ഇതൊരു കിരീടത്തിന്റെ ചിത്രമാണ്. കിരീടം സാധാരണ വയ്ക്കുന്നത് രാജാക്കന്‍മാരും ചക്രവര്‍ത്തിമാരുമാരും. കിരീടം അധികാരത്തിന്റെ ചിഹ്നം . രാജാവ് അധികാരമേറ്റെടുക്കുമ്പോള്‍ അതിനു "കിരീട ധാരണം" എന്നാണു പറയാറുള്ളതും.
ഇപ്പോള്‍ രാജഭരണമില്ലെങ്കിലും ചിലപ്പോഴൊക്കെ ഇത് പലരും സ്വയമണിയാറുണ്ട്. ചിലപ്പോള്‍ മറ്റുള്ളവരെ അണിയിക്കാറുമുണ്ട്. ദാ ഇതുപോലെ.
കിരീടം വയ്ക്കാത്ത രാജാക്കന്‍മാര്‍ എന്ന് പലരെയും പൊതുവെ വിളിക്കാറുമുണ്ട്. കിരീടം വയ്ക്കുന്നവരും അത് സ്വീകരിക്കുന്നവരും ഇപ്പോഴും ആ പഴയ കാല രാജഭരണത്തിന്റെ ഹാംഗ് ഓവറിലാണെന്നു പറയാം. അധികാരം ഏല്‍പ്പിച്ചു കൊടുക്കുന്നതും അത്, സ്വീകരിക്കുന്നതും പ്രതീകാത്മകമായി അംഗീകരിക്കുന്ന നടപടിയാണെന്നും പറയാം.
അതി വിചിത്രമായ ഒരു തര്‍ക്കം ഇപ്പോള്‍ കേരളത്തില്‍ നടക്കുന്നുണ്ട്. ഈയിടെ അന്തരിച്ച മുന്‍കാല രാജകുടുംബത്തിലെ മാര്‍ത്താണ്ഡവര്‍മ്മയെ ആദരിക്കാന്‍ കേരള സര്‍ക്കാര്‍ തിരുവനന്തപുരം ജില്ലക്ക് അവധി പ്രഖ്യാപിച്ചതിനോടനുബന്ധിച്ചാണത്. അറിയപ്പെടുന്ന പ്രതികരണ തൊഴിലാളിയും, ഹരിത എം എൽ എ എന്ന് അവകാശപ്പെടുന്ന ആളും ആയ വി റ്റി ബലറാം ആണ്, ഈ വിവാദത്തിനു തുടക്കം കുറിച്ചതും. അദ്ദേഹം എഴുതിയ അഭിപ്രായം ഇതായിരുന്നു.
""""ശ്രീ മാർത്താണ്ഡ വർമ്മയുടെ നിര്യാണത്തിൽ അനുശോചിക്കുന്നു. എന്നാൽ പഴയ ഒരു രാജകുടുംബത്തിലെ അംഗമെന്നതിൽക്കവിഞ്ഞ് ഒരിക്കൽപ്പോലും ഈ നാടിന്റെ ഭരണാധികാരി അല്ലാതിരുന്ന അദ്ദേഹത്തിന്റെ മരണത്തേത്തുടർന്ന് തിരുവനന്തപുരത്ത് പൊതു അവധി പ്രഖ്യാപിച്ചത് എന്തിനാണെന്ന് മനസ്സിലാവുന്നില്ല. രാജഭരണവും ഫ്യൂഡലിസവുമൊക്കെ കഴിഞ്ഞുപോയെന്നും ഇപ്പോൾ ഈ നാട്ടിൽ നിലനിൽക്കുന്നത് ജനാധിപത്യവ്യവസ്ഥിതിയാണെന്നതും ഭരണാധികാരികൾ തന്നെ മറന്നുപോകുന്നത് ഉചിതമല്ല. “രാജാവ് നാടുനീങ്ങി” തുടങ്ങിയ തലക്കെട്ടുകൾ നാളത്തെ പത്രങ്ങളിൽ കണ്ടാലും ആശ്ചര്യപ്പെടേണ്ടതില്ലെന്ന് തോന്നുന്നു.""""
ഇതു കേട്ട നൂറുകണക്കിനാരാധകര്‍ കോരിത്തരിച്ചു പോയി. സന്തോഷം കൊണ്ട് ഇരിപ്പുറക്കാതെ അവരൊക്കെ ചേര്‍ന്ന് ബലറാമിനെ വിപ്ളവനായകനായും വഴ്ത്തിപ്പാടി. ഒരാരാധകന്‍ ആരാധന മൂത്ത്, കോണ്‍ഗ്രസ് എന്ന രാഷ്ട്രീയ കക്ഷിയോട് ഇപ്പോഴും പല വിഷയങ്ങളിലും എതിര്‍പുണ്ടെങ്കിലും.സാമൂഹിക ലിബറല്‍ മൂല്യങ്ങളെ ഉയര്‍ത്തിപ്പിടിക്കുകയും, ഇവയ്ക്കു സമൂഹമദ്ധ്യത്തില്‍ ഉറച്ചു പിന്തുണ പ്രഖ്യാപിക്കുകയും ചെയ്യുന്ന എം.എല്‍.എമാര്‍ നമ്മുടെ നിയമസഭയില്‍ ഇരിക്കുന്നു എന്നതു സന്തോഷവും പ്രത്യാശയും നല്‍ക്കുന്നു, എന്നു കൂടി പറയുന്നു.
രാജഭരണത്തോടും രാജകുടുംബമെന്ന് പലരും വാഴ്ത്തിപ്പാടുന്ന ഈ കുടുംബത്തോടും,അവരുടെ അഹങ്കാരങ്ങളോടും ഒട്ടും യോജിപ്പില്ലാത്ത വ്യക്തിയാണു ഞാന്‍. പത്മനാഭ സ്വാമി ക്ഷേത്രത്തിലെ നിധി ശേഖരം രാജകുടുംബത്തിന്റേതാണെന്നു പറഞ്ഞ മാര്‍ത്താണ്ഡവര്‍മ്മയോട് വെറുപ്പുമുണ്ട്. എങ്കിലും ബലറാം എന്ന കോണ്‍ഗ്രസ് എം എല്‍ എ പറഞ്ഞ അഭിപ്രായം കേട്ടപ്പോള്‍ എനിക്ക് വാസ്തവത്തില്‍ അത്ഭുതം തോന്നി.
ഇവിടെ ബലറാം ഉന്നയിക്കുന്നത് മൂന്നു കാര്യങ്ങളാണ്.
1. മാര്‍ത്താണ്ഡ വര്‍മ്മ ഒരധികാര സ്ഥാനത്തും ഇരുന്നിട്ടില്ല. അതുകൊണ്ട് തിരുവനന്തപുരത്തിനവധി കൊടുത്തത് തെറ്റാണ്.
2. രാജഭരണവും ഫ്യൂഡലിസവും കഴിഞ്ഞു പോയെന്ന് ഇപ്പോഴത്തെ ഭരണാധികാരി ആയ കോണ്‍ഗ്രസ് എന്ന പാര്‍ട്ടി മറന്നു പോകുന്നു.
3. "രാജാവ് നാടു നീങ്ങി" എന്ന പേരില്‍ വാര്‍ത്തകള്‍ വരാനുള്ള സാധ്യതയുണ്ട്.
അധികാര സ്ഥാനത്തിരിക്കാത്ത പലരും മരിക്കുമ്പോള്‍, നമ്മള്‍ പലപ്പോഴും അവധി കൊടുക്കാറുണ്ട്. സഞ്ചയ് ഗാന്ധി എന്ന കോണ്‍ഗ്രസ് നേതാവ്, ഒരധികാര സ്ഥാനത്തും ഇരുന്നിട്ടില്ല. പക്ഷെ അദ്ദേഹം മരിച്ചപ്പോള്‍ ഡെല്‍ഹിയില്‍ അവധി കൊടുത്തിരുന്നു. ദേശീയമായി ദുഖവും ആചരിച്ചിരുന്നു. വെറും എം പി മാത്രമായിരുന്ന അദ്ദേഹത്തിനെന്തിനാണു കോണ്‍ഗ്രസ് സര്‍ക്കാര്‍ ഇത്രയേറെ പ്രാധാന്യം കൊടുത്തത്? രാജഭരണത്തേക്കാള്‍ ക്രൂരമായി, ഒരു ജനതയുടെ മുഴുവന്‍ മനുഷ്യാവകാശങ്ങളും ലംഘിച്ചു കൊണ്ട്, ഒരു ചക്രവര്‍ത്തിനിയേപ്പോലെ ഭരിച്ച പ്രധാനമന്ത്രി ആയിരുന്നു, ഇന്ദിരാ ഗാന്ധി. അവർ പ്രഖ്യാപിച്ച അടിയന്താരവസ്ഥയുടെ എല്ലാ ഉത്തരവാദിത്തങ്ങളും കോണ്‍ഗ്രസ് പാര്‍ട്ടി കെട്ടി വയ്ക്കുന്നത് സഞ്ചയ് ഗാന്ധിയിലാണ്. അദ്ദേഹത്തിന്റെ ചരമ ദിനം ഇപ്പോഴും കോണ്‍ഗ്രസുകാര്‍ ആചരിക്കുന്നുണ്ട്. സഞ്ചയ് ഗാന്ധിയോട് ബലറാമിന്റെ പാര്‍ട്ടി അംഗങ്ങള്‍ക്കുള്ള സ്നേഹാദരം, തിരുവനന്തപുരത്തെ കുറച്ചു പേര്‍ ഈ രാജകുടുംബത്തോടും അതിലെ അംഗങ്ങളോടും പ്രകടിപ്പിക്കുന്നത് അക്ഷന്തവ്യമായ തെറ്റാകുന്നതെങ്ങനെ?
കേരളം ഭരിക്കുന്നത് കോണ്‍ഗ്രസ് സര്‍ക്കാരാണ്. ബലറാം അംഗമായ കോണ്‍ഗ്രസ്. ഈ സര്‍ക്കാരാണ്, അവധി കൊടുക്കാന്‍ തീരുമാനിച്ചത്. അതിനെതിരെ മുഖ്യ മന്ത്രിയോടോ കോണ്‍ഗ്രസിന്റെ സംസ്ഥാന അധ്യക്ഷനോടോ ബലറാം പ്രതിഷേധം അറിയിച്ചതായി എങ്ങും കേട്ടില്ല. Face Book ല്‍ പ്രതിഷേധിച്ചാല്‍ കുറച്ച് പേരുടെ കയ്യടി നേടാം എന്ന ഉദേശ്യമാണീ പ്രതിഷേധ നാടകത്തിന്റെ പിന്നിലുള്ളത്. അല്ലെങ്കില്‍ സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചപ്പോള്‍ തന്നെ അത് ഭരണ കക്ഷി എം എല്‍ എ ആയ ബലറാം തിരുത്തിക്കേണ്ടതായിരുന്നു.
ഇത് ബലറാമിന്റെ സ്ഥിരം നാടകമാണ്. ആറന്മുള വിമാത്താവള വിഷയത്തിലും ഇതേ നാടകം ബലറാം ആടിയിട്ടുണ്ട്. കേരള നിയമസഭയിലെ 72 എം എല്‍ എ മാര്‍ ഈ പദ്ധതിയെ എതിര്‍ത്തുകൊണ്ട് ഒപ്പിട്ട നിവേദനത്തില്‍, അടുത്ത് ആളായി ഒപ്പിടാന്‍ തയ്യറാണെന്ന്, തന്റെ മന്ദബുദ്ധി അനുയായികളോട് പറഞ്ഞ ആളാണീ ബലറാം. ഇന്നു വരെ ആ നിവേദനത്തില്‍ ഒപ്പിട്ടിട്ടില്ല എന്നാണെന്റെ അറിവ് . ബലറാമിന്റെ പാര്‍ട്ടിയുടെ സര്‍ക്കാര്‍ ആ പദ്ധതി നടപ്പിലാക്കാന്‍ എല്ലാ തീരുമാനങ്ങളും കൈക്കൊണ്ടു കഴിഞ്ഞു. ഇന്നു വരെ ഈ അനുയായി വൃന്ദങ്ങളൊന്നും എന്തുകൊണ്ടാണീ ജന വിരുദ്ധ നിലപാട് ബലറാമിന്റെ പാര്‍ട്ടി സ്വീകരിച്ചതെന്ന് ചോദിച്ചില്ല. ചോദിച്ചാലും ബലറാം എന്ന കാപട്യം മറുപടി പറയുകയും ഇല്ല. ഇതുപോലുള്ള പ്രതിഷേധ നാടകം കണ്ട് സംതൃപ്തി അടയാനുള്ള വിവേകമേ ഈ അനുയായികള്‍ക്കുള്ളു.
വേറൊരു പ്രതിഷേധം കോഴിക്കോട് സാമൂതിരിയുടെ കുടുംബാംഗങ്ങള്‍ക്ക് പെന്‍ഷന്‍ കൊടുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതിനെതിരെ ആയിരുന്നു. അത് അനാവശ്യമാണെന്നതിൽ തർക്കമില്ല. ആ തീരുമാനത്തിന്റെ ന്യായാന്യായത മറന്നു കൊണ്ട് മറ്റൊരു കാര്യം ചിന്തിക്കാം. ഇന്ന് കേരളത്തിലെ ഒരു മന്ത്രിക്ക് നാല്‍പ്പതും അമ്പതും പെഴ്സണല്‍ സ്റ്റാഫ് അംഗങ്ങളുണ്ട്. അവരുടെ പ്രധാന പണി മന്ത്രിയേക്കൊണ്ട് എന്തെങ്കിലും കാര്യം സാധിക്കാന്‍ വരുന്നവരോട് കൈക്കൂലി മേടിക്കുക എന്നതാണ്. ഉമ്മന്‍ ചാണ്ടിയുടെ ഒരു സ്റ്റാഫ് ആംഗം ഒറ്റ വര്‍ഷം കൊണ്ട് കോടീശ്വരന്‍ ആയ സത്യം സോളാര്‍ വിഷയം ചര്‍ച്ച ചെയ്തപ്പോ ള്‍ പുറത്തു വന്നിട്ടുമുണ്ട്. ഇതുപോലെയുള്ള സാമൂഹ്യ ദ്രോഹികള്‍ക്ക് ആജീവനാന്ത പെന്‍ഷനും ഇപ്പോള്‍ ലഭിക്കും. ഇതിനെതിരെ ബലറാം എപ്പോഴെങ്കിലും പ്രതിഷേധിച്ചതായി കേട്ടിട്ടില്ല. ഇതുപോലെയുള്ള ധൂര്‍ത്തും അഴിമതിയും നടക്കുമ്പോള്‍, അതിനെതിരെ ചെറുവിരല്‍ അനക്കാതെ, സാമൂതിരിയുടെ കുടുംബത്തിലെ അവശത അനുഭവിക്കുന്നവര്‍ക്ക് ചെറിയ ഒരു പെന്‍ഷന്‍ നല്‍കുന്നത് മഹാപരാധമാണോ? അതും മദ്രസയില്‍ കുര്‍ആന്‍ പഠിപ്പിക്കുന്ന മുസല്യാര്‍ക്ക് വരെ പെന്‍ഷനുള്ള ഒരു നാട്ടില്‍.
രാജഭരണവും ഫ്യൂഡലിസവുമൊക്കെ അവസാനിച്ചതായി ബലറാം കേരളത്തിന്റെ ഭരണാധികാരി ആയ കോണ്‍ഗ്രസ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ ഓര്‍മ്മിപ്പിക്കുന്നു. അതു വഴി കേരള ജനതയേയും ഓര്‍മ്മിപ്പിക്കുന്നു. ഇതൊന്നും അറിയാത്ത മന്ദബുദ്ധികളാണ്, കേരള ജനത എന്നത് ബലറാമിന്റെ തോന്നലാണ്. "മാര്‍ത്താണ്ഡവര്‍മ്മ മരിച്ചപ്പോള്‍ അവധി കൊടുക്കുന്നതും, ചിലര്‍ അദ്ദേഹത്തെ രാജാവ് എന്ന് അഭിസംബോധന ചെയ്തതും, രാജഭരണവും ഫ്യൂഡലിസവുമൊക്കെ തിരിച്ചു വരുന്നതിന്റെ ലക്ഷണം" ആയി കാണുന്നവര്‍ക്ക് ഒരു നല്ല നമസ്കാരം പറയട്ടെ. എത്ര വെറുക്കപ്പെട്ട വ്യക്തിയാണെങ്കിലും ഒരാള്‍ മരിച്ചാൽ, തലക്ക് വെളിവുള്ള ശത്രുക്കള്‍ പോലും അദ്ദേഹത്തെ കുത്തിനോവിക്കാന്‍ ശ്രമിക്കില്ല. അപവാദങ്ങളില്ലാതില്ല. അടുത്ത കാലത്ത് മാര്‍ത്താണ്ഡവര്‍മ്മയെ നിശിതമായി വിമര്‍ശിച്ചിട്ടുള്ള വി എസ് അച്യുതാന്ദൻ പോലും ഇക്കാര്യത്തില്‍ മൌനം പാലിച്ചു. പക്ഷെ രാജാവിനേക്കാള്‍ വലിയ രാജഭക്തി ഉള്ള ബലറാമിനാണു വലിയ കൃമികടി.
തിരുവിതാംകൂര്‍ രാജ കുടുംബത്തിന്റെ രാജ ഭരണമേ അവസാനിച്ചുള്ളു. പകരം രാജ്യ ഭാരം ഏറ്റെടുത്ത, രാജകുടുംബത്തിന്റെ ഭരണം ഇപ്പോഴും തുടരുന്നു. നെഹ്രു ഗാന്ധി രാജകുടുംബത്തിന്റെ. ആദ്യം നെഹ്രു, പിന്നെ ഇന്ദിര, അതിനു ശേഷം രാജിവ്, രാജീവിനു ശേഷം സോണിയ ആകേണ്ടതായിരുന്നു. പക്ഷെ ബി ജെപിയുടെ എതിര്‍പ്പുകാരണം അത് നടന്നില്ല. വാ തുറന്നാൽ വിഡ്ഢിത്തം മാത്രം പറയുന്ന അടുത്ത കിരീടാവകാശി, രാഹുലനെ അരിയിട്ട് വഴിച്ചത് കുറച്ചു നാളുകൾക്ക് മുന്നേ ആയിരുന്നു. നെഹ്രു ഗാന്ധി രാജകുടുംബത്തിന്റെ ഭരണത്തില്‍ ബലറാമിനൊന്നും യാതൊരു പ്രശ്നവുമില്ല. അവിടെ സോണിയ എന്ന കിരീടം വയ്ക്കാത്ത ചക്രവര്‍ത്തിനി പറയുന്ന ഒരു തിരു വാക്കിനും എതിര്‍വാ ഇല്ല. ബലറാം സോണിയയുടെ മുന്നില്‍ ഇരിക്കുക പോലുമില്ല. എന്നിട്ടാണ്, മാര്‍ത്താണ്ഡവര്‍മ്മയെ ആരോ രാജാവെന്നു വിളിച്ചപ്പോഴേക്കും ബലറാമിന്റെ ധാര്‍മ്മിക രോഷം അണപൊട്ടി ഒഴുകുന്നത്.
കേരള മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഏത് രാജാവിനെയും ലജ്ജിപ്പിക്കുന്ന വിധത്തിലാണു ഭരിക്കുന്നത്. തന്റെ ഓഫീസിടപെട്ടു നടത്തിയ അഴിമതിയുടെ കഥകള്‍ ഓരോന്നായി പുറത്തു വരുന്നു. ഉമ്മന്‍ ചാണ്ടി, രാജാവിനേപ്പോലെയും, തന്റെ സ്റ്റാഫ് അംഗങ്ങള്‍, ഫ്യൂഡല്‍ പ്രഭുക്കളെയും പോലെ ആണ്, കേരളം ഭരിച്ചത്. സലിം രാജെന്ന പ്രഭു, ഉമ്മൻ ചാണ്ടിയുടെ തണലിൽ നടത്തിയ ഭൂമി തട്ടിപ്പൊക്കെ, പണ്ടത്തെ ഏത് പ്രഭുവിനെയും കടത്തി വെട്ടും. പണ്ട് രാജാക്കന്‍മാര്‍ എഴുന്നള്ളി ഇരുന്ന് പണക്കിഴി വിതരണം ചെയ്തിരുന്ന പോലെ ഉമ്മന്‍ ചാണ്ടി മഹാരാജാവ് പലയിടത്തും എഴുന്നള്ളി ഇരുന്ന് പണക്കിഴി വിതരണം ചെയ്യുന്നു. ഈ വര്‍ഷം വിതരണം ചെയ്ത പണക്കിഴിയുടെ മൂല്യം 17 കോടി രൂപ വരും. അതിനു വേണ്ടി ചെലവായത് വേറെ 10 കോടിയും. ഈ മഹാരാജാവ് എഴുന്നള്ളുമ്പോള്‍ ജില്ലയിലെ സകല പോലീസുദ്യോഗസ്ഥരും വലിയ ഒരു സംഘം പോലീസുകാരും അകമ്പടിക്കുണ്ടാകും. കൂടെ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ഒരു പടയും. ജനങ്ങള്‍ക്ക് ഇതുപോലെ ദുരിതം ഉണ്ടാക്കുന്ന ഈ മാമാങ്കത്തിന്റെ ഉദ്ദേശ്യം എന്താണ്? ഈ പരാതിക്കാരെ സകല ചെലവും നല്‍കി തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ ഓഫീസില്‍ എത്തിക്കാന്‍ പോലും 10 കോടി രൂപ ചെലവു വരില്ല. പിന്നെ എന്തിനാണിങ്ങനെ ഒരു മുഖം കാണിക്കാന്‍ വേണ്ടിയുള്ള എഴുന്നള്ളത്ത്? താഴെ കാണുന്നതുപോലെയുള്ള ചില ചിരിപ്പിക്കലും കൂടെ ഉണ്ട്.
മുഖ്യമന്ത്രിയെ കാണുന്നവര്‍ക്ക് മാത്രമേ ആനുകൂല്യം ലഭിക്കുകയുള്ളു എന്നതാണാവസ്ഥ. ത്രിതല പഞ്ചായത്തുകളിലൂടെ അധികാര വികേന്ദ്രീകരണം ആണ് , ഇൻ ഡ്യൻ ഭരണഘടന വിഭാവനം ചെയ്യുന്നത്. അതിനു കടകവിരുദ്ധമായി മുഖ്യമന്ത്രി അധികാരകേന്ദ്രീകരണം നടത്തുകയാണ്. ജില്ലാ കളക്ടറുടെയും തഹസില്‍ദാര്‍മാരുടെയും വില്ലേജ് ഓഫീസര്‍മാരുടെയും അധികാരങ്ങളും കര്‍ത്തവ്യങ്ങളും മുഖ്യമന്ത്രി സ്വയം ഏറ്റെടുക്കുന്നു . ഉമ്മന്‍ചാണ്ടി പണക്കിഴി വിതരണപരിപാടിക്ക് ഓടിനടക്കുന്നതുമൂലം ഭരണത്തിന് നേതൃത്വം നല്‍കാന്‍ ആളില്ലാത്ത അവസ്ഥയാണ്.
ഇരിക്കാന്‍ പാറ്റാതെയും, നടക്കാന്‍ പറ്റാതെയും, മാറാരോഗം ബാധിച്ചും കഷ്ടപ്പെടുന്നവരെയൊക്കെ താന്‍ ഇരിക്കുന്ന സ്ഥലത്തേക്ക് ചുമന്നു കൊണ്ടു വന്നാലേ പണക്കിഴി നല്‍കൂ എന്നത് ധാര്‍ഷ്ട്യമാണ്. ഏത് രാജാവിനെയും വെല്ലുന്ന ധാര്‍ഷ്ട്യം.
നിയമ സഭ മുതല്‍ ഗ്രാമസഭ വരെയുള്ള സകല ജനാധിപത്യ സംവിധാനങ്ങളെയും നോക്കുകുത്തികളാക്കി, അവിടെ ഇരിക്കുന്നവരൊക്കെ കഴിവു കെട്ടവരാണെന്നു സൂചിപ്പിച്ചുകൊണ്ട്, ഈ മഹാരാജാവ് ചെയ്യുന്നതൊക്കെ, ബലറാമിനേപ്പോലുള്ള കാപട്യത്തിനു മനസിലാകാത്തതൊന്നുമല്ല. അദ്ദേഹത്തെ അന്ധമായി പിന്തുണക്കുന്ന അടിയാന്‍മാര്‍ക്ക് പക്ഷെ മനസിലാകുമെന്നു തോന്നുന്നില്ല. ഉണ്ടെങ്കില്‍ ഈ സാമന്തനെ ഇതുപോലെ പുകഴ്ത്തില്ല.
അന്തരിച്ച മര്‍ത്താണ്ഡവര്‍മ്മയെ കളിയാക്കുന്ന പോലെയാണ്, രാജാവ് നാടുനീങ്ങി എന്ന ബലറാമിന്റെ പ്രയോഗം. രാജാവെന്ന പ്രയോഗവും നാടുനീങ്ങുന്നു എന്ന പ്രയോഗവും ബലറാമിനു രുചിക്കുന്നില്ല. ക്രൈസ്തവ സഭയിലെ ബിഷപ്പുമാരെ തിരുമേനി എന്നാണ്, വിശ്വാസികള്‍ അഭിസംബോധന ചെയ്യാറുള്ളത്. അവര്‍ കടന്നു വരുമ്പോള്‍ ആദരം പ്രകടിപ്പിക്കുന്നത് കൈ മുത്തിക്കൊണ്ടുമാണ്. അവര്‍ മരിക്കുമ്പോള്‍ കാലം ചെയ്തു എന്നാണ്, സാധാരണ റിപ്പോര്‍ട്ട് ചെയ്യാറുള്ളതും. ഇനി മുതല്‍ ബലറാമിനെ പേടിച്ച് ഈ ആചാരങ്ങളൊക്കെ ക്രിസ്ത്യാനികള്‍ നിറുത്തേണ്ടി വരുമോ എന്തോ? കാന്തപുരം അബൂബേക്കര്‍ മുസല്യാരെ കൈ മുത്തിയാണ്, അനുയായികള്‍ എതിരേല്‍ക്കാറുള്ളതും. അതിനെതിരെ ബലറാമിന്റെ ഒരു പ്രതിഷേധ നാടകം പ്രതീക്ഷിക്കാമോ എന്തോ.
ഈയിടെ അന്തരിച്ച ദക്ഷിണാമൂര്‍ത്തിയെ സ്വാമികള്‍ എന്നു ചേര്‍ത്താണു വിളിച്ചിരുന്നത്. എല്ലാ ഹൈന്ദവ സന്യാസിമാരെയും സ്വാമി എന്നാണു അഭിസംബോധന ചെയ്യുന്നതും. നവോത്ഥാന നായകരായ ചട്ടമ്പി സ്വാമികളെയും, ശ്രീനാരായണ ഗുരുദേവനെയും ബലറാം പടിയടച്ച് പിണ്ഡം വയ്ക്കുമോ എന്തോ.
"ബലറാം എന്ന എം.എല്‍.എ കേരള നിയമസഭയില്‍ ഇരിക്കുന്നു എന്നതു സന്തോഷവും പ്രത്യാശയും നല്‍കുന്നു", എന്നാണ്, ഒരു ഭക്തന്‍ പാടിയത്. ഇതേ ബലറാം നിയമസഭയിലെ സ്പീക്കറെ അഭിസംബോധന ചെയ്യുന്നത്, സര്‍ എന്നാണ്. ഫ്യൂഡലിസത്തിന്റെ ഏറ്റവും വലിയ തിരുശേഷിപ്പാണീ അഭിസംബോധന. ബ്രിട്ടീഷ് രാജ്ഞി മാടമ്പിമാര്‍ക്ക് കല്‍പ്പിച്ചു നല്‍കുന്ന സ്ഥാനമാണ്, സര്‍ എന്നത്. ഇങ്ങനെ വിളിക്കാന്‍ യാതൊരു ഉളുപ്പുമില്ലാത്ത ബലറാമിന്, മാര്‍ത്താണ്ഡവര്‍മയെ ചിലര്‍ രാജാവെന്ന് അഭിസംബോധന ചെയ്യുമ്പോള്‍ ഫ്യൂഡലിസം തിരിച്ചു വരുന്നതായി തോന്നുന്നു.
ഇതേ ബലറാമിന്റെ Face Book പേജിന്റെ നെറ്റിയില്‍ ഒട്ടിച്ചു വച്ചിരിക്കുന്ന ചിഹ്നമാണ്, ഞാന്‍ ആദ്യം സൂചിപ്പിച്ച കിരീടം. അലുക്കുകളിട്ട കുഞ്ഞു മെത്തയില്‍ ഭക്ത്യാദരങ്ങളോടെ ആണദ്ദേഹം അത് പ്രദര്‍ശിപ്പിക്കുന്നതും. ബലറാമിന്റെ കാപട്യത്തിന്റെ മകുടോദാഹരണം പോലെ.
നാടോടുമ്പോള്‍ നടുവെ ഓടാതെ, താന്‍ തിരിഞ്ഞോടി വ്യത്യസ്ഥനാകാന്‍ ശ്രമിക്കുന്നു എന്നാണ്, ആപ്ത വാക്യം. പക്ഷെ ബിംബം നാടുവാഴിത്തത്തിന്റെ തിരുശേഷിപ്പായ കിരീടമായി പോയി എന്നു മാത്രം. മാര്‍ത്താണ്ഡവര്‍മയെ ചീത്തപറയുമ്പോഴും രാജഭരണത്തിന്റെ തിരുശേഷിപ്പിനോടുള്ള അഭിവാഞ്ച മറക്കാന്‍ ആകുന്നില്ല. ഉമ്മന്‍ ചാണ്ടിയും പിണറായി വിജയനും കിരീടം തലയില്‍ വച്ചു. പക്ഷെ ബലറാം അത് തലയോട് ചേര്‍ത്തു വയ്ക്കുന്നു. കുറഞ്ഞ പക്ഷം ഒരു സിംഹവാലന്‍ കുരങ്ങിന്റെയോ, നീലഗിരി വരയാടിന്റെയോ ചിത്രമായിരുന്നു ഹരിത എം എല്‍ എക്കു യോജിക്കുക. രാജഭരണത്തിന്റെ മുദ്ര ആയ കിരീടം തന്നെ അദ്ദേഹം തെരഞ്ഞെടുത്തത് യാദൃ ഛികമാകാന്‍ വഴിയില്ല.
മാര്‍ത്താണ്ഡ വര്‍മ്മ എന്ന ഈ രജകുടുംബംഗം കേരള രാഷ്ട്രീയത്തിലോ ഇന്‍ഡ്യന്‍ രാഷ്ട്രീയത്തിലോ ഏതെങ്കിലും തരത്തില്‍ ഇടപെട്ടതായി ഞാന്‍ കേട്ടിട്ടില്ല. ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രത്തിലെ ഭരണാധികാരി എന്ന നിലയില്‍ അവിടെ കൂട്ടി വച്ചിരിക്കുന്ന സ്വത്തിന്റെ മേല്‍ അവകാശം ഉന്നയിച്ചതായി മാത്രമേ കേട്ടിട്ടുള്ളു. പിന്നെന്തിനിനാണ്, അദ്ദേഹത്തിന്റെ ശവത്തേപ്പോലും ഈ "അഭിനവ രാജാവ്", കുത്തിനോവിക്കുന്നതെന്ന് മനസിലാകുന്നില്ല.
ഇനി മറ്റൊരു ഹരിത എം എല്‍ എയുടെ വിഷയത്തിലേക്ക് വരാം. ബലറാമിനേപ്പോലെ ഹരിത രാഷ്ട്രീയമെന്ന കാപട്യം കൊണ്ടു നടക്കുന്ന വി ഡി സതീശനാണു കഥാപാത്രം. കാതിക്കുടത്ത് ചാലക്കുടി പുഴയെ മലിനീകരിക്കുന്ന നീറ്റാ ജലറ്റിന്‍ കമ്പനിക്കനുകൂലമായി നിന്നിട്ട്, ഗാഡ്ഗില്‍ കമ്മിറ്റി നിര്‍ദ്ദേശങ്ങളെ കെട്ടിപ്പിടിക്കുന്ന സതീശന്റെ ഇരട്ട മുഖത്തിനൊരു മുഖവുര ആവശ്യമില്ല. പക്ഷെ ഈ അഭിനവ രാജാവ്, ഒരു പ്രജയോട് കാണിക്കുന്ന അസഹിഷ്ണുത ഈ വീഡിയോയില്‍ നോക്കിയാല്‍ മനസിലാകും.
രണ്ടു കാലിനും സ്വാധീനമില്ലാത്ത ഒരു വൃദ്ധ ഏന്തി വലിഞ്ഞ് കൈ നീട്ടിയപ്പോള്‍, ഈ രാജാവു കൈ പിന്‍വലിക്കുന്നു. അവരെ പുച്ചത്തോടെ ഒന്ന് നോക്കിയിട്ട് സാമന്ത രാജാക്കന്‍മാരോടൊപ്പം മഹാരാജാവ് അകന്നു മാറി നടന്നു പോകുന്നു. വീഴുംമുൻപ് കൈ നീട്ടിയപ്പോൾ വി ഡി സതീശന്‍ കൈ വലിക്കുന്നു. തങ്ങള്‍ക്കുനേരേ നീട്ടിയ സ്ത്രീയുടെ കൈ ഖദര്‍ മുണ്ടില്‍ സ്പര്‍ശിക്കാതിരിക്കാന്‍ ശ്രദ്ധിച്ച്, ഒഴിഞ്ഞുമാറുന്നു രാജാക്കന്‍മാര്‍. ആ വൃദ്ധ മറിഞ്ഞുവീണപ്പോഴും കരുണ കാട്ടുന്നില്ല. എന്നിട്ട് മഹാരാജാവു രോഷത്തോടെ ചോദിക്കുന്നു. ആരാണിവരെ ഇവിടേക്ക് കയറ്റി വിട്ടത് എന്നും. "രാജ സന്നിധിയില്‍ കടന്നു വരാന്‍ അര്‍ഹതയില്ലാത്ത ഈ പരിഷയെ ആരാണ്, കടത്തി വിട്ടത്" എന്നാണ്, ഭ്രുത്യന്‍മാരോട് മഹാരാജാവു ക്രോധത്തോടെ ചോദിച്ചത്. ഒരാൾ വിഴുന്നത് കണ്ടാൽ ഏത് മനുഷ്യനും ഒന്ന് സഹായിക്കാൻ വേണ്ടി നീട്ടും. ഇവർ മലയാളിയാണോ എന്നായിരുന്നു മറ്റൊരു രാജാവ് ചോദിച്ചത്. മഹാരാജാവിനോളം ക്രൂരത ഭ്രുത്യൻമാര്‍ക്കില്ലാത്തതുകൊണ്ട് അവര്‍ ആ സാധുവിനെ പിടിച്ചെഴുന്നേല്‍പ്പിച്ചു.
ഈ സംഭവം വിമര്‍ശനവിധേയമായപ്പോള്‍ ഒരു സാമന്ത രാജാവായ മുരളീധരന്‍ പ്രതികരിച്ചത് ഇങ്ങനെ. ആ വൃദ്ധ രേഖ മൂലമോ വാക്കാലോ ഒരു പരാതിയും നല്‍കിയില്ല. പരാതി കേള്‍ക്കാന്‍ പോലും കാത്തു നില്‍ക്കാതെ വില കൂടിയ വിദേശ കാറില്‍ എഴുന്നള്ളിയ ഈ രാജാവും, ഉമ്മന്‍ ചാണ്ടി മഹരാജാവിന്റെ നയം ആണു പിന്തുടര്‍ന്നത്. "മുഖം കാണിച്ച് പരാതി പറഞ്ഞാലേ ചിന്നരാജാവു കനിയൂ. പണക്കിഴി തരൂ". വൃദ്ധ പരാതി പറഞ്ഞില്ല. അതുകൊണ്ട് പണക്കിഴിയും കൊടുത്തില്ല.
ജയിൽ പരിശോധനയ്ക്കിടെ പരാതി പറയാന്‍ വന്ന അസൂറാബീവിയെ അവഗണിച്ചുവെന്ന വാര്‍ത്ത കെട്ടിച്ചമച്ചതാണ് എ ന്ന് സതീശന്‍ പിന്നീട് ആരോപിച്ചു. അവിടെ പൊതുജനത്തിന് പരാതി പറയേണ്ട ആവശ്യം ഇല്ലായിരുന്നു. അതിനാല്‍ തന്നെ അവര്‍ക്ക് പരാതിയില്ലായിരുന്നു. അസൂറാബീവിയുടെ കൈ തന്റെ പളപളത്ത ഖദര്‍ മുണ്ടില്‍ സ്പര്‍ശിക്കാതെ ഒഴിഞ്ഞു മാറിയ സതീശന്‍ പോയത് ഒമാനിലേക്കാണ്. ഒമാനിലാണെങ്കില്‍ ഇതുപോലെ അശ്രീകരങ്ങള്‍ ഉണ്ടാവില്ലല്ലോ. അവിടത്തെ രാജാവിന്റെ പരിരക്ഷയും കിട്ടും. അവിടെ നിന്ന് ഫേസ്ബുക്കിലൂടെയായിരുന്നു പ്രതികരണം.
അസൂറാ ബീവിയുടെ ഭര്‍ത്താവ്, മയക്കുമരുന്നു കേസില്‍ ജയില്‍ ശിക്ഷ അനുഭവിക്കുന്ന വ്യക്തിയാണ് എന്നു കൂടി സതീശന്‍ രാജാവു പറയുന്നു. അതിന്റെ വ്യംഗ്യാര്‍ത്ഥം, മയക്കു മരുന്നു കേസിലെ പ്രതിയുടെ ഭാര്യയെ അവഗണിച്ചതില്‍ യാതൊരു തെറ്റുമില്ല എന്നാണ്.
ഇതേ നിലപാട് സതീശന്‍ രാജാവ് വീണ്ടും തിരുത്തി. ആസൂറാ ബീവിയുടെ ഭര്‍ത്താവ് 4 കുട്ടികളെ പീഢിപ്പിച്ച പീഢന വീരന്‍ ആണെന്ന് ഇപ്പോള്‍ മാറ്റി പറയുന്നു.
അസൂറാബീവിയെ അവഗണിച്ചു എന്ന വിഷയത്തിലേക്ക്, തന്റെ നിരപരാധിത്വം തെളിയിക്കാൻ അവരുടെ ഭര്‍ത്താവിനെ വരെ സതീശന്‍ രാജാവിനു വലിച്ചിഴക്കാന്‍ മടിയില്ല. ഇതേ സതീശന്‍ ഒരിക്കല്‍ മറ്റൊരു ആക്ഷേപം പറഞ്ഞിരുന്നു. സോളാര്‍ കേസിലെ ഒരു ചര്‍ച്ചയില്‍, വി എസ് അച്യുതാനന്ദന്‍ ഉമ്മന്‍ ചാണ്ടിയുടെ കുടുംബത്തെ ആക്ഷേപിച്ചു എന്നായിരുന്നു അത്.
ഒമാനിലിരുന്ന് സതീശന്‍ രാജാവു പറയുന്ന കരളലിയിക്കുന്ന പരാതി ശ്രദ്ധിക്കുക. Somebody wanted to discredit my social commitment. ആരോ തന്റെ സമൂഹിക പ്രതിബദ്ധത തകര്‍ക്കാന്‍ ശ്രമിക്കുന്നു എന്ന്.
ഈ രാജാവ് എന്താണു ചെയ്തതെന്നത് വീഡിയോ ദൃശ്യങ്ങളിലൂടെ കണ്ടിട്ടും, ഇദ്ദേഹത്തിന്റെ ആശ്രിതര്‍ പറയുന്ന അഭിപ്രായം കേട്ടാല്‍, സുബോധമുള്ള ആരും ലജ്ജിച്ചു തല താഴ്ത്തും. രാജഭരണത്തിലേതിനേക്കാള്‍ തരം താണ സ്തുതി പാടല്‍.
ഇടുക്കിയില്‍ മലയിടിഞ്ഞപ്പോള്‍ സതീശന്‍ മഹാരാജാവിനുണ്ടായ വേദന നോക്കു.
രണ്ടു കാലും ഇല്ലാത്ത ഒരു വയോധിക കൈ നീട്ടിയപ്പോള്‍ വെറുപ്പോടെ കൈ പിന്‍വലിച്ച, അവര്‍ തലയടിച്ച് വീണപ്പോള്‍ പുച്ഛത്തോടെ മാറിനടന്ന ഇദ്ദേഹത്തോട് അവജ്ഞ തോന്നുന്നു.
അശരണയായ ഈ വൃദ്ധയോട് സർക്കാർ കാട്ടിയ ക്രൂരതകള്‍ ഇതിലും ഭീകരമാണ്. സ്വന്തമായി ഒരുതുണ്ട് ഭൂമിയില്ലാത്ത അസൂറാബീവി 'ഭൂരഹിതരില്ലാത്ത കേരളം' പദ്ധതിയിൽ അപേക്ഷിച്ചു. രണ്ടുസെന്റ് ഭൂമി അനുവദിക്കുകയും ചെയ്തു, എവിടെയാണെന്നോ? കർണാടക അതിർത്തിയായ കാസർകോട് ജില്ലയിലെ ഹോസ്ദുർഗ്ഗിൽ. തനിക്ക് ഹോസ്ദുർഗ്ഗിലെ ഭൂമി വേണ്ടെന്ന് അസൂറ കരഞ്ഞുപറഞ്ഞിട്ടും ഒരു ഉദ്യോഗസ്ഥപ്രമാണിയുടേയും ഭരണാധികാരിയുടേയും കണ്ണുതുറന്നില്ല. ഒടുവിൽ കാസർകോട്ടെ ഭൂമി വേണ്ടെന്ന് അവർ അസൂറയിൽ നിന്ന് എഴുതിവാങ്ങുകയും ചെയ്തു. ദിവസം ഒരു രൂപപോലും സ്വന്തം വരുമാനമില്ലാത്ത അസൂറാബീവി സർക്കാർ വരച്ച ദാരിദ്ര്യരേഖയുടെ മുകൾത്തട്ടിലാണ്. റേഷൻകാർഡ് ബി.പി.എല്‍ ആക്കി കിട്ടിയാൽ ഒരുരൂപയ്ക്ക് അരിയും ഗോതമ്പും കിട്ടും. കൊല്ലം കളക്ടറേറ്റിന്റെ പടിക്കെട്ടുകൾ ഇഴഞ്ഞുകയറി ഇടയ്ക്കിടെയെത്തുന്ന അസൂറാബീവിയെ ജില്ലാ കളക്ടറോ സപ്ളൈ ഓഫീസറോ ഇതുവരെ കണ്ടതായിപ്പോലും ഭാവിച്ചിട്ടേയില്ല. ഇതിനുള്ള സഹായംതേടിയായിരുന്നു അവര്‍ രാജാക്കന്‍മാരെ സമീപിച്ചത്.
ജനങ്ങള്‍ തിരഞ്ഞെടുക്കുന്നത് മാന്ത്രിമാരെയോ എം എല്‍ എ മാരേയോ അല്ല, ചക്രവര്‍ത്തിമാരെയും, മഹാരാജാക്കന്‍മാരെയും, സാമന്ത രാജാക്കന്‍മാരെയും ഒക്കെ ആണ്, എന്നാണ് ഇവരുടെയൊക്കെ ഭാവം . ഇലക്ഷൻ സമയത്ത് വോട്ടിനു വേണ്ടി ജനങ്ങളുടെ വീടിന്റെ തിണ്ണ നിരങ്ങുന്ന ഇവര്‍ ജയിച്ചുകഴിഞ്ഞാല്‍ ജനങ്ങളെ പുറം കാലുകൊണ്ട് തട്ടിമാറ്റും.
ഇവിടെ രാജഭരണമില്ല എന്ന് എങ്ങനെ പറയാന്‍ ആകും? കിരീടം സ്വപ്നം കാണുന്ന ബലറാം രാജാവും, പണക്കിഴി നല്‍കി പ്രജകളെ സന്തോഷിപ്പിക്കുന്ന ഉമ്മന്‍ ചാണ്ടി മഹാരാജാവും, അശരണര്‍, രക്ഷിക്കണേ എന്നും പറഞ്ഞ് കൈ നീട്ടുമ്പോള്‍, കൈ പന്‍വലിക്കുന്ന സതീശന്‍ മഹാരാജവും, വാക്കാലോ രേഖാ മൂലമൊ പരാതി നല്‍കിയില്ലെങ്കില്‍ തിരിഞ്ഞു നോക്കില്ല എന്നു പറയുന്ന മുരളീധരന്‍ രാജാവും നാടു ഭരിക്കുന്ന ഇവിടെയല്ലെ ശരിക്കുള്ള രാജഭരണവും ഫ്യൂഡലിസവും?