Wednesday, 4 February 2009

രാജാവും സേവകനും




ഞാനാണ്‌ രാഷ്ട്രം എന്നു ചരിത്രത്തില്‍ പലരും പറഞ്ഞിട്ടുണ്ട്. പുരാതന കാലത്ത് രാജാവിനെ ദൈവമായി കണ്ടിരുന്ന രാജ്യങ്ങളും ഉണ്ട്. സ്വതന്ത്ര ഭാരതത്തിലെ ഒരേയൊരു സ്വേഛാധിപതി ഇന്ദിരാ ഗാന്ധി ആയിരുന്നു. അവരുടെ വിനീത ദാസന്‍ ബറുവ, അടിയന്തരാവസ്ഥക്കാലത്ത് ഒരിക്കല്‍ പറഞ്ഞു ഇന്ദിരയാണ്‌ ഇന്‍ഡ്യ. തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട് , കോണ്‍ഗ്രസില്‍ നിന്നും പുറത്താക്കപ്പെട്ട്, അലഞ്ഞു നടക്കുമ്പോഴും, ധാര്‍ഷ്ട്യം അവരെ വിട്ടൊഴിഞ്ഞിരുന്നില്ല. അന്നും അവര്‍ പറഞ്ഞു ഞാനാണ്‌ പ്രതിപക്ഷം . അടിയന്തരാവസ്ഥക്കാലത്ത് പീഡിപ്പിക്കപ്പെട്ടവരാണ്‌ സി പി എം കാര്‍ . പിണറായി വിജയനും ഇ പി ജയരാജനും ആ കഥകള്‍ മറക്കാന്‍ പറ്റുമെന്നു തോന്നുന്നില്ല. ഇന്ദിര ഗാന്ധിയെ ഓര്‍മ്മിപ്പിക്കുന്ന ഒരു പ്രസ്താവന ഇന്നലെ ജയരാജന്‍ നടത്തി. കേരള യാത്രയിലെ ആവേശത്തില്‍ അദ്ദേഹം പറഞ്ഞു, പെണറായിയാണ്‌ കേരളത്തിലെ കമ്യൂണിസ്റ്റു പ്രസ്ഥാനം . ഇത്ര ലജ്ജാവഹമായ ഒരു പ്രസ്താവന ഇന്‍ഡ്യയിലെ ഒരു കമ്യൂണിസ്റ്റുകാരനില്‍ നിന്നും ഇതു വരെ ഉണ്ടായിട്ടില്ല. ഇതിനു മുമ്പും ജയരാജന്‍ വില കുറഞ്ഞ പ്രസ്താവനകള്‍ നടത്തിയിട്ടുണ്ട്. പരിപ്പുവടയും കട്ടന്‍ ചായയും കഴിച്ചാല്‍ മാത്രം പാര്‍ട്ടി വളരില്ല ( സഖാക്കള്‍ കൊക്ക കോളയും കോഴിക്കാലും തിന്നു തുടങ്ങണം ), മദ്യം കേരളീയരുടെ ഭക്ഷണത്തിന്റെ ഭാഗമാക്കണം, തുടങ്ങിയ ഉത്തരാധുനിക നിര്‍ദ്ദേശങ്ങള്‍ അദ്ദേഹം ഇതിനകം നടത്തി കഴിഞ്ഞു. ഇതു മാത്രമല്ല ആദേഹത്തിന്റെ കമ്യൂണിസ്റ്റുപ്രസ്ഥാനത്തിനുള്ള സംഭാവനകള്‍ . സാന്റിയാഗോ മാര്‍ട്ടിന്‍ എന്ന ലോട്ടറി രാജാവില്‍ നിന്നും ദേശാഭിമാനി വികസന ഫണ്ടിലേക്ക് രണ്ടു കോടി രൂപ പിരിച്ച് കൊടുക്കുകയും അദ്ദേഹം ചെയ്തു. ലോട്ടറി രാജാവു മാത്രമല്ല, നികുതി വെട്ടിപ്പു നടത്തിയ സാമ്പത്തിക കുറ്റവാളി കൂടി ആയിരുന്നു മാര്‍ട്ടിന്‍ . അടുത്തകാലത്ത് സി പി എമ്മിന്റെ ഉറ്റ ചങ്ങാതികള്‍ സാന്റിയാഗോ മാര്‍ട്ടിനും , ഫാരീസ് അബൂബേക്കറും , ലിസ് ചാക്കോയും മറ്റു മാഫിയ നേതാക്കളുമാണല്ലോ.


സി പി എമ്മില്‍ ഇതിനു മുമ്പ്, പ്രശ്നങ്ങള്‍ രൂക്ഷമായ കാലത്ത്, ദേശാഭിമാനി പത്രം ജയരാജന്റെ പേരിലേക്ക് എഴുതി മാറ്റിയിരുന്നു, പിണറായി വിജയന്‍ . അത്രക്കു വിശ്വസ്തനാണ്‌ ജയരാജന്‍ പിണറായിക്ക്. ആ വിശ്വസ്തത കണ്ണിലെ കൃഷ്ണമണിപോലെ ജയരാജന്‍ കാത്തു സൂക്ഷിക്കുന്നു ഇന്നും. അതിന്റെ അവസാനത്തെ പ്രകടനമാണ്‌ ഇന്നലെ ജയരാജന്‍ നടത്തിയ അപഹാസ്യമായ പ്രസ്താവന.

ഒരു വ്യക്തിയാണ്‌ കേരളത്തിലെ കമ്യൂണിസ്റ്റുപ്രസ്ഥാനം എന്നു പറയുമ്പോള്‍ പല മുഖം മൂടികളും അഴിഞ്ഞു വീഴുന്നു. പാര്‍ട്ടിയാണ്‌ വലുത് വ്യക്തികളല്ല, എന്ന് ദിവസം മൂന്നു നേരമെങ്കിലും പറയുന്ന സ്വഭാവം പിണറായിക്കും കൂടെയുള്ളവര്‍ക്കും ഉണ്ട്. ഇപ്പോള്‍ ജയരാജന്‍ പറയുന്നു, പിണറായി കേരളത്തിലെ കമ്യൂണിസ്റ്റുപ്രസ്ഥാനമാണെന്ന്. കേരളത്തിലെ കമ്യൂണിസ്റ്റു പ്രസ്ഥാനം പല കഷണങ്ങളായിട്ടാനിരിക്കുന്നത്. സി പി ഐയും , ജെ എസ് എസും , സി എം പിയും , പുതിയതായി രൂപം കൊണ്ട മാര്‍ ക്സിസ്റ്റ് പാര്‍ ട്ടിയും എല്ലാം കമ്യൂണിസ്റ്റുകാരാണ്‌., ഇവരെല്ലാം ഉള്‍ക്കൊണ്ട പ്രസ്ഥാനമാണ്‌ പിണറായിയെങ്കില്‍, സി പി എം എന്ന പാര്‍ട്ടി പിണറായിക്കും താഴെയാണ്‌. ഭക്തി കൊണ്ട് അന്ധത ബാധിച്ച ഒരു സേവകന്റെ ചിത്രമാണ്‌ ജയരാജന്‍ കാഴ്ച വെക്കുന്നത്.

പിണറായിയും ഒട്ടും പിന്നിലല്ലായിരുന്നു. പത്രക്കാരോട് കയര്‍ത്തും, അനിഷ്ടം അസഹിഷ്ണുതയോടെ പ്രകടിപ്പിച്ചുമുള്ള, അദ്ദേഹത്തിന്റെ പ്രകടനം അത്ഭുതപ്പെടുത്തുന്നതല്ല. മംഗളം ലേഖകനാണെന്നറിഞ്ഞപ്പോള്‍, പിണറായി ചിരിച്ചത് ഏതു സിനിമാ വില്ലനേയും കടത്തിവെട്ടുന്ന തരത്തിലായിരുന്നു.

കേരള സി പി എമ്മിലെ ഏറ്റവും അപഹാസ്യമായ ദിവസങ്ങളിലൊന്നായിരുന്നു ഇന്നലെ.

പിണറായി പറഞ്ഞ ഒരു കാര്യം സി പി എമ്മിലുള്ളവരെല്ലാം ജാഥയിലുണ്ടെന്നാണ്‌. അതു ശരിയാണെങ്കില്‍ പാര്‍ട്ടിയുടെ ഭാവി അത്ര ശോഭനമല്ല.

Monday, 2 February 2009

ഒരേ തൂവല്‍ പക്ഷികള്‍

ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ സാധാരണ ജനതയുടെ മനസാക്ഷി സൂക്ഷിപ്പുകാരായിട്ടാണറിയപ്പെടുന്നത്. സി പി എം എന്ന പാര്‍ട്ടിക്ക് ഇന്‍ഡ്യന്‍ ഭൂമികയില്‍ കറകളഞ്ഞ ഒരു സ്ഥാനം അവകാശപ്പെടാം . ആ പാര്‍ട്ടിയുടെ നേതാക്കള്‍ പൊതുവെ അഴിമതി രഹിതരും, സുതാര്യരും, എളിയ ജീവിതം നയിക്കുന്നവരുമായിട്ടാണറിയപ്പെടുന്നത്. ഇ എം എസിനേപ്പൊലുള്ള നേതാക്കള്‍ സ്വന്തം ജീവിതം തന്നെ അര്‍പ്പിച്ച് പടുത്തുയര്‍ത്തിയ പ്രസ്ഥാനമാണത്. പക്ഷെ അടുത്തകാലത്തായി അത് ഒരു പ്രത്യേകതരം അപചയം നേരിടുന്നു. പ്രസ്ഥാനം അപചയം നേരിടുന്നു എന്നു പറയുന്നതിലും യുക്തം , അതിന്റെ പുതിയ നേതാക്കള്‍ അപചയം നേരിടുന്നു എന്നതാവും കൂടുതല്‍ ശരി. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ്‌ ലാവ് ലിന്‍ കേസും പിണറായി വിജയന്‍ അതിലെ ഒരു പ്രതിയുമായത്.

എന്തുകൊണ്ടിതു സംഭവിച്ചു? സി പി എം എന്ന പാര്‍ട്ടിയെ സ്നേഹിക്കുന്നവരും, അതിന്റെ ശത്രുക്കളും ഒരു പോലെ ചോദിക്കുന്ന ഒരു ചോദ്യമാണിത്. അഴിമതിക്കെതിരെ ശക്തമായ നിലപാടെടുക്കുന്ന പാര്‍ട്ടിയാണ്‌ സി പി എം . ബോഫോര്‍സ് അഴിമതി കേസില്‍ അന്വേഷണ ഏജന്‍സിയുടെ നിഗമനത്തിനോ, കോടതിയുടെ തീര്‍പ്പിനോ കാത്തു നിലക്കാതെ രാജീവ് ഗാന്ധി കുറ്റക്കരനാണെന്നു വിധിയെഴുതിയ സി പി എം നേതാക്കള്‍ , പിണറായി വിജയന്‍ ലാവ് ലിന്‍ കേസില്‍ പ്രതി സ്ഥാനത്തു വന്നപ്പോള്‍ കളം മാറി ചവിട്ടാനുള്ള കാരണം അന്വേഷിച്ചു ചെല്ലുമ്പോളാണ്‌ സി പി എം നേരിടുന്ന അപചയത്തിന്റെ ആഴം മനസിലാക്കാന്‍ പറ്റുക.

ആ അപചയത്തിന്റെ മുര്‍ദ്ധന്യാവസ്ഥയാണ്‌ ലാവ് ലിന്‍ കേസിനെ രാഷ്ട്രീയമായി നേരിടുമെന്ന പോളിറ്റ് ബ്യൂറോയുടെ തീരുമാനം . അതു രാജ്യത്തെ നിയമ വ്യവസ്ഥയോടും ഭരണഘടനയോടുമുള്ള ഒരു വെല്ലുവിളിയായി മറ്റുള്ളവര്‍ വിലയിരുത്തിയാല്‍ അവരെ കുറ്റം പറയുവാനാവില്ല. വളരെ അപക്വവും, നിരുത്തരവാദപരവും, ദൂര വ്യാപകമായ പ്രത്യാഘാതങ്ങളുളവാക്കുന്നതുമായ ഒരു പ്രസ്താവന ആയിപ്പോയി അത്. ഇതു പോലെ ഭാവിയില്‍ ഉണ്ടാകാവുന്ന സമാനമായ അഴിമതി കേസുകളില്‍ അഭിപ്രായം പറയുവാനുള്ള ധാര്‍മ്മിക അവകാശവും പാര്‍ട്ടി ഇതു വഴി നഷ്ടപ്പെടുത്തി.

ബോഫോര്‍സ് കേസില്‍ എടുത്ത നിലപാടിനു കടക വിരുദ്ധമയ ഒരു നിലപാട് , ലാവ് ലിന്‍ കേസില്‍ എടുക്കേണ്ട ഒരു ഗതികേട് വന്നു, എന്നത് സി പി എമ്മിനെ സംബന്ധിച്ചിടത്തോളം വേദനാ ജനകം തന്നെയാണ്‌.

ലാവ് ലിന്‍ കേസില്‍ പിണറായി വിജയന്‍ കുറ്റക്കാരനാണോ എന്നൊന്നും തീരുമാനിക്കാനാവില്ല. പക്ഷെ അതില്‍ പല ദുരൂഹതകളും അടങ്ങിയിട്ടുണ്ട്. പിണറായി വിജയന്‍ കോഴ വാങ്ങി എന്നോ , പണം തിരിമറി ചെയ്തു എന്നോ ആരും ആക്ഷേപിച്ചിട്ടില്ല. മലബാര്‍ ക്യാന്‍സര്‍ സെന്ററിനു കിട്ടേണ്ട പണം ടെക്നിക്കാലിയ എന്ന സ്ഥാപനം വഴി തിരിച്ചു വിട്ടതായി ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതല്ലാതെ ഇതിനേക്കുറിച്ച് ആധികാരികവും വിശ്വസനീയവുമായ ഒരു വിവരവും ആര്‍ക്കും അറിയില്ല. ഒരു പക്ഷെ കേസ് കോടതിയില്‍ എത്തുമ്പോള്‍ അവയെല്ലം പുറത്തു വരുമായിരിക്കും .

പക്ഷെ സാധാരണ ജനങ്ങളുടെ ഇടയില്‍ പല സന്ദേഹങ്ങളും ഉണ്ട്. പിണറായി വിജയന്‍ എന്ന വ്യക്തി കേരള രാഷ്ട്രീയത്തില്‍ അര്‍ഹിക്കുന്നതിലേറെ വേട്ടായടപ്പെട്ട ഒരു വ്യക്തിയാണ്‌. അതിന്റെ കാരണം അദ്ദേഹത്തെ ചുറ്റിപ്പറ്റി എന്നുമുള്ള ഒരു ദുരൂഹതയും . ഇതിന്റെ പിന്നില്‍ കൂടുതലും മാധ്യമങ്ങളാണു താനും . പക്ഷെ മാധ്യമങ്ങളെ അത്രക്ക് കുറ്റപ്പെടുത്താനും പറ്റില്ല. കേരള രാഷ്ട്രീയത്തില്‍ ഒരു പ്രതി നായകന്റെ പ്രതിഛായ ഉണ്ടാക്കുന്നതില്‍ പിണറായി വിജയനും ചെറുതല്ലാത്ത പങ്കുണ്ട്. പത്രക്കാരോട് എന്നും വെറുപ്പോടെയേ അദ്ദേഹം പെരുമാറാറുള്ളൂ. അതുപോലെ പൊതുവേദികളില്‍ ചിരിക്കാറില്ല. പലതിനോടും പ്രതികരിക്കുന്നത് ധാര്‍ഷ്ട്യത്തോടെയും. ഇതു പോലെയുള്ള വ്യക്തികളെ മാധ്യമങ്ങളും ജനങ്ങളും ഇഷ്ടപ്പെടാന്‍ സാധ്യത കുറവാണ്‌. അതു കൊണ്ട്‌ മാധ്യമങ്ങള്‍ പിണറായിയെ കൂടുതല്‍ വേട്ടയാടി. ജനങ്ങള്‍ അതാഘോഷിച്ചു.

ലാവ് ലിന്‍ കേസില്‍ പല സങ്കീര്‍ണ്ണതകളും ഉണ്ട്. അതില്‍ ചിലത് പരിശോധിക്കുന്നത് ഉചിതമാണെന്നു തോന്നുന്നു.

1. യു ഡി എഫ് തുടങ്ങിയ കരാറാണെന്നു സാങ്കേതികമായി പറയാമെങ്കിലും ഈ കരാര്‍ ഒപ്പിട്ടതും നടപ്പിലാക്കിയതും എല്‍ ഡി എഫും, പിണറായി വിജയനുമാണ്‌. ഇതില്‍ പ്രധാന സംഗതി പാര്‍ട്ടി നിയോഗിച്ച ബാലാനന്ദന്‍ കമ്മിറ്റി ലാവ് ലിനുമായി കരാറുണ്ടാക്കുന്നതിലും നല്ലത് കുറഞ്ഞ ചിലവില്‍ അറ്റകുറ്റപ്പണി നടത്തുന്നതാണെന്നായിരുന്നു. ഈ ശുപാര്‍ശക്ക് വലിയ ഒരു മാനവും ഉണ്ട്. പാര്‍ട്ടിയെ ധിക്കരിക്കുന്നു എന്നതാണ്‌ വി എസിനെതിരെ പിണറായി എന്നും ഉന്നയിക്കുന്ന ആരോപണം . പാര്‍ട്ടി നിയോഗിച്ച ഒരു കമ്മിറ്റിയുടെ ശുപാര്‍ശ പാര്‍ട്ടി ശുപാര്‍ശയായി മാത്രമേ വിലയിരുത്താനാവൂ. അതിനെ ധിക്കരിച്ചതില്‍ പാര്‍ട്ടി നേതാക്കളോ മാധ്യമങ്ങളൊ ഒന്നും കണ്ടില്ല എന്നത് ഇരട്ടത്താപ്പായേ ആര്‍ക്കും കാണുവാന്‍ സാധിക്കൂ. ഇതു സൂചിപ്പിക്കുന്നത് , പാര്‍ട്ടി അഭിപ്രായം മാനിക്കാതെ പിണറായി വ്യക്തിപരമായി തല്‍പ്പര്യമെടുത്താണ്‌ ഈ കരാര്‍ ഒപ്പിട്ടതും നടപ്പിലാക്കിയതും എന്നാണ്‌.അല്ലെങ്കില്‍ പാര്‍ട്ടിയെക്കൊണ്ട് തന്റെ ഇംഗിതത്തിനനുസരിച്ച് തീരുമാനമെടുപ്പിച്ച് അതു നടപ്പിലാക്കി.


2. കണ്‍സള്‍ട്ടന്‍സി കരാറില്‍ ഏര്‍പ്പെട്ട കമ്പനിയുമായി സപ്ളൈ കരാറില്‍ ഏര്‍പ്പെട്ടത് കൂടുതല്‍ ദുരൂഹതയുണ്ടാക്കുന്നു. ഇതിലൂടെ പല നിയമ ലംഘനങ്ങളും നടന്നതായിട്ടാണ്‌ വിദഗ്ദ്ധര്‍ വിലയിരുത്തുന്നത്. ഇത്ര വലിയ ഒരു കരാര്‍ വിദേശ കമ്പനികളുമായി ഉണ്ടാക്കുമ്പോള്‍ പാലിക്കേണ്ട നിബന്ധനകള്‍ പാലിച്ചില്ല എന്നത് ഗൌരവമേറിയ ഒരു കുറ്റം തന്നെയാണ്‌. വൈദ്യുതി ബോര്‍ഡിന്റെ കരാറിനെ ഒരാശുപത്രിയുടെ ധനസഹായവുമായി ബന്ധിപ്പിക്കുന്നത് നിലവിലുള്ള നിയമത്തിനു വിദുദ്ധമാകുമെന്ന് ചൂണ്ടിക്കാട്ടിയ ഊര്‍ജ്ജ സെക്രട്ടറിയുടെ തല പരിശോധിക്കേണ്ടതാണെന്നു ഫയലില്‍ എഴുതിയ ഭരണാധികാരി , ഏതു മാനദണ്ഠം വച്ചളന്നാലും ആദരം അര്‍ഹിക്കുന്ന വ്യക്തിയാവാന്‍ തരമില്ല.

3. യു ഡി എഫ് സര്‍ക്കാര്‍ ഒരു വിജിലന്‍സ് അന്വേഷണം നടത്തിയിരുന്നു. അന്നു കുറച്ചു പേരെ പ്രതിയാക്കിയപ്പോള്‍ അവരെ ന്യായീകരിച്ചു കൊണ്ട് പാര്‍ട്ടി വാദിക്കുകയുണ്ടായില്ല. അപ്പോള്‍ പിണറായിയെ പ്രതിയാക്കിയതാണ്‌ പാര്‍ട്ടിയുടെ പ്രശ്നമെന്നു വരുന്നു. ലാവ് ലിന്‍ കേസിലെ മറ്റു വിഷയങ്ങളല്ല.

4. യു ഡി എഫ് സര്‍ക്കാര്‍, സി ബി ഐ അന്വേഷണത്തിനു വേണ്ടി വാദിച്ചപ്പോള്‍ അതിനെ ഏറ്റവും കൂടുതല്‍ പേടിച്ചത് പാര്‍ട്ടി നേതാക്കളായിരുന്നു. അധികാരത്തിലെത്തിയപ്പോള്‍ എല്‍ ഡി എഫ്, സി ബി ഐ അന്വേഷണം വേണ്ട എന്നു കോടതിയില്‍ ഒരു അഫിഡവിറ്റ് സമര്‍പ്പിക്കുകയുണ്ടായി. അത് കേരളത്തിലെ ജനങ്ങളില്‍ പല സംശയങ്ങളും ജനിപ്പിച്ചു.

5. നന്ദകുമാര്‍ സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചപ്പോള്‍ അതിനെതിരെ വാദിക്കാന്‍ പൊതുഖജനാവില്‍ നിന്നും ഭാരിച്ച ഫീസുകൊടുത്ത് പ്രഗത്ഭ വക്കീലന്‍മാരെ കൊണ്ടുവന്നു .

6. ലാവ് ലിന്‍ പ്രശ്നം പൊതുജനമധ്യത്തില്‍ ചര്‍ച്ച ചെയ്യപ്പെടാന്‍ തുടങ്ങിയിട്ട് കാലമേറെയായി. അന്നൊന്നും സി പി എം പാര്‍ട്ടി നേതൃത്വം ഇതൊരു രാഷ്ട്രീയ പകപോക്കലാണെന്നു പറഞ്ഞിരുന്നില്ല. പിണറായി വിജയന്‍ പ്രതി ആയപ്പോള്‍ അതു രാഷ്ട്രീയ പക പോക്കലും സി പി എമ്മിനെ നശിപ്പിക്കാനുള്ള സാമ്രാജ്യത്വ ഗൂഡാലോചനയുമായി വ്യാഖ്യാനിക്കുന്നത് വളരെ വിചിത്രമായി തോന്നുന്നു. എസ് എന്‍ സി ലാവ് ലിന്‍ എന്ന സ്ഥാപനം സാമ്രാജ്യത്വത്തിന്റെ മുഖമാണ്‌ , എ ഡി ബി പോലെ. അവരുമായി കരാറുണ്ടാക്കാനും അവരുടെ ഔദാര്യത്തില്‍ മറ്റു സഹായങ്ങള്‍ സ്വീകരിക്കാനും മടിയില്ലാത്തവര്‍ , സാമ്രാജ്യത്വം എന്നു വിലപിക്കുന്നത് ആശയ പാപ്പരത്തമാണ്‌.

7. വ്യക്തികളല്ല പ്രസ്ഥാനമാണ്‌ വലുത് എന്നു ദിവസം മൂന്നു നേരമെങ്കിലും ഉദ്ഘോഷിക്കുന്നവരാണ്‌ പിണറായിയും കൂട്ടരും . അത് വി എസിനെ ഉദ്ദേശിച്ചാണു താനും . പിണറായി എന്ന വ്യക്തി പാര്‍ട്ടി സെക്രട്ടറി ആകും മുമ്പാണ്‌, കേരള വൈദ്യുതി മന്ത്രിയായിരുന്നതും ലാവ് ലിന്‍ കരാര്‍ ഒപ്പു വച്ചതും . ആ മന്ത്രി സ്ഥാനത്തിരുന്നു ചെയ്ത ഒരു പണിയുടെ പേരിലാണ്‌, ആരോപണ വിധേയനായതും ഇപ്പോള്‍ സി ബി ഐ പ്രതി പട്ടികയില്‍ ചേര്‍ത്തതും . പ്രസ്ഥാനമാണ്‌ വലുതെങ്കില്‍ ഒരു വ്യക്തിക്കെതിരെ ഉണ്ടായ ഈ അരോപണം പാര്‍ട്ടിക്കെതിരെ എന്നു വിശകലനം ചെയ്യുന്നതില്‍ എന്തോ അക്ഷരപ്പിശകില്ലേ?


ഇതിനു സമാനമായ വിശകലനം നടത്തുന്നവര്‍, കത്തോലിക്കാ മത നേതൃത്വമാണ്‌. ഇതേ സി ബി ഐ രണ്ടു പുരോഹിതരെയും ഒരു കന്യാസ്ത്രീയേയും അഭയ കേസില്‍ പ്രതി പട്ടികയില്‍ ചേര്‍ത്തപ്പോള്‍ , അവരും പറഞ്ഞു, ആരൊ സി ബി ഐയെ ഉപയോഗിച്ച് കത്തോലിക്കാ സഭക്കെതിരെ ഗൂഡാലോചന നടത്തി , സഭയെ തകര്‍ക്കാന്‍ ശ്രമിക്കുന്നു എന്ന്. ഈ വിഷയങ്ങളില്‍ സി പി എം നേതൃത്വവും കത്തോലിക്കാ മത നേതൃത്വവും ചിന്തിക്കുന്നതും, സഞ്ചരിക്കുന്നതും, വിളിച്ചു പറയുന്നതും ഒരേ ദിശയിലും ലക്ഷ്യത്തിലുമാണ്‌. കേരളത്തില്‍ സഭ ഒന്നാം നമ്പര്‍ ശത്രുവായി പ്രഖ്യാപിച്ചത് സി പി എമ്മിനെയാണ്‌ . വിധിയുടെ വിളയാട്ടം എന്നു പറയാവുന്ന തരത്തില്‍, സി ബി ഐ യോടുള്ള ഇന്നത്തെ സമീപനത്തില്‍ സഭയും സി പി എമ്മും ഒരേ തൂവല്‍ പക്ഷികള്‍ .
രണ്ടു പേരും ചെയ്യുന്നത് ആടിനെ പട്ടിയാക്കുന്ന പണിയും .

ഒരു കത്തോലിക്കാ ബിഷപിനെ നികൃഷ്ട ജീവി എന്നു വിളിച്ചത് പിണറായി വിജയനാണ്‌. ആ നികൃഷ്ട ജീവികളുടെ തലത്തിലേക്ക് പിണറായി വിജയന്‍ സ്വയം താഴുന്നത് കാണുമ്പോല്‍ സഹതാപം തോന്നുന്നു.

പിണറായി വിജയന്റെ വിശ്വസ്തരെന്നവകാശപ്പെടുന്ന, സുധാകരനും പാലൊളിയും പറഞ്ഞത് സംസ്കൃതമായ ഒരു സമൂഹത്തിനു യോജിച്ചതല്ല. ഇന്‍ഡ്യയില്‍ ഒരു പക്ഷെ കോലം കത്തിക്കുന്നതില്‍ ലോക റൊക്കോര്‍ഡ് സ്ഥാപിച്ചത് സി പി എമ്മായിരിക്കും . ഇഷ്ടമില്ലാത്ത എല്ലാവരുടെയും കോലം കത്തിക്കുക എന്നത്, ആ പാര്‍ട്ടിയുടെ ഇഷ്ടവിനോദമാണ്‌. സി പി എം അതിന്റെ ചരിത്രത്തില്‍ വന്ന എല്ലാ അമേരിക്കന്‍ പ്രാസിഡണ്ടുമാരുടെയും കോലങ്ങള്‍ കത്തിച്ചിട്ടുണ്ടാകും . പിണറായിയുടെ കോലം കത്തിക്കും എന്നു യൂത്ത് കോണ്‍ഗ്രസുകാര്‍ പറഞ്ഞപ്പോള്‍, അവരുടെ കൈ വെട്ടുമെന്ന് പറഞ്ഞു ഈ മാന്യ ദേഹം . ഭ്രാന്തമായ ഒരു മനസില്‍ നിന്നേ ഇതു പോലെ ഒരു പരമര്‍ശം വരികയുള്ളു.പാലൊളി പറഞ്ഞത് സി ബി ഐ പോലീസുകാര്‍ മത്തിക്കൊട്ടയിലെ മത്തികളാണെന്നാണ്‌.ഉത്തരവാദപ്പെട്ട സ്ഥനത്തിരിക്കുന്ന ഒരു മന്ത്രി ഇന്‍ഡ്യയിലെ പ്രഗത്ഭമായ ഒരു അന്വേഷണ ഏജന്‍സിയേക്കുറിച്ച് പറയാന്‍ പാടില്ലാത്തതാണിത്. ഇദ്ദേഹം നട്ടെല്ലില്ലാത്ത വെറും ഒരു വിറകുവെട്ടി ആണെന്നു പണ്ടേ തെളിയിച്ചിട്ടുണ്ട്‌. കോടതിയെ വിമര്‍ശിച്ച് കോടതി അലക്ഷ്യം നേരിട്ടപ്പോള്‍ . കോടതി അലക്ഷ്യമാകുമെന്നറിഞ്ഞു തന്നെയാണദ്ദേഹം ആ വിമര്‍ശനം നടത്തിയത്. നട്ടെല്ലു പൂര്‍ണ്ണമായും വളച്ച്, കോടതിയില്‍ മാപ്പപേക്ഷിച്ച കാഴ്ച ദയനീയമായിരുന്നു. കോടതി അലക്ഷ്യം എന്നു വിധിച്ച ഒരു പരാമര്‍ശം നടത്തി, അതില്‍ ഉറച്ചു നിന്ന്‌ ശിക്ഷ വാങ്ങിയ യധാര്‍ത്ഥ കമ്യൂണിസ്റ്റായിരുന്ന ഇ എം എസ് എവിടെ, കോടതി കണ്ണുരുട്ടിയപ്പോള്‍ പേടിച്ച് പോയ ഈ കമ്മൂണിസ്റ്റ് എവിടെ? അന്തസായി ശിക്ഷ ഏറ്റുവാങ്ങിയിരുന്നെങ്കില്‍ ഇദ്ദേഹത്തെ ഒരു കമ്യൂണിസ്റ്റായി കണക്കാക്കാമായിരുന്നു.


ഇവര്‍ രണ്ടുപേരും നേതാവിന്റെ വിശ്വസ്ത ദാസര്‍ ആയിരിക്കാം . പക്ഷെ ഭരണഘടന സ്ഥാനത്തിരുന്ന് മറ്റൊരു ഭരണഘടന സ്ഥാപനത്തെ അകാരണമായി അധിക്ഷേപിക്കുന്നത് മാന്യതയല്ല. സി ബി ഐ പിണറായി കുറ്റം ചെയ്തു എന്നു തെളിയിച്ചിട്ടില്ല. കോടതി അന്വേഷിക്കാന്‍ പറഞ്ഞു. അന്വേഷിച്ചു. കുറച്ചു പേരെ പ്രതി പട്ടികയില്‍ ചേര്‍ത്തു. അവരെ വിചാരണ ചെയ്യുകയോ ഏതെങ്കിലും കോടതി അവര്‍ കുറ്റക്കരാണെന്നു വിധി എഴുതുകയോ ചെയ്തിട്ടില്ല.

പിണറായിക്കെതിരെ ആരോപിക്കപ്പെട്ട കുറ്റം തെളിയിക്കപ്പെടുമെന്നോ, അദ്ദേഹത്തെ ശിക്ഷിക്കുമോ എന്നൊന്നും ആരും കരുതുന്നില്ല. ചരിത്രം അതാണ്‌ നമ്മെ പഠിപ്പിക്കുന്നത്. ബഹുഭൂരിപക്ഷം രാഷ്ട്രീയ നേതാക്കളും അഴിമതി ആരോപണങ്ങളില്‍ കുറ്റവിമുക്തരാക്കപ്പെട്ടതാണ്‌ സ്വതന്ത്ര ഭാരതത്തിലെ ചരിത്രം.പിന്നെ എന്തുകൊണ്ടായിരിക്കാം സി പി എം ഈ വിഷയത്തില്‍ ഇത്രയധികം ഉത്ഖണ്ഠപ്പെടുന്നത്? സാമ്രജ്യത്വ മൂലധന ശക്തികള്‍ക്ക് വേണ്ടി ഇന്‍ഡ്യന്‍ ഭരണകൂടം ,എന്നു വച്ചാല്‍ കോണ്‍ഗ്രസ് നടത്തിയ, ഗൂഡാലോചനയുടെ ഫലമാണ്‌ പിണറായി വിജയനെ പ്രതി പട്ടികയില്‍ ചേര്‍ത്തതെന്നു പറയുന്നതിലെ യുക്തി അപാരം തന്നെ. നിഷ്പക്ഷമായി ചിന്തിക്കുന്നവര്‍ക്ക് മനസിലാകും, സി പി എം പാര്‍ട്ടിയിലെ വിജയന്‍ നയിക്കുന്ന കമ്യൂണിസ്റ്റുകാര്‍ സാമ്രാജ്യത്വ മൂലധന ശക്തികളുമായി ചങ്ങാത്തം തുടങ്ങിയെന്ന്‌. ഈ ശക്തികളെ ഇപ്പോഴും ശക്തമായും പരസ്യമായും എതിര്‍ക്കുന്നത് വി എസ് ആണെന്നും അവര്‍ക്കറിയാം . വി എസിനെതിരെ ഇതു പോലൊരു കേസു വന്നാല്‍, അത് ഈ ശക്തികളുടെ കുതന്ത്രമാണെന്നു വിലയിരുത്തപ്പെടാന്‍ എല്ലാ സാധ്യതയുമുണ്ട്. എ ഡി ബി , ലാവലിന്‍ തുടങ്ങിയ സാമ്രാജ്യത്വ കുത്തകകളെ പരവതാനി വിരിച്ച് ആനയിച്ച വിജയനേപ്പോലുള്ളവരെ ആ കുത്തകകള്‍ നശിപ്പിക്കാന്‍ ശ്രമിക്കുന്നു എന്നു പറയുന്നത് വിരോധാഭാസമല്ലേ?

ബഹുരാഷ്ട്ര കുത്തകകളുടെയും, ഊഹ മൂലധന ശക്തികളുടെയും, ഏജന്റുന്മാരും ഇടനിലക്കാരുമായി സി.പി.എം പാര്‍ട്ടിയിലെ ചിലര്‍ അധഃപതിച്ചതിന്റെ ഒരു ചെറിയ ഉദാഹരണമാണ്‌ ലാവലിന്‍ പ്രശ്നം . കേരളത്തില്‍ പാര്‍ട്ടി നേതൃത്വം സാന്റിയാഗോ മാര്‍ട്ടിന്‍, ഫാരിസ് അബൂബക്കര്‍, ലിസ് ചാക്കോ മുതലായ ഊഹ മൂലധനശക്തികളുമായി ദൃഡമായ ചങ്ങാത്തത്തിലാണെന്ന്‌ എല്ലാവര്‍ക്കും അറിയാം .

പല രാജ്യങ്ങളും കരിമ്പട്ടികയില്‍ പെടുത്തിയ കുപ്രസിദ്ധ ഇടനിലക്കാരന്‍ ആയിരുന്നു ലാവലിന്‍ കമ്പനി. നൂറുകോടി ചെലവില്‍ ഇന്ത്യയിലെ പൊതുമേഖലാ സ്ഥാപനമായ ഭെല്ലിന് ചെയ്തു തീര്‍ക്കാവുന്ന പണി ലാവലിനെ ഏല്‍പിക്കേണ്ട അവശ്യമില്ലെന്ന് ബാലാനന്ദന്‍ കമ്മിറ്റി റിപ്പോര്‍ട്ട് ചെയ്തു. ഇത് അവഗണിച്ചു കൊണ്ടാണ്, സി എ ജി റിപ്പോര്‍ട്ട് പ്രകാരം, സംസ്ഥാന ഖജനാവിന് 375 കോടി രൂപയോളം നഷ്ടമുണ്ടാക്കിയ ലാവലിന്‍ ഇടപാടുമായി, പിണറായി വിജയന്‍ മുന്നോട്ടു പോയത്. . യു.ഡി.എഫ് സര്‍ക്കാര്‍ ഉണ്ടാക്കിയ കണ്‍സള്‍ട്ടന്‍സി കരാര്‍ റദ്ദു ചെയ്തു മുന്നോട്ടു പോകേണ്ടതിനു പകരം, കരിമ്പട്ടികയില്‍പെട്ട ലാവലിനുമായി സപ്ലൈ കരാര്‍ ഉണ്ടാക്കുകയാണ് അദ്ദേഹം ചെയ്തത്. 100 കോടിയില്‍ മുകളിലുള്ള ഏത് അന്തരാഷ്ട്ര കരാറിനും കേന്ദ്ര സര്‍ക്കാരിന്റെ അനുമതി വേണമെന്നുള്ള നിബന്ധന മറികടക്കാന്‍, ഒരേ കരാര്‍ പലതായി വിഭജിച്ച്, പല കരാറാണെന്നു തോന്നത്തക്ക വിധം ഒപ്പു വച്ചതും പിണറായിയുടെ പ്രത്യേക താല്‍പ്പര്യ പ്രകരമായിരുന്നു, എന്ന് രേഖകള്‍ തെളിയിക്കുന്നതായി സി ബിഐ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതെല്ലാം പിണറായി വിജയനെ സംശയത്തിന്റെ മുനയില്‍ നിറുത്തുന്ന ഇടപെടലുകളാണെന്നു സി ബി ഐ ക്ക് തോന്നിയതില്‍ ആര്‍ക്കും അപാകത കാണാനാവില്ല.

വൈദ്യുത നിലയങ്ങള്‍ നവീകരിക്കാനായി 375 കോടി രൂപാ ചെലവാക്കിയിട്ടും ഒരു യൂണിറ്റ് അധികം വൈദ്യുതി ഉത്പാദിപ്പിക്കാനായില്ല എന്നാണ്‌ സി എ ജി കണ്ടെത്തിയത്. ഇതില്‍ 198 കോടി രൂപയുടെ തിരിമറി നടന്നതായിട്ടാണ്‌ ആരോപണം. ഇതില്‍ നിന്നാണ്‌ ലാവ് ലിന്‍ കേസിന്റെ ആരംഭം . ക്രൈം നന്ദകുമാര്‍ സമര്‍പിച്ച ഒരു പൊതു താല്‍പ്പര്യ ഹര്‍ജി പരിഗണിച്ച കേരള ഹൈക്കോടതിയാണ്‌, ഇതിനേക്കുറിച്ച് വിശദമായി അന്വേഷിക്കാന്‍ സി ബി ഐ യോട് ആവശ്യപ്പെട്ടത്. അവര്‍ അന്വേഷിച്ചു. പലതും കണ്ടെത്തി. ഈ നഷ്ടത്തിനുത്തരവാദികളായവരുടെ മേല്‍ കുറ്റം ചുമത്തി. ഇവര്‍ നിരപരാധികളാണെങ്കില്‍ അവര്‍ക്കത് കോടതിയില്‍ തെളിയിക്കാം . നിയമപരമായി കോടതിയില്‍ നേരിടാം . അതിനു പകരം രാഷ്ട്രീയമായി നേരിടും, തെരുവില്‍ നേരിടും എന്നൊക്കെ പറയുന്നത് ,രാഷ്ട്രീയ പാപ്പരത്തമാണ്‌. നീതി ന്യായ വ്യവസ്ഥയോടുള്ള വെല്ലുവിളിയാണ്‌.

കത്തോലിക്കാ സഭ ഇന്‍ഡ്യന്‍ നീതി ന്യായവ്യവസ്ഥയെ വെല്ലുവിളിച്ചാണ്‌, പലതും പറയുന്നതും, ചെയ്യുന്നതും . അതിനവര്‍ പറയുന്ന ന്യായം, അവരുടെ വിധേയത്വം അടിസ്ഥാനപരമായി ദൈവത്തോടാണ്‌, ഏതെങ്കിലും രാഷ്ട്രത്തോടല്ല, എന്നാണ്‌. ജനങ്ങളോടുത്തരവാദിത്വവും, ഇന്‍ഡ്യന്‍ ഭരണഘടനയോട് കൂറും പുലര്‍ത്തുന്ന സി പി എം എന്ന ബഹുജന പ്രസ്ഥാനം, കത്തോലിക്കാ സഭയേപ്പോലെ അധഃപ്പതിക്കുന്നത് കാണുമ്പോള്‍ , പ്രസ്ഥാനത്തെ സ്നേഹിക്കുന്നവര്‍ക്ക് അത് വെറുതെ കണ്ടു നില്‍ക്കാനാവില്ല. ഇത് വലിയ മറ്റൊന്നിന്റെ ഉരുള്‍ പൊട്ടല്‍ ആവാതിരിക്കാനുള്ള വിവേകം പാര്‍ട്ടി നേതാക്കള്‍ കാണിക്കുമെന്ന് വളരേയേറെപ്പേര്‍ ആഗ്രഹിക്കുന്നുണ്ട്.