Sunday, 28 June 2015

ലൈംഗിക ന്യൂന പക്ഷം



അമേരിക്കയില്‍ സ്വവര്‍ഗ്ഗ വിവാഹം നിയമാനുസൃ തമാക്കിക്കൊണ്ട് അവിടത്തെ സുപ്രീം കോടതി വിധി ഉണ്ടായപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ അത് വളരെ ഏറെ ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്. അറിഞ്ഞോ അറിയാതെയോ അതില്‍ മിക്കതിലും ഒരു തെറ്റിദ്ധാരണ കടന്നു കൂടുന്നതായി കാണുന്നു. സ്വവര്‍ഗ്ഗ പ്രേമികളെയും, സ്വവര്‍ഗ്ഗ സ്നേഹികളെയും, സ്വവര്‍ഗ്ഗ ലൈംഗികതിയില്‍ ഏര്‍പ്പെടുന്നവരെയും  ലൈംഗിക ന്യൂന പക്ഷമായി ചിത്രീകരിച്ചു കാണുന്നു. അത് ശരിയല്ല.

യഥാര്‍ത്ഥത്തില്‍ ലൈംഗിക ന്യൂന പക്ഷം എന്നു വിളിക്കേണ്ടത് പുരുഷനെന്നോ സ്ത്രീയെന്നോ ഉള്ള രണ്ടു ലിംഗങ്ങളില്‍ ഉള്‍പ്പെടുത്താന്‍ പറ്റാത്തവരെയാണ്.  ശാരീരികമായി പുരുഷത്വവും സ്ത്രീത്വവും പൂര്‍ണ്ണമായി രൂപപ്പെടാത്തവരെയാണ്, ഈ വകുപ്പില്‍ ഉള്‍പ്പെടുത്തേണ്ടത്.

പുരുഷനു പുരുഷനോടും സ്ത്രീക്ക് സ്ത്രീയോടും ഇഷ്ടം തോന്നുന്നവരൊക്കെ ന്യൂനപക്ഷമാണെന്നതിന്, ആധികാരികമായ ഒരു തെളിവുമില്ല. സ്വവര്‍ഗ്ഗ ലൈംഗികതയിലും  വിവാഹത്തിലും  ഏര്‍പ്പെടുന്നവ രില്‍ ബഹുഭൂരിപക്ഷവും  പുര്‍ണ്ണമായും സ്ത്രീയോ അല്ലെങ്കില്‍ പുരുഷനോ ആണെന്നതാണു സത്യം. അവരെ ലൈംഗിക ന്യൂന പക്ഷമായി എങ്ങനെ  വിലയിരുത്താനാകും?

സ്വവര്‍ഗ്ഗ ലൈംഗികത ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിട്ടുള്ള വിഷയമാണ്.  അതിനു മനുഷ്യ ചരിത്രത്തോളം പഴക്കവുമുണ്ട്. ഭൂരിഭാഗവും മനുഷ്യരുടെയും ലൈംഗികത  ജനിതകമായി നിര്‍ണ്ണയിക്കപ്പെടുന്നതാണ്. ജീവിതത്തിന്റേ എതെങ്കിലും കാലഘട്ടത്തില്‍ സ്വവര്‍ഗ്ഗത്തോട് ഭൂരിപക്ഷം പേര്‍ക്കും ഏതെങ്കിലും തരത്തിലുള്ള ഇഷ്ടമോ അഭിനിവേശമോ ഒക്കെ ഉണ്ടാകാറുണ്ട്. അത്  വെറുതെ ഒരുമിച്ചു നടക്കണമെന്ന ആഗ്രഹമായിരിക്കാം. അടുത്തിടപഴകാനുള്ള ആഗ്രഹമായിരിക്കാം. സ്പര്‍ശനത്തിനുള്ള ആഗ്രഹമായിരിക്കാം. ഒരുമിച്ച് കിടന്നുറങ്ങാനുള്ള ആഗ്രഹമായിരിക്കാം. ഇതില്‍ ഭൂരിഭാഗത്തിലും ലൈംഗികത ഒരു ഘടകമാകണമെന്നില്ല. ലൈംഗികത കടന്നു വരുന്നത് ഈ  അവസ്ഥയുടെ മൂര്‍ദ്ധ്യനത്തിലാണ്.

സ്വവര്‍ഗ്ഗ ആകര്‍ഷണത്തെ  ഇടക്കലാത്ത് മാനസിക രോഗമായി കണ്ടിരുന്നു. പ്രത്യേകിച്ച് മതം ഇതില്‍ ഇടപെട്ട് ചില നിബന്ധനകള്‍ ഉണ്ടാക്കിയപ്പോള്‍. യഹൂദ ചരിത്രത്തിലെ സോദോം ഗൊമോറ കഥകളൊക്കെ അങ്ങനെ കടന്നു വന്നവയാണ്. പക്ഷെ ശാസ്ത്രം പുരോഗമിച്ചപ്പോള്‍ ഈ നിലപാടിനു ശാസ്ത്രീയമായ പിന്‍ബലമില്ലാതെ വന്നു. ഒരു മാനസിക രോഗമോ,  പെരുമാറ്റ വ്യതിചലനമോ, സാഹചര്യ സൃഷ്ടിയോ എന്നതില്‍ നിന്നും  ഇതൊരു സ്വാഭാവിക പ്രക്രിയ ആണെന്ന നിലപാടിലേക്ക് വൈദ്യശാസ്ത്രം എത്തി ചേര്‍ന്നു. അപ്പോഴാണ്, പല സമൂഹങ്ങളും ഇതിനെ സ്വാഗതം ചെയ്തു തുടങ്ങിയത്. അതിന്റെ ഏറ്റവും അവസനാന ഉദാഹരണമാണ്, ഇപ്പോള്‍ അമേരിക്കയിലെ സുപ്രീം കോടതി വിധിയും.


പാപ്പുവ ന്യൂ ഗിനി എന്ന രാജ്യത്തെ ഒരു ഗോത്രത്തില്‍ ഇപ്പോഴും പുരുഷ സ്വവര്‍ഗ്ഗ ലൈംഗികത  ഒരു ആണ്‍കുട്ടിയുടെ വളര്‍ച്ചയിലെ സ്വാഭാവികമായ ഒരു ഘട്ടമായിട്ടാണു കണക്കാക്കപ്പെടുന്നത്..

സ്വവര്‍ഗ്ഗ ലൈംഗികതയേക്കുറിച്ച് ആധികാരികമായ പല പഠനങ്ങളും നടന്നിട്ടുണ്ട്. അവയൊക്കെ താഴെ കാണുന്ന ലിങ്കുകളില്‍ വായിക്കാം.

 What do different culturestell us about homosexuality?

Saint Aelred the Queer

Tuesday, 23 June 2015

ഓരോരോ യോഗങ്ങള്‍

ഓരോരോ യോഗങ്ങള്‍
-----------------------------------------------------------------
യോഗ ചെയ്യുന്നതോ ചെയ്യാതിരിക്കുന്നതോ ഓരോരുത്തരുടെയും വ്യക്തിപരമായ പ്രശ്നമാണ്. ഐക്യരാഷ്ട്ര സഭ ഇതുപോലെ അനേകം പ്രഖ്യാപനങ്ങള്‍ നടത്താറും ലോകം മുഴുവന്‍ ആചരിക്കാറുമുണ്ട്. പക്ഷെ ഇന്നു വരെ ഒരു രാജ്യത്തെ ഭരണാധികാരിയും ഇതൊക്കെ ഇതുപോലെ ആഘോഷമാക്കി മാറ്റി മേനി നടിച്ച് കണ്ടിട്ടില്ല. അല്‍പ്പനര്‍ത്ഥം കിട്ടിയാല്‍ അര്‍ദ്ധ രാത്രിക്കും കുടപിടിക്കും എന്ന തരത്തിലാണ്, ഇന്‍ഡ്യന്‍ പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ അവസ്ഥ.
മോദി അധികാരമേറ്റിട്ട് ഒരു വര്‍ഷം കഴിഞ്ഞു. ഐക്യരാഷ്ട്ര സഭ ഇപ്പോള്‍ യോഗ ദിനമായി ആഘോഷിച്ച പോലെ അവരുടെ എല്ലാ ദിനങ്ങളും കഴിഞ്ഞ ഒരു വര്‍ഷം ആഘോഷിച്ചിട്ടുമുണ്ട്. പക്ഷെ മോദി അതൊന്നും അഘോഷിച്ചതായി കണ്ടില്ല. അപ്പോള്‍ ഈ യോഗ ആഘോഷത്തിനു പിന്നില്‍ വ്യക്തമായ അജണ്ടയുണ്ട്.
അനേകം പ്രശ്നങ്ങളില്‍ പെട്ടുഴലുന്ന ഒരു ദരിദ്ര രാജ്യമാണ്, ഇന്‍ഡ്യ. അധികാരത്തിലേറി ഒരു വര്‍ഷം കഴിഞ്ഞിട്ടും ഇന്‍ഡ്യയിലെ ഒരു പ്രശ്നമെങ്കിലും പരിഹരിക്കാനുള്ള രൂപ രേഖ തയ്യാറാക്കുകയോ ജനങ്ങളുടെ മുന്നില്‍ അവതരിപ്പിക്കുകയോ ചെയ്തിട്ടില്ല. തന്റെ പാര്‍ട്ടിക്ക് ഭൂരിപക്ഷമുള്ള പാര്‍ലമെന്റിനെ വരെ നോക്കുകുത്തിയാക്കി ഏകാധിപതിയേപ്പൊലെ തന്നിഷ്ടം നടപ്പിലാക്കുകയാണു മോദി ചെയ്തു കൊണ്ടിരിക്കുന്നത്. തീവ്ര ഹിന്ദുക്കളെ കയറൂരി വിടുകയും ചെയ്തിട്ടുണ്ട്. ഒരു വര്‍ഷം കൊണ്ട് 19 ലോക രാഷ്ട്രങ്ങള്‍ സന്ദര്‍ശിച്ചു കഴിഞ്ഞു. മംഗോളിയ പോലെ ഇന്‍ഡ്യയുമായി പ്രത്യേകിച്ച് ബന്ധമില്ലാത്ത രാജ്യങ്ങള്‍ക്ക് പണക്കിഴികളും നല്‍കി കഴിഞ്ഞു. ഇഷ്ട തോഴനായ അദാനിക്ക് ഓസ്ട്രേലിയയില്‍ ഖനി മേടിക്കാന്‍ ഇന്‍ഡ്യയിലെ നികുതി ദായകരുടെ പണം നല്‍കാനും തീരുമാനമായി. വിദേശത്തു പോകുമ്പോഴൊക്കെ കുത്തക മുതലാളിമാരെ മാത്രം കൂടെ കൊണ്ടു പോകുന്നു. അധികാരം മുഴുവന്‍ തന്നിലേക്ക് കേന്ദ്രീകരിക്കുന്നു. പണ്ട് ഇന്ദിര ഗാന്ധി ചെയ്തപോലെ എല്ലാം കൈപ്പിടിയില്‍ ഒതുക്കുന്നു. അദ്വാനി പറയുന്നതില്‍ കാര്യമുണ്ട്. മറ്റൊരു അടിയന്തരാവസ്ഥയിലേക്കാണോ ഇന്‍ഡ്യ പോകുന്നതെന്ന് ന്യായമായും സംശയിക്കേണ്ടി ഇരിക്കുന്നു. വിമര്‍ശിക്കുന്നവരുടെ വായടപ്പിക്കുന്നു. കേസെടുക്കുന്നു. കള്ളക്കേസുകളെടുക്കുന്നു. ഡെല്‍ഹിയിലെ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കുന്നില്ല.
മോദി വെറും വാഗ്ദാനങ്ങള്‍ മാത്രം നല്‍കുമ്പോള്‍ കെജ്‌രിവാള്‍ നല്‍കിയ വാഗ്ദാനങ്ങള്‍ നടപ്പിലാക്കി കൊണ്ടിരിക്കുന്നു. മോദിയുടെ കഴിവു കേട് മറ്റുള്ളവര്‍ തിരിച്ചറിയുന്നു എന്ന കുറ്റബോധം അദ്ദേഹത്തെ അലട്ടുന്നുണ്ട്. അതുകൊണ്ടാണ്, ഒരു ജനാധിപത്യ രാജ്യത്തിലെ ഭരണാധികാരി എങ്ങനെ ഭരിക്കണം എന്നു തെളിയിച്ചു കൊണ്ടിരിക്കുന്ന കെജ്‌രിവാളിനെ എല്ലാ തരത്തിലും ശ്വാസം മുട്ടിക്കാന്‍ മോദി ശ്രമിക്കുന്നതും.
മോദിയുടെ തെരഞ്ഞെടുപ്പു വാഗ്ദാനങ്ങളില്‍ വളരെ പ്രധാനപ്പെട്ട ഒന്നായിരുന്നു വിദേശത്തുള്ള കള്ളപ്പണം കൊണ്ടു വരും എന്നത്. അതിലേറെ പ്രസക്തം ഓരോ ഇന്‍ഡ്യക്കാരനും 15 ലക്ഷം രൂപ വച്ച് നല്‍കുമെന്നായിരുന്നു. കള്ളപ്പണമന്വേഷിച്ച് മോദി ഇപ്പോള്‍ 19 രാജ്യങ്ങളില്‍ അലഞ്ഞു കഴിഞ്ഞു. ഇന്‍ഡ്യയില്‍ കള്ളപ്പണം വെളുപ്പിക്കുന്ന ഏറ്റവും വലിയ പ്രസ്ഥാനം ഐ പി എല്‍ എന്ന കെട്ടു കാഴ്ച്ചയാണ്. അതിന്റെ ആദ്യ കാല സാരഥി ലളിത് മോദിയും നരേന്ദ്ര മോദിയുടെ പാര്‍ട്ടി നേതാക്കളും മന്ത്രിമാരും തമ്മിലുള്ള ഇടപാടുകളൊക്കെ ഇപ്പോള്‍ പരസ്യമായി കഴിഞ്ഞിരിക്കുന്നു.
അടിയന്തരാവസ്ഥയിലേക്ക് ഇനി അധിക ദൂരമൊന്നും ബാക്കിയില്ല. ഇന്ദിരാ ഗാന്ധി ജനാധിപത്യം അട്ടിമറിച്ചായിരുന്നു അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. പക്ഷെ ഇപ്പോള്‍ ജനാധിപത്യം മാത്രമല്ല അട്ടിമറിക്കപ്പെടുന്നത്. ആയിരക്കണക്കിനു വര്‍ഷങ്ങളായി ഇന്‍ഡ്യ പിന്തുടരുന്ന മത സഹിഷ്ണുതയും കൂടി മോദി അട്ടിമറിക്കുകയാണ്.
ഓരോ ജനതക്കും അവര്‍ അര്‍ഹിക്കുന്ന ഭരണാധികാരിയെ ലഭിക്കുന്നു. ജനത മൂന്നാം കിട ആകുമ്പോള്‍ അവര്‍ക്ക് ഏഴാം കിട നേതാക്കളെയും ലഭിക്കും.


Monday, 22 June 2015

നിലവിളക്കും മമ്മൂട്ടിയും 



അടുത്ത കാലത്ത് മാദ്ധ്യമങ്ങളില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട വിഷയമാണ്, ഒരു പൊതു ചടങ്ങില്‍ കേരള വിദ്യാഭ്യാസമന്ത്രി അബ്ദു റബ്ബ് നിലവിളക്ക് കൊളുത്താന്‍ മടിച്ചതും, നടന്‍ മമ്മൂട്ടി അതിനെ പരസ്യമായി വിമര്‍ശിച്ചതുമൊക്കെ.

അഗ്നി എന്നത് ഹിന്ദുക്കളുടെ ഒരു ദൈവമായതുകൊണ്ട് നിലവിളക്ക് കൊളുത്തിയാല്‍ അഗ്നിയെ ആരാധിക്കലാണെന്ന്  അദ്ദേഹം തെറ്റിദ്ധരിച്ചിട്ടുണ്ടാകും. അബ്ദു റബ്ബ് മാത്രമല്ല മറ്റ് പല മുസ്ലിങ്ങളും നിലവിളക്ക് കൊളുത്താന്‍ വിസമ്മതിച്ചിട്ടുണ്ട്. അന്നും ഇതൊക്കെ ചര്‍ച്ച ആയിരുന്നു. നിലവിളക്ക് കത്തിച്ചാല്‍ അതിന്റെ പേരില്‍ മുസ്ലിം ദൈവമായ അള്ളാ ഇവരെയൊക്കെ ചത്തു കഴിയുമ്പോള്‍ തീയിലിട്ട് ചുടുമെന്ന് ഇവര്‍ക്ക് പേടിയുണ്ടാകും. അവര്‍ ആ പേടിയില്‍ ജീവിച്ചോട്ടെ.

പക്ഷെ മമ്മൂട്ടി അബ്ദു റബ്ബിനെ ഉപദേശിക്കുന്നത് എന്തിന്റെ അടിസ്ഥാനത്തിലാണെന്ന് മനസിലാകുന്നില്ല. നിലവിളക്ക് കൊളുത്തുന്നത് അനിസ്ലാമികമല്ല എന്നു ശഠിക്കുന്ന മമ്മൂട്ടി  പൊതു ചടങ്ങുകളില്‍ പങ്കെടുക്കുന്നതിന്റെ  ചില ദൃശ്യങ്ങളുടെ ചിത്രങ്ങളാണു താഴെ.





















കേരളത്തില്‍ നിലവിളക്ക് കൊളുത്തുന്നത് ഒരു മതത്തിന്റെയും  ആചാരമല്ല എന്നു തീര്‍ച്ചയുള്ള മമ്മൂട്ടി. മുണ്ടുടുത്തിരിക്കുന്നത് ഇടത്തോട്ടാണ്. മലയാളികളില്‍  മുസ്ലിങ്ങള്‍ മാത്രമേ ഇടത്തോട്ട് മുണ്ടുടുക്കാറുള്ളു. എന്തുകൊണ്ട് മമൂട്ടിക്കും മറ്റ് മലയാളികളേപ്പോലെ വലത്തോട്ട് മുണ്ടുടുത്തു കൂടാ? അദ്ദേഹം അഭിനയിച്ചിട്ടുള്ള അനേകം സിനിമകളില്‍ അദ്ദേഹം വലത്തോട്ട് മുണ്ടുടുത്തിട്ടുണ്ട്. അതിന്റെ അര്‍ത്ഥം അദ്ദേഹത്തിനു വലത്തോട്ട് മുണ്ടുടുക്കാന്‍ അറിയാമെന്നു തന്നെയാണ്.

പക്ഷെ വ്യക്തി ജീവിതത്തില്‍ അദ്ദേഹം മുസ്ലിം രീതി ആയ ഇടത്തോട്ടു തന്നെ മുണ്ടുടുക്കുന്നു. പൊതു വേദികളില്‍ ഇടത്തോട്ട് തന്നെ മുണ്ടുടുത്ത് പ്രത്യക്ഷപ്പെടുന്നു. റബ്ബിന്റെ കാര്യവും ഇതു തന്നെ. വ്യക്തിപരമായി അദ്ദേഹം നിലവിളക്ക് കൊളുത്താന്‍ ഇഷ്ടപ്പെടുന്നില്ല. പൊതു വേദിയില്‍ അത് ചെയ്യാനും തയ്യാറല്ല. രണ്ടു പേരുടെയും നിലപാടില്‍ ഞാന്‍ യാതൊരു വ്യത്യാസവും കാണുന്നില്ല.

ഈ കുറിപ്പ് റബ്ബിനെ ന്യായീകരിക്കുന്നതല്ല. മമ്മൂട്ടിയെ വിമര്‍ശിക്കുന്നതാണ്.

മമ്മൂട്ടി വിവാദമുണ്ടാക്കിയ ചടങ്ങില്‍ പോലും അദ്ദേഹം മുണ്ടുടുത്തിരിക്കുന്നത് ഇടത്തോട്ടാണ്.



നിലവിളക്ക് ഒരു മതത്തിന്റെയും ദൈവമല്ല. അഗ്നി ഹിന്ദുക്കളുടെ ഒരു ദൈവമാണ്. തീ ഉപയോഗിക്കാത്ത ഒരു ജനതയുമില്ല.  ഹിന്ദുക്കളുടെ ദൈവമായ അഗ്നി ഞങ്ങള്‍ക്കാര്‍ക്കും വേണ്ട എന്നു പറയാനുള്ള ആര്‍ജ്ജവം ഒരു മുസ്ലിമിനും ഇല്ല.

അഗ്നിയെ ആരാധിക്കുന്ന ഹിന്ദു നിലവിളക്കിലെ അഗ്നിയെ മാത്രമല്ല ഏത് തരത്തിലുള്ള അഗ്നിയേയും ആരാധിക്കുന്നുണ്ട്. പണ്ടു കാലത്ത് നിലവിളക്കൊക്കെ സവര്‍ണ്ണ ഹിന്ദുക്കളുടെ ആഢ്യത്വത്തിന്റെ ചിഹ്ന്നമായിരുന്നു. സവര്‍ണ്ണരായ പണക്കാര്‍ മാത്രമേ അതുണ്ടാക്കിയിരുന്നുള്ളു. അവരുടെ ആരാധനാലയങ്ങളില്‍ ഉപയോഗിച്ചിരുന്നുള്ളു. ഇന്ന് പക്ഷെ പക്ഷെ അവര്‍ണ്ണരും മറ്റ മത വിശ്വാസികളുമൊക്കെ ഇത് ഒരു സാധാരണ കാഴ്ച്ച വസ്തു പോലെ സ്വീകരണ മുറികളില്‍ വയ്ക്കുന്നു. വിവാഹം പോലുള്ള പല ചടങ്ങുകളിലും കത്തിക്കുന്നു. പല മുസ്ലിം പള്ളികളിലും നിലവിളക്കുപയോഗിക്കുന്നുമുണ്ട്. അനേകം ക്രൈസ്തവ ദേവാലയങ്ങളിലും ഇത് കാണുന്നുമുണ്ട്.

അബ്ദു റബ്ബ് എന്ന മുസ്ലിം ഒരു നിലവിളക്ക് കൊളുത്തിയാല്‍ ഉടനെ അഗ്നിയെ ആരാധിച്ചു എന്നു തീരുമാനിക്കുന്ന മുസ്ലിം ദൈവത്തെ ഓര്‍ത്ത് സഹതാപം മാത്രം തോന്നുന്നു.