കുറച്ചു നാളുകള്‍ക്ക് മുമ്പ് ഞാന്‍ കണ്ട ഒരു മലയാള സിനിമയുടെ പേരാണ്, പോപ്പിന്‍സ് എന്നത്. ഈ സിനിമയുടെ സംവിധായകന്‍ എന്തുകൊണ്ട് ഈ പേര്, ഈ സിനിമക്ക് തെരഞ്ഞെടുത്തു എന്ന് എത്ര ആലോചിച്ചിട്ടും പിടികിട്ടിയിട്ടില്ല. ഒരു തട്ടിക്കൂട്ട് പേരുപോലെയേ അതെനിക്ക് അനുഭവപ്പെട്ടുള്ളു. സാഹിത്യ അക്കാഡമി അവാര്‍ഡ് നേടിയ 18 നാടകങ്ങള്‍ എന്ന പുസ്തകത്തിന്റെ ചലചിത്രാവിഷ്കാരം എന്നവകാശപ്പെടുന്ന ഈ സിനിമക്ക് ഇതല്ലാതെ വേറെ ഒരു പേരു കണ്ടുപിടിക്കാന്‍ ഇതിന്റെ സംവിധായകനായില്ല. ഈ സിനിമയുടെ സങ്കേതം പഴയ രണ്ട് മലയാള സിനിമകളുടേതാണ്. സെക്സില്ല സ്റ്റണ്ടില്ല എന്നും സൃഷ്ടി എന്നും പേരായ സിനിമകള്‍.,. സെക്സും സ്റ്റ്ണ്ടുമില്ലാത്ത ഒരു സിനിമ നിര്‍മ്മിക്കണമെന്നു വാശിപിടിക്കുന്ന ഒരു നിര്‍മ്മാതാവിനോട്, എങ്ങനെ സിനിമയില്‍ സെക്സും സ്റ്റണ്ടും ഉണ്ടാകുന്നു എന്ന് വിശദീകരിക്കുന്ന ഒരു എഴുത്തു കാരന്റെ കഥയായിരുന്നു സെക്സില്ല സ്റ്റണ്ടില്ല എന്ന സിനിമ. ഒരു സിനിമയുടെ കഥ എഴുതുന്ന എഴുത്തുകാരന്റെ വിവിധ ഭാവനകളായിരുന്നു സൃഷ്ടി എന്ന സിനിമയുടെ കഥ. എഴുത്തുകാരനു പകരം ഒരു സംവിധായകന്‍ തന്റെ മനസിലുള്ള പല കഥകളും നിര്‍മ്മാതക്കളോട് പറയുന്നതാണു പോപ്പിന്‍സ് എന്ന സിനിമയുടെ കഥാ തന്തു. അവസാനം അദ്ദേഹത്തിനൊരു സിനിമ സാക്ഷത്കരിക്കാന്‍ സാധിക്കുന്നു. അതിന്റെ സന്തോഷം ഭാര്യയുമായി പങ്കു വയ്‌ക്കുന്നത് ഒരു പോപ്പിന്‍സ് മിഠായി നല്‍കിക്കൊണ്ടാണ്. അതു മാത്രമാണ്, ഈ പേരും ഈ സിനിമയുമായുള്ള ബന്ധം.ഈ സിനിമയേക്കുറിച്ചല്ല ഞാന്‍ ഇവിടെ എഴുതുന്നത്. മലയാളം എന്ന ഭാഷയെ ഇവരൊക്കെക്കൂടി വികൃതമാക്കുന്നതിനേക്കുറിച്ചാണ്.
ഇന്ന് പുറത്തിറങ്ങുന്ന മലയാള സിനിമകളുടെ പേരുകളും അവയുടെ ആദ്യഭാഗങ്ങളും കാണുന്ന ഒരു വിദേശി കരുതുക, കേരളത്തിലെ മാതൃഭാഷ ഇംഗ്ളീഷായിരിക്കുമെന്നാണ്. ഭാഷയോട് ഇതുപോലെ പുച്ഛമുള്ള ഒരു ജനത വേറെ ഉണ്ടെന്നു തോന്നുന്നില്ല. നമ്മുടെ നാടിന്റെ പേരില്‍ നിന്നും തുടങ്ങുന്നു ആ പുച്ഛത്തിന്റെ ആരംഭം. തമിഴ് മാതൃഭാഷ യായ നാടിനെ തമിഴ് നാടെന്നും കന്നഡ മാതൃഭാഷ ആയ നാടിനെ കര്‍ണാടക എന്നും ഒക്കെ വിളിക്കുമ്പോള്‍ മലയാളം മാതൃഭാഷ ആയ നാടിനെ കേരളം എന്നു വിളിക്കുന്നു. കേരളം എന്നത് മലയാള വാക്കല്ല. സംസ്കൃവാക്കാണ്. മലയാളനാടിന്റെ പേരില്‍ തന്നെ തുടങ്ങി നമുക്ക് ഭാഷയോടുള്ള വെറുപ്പ്. അതിന്റെ പരകോടിയാണ്, ഇപ്പോഴിറങ്ങുന്ന മലയാള സിനിമകള്‍,. . അവയുടെ പേരുകള്‍ ഇങ്ങനെ. Poppins, Ladies and Gentlemen, Salt and pepper, Yakshi Faithfully Yours, Trivandrum Lodge, Entry, Love Story, English, Climax, Flat No. B, K Q, 22 Female Kotayam, ABCD, Beautiful, Hotel California, Traffic, City Of God, Red Wine, Spirit, Romans. ഇത് വളരെ ചെറിയ ഒരു പട്ടികയാണ്.
New Generation എന്ന ഓമന പേരിട്ട് വിളിക്കുന്ന ഈ വക സിനിമകളില്‍ മിക്ക കഥാപാത്രങ്ങളും സംസാരിക്കുന്നത് ഇംഗ്ളീഷിലാണ്. ലോകത്തെ വേറൊരു ഭാഷയിലും ഇറങ്ങുന്ന സിനിമകളില്‍ ഇതുപോലെ ഒരു പ്രതിഭാസം കാണാനില്ല. ഈ സിനിമകളിലെ കഥാപാത്രങ്ങളേക്കൊണ്ട് ഇംഗ്ളിഷ് സംസാരിപ്പിക്കുന്നതിനു പിന്നില്‍ വ്യക്തമായ ഉദ്ദേശ്യങ്ങളുണ്ടാകണം.
സിനിമക്കൊപ്പം പ്രസിദ്ധി നേടിയ മലയാളം ചാനലുകളാണ്, മലയാള ഭാഷയെ പുച്ഛിക്കുന്ന മറ്റൊരു സങ്കേതം. Reality Shows എന്ന പേരിട്ടിരിക്കുന്ന ഈ പേക്കൂത്തുകളൊക്കെ മലയാള ഭാഷയെ വ്യഭിചരിക്കുന്ന വേശ്യാലയങ്ങളേപ്പോലെയാണ്. ഇവ അവതരിപ്പിക്കുന്ന പേക്കോലങ്ങള്‍ക്ക് ഇംഗ്ളീഷ് ഭാഷ മാത്രമേ വശമുള്ളു. മുഖ്യമായും ഇന്‍ഡ്യന്‍ ഭാഷയിലെ പാട്ടുകളാണ്, ഇതുപോലെയുള്ള ഒരു പരിപാടിയില്‍ പാടുന്നത്. ഇത് പാടുന്നവരും കേള്‍ക്കുന്നവരും, ഇതിനെ വിലയിരുത്തുന്നവരും മലയാളികള്‍ മാത്രമാണ്. ചുരുക്കം ചില തമിഴരും വിധികര്‍ത്തക്കളായി വരുന്നത് കണ്ടിട്ടുണ്ട്. ഇതില്‍ ഇംഗ്ളീഷ് ഭാഷ ഉപയോഗിക്കുന്നതിന്റെ സാംഗത്യം എത്ര ആലോചിച്ചിട്ടും മനസിലാകുന്നില്ല. മലയാള ഭാഷ വക്രീകരിച്ച് ഇംഗ്ളീഷ് കൂട്ടിക്കലര്‍ത്തി ഉപയോഗിക്കുന്നതിന്റെ മുന്നണിപ്പോരാളി എന്നു വിളിക്കാവുന്ന കക്ഷി രഞ്ഞിനി നായരാണ്.
ഇവരുടെ ഗോഷ്ടികളെ ജഗതി ശ്രീകുമാര്‍ വിമര്‍ശിച്ചത് ഇവിടെ കാണാം.
വിധികര്‍ത്താവായി വന്ന എം ജി ശ്രീകുമാര്‍ രഞ്ഞിനിയുടെ പിന്നിലാകരുതെന്നു കരുതി വിളിച്ചു പറയുന്ന മണ്ടത്തരങ്ങള്‍ ഇവിടെ കാണാം.
കേരളത്തിൽ ജീവിക്കുന്നവർക്കുകൂടിയും മലയാളം വേണ്ടാതായിരിക്കുന്ന അവസ്ഥയാണിന്ന്. ഭരണ രംഗത്തുള്ളവരും സമൂഹത്തില്‍ സ്വാധീനം ചെലുത്താന്‍ കഴിയുന്നവരും കൂടി പുതിയ തലമുറയെ മലയാളം അറിയാത്തവരായി വളർത്തിയെടുക്കാൻ ബോധപൂര്‍വ്വമായി ശ്രമിക്കുന്നുണ്ട്.
മലയാളത്തില്‍ ചോദിച്ച ഒരു ചോദ്യത്തിനു, മലയാളി ആയ കേന്ദ്ര മന്ത്രി മറുപടി പറയുന്നത് കേള്‍ക്കൂ.
കോളേജ് വിദ്യാഭ്യാസ കാലത്തെ ഒരു സംഭവം എനിക്കോര്‍മ്മ വരുന്നു. കോളേജിലെ ഒരു സാംസ്കാരിക സമ്മേളനത്തിലെ മുഖ്യാഥിതി കവി സച്ചിതാനന്ദനായിരുന്നു. മലയാളത്തില്‍ സമാന്യം നല്ല കവിതകള്‍ എഴുതുന്ന ഇംഗ്ളീഷ് പ്രഫസറായിരുന്ന അദ്ദേഹം പ്രസംഗം തുടങ്ങിയത് ഇംഗ്ളീഷില്‍ ആയിരുന്നു. ഷേക്ക് സ്പിയറിന്റെ നാടകങ്ങളിലേതു പോലെ കടിച്ചാല്‍ പൊട്ടാത്ത പ്രയോഗങ്ങളൊക്കെ ഇടകലര്‍ത്തി ചില ചേഷ്ടകളോടെ അദ്ദേഹം നടത്തിയ പ്രസംഗം സദസ്യര്‍ക്ക് അധികനേരം സഹിക്കാനായില്ല. അനിവര്യമായ കൂവലില്‍ അത് ചെനെത്തിയപ്പോള്‍ കവി തന്നെ തന്റെ പ്രസംഗം മലയാളത്തിലേക്ക് മാറ്റി. അപ്പോള്‍ സദസും ശാന്തമായി.
മലയാളത്തിന്, കേരളത്തില്‍ ഇന്ന് ആരും മാന്യത കല്പിക്കുന്നില്ല. കുട്ടികളുടെ ഭാവി സുസ്ഥിരമാക്കുവാൻ മലയാളഭാഷയ്ക്കു കഴിയില്ലെന്നും അതിന് ഇംഗ്ലീഷ് തന്നെ വേണമെന്നും സമൂഹത്തെ ധരിപ്പിച്ചു വച്ചിരിക്കുന്നു. മറ്റ് ഭാഷക്കാർക്ക് അവരുടെ ഭാഷകളോട് ഉള്ളതുപോലെ മലയാളത്തോട് ഒരു മമതയും മലയാളികൾക്കില്ല. തമിഴ്നാട്ടിലെ ഏത് സ്ഥാപനങ്ങളുടെയും പേരുകൾ തമിഴിൽത്തന്നെ എഴുതി വയ്ക്കണമെന്നത് തമിഴര്‍ക്ക് നിർബന്ധമുണ്ട്. പക്ഷെ മലയളികള്‍ക്കതില്ല. പണ്ടൊക്കെ സ്റ്റോഴ്സ് എന്നും ഷോപ്പ് എന്നും മലയാളത്തില്‍ എഴുതി വച്ചിരുന്ന സ്ഥാനത്ത് ഇപ്പോള്‍ വ്യാപകമായി കാണുന്നത് shoppe എന്നാണ്. എന്താണിതുകൊണ്ട് എഴുതുന്നവര്‍ ഉദ്ദേശിക്കുന്നതെന്നറിയാന്‍ പാഴൂര്‍ പടിപ്പുരയില്‍ തന്നെ പോകേണ്ടി വരും. പട്ടണങ്ങളില്‍ ഇംഗ്ളീഷിലും മലയാളത്തിലും ബോര്‍ഡ് എഴുതി വയ്ക്കുന്നതു മനസിലാക്കാം.വിദേശികൾ ബുദ്ധിമുട്ടരുതല്ലൊ. , പക്ഷെ ഗ്രാമങ്ങളില്‍ പോലും ഇംഗ്ലീഷിൽത്തന്നെ ബോർഡ് എഴുതി വയ്ക്കണമെന്നു നിർബന്ധമുള്ളവരാണ് മലയാളികൾ.മലയാളി ആയി ജനിച്ചു പോയതുകൊണ്ട്, ഗതികേടുകൊണ്ട് മലയാളം പഠിച്ചു പോയി എന്നാണു മിക്ക മലയാളികളുടെയും മാനസിക അവസ്ഥ. അതുകൊണ്ട് അവര്‍ മുറി ഇംഗ്ളീഷ് കൂട്ടിക്കലര്‍ത്തി സംസാരിക്കുന്നു.
ഭാഷയുടെ കാര്യത്തില്‍ മാത്രമല്ല മലയാളികള്‍ക്ക് മലയാളനാടിനോട് അവജ്ഞ. കേരളത്തില്‍ ആയിരിക്കുമ്പോള്‍ മടിയന്‍മാരും സമരാവേശം മൂത്തവരും കേരളത്തിനു പുറത്തുപോയാല്‍ അടിമകളേപ്പൊലെ പണിയെടുക്കുന്നു.
പാലക്കാടന്‍ മലയാളി ആയിരുന്ന എം ജി രാമ ചന്ദ്ര മേനോന്‍ തമിഴ് നാട്ടിലെ തമിഴരുടെ മാത്രമല്ല, ശ്രീലങ്കയിലെ തമിഴരുടെയും രക്ഷിതാവായി സ്വയം അവരോധിച്ചിരുന്നു. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള കേന്ദ്ര മന്ത്രിമാര്‍ അവരുടെ നാടിനു വേണ്ടിയും ഭാഷക്കു വേണ്ടിയും പലതും ചെയ്യുമ്പോള്‍ കേരളത്തില്‍ നിന്നുള്ള കേന്ദ്ര മന്ത്രിമാര്‍ ഈ വക വിഷയങ്ങളില്‍ നിന്നു മുഖം തിരിക്കുന്നു. പ്രവാസികളുടെ യാത്രാ പ്രശ്നത്തേക്കുറിച്ച് ചോദിച്ചപ്പോള്‍ അത് മലയാളികളുടെ ചോദ്യമായല്ല വയലാര്‍ രവി എന്ന മന്ത്രി കണ്ടത്. അത് കമ്യൂണിസ്റ്റുചോദ്യമായാണ്. മാത്രമല്ല സൂര്യനെല്ലി വിഷയത്തേപ്പറ്റി ഒരു ചോദ്യം ചോദിച്ച വനിതാ പത്ര പ്രവര്‍ത്തകയെ ദ്വയാര്‍ത്ഥ പ്രയോഗത്തിലൂടെ അധിക്ഷേപിക്കാനും ഇദ്ദേഹം തുനിഞ്ഞു.
പലരും പലപ്പോഴും പറയാറുള്ള മറ്റൊന്ന്, പ്രവാസി മലയാളികളാണ്, കേരളത്തിന്റെ സമ്പദ് വ്യവസ്ഥയെ താങ്ങി നിറുത്തുന്നത് എന്നാണ്. 53000 കോടി രൂപ വര്‍ഷം തോറും പ്രവാസികള്‍ കേരളത്തിലേക്ക് കൊണ്ടു വരുന്നു. അതില്ലായിരുന്നെങ്കില്‍ കേരളം കുത്തു പാള എടുത്തേനേ എന്നൊക്കെയാണു പ്രചരിപ്പിക്കുന്നത്. മറ്റൊരു റിപ്പോര്‍ട്ട് പറയുന്നത് അന്യസംസ്ഥാന തൊഴിലാളികള്‍ കേരളത്തില്‍ നിന്നും വര്‍ഷം തോറും 20000 കോടി രൂപ കൊണ്ടുപോകുന്നു എന്ന്. പ്രവാസികളായ മലയാളികള്‍ ഗള്‍ഫ് നാടുകളില്‍ പോയി ചെയ്യുന്ന അതേ പണി തന്നെയാണ്, ഈ തൊഴിലാളികളും ചെയ്യുന്നത്. അറബിനാടുകളില്‍ അനുഭവിക്കുന്ന കഷ്ടപ്പാടിന്റെ കണ്ണീരില്‍ കുതിര്‍ന്ന കഥകള്‍ ഇവര്‍ കൂടെക്കൂടെ പറയാറുമുണ്ട്. ഇവര്‍ക്കൊന്നും കേരളത്തിലെ ജോലി വേണ്ട. കേരളത്തില്‍ ജീവിക്കയും വേണ്ട. കേരളത്തില്‍ ജീവിക്കുന്ന പലര്‍ക്കും മലയാളം വേണ്ട. മലയാളി എന്ന പേരുപോലും ഇവര്‍ ഉപേക്ഷിക്കുന്ന കാലം വരുമെന്നാണു തോന്നുന്നത്.
ജോലിക്കാര്യത്തിലും ഭാഷയുടെ കാര്യത്തിലും മാത്രമല്ല, മറ്റ് പല കാര്യത്തിലും പല മലയാളികള്‍ക്കും ഇതുപോലെ ഒരു ഇരട്ടത്താപ്പു കാണാനുണ്ട്. അടുത്ത കാലത്ത് നരേന്ദ്ര മോഡിയെ കേരളത്തിലേക്ക് എസ് എന്‍ ഡി പിയുടെ ആഭിമുഖ്യത്തില്‍ ക്ഷണിച്ചു കൊണ്ടു വന്നു. അതിനെതിരെ വലിയ ഒരു കോലാഹലം കേരളത്തിലുണ്ടായി. എന്‍ എസ് എസും എസ് എന്‍ ഡി പിയും ചേര്‍ന്ന് ഹിന്ദുക്കളെ സംഘടിപ്പിക്കുന്നതിന്റെ ഭാഗമായിരുന്നു അത്. ശിവ ഗിരി പോലെയുള്ള ഒരു സ്ഥലത്ത് മോഡി വരുന്നത് വിവാദമാകും എന്നറിഞ്ഞു കൊണ്ടു തന്നെയാണിവര്‍ ഇത് ചെയ്തതും. അവര്‍ ഉദ്ദേശിച്ചപോലെ വിവാദമായി. മുസ്ലിം തീവ്രവാദ സംഘടനയായ പോപ്പുലര്‍ ഫ്രണ്ടുകാര്‍ നടത്തുന്ന വിധ്വംസക പ്രവര്‍ത്തനങ്ങളേക്കുറിച്ച് മിണ്ടാത്ത രാഷ്ട്രീയക്കാര്‍ പോലും മോഡിയെ വിമര്‍ശിച്ചു കണ്ടു. മോദി വന്നതു സംബന്ധിച്ചുണ്ടായ വിവാദത്തില്‍ സുകുമാരന്‍ നായരും വെള്ളാപ്പള്ളിയും പ്രകടിപ്പിച്ച അഭിപ്രായങ്ങളും വിമര്‍ശനങ്ങളും എവിടെ കൊണ്ടു എന്ന് അടുത്ത ദിവസം ഉണ്ടായ പ്രതികരണം നമ്മെ ബോധ്യപ്പെടുത്തി. മോഡിയെ വിമര്‍ശിക്കാന്‍ മുന്നില്‍ നില്‍ക്കുന്നത് മുസ്ലിങ്ങളാണ്. പക്ഷെ മുസ്ലിം തീവ്രവാദ സംഘടനകളെ അവര്‍ ഇതുപോലെ വിമര്‍ശിക്കാറില്ല. ലീഗുകാര്‍ പാണക്കട്ടു തങ്ങളുടെ അദ്ധ്യക്ഷതയില്‍ യോഗം ചേര്‍ന്ന്, ചില തീരുമാനങ്ങളെടുത്തു. സുകുമാരന്‍ നായരെയും വെള്ളാപ്പള്ളിയേയും പറ്റി യു ഡി എഫില്‍ പരാതി പറയുമത്രെ. ലീഗ് തുറന്നു വിട്ട വര്‍ഗ്ഗീയ ദുര്‍ഭൂതം കേരളത്തെ ആകെ വിഴുങ്ങാന്‍ തയ്യാറെടുക്കുന്നു. ഇത്രകാലം മോഡിയെ അവഗണിച്ചു നടന്ന എസ് എന്‍ ഡി പി ഇന്ന് മോഡിയെ ക്ഷണിച്ചതെന്തുകൊണ്ട് എന്ന് ചിന്തിക്കാനുള്ള വിവേകം ഏതായാലും മുസ്ലിം ലീഗിനോ മുസ്ലിങ്ങള്‍ക്ക് പൊതുവെയോ ഇല്ല. മറ്റ് പലതും ഉപേക്ഷിക്കുന്ന കൂടെ കേരളത്തിന്റെ മതേതര പൈതൃകവും മലയാളികള്‍, പ്രത്യേകിച്ച് മലയാളി ഹിന്ദുക്കള്‍ ഉപേക്ഷിക്കുമോ എന്ന് കാത്തിരുന്നു കാണാം. ശ്രീനാരായണഗുരുവിന്റെ ഉറച്ച അനുയായികളായ ശിവഗിരിയിലെ സന്യാസിമാര്‍ പ്രകടമായി മോഡിയെ പിന്തുണക്കുന്നത് ഗൌരവത്തോടെയേ കാണാന്‍ പറ്റൂ.
എന്നും പച്ചപ്പട്ടു പുതച്ചു കിടന്ന കേരളം ഇപ്പോള്‍ ഒരു മരുഭൂമി ആയി മാറിക്കൊണ്ടിരിക്കുന്നു. കേന്ദ്ര ആസൂത്രണ ബോഡ് ഉപാദ്ധ്യക്ഷന്‍ അഹ്‌ലുവാലിയ കേരളത്തില്‍ വന്നു പറഞ്ഞത് നിങ്ങള്‍ കൃഷിയൊന്നും ചെയ്യേണ്ട. കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍ പണുതോളൂ എന്നാണ്. കൃഷി ഇല്ലാതാക്കി കാടുകളൊക്കെ വെട്ടി നശിപ്പിച്ച് ഇപ്പോള്‍ കേരളത്തിലൊരിടത്തും മഴ പെയ്യുന്നില്ല. കുടി വെള്ളം ഇല്ല. കൃഷിഭൂമി മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതിനെതിരെ സമരം ചെയ്ത വ്യക്തിക്ക് വെട്ടിനിരത്തലുകാരന്‍ എന്ന വട്ടപേരു ചാര്‍ത്തിക്കൊടുത്തു മലയാളികള്‍,. എന്നിട്ടിപ്പോള്‍ കുടി വെള്ളത്തിനു വേണ്ടി തമിഴ് നാടിന്റെ മുന്നില്‍ യാചിക്കേണ്ട അവസ്ഥയിലായി. അതും കേരളം നല്‍കുന്ന വെള്ളത്തിന്റെ ഒരംശത്തിനു വേണ്ടി.
ഇതുപോലെയുള്ള അനേകം ഇരട്ടത്താപ്പുകള്‍ മലയാളികള്‍ക്ക് സ്വന്തമായി ഉണ്ട്. സ്വന്തം മാതൃഭാഷ ഉള്‍പ്പടെ എല്ലാ പൈതൃകങ്ങളും ഉപേക്ഷിക്കാന്‍ മലയാളികള്‍ വൃതമെടുത്തിരിക്കുന്നു എന്ന ഒരു തോന്നലാണിപ്പോള്‍ ഉള്ളത്. പുരോഗതിയുടെ അളവുകോലുകളായ പലതിലും ഏറ്റവും മുന്നില്‍ നില്‍ക്കുമ്പോഴും എന്തുകൊണ്ട് മലയാളികള്‍ ഇതുപോലെ പെരുമാറുന്നു?
നേതാക്കന്‍മാര്‍ക്ക് മലയാളം വേണ്ട. മലയാളിയെ വേണ്ട. പിന്നെ ആര്‍ക്കാണീ നാടിന്റെ പൈതൃകം വേണ്ടത്?