Friday 8 January 2010

കോര്‍പ്പറേറ്റ് മാഫിയയുടെ നീളുന്ന കരങ്ങള്‍

1990 ല്‍ കെവിന്‍ കോസ്റ്റ്നര്‍ Dances With Wolves എന്ന സിനിമയില്‍ അമേരിക്കയിലെ ആദിവാസികളെ യൂറോപ്പില്‍ നിന്നും വന്നവര്‍ അടിച്ചമര്‍ത്തിയതിന്റെ കഥ പറഞ്ഞു. ജോണ്‍ ഡണ്‍ബാര്‍ എന്ന പട്ടാളക്കാരന്‍ അമേരിക്കന്‍ ഇന്‍ഡ്യന്‍മാരുടെ സ്വത്വവും, ഭൂമിയുമായി അവര്‍ക്കുള്ള അഭേദ്യമായ ബന്ധവും തിരിച്ചറിഞ്ഞ്, അദ്ദേഹത്തിന്റെ വെള്ളക്കാരന്‍ എന്ന മാറാപ്പ് വലിച്ചെറിഞ്ഞ് ഇന്‍ഡ്യക്കാരുടെ വസ്ത്രവും ജീവിത രീതിയും തെരഞ്ഞെടുക്കുന്നതാണാ സിനിമയുടെ കഥ. പ്രകൃതിയുമയി എത്ര താദാത്മ്യം പ്രാപിച്ചാണ്‌ ഇന്‍ഡ്യക്കാര്‍ ജീവിക്കുന്നതെന്ന് അദ്ദേഹം തിരിച്ചറിയുന്നു. പക്ഷെ പരിഷ്കൃത ലോകം അദ്ദേഹത്തെ അറസ്റ്റ് ചെയ്ത് ഒറ്റുകാരന്‍ എന്ന മുദ്ര ചാര്‍ത്തുന്നു.

കോസ്റ്റ്നറുടെ സിനിമയുടെ പ്രമേയവുമായി സാമ്യമുള്ളതാണ്‌ ജെയിംസ് കാമറൂണിന്റെ Avatar. 13 വര്‍ഷത്തെ ഇടവേളക്ക് ശേഷം അദ്ദേഹം സംവിധാനം ചെയ്ത ഇ സിനിമ അതിബൃഹത്തായതും സമാനതകളില്ലാത്തതുമാണെന്ന് നിസംശയം പറയാം. ഇതിനെ വിശേഷിപ്പിക്കാന്‍ എത്ര വാക്കുകള്‍ ഉപയോഗിച്ചാലും അധികപ്പറ്റാകില്ല. മൂന്നു മണിക്കോറോളം കാഴ്ചക്കാരെ തികച്ചും വ്യത്യസ്ഥമായ ഒരു ലോകത്തേക്ക് കൊണ്ടു പോകുന്ന ഇത് ലോക സിനിമ ചരിത്രത്തില്‍ ഇന്നു വരെ ഉണ്ടാകാത്ത ഒരനുഭവമാണ്.





ജെയിംസ് കാമറൂണ്‍ ലോക സിനിമയിലെ അതികായന്‍മാരില്‍ ഒരാളാണെന്നതിന്റെ ഉത്തമ ഉദാഹരണമാണീ സിനിമ. ഒരു കലാ സൃഷ്ടി എന്ന നിലയില്‍ ഇത് awesome, stunning, breath taking, spectacular and mesmerisng. ഇതിലെ settings and special effects അതിമനോഹരം. അടുത്ത കാലത്തൊന്നും ഇത്രയധികം ആസ്വദിച്ച ഒരു സിനിമയും കണ്ടിട്ടില്ല. ഇതു വരെ ആരും കാണാത്ത കാഴ്ച. ഒരു നിമിഷം പോലും വിരസത അനുഭവപ്പെടാതെ കാണാന്‍ കഴിയുന്ന ഒരു സിനിമ. ആരെയും അത്ഭുത സ്തബ്ദരാക്കുന്ന ഒരു ദൃശ്യ ശ്രാവ്യ അനുഭവം.







ഒരു കലാസൃഷ്ടി എന്ന നിലയിലുള്ള ഒരു വിലയിരുത്തലല്ല ഈ പോസ്റ്റിന്റെ ഉദ്ദേശം. ഇതിലെ പ്രതിപാദ്യ വിഷയമാണ്‌ മനുഷ്യ കുലത്തിന്റെ ആരംഭത്തില്‍ മനുഷ്യനും പ്രകൃതിയും സന്തുലിതമായിരുന്നു. സസ്യലതാതികളെയും മറ്റ് ജീവിജാലങ്ങളെയും മനുഷ്യന്‍ സ്വന്തം കുടുംബത്തിലെ അംഗങ്ങളേപ്പോലെ ഇഷ്ടപ്പെട്ടിരുന്നു. പിന്നീടത് ചൂക്ഷണം ചെയ്യപ്പെട്ടു. അത് സ്വന്തം നാട്ടില്‍ നിന്നും പുറത്തേക്ക് വ്യാപിച്ചപ്പോള്‍ കൊളോണിയലിസം എന്ന പ്രതിഭാസം ഉണ്ടായി. ഭൂമിയിലെ ഭൂരിഭാഗം മനുഷ്യരും ഈ കൊളോണിയലിസത്തിന്റെ ഇരകളാണ്.

കെവിന്‍ കോസ്റ്റ്നര്‍ പറഞ്ഞ കഥ യൂറോപ്പില്‍ നിന്നുള്ളവര്‍ അമേരിക്കന്‍ ഇന്‍ഡ്യക്കാരോടു ചെയ്ത ക്രൂരരതകളായിരുന്നു. ജെയിംസ് കാമറൂണ്‍ പറയുന്നത് ഒരു സാങ്കല്‍പ്പിക കഥയാണ്. ലോകം മുഴുവന്‍ അവഗണിക്കപ്പെട്ട ഇപ്പോഴും അവഗണിക്കപ്പെടുന്ന ആദിവാസി സമൂഹങ്ങളുടെ അവസ്ഥയെ വിമര്‍ശനാത്മക രൂപത്തില്‍ അവതരിപ്പിക്കുകയാണിവിടെ. അതിനു തെരഞ്ഞെടുത്ത സങ്കേതം വിദൂരമായ ഒരു ഗ്രഹവും. കോര്‍പ്പറേറ്റ് മാഫിയ ഭൂമിയെ ഏതാണ്ടു മുഴുവന്‍ ചൂക്ഷണം ചെയ്ത് നശിപ്പിച്ചു കഴിഞ്ഞു. ഇനി അവശേഷിക്കുന്നത് വിദൂര ഗ്രഹങ്ങളാണ്. അങ്ങനെ ചൂക്ഷണം ചെയ്യാന്‍‍ തെരഞ്ഞെടുത്ത പന്‍ഡോര എന്ന ഗ്രഹത്തിലെ സംഭവിക്കുന്നതാണിതില്‍ ചിത്രീകരിക്കപ്പെട്ടത്.

കോര്‍പ്പറേറ്റ് മാഫിയയുടെ അത്യാര്‍ത്തി മനുഷ്യ കുലത്തിന്റെ അവസാനത്തില്‍ കലാശിക്കുമെന്ന് ഭംഗ്യന്തരേണ സൂചിപ്പിക്കുകയാണു ജെയിംസ് കാമറൂണ്‍. സാധാരണ ഇതു പോലെയുള്ള മുഖ്യധാര സിനിമകള്‍ ഈ സന്ദേശം പ്രചരിപ്പിക്കാന്‍ ഉപയോഗിക്കാറില്ല. അതിന്‌ ജെയിംസ് കാമറൂണിനെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല.

പന്‍ഡോറയിലെ യുദ്ധത്തിന്റെ യധാര്‍ത്ഥ ഹേതു അതീവ വിലപിടിപ്പുള്ള Unobtainium എന്ന ധാതുവാണ്. അവിടെ ജീവിക്കുന്ന നവികള്‍ എന്ന ജീവികള്‍ 10 അടി ഉയരവും മനുഷ്യരേക്കാള്‍ ഉത്കൃഷ്ടയുള്ളവരുമായ ജീവിവര്‍ഗ്ഗവും.  സസ്യങ്ങളുമായും മൃഗങ്ങളുമായും ആശയ വിനിമയം നടത്താന്‍ കഴിവുള്ള അവര്‍ ജീവിക്കുന്നത് Tree of Souls എന്ന് പ്രതീകാത്മകമായി പേരിട്ടിട്ടുള്ള ഒരു മഹാ വൃഷത്തിന്റെ പരിസരത്തും. Eywa എന്ന മറ്റൊരു പ്രതീകമാണിവരുടെ ദൈവം.
 















കോര്‍പ്പറേറ്റ് മാഫിയ ഇവരെ അനുനയിപ്പിക്കാനും അത് സാധിച്ചില്ലെങ്കില്‍ നശിപ്പിക്കാനുമായി ഒരു സംഘത്തെ ഭൂമിയില്‍ നിന്നും അയക്കുന്നു. അനുനയിപ്പിക്കാന്‍ തെരഞ്ഞെടുത്ത മാര്‍ഗ്ഗം സംഘാംങ്ങളില്‍ ചിലരെ നവികളുടെ രൂപത്തിലേക്ക് മാറ്റിയെടുത്ത് അവരുടെ ഇടയിലേക്കയക്കുക എന്നതും.  അങ്ങനെ തെരഞ്ഞടുക്കപ്പെട്ടവരുടെ കൂടെയാണ്‌ ജൈക്ക് സള്ളി എന്ന മുന്‍ പട്ടാളക്കാരന്‍. യുദ്ധത്തില്‍ അരയ്ക്കു കീഴെ തളര്‍ന്ന ഇദ്ദേഹം ചലന ശേഷി തിരിച്ചു കിട്ടുമെന്ന പ്രതീക്ഷയിലാണീ സംഘത്തില്‍ ചേര്‍ന്നത്. പുതിയ അവതാരത്തില്‍ ചലന ശേഷി തിരിച്ചു കിട്ടിയ അദ്ദേഹം നവികളുടെ ജീവിത രീതി മുഴുവനും പഠിച്ചെടുത്ത് അവരിലൊരാളായി മാറുകയാണ്. Tree of Souls നശിപ്പിക്കുന്നതില്‍ കോര്‍പ്പറേറ്റ് മാഫിയ വിജയിച്ചെങ്കിലും അവരുടെ സങ്കേതിക വിദ്യകളെല്ലാം നവികളുടെ അമ്പിനും വില്ലിനും മുന്നില്‍ പരാജയപ്പെടുന്നു. മുക്കാല്‍ മണിക്കൂറോളം നീണ്ടു നില്‍ക്കുന്ന ഈ യുദ്ധം ഇരിപ്പിടത്തിന്റെ അരികിലിരുന്നേ ആര്‍ക്കും കാണാനാകൂ. അത്രക്ക് ത്രില്ലിംഗ് ആണീ അനുഭവം. 





വെള്ളക്കാരന്റെ വര്‍ഗ്ഗീയവും രാഷ്ട്രീയവും ചരിത്രപരവുമായ കുറ്റ ബോധത്തില്‍ നിന്നാണീ ചിത്രത്തിന്റെ കഥയുടെ ഉത്ഭവം. ഇതിലെ സാങ്കേതിക വിദ്യക്കൊപ്പം ഇതില്‍ നിന്നനുഭവിക്കേണ്ട മറ്റൊന്നു കൂടിയുണ്ട്. ഭൂമിയെ മനുഷ്യന്‍ നശിപ്പിക്കുന്നു എന്നതാണത്. ഇത് പകര്‍ന്നു നല്‍കുന്ന ശക്തമായ സന്ദേശം ഇപ്പോള്‍ നടക്കുന്നതും ഭാവിയില്‍ സംഭവിക്കാവുന്നതുമായ കാര്യമാണ്. ജി മാധവന്‍ നായരും അബ്ദുല്‍ കലാമും ചന്ദ്രനിലേക്കും ചൊവ്വയിലേക്കും മനുഷ്യനെ അയക്കാന്‍ പറയുന്ന ന്യായീകരണം അവിടത്തെ ധാതു സമ്പത്ത് ചൂഷണം ചെയ്യുക എന്നതാണെന്നെല്ലാവര്‍ക്കുമറിയാം.  വെള്ളക്കാരന്റെ അതേ ചൂക്ഷണ മനോഭാവം കറുത്തവനിലും ഉണ്ടെന്നതിന്റെ ഉദാഹരണമാണിവരുടെ വാക്കുകള്‍.  Unobtainium എന്ന ധാതുവിന്റെ ഒരു കഷണം കയ്യില്‍ വച്ചു കൊണ്ട് സ്വപ്നം കാണുന്ന അവതാറിലെ ശാസ്ത്രജ്ഞന്‍ മാധവന്‍ നയരുടെയും കലാമിന്റെയും പ്രതീകമാണ്.

മനുഷ്യരെ അവരുടെ ആവാസ വ്യവസ്ഥയില്‍ നിന്നകറ്റുന്നതിന്റെ ഹൃദയ ഭേദകമായ കാഴ്ച ആരുടെയും മനസിലയിക്കും. കണ്ടു കഴിയുമ്പോള്‍ എല്ലാവരെയും വളരെ ആഴത്തില്‍ ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്ന സിനിമയാണിത്. നമ്മള്‍ ഇത്ര ഹൃദയമില്ലാത്തവരാണോ?

ഇതിലെ വില്ലന്‍ ഒരു വ്യക്തിയല്ല. കോര്‍പ്പറേറ്റ് മാഫിയയുടെ താളത്തിനു തുള്ളുന്ന American military industrial complex ആണത്. നവികള്‍ അനുനയത്തിനും ഭീഷണിക്കും വഴിപ്പെടുന്നില്ല എന്നറിയുമ്പോള്‍ ഇതിലെ വില്ലന്‍ പറയുന്ന ഒരു വാചകമുണ്ട്. We willl fight terror with terror. അമേരിക്കന്‍ അധികാരികള്‍ സ്ഥാനത്തും അസ്ഥാനത്തും ഉപയോഗിക്കുന്ന ഒരു വാചകമാണത്.

10 comments:

kaalidaasan said...

ജെയിംസ് കാമറൂണ്‍ ലോക സിനിമയിലെ അതികായന്‍മാരില്‍ ഒരാളാണെന്നതിന്റെ ഉത്തമ ഉദാഹരണമാണീ സിനിമ. ഒരു കലാ സൃഷ്ടി എന്ന നിലയില്‍ ഇത് awesome, stunning, breath taking, spectacular and mesmerisng. ഇതിലെ settings and special effects അതിമനോഹരം. അടുത്ത കാലത്തൊന്നും ഇത്രയധികം ആസ്വദിച്ച ഒരു സിനിമയും കണ്ടിട്ടില്ല. ഇതു വരെ ആരും കാണാത്ത കാഴ്ച. ഒരു നിമിഷം പോലും വിരസത അനുഭവപ്പെടാതെ കാണാന്‍ കഴിയുന്ന ഒരു സിനിമ. ആരെയും അത്ഭുത സ്തബ്ദരാക്കുന്ന ഒരു ദൃശ്യ ശ്രാവ്യ അനുഭവം.

മനുഷ്യരെ അവരുടെ ആവാസ വ്യവസ്ഥയില്‍ നിന്നകറ്റുന്നതിന്റെ ഹൃദയ ഭേദകമായ കാഴ്ച ആരുടെയും മനസിലയിക്കും. കണ്ടു കഴിയുമ്പോള്‍ എല്ലാവരെയും വളരെ ആഴത്തില്‍ ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്ന സിനിമയാണിത്. നമ്മള്‍ ഇത്ര ഹൃദയമില്ലാത്തവരാണോ?




ഇതിലെ വില്ലന്‍ ഒരു വ്യക്തിയല്ല. കോര്‍പ്പറേറ്റ് മാഫിയയുടെ താളത്തിനു തുള്ളുന്ന American military industrial complex ആണത്. നവികള്‍ അനുനയത്തിനും ഭീഷണിക്കും വഴിപ്പെടുന്നില്ല എന്നറിയുമ്പോള്‍ ഇതിലെ വില്ലന്‍ പറയുന്ന ഒരു വാചകമുണ്ട്. We willl fight terror with terror. അമേരിക്കന്‍ അധികാരികള്‍ സ്ഥാനത്തും അസ്ഥാനത്തും ഉപയോഗിക്കുന്ന ഒരു വാചകമാണത്.

Anamika said...

ചിത്രബഹുലത വായന കഠിനതരമാക്കുന്നു...

kaalidaasan said...

അനോണീ,

സിനിമയുടെ സാങ്കേതിക വശങ്ങളേക്കുറിച്ച് സൂചിപ്പിക്കാനാണാ ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയത്.

Baiju Elikkattoor said...

കാളിദാസന്‍,

സിനിമ ഇതുവരെ കാണാന്‍ കഴിഞ്ഞില്ല. താമസിയാതെ കാണാന്‍ കഴിയും എന്ന് വിചാരിക്കുന്നു. അതിലെ ചിത്രങ്ങള്‍ക്കും വിവരണങ്ങള്‍ക്കും നന്ദി.

മൊത്തത്തില്‍ നോക്കുമ്പോള്‍ മനുഷ്യന്‍ എന്നാ ജീവി വര്‍ഗ്ഗത്തിന്റെ ആവിര്‍ഭാവവും അതിന്റെ ബുദ്ധിപരമായ നേട്ടങ്ങളും ഭൂമുഖത്ത്‌ ഏതാണ്ട് ഒരുതരം അര്ബുത കോശങ്ങളെ പോലെ അല്ലെ വ്യാപിച്ചിരിക്കുന്നത് എന്ന് എനിക്ക് തോന്നിയിട്ടുണ്ട്. genetically modified (GM) വിത്തുകളെ മനുഷ്യന്‍ വികസിപ്പിച്ചെടുക്കുന്ന മാതിരി പ്രകൃതിക്ക് പണ്ടെന്നോ പറ്റിയ ഒരു കൈ അബദ്ധം ആയിരുന്നോ മറ്റു ജീവികളെ അപേക്ഷിച്ചുള്ള മനുഷ്യന്റെ അസാധാരണമായ ബുദ്ധി വികാസം?
അങ്ങനെ സസ്യങ്ങള്‍ക്കും മറ്റു ജീവജാലങ്ങള്‍ക്കും മാത്രമല്ല ഭൂമിക്കും അന്യ ഗ്രഹങ്ങള്‍ക്ക് പോലും ഭീഷണി ആകുന്ന 'അന്തകവിത്തി'ന്റെ തുടക്കമായിരുന്നോ പരിണാമത്തില്‍ മനുഷ്യന്‍ എന്നാ ജീവിയുടെ ഉല്‍ഭവം!

vadavosky said...

ചിത്രബഹുലത എന്നൊരു വാക്ക്‌ ഉണ്ടോ?

kaalidaasan said...

ബൈജു,

ഇതു പോലെ ഒരു സിനിമ ഞാന്‍ ഇതു വരെ കണ്ടിട്ടില്ല. IMAX തിയേറ്ററില്‍ കണാന്‍ ഭാഗ്യമുണ്ടായില്ല എന്ന ഒരു നഷ്ടബോധം ഉണ്ട്. കണ്ട എല്ലാവരും പറഞ്ഞത് ഇത് ജീവിതത്തിലെ ഏറ്റവും അസാധാരണമായ അനുഭവം എന്നാണ്.

മലയാളത്തിലെ മിക്ക നിരൂപണങ്ങളും ഈ സിനിമയിലെ സന്ദേശത്തെ അവഗണിക്കയാണു ചെയ്തത്. ജെയിംസ് കാമറൂണിനേപ്പോലുള്ള ഒരാള്‍ ഈ പ്രമേയം തെരഞ്ഞെടുത്തത് ശ്ലാഘനീയം തന്നെ. ഈ സിനിമ പ്രദര്‍ശിപ്പിക്കുന്ന തിയേറ്ററുകളില്ലാം അവസാനം ആഴത്തിലുള്ള ഒരു നിശബ്ദതയാണെന്നാണ്‌ റിപ്പോര്‍ട്ടുകള്‍. അതിനു ശേഷം നീണ്ട കയ്യടിയും. അത് സൂചിപ്പിക്കുന്നത് ആനന്ദത്തിനു മുമ്പ് കാഴച്ചക്കാരുടെ മനസിന്റെ ആഴങ്ങളെ ഇത് സ്പര്‍ശിക്കുന്നു എന്നതല്ലേ. അതാണീ സിനിമയുടെ വിജയം.

റിലീസ് ചെയ്ത രണ്ടഴ്ചക്കുള്ളില്‍ ഒരു ബില്യണ്‍ ഡോളാറാണിതിന്റെ കളക്ഷന്‍ എന്നാണു കേള്‍ക്കുന്നത്. മുടക്കിയത് 300 മില്യണ്‍ ഡോളറും. കാമറൂണ്‍ ഏത് പ്രമേയവും ഇതു പോലെ ചിത്രീകരിച്ചാല്‍ വിജയിക്കുമായിരുന്നു. കാലിക പ്രസക്തമായ ഈ പ്രമേയം തന്നെ തെരഞ്ഞെടുത്തതിനദ്ദേഹത്തെ അഭിനന്ദിക്കാതെ വയ്യ.

മനുഷ്യന്റെ അനിയന്ത്രിതമായ ആര്‍ത്തിയാണവനെ നശിപ്പിക്കുന്നത്. ഇന്നുള്ളവര്‍ക്ക് സുഖമായി ജീവിക്കാനുള്ള വിഭവ സമ്പത്ത് ഭൂമിയില്‍ തന്നെയുണ്ട്. കുറച്ചു പേര്‍ കയ്യടക്കി വച്ചിരിക്കുന്നതു കൊണ്ട് പലയിടത്തും ദാരിദ്ര്യവും. ഇന്‍ഡ്യയില്‍ തന്നെ ഭഷ്യധാന്യ ശേഖരം ഉദ്ദേശിച്ചതിനേക്കാള്‍ കൂടുതല്‍ ഉള്ളപ്പോള്‍ ദരിദ്രരുടെ എണ്ണം കൂടുന്നു. നമ്മുടെയൊക്കെ കാഴ്ച്ചപ്പാടുകള്‍ മാറേണ്ടിയിരിക്കുന്നു.

kaalidaasan said...

വഡവോസ്കി,

ഞാനൊരു ഭഷാ പണ്ഡിതനല്ലാത്തതു കൊണ്ട് ചിത്രബഹുലത എന്ന പ്രയോഗത്തെക്കുറിച്ച് അഭിപ്രായം പറയാന്‍ സാധിക്കുന്നില്ല.

അനോണീ ഉദ്ദേശിച്ച അര്‍ത്ഥം എല്ലാവര്‍ക്കു പിടികിട്ടിയില്ലേ. അതു കൊണ്ട് എനിക്ക് സമാധാനമാണ്.

റോഷ്|RosH said...

അവതാര്‍ നമ്മുടെ പഴയ വിയറ്റ്നാം കോളനിയുടെ ഹോളിവുഡ്‌ റീമേയ്ക് ആണെന്ന് ഒരു ജന സംസാരം ഉണ്ട്. അതിലും ഒരു കോര്‍പറേറ്റ് മാഫിയക്കെതിരെ പോരാടുന്ന കീഴാലരായിരുന്നല്ലോ വിഷയം. :)

kaalidaasan said...

സാംഷ്യ

വിയറ്റ്നാം കോളനിയേക്കുറിച്ച് മാത്രം അറിയാവുന്നവര്‍ക്ക് അത് തോന്നാം. ആ സിനിമക്കും മുമ്പായിരുന്നു Dances with Wolves നിര്‍മ്മിച്ചത്. അതിനോടാണ്‌ അവതാറിന്റെ കഥാതന്തുവിനു കൂടുതല്‍ സാമ്യം. വിയറ്റ്നാം കോളനിയില്‍ നാട്ടിലെ ഭൂമാഫിയ സ്ഥലം കയ്യടക്കുന്നതിന്റെ കഥയാണ്. Dances with Wolves ലും അവതാറിലും വിദേശികള്‍ വിദൂര സ്ഥലങ്ങളില്‍ പോയി ആദിവാസി സമൂഹങ്ങളുടെ ആവാസ വ്യവസ്ഥ ഒന്നാകെ നശിപ്പിച്ച് തികച്ചും അന്യമായ ഒരു സംസ്കാരം അടിച്ചേല്‍പ്പിക്കുന്നതിന്റെ കഥയാണ്. മൂന്നു സിനിമകളിലും ഓരോരുത്തരെ വേഷം മാറ്റി ഉപയോഗിക്കുന്നു എന്നതിനപ്പുറം ഒരു സാമ്യവുമില്ല. ഈ കൃത്യം നൂറു കണക്കിനു സിനിമകളില്‍ നമ്മള്‍ കണ്ടിട്ടുണ്ട്. പണ്ട് പ്രേം നസീര്‍ അഭിനയിച്ചിട്ടുള്ള പല ഡിറ്റെക്റ്റീവ് സിനിമകളിലും ഇതു പോലെയുള്ള കഥാപാത്രങ്ങള്‍ സര്‍വ സാധാരണമായിരുന്നു.

പള്ളിക്കുളം.. said...

hahaha...
thamaasha..
(ippo ithraye nivrithiyulloo..)