നായ എന്നും, പട്ടി എന്നും വിളിക്കപ്പെടുന്ന ജന്തുവിനെ ചുറ്റിപ്പറ്റി അനേകം പ്രയോഗങ്ങളുണ്ട്. ഒരു പട്ടി പോലും തിരിഞ്ഞു നോക്കില്ല, പട്ടി ചന്തക്കു പോയതുപോലെ, പുഴുത്തപട്ടിയേപ്പോലെ, വളര്ത്തു നായ തുടങ്ങി അനേകമുണ്ട്. ദേശസുരക്ഷക്കു വേണ്ടി ജീവന് ബലിയര്പ്പിച്ച ഉണ്ണികൃഷ്ണന് എന്ന ജവാന്റെ വീട്ടില് മുഖ്യമന്ത്രിയായിരുന്ന വി എസ് പോയപ്പോള് അദ്ദേഹത്തെ അവിടെ പ്രവേശിപ്പിച്ചില്ല. പട്ടി ചന്തക്ക് പോയപോലെ അദ്ദേഹത്തിനു തിരികെ പോരേണ്ടി വന്നു. അതില് നിരാശ ഉണ്ടായ വി എസ് ,ഉണ്ണികൃഷ്ണന് ഒരു ജവാന് ആയിരുന്നതുകൊണ്ടാണ്, അവിടെ പോയത്, അല്ലായിരുന്നെങ്കില് ഒരു പട്ടി പോലും അവിടേക്ക് തിരിഞ്ഞു നോക്കില്ലായിരുന്നു എന്ന് പറഞ്ഞു. താന് ഉള്പ്പടെയുള്ള ഒരു പട്ടി പോലും തിരിഞ്ഞു നോക്കില്ല എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. പക്ഷെ അതിലെ ഉപമ മനസിലാക്കാന് ശേഷിയില്ലാതിരുന്ന കുറച്ചു വാഴയ്ക്കന്മാര് , ഉണ്ണികൃഷ്ണനെ വി എസ് പട്ടി എന്നു വിളിച്ചു എന്നാണ്, ആരോപിച്ചത്. വാസ്തവത്തില് വി എസ് അന്നു പറഞ്ഞത് സ്വന്തം അവസ്ഥയായിരുന്നു. പട്ടി ചന്തക്കു പോയതുപോലുള്ള അവസ്ഥ. ഉണ്ണികൃഷ്ണന്റെ വീട്ടില് കയറാനാകാതെ പട്ടി ചന്തക്കു പോയതുപോലെ തിരികെ പോരേണ്yQEIirbJAQiZtskBCKS2yQEIp7bJAQi0B4�്ന അവസ്ഥ.
അന്ന് പട്ടി ചന്തക്കു പോയ പോലെ തിരികെ വരേണ്ടി വന്ന വി എസിന്റെ അതേ അവസ്ഥയിലാണിന്ന് സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്. വളര്ത്തു നായ്ക്കളേക്കൊണ്ട് വി എസിനെ വിമര്ശിപ്പിച്ച് എന്നും പിന്നണിയില് നിന്നിരുന്ന ഈ കാപട്യം ഇക്കഴിഞ്ഞ കേന്ദ്ര കമ്മിറ്റി യോഗത്തില് മുന്നിലേക്ക് തന്നെ വന്ന് വി എസിനെതിരെ കുറ്റപത്രം സമര്പ്പിച്ചു. പൊതു വേദിയില് സ്വത്തെന്ന് വിശേഷിപ്പിച്ചിട്ട്, പാര്ട്ടി വേദികളില് പുഴുത്ത പട്ടിയോടെന്ന പോലെ പെരുമാറുന്ന അതേ കാപട്യം. നികൃഷ്ട ജീവികളോടു പോലും ഇതിലും കൂടുതല് സ്നേഹം വിജയന് പ്രകടിപ്പിക്കും. സംസ്ഥാന സമിതിയില് വളര്ത്തു നായക്കളേക്കൊണ്ട് വി എസിനെ പാര്ട്ടിയില് നിന്നും പുറത്താക്കണം എന്നു പറയിപ്പിച്ചു. കേന്ദ്ര കമ്മിറ്റിയിലും അത് പറയിപ്പിച്ചു. അത് മറ്റൊരു അടവു നയമായിരുന്നു. തെരഞ്ഞെടുപ്പു വരുമ്പോള് മുന്നണികളില് ഉണ്ടാകുന്ന അതേ അടവു നയം. 5 സീറ്റിനര്ഹതയുള്ള പാര്ട്ടി 10 സീറ്റു ചോദിക്കും. തര്ക്കവിതര്ക്കങ്ങള്ക്കും ഭീഷണികള്ക്കും ഒടുവില് ഒത്തുതീര്പ്പെന്ന നിലയില് 5 ല് കരാറാക്കും. അതേ അടവു നയമാണിവിടെയും പ്രയോഗിക്കപ്പെട്ടത്. പക്ഷെ പാളിപ്പോയി. വി എസിനെ പാര്ട്ടിയില് നിന്നും പുറത്താക്കാന് വിജയന് ആഗ്രഹിക്കുന്നില്ല. പക്ഷെ ഏറനാടന് ശൈലി കടമെടുത്ത് പറഞ്ഞാല് എടങ്ങേറ്, ഒഴിവായി കിട്ടണം. പുറത്താക്കണം എന്നു വാദിച്ചാലല്ലേ കേന്ദ്ര കമ്മിറ്റിയില് നിന്നും പ്രതിപക്ഷ നേതൃസ്ഥാനത്തു നിന്നും എങ്കിലും ഒഴിവാക്കി കിട്ടൂ. അതാണിപ്പോഴത്തെ ആവശ്യം. സംസ്ഥാന സമിതിയില് എത്തിച്ചു കിട്ടിയാല് പിന്നെ കാര്യങ്ങള് എളുപ്പമാണല്ലോ. ലാവലിന് വിഷയത്തില് പ്രയോഗിച്ച അടവു നയം. ഇപ്പോള് അപ്പാടെ പാളിപ്പോയി.
ഭൂരിപക്ഷ തീരുമാനം എന്ന സാങ്കേതികതയില് പിടിച്ചായിരുന്നു ഇത്രനാളും അടവു നയം നടപ്പിലാക്കിയിരുന്നത്. പക്ഷെ ഇപ്രാവശ്യം പാളിപ്പോയി. ഇനി എന്നും പാളിപ്പോകാനാണു സാധ്യതയും. കുതന്ത്രങ്ങളിലൂടെ പാര്ട്ടി അംഗങ്ങളെയും ഭാരവാഹികളെയും വശത്താക്കി കൊലപാതകികളെയും. പെണ്ണുപിടിയന്മാരെയും, കള്ളവാറ്റുകാരെയും, റിയല് എസ്റ്റേറ്റ് ലോട്ടറി കള്ളപ്പണ മാഫിയക്കരെയും സംരക്ഷിക്കുന്ന വിജയന് എന്ന കാപട്യത്തെ ഇപ്പോഴെങ്കിലും പാര്ട്ടി കേന്ദ്ര കമ്മിറ്റിയും പോളിറ്റ് ബ്യൂറോയും തിരിച്ചറിഞ്ഞത് പാര്ട്ടിയെ രക്ഷിക്കും. വിജയനെ വി എസ് വിമര്ശിച്ചത് അച്ചടക്ക ലംഘനമാണെന്ന് തീര്ച്ചയുള്ള വിജയന്, മണിയും ഹംസയും വി എസിനെ വൃത്തികെട്ട ഭാഷയിലൂടെ വരെ വിമര്ശിച്ചത് പക്ഷെ അച്ചടക്ക ലംഘനമായി തോന്നിയില്ല. ചന്ദ്രശേഖരന് വധക്കേസില് വി എസിനെ പ്രതിയാക്കി എടങ്ങേറ്, ഒഴിവാക്കണം എന്നു പറഞ്ഞ ഹംസയുടെ ഏറനാടന് ശൈലിയെ സ്വാഗതം ചെയ്യുകയാണു വിജയന് ചെയ്തത്. കുടിക്കുന്ന വെള്ളത്തില് മോശത്തരം കാണിക്കുന്നവനാണ്, വി എസ് എന്നു പറഞ്ഞ, ചന്ദ്രശേഖരന് വി എസിന്റെ അമ്മായിയപ്പനാണോ എന്നും ചോദിച്ച മണിയുടേത് പ്രസംഗ ശൈലിയിലെ വ്യതിയാനം എന്നും മാത്രമേ വിശേഷിപ്പിച്ചുള്ളു. വിജയനെ വി എസ് വിമര്ശിച്ചതിലും ഒട്ടും ഗൌരവം കുറഞ്ഞതല്ല, മണിയും ഹംസയും വി എസിനെ വിമര്ശിച്ചത്. മണിയേയും ഹംസയേയും സംസ്ഥാന സമിതിയില് തുടരാന് അനുവദിച്ചിട്ട്, വി എസിനെ കേന്ദ്ര കമ്മിറ്റിയില് നിന്നും പുറത്താക്കാന് ഇറങ്ങിയതിലെ കാപട്യം കേന്ദ്ര കമ്മിറ്റിക്ക് മനസിലായി.
വി എസിനെതിരെ കര്ശന നടപടി എന്നുദ്ദേശിച്ചു തന്നെയായിരുന്നു വിജയന് ഡെല്ഹിയിലേക്ക് പോയത്. പാര്ട്ടി അംഗങ്ങള്‍ക്കിടയിലും അങ്ങനെ തന്നെയായിരുന്നു പ്രചരിപ്പിച്ചിരുന്നതും. കേന്ദ്ര നേതാക്കള് ഇടപെട്ട് ഒഴിവാക്കിയ പാര്ട്ടി പ്രമേയത്തിലെ വി എസ് വിമര്ശനം എരിവും പുളിയും ചേര്ത്തായിരുന്നു കീഴ്ഘടകങ്ങളില് റിപ്പോര്ട്ട് ചെയ്തതും. വി എസിനെതിരെ ഉണ്ടാകാന് പോകുന്ന അച്ചടക്ക നടപടി അനിവാര്യമാണെന്ന് അണികളെ ബോദ്ധ്യപ്പെടുത്താനുള്ള ഒരു തന്ത്രമായിരുന്നു അത്. അതിനനുസരിച്ചുള്ള നിലപാടും കേന്ദ്ര കമ്മിറ്റിയില് വിജയന്റെ ചേരിയിലുള്ളവര് എടുത്തു. കേരളത്തില് നിന്നുള്ള കേന്ദ്ര കമ്മിറ്റി അംഗങ്ങളില് ഗുരുദാസനും ജോസഫൈനും മാത്രമേ വി എസിന്, ഉറച്ച പിന്തുണ നല്കിയിരുന്നുള്ളു. പക്ഷെ മൂന്നു പേരുടെ നിലപാടുകള് എല്ലാം തകിടം മറിച്ചു. കേരളത്തില് വന്ന് കാര്യങ്ങള് മനസിലാക്കിയ നിരുപം സെന്നും, രാഘവലുവും, പിന്നെ ഇത്രനാളം വിജയന്റെ ചേരിയില് ഉണ്ടായിരുന്ന തോമസ് ഐസ്സക്കും ആണാ മൂന്നു പേര്. വിജയനും കൂടെയുള്ളവരും പറയുന്നതു മാത്രമല്ല ശരി എന്നിവര് പറഞ്ഞു. ഭൂരിഭാഗം സംസ്ഥാന ഘടകങ്ങളും ഇവരോട് യോജിച്ചു. സംസ്ഥാന സമിതിയിലെ മൃഗീയ ഭൂരിപക്ഷം ഉപയോഗിച്ച് വിജയന് തയ്യാറാക്കുന്ന തിരക്കഥക്കനുസരിച്ച് കേരള കാര്യങ്ങള് തീരുമാനിക്കുന്ന അവസ്ഥക്ക് മാറ്റം വന്നു. നിരുപം സെന്നും രാഘവലുവും കേരളത്തില് വന്ന് യഥാര്ത്ഥ വസ്തുതകള് മനസിലാക്കിയപ്പോഴാണാ മാറ്റം ഉണ്ടായത്. പാര്ട്ടി അണികളും അനുഭാവികളും പൊതു ജനവും എന്തു ചിന്തിക്കുന്നു എന്നവര് മനസിലാക്കി. പാര്ട്ടി അംഗങ്ങള് മാത്രമല്ല. ഇവരും കൂടെയാണു പാര്ട്ടി എന്ന സത്യം അവര്ക്ക് മനസിലായി. മറ്റുള്ളവരെ ബോധ്യപ്പെടുത്താനുമായി. വി എസിനെതിരെ കടുത്ത നടപടി പാടില്ലെന്നും അദ്ദേഹം പാർട്ടിക്ക് പുറത്തു പോകുന്ന അവസ്ഥ കേരളത്തിലെ പാർട്ടിയെ തളർത്തുമെന്നും ഔദ്യോഗികപക്ഷത്തെ പല നേതാക്കളും രഹസ്യമായും അല്ലാതെയും ഇവരെയും മറ്റ് പോളിറ്റ് ബ്യൂറോ അംഗങ്ങളെയും അറിയിച്ചിരുന്നു. കമ്മിറ്റികളിൽ പരസ്യമായി വി എസിനെതിരായ നിലപാടു സ്വീകരിച്ച നേതാക്കൾ പോലും അദ്ദേഹത്തെ പാർട്ടിയിൽ നിലനിർത്താൻ വേണ്ടത് ചെയ്യണമെന്നാണ് ആവശ്യപ്പെട്ടത്. വി എസിനെതിരായ കടുത്ത നടപടി പാർട്ടിയിൽ പിളർപ്പിനും അനുഭാവികളിൽ വലിയൊരു വിഭാഗം ചോർന്നു പോകുന്നതിനും വരെ ഇടവരുത്തുമെന്നായിരുന്നു ഇവരുടെ മുന്നറിയിപ്പ്.
ഇതു മാത്രമല്ല. മറ്റ് പലതും ഇക്കാര്യത്തില് കണക്കിലെടുക്കപ്പെട്ടു. ഇന്ഡ്യയുടെ പരമോന്നത നീതി പീഠം വരെ അഴിമതിക്കെതിരെ പോരാടുന്ന ധാര്മ്മികത എന്നു വിശേഷിപ്പിച്ച വി എസിനെ തമസ്കരിച്ച് സി പി എം പോലുള്ള ബഹുജനപ്രസ്ഥാനത്തിനു മുന്നോട്ടു പോകന് ആകില്ല. ചന്ദ്രശേഖരനേപ്പൊലുള്ള ധീരനായ കമ്യൂണിസ്റ്റിനെ വധിച്ചവരുമായി ബന്ധമുള്ള പാര്ട്ടി അംഗങ്ങളെ സംരക്ഷിക്കുന്നതിനു കൂട്ടുനില്ക്കാനുമാകില്ല. വിജയന്റെ വലതു പക്ഷവത്കരണ നയങ്ങള് പാര്ട്ടിയുടെ അടിത്തറ തോണ്ടും. ബംഗാള് നല്കുന്ന പാഠം അതാണ്. പാര്ട്ടി അവിടെ നിലം പരിശായതിന്റെ പ്രത്യക്ഷ കാരണം സിംഗൂരും നന്ദിഗ്രാമും ആണ്. ഇന്ഡ്യയിലെ ഇടതു ബുദ്ധികേന്ദ്രം എന്നു വിശേഷിപ്പിക്കാവുന്ന ജെ എന് യു വിലെ യുവാക്കള് ഇതുപോലുള്ള നിലപാടു മാറ്റത്തില് മനം നൊന്താണ്, പാര്ട്ടി വിട്ടുപോകുന്നതെന്നൊക്കെ കേന്ദ്ര നേതാക്കള് മനസിലാക്കുന്നു. കേരളത്തില് 5 വര്ഷം പ്രവര്ത്തിച്ച പ്രഭാത് പട്നായിക്കിനേപ്പോലുള്ള സാമ്പത്തിക വിദഗ്ദ്ധര് നല്കുന്ന മുന്നറിയിപ്പുകളും കേന്ദ്ര നേതാക്കള്ക്ക് അവഗണിക്കാനും ആകില്ല. വി.എസ് ദേശീയ തലത്തിൽ യഥാർത്ഥ ഇടതുപക്ഷത്തിന്റെ നേതൃത്വം ഏറ്റെടുക്കണമെന്ന് മേധാ പട്കർ കഴിഞ്ഞ ആഴ്ച അഭിപ്രായപ്പെട്ടിരുന്നു.
അച്ചടക്കനടപടിക്കായി കേരളനേതൃത്വം സമ്മര്‍ദ്ദം ചെലുത്തിയപ്പോള് ബംഗാളില്നിന്നുള്ളവര് ഒറ്റക്കെട്ടായി എതിര്ത്തു. വി എസ് ഉയര്ത്തിയിട്ടുള്ള പ്രത്യയശാസ്ത്രപ്രശ്നങ്ങള് ചര്ച്ച അര്ഹിക്കുന്നതാണ്. അല്ലാതെ ഏകപക്ഷീയമായ നിലപാട് എടുക്കാനാവില്ല എന്നും അവര് അഭിപ്രായപ്പെട്ടു. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ളവരും ഇതിനോട് യോജ്ച്ചു. ഇതോടെ കേരളത്തിലെ നേതാക്കളുടെ അടവുകള് കേന്ദ്രക്കമ്മിറ്റിയില് പാളിത്തുടങ്ങി. കേന്ദ്രക്കമ്മിറ്റിയിലെ ചര്ച്ചയുടെ അടിസ്ഥാനത്തില് നടപടി തീരുമാനിക്കാന് ചേര്ന്ന പോളിറ്റ് ബ്യൂറോ യോഗത്തിലും കേരളത്തിലെ നേതാക്കള് വിട്ടുകൊടുത്തില്ല. തിരഞ്ഞെടുക്കപ്പെട്ട സ്ഥാനങ്ങളില്‍ നിന്നെല്ലാം വിഎസിനെ ഒഴിവാക്കണമെന്ന് പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും ശക്തമായി ആവശ്യപ്പെട്ടു. എന്നാല് വി എസിനെതിരെ കര്ശന നടപടിയെടുക്കരുതെന്ന് പോ ളിറ്റ് ബ്യൂറോയിലെ ഭൂരിഭാഗം പേരും നിലപാടെടുത്തു. ഇതൊക്കെ ബോധ്യപ്പെട്ട കേന്ദ്ര നേതാക്കള് പല പതിവുകളും തെറ്റിച്ചു. സംഘടനാ സംവിധാനത്തിൽ പതിവില്ലാത്ത അസാധാരണ നടപടികളാണ് കേന്ദ്ര കമ്മിറ്റിയിലും പോളിറ്റ് ബ്യൂറോയിലും ഉണ്ടായത്. അംഗമല്ലാത്ത വി എസിന് സ്വന്തം അഭിപ്രായം പോളിറ്റ് ബ്യൂറോയില് അവതരിപ്പിക്കാൻ അവസരം നൽകി. ഇതുപോലെ സംഭവിക്കുന്നത് ആദ്യമായാണ്.
ഒറ്റയാള് പോരാട്ടം തന്നെയാണ്, വി എസ് കേന്ദ്ര കമ്മിറ്റിയില് നടത്തിയത്. താൻ മുന്നോട്ടുവയ്ക്കുന്ന വിഷയങ്ങള്‍ പ്രസക്തമാണെന്നും കേരളത്തിൽ നിന്നുള്ള കേന്ദ്ര കമ്മിറ്റി അംഗങ്ങളുടെ അഭിപ്രായം പാർട്ടിയിലെ ഭൂരിപക്ഷത്തിന്റെ അഭിപ്രായമല്ലെന്നും ബോദ്ധ്യപ്പെടുത്താൻ വി എസിനായി. കേരളത്തിലെ പാര്ട്ടിയില് ഉണ്ടായ നയവ്യതിയാനങ്ങളും തെറ്റായ തീരുമാനങ്ങളും അദ്ദേഹം അക്കമിട്ടു നിരത്തി. വി എസ് കേന്ദ്രകമ്മിറ്റിയില് പറഞ്ഞത് ഇതായിരുന്നു.
""""പാര്ട്ടി സംസ്ഥാന നേതൃത്വം കൈക്കൊള്ളുന്ന കമ്മ്യൂണിസ്റ്റ് വിരുദ്ധ നിലപാടുകളെ ന്യായീകരിക്കാന് എന്നെ കിട്ടില്ല. എല്ലാ കമ്മ്യൂണിസ്റ്റ് മൂല്യങ്ങളും മാറ്റിവച്ച് പാര്ട്ടി സംസ്ഥാന നേതൃത്വം ഏതാനും വ്യക്തികളുടെ താത്പര്യങ്ങള് മാത്രം ഉയര്ത്തിപ്പിടിക്കുകയാണ്. വര്ഗീയ ശക്തികളുമായി കൂട്ടുചേരുമ്പോഴും കൊലപാതക രാഷ്ട്രീയത്തില് ഉള്പ്പെടുമ്പോഴും കോര്പ്പറേറ്റുകളും ഭൂമാഫിയകളുമായും സന്ധിചെയ്യുമ്പോഴും ഇടതുമുന്നണി ശിഥിലമാകുമ്പോഴുമാണ് പാര്ട്ടി തകരുന്നത്. ഇതെല്ലാം ഭൂരിപക്ഷ തീരുമാന പ്രകാരമാണെന്ന ഒറ്റന്യായം മാത്രമാണ് പാര്ട്ടി സംസ്ഥാന നേതൃത്വത്തിന്റെ ആയുധം.
ഫാസിസ്റ്റ് രീതിയിലുള്ള ഈ മുന്നോട്ടുപോക്കിന് കേന്ദ്ര നേതൃത്വം ഇടപെട്ട് അടിയന്തരമായി അവസാനം കാണണം. ഈ നയവ്യതിയാനങ്ങള്ക്കുനേരെ കേന്ദ്ര നേതൃത്വം കണ്ണടയ്ക്കരുത്. അല്ലാത്തപക്ഷം ഈ പാര്ട്ടി സംവിധാനത്തിനൊപ്പം നിന്ന് കമ്മ്യൂണിസ്റ്റ് വിരുദ്ധ നിലപാടുകളെ ന്യായീകരിക്കാന് എനിക്ക് സാദ്ധ്യമല്ല.
കേരളത്തിലെ സി.പി.എം. നേതൃത്വം ജനങ്ങളില് നിന്നും കൂടുതല് കൂടുതല് ഒറ്റപ്പെടുകയാണ്. പത്രമാധ്യമങ്ങള്ക്കും പോലീസിനും രാഷ്ട്രീയ പാര്ട്ടികള്ക്കുമെതിരെ പാര്ട്ടി നേതൃത്വം നടത്തുന്ന ആക്രോശങ്ങള് തങ്ങള്ക്കുനേരെയാണെന്നാണ് ജനങ്ങള് മനസിലാക്കുന്നത്.
പാര്ട്ടി നേതൃത്വം കൈക്കൊണ്ട ചില തെറ്റായ തീരുമാനങ്ങളെ ന്യായീകരിക്കാതിരുന്നതിന് എനിക്കെതിരെ റിപ്പോര്ട്ടിങ് നടത്തുകയാണിപ്പോള്.,. എസ്.എന്. സി. ലാവലിന് വിഷയം സംബന്ധിച്ച് എന്റെ അഭിപ്രായം ഞാന് കേന്ദ്രനേതൃത്വത്തെ അറിയിച്ചിരുന്നു. വെറുതെ കത്തെഴുതുകയല്ല, രേഖകള് സഹിതം എന്റെ ധാരണകള് ഞാന് വിശദമാക്കുകയായിരുന്നു. എന്നാല് സി.എ.ജി. മുതല് സി.ബി.ഐ.വരെ കണ്ടെത്തിയ കാര്യങ്ങളെല്ലാം തെറ്റാണെന്ന് പാര്ട്ടി തീരുമാനിക്കുകയാണുണ്ടായത്. ഇത്തരം തീരുമാനങ്ങള് ഏത് അന്വേഷണത്തിനുശേഷമാണ് പാര്ട്ടി കൈക്കൊണ്ടത്? ഇത്തരം കാര്യങ്ങള് പാര്ട്ടിയില് വിശദീകരിക്കാന് എളുപ്പവും എന്നാല് ജനങ്ങളോട് വിശദീകരിക്കാന് ബുദ്ധിമുട്ടുമാണ്. ഏതായാലും എസ്.എന്.സി. ലാവലിന് ഇടപാടിനെക്കുറിച്ചുള്ള എന്റെ പ്രതികരണം മാത്രമാണ് സംഘടനാവിരുദ്ധമായത്. എസ്.എന്.സി. ലാവലിന് കരാര് ഇതേവരെ പാര്ട്ടി ഗൗരവത്തിലെടുത്തിട്ടുമില്ല. പിഡിപി ബന്ധത്തിലെ നയവ്യതിയാനമല്ല, നയവ്യതിയാനം ചൂണ്ടിക്കാട്ടിയതാണു പ്രശ്നം. സംസ്ഥാന പാര്ട്ടി നേതൃത്വം തെറ്റുകളില്‍ നിന്നു തെറ്റുകളിലേക്കു കൂപ്പുകുത്തുകയാണ്.
എന്നെ പൊളിറ്റ്ബ്യൂറോയില് നിന്നും നീക്കാന് തീരുമാനിച്ചതിനു കാരണമായ എന്റെ പ്രസ്താവനകള് ഇപ്പോള് ബ്രാഞ്ച് തലംവരെ അച്ചടിച്ച് പാടിനടക്കുകയാണ്. എന്നാല് 2009-ലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പുപരാജയത്തിന്റെ കാരണങ്ങള് മറച്ചുവച്ചാണ് റിപ്പോര്ട്ടിങ്. 'ഒരു കേന്ദ്ര കമ്മിറ്റി അംഗത്തിനെതിരെ കുറ്റപത്രം അവതരിപ്പിക്കാന്‍ വേണ്ടി മാത്രം വിപുലമായി റിപ്പോര്ട്ടിംഗ് നടത്തുന്നതു പാര്ട്ടിയുടെ ശക്തിയെയാണോ ദൌര്ബല്യത്തെയാണോ സൂചിപ്പിക്കുന്നത് എന്നതു പരിശോധിക്കണം. സംസ്ഥാന നേതൃത്വത്തിന്റെ നയപരമായ പാളിച്ചയായിരുന്നു പി.ഡി.പി. ബന്ധമെന്ന് കേന്ദ്രനേതൃത്വം വിലയിരുത്തിയതാണ്. ഇടതുപക്ഷ ഐക്യത്തെക്കുറിച്ചുള്ള നമ്മുടെ പാര്ട്ടിയുടെ നിലപാടാണോ കേരളത്തില് നടപ്പാക്കിയത്? സി.പി.ഐ.യുടെ പൊന്നാനി സീറ്റ് പിടിച്ചെടുത്ത് പി.ഡി.പിക്ക് നല്കിയത് എല്.ഡി.എഫിനെ ശക്തിപ്പെടുത്താനായിരുന്നോ?
വീരേന്ദ്രകുമാറിന്റെ ജനതാദളിനെ എല്.ഡി.എഫില് നിന്നും പുകച്ചു പുറത്താക്കിയതും മുന്നണിയെ ശക്തിപ്പെടുത്താനായിരുന്നോ? ഇത്തരം നയവ്യതിയാനങ്ങളൊന്നും ചര്ച്ച ചെയ്യാന് നമ്മള് തയ്യാറല്ല. പകരം നയവ്യതിയാനങ്ങള് ചൂണ്ടിക്കാട്ടുന്ന പ്രസ്താവനകള് ആയുധമാക്കി തന്നെ ആക്രമിക്കുകയാണ്""".
താൻ മത്സരിച്ചാൽ പാർട്ടി തോൽക്കുമെന്ന് അഭിപ്രായപ്പെട്ടവരാണ് കേരളത്തിൽ നിന്നുള്ള ഭൂരിപക്ഷം അംഗങ്ങളെന്ന് വി എസ് ഓർമ്മപ്പെടുത്തി. കേരളത്തിലെ പാർട്ടി നേതൃത്വം തെറ്റു ചെയ്യുമ്പോൾ നയപരമായ വിഷയങ്ങളിൽ തന്റെ നിലപാടാണ് എക്കാലവും പാർട്ടി അംഗീകരിച്ചിട്ടുള്ളതെന്ന് വി എസ് തെളിവുകള് സഹിതം ചൂണ്ടിക്കാട്ടി. ഇനിയും തന്നെ അപമാനിച്ചാൽ പാർട്ടിക്ക് ഒപ്പം താനുണ്ടാവില്ലെന്ന് തുറന്നു പറഞ്ഞു. വി.എസിന് എതിരെ കേരളത്തിലെ പാർട്ടി നേതൃത്വം സംഘടിതമായി നീങ്ങുകയാണെന്ന പ്രതീതി മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ള കേന്ദ്ര കമ്മിറ്റി അംഗങ്ങൾക്കിടയിൽ ഉടലെടുത്തു. ചന്ദ്രശേഖരന്റെ കൊലപാതകം കൈകാര്യം ചെയ്തതിൽ കേരളത്തിലെ പാർട്ടി നേതൃത്വത്തിന് തെറ്റു പറ്റിയിട്ടുണ്ടെന്ന് മനസിലയവര് വി എസിന് അനുകൂലമായി വാദിച്ചു. കേരളത്തിൽ നിന്നുള്ള ഭൂരിഭാഗം കേന്ദ്ര കമ്മിറ്റി അംഗങ്ങളും പോളിറ്റ് ബ്യൂറോ അംഗങ്ങളും വി എസിനെ തള്ളിപ്പറഞ്ഞു. പാർട്ടിയിൽ നിന്ന് പുറത്താക്കണമെന്ന് വരെ ആവശ്യപ്പെട്ടു. പക്ഷെ കേരളത്തിനു പുറത്തുള്ള കേന്ദ്ര കമ്മിറ്റി അംഗങ്ങളുടെയും ബംഗാളിൽ നിന്നുള്ള പോളിറ്റ് ബ്യൂറോ അംഗങ്ങളുടെയും പിന്തുണ വിഎസിനു ലഭിച്ചു.
കേരളത്തിൽ വി എസിനുള്ള വൻ ജനപിന്തുണ പാര്ട്ടിക്കുള്ള പിന്തുണയാണെന്ന വിജയന്റെ വാദമൊന്നും കേന്ദ്ര നേതാക്കള് അംഗീകരിച്ചില്ല. അഴിമതിവിരുദ്ധപോരാളിയെന്ന് സുപ്രീംകോടതി പോലും വിശേഷിപ്പിച്ച ഒരു നേതാവിനെ പാർട്ടിയിൽ നിന്ന് പുറത്താക്കുന്നതും പാർട്ടി വിട്ടുപോകുന്ന സാഹചര്യം സൃഷ്ടിക്കുന്നതും മറ്റുള്ളവർക്ക് ബോദ്ധ്യപ്പെടുന്ന തരത്തിൽ വിശദീകരിക്കാൻ പാർട്ടിക്ക് കഴിയില്ല എന്ന സത്യം അവര് തിരിച്ചറിഞ്ഞു.
പോളിറ്റ് ബ്യൂറോയേയും കേന്ദ്ര കമ്മിറ്റിയേയും വി എസ് പ്രതിക്കൂട്ടില് ആക്കി. തന്റെ ഭാഗത്തു നിന്നുണ്ടായ അച്ചടക്കലംഘനം അംഗീകരിച്ചു കൊണ്ടു തന്നെ അത് എന്തുകൊണ്ട് ചെയ്യേണ്ടിവന്നു എന്ന് വിശദീകരിക്കാനാണ് വി എസ് ശ്രമിച്ചത്.
നയപരമായ വിഷയങ്ങളിൽ ആവർത്തിച്ചു തെറ്റു ചെയ്യുന്ന സംസ്ഥാന നേതൃത്വത്തിന് എതിരെ നടപടി എടുക്കാൻ എന്തുകൊണ്ട് തയ്യാറാവുന്നില്ലെന്ന വാദം വി എസ് പോളിറ്റ് ബ്യൂറോയിലും കേന്ദ്രകമ്മിറ്റിയിലും ഉന്നയിച്ചു. തന്നെ ശാസിക്കാനുള്ള നിര്ദ്ദേശത്തെ വി എസ് കേന്ദ്രകമ്മിയില് എതിര്ത്തു. തന്റെ അച്ചടക്ക ലംഘനം അംഗീകരിക്കാൻ വി. എസ് തയ്യാറായെങ്കിലും അതിനു നൽകിയ വിശദീകരണം കൂടുതൽ രൂക്ഷമായ വിമർശനം അടങ്ങുന്നതായിരുന്നു. പാർട്ടി സംസ്ഥാന സെക്രട്ടറിയെ ഡാങ്കേയിസ്റ്റ് എന്നു വിളിച്ചത് തെറ്റാണെന്നു അംഗീകരിച്ച കൂടെ, ഡാങ്കേയേക്കാൾ വലിയ തെറ്റാണ് വിജയന് ചെയ്യുന്നതെന്നും കൂട്ടിച്ചേർത്തു. നെയ്യാറ്റിൻകര വോട്ടെടുപ്പ് ദിവസം ചന്ദ്രശേഖരന്റെ വീട്ടിൽ പോയത് തെറ്റാണെന്നും, തന്റെ ചില പ്രസ്താവനകൾ പാർട്ടി അച്ചടക്കത്തിന് എതിരായിരുന്നു എന്നും വി. എസ് തുറന്നു സമ്മതിച്ചു. നെയ്യാറ്റിൻകര തോൽവിയ്ക്ക് കാരണം ചന്ദ്രശേഖരനെ കൊന്നവര് ഉണ്ടാക്കിയ രാഷ്ട്രീയ പ്രതിസന്ധിയാണെന്നും, അതു നേരിടുന്നതിൽ പാർട്ടിയ്ക്ക് ഗുരുതരമായ വീഴ്ച ഉണ്ടായി. എന്നും വി. എസ് പറഞ്ഞു. അദ്ദേഹമൊഴികെ മറ്റെല്ലാവരും അനുകൂലിച്ചപ്പോഴും ഒറ്റക്ക് എതിര്ത്തു. അച്ചടക്ക ലംഘനം നടത്തി എന്നു സമ്മതിച്ചപ്പോഴും അത് ചെയ്യേണ്ടി വന്നതാണെന്ന് അദ്ദേഹം ഉറച്ച് വിശ്വസിക്കുന്നു. അതില് ഉറച്ചു തന്നെ നില്ക്കുന്നു. ധീരന്മാര്ക്കേ അങ്ങനെ ചെയ്യാന് ആകൂ. ശുംഭന് എന്നു വിളിച്ചിട്ട് ശുംഭന്റെ അര്ത്ഥം മറ്റെന്തോ ആണെന്നു പറയുന്ന പാപ്പരത്തമൊന്നും അദ്ദേഹം കാണിച്ചില്ല. വി എസിനെ പുറത്താക്കണം എന്ന് വിജയരാഘവന് ആവശ്യപ്പെട്ടപ്പോള്, അദ്ദേഹം എന്നെ പുറത്താക്കല്ലെ എന്ന് കരയാനൊന്നും പോയില്ല. പുറത്താക്കുന്നെങ്കില് പുറത്താക്കിക്കോളൂ എന്ന നിലപടാണെടുത്തത്. കാലു പിടിച്ചു യാചിച്ചൊന്നും പാര്ട്ടിക്കുള്ളില് തുടരില്ല എന്ന ശക്തമായ നിലപാടാണെടുത്തത്.
തിരുവനന്തപുരം സംസ്ഥാനസമ്മേളന വേളയിൽ പാർട്ടിയിൽ വിഭാഗീയതയുടെ കാലം അവസാനിച്ചെന്ന സംസ്ഥാനസെക്രട്ടറിയുടെ അവകാശവാദം വെറും പൊള്ളയാണെന്നാണ്, ചന്ദ്രശേഖരൻവധത്തിനു ശേഷം കേരളം കണ്ടത്. സംസ്ഥാനസെക്രട്ടറിയെ പരസ്യവേദിയിൽ ഡാങ്കേയിസ്റ്റ് എന്നുവരെ ആക്ഷേപിച്ച വി എസ്, ഇപ്പോഴത്തെ കേന്ദ്രകമ്മിറ്റിക്ക് തൊട്ടുമുന്പ് ,പാർട്ടി നടപടിയെ വകവയ്ക്കുന്നവനല്ല ഞാനെന്ന് നിങ്ങൾക്കറിയാമല്ലോ എന്നാണ്, മാദ്ധ്യമങ്ങളോട് പറഞ്ഞതും. എന്നു വച്ചാല് അതിനെയൊക്കെ അവഗണിക്കുന്നു എന്നു തന്നെയാണ്. കാതലായ പ്രശ്നങ്ങളെ അഭിമുഖീകരിക്കാതെ വിഭാഗീയതയുടെ കനൽ അണയുകയൊന്നുമില്ല.
നായയോട് ബന്ധപ്പെട്ട ഒരു പ്രയോഗമാണീ കുറിപ്പു തുടങ്ങാന് ഉപയോഗിച്ചത്. നായയോട് ബന്ധപ്പെട്ട മറ്റൊന്നുപോയോഗിച്ച് തന്നെ അവസാനിപ്പിക്കാം. നായ നടുക്കടലില് ചെന്നാലും നക്കിയേ കുടിക്കൂ എന്നത് പ്രസിദ്ധമായ മറ്റൊരു പഴം ചൊല്ലാണ്. വിജയന്റെ കാര്യത്തില് അത് തികച്ചും അന്വര്ത്ഥമാകുന്നു. കേരളത്തിലുണ്ടാകുന്ന ഏത് സംഭവവും എങ്ങനെ വി എസിനെതിരെ അച്ചടക്ക ലംഘനം ആക്കി എടുക്കാം എന്നതാണദ്ദേഹത്തിന്റെ ചിന്ത മുഴുവന്. ഈ നക്കിക്കുടിക്കലാണ്, പാര്ട്ടിയിലെ വിഭാഗീയത ആളിക്കത്തിക്കുന്നത്. വി എസ് തന്റെ വരുതിയിലാകണം എന്ന ആഗ്രഹം നടക്കില്ല എന്ന് വിജയന് മനസിലാക്കണം. വി എസ് പാര്ട്ടിയില് ഉണ്ടെങ്കില് അദ്ദേഹത്തെ വിശ്വാസത്തിലെടുക്കണം. ഒന്നുകില്‍ വി എസിനെ പാര്ട്ടിയില് നിന്നും പുറത്താക്കുക. അല്ലെങ്കില്‍ അദ്ദേഹത്തോട് യോജിച്ചു പോകുക. ഇതു രണ്ടും സാധ്യമല്ലെങ്കില്‍ വിജയന്‍ സ്ഥാനം ഒഴിയുക. വി എസിനോട് യോജിച്ചു പോകാന്‍ ശേഷിയുള്ള മറ്റാരെങ്കിലും ആ സ്ഥാനത്തേക്ക് വരട്ടെ.
വിജയന് വിശ്വസിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുമ്പോലെ മാദ്ധ്യമങ്ങള് ഉണ്ടാക്കിയ വ്യക്തിത്വമൊന്നുമല്ല വി എസിന്റേത്. പൊതു ജനം അദ്ദേഹത്തെ ഇഷ്ടപ്പെടുന്നുണ്ടെങ്കില് അതിനു വ്യക്തമായ കരണങ്ങളുണ്ട്. വി എസിനെ ക്യാപിറ്റല് പണീഷ്മെന്റിനു വിധേയനാക്കണം എന്നു വാദിക്കുന്ന ശുംഭന്മാരും ,അദ്ദേഹത്തെ ബിംബം പേറുന്ന കഴുത എന്നു വിളിക്കുന്ന യഥാര്ത്ഥ കഴുതുകളും, തെരഞ്ഞെടുപ്പു ജയിക്കാന് അദ്ദേഹത്തെ ബിംബത്തേപ്പോലെ എഴുന്നള്ളിച്ചു നടക്കുന്നു. ആ കാരണങ്ങള് പാര്ട്ടിക്ക് ഗുണകരമാകുന്ന രീതിയില് ഉപയോഗപ്പെടുത്താനുള്ള വിവേകം വിജയനുണ്ടാകണം. അദ്ദേഹത്തെ ഉള്ക്കൊള്ളാതെ പാര്ട്ടിക്ക് മുന്നോട്ടു പോകാനാകില്ല. ചാവേറുകളേക്കൊണ്ട് ഗോഗ്വാ വിളിപ്പിച്ചാലോ അധിക്ഷേപിച്ചാലോ ഉദ്ദേശിക്കുന്നത് നേടാനാകില്ല. വിജയനെ വി എസ് ഡാങ്കേയിസ്റ്റ് എന്നു വിളിച്ചപ്പോള്, അറിയപ്പെടുന്ന വളര്ത്തു നായ്ക്കളായ ഭാസുരേന്ദ്ര ബാബും നാരായണന് കുട്ടിയും പറഞ്ഞത് ഇനി ഈ പാര്ട്ടിയില് വി എസും വിജയനും ഒരുമിച്ചുണ്ടാകില്ല എന്നായിരുന്നു. വി എസ് പാര്ട്ടിയുടെ സ്വത്താണെന്നും അദ്ദേഹത്തെ പുറത്തു കളയാന് പാര്ട്ടിക്കാകില്ല എന്നും കേന്ദ്ര നേതാക്കള് അസന്ദിഗ്ദ്ധമായി തന്നെ പറഞ്ഞു കഴിഞ്ഞു. വിജയന്റെ കാപട്യം പറയുന്നതുപോലെയല്ല.
ആസുരേന്ദ്രന്മാരേപ്പോലുള്ള ആസ്ഥാന ഗായകരല്ല പാര്ട്ടി വക്തക്കളാകേണ്ടത്, കാര്യങ്ങളെ കുറച്ചു കൂടെ സംയമനത്തോടെ സമീപിക്കുന്ന അപ്പുക്കുട്ടന് വള്ളിക്കുന്നിനേയും, എന് എം പിയേര്സനേയും, ചെക്കുട്ടിയേയും പോലുള്ളവരെയാണ്. എന്തുകൊണ്ട് അവര് പാര്ട്ടിക്കു പുറത്തു നില്ക്കുന്നു എന്നാണ്, വിജയനും മറ്റുമാലോചിക്കേണ്ടത്? ആസുരേന്ദ്രന്മാര് പറയുന്ന സ്തുതികള് കേട്ട് രോമാഞ്ചമണിയണോ അതോ അവര് പറയുന്ന കാര്യം നടപ്പിലാക്കണമോ എന്നൊക്കെ വിജയനാണു ചിന്തിക്കേണ്ടത്. ഈ വികല ജന്മങ്ങള്‍ പറയുമ്പോലെ വി എസ് ഉള്ള പാര്‍ട്ടിയില്‍ വിജയന്‍ ഉണ്ടാകാന്‍ പാടില്ല എന്നൊന്നും ഞാന്‍ പറയുന്നില്ല.
കേരള രാഷ്ട്രീയത്തില് ഇപ്പോള് ഏറ്റവും വെറുക്കപ്പെടുന്ന നേതാവാണ്, പി സി ജോര്ജ്. അദ്ദേഹത്തിന്റെ ഒരു നിലപാടിനോടും എനിക്ക് യോജിപ്പില്ല. അദ്ദേഹം പറഞ്ഞ ഒരഭിപ്രായം ഇതാണ്. പിണറായി വിജയന്, അല്പ്പമെങ്കിലും മാന്യത ഉണ്ടെങ്കില് സംസ്ഥാനസെക്രട്ടറി സ്ഥാനം രജിവയ്ക്കണം. അത്രത്തോളം വേണമെന്ന് എനിക്കഭിപ്രായമില്ല. പക്ഷെ വിജയന് യാഥാര്ത്ഥ്യങ്ങള് ഉള്ക്കൊള്ളാന് തയ്യറാകണം. കണ്ണൂര് ലോബി മാത്രമല്ല കേരളത്തിലെ സി പി എന്ന പാര്ട്ടി എന്ന തിരിച്ചറിവുണ്ടാകണം. അംഗങ്ങളല്ലാത്ത ലക്ഷക്കണക്കിന്, അനുയായികളും അനുഭാവികളും പാര്‍ട്ടിക്കുണ്ട്. പാര്ട്ടി ഇവര്ക്ക് വേണ്ടികൂടിയാണെന്ന് തിരിച്ചറിയണം. മൃഗീയ ഭൂരിപക്ഷം ഉപയോഗിച്ച് സംസ്ഥാന സെക്രട്ടേറിയറ്റിനേക്കൊണ്ടും സംസ്ഥാന സമിതിയേക്കൊണ്ടും എടുപ്പിക്കുന്ന തീരുമാനങ്ങള് എക്കാലവും കേന്ദ്ര നേതൃത്വം സ്വീകരിക്കണമെന്നില്ല. സംസ്ഥാന സമിതിയില് വി എസിനെ ആക്രമിക്കുന്നത് ശരിയല്ല എന്നു പറഞ്ഞ വയനാടുകാരനെ അദ്ദേഹത്തിന്റെ നാടിനെ അവഹേളിച്ചു വരെ അടിച്ചൊതുക്കാം. പക്ഷെ കേന്ദ്ര കമ്മിറ്റിയിലോ? കേരളം എന്ന ഇട്ടാവട്ടത്തിനു പുറത്തുള്ളവരും മനുഷ്യരാണ്. അവര്ക്കും കാര്യങ്ങളൊക്കെ അറിയാന് മാര്ഗ്ഗങ്ങളുണ്ട്. അതനുസരിച്ച് അവര്ക്ക് മറിച്ചുള്ള തീരുമാനങ്ങളുമെടുക്കാം. ചന്ദ്രശേഖരന് വധം ഇടതു ബുദ്ധിജീവികളുടെ കേന്ദ്രമായ ജെ എന് യു വില് പോലും ചലനങ്ങളുണ്ടാക്കി. ഇതൊക്കെ തിരിച്ചറിയുന്ന കേന്ദ്ര നേതാക്കള് വിജയനും കൂടെയുള്ളവരും പറയുന്നതു മാത്രമല്ല വിശ്വസിക്കാന് പോകുന്നത്.
വി എസിനെ ഇപ്പോള് ശരിയാക്കി കളയാം എന്നു കരുതി നടന്നവരൊക്കെ പട്ടി ചന്തക്ക് പോയ പരുവത്തിലായി. അവര് പറഞ്ഞതൊന്നും കേന്ദ്ര കമ്മിറ്റി കാര്യമായെടുത്തിട്ടുമില്ല. വി എസ്. തന്റെ ശൈലി തുടര്ന്നും മുന്നോട്ടുകൊണ്ടുപോകുമെന്ന സൂചനയാണ് ഇപ്പോഴുള്ളത്. പാര്ട്ടിക്ക് അകത്തു നിന്നുകൊണ്ടു തന്നെ അദ്ദേഹം പോരാട്ടം തുടരും. വി എസിനെ കളയാന് കഴിയില്ലെന്ന വലിയ തിരിച്ചറിവാണ്, കേന്ദ്ര കമ്മിറ്റി തീരുമാനംവഴി വിജയനുണ്ടാകേണ്ടത്. ചന്ദ്രശേഖര വധത്തിനു ശേഷം ഉണ്ടായ അച്ചടക്കരാഹിത്യത്തെക്കാള് വലുത് ഇനി ഉണ്ടാകാനും പോകുന്നില്ല. വി.എസിനെ ഒഴിവാക്കി ഒറ്റയാള് ഭരണം നടത്താമെന്ന ആഗ്രഹം ഒക്കെ മാറ്റി വച്ച് വി എസിനേക്കൂടി ഉള്ക്കൊണ്ടു പോകാനുള്ള വിവേകം വിജയനുണ്ടായാല് അത് പാര്ട്ടിക്കും കേരളത്തിലെ ജനങ്ങള്ക്കും ഗുണം ചെയ്യും. യു ഡി എഫ് ഇപ്പോള് നടപ്പാക്കി കൊണ്ടിരിക്കുന്ന അനേകം ജനദ്രോഹനടപടികളുണ്ട്. വി എസിന്റെ അധികാരം കുറച്ചിട്ടില്ല. കൂടുതല് ഊര്ജസ്വലമായി മുന്നോട്ടുപോകാന് അത് അദ്ദേഹത്തിന് കൂടുതല് ധൈര്യം നല്കും. പാര്ട്ടി സെക്രട്ടറി സ്വന്തം ഇഷ്ടങ്ങളും അഭിപ്രായങ്ങളും പാര്ട്ടി തീരുമാനം എന്ന പേരില് നടപ്പാക്കുന്നതു ശരിയല്ലെന്ന വ്യക്തമായ നിലപാടാണ് വി എസ്. എടുത്തതും കേന്ദ്ര കമ്മിറ്റി സമ്മതിച്ചതും. പാര്ട്ടിക്കുള്ളില് പിന്തുണ വര്ദ്ധിക്കാനും അത് വഴി വയ്ക്കും. വി എസിനെ മുന്നില് നിര്ത്തി പുതിയ പാര്ട്ടിയുണ്ടാക്കാമെന്ന് മോഹിച്ചവര്ക്കും, വിഎസിനെ വെട്ടിനിരത്താമെന്ന് വ്യാമോഹിച്ചവര്ക്കും കേന്ദ്ര കമ്മിറ്റി തീരുമാനം തിരിച്ചടിയാണ്.