Tuesday 13 October 2009

ജനപ്രതിനിധികളില്‍ നിന്നും ജനങ്ങള്‍ പ്രതീക്ഷിക്കുന്നത്.

അടുത്തനാളില്‍ മാധ്യമ വേദികളില്‍ വളരെയധികം ചര്‍ച്ചാ വിഷയമായതാണ്. ശശി തരൂരും അദ്ദേഹത്തിന്റെ നിരുത്തരവാദപരമായ പല പ്രസ്താവനകളും.

അദ്ദേഹത്തിന്റെ ദൂബായ് സന്ദര്‍ശന വേളയില്‍ നടന്ന ഒരു സംവാദത്തേപ്പറ്റി കൈപ്പള്ളി എന്ന ബ്ളോഗര്‍ എഴുതി.
ശശി തരൂർ തിരുവനന്തപുരത്തുനിന്നും തിരഞ്ഞെടുക്കപ്പെട്ട ഒരു ലോകസഭ അംഗമാണെന്നുള്ളതു് ശരിയാണു്. അദ്ദേഹത്തിന്റെ ഇപ്പോഴത്തെ portfolio വിദേശകാര്യ സഹ മന്ത്രി പതവിയാണെന്നുള്ളതു് സദസിൽ ഇരുന്നവരിൽ പലരും മറന്നു എന്നു തോന്നുന്നു. കേന്ദ്രമന്ത്രിയും, സംസ്ഥാനമന്ത്രിയും തമ്മിൽ തിരിച്ചറിയാത്ത ദുബൈയിലെ മലയാളി മാദ്ധ്യമ പ്രവർത്തകരുടെ ബാലിശമായ ചോദ്യങ്ങൾക്ക് സരസമായി തന്നെ അദ്ദേഹം മറുപടിയും കൊടുത്തു.

അതിനെ വിമര്‍ശിച്ചു കൊണ്ട് ഉറുമ്പ് എന്ന ബ്ളോഗര്‍ എഴുതിയ ലേഖനത്തില്‍ വന്ന അഭ്യര്‍ത്ഥനയാണ്,

ഒരു പഞ്ചായത്ത് മെംബര് മുതല് എം.പി വരെയുള്ള നമ്മുടെ പ്രതിനിധികള്ക്ക് അവരുടെ അധികാരപരിധിയില് എന്തല്ലാം ചെയ്യാനാവുമെന്ന് ഒരു പൊതുധാരണ ആര്ക്കെങ്കിലുമറിയുമെങ്കില് ദയവ് ചെയ്ത് ഇവിടെ പോസ്റ്റണമെന്ന് അഭ്യര്ത്ഥിക്കുന്നുഎന്നത്.

ഈ ചര്‍ച്ചകളില്‍ പങ്കെടുത്തു കൊണ്ട് കേരള ഫാര്‍മറുടെ ഒരു പ്രസ്താവനയാണു ചുവടെ.
തിരുവനന്തപുരത്ത് വല്ലതും തരൂരിന് ചെയ്യാന് കഴിയണമെങ്കില് കോണ്ഗ്രസ് എംഎല്എമാര് ഉണ്ടാവണം. തരൂരിന്റെ ശ്രമത്തില് നടക്കുന്ന ഒരു നല്ലകാര്യവും ഇന്നത്തെ സംസ്ഥാന സര്ക്കാര് നടപ്പിലാക്കാന് അനുവദിക്കില്ല എന്ന് വക്കാലല്ലെങ്കിലും പ്രവര്ത്തിയില് നമുക്ക് കാണാം.

ഇവയുടെ വെളിച്ചത്തില്‍ പഞ്ചായത്തു മെംബര്‍ മുതല്‍ കേന്ദ്ര മന്ത്രി വരെയുള്ളവരുടെ ചുമതലകളേക്കുറിച്ച് എനിക്ക് തോന്നുന്ന അഭിപ്രായങ്ങളാണു ഈ പോസ്റ്റിലൂടെ പറയാന്‍ ശ്രമിക്കുന്നത്. ഒരു സാധാരണ പൌരനായ ഞാന്‍ ജനപ്രതിനിധികളില്‍ നിന്നും പ്രതീക്ഷിക്കുന്നവയാണിത്.

പഞ്ചായത്ത് മെംബര്‍ മുതല്‍ എം.പി വരെയുള്ള നമ്മുടെ പ്രതിനിധികള്‍ക്ക് ഒരു അധികാരവും ഇല്ല. അവര്‍ അധികാരികളല്ല. ജനങ്ങളുടെ പ്രതിനിധികളാണ്. അധികാരമുള്ളത് ഭരിക്കുന്നവര്‍ക്കാണ്. ഭരിക്കുന്നവരേക്കൊണ്ട് അതാതു സ്ഥലത്തെ വികസന പ്രവര്‍ത്തനങ്ങളും ജനങ്ങളുടെ ആവശ്യങ്ങളും നടപ്പാക്കിക്കുക എന്നതാണു ജനപ്രതിനിധി ചെയ്യേണ്ടത്.

പഞ്ചായത്ത് മെംബര്‍ അദ്ദേഹം പ്രതിനിധീകരിക്കുന്ന വാര്‍ഡിലെ കാര്യങ്ങളില്‍ ശ്രദ്ധിക്കുന്നു. അദ്ദേഹം പ്രതിപക്ഷത്തായാലും വാര്‍ഡിലെ പല കാര്യങ്ങളും നോക്കേണ്ടതുണ്ട്. അവയില്‍ ചിലതാണ്, റോഡുകള്‍ നന്നാക്കുക, ഓടകള്‍ ശുചീകരിക്കുക, ചപ്പു ചവറുകള്‍ നിക്കം ചെയ്യുക തുടങ്ങിയവ കാര്യക്ഷമമായി നടക്കുന്നുണ്ടോ എന്നു നോക്കലും നടക്കുന്നില്ലെങ്കില്‍ അത് അധികാരികളേക്കൊണ്ട് ചെയ്യിക്കലും. കൂടുതലായി പഞ്ചായത്തിന്റെ മൊത്തത്തിലുള്ള നയരൂപീകരണത്തില്‍ ഭാഗഭാക്കുകയും പൊതുവായ അവശ്യങ്ങളായ പൊതു ജനാരോഗ്യകേന്ദ്രം , അംഗന്‍ വാടി, സ്കൂളുകള്‍ , കളിസ്ഥലങ്ങള്‍ ഇവയൊക്കെ ഒരുക്കുന്നതിനായി മറ്റ് മെംബര്‍മാരും അധികാരികളും ചേര്‍ന്ന് പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. ഇതിനു വേണ്ടി ബ്ളോക്ക് പഞ്ചായ്ത്ത് , ജില്ലാ പഞ്ചായത്ത് അസംബ്ളി തുടങ്ങിയ ഉന്നത കേന്ദ്രങ്ങളില്‍ സമ്മര്‍ദ്ധം ചെലുത്തുകയും അവ നടപ്പാക്കി കിട്ടാന്‍ ശ്രമിക്കുകയും ചെയ്യുന്നു. സ്വന്തം വാര്‍ഡിലെ ജനങ്ങളുടെ ആവശ്യങ്ങള്‍ കണ്ടറിഞ്ഞും ആവലാതികള്‍ കേട്ടറിഞ്ഞും അവ പരിഹരിക്കാന്‍ മുന്‍ കൈ എടുക്കുകയും വേണം. സംസ്ഥാന പദ്ധതികള്‍ പഞ്ചായത്തില്‍ ഉത്തരവാദപ്പെട്ടവര്‍ കാര്യക്ഷമമായി നടപ്പിലാക്കുന്നുണ്ടോ എന്ന് സൂക്ഷ്മമായി പരിശോധിക്കലും പളിച്ചകള്‍ ഉണ്ടെങ്കില്‍ അവ ചൂണ്ടിക്കാണിച്ച് പരിഹരിക്കാനുള്ള നടപടികള്‍ ചെയ്യിക്കുകയും വേണം. ഭരണ പക്ഷ മെംബര്‍മാര്‍ ചെയ്യട്ടേ എന്നു പറഞ്ഞ് ഒരു പ്രതിപക്ഷ മെംബറും വീട്ടില്‍ കുത്തിയിരിക്കില്ല. കേരള ഫാര്‍മര്‍ ആശ്വസിക്കുന്ന പോലെ എല്ലാവരും ഒരേ പാര്‍ട്ടിക്കാരായാലേ പ്രവര്‍ത്തിക്കു എന്നു പറഞ്ഞ് ട്വീറ്റും മറ്റുമായി ഇരുന്നാല്‍ അടുത്ത തവണ പഞ്ചായത്തില്‍ പച്ച തൊടില്ല.
 
 
എം എല്‍ എ ആയിക്കഴിഞ്ഞാല്‍ അദ്ദേഹത്തിന്റെ പ്രവര്‍ത്തനമേഖല കുറച്ചു കൂടെ വിപുലമാകും. പഞ്ചായത്ത് മെംബര്‍ ചെയ്യുന്ന കാര്യങ്ങളില്‍ ശ്രദ്ധിക്കുന്നതോടൊപ്പം വലിയ ഒരു പ്രദേശത്തിന്റെ കൂടെ ഉത്തരവാദിത്തം അദ്ദേഹത്തിന്റെ തോളില്‍ വരുന്നു. ഒരു പ്രദേശത്ത് കോളേജ് സ്ഥാപിക്കുക, വാണിജ്യ കേന്ദ്രങ്ങള്‍ സ്ഥാപിക്കുക, ഭരണകേന്ദ്രങ്ങള്‍ സ്ഥാപിക്കുക, ജലസേചന സൌകര്യങ്ങള്‍ ഒരുക്കുക, സംസ്ഥാന റോഡുകള്‍ വിപുലീകരിക്കുക തുടങ്ങിയ കാര്യങ്ങളില്‍ ശ്രദ്ധകേന്ദ്രീകരിക്കേണ്ടി വരും. ഇതിനൊക്കെ വേണ്ടി സംസ്ഥാന സര്‍ക്കാരില്‍ സമ്മര്‍ദ്ധം ചെലുത്തുക, സെക്രറ്റേറിയറ്റില്‍ ഫയലുകള്‍ നിക്കാന്‍ നടപടി എടുക്കുക, ഉദ്യോഗസ്ഥന്‍മാര്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നു എന്നുറപ്പു വരുത്തുക. കൂടുതലായി സംസ്ഥാനത്തിന്റെ നയരൂപീകരണത്തിലും നിയമനിര്‍മ്മാണത്തിലും ഭാഗഭാക്കാകുക. എം എല്‍ എ മന്ത്രിയായാല്‍ ഇക്കാര്യങ്ങളില്‍ കൂടുതലായി സ്വന്തം വകുപ്പിനോടനുബന്ധിച്ച് സംസ്ഥാനവ്യാപകമായി കാര്യങ്ങള്‍ നടപ്പിലാക്കാനുള്ള അധികാരവും കിട്ടുന്നു. വനം വകുപ്പ് മന്ത്രിയായി എന്നു കരുതി ആലപ്പുഴയില്‍ നിന്നുള്ള എം എല്‍ എ, ഞാന്‍ ഇനി വനം ​വകുപ്പിന്റെ കാര്യം മാത്രമേ നോക്കു, മറ്റു കാര്യങ്ങളില്‍ പഞ്ചായത്തുകള്‍ക്ക് ചില നിര്‍ദേശങ്ങള്‍ കൊടുക്കാനേ എനിക്കാകൂ, ആലപ്പുഴക്കാര്‍ തിരയെണ്ണിക്കോ, എന്നു പറഞ്ഞാല്‍ അടുത്ത തെരഞ്ഞെടുപ്പില്‍ എട്ടു നിലയില്‍ പൊട്ടും. അതാണു ജനാധിപത്യം എന്നു പറയുന്നത്.


മന്ത്രിക്ക് വ്യക്തിപരമായി നിയമ സഭാ മണ്ധലത്തിലെ കാര്യങ്ങള്‍ നോക്കാന്‍ സമയമില്ലെങ്കില്‍, പെഴ്സണല്‍ സ്റ്റാഫിലെ ആരോടെങ്കിലും മണ്ധലത്തിലെയും  ജനങ്ങളുടെയും പ്രശ്നങ്ങള്‍ മനസിലാക്കാനും അവ മന്ത്രിയുടെ ശ്രദ്ധയില്‍ കൊണ്ടുവരാനും അവശ്യപ്പെടണം. എന്നിട്ട് വേണ്ട നടപടികള്‍ സ്വീകരിക്കണം. അത് മറ്റു മന്ത്രിമാരുടെയും ഉദ്യോഗസ്ഥരുടെയും ശ്രദ്ധയി കൊണ്ടു വരണം. വ്യക്തിപരമായി അവയില്‍ ഇടപെടണം. അവ നടപ്പിലാക്കിയോ എന്ന് ഉറപ്പു വരുത്തണം.

എം പി ആയിക്കഴിഞ്ഞാല്‍ പ്രവര്‍ ത്തന മേഖല അതിലും വിപുലമാണ്. പഞ്ചായത്ത് മെംബറും എം എല്‍ എയും ചെയ്യേണ്ട കാര്യങ്ങള്‍ ക്കൊപ്പം, സംസ്ഥാനത്തിന്റെ പൊതുവായ ആവശ്യങ്ങള്‍ക്ക് വേണ്ടിയും നിലകൊള്ളണം. വിമാനത്താവള വികസനം, റെയില്‍വേ വികസനം, ദേശിയ പാതകളുടെ വികസനം,ദേശിയ നിലവാരമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സ്ഥാപിക്കല്‍,ശാസ്ത്ര സങ്കേതിക സ്ഥാപനങ്ങള്‍ സ്ഥാപിക്കല്‍, സംസ്ഥാനത്തിനു ദോഷകരമായ ദേശിയ നയങ്ങളെ എതിര്‍ക്കല്‍, വനം വകുപ്പും തീരപ്രദേശവും സംബന്ധിച്ച് കേന്ദ്ര അനുമതി ആവശ്യമുള്ള കാര്യങ്ങളില്‍ അത് കിട്ടാന്‍  മറ്റ് എം പി മാരും സംസ്ഥാനത്തു നിന്നുള്ള മന്ത്രി മാരുമായി യോജിച്ച് ഇവക്കു വേണ്ട സമ്മര്‍ദ്ധം ചെലുത്തണം.  ഇതില്‍ കൂടുതലായി രാജ്യത്തിനു വേണ്ട നിയമ നിര്‍മ്മാണതില്‍ പങ്കാളികളാവുക എന്നതും എം പിയുടെ ഉത്തരവാദിത്തമാണ്.

ഇതു കൂടാതെ എം പി മാര്‍ കേന്ദ്ര സര്‍ക്കാരിന്റെ മറ്റു പല സമിതികളും അംഗങ്ങളാണ്.

എം പി മന്ത്രിയായാല്‍ പഞ്ചായത്ത് അംഗവും എം എല്‍ എയും ചെയ്യുന്ന കാര്യങ്ങളെക്കൂടാതെ വകുപ്പ് സംബന്ധിച്ച കാര്യങ്ങളും നോക്കണം. മറ്റു വകുപ്പിന്റെ കീഴില്‍ വരുന്ന സ്വന്തം മണ്ധലത്തിലെ കാര്യങ്ങളില്‍ സജീവമായി ഇടപെടണം. മറ്റു വകുപ്പുകളിലെ മന്ത്രിമാരുമായി മണ്ധലത്തിലെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യണം. വോട്ടര്‍മാരുടെ ആവശ്യങ്ങള്‍ നടപ്പിലാക്കാന്‍ ചെയ്യേണ്ടതെല്ലാം ചെയ്യണം. എന്റെ അധികാര പരിധിയില്‍ പെട്ടതല്ല. എനിക്കൊന്നും ചെയ്യാനാകില്ല എന്നൊക്കെ പറയുന്നത് അപഹാസ്യമാണ്. രാജ്യസഭാംഗമായ എം പിയും മന്ത്രിയും നേരിട്ട് ജനങ്ങളുടെ വോട്ടു നേടി ജയിക്കുന്നില്ല. അവര്‍ ജനങ്ങള്‍ക്ക് പ്രത്യേക വാഗ്ദാനങ്ങളും നല്‍കുന്നില്ല. പക്ഷെ തെരഞ്ഞെടുപ്പില്‍ മത്സരിച്ച് ജയിച്ച് മന്ത്രിയാകുന്ന ഒരു എം പിയുടെ ഉത്തരവാദിത്തം കൂടുതലാണ്. അവര്‍ നേരിട്ട് ജനങ്ങളോട് ഉത്തരം പറയണം.

എങ്ങനെ എം പി മാര്‍ക്കും മറ്റു മന്ത്രിമാര്‍ക്കും സംസ്ഥാന താല്‍പ്പര്യം സംരക്ഷിക്കാനാകും എന്നതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ്. മുല്ലപ്പെരിയര്‍ വിഷയം. തമിഴ് നാട്ടില്‍ നിന്നുമിതു വരെ കേന്ദ്രത്തില്‍ പരിസ്ഥിതി, വനം, ജലസേചനം എന്നീ വകുപ്പുകളില്‍ മന്ത്രിമാര്‍ ഉണ്ടായിട്ടില്ല എന്നാണെന്റെ അറിവ്. എങ്കിലും മുല്ലപ്പെരിയാര്‍ വിഷയത്തില്‍ അവിടെ നിന്നുള്ള ഡി എം കെ, എ ഡി എം കെ, കോണ്‍ഗ്രസ്, പി എം കെ, എം ഡി എം കെ തുടങ്ങി എല്ലാ പാര്‍ട്ടികളിലും പെട്ട എം പി മാരും മന്ത്രിമാരും ഒറ്റക്കെട്ടായി നിന്ന് അവരുടെ താല്‍പ്പര്യം സംരക്ഷിക്കാന്‍ ശബ്ദമുയര്‍ത്തുകയും അതില്‍ ഇതു വരെ വിജയിക്കുകയും ചെയ്തു.

9 comments:

kaalidaasan said...

എങ്ങനെ എം പി മാര്‍ക്കും മറ്റു മന്ത്രിമാര്‍ക്കും സംസ്ഥാന താല്‍പ്പര്യം സംരക്ഷിക്കാനാകും എന്നതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ്. മുല്ലപ്പെരിയര്‍ വിഷയം. തമിഴ് നാട്ടില്‍ നിന്നുമിതു വരെ കേന്ദ്രത്തില്‍ പരിസ്ഥിതി, വനം, ജലസേചനം എന്നീ വകുപ്പുകളില്‍ മന്ത്രിമാര്‍ ഉണ്ടായിട്ടില്ല എന്നാണെന്റെ അറിവ്. എങ്കിലും മുല്ലപ്പെരിയാര്‍ വിഷയത്തില്‍ അവിടെ നിന്നുള്ള ഡി എം കെ, എ ഡി എം കെ, കോണ്‍ഗ്രസ്, പി എം കെ, എം ഡി എം കെ തുടങ്ങി എല്ലാ പാര്‍ട്ടികളിലും പെട്ട എം പി മാരും മന്ത്രിമാരും ഒറ്റക്കെട്ടായി നിന്ന് അവരുടെ താല്‍പ്പര്യം സംരക്ഷിക്കാന്‍ ശബ്ദമുയര്‍ത്തുകയും അതില്‍ ഇതു വരെ വിജയിക്കുകയും ചെയ്തു.

Baiju Elikkattoor said...

:) tracking

അങ്കിള്‍ said...

എഴുത്ത് നന്നായി. കമ്മ്യൂണിസവും നമ്മുടെ നാട്ടിലെ കമ്മ്യൂണിസ്റ്റ് കാരും തമ്മിലുള്ള വ്യത്യാസം കാളിദാസനോട് പറഞ്ഞു തരേണ്ട കാര്യമില്ല.

കാളിദാസൻ ഇവിടെ എഴുതിയതിനെ കമ്മ്യൂണിസത്തിനോട് ഞാൻ ഉപമിക്കുന്നു.

simy nazareth said...

good one.

kaalidaasan said...

അങ്കിള്‍,

അങ്കിള്‍ പറഞ്ഞത് എനിക്ക് ഒട്ടും മനസിലായില്ല. ജനപ്രതിനിധികള്‍ ചെയ്യേണ്ടതെന്താണെന്നു ഞാന്‍ പ്രതീക്ഷിക്കുന്നതാണ്, ഇവിടെ എഴുതിയത്. അതില്‍ എന്തെങ്കിലും അഭിപ്രായ വ്യത്യാസമുണ്ടെങ്കില്‍ അങ്കിളിനു പറയാം. അത് കമ്യൂണിസവും കമ്യൂണിസ്റ്റുകാരും തമ്മിലുള്ള വ്യത്യാസവുമായി കൂട്ടിക്കുഴക്കുന്നതിന്റെ സാംഗത്യം പിടികിട്ടിയില്ല.

ഞാന്‍ എഴുതിയതിനു കമ്യൂണിസവുമായി ഒരു ബന്ധവുമില്ല. കമ്യൂണിസ്റ്റായലും കോണ്‍ഗ്രസായാലും ഒരു ജന പ്രതിനിധിയില്‍ നിന്നും ഞാന്‍ പ്രതീക്ഷിക്കുന്നതാണിവിടെ പരാമര്‍ശിച്ചത്. ശശി തരൂര്‍ പറഞ്ഞപോലെ ഒരു കമ്യൂണിസ്റ്റുജനപ്രതിനിധി പറഞ്ഞാലും ഞാന്‍ അതിനെ വിമര്‍ശിക്കും.

kaalidaasan said...

Baiju,

Simi,

Thanks for reading.

Anonymous said...

oru kaanaappuram nakulan touch.long, wide. could have added some pdf files

അങ്കിള്‍ said...

പ്രീയ കാളിദാസൻ,

ഞാനെന്തു വിജാരിച്ചാണു അതെഴുതിയതെന്നു കാളിദാസനു മനസ്സിലാകാതിരിക്കാൻ വഴിയില്ല. എന്നാലും ചോദിച്ച സ്ഥിതിക്ക് പറഞ്ഞേക്കാം.

എത്ര നല്ല തത്വസംഹിതകളാണു മാർക്സിസത്തിൽ അടങ്ങിയിരിക്കുന്നത്. ആർക്കെങ്കിലും അതിഷ്ടപ്പെടാതിരിക്കുമോ. എന്നാൾ അതു നടപ്പിലാക്കികൊണ്ടിരിക്കുന്ന നമ്മുടെ മാർക്സിസ്റ്റ് നേതാക്കളോ. കാളിദാസൻ തന്നെ പലയിടങ്ങളിലും താങ്കളുടെ മനസ്സിലുള്ള കമ്മ്യുണിസ്റ്റ് കാർ എങ്ങനെയുള്ളവരായിരിക്കണമെന്ന് എഴുതി കണ്ടിട്ടുണ്ട്. തിയറിയും പ്രാക്ടീസും തമ്മിൽ എന്തു മാത്രം ദൂരമുണ്ടെന്നു നമുക്കെല്ലാം അറിയാം. അതേപോലെ തന്നെയാണു കാളിദാസൻ എഴുതിയ ഈ പോസ്റ്റിലെ ഉള്ളടക്കവും. നല്ല , വായിക്കാൻ ഇമ്പമുള്ള, തീയറികൾ.

ഇപ്പോൾ മനസിലായില്ലേ ഞാനെഴുതിയതെന്തെന്നു. ഇനി ഈ കമന്റിലെ ഓരോ വാചകവും എടുത്ത് കാളിദാസനു തലനാരിഴ കീറാം. മറുപടി പ്രതീക്ഷിക്കണ്ട.

സസ്നേഹം.

kaalidaasan said...

അങ്കിള്‍,


അങ്കിളിനോട് വീണ്ടും വിയോജിപ്പ്. കമ്യൂണിസ്റ്റുകാര്‍ കമ്യൂണിസ്റ്റു തത്വങ്ങള്‍ മറക്കുന്നതുപോലെ ജനപ്രതിനിധികള്‍ ജനങ്ങളോടുള്ള ഉത്തരവാദിത്തം മറക്കാം എന്നു പറയുമ്പോള്‍ ജാനാധിപത്യം തകര്‍ന്നു താഴെ വീഴുന്നു. കമ്യൂണിസ്റ്റുകാര്‍ അവരുടെ തത്വശാസ്ത്രം മറക്കുന്നതുകൊണ്ട്, ശശി തരൂര്‍ തിരുവനന്തപുരത്തുകാരുടെ ഒരു പ്രശങ്ങളിലും ഇടപെടേണ്ട എന്ന് തിരുവനന്തപുരത്തെ അദ്ദേഹത്തിനു വോട്ടു ചെയ്ത ആരെങ്കിലും പറയുകയാണെങ്കില്‍ എനിക്കവരോട് പുച്ഛമായിരിക്കും. ഒരു ജനാധിപത്യ വിശ്വാസി ഇതു പോലെ അധപ്പതിക്കാന്‍ പാടില്ല എന്നാണെന്റെ പക്ഷം.

തിരുവനന്തപുരത്തെ എം എല്‍ എ മാര്‍ കോണ്‍ഗ്രസുകാരല്ല. അതുകൊണ്ട് ശശി തരൂരിനു തിരുവനന്തപുരത്തിനു വേണ്ടി ഒന്നും ചെയ്യാനാവില്ല എന്നാണു കേരള ഫാര്‍മര്‍ പറഞ്ഞത്. ഭരിക്കുന്നത് ഇടതുപക്ഷമായതുകൊണ്ട് എന്തു ചെയ്താലും ഫലമുണ്ടാകാന്‍ സമ്മതിക്കില്ല എന്നും അദ്ദേഹം പറഞ്ഞു. ഇതു രണ്ടും പറഞ്ഞ അദ്ദേഹത്തിന്റെ ജനാധിപത്യ ബോധം ശരിക്കും സഹതാപം അര്‍ഹിക്കുന്നു.

ജനപ്രതിനിധിക്ക് ഒരു പക്ഷെ എല്ലാ വാഗ്ദാനങ്ങളും പാലിക്കാന്‍ അകില്ല എന്നത് സത്യമാണ്. പക്ഷെ ജനങ്ങളോട് ഒരു ഉത്തര്വാദിത്തവും വേണ്ട എന്നല്ലല്ലോ അതിന്റെ അര്‍ ത്ഥം. ജനങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ എല്ലാ ശ്രമവും നടത്തണം. അല്ലാതെ കേരള ഫാര്‍മര്‍ പറഞ്ഞപോലെ ശ്രമിച്ചാലും നടക്കില്ല , കാര്യങ്ങള്‍ നടക്കണമെങ്കില്‍ അതേ പാര്‍ട്ടിയില്‍ പെട്ട എം എല്‍ എ ഉണ്ടാകണം എന്നൊക്കെ പറയുന്നത് മഹാ വിഡ്ഡിത്തമല്ലേ അങ്കിള്‍ ? ചിലപ്പോള്‍ എം എല്‍ എ ഉണ്ടായിട്ടും കാര്യമില്ല. ഭരണം കൂടെ വേണമെന്നും ആവശ്യപ്പെടാം . അങ്കിളിന്റെയും കേരള ഫാര്‍മറുടേയും മനസിലുള്ളത് ശശി തരൂരിന്റെ നിഷ്ക്രിയത്വവും അദ്ദേഹ പറഞ്ഞ മണ്ടത്തരങ്ങളുമാണ്. അതിനെ ന്യായീകരിക്കാനായിട്ട് വേണമെങ്കില്‍ പല ഒഴിവു കഴിവുകളും ഉയര്‍ത്തികൊണ്ടു വരാം. ജനങ്ങളുടെ പ്രശ്നങ്ങളില്‍ സജീവമായി ഇടപെടാത്ത ഒരു ജനപ്രതിനിധിയും രണ്ടാമത് തെരഞ്ഞെടുപ്പില്‍ വിജയിച്ചിട്ടില്ല.

എങ്ങനെ ഒരു ജനപ്രതിനിധിക്ക് ജനങ്ങളുടെ പ്രശ്നത്തില്‍ ഇടപെട്ട് ജനങ്ങളുടെ വിശ്വാസമാര്‍ജിക്കാന്‍ ആകും എന്നതിന്, ഏറ്റവും നല്ല ഉദാഹരണം കെ എം മാണിയാണ്. നാലു പതിറ്റാണ്ടായി പാലായില്‍ നിന്നും അദ്ദേഹം തെരഞ്ഞെടുക്കപ്പെടുന്നത് ജനങ്ങളുടെ പ്രശ്നങ്ങളില്‍ ഇടപെടുന്നതും അത് പരിഹരിക്കുന്നതും കൊണ്ടാണ്. സ്വന്തം പാര്‍ട്ടിക്കാരുടെ പ്രശ്നങ്ങള്‍ മാത്രമല്ല, പാലായില്‍ നിന്നുള്ള എല്ലാവരുടെയും പ്രശ്നങ്ങള്‍ അദ്ദേഹം പരിഹരിക്കും. മറ്റു പാര്‍ട്ടിക്കാരും അദ്ദേഹത്തിനു വോട്ടു ചെയ്യാറുണ്ട്.

കെ കരുണാകരനും ഇതു പോലെ ആയിരുന്നു. പ്രശ്നങ്ങളുമായി വരുന്ന ആരോടും നടക്കില്ല എന്നു പറയില്ല. നടത്താനായി ചെയ്യേണ്ടതെല്ലാം ചെയ്യും.

ഇതിലേക്ക് കമ്യൂണിസത്തെ വലിച്ചു കൊണ്ടുവന്നത് മറ്റെന്തോ ഉദ്ദേശത്തോടെ ആണെന്നേ എനിക്ക് പറയാനാകൂ. കമ്യൂണിസ്റ്റായാലും കോണ്‍ഗ്രസായാലും ജനപ്രതിനിധി ജനപ്രതിനിധി തന്നെയാണ്. അവരുടെ ഉത്തരവാദിത്തങ്ങളും ഒരു പോലെയാണ്.

കമ്യൂണിസ്റ്റുനേതാക്കള്‍ കമ്യൂണിസ്റ്റാശയങ്ങളില്‍ നിന്നും വ്യതിചലിക്കുന്നതിനേക്കുറിച്ച് ഞാന്‍ എഴുതിയിട്ടുണ്ട്. പക്ഷെ അത് ജനപ്രതിനിധി എന്ന നിലയിലുള്ള കാര്യങ്ങളല്ല. കോണ്‍ഗ്രസ് പാര്‍ട്ടിക്കു പിന്നെ ഇതു പോലെയുള്ള ആശയങ്ങളും തത്വങ്ങളുമില്ലാത്തതു കൊണ്ട് വ്യതി ചലിക്കുന്നു എന്നാക്ഷേപിക്കാന്‍ ആകില്ലല്ലോ.

ഇക്കാര്യത്തില്‍ കമ്യുണിസ്റ്റുകാരുമായുള്ള താരതമ്യം തികച്ചും അസ്ഥാനത്താണെന്നു പറയേണ്ടി വന്നതില്‍ ഖേദമുണ്ട്.