"അരമുറി തേങ്ങയും തിന്നു, ആശാരിച്ചിയേയും കടിച്ചു, എന്നിട്ടും നായക്ക് മുറുമുറുപ്പ്" എന്നത് മലയാളത്തിലെ ഒരു പഴം ചൊല്ലാണ്. ഇപ്പോള്‍ ഇതേക്കുറിച്ച് പരാമര്‍ശിക്കാന്‍ കാരണം മുസ്ലിം ലീഗ് എന്ന മത സംഘടന ചെന്നുപെട്ടിരിക്കുന്ന ചില പ്രശ്നങ്ങളാണ്.
ഇപ്പോള്‍ കേരളരാഷ്ട്രിയത്തില്‍ ചില തമാശകള്‍ അരങ്ങേറുന്നു. യു ഡി എഫിനെ നയിക്കുന്ന കോണ്‍ഗ്രസും കേരള കോണ്‍ഗ്രസും മുസ്ലിം ലീഗും ആടുന്ന കപടനാടകങ്ങള്‍ ആരെയും ചിരിപ്പിക്കും. ഈ പാര്‍ട്ടികളുടെ ഔദ്യോഗിക പ്രസിദ്ധീകരണങ്ങളാണെങ്കിലും ചന്ദ്രികയിലും വീക്ഷണത്തിലും പ്രതിഛായയിലും എഴുതി വരുന്ന ലേഖനങ്ങള്‍ പക്ഷെ ഈ പാര്‍ട്ടികളുടെ അഭിപ്രായങ്ങളല്ല. ഇതാണവരുടെ നാട്യം.
കേരളത്തില്‍ ഒരു ഈച്ച പറന്നാല്‍ അതിലും അല്‍പ്പം നേട്ടമുണ്ടാക്കുക എന്നതാണിന്ന് മുസ്ലിം ലീഗ് എന്ന മത സംഘടനയുടെ ലക്ഷ്യം. നേരിയ ഭൂരിപക്ഷത്തില്‍ നിലനില്‍ക്കുന്ന ഉമ്മന്‍ ചാണ്ടി സര്‍ക്കാരിനെ മുള്‍മുനയില്‍ നിറുത്തി അവര്‍ പലതും നേടി എടുക്കുന്നു. മിതഭാഷിയും മിതവാദിയും ആയിരുന്ന പഴയ തങ്ങളുടെ കാലത്ത് മുസ്ലിം ലീഗിനിത്ര ധാര്‍ഷ്ട്യമുണ്ടായിരുന്നില്ല. അഞ്ചാം മന്ത്രിയെ ഇങ്ങനെ പിടിച്ചു മേടിച്ചപ്പോള്‍ കാര്യവിവരവും വിവേകവും ഉള്ള ആളുകള്‍ ഇത് അപകടകരമായ സമുദായിക പ്രശ്നങ്ങളുണ്ടാക്കുമെന്ന് മുന്നറിയിപ്പു നല്‍കിയിരുന്നു. മുസ്ലിം ലീഗിനെ ഇപ്പോള്‍ കൈപ്പിടിയില്‍ ഒതുക്കിയിട്ടുള്ള തീവ്രവാദികള്‍ ഇതിനെയൊക്കെ പുച്ഛിച്ചു തള്ളി. പക്ഷെ അത് കോണ്‍ഗ്രസില്‍ ആഭ്യന്തര പ്രശ്നങ്ങളുണ്ടാക്കുമെന്ന് ആരും കരുതിയില്ല. അതാണിപ്പോള്‍ സംഭവിച്ചത്.
കോണ്‍ഗ്രസിലെ രമേശ് ചെന്നിത്തലയുടെ മന്ത്രിസഭാ പ്രവേശനവുമായി ബന്ധപ്പെട്ട് ചില പ്രശ്നങ്ങളുണ്ടായി. അവിടെയും തങ്ങള്‍ക്ക് വേണ്ട, തികച്ചും അനര്‍ഹമായ, അരറാത്തല്‍ നേട്ടമുണ്ടാക്കാന്‍ ലീഗും മാണിയും ഇറങ്ങിത്തിരിച്ചു. മാണിക്ക് മകന്റെ കേന്ദ്ര മന്ത്രിസ്ഥാനവും രണ്ടാമത്തെ പര്‍ലമെന്റ് സീറ്റുമായിരുന്നു മനസിലുണ്ടായിരുന്നത്. ലീഗിന്, മൂന്നാമതൊരു പാര്‍ലമെന്റു സീറ്റും. കോഴിക്കോട്ട് ചെന്ന് ഉമ്മന്‍ ചാണ്ടി ലീഗിനു ചില വാഗ്ദാനങ്ങളും നല്‍കി. ഡെല്‍ഹി യാത്രക്ക് വേണ്ട വിമാന ടിക്കറ്റ് വരെ ബുക്കും ചെയ്തു. പക്ഷെ
ലീഗിന്റെയും മാണിയുടെയും ശാഠ്യങ്ങള്‍ക്ക് മുന്നില്‍ കീഴടങ്ങി, തനിക്ക് മന്ത്രിസഭയില്‍ പ്രവേശനം വേണ്ട എന്ന് ചെന്നിത്തല തീരുമാനിച്ചപ്പോള്‍ ലീഗ് അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിപ്പോയി. അത് മോഹ ഭംഗമാകാന്‍ അധികം താമസമുണ്ടായില്ല. അത് വാക്കുകളിലൂടെ പുറത്തു വന്നത് ചന്ദ്രികയില്‍ ഒരു ലേഖന രൂപത്തില്‍ ആയിരുന്നു. അതിലെ
പ്രസക്ത ഭാഗങ്ങൾ
യു.ഡി.എഫിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ കോണ്‍ഗ്രസ്സിന്റെ സംസ്ഥാന നേതൃത്വം മാത്രമല്ല, കേന്ദ്ര നേതൃത്വവും പരാജയപ്പെട്ടു. ഒറ്റക്കെട്ടായി ലോക്‌സഭാ തിരഞ്ഞെടുപ്പിനെ നേരിടുമെന്ന വാചകമടി കൊണ്ടൊന്നും ജയിക്കാനാകില്ല. തിരഞ്ഞെടുപ്പ് ഈ വര്‍ഷം തന്നെ വന്നാല്‍ പ്രത്യേകിച്ചും. ഘടകകക്ഷികളുടെ ഇടപെടല്‍ കൊണ്ടോ, പ്രതിപക്ഷത്തിന്റെ ഇടങ്കോലിടല്‍ കൊണ്ടോ അല്ല കോണ്‍ഗ്രസ് ഈ കുഴപ്പത്തില്‍ ചെന്നു ചാടിയത്. മന്ത്രിസഭാ രുപവത്കരണഘട്ടം മുതല്‍ പുകഞ്ഞുകൊണ്ടിരുന്ന ചില പ്രശ്‌നങ്ങളാണ് സന്ദര്‍ഭം കിട്ടിയപ്പോള്‍ വികസിച്ചത്.
മുന്‍ തിരഞ്ഞെടുപ്പുകളില്‍ ഉണ്ടായ അതേ അളവില്‍ വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വിജയം വരിക്കാന്‍ മുന്നണിക്കാവില്ല. അതിനിടയില്‍ എന്തെങ്കിലും അത്ഭുതങ്ങള്‍ സംഭവിക്കണം. എന്നാല്‍ പ്രതിപക്ഷത്തിന് പഠിച്ചപണി പതിനെട്ടും നോക്കിയിട്ടും സര്‍ക്കാരിനെ പോറലേല്പിക്കാന്‍ കഴിഞ്ഞില്ല. അവര്‍ക്കിടയിലെ കലഹവും ടി.പി.വധവും അവരെ ഇനിയും അധികാരത്തില്‍ വരാന്‍ കഴിയാത്തവിധം ദുര്‍ബലമാക്കിയിരുന്നു.എന്നാലിപ്പോള്‍ അവരില്‍ പ്രത്യാശ ഉദിച്ചിരിക്കുന്നു.
യു.ഡി.എഫിനും മന്ത്രിസഭയ്ക്കും ഉണ്ടായ സകല പ്രതിസന്ധിക്കും കാരണം യു.ഡി.എഫ്. നേതൃത്വം തന്നെയാണ്. ഈ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം ഉണ്ടാക്കാന്‍ ബാധ്യസ്ഥമായിരുന്ന കോണ്‍ഗ്രസ്സിന്റെ കേന്ദ്ര നേതൃത്വം പരാജയപ്പെട്ടു. ഉത്തരവാദിത്വത്തോടെ പ്രശ്‌നം കൈകാര്യം ചെയ്യാന്‍ കേന്ദ്രമോ കേരളത്തിലെ നേതൃത്വമോ ശ്രമിച്ചില്ല. യു.ഡി.എഫിലെ രണ്ടാംനിര നേതാക്കളാകട്ടെ പ്രശ്‌നം കുഴച്ചുമറിക്കുന്നതില്‍ നല്ല പങ്ക് വഹിച്ചു. മുഖ്യമന്തിയും മന്ത്രിമാരും നേരിട്ട് തട്ടിപ്പില്‍ പങ്കാളികളായിട്ടില്ല. എന്നാല്‍ സര്‍ക്കാരിനുമേല്‍ ചെളിവാരിയെറിയാന്‍ തുടങ്ങിയപ്പോള്‍ അതിനെ ഒറ്റക്കെട്ടായി നേരിടാനും കഴിഞ്ഞില്ല. തുടക്കംമുതല്‍ ഈ ആരോപണത്തെ സത്യസന്ധമായി നേരിടാനും കഴിഞ്ഞില്ല.
ഗ്രൂപ്പ് താത്പര്യങ്ങള്‍ക്കനുസരിച്ച് ചില സില്‍ബന്തികള്‍ മാത്രമാണ് ഓരോരുത്തര്‍ക്കും വേണ്ടി രംഗത്തിറങ്ങിയത്. ഇതിനുപുറമെയാണ് മന്ത്രിസഭാ പുനഃസംഘടനാ വിവാദം. പല കാരണങ്ങളാല്‍ നേരത്തെ തന്നെ അസ്വസ്ഥമായിരുന്ന ഘടകകക്ഷികളുമായി സംസാരിച്ച് പ്രശ്‌നം പരിഹരിക്കാന്‍ ആരും മുന്‍കൈയെടുത്തില്ല. സോളാര്‍ തട്ടിപ്പ്, കോണ്‍ഗ്രസ്സിലെ ആഭ്യന്തര പ്രശ്‌നം, മുന്നണിയിലെ ആഭ്യന്തര പ്രശ്‌നം എന്നിങ്ങനെ മൂന്ന് കാര്യങ്ങളും അതേപോലെ നിലനില്‍ക്കുന്നു. സോണിയാഗാന്ധി ഇടപെട്ട് കേരളത്തിലെ ജനാധിപത്യ പ്രസ്ഥാനത്തെ കാലവര്‍ഷക്കെടുതികളില്‍ നിന്ന് രക്ഷിക്കണം.
ലീഗിന്റെ ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ ലോക് സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പരായപ്പെടുമെന്നും മോദിയുടെ ബി ജെ പി അധികാരത്തില്‍ വരുമെന്നും ആയിരുന്നു അവരുടെ ഭീക്ഷണി.
ഒറ്റക്ക് മത്സരിച്ചാല്‍ മലപ്പുറം ജില്ലയിലെ മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളില്‍ നാലോ അഞ്ചോ സീറ്റുകള്‍ ലഭിക്കാന്‍ മാത്രം ശക്തിയുള്ള ഒരു പാര്‍ട്ടിയാണ്, ഈ അഭിപ്രയം പറയുന്നത്.
കുറച്ചു നാളുകള്‍ക്ക് മുന്നെ
പടനായര്‍ എന്ന പേരില്‍ എന്‍ എസ് എസ് സെക്രട്ടറിയെ ആക്ഷേപിക്കാന്‍ ഒരു ലേഖനം എഴുതി ചന്ദ്രിക ഒരു കേസില്‍ അകപ്പെട്ടതിനു ശേഷം, മുസ്ലിം ലീഗ് എം എല്‍ എ കെ എന്‍ എ ഖാദര്‍ പേരുവച്ച് എഴുതിയ ലേഖനത്തിലാണീ ഭീക്ഷണി. പതിവു പോലെ അത് ലീഗിന്റെ അഭിപ്രായമല്ല എന്നു പറഞ്ഞ് നേതാക്കള്‍ കൈ കഴുകി. എങ്കിലും അതിനു പ്രതികരണമുണ്ടായി. ഇത്രനാളും പ്രതികരിക്കാതിരുന്ന ഇടത്തു നിന്നു തന്നെ പ്രതികരണം വന്നു. കോണ്‍ഗ്രസിന്റെ മുഖ പത്രമായ വീക്ഷണത്തില്‍ തന്നെ വന്നു. അതിലെ പ്രസക്തഭാഗങ്ങള്‍ ഇതാണ്.
"സംഘപരിവാറിനെ സുഖിപ്പിക്കുന്ന ഖാദര്‍."
മുസ്ലിംലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിക്കെതിരെ ‘ഐസ്ക്രീം’ കേസ് ഉയര്‍ന്ന സാഹചര്യത്തിലാണ് 2004ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മഞ്ചേരിക്കോട്ട പൊളിഞ്ഞതും 2006ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കുറ്റിപ്പുറം, തിരൂര്‍ ശക്തിദുര്‍ഗങ്ങള്‍ ഇടിഞ്ഞു വീണതും. അന്ന് യു.ഡി.എഫിന് അധികാരം നഷ്ടപ്പെട്ടത് കോണ്‍ഗ്രസിലെ ഗ്രൂപ്പിസം കൊണ്ടായിരുന്നില്ല. 2011ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് നൂല്‍പാലത്തിലൊതുങ്ങുന്ന ഭൂരിപക്ഷംകൊണ്ട് തൃപ്തിപ്പെടേണ്ടിവന്നത് ഐസ്ക്രീംവിവാദത്തിന്റെ രണ്ടാംവരവ് മൂലമാണ്. അഞ്ചാംമന്ത്രി വിവാദത്തിലൂടെയാണ് യുഡിഎഫ് സര്‍ക്കാരിന്റെ ശനിദശ തുടങ്ങിയത്. ലീഗിലെ ആഭ്യന്തരകലാപത്തിന്റെ ദുര്‍ഭഗ സന്തതിയായിരുന്നു അഞ്ചാം മന്ത്രി. മന്ത്രിപദത്തിനുള്ള ലീഗിന്റെ പിടിവാശി സംസ്ഥാനത്ത് വര്‍ഗീയ ചേരിതിരിവുണ്ടാക്കി. ഈ വിവാദത്തോടെ സമുദായശക്തികള്‍ യുഡിഎഫുമായി അകന്നു. വിമര്‍ശനങ്ങള്‍ വിവാദമാകുമ്പോള്‍ ഒഴിഞ്ഞുമാറുകയാണ് ലീഗിന്റെ പതിവ്. ഈ വിഷയത്തിലും ലീഗ് നിലപാട് ഇതുതന്നെയാണ്.
2011 ല്‍ സര്‍ക്കാരിനെ നൂല്‍പ്പാലത്തില്‍ ഒതുക്കിയതും ലീഗ് നേതാവായ കുഞ്ഞാലിക്കുട്ടിക്കെതിരായ ഐസ്‌ക്രീം വിവാദമാണ്. സോളാര്‍ വിവാദത്തില്‍ കോണ്‍ഗ്രസിനെതിരെ പ്രതിപക്ഷം തെരുവില്‍ ഇറങ്ങിയപ്പോള്‍ എന്ത് ധാര്‍മിക പിന്തുണയാണ് യുഡിഎഫ് ഘടകക്ഷികള്‍ കോണ്‍ഗ്രസിന് നല്‍കിയത്.
കെ. എന്‍ . എ. ഖാദര്‍ സംഘപരിവാറിനെ സുഖിപ്പിക്കുന്നു. ലോക് സഭാ തിരഞ്ഞെടുപ്പില്‍ മോഡിയുടെ വിജയം പ്രവചിക്കുകയാണ് ലീഗ് എംഎല്‍എ. സ്വതന്ത്ര്യസമരത്തിന്റെ വെടിപ്പുരയില്‍ ജനിച്ച കോണ്‍ഗ്രസിനെ ആരും 'മോഡി ഫോബിയ' എന്ന ഉടുക്കുകൊട്ടി പേടിപ്പിക്കേണ്ട. അഴിമതി വിഷയത്തില്‍ യു.പി.എ സര്‍ക്കാറിനെതിരായ കെ.എന്‍.എ ഖാദറിന്റെറ ചെളിവാരിയെറിയല്‍ കേന്ദ്രമന്ത്രി ഇ. അഹമ്മദിനെയും ബാധിക്കുമോ?
വീക്ഷണം വളരെ കൃത്യമായി കാര്യം പറഞ്ഞു. ഇപ്പോള്‍ യു ഡി എഫിനെ ആഴത്തിലുള്ള പ്രശ്നങ്ങളിലേക്ക് തള്ളി വിട്ടത് ലീഗിന്റെ ആഭ്യന്തര വഴക്കുകളാണ്. ലീഗില്‍ കുഞ്ഞാലിക്കുട്ടി അല്‍പ്പം മേല്‍ക്കൈ നേടിയെടുത്തിരുന്നു. മൊഹമ്മദ് ബഷീറിനെ കേരള രാഷ്ട്രീയത്തില്‍ നിന്നും പുറത്താക്കുകയും, അദ്ദേഹത്തിന്റെ പാര്‍ട്ടി സ്ഥാനങ്ങളൊക്കെ ഇല്ലാതാക്കുകയും ചെയ്തതിനെ, ലീഗിലെ മൊഹമ്മദ് ബഷീര്‍ നയിക്കുന്ന തീവ്രവാദികള്‍ നേരിട്ടത് അഞ്ചാം മന്ത്രി എന്ന ആവശ്യം വലിച്ചു പുറത്തിട്ടായിരുന്നു.
ലീഗിലെ ആഭ്യന്തര കലഹമാണ്, അഞ്ചാം മന്ത്രിയെ പിടിച്ചു മേടിക്കുന്നതിലേക്കവരെ എത്തിച്ചതെന്ന് ഏത് നിഷ്പക്ഷമതിയും സമ്മതിക്കും. കുഞ്ഞാലിക്കുട്ടിയേപ്പോലുള്ള മിതവാദികള്‍ അഞ്ചാം മന്ത്രിക്കു വേണ്ടി ശാഠ്യം പിടിക്കേണ്ട എന്ന നിലപാടെടുത്തപ്പോള്‍, മൊഹമ്മദ് ബഷീര്‍ നയിക്കുന്ന തീവ്രവാദികള്‍ സമ്മതിച്ചില്ല. ഇപ്പോഴത്തെ തങ്ങളും തീവ്രവാദികളുടെ പക്ഷത്തു ചേര്‍ന്നു.
ഈ സര്‍ക്കാരിനെതിരെ വ്യാപകമായ എതിര്‍പ്പുണ്ടായത് അഞ്ചാം മന്ത്രി പ്രശ്നം മുതലായിരുന്നു. പിന്നീട് ലീഗിന്റെ പല നിലപാടുകളും തീരുമാനങ്ങളും എതിര്‍പ്പു വിളിച്ചു വരുത്തി. പ്രബല സമുദായങ്ങളായ നായന്‍മാരും ഈഴവരും പരസ്യമായി തന്നെ ലീഗിന്റെ ധാര്‍ഷ്ട്യങ്ങള്‍ക്കെതിരെ രംഗത്തു വന്നു. ലീഗിന്, അഞ്ചാമതൊരു മന്ത്രിയെ കൊടുത്തപ്പോള്‍ സമുദായ സമവാക്യങ്ങള്‍ തകിടം മറിഞ്ഞു എന്ന് എന്‍ എസ് എസും എസ് എന്‍ ഡി പിയും നിരന്തരം പ്രചരണം നടത്തിയപ്പോള്‍, രമേശ് ചെന്നിത്തല എന്ന നായരെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തി സാമുദായിക സമവാക്യം സന്തുലിതമാക്കാന്‍ ഉമ്മന്‍ ചാണ്ടി തീരുമാനിച്ചു. പക്ഷെ രമേശന്‍ നായരെ അക്ഷേപിക്കുന്ന തരത്തില്‍ ഒരു വകുപ്പ് നല്‍കാനേ ഉമ്മന്‍ ചാണ്ടി സമ്മതിച്ചുള്ളു. രമേശന്‍ അത് നിഷ്കരുണം തള്ളിക്കളഞ്ഞു. രമേശന്‍ അറിയാതെ തിരുവഞ്ചൂരിനെ ആഭ്യന്തര മന്ത്രി ആക്കിയെങ്കിലും എന്‍ എസ് എസ് അടങ്ങിയില്ല. അവിടെ തുടങ്ങി കോണ്‍ഗ്രസിലെ ആഭ്യന്തര കലഹം. അന്നു വരെ കെ പി സി സി പ്രസിഡണ്ട് എന്ന നിലയില്‍ ഉമ്മന്‍ ചാണ്ടിക്ക് പരിപൂര്‍ണ്ണ സഹകാരണമായിരുന്നു രമേശന്‍ നല്‍കിയിരുന്നത്.
റ്റി എം ജേക്കബ് മരിച്ച ഒഴിവില്‍ മകന്‍ ജയിച്ചു വന്നപ്പോള്‍ മന്ത്രിയാക്കാന്‍ ലീഗ് സമ്മതിച്ചില്ല. അനൂപ് സത്യപ്രതിജ്ഞ ചെയ്യുന്നെങ്കില്‍ ലീഗിന്റെ മഞ്ഞളാം കുഴി അലിക്കൊപ്പം മതി എന്ന് ലീഗ് ശഠിച്ചു. അതുകൊണ്ട് സത്യപ്രതിജ്ഞ നീണ്ടുപോയി. എങ്ങനെയെങ്കിലും പ്രശ്നം പരിഹരിച്ച് മുഖ്യമന്ത്രിസ്ഥാനത്തു കടിച്ചു തൂങ്ങണം എന്ന ആശയില്‍ ഉമ്മന്‍ ചാണ്ടി, ലീഗിന്റെ ശാഠ്യത്തിന്ന് കീഴടങ്ങി. കോണ്‍ഗ്രസിലെ പ്രബല വിഭാഗത്തിന്റെ എതിര്‍പ്പിനെ സോണിയയിലുള്ള സ്വാധീനം ഉപയോഗിച്ച് ഉമ്മന്‍ ചാണ്ടി പരാജയപ്പെടുത്തി. ഒപ്പം കെ പി സി സി പ്രസിഡണ്ടിനെ തികഞ്ഞ അജ്ഞതയില്‍ നിറുത്തി മന്ത്രിസഭയും പുനസംഘടിപ്പിച്ചു. കോണ്‍ഗ്രസ് മന്ത്രിമാരുടെ വകുപ്പ് മാറ്റം രമേശനില്‍ നിന്നും മറച്ചു വച്ചു. സത്യപ്രതിജ്ഞക്ക് 5 മിനിറ്റു മുന്നെ മാത്രമാണ്, രമേശന്‍ ഈ പുനസംഘടനയേക്കുറിച്ചറിഞ്ഞത്.
പക്ഷെ അതുകൊണ്ടൊന്നും ഉമ്മന്‍ ചാണ്ടി ഉദ്ദേശിച്ചത് നടന്നില്ല. ഭൂരിപക്ഷ സമുദായനേതാക്കള്‍ ദേഷ്യത്തില്‍ തന്നെ തുടര്‍ന്നു.ലീഗിനെ പേടിച്ച് ആരും പരസ്യമായി പ്രതികരിച്ചില്ല. പക്ഷെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വികാരം ലീഗിനെതിരെ ആയിരുന്നു. ആര്യാടനൊഴികെ മറ്റാരും അതൊന്നും പരസ്യമായി പറയാന്‍ ധൈര്യപ്പെട്ടിരുന്നില്ല.
രമേശനെ വീണ്ടും മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താന്‍ പല ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്ത് ലീഗിന്റെ സഹായം ഉമ്മന്‍ ചാണ്ടി തേടിയതറിഞ്ഞ രമേശന്‍ ലീഗിനെതിരെ പരസ്യമായി പ്രതികരിച്ചു.
മുസ്ലിം ലീഗിന്റെ അനാവശ്യമായി വാദഗതികള്‍ അംഗീകരിച്ചു കൊടുത്താല്‍ അത് നാളെ കോണ്‍ഗ്രസിനു വലിയ ബാധ്യത ആയി മാറും എന്ന സി കെ ഗോവിന്ദന്‍ നായരുടെ അഭിപ്രായം ഉദ്ധരിച്ചാണ്, രമേശന്‍ പ്രതികരിച്ചത്.
മുരളീധരനും പരസ്യമായി പറയാന്‍ ധൈര്യപ്പെട്ടു. അപ്പോഴാണ്, ലീഗിന്റെ കോട്ടകളില്‍ ഇളക്കമുണ്ടായത്. ലീഗിനെതിരെ രമേശനും മുരളിയും പറഞ്ഞത് വലിയ കാര്യമായി അവര്‍ ഉയര്‍ത്തികൊണ്ടു വന്നു.
ഇതുപോലെ തുടരാന്‍ ആകില്ല എന്നവര്‍ തീര്‍ത്തു പറഞ്ഞു. വീണുകിട്ടിയ അവസരം ഉപയോഗപ്പെടുത്തി കൂടുതല്‍ നേട്ടങ്ങള്‍ കൊയ്യാമെന്നവര്‍ കണക്കുകൂട്ടി. കസേര പോയാല്‍ ഉണ്ടാകുന്ന നഷ്ടമോര്‍ത്ത്, ഉമ്മന്‍ ചാണ്ടി മാത്രം ലീഗിനെ സാന്ത്വനിപ്പിക്കാന്‍ ശ്രമിച്ചു. പക്ഷെ അവര്‍ക്ക് സ്വാന്തനം അങ്ങ് ഡെല്‍ഹിയില്‍ നിന്നു തന്നെ വേണമെന്ന ശാഠ്യമുണ്ടായി. ഉമ്മന്‍ ചാണ്ടി അതിനും ശ്രമിച്ചു. പക്ഷെ ഡെല്‍ഹി ഇപ്രാവശ്യം കനിഞ്ഞില്ല. അതിന്റെ പ്രതിഫലനമായിരുന്നു ചന്ദ്രികയിലെ ലേഖനവും അതിനു വീക്ഷണം നല്‍കിയ മറുപടിയും.
പതിവു പോലെ ലീഗ് അടിയന്തര യോഗം ചേര്‍ന്നു. അതിലെ തീരുമാനങ്ങള്‍ ഇങ്ങനെ.
വരുന്ന തിരഞ്ഞെടുപ്പില്‍ ആവശ്യമെങ്കില്‍ ഒറ്റയ്ക്ക് മല്‍സരിക്കാനും തയ്യാറാണ്. ഇതിനായി തിരഞ്ഞെടുപ്പ് സമിതികള്‍ രൂപീകരിച്ച് മുന്നോട്ടു പോകും. നിലവിലെ പ്രശ്നത്തില്‍ ഹൈക്കമാന്‍ഡ് ഇടപെടുമെന്ന് പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല.
യുഡിഎഫ് സംവിധാനം ഒപ്പം വന്നില്ലെങ്കില്‍ ഒറ്റയ്ക്ക് തിരഞ്ഞെടുപ്പിനൊരുങ്ങുക മാത്രമാണ് പോംവഴി. കോണ്‍ഗ്രസിലെ ആഭ്യന്തരപ്രശ്നങ്ങള്‍ അവര്‍ തന്നെ പരിഹരിക്കണം.
മുസ്ലിം ലീഗെന്ന
ചത്ത കുതിരക്ക് പോകാന്‍ ഇഷ്ടം പോലെ ഇടങ്ങളുണ്ടെന്ന് കൂടെ കൂടെ പറയുന്ന ലീഗു നേതാക്കളും അനുയായികളും കേരളത്തിലെ രാഷ്ട്രീയ സാമുദായിക മണ്ഡലങ്ങളില്‍ ഉണ്ടാക്കിയിട്ടുള്ള പരുക്കുകള്‍ അനവധിയാണ്.
കോഴിക്കോട് സര്‍വകലാശാല സ്വകാര്യ സ്വത്തു പോലെ കൊണ്ടു നടക്കുന്നു. സര്‍വകലാശാലയുടെ സ്വത്തുക്കള്‍ കടലാസു സംഘടനകള്‍ക്കെതെഴുതികൊടുക്കുന്നു.
വൈസ് ചന്‍സലറെ പാണക്കാട്ടു തങ്ങളുടെ ആശ്രിതനായി കരുതുന്നു.
കോണ്‍ഗ്രസിൽ ഇന്നുണ്ടായിട്ടുള്ള പ്രശ്നങ്ങളുടെ പ്രഭവ കേന്ദ്രം ലീഗിലെ ഗ്രൂപ്പു വഴക്കാണ്. അത് മറച്ചു വച്ച് കോണ്‍ഗ്രസിലെ പ്രശ്നങ്ങളാണ്, യു ഡി എഫിലെ കുഴപ്പങ്ങള്‍ക്ക് കാരണമെന്ന് ലീഗ് പ്രചരിപ്പിക്കുകയാണ്. അരമുറി തേങ്ങയും തിന്നു ആശാരിച്ചിയേം കടിച്ചു. എന്നിട്ടും ലീഗെന്ന നായക്ക് മുറുമുറുപ്പാണ്.
പോകാന്‍ ഇടമുണ്ടെന്ന് വീമ്പടിക്കുന്ന ലീഗിനു പോകാന്‍ ഒരിടവുമില്ല. അതാണു കേവല സത്യം. കേരള കോണ്‍ഗ്രസിനെ ഇടതുമുന്നണി സ്വാഗതം ചെയ്യും. പക്ഷെ ലീഗിനെ അവര്‍ക്ക് വേണ്ട. പിന്നെ ലീഗെവിടെ പോകും?