ്റു ജി സ്പെക്ട്രം അഴിമതിയും, കല്‍ക്കരി അഴിമതിയും ഉണ്ടായിരുന്നില്ലെങ്കില്‍ ഇന്‍ഡ്യ വന്‍ കുതിപ്പു നടത്തുമായിരുന്നു എന്നൊക്കെ താങ്കളേപ്പോലുള്ളവര്‍ പറയുന്നതില്‍ അത്ഭുതം തോന്നുന്നു. താങ്കള്‍ കരുമ്പോലെ economic reform ആരും hijack  ചെയ്ത്ജ് കൊണ്ടുപോയിട്ടില്ല. മന്‍ മോഹന്‍ സിംഗ് നടപ്പിലാക്കിയ economic reforms ന്റെ ഉപോത്പന്നമാണീ അഴിമതികളൊക്കെ. സര്‍ക്കാരിന്റെ ആസ്തികളൊക്കെ ചുളുവിലക്ക് വിറ്റതുലച്ച കൂടെ വിറ്റതാണിവയും. ഇതൊക്കെ വിതരണം ചെയ്യാന്‍ പണ്ട് ചില മാനദണ്ഡങ്ങളുണ്ടായിരുന്നു. അവ എടുത്തു കളഞ്ഞതാണ്, മന്‍ മോഹന്‍ സിംഗ് കൊണ്ടു വന്ന reforms ന്റെ പ്രധാന വശം. മറ്റൊന്ന് കരമൊഴിവായി വ്യാപാരവും വ്യവസായവും നടത്താനുള്ള അനുവാദവും. അതിന്റെ ഓമനപ്പേരാണ്, SEZ എന്നത്. ഈ SEZ വഴി സര്‍ക്കാര്‍ ഭൂമിയും സര്‍ക്കാര്‍ ഏറ്റെടുത്ത സ്വകാര്യ ഭൂമിയും കുത്തകകളുടെ കയ്യിലായതല്ലാതെ കാര്യമായ ഒരു economic activity യും  ഇവിടങ്ങളില്‍ നടന്നിട്ടില്ല. ഏറ്റവും നല്ല ഉദാഹരണം സ്മാര്‍ട്ട് സിറ്റി തന്നെ. മറ്റൊന്ന് BOT എന്ന പേരിട്ട് വിളിക്കുന്ന തട്ടിപ്പ്. രണ്ടു പതിറ്റാണ്ടു മുന്നെ നിര്‍മ്മിച്ച മട്ടാഞ്ചേരി പാലത്തിന്റെ ടോള്‍ പിരിവ് ഇന്നും തീര്‍ന്നിട്ടില്ല. പൊട്ടിപ്പൊളിഞ്ഞ് കിടക്കുന്ന നാഷണല്‍ ഹൈവേ നന്നാക്കാതെ ടോള്‍ തുക കൂട്ടുന്നതൊക്കെ ഇപ്പറഞ്ഞ തല തിരിഞ്ഞ പരിഷ്കരണങ്ങള്‍ക്ക് കൊടുക്കേണ്ട വിലയാണ്. പ്രധാന റോഡുകള്‍  ടോള്‍ റോഡാക്കുന്ന ഏക രാജ്യം ഒരു പക്ഷെ ഇന്‍ഡ്യ ആയിരിക്കും.

kaalidaasan said...

>>>>>it is good to be nostalgic about the good old days when amabassador cars were the ultimate dream....but one has to be realistic that today a large number indians have the purchasing power to own ferraris and lamborginis.....just as the comrades of today do not relish "parippuvada and kattanchaya"<<<<

This is just a capitalist rhetoric.

ഏത് തരത്തിഉള്ള ഇന്‍ഡ്യക്കാര്‍ക്കാണിത് സാധ്യമായതെന്ന് താങ്കള്‍ക്ക് പറയാമോ? താങ്കള്‍ക്ക് സാധിച്ചോ? താങ്കളുടെ അടുത്ത സര്‍ക്കിളിലുള്ള ആര്‍ക്കെങ്കിലും സാധിച്ചോ?

Ferraris ഉം lamborginis ഉം ഒക്കെ വാങ്ങാന്‍ കുറെയേറെ പേര്‍ക്ക് ഇന്ന് പണമുണ്ടായിട്ടുണ്ട്. പക്ഷെ അതില്‍ ഏറിയ പങ്കിനും നേരായ മാര്‍ഗ്ഗത്തിലൂടെ അല്ല ആ പണമുണ്ടായതെന്ന സത്യം താങ്കളേപ്പോലുള്ള്വര്‍ മനസിലാക്കുന്നില്ല. കള്ളപ്പണത്തിലൂടെയും, അഴിമതിയിലൂടെയും, കള്ളക്കടത്തിലൂടെയും, അസംഖ്യം മാഫിയ ഇടപാടിലൂടെയും, പിടിച്ച് പറിയിലൂടെയും നികുതി വെട്ടിപ്പിലൂടെയും ആണാ പണമുണ്ടായത്. ഇവിടെ നാണയപ്പെരുപ്പവും, പണപ്പെരുപ്പവും, വിലക്കയറ്റവും ഒക്കെ ഉണ്ടായത്തിന്റെ ഒരു പ്രധാന കാരണവും ഈ അസാന്‍മാര്‍ഗ്ഗിക നടപടികളാണ്.

സഖാക്കള്‍ കട്ടന്‍ ചായയും പരിപ്പു വടയും കഴിച്ച് നടന്ന കാലത്ത് ഇന്‍ഡ്യന്‍ രൂപക്ക് നല്ല മൂല്യമുണ്ടായിരുന്നു. താങ്കളേപ്പോലുള്ളവര്‍ കെ എഫ് സിയും മക് ഡൊണാള്‍ഡും, പെപ്സിയും, കോളയും കഴിച്ചു തുടങ്ങിയപ്പോഴേക്കും രൂപയുടെ മൂല്യം ഇടിഞ്ഞിടിഞ്ഞില്ലാതായി. അതിനു സഖാക്കളെ കളിയാക്കിയിട്ട് കാര്യമില്ല. എവിടെയാണു തെറ്റിയതെന്ന് മനസിലാക്കുക. അതിനു ശേഷിയുണ്ടെങ്കില്‍.

Ferraris ഉം lamborginis ഉം ഒക്കെ വാങ്ങാന്‍ തക്ക purchasing power കുറച്ച് ഇന്‍ഡ്യക്കാര്‍ക്കുണ്ടായി. പക്ഷെ അത് ഓടിക്കാനുള്ള എണ്ണ വാങ്ങാനുള്ള purchasing power ഇന്‍ഡ്യന്‍ രൂപക്കിന്നില്ല. അതില്‍ നിന്ന് എന്തെങ്കിലും താങ്കള്‍ക്ക് മനസിലായോ എന്തോ.