----------------------------------------
പലരില്‍ നിന്നും കഴിഞ്ഞ ഒരു മാസമായി ലഭിക്കുന്ന ചോദ്യമാണിത്. ഇ മെയിലിലൂടെയും നേരിട്ടും ഈ ചോദ്യം വരുന്നുണ്ട്. ചോദിക്കുന്നവരില്‍ സൈബര്‍ സുഹൃ ത്തുക്കളുണ്ട്. അഭ്യുദയകാംഷികളുണ്ട്. പിന്തുണക്കാരുണ്ട്. നിഷ്പക്ഷരുണ്ട്. എതിരാളികളും കൊടിയ ശത്രുക്കളും വരെ ഉണ്ട്. ഒരു മാസത്തോളമായി മൌനത്തിലായിരുന്നു. ബ്ളോഗിലും face book ലും.
കഴിഞ്ഞ ഒരു വര്‍ഷമായി കുടുംബത്തില്‍ നിന്നും മാറി ദൂരെ ഒരു സ്ഥലത്ത് ജോലി ചെയ്യേണ്ടി വന്നു. മാസത്തിലൊരിക്കലേ കുടുംബാംഗങ്ങളെ കാണാന്‍ സാധിച്ചിരുന്നുള്ളു. സ്കൈപ്പിലൂടെ എല്ലാ ദിവസവും കാണാറുണ്ടായിരുന്നെങ്കിലും ഏകാന്തത വളരെ ഏറെ വീര്‍പ്പുമുട്ടിച്ചു. ആശ്വാസമായി ഒന്നു രണ്ട് അടുത്ത സുഹൃത്തുക്കളുണ്ടായിരുന്നു. സഹോദരങ്ങളേപ്പോലെ അടുത്തു പെരുമാറിയിരുന്നവര്‍. ജോലി സ്ഥലത്ത് ചെറിയ ചില പ്രശ്നങ്ങളുണ്ടായി. അതിറിയുന്ന ആത്മാര്‍ത്ഥ സുഹൃത്ത് സാന്ത്വനമായി കൂടെ നിന്നു. ഒറ്റപ്പെടുന്നു എന്ന തോന്നലുണ്ടാക്കാതെ തന്നെ കൂടെ ഉണ്ടായിരുന്നു. ഒരു സഹോദരനേപ്പോലെ എല്ലാ സഹായങ്ങളും ചെയ്തു തന്നു.
പക്ഷെ ചില തെറ്റിദ്ധാരണകളുണ്ടായി. എല്ലാം തകിടം മറിഞ്ഞു. ഒരിക്കലും പ്രതീക്ഷിക്കാത്ത ചില പരാമര്‍ശങ്ങള്‍ കേള്‍ക്കേണ്ടി വന്നു. സ്വപ്നത്തില്‍ പോലും കരുതാത്ത ആരോപണങ്ങളുണ്ടായി. തെറ്റിദ്ധരിക്കപ്പെടുന്ന സൌഹൃദം മനസിന്റെ വിങ്ങലാണ്. ആ വിങ്ങലിലാണു ഞാനിപ്പോള്‍. ഒന്നും എഴുതാന്‍ തോന്നുന്നില്ല. പഴയ ഒറ്റപ്പെടലിലേക്ക് തിരിച്ചു പോകുന്നതുപോലെ. കുറച്ചു കാലത്തേക്കെങ്കിലും ആ പഴയ ദു:ഖപൂര്‍ണ്ണമായ ഏകാന്തത തിരിച്ചു കിട്ടുക. അത് എന്റേത് തന്നെയെന്ന് തിരിച്ചറിയുക. അതെപ്പോഴും എന്നോടു കൂടി ഉണ്ടായിരുന്നെന്നും. ഇപ്പോള്‍ അത് മാത്രം.
കാലം മായ്ക്കാത്ത മുറിവുകളില്ല. ഈ മുറിവും കാലം മായ്ക്കുമെന്നും തെറ്റിധാരണകള്‍ അകലുമെന്നും പ്രതീക്ഷിക്കുന്നു.