Saturday 22 September 2012

പരാജയപ്പെട്ട പുണ്യാളന്‍




ശ്രീ എ കെ ആന്റണിയെ പരാജയപ്പെട്ട പുണ്യാളന്‍ എന്നു വിശേഷിപ്പിച്ച് പണ്ടൊരു ലേഖനം  എഴുതിയിരുന്നു. പക്ഷെ ഇപ്പോള്‍ എഴുതുന്നത് ഇന്‍ഡ്യന്‍ പ്രധാനമന്ത്രി മന്‍ മോഹന്‍ സിംഗിനെ വിശേഷിപ്പിച്ചു കൊണ്ടാണ്.

ഇതെഴുതാന്‍ കാരണം  കഴിഞ്ഞ ദിവസം ഇന്‍ഡ്യന്‍ പ്രധാനമന്ത്രി ശ്രീ മന്‍ മോഹന്‍ സിംഗ് രാഷ്ട്രത്തോടായി ചെയ്ത പ്രസംഗത്തിലെ ചില പരാമര്‍ശങ്ങളാണ്.  ഇന്ധന വില കൂട്ടാനെടുത്ത തീരുമാനത്തില്‍ പ്രധിഷേധിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് പിന്തുണ പിന്‍വലിച്ച പശ്ചാത്തലത്തില്‍ നടത്തിയതായിരുന്നു ആ പ്രസംഗം. അതിലെ അമ്പരപ്പിക്കുന്ന ഭാഗം ഇതാണ്.

>>>>അന്താരാഷ്ട്രവിലയ്‌ക്കൊപ്പിച്ച് ഡീസലിന് 17 രൂപ കൂട്ടുന്നതിനുപകരം അഞ്ചുരൂപമാത്രമാണ് വര്‍ദ്ധിപ്പിച്ചത്. വലിയ കാറുകളും മറ്റുമാണ് ഡീസല്‍ ഉപയോഗിക്കുന്നത്. അവയുടെ ഉടമസ്ഥര്‍ പണക്കാരും വ്യവസായികളും ഫാക്ടറി ഉടമകളുമാണ്. അവരെ നിലനിര്‍ത്താന്‍ സബ്‌സിഡി നല്‍കണോ?<<<<<

ഇന്‍ഡ്യയിലെ പണക്കാരുടെ കയ്യിലുള്ള വലിയ കാറുകളില്‍ മാത്രമാണു ഡീസല്‍ ഉപയോഗിക്കുന്നതെന്നു പറയുന്ന ഇദ്ദേഹത്തിനു യോജിക്കുന്ന പേര്, മന്‍ മോഹന്‍ സിംഗ് എന്നല്ല. മണ്ടന്‍ സിംഗ് എന്നാണ്.

അദ്ദേഹത്തിന്റെ പ്രസംഗത്തിലെ മറ്റ് ചില പ്രസക്ത ഭാഗങ്ങള്‍ കൂടി.

>>>>രാജ്യത്തിന് ആവശ്യമുള്ള 80 ശതമാനം ഇന്ധനവും ഇറക്കുമതി ചെയ്യുന്നതാണ്. കഴിഞ്ഞ നാലുകൊല്ലത്തിനുള്ളില്‍ അന്താരാഷ്ട്ര കമ്പോളങ്ങളില്‍ വില ക്രമാതീതമായി കൂടി. ആ വിലക്കയറ്റത്തിന്റെ ഭാരം ജനങ്ങളുടെമേല്‍ കെട്ടിവെച്ചില്ല. പെട്രോളിയം ഉത്പന്നങ്ങളുടെ വില കൂട്ടിയില്ലെങ്കില്‍ സബ്‌സിഡി രണ്ടുലക്ഷം കോടിയായി ഉയരുമായിരുന്നു. ഇതിനുള്ള പണം എവിടെനിന്നാണ് വരുന്നത്. പണം മരത്തില്‍ കായ്ക്കില്ല. നടപടി എടുത്തില്ലെങ്കില്‍ സാമ്പത്തികക്കമ്മി കൂടും. സര്‍ക്കാറിന്റെ വരുമാനവും ചെലവും തമ്മിലുള്ള അന്തരം വര്‍ദ്ധിക്കുകയാണ് ഫലം. അവശ്യസാധനങ്ങളുടെ വില കൂടും. ആഭ്യന്തര, വിദേശ നിക്ഷേപകര്‍ ഇന്ത്യയില്‍ മുതല്‍മുടക്കാന്‍ മടിക്കും. പലിശനിരക്ക് കൂടും. കമ്പനികള്‍ക്ക് വിദേശത്തുനിന്ന് വായ്പലഭിക്കില്ല. തൊഴിലില്ലായ്മ കൂടും-

1991-ലും ഇതായിരുന്നു സ്ഥിതി. ചെറിയ തുകപോലും വായ്പ നല്‍കാന്‍ ആരും തയ്യാറായിരുന്നില്ല. കടുത്ത നടപടികളിലൂടെ നമ്മള്‍ അതില്‍നിന്ന് പുറത്തു വന്നു. അതിന്റെ ഗുണങ്ങള്‍ നിങ്ങള്‍ കാണുന്നു. അത്തരമൊരു സ്ഥിതി ഇപ്പോഴില്ലെങ്കിലും രാജ്യത്തിന്റെ സാമ്പത്തികരംഗത്തെക്കുറിച്ച് ജനങ്ങള്‍ക്കുള്ള വിശ്വാസം നഷ്ടപ്പെടുന്നതിനുമുമ്പ് നടപടികളെടുക്കണം. 91-ലെ സംഭവങ്ങള്‍ താന്‍ മറന്നിട്ടില്ല. അത് തടയുന്നതിന് നടപടിയെടുത്തില്ലെങ്കില്‍ പ്രധാനമന്ത്രിയെന്ന നിലയില്‍ ഞാനൊരു  പരാജയമാകും.<<<< 

1991 ല്‍ ഇന്‍ഡ്യയുടെ  വിദേശ നാണ്യ കരുതല്‍ ശേഖരം ​പരിതപകരമായ നിലയിലായിരുന്നു. പക്ഷെ 2012 ല്‍ പക്ഷെ അത്  ആശാവഹമായ നിലയിലാണ്. ഇപ്പോള്‍ 289.15  ബില്യണ്‍ ഡോളറിന്റെ കരുതല്‍ ശേഖരമുണ്ട്. പിന്നെ 1991 ആവര്‍ത്തിക്കാന്‍ സാധ്യതയുണ്ട് എന്നും പറഞ്ഞ് ഇദ്ദേഹം ആരെയാണു പേടിപ്പിക്കാന്‍ ശ്രമിക്കുന്നത്?

മിക്കപ്പോഴും മൌനം ഭൂക്ഷണമായി ഒരാഭരണം പോലെ ധരിക്കുന്ന സിംഗ് താനൊരു പരാജയമായി മുദ്രകുത്തപ്പെടുമോ എന്ന പേടിയിലാണ്. രാജ്യത്തിന്റെ സാമ്പത്തികരംഗത്തെക്കുറിച്ച് ജനങ്ങള്‍ക്കുള്ള വിശ്വാസം നഷ്ടപ്പെടും എന്നതിലാണോ ഈ അംബാനിമാരുടെ പ്രധാനമന്ത്രിക്ക് ആശങ്ക. അതോ മറ്റുവല്ലവര്‍ക്കുമുള്ള വിശ്വാസം നഷ്ടപ്പെടും എന്നതിലാണോ?എന്തുകൊണ്ടിപ്പോള്‍ അദ്ദേഹം മനസു തുറക്കുന്നു എന്നന്വേഷിച്ചാല്‍ മറ്റ് ചിലതിലേക്കൊക്കെ എത്തിച്ചേരാന്‍ സാധിക്കും. അത് മറ്റൊന്നുമല്ല. ചില അന്താരാഷ്ട്ര മാദ്ധ്യമങ്ങള്‍ അടുത്ത നാളുകളില്‍ മന്‍ മോഹന്‍ സിംഗ് ഒരു പരാജയമാണെന്ന് അഭിപ്രായപ്പെടുകയുണ്ടായി.

  Washington Post എന്ന അമേരിക്കന്‍  പത്രത്തില്‍  ഒരു ലേഖനം വന്നിരുന്നു.  അതിനെ ചുറ്റിപ്പറ്റി വലിയ ഒരു വിവാദവും ഉടലെടുത്തു.  മന്‍ മോഹന്‍ സിംഗിന്റെ പരാജയങ്ങളെ വിശദീകരിച്ചുകൊണ്ട് വസ്തു നിഷ്ടമായി എഴുതപ്പെട്ട ഈ ലേഖനത്തോട് ഇത്രയേറെ എതിര്‍പ്പുണ്ടായത് എന്തുകൊണ്ടാണ്? ഇന്‍ഡ്യയുടെ വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രി അംബികാ സോണി ഈ ലേഖനത്തെ വിശേഷിപ്പിച്ചത് Yellow Journalism എന്നായിരുന്നു. കുറച്ചു നാളുകളായി വിമര്‍ശനങ്ങളോട് കേന്ദ്ര സര്‍ക്കാരിലെ അധികാരികള്‍ക്ക് അസഹിഷ്ണുതയാണ്. അതിന്റെ തുടര്‍ച്ചയാണിതും.

നിശ്ശബ്ദ പ്രധാനമന്ത്രി ദുരന്തമാകുന്നു എന്നാണ് വാഷിങ്ടണ്‍ പോസ്റ്റ് പറഞ്ഞത്. പ്രധാനമന്ത്രിക്ക് മിണ്ടാട്ടമില്ല എന്നാണ് പ്രധാന വിമര്‍ശനം. പ്രധാനമന്ത്രിയുടെ ഓഫീസിനും കോണ്‍ഗ്രസ് വക്താക്കള്‍ക്കും വിമര്‍ശനം തീരെ പിടിച്ചിട്ടില്ല. അവര്‍ വാഷിങ്ടണ്‍ പോസ്റ്റിനോട് മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടു. തീര്‍ത്തും രാഷ്ട്രീയമായ വിമര്‍ശനത്തിന് ഒരു ഭരണാധികാരിയുടെ ഓഫീസ് ഒരു പത്രത്തോട് മാപ്പ് പറയണമെന്ന് ആവശ്യപ്പെടുന്നത് ഇത് ആദ്യമായാവണം. പ്രസിഡന്റ് ഒബാമയെ വിമര്‍ശിച്ചതിന് നാളെ ഒരു ഇന്‍ഡ്യന്‍ പത്രത്തോട്  യു.എസ്. പ്രസിഡന്റിന്റെ ഓഫീസ് ഇങ്ങനെ ആവശ്യപ്പെട്ടാല്‍ എങ്ങനെയിരിക്കും?

പ്രധാനമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവ് പ്രതികരിച്ചത് ഇങ്ങനെ.   വാഷിങ്ങ്ടണ്‍ പോസ്റ്റിന്റെ ഇന്ത്യാ ലേഖകന്‍ പ്രധാനമന്ത്രിയുടെ ഓഫീസിനോട് ഒന്നും ചോദിക്കാതെയാണ് ലേഖനമെഴുതിയത്.  അങ്ങനെ ചോദിക്കാതെ എഴുതുന്നത് പത്രധര്‍മത്തിന് നിരക്കുന്നതല്ല. പ്രധാനമന്ത്രിയുടെ പ്രവര്‍ത്തനം വിലയിരുത്തുന്നതിന് മുമ്പ് പ്രധാനമന്ത്രിയോട് അഭിപ്രായം ചോദിക്കണമെന്ന്.  പ്രധാനമ ന്ത്രിയുടെ  ഇന്റര്‍വ്യൂ തരപ്പെടുത്താന്‍ കഴിയുന്നവര്‍ക്കേ അദ്ദേഹത്തെ വിലയിരുത്താന്‍ കഴിയൂ എന്നുവന്നാല്‍ ലോകത്താര്‍ക്കും അദ്ദേഹത്തിന്റെ  ഭരണത്തേപ്പറ്റി ഒരു വിമര്‍ശനവുമം ​നടത്താന്‍ ആകില്ല എന്ന നിലപാട് അപഹാസ്യമാണ്.

ഇന്ത്യയിലെ പത്രങ്ങളൊന്നും പറഞ്ഞിട്ടില്ലാത്ത എന്തെങ്കിലും  അമേരിക്കന്‍ പത്രം പറഞ്ഞിട്ടില്ല.  "ആധുനികതയുടെയും സമൃദ്ധിയുടെയും ശക്തിയുടെയും പാതയിലേക്ക് ഇന്ത്യയുടെ വഴി തെളിച്ച മന്‍മോഹന്‍സിംഗ്  ചരിത്രത്തില്‍ ഒരു പരാജിതനായി വിലയിരുത്തപ്പെടുമെന്നാണ് വിമര്‍ശകര്‍ കരുതുന്നത്" എന്നാണ് ലേഖനത്തിന്റെ ആദ്യവാചകം തന്നെ.  "ലോകത്ത് മറ്റൊരു രാജ്യത്തിനും അഭിമാനിക്കാന്‍ കഴിയാത്തവിധം ഉന്നതനായ സാമ്പത്തിക ശാസ്ത്രജ്ഞനും ശത്രുക്കള്‍ക്ക് പോലും വിശ്വസിക്കാവുന്നവിധം സത്യസന്ധനുമായ മന്‍മോഹന്‍സിങ് ആണിപ്പോള്‍ സാമ്പത്തിക തകര്‍ച്ചയുടെയും അഴിമതിയുടെയും പേരില്‍ പ്രക്ഷോഭത്തെ നേരിടുന്നത് "എന്നും ലേഖനത്തില്‍ എഴുതിയിട്ടുണ്ട്. ഇതൊക്കെ സത്യമല്ലെന്ന് ആരും പറയില്ല.

മന്‍ മോഹന്‍ സിംഗിനെ വിശേഷിപ്പിക്കാന്‍ അനേകം വിശേഷണങ്ങളുണ്ട്. അതില്‍ പ്രധാനം സാമ്പത്തിക വിദഗ്ദ്ധന്‍ എന്നതു തന്നെയാണ്.

മാരുതി 800 കാറോടിച്ചു നടന്നിരുന്നതുകൊണ്ട്  ഇംഗ്ളണ്ടിലെ The Independent എന്ന പത്രം അദ്ദേഹത്തെ വിശേഷിപ്പിച്ചത്  "one of the world's most revered leaders" and "a man of uncommon decency and grace," എന്നായിരുന്നു.

ഖുഷ്‌വന്ത് സിംഗ് അദ്ദേഹത്തെ, നെഹ്രുവിനും മുകളില്‍ പ്രതിഷ്ടിച്ച് ഇന്‍ഡ്യയുടെ ചരിത്രത്തിലെ ഏറ്റവും പ്രഗത്ഭനായ പ്രധാനമന്ത്രി എന്നു വാഴ്ത്തിപ്പാടി.

2010 ല്‍  Newsweek Magazine അദ്ദേഹത്തെ പ്രശംസിച്ചത് "the leader other leaders love." എന്നു പറഞ്ഞായിരുന്നു.

Forbes Magazine സിംഗിനെ ലോകത്തെ ഏറ്റവും ശക്തനായ വ്യക്തികളില്‍ പതിനെട്ടാം സ്ഥാനം നല്‍കി ആദരിച്ചു. സിംഗിനേപ്പറ്റി പറഞ്ഞതിങ്ങനെ.  "universally praised as India's best prime minister since Nehru"

ഇത്രയൊക്കെ പുകഴ്ത്തപ്പെട്ട സിംഗ് എങ്ങനെയാണു വളരെ പെട്ടെന്ന് ഇകഴ്ത്തപ്പെടുന്ന അവസ്ഥയിലേക്ക് എത്തിയത്?

2012 ഏപ്രിലില്‍  ലോകത്തെ ശക്തരായ വ്യക്തികളില്‍ ഒരാളായി വിശേഷിച്ച Time Magazine , 2012 ജൂലൈയില്‍  സിംഗിനെ Underachiever എന്ന് വിശേഷിപ്പിച്ചു. ഇതിന്റെ ചുവടു പിടിച്ചു കൊണ്ട് The Independent ഉം സ്വരം മാറ്റി. അവര്‍ അദ്ദേഹത്തെ തികഞ്ഞ പരാജയം എന്നു മുദ്ര കുത്തി. അതിനു ശേഷമാണ്, മുകളില്‍ സൂചിപ്പിച്ച  ലേഖനവും ഇന്‍ഡ്യന്‍ സര്‍ക്കാരിന്റെ അതിനോടുള്ള പ്രതികരണവും.

ഇവിടെ തെറ്റിയത് ആര്‍ക്കാണ്? ഈ പ്രസിദ്ധീകരണങ്ങള്‍ക്കോ?, മന്‍ മോഹന്‍ സിംഗിനോ?,  ഇന്‍ഡ്യക്കാര്‍ക്കോ? മന്‍ മോഹന്‍ സിംഗ് തികഞ്ഞ പരാജയമാണോ? അതോ അദ്ദേഹം വെറുതെ മുദ്രകുത്തപ്പെടുന്നതാണോ? അതറിയണമെങ്കില്‍ അദ്ദേഹത്തിന്റെ ചരിത്രം വിശദമായി പരിശോധിക്കേണ്ടതുണ്ട്.

20 വര്‍ഷം മുമ്പ് നരസിംഹ റാവു മന്ത്രിസഭയുണ്ടാക്കിയപ്പോള്‍ മന്ത്രിസ്ഥാനത്തേക്ക് ആദ്യം തെരഞ്ഞെടുത്തത്  രാഷ്ട്രീയക്കാരനല്ലാത്ത മന്‍ മോഹന്‍ സിംഗിനെ ആയിരുന്നു. അതു കഴിഞ്ഞിട്ടേ മറ്റ് മന്ത്രിമാരേക്കുറിച്ച് ആലോചിച്ചുള്ളു. അന്ന് അറിയപ്പെടുന്ന സാമ്പത്തിക വിദഗ്ദ്ധന്‍ ആയിരുന്ന സിംഗിനെ  ആ സ്ഥാനത്തേക്ക് തെരഞ്ഞെടുത്തപ്പോള്‍ എല്ലാവരും അതിനെ നല്ല ഒരു തീരുമാനം ആയി വിലയിരുത്തി. സ്വര്‍ണം പോലും പണയം വയ്ക്കേണ്ട അവസ്ഥയുണ്ടായി ഇന്‍ഡ്യ കടം കയറി മുടിഞ്ഞ സമയത്തായിരുന്നു ഈ സ്ഥാനാരോഹണം. അന്ന്  ആദ്യ ബജറ്റ് അവതരിപ്പിച്ചു കൊണ്ട് സിംഗ് പറഞ്ഞതിങ്ങനെ.  "We shall make the future happen,"  "Let the whole world hear it loud and clear - India is now wide awake."

നരസിംഹറാവുവിന്റെ മന്ത്രിസഭയില്‍ ഇരുന്ന് അദ്ദേഹം ​പുതിയ ചില തീരുമാനങ്ങളെടുത്തു. സ്വകാര്യവത്കരണം, വിദേശ നിക്ഷേപം, ഇറക്കുമതി ഉദാരവത്കരണം തുടങ്ങിയവ കൈക്കൊണ്ടപ്പോള്‍ പല വിദേശ പ്രസിദ്ധീകരണങ്ങളും  അദ്ദേഹത്തെ ഇന്‍ഡ്യയുടെ പുതിയ മിശിഹാ ആയി കൊണ്ടാടി. പക്ഷെ അതിനാരംഭം കുറിച്ച നരസിംഹറാവുവിനെ ആരും ഒരിക്കല്‍ പോലും സ്മരിച്ചില്ല. 80 കളുടെ അവസാനം ഇന്‍ഡ്യക്കുണ്ടായ സാമ്പത്തിക ബുദ്ധിമുട്ടുകളില്‍ നിന്നും  ഇന്‍ഡ്യയെ കരകയറ്റിയ ദേവദൂതനായി ചിത്രീകരിക്കപ്പെട്ടപ്പോള്‍ ഇതേ ബുദ്ധിമുട്ടുണ്ടാക്കിയ നയങ്ങളുടെ ഉപജ്ഞാതാവും  ഇദ്ദേഹമായിരുന്നു എന്നാരും  ഓര്‍ക്കുന്നില്ല.

70 കളിലും 80 കളിലും മന്‍ മോഹന്‍ സിംഗ് ഇന്‍ഡ്യന്‍ സര്‍ക്കാരില്‍ അതി പ്രധാനമായ പല പദവികളും വഹിച്ചിട്ടുണ്ട്. സാമ്പത്തിക ഉപദേഷ്ടാവ്, റിസര്‍വ് ബാങ്ക് ഗവര്‍ണര്‍, പ്ലാനിംഗ് കമ്മീഷന്‍ തലവന്‍ എന്നീ സുപ്രധാന പദവികളില്‍ ഉണ്ടായിരുന്ന ഇദ്ദേഹത്തിന്, 80 കളില്‍ ഉണ്ടായ  സാമ്പത്തിക തകര്‍ച്ചയുടെ ഒരു പങ്ക് ഉത്തരവാദിത്തം കൂടി ഇല്ലേ? ഇദ്ദേഹത്തെ വാനോളം പുകഴ്ത്തിയ എല്ലാവരും ഈ സത്യം തമസ്കരിക്കുകയാണു പതിവ്.

2004 ല്‍ കോണ്‍ഗ്രസ് നയിച്ച മുന്നണി അധികാരത്തിലെത്തിയപ്പോള്‍ സിംഗ് പ്രധാനമന്ത്രി ആകുമെന്ന് ആരും  പ്രതീക്ഷിച്ചിരുന്നില്ല. സ്വന്തം  നട്ടെല്ലുയര്‍ത്തി നില്‍ക്കില്ലാത്ത വിനീത ദാസന്‍ എന്ന യോഗ്യത മാത്രമേ ഈ സ്ഥാനലബ്ദിയില്‍ ഉണ്ടായിരുന്നുള്ളു. അത് അക്ഷരം പ്രതി ശരിയാണെന്ന് പിന്നീടുണ്ടായ പല സംഭവങ്ങളും സാക്ഷ്യം വഹിക്കുന്നു.

ഇന്‍ഡ്യയിലെ ഏറ്റവും അധികാരമുള്ള പദവി പ്രധനമന്ത്രിയുടേതാണ്. പക്ഷെ മന്‍ മോഹന്‍  സിംഗ് ആ അധികാരം ഒരിക്കലെങ്കിലും ഉപയോഗിച്ചിട്ടുണ്ടോ? സംശയമാണ്. മറ്റാരോ രചിക്കുന്ന തിരക്കഥക്കനുസരിച്ച് അദ്ദേഹം അഭിനയിക്കുന്നു എന്ന തോന്നലാണ്, ഏത് നിഷ്പക്ഷ നിരീക്ഷകര്‍ക്കും ഉണ്ടാവുക. വ്യക്തിപരമായി സത്യസന്ധനായ ഒരു വ്യക്തിക്ക് എങ്ങനെ തന്റെ മന്ത്രിസഭയിലെ അഴിമതിക്കെതിരെ നിശബ്ദനായി ഇരിക്കാനാകും? ഇന്‍ഡ്യയുടെ ചരിത്രത്തിലെ ഏറ്റവും അഴിമതി നിറഞ്ഞ ഭരണകൂടമാണ്,  സിംഗ്  നയിക്കുന്ന ഭരണകൂടം.

ധനകാര്യ  മന്ത്രിയായിരുന്നപ്പോള്‍ സിംഗ് തുടക്കം കുറിച്ച ഉദാരവത്കരണ നടപടികള്‍ അദ്ദേഹം ​പ്രധാനമന്ത്രി ആയപ്പോള്‍ വളരെയേറെ മുന്നോട്ടു കൊണ്ടു പോയി. സാമ്പത്തിക വളര്‍ച്ച മുരടിച്ച പടിഞ്ഞാറന്‍ നാടുകളിലെ വ്യവസായികള്‍ സിംഗിന്റെ ഉദാരവത്കരണം  മുതലെടുത്തു. SEZ എന്ന പേരില്‍ നികുതി കൊടുക്കേണ്ടാത്ത വ്യവസായ സംരംഭങ്ങള്‍ ആരംഭിച്ച് വന്‍ ലാഭമുണ്ടാക്കി. അത് ലോകാവസാനം വരെ തുടരുമെന്ന് ഒരു പക്ഷെ സിംഗ് സ്വപ്നം കണ്ടിരിക്കാം.

21 വര്‍ഷക്കാലം സാമ്പത്തിക പരിഷ്കാരങ്ങളൊക്കെ നടത്തിയിട്ടും ഇന്‍ഡ്യ ഇന്നും പുരോഗമിച്ചിട്ടില്ല എന്നാണ്, സിംഗിന്റെ പരാതി. ഈ 21 വര്‍ഷങ്ങളില്‍ 5 വര്‍ഷം അദ്ദേഹം ധനകാര്യമന്ത്രി ആയിരുന്നു. 8 വര്‍ഷം പ്രധാനമന്ത്രിയും. അപ്പോള്‍ ഈ പരാജയത്തിനുത്തരവാദി ആരാണ്?

സിംഗ് തന്റെ പ്രസംഗത്തില്‍ എടുത്തു പറഞ്ഞ ഒരു സംഗതി ജനങ്ങള്‍ക്ക് സബ് സിഡി കൊടുക്കാന്‍ പണമില്ല എന്നാണ്. പെട്രോളിയം മേഘലയില്‍ 25000 കോടി രൂപയുടെ സബ് സിഡി ആണദ്ദേഹത്തിന്റെ ഉറക്കം ഇപ്പോള്‍ കെടുത്തുന്ന കാര്യം. ബഹുരാഷ്ട്ര കുത്തകകള്‍ക്ക് സിംഗ് കൊടുക്കുന്ന സബ്സിഡിയുടെ കണക്ക് കേട്ടാല്‍ ആരും ഞെട്ടിപ്പോകും. 5,39,552 കോടി രൂപയാണത്. കഴിഞ്ഞ വര്‍ഷം നല്‍കിയതിനേക്കാള്‍ 20 % കൂടുതലാണീ വര്‍ഷം നല്‍കുന്നത്.  ഇത്ര ഭീമമായ സബ്‌സിഡി ബഹുരാഷ്ട്ര കുത്തകകളെ പ്രീണിപ്പിക്കാന്‍ നല്‍കുന്നിടത്ത്,  വളരെ ചെറിയ തുക  സാധാരണക്കാരുടെ  ഭാരം കുറയ്ക്കാന്‍ നല്‍കുന്നതിനാണദ്ദേഹത്തിനു മനപ്രയാസം. 2500 കോടി രൂപ കായ്ക്കുന്ന മരമില്ല എന്നാണ്, സിംഗിന്റെ  പരാതിയുടെ കാതല്‍,. ഈ പണം വാസ്തവത്തില്‍ ഇല്ലാത്തതാണോ അതോ ഇല്ലാതാക്കിയതാണോ? ഇന്‍ഡ്യയെ ഇപ്പോള്‍ പിടിച്ചു കുലുക്കുന്ന രണ്ട് വന്‍  അഴിമതികളുണ്ട്. 2 ജി സ്പെക്ട്രം വഴി 176,645 കോടി രൂപയും  കല്‍ക്കരി കുംഭകോണത്തില്‍ 185,591 കോടി രൂപയുമാണ്, ഖജനാവിനു നഷ്ടപ്പെട്ടത്. ഇത് രണ്ടും ഇന്‍ഡ്യന്‍ പ്രധാനമന്ത്രിയായ മന്‍ മോഹന്‍ സിംഗിന്റെ അറിവോടെ നടന്ന രണ്ട് വന്‍ അഴിമതികളാണ്. ഇത്ര ഭീമമായ തുക ഖജനാവില്‍ വരാതെ പോയതിന്റെ ഉത്തരവാദി മന്‍ മോഹന്‍ സിംഗു തന്നെയാണ്. ഇന്‍ഡ്യയിലെ 40% ആളുകളും ദാരിദ്ര്യ രേഖക്ക് താഴെ ജീവിക്കുമ്പോള്‍ ഇത്രയധികം പണം മന്‍ മോഹന്‍ സിംഗിന്റെ കാര്‍മികത്വത്തില്‍ കോര്‍പ്പറേറ്റ് മാഫിയ കൊണ്ടു പോയി.

ഇതൊക്കെ മറച്ചു വച്ചിട്ട് ഇപ്പോള്‍ പൊതു ജനത്തെ വിഡ്ഢിയാക്കാന്‍  സിംഗ് തുനിയുന്നു. സാധാരണക്കാര്‍ യാത്ര ചെയ്യുന്ന തീവണ്ടിയിലും ബസിലും റ്റാക്സികളിലും ഓട്ടോറിഷകളിലും ഉപയോഗിക്കുന്ന ഇന്ധനം  ഡീസല്‍ ആണെന്ന സത്യം സിംഗ് കൌശലപൂര്‍വം മറച്ചു വയ്ക്കുന്നു. നിത്യോപയോഗ സാധനങ്ങള്‍  കൊണ്ടു വരുന്നത് ഡീസല്‍ ഇന്ധനമായുപയോഗിക്കുന്ന ലോറികളിലും തീവണ്ടികളിലും ആണെന്ന സത്യം മനസിലാക്കാത്ത ഇദ്ദേഹത്തെ ഏത് മാനദണ്ഡം വച്ച് സാമ്പത്തിക വിദഗ്ദ്ധന്‍ എന്നു വിളിക്കും? ഡീസല്‍ വില വര്‍ദ്ധിപ്പിക്കുമ്പോള്‍ യാത്ര കൂലി കൂടും നിത്യോപയോഗ സാധനങ്ങളുടെ വില കൂടും എന്നൊക്കെ മനസിലാക്കാന്‍ ആകാത്ത ഇദ്ദേഹം ഏതായാലും സാമ്പത്തിക വിദഗ്ദ്ധന്‍ എന്ന പേരിനര്‍ഹനല്ല.

തിന്നുന്ന രാജാവിനു കൊല്ലുന്ന മന്ത്രി എന്നപോലെ ആസൂത്രണ കമ്മിഷന്‍ ഉപാദ്ധ്യക്ഷന്‍ അഹ്‌ലുവാലിയ അടുത്തനാളില്‍ കേരളത്തില്‍ വന്ന് ഒരുപദേശം നല്‍കി. മലയാളികള്‍ കൃഷിഭൂമിയൊക്കെ ഭൂമാഫിയക്ക് എഴുതിക്കൊടുത്തോളൂ. ഭക്ഷിക്കാന്‍ ഉള്ള സാധങ്ങളൊക്കെ മറ്റ് സംസ്ഥാനങ്ങള്‍ തന്നോളും എന്ന്. ഇന്‍ഡ്യയെ ആഗോള കുത്തകള്‍ക്ക് തീറെഴുതിയേ ഈ രണ്ടു തലേക്കെട്ടുകാരും അടങ്ങൂ.

ബഹുരാഷ്ട്രകുത്തകകളുടെ കുഴലൂത്തുകാരായ പടിഞ്ഞാറന്‍ നാടുകളിലെ മാദ്ധ്യമങ്ങള്‍ക്കൊക്കെ പ്രത്യേക അജണ്ടയുണ്ട്. അവരുടെ good book ല്‍ കയറിപ്പറ്റാന്‍ വേണ്ടി ഇന്‍ഡ്യയിലെ ദരിദ്രനാരായണന്‍മാരുടെ ചുമലില്‍ വലിയ ഭാരമാണീ കാപട്യം കയറ്റി വയ്ക്കുന്നത്.  ഇന്‍ഡ്യക്കാരേക്കുറിച്ചും ഇന്‍ഡ്യയേക്കുറിച്ചും യാതൊന്നുമറിയാത്ത ആദ്യ പ്രധാനമന്ത്രിയെന്ന പേരിനോടൊപ്പം പരാജയപ്പെട്ട പുണ്യാളന്‍ എന്ന തൂവലുകൂടി ചാര്‍ത്തപ്പെട്ടായിരിക്കും മന്‍ മോഹന്‍ സിംഗ്  ചരിത്രത്തിലേക്ക് നടന്നു നീങ്ങുക.

ലോകം മുഴുവന്‍ ആണവ വൈദ്യുതിയേക്കുറിച്ച് ഒരു പുനര്‍ വിചിന്തനം നടക്കുമ്പോഴാണ്, ഇന്‍ഡ്യയിലെ പട്ടിണി മാറ്റാന്‍ അനേകം ആണവ നിലയങ്ങള്‍ മന്‍ മോഹന്‍ സിംഗ് പടുത്തുയര്‍ത്താന്‍ പോകുന്നത്. അമേരിക്കയുമായുള്ള ആണവകരാര്‍ അതിന്റെ ഭാഗമായിരുന്നു. പ്രകടമായും ജനവിരുദ്ധ പക്ഷത്തു നില്‍ക്കുന്ന സിംഗ് ബഹുരാഷ്ട്രകുത്തകകളെ സഹായിക്കേണ്ട ബാധ്യത ഏറ്റെടുത്തതില്‍ അത്ഭുതമില്ല. പക്ഷെ ജനപക്ഷത്തു നില്‍ക്കേണ്ട സി പി എം പോലുള്ള ബഹുജന സംഘടനകളോ? കൂടം കുളത്തെ ആണവ നിലയത്തെ  സി പി  എം പിന്തുണക്കുന്നത് ശുംഭത്തരമാണ്. അതിനവര്‍ പറയുന്ന ന്യായീകരണമാണ്, അതി വിചിത്രം.  1500 കോടി  മുടക്കിയതുകൊണ്ട് അതിനെ പിന്തുണക്കുന്നു.  പണം മുടക്കി കഴിഞ്ഞാല്‍ ഏത് ജന വിരുദ്ധ പദ്ധതികളും നല്ലതാകുന്നു എന്നാണാ നിലപാടിന്റെ അര്‍ത്ഥം. നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്ന ജന പിന്തുണ തിരികെ പിടിക്കാനൊന്നും പ്രകാശിനോ വിജയനോ ആഗ്രഹമില്ല. ജന പക്ഷത്തു നില്‍ക്കുന്നവി എസിനെയൊക്കെ അച്ചടക്ക വാള്‍ കാണിച്ച് നിശബ്ദനാക്കാനാണവരുടെ ഉദ്ദേശ്യവും.

5 comments:

kaalidaasan said...

ബഹുരാഷ്ട്രകുത്തകകളുടെ കുഴലൂത്തുകാരായ പടിഞ്ഞാറന്‍ നാടുകളിലെ മാദ്ധ്യമങ്ങള്‍ക്കൊക്കെ പ്രത്യേക അജണ്ടയുണ്ട്. അവരുടെ good book ല്‍ കയറിപ്പറ്റാന്‍ വേണ്ടി ഇന്‍ഡ്യയിലെ ദരിദ്രനാരായണന്‍മാരുടെ ചുമലില്‍ വലിയ ഭാരമാണീ കാപട്യം കയറ്റി വയ്ക്കുന്നത്. ഇന്‍ഡ്യക്കാരേക്കുറിച്ചും ഇന്‍ഡ്യയേക്കുറിച്ചും യാതൊന്നുമറിയാത്ത ആദ്യ പ്രധാനമന്ത്രിയെന്ന പേരിനോടൊപ്പം പരാജയപ്പെട്ട പുണ്യാളന്‍ എന്ന തൂവലുകൂടി ചാര്‍ത്തപ്പെട്ടായിരിക്കും മന്‍ മോഹന്‍ സിംഗ് ചരിത്രത്തിലേക്ക് നടന്നു നീങ്ങുക.

kaalidaasan said...

വിലക്കയറ്റത്തിന്റെ ഭാരം ഈയാഴ്ച മുതൽ


ന്യൂഡൽഹി: ഡീസൽ വില അഞ്ചു രൂപയിലധികം വർദ്ധിപ്പിച്ചതിന്റെ പ്രത്യാഘാതം ഈയാഴ്ച വിപണിയിൽ പ്രകടമാകാൻ തുടങ്ങും. ലോറി ഉടമകൾ ചരക്കു കൂലി 18 ശതമാനത്തിലധികം വർദ്ധിപ്പിച്ചതിന്റെ അധികഭാരം വരും ദിവസങ്ങളിലാണ് ഉപഭോക്താക്കൾ പേറേണ്ടി വരുക.

രാജ്യത്തെമൊത്തം ഡീസൽ ഉപഭോഗത്തിന്റെ 40 ശതമാനത്തിലധികം ചരക്കു ഗതാഗത രംഗത്താണ്. ധാന്യങ്ങൾ, പെട്രോളിയം ഉത്പന്നങ്ങൾ, പച്ചക്കറി, വളം,മത്സ്യം തുടങ്ങിയ പ്രധാന ഉത്പന്നങ്ങളുടെയെല്ലാം നീക്കത്തിന് ഡീസൽ അനിവാര്യമാണ്. സ്വാഭാവികമായും ഡീസൽ വിലയിലുണ്ടായ വർദ്ധനയുടെ ബാധ്യത താങ്ങാൻ ഉപഭോക്താക്കൾ നിർബന്ധിതരാകും. ഉത്പന്നങ്ങളുടെ വിലയിൽ പത്തു ശതമാനത്തോളം വർദ്ധനയുണ്ടായേക്കും.

ഇന്ത്യയിലെകാർഷികമേഖല പെട്രോളിയം ഉത്പന്നങ്ങളിൽ മുങ്ങിയാണ് പ്രവർത്തിക്കുന്നത്. കഴിഞ്ഞ വർഷങ്ങളിൽ വൻ തോതിൽ യന്ത്രവൽക്കരണം നടപ്പാക്കിയതിനാൽ കാർഷിക രംഗത്ത് ഡീസൽ ഉപഭോഗത്തിൽ അതിന് അനുസൃതമായ വർദ്ധനയുണ്ടായി. മൊത്തം ഡീസൽ ഉപഭോഗത്തിൽ 20 ശതമാനത്തിലേറെ കാർഷിക രംഗത്താണ്. ഇന്ധനവില വർദ്ധന മൂലം കാർഷികരംഗത്തെ ഉത്പാദന ചെലവ് ഇരുപതു ശതമാനത്തിലേറെ ഉയരുമെന്ന് കണക്കാക്കപ്പെടുന്നു. മത്സ്യബന്ധനരംഗത്തെ ചെലവും വർദ്ധിക്കും.
പൊതുഗതാഗതത്തിന് ഡീസൽ വാഹനങ്ങൾ വൻ തോതിൽ ഉപയോഗിക്കുന്നതിനാൽ യാത്രച്ചെലവിൽ ഇരുപതു ശതമാനത്തിന്റെ വർദ്ധനയുണ്ടാകും.

അവശ്യസാധനവിലയും ചെലവും കൂടുമ്പോൾ സംഘടിതവും അസംഘടിതവുമായ മേഖലകളിൽ വേതന വർദ്ധന വേണ്ടിവരും.ജീവിതച്ചെലവ് മൊത്തത്തിൽ ഉയരുന്നതിനാൽ കോർപ്പറേറ്റ് മേഖലയിൽ ശമ്പള വർദ്ധന നടപ്പാക്കാൻ കമ്പനികൾ നിർബന്ധിതരാകും. സേവന മേഖലയിലെ വിലക്കയറ്റമായിരിക്കും അതിന്റെ ഫലം.

നാണയപ്പെരുപ്പം വീണ്ടും രണ്ടക്കത്തിലേക്ക് ?

മൊത്തവില സൂചിക അടിസ്ഥാനമാക്കിയുള്ള നാണയപ്പെരുപ്പം ആഗസ്റ്റിൽ 7.55 ശതമാനമായി ഉയർന്നിരുന്നു. ഡീസൽ വില വർദ്ധനയോടെ നാണയപ്പെരുപ്പം ഒൻപതു ശതമാനം കടന്നേക്കും.

പ്രാഥമികഉത്പന്നങ്ങളുടെ വിലയിൽ പത്തു ശതമാനത്തിലധികം വർദ്ധന കഴിഞ്ഞ മാസമുണ്ടായി. ഈ മാസം ഇത് 20 ശതമാനം കടന്നേക്കും.

ഭക്ഷ്യഉത്പന്നങ്ങളുടെ നാണയപ്പെരുപ്പം കഴിഞ്ഞ മാസം 10.01 ശതമാനമായിരുന്നത് 25 ശതമാനം കവിയാനാണ് സാദ്ധ്യത.

ഭക്ഷ്യഇതര ഉത്പന്നങ്ങളിൽ 30 ശതമാനത്തിലധികം വർദ്ധനയാണ് പ്രതീക്ഷിക്കുന്നത്. വ്യാവസായിക നിർമ്മാണ ഉത്പന്നങ്ങളുടെ വിലയിൽ പത്തു ശതമാനം വർദ്ധന വന്നേക്കും.

Unknown said...
This comment has been removed by the author.
Unknown said...

ഇന്ത്യയുടെ ഇന്ധന ആവശ്യത്തിന്റെ വലിയൊരു ഭാഗം ഇന്ത്യയില്‍ തന്നെ ഉത്പാദിപ്പിക്കുന്നുണ്ട്. എന്നാല്‍ അവ കൈവശം വച്ചിരിക്കുന്നത് അംബാനി ഗ്രൂപാനു. തുച്ഛമായ 12 കോടി രൂപക്കാണ് ഇന്ത്യ ഗവന്മേന്റ്റ് 2 വലിയ എണ്ണപ്പാടങ്ങള്‍ അവര്‍ക്ക് വിറ്റത് . ഈ എണ്ണപ്പാടങ്ങള്‍ കണ്ടു പിടിച്ചു ഖനനം ചെയ്യാന്‍ പാകത്തിലാക്കാന്‍ തന്നെ ഇതിനേക്കാള്‍ ഒരു പാടിരട്ടി തുക സര്‍ക്കാര്‍ ചിലവഴിച്ചിരുന്നു. ഇന്ന് അന്താരാഷ്ട്ര മാര്‍കറ്റില്‍ ഉള്ളതിനേക്കാള്‍ 4 ഡോളര്‍ അധികം കൊടുത്താണ് ഈ എന്നാ സര്‍ക്കാര്‍ വാങ്ങിക്കുന്നത്. ഇങ്ങനെ കഴിഞ്ഞ ദിവസം കേരള കൌമുദിയില്‍ വായിച്ചതാണ്.

kaalidaasan said...

Firefly,

മന്‍ മോഹന്‍ സിംഗ് അംബാനി മാരുടെ പ്രധാനമന്ത്രിയാണ്. സാധാരണ ഇന്‍ഡ്യക്കാരുടെ അല്ല. ഇന്‍ഡ്യയുടെ എണ്ണപ്പാടങ്ങളില്‍ നിന്നും ഒരംബാനി എണ്ണ എടുക്കുന്നു. മറ്റൊരംബാനിക്ക് വില്‍ക്കുന്നു. അതിനു കൊടുക്കേണ്ട വിലയേപ്പറ്റി തര്‍ക്കമുണ്ടായപ്പോള്‍  സുപ്രീം കോടതിക്കു വരെ ഇടപെടേണ്ടി വന്നിട്ടുണ്ട്.


കുറെ അംബാനിമാരുണ്ടായാല്‍ സാമ്പത്തിക വളര്‍ച്ച ആയി എന്നാണു സാമ്പത്തിക അവിദഗ്ദ്ധന്റെ നിലപാട്. നിത്യോപയോഗ സാധനങ്ങളുടെ വില കൂടുന്നത് സാമ്പത്തിക വളര്‍ച്ചയെ കുറിക്കുന്നു എന്നതാണ്, സിംഗിന്റെ സിദ്ധാന്തം.