Sunday, 6 November 2011

സന്തോഷ് പണ്ഡിറ്റും പൊറോട്ടയും 

സന്തോഷ് പണ്ഡിറ്റും പൊറോട്ടയും തമ്മില്‍ പ്രത്യക്ഷത്തില്‍ ബന്ധമൊന്നുമില്ല. പക്ഷെ ഇന്ന് കേരളത്തില്‍ വിവാദമുണ്ടാക്കുന്ന  രണ്ടു സംഭവങ്ങളാണിവ.

പൊറോട്ട ആരോഗ്യത്തിനു ഹാനികരമാണെന്ന് പ്രകൃതി ജീവനക്കാര്‍ ശക്തമായ പ്രചരണം നടത്തുന്നു.  അങ്ങനെയല്ല എന്ന്  സമര്‍ദ്ധിച്ചുകൊണ്ട് വൈദ്യ ശാസ്ത്ര വിദഗ്ദ്ധര്‍ വരെ  മറു പ്രചരണം നടത്തുന്നു. ഗോതമ്പിലെ പോഷകാംശങ്ങളുള്ള ഭാഗങ്ങള്‍ നീക്കം ചെയ്ത് ബാക്കി വരുന്ന പോഷകം ഏറ്റവും കുറവുള്ള ഭാഗമാണ്, മൈദ എന്നറിയപ്പെടുന്നത്. അതുകൊണ്ടുണ്ടാക്കുന്ന പൊറോട്ടക്ക് പോഷകഗുണം കുറവായിരിക്കും എന്നത് രണ്ടാമതൊന്ന് ആലോചിക്കാതെ  പറയാം. പൊടിച്ചു കിട്ടുമ്പോള്‍ മഞ്ഞ നിറമുള്ള മൈദ ബ്ളീച് ചെയ്താണു വെള്ള നിറമാക്കി എടുക്കുന്നത്. ബ്ളീച്ച് ചെയ്യാന്‍ Benzoyl Peroxide എന്നരാസ വസ്തു ഉപയോഗിക്കുന്നു.  ഈ രാസ വസ്തു ആരോഗ്യത്തിനു ഹാനികകരമല്ല എന്ന് തീര്‍ത്തു പറയാന്‍ ആകില്ല. ലഭ്യമായ തെളിവുകള്‍ വച്ച് അല്ല എന്ന് ആശ്വസിക്കാമെങ്കിലും.

പൊറോട്ട ആരോഗ്യത്തിനു ഹാനികരമാണെന്ന് ആരോപിച്ചാണ്, അതിനെതിരെ പ്രചരണം നടത്തുന്നത്. പക്ഷെ സന്തോഷ് പണ്ഡിറ്റിനെതിരെയോ?

സന്തോഷ് പണ്ഡിറ്റിനെതിരെ അണ്ഡകടാഹം ഇളക്കി മറിച്ചുള്ള പ്രചരണത്തിന്റെ കാരണമെന്താണ്? ആദ്യമൊക്കെ സൈബര്‍ ലോകത്തു മാത്രം ഒതുങ്ങി നിന്ന  ഈ വിദ്വേഷ പ്രചരണം  ഇപ്പോള്‍ ദൃശ്യ മാദ്ധ്യമങ്ങളിലെ  Prime Time ല്‍ വരെ നടക്കുന്നു. റിപ്പോര്‍ട്ടര്‍ ചാനലില്‍ നികേഷ് കുമാര്‍ അഭിപ്രായപ്പെട്ടത് ഇങ്ങനെ. സ്വയം പീഡാനുഭവം അല്ലെങ്കില്‍ വിഡ്ഢിത്തം കാണുന്ന സുഖമാണ്, ഈ സിനിമ കാണുമ്പോള്‍ ഉണ്ടാകുന്നത്  എന്നാണ്. പക്ഷെ ചലച്ചിത്ര നിരൂപകന്‍  സി എസ് വെങ്കിടേശ്വരന്‍ അഭിപ്രായപ്പെട്ടത്  ഇതൊരു അട്ടിമറി ആണെന്നും. സാമ്പ്രദായിക സിനിമാ  സങ്കല്‍പ്പങ്ങളെ അട്ടിമറിക്കുന്നു ഈ സിനിമ എന്നും.


സിനിമാ നിര്‍മ്മാണം, അതിന്റെ ചെലവ്, നായികാ നായക സങ്കല്‍പ്പം, വിപണനം തുടങ്ങി, സര്‍വ്വ മേഖലകളെയും ഇത് അട്ടിമറിക്കുന്നു. സൌന്ദര്യ മൂര്‍ത്തികളെന്ന് നമ്മളൊക്കെ കരുതുന്ന നായക സങ്കല്‍പ്പത്തെ ഇത് കടപുഴക്കി എറിയുന്നു.

ഈ സിനിമ ഞാന്‍ കണ്ടിട്ടില്ല. ഇന്റര്‍നെറ്റില്‍ ലഭ്യമായ ക്ളിപ്പിംഗുകള്‍ വച്ച് ഇതൊരു മഹാപാതകമായി എനിക്ക് തോന്നുന്നില്ല. മമ്മൂട്ടിയുടെയും സുരേഷ് ഗോപിയുടെയും  ഡാന്‍സ കണ്ടിട്ട് തല ചുറ്റി വീഴാത്ത ആരും  സന്തോഷ് പണ്ഡിറ്റിന്റെ ഡാന്‍സ് കണ്ട് വീഴേണ്ട കാര്യവുമില്ല. മോഹന്‍ ലാലിനു കുടവയര്‍ കുലുക്കി ഡാന്‍സ ചെയ്യാമെങ്കില്‍ സന്തൊഷ് പണ്ഡിറ്റിനു മെലിഞ്ഞ ശരീരവും ഉന്തിയ പല്ലുമായും ഡാന്‍സ് ചെയ്യാം.

"മോഹന്‍ തോമസിന്റെ അമേദ്യവും ഉച്ചിഷ്ടവും മൃഷ്ടാന്നം ഭുജിക്കാന്‍" മലയാളിക്ക് സംഭാവന നല്‍കിയവര്‍ ചെയ്ത അത്രയും സംസ്കാരിക മലിനീകരണം ഏതായാലും സന്തോഷ് പണ്ഡിറ്റ് ഈ സിനിമയില്‍ കൂടി ഉണ്ടാക്കുന്നുമില്ല.

60000 രൂപവീതം  നല്‍കി  കേരളത്തിലെ മൂന്നു തിയേറ്ററുകള്‍ വാടകക്ക് എടുത്തായിരുന്നു   സന്തോഷ് പണ്ഡിറ്റ്  ഈ സിനിമ  പ്രദര്‍ശിപ്പിച്ചു തുടങ്ങിയത്. ഇന്നിപ്പോള്‍ 12 തിയേറ്ററുകള്‍  അത് പ്രദര്‍ശിപ്പിക്കാന്‍ മുന്നോട്ടു വന്നു. സിനിമാ പ്രദര്‍ശനത്തിന്റെ സകല സങ്കല്‍പ്പങ്ങളെയും ഇതട്ടിമറിച്ചു.

ഈ സിനിമ കണ്ടില്ല എന്നു കരുതി ആരും ശിക്ഷിക്കപ്പെടില്ല. സ്വന്തം പോക്കറ്റിലെ പണം ചെലവാക്കി ആളുകള്‍ ഇത് കാണുന്നു. യുവാക്കള്‍ ഇത് കാണാന്‍ ഇരച്ചു കയറുന്നു എന്നാണു റിപ്പോര്‍ട്ടുകള്‍.

"സന്മനസുള്ളവര്‍ക്ക് സമാധാനം, ഉദയനാണു താരം" എന്നീ സിനികളില്‍ ശ്രീനിവാസന്‍ കാണിക്കുന്ന കോപ്രായങ്ങളേക്കാള്‍  മോശമായ കോപ്രായങ്ങള്‍ ഈ സിനിമയില്‍ ഉണ്ടെന്നു തോന്നുന്നില്ല. നിലവാരം ​കൂടിയതെന്ന് നികേഷ്കുമാറിനേപ്പൊലുള്ളവര്‍ വിലയിരുത്തുന്ന മുന്തിയ സിനിമകളിലെ എല്ലാ കോപ്രായങ്ങളും കൂടി ഒരിടത്താക്കിയാല്‍  കൃഷ്ണനും രാധയും എന്ന സന്തോഷ് പണ്ഡിറ്റ് സിനിമയേക്കാള്‍ മോശമായിരിക്കും.

സമകാലീന മലയാള സിനിമയുടെ നേരെ പിടിച്ച ഒരു കണ്ണാടിയാണു സന്തോഷ് പണ്ഡിറ്റും അദ്ദേഹത്തിന്റെ സിനിമയും.  ആ മുഖം കണ്ടപ്പോള്‍ ഉണ്ടായ വെപ്രാളമാണീ വിദ്വേഷ പ്രചരണത്തിന്റെ കാരണം. ഇതുപോലെയുള്ള ചില കണ്ണാടികള്‍ കാലഘട്ടത്തിന്റെ ആവശ്യവും.


20 comments:

kaalidaasan said...

സമകാലീന മലയാള സിനിമയുടെ നേരെ പിടിച്ച ഒരു കണ്ണാടിയാണു സന്തോഷ് പണ്ഡിറ്റും അദ്ദേഹത്തിന്റെ സിനിമയും. ആ മുഖം കണ്ടപ്പോള്‍ ഉണ്ടായ വെപ്രാളമാണീ വിദ്വേഷ പ്രചരണത്തിന്റെ കാരണം. ഇതുപോലെയുള്ള ചില കണ്ണാടികള്‍ കാലഘട്ടത്തിന്റെ ആവശ്യവും.

കുഞ്ഞുവര്‍ക്കി said...

സന്തോഷ്‌ പണ്ഡിറ്റ്‌ തുറന്ന ഈ പുതിയ വഴിയെ ഇനി പലരും വരും ചിലപ്പോള്‍ നമുക്ക് വളരെ നല്ല സിനിമകള്‍ അവരില്‍ നിന്നും ലഭിച്ചെന്നും വരും സിനിമകള്‍ പ്രദര്‍ശിപ്പിക്കാന്‍ ഇനി തിയറ്ററുകള്‍ പോലും വേണ്ടി വരില്ല യുടുബില്‍ തന്നെ റിലീസ്‌ ചെയ്യാം ആവശ്യക്കാര്‍ക്ക് ക്രെഡിറ്റ്‌ കാര്‍ഡ്‌ ഉപയോഗിച്ച് സ്ട്രീം ചെയ്തു കാണാം. അങ്ങനെ വരുകയാണെങ്കില്‍ നാളെത്തെ തലമുറ സന്തോഷ്‌ പണ്ടിട്ടിനെ മലയാള ചലച്ചിത്ര ലോകത്തെ വിപ്ലവകാരി എന്ന പേരിലാവും അറിയുക.

കറുത്തേടം said...

മലയാളികള്‍ക്ക് ലാലേട്ടനെയും മമ്മുക്കയും മാത്രമേ രുചിക്കൂ എന്നില്ല. ഏതു പണ്ടിറ്റായാലും നന്നായാലും ചീത്തയായാലും ജനങ്ങള്‍ കാണും. യു ടൂബെന്ന മാധ്യമം ആരുടേയും കുത്തകയല്ല. അതിനെ വളരെ ഭംഗിയായി ഉപയോഗിക്കാന്‍ കഴിഞ്ഞതില്‍ ഈ കോമാളി വിജയിച്ചിരിക്കുന്നു. കഥാ ദാരിദ്രവും പുതുമ ഇല്ലായ്മയും മലയാള സിനിമയെ ഗ്രസിക്കുമ്പോള്‍ പണ്ഡിറ്റ്‌ അവതരിച്ചിരിക്കുന്നു. കണ്ണനായി. എന്നാല്‍ മ്യൂസിക്‌ മോഷ്ടിച്ച് പാട്ടുണ്ടാക്കുന്ന ചിരികുമാരിനെക്കള്‍ ഇവന്‍ കേമന്‍.. പണ്ഡിറ്റ്‌ജി സിന്ദാബാദ്..

Unknown said...

>>>മമ്മൂട്ടിയുടെയും സുരേഷ് ഗോപിയുടെയും ഡാന്‍സ കണ്ടിട്ട് തല ചുറ്റി വീഴാത്ത ആരും സന്തോഷ് പണ്ഡിറ്റിന്റെ ഡാന്‍സ് കണ്ട് വീഴേണ്ട കാര്യവുമില്ല. മോഹന്‍ ലാലിനു കുടവയര്‍ കുലുക്കി ഡാന്‍സ ചെയ്യാമെങ്കില്‍ സന്തൊഷ് പണ്ഡിറ്റിനു മെലിഞ്ഞ ശരീരവും ഉന്തിയ പല്ലുമായും ഡാന്‍സ് ചെയ്യാം.>>

athu thanne..

ബിജു ചന്ദ്രന്‍ said...

ഫേസ് ബുക്കില്‍ ലിങ്ക് കൊടുത്തു. മമ്മൂട്ടി അഭിനയിച്ച ചില പടങ്ങള്‍ ഉണ്ടല്ലോ ഉദാ : പട്ടണത്തില്‍ ഭൂതം. അതിന്റെയൊക്കെ എത്രയോ ഉയരത്തില്‍ ആണ് യഥാര്‍ത്ഥത്തില്‍ പണ്ഡിറ്റിന്റെ സിനിമ.

kaalidaasan said...

കുഞ്ഞു വര്‍ക്കി,

സന്തോഷ് പണ്ഡിറ്റ് ഒരു പാത തുറനു തന്നിരിക്കുന്നു. യു റ്റ്യൂബില്‍ ഒക്കെ റിലീസ് ചെയ്യാവുന്ന തരത്തില്‍ വലിയ സന്നാഹങ്ങളില്ലാതെ കുറഞ്ഞ ചെലവില്‍ സിനിമ എടുക്കാമെന്ന് അദ്ദേഹം കാണിച്ചു തരുന്നു. മാക്റ്റ, ഫെഫ്ക, അമ്മ, അച്ഛന്‍, കൊച്ചച്ഛന്‍ തുടങ്ങിയ മഫിയകളെ ഗൌനിക്കേണ്ട ആവശ്യവുമില്ല. ഇതുപോലുള്ള സിനിമകള്‍ വരട്ടെ. കാണേണ്ടവര്‍ കാണട്ടെ.

kaalidaasan said...

കറുത്തേടം,

"മ്യൂസിക്‌ മോഷ്ടിച്ച് പാട്ടുണ്ടാക്കുന്ന ചിരികുമാരന്റെ" കാര്യം തെളിവു സഹിതം പറഞ്ഞതിനു നന്ദി. ഇവരൊക്കെ വിലസുന്ന സിനിമാലോകത്ത് "കോമാളി" ആയ സന്തോഷ് പണ്ഡിറ്റ് എത്രയോ ഭേദം.

kaalidaasan said...

ബിജു,

കോഴി കറുത്തതാണെന്നു കരുതി അതിടുന്ന മുട്ട കറുത്തതായിരിക്കില്ല. വെളുത്തതെന്നു നമ്മള്‍ കരുതുന്ന പല കോഴികളും ഇടുന്ന മുട്ടകള്‍ കറുത്തതാണ്.

ഈ ചായം തേച്ച കോഴികളുടെ മുഖമടച്ചു കൊടുത്ത ഒരാട്ടാണ്, സന്തോഷ് പണ്ഡിറ്റിന്റെ സിനിമ.

സന്തോഷ് പണ്ഡിറ്റിന്റെ സിനിമക്ക് സങ്കേതിക നിലവാരം കുറവായിരിക്കാം. പക്ഷെ സൂപ്പറുകളുടെ പല തറകളേക്കാളും തറയുമല്ല.

kaalidaasan said...

സന്തോഷ് പണ്ഡിറ്റ് മലയാള സിനിമയുടെ അനിവാര്യതയാണ്. സൂപ്പര്‍ സംവിധായകരോടും സൂപ്പര്‍ നടന്‍മാരോടുമുള്ള പ്രതിഷേധമായി എടുത്ത് യുവാക്കളാണീ സിനിമ കാണാന്‍ കൂട്ടത്തോടെ വരുന്നത്. അവര്‍ തലയറഞ്ഞു ചിരിക്കുന്നതായാണു റിപ്പോര്‍ട്ടുകള്‍. ഗൌരവത്തോടെ പണ്ഡിറ്റ് ചെയ്യുന്നതും പറയുന്നതും  അവരെ ചിരിപ്പിക്കുന്നു. അതാണു സ്വാഭാവിക ഹാസ്യം. സുരാജ് വെഞ്ഞാറംമൂടൊക്കെ പണിപ്പെട്ട് ചിരിപ്പിക്കാന്‍ നടത്തുന്ന സാഹസങ്ങള്‍ കാണുമ്പോള്‍ ഈ സ്വാഭാവിക ഹാസ്യത്തെ കയ്യടിച്ചു പ്രോത്സാഹിപ്പിക്കാതെ വയ്യ.

Unknown said...

>> സൂപ്പര്‍ സംവിധായകരോടും സൂപ്പര്‍ നടന്‍മാരോടുമുള്ള പ്രതിഷേധമായി എടുത്ത് യുവാക്കളാണീ സിനിമ കാണാന്‍ കൂട്ടത്തോടെ വരുന്നത്. അവര്‍ തലയറഞ്ഞു ചിരിക്കുന്നതായാണു റിപ്പോര്‍ട്ടുകള്‍.>>

അങ്ങനെ ആരോടെങ്കിലും ഉള്ള പ്രതിഷേധം കൊണ്ടാണ് ആളുകള്‍ ആ സിനിമ കാണാന്‍ കയറുന്നതെന്ന് കരുതുന്നില്ല. തലയറഞ്ഞു ചിരിക്കാന്‍ മാത്രമായാണ് ആളുകള്‍ കൂട്ടത്തോടെ കയറുന്നത്(മരിച്ചു കിടക്കുന്ന സീനില്‍ പോലും കൂട്ടചിരിയാനെന്നാണ് കേള്‍ക്കുന്നത്). അതിനു പിന്നില്‍ മുഖ്യധാരാ സംവിധായകരെയും നടന്മാരെയും ഒരു പാഠം പഠിപ്പിക്കാം എന്നാ ആസൂത്രിത നീക്കമൊന്നും ഉണ്ടാകാന്‍ വഴിയില്ല.

kaalidaasan said...

Firefly,

താങ്കള്‍ പറഞ്ഞതുപോലെ പ്രതിഷേധമായിരിക്കില്ല. മരണ സീനില്‍  വരെ ചിരിക്കാന്‍ വകയുണ്ടെങ്കില്‍ അത് സ്വാഭാവിക ഹാസ്യമാണ്.

മുക്കുവന്‍ said...

തീട്ടത്തില്‍ ചവിട്ടിയിട്ട് അതിട്ടവനെ പഴിചാരണോ? ( കടപ്പാട് : യൂടൂബ്)....

he has produced a film. may not be the best in the world, nor the worst. what the heck everyone is after him? if you want, go and watch. if you watch and did not like it.. you have have right to comment too :)

I am not going to watch that film ,loose money and time!

kaalidaasan said...

മുക്കുവന്‍,

സന്തോഷ് പണ്ഡിറ്റ് ഒരു സിനിമ നിര്‍മ്മിച്ചു. അത് കാണണമെന്നുള്ളവര്‍ പോയി കാണുക. പണം സ്വന്തമായിട്ടുള്ളവന്‍ കാണുക. അത് കാണണമെന്നു പറഞ്ഞ് സന്തോഷ് പണ്ഡിറ്റ് ആരുടെയും കാലുപിടിക്കുന്നില്ല.മറ്റ് സിനിമക്കാര്‍ ചെയ്യുന്നതുപോലെ അദ്ദേഹം തന്റെ സിനിമക്ക് പ്രചരണം കൊടുക്കുന്നു. പക്ഷെ പണം മുടക്കി സിനിമ കണ്ടിട്ട് അദ്ദേഹത്തെ വിളിച്ച് 15 മിനിറ്റോളം തെറി പറയുന്നവര്‍ക്ക് എന്തോ മാനസിക പ്രശ്നമുണ്ട്.

kaalidaasan said...

വണ്‍മാന്‍ ഷോ ബൈ പണ്ഡിറ്റ്‌

ആരും അറിയാത്ത ഒരാള്‍ നിമിഷവേഗതയില്‍ ഒരു സ്വപ്‌നം പോലെ കയറി വന്ന്‌ എല്ലാവരും അറിയുന്ന ആളാവുക. സിനിമയി ല്‍ അത്തരം ഒരത്ഭുതമിതാ. ആ അത്ഭുതത്തിന്റെ പേര്‌ സന്തോഷ്‌ പണ്ഡിറ്റ്‌. ഇന്റര്‍നെറ്റ്‌ എന്ന വിവരസാങ്കേതിക മാധ്യമം ഇത്രയും ജനകീയമാണെന്നും പ്രശസ്‌തിയിലേക്കുള്ള കുറുക്കുവഴി അതില്‍ ഒളിഞ്ഞിരിപ്പുണ്ടെന്നും ഈ പണ്ഡിറ്റ്‌ നമ്മെ ബോധ്യപ്പെടുത്തി. നാലു മാസം മുന്‍പ്‌ വീഡിയോ ഷെയറിംഗ്‌ വെബ്‌സൈറ്റായ യൂടൂബില്‍ അപ്‌ലോഡ്‌ ചെയ്‌ത സന്തോഷിന്റെ പാട്ടുകള്‍ 25 ലക്ഷത്തിലധികം പേര്‍ കണ്ടുകഴിഞ്ഞു. പ്രതിദിനം രണ്ടു ലക്ഷം പേര്‍ കാണുന്നു. ഇന്റര്‍നെറ്റ്‌ സ്‌റ്റാറ്റിസ്‌റ്റിക്‌സ് ആന്‍ഡ്‌ മാര്‍ക്കറ്റിംഗ്‌ സര്‍വ്വേ റിപ്പോര്‍ട്ടുപ്രകാരം ലോകത്ത്‌ ഏറ്റവും കൂടുതല്‍ ആളുകള്‍ കാണുന്ന പാട്ടാണിതെന്ന്‌ സന്തോഷ്‌ അവകാശപ്പെടുന്നു.

ഈ ഡിജിറ്റല്‍ യുഗത്തിലും സാധാരണക്കാരന്‌ സിനിമ അകലെനിന്ന്‌ കാണാവുന്ന ഒരത്ഭുതമാണ്‌. എത്ര കഴിവുണ്ടെങ്കിലും അത്‌ പ്രകടിപ്പിക്കാന്‍ ലക്ഷങ്ങളോ കോടികളോ വേണം. എന്നാല്‍ വെറും അഞ്ചു ലക്ഷം രൂപ കൊണ്ടും സിനിമ നിര്‍മ്മിക്കാമെന്ന്‌ സന്തോഷ്‌ തെളിയിച്ചിരിക്കുന്നു. ഏതെങ്കിലും ഒരു തീയറ്ററില്‍ രണ്ടാഴ്‌ച കളിച്ചാല്‍ പോലും മുതല്‍മുടക്ക്‌ തിരിച്ചുപിടിക്കാം.

നമ്പര്‍ ത്രീ: കഥ, തിരക്കഥ, അഭിനയം,നടനം- എന്നിങ്ങനെ ഒരുപാട്‌ നമ്പറുകള്‍ ഒരുമിച്ച്‌ കൈകാര്യം ചെയ്‌ത മല്ലന്‍മാരെ നമുക്കറിയാം. എല്ലാവരെയും ഒറ്റയടിക്ക്‌ മലര്‍ത്തിയടിച്ചിരിക്കുന്നു പണ്ഡിറ്റ്‌. കഥൈ, തിരക്കഥൈ, വചനം, സംവിധാനം, ഹീറോ, നിര്‍മ്മാണം, വിതരണം, ഗാനരചന, സംഗീതംആലാപനം, ശബ്‌ദലേഖനം, ശബ്‌ദമിശ്രണം,വസ്‌ത്രാലങ്കാരം,കലാസംവിധാനം, ചിത്രസംയോജനം, നിര്‍മ്മാണനിയന്ത്രണം,വാര്‍ത്താവിതരണം,നൃത്തസംവിധാനം,ഗ്രാഫിക്‌സ്,ടൈറ്റിലിംഗ്‌,സംഘട്ടനം- എന്നു വേണ്ട ഇനി ചെയ്യാന്‍ ബാക്കി ഒന്നുമില്ല. പണ്ഡിറ്റ്‌ ആകെ വെറുതെ വിട്ടത്‌ ഒരു വിഭാഗം മാത്രം-ഛായാഗ്രഹണം. അഭിനയിച്ചുകൊണ്ട്‌ ക്യാമറ കൈകാര്യം ചെയ്യാന്‍ പറ്റില്ലല്ലോ?

വിതരണക്കമ്പനിയോ ഓഫീസോ ഇല്ലാതെ ചലച്ചിത്ര സ്രഷ്‌ടാവുതന്നെ നേരിട്ട്‌ ഫിലിം പെട്ടി തീയറ്ററിലെത്തിക്കുക എന്ന അപൂര്‍വതയ്‌ക്കും സന്തോഷ്‌ സാക്ഷ്യം വഹിച്ചു. പല ഘടകങ്ങള്‍ കണക്കിലെടുത്ത്‌ ലിംക ബുക്ക്‌ ഓഫ്‌ റെക്കോര്‍ഡ്‌സിലും ഗിന്നസ്‌ബുക്കിലും കയറിപ്പറ്റാന്‍ ഒരുങ്ങുകയാണ്‌ സന്തോഷ്‌.

ഒരപൂര്‍വജീവി എന്ന നിലയിലാണ്‌ പലരും സന്തോഷിനെ കാണുന്നത്‌?

ഒരു കണക്കില്‍ അതില്‍ തെറ്റില്ല. വഴി മാറി നടക്കാനുള്ള താത്‌പര്യം പണ്ടേ എനിക്കുണ്ടായിരുന്നു. കോഴിക്കോട്‌ നരിക്കുഴിയില്‍ ഒരു മലയുടെ മുകളിലാണ്‌ ഞാന്‍ താമസിക്കുന്നത്‌. അച്‌ഛനും അമ്മയും മരിച്ചു പോയി. അനുജത്തിയെ വിവാഹം ചെയ്‌തയച്ചു. വീട്ടില്‍ ഞാന്‍ ഒറ്റയ്‌ക്കാണ്‌ താമസിക്കുന്നത്‌. ഒറ്റപ്പെട്ട ഈ അന്തരീക്ഷമാണ്‌ ക്രിയേറ്റീവായി പലതും ചെയ്യാന്‍ എന്നെ സഹായിക്കുന്നത്‌.

വളരെ അപൂര്‍വമായ ഒരു വാല്‌ പേരിനൊപ്പമുണ്ട്‌-പണ്ഡിറ്റ്‌. അത്ര വലിയ പണ്ഡിതനാണോ?

ഞങ്ങള്‍ ബ്രാഹ്‌മണരാണ്‌. സംസ്‌കൃതം,വേദപഠനം-ഇതൊക്കെ വേണ്ടിവരും. പിന്നെ വിവിധ വിഷയങ്ങളില്‍ സാമാന്യം തെറ്റില്ലാത്ത പാണ്ഡിത്യം എനിക്കുണ്ട്‌. ഹിന്ദിയില്‍ ബിരുദാനന്തര ബിരുദം, ഇംഗ്‌ളീഷില്‍ ബിരുദം, സിവില്‍ എന്‍ജിനീയറിംഗ്‌ ഡിപ്‌ളോമാ, സൈക്കോളജിയില്‍ പിജി, എല്‍. എല്‍. ബി....

ഒരു കിലോമീറ്റര്‍ നീളത്തില്‍ ഡിഗ്രികളുടെ പേരുകേള്‍ക്കുമ്പോള്‍ സന്തോഷിനു തന്നെ തല ചുറ്റുന്നില്ലേ?

ഇല്ല. കാരണം ഞാന്‍ ഓരോന്ന്‌ പഠിക്കും, അത്‌ അപ്പോള്‍തന്നെ മറക്കും. പിന്നെ പുതിയ കാര്യങ്ങളിലാണ്‌ താത്‌പര്യം. പ്രീഡിഗ്രിക്ക്‌ ഫോര്‍ത്ത്‌ ഗ്രൂപ്പായിരുന്നു . ഡിഗ്രിക്ക്‌ ഇംഗ്‌ളീഷ്‌ പഠിച്ചു. പിജി വന്നപ്പോള്‍ ഹിന്ദി എടുത്തു. അതും മടുത്തപ്പോള്‍ നിയമവും സൈക്കോളജിയും പഠിച്ചു.

kaalidaasan said...

എന്നിട്ട്‌ ചെയ്‌തത്‌ തീരെ പഠിക്കാത്ത സിനിമ?

അതാണ്‌ എന്റെ രീതി. സിനിമയോട്‌ കുട്ടിക്കാലം മുതലേ ഇഷ്‌ടമായിരുന്നു. എന്നു കരുതി സിനിമ അത്ര വലിയ ക്രേസ്‌ ഒന്നുമല്ല. നാളെ ഇതിലും വലിയ മറ്റൊരു താത്‌പര്യം ഉണ്ടായാല്‍ ഞാന്‍ അതിന്‌ പിന്നാലെ പോവും. 18 വയസില്‍ ഞാനൊരു തിരക്കഥ എഴുതി. അത്‌ സംവിധാനം ചെയ്യണമെന്ന്‌ ഭയങ്കര പൂതി. മലയാളം, തമിഴ്‌, ഹിന്ദി- മൂന്ന്‌ ഭാഷയിലാണ്‌ പടം. കയ്യില്‍ കാല്‍ കാശില്ല. അച്‌ഛന്‍ എന്‍ജിനീയറാണ്‌. വീട്ടില്‍ അത്യാവശ്യം ചുറ്റുപാടുണ്ട്‌. ഞാന്‍ പടം പിടിക്കാന്‍ അച്‌ഛനോട്‌ കാശ്‌ ചോദിച്ചു. അച്‌ഛന്‍ ചിരിച്ചു. എന്നിട്ട്‌ പറഞ്ഞു:''നീ മലയാളത്തില്‍ പടം ചെയ്യാന്‍ കാശ്‌ ചോദിച്ചിരുന്നെങ്കില്‍ ഞാന്‍ തന്നേനെ. അത്‌ തന്നെ നീ ചെയ്യുമോന്ന്‌ എനിക്ക്‌ വിശ്വാസമില്ല. അപ്പഴാണ്‌ മൂന്ന്‌ ഭാഷ. മോനെ, മീശ മുളയ്‌ക്കാത്ത പ്രായത്തില്‍ നമുക്ക്‌ പലതും തോന്നും''

അച്‌ഛന്‍ കാശു തരില്ലെന്ന്‌ ചുരുക്കം. ഞാന്‍ നിര്‍ബന്ധിക്കാന്‍ പോയില്ല. തത്‌കാലം ആഗ്രഹം മാറ്റി വച്ച്‌ പഠനവും ചില്ലറ ബിസിനസുകളുമായി ഒതുങ്ങിക്കൂടി. പത്തു വര്‍ഷം ആ കാത്തിരിപ്പ്‌ നീണ്ടു. ഇതിനിടയില്‍ അച്‌ഛനും അമ്മയും മരിച്ചു. പക്ഷേ എന്റെ സ്വപ്‌നങ്ങള്‍ മരിച്ചില്ല.



ഞാന്‍ അദ്ധ്വാനിച്ച്‌ കാശ്‌ ഉണ്ടാക്കി. അതു കൊണ്ട്‌ സിനിമ കളിച്ച്‌ കളയരുതെന്ന്‌ പലരും ഉപദേശിച്ചു. എന്റെ ആത്മവിശ്വാസത്തെ അതൊന്നും ബാധിച്ചില്ല. എനിക്ക്‌ രണ്ട്‌ കംപ്യൂട്ടറുകളും ലാപ്‌ടോപ്പുമുണ്ട്‌. വീട്ടില്‍ തന്നെ ഒരു എഡിറ്റിംഗ്‌ സ്യൂട്ട്‌ ഉണ്ടാക്കി. 7ഡി ക്യാമറയും വാങ്ങി. അഭിനയിക്കാന്‍ അറിയാവുന്ന പുതിയ കുറെ കലാകാരന്‍മാരെ സംഘടിപ്പിച്ചു. എന്റെ പരിചയക്കാര്‍ വാടക കൂടാതെ ഷൂട്ടിംഗിന്‌ വീട്‌ തന്നു. ക്യാമറ ഒഴികെ ബാക്കിയെല്ലാം ഞാന്‍ തന്നെ ചെയ്‌തു. 25 ദിവസം ഷൂട്ടിംഗ്‌. അത്യാവശ്യമുള്ളപ്പോള്‍ മാത്രം യുണിറ്റ്‌ വിളിച്ചു. ഒരു ടെലിസിനിമ തീരുന്ന കാശു കൊണ്ട്‌ പടം തീര്‍ത്തു.

സാധാരണഗതിയില്‍ ഇങ്ങനെയൊരു പടം തീയറ്റര്‍ കാണില്ല. ഈ അവസ്‌ഥയെ എങ്ങനെ മറി കടന്നു?

ഷൂട്ടിംഗ്‌ നടക്കുമ്പോള്‍ തന്നെ ഞാന്‍ പാട്ടുകള്‍ യൂടൂബില്‍ കൊടുത്തു. എഴുത്ത്‌,ട്യൂണ്‍, പാടിയത്‌ എല്ലാം ഞാന്‍ തന്നെ. അത്‌ ധാരാളം പേര്‍ കണ്ടു. അവര്‍ പറഞ്ഞു പറഞ്ഞ്‌ സംഗതി ഹിറ്റായി. ദിവസം പതിനായിരക്കണക്കിന്‌ ആളുകള്‍ കാണാന്‍ തുടങ്ങി. അത്‌ ലക്ഷങ്ങളിലേക്ക്‌ വളര്‍ന്നു. നോക്കിയ പോലുള്ള കമ്പനികള്‍ റിംഗ്‌ടോണായി എന്റെ പാട്ട്‌ ഉപയോഗിക്കാന്‍ തുടങ്ങി. സംഭവം വന്‍ഹിറ്റ്‌. സ്വാഭാവികമായും പടം കാണാന്‍ ആളുകള്‍ കാത്തിരുന്നു. സാമ്പത്തിക പരാധീനത കൊണ്ട്‌ ആദ്യം മൂന്നു പ്രിന്റാണ്‌ റിലീസ്‌ ചെയ്‌തത്‌. തീയറ്ററിലെ തിരക്ക്‌ കണ്ട്‌ 17 റിലീസിംഗ്‌ സെന്ററുകള്‍ കൂടി കിട്ടി.

അറിയപ്പെടാത്ത ഒരു കൂട്ടം ആളുകള്‍ രൂപപ്പെടുത്തിയ സിനിമ. എന്നിട്ടും അഭൂതപൂര്‍വമായ ഹിറ്റ്‌. എന്താണ്‌ ഈ സിനിമയ്‌ക്ക് സന്തോഷ്‌ കാണുന്ന പ്രത്യേകത?

പാട്ടുകളാണ്‌ ഇതിന്റെ വിജയ രഹസ്യം എന്ന്‌ ചിലര്‍ പറയുന്നു. ഞാന്‍ യോജിക്കുന്നില്ല. തുടക്കത്തില്‍ ആളെ കയറ്റാന്‍ പാട്ടുകള്‍ ഉപകരിച്ചിട്ടുണ്ടാവാം. എന്നാല്‍ പ്രമേയത്തിന്റെ വ്യത്യസ്‌തത തന്നെയാണ്‌ ഈ പടത്തിന്റെ പ്രത്യേകത. രണ്ട്‌ മതത്തില്‍ പെട്ടവര്‍-ജോണിയും രാധയും-സ്‌നേഹിച്ച്‌ വിവാഹം കഴിച്ചപ്പോള്‍ സംഭവിച്ച പ്രശ്‌നങ്ങളാണ്‌ അവതരിപ്പിക്കുന്നത്‌. ഒന്നുകില്‍ രണ്ടുപേരും ഏതെങ്കിലും ഒരു മതം സ്വീകരിക്കണം. അല്ലെങ്കില്‍ നിരവധി ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വരും. ഒരു പ്രത്യേക സാഹചര്യത്തില്‍ രാധ മരിക്കുമ്പോള്‍ രണ്ട്‌ മതക്കാരും ശവം അടക്കാന്‍ കൂട്ടാക്കുന്നില്ല. ജോണിയും അധികൃതരുമായി ചില ്രപശ്‌നങ്ങളുള്ളതുകൊണ്ടു മുനിസിപ്പാലിറ്റിയോ മെഡിക്കല്‍ കോളജ്‌ പോലും ശവം സ്വീകരിക്കുന്നില്ല. സ്വന്തമായി വീടുമില്ല. അഴുകിത്തുടങ്ങിയ ശവം മറവു ചെയ്യാന്‍ കഴിയാതെ വിഷമിക്കുന്ന ഒരാളുടെ അവസ്‌ഥ, ദിവസങ്ങളോളം അയാള്‍ ആ ശവത്തിന്‌ കാവലിരുന്നു. -ഇതിനുമുന്‍പ്‌ ഒരു സിനിമയിലും ഈ വിഷയം ചര്‍ച്ച ചെയ്യപ്പെട്ടിട്ടില്ല.

kaalidaasan said...

എന്തൊക്കെയായാലും സിനിമാ നിര്‍മ്മാണത്തില്‍ പരിചയസമ്പന്നത ഒരു ഘടകമല്ലേ?

അച്‌ഛന്‍ പറഞ്ഞു തന്ന ഒരു കാര്യമുണ്ട്‌. 80 വയസ്‌ വരെ പുറംലോകവുമായി ഇടപഴകാതെ ഭാര്യയും മക്കളുമായി വീട്ടില്‍ ഒതുങ്ങിക്കഴിഞ്ഞ ഒരാള്‍ക്ക്‌ എന്ത്‌ എക്‌സ്പീരിയന്‍സ്‌? പകരം ആളുകളുമായി ഇടപെട്ട്‌ കഴിയുന്ന 15 കാരന്‌ അതിലും എക്‌സ്പീരിയന്‍സ്‌ ഉണ്ടാവും. ഒരാളുമായി സംസാരിക്കുമ്പോള്‍ പോലും പുതിയ ചില അനുഭവങ്ങളും അറിവുകളുമായാണ്‌ നമ്മള്‍ സംവദിക്കുന്നത്‌.

അച്‌ഛന്‍ തന്ന വിലപ്പെട്ട വേറെയും ഉപദേശങ്ങളുണ്ടോ?

നമ്മള്‍ എത്ര ഉയര്‍ന്നാലും അഹങ്കരിക്കരുത്‌. ആളുകള്‍ ഒരു ഡോക്‌ടറോ കലക്‌ടറോ ആയാല്‍ ഉടന്‍ തല ഉയര്‍ത്തിപ്പിടിച്ച്‌ ഗമ കാണിക്കും. മറിച്ച്‌ ഒരു വാഴയോ മാവോ കുലച്ചാല്‍ അത്‌ തല താഴ്‌ത്തും. പ്രകൃതിയാണ്‌ അച്‌ഛനും അമ്മയും. എന്ത്‌ പ്രശ്‌നമുണ്ടായാലും പ്രകൃതിയുമായി സംവദിക്കണം. ഈ മലമുകളില്‍ താമസിക്കുന്നത്‌ അതുകൊണ്ടാണ്‌. എന്നും രാവിലെ ഉണര്‍ന്ന്‌ കുറച്ചുസമയം പ്രകൃതിയിലേക്ക്‌ നോക്കി നില്‍ക്കും. എന്ത്‌ വിഷമം ഉണ്ടെങ്കിലും അതെല്ലാം പോകും.

സിനിമ സംവിധാനം ചെയ്യാന്‍ ഒരുങ്ങൂമ്പോള്‍ എന്തായിരുന്നു സന്തോഷിന്റെ ആത്മവിശ്വാസം?

സമസ്‌തമേഖലയിലും അടിസ്‌ഥാനപരമായ അറിവുള്ള ഒരാള്‍ക്കു മാത്രമേ സംവിധായകന്‍ ആകാനൊക്കൂ. അയാള്‍ ഒരു സ്‌റ്റണ്ട്‌ മാസ്‌റ്റര്‍ അല്ലെങ്കിലും സംഘട്ടനം എന്ന പ്രക്രിയയെക്കുറിച്ച്‌ അറിഞ്ഞിരിക്കണം. അയാളുടെ പടത്തിലെ പാട്ടുകള്‍ എങ്ങനെ വേണം, അത്‌ എങ്ങനെ ദൃശ്യവത്‌കരിക്കണം-ഇതേക്കുറിച്ചെല്ലാം അയാള്‍ക്ക്‌ ധാരണയുണ്ടാവണം. ബുദ്ധിയും ക്രിയേറ്റീവ്‌ മൈന്‍ഡും ഏറ്റവും ആവശ്യമായിട്ടുള്ളത്‌ ഡയറക്‌ടര്‍ക്കാണ്‌.

ഒരുപാട്‌ ബിരുദങ്ങളുള്ള ഒരാള്‍ക്ക്‌ ക്രിയാത്മകതയുടെ തലത്തില്‍ അത്‌ എങ്ങനെയാണ്‌ പ്രയോജനപ്പെട്ടത്‌?

വിദ്യാഭ്യാസവും സിനിമയും തമ്മില്‍ ഒരു ബന്ധവുമില്ല. രണ്ടാം ക്‌ളാസുകാരനും ക്‌ളാസിക്കുകള്‍ ഉണ്ടാക്കാം. അതിനുള്ള പ്രതിഭയുണ്ടെങ്കില്‍- കഴിവില്ലാത്തവന്‌ എത്ര പഠിപ്പുണ്ടെങ്കിലും ഒന്നുമാവാന്‍ കഴിയില്ല. കാണാപ്പാഠം പഠിച്ച്‌ പരീക്ഷയെഴുതി പാസാകുന്നതോ കുറെ ബിരുദങ്ങള്‍ എടുക്കുന്നതോ അത്ര മഹത്തരമായ കാര്യമായി എനിക്ക്‌ തോന്നിയിട്ടില്ല.

പിന്നെന്തിനാണ്‌ പണ്ഡിറ്റ്‌ അതു ചെയ്‌തത്‌?

സിനിമയില്‍ ശാശ്വതമായ നിലനില്‍പ്പ്‌ പ്രതീക്ഷിക്കാന്‍ കഴിയില്ല. നാളെ സിനിമ ഇല്ലാതെവന്നാല്‍ ഏതെങ്കിലും ഒരു തൊഴില്‍ ചെയ്‌ത് ജീവിക്കണം. പല കാര്യങ്ങള്‍ പഠിച്ചത്‌ ഈ ഉദ്ദേശത്തിലാണ്‌. ഉപജീവനമാര്‍ഗം. സര്‍ഗാത്മകതയുടെ പ്രതിഫലം കൊണ്ട്‌ ജീവിക്കാന്‍ കഴിയുന്ന കാലത്തോളം അതു തന്നെയാണ്‌ ആഗ്രഹം.

സന്തോഷിന്റെ പരിശ്രമങ്ങളെ അങ്ങേയറ്റം പരിഹാസത്തോടെയാണ്‌ പലരും കാണുന്നത്‌?

ഞാനും അത്‌ മനസിലാക്കിയിട്ടുണ്ട്‌. കൂടുതലും എന്റെ സിനിമ കാണാത്തവരാണ്‌. ചിലര്‍ക്ക്‌ പ്രൊഫഷനല്‍ ജലസിയുണ്ട്‌. ആളുകള്‍ കരുതും പോലെ ഞാന്‍ ഒരു റിബല്‍ അല്ല. മാക്‌ടയിലും അമ്മയിലും ഫിലിം ചേംബറിലും പ്രൊഡ്യുസേഴ്‌സ് അസോസിയേഷനിലും അംഗമാകാതെ സിനിമ ചെയ്‌തു എന്നതാണ്‌ എന്റെമേലുള്ള കുറ്റമായി ആളുകള്‍ കാണുന്നത്‌.

ആരെയും എതിര്‍ക്കാന്‍ വേണ്ടിയല്ല ഞാന്‍ ചെയ്‌തത്‌. ഗതികേടുകൊണ്ടാണ്‌. അത്രയും പണം കെട്ടിവയ്‌ക്കാനുള്ള സാഹചര്യം തത്‌കാലം ഇല്ല. നാളെ അത്‌ ചെയ്യണമെങ്കില്‍ ഞാന്‍ തയ്യാറുമാണ്‌. പിന്നെ സംഘടനകളുടെ നിയന്ത്രണവും നിബന്ധനകളും നിയമാവലികളുമില്ലാതെ ഒരു കലാകാരന്‌ ആത്മപ്രകാശനം നിര്‍വഹിക്കാനുളള സ്വാതന്ത്ര്യം ഈ ജനാധിപത്യ രാജ്യത്തുണ്ടെന്ന്‌ കാണിച്ചു കൊടുക്കാന്‍ എനിക്ക്‌ കഴിഞ്ഞു. അതില്‍ അഭിമാനമുണ്ട്‌. നേരിട്ടും ഫോണിലും ചീത്ത വിളിക്കുന്നവരുണ്ട്‌. അത്തരം പ്രതികരണങ്ങളെപ്പോലും പോസിറ്റീവായി കാണുന്നു. ഏതെങ്കിലും തരത്തില്‍ നമ്മള്‍ ശ്രദ്ധിക്കപ്പെട്ടതു കൊണ്ടാണല്ലോ ആളുകള്‍ വിളിക്കുന്നത്‌.

kaalidaasan said...

സിനിമയില്‍ വരും മുന്‍പ്‌ കലാപരമായ കഴിവുകള്‍ എവിടെയായിരുന്നു?

കഥകളും കവിതകളും പണ്ടേ എഴുതുമായിരുന്നു. കഥാമത്സരങ്ങളില്‍ പങ്കെടുത്തിരുന്നു. ഒരു വിഷയം കിട്ടിയാല്‍ അഞ്ച്‌ മിനിറ്റു കൊണ്ട്‌ ഞാന്‍ കഥ എഴുതും. എസ്‌. എസ്‌. എല്‍. സി ക്ക്‌ പഠിക്കുമ്പോള്‍ സന്തോഷ്‌ പണ്ഡിറ്റിന്റെ കഥകള്‍ എന്ന പേരില്‍ ഒരു ബുക്ക്‌ ഞാന്‍ ഉണ്ടാക്കി.

ആരും സഞ്ചരിക്കാത്ത വഴിയെ ഒരു യാത്ര. സ്വയം എങ്ങനെ നോക്കി കാണുന്നു?

നിയമങ്ങള്‍ പോലും എനിക്കു വേണ്ടി മാറ്റേണ്ടി വന്നു. ഒരു സ്‌റ്റുഡിയോ ലെറ്റര്‍ കൊടുക്കേണ്ട സന്ദര്‍ഭത്തില്‍ ഞാന്‍ ബുദ്ധിമുട്ടി. എന്റെ വീട്ടിലെ സ്‌റ്റുഡിയോയ്‌ക്ക് എന്ത്‌ ലെറ്റര്‍? അവസാനം വേറൊരു സ്‌ഥലത്തു നിന്ന്‌ ലെറ്റര്‍ സംഘടിപ്പിക്കുകയായിരുന്നു. എല്ലാറ്റിനും പേപ്പറുകള്‍ വേണം. ഞാന്‍ പറഞ്ഞു: "നിങ്ങള്‍ക്ക്‌ എന്തിന്റെ പേപ്പറാണ്‌ വേണ്ടത്‌? ഓള്‍ ദീസ്‌ ആര്‍ ഡണ്‍ ബൈ മീ."

ഒരു കാര്യത്തോട്‌ നമുക്കുള്ള ക്രേസും പാഷനുമാണ്‌ പ്രധാനം. എഡിറ്റിംഗും ഓഡിയോ മിക്‌സിംഗും പോലുളള സാങ്കേതിക കാര്യങ്ങള്‍ പോലും ഞാന്‍ തന്നെയാണ്‌ ചെയ്‌തത്‌. ഇത്‌ എവിടെയും പോയി പഠിച്ചതല്ല. വീട്ടിലുള്ള മൂന്ന്‌ കംപ്യൂട്ടറുകള്‍ ഉപയോഗിച്ച്‌ ഞാന്‍ തന്നെ പഠിച്ചതാണ്‌. എം. ബി. ബി. എസും എംഡിയും കഴിഞ്ഞ ഒരാള്‍ക്ക്‌ ഒരു മരുന്ന്‌ എഴുതിക്കൊടുക്കാന്‍ ധൈര്യമില്ലെങ്കില്‍ എന്തു ചെയ്യും. സര്‍ജറി ചെയ്യുമ്പോള്‍ വിറയലാണെങ്കില്‍ എന്താവും അവസ്‌ഥ. അപ്പോള്‍ ആത്മവിശ്വാസമാണ്‌ പ്രധാനം. റി-റിക്കാര്‍ഡിംഗില്‍ പുല്ലാങ്കുഴല്‍ വായിച്ചിരിക്കുന്നതുപോലും ഞാനാണ്‌. ഒരിക്കല്‍ പുല്ലാങ്കുഴല്‍ പഠിച്ചതു ഈ സന്ദര്‍ഭത്തില്‍ പ്രയോജനപ്പെട്ടു.

ഇനിയും ഇത്തരം സിനിമകള്‍ ഉണ്ടാവുമോ?

ജിത്തുഭായ്‌ എന്ന ചോക്ക്‌ലേറ്റ്‌ ബായ്‌, കാളിദാസന്‍ കഥയെഴുതുകയാണ്‌- രണ്ട്‌ പടങ്ങളുടെ ഒരുക്കങ്ങളിലാണ്‌. ജിത്തുഭായിയിലെ 8 പാട്ടുകള്‍ എഴുതി, ട്യൂണ്‍ ചെയ്‌ത്, പാടി അഭിനയിക്കുന്നത്‌ ഞാനാണ്‌.

മുന്‍പ്‌ ആരും ചെയ്യാത്ത വിധം ഒരുപാട്‌ കാര്യങ്ങള്‍ പണ്ഡിറ്റ്‌ ചെയ്‌തു. ഒരു റിക്കാര്‍ഡിനുള്ള സാധ്യത?

ഒരു ചാനല്‍ ചര്‍ച്ചയ്‌ക്കിടയില്‍ അവര്‍ പറയുമ്പോഴാണ്‌ ഒരു വേള്‍ഡ്‌ റിക്കാര്‍ഡിന്റെ സാധ്യത ഞാന്‍ മനസിലാക്കുന്നത്‌. അപ്പോള്‍ ഞാന്‍ ചോദിച്ചു: ''സര്‍ ആരെങ്കിലും ഈ ലോകത്ത്‌ ഇതിന്‌ മുന്‍പ്‌ ഇങ്ങനെ ചെയ്‌തിട്ടുണ്ടോ?''

അപ്പോള്‍ അദ്ദേഹം പറഞ്ഞു:''ഇങ്ങനെയല്ല നിങ്ങള്‍ ചോദിക്കേണ്ടത്‌, ആരെങ്കിലും ഇങ്ങനെ ചിന്തിച്ചിട്ടുണ്ടോ എന്നാണ്‌''

കാര്യങ്ങളുടെ എണ്ണം മാത്രമല്ല പ്രധാനം. ലോകചരിത്രത്തില്‍ ആദ്യമായാണ്‌ കമ്പനിയും ഓഫീസും സ്‌റ്റാഫുകളുമില്ലാതെ ഒരു വ്യക്‌തി, നേരിട്ട്‌ വിതരണം ചെയ്യുന്നത്‌. ഓരോ തീയറ്ററിലും ഞാന്‍ നേരിട്ടു പോയി പടം കൊടുക്കുകയായിരുന്നു.

kaalidaasan said...

യഥാര്‍ത്ഥത്തില്‍ ഇന്റര്‍നെറ്റ്‌ സിനിമയ്‌ക്ക് സഹായിയാണോ ഭീഷണിയാണോ?

ചാനലുകളും ഇന്റര്‍നെറ്റും സിനിമയ്‌ക്ക് ഭീഷണിയാണെന്നവാദം അര്‍ത്ഥശൂന്യമാണെന്ന്‌ തെളിയിക്കാന്‍ കഴിഞ്ഞു. നെറ്റിലൂടെ സമര്‍ത്ഥമായി മാര്‍ക്കറ്റ്‌ ചെയ്‌തതു കൊണ്ടാണ്‌ ഈ പടത്തിന്‌ തീയറ്റര്‍ കിട്ടിയതും ഇത്രയധികം ആളുകളിലേക്ക്‌ എത്തിയതും. അടുത്തിടെ ഒരു ചാനല്‍ അവതാരകന്‍ പറഞ്ഞു. സന്തോഷ്‌ പണ്ഡിറ്റും 100 പുതുമുഖങ്ങളും അഭിനയിച്ച സിനിമ ജനങ്ങള്‍ ആവേശപൂര്‍വം ഏറ്റെടുത്തിരിക്കുന്നു. ഞാന്‍ തിരുത്തി. സന്തോഷ്‌ പണ്ഡിറ്റും 100 പുതുമുഖങ്ങളുമല്ല. സന്തോഷ്‌ പണ്ഡിറ്റും പുതുമുഖമാണ്‌. നാലു മാസം കൊണ്ട്‌ നെറ്റ്‌ വഴി എനിക്ക്‌ ലഭിച്ച്‌ അതിപരിചയം കൊണ്ട്‌ ഞാന്‍ പഴയ മുഖമായി ആളുകള്‍ക്ക്‌ തോന്നുകയാണ്‌. ഇത്‌ ഇന്റര്‍നെറ്റ്‌ പോലുള്ള ആധുനിക മാധ്യമങ്ങളുടെ ശക്‌തിയാണ്‌ കാണിക്കുന്നത്‌. ഈ ശക്‌തി നമ്മള്‍ ഉപയോഗിക്കാന്‍ വൈകി എന്നു മാത്രം.

ഹിറ്റുകള്‍ മലയാളത്തില്‍ അപൂര്‍വ സംഭവമാവുന്നു. ഒരു സിനിമ വിജയിക്കാന്‍ എന്താണ്‌ വേണ്ടത്‌?

കേരളം മുഴുവന്‍ ആകെ 20000 രൂപയുടെ പോസ്‌റ്ററാണ്‌ ഞാന്‍ ഒട്ടിച്ചത്‌. ഒരു പടം വിജയിക്കാന്‍ വിദേശ ലൊക്കേഷനോ പടുകൂറ്റന്‍ സെറ്റുകളോ ആവശ്യമില്ല.

പുതുമയുള്ള കഥയും നല്ല അവതരണവും നല്ല പാട്ടുകളും മതി. പിന്നെ കളക്‌ട് ചെയ്യാന്‍ സാധ്യതയുള്ളതിന്റെ പത്തിലൊന്നേ നമ്മള്‍ ചിലവാക്കാവൂ. ഇവിടെ പത്ത്‌ കോടി മുതല്‍ 30 കോടി വരെ മുടക്കി പടം എടുക്കുന്നു. എത്ര ദിവസം ഓടിയാലും മുടക്കുമുതല്‍ തിരിച്ചുകിട്ടില്ല. മറിച്ച്‌ 50 ലക്ഷത്തിന്‌ തീര്‍ക്കുന്ന പടം ഒരാഴ്‌ച ഓടിയാല്‍ തന്നെ വന്‍ലാഭമാവും. അത്‌ സമര്‍ത്ഥമായി മാര്‍ക്കറ്റ്‌ ചെയ്യുക എന്നതാണ്‌ പ്രധാനം.

അടുത്തിടെ ഒരു ചാനല്‍ എന്നോട്‌ പറഞ്ഞു. മലയാള സിനിമ ഇനി അറിയപ്പെടുക സന്തോഷ്‌ പണ്ഡിറ്റിന്‌ മുന്‍പും പിന്‍പും എന്നായിരിക്കും ഏത്‌ അര്‍ത്ഥത്തിലാണ്‌ ഈ വിശേഷണത്തിന്‌ സാംഗത്യം?

നല്ല സിനിമ ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്ക്‌ മുന്നില്‍ പണവും മറ്റ്‌ ഭൗതിക സാഹചര്യങ്ങളും ഒരു തടസമേയല്ലെന്ന തിരിച്ചറിവ്‌ ഉണ്ടാക്കി കൊടുക്കുകയാണ്‌ ഞാന്‍ ചെയ്‌തത്‌. അതിനപ്പുറത്ത്‌ മറ്റ്‌ അവകാശ വാദങ്ങളില്ല. എന്റെ പടത്തിന്റെ മികവും മറ്റ്‌ കാര്യങ്ങളും തീരുമാനിക്കേണ്ടത്‌ കാലമാണ്‌.

ആരൊക്കെയോ പിന്നില്‍ നിന്ന്‌ പ്രമോട്ട്‌ ചെയ്‌താണ്‌ സന്തോഷ്‌ 'പണ്ഡിറ്റായ'തെന്നും വിമര്‍ശനമുണ്ട്‌?

പച്ചക്കള്ളം. എല്ലാ അര്‍ത്ഥത്തിലും ഞാനൊരു ഒറ്റയാള്‍ പട്ടാളമാണ്‌. എനിക്ക്‌ പബ്‌ളിസിറ്റി ഉണ്ടാക്കിതരുന്നതു മുഴുവന്‍ എന്റെ ആരാധകരാണ്‌. ചാനല്‍ പ്രൊമോഷന്‍ പോലും സംഭവിക്കുന്നത്‌ അവരുടെ നിര്‍ബന്ധം കൊണ്ടാണ്‌. ഇന്ത്യാവിഷനിലെ അഭിമുഖം ആരാധകരുടെ അഭ്യര്‍ത്ഥന മാനിച്ച്‌ നാലു തവണ അവര്‍ക്ക്‌ പുന:സംപ്രേഷണം ചെയ്യേണ്ടി വന്നു.

മലയാള സിനിമയില്‍ യഥാര്‍ത്ഥത്തില്‍ പ്രതിസന്ധിയുണ്ടോ?

ചുരുങ്ങിയ ബജറ്റില്‍ നല്ല പടങ്ങള്‍ ചെയ്യുന്നില്ല എന്നതാണ്‌ മലയാള സിനിമ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി. എല്ലാ കഥകളും പറഞ്ഞുപോയി എന്നതും ഒരു മുടന്തന്‍ ന്യായമാണ്‌

kaalidaasan said...

ഇതൊക്കെയാണെങ്കിലും സന്തോഷിനെ അംഗീകരിക്കാന്‍ പലര്‍ക്കും വൈമുഖ്യമുണ്ട്‌?

സൗന്ദര്യമില്ല എന്നതായിരുന്നു എന്നെക്കുറിച്ചുള്ള ഏറ്റവും വലിയ പരാതി. അവര്‍ പറയുന്നത്‌ സന്തോഷ്‌ പണ്ഡിറ്റിനെപ്പോലുള്ളവര്‍ സിനിമയില്‍ സജീവമായാല്‍ നാളെ മലയാളപടം കാണുന്ന അന്യഭാഷയിലുള്ളവര്‍ എല്ലാ മലയാളികളും കാഴ്‌ചയില്‍ ഇതുപോലെയാണെന്ന്‌ ധരിച്ച്‌ നാടിന്‌ ചീത്തപ്പേര്‌ ഉണ്ടാകുമെന്നാണ്‌. ഞാന്‍ പറയും. അങ്ങനെ ചിന്തിക്കണമെങ്കില്‍ അന്യഭാഷക്കാര്‍ കണ്ണുപൊട്ടന്‍മാരായിരിക്കണം. മലയാളികള്‍ എന്നു പറഞ്ഞ്‌ ഒറിജിനല്‍ മനുഷ്യരെ അവര്‍ കാണുന്നുണ്ടല്ലോ? സിനിമയില്‍ മാത്രമല്ലല്ലോ അവര്‍ മലയാളികളെ കാണുന്നത്‌. എന്നിട്ടുംപലരും ഫോണ്‍ ചെയ്‌ത് എന്നോട്‌ ചോദിക്കും. നിങ്ങള്‍ എന്തിനാണ്‌ അഭിനയിക്കാന്‍ ഇറങ്ങിയിരിക്കുന്നത്‌, നിങ്ങള്‍ കണ്ണാടി നോക്കില്ലേ എന്നൊക്കെ. പ്രത്യേകിച്ച്‌ പണിയൊന്നുമില്ലാതെ "സ്‌ളീപ്പിംഗ്‌, ഈറ്റിംഗ്‌ ആന്‍ഡ്‌ ഡ്രിങ്കിംഗ്‌"എന്നു പറഞ്ഞ്‌ നടക്കുന്ന ചിലരാണിതിനു പിന്നില്‍.

കേരളത്തില്‍ വലിയ ആളുകള്‍ എന്ത്‌ ചെയ്‌താലും സമൂഹത്തിന്‌ അതൊരു പ്രശ്‌നമല്ല. അതേസമയം ചെറിയ ആളുകള്‍ അതേ കാര്യം ചെയ്‌താല്‍ ഉടന്‍ വിമര്‍ശനമായി. ഇപ്പോള്‍ സാനിയാ മിര്‍സ ഒരു പാക്കിസ്‌ഥാന്‍കാരനെ കല്യാണം കഴിച്ചാല്‍ ആര്‍ക്കും എതിര്‍പ്പില്ല. അതേ സമയം കോഴിക്കോടുകാരനായ ഞാന്‍ തൃശൂര്‍ക്കാരിയെ കല്യാണം കഴിച്ചാല്‍ ഉടന്‍ ആളുകള്‍ ചോദിക്കും ''അതെന്താ കോഴിക്കോട്‌ പെണ്ണില്ലാഞ്ഞിട്ടാണോ?''

വലിയ സിനിമാക്കാര്‍ മതം മാറി കല്യാണം കഴിച്ചാല്‍ അത്‌ മഹത്തായ പ്രണയമെന്ന്‌ പാടിപ്പുകഴ്‌ത്തും. ആ സ്‌ഥാനത്ത്‌ നമ്മളാണെങ്കില്‍ അത്‌ വലിയ പ്രശ്‌നമാകും, പല തരത്തിലുള്ള വിലക്ക്‌ ഏര്‍പ്പെടുത്തും.

ഒരു കോടീശ്വരപുത്രി രാത്രി രണ്ടു മണിക്ക്‌ മദ്യപിച്ച്‌ വന്നിറങ്ങിയാല്‍ ആരും കാര്യമാക്കില്ല. അതേസമയം ഒരു സാധാരണക്കാരന്റെ മകള്‍ നാലു മണി മാറി ആറു മണിക്ക്‌ വീട്ടില്‍ വന്നാല്‍ അവളുടെ സ്വഭാവം ശരിയല്ലെന്നു പറഞ്ഞ്‌ പിറ്റേന്ന്‌ പോസ്‌റ്റര്‍ ഇറങ്ങും. ഇതാണ്‌ സമൂഹമനശാസ്‌ത്രം.

ഇന്റര്‍നെറ്റല്ലേ സന്തോഷിന്റെ ഗോഡ്‌ഫാദര്‍?

അതൊരു പരസ്യമായ രഹസ്യമല്ലേ?ജിത്തുഭായിയുടെ ആഡിയോ ഇട്ടിട്ട്‌ ദിവസം 40000 പേര്‍ കാണുകയാണ്‌. രണ്ടു ലക്ഷത്തോളം ആളുകള്‍ നെറ്റില്‍ കയറി സന്തോഷ്‌ പണ്ഡിറ്റ്‌ എന്നാണ്‌ അടിക്കുന്നത്‌. തുടര്‍ച്ചയായി അഞ്ചു മാസം നെറ്റില്‍ ഒരു വ്യക്‌തിയുടെ പേരില്‍ ഇങ്ങനെ തരംഗം ഉണ്ടാവുന്നത്‌ ഇതാദ്യമായാണ്‌.

കൃഷ്‌ണനും രാധയിലെ ഒരു പാട്ടുസീനില്‍ ഞാന്‍ മൂണ്‍വാക്ക്‌ ചെയ്യുന്നുണ്ട്‌. അത്‌ ഇഷ്‌ടപ്പെട്ട ഒരു ആധാരകന്‍ ആ ഭാഗം മാത്രം കട്ടു ചെയ്‌ത് യൂടുബിലിട്ടു. ഒരു കാപ്‌ഷനും കൊടുത്തു. അല്ലു അര്‍ജുന്‍ ഔട്ട്‌, സന്തോഷ്‌ ഇന്‍. ഇത്‌ ആന്ധ്രയില്‍ ചിലര്‍ കണ്ട്‌ അവിടെ വലിയ ചര്‍ച്ചാവിഷയമായി. ഇങ്ങനെ ആളുകള്‍ ഏറ്റെടുത്താണ്‌ ഇത്രയും പോപ്പുലാരിറ്റി ഉണ്ടായത്‌.

എന്റെ മാര്‍ക്കറ്റിംഗ്‌ ടീം ആരാധകരായിരുന്നു. ആ സമയത്ത്‌ ബദ്രിനാഥ്‌ ഉള്‍പ്പെടെ അല്ലുവിന്റെ രണ്ട്‌ പടങ്ങള്‍ പൊളിഞ്ഞിരുന്നു. അല്ലുവിനെ പുറത്താക്കിയ അത്ഭുത മനുഷ്യന്‍ എന്ന നിലയില്‍ ആഘോഷമാണ്‌. ഇത്‌ ചെയ്‌തിരുന്നത്‌ നാഗാര്‍ജുന്‍ ഫാന്‍സാണ്‌. മലയാളികളില്‍ നിന്ന്‌ എനിക്ക്‌ വേണ്ടത്ര സ്‌നേഹവും ബഹുമാനവും കിട്ടുന്നില്ലെങ്കിലും മറ്റ്‌ ഭാഷകളില്‍ ഉള്ളവര്‍ എന്റെ കഷ്‌ടപ്പാട്‌ മനസിലാക്കുന്നുണ്ട്‌. ഒരുവ്യക്‌തി തനിച്ച്‌ ഇത്രയും കാര്യങ്ങള്‍ ചെയ്യുക എന്നത്‌ നിസാരമല്ല.

ഇന്റര്‍നെറ്റ്‌ മാര്‍ക്കറ്റിംഗ്‌ ആന്‍ഡ്‌ സ്‌റ്റാറ്റിസ്‌റ്റിക്‌സ് സര്‍വെപ്രകാരം രണ്ടു മാസം കൊണ്ട്‌ 25 ലക്ഷം പേരാണ്‌ ഓരോ പാട്ടും കണ്ടത്‌. ഇംഗ്‌ളീഷ്‌ ആല്‍ബങ്ങളുടെ റിക്കാര്‍ഡാണ്‌ ഇവിടെ തകര്‍ത്തത്‌. ദിവസവും 9000 പേരാണ്‌ നെറ്റില്‍ സല്‍മാന്‍ഖാനെ വിസിറ്റ്‌ ചെയ്‌തിരുന്നത്‌. അതായിരുന്നു ഏറ്റവും വലിയ റിക്കാര്‍ഡ്‌. ഇപ്പോള്‍ ദിവസം രണ്ടു -2. 5 ലക്ഷം പേര്‍ സന്തോഷ്‌ പണ്ഡിറ്റ്‌ വിസിറ്റ്‌ ചെയ്യുന്നു.

ഇത്രയും പോപ്പുലര്‍ ആവാന്‍ കാരണം?

ഞാന്‍ എഴുതിയ വരികള്‍ വളരെ സിംപിളാണ്‌. നിത്യജീവിതത്തില്‍ നാം കേള്‍ക്കുന്ന വാക്കുകള്‍ മാത്രം. ഏത്‌ കൊച്ചുകുട്ടിക്കും ബൈഹാര്‍ട്ട്‌ ആവും. മ്യൂസിക്കിലും വളരെ ശ്രദ്ധിച്ചിട്ടുണ്ട്‌.

kaalidaasan said...

.



ധാരാളം ആരാധികമാര്‍ ഉണ്ടാവില്ലേ?

പ്രണയാഭ്യര്‍ത്ഥനയുമായി ധാരാളം പെണ്‍കുട്ടികള്‍ വിളിക്കാറുണ്ട്‌. അപ്പോഴൊക്കെ ഞാന്‍ അമ്മയുടെ വാക്കുകള്‍ ഓര്‍ക്കും. മോനെ നെലയ്‌ക്ക് നിന്നാല്‍ വെലയ്‌ക്ക് പോകും. നായികമാരുമായി ഇഴുകിച്ചേര്‍ന്ന്‌ അഭിനയിക്കുമ്പോള്‍ എന്തു തോന്നും എന്ന്‌ ചിലര്‍ ചോദിക്കും. ഞാന്‍ പറയും:" ഡയറക്‌ടറായ ഞാന്‍ എന്‍ജോയ്‌ ചെയ്യാന്‍ തുടങ്ങിയാല്‍ കൂടെയുള്ളവരും ആ അവസ്‌ഥയിലാവും. പിന്നെ നായികമാര്‍ നമ്മെ വകവയ്‌ക്കാതാവും."

നമ്മള്‍ ഒന്നിനോട്‌ ഒട്ടിക്കഴിഞ്ഞാല്‍ നമ്മുടെ കാര്യം പോക്കാണ്‌. ദിവസവും കൃത്യ സമയം വച്ച്‌ വിളിക്കുന്ന ആരാധികമാരോട്‌ പോലും ഞാന്‍ സിനിമാക്കാര്യങ്ങള്‍ മാത്രം സംസാരിച്ച്‌ ഫോണ്‍ വയ്‌ക്കും. അമ്മ പറഞ്ഞു തന്ന മറ്റൊരു കാര്യമുണ്ട്‌. നമ്മള്‍ സ്‌ത്രീകളെ ഒന്നുകില്‍ അമ്മേ അല്ലെങ്കില്‍ മോളെ എന്നേ വിളിക്കാവൂ. പിന്നെ മറ്റൊരു ചിന്ത മനസില്‍ വരില്ല. എന്നും പതിവായി വിളിക്കുന്ന ഒരു കുട്ടി ഒരു ദിവസം വിളിച്ചില്ല. പിറ്റേന്ന്‌ അവള്‍ ചോദിച്ചു. ഞാന്‍ ഇന്നലെ വിളിക്കാതിരുന്നപ്പോള്‍ സന്തോഷേട്ടനു എന്തു തോന്നി. ഞാന്‍ പറഞ്ഞു. ഒന്നും തോന്നിയില്ല. എത്രയോ കുട്ടികള്‍ എന്നെ വിളിക്കുന്നു. ഞാന്‍ അത്‌ ഓര്‍ക്കാറ്‌ കൂടിയില്ല. അപ്പോള്‍ ആ കുട്ടി പറഞ്ഞു. സന്തോഷേട്ടന്‍ എന്നെ തിരിച്ചു വിളിക്കുമെന്നാണ്‌ ഞാന്‍ ഓര്‍ത്തത്‌.

സിനിമ ചെയ്യുമ്പോള്‍ എന്തായിരുന്നു മനസില്‍?

സിനിമ കോടീശ്വരന്‍മാര്‍ക്ക്‌ മാത്രമുള്ളതെന്നായിരുന്നു പൊതുധാരണ. സാധാരണക്കാരന്‌ അപ്രാപ്യമെന്നു കരുതിയിരുന്ന ഒരു കാര്യം സാധിക്കും എന്ന്‌ തെളിയിച്ചതിലാണ്‌ എന്റെ ത്രില്ല്‌. കഴിഞ്ഞ ദിവസം തൃശൂര്‍ ബിന്ദു തീയറ്ററില്‍ ആയിരക്കണക്കിന്‌ ആളുകള്‍ പടം കാണാന്‍ തിക്കിത്തിരക്കുമ്പോള്‍ ഞാ ന്‍ വരുന്നു എന്ന്‌ അറിയിപ്പ്‌ വന്നു. ഒരു സ്‌കൂട്ടറിലാണ്‌ ഞാന്‍ ചെന്നിറങ്ങിയത്‌്. ആളുകള്‍ അമ്പരന്നു. സ്‌കൂട്ടറില്‍ സഞ്ചരിക്കുന്ന താരമോ? സിനിമയില്‍ വരുംമുന്‍പേ എന്റെ വീട്ടില്‍ കാറുണ്ട്‌. പക്ഷേ മനസുകൊണ്ട്‌ ഞാന്‍ എന്നുംസാധാരണക്കാരനാണ്‌. മേലിലും അങ്ങനെ ആയിരിക്കും. അവിടെ വച്ച്‌ 350 ആളുകള്‍ എന്റെ ചുറ്റും കൂടി ശ്വാസം കിട്ടാത്ത അവസ്‌ഥയിലായി. അത്രയും പേര്‍ക്ക്‌ ഓട്ടോഗ്രാഫ്‌ ഒപ്പിട്ട്‌ കൊടുക്കാനും ഫോട്ടോ എടുക്കാനും ഞാന്‍ നിന്നു കൊടുത്തു.

അഞ്ചു ലക്ഷം കൊണ്ട്‌ ഒരു സിനിമ. വിശ്വസിക്കാന്‍ പ്രയാസമുണ്ട്‌?

ബജറ്റും ക്വാളിറ്റിയും തമ്മില്‍ ഒരു ബന്ധവുമില്ല. ഒരു പാട്ട്‌ എടുക്കാന്‍ പലരും ന്യൂയോര്‍ക്കിലും സിംഗപ്പൂരിലേക്കും ഓടുന്നു. നമുക്ക്‌ അത്ര പരിചിതമല്ലാത്ത മനോഹരമായ സ്‌ഥലങ്ങള്‍ നാട്ടിന്‍പുറത്തുതന്നെയുണ്ട്‌. അതിനുപകരം കോടികള്‍ വെറുതെ തുലയ്‌ക്കുകയാണ്‌. മുഖ്യധാരാ സിനിമക്കാര്‍ മനസിലാക്കേണ്ട ഒരു കാര്യമുണ്ട്‌. കോടികള്‍ മുടക്കി പരസ്യം ചെയ്‌തിട്ടും സിനിമ കാണാന്‍ ആളില്ല. അവിടെയാണ്‌ ഇന്റര്‍നെറ്റിന്റെ സാധ്യത ഞാന്‍ കാണിച്ചു കൊടുത്തത്‌. എന്റെ പേരില്‍ എന്തെങ്കിലും ഒന്ന്‌ ഇട്ടാല്‍ 25 ലക്ഷം പേര്‍ കാണും. ഒരു ഫോട്ടോ ഇട്ടാലും.

കേരളത്തിലെ പ്രമുഖ പത്രങ്ങളും ചാനലുകളും മുതല്‍ ടൈംസ്‌ ഓഫ്‌ ഇന്ത്യയും എന്‍ഡിറ്റിവിയും അടക്കമുള്ള മാധ്യമങ്ങള്‍ കവര്‍ ചെയ്യുന്നു. കാരണം ക്യാമറ ഒഴിച്ചുള്ള കാര്യങ്ങള്‍ ഒരാള്‍ ചെയ്യുന്നു എന്നതും ഇത്രയും ചെലവ്‌ കുറച്ച്‌ സിനിമ ചെയ്യാന്‍ കഴിയുന്നു എന്നതും പ്രധാനമാണ്‌.

ഇപ്പോഴത്തെ ഈ അവസ്‌ഥയെ എങ്ങനെ കാണുന്നു?

തമിഴ്‌ പതിപ്പ്‌ എഡിറ്റു ചെയ്യാന്‍ സമയം കിട്ടുന്നില്ല. അത്രമാത്രം തിരക്കാണ്‌. വിതരണത്തിന്റെ കാര്യങ്ങള്‍ക്കായി ഞാന്‍ തന്നെ ഓടി നടക്കണം. ദിവസവും ചാനല്‍ അഭിമുഖങ്ങള്‍. മറ്റ്‌ സംവിധായകര്‍ എന്റെ അടുത്തു വന്ന്‌ കഥകള്‍ പറയുന്നു. അവരുടെ പടത്തില്‍ ഞാന്‍ നായകനായി അഭിനയിക്കണം.

ഒരു മുന്നറിയിപ്പുമില്ലാതെ കാണാന്‍ വരുന്ന ആരാധകര്‍. ആരെയും നിരാശപ്പെടുത്താന്‍ പറ്റില്ല. പക്ഷേ ഒരു ടിപ്പിക്കല്‍ നടനാവാന്‍ എനിക്ക്‌ താത്‌പര്യമില്ല. ഈ മേഖലയോട്‌ ഓവര്‍ ക്രേസുമില്ല. വേണ്ടി വന്നാല്‍ ഒരു വ്യക്‌തിക്ക്‌ തനിച്ച്‌ ചെയ്യാവുന്ന കാര്യമേയുള്ളു എന്നു മനസിലാക്കി അത്‌ തെളിയിക്കാനുള്ള ശ്രമമായിരുന്നു. അതിലായിരുന്നു എന്റെ ത്രില്ല്‌. അടുത്ത രണ്ടു പടത്തോടെ അത്‌ നഷ്‌ടമായെന്നും വരാം.

എന്താണ്‌ സന്തോഷ്‌ പണ്ഡിറ്റിനെ മുന്നോട്ടു നയിക്കുന്ന ശക്‌തി?

ജിത്തുഭായിയില്‍ നായകനായി മറ്റൊരാളെ ആലോചിച്ചതാണ്‌. മറ്റുള്ളവരാണ്‌ എതിര്‍ത്തത്‌. അവര്‍ പറഞ്ഞു:''എന്തിനാണ്‌ സന്തോഷ്‌ സാറേ, നിങ്ങളെ കാണാനാണ്‌ ആളുകള്‍ വരുന്നത്‌. നിങ്ങളാണ്‌ ക്രൗഡ്‌ പുള്ളര്‍. ''

മുന്‍പരിചയമോ സൗന്ദര്യമോ ഒന്നുമില്ലാത്ത എന്നെ സ്‌നേഹിക്കുന്ന കുറെയാളുകള്‍. അവരുടെ വാക്കുകളാണ്‌ ശക്‌തി. അതാണ്‌ മുന്നോട്ട്‌ നയിക്കുന്നത്‌.