Sunday 17 January 2010

ചരിത്രം തിരുത്തുമായിരുന്ന നേതാവ്.



ജോതി ബസു എന്ന കമ്യൂണിസ്റ്റു നേതാവിനൊരു മുഖവുര ആവശ്യമില്ല. മറ്റ് പലരെയും പോലെ സമ്പന്ന കുടുംബത്തില്‍ ജനിച്ച് വിദേശ വിദ്യാഭ്യാസം നേടി കമ്യൂണിസത്തില്‍ ആകൃഷ്ടനായി ബംഗാളിന്റെ ഭാഗധേയം മാറ്റി എഴുതിയതിന്‌ ഒരു വിശദീകരണവും ആവശ്യമില്ല. സി പി ഐ കേന്ദ്ര കമ്മിറ്റിയില്‍ നിന്നുമിറങ്ങിപ്പോന്ന് സി പി ഐ എം രൂപികരിച്ചവരില്‍ ഇനി അവശേഷിക്കുന്നത് വി എസ് അച്യുതാനന്ദന്‍ മാത്രമാണ്.


അഞ്ചുപ്രാവശ്യം തുടര്‍ച്ചയായി സി പി എമ്മിനെ ബംഗാളില്‍ അധികാരത്തിലെത്തിച്ചത് ഇന്‍ഡ്യയില്‍ നിസാര കാര്യമല്ല. ജനോപകാര പ്രദമായ നയങ്ങള്‍ നടപ്പിലാക്കി ജനങ്ങളുടെ നേതാവായതാണതിനു കാരണം. അദ്ദേഹത്തിന്റെ സ്മരണക്ക് മുമ്പില്‍ ആദരാജ്ഞലികള്‍.
 
 
അദ്ദേഹത്തിന്റെ അപദാനങ്ങള്‍ പാടിപ്പുകഴ്ത്തലല്ല ഇവിടെ ഉദ്ദേശിക്കുന്നത്. അദ്ദേഹം ചരിത്രപരമായ വിഡ്ഢിത്തം എന്ന് വിശേഷിപ്പിച്ച ഒരു സംഗതിയേക്കുറിച്ചാണിവിടെ പരാമര്‍ശിക്കുന്നത്.
 
1996 ലെ പൊതു തെരഞ്ഞെടുപ്പിനു ശേഷം ആര്‍ക്കും ഭൂരിപക്ഷമില്ലാതിരുന്ന അവസ്ഥയില്‍ ഒരു കൂട്ടികക്ഷി സര്‍ക്കാരിനെ നയിക്കാന്‍ ജോതിബസുവിന്റെ പേരാണ്‌ ഏകകണ്ഠമായി നിര്‍ദ്ദേശിക്കപ്പെട്ടത്. അതിനു വ്യക്തമായ കാരണവുമുണ്ടായിരുന്നു. 25 വര്‍ഷത്തോളം കൂട്ടുകക്ഷി സര്‍ക്കാരിനെ തുടര്‍ച്ചയായി നയിച്ച അനുഭവമുള്ള അദ്ദേഹമായിരുന്നു അതിനന്ന് ഏറ്റവും യോഗ്യന്‍.
 
അന്നത്തെ പാര്‍ട്ടി സെക്രട്ടറി സുര്‍ജിത്തിനാ നിര്‍ദ്ദേശം സ്വീകര്യമായിരുന്നു. ജോതി ബസുവിനും എതിര്‍പ്പുണ്ടായിരുന്നില്ല. പക്ഷെ ആ നിര്‍ദ്ദേശത്തെ എതിര്‍ക്കാന്‍ മുന്നില്‍ നിന്നത് ഇന്നത്തെ സെക്രട്ടറി പ്രകാശ് കാരാട്ടും. രണ്ടു വട്ടം കേന്ദ്ര കമ്മിറ്റി കൂടേണ്ടിവന്നു ആ നിര്‍ദ്ദേശം തള്ളിക്കളയാന്‍. ആ തീരുമാനം ചരിത്രപരമായ വിഡ്ഢിത്തം തന്നെയെന്ന് ബസു പല പ്രാവശ്യം ആവര്‍ത്തിച്ചു പറഞ്ഞത് അത് വിഡ്ഢിത്തം ആയതുകൊണ്ടു തന്നെയാണെന്നാണെന്റെ അഭിപ്രായവും.
 
കേരളത്തിനും ബംഗാളിനും ത്രിപുരക്കും പുറത്തുള്ള ജനതക്ക് കമ്യൂണിസ്റ്റുപാര്‍ട്ടികള്‍ എന്തെന്ന് മനസിലാക്കിക്കൊടുക്കാനുള്ള സുവര്‍ണ്ണാവസരമാണന്ന് പാര്‍ട്ടി നഷ്ടപ്പെടുത്തിയത്. അത് നഷ്ടപ്പെടുത്താന്‍ കാരാട്ടൊക്കെ അന്നു പറഞ്ഞ ന്യായീകരണങ്ങള്‍ അടിസ്ഥാനമില്ലാത്തവയായിരുന്നു. അന്നത്തെ ഐക്യമുന്നണിയിലുണ്ടായിരുന്ന എല്ലാ പാര്‍ട്ടികളുമായി തന്നെ തെരഞ്ഞെടുപ്പുസഖ്യമുണ്ടായിരുന്ന സി പി എമ്മിന്‌ ആ സര്‍ക്കാരിനെ നയിക്കുന്നതില്‍ എന്തെങ്കിലും ബുദ്ധിമുട്ടുണ്ടായിരുന്നു എന്ന് എനിക്ക് തോന്നുന്നില്ല.
 
പാര്‍ട്ടി നയങ്ങള്‍ മുഴുവന്‍ നടപ്പിലാക്കാന്‍ പറ്റില്ലായിരുന്നു എന്നത് വിശ്വസനീയമായ ഒരു ന്യായീകരണമല്ല. ഇപ്പോള്‍ ഭരിക്കുന്ന മൂന്നു സംസ്ഥാനങ്ങളിലും ഇന്‍ഡ്യന്‍ ഭരണഘടനക്കുള്ളില്‍ നിന്നേ പാര്‍ട്ടി നയങ്ങള്‍ നടപ്പിലാക്കാന്‍ പറ്റൂ. അത് അഖിലേന്ത്യാ തലത്തിലും സാധ്യമായേനെ. അതിനു മുമ്പ് ബി ജെ പി പിന്തുണച്ചിരുന്ന വി പി സിംഗ് ആണ്‌ മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കിയത്. നയപരമായി ബി ജെ പി സാമുദായിക സംവരണത്തിനെതിരാണ്‌ പക്ഷെ അവര്‍ അന്നതിനെ എതിര്‍ത്തിരുന്നില്ല എന്നതും ശ്രദ്ധേയമാണ്‌.
 
പരിമിതികള്‍ക്കുള്ളില്‍ നിന്നും കുറച്ചു കാര്യങ്ങള്‍ ബസുവിന്റെ സര്‍ക്കാരിനു ചെയ്യാന്‍ കഴിയുമായിരുന്നു എന്നു തന്നെയാണ്‌ ഞാന്‍ ഉറച്ചു വിശ്വസിക്കുന്നത്. ഇനി അതുപോലെ ഒരവസരം കിട്ടുമോ എന്നത് ഇന്നത്തെ സാഹചര്യത്തില്‍ പറയുവാന്‍ ഒട്ടും സാധ്യമല്ല. കോണ്‍ഗ്രസ് പാര്‍ട്ടി സോഷ്യലിസ്റ്റ് നയങ്ങളില്‍ നിന്നും 1996ല്‍ വളരെ അകന്നിരുന്നില്ല. ബംഗാളിലും കേരളത്തിലും ത്രിപുരയിലും നടപ്പിലാക്കിയ നയങ്ങള്‍ മിക്കതും കോണ്‍ഗ്രസിനു സ്വീകാര്യവുമായിരുന്നു.
 
ബസുവിനെ പ്രധാനമന്ത്രിയാകുന്നതില്‍ നിന്നും തടയുന്നതില്‍ പ്രധാന പങ്കു വഹിച്ച കാരാട്ട് കഴിഞ്ഞ തെരഞ്ഞെടുപ്പു സമയത്ത് അങ്ങനെ ഒരു നിര്‍ദ്ദേശം വന്നാല്‍ അത് പരിഗണിക്കുമെന്ന് പറഞ്ഞപ്പോള്‍ ചരിത്രപരമായ വിഡ്ഢിത്തം തിരുത്തുകയായിരുന്നോ എന്നറിയില്ല.
 
 
 

20 comments:

kaalidaasan said...

ജോതി ബസു എന്ന കമ്യൂണിസ്റ്റു നേതാവിനൊരു മുഖവുര ആവശ്യമില്ല. മറ്റ് പലരെയും പോലെ സമ്പന്ന കുടുംബത്തില്‍ ജനിച്ച് വിദേശ വിദ്യാഭ്യാസം നേടി കമ്യൂണിസത്തില്‍ ആകൃഷ്ടനായി ബംഗാളിന്റെ ഭാഗധേയം മാറ്റി എഴുതിയതിന്‌ ഒരു വിശദീകരണവും ആവശ്യമില്ല. സി പി ഐ കേന്ദ്ര കമ്മിറ്റിയില്‍ നിന്നുമിറങ്ങിപ്പോന്ന് സി പി ഐ എം രൂപികരിച്ചവരില്‍ ഇനി അവശേഷിക്കുന്നത് വി എസ് അച്യുതാനന്ദന്‍ മാത്രമാണ്.


അഞ്ചുപ്രാവശ്യം തുടര്‍ച്ചയായി സി പി എമ്മിനെ ബംഗാളില്‍ അധികാരത്തിലെത്തിച്ചത് ഇന്‍ഡ്യയില്‍ നിസാര കാര്യമല്ല. ജനോപകാര പ്രദമായ നയങ്ങള്‍ നടപ്പിലാക്കി ജനങ്ങളുടെ നേതാവായതാണതിനു കാരണം. അദ്ദേഹത്തിന്റെ സ്മരണക്ക് മുമ്പില്‍ ആദരാജ്ഞലികള്‍.

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

“ക്ഷീരമുള്ളോരകിടിന്‍ ചുവട്ടിലും കൊതുകിനു ചോര തന്നെ കൌതുകം !”

Baiju Elikkattoor said...

ആദരാജ്ഞലികള്‍.

kaalidaasan said...

ഏതൊക്കെയാണു സുനിലേ ഈ അകിടും ചോരയം?


ജോതി ബസു മരിക്കുന്നതു വരെ ഈ അഭിപ്രായത്തില്‍ ഉറച്ചു നിന്നു. പല പ്രാവശ്യം അദ്ദേഹം ഇത് പരസ്യമായി തുറന്നു പറഞ്ഞിട്ടുമുണ്ട്. ഞാന്‍ ആ അഭിപ്രായത്തോട് പൂര്‍ണ്ണമായും യോജിക്കുന്നു. സി പി എം നഷ്ടപ്പെടുത്തിയത് സുവര്‍ണ്ണാവസരമായിരുന്നു.

അതേക്കുറിച്ചെന്തെങ്കിലും സുനിലിനു പറയാനുണ്ടോ, ഈ മറുഭാഷ ചൊല്ലലല്ലതെ?

dethan said...

കാളിദാസന്‍,
ചത്ത കുഞ്ഞിന്റെ ജാതകം വായിച്ചിട്ടു കാര്യമില്ലെങ്കിലും സ.ജ്യോതിബാസുവിനെ ഓര്‍ക്കുമ്പോള്‍,അദ്ദേഹത്തിന്റെ പാര്‍ട്ടി കാണിച്ച 'ചരിത്രപരമായ മണ്ടത്തര'ത്തെ പ്പറ്റി പരാമര്‍ശിക്കാതിരിക്കാന്‍ കഴിയില്ല.വിശേഷിച്ച് ചരിത്ര ബോധമുള്ളവര്‍ക്കും രാജ്യത്തിന്റെ ഭാവിയില്‍ ഉത്കണ്ഠയുള്ളവര്‍ക്കും.താങ്കള്‍ പറഞ്ഞത് നൂറു ശതമാനം ശരിയാണ്.ബസു പ്രധാനമന്ത്രി ആയിരുന്നെങ്കില്‍ പിന്നീടുള്ള ഇന്ത്യാചരിത്രം മറ്റൊന്നായി മാറുമായിരുന്നു.
പ്രകാശ് കാരാട്ടും യച്ചൂരിയും ഒന്നുമായിരുന്നില്ല;
ഇ എം എസ് ആയിരുന്നു യഥാര്‍ത്ഥ വില്ലന്‍എന്നാണ് അന്നു കേട്ടിരുന്നത്.

ഭരിക്കാന്‍ അറിയാമായിരുന്ന,കാര്യം നേടാന്‍ പൂ മൂടല്‍ വഴിപാടും പൊങ്കാലയും നടത്താത്ത യഥാര്‍ത്ഥ കമ്യൂണിസ്റ്റിന് ആദരാഞ്ജലികള്‍.

സുനില്‍ കൃഷ്ണന്‍,
പാര്‍ട്ടിക്കൂറു നല്ലതു തന്നെ.പക്ഷേ പാര്‍ട്ടി തീരുമാനങ്ങളെല്ലാം ശരിയാണെന്നും അതു മാത്രമാണുശരിയെന്നും ഉള്ള മനോഭാവം
ആര്‍ക്കും ഗുണം ചെയ്യില്ല.ക്ഷീരമുള്ള അകിട്ടില്‍ ചോര മാത്രം കണ്ട പാര്‍ട്ടിയിലെ പഴയ കൊതുകുകളാണ് ജ്യോതി ബസുവിനെ പ്രധാനമന്ത്രി പദത്തില്‍ നിന്ന് കുത്തിയകറ്റിയത്.
-ദത്തന്‍

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

പ്രിയ ദത്തന്‍,

താങ്കള്‍ എന്നെ പരാമര്‍ശിച്ചതു കൊണ്ട് മാത്രം പറയുന്നു.

ഈയിടെ ഏതോ ഒരു പോസ്റ്റില്‍ കാളിദാസന്‍ പറഞ്ഞു കേട്ടു “ സി.പി.എം ഞാന്‍ വിശ്വസിക്കുന്ന പ്രസ്ഥാനം ആണെന്ന്”.( സജിം തട്ടത്തുമലയുടെ പോസ്റ്റ് ആണ്) ആ ആഭിപ്രായം മുഖവിലക്കെടുക്കുമായിരുന്നു.എന്നാല്‍ ഇന്നു വരെയുള്ള എന്റെ ബ്ലോഗ് വായനയില്‍ ഏതെങ്കിലും ഒരു സ്ഥലത്തു എങ്കിലും സി.പി.എമ്മിനെ അനുകൂലിച്ച് ഒരു കാര്യം കാളിദാസന്‍ പറഞ്ഞതായി ഞാന്‍ കണ്ടിട്ടില്ല.സി.പി.എമ്മിനെ എതിര്‍ത്ത് വരുന്ന എല്ലാ പോസ്റ്റുകളിലും ആ പോസ്റ്റിനെ അനുകൂലിച്ച് മാത്രം എഴുതിയെ ഞാന്‍ കാളിദാസനെ കണ്ടിട്ടുള്ളൂ..

നമ്മള്‍ക്ക് അനുഭാവമുള്ള ഒരു പ്രസ്ഥാനം ചെയ്യുന്നതു മുഴുവന്‍ തെറ്റല്ലല്ലോ..എവിടെയെങ്കിലുമൊക്കെ അനുകൂലിക്കാനുള്ള അവസരം ഉണ്ടല്ലോ..അവിടെയൊന്നും കാളിദാസനെ കാണില്ല.സി.പി.എം അനുഭാവി എന്നദ്ദേഹം പറയുന്നത് സി.പി.എമ്മിനെ എതിര്‍ക്കുമ്പോള്‍ കൂടുതല്‍ വിശ്വാസ്യത കിട്ടുക എന്ന ഒറ്റ കാരണത്തിന്റെ പുറത്താണു.

ഈ പോസ്റ്റു തന്നെ ഉദാഹരണം.വേറെ എത്രയോ കാര്യങ്ങള്‍ ജ്യോതിബസുവിനെക്കുറിച്ചും അദ്ദേഹത്തിന്റെ നാള്‍വഴികളെക്കുറിച്ചു പറയാനുണ്ട്.പക്ഷേ അതൊന്നും പറയാതെ വളരെ കൃത്യമായി ആ ഒരു പ്രത്യേക കാര്യം മാത്രം എടുത്തു പറഞ്ഞതു കൊണ്ടാണു ഞാന്‍ അങ്ങനെ ഒരു കമന്റിട്ടത്...ആദരാഞ്ജലികള്‍ അര്‍പ്പിക്കുമ്പോളും ഒരു കൊട്ട് സി.പി.എമ്മിനിട്ട് കൊടുക്കാമോ എന്നു മാത്രമേ കാളിദാസന്‍ നോക്കുന്നുള്ളൂ..അതൊന്നു ചൂണ്ടിക്കാട്ടി എന്നു മാത്രം

മറ്റു ചര്‍ച്ചകളിലേക്കൊന്നും ഇപ്പോള്‍ പോകുന്നില്ല.

Baiju Elikkattoor said...

കാളിദാസന്‍,

വിദ്യ ഭൂഷന്‍ റാവത്തിന്റെ ഈ ലേഖനവും വളരെ പ്രസക്തമാണ്‌ (http://www.countercurrents.org/rawat180110.htm)

kaalidaasan said...

ദത്തന്‍,

സുനിലൊക്കെ അന്ധനാക്കപ്പെട്ട കമ്യൂണിസ്റ്റാണ്. എന്തുവന്നാലും സ്വന്തം ചിന്താശേഷി ഉപയോഗിക്കില്ല എന്നു ശപഥം ചെയ്തിരിക്കുന്നു. പാര്‍ട്ടി തീരുമാനം എന്ന ഇരുമ്പുലക്ക വിഴുങ്ങിയാല്‍ ഉലക്കയുടെ ആകൃതിയല്ലേ നില്‍ക്കുമ്പോഴും ഇരിക്കുമ്പോഴും കിടക്കുമ്പോഴും ഉണ്ടാകൂ. അതാണു സുനിലിന്റെ ഗതികേട്. അതു കൊണ്ടാണ്‌ ഒരു കാര്യം പാര്‍ട്ടി തീരുമാനിച്ചാല്‍ അതിനപ്പുറം മറ്റൊരു ശരിയില്ല എന്നു കരുതുന്നത്.

ബസു ഇന്‍ഡ്യന്‍ പ്രധാനമന്ത്രിയായിരുന്നെങ്കില്‍ ഇന്‍ഡ്യയുടെ ചരിത്രം മാറ്റി മറിക്കപ്പെടുമായിരുന്നു. പാര്‍ട്ടി തീരുമാനം വിഡ്ഢിത്തമായിരുന്നു എന്ന് അദ്ദേഹം അനുഭവത്തില്‍ നിന്നും പറഞ്ഞതാണ്. ബംഗാളികളും ഇന്‍ഡ്യക്കാരു തന്നെയാണ്. 23 വര്‍ഷം അവരെ കൂടെ നിറുത്താന്‍ അദ്ദേഹത്തിനു കഴിഞ്ഞെങ്കില്‍ മുഴുവന്‍ ഇന്‍ഡ്യക്കാരെയും കൂടെ നിറുത്താന്‍ കഴിയില്ല എന്ന് പറയുന്നത് വിവരക്കേടു തന്നെയാണ്. ബംഗാളിലും കേരളത്തിലും ത്രിപുരയിലും ജനങ്ങള്‍ കൂടെ നില്‍ക്കുന്നത് സി പി എം കേന്ദ്ര കമ്മിറ്റിയോ പോളിറ്റ് ബ്യൂറോയോ നിര്‍ദ്ദേശിച്ചു എന്നതുകൊണ്ടല്ല. ജനങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ ചെയ്യുന്ന നടപടികളുടെ ഫലമായിട്ടാണ്. 23 വര്‍ഷം അതു ചെയ്ത ബസുവിനത് മനസിലാകും. ജനങ്ങളിലേക്ക് ഇതു വരെ ഇറങ്ങിച്ചെല്ലാന്‍ ഭാഗ്യം ഉണ്ടാകാത്ത കാരാട്ടിനൊന്നും അതറിയില്ല. കമ്യൂണിസ്റ്റു മാനിഫെസ്റ്റോ വായിച്ചു പഠിച്ച് ഇന്‍ഡ്യക്കാരെല്ലാം കമ്യൂണിസ്റ്റുകാരാകും എന്നു കരുതുന്ന സുനിലിനേപ്പോലെയുള്ള കുണ്ടു കിണറ്റിലെ തവളകള്‍ക്കൊന്നും അത് മനസിലാകില്ല. പാര്‍ട്ടി കാലാകാലങ്ങളില്‍ ഇറക്കുന്ന വിശദീകരണങ്ങള്‍ വിശ്വസിച്ച് ആളുകള്‍ പാര്‍ട്ടിക്ക് വോട്ടു ചെയ്തുകൊള്ളും എന്നു കരുതുന്നവര്‍ അങ്ങനെ ജീവിച്ചോട്ടേ എന്നേ പറയാനാകൂ.

ജനങ്ങള്‍ എന്തു ചിന്തിക്കുന്നു എന്നു മനസിലാക്കിയ ബസുവിനേപ്പോലുള്ള ഒരാളുടെ കഴിവ് ഇന്‍ഡ്യക്കു വേണ്ടി ഉപയോഗിക്കപ്പെടുന്നത് തടഞ്ഞ നടപടി ആയിരിക്കും പാര്‍ട്ടിയുടെ ഏറ്റവും വലിയ നഷ്ട സ്വപ്നം.

കേരളത്തില്‍ കമ്യൂണിസ്റ്റു സര്‍ക്കാര്‍ കൊണ്ടുവന്ന പരിഷ്കാരങ്ങള്‍ നടപ്പിലാക്കാന്‍ കോണ്‍ഗ്രസു പോലും നിര്‍ബന്ധിതമായി എന്നതാണു വാസ്തവം.

ബസു ഇന്‍ഡ്യന്‍ പ്രധാനമന്ത്രിയായിരിരുന്നെങ്കില്‍ കമ്യൂണിസ്റ്റുപാര്‍ട്ടികള്‍ക്കനുകൂലമായ ഒരു രാഷ്ട്രീയ ദ്രുവീകരണം ഉണ്ടാകുമായിരുന്നു എന്നതില്‍ യാതൊരു സംശയവുമില്ല.

kaalidaasan said...

“ സി.പി.എം ഞാന്‍ വിശ്വസിക്കുന്ന പ്രസ്ഥാനം ആണെന്ന്”.

അതെന്നും ഞാന്‍ പറഞ്ഞിട്ടുള്ളതാണ്. ആ പ്രസ്ഥാനം ഏതെന്ന് സുനില്‍ മനസിലാക്കിയത് ഇ പി ജയരാജന്‍ പറഞ്ഞതു പോലെയും. ഞാന്‍ മനസിലാക്കിയതങ്ങണെയല്ല. സുനിലിനു പ്രസ്ഥാനം പിണറായി വിജയനും അദ്ദേഹത്തിന്റെ പാദസേവകരുമാണ്. അതു കൊണ്ട് അവര്‍ ചെയ്യുന്നതെല്ലാം ശരിയും അതിനെ വിമര്‍ശിക്കുന്നവരെല്ലാം തെറ്റുമാണ്.

തങ്ങളിഷ്ടപ്പെടാത്തതു പറഞ്ഞാല്‍ പറഞ്ഞവരെ വിവരമറിയിക്കുന്ന പ്രസ്ഥാനം എന്റെ പ്രസ്ഥാനമല്ല. സുനിലിന്റേതായിരിക്കം. പിണറായി വിജയനെന പ്രസ്ഥാനത്തിന്‌ ഓശാന പാടല്‍ എന്റെ കടമയാണെന്നു ഞാന്‍ കരുതുന്നില്ല. അതിന്റെ പേരില്‍ എന്നെ സുനിലിന്റെ പ്രസ്ഥാനത്തില്‍ ചേര്‍ക്കുകയും വേണ്ട.

തട്ടത്തുമലക്ക് സി പി എമ്മിന്റെ മതവിശ്വാസത്തേക്കുറിച്ചുള്ള നയമൊന്നും അറിയില്ല. അദേഹം മറ്റു പലതും പറയുന്നു. സുനിലൊക്കെ അത് വായിച്ചിട്ടും അദ്ദേഹം പറഞ്ഞ മണ്ടത്തരം തിരുത്തിക്കണ്ടില്ല. അത് പ്രസ്ഥാനത്തോടുള്ള സ്നേഹം കൊണ്ടു തന്നെയാണല്ലോ.

kaalidaasan said...

ഇന്നു വരെയുള്ള എന്റെ ബ്ലോഗ് വായനയില്‍ ഏതെങ്കിലും ഒരു സ്ഥലത്തു എങ്കിലും സി.പി.എമ്മിനെ അനുകൂലിച്ച് ഒരു കാര്യം കാളിദാസന്‍ പറഞ്ഞതായി ഞാന്‍ കണ്ടിട്ടില്ല.

അത് വായനയുടെ കുഴപ്പമെന്നേ പറയാന്‍ പറ്റൂ. സുനിലു വായിച്ചിട്ടുള്ളത് ഞാന്‍ വിമര്‍ശിച്ചതു മാത്രമായിരിക്കും. പിണറായി വിജയനെ വിമര്‍ശിക്കുന്നത് വളരെ പെട്ടെന്ന് സുനിലിന്റെ കണ്ണില്‍ പെടും. അത് ഭക്തിയുടെ കൂടുതല്‍ കൊണ്ടാണ്.

സുനില്‍ ഉള്‍പ്പടെയുള്ളവര്‍ വി എസിനെ വിമര്‍ശിച്ചതൊക്കെ ബ്ളോഗ് വായിക്കുന്നവര്‍ക്കറിയാം.

നമ്മള്‍ക്ക് അനുഭാവമുള്ള ഒരു പ്രസ്ഥാനം ചെയ്യുന്നതു മുഴുവന്‍ തെറ്റല്ലല്ലോ..എവിടെയെങ്കിലുമൊക്കെ അനുകൂലിക്കാനുള്ള അവസരം ഉണ്ടല്ലോ..

മുഴുവന്‍ തെറ്റാണെന്ന് ഞാന്‍ ഒരിടത്തും പറഞ്ഞിട്ടില്ല.തെറ്റു പറ്റുന്നുണ്ടല്ലോ. എന്തു കൊണ്ട് സുനില്‍ ആ തെറ്റുകളൊന്നും ഇതുവരെ കണ്ടില്ല. ഏതു ബ്ളോഗിലാണു പ്രസ്ഥാനത്തിന്റെ ഒരു തെറ്റെങ്കിലും സുനില്‍ ചൂണ്ടിക്കാണിച്ചിട്ടുള്ളത്.

പിണറായിയാണു കമ്യൂണിസ്റ്റുപ്രസ്ഥാനം എന്ന വൃത്തികേട് ബ്ളോഗുകളില്‍ മുഴുവന്‍ ചര്‍ച്ച ചെയ്തിരുന്നു. പക്ഷെ അത് തെറ്റാണെന്നു സുനില്‍ എവിടെയെങ്കിലും സമ്മതിച്ചതായി കണ്ടില്ല. എന്തേ അത് ചെയ്യാതിരുന്നു?

kaalidaasan said...

ഈ പോസ്റ്റു തന്നെ ഉദാഹരണം.വേറെ എത്രയോ കാര്യങ്ങള്‍ ജ്യോതിബസുവിനെക്കുറിച്ചും അദ്ദേഹത്തിന്റെ നാള്‍വഴികളെക്കുറിച്ചു പറയാനുണ്ട്.പക്ഷേ അതൊന്നും പറയാതെ വളരെ കൃത്യമായി ആ ഒരു പ്രത്യേക കാര്യം മാത്രം എടുത്തു പറഞ്ഞതു കൊണ്ടാണു ഞാന്‍ അങ്ങനെ ഒരു കമന്റിട്ടത്...

ജോതി ബസുവിനേക്കുറിച്ച് ആരും നിട്ടി പരത്തി അപദാനങ്ങള്‍ പുകഴ്ത്തേണ്ട അവശ്യമുണ്ടെന്നു തോന്നുന്നില്ല. 23 വര്‍ഷം പാര്‍ട്ടിയെ വിജയകരമായി നയിച്ചതും എല്ലാവരുടെയും കണ്‍മുന്നില്‍ ഉള്ളതാണ്. സി പി എം എന്ന പാര്‍ട്ടി രൂപീകരിച്ചത് മുതല്‍ അതിന്റെ തലപ്പത്തുണ്ടായിരുന്ന ആളാണ്. സുനിലിനേപ്പോലുള്ളവരുടെ മനോസുഖത്തിനു വേണ്ടി അദ്ദേഹത്തിന്റെ അപദാനങ്ങളെ പാടിപ്പുകഴ്ത്താന്‍ ഞാനുദ്ദേശിക്കുന്നില്ല.


അദ്ദേഹം പ്രധാനമന്ത്രിയാകാതിരുന്നത് ഇന്‍ഡ്യയുടെയും കമ്യൂണിസ്റ്റു പ്രസ്ഥാനത്തിന്റെയും നഷ്ടമാണെന്നു പറഞ്ഞാല്‍ അതിനര്‍ത്ഥം ഇന്‍ഡ്യയുടെ പരമോന്നത പദവിക്കുള്ള അര്‍ഹത ആദ്ദേഹത്തിനുണ്ട് എന്നു തന്നെയാണ്. അതിനപ്പുറം അദ്ദേഹത്തേക്കുറിച്ച് നല്ലതു പറയണമെന്ന് കണ്ണുപൊട്ടന്‍മാരേ ശഠിക്കൂ.

അദ്ദേഹം പ്രധാനമന്ത്രിയാകാതിരുന്നത് ഒരു വ്യക്തി എന്ന നിലയില്‍ എന്റെയും കൂടി നഷ്ടമാണെന്ന് ഉറച്ചു വിശ്വസിക്കുന്നതുകൊണ്ടാണു ഞാന്‍ ഈ വിഷയം അവതരിപ്പിച്ചത്. അത് നേട്ടമാണെന്നു കരുതാന്‍ സുനിലുള്ള അവകാശത്തെ ഞാന്‍ ചോദ്യം ചെയ്യുന്നില്ല. വി എസ് മുഖ്യമന്ത്രി സ്ഥാനത്തുനിന്നും മാറുക എന്നത് നേട്ടമായി കരുതുന്ന സുനിലിനൊന്നും ഇതു പോലെയുള്ള നഷ്ടം മനസിലാകയില്ല.

സുനിലനതുള്‍ക്കൊള്ളാനാകുന്നില്ല. അതിന്റെ കാരണം സ്വന്തം കണ്ണും ചിന്താശേഷിയും മറ്റാരുടെയൊക്കെയോ കണ്ണിലൂടെയും ചിന്തയിലൂടെയും ഉപയോഗിക്കാനേ ഇതു വരെ പഠിച്ചിട്ടുള്ളു എന്നതുകൊണ്ടും.

kaalidaasan said...




ആദരാഞ്ജലികള്‍ അര്‍പ്പിക്കുമ്പോളും ഒരു കൊട്ട് സി.പി.എമ്മിനിട്ട് കൊടുക്കാമോ എന്നു മാത്രമേ കാളിദാസന്‍ നോക്കുന്നുള്ളൂ..അതൊന്നു ചൂണ്ടിക്കാട്ടി എന്നു മാത്രം


സുനിലേ ഇതു പോലെ തരം താഴരുതെന്ന ഒരപേക്ഷയുണ്ട്.

ജോതി ബസു സി പി എമ്മിന്റെ ആ നടപടി മരിക്കുന്നതു വരെ വിമര്‍ശിച്ചിരുന്നു. അതുകൊണ്ടാണദ്ദേഹം ആ പ്രസ്ഥാവനയില്‍ എന്നും ഉറച്ചുനിന്നതും പല പ്രാവശ്യം ആവര്‍ത്തിച്ചതും. സുനിലിന്റെ വാദം കടമെടുത്താല്‍ കഴിഞ്ഞ 14 വര്‍ഷമായി ജോതി ബസു സി പി എമ്മിനെ കൊട്ടിക്കൊണ്ടിരിക്കുകയായിരുന്നു. സുനിലിന്റെ കണ്ണിലെ തിമിരം കാരണം അത് ഇതു വരെ കണ്ടില്ല. ഞാന്‍ പറഞ്ഞപ്പോള്‍ കൃത്യമായും വ്യക്തമായും കണ്ടു. വി എസിനെ കണ്ണുരുട്ടി പേടിപ്പിക്കുന്നതു പോലെ ജോതി ബസുവിനെ പേടിപ്പിക്കാന്‍ അണത്തമുള്ള ആരും സി പി എമ്മിലില്ല എന്നല്ലേ അത് സൂചിപ്പിക്കുന്നത്?

ജനശക്തി said...

നയങ്ങള്‍ നടപ്പിലാക്കാന്‍ മാത്രം ശക്തിയില്ലാത്തപ്പോള്‍ ഭരണത്തില്‍ കയറണ്ട എന്നത് വി.പി.സിംഗ് മന്ത്രിസഭക്ക് പിന്തുണ നല്‍കിയപ്പോള്‍ തന്നെ ഉള്ള തീരുമാനമായിരുന്നു. കഴിഞ്ഞ യു.പി.എ സര്‍ക്കാരിന്റെ കാലത്തും തീരുമാനം അത് തന്നെയായിരുന്നു. സാഹചര്യങ്ങള്‍ മാറുകയും ഇടത്പക്ഷത്തിന്റെ സ്വാധീനം വര്‍ദ്ധിക്കുകയും ചെയ്താല്‍ ചിലപ്പോള്‍ ഈ തീരുമാനവും മാറാം. സാഹചര്യങ്ങള്‍ അനുസരിച്ച് ഇരിക്കും കാര്യങ്ങള്‍.

ഒരു വശത്ത് ഭരണത്തില്‍ കയറാത്തതിനു വിമര്‍ശനം.മറുവശത്ത് ഭരണത്തില്‍ കയറി എന്നത് വിമര്‍ശിക്കപ്പെടുമ്പോള്‍(ഉദാ:കാക്കനാടന്‍ ഈയടുത്ത് വിമര്‍ശിച്ചിരുന്നു.) അതും പത്രങ്ങളില്‍ ‘ആത്യന്തികമായ ശരി’യായി അവതരിക്കപ്പെടുന്നു. സി.പി.എം പാര്‍ലിമെന്ററി വ്യവസ്ഥയിലേ പങ്കെടുക്കരുതായിരുന്നുവെന്ന്. ഇത് രണ്ടും ഒരേ സമയം ശരിയാവാന്‍ ഇടയില്ലല്ലോ. ഇവ രണ്ടിനേയും അഭിപ്രായങ്ങള്‍ എന്ന മട്ടില്‍ അംഗീകരിക്കാം എന്നല്ലാതെ, അവ ‘ശരി’ ആകുന്നില്ല. സി.പി.എം കേന്ദ്രക്കമ്മറ്റി രണ്ടോ പത്തോ തവണ കൂടിയിട്ടായാലും ‘അവരുടെ’ തീരുമാനം എടുക്കുന്നു.(ജനാധിപത്യം ഉണ്ടെന്നാണല്ലോ കമ്മറ്റിയൊക്കെ കൂടി വിശദമായി ചര്‍ച്ച ചെയ്ത് തീരുമാനം എടുക്കുന്നതിന്റെ ഒരര്‍ത്ഥം) അത് തന്നെയാണ് അവരുടെ തീരുമാനവും.അല്ലാതെ പുറത്തു നിന്നുള്ള പരസ്പരവിരുദ്ധമായ അഭിപ്രായങ്ങളല്ല.

സി പി ഐ കേന്ദ്ര കമ്മിറ്റിയില്‍ നിന്നുമിറങ്ങിപ്പോന്ന് സി പി ഐ എം രൂപികരിച്ചവരില്‍ ഇനി അവശേഷിക്കുന്നത് വി എസ് അച്യുതാനന്ദന്‍ മാത്രമാണ് എന്നത് ശരിയാണോ? ചെല്ലയ്യ കൂടി ഉണ്ടെന്ന് വി.എസ് തന്നെ പറഞ്ഞതായി പത്രത്തില്‍ വായിച്ചു.

kaalidaasan said...

ജനശക്തി,

നയങ്ങള്‍ നടപ്പിലാക്കാന്‍ ശക്തിയില്ല എന്നു സി പി എം കരുതുന്നതെന്തുകൊണ്ടാണ്? സി പി എമ്മിനേക്കാള്‍ ശക്തി കുറഞ്ഞ പാര്‍ട്ടികള്‍ ഭരണത്തില്‍ കയറുന്നുണ്ടല്ലോ.

വി പി സിംഗ് സര്‍ക്കാരിലും സി പി എം അംഗമാകേണ്ടതായിരുന്നു. പ്രധാനമന്ത്രി പദം കിട്ടിയപ്പോള്‍ ഒഴിഞ്ഞു മാറാതെ സ്വീകരിക്കേണ്ടതായിരുന്നു. യു പി എ സര്‍ക്കാരിനു പുറത്തു നിന്നും പിന്തുണ കൊടുത്തപ്പോഴും ഇടതുപക്ഷത്തിന്റെ പല നയങ്ങളും നടപ്പാക്കിയില്ലേ? അതിന്റെ മുഴുവന്‍ ക്രെഡിറ്റും കോണ്‍ഗ്രസ് കൊണ്ടു പോയില്ലെ?

ഇന്‍ഡ്യന്‍ ഭരനഘടനക്കുള്ളില്‍ നിന്നേ കേരളത്തിലായാലും ബംഗളിലായാലും ത്രിപുരയിലായാലും ഇടത് പക്ഷത്തിനു ഭരിക്കാന്‍ ആകൂ. ആ പരിമിതിക്കുള്ളില്‍ നിന്നും എന്തെല്ലാം കാര്യങ്ങള്‍ ചെയ്തു? അതൊക്കെ അഖിലേന്ത്യ തലത്തിലും നടപ്പിലാക്കാന്‍ ആകില്ല എന്ന വരട്ടു വാദം എല്ലാവരും മുഖവിലക്കെടുക്കില്ല.

kaalidaasan said...

ജനശക്തി,


സി പി എം നഷ്ടപ്പെടുത്തിയത് ഇനി ഒരിക്കലും ലഭിക്കാന്‍ സാധ്യതയില്ലാത്ത ഒരു സുവര്‍ണ്ണാവസരമായിരുന്നു. ജോതി ബസുവിനേപ്പോലുള്ള തഴക്കവും പഴക്കവും ചെന്ന ഒരു നേതാവിനതിന്റെ ഗൌരവം പിടി കിട്ടിയിരുന്നു. അതു കോണ്ടാണദ്ദേഹം സി പി എം ചെയ്തത് വിഡ്ഢിത്തമായിരുന്നു എന്ന് മരണം വരെ വിശ്വസിച്ചതും ആവര്‍ത്തിച്ചു പറഞ്ഞതും.

സി പി എമ്മിനു പുറത്തുള്ളവര്‍ വിമര്‍ശിക്കുന്ന കാര്യമല്ല ഞാന്‍ ഇവിടെ പ്രാമര്‍ശിച്ചത്. സി പി എം എന്ന പാര്‍ട്ടിയുടെ സ്ഥാപക നേതാവായ ജോതി ബസു പറഞ്ഞ കാര്യമാണ്. അത് കാക്കനാടനെ എടുത്ത് തടുക്കാതെ.

പാര്‍ലമെന്ററി വ്യവസ്ഥയില്‍ പങ്കെടുക്കണം എന്നു തീരുമാനിച്ചാല്‍ പിന്നെ, അതിനു കിട്ടുന്ന ഒരു അവസരവും നഷ്ടപ്പെടുത്തരുതെന്നതായിരുന്നു ബസുവിന്റെ അഭിപ്രായം. വരട്ടു വാദം കേരള സി പി എം നേതാക്കള്‍ പിന്തുടര്‍ന്നപ്പോള്‍ പ്രായോഗികതയായിരുന്നു ബസുവിനേപ്പോലുള്ളവര്‍ പിന്തുടര്‍ന്നത്.
ഇന്‍ഡ്യയിലെ നിലവിലുള്ള വ്യവസ്ഥിതിയെ പരാമാവധി ഉപയോഗപ്പെടുത്തി ഇടതുപക്ഷ നയങ്ങള്‍ നടപ്പിലാക്കുക എന്നതായിരുന്നു ബസുവിന്റെ പക്ഷം. ഇപ്പോള്‍ മുതലാളിത്ത നയങ്ങള്‍ കൂടി നടപ്പിലാക്കാന്‍ മുന്നില്‍ നില്‍ക്കുന്നവരൊക്കെ ചേര്‍ന്നാണതിനു തുരങ്കം വച്ചത്.

1961ല്‍ കേന്ദ്ര കമ്മിറ്റിയില്‍ നിനും ഇറങ്ങിപ്പോന്നവരില്‍ മറ്റൊരാള്‍ കൂടി ഉണ്ടെന്ന് ഞാന്‍ അറിഞ്ഞിരുന്നില്ല. അത് പറഞ്ഞു തന്നതിനു നന്ദി. പക്ഷെ അദ്ദേഅഹം ​സജീവ രാഷ്ട്രീയത്തില്‍ ഉണ്ടോ എന്നുകൂടി അറിഞ്ഞാല്‍ കൊള്ളാം.

ജനശക്തി said...

അവസാനം വരെ അതേ അഭിപ്രായമായിരുന്നുവോ എന്ന് അറിയില്ല എങ്കിലും, ബസു നല്ലൊരു പാര്‍ട്ടി പ്രവര്‍ത്തകനു ചേര്‍ന്ന വിധം ഭൂരിപക്ഷത്തിനും പാര്‍ട്ടി തീരുമാനത്തിനും കീഴ്പെട്ടാണ് അവസാനം വരെയും പ്രവര്‍ത്തിച്ചത്.

അങ്ങിനെ വേണം, ഇങ്ങിനെ വേണം എന്നു പറയുന്നതിനെ ഒക്കെ കാ‍ളിദാസന്റെ അഭിപ്രായം എന്ന നിലയ്ക്ക് അംഗീകരിക്കുന്നു. അതിനപ്പുറത്ത് അതിലൊന്നും ഇല്ല.

കാക്കനാടനും കാളിദാസനും പരസ്പര വിരുദ്ധമായ “ശരി” അഭിപ്രായങ്ങള്‍ കൊണ്ടു നടക്കുവാന്‍ എല്ലാ സ്വാതന്ത്ര്യവും ഉണ്ട്.

ചെല്ലയ്യ വാര്‍ത്ത തപ്പിയിട്ട് കിട്ടിയില്ല. കിട്ടിയാല്‍ കമന്റാം. ശരിയാണോ എന്ന് മറ്റു വഴിയില്‍ ഉറപ്പിക്കുമല്ലോ.

നന്ദി.

ജനശക്തി said...

ജീവിതാവസാനം വരെ പാര്‍ട്ടിക്ക് കീഴ്പെട്ട് ആയിരുന്നു അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നത് എന്ന് പറഞ്ഞതിനല്പം തുടര്‍ച്ച.ഇവിടെയല്ലാം കാളിദാസന്‍ കാണാതെ പോകുന്ന ഒരു കാര്യമുണ്ട്.

ഒരു അഭിമുഖത്തില്‍ 1996 ല്‍ ചെയ്തത് മണ്ടത്തരം ആയെന്നു അദ്ദേഹം പറഞ്ഞു.അതിന്റെ കൂടെ അദ്ദേഹം പറഞ്ഞ വാചകം ഇപ്പോള്‍ ആരും പറയുന്നില്ല.

“ ഞാനീ പറയുന്നതിനു അക്കാദമിക് വാല്യൂ മാത്രമേ ഉള്ളൂ..വ്യക്തികള്‍ അല്ല, പാര്‍ട്ടിയാണു പ്രധാനം” എന്നും കൂടി.എന്നാല്‍ ഇതിനെ തുടര്‍ന്നു നടന്ന എല്ലാ അഭിമുഖങ്ങളിലും എല്ലാവരും ഈ വിഷയം തന്നെ ചോദിക്കുമ്പോള്‍ മാത്രമേ അദ്ദേഹം അതു പറഞ്ഞിട്ടുള്ളൂ..അല്ലാതെ കാളിദാസന്‍ വിചാരിക്കുന്ന പോലെ രാവിലെയും വൈകിട്ടും ഇതു വച്ച പത്ര പ്രസ്താവന നടത്തുകയല്ല അദ്ദേഹം ചെയ്തത്.ഇക്കഴിഞ്ഞ ദിവസം ഏഷ്യാനെറ്റ് 2006 ലെ തിരഞ്ഞെടുപ്പു കാലത്ത് അദ്ദേഹവുമായി നടത്തിയ അഭിമുഖത്തിന്റെ ഭാഗങ്ങള്‍ കാണിച്ചപ്പോള്‍ അന്നും ഈ ചോദ്യം മറക്കാതെ ചോദിച്ചിരിക്കുന്നത് കണ്ടു.

ബാസു പറഞ്ഞത് ഒരു സാദ്ധ്യത മാത്രമാണു.അതു 100% ശരിയായി വരണം എന്നില്ല..50-50 ചാന്‍സ് ആണ്.രസതന്ത്രത്തിലെ സൂത്ര വാക്യങ്ങള്‍ പോലെ നേര്‍ രേഖയല്ല രാഷ്ട്രീയം.അതു ചലനാത്മകമാണ്.സാഹചര്യങ്ങള്‍ മാറിവരാം.പാര്‍ട്ടി തീരുമാനിച്ചത് കേന്ദ്രക്കമ്മിറ്റി കൂടിയാണു, പോളിറ്റ് ബ്യൂറോ പോലുമല്ല.പ്രകാശ് കാരാട്ട് എതിര്‍ത്തതു കൊണ്ടാണെന്നൊക്കെ പറയുന്നത് ശുദ്ധ അസംബന്ധം മാത്രം.ഇക്കഴിഞ്ഞ യു.പി.എ സര്‍ക്കാരില്‍ ചേരണോ എന്നറിയാനും ഇത്തരം ഒരു കേന്ദ്രക്കമിറ്റി കൂടിയിരുന്നു.ഓര്‍മ്മയുണ്ടോ?

സോമനാഥ് ചാറ്റര്‍ജി , ആണവക്കരാര്‍ വിഷയത്തില്‍ രാജിക്കു തയ്യാറാകാതെ ബസുവിനെ കണ്ട സമയത്ത് അദ്ദേഹം കൊടുത്ത ഉപദേശം പ്രത്യേകം ശ്രദ്ധിക്കണം.”താങ്കള്‍ ആദ്യം ഒരു കമ്മ്യൂണിസ്റ്റാണു..സ്പീക്കര്‍ പദവി അതിനു താഴെയേ ഉള്ളൂ എന്നോര്‍ക്കണം.പാര്‍ട്ടിക്കനുസരിക്കുക എന്നതാണേ ചെയ്യേണ്ടത് എന്നാണ്.

ഇത്തരം കാര്യങ്ങള്‍ ഒന്നും ആരും പറയുന്നില്ല.കാളിദാസനും പറയുന്നില്ല.ഇപ്പോള്‍ ഈ പോസ്റ്റില്‍ ഈ വിഷയം മാത്രം എടുത്തിട്ട കാളിദാസന്റെ ഉദ്ദേശ്യ്യവും മനസ്സിലായി.

ജനശക്തി said...

വി.എസിന്റെ കൂടെ ബാക്കിയുള്ളത് “ എന്‍.ശങ്കരയ്യ” ആണു. ഇപ്പോള്‍ കണ്ട്രോള്‍ കമ്മീഷന്‍ ചെയര്‍മാനും മുന്‍ തമിഴ്‌നാട് സ്റ്റേറ്റ് സെക്രട്ടറിയുമായ ശങ്കരയ്യ..വാര്‍ത്ത കേരളകൌമുദിയില്‍ വന്നിരുന്നു. ആര്‍ക്കൈവ്സ് ഇല്ലാത്തതിനാല്‍ ലിങ്കിടാന്‍ വയ്യ. ഒന്ന് ചെക്ക് ചെയ്തേക്കു.

kaalidaasan said...

ജനശക്തി,

പാര്‍ട്ടിയിലെ എല്ലാ അംഗങ്ങലും പാര്‍ട്ടിക്ക് കീഴ്പ്പെട്ടു തന്നെയാണു ജീവിക്കുന്നത്. പക്ഷെ ജോതി ബസു ജീവിതവസാനം വരെ പാര്‍ട്ടി എടുത്ത ഒരു തീരുമാനത്തിനെതിരെ സംസാരിച്ചിരുന്നു. വ്യക്തികളല്ല പാര്‍ട്ടിയാണു വലുത്. അതു കൊണ്ടാണ്‌ പര്‍ട്ടി തീരുമാനത്തില്‍ വിയോജിപ്പു പ്രകടിപ്പിച്ചുകൊണ്ട് പാര്‍ട്ടി തീരുമാനത്തെ അംഗീകരിച്ചത്.

പ്രധാനമന്ത്രി പദം ബസുവിനു വച്ചു നീട്ടിയത് ഒരു സാധ്യതയൊന്നുമല്ല.. ആദ്യം പാര്‍ട്ടി തള്ളിക്കളഞ്ഞിട്ടും അത് വീണ്ടും വച്ചു നീട്ടിയിരുന്നു.

പാര്‍ട്ടി തീരുമാനങ്ങള്‍ എടുക്കുന്നത് കേന്ദ്ര കമ്മിറ്റിയാണെന്ന് എനിക്കും അറിയാം. പോളിറ്റ് ബ്യൂറോ എടുക്കുന്ന തീരുമാനം കേന്ദ്ര കമ്മിറ്റിയില്‍ അവതരിപ്പിച്ച് പാസാക്കുകയാണു സാധാരണ ചെയ്യാറുള്ളത്. അപ്പോഴേ അത് പാര്‍ട്ടി തീരുമാനം ആകൂ.

സോംനാഥ് ചാറ്റര്‍ജി പറഞ്ഞത് ബസുവാണദ്ദേഹത്തോട് സ്പീക്കര്‍ സ്ഥാനത്തു തുടരാന്‍ പറഞ്ഞതെന്നായിരുന്നു. ബസുവിന്റെ മരണശേഷം പറഞ്ഞതു കൊണ്ട് അത് എത്രത്തോളം വിശ്വസനീയമാണെന്നു പറയാന്‍ പറ്റില്ല.ചാറ്റര്‍ജി പാര്‍ട്ടി തീരുമാനം ധിക്കരിച്ചത് തെറ്റു തന്നെയായിരുന്നു. മുതലാളിത്തമാണ്‌ ഇന്‍ഡ്യയുടെ ഭാവി എന്നു ബസു ഒരിക്കല്‍ പറഞ്ഞിരുന്നു. അതു കൊണ്ട് ചാറ്റര്‍ജിയോട് എന്തു പറഞ്ഞിരിക്കാം എന്നൊന്നും ഉറപ്പിച്ചു പറയാന്‍ പറ്റില്ല.

കാളിദാസന്റെ ഉദ്ദേശ ശുദ്ധി ചോദ്യം ചെയ്യാതെ ജനശക്തിക്ക് എന്നെങ്കിലും കാളിദാസനുമായി സംവദിക്കാന്‍ പറ്റിയിട്ടുണ്ടോ? അപ്പോള്‍ പിന്നെ ഇതിലും ഒരു പുതുമയുമില്ല.

vettupara said...

ചരിത്രം തിരുത്താന്‍ തക്ക യോഗ്യരായിട്ടുള്ളവര്‍ ചരിത്രം തിരുത്തിക്കാണിച്ചിട്ടുണ്ടെന്നുള്ളതല്ലെ ചരിത്രം. അതിന് കാല-ദേശ-ഭാഷകളോ, വ്യക്തികളോ, സാഹചര്യങ്ങളോ തടസ്സമാകുമോ!?