Sunday, 6 September 2015

മൃദു ഹിന്ദുത്വ



മൃദു ഹിന്ദുത്വ
-------------------------

ഇടതുപക്ഷ ചിന്താഗതിക്കാരനും സി പി എമ്മിലെ പടലപിണക്കത്തില്‍ വി എസ് അച്യുതാന്ദനെ പ്രകടമായി എതിര്‍ക്കുന്ന ആളുമാണ്, ശ്രീ സെബിന്‍ ജേക്കബ്. 2009ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണി ദയനീയമായി പരാജയപ്പെട്ടു. അന്ന്  വി എസ് അച്യുതാനന്ദന്‍ സി പി എമ്മിന്റെ തോല്‍വിയില്‍ ആഹ്ളാദം പ്രകടിപ്പിച്ച് ചിരിച്ചു എന്നായിരുന്നു പിണറായി വിജയന്റെ  ഭക്തരൊക്കെ പാടി നടന്നത്.

2009 ജൂണ്‍ മാസത്തില്‍  സെബിന്‍  ജേക്കബ് എഴുതിയ ഒരു ലേഖനത്തില്‍  വി എസിനെ വിമര്‍ശിച്ചുകൊണ്ടുള്ള ചില  വാചകങ്ങള്‍ ഉണ്ടായിരുന്നു. ഇതാണത്.

ആ ചിരി നിലനില്‍ക്കണേ ദൈവമേ..

""""ഇടതുപക്ഷത്തു് മൃദുഹൈന്ദവതയോ എന്നു് അമ്പരക്കേണ്ടതില്ല. വിഎസ് വളര്‍ത്തിയെടുത്ത ഈ കൊടിയ വിപത്തിനെ പാര്‍ട്ടി നേരിട്ടേ മതിയാകൂ. അലസമധുരമയ അമ്പലവാസി സംസ്കാരം പാര്‍ട്ടിക്കുള്ളില്‍ അടിഞ്ഞുകൂടുകയാണു്. അതു് മുസ്ലീംവിരുദ്ധവും ക്രിസ്ത്യന്‍വിരുദ്ധവുമാണു്. അതു് ഉറപ്പായും സമൂഹവിരുദ്ധവുമാണു്. ആരോ പറഞ്ഞതുപോലെ സ്വാത് ഇതാ ഇവിടെ തന്നെയുണ്ടു്.""""

വായിക്കുന്നവര്‍ക്ക് അര്‍ത്ഥം  ശരിക്കും പിടി കിട്ടിയിരിക്കുമല്ലോ. ഇടതുപക്ഷത്ത് മൃദുഹൈന്ദവതയുണ്ട്. അത് കൊടിയ വിപത്താണ്. വി എസ് ആണത് വളര്‍ത്തി എടുത്തത്. അതു വഴി സി പി എമ്മിനുള്ളില്‍ അമ്പലവാസി സംസ്കാരം അടിഞ്ഞു കൂടുകയാണ്. അതിനെ സ്വാതിനോട് ഉപമിക്കാം. സ്വാത് എന്നു പറയുന്നത് പാകിസ്താനിലെ സ്വാത് താഴ്വരയാണ്. അവിടമാണ്, ഇസ്ലാമിക തീവ്രവാദത്തിന്റെ കേന്ദ്രമെന്നാണ്, റിപ്പോര്‍ട്ടുകള്‍. വി എസ് കാരണം സി പി എമ്മിലും അതു വഴി കേരളത്തിലും തീവ്രഹൈന്ദവത ഊയിര്‍ത്തെഴുന്നേല്‍ക്കാന്‍ പോകുന്നു എന്നായിരുന്നു സെബിന്‍ ഉത്ബുദ്ധരായ മലയാളികളെ ഓര്‍മ്മിപ്പിച്ചത്.

ഇതോര്‍മ്മിപ്പിക്കാന്‍ ഉള്ള കാരണം മറ്റൊന്നാണ്. സി പി എം സെക്രട്ടറി ആയിരുന്ന വിജയന്‍ മദനി എന്ന മുസ്ലിം തീവ്രവാദിയെ കെട്ടിപ്പിടിക്കാനും ഉമ്മ വയ്ക്കാനും നടക്കുന്നത് ശരിയായ സമീപനമല്ല എന്ന് വി എസ് ഓര്‍മ്മപ്പെടുത്തിയതായിരുന്നു. മദനിയുമായുള്ള ചങ്ങാത്തം ശരിയായില്ല എന്ന് പിന്നീട് സി പി എം തന്നെ സമ്മതിച്ചതാണെന്നോര്‍ക്കുക.

 മദനിയേപ്പൊലുള്ള തീവ്ര മുസ്ലിങ്ങള്‍ ഒരിക്കലും  കമ്യൂണിസ്റ്റാശയങ്ങളോട് ആഭിമുഖ്യം പ്രകടിപ്പിക്കില്ല എന്ന് തീര്‍ച്ചയുള്ള ഒരു കമ്യൂണിസ്റ്റുകാരനും  മുസ്ലിം തീവ്രവാദികളുടെ കൂട്ടുപിടിക്കാന്‍ പോകില്ല. പക്ഷെ വിജയനേപ്പോലെ കമ്യൂണിസ്റ്റാശയങ്ങളില്‍ വെള്ളം ചേര്‍ക്കുന്നവര്‍ക്ക് അതിനോട് യോജിപ്പില്ലായിരുന്നു.

സെബിന്‍ ഈ പ്രവചനം നടത്തിയിട്ട് ഇപ്പോള്‍ 7 വര്‍ഷം പിന്നിട്ടിരിക്കുന്നു. അതിനു ശേഷം സി പി എമ്മില്‍  വളരെയധികം മാറ്റങ്ങളുണ്ടായി. വിജയന്‍ സെക്രട്ടറി സ്ഥാനത്തു നിന്നും മാറി. വിജയനെ എന്നും പിന്തുണച്ചിരുന്ന  പ്രകാശ് കാരാട്ട് കേന്ദ്ര സെക്രട്ടറി സ്ഥാനമൊഴിഞ്ഞു. വി എസിനെ മിക്കപ്പോഴും  സഹായിച്ചിരുന്ന സീതാറാം യച്ചൂരി സെക്രട്ടറി ആയി. വി എസിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കണമെന്ന ദുശാഠ്യത്തില്‍ നിന്നും കേരള സി പി എം പതുക്കെ മാറി. ഇപ്പോഴും വി എസിനെ പൂര്‍ണ്ണമായും ഉള്‍ക്കൊള്ളാന്‍ അവര്‍ തയ്യാറല്ലെങ്കിലും വി എസിനെ പുറത്തു കളഞ്ഞാല്‍ ദൂര വ്യപകമായ ഭവിഷ്യത്തുണ്ടാകുമെന്ന തിരിച്ചറിവിലേക്ക് അവര്‍ എത്തി ചേര്‍ന്നു.

സെബിന്‍ പ്രവചിച്ചത് അക്ഷരം പ്രതി ശരിയായി വരുന്ന സൂചനകളാണിപ്പോള്‍ കാണുന്നത്. സെബിനെയും കടത്തി വെട്ടി കേരളത്തില്‍ മൃദുഹൈന്ദവതയല്ല തീവ്ര ഹൈന്ദവത തന്നെ ശക്തി പ്രാപിക്കുന്ന കാഴ്ച്ചയാണ്, കേരളം അത്ഭുതത്തോടെ കാണുന്നത്. സി പി എമ്മിനു പരമ്പരാഗതമായി കിട്ടിക്കൊണ്ടിരുന്ന ഹൈന്ദവ വോട്ടുകളില്‍ പലതും ഇപ്പോള്‍ ബി ജെപിയിലേക്കു പോകുന്നു. അത്  പിണറായി വിജയന്‍ തിരിച്ചറിഞ്ഞു കഴിഞ്ഞു.  വെള്ളാപ്പള്ളി നടേശനെതിരെ കൊടുവാളും കൊണ്ട് നടക്കുന്നതിന്റെ പിന്നിലെ രഹസ്യം അതു തന്നെയാണ്.

പിണറായി വിജയന്റെ വികല നയങ്ങള്‍ സി പി എമിന്റെ ഹൈന്ദവ വോട്ടുകളില്‍ വിള്ളലുണ്ടാക്കുമെന്ന് വി എസ് ഒരു പറ്റിറ്റാണ്ടു മുന്നെ മുന്നറിയിപ്പു നല്‍കിയതാണ്. അതിനെയായിരുന്നു സെബിനൊക്കെ വി എസ് ഇടതുപക്ഷത്ത് മൃദുഹൈന്ദവതയെ വളര്‍ത്തി എടുത്തു എന്ന കള്ളം പറഞ്ഞധിഷേപിച്ചത്. ബി ജെപിയിലേക്ക് പോകുന്ന വോട്ടുകളില്‍ ഭൂരിഭാഗവും ഇന്ന് ഇടതുപക്ഷത്തു വരേണ്ട വോട്ടുകളാണെന്ന് യാഥാര്‍ത്ഥ്യം ഇപ്പൊഴെങ്കിലും സെബിനേപ്പോലുള്ളവര്‍ അംഗീകരിക്കില്ലെങ്കിലും ഇതാണു വാസ്തവം.

വി എസിനൊരു സ്ഥാനവും ഇല്ലാത്ത കേരള സി പി എം ഇപ്പോള്‍ മൃദുഹൈന്ദവതയും കടന്ന് തീവ്ര ഹൈന്ദവതയുടെ ആള്‍ക്കാരയി മാറുന്ന കാഴ്ച്ചയാണ്,  കേരളം കാണുന്നത്. കമ്യൂണിസ്റ്റുകാരുടെ കുട്ടികളെ ഹിന്ദു ദൈവമായ ശ്രീഷ്ണന്റെ വേഷം കെട്ടിച്ച് കേരളത്തില്‍ പലയിടത്തും ഘോഷയാത്ര നടത്തുന്നു.

ഇതിനൊരു കാരണമേ ഇപ്പോള്‍ കണ്ടെത്താന്‍ കഴിയുന്നുള്ളു. വെള്ളാപ്പള്ളി നടേശന്‍ എസ് എന്‍  ഡി പി യെ ബി ജെ പി പാളായത്തിലേക്ക് നയിക്കുന്നതാണത്. അതു വഴി കുറെ ഈഴവ വോട്ടുകളെങ്കിലും ബി ജെ പിയിലേക്ക് പോകുമെന്ന് തീര്‍ച്ചയാണ്. അരുവിക്കര ഉപതെരഞ്ഞെടുപ്പില്‍ അത് കണ്ടു.  അരുവിക്കര ഉപതെരഞ്ഞെടുപ്പില്‍  ജയിക്കേണ്ടിയിരുന്ന സി പി എം തോറ്റു പോയി. സി പി എമ്മിനു കിട്ടേണ്ടിയിരുന്ന ഈഴവ വോട്ടുകള്‍ പലതും ബി ജെ പി സ്ഥാനാര്‍ത്ഥി രാജഗോപാലിനു പോയി. തെരഞ്ഞെടുപ്പു പരാജയം വിലയിരുത്താന്‍ ചേര്‍ന്ന  യോഗത്തില്‍ ഇ പി ജയരാജന്‍ പറഞ്ഞ ഒരഭിപ്രായത്തിന്റെ റിപ്പോര്‍ട്ടുകള്‍  വായിച്ചിരുന്നു. അദ്ദേഹം പറഞ്ഞത് ഇതായിരുന്നു.  "  ഇനി വരുന്ന തിരഞ്ഞെടുപ്പുകളിൽ വിജയിക്കാൻ  പാർട്ടി ക്ക് ഭൂരിപക്ഷവർഗ്ഗീയത കളിക്കേണ്ടി വരും " ആ കളിയാണിപ്പോള്‍ ശ്രീഷ്ണ ജയന്തി ആഘോഷത്തിന്റെ പേരില്‍ നടത്തിയ വേഷം കെട്ടല്‍.

സി പി എമ്മിന്റെ ഉറച്ച വോട്ടുകളില്‍ ഭൂരിഭാഗവും ഹൈന്ദവ വോട്ടുഅക്ളാണ്. കൂടുതലും ഈഴവ സമുദായത്തിന്റേതാണ്.  ഇതില്‍ ഇന്നു കുറച്ച് വോട്ടുകള്‍ ബി ജെ പിയിലേക്ക് പോയിട്ടുണ്ട് എന്നതില്‍ വാസ്തവമുണ്ട്. പക്ഷെ അതിനെ നേരിടാന്‍ സി പി എം ഇതുപോലെ തരം താഴേണ്ട ആവശ്യമുണ്ടോ? ബീഫ് ഫെസ്റ്റിവല്‍ നടത്തുന്ന പാര്‍ട്ടി ശ്രീഷ്ണ ജയന്തി ആഘോഷിക്കുന്നതില്‍ അല്‍പ്പം പന്തികേടില്ലേ?

ഒരു മതത്തിന്റെയും  ജാതിയുടെയും കൂട്ടു പിടിക്കാതെ 1987 ല്‍ ഇടതുമുന്നണി കേരളത്തില്‍ അധികരത്തിലേറിയിട്ടുണ്ട്. ആ നിലപ്ടാണ്, സി പി എമ്മും ഇടതു പാര്‍ട്ടികളും എടുക്കേണ്ടത്. ഡെല്‍ഹിയില്‍ ആം ആദ്മിയെ പിന്തുണക്കാന്‍ പരസ്യമായി വന്ന ജാതി മത ശക്തികളോട് ഞങ്ങള്‍ക്ക് നിങ്ങളുടെ പിന്തുണ അവശ്യമില്ല, ഡെല്‍ഹിയിലെ ജനങ്ങളുടെ വോട്ടുകള്‍ മതി  എന്നു പറഞ്ഞ കെജ്‌രിവാളിന്റെ ആര്‍ജ്ജവം പോലും കാണിക്കാന്‍ ഇന്ന് സി പി എമ്മില്‍ ആരുമില്ല. അതാണു സി പി എമ്മിന്റെ അപചയം. സി പി എമ്മിനോടൊപ്പം ഇടതുപക്ഷ മനസുള്ള കേരളീയരുടെയും ഗതികേടാണിത്.

ഒരു ജാതിയുടെയും മത ശക്തികളുടെയും കൂട്ടുപിടിക്കാതെ 1987 ല്‍ കേരളത്തില്‍ ഇടതുപക്ഷത്തിനും ഇപ്പോൾ ഡെല്‍ഹില്‍ കേജ്‌രിവാളിനും ജയിക്കാമെങ്കില്‍  എന്തിനു വെള്ളാപ്പള്ളിയുടെ നിലപാടിൽ വിളറി പിടിക്കണം? സത്യസന്ധമായ രാഷ്ട്രീയ നിലപാടും ജനങ്ങളെ വെറുപ്പിക്കാത്ത അവരെ പുലഭ്യം പറയാത്ത നേതാക്കളും ഉണ്ടെങ്കിൽ ഏതു പാര്‍ട്ടിയേയും  ജനങ്ങള്‍  വിജയിപ്പിക്കും.

സി പി എം സംവദിക്കേണ്ടത്  ജനങ്ങളോടാണ്. ജാതി മത ശക്തികളോടല്ല. അങ്ങനെ ഒരു നിലപാട് സി പി എം എടുത്തപ്പോഴൊക്കെ ജനങ്ങള്‍ സി പി എമ്മിന്റെ കൂടെ നിന്നിട്ടുണ്ട്. ഇനിയും നില്‍ക്കുകയും ചെയ്യും. അത് തിരിച്ചറിയാതെ പോയാല്‍ അതിനു വലിയ വില കൊടുക്കേണ്ടി വരിക സി പി എം തന്നെയായിരിക്കും.