Saturday, 31 January 2009

മമ്മൂട്ടി എന്ന കാപട്യം

ജനാധിപത്യത്തിന്റെ താക്കോല്‍ അന്വേഷിച്ച് മമ്മൂട്ടി വീണ്ടും വന്നിരിക്കുന്നു. വോട്ടു ചെയ്യുന്ന ആളുകളുടെ ശതമാനമനുസരിച്ച് ജനാധിപത്യത്തിന്റെ മാറ്റു നിശ്ച്ചയിക്കുന്ന തട്ടാനായിട്ടാണിത്തവണ .


അബദ്ധജഠിലമായ പ്രസ്താവനകള്‍ വീണ്ടും ആവര്‍ത്തിക്കുന്നു. മാരീചന്റെ വാക്കുകള്‍ കടമെടുക്കുകയാണെങ്കില്‍ കാപട്യത്തിന്റെ 916 മുദ്ര വച്ച ഒരു വാചകം ഇതാ.

എല്ലാ കമന്റുകളും വായിക്കുകയും വായനക്കാരുടെ അഭിപ്രായങ്ങളെ വിലമതിക്കുകയും ചെയ്യുന്നു.

എല്ലാ കമന്റുകളും വായിക്കുകയും വായനക്കാരുടെ അഭിപ്രായങ്ങളെ വിലമതിക്കുകയും ചെയ്യുന്നു എങ്കില്‍ എല്ലാ അഭിപ്രായങ്ങളും പ്രസിദ്ധീകരിക്കാനുള്ള ആര്‍ജ്ജവം കാണിക്കൂ മമ്മൂട്ടി. എന്നിട്ട് മതിയില്ലേ വീരവാദങ്ങള്‍ നടത്താന്‍ ?

മമ്മൂട്ടി നയം വ്യക്തമാക്കിക്കഴിഞ്ഞു.

വ്യത്യസ്തമായ അഭിപ്രായങ്ങളാണല്ലോ തീരുമാനങ്ങളിലേക്കു നയിക്കുന്നത്.

ലോക സാമ്പത്തിക മാന്ദ്യത്തേക്കുറിച്ച് വ്യത്യസ്ഥമായ അഭിപ്രായങ്ങളെല്ലാം സ്വീകരിച്ചു കഴിഞ്ഞു. തീരുമാനത്തിലെത്തുകയും ചെയ്തു. പക്ഷെ ആ തീരുമാനം എന്താണെന്നു പറയുവാനുള്ള ധൈര്യം ആദ്ദേഹത്തിനില്ലാതെ പോയി. പിന്നെന്തിനാണാവോ ബ്ളോഗും ചര്‍ച്ചകളും ? ആദ്യത്തെ ബ്ളോഗിന്‌ ആയിരത്തോളം പേര്‍ അഭിപ്രായം എഴുതി. സ്തുതിപാഠകര്‍ ഭൂരിഭാഗം . രണ്ടാമത്തേതിനു കഷ്ടി 200. സ്തുതി പാഠകര്‍ മടുത്തെന്നു തോന്നുന്നു.

സാമ്പത്തിക മാന്ദ്യം ഇന്ത്യയെ ബാധിക്കുമെന്നും ഇല്ല എന്നും ഒരു ശിഖണ്ഠിയേപ്പോലെ അഭിപ്രായം മാറ്റി പറഞ്ഞിട്ട് , ഇപ്പോള്‍ ഉത് ഘോഷിക്കുന്നു, ക്രീയാത്മകമായ ഇടപെടലുകള്‍ പൌരന്‍മാര്‍ നടത്തണമെന്ന്. എന്താണാവോ ഈ ക്രീയാത്മകമായ ഇടപെടലുകള്‍ ? മാന്ദ്യമുണ്ടെങ്കിലും ഇന്ത്യ ഈ വര്‍ഷം നല്ല സാമ്പത്തികവളര്‍ച്ച നേടി എന്നത് എല്ലാ ചോദ്യങ്ങള്‍ക്കും ഒരുത്തരമായി അവതരിപ്പിക്കുകയും ചെയ്യുന്നു. ഇന്‍ഡ്യയിലെ ഏതു പൌരന്‍ എന്ത് ഇടപെടല്‍ നടത്തിയിട്ടാണീ വളര്‍ച്ച എന്നു പറയുവാനുള്ള ബുദ്ധിവികാസം മമ്മൂട്ടിക്കില്ല. നാലു പശുക്കളെ വളര്‍ത്തിയാണിത് സാധിച്ചതെന്നു, മമ്മൂട്ടിയുടെ തറ പടങ്ങള്‍ക്ക് കയ്യടിക്കുന്ന ഒരു മന്ദബുദ്ധിയും പറയില്ല.

പുതിയ കണ്ടുപിടിത്തം ഇന്‍ഡ്യ ജനാധിപത്യ രാജ്യമായതു കൊണ്ട് സാമ്പത്തിക വളര്‍ച്ച നേടി എന്നതാണ്. ഇന്‍ഡ്യ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണെന്നു പറയുമ്പോള്‍ , ചൈന ജനാധിപത്യ രാജ്യമല്ല എന്നു പരോക്ഷമായി പ്രഖ്യാപിക്കുകയും ആവുന്നു. ലോകത്തിലെ എല്ലാ സാമ്പത്തിക വിദഗ്ദ്ധരും ഒന്നായി പറയുന്നത്, ചൈന ഇന്‍ഡ്യയേക്കാള്‍ വളര്‍ച്ച നേടി എന്നാണ്. ജനാധിപത്യ രാജ്യമല്ലാത്ത ചൈന ഇന്‍ഡ്യയേക്കാള്‍ വളര്‍ന്നു എങ്കില്‍ , വളര്‍ച്ചയുടെ കാരണം ജനധിപത്യമല്ല എന്ന്, ശരാശരിയിലും താഴെ ബുധിവികാസമുളവര്‍ക്ക് പോലും മനസിലാകും .മമ്മൂട്ടിക്കതു മനസിലാകാത്തതില്‍ എന്തോ അക്ഷരപിശകില്ലേ?. ഹിറ്റ്ലറുടെ ജെര്‍മ്മനി, മുസ്സോലിനിയുടെ ഇറ്റലി, ഹിരോഹിതോയുടെ ജപ്പാന്‍ , സോവിയറ്റ് യൂണിയന്‍ തുടങ്ങിയവ അതാതു കാലഘട്ടത്തിലെ സമ്പന്നവും ശക്തവുമായ രാജ്യങ്ങളായിരുന്നു. ഇവയൊന്നും ജനാധിപത്യ രാജ്യങ്ങളായിരുന്നില്ല. എന്തിനാണു മമ്മൂട്ടി, അറിവില്ലാത്ത കാര്യങ്ങളേക്കുറിച്ച് ഇതു പോലെ എഴുതി നാണം കെടുന്നത്?

വളരെ അപകടകരമായ പ്രസ്താവനകളും മമ്മൂട്ടി പുതിയ ബ്ളോഗില്‍ നടത്തുന്നുണ്ട്. വോട്ടവകാശം ഉപയോഗിക്കുന്നതാണ്‌ ജനാധിപത്യത്തില്‍ പങ്കാളിയാവുന്നതിന്റെ മാനദണ്ധം, എന്ന വിവര ദോഷം വരെ അത് ചെന്നെത്തുന്നു.വോട്ടവകാശം വിനിയോഗിക്കാത്ത ഒരു പൌരന്‌ രാജ്യകാര്യങ്ങളില്‍ അഭിപ്രായം പറയാന്‍ പോലും ധാര്‍മികമായി അവകാശമില്ല എന്ന അത്യന്തം ദേശ ദ്രോഹകരമായ പ്രസ്താവന ഒരു ജനാധിപത്യവാദിയില്‍ നിന്നും വരില്ല.

ജനാധിപത്യം എന്നത് വോട്ടു ചെയ്യുക എന്ന പ്രക്രീയയിലേക്ക് ചുരുക്കി കൊണ്ട് എന്തോ സ്ഥാപിക്കാന്‍ ആവത് ശ്രമിക്കുന്നുണ്ട് മമ്മൂട്ടി. അതിനദ്ദേഹത്തോട് നമുക്ക് സഹതപിക്കാം .

ആരെയും ചിരിപ്പിക്കുന്ന ഒരു കണ്ടെത്തലാണ്‌ വോട്ടവകാശം ഒരു ബഹുമതിയാണെന്നത്.വോട്ടവകാശം എന്താണെന്നോ ബഹുമതി എന്താണെന്നോ അറിയാത്ത ഒരു മന്ദബുദ്ധിയേ ഇങ്ങനെയൊരഭിപ്രായം പറയൂ.

വോട്ടു ചെയ്യുന്ന ആളുകളുടെ ശതമാനമനുസരിച്ച് ജനാധിപത്യത്തിന്റെ മാറ്റു നിശ്ച്ചയിക്കുന്ന തട്ടാനായിട്ടുള്ള മമ്മൂട്ടിയുടെ അവതാരം സഹതാപമര്‍ഹിക്കുന്നതാണ്‌. ഏറ്റവും ശക്തമായ ജനാധിപത്യ രാഷ്ട്രമെന്നഭിമാനിക്കുന്ന അമേരിക്കയില്‍ സാധാരണ 50% ആളുകളെ വോട്ടു ചെയ്യാറുള്ളു. അതുകൊണ്ട് അവരുടെ ജനാധിപത്യത്തിനു മാറ്റു കുറവാണെന്നു പറഞ്ഞാല്‍ അവര്‍ സമ്മതിക്കില്ല മമ്മൂട്ടി. മമ്മൂട്ടിയുടെ ഏതു ചവറു സിനിമക്കും കയ്യടിക്കുന്ന മന്ദബുദ്ധികള്‍ മമ്മൂട്ടിയുടെ ജല്‍പനം കയ്യടിച്ചു സ്വീകരിച്ചേക്കാം . ജനാധിപത്യം എന്നത് എന്താനെന്നറിയുന്നവര്‍ അത് അവജ്ഞയോടെ തള്ളിക്കളയും .


ആര്‍ക്കും മനസിലാകാത്ത ഒരു ഉദീരണമാണ്‌ താഴെ കൊടുക്കുന്നത്.

100 വോട്ടര്‍മാരുള്ള ഒരു മണ്ഡലത്തില്‍ രണ്ടു സ്ഥാനാര്‍ത്ഥികള്‍ മല്‍സരിക്കുമ്പോള്‍ 60 പേര്‍ മാത്രം വോട്ടു ചെയ്താല്‍ രണ്ടിലൊരാള്‍ക്ക് ഈ 100 പേരെ ഭരിക്കാനുള്ള അവകാശത്തിന് കേവലം 31 വോട്ടുകളേ ആവശ്യമുള്ളൂ. ജനാധിപത്യസംവിധാനത്തില്‍ വോട്ടവകാശം ഉപയോഗിക്കുക എന്നതല്ലാതെ ഇതിനു മറ്റൊരു പ്രതിവിധിയില്ല.

100 വോട്ടര്‍മാരുള്ള ഒരു മണ്ഡലത്തില്‍ 10 സ്ഥാനാര്‍ത്ഥികള്‍ മല്‍സരിക്കുമ്പോള്‍ 100 പേരും ‍ വോട്ടു ചെയ്താല്‍ എന്തായിരിക്കാം സംഭവിക്കുന്നതെന്ന് മമ്മൂട്ടിയോടാരും ചോദിക്കരുത്. അതിനു മറുപടി പറയാന്‍ മാത്രം ബുദ്ധിവികാസം അദ്ദേഹത്തിനില്ല.

ജനാധിപത്യത്തേക്കുറിച്ച് മമ്മൂട്ടി ഏറെ പഠിക്കാനുണ്ട്. ഒരുദാഹരണം പറയാം . ഫെര്‍ഡിനാന്റ് മാര്‍ക്കോസ് എന്ന ഏകാധിപതി നീണ്ട കാലം ഫിലിപ്പീന്‍സ് ഭരിച്ചു. ജനങ്ങള്‍ ഒരു ജനകീയ വിപ്ലവത്തിലൂടെ അദ്ദേഹത്തെ പുറത്താക്കി. അതു ജനാധിപത്യമായിരുന്നു. പിന്നീട് അവിടത്തെ ജനങ്ങള്‍ മഹാഭൂരിപക്ഷത്തോടെ ജോസഫ് എസ്റ്റ്റാഡ എന്നയാളെ പ്രസിഡണ്ടായി തെരഞ്ഞെടുത്തു. അഴിമതി മൂലം ജനങ്ങളാല്‍ വെറുക്കപ്പെട്ട അദ്ദേഹത്തെ മറ്റൊരു വിപ്ളവത്തിലൂടെ അതേ ജനങ്ങള്‍ തന്നെപുറത്താക്കി. അതും ജനാധിപത്യം .

30% പേര്‍ തെരഞ്ഞെടുത്താലും 100% പേര്‍ തെരഞ്ഞെടുത്താലും വലിയ വ്യത്യാസമില്ല. 25% പേരുടെ വോട്ടു നേടിയാണ്‌ കഴിഞ്ഞ പ്രാവശ്യം കോണ്‍ഗ്രസ് ഇന്‍ഡ്യയില്‍ അധികാരത്തില്‍ വന്നതും മന്‍ മോഹന്‍ സിംഗ് പ്രധാന മന്ത്രിയായതും . ഇന്‍ഡ്യയെ സ്വകാര്യ വ്യക്തികള്‍ക്ക് തീറെഴുതുന്ന കലാപരിപാടി നാലു വര്‍ഷം നടപ്പിലാക്കാന്‍ പറ്റാതിരുന്നത് ഈ വോട്ടു ശതമാനത്തിന്റെ പ്രത്യേകത കൊണ്ടായിരുന്നു. 100% പേരും കോണ്‍ഗ്രസിന്‌ വോട്ടു ചെയ്തിരുന്നെങ്കില്‍ ഇന്‍ഡ്യയെ സ്വകാര്യ വ്യക്തികള്‍ക്ക് വിറ്റു തീരുകയും അമേരിക്കയുടെ പിന്നാലെ സാമ്പത്തിക സുനാമി പിടിപെടുകയും ചെയ്യുമായിരുന്നു. മമ്മൂട്ടിയേപ്പോലുള്ളവര്‍ അത് മഹത്തായ ജനാധിപത്യം എന്നു വാഴ്ത്തിപ്പാടിയേനെ.

വോട്ടു ചെയ്യുന്ന ജനങ്ങളുടെ ശതമാനമാണ്‌ ജനാധിപത്യത്തിന്റെ അളവുകോലെങ്കില്‍ , ഇന്ത്യ മാത്രമല്ല , ലോകത്തിലെ ഒരു രാജ്യവും പൂര്‍ണമായും ജനാധിപത്യരാജ്യമല്ല. ജനാധിപത്യം പച്ചമരുന്നാണോ അങ്ങാടി മരുന്നാണോ എന്നറിയാത്ത മമ്മൂട്ടിയേപ്പോലുള്ളവര്‍ക്ക് , ഇതു പോലെ വിഡ്ഡിച്ചോദ്യങ്ങള്‍ ചോദിച്ചുകൊണ്ടിരിക്കാം . സ്തുതി പാഠകര്‍ക്ക് ആര്‍പ്പും വിളിക്കാം.

വോട്ടവകാശം വിനിയോഗിക്കാതിരിക്കുന്നതിനു പല കാരണങ്ങളുണ്ട്. മമ്മൂട്ടിയേപ്പോലുള്ള തിരക്കു പിടിച്ചവര്‍ക്ക് അതിനു സമയമില്ല. മറ്റു ചിലയിടങ്ങളില്‍ ആളുകളെ വോട്ടു ചെയ്യാന്‍ അനുവദിക്കില്ല. ചുരുക്കമായിട്ടാണ്‌ പ്രതിഷേധ സൂചകമായി വോട്ടു ചെയ്യാതിരിക്കൂ. .

Sunday, 4 January 2009

ഒരു അന്തര്‍ശീയ ദുരന്തം പടിയിറങ്ങുന്നു!!






ലോകത്തിലെ ഏറ്റവും ശക്തമായ രഷ്ട്രത്തിന്റെ 43 )മത്തെ പ്രസിഡണ്ട് നിസഹായനായി പരാജിതനായി വെറുക്കപ്പെട്ടവനായി ഈ മാസം പടിയിറങ്ങുന്നു. പരാജയമെന്നു വിശേഷിപ്പിക്കപ്പെട്ട പല പ്രസിഡണ്ടുമാരും അമേരിക്കക്കുണ്ടായിട്ടുണ്ട്. പക്ഷെ ഇത്രയധികം വെറുക്കപ്പെട്ട ഒരു പ്രസിഡണ്ട് അമേരിക്കന്‍ ചരിത്രത്തില്‍ ആദ്യമാണ്‌. ഒരേ സമയം ലോകത്തിന്റെ കാലക്കേടും, ദുരന്തവുമായ ഈ ആപത്ത്, ലോകത്തിന്റെ സഭ്യമായ മുഖത്തു നിന്നും മറയുമ്പോള്‍ ഭൂരിഭാഗം ജനങ്ങളും ആശ്വാസ നെടുവീര്‍പ്പിടും. ഇന്‍ഡ്യന്‍ പ്രധാനമന്ത്രിയേപ്പോലെ ചുരുക്കം ചില ഭക്തര്‍ കണ്ണീര്‍ വാര്‍ത്തേക്കും. രണ്ടാം പ്രാവശ്യം തെരഞ്ഞെടുക്കപ്പെട്ട ഒരു പ്രസിഡണ്ട് എന്തു കൊണ്ട് ഏറ്റവും വലിയ പരാജയമായി?

ബുഷിന്റെ ഭവനാശൂന്യമായ പരാജയത്തില്‍ കലാശിച്ച പല സാഹസികതകളും ഉണ്ട്. അവയില്‍ പ്രധാനപ്പെട്ട രണ്ടെണ്ണം, അഫ്ഘാനിസ്ഥാനും ഇറാക്കുമാണ്. സെപ്റ്റം ബര്‍ 11 ലെ ആക്രമണത്തിനു പിറ്റേന്ന് , ബുഷ് ലോകത്തോടായി പറഞ്ഞു. ഒസാമ ബിന്‍ ലാദനും കൂട്ടാളികളും ഏതു മാളത്തിലൊളിച്ചാലും പുകച്ചു പുറത്തു ചാടിക്കും , വേട്ടയാടി പിടിക്കും. വെറും തമാശയായി ഇന്നും അവശേഷിക്കുന്ന വാക്കുകള്‍ .

ബുഷ് ഭരണകാലത്തിന്റെ ഏറ്റവും വലിയ ബാക്കി പത്രം ഇറക്കായിരിക്കും . ദുരന്തത്തിലേക്ക് നയിച്ച ആ പാളിയ തന്ത്രത്തില്‍ ഹോമിക്കപ്പെട്ടത് 10 ലക്ഷത്തോളം ഇറാക്കി ജീവിതങ്ങളാണ്‌. കൂടെ 4000 അമേരിക്കന്‍ ഭടന്‍മാരുടെ ജീവനും. 50000 തിനു മേല്‍ അമേരിക്കന്‍ ഭടന്‍മാര്‍ മുറിവേറ്റവരുമായി . കൂടെ അബു ഗരിബ് ജയിലില്‍ ബുഷിന്റെ പട്ടാളക്കാര്‍ നടത്തിയ ജുഗുപ്സാവഹമായ വൃത്തികേടുകളും .താഴെക്കാണുന്ന ചിത്രങ്ങള്‍ കണ്ട് ലോകം തരിച്ചു നിന്നു.



















ലോകത്തിലെവിടെയെങ്കിലും മനുഷ്യാവകശ ലംഘനമുണ്ടായാല്‍, വലിയ വായില്‍ നിലവിളിക്കുന്ന അമേരിക്കയുടെ സ്വന്തം പട്ടാളക്കാര്‍ ചെയ്ത ഈ മുനുഷ്യാവകാശ ലംഘനം കണ്ട്, സ്വാതന്ത്ര്യ പ്രതിമക്ക് ജീവനുണ്ടായിരുന്നെങ്കില്‍ അതു നിശ്ചയമായും കണ്ണീരൊഴുക്കിയേനെ.

ഈ ചിത്രങ്ങള്‍ ഇവിടെ പ്രസിദ്ധപ്പെടുത്തേണ്ടി വന്നതില്‍ വായനക്കാര്‍ ക്ഷമിക്കുക.

Saturday, 3 January 2009

കുരുടന്‍മാര്‍ ആനയെ കാണുമ്പോള്‍ !!!!!





ഗുരുവായൂര്‍ കേശവന്റെ എടുപ്പാണ്‌ മമ്മൂട്ടി എന്ന നടന്‌. ഇംഗ്ളീഷുകാര്‍ പറയുന്ന സ്ക്രീന്‍ പ്രസന്‍സ് അനുഭവിക്കണമെങ്കില്‍ മമ്മൂട്ടി എന്ന നടനെ സ്ക്രീനില്‍ കാണണം . ഒരു പക്ഷെ ഇന്‍ഡ്യയില്‍ ഇതു പോലെ ഒരു സ്ക്രീന്‍ പ്രസന്‍സ് അമിതാഭ് ബച്ചനു മാത്രമേ അവകാശപ്പെടാന്‍ പറ്റൂ. പക്ഷെ അഭിനയശേഷിയുടെ കര്യത്തില്‍ അമിതാഭ് മമ്മൂട്ടിയുടെ ഏഴയലത്തു വരില്ല.

മമ്മൂട്ടി പ്രഗത്ഭ നടനാണ്‌. മൂന്നു പ്രാവശ്യം ദേശിയ പുരസ്കാരം കിട്ടിയ നടനാണ്. പിന്നെ വലിയ ഒരു ആരാധക വൃന്ദവും കൂടെയുണ്ട്. അടുത്തെയിടെ വാദ്യഘോഷങ്ങളോടെ ബ്ളോഗിങ് രംഗത്തേക്കും അദ്ദേഹം എത്തി, സ്നേഹ പൂര്‍വ്വം മമ്മൂട്ടിഎന്ന ബ്ളോഗിലൂടെ.

മലയാള സിനിമാരംഗം സുനാമി പിടിച്ച് കിടക്കാന്‍ തുടങ്ങിയിട്ട് നാളേറെയായി. ഞാന്‍ കരുതിയത് അദ്ദേഹം ആദ്യം എഴുതുന്ന ബ്ളോഗ് സിനിമാ രംഗത്തേക്കുറിച്ചായിരിക്കുമെന്നാണ്‌. പക്ഷെ എല്ലാവരെയും അമ്പരപ്പിച്ചു കൊണ്ട് അദ്ദേഹം എഴുതിയതോ സാമ്പത്തിക മാന്ദ്യത്തേക്കുറിച്ചും . അതിനു കണ്ടെത്തിയ തലക്കെട്ട് വിചിത്രമായും തോന്നി. സമ്പദ്‍വ്യവസ്ഥയുടെ രാഷ്ട്രീയം. ഈ തലക്കെട്ടും അദ്ദേഹം പ്രതിപാദിച്ച വിഷയവും തമ്മില്‍ കടലും കടലാടിയും തമ്മിലുള്ള ബന്ധം മാത്രമേ ഉള്ളൂ എന്ന് വായിക്കുമ്പോള്‍ മനസിലാകും . പിന്നെ സ്തുതി പാഠകര്‍ ആര്‍പ്പു വിളിച്ച് ആഘോഷിക്കുന്നു. മഹത്തരം!! കെങ്കേമം!! . രാഷ്ട്രീയത്തിലിറങ്ങണം!! .കേരളത്തെ രക്ഷിക്കണം!!. തുടങ്ങിയ അഭിനന്ദനങ്ങളും അപേക്ഷകളും കൊണ്ട് നിറഞ്ഞിരിക്കുന്നു. ആദ്യ രണ്ടുദിവസങ്ങളില്‍ 600ല്‍ പരം കമന്റുകള്‍ . 99% പുകഴ്ത്തലുകള്‍ മാത്രം . പേരിനു കുറച്ച് വിയോജനക്കുറിപ്പുകളും . പക്ഷെ മമ്മൂട്ടി ഒന്നിനും മറുപടി എഴുതി കണ്ടില്ല. എഴുതാനുള്ള സാധ്യതയും വിരളമാണ്‌. ബ്ളോഗ് വായിച്ചാല്‍, പലരും ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് മറുപടി പറയാനുള്ള വിവരം ​മമ്മൂട്ടിക്ക് കമ്മിയാണെന്നു മനസിലാകും.

കുരുടന്‍ മാര്‍ ഗുരുവായൂര്‍ കേശവന്‍ എന്ന ആനയെ കണ്ടതുപോലെയാണ്‌ മമ്മൂട്ടിയുടെ സ്തുതി പാഠകര്‍ അദ്ദേഹത്തെ അഭിനന്ദിക്കുന്നത്. ഭക്തി പാരവശ്യം കൊണ്ട് പലരും സ്ഥലജല വിഭ്രാന്തി പോലും കാണിക്കുന്നു. അതു കൊണ്ട് അവര്‍ക്കൊന്നും മമ്മൂട്ടി എഴുതിയതിലെ വൈരുദ്ധ്യങ്ങളും തെറ്റുകളും മനസിലായില്ല. ഭൂരിഭാഗം പേരും മമ്മൂട്ടിയെന്തോ മഹത്തായ കര്യങ്ങള്‍ എഴുതി എന്നു പറയുമ്പോള്‍ അവരുടെ വിവരവും ചിന്താശേഷിയും മറ്റുള്ളവര്‍ക്ക് മനസിലാകും .

പക്ഷെ എഴുതിയവരില്‍ 80 ശതമാനവും മമ്മൂട്ടിയുടെ ബ്ലോഗില്‍ എഴുതാന്‍ വേണ്ടി മാത്രം കഴിഞ്ഞ രണ്ടു ദിവസങ്ങളില്‍ രെജിസ്റ്റര്‍ ചെയ്തവരാണ്‌. അവരെ ക്രിയാത്മകമയ ബ്ളോഗിംഗിന്റെ ഭാഗമായി കാണാന്‍ കഴിയില്ല.


ഇനി ആരാധകര്‍ കോരിത്തരിച്ചു പോയ മമ്മൂട്ടിയുടെ ആശയങ്ങളിലേക്ക് കടക്കാം .
ആദ്യത്തെ വാചകം തന്നെ ഒരു നപുംസക അവിയലായിപ്പോയി.

ആധികളും ആശങ്കകളുമില്ലാത്ത വര്‍ഷമായിരിക്കട്ടെ എന്ന ആശംസയ്ക്കു ഭേദപ്പെടുത്താന്‍ കഴിയാത്ത ചില പ്രതിസന്ധികളിലൂടെയാണ് നമ്മള്‍ ഈ വര്‍ഷത്തെ അനുകൂലമാക്കിയെടുക്കേണ്ടത്.

ഈ വാചകം വായിച്ചിട്ട് എനിക്കു വാസ്തവത്തില്‍ ഒന്നും പിടികിട്ടിയില്ല. എന്റെ ഒന്നു രണ്ടു സുഹൃത്തുകളോട് ചോദിച്ചു അവര്‍ക്കും പിടികിട്ടിയില്ല. സാധാരണ ആളുകള്‍ പ്രതിസന്ധികള്‍ തരണം ചെയ്ത്, പ്രശ്നങ്ങള്‍ പരിഹരിച്ചാണ്‌, സാഹചര്യം അനുകൂലമാക്കിയെടുക്കുന്നത്. പ്രതിസന്ധികള സൃഷ്ടിച്ച് അനുകൂലമാക്കുന്നത് ഒരു പുതിയ തന്ത്രമാണ്‌. അതോ മറ്റെവിടെ നിന്നോ കടമെടുത്തതോ?

പരസ്പര വിരുദ്ധമായ ആശയങ്ങള്‍ പല പ്രാവശ്യം എഴുതിയിട്ടുണ്ട്. സാമ്പത്തിക മാന്ദ്യം ബാധിക്കുമെന്നും ഇല്ലെന്നും പറയുന്നത് ഏറെ വിചിത്രമായി തോന്നുന്നു.

ചില ഉദാഹരണങ്ങള്‍ .


ആഗോളസാമ്പത്തികപ്രതിസന്ധി നമ്മളെ മാത്രം ബാധിക്കില്ല എന്ന ചിലരുടെ വിശ്വാസം സത്യത്തില്‍ എന്നെ വിസ്മയിപ്പിക്കുകയാണ്.

എത്ര തീവ്രമാണെന്നു പറഞ്ഞാലും ഇന്ത്യയെപ്പോലുള്ള ഒരു രാജ്യത്ത് ആഗോളപ്രതിഭാസങ്ങളുടെ സ്വാധീനത്തിന് ഒരു പരിധിയുണ്ടെന്നു വേണം കരുതാന്‍.

കൃത്യമായ ഒരു വേഗത്തില്‍ യാഥാര്‍ത്ഥ്യമായിക്കൊണ്ടിരിക്കുന്ന ആ സത്യത്തെ അങ്ങനെ ആര്‍ക്കെങ്കിലും നേരിട്ടു തോല്‍പ്പിക്കാനാവുമെന്നും ഞാന്‍ കരുതുന്നില്ല.



ഏതു മാന്ദ്യത്തെയും ചെറുക്കാനുള്ള പ്രതിരോധശേഷി നമ്മുടെ സമ്പദ്‍വ്യവസ്ഥയില്‍ നിന്നു തന്നെ നേടാനാവും.




വളരെ വിചിത്രമല്ലേ ഈ നിലപാടുകള്‍ ?


ഇരിക്കൂറില്‍ സംഭവിച്ചതു പോലെ സംഭവിക്കാതിരിക്കണമെങ്കില്‍ ശക്തമായ നിയമം വേണം . അശ്രദ്ധമായി വാഹനമോടിച്ചു അപകടം വരുത്തുന്നവര്‍ക്ക് ജാമ്യം കിട്ടാത്ത, കൊലക്കുറ്റത്തിനു കേസെടുക്കുന്ന നിയമുണ്ടെങ്കില്‍ അപകടം കുറയും . അതു ജനങ്ങള്‍ മറക്കാതിരിക്കണമെന്നു പറയുന്നതില്‍ എന്താണ്‌ യുക്തി. ജനങ്ങള്‍ ഓര്‍ത്തിരുന്നാലൊന്നും വാഹനമോടിക്കുന്നവര്‍ ശ്രദ്ധിക്കണമെന്നില്ല. അങ്ങനെ ചെയ്യുന്നവരെ കൈകാര്യം ചെയ്യാന്‍ ജനങ്ങള്‍ക്ക് പറ്റുമെങ്കില്‍ , ജനങ്ങള്‍ ഓര്‍ക്കുകയും അതിനു വേണ്ട പ്രതിവിധി കാണുകയും ചെയ്യും .

നമ്മുടെ കുട്ടികള്‍ സഞ്ചരിക്കുന്ന സുരക്ഷിതമല്ലാത്ത വഴിയോരങ്ങള്‍ക്കും അശ്രദ്ധമായി പായുന്ന വാഹനങ്ങള്‍ക്കും ഒരു മാറ്റവും സംഭവിച്ചിട്ടില്ല, എന്നത് എല്ലവര്‍ക്കും അറിയാവുന്ന കാര്യമാണ്‌ മാറ്റം സം​ഭവിക്കാന്‍ എന്താണ്‌ ചെയ്യേണ്ടതെന്നു, മമ്മൂട്ടിക്കൊന്നു പറയാമോ?


മാധ്യമങ്ങളും സാമ്പത്തികവിദഗ്ധരുമൊക്കെ ചര്‍ച്ച ചെയ്തു പഴകിയതാണ്‌ ആഗോളസാമ്പത്തികപ്രതിസന്ധി എന്നാര്‍ക്കും പറയാന്‍ പറ്റില്ല. കേരളത്തിലെയും ഇന്‍ഡ്യയിലെയും മാധ്യമങ്ങള്‍ അതു മറന്നു എന്നത് ശരിയാണ്. പക്ഷെ ആഗോളമാധ്യമങ്ങളും വിദഗ്ദ്ധരും അതു മറന്നിട്ടില്ല.

സമ്പത്തിക മാന്ദ്യം ലാഘവത്തോടെ ആരും കാണുന്നു എന്നും തോന്നുന്നില്ല. ലാഘവത്തോടെ കണ്ടിരുന്നെങ്കില്‍ ഇന്‍ഡ്യയിലെ അധികാരികള്‍ പല നടപടികളും എടുക്കില്ലായിരുന്നു.

മാധ്യമങ്ങള്‍ മുന്‍ഗണന നല്‍കുന്ന കാര്യങ്ങള്‍ക്ക് സമൂഹവും മുന്‍ഗണന നല്‍കുന്നു, എന്നു പറയുന്നത് അസ്വാഭാവികമാണ്. സ്വാഭവികമായത്, സമൂഹം മുന്‍ഗണന നല്‍കുന്ന കാര്യങ്ങള്‍ക്ക് മാധ്യമങ്ങള്‍ മുന്‍ഗണന നല്‍കുന്നു എന്നാണ്. ഒരു മാധ്യമത്തിന്റെ സാരഥിയായ മമ്മൂട്ടി ഇതു മനസിലാക്കാതെ പോയത് അത്ഭുതമെന്നേ പറയാന്‍ പറ്റൂ. അതോ മമ്മൂട്ടി ഉള്‍പ്പടെയുള്ള മാധ്യമ സാരഥികള്‍ നിശ്ചയിക്കുന്ന അജണ്ടക്കനുസരിച്ചാകണം സമൂഹം വര്‍ത്തിക്കേണ്ടതെന്നാണോ പറഞ്ഞു വരുന്നത്? മാധ്യമങ്ങള്‍ ദുരന്തങ്ങള്‍ അഘോഷിക്കുന്നു എന്ന് ഒരു മാധ്യമ സാരഥി പറയുമ്പോള്‍ അത് വിരോധഭാസമായി തോന്നും . കൈരളി എന്ന മാധ്യമവും ഇതൊക്കെ ആഘോഷിക്കുന്നുണ്ടല്ലോ? അതിന്റെ ഉത്തരവാദിത്തം മമ്മൂട്ടിക്കുമില്ലേ?


മാന്ദ്യത്തിനനുയോജ്യമായ സാമ്പത്തിക കാലാവസ്ഥ സൃഷ്ടിക്കുക എന്നത് വലിയ തമാശയായിട്ടാണെനിക്ക് തോന്നുന്നത്. അബദ്ധജഠിലവും . സാമ്പത്തിക മാന്ദ്യത്തിനനുയോജ്യമായ കാലവസ്ഥ, ആരും സൃഷ്ടിക്കാന്‍ ശ്രമിക്കില്ല. മാന്ദ്യത്തെ മറികടക്കാനുള്ള, സൃഷ്ടിപരമായ നടപടികളാണ്‌ വിവരമുള്ളവര്‍ എടുക്കുന്നത്. അതുകൊണ്ടാണ്‌, സാമ്പത്തികമാന്ദ്യമുണ്ടായ അമേരിക്കയില്‍ സമ്പത്തിക വിദഗ്ദ്ധര്‍ അവിടത്തെ ജനങ്ങളോട്, മന്ദ്യത്തെ മറികടക്കാന്‍ ഉപദേശം നല്‍കാതെ, ബില്ല്യണ്‍ കണക്കിനു ഡോളര്‍ സാമ്പത്തിക രംഗത്തേക്ക് ഒഴുക്കുന്നതും . പുതിയ സമ്പത്തിക ശീലങ്ങള്‍ വേണമെന്നു പറയുന്ന അതേ ശ്വാസത്തില്‍ ഊണിനു സ്പെഷല്‍ ഒഴിവാക്കുന്നതോ, ടാക്സിയില്‍ സഞ്ചരിക്കുന്ന ആള് ഓട്ടോറിക്ഷയിലേക്കു മാറുന്നതോ ചെയ്തിട്ട് കാര്യമില്ല എന്നും പറയുന്നു. ഇതു രണ്ടും പൊരുത്തപ്പെടുന്നില്ലല്ലോ. വേറെ ഏതു ശീലങ്ങളാണാവോ മമ്മൂട്ടി ഉദ്ദേശിക്കുന്നത്?.


കൃഷി ചെയ്യാന്‍ എസ്റ്റേറ്റും, തൊഴില്‍ ചെയ്യാന്‍ പിഎഫും ഗ്രാറ്റുവിറ്റിയും, വേണമെന്ന അഭിപ്രായം, മറ്റു കേരളിയര്‍ക്കുണ്ടെന്നു തോന്നുന്നില്ല. പിഎഫും ഗ്രാറ്റുവിറ്റിയും കിട്ടുന്നവര്‍ മറ്റു തൊഴിലിനും പോകില്ല. ഉള്ള തൊഴിലില്‍ നിന്നാണതവര്‍ക്ക് കിട്ടുന്നത്. കേരളത്തിലെ കാര്‍ഷിക രംഗത്തേക്കുറിച്ച് അല്‍പ്പമെങ്കിലും അറിവുണ്ടായിരുന്നെങ്കില്‍ കൃഷി ചെയ്യാന്‍ എസ്റ്റേറ്റ് , കേരളീയര്‍ അവശ്യപ്പെടുന്നു എന്നു പറയുമായിരുന്നില്ല.

എസ്റ്റേറ്റ് ഇല്ലാത്തതു കൊണ്ടാണ്‌ കേരളിയര്‍ കൃഷി ചെയ്യാത്തതെന്ന കണ്ടുപിടുത്തതിനു ഒരു സലാം!!


മമ്മൂട്ടിയുടെ മറ്റൊരു വളരെ വിചിത്രമായ ഒരു പ്രസ്ഥാവനയണ്‌ താഴെ.

ഓരോരുത്തരും തങ്ങളുടെ തൊഴിലിനോടു പുലര്‍ത്തുന്ന ആത്മാര്‍ത്ഥതയും തൊഴിലാളി എന്ന നിലയില്‍ നല്‍കുന്ന സേവനത്തിന്റെ ഗുണനിലവാരവും സ്വയമൊന്നു പരിശോധിക്കാന്‍ തയ്യാറായാല്‍ ഏതു മാന്ദ്യത്തെയും ചെറുക്കാനുള്ള പ്രതിരോധശേഷി നമ്മുടെ
സമ്പദ്‍വ്യവസ്ഥയില്‍ നിന്നു തന്നെ നേടാനാവും.


ഇത് തെറ്റിദ്ധാരണയില്‍ നിന്നും ഉണ്ടാകുന്നതാണ്. അമേരിക്കയേക്കുറിച്ച് പറയുന്ന എല്ലാവരും പൊക്കിപ്പിടിക്കുന്ന ഒന്നാണ്‌, അവിടത്തെ തൊഴിലാളികളുടെ തൊഴിലിനോടുള്ള ആത്മാര്‍ത്ഥത. ഇത്രകാലവും ആത്മാര്‍ത്ഥമായി പണിയെടുത്തിട്ടും അവിടെ മാന്ദ്യം ഉണ്ടായെങ്കില്‍ , മാന്ദ്യത്തിനു കാരണം മറ്റെന്തോ ആണ്‌. മമ്മൂട്ടി പറയുന്ന ആത്മാര്‍ത്ഥത കൊണ്ട് അതിനെ മറികടക്കാനാവില്ല.


തൊഴിലാളി എന്ന നിലയില്‍ നല്‍കുന്ന സേവനത്തെക്കുറിച്ചുള്ള വേവലാതി ചിരിയുണര്‍ത്തും . മറ്റുള്ളവരെ ഉപദേശിക്കാന്‍ എളുപ്പമാണ്. തൊഴ്ലിന്റെ ഗുണനിലവാരം കടമയാണെന്നു പറയുന്ന മമ്മൂട്ടിയെന്ന അഭിനയത്തൊഴിലാളി, എത്ര മാത്രം ഗുണനിലവാരമുള്ള സിനിമകള്‍ മലയാള സിനിമക്ക് സംഭാവന ചെയ്തിട്ടുണ്ട്? തീരെ നിലവാരമില്ലാത്ത എത്രയോ കഥാപാത്രങ്ങളെ മമ്മൂട്ടിയെന്ന നടന്‍ അവതിരിപ്പിച്ചിട്ടുണ്ട്.


അധ്വാനിക്കുക എന്നത് ഒരു ഭാരമോ കടമയോ അല്ല, ഒരു ശീലമാണ്, എന്നൊക്കെ സമ്പത്തിന്റെ നെറുകയിലിരുന്ന് ഉത്ഘോഷിക്കാം . ദിവസം മൂന്നു നേരം ഭക്ഷണം കഴിക്കാന്‍ കഷ്ടപ്പെടുന്നവര്‍ക്ക് ജീവിതം തന്നെ ഒരു ഭാരമാണ്‌. അതിനു തേടുന്ന വഴികളും ഭാരം തന്നെയാണ്‌.

ഡാനീഷ് മജീദ് അഭിനന്ദിക്കപ്പെടേണ്ട വ്യക്തി തന്നെ. പക്ഷെ എല്ലാവര്‍ക്കും ഡാനീഷ് മജീദാവാനുള്ള ഭാഗ്യം കിട്ടിയെന്നു വരില്ല.

ഡാനീഷിനേപ്പോലുള്ളവര്‍ കേരളത്തില്‍ പലയിടത്തും ഉണ്ട്. പക്ഷെ മമ്മൂട്ടി ഡയറക്റ്ററായിരിക്കുന്ന, വേറിട്ടൊരു ചാനല്‍ ഇന്നേ വരെ ഒരു ഡാനീഷിനേയും കേരളത്തിനു പരിചയപ്പെടുത്തിയിട്ടില്ല. ഡാനീഷിനേക്കുറിച്ചറിയാന്‍ മറ്റു മാധ്യമങ്ങള്‍ വേണ്ടി വന്നു എന്നത് തന്നെ മമ്മൂട്ടിയെന്ന മാധ്യ സാരഥിയുടെ കാപട്യം പുറത്താക്കുന്നു. എന്തു കൊണ്ട് ഒരു ജനതയുടെ ആത്മാവിഷ്ക്കാരമായ സ്വന്തം ചാനല്‍ ഇതു പോലെയുള്ള പരിപാടികളൊന്നും അവതരിപ്പിക്കുന്നില്ല? ചൈനയിലെ പാണ്ഡ പ്രസവിക്കുന്നതും ജെര്‍മനിയിലെ കാണ്ടാ മൃഗം ഇണ ചേരുന്നതും കാണിക്കുന്ന സമയത്ത്, കൈരളി ഡാനീഷിനേപ്പോലുള്ള ആളുകളെ പരിചയപെടുത്തുകയും പ്രോത്സാഹിപ്പികുകയുമല്ലേ ചെയ്യേണ്ടത്? തൊഴിലിനോടുള്ള ആത്മാര്‍ത്ഥത ആദ്യം സ്വന്തം തട്ടകത്തില്‍ നടപ്പിലാക്കൂ മമ്മൂട്ടി. എന്നിട്ടു പോരെ മറ്റുള്ളവരെ ഉപദേശിക്കാന്‍?


ഏതു സമ്പന്ന മെട്രോയിലും ലഭിക്കുന്ന സൌകര്യങ്ങള്‍ കൊച്ചിയിലും ലഭിക്കുമ്പോള്‍ തന്നെ 17,000 കര്‍ഷകര്‍ ഈ രാജ്യത്ത് ആത്മഹത്യ ചെയ്തത്, വൈരുധ്യം ആണെന്നത് എല്ലാവര്‍ക്കും അറിവുള്ളതാണ്‌. സാമൂഹിക പ്രതിബദ്ധതയുള്ള ഒരാള്‍ അതു എന്തു കൊണ്ട് സംഭവിച്ചു എന്നും പറയാന്‍ ബാധ്യസ്ഥനാണ്‌. നിര്‍ഭാഗ്യവശാല്‍ സ്തുതി പാഠകര്‍ വാനോളം ഉയര്‍ത്തുന്ന മമ്മൂട്ടി അതിനു ശ്രമിക്കുന്നില്ല. അറിയാന്‍ വയ്യാഞ്ഞിട്ടായിരിക്കും .

ഈ വൈരുധ്യം ഇന്ത്യയുടെ മാത്രം പ്രത്യേകതയാണ് എന്ന് ഒഴുക്കന്‍ മട്ടില്‍ പറയുമ്പോള്‍ മമ്മൂട്ടിയുടെ മുഖം മൂടി അഴിഞ്ഞു വീഴുന്നു. എന്തു കൊണ്ട് കര്‍ഷകര്‍ ആത്മഹത്യ ചെയ്യുന്നു എന്നു പറയാനുള്ള ചങ്കൂറ്റം കൂടി മമ്മൂട്ടി കാണിക്കേണ്ടിയിരുന്നു.

സമ്പത്ത് കുറച്ചു പേരുടെ കയ്യില്‍ കുന്നു കൂടുന്നു. അവര്‍ ഏതു സമ്പന്ന മെട്രോയിലും ലഭിക്കുന്ന സൌകര്യങ്ങള്‍ കൊച്ചിയിലുമൊരുക്കുന്നു. ആഘോഷിക്കുന്നു. കാര്‍ഷിക വിളകളുടെ വിലയിടിവൊന്നും അവരെ ബാധിക്കില്ല. അധികാരി വര്‍ഗ്ഗങ്ങള്‍ ഈ കര്‍ഷകരെ മറന്ന്, സമ്പന്നര്‍ക്ക് നികുതി വെട്ടിപ്പിനു അവസരം ​കൊടുക്കുന്നു. തൊഴിലാളി വര്‍ഗ്ഗ പാര്‍ട്ടിയുടെ നേതാക്കള്‍ വരെ സമ്പന്നര്‍ക്ക് വേണ്ടി വാദിക്കുന്നു. സമ്പന്നര്‍ കൂടുതല്‍ കൂടുതല്‍ സമ്പന്നരാവുന്നു. കര്‍ഷകരും മറ്റുള്ളവരും കൂടുതല്‍ കൂടുതല്‍ പാവപ്പെട്ടവരാകുന്നു. അവര്‍ ഡാനീഷിനേപ്പോലെ, നാലു കാലി ഫാമുകള്‍ നടത്തിയാലൊന്നും രക്ഷപെടില്ല മമ്മൂട്ടി.

Thursday, 1 January 2009

പുതുവത്സരാശംസകള്‍




എല്ലാവര്‍ക്കും പുതുവത്സരാശംസകള്‍ !!!

ലോകമെമ്പാടും ശാന്തിയും സാഹോദര്യവും സ്ഥിതിസമത്വവും കളിയാടുന്ന ഒരു നല്ല വത്സരത്തിനുള്ള ആത്മാര്‍ത്ഥമായ ആശംസകള്‍

ഇസ്രയേലും പാലസ്തീനും പിന്നെ ഭീകരതയും










ഇന്ന് ലോകത്ത് ഏറ്റവും ചര്‍ച്ച ചെയ്യപ്പെടുന്ന വിഷയം ഇസ്ലാമിക ഭീകരതയാണ്. ഇസ്ലാമിക ഭീകരരെല്ലം ഉയര്‍ത്തിപ്പിടിക്കുന്ന ഒരു പ്രശ്നം ഇസ്രായേലിന്റെ പാലസ്തീന്‍ അധിനിവേശവും . 2000 മുമ്പുണ്ടായിരുന്ന യഹൂദ രാഷ്ട്രം 1948 ല്‍ പുനര്‍സൃഷ്ടിച്ചപ്പോള്‍ ഉണ്ടായ മാനുഷിക പ്രശ്നങ്ങള്‍ എണ്ണമറ്റവയായിരുന്നു. തലമുറകളായി പാലസ്തീനില്‍ ജീവിച്ചിരുന്ന ലക്ഷക്കണക്കിനാളുകള്‍ ജന്മനാട്ടില്‍ നിന്നും പിഴുതെറിയപ്പെട്ടു. അവര്‍ ഇന്നും അഭയാര്‍ത്ഥികളായി മറ്റു പലയിടത്തും ജീവിക്കുന്നു. 1967 ല്‍ അവശേഷിക്കുന്ന പലസ്തീന്‍ സ്ഥലവും ഇസ്രായേല്‍ കയ്യടക്കുകയും അവിടങ്ങളില്‍ ജൂദ കുടിയേറ്റകേന്ദ്രങ്ങള്‍ സ്ഥാപിക്കുകയും ചെയ്തു.

1948 ല്‍ ആരംഭിച്ച പലസ്തീന്‍ ജനതയുടെ ദുരിതങ്ങള്‍ അര നൂറ്റാണ്ടിനു ശേഷവും അവസാനിച്ചിട്ടില്ല. അത് അവസാനിക്കുന്ന ലക്ഷണങ്ങള്‍ കാണുന്നുമില്ല. വന്‍ ശക്തിയായ അമേരിക്ക സാമ്പത്തികവും സൈനികവും നയതന്ത്രപരവുമായ നിരുപാധിക പിന്തുണ ഇസ്രായേലിനു നല്‍കുന്ന കാലത്തോളം അത് അവസാനിക്കാന്‍ പോകുന്നുമില്ല. അതിന്റെ അദ്യന്തിക ഫലം മധ്യപൌരസ്ത്യ ദേശവും കൂടെ ലോകം മുഴുവനും സംഘര്‍ഷത്തിലേക്ക് എടുത്തെറിയപ്പെട്ടു എന്നതാണ്‌. അല്‍ ഖയിദ അമേരിക്കയെ ആക്രമിച്ചതിന്റെ ഒരു പ്രധാന കാരണം ഈ നിരുപാധിക പിന്തുണയാണ്. ലോക ദുരന്തം എന്നു വിശേഷിപിക്കപ്പെട്ട ബുഷ് പ്രസിഡന്റായതിനു ശേഷമാണ്‌ , ലോകത്ത് കൂടുതല്‍ ഇസ്ലാമിക ഭീകര ആക്രമണങ്ങള്‍ ഉണ്ടായത്. നരസിം ഹറാവുവിന്റെ കാലത്ത് ഇന്‍ഡ്യ ഇസ്രായേലിനോട് കൂടുതല്‍ അടുത്തു തുടങ്ങിയതിനു ശേഷമാണ്‌ ഇന്‍ഡ്യയില്‍ ഇസ്ലാമിക ഭീകരാക്രമണങ്ങള്‍ കൂടിയതും.


ഇപ്പോള്‍ ഇസ്രായേല്‍ ആത്മഹത്യാപരമായ ഒരു നടപടിയില്‍ ഏര്‍പ്പെട്ടിരിക്കുന്നു. അമേരിക്ക അതിനു ചുക്കാനും പിടിക്കുന്നു. അല്ലെങ്കില്‍ അമേരിക്കയെക്കൊണ്ട് പിടിപ്പിക്കുന്നു. ശക്തമായ ജൂദലോബിയാണത് ചെയ്യിക്കുന്നത്.

ലോകം മുഴുവനുമുള്ള ജനാധിപത്യത്തിന്റെ കാവല്‍ ഭടനാണമേരിക്ക എന്നാണു പറയപ്പെടുനത്. അതു ശുദ്ധ കാപട്യവും . ജനാധിപത്യ രീതിയില്‍ തെരഞ്ഞെടുക്കപ്പെട്ട പലസ്തീനിലെ സര്‍ക്കാരിനെ ശ്വാസം മുട്ടിച്ച് കൊന്നപ്പോള്‍ ആ കാപട്യം ലോകത്തിനു ബോദ്ധ്യപ്പെട്ടു. പി എല്‍ ഒ എന്ന സംഘടന പാലസ്തീന്‍ ഭരിച്ചപ്പോള്‍ ആ പ്രശ്നത്തിനു പരിഹാരമുണ്ടാക്കാന്‍ എളുപ്പമായിരുന്നു. അത് ചെയ്യാതെ ഹമാസ് എന്ന ഭീകര സം​ഘടനയെ പലസ്തീന്‍ ഭരണകര്‍ത്താക്കളാക്കിയതിനുത്തരവാദി ഇസ്രായേലും അമേരിക്കയുമാണ്.

ഇപ്പോള്‍ ഇസ്രായേല്‍ നടത്തുന്ന ഭീകരാക്രമണം ഹമാസിനു ലോകത്തിനു മുമ്പില്‍ പുതിയ മേല്‍ വിലാസം നല്‍കുന്നു. ലോകമെമ്പാടും ആളുകള്‍ ഹമാസിനെ അനുകൂലിക്കുന്ന അവസ്ഥയലേക്ക് കാര്യങ്ങള്‍ നീങ്ങുകയാണ്. പാലസ്തീന്‍ ജനതയോടുള്ള സഹതാപം ഹമാസ് എന്ന സംഘടന അവര്‍ക്കനുകൂലമാക്കി മാറ്റുന്നു.

ഹമാസിനെ തകര്‍ക്കാന്‍ എന്ന നാട്യത്തില്‍ സാധരണക്കാരായ ആളുകളെ ചുട്ടെരിക്കുന്നതും പടിഞ്ഞാറന്‍ നാടുകള്‍ക്കൊന്നും ഒരു പ്രശ്നമേ അല്ല. അവര്‍ സ്വന്തം ഖജനാവു കൊള്ളയടിച്ചവരെ എങ്ങനെ പ്രതിഫലം നല്‍കി ആദരിക്കണം എന്ന തത്വചിന്താപരമായ പ്രവര്‍ത്തികളില്‍ മുഴുകി ഇരിക്കുകയാണല്ലോ. ഇസ്രയേലിലെ കുട്ടികളും സ്ത്രീകളുമാണ്‌ മരിക്കുന്നതെങ്കില്‍ ഇപ്പോള്‍ പടിഞ്ഞാറന്‍ നേതാക്കളും മാധ്യമങ്ങളും എന്തെല്ലാം വിലാപങ്ങള്‍ കൊണ്ട് ഭൂമുഖം നിറക്കുമായിരുന്നു.


2005 ല്‍ ഗാസയില്‍ നിന്നും സാങ്കേതികമായി ഇസ്രായേല്‍ പിന്‍വാങ്ങി. പക്ഷെ ആ സ്ഥലത്തെ ഞെക്കിക്കൊല്ലാനാണ്‌ ഇസ്രായേല്‍ ശ്രമിച്ചത്. 2006 ല്‍ ഹമാസ് തെരഞ്ഞെടുപ്പിലൂടെ അധികാരത്തില്‍ വന്നതിനു ശേഷം അത് കുറച്ചു കൂടെ കര്‍ക്കശമാക്കി. അത് ഇപ്പോഴത്തെ കൂട്ടക്കുരുതിയില്‍ ചെന്നെത്തി നില്‍ക്കുന്നു.
അധിനിവേശത്തിനിരയാവുന്ന ഏത് ജനതക്കും ചെറുക്കാനുള്ള അവകാശമുണ്ട്. അതാണ്‌ ഗാസയിലെ ജനങ്ങള്‍ ചെയ്യുന്നതും .

ലെബനോനിലേക്ക് 2006 ല്‍ നടത്തിയ അക്രമണം ഇസ്രയേലിന്റെ പരാജയത്തില്‍ കലാശിച്ചത് ഓര്‍ക്കുന്നത് ഇത്തരുണത്തില്‍ നല്ലതായിരിക്കും . ഇസ്രായേലിലെ തീവ്രവാദികള്‍ തെരഞ്ഞെടുപ്പു വിജയത്തിനു വേണ്ടി നടത്തിയ ഈ നാടകം മധ്യപൂര്‍വ ദേശത്തും മറ്റിടങ്ങളിലും ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും എന്നതില്‍ സംശയമില്ല. ഹമാസ് നേതാവ്‌ ഖാലിദ് മശാല്‍ അതു വ്യക്തമായി പറയുകയും ചെയ്തു.

ഇനി കാത്തിരുന്ന് കാണാം .