ഇറച്ചി വില, നികൃ ഷ്ട ജീവി എന്നീ രണ്ടു പദങ്ങള്‍ അടുത്ത നാളില്‍ കേരള രാഷ്ട്രീയത്തില്‍ തത്തിക്കളിക്കുന്നുണ്ട്.
വി എസ് അച്യുതാനന്ദന്‍ എന്ന സി പി എം നേതാവ് അടുത്ത കാലത്ത് എടുത്ത ചില നിലപാടുകളോട് മുന്‍ ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പ്രതികരിച്ചത് ഇറച്ചിയുടെ വില പറഞ്ഞുകൊണ്ടാണ്. അതി ദാരുണമായി കൊല്ലപ്പെട്ട ഒരു രാഷ്ട്രീയക്കാരനേക്കുറിച്ച് പറയാവുന്ന ഏറ്റവും ഹീനമായ പദപ്രയോഗമാണത്.
ചന്ദ്രശേഖരനെ വധിച്ച വിഷയത്തില്‍ കുറ്റക്കാരനാണെന്നു കണ്ടെത്തിയ വ്യക്തിയെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയതില്‍ തൃപ്തി ഉണ്ട് എന്നും ,ചന്ദ്രശേഖരന്റെ ഭാര്യ രമ ഇപ്പോള്‍ യു ഡി എഫിന്റെ വാലായി പ്രവര്‍ത്തിക്കുന്നു എന്നും വി എസ് പറഞ്ഞതിനോടുള്ള പ്രതികരണമായിട്ടാണീ പരാമര്‍ശം വന്നത്.
ചന്ദ്രശേഖരനു വധ ഭീക്ഷണി ഉണ്ടെന്ന് മുഖ്യമന്ത്രി ആയിരുന്ന ഉമ്മന്‍ ചാണ്ടിയോടും ആഭ്യന്തര മന്ത്രി ആയിരുന്ന തിരുവഞ്ചൂരിനോടും ചന്ദ്രശേഖരന്‍ പറഞ്ഞിട്ടുണ്ട്. ഇന്റലിജന്‍സ് റിപ്പോര്‍ട്ടുമുണ്ടായിരുന്നു. അദ്ദേഹത്തെ രക്ഷിക്കാന്‍ തിരുവഞ്ചൂരിനും പോലീസിനും കഴിഞ്ഞില്ല. സി പി എമ്മിനെതിരെ ഈ വിഷയം ഏറ്റവും ഫലപ്രദമായി ഉപയോഗിച്ചത് തിരുവഞ്ചൂരും ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയുമായിരുന്നു. ഈ വധത്തിനു വേണ്ടി ഗൂഡാലോചന നടത്തിയ വന്‍ സ്രാവുകളേക്കുറിച്ച് അറിവു കിട്ടിയിട്ടുണ്ട്, അവരെ പിടിക്കും എന്ന് കേരളം മുഴുവന്‍ വീമ്പടിച്ചു നടന്നത് തിരുവഞ്ചൂര്‍ എന്ന ആഭ്യന്തര മന്ത്രി ആയിരുന്നു. അതിനു ശേഷം ചന്ദ്രശേഖരനെ ഇറച്ചി വിലക്ക് വിറ്റ് വന്‍ സ്രാവുകളെ രക്ഷപ്പെടുത്തി ചെറിയ പരലായ പി മോഹനനില്‍ അന്വേഷണം അവസാനിപ്പിച്ചത് ഇതേ തിരുവഞ്ചൂരായിരുന്നു. അദ്ദേഹമാണിപ്പോള്‍, വിഎസ് ചന്ദ്രശേഖരനെ ഇറച്ചി വിലക്ക് വിറ്റു എന്നാക്ഷേപിക്കുന്നത്. നികൃ ഷ്ട ജീവി എന്ന പ്രയോഗം ഏറ്റവും കൂടുതല്‍ യോജിക്കുന്നത് തിരുവഞ്ചൂരിനാണെന്നു പറയേണ്ടി വരും. ചന്ദ്രശേഖരന്‍ വധത്തിലെ ഗൂഡാലോചന നികൃഷ്ടമായ തരത്തില്‍ ഒത്തുതീര്‍പ്പാക്കിയ മഹാനാണീ തിരുവഞ്ചൂര്‍. അതിന്റെ പേരിലാണദ്ദേഹത്തിന്, ആഭ്യന്തര മന്ത്രി സ്ഥാനം നഷ്ടപ്പെട്ടതും. രമേശന്‍ ആ സ്ഥാനം പിടിച്ചു മേടിച്ചതും. ഗൂഡാലോചന അന്വേഷണം അട്ടിമറിച്ച തിരുവഞ്ചൂര്‍ പിന്നീട് ആടിയ നാടകം അതിലും നികൃഷ്ടമായ രീതിയിലായിരുന്നു. സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് രമ നിരാഹാരം കിടന്ന പന്തലില്‍ ഇളിഭ്യ ചിരിയോടെ അഭിവാദ്യം അര്‍പ്പിക്കാന്‍ ഇദ്ദേഹം എത്തി യിരുന്നു. കള്ളനു കഞ്ഞിവച്ച മുഖഭാവവുമായി. പിന്നീട് കേസന്വേഷണത്തേക്കുറിച്ച് ഒരു പുസ്തകം വരെ എഴുതി വിറ്റ് ഇപ്പോള്‍ പണമുണ്ടാക്കുന്നു.
സി ബി ഐ അന്വേഷണം നടത്തണോ വേണ്ടയോ എന്നതില്‍ തീരുമാനമെടുക്കാന്‍ ഉമ്മന്‍ ചാണ്ടിക്കും രമേശനെന്ന പുതിയ അഭ്യന്തര മന്ത്രിക്കും വളരെയധികം തല പുകക്കേണ്ടി വന്നു. അവസാനം വി എസ് ഇട്ടു കൊടുത്ത കച്ചിത്തുരുമ്പില്‍ പിടിച്ചായിരുന്നു അതിനു തീരുമാനം എടുത്തതും.
പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ വി എസിന്റെ നിലപാടുകളെ ഇറച്ചി വിലക്ക് വിറ്റ് ലാഭം കൊയ്യാം എന്ന സ്വപ്നം പൊലിഞ്ഞ നിരാശയാണ്, ഉമ്മന്‍ ചാണ്ടിക്കും, രമേശ് ചെന്നിത്തലക്കും, തിരുവഞ്ചൂരിനും, എം എം ഹസനും, വി എം സുധീരനും. അതിന്റെ വിലാപമാണവരുടെ വാക്കുകളിലൂടെ പുറത്തു വരുന്നതും. സി ബി ഐ അന്വേഷണ ആവശ്യത്തില്‍ ഉറച്ചു നില്‍ക്കുന്നുണ്ടോ എന്ന് വി എസ് വ്യക്തമാക്കണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെടുന്നു. വി എസ് പറയുന്നതിനനുസരിച്ച് തീരുമാനമെടുക്കുമെന്നു പറയുന്ന കേരള അഭ്യന്തര മന്ത്രി തീര്‍ച്ചയായും കേരളത്തിനപമാനമാണ്. ഇതും ഒരു നിക്രുഷ്ടനിലപാടാണ്.
വി എസ്, സി പി എമ്മിന്റെ സ്ഥപക നേതവാണെന്ന സത്യം ഇവരൊക്കെ മറക്കുന്നു. ഉള്‍പ്പാര്‍ട്ടി വിഷയങ്ങളില്‍ വ്യത്യസ്ഥ നിലപാടുകള്‍ വി എസ് പല പ്രാവശ്യം എടുത്തിട്ടുണ്ട്. ചിലപ്പൊഴൊക്കെ അത് പുറത്തേക്കു വന്ന് യു ഡി എഫിനെ സഹായിക്കുന്ന അവസ്ഥയും ഉണ്ടായിട്ടുണ്ട്. എന്നു കരുതി എന്നത്തേക്കും വി എസ് ഇവരെ സഹായിച്ചു കൊണ്ടിരിക്കും എന്നു പ്രതീഷിക്കുന്ന ഇവര്‍ ശരിക്കും മന്തന്‍മാരാണെന്നു പറയേണ്ടി വരും. ചന്ദ്രശേഖരന്‍ വധക്കേസില്‍ പാര്‍ട്ടിയിലെ ആര്‍ക്കും പങ്കില്ല എന്നു പറഞ്ഞുകൊണ്ടിരുന്ന പാര്‍ട്ടിക്ക് അവസാനം ഒരാള്‍ക്കെങ്കിലും പങ്കുണ്ടെന്നു സമ്മതിക്കേണ്ടി വന്നു. അത് വി എസ് നടത്തിയ പോരാട്ടത്തിന്റെ ഫലമാണ്.
വി എസ് തന്റെ നിലപാടുകള്‍ അല്‍പ്പം ലഘൂകരിച്ചിട്ടേ ഉള്ളു. റ്റി പി ചന്ദ്രശേഖരന്റെ വധത്തില്‍ പാര്‍ട്ടിക്ക് പങ്കുണ്ട് എന്നതാണദ്ദേഹത്തിന്റെ നിലപാട്. അതില്‍ മാറ്റം വന്നിട്ടില്ല. ഇതില്‍ ഉള്‍പ്പെട്ട പാര്‍ട്ടി അംഗങ്ങളെ പുറത്താക്കും എന്ന് പാര്‍ട്ടി തന്നെ പറഞ്ഞിട്ടുമുണ്ട്. അതില്‍ ഒരാളെയെങ്കിലും പുറത്താക്കിച്ച് പാര്‍ട്ടിയുടെ മാനം അല്‍പ്പമെങ്കിലുമദ്ദേഹം രക്ഷിച്ചെടുത്തു. എല്ലാം എല്ലാവര്‍ക്കും നേടാനാവുകയൊന്നുമില്ല.
ലാവലിന്‍ കേസ് അഴിമതി കേസാണെന്നും അത് നീതി ന്യായ വ്യവസ്ഥ ആണു തീരുമാനിക്കേണ്ടതെന്നുമായിരുന്നു വി എസിന്റെ നിലപാട്. പിണറായി വിജയന്‍ കുറ്റക്കാരനാണോ എന്നു തീരുമാനിക്കേണ്ടത്, പാര്‍ട്ടി അല്ല കോടതി ആണെന്നും പറഞ്ഞു. ഇപ്പോള്‍ കോടതി തീരുമാനിച്ചു. ഇതുപോലെ കോടതി
തീരുമാനിച്ചില്ലായിരുന്നെങ്കില്‍ ഈ തെരഞ്ഞെടുപ്പിലെ പ്രധാന പ്രചാരണ വിഷയം ലാവലിന്‍ കേസാകുമായിരുന്നു. സി പി എം അതിനു എന്നും മറുപടി പറയേണ്ടിയും വരുമായിരുന്നു. ആ ഗതികേടില്‍ നിന്നും പാര്‍ട്ടിയെ രക്ഷിച്ചത് വി എസ് തന്നെയാണ്. കോണ്‍ഗ്രസിന്റെയും ബി ജെ പിയുടെയും അഴിമതികളേപ്പറ്റി ഒരു പ്രതിരോധവും കൂടാതെ പാര്‍ട്ടിക്കിപ്പോള്‍ പറയാമെന്നായിട്ടുണ്ട്.
തെരഞ്ഞെടുപ്പു സമയത്ത് ചന്ദ്രശേഖരന്‍ വധത്തിന്റെ കാര്യത്തിൽ വി എസ് എന്തു നിലപാട് സ്വീകരിക്കുമെന്നത് പാര്‍ട്ടി നേതൃത്വത്തെ വല്ലാതെ അലട്ടിയിരുന്നു. വി എസിന്റെ നിലപാടിലൂടെ വിഷയം തിരഞ്ഞെടുപ്പ് രംഗത്ത് കത്തിപ്പടരുമെന്നും പാര്‍ട്ടിയെ പ്രതിരോധത്തില്‍ ആക്കുമെന്നും അവർ ഭയപ്പെട്ടു. തെരഞ്ഞെടുപ്പ് ലക്ഷ്യത്തോടെതന്നെയായിരുന്നു ഗൂഢാലോചനയെപ്പറ്റി സി.ബി.ഐ അന്വേഷണത്തിന് ചെന്നിത്തലയും ഉമ്മന്‍ ചാണ്ടിയും തയ്യാറായതും . വി എസ് കത്ത് നൽകുക കൂടി ചെയ്തപ്പോൾ വി എസിനെ തന്നെ കരുവാക്കി നേട്ടമുണ്ടാക്കാം എന്നും അവര്‍ കരുതിയിരുന്നു. തിരഞ്ഞെടുപ്പ് വേദികളിലും വി എസ് അതേ നിലപാട് സ്വീകരിക്കുമെന്നും അവര്‍ സ്വപ്നം കണ്ടിരുന്നു. പക്ഷെ എല്ലം തകിടം മറിഞ്ഞു. ഇപ്പോള്‍ റ്റി പി വധം ഒരു തിരഞ്ഞെടുപ്പ് വിഷയമേ അല്ലാതായി മാറുന്നു. റ്റി പി വധത്തിന്റെ കാര്യത്തിൽ പൊതുസമൂഹത്തിന് മുന്നിൽ തല താഴ്ത്തി നിന്നിരുന്ന പാര്‍ട്ടിക്ക് വി എസിന്റെ നിലപാട് പുതിയ ഉണര്‍വാണു നല്‍കുന്നത്. യു ഡി എഫ്, ആവനാഴി ഒഴിഞ്ഞ് നിസഹായരായി നില്‍ക്കുന്നു. ഇനി തെരഞ്ഞെടുപ്പില്‍ സോളാറും മറ്റും പ്രധാന വിഷയമാകും. അതിന്റെ കലിപ്പാണ്, കോണ്‍ഗ്രസ് നേതാക്കള്‍ക്ക്.
വി എസും പാർട്ടി കേന്ദ്ര നേതൃത്വവും തമ്മിലുണ്ടാക്കിയ ധാരണ അനുസരിച്ചാണ് വി എസ് നിലപാടിൽ മാറ്റം വരുത്തിയതെന്നാണ് തോന്നുന്നത്. വി എസിന്റെ സഹായം പാർട്ടി ദേശീയ നേതൃത്വം തേടി. ബംഗാളില്‍ പാര്‍ട്ടി അടുത്ത കലാത്തൊന്നും ഉയിര്‍ത്തെഴുന്നേല്‍ക്കാനാകാത്ത വിധം ജീര്‍ണ്ണിച്ചാണു കിടക്കുന്നത്. പാർട്ടിക്ക് കേരളത്തിലാണ് എന്തെങ്കിലും പ്രതീക്ഷയുള്ളതും. അത് നശിപ്പിക്കരുതെന്നായിരുന്നു കേന്ദ്ര നേതൃത്വത്തിന്റെ അഭ്യർത്ഥന. ഉറച്ച കമ്യൂണിസ്റ്റായ വി എസ് പാർട്ടിയെ സഹായിക്കാമെന്ന് സമ്മതിച്ചു. അതിന്റെ പരിസമാപ്തിയാണ്, പാർട്ടി കമ്മീഷൻ റിപ്പോർട്ട് പ്രസിദ്ധീകരിച്ചതും, ശിക്ഷിക്കപ്പെട്ട ഒരാളെ പുറത്താക്കി നടപടിയെടുത്തതും. പാർട്ടി സംസ്ഥാന നേതൃത്വത്തിന്റെ എതിർപ്പ് മറികടന്നാണ് കേന്ദ്രനേതൃത്വം ഈ തീരുമാനം നടപ്പാക്കിയത്. വി എസിന്റെ ഒരു വര്‍ഷം നീണ്ട പോരാട്ടം തന്നെയാണിതിലേക്കു നയിച്ചതും. ഇത് വി എസിന്റെ കീഴടങ്ങലായി വ്യാഖ്യാനിക്കേണ്ടവര്‍ക്ക് അതാകാം. ലാവലിന്‍ കേസില്‍ മേല്‍ക്കോടതി ഉണ്ട് എന്നും , റ്റി പി വധത്തിന്റെ ഗൂഡാലോചന സി ബി ഐ അന്വേഷിക്കുന്നുണ്ട് എന്നുമുള്ള അദ്ദേഹത്തിന്റെ ഓര്‍മ്മപ്പെടുത്തലുകളില്‍ നിന്നും മനസിലാക്കേണ്ടവര്‍ക്ക് പലതും മനസിലാക്കാം. ഒരു സന്ദിഗ്ദ്ധ ഘട്ടത്തില്‍ പാര്‍ട്ടിയെ സഹായിക്കാന്‍ വേണ്ടി അദ്ദേഹം നിലപാടുകള്‍ മയപ്പെടുത്തിയിട്ടേ ഉള്ളു. ഒറ്റുകാരന്‍ എന്നും, വര്‍ഗ്ഗ വഞ്ചകന്‍ എന്നും ക്യാപിറ്റല്‍ പണീഷ് മെന്റിനര്‍ഹന്‍ എന്നുമൊക്കെ ആക്ഷേപിച്ചവരൊക്കെ ഇപ്പോള്‍ വി എസിന്റെ ചിത്രം ആലേഘനം ചെയ്ത ഫ്ളക്സ് ബോര്‍ഡുകളുമായിട്ടാണു തെരഞ്ഞെടുപ്പു പ്രചരണം നടത്തുന്നത്.പാര്‍ട്ടിയെ രക്ഷപ്പെടുത്താനും തെരഞ്ഞെടുപ്പു വിജയിക്കാനും വി എസ് തന്നെ വേണമെന്നത് അദ്ദേഹത്തിനുള്ള അംഗീകാരവും അദ്ദേഹത്തിന്റെ പ്രസക്തിയുമാണു തെളിയിക്കുന്നത്. തെരഞ്ഞെടുപ്പു കഴിഞ്ഞ് പ്രതിപക്ഷ നേതാവിന്റെ സ്ഥാനത്തു നിന്നും വി എസിനെ മാറ്റുന്നത് കാണാനാണിപ്പോള്‍ കോണ്‍ഗ്രസുകാര്‍ കാത്തു നില്‍ക്കുന്നത്. എത്ര കാലമായി ഈ കാത്തു നില്‍പ്പു തുടങ്ങിയിട്ട് എന്നതിനു കണക്കില്ല.
വി.എസ് നിലപാട് മാറ്റിയെങ്കിലും അദ്ദേഹം ഉന്നയിച്ച കാര്യങ്ങൾ സമൂഹത്തിൽ നിലനിൽക്കുകയാണ് എന്നാണ് കെ.പി.സി.സി പ്രസിഡന്റ് വി.എം.സുധീരൻ പറഞ്ഞത്. ഇപ്പറഞ്ഞ അഭിപ്രായത്തോട് ആരും യോജിക്കും. വി എസ് നിലപാട് മാറ്റിയാലും അദ്ദേഹം ഉന്നയിച്ച പ്രശ്നങ്ങള്‍ സമൂഹത്തില്‍ നിലനില്‍ക്കും. വ്യക്തികളല്ല പ്രധാനം പ്രശ്നങ്ങളാണ്. വി എസ് ഉന്നയിച്ച കാര്യങ്ങള്‍ പ്രസക്തമാണെങ്കില്‍ സുധീരനും അതുന്നയിച്ചു കൊണ്ടിരിക്കാം. പരിഹാരം നേടാം. വി എസ് രംഗത്തു നിന്നും മാറിയാലും ഇതൊക്കെ ഉണ്ടാകും. സുധീരനും ആന്റണിക്കും ഉന്നയിക്കാന്‍ സാധിക്കാത്ത പ്രസക്തമായ ചോദ്യങ്ങള്‍ വി എസ് പൊതു സമൂഹത്തോട് ചോദിച്ചു. വിജയാന്‍ മാഷ് പണ്ടു പറഞ്ഞതുപോലെ, ചോദ്യങ്ങളാണു പ്രസ്ക്തം. ചോദിക്കുന്ന വ്യക്തിയല്ല. ജീര്‍ണത ബാധിച്ച കേരള സമൂഹത്തില്‍ പ്രസക്തമായ കാര്യങ്ങള്‍ വി എസ് ഉന്നയിച്ചു എന്നതാണു പ്രസക്തം. അതിനൊക്കെ പരിഹാരമുണ്ടാക്കാന്‍ അദ്ദേഹത്തിനു സാധിച്ചോ എന്നതിനു പ്രസക്തിയില്ല. ഈ പ്രശ്നങ്ങള്‍ ഉന്നയിക്കാനുള്ള നട്ടെല്ലില്ലാത്തവര്‍ക്ക് അവക്കെല്ലാം വി എസ് പരിഹരമുണ്ടാക്കിയില്ല എന്ന് ആക്ഷേപിക്കാനുള്ള ധാര്‍മ്മിക അവകാശം ഇല്ല.
വി എം സുധീരന്‍ കെ പി സി സി പ്രസിഡണ്ടായതിനെ സ്വാഗതം ചെയ്ത വ്യക്തിയാണു ഞാന്‍. പല വിഷയങ്ങളിലും കോണ്‍ഗ്രസിന്റേതില്‍ നിന്നും വ്യത്യസ്തമായി സത്യസന്ധവും നീതിപൂര്‍വകവുമായ നിലപ്പാടുകള്‍ ഉള്ള വ്യക്തിയാണദ്ദേഹം. ആറന്‍മുള വിമാനത്താവള വിഷയത്തില്‍ ആ നിലപാട് വീണ്ടും ആവര്‍ത്തിച്ചിട്ടുണ്ട് സുധീരന്‍. കെ പി സി സി പ്രസിഡണ്ടായ ശേഷം മത മേധവികളെ സന്ദര്‍ശിച്ച് അനുഗ്രഹം വാങ്ങാനൊന്നും അദ്ദേഹം പോയില്ല. ആകേക്കൂടി പെരുന്നയില്‍ പോയി മന്നം സമാധി സന്ദര്‍ശിച്ചു. നായന്‍മാരുടെ പോപ്പ് എന്ന് സ്വയം അവകാശപ്പെടുന്ന നായരെ കണ്ടു വണങ്ങാന്‍ അദ്ദേഹം നിന്നില്ല. അതില്‍ അരിശം പൂണ്ട നായര്‍ നടത്തിയ പുലയാട്ടൊക്കെ അര്‍ഹിക്കുന്ന അവജ്ഞയോടെ അദ്ദേഹം തള്ളിക്കളഞ്ഞു. ഒരു കോണ്‍ഗ്രസ് നേതാവും ഇന്നു വരെ കാണിക്കാത്ത ധൈര്യമാണ്, സുധീരന്‍ കാണിച്ചത്. പക്ഷെ പി റ്റി തോമസിന്റെ കാര്യത്തില്‍ അദ്ദേഹം എടുത്ത നിലപാട് വളരെ നികൃഷ്ടമായി പോയി. സുധീരനൊക്കെ മാസങ്ങളായി പറഞ്ഞുകൊണ്ടിരുന്ന അതേ കാര്യങ്ങള്‍ തന്നെയാണ്, പി റ്റി തോമസും പറഞ്ഞു കൊണ്ടിരുന്നത്. പക്ഷെ തോമസ് പറഞ്ഞതൊക്കെ കത്തോലിക്കാ സഭക്ക് ദഹിച്ചില്ല അതുകൊണ്ട് അവര്‍ തോമസിനെ എതിര്‍ത്തു. അവര്‍ അദ്ദേഹത്തിന്റെ ശവസംസ്കാരം വരെ നടത്തി. സുധീരന്‍ ഇതു വരെ പറഞ്ഞു കൊണ്ടിരുന്നതിന്റെ അടിസ്ഥാനത്തില്‍ തോമസിനെ തന്നെ ഇടുക്കിയില്‍ മത്സരിപ്പിക്കാനുള്ള ചങ്കൂറ്റം സുധീരന്‍ കാണിക്കേണ്ടി ഇരുന്നു. പെരുന്ന നായരെ അവഗണിച്ച പോലെ ഇടുക്കി ബിഷപ്പിനെയും അവഗണിക്കുകയായിരുന്നു വേണ്ടിയിരുന്നത്. തോമസിനെ തന്നെ ഇടുക്കിയില്‍ മത്സരിപ്പിക്കണമായിരുന്നു. തോമസ് തോറ്റാല്‍ അത് അന്തസോടെ അംഗീകരിച്ച്, മത മേധാവികളുടെ ധാര്‍ഷ്ട്യം പുച്ഛത്തോടെ തള്ളിക്കളയണമായിരുന്നു. പക്ഷെ അവിടെ സുധീരന്‍ നികൃഷ്ടമായി പെരുമാറി. ഇടുക്കി ബിഷപ്പിന്റെ ഭീഷണിക്കു മുന്നില്‍ മുട്ടു മടക്കി. കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിനെ കോണ്‍ഗ്രസ് പാര്‍ട്ടി നികൃഷ്ടമായി പരിഹസിക്കുന്നതിനേപ്പറ്റി അഭിപ്രായം പറയുന്നില്ല. ഇതുപോലെ മലക്കം മറിഞ്ഞ സുധീരനാണ്, വി എസിന്റെ നിലപാടു മാറി എന്നും പറഞ്ഞ് പരിഹസിക്കുന്നത്.
നികൃഷ്ടജീവി എന്നു പ്രയോഗിച്ച് അവസാനം മാപ്പു പറയേണ്ടി വന്ന ഹതഭാഗ്യനാണു, തൃത്താല എം എല്‍ എ ബലറാം. സ്ഥലകാല ബോധമില്ലാത്തതുകൊണ്ടുണ്ടായ പ്രശ്നമാണദ്ദേഹത്തിന്റേത്. ഇടുക്കി ബിഷപ്പിന്റെ ഭീഷണിക്കു മുന്നില്‍ മുട്ടുമടക്കി, പി റ്റി തോമസിനെ മാറ്റി ഡീന്‍ കുര്യാക്കോസിനെ ഇടുക്കിയില്‍ സ്ഥാനാര്‍ത്ഥി ആക്കിയതിനെ ബലരാമന്‍ എതിര്‍ത്തതായി എങ്ങും കേട്ടില്ല. ഡീന്‍ കുര്യാക്കോസും ഇടുക്കി ബിഷപ്പിനെ വിമര്‍ശിക്കുന്നതില്‍ പിശുക്കു കാണിച്ച വ്യക്തിയൊന്നുമല്ല. പരിവാരസമേതം വോട്ടു തേടി അദ്ദേഹവും ഇടുക്കി ബിഷപ്പിന്റെ അടുത്ത് ചെന്നു. ബിഷപ്പ് അദ്ദേഹത്തെ ചീത്ത പറഞ്ഞു. അതില്‍ പ്രകോപിതനായിട്ടായിരുന്നു ബലരാമന്റെ വക അധിക്ഷേപം. ഞങ്ങള്‍ മാറ്റം ആവശ്യപ്പെടുന്നു എന്ന് ഇന്റര്‍നെറ്റില്‍ ആക്രോശിക്കുന്ന ബലരാമനു പക്ഷെ താന്‍ നിലകൊള്ളുന്ന പ്രസ്ഥാനത്തിന്റെ നിലപാടുകള്‍ അറിയാതെ പോയി. സകല മാന മത ജാതി വര്‍ഗ്ഗ സംഘടനകളുടെ നേതാക്കളെയും താണു വണങ്ങലാണ്, കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നയം. ഇതറിഞ്ഞുകൊണ്ടു തന്നയാണ്, ബലരാമന്‍ ആ പാര്‍ട്ടിയില്‍ ചേര്‍ന്നതും. മുസ്ലിം നേതാക്കളൊഴികെ ബാക്കി എല്ലാ മത നേതാക്കളുടെ മേലും ഇദ്ദേഹം കുതിര കയറും. ഇദ്ദേഹത്തിന്റെ നേതാക്കളൊക്കെ ഇവരുടെ കാലു തിരുമ്മും. പക്ഷെ അതിനെതിരെ ഒന്നും ഇദ്ദേഹം ശബ്ദമുയര്‍ത്തില്ല. ഇന്നു വരെ ഒരു മുസ്ലിം നേതാവിനെയും ബലരാമന്‍ വിമര്‍ശിച്ചു കണ്ടിട്ടില്ല. ഇദ്ദേഹം എഴുതുന്ന നെഴ്സറി നിലവാരമുള്ള അസംബന്ധങ്ങള്‍ക്കൊക്കെ ഓശാന പാടാന്‍ കുറെ അനുയായികളുമുണ്ട്. അവരെ ആവേശം കൊള്ളിക്കാനുദ്ദേശിച്ചായിരുന്നു ഇപ്രാവശ്യം ഇടുക്കി ബിഷപ്പിനെ നികൃഷ്ടജീവി എന്നു വിളിച്ചാക്ഷേപിച്ചതും. പക്ഷെ കോണ്‍ഗ്രസ് പാര്‍ട്ടി തന്നെ അദ്ദേഹത്തെ ചെവിക്കു പിടിച്ച് മര്യാദ പഠിപ്പിച്ചു. അനുസരണയുള്ള കുഞ്ഞാടിനേപ്പൊലെ ബലരാമന്‍ തന്റെ പരാമര്‍ശത്തില്‍ പരസ്യമായി ഖേദം പ്രകടിപ്പിച്ചു തടിയൂരി. അവിടെ തീരുന്നു ബലരാമന്റെ വിപ്ളവം. ഇപ്പോള്‍ മതരാഷ്ട്രീയ പാര്‍ട്ടി ആയ മുസ്ലിം ലീഗിന്റെ തെരഞ്ഞെടുപ്പു പ്രചരണ സമിതി അദ്ധ്യക്ഷനായി സസുഖം വാഴുന്നു. മുസ്ലിം ലീഗിനേപ്പോലെ ഒരു മത സംഘടന മുന്‍ സീറ്റിലിരുന്നു ഡ്രൈവ് ചെയ്യുന്നതിലോ, ഒരു മന്ത്രി സഭയെ ബന്ദിയാക്കി അനര്‍ഹമായ ആവശ്യങ്ങള്‍ നേടി എടുക്കുന്നതിലോ ബലരാമനു യാതൊരു പ്രശ്നവുമില്ല. പിന്‍ സീറ്റു ഡ്രൈവിംഗ് പക്ഷെ സഹിക്കില്ല. അതുകൊണ്ട് പെരുന്ന നായരുടെയും ഇടുക്കി ബിഷപ്പിന്റെയും മേല്‍ കുതിര കയറും. മുസ്ലിം ലീഗിന്റെ ആത്മീയ നേതാവ് ഇദ്ദേഹത്തിന്റെ വിശുദ്ധനാണ്. പാണക്കാട്ടു തങ്ങള്‍ക്കെതിരെ ഒരക്ഷരം ഇദ്ദേഹമുരിയാടില്ല. അതാണു ബലരാമന്‍. മുസ്ലിം നേതാക്കളെ ചീത്ത പറഞ്ഞാല്‍ തൃക്കാലുകല്‍ ഒരു പക്ഷെ ഒടിഞ്ഞു മടങ്ങിയേക്കും. ആ പേടി കാരണം അവരെ ആരെയും ചീത്ത വിളിക്കില്ല. ബലരാമന്‍ മദ്ധ്യ തിരുവിതാംകൂറിലാണു മത്സരിക്കുന്നതെങ്കില്‍ അദ്ദേഹവും ഡീന്‍ കുര്യാക്കോസിനേപ്പോലെ അരമന തോറും ഇതുപോലെ വോട്ടു തേടി പോകും.
കഴിഞ്ഞ കുറെ കാലങ്ങളായി ചന്ദ്രശേഖരനെ വച്ചു രാഷ്ട്രീയം കളിച്ച യുഡിഎഫ് നേതാക്കളുടെ ഇപ്പോഴത്തെ അന്ധാളിപ്പ് കാണുമ്പോൾ അറിയാം ഇറച്ചി കച്ചവടം ആരാണ് നടത്തിയതെന്ന്. യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ കൊല ചെയ്തപ്പോൾ ഹര്‍ത്താൽ നടത്താത്തവർ ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ടപ്പോള്‍ ഹര്‍ത്താല്‍ നടത്തിയിരുന്നു. സിപി എമ്മിന്റെ ഉന്നത നേതാക്കൾ പ്രതി സ്ഥാനത്തുണ്ട് എന്നു പറഞ്ഞിട്ട് പി മോഹനനില്‍ അന്വേഷണം നിറുത്തി ആരാണ്, ചന്ദ്രശേഖരന്റെ ഇറച്ചി കച്ചവടം ചെയ്തതെന്നു തെളിയിച്ചു. അവസാനം ചന്ദ്രശേഖരന്റെ ഭാര്യ രമ സര്‍ക്കാരിന്റെ നിലപാടിനെതിരെ നിരാഹാരം കിടന്നപ്പോൾ മന്ത്രിമാരെല്ലാം അവിടെ ഓടി ചെന്നതും ഈ ഇറച്ചി കച്ചവടത്തിന്റെ ഭാഗമായിരുന്നു.ഇതേ കച്ചവടത്തിന്റെ ഭാഗമായി ആഭ്യന്തര വകുപ്പു നഷ്ടപ്പെട്ടപ്പോള്‍ കേസിനേക്കുറിച്ച് പുസ്തകം എഴുതി കച്ചവടത്തിനു പുതിയ മാനം പോലും തിരുവഞ്ചൂര്‍ നല്‍കി.
സിപി എമ്മി ന്റെ നേതാവായ വി സ് തെരഞ്ഞെടുപ്പു സമയത്ത് സ്വന്തം പാർട്ടിയുടെ കൂടെ നില്‍ക്കുന്നതാണിവരുടെ കലിപ്പിന്റെ കാരണം. വി സ് പാർട്ടിയെ എതിര്‍ത്താൽ നല്ലവൻ, കൂടെ നിന്നാൽ മോശക്കാരൻ എന്നതാണിവരുടെ നിലപാട്. വി എസിനെ വിറ്റ് വോട്ടാക്കാന്‍ ഇവര്‍ നടത്തിയ ശ്രമം പരാജയപ്പെട്ട നിരാശയാണിവര്‍ക്കിപ്പോള്‍. 25 വര്‍ഷങ്ങളായി കോണ്‍ഗ്രസിനെയും യു ഡി എഫിനെയും ചീത്ത പറഞ്ഞു നടന്നിരുന്ന പ്രേമചന്ദ്രന്റെ നിലപാട് മാറ്റത്തിൽ ഒരു കച്ചവടവും ഇവര്‍ കാണുന്നില്ല.