Monday, 22 June 2015

നിലവിളക്കും മമ്മൂട്ടിയും 



അടുത്ത കാലത്ത് മാദ്ധ്യമങ്ങളില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട വിഷയമാണ്, ഒരു പൊതു ചടങ്ങില്‍ കേരള വിദ്യാഭ്യാസമന്ത്രി അബ്ദു റബ്ബ് നിലവിളക്ക് കൊളുത്താന്‍ മടിച്ചതും, നടന്‍ മമ്മൂട്ടി അതിനെ പരസ്യമായി വിമര്‍ശിച്ചതുമൊക്കെ.

അഗ്നി എന്നത് ഹിന്ദുക്കളുടെ ഒരു ദൈവമായതുകൊണ്ട് നിലവിളക്ക് കൊളുത്തിയാല്‍ അഗ്നിയെ ആരാധിക്കലാണെന്ന്  അദ്ദേഹം തെറ്റിദ്ധരിച്ചിട്ടുണ്ടാകും. അബ്ദു റബ്ബ് മാത്രമല്ല മറ്റ് പല മുസ്ലിങ്ങളും നിലവിളക്ക് കൊളുത്താന്‍ വിസമ്മതിച്ചിട്ടുണ്ട്. അന്നും ഇതൊക്കെ ചര്‍ച്ച ആയിരുന്നു. നിലവിളക്ക് കത്തിച്ചാല്‍ അതിന്റെ പേരില്‍ മുസ്ലിം ദൈവമായ അള്ളാ ഇവരെയൊക്കെ ചത്തു കഴിയുമ്പോള്‍ തീയിലിട്ട് ചുടുമെന്ന് ഇവര്‍ക്ക് പേടിയുണ്ടാകും. അവര്‍ ആ പേടിയില്‍ ജീവിച്ചോട്ടെ.

പക്ഷെ മമ്മൂട്ടി അബ്ദു റബ്ബിനെ ഉപദേശിക്കുന്നത് എന്തിന്റെ അടിസ്ഥാനത്തിലാണെന്ന് മനസിലാകുന്നില്ല. നിലവിളക്ക് കൊളുത്തുന്നത് അനിസ്ലാമികമല്ല എന്നു ശഠിക്കുന്ന മമ്മൂട്ടി  പൊതു ചടങ്ങുകളില്‍ പങ്കെടുക്കുന്നതിന്റെ  ചില ദൃശ്യങ്ങളുടെ ചിത്രങ്ങളാണു താഴെ.





















കേരളത്തില്‍ നിലവിളക്ക് കൊളുത്തുന്നത് ഒരു മതത്തിന്റെയും  ആചാരമല്ല എന്നു തീര്‍ച്ചയുള്ള മമ്മൂട്ടി. മുണ്ടുടുത്തിരിക്കുന്നത് ഇടത്തോട്ടാണ്. മലയാളികളില്‍  മുസ്ലിങ്ങള്‍ മാത്രമേ ഇടത്തോട്ട് മുണ്ടുടുക്കാറുള്ളു. എന്തുകൊണ്ട് മമൂട്ടിക്കും മറ്റ് മലയാളികളേപ്പോലെ വലത്തോട്ട് മുണ്ടുടുത്തു കൂടാ? അദ്ദേഹം അഭിനയിച്ചിട്ടുള്ള അനേകം സിനിമകളില്‍ അദ്ദേഹം വലത്തോട്ട് മുണ്ടുടുത്തിട്ടുണ്ട്. അതിന്റെ അര്‍ത്ഥം അദ്ദേഹത്തിനു വലത്തോട്ട് മുണ്ടുടുക്കാന്‍ അറിയാമെന്നു തന്നെയാണ്.

പക്ഷെ വ്യക്തി ജീവിതത്തില്‍ അദ്ദേഹം മുസ്ലിം രീതി ആയ ഇടത്തോട്ടു തന്നെ മുണ്ടുടുക്കുന്നു. പൊതു വേദികളില്‍ ഇടത്തോട്ട് തന്നെ മുണ്ടുടുത്ത് പ്രത്യക്ഷപ്പെടുന്നു. റബ്ബിന്റെ കാര്യവും ഇതു തന്നെ. വ്യക്തിപരമായി അദ്ദേഹം നിലവിളക്ക് കൊളുത്താന്‍ ഇഷ്ടപ്പെടുന്നില്ല. പൊതു വേദിയില്‍ അത് ചെയ്യാനും തയ്യാറല്ല. രണ്ടു പേരുടെയും നിലപാടില്‍ ഞാന്‍ യാതൊരു വ്യത്യാസവും കാണുന്നില്ല.

ഈ കുറിപ്പ് റബ്ബിനെ ന്യായീകരിക്കുന്നതല്ല. മമ്മൂട്ടിയെ വിമര്‍ശിക്കുന്നതാണ്.

മമ്മൂട്ടി വിവാദമുണ്ടാക്കിയ ചടങ്ങില്‍ പോലും അദ്ദേഹം മുണ്ടുടുത്തിരിക്കുന്നത് ഇടത്തോട്ടാണ്.



നിലവിളക്ക് ഒരു മതത്തിന്റെയും ദൈവമല്ല. അഗ്നി ഹിന്ദുക്കളുടെ ഒരു ദൈവമാണ്. തീ ഉപയോഗിക്കാത്ത ഒരു ജനതയുമില്ല.  ഹിന്ദുക്കളുടെ ദൈവമായ അഗ്നി ഞങ്ങള്‍ക്കാര്‍ക്കും വേണ്ട എന്നു പറയാനുള്ള ആര്‍ജ്ജവം ഒരു മുസ്ലിമിനും ഇല്ല.

അഗ്നിയെ ആരാധിക്കുന്ന ഹിന്ദു നിലവിളക്കിലെ അഗ്നിയെ മാത്രമല്ല ഏത് തരത്തിലുള്ള അഗ്നിയേയും ആരാധിക്കുന്നുണ്ട്. പണ്ടു കാലത്ത് നിലവിളക്കൊക്കെ സവര്‍ണ്ണ ഹിന്ദുക്കളുടെ ആഢ്യത്വത്തിന്റെ ചിഹ്ന്നമായിരുന്നു. സവര്‍ണ്ണരായ പണക്കാര്‍ മാത്രമേ അതുണ്ടാക്കിയിരുന്നുള്ളു. അവരുടെ ആരാധനാലയങ്ങളില്‍ ഉപയോഗിച്ചിരുന്നുള്ളു. ഇന്ന് പക്ഷെ പക്ഷെ അവര്‍ണ്ണരും മറ്റ മത വിശ്വാസികളുമൊക്കെ ഇത് ഒരു സാധാരണ കാഴ്ച്ച വസ്തു പോലെ സ്വീകരണ മുറികളില്‍ വയ്ക്കുന്നു. വിവാഹം പോലുള്ള പല ചടങ്ങുകളിലും കത്തിക്കുന്നു. പല മുസ്ലിം പള്ളികളിലും നിലവിളക്കുപയോഗിക്കുന്നുമുണ്ട്. അനേകം ക്രൈസ്തവ ദേവാലയങ്ങളിലും ഇത് കാണുന്നുമുണ്ട്.

അബ്ദു റബ്ബ് എന്ന മുസ്ലിം ഒരു നിലവിളക്ക് കൊളുത്തിയാല്‍ ഉടനെ അഗ്നിയെ ആരാധിച്ചു എന്നു തീരുമാനിക്കുന്ന മുസ്ലിം ദൈവത്തെ ഓര്‍ത്ത് സഹതാപം മാത്രം തോന്നുന്നു.



Saturday, 30 May 2015

എന്തുകൊണ്ട് എഴുതുന്നില്ല.


----------------------------------------

പലരില്‍ നിന്നും കഴിഞ്ഞ ഒരു മാസമായി ലഭിക്കുന്ന ചോദ്യമാണിത്. ഇ മെയിലിലൂടെയും നേരിട്ടും ഈ ചോദ്യം വരുന്നുണ്ട്. ചോദിക്കുന്നവരില്‍ സൈബര്‍ സുഹൃ ത്തുക്കളുണ്ട്. അഭ്യുദയകാംഷികളുണ്ട്. പിന്തുണക്കാരുണ്ട്. നിഷ്പക്ഷരുണ്ട്. എതിരാളികളും കൊടിയ ശത്രുക്കളും വരെ ഉണ്ട്. ഒരു മാസത്തോളമായി മൌനത്തിലായിരുന്നു. ബ്ളോഗിലും  face book ലും.

കഴിഞ്ഞ ഒരു വര്‍ഷമായി  കുടുംബത്തില്‍ നിന്നും മാറി ദൂരെ ഒരു സ്ഥലത്ത് ജോലി ചെയ്യേണ്ടി വന്നു. മാസത്തിലൊരിക്കലേ  കുടുംബാംഗങ്ങളെ കാണാന്‍ സാധിച്ചിരുന്നുള്ളു. സ്കൈപ്പിലൂടെ എല്ലാ ദിവസവും കാണാറുണ്ടായിരുന്നെങ്കിലും  ഏകാന്തത വളരെ ഏറെ വീര്‍പ്പുമുട്ടിച്ചു. ആശ്വാസമായി ഒന്നു രണ്ട് അടുത്ത സുഹൃത്തുക്കളുണ്ടായിരുന്നു. സഹോദരങ്ങളേപ്പോലെ  അടുത്തു പെരുമാറിയിരുന്നവര്‍. ജോലി സ്ഥലത്ത് ചെറിയ ചില പ്രശ്നങ്ങളുണ്ടായി. അതിറിയുന്ന ആത്മാര്‍ത്ഥ സുഹൃത്ത് സാന്ത്വനമായി കൂടെ നിന്നു.  ഒറ്റപ്പെടുന്നു എന്ന തോന്നലുണ്ടാക്കാതെ തന്നെ കൂടെ ഉണ്ടായിരുന്നു. ഒരു സഹോദരനേപ്പോലെ എല്ലാ സഹായങ്ങളും ചെയ്തു തന്നു.

പക്ഷെ ചില തെറ്റിദ്ധാരണകളുണ്ടായി. എല്ലാം തകിടം മറിഞ്ഞു. ഒരിക്കലും പ്രതീക്ഷിക്കാത്ത ചില പരാമര്‍ശങ്ങള്‍ കേള്‍ക്കേണ്ടി വന്നു. സ്വപ്നത്തില്‍ പോലും കരുതാത്ത ആരോപണങ്ങളുണ്ടായി. തെറ്റിദ്ധരിക്കപ്പെടുന്ന സൌഹൃദം മനസിന്റെ വിങ്ങലാണ്. ആ വിങ്ങലിലാണു ഞാനിപ്പോള്‍. ഒന്നും എഴുതാന്‍  തോന്നുന്നില്ല. പഴയ ഒറ്റപ്പെടലിലേക്ക് തിരിച്ചു പോകുന്നതുപോലെ. കുറച്ചു കാലത്തേക്കെങ്കിലും ആ പഴയ ദു:ഖപൂര്‍ണ്ണമായ ഏകാന്തത തിരിച്ചു കിട്ടുക. അത് എന്റേത് തന്നെയെന്ന് തിരിച്ചറിയുക. അതെപ്പോഴും എന്നോടു കൂടി ഉണ്ടായിരുന്നെന്നും. ഇപ്പോള്‍ അത് മാത്രം.

കാലം മായ്ക്കാത്ത മുറിവുകളില്ല. ഈ മുറിവും കാലം മായ്ക്കുമെന്നും തെറ്റിധാരണകള്‍  അകലുമെന്നും പ്രതീക്ഷിക്കുന്നു. 

Thursday, 9 April 2015

താത്രിക്കുട്ടി


ശ്രീ മാടമ്പ് കുഞ്ഞുകുട്ടന്‍ ഭ്രുഷ്ട് എന്ന പേരില്‍ ഒരു നോവലെഴുതിയിട്ടുണ്ട്. അതിലെ ഒരു വാചകം ഇങ്ങനെയാണ്.

താത്രിക്കുട്ടി ഇമകള്‍  കൂട്ടിത്തല്ലിയപ്പോള്‍ നലുകെട്ടിന്റെ അസ്തിവാരമിളകി.

ഭ്രുഷ്ട് എന്ന നോവലിലെ പ്രധാന കഥപാത്രമാണ്, താത്രിക്കുട്ടി. നമ്പൂതിരി ജാതിയില്‍ പണ്ട് നടന്ന ഒരു സംഭവത്തെ ആസ്പദമാക്കി എഴുതപ്പെട്ട നോവലാണത്. പിഴച്ചു പോകുന്ന അന്തര്‍ജനത്തെ വിചാരണ ചെയ്ത് പടിയടച്ച് പിണ്ഡം വയ്ക്കുന്ന നടപടിയെ സ്മാര്‍ത്ത വിചാരമെന്നായിരുന്നു വിളിച്ചിരുന്നത്. ചെറുപ്രായത്തില്‍ വയസനായ നമ്പൂരിക്ക് വേളി കഴിക്കാന്‍ നിന്നുകൊടുക്കേണ്ടി വന്ന ചെറുപ്പക്കാരി ആയ താത്രിക്കുട്ടിക്ക് മറ്റ പല നമ്പൂരിമാര്‍ക്കും കീഴ്പ്പെടേണ്ടി വന്നു. അതിനേത്തുടര്‍ന്നായിരുന്നു സ്മാര്‍ത്ത വിചാരം  നടത്തിയതും താത്രിക്കുട്ടിയെ പടിയടച്ച് പിണ്ഡം വച്ചതും. അന്ന് പക്ഷെ തത്രിക്കുട്ടി പറഞ്ഞ പേരുകള്‍ കേട്ട് നാലുകെട്ട് ആടിയിലഞ്ഞു.

ഇന്ന് കേരളത്തിലും ഒരഭിനവ താത്രിക്കുട്ടി അവതരിച്ചിരിക്കുന്നു. കഴിഞ്ഞ രണ്ടു വര്‍ഷങ്ങളായി കേരളം ഭരിക്കുന്ന ഉമ്മന്‍ ചാണ്ടി മന്ത്രിസഭയെ തന്റെ സാരിത്തുമ്പില്‍ കെട്ടി വലിച്ചു നടക്കുന്ന സരിത നായര്‍. ഉമ്മന്‍ ചാണ്ടിയുമായുള്ള സൌഹൃ ദം മുതലെടുത്ത് വന്‍ തട്ടിപ്പു നടത്തിയ വ്യക്തിയാണീ താത്രിക്കുട്ടി. അവര്‍ ഇടക്കിടക്ക് ചില കടലാസുകള്‍ വീശി കാണിക്കും. അപ്പോള്‍ കേരള മന്ത്രിസഭയുടെ അസ്തിവാരം ഇളകയൊന്നുമില്ല. ഇളകാന്‍ അതിന്, അസ്തിവാരമില്ല എന്നതു തന്നെ.പക്ഷെ താത്രികുട്ടി കടലാസു വീശുമ്പോള്‍ കോടികള്‍ തത്രിക്കുട്ടിയുടെ ഖജനാവിലേക്ക് ഒഴുകി എത്തും. മന്ത്രിമാരും രാഷ്ട്രിയക്കാരും അഴിമതിയിലൂടെ സമ്പാദിച്ച കള്ളപ്പണവും സിനിമാ നടന്മാര്‍ നികുതി വെട്ടിപ്പിലൂടെ അടിച്ചു മാറ്റുന്ന കള്ളപ്പണവും അങ്ങനെ സരിതയുടെ ഖജനാവിലേക്ക് ഒഴുകുന്നു.

ഏറ്റവും ഒടുവില്‍  താത്രിക്കുട്ടി വീശിയ കടലാസില്‍ കേരള രാഷ്ട്രീയ സിനിമാ രംഗത്തെ പല പ്രമുഖരുടെയും പേരുകള്‍ ഉണ്ട്. ഇവരൊക്കെ താത്രിക്കുട്ടിയെ പീഢിപ്പിച്ചു എന്നാണിവരുടെ ആക്ഷേപം. പീഢനത്തിനു പുതിയ നിര്‍വചനം അങ്ങനെ ഉണ്ടായി.തട്ടിപ്പു നടത്താന്‍ വേണ്ടി ഈ സ്ത്രീ പലര്‍ക്കും സ്വയം കാഴ്ച്ച വച്ചിട്ടുണ്ടാകാം. അതിന്റെ മറവില്‍ പലരെയും അവര്‍ മനപ്പൂര്‍വം ലിസ്റ്റില്‍ ഉള്‍പ്പെടുത്തി ഭീക്ഷണിപ്പെടുത്തുന്നുമുണ്ടാകാം.

കോണ്‍ഗ്രസ് പാര്‍ട്ടിയിലെ പ്രമുഖരായ പലരെയും ഇതുപോലെ ബ്ലാക് മെയില്‍ ചെയ്തിട്ടും ഇവര്‍ക്കെതിരെ ചെറുവിരലനക്കാന്‍ ഉമ്മന്‍ ചാണ്ടിക്ക് സാധിക്കുന്നില്ല. ഉമ്മന്‍ ചാണ്ടിയും ലിസ്റ്റില്‍ ഉണ്ടാകുമോ എന്തോ.

കേരള രാഷ്ട്രീയം ഇത്രയേറെ മലീമസമായ ഒരവസ്ഥ ഇതിനു മുമ്പുണ്ടായിട്ടില്ല.