Saturday 17 November 2012

ആന്റണി പറയാതെ പറഞ്ഞത്


1980 ല്‍ ഇടതുമുന്നണിയുമായി സഖ്യമുണ്ടാക്കിയ ശേഷം മാര്‍സ്കിസ്റ്റു പാര്‍ട്ടിയെ ഏറ്റവും കടുത്തഭാഷയില്‍ വിമര്‍ശിക്കുന്ന വ്യക്തിയാണ്, ശ്രീ എ കെ ആന്റണി. വി എസ് അച്യുതാനന്ദന്‍ വികസന വിരോധി ആണെന്നും  മാര്‍ക്സിസ്റ്റ് പാര്‍ട്ടി കേരളത്തിന്റെ വികസനം തടസപ്പെടുത്തുന്നു എന്നും ആരോപിച്ചിരുന്ന ആന്റണി ആ ആരോപണം പിന്‍വലിക്കുന്ന തരത്തില്‍  നടത്തിയ ചില പരാമര്‍ശങ്ങള്‍ യു ഡി എഫ് രാഷ്ട്രീയത്തെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചു. മാര്‍ക്സിസ്റ്റ് പാര്‍ട്ടിയെ കേരളത്തിന്റെ ആറടി മണ്ണില്‍ അടക്കിയാലേ കേരളം രക്ഷപെടൂ എന്ന് കൂടെക്കൂടെ പറയാറുള്ള ആന്റണിയുടെ  മലക്കം മറിച്ചില്‍ ഇടതുമുന്നണിയെപ്പോലും അമ്പരപ്പിച്ചു.

ഉമ്മന്‍ ചാണ്ടിയുടെ അതി വേഗം ബഹു ദൂരം എന്ന വിചിത്ര നിലപാടിന്റെ ആണിക്കല്ലിളക്കാന്‍ പോരുന്ന കാര്യങ്ങളാണ്, ആന്റണി പറഞ്ഞത്. വികസനം എന്ന പേരില്‍ കഴിഞ്ഞ ഒന്നര വര്‍ഷമായി കേരളത്തില്‍ കട്ടിക്കൂട്ടുന്ന ആഭാസത്തരത്തിന്റെ യഥാര്‍ത്ഥ മുഖം തുറന്നു കാട്ടുന്ന ആ പ്രസ്താവനക്കിടയില്‍ വായിക്കാവുന്ന മറ്റൊന്നു  കൂടി ഉണ്ട്.  ഉമ്മന്‍ ചാണ്ടിയുടെ നട്ടെല്ലില്ലായ്മയെയാണ്, ആന്റണി ലക്ഷ്യം വച്ചതും.

ആന്റണിയുടെ പ്രസംഗത്തിലെ പ്രസക്തഭാഗങ്ങള്‍   





>>>തിരുവനന്തപുരം ബ്രഹ്മോസില്‍ മിസൈല്‍ ഇന്റഗ്രേഷന്‍ യൂണിറ്റ് തുടങ്ങിയതില്‍ എനിക്ക് അഭിമാനമുണ്ട്. അതേസമയം, ചിലകാര്യങ്ങളില്‍ ഖേദവുമുണ്ട്. സ്വാതന്ത്ര്യം കിട്ടി 60 വര്‍ഷത്തിനുശേഷമാണ് സാക്ഷരകേരളത്തില്‍ പ്രതിരോധവകുപ്പിന്റെ ഒരു സ്ഥാപനം വരുന്നത്. ബ്രഹ്മോസ് ആണ് ആ സ്ഥാപനം. അന്നത്തെ എല്‍.ഡി.എഫ്. സര്‍ക്കാരിന്റെ വ്യവസായ മന്ത്രിയായ എളമരം കരീമിന്റെ പൂര്‍ണ പിന്തുണ എനിക്ക് കിട്ടി. ആരെയും അറിയിക്കാതെ ഞങ്ങള്‍ ദിവസങ്ങളോളം ചര്‍ച്ച നടത്തി. ചില ദേശീയ പത്രങ്ങള്‍ ഏറെ കഴിഞ്ഞ് ഇതറിഞ്ഞു. ഹൈദരാബാദിലെ ബ്രഹ്മോസിനെ പ്രതിരോധമന്ത്രി സ്വന്തം നാട്ടിലേക്ക് കൊണ്ടുപോകുന്നുവെന്നാരോപിച്ച് അവര്‍ മുഖപ്രസംഗമെഴുതി.

എന്നാല്‍ എല്‍.ഡി.എഫ്. സര്‍ക്കാറിന്റെ ശക്തമായ പിന്തുണയുള്ളതിനാല്‍ അത്തരം വിമര്‍ശനങ്ങളെ അതിജീവിക്കാന്‍ എനിക്ക് കഴിഞ്ഞു. മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദനും പിന്തുണ നല്‍കി. രാഷ്ട്രീയമായി രണ്ട് കോണുകളിലായിട്ടും 2006 മുതല്‍ 2011 വരെ പ്രതിരോധ വകുപ്പിന്റെ ഒട്ടേറെ പദ്ധതികള്‍ കേരളത്തില്‍ തുടങ്ങാന്‍ കഴിഞ്ഞു. എളമരം കരീമിന്റെ സഹകരണത്തെക്കുറിച്ച് വിശേഷിപ്പിക്കാന്‍ എന്റെ നിഘണ്ടുവില്‍ വാക്കുകളില്ല.

കഴിഞ്ഞ രണ്ടുവര്‍ഷമായി കേരളത്തിലെ സ്ഥിതി വ്യത്യസ്തമാണ്. പ്രതിരോധ വകുപ്പിന്റെ പ്രവര്‍ത്തനശൈലിയും കേരളത്തിലെ തൊഴില്‍ സാഹചര്യവും തമ്മില്‍ യോജിച്ചുപോകുന്നില്ല. കഴിഞ്ഞ ഒന്നര - രണ്ട് വര്‍ഷമായി കേരളത്തില്‍ പ്രതിരോധ സ്ഥാപനം തുടങ്ങാനാവാത്ത സ്ഥിതിയാണ്.<<<   


ആന്റണി പറഞ്ഞതിനെ നിസാരവത്കരിക്കാന്‍ പതിവു പോലെ ഉമ്മന്‍ ചാണ്ടിയും കൂട്ടരും പാഴ്ശ്രമം നടത്തി. ഉമ്മന്റെ വാക്കുകള്‍ ഇങ്ങനെ.

''ആന്റണിയുടെ പരാമര്‍ശം സര്‍ക്കാരിനെതിരേയല്ല. ബ്രഹ്മോസിലെ തൊഴില്‍ തര്‍ക്കങ്ങളുടെ പശ്ചാത്തലത്തിലാണ് അദ്ദേഹം അങ്ങനെ പരാമര്‍ശിച്ചിത്. ഞാന്‍ കൂടി പങ്കെടുത്ത വേദിയിലാണ് ആന്റണി പ്രസംഗിച്ചത്. പ്രസംഗത്തിന് മുമ്പും ശേഷവും ഞാന്‍ ആന്റണിയോട് സംസാരിച്ചിരുന്നു. ആന്റണി പറഞ്ഞ കാര്യങ്ങള്‍ ഓരോ മാധ്യമവും ഇഷ്ടാനുസരണമാണ് ചേര്‍ത്തത്. ബ്രഹ്മോസിലെ ട്രേഡ് യൂണിയന്‍ പ്രശ്‌നങ്ങള്‍ ആന്റണിയെ അലട്ടിയിരുന്നു. അതുകൊണ്ടാണ് അദ്ദേഹം അവിടെ പ്രസംഗിച്ചത്''

ആന്റണിയുടെ പ്രസംഗം അതിന്റെ പൂര്‍ണ്ണ രൂപത്തില്‍ ഇപ്പോഴും മലയാള മനോരമയുടെ ചാനലില്‍ ഉണ്ട്. മലയാളം മനസിലാകുന്ന ആര്‍ക്കും അത് വായിച്ച് മനസിലാക്കാം.

വളരെ 'സ്‌ട്രെയ്റ്റായി' കാര്യങ്ങള്‍ പറയുന്ന ആളാണ് എ.കെ. ആന്റണി എന്ന്  മന്ത്രി ആര്യാടന്‍ മുഹമ്മദ്. മുന്‍ എല്‍.ഡി.എഫ്. സര്‍ക്കാരിനെ എ.കെ.ആന്റണി പുകഴ്ത്തിയത് എന്തിനാണെന്ന് അറിയില്ല.എന്ന് കേന്ദ്ര മന്ത്രി വയലാര്‍ രവി. താന്‍ ഭരിക്കുന്ന പ്രവാസി കാര്യ വകുപ്പിന്റെ പണിയെന്താണ്, എന്നു പോലും രവിക്കറിയില്ല. പിന്നെങ്ങനെ ആന്റണി  എന്തുകൊണ്ട് മുന്‍ എല്‍.ഡി.എഫ്. സര്‍ക്കാരിനെ  പുകഴ്ത്തി എന്ന് അദ്ദേഹത്തിനു മനസിലാകും?


രവി തുടരുന്നു.




>>>എ.കെ.ആന്റണി സംസ്ഥാന സര്‍ക്കാരിനെ അധിക്ഷേപിച്ചിട്ടില്ല.  വി.എസ്. അച്യുതാനന്ദനെയും എളമരം കരീമിനെയും കുറിച്ച് ആന്റണി പറഞ്ഞത് അദ്ദേഹത്തിന്റെ മാത്രം അഭിപ്രായമാണ്.  

എമേര്‍ജിങ് കേരളയെ എതിര്‍ത്ത സി.പി.എമ്മിന്റെ നേതാവാണ് വി.എസ്.
എളമരം കരീം കേരളത്തില്‍ വ്യവസായം കൊണ്ടുവന്നിട്ടില്ല. വികസനത്തെ എല്ലാക്കാലത്തും എതിര്‍ത്തവരാണ് സി.പിഎമ്മുകാര്‍. 

എ.കെ.ആന്റണി കേന്ദ്രസര്‍ക്കാരിലെ രണ്ടാമനാണ്. അദ്ദേഹം സംസ്ഥാന സര്‍ക്കാരിനെതിരായി ഒന്നും പറഞ്ഞിട്ടില്ല.<<<< 


9 വര്‍ഷങ്ങളായി വിദേശ രാജ്യങ്ങളില്‍ കറങ്ങി നടക്കുന്നതുകൊണ്ട് വയലാര്‍ രവിക്ക് ഇപ്പോള്‍ മലയാളം മനസിലാകുന്നില്ല. പക്ഷെ മലയാളം മനസിലാകുന്ന കേന്ദ്ര മന്ത്രിമാരുമുണ്ട്.

വ്യാഖ്യാന ഫാക്റ്ററികള്‍ എന്തൊക്കെ പറഞ്ഞാലും ആന്റണിയുടെ വാക്കുകളുടെ  പൊരുള്‍ ഒന്നു മാത്രം. കഴിഞ്ഞ ഇടതുമുന്നണിയുടെ കാലത്തുണ്ടായിരുന്ന വ്യവസായ വികസനത്തിനുള്ള സൌഹൃദ അന്തരീക്ഷം  യു ഡി എഫ് സര്‍ക്കാരിന്റെ ഭരണത്തില്‍ ഇല്ല. അതെല്ലാവര്‍ക്കും മനസിലായിട്ടുണ്ട്. പക്ഷെ തുറന്നു പറയാനുള്ള ധൈര്യം കെ വി തോമസിനു മാത്രമേ ഉണ്ടായുള്ളു.

എ.കെ. ആന്റണി പറഞ്ഞത് പച്ചമലയാളമാണ്. അത് മനസ്സിലാകേണ്ടവര്‍ക്കെല്ലാം മനസ്സിലായിട്ടുണ്ട്.

"എളമരം കരീമും  വി എസ് അച്യുതാനന്ദനും കേരളത്തില്‍ 6 വ്യവസായങ്ങള്‍ കൊണ്ടു വന്നിട്ടുണ്ട്" എന്ന് അത് അനുവദിച്ച കേന്ദ്ര മന്ത്രി പറയുന്നു. 9 വര്‍ഷം കേന്ദ്രത്തിലെ ക്യാബിനറ്റ് റാങ്കുള്ള മന്ത്രി ആയിരുന്ന രവി കേരളത്തില്‍ ഒരു പദ്ധതി പോലും അനുവദിക്കാനോ അതിനു വേണ്ടി എന്തെങ്കിലും ചെയ്യാനോ ശ്രമിച്ചിട്ടില്ല. എങ്കിലും ധാര്‍ഷ്ട്യത്തിനും അഹന്തക്കും കുറവില്ല.


ആന്റണി പറഞ്ഞത് മാദ്ധ്യമങ്ങള്‍ ദുര്‍വ്യാഖ്യാനിച്ചതാണെന്ന് ഉമ്മന്‍ ചാണ്ടിയും കിങ്കരന്‍മാരും പാടി നടക്കുന്നുണ്ട്. ഈ വിവാദം കൊഴുക്കുമ്പോഴും ആന്റണി കേരളത്തില്‍ തന്നെയുണ്ട്. പൊതു വേദികളില്‍ പ്രത്യക്ഷപ്പെടുന്നുമുണ്ട്. ഈ വിഷയത്തേക്കുറിച്ച് ആന്റണി
കനത്ത മൗനത്തിലുമാണ്. സംസ്ഥാന ഭരണത്തോടുള്ള വിയോജിപ്പ് ആന്റണിയുടെ വാക്കുകളില്‍ വളരെ സ്​പഷ്ടമാണ്. എല്‍.ഡി.എഫ്. സര്‍ക്കാരിനെയും അന്നത്തെ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനെയും വ്യവസായ മന്ത്രി എളമരം കരീമിനെയും പ്രകീര്‍ത്തിച്ചത് ഉമ്മന്‍ ചാണ്ടി  സര്‍ക്കാരിനോടുള്ള അതൃ പ്തി രേഖപ്പെടുത്താന്‍ ഉദ്ദേശിച്ചു തന്നെയാണ്.


കഴിഞ്ഞ തിരഞ്ഞെടുപ്പിനെ യു.ഡി.എഫ്. നേരിട്ടത് വികസനവും കരുതലും എന്ന മുദ്രാവാക്യം മുന്നോട്ടുവെച്ചായിരുന്നു. ഭരണത്തിലേറിയപ്പോള്‍ അത് അതി വേഗം ബഹുദൂരം എന്നായി മാറി  അതി വേഗം കേരളം മുഴുവന്‍ ഓടി നടന്ന് പണ്ടത്തെ രാജാക്കന്‍മാരേപ്പോലെ ആനുകൂല്യങ്ങള്‍ വിതരണം ചെയ്യുന്നതല്ലാതെ  ഒരു വികസനവും ഇവിടെ ഉണ്ടാകുന്നില്ല. പക്ഷെ വിവാദങ്ങള്‍ ഏറെയുണ്ടാകുന്നു. എമെര്‍ജിംഗ് കേരള എന്ന പേരില്‍ മുസ്ലിം ലീഗിനാഭിമുഖ്യമുള്ള സ്വകാര്യ വ്യക്തികള്‍ക്ക് സര്‍ക്കാര്‍ ഭൂമി വിതരണം ചെയ്യുന്ന  'വികസനം' നടക്കുന്നുണ്ട്. അഞ്ചാം മന്ത്രി വിഷയം മുതല്‍ ലീഗ് അനര്‍ഹമായ പലതും നേടുന്നുണ്ട് എന്നത് എല്ലാവര്‍ക്കും അറിയാം. ലീഗിന്റെ പ്രസിഡണ്ടിന്റെ പേരിലുള്ള  സംഘടനക്കു വരെ സര്‍ക്കാര്‍ ഭൂമി  കൊടുക്കുന്ന അവസ്ഥയൊക്കെ ആന്റണിക്കും മനസിലാകുന്നുണ്ട്. ലീഗാണു കേരളം ഭരിക്കുന്നതെന്ന് ഒരു ലീഗു മന്ത്രി തന്നെ പൊതു വേദിയില്‍ അവകാശപ്പെടുന്ന  അവസ്ഥ വരെ അത് ചെന്നെത്തി. ലീഗിനേ ചുറ്റിപ്പറ്റി ഉണ്ടായ സാമുദായിക ധ്രുവീകരണം കേരളത്തിന്റെ പുരോഗമനത്തെ പിന്നോട്ടടിക്കുന്നു എന്ന സത്യം മനസിലാക്കിയ ആന്റണിക്ക് ഇനിയും മൌനി ആയിരിക്കാന്‍ ആകില്ല എന്നിടത്ത് എത്തി.

മുഖ്യമന്ത്രി ആയിരുന്ന കാലത്ത് ഘടകകക്ഷികളിലെ തോന്ന്യാസങ്ങളെ ആന്റണി വച്ചു പൊറുപ്പിച്ചിരുന്നില്ല.  പൊതുതാല്‍പര്യത്തിനു നിരക്കാത്ത പദ്ധതികള്‍ മാറ്റിവെച്ച് ഘടകകക്ഷികളുടെ  നീരസം സമ്പാദിച്ച ചരിത്രവും അദ്ദേഹത്തിനുണ്ട്. മുസ്ലിം ലീഗ് അനര്‍ഹമായ പലതും  ഭീക്ഷണിയിലൂടെ നേടുന്നു എന്ന് മുഖ്യമന്ത്രി ആയിരുന്നപ്പോള്‍ അദ്ദേഹത്തിനു നേരിട്ട അനുഭവമുണ്ട്. അന്നത് തുറന്നു പറഞ്ഞപ്പോഴായിരുന്നു അദ്ദേഹത്തിനു  രാജി വച്ചു പോകേണ്ടി വന്നത്.

 ബ്രഹ്മോസിലെ തൊഴിൽ പ്രശ്​നമാണ് ആന്റണിയെ പ്രകോപിപ്പിച്ചതെന്ന് പറഞ്ഞ്  പ്രശ്​നം ലഘൂകരിക്കാൻ പലരും ശ്രമിക്കുന്നുണ്ടെങ്കിലും  ഉമ്മൻചാണ്ടി മന്ത്രിസഭയ്ക്കെതിരായ കുറ്റപത്രം തന്നെയാണെന്ന് മനസിലാക്കാന്‍ വലിയ ബുദ്ധിയൊന്നും വേണ്ട. മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെയും വ്യവസായ മന്ത്രി കുഞ്ഞാലിക്കുട്ടിയെയും വേദിയിലിരുത്തിക്കൊണ്ടാണ് ഒന്നര  വർഷമായി സംസ്ഥാനത്ത് വ്യവസായ അന്തരീക്ഷം മോശമായിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞത്. അതും എമർജിംഗ് കേരള നടത്തി സംസ്ഥാനത്തിന് പുതിയ വ്യവസായ കുതിപ്പുണ്ടാക്കിയെന്ന് ഉമ്മന്‍ ചാണ്ടിയും കുഞ്ഞാലിക്കുട്ടിയും പാടി നടക്കുമ്പോള്‍..,.

 വി.എസ്. അച്യുതാനന്ദനെയും  എളമരം കരീമിനെയും ആന്റണി പ്രകീർത്തിക്കുമ്പോള്‍,  ഉമ്മൻചാണ്ടിയും കുഞ്ഞാലിക്കുട്ടിയും ഒന്നും ചെയ്യുന്നില്ലെന്നാണ് അദ്ദേഹം പറഞ്ഞതിന്റെ അര്‍ത്ഥം. ആന്റണി പച്ച മലയാളത്തിൽ പറഞ്ഞത് എല്ലാവർക്കും മനസ്സലായി എന്നു കേന്ദ്രമന്ത്രി കെ.വി. തോമസ് പറഞ്ഞതിന്റെ പൊരുളും അതാണ്.

മുസ്ലിം  ലീഗും  മാണിഗ്രൂപ്പും ചെലുത്തുന്ന സമ്മർദ്ദ തന്ത്രങ്ങള്‍ക്ക് മുമ്പില്‍ ഉമ്മന്‍ ചാണ്ടി എന്ന മുഖ്യമന്ത്രി നിസഹായനാകുന്ന കാഴ്ച്ച ആരെയും അമ്പരപ്പിക്കുന്നതാണ്. ലീഗ് എന്തു പറഞ്ഞാലും, അവര്‍ക്കത് പറയാന്‍ അവകാശമുണ്ടെന്നാണ്, ഉമ്മന്‍ ചാണ്ടിയും  രമേശ് ചെന്നിത്തലയും  അഭിപ്രായപ്പെടാറുള്ളതും. കേരള ചരിത്രത്തിലെ ഏറ്റവും  ബലഹീനനായ മുഖ്യമന്ത്രി ആയി ഉമ്മന്‍ ചാണ്ടി മാറുന്ന ദയനീയ കാഴ്ച്ച മലയാളികളോടൊപ്പം ആന്റണിയും കാണുന്നുണ്ട്. ഘടകകക്ഷികൾ എല്ലാ ദിവസവും കോൺഗ്രസിനുമേൽ കുതിരകയറുന്നു. ന്യൂനപക്ഷങ്ങൾ സമ്മർദ്ദശക്തിയായി മാറിയപ്പോൾ ഭൂരിപക്ഷ സമുദായങ്ങൾ കോൺഗ്രസിൽ നിന്നും യു.ഡി.എഫിൽ നിന്നും അകലുന്നു. അതും ആന്റണിയെ ഉത്കണ്ഠാകുലനാക്കിയിരുന്നു. ഒരിക്കലും ഉണ്ടാകാത്ത വിധത്തില്‍ സാമുദായിക ചിന്ത കേരള സമൂഹത്തില്‍ വളര്‍ത്തുന്നതില്‍ ഇന്നത്തെ കോണ്‍ഗ്രസ് നേതൃത്വം ചെറുതല്ലാത്ത സംഭാവനകളാണ് നല്‍കിയിട്ടുള്ളത്. വികസനത്തിന്റെ  പേരില്‍ കാട്ടുന്നതൊക്കെയും അഴിമതിയായി മാറുന്നു. പൊതുമേഖലയിലെ വികസന പരിപാടികളല്ല, അഴിമതിക്കായുള്ള ആസൂത്രണങ്ങളാണ് കേരളത്തില്‍ നടക്കുന്നതെന്ന് വ്യക്തമായിക്കഴിഞ്ഞു. ഘടകകക്ഷികള്‍ മുഖ്യകക്ഷിക്കുമേല്‍ മേല്‍ക്കൈ നേടിയെന്നു മാത്രമല്ല, അവരത് പരസ്യമായി പറയാനും മടിക്കുന്നില്ല.



വ്യവസായികള്‍ക്കും  നിക്ഷേപകര്‍ക്കും പരവതാനി വിരിച്ച്   കോടികള്‍ മുടക്കി ‘എമര്‍ജിംഗ് കേരള’ പോലുള്ള ധൂര്‍ത്ത്  നടത്തിയവരെ മുന്നിലിരുത്തിയാണ് കഴിഞ്ഞ രണ്ടുകൊല്ലത്തിനിടയില്‍ ഒരു പദ്ധതിയും തന്റെ  മുന്നില്‍ സമര്‍പ്പിച്ചിട്ടില്ല എന്ന് ആന്‍റണി തുറന്നടിച്ചത്.  കേന്ദ്രപദ്ധതികള്‍ വേണ്ട,  കച്ചവട സാധ്യതയുള്ള പദ്ധതികള്‍ മാത്രം മതി എന്ന ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ വികല സമീപനത്തെയാണ്, ആന്റണി വിമര്‍ശിക്കുന്നതും.  വികസന നായകൻ എന്ന ഉമ്മൻചാണ്ടിയുടെ പ്രതിച്ഛായയെ കരി വാരി തേക്കുകയാണ്, അന്റണി ചെയ്തത്. മെട്രോ പദ്ധതി അടക്കം സർക്കാരിന്റെ പ്രവർത്തനങ്ങളിൽ ആന്റണിക്ക് വിയോജിപ്പുണ്ട്. പൊതുമേഖലാ സ്ഥാപനങ്ങളെ പൂർണമായും അവഗണിച്ചുകൊണ്ട് സ്വകാര്യ സംരംഭകർക്ക് പിറകെ പോകുന്ന നിലപാ‌ടിനോടും എതിർപ്പുണ്ട്.

കേരളത്തില്‍നിന്ന് എട്ടു മന്ത്രിമാര്‍ ഇപ്പോള്‍ കേന്ദ്രമന്ത്രിസഭയിലുണ്ട്. മറ്റ് സംസ്ഥാനങ്ങളിലെ മന്ത്രിമാര്‍ ചെയ്യുന്നതുപോലെ, അല്ലെങ്കില്‍ ആന്റണി ചെയ്ത പോലെ ഓരോരുത്തര്‍ ഓരോ പദ്ധതി വര്‍ഷത്തിലൊരിക്കല്‍ കൊണ്ടുവന്നാല്‍ കേരളം അതി വേഗം ബഹുദൂരം മുന്നോട്ടു പോയേനെ. അതിവേഗം ബഹുദൂരം എന്ന് പരസ്യപ്പെടുത്തുന്ന ഈ സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം ഒരു  പുതിയ വ്യവസായത്തിനും തുടക്കമിട്ടില്ല. പുതിയ ഒരു പദ്ധതിയും കേന്ദ്രസര്‍ക്കാറിനുമുന്നില്‍ സമര്‍പ്പിച്ചില്ല.വി എസ് സര്‍ക്കാര്‍  സമര്‍പ്പിച്ച കൊച്ചി മെട്രോയെ അട്ടിമറിച്ച് കമ്മീഷന്‍ അടിച്ചു മാറ്റാന്‍ ഉമ്മനും കൂട്ടരും നടത്തിയ വൃത്തികെട്ട കളികള്‍ കേരള ജനത പരാജയപ്പെടുത്തി.


ഈ സര്‍ക്കാരിന്റെ നേട്ടങ്ങള്‍ ഇവയാണ്.

ബസ് യാത്രാനിരക്ക് കൂട്ടി, വൈദ്യുതി നിരക്ക് കൂട്ടി, ഇന്ധനവില കൂട്ടി, പാല്‍ വില   കൂട്ടി. പവര്‍ കട്ട് ഏര്‍പ്പെടുത്തി.  ജാതിമത ശക്തികളുടെ ദുസ്വാധീനം അനുദിനം വര്‍ദ്ധിച്ചു വരുന്നു.

കഴിഞ്ഞ സര്‍ക്കാര്‍ ഒറ്റ ദിവസം പോലും പവര്‍ കട്ട് ഏര്‍പ്പെടുത്തിയിരുന്നില്ല. ജനജീവിതം ദുസ്സഹമാക്കിയിട്ടും ഈ  സര്‍ക്കാറിന് ഒരു കൂസലുമില്ല.



ഉമ്മന്‍ ചണ്ടിയുടെയും ഘടക കക്ഷി നേതാക്കളുടെയും പ്രതികരണം ചൂണ്ടിക്കാട്ടുന്നത് ആന്‍റണി പറഞ്ഞത് ഉള്‍ക്കൊള്ളാനുള്ള മനസ്ഥിതി അവര്‍ക്കില്ല എന്നാണ്. നന്നാകാന്‍ തയ്യാറില്ല എന്നതാണ് അവര്‍ നല്‍കുന്ന സന്ദേശം.

ആന്‍റണിയുടെ പ്രസ്താവന കോണ്‍ഗ്രസിലെ ഗ്രൂപ്പിസത്തെയും ചൂടുപിടിപ്പിക്കുന്നുണ്ട്. ആന്‍റണിവിരുദ്ധരും  ഉമ്മന്‍ചാണ്ടി വിരുദ്ധരും രംഗത്തെത്തി. കിട്ടിയ അവസരം മുതലാക്കി ദീര്‍ഘവീക്ഷണത്തോടെ കരുക്കള്‍ നീക്കാന്‍ പലരുമിറങ്ങിയിട്ടുമുണ്ട്.  ഉമ്മൻചാണ്ടിക്കെതിരായ കോൺഗ്രസിനുള്ളിലെ നീക്കങ്ങൾക്ക് ആന്റണിയുടെ വിമർശനം ശക്തി പകരും. ഇപ്പോള്‍ തന്നെ ചാരക്കേസില്‍ ഉമ്മന്‍ ചാണ്ടിയെ പ്രതികൂട്ടില്‍ നിറുത്താനുള്ള ശ്രമം മുരളീധരന്റെ ഭാഗത്തുനിന്നുണ്ട്.

ആന്റണിയുടെ പരാമര്‍ശങ്ങളില്‍ പ്രതിപക്ഷത്തിന് ആശ്വസിക്കാന്‍ ഏറെയുണ്ട്.  വി.എസ്. അച്യുതാനന്ദന്‍ വികസന വിരുദ്ധനാണെന്നതായിരുന്നു ഐക്യമുന്നണിയുടെ പ്രചാരണങ്ങളില്‍ പ്രധാനമായത്. ആ അച്യുതാനന്ദന്റെ  വികസന താല്‍പര്യങ്ങളെ ആന്‍റണി തന്നെ വാനോളം പുകഴ്ത്തി. പറഞ്ഞത് ആന്‍റണിയാണെന്നതിനാല്‍ അതിനു വിശ്വാസ്യതയും ഏറെയാണ്.


ആന്റണി പറഞ്ഞത്  അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായമാണെന്ന് വയലര്‍ രവി പറഞ്ഞതില്‍ നിന്ന് പലതും വായിച്ചെടുക്കാം. ആന്റണി  സോണിയ ഗാന്ധിയുടെ വിശ്വസ്ഥനാണ്. ഭരണത്തിലും  പാര്‍ട്ടിയിലും ആന്റണിയുടെ വാക്കുകള്‍ക്ക്  എപ്പോഴും  ബഹുമാനമുണ്ട്. അതറിയുന്ന രവി ഒരു മുഴം നീട്ടിയെറിയുകയാണ്. കേന്ദ്ര സർക്കാരിനും കോൺഗ്രസ് ഹൈക്കമാൻഡിനും കേരള സർക്കാരിന്റെ പ്രവർത്തന രീതിയോടുള്ള അതൃപ്‌തി കൂടിയാണ് ആന്റണിയുടെ കഴിഞ്ഞ ദിവസത്തെ പ്രതികരണമെന്ന് വ്യാഖ്യാനമുണ്ടായി. അങ്ങനെയല്ല എന്നു സ്ഥാപിക്കാന്‍   ശ്രമിക്കുന്നു  എന്ന്‍  രവി അഭിനയിക്കുകയാണ്.  ഭരണത്തിലും പാർട്ടിയിലും കേരള വിഷയത്തിൽ അവസാന വാക്കായ ആന്റണി തൊടുത്തുവിട്ട വിമര്‍ശനം  ഉമ്മൻചാണ്ടിക്കും കൂട്ടർക്കുമുള്ള മുന്നറിയിപ്പാണെന്ന് അറിയാവുന്ന രവി  സ്വയം ആശ്വസിക്കുകയൊന്നുമല്ല. കളം അറിഞ്ഞു കളിക്കുകയാണ്. ആന്റണിക്ക് എതിര്‍പ്പുണ്ടായാല്‍ ഉമ്മന്‍ ചാണ്ടിയുടെ നില പരുങ്ങലിലാകും. പിന്നെ പുതിയ ഒരു നേതാവ് എമെര്‍ജ് ചെയ്യാതെ പറ്റില്ല.   ഉമ്മന്‍ ചാണ്ടി മാറേണ്ടി വന്നാല്‍ മുഖ്യമന്ത്രി  സ്ഥാനത്തേക്ക്  താനും ഒരു സ്ഥാനാര്‍ത്ഥി ആകുമെന്ന് അദ്ദേഹം കണക്കു കൂട്ടുന്നു.



6 comments:

kaalidaasan said...

ആന്റണിയുടെ പരാമര്‍ശങ്ങളില്‍ പ്രതിപക്ഷത്തിന് ആശ്വസിക്കാന്‍ ഏറെയുണ്ട്. വി.എസ്. അച്യുതാനന്ദന്‍ വികസന വിരുദ്ധനാണെന്നതായിരുന്നു ഐക്യമുന്നണിയുടെ പ്രചാരണങ്ങളില്‍ പ്രധാനമായത്. ആ അച്യുതാനന്ദന്റെ വികസന താല്‍പര്യങ്ങളെ ആന്‍റണി തന്നെ വാനോളം പുകഴ്ത്തി. പറഞ്ഞത് ആന്‍റണിയാണെന്നതിനാല്‍ അതിനു വിശ്വാസ്യതയും ഏറെയാണ്.


ആന്റണി പറഞ്ഞത് അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായമാണെന്ന് വയലര്‍ രവി പറഞ്ഞതില്‍ നിന്ന് പലതും വായിച്ചെടുക്കാം. ആന്റണി സോണിയ ഗാന്ധിയുടെ വിശ്വസ്ഥനാണ്. ഭരണത്തിലും പാര്‍ട്ടിയിലും ആന്റണിയുടെ വാക്കുകള്‍ക്ക് എപ്പോഴും ബഹുമാനമുണ്ട്. അതറിയുന്ന രവി ഒരു മുഴം നീട്ടിയെറിയുകയാണ്. കേന്ദ്ര സർക്കാരിനും കോൺഗ്രസ് ഹൈക്കമാൻഡിനും കേരള സർക്കാരിന്റെ പ്രവർത്തന രീതിയോടുള്ള അതൃപ്‌തി കൂടിയാണ് ആന്റണിയുടെ കഴിഞ്ഞ ദിവസത്തെ പ്രതികരണമെന്ന് വ്യാഖ്യാനമുണ്ടായി. അങ്ങനെയല്ല എന്നു സ്ഥാപിക്കാന്‍ ശ്രമിക്കുന്നു എന്ന്‍ രവി അഭിനയിക്കുകയാണ്. ഭരണത്തിലും പാർട്ടിയിലും കേരള വിഷയത്തിൽ അവസാന വാക്കായ ആന്റണി തൊടുത്തുവിട്ട വിമര്‍ശനം ഉമ്മൻചാണ്ടിക്കും കൂട്ടർക്കുമുള്ള മുന്നറിയിപ്പാണെന്ന് അറിയാവുന്ന രവി സ്വയം ആശ്വസിക്കുകയൊന്നുമല്ല. കളം അറിഞ്ഞു കളിക്കുകയാണ്. ആന്റണിക്ക് എതിര്‍പ്പുണ്ടായാല്‍ ഉമ്മന്‍ ചാണ്ടിയുടെ നില പരുങ്ങലിലാകും. പിന്നെ പുതിയ ഒരു നേതാവ് എമെര്‍ജ് ചെയ്യാതെ പറ്റില്ല. ഉമ്മന്‍ ചാണ്ടി മാറേണ്ടി വന്നാല്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് താനും ഒരു സ്ഥാനാര്‍ത്ഥി ആകുമെന്ന് അദ്ദേഹം കണക്കു കൂട്ടുന്നു.

മലക്ക് said...

ബ്രഹ്മോസിന്റെ കാര്യത്തിൽ മാത്രമല്ല, ഏതു കേന്ദ്ര പദ്ധതി അനുവദിച്ചാലും അതിന്റെ നടത്തിപ്പിൽ സംസ്ഥാന സർക്കാർ കാണിക്കുന്ന തികഞ്ഞ അലംഭാവവും ഉത്തരവാദിത്വമില്ലായ്മയും ഇന്ന് പൊതുസമൂഹത്തിന്റെ സ്ഥിരം ചർച്ചാവിഷയമാണ്. കേന്ദ്രാവഗണനയെക്കുറിച്ച് നിരന്തരം ആക്ഷേപങ്ങൾ ചൊരിയുമ്പോൾത്തന്നെ അനുവദിക്കപ്പെട്ട പല പദ്ധതികളുടെയും ഇന്നത്തെ സ്ഥിതിയോർത്ത് ഭരണാധികാരികൾ ലജ്ജിച്ച് തലതാഴ്ത്തേണ്ട സ്ഥിതിയാണുള്ളത്. കേന്ദ്ര പദ്ധതികൾ അനുവദിക്കപ്പെടുമ്പോൾ അവ സമയബന്ധിതമായി നടപ്പിലാക്കുമെന്ന് ഉറപ്പുവരുത്തേണ്ട ചുമതല സംസ്ഥാന സർക്കാരിന്റേതാണ്. സ്ഥലം ഏറ്റെടുക്കേണ്ടതും പശ്ചാത്തല സൗകര്യങ്ങൾ ഏർപ്പെടുത്തേണ്ടതും തൊഴിൽ പ്രശ്നങ്ങളുണ്ടായാൽ പരിഹരിക്കേണ്ടതും സംസ്ഥാന സർക്കാരാണ്. നിർഭാഗ്യവശാൽ ഈവക സംഗതികളിൽ സംസ്ഥാന സർക്കാരിന്റെ പ്രവർത്തന മികവ് പലപ്പോഴും ശരാശരിയിലും താഴെയാണ്.

കൊച്ചി മെട്രോയെച്ചൊല്ലി അന്യോന്യം വിവാദ പ്രസ്താവനകൾ പുറപ്പെടുവിക്കുന്നതല്ലാതെ ക്രിയാത്മകമായ നടപടികളൊന്നും ഉണ്ടാകുന്നില്ല. പദ്ധതിക്ക് പാരവച്ച ഉദ്യോഗസ്ഥപ്രമാണി സർക്കാരിന്റെ വിശദീകരണ നോട്ടീസിനുപോലും മറുപടി നൽകാൻ തയ്യാറായില്ല - അത്രയ്ക്കുണ്ട് ഭരണത്തിന്റെ കേമത്തം.

സ്വാമിനാഥന്റെ മേൽനോട്ടത്തിൽ രൂപം നൽകിയ കുട്ടനാട് പാക്കേജിന്റെ ഇപ്പോഴത്തെ സ്ഥിതി പറയാതിരിക്കുകയാണു ഭേദം. പദ്ധതി നടപ്പാക്കാനാവശ്യമായ പണത്തിന്റെ സിംഹപങ്കും കേന്ദ്രം നൽകാമെന്നു വാഗ്ദാനമുണ്ടായിരുന്നു. എന്നാൽ സമയത്തും കാലത്തും പദ്ധതി രേഖകൾ സമർപ്പിക്കാനോ അനുവദിച്ച പണം ചെലവഴിക്കാനോ കഴിഞ്ഞില്ല.

kaalidaasan said...

മലക്ക്,

സര്‍ക്കാരിന്റെ ഭാഗത്ത് കെടുകാര്യസ്ഥത ഉണ്ട്.

ആന്റണി ഉന്നയിച്ച വിഷയം അതല്ല. സി പി എം വികസനത്തിനെതിരെയെന്നും വി എസ് വികസന വിരോധിയെന്നും  പ്രചരിപ്പിച്ചായിരുന്നു, ഇപ്പോഴത്തെ സര്‍ക്കാര്‍ അധികാരത്തിലേറിയത്. അതിനു ശേഷവും അവര്‍ ഉയര്‍ത്തിയ മുദ്ര വാക്യം ഇതു തന്നെയായിരുന്നു. എമെര്‍ജിംഗ് കേരള എന്ന പേരില്‍ നടത്തുന്ന കച്ചവടത്തിനു മറപിടിക്കാന്‍ ഇതേ ആയുധം ഉപയോഗിച്ചു. അപ്പോഴും ആന്റണി രഹസ്യമായി ഉമ്മന്‍ ചാണ്ടിയെ വിളിച്ച് കാര്യങ്ങള്‍ പറഞ്ഞതല്ലാതെ പരസ്യമായി പ്രതികരിച്ചിരുന്നില്ല.വികസനം വികസനം എന്നു പറഞ്ഞു പാഞ്ഞു നടക്കുന്നതല്ലതെ യാതൊരു വിധ വികസനവും നടക്കുന്നില്ല. എങ്കിലും ഉമ്മനും കുഞ്ഞാലിക്കും ധര്‍ഷ്ട്യത്തിനൊരു കുറവുമില്ല.

സി പി എം വികസനത്തിനെതിരെയാണെന്ന് തെളിയിക്കുന്നതിനു പകരം കോണ്‍ഗ്രസ് വികസനത്തിനൌകൂലമാണെന്നു തെളിയിക്കേണ്ടതുണ്ട് എന്നായിരുന്നു ആന്റണിയുടെ നിലപാട്. വി എസിന്റെ പിന്നാലെ വൈര്യനിര്യാതനം കൊണ്ട് നടന്നിട്ട് ഫലമില്ല എന്ന് ആന്റണി ഇവരോടു പറഞ്ഞതായിരുന്നു. പക്ഷെ അതൊന്നും ഉമ്മനും കുഞ്ഞാലിയുമൊന്നും ചെവിക്കൊണ്ടില്ല. ഇപ്പോഴിതാ വി എസിനെ വീഴ്ത്താന്‍ വിവരാകാശകമ്മീഷണര്‍ക്കെതിരെ വരെ കേസെടുക്കുന്നു. അതുകൊണ്ട് ഒരു പക്ഷെ വി എസിന്റെ സല്‍പ്പേരിനു കളങ്കമുണ്ടാക്കാമായിരിക്കാം. പക്ഷെ അതുകൊണ്ടൊന്നും ഒരു തെരഞ്ഞെടുപ്പും ജയിക്കാനാകില്ല.

ആന്റണി പ്രതികരിച്ചതുകൊണ്ടൊന്നും  ഒരു മറ്റവും ഉണ്ടാകാന്‍ പോകുന്നില്ല. പറയേണ്ടിടത്ത് കാര്യങഗള്‍ പറയുമെന്നൊക്കെ ഭീക്ഷണിപ്പെടുത്തിയ ലീഗിന്റെ പത്തി താഴ്ന്നു. ഇ ബ് ഹരണ്മ തുടങ്ങിയപ്പോള്‍ മുതല്‍ പത്തി വിരിച്ചാടുന്ന ലീഗിനു കിട്ടേണ്ട അടി തന്നെയാണ്, ആന്റണി നല്‍കിയത്. കരീമിനെയും  വി എസിനെയും പറ്റി ആന്റണി പറഞ്ഞതൊക്കെ അപ്പാടെ നിലനില്‍ക്കുന്നു. ഒന്നും തിരുത്തിയിട്ടില്ല. കുഞ്ഞാലിയെ ഒന്നു പുകഴ്ത്തിയപ്പോഴേക്കും ലീഗിനും സന്തോഷം.

ഇപ്പോള്‍ ആര്യാടന്‍ പറയുന്നത് ഹൈ വേകള്‍ക്ക് 70 മീറ്റര്‍ വീതി വേണമെന്നാണ്. ഭാവി തലമുറക്കു വേണ്ടിയാണത്രെ അത്. ഇപ്പോള്‍ തന്നെ വാഹന ബാഹുല്യം കൊണ്ട് കേരളത്തിലെ ഒരു റോഡിലും നിന്നു തിരിയാന്‍ ഇടമില്ല. അത് പരിഹരിക്കന്‍ വേണ്ടത് മെറ്റ്രോ പോലുള്ള പദ്ധതികളും ഇപ്പോഴുള്ള റെയില്‍ സൌകര്യം പരമാവധി ഉപയോഗപ്പെടുത്തലുമാണ്. 30 മീറ്ററിലധികം വീതിയുള്ള ഒരു റോഡും കേരളത്തിലാവശ്യമില്ല എന്നതാണു വാസ്തവം. പരമാവധി 40 മീറ്റര്‍ മതി. ഇവരുടെ ഒക്കെ മനസിലിരുപ്പ് വേറെയാണ്. നാടു നന്നാക്കലല്ല.

ആന്റണി ഇപ്പോള്‍ പരാമര്‍ശിച്ച പ്രതിരോധ പദ്ധതികള്‍ കൊണ്ട് സാധാരണ ജനതക്ക് പ്രത്യേക ഗുണമൊന്നുമില്ല. സാധാരണക്കാര്‍ക്ക് വേണ്ട കാര്യങ്ങള്‍ ചെയ്തതില്‍ ആന്റണിയേക്കാളും മുന്നില്‍ രാജഗോപാലാണ്. ഒരു റെയില്‍വേ ഡിവിഷനും കൂടുതല്‍ ട്രെയിനുകളുമാണ്, കേരളത്തിലെ യാത്രാ പ്രശ്നം പരിഹരിക്കാന്‍ ഏറ്റവും അനുയോജ്യം.

kaalidaasan said...

ആന്റണി പറഞ്ഞത് എവിടെയാണു കൊണ്ടതെന്ന് ഇപ്പോള്‍ മനസിലാകുന്നു. ചന്ദ്രിക അസിസ്റ്റന്റ് ന്യൂസ് എഡിറ്ററും യൂത്ത് ലീഗ്‌നേതാവുമായ നജീബ് കാന്തപുരം എഡിറ്റോറിയല്‍ പേജിലെഴുതിയ ലേഖനത്തിലാണതിന്റെ അലയൊലി കാണുന്നത്.

മുസ്ലിം ലീഗിന്റെ മുഖ പത്രത്തിലെ ലേഖനത്തിന്റെ പ്രസക്ത ഭാഗങ്ങള്‍..

ആന്റണിക്ക് രൂക്ഷവിമര്‍ശവുമായി ലീഗ് മുഖപത്രത്തില്‍ ലേഖനം

വികസന സ്വപ്നങ്ങള്‍ക്ക് ചിറക് നല്‍കാന്‍ ഉമ്മന്‍ചാണ്ടി വിശ്രമമില്ലാതെ കഠിനാധ്വാനം ചെയ്യുമ്പോള്‍ കോണ്‍ഗ്രസ് നേതാവ് ഇത്തരത്തില്‍ പ്രതികരിക്കുന്നത് ദുരൂഹമാണ്.

'കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന്റെ ഭരണപരാജയം അക്കമിട്ട് നിരത്തി വിമര്‍ശിച്ചയാളാണ് ആന്റണി. വി.എസ്സിനെ പേരെടുത്ത് വിമര്‍ശിച്ച് കൈയടി വാങ്ങാന്‍ ഉപയോഗിച്ച വാക്കുകളുടെ മഷിയുണങ്ങും മുമ്പാണ് വി.എസ്സിനെയും എളമരം കരീമിനെയും പ്രകീര്‍ത്തിച്ച് ആന്റണി രംഗത്ത് വന്നത്.

വിവാദങ്ങളല്ലാതെ വികസനം നടന്നിട്ടില്ലെന്ന് സി.പി.എം. സമ്മതിച്ചതാണ്. കേരളത്തിന് വികസന അജന്‍ഡ തയാറാക്കാന്‍ ഇടതുപക്ഷത്തിന് കഴിഞ്ഞിട്ടില്ലെന്നും പറഞ്ഞിരുന്നു. ആന്റണിയുടെ പ്രകീര്‍ത്തനത്തില്‍ അവര്‍ തന്നെ അമ്പരന്ന് കാണും. യു.ഡി.എഫ്. ഭരണത്തിന്റെ ഒന്നര വര്‍ഷം പിന്നിടുമ്പോള്‍ ഇത്തരമൊരു വെളിപാട് ആന്റണിക്ക് എങ്ങനെ ഉണ്ടായെന്നറിയില്ല. ആന്റണിയുടെ ഇപ്പോഴത്തെ പ്രസ്താവന യു.ഡി.എഫിനെയും ജനകോടികളെയും അപമാനിക്കുന്നതാണ്. ആന്റണിയുടെ പ്രശംസയ്ക്ക് ഭാഗ്യം ലഭിച്ച എളമരം കരീം ഏറ്റവുമേറെ വിമര്‍ശനം ഏറ്റുവാങ്ങിയ മന്ത്രിയായിരുന്നു.

'എമര്‍ജിങ് കേരള' പോലുള്ള വ്യത്യസ്ത പദ്ധതികള്‍ക്ക് രൂപം നല്‍കിയത് യു.ഡി.എഫ്. സര്‍ക്കാറാണ്. കേരളത്തിലെ വ്യാവസായിക അന്തരീക്ഷം പ്രതീക്ഷാനിര്‍ഭരമായ തരത്തില്‍ മാറുമ്പോള്‍ കേരളത്തിന്റെ വളര്‍ച്ച പിന്നോട്ടടിപ്പിക്കാനേ ആന്റണിയുടെ പരാമര്‍ശം ഉപകരിക്കൂ. പ്രതിരോധ മന്ത്രിയാവുന്നതിന് മുമ്പും പ്രഹരശേഷിയുള്ള ബോംബാക്രമണം നടത്തുന്നതില്‍ മുമ്പനായിരുന്നു ആന്റണി. ന്യൂനപക്ഷം അവിഹിതമായി പലതും തട്ടിയെടുക്കുന്നുവെന്ന അദ്ദേഹത്തിന്റെ പ്രസ്താവന സാമൂഹിക സന്തുലിതാവസ്ഥ താറുമാറാക്കുന്ന രീതിയില്‍ മാനസിക വിഭജനത്തിന് വഴിമരുന്നിട്ടു.


അങ്ങനെ ആന്റണിയും സംഘപരിവാറിന്റെ ആളായി.

ലേഖനത്തേക്കുറിച്ച് മുഹമ്മദ് ബഷീര്‍ പറയുന്നത് ഇതാണ്.

എല്ലാ പ്രശ്‌നങ്ങളും തീര്‍ന്ന സ്ഥിതിക്ക് ഇതു കൊടുത്തത് അസ്ഥാനത്തായിപ്പോയി. ലേഖനത്തിലുള്ള കാര്യങ്ങള്‍ പാര്‍ട്ടിനയമോ അഭിപ്രായമോ അല്ല എഴുതിയയാളുടെ വീക്ഷണം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. ആന്റണി കാസര്‍കോട്ട് നടത്തിയ വിശദീകരണത്തില്‍ പാര്‍ട്ടി തൃപ്തരാണ്. അദ്ദേഹത്തിന്റെ പ്രസംഗത്തെപ്പറ്റി ലീഗിന് ഒരു പരാതിയുമില്ല.

ajith said...

സാധാരണയായി രാഷ്ട്രീയലേഖനങ്ങള്‍ ഞാന്‍ വായിക്കാറില്ല. പക്ഷെ കാളിദാസന്റെ രാഷ്ട്രീയകാര്യലേഖനമെന്ന് കണ്ടപ്പോള്‍ വായിച്ചു.

<<പൊതുമേഖലയിലെ വികസന പരിപാടികളല്ല, അഴിമതിക്കായുള്ള ആസൂത്രണങ്ങളാണ് കേരളത്തില്‍ നടക്കുന്നതെന്ന് വ്യക്തമായിക്കഴിഞ്ഞു. ഘടകകക്ഷികള്‍ മുഖ്യകക്ഷിക്കുമേല്‍ മേല്‍ക്കൈ നേടിയെന്നു മാത്രമല്ല, അവരത് പരസ്യമായി പറയാനും മടിക്കുന്നില്ല.

വളരെ ശരിയായ ഒരു നിരീക്ഷണമാണിത്. ഇത്രയും ദുര്‍ബലരും ആക്രാന്തക്കൊതിയന്മാരുമായൊരു ഭരണാധികാരികള്‍ കേരളത്തിലുണ്ടായിട്ടില്ല എന്ന് പറഞ്ഞാല്‍ അതിനെയെതിര്‍ക്കാന്‍ പാര്‍ട്ടിഭക്തരും പാര്‍ട്ടികളെക്കൊണ്ട് മുതലെടുക്കുന്നവരും അല്ലാതെ ആരും കാണുകയില്ല. എനിക്ക് രാഷ്ട്രീയമായി ആരോടും പക്ഷമില്ല. എന്നാല്‍ ഈ സര്‍ക്കാരിനോട് -കേന്ദ്രത്തിലെയും കേരളത്തിലെയും- ഒരു യോജിപ്പുമില്ല. കാരണം ഒരു പ്ലസ് പോയന്റ് പോലുമില്ല അവര്‍ക്കിടാന്‍. ഇന്ന് കോണ്‍ഗ്രസ് പറഞ്ഞിരിക്കുന്നു ‘ആം ആദ്മി’ അവരുടെ നൂറ്റാണ്ടുകാലമായുള്ള സ്വകാര്യപ്രയോഗം ആണ്, കെജരിവാളിന് അതെങ്ങിനെ ഉപയോഗിക്കാന്‍ കഴിയും എന്ന്. ആം ആദ്മിയെപ്പറ്റി ഓര്‍ക്കുന്ന ആരെങ്കിലും ഉണ്ടാവുമോ ഇപ്പോള്‍ കോണ്‍ഗ്രസില്‍? അല്ലെങ്കില്‍ ഏതുപാര്‍ട്ടിയാണിപ്പോള്‍ ആം ആദ്മിയെ ഹൃദയത്തില്‍ വഹിക്കുന്നവരും അവര്‍ക്കുവേണ്ടി വാദിക്കുകയും ചെയ്യുന്നവര്‍? ഒരുപക്ഷെ അടുത്ത തെരഞ്ഞെടുപ്പില്‍ മുമ്പത്തെപ്പോലെ ഇടതുപാര്‍ട്ടികളുമായി കോണ്‍ഗ്രസ് ഒരു ബാന്ധവം ആഗ്രഹിക്കുന്നുണ്ടാവുമോ? ഈ രീതിയില്‍ പോയാല്‍ ഇലക്ഷനില്‍ പച്ചതൊടുകയില്ലെന്ന് അവര്‍ക്ക് മനസ്സിലായിട്ടുണ്ടാവാം. രാഹുലിനെ എഴുന്നള്ളിച്ച്അതുകൊണ്ടൊന്നും വോട്ട് വീഴുകയുമില്ല. പ്രതിഭയുള്ള ആളായിരുന്നെങ്കില്‍ ഇതിനകം രാഹുല്‍ അത് തെളിയിച്ചേനെ. എന്റെ നോട്ടത്തില്‍ പേരുകേട്ട അധികാരകുടുംബത്തില്‍ പിറന്നെങ്കിലും അധികാരം കയ്യാളാനുള്ള ഒരു ജീനും ഇല്ലാത്ത ഒരു മനുഷ്യനാണ് രാഹുല്‍. ഇതറിഞ്ഞുകൊണ്ട് ആന്റണി മുമ്പുകൂട്ടി ഒരു വിത്ത് എറിഞ്ഞതാണോ? തെരഞ്ഞെടുപ്പിലെ പൈലറ്റ് ആന്റണി തന്നെയായിരിക്കുമെന്ന് കോണ്‍ഗ്രസ് പറഞ്ഞിട്ടുണ്ടല്ലോ. എല്ലാം ചേര്‍ത്ത് വായിക്കുമ്പോള്‍ അറയ്ക്കപ്പറമ്പില്‍ കുര്യന്‍ ആന്റണിയെന്ന കുശാഗ്രബുദ്ധിയുടെ പ്രസംഗം ദൂരമാനങ്ങളുള്ളതാണെന്ന് തോന്നുന്നു

മലക്ക് said...

ആരുടെ കമന്റുകള്‍ക്ക് നിങ്ങള്‍ വില കല്‍പ്പിക്കുന്നു?