കുലം കുത്തി എന്ന വാക്ക് മലയാളികള്‍ മുഴുവന്‍ കേട്ടത് പിണറായി വിജയന്റെ നാവില്‍ കൂടിയാണ്. അതിനു വമ്പിച്ച പ്രചാരവും ലഭിച്ചു. സി പി എമ്മിന്റെ നേതൃത്വവുമായി തെറ്റിപ്പിരിഞ്ഞ് റ്റി പി ചന്ദ്രശേഖരന്‍ ഒരു പുതിയ പാര്‍ട്ടി രൂപീകരിച്ചപ്പോളാണതിനു ദേശവ്യാപകമായ പ്രചാരം ലഭിച്ചതും. കുലം കുത്തി എന്നു പറഞ്ഞാല്‍, സ്വന്തം കുലത്തെ നശിപ്പിക്കുന്നവന്‍ എന്നാണര്‍ത്ഥം. പിണറായി കുലം എന്ന വാക്കുകൊണ്ട് ഉദ്ദേശിച്ചത് കമ്യുണിസ്റ്റുപ്രസ്ഥാനം എന്നായിരുന്നു. പെണറായിയാണു പ്രസ്ഥാനം എന്ന മഹദ്‌വചനമൊക്കെ കേട്ടിട്ടുള്ളവര്‍ക്ക് അത് പിണറായി വിജയന്‍ ആണെന്നു തോന്നാമെങ്കിലും, ഇവിടെ വിവക്ഷിച്ചത് കമ്യൂണിസ്റ്റുപ്രസ്ഥാനം എന്നു തന്നെയാണ്.
ഈ കുലം കുത്തല്‍ പ്രയോഗത്തിലേക്ക് നയിച്ച സംഭവവികാസം രസകരമാണ്. കാവ്യ നീതി എന്നു വിശേഷിപ്പിക്കാവുന്ന തരം രസകരം. വീരന്‍ എന്ന് പിണറായി വിജയനും സഖാക്കളും വിശേഷിപ്പിക്കുന്ന വീരേന്ദ്ര കുമാര്‍ ജനതാ ദള്‍ നേതാവയി വാഴുന്ന കാലം. ഈ വീരേന്ദര്‍ കുമാറിന്റെ ജനതാ ദളിന്, സി പി എമ്മിന്റെ കയ്യിലിരുന്ന പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞു കൊടുക്കണം എന്ന പിണറായി വിജയന്റെ ഒരു തീരുമാനമാണ്, കുലം കുത്തലിലേക്ക് ചെന്നെത്തിയത്. ആ തീരുമാനത്തിന്റെ പിന്നില്‍ സി പി എമ്മിലെ വിഭാഗീയത ആയിരുന്നു. വി എസ് അച്യുതാനന്ദന്‍ എന്ന ജനപ്രിയ നേതാവിനോടും അദ്ദേഹത്തിന്റെ നിലപാടുകളോടും ആഭിമുഖ്യം പ്രകടിപ്പിച്ചിരുന്ന മലബാറിലെ ചുരുക്കം ചില നേതാക്കളില്‍ ഒരാളായിരുന്നു ചന്ദ്ര ശേഖരന്‍. അദ്ദേഹത്തിന്റെ ചിറകുകള്‍ അരിയുക എന്നതായിരുന്നു പിണറായി വിജയന്റെ യഥാര്‍ത്ഥ ഉദ്ദേശ്യം. അതിനു വേണ്ടി ജനതാദളിനു പറയത്തക്ക സ്വാധീനമില്ലാതിരുന്ന പഞ്ചായത്തിന്റെ പ്രസിഡന്റ് പദം അവര്‍ക്കുവേണ്ടി ഒഴിഞ്ഞു കൊടുക്കാന്‍ പിണറായി നടത്തിയ ആവശ്യം ചന്ദ്രശേഖരന്‍ നിരാകരിച്ചു. ചന്ദ്രശേഖരനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി. പക്ഷെ പിണറായി വിജയനെ ഞെട്ടിച്ചുകൊണ്ട്, പാര്‍ട്ടിയിലെ മഹാഭൂരിപക്ഷം ചന്ദ്രശേഖരനോടൊപ്പം പോയി. സി പി എമ്മില്‍ നിന്നും പുറത്തുപോകുന്നവര്‍, സാധാരണ കോണ്‍ഗ്രസില്‍ ചേരുകയോ യു ഡി എഫിന്റെ വാലാവുകയോ ചെയ്യാറാണു പതിവ്. ആ പതിവു തെറ്റിച്ച ചന്ദ്രശേഖരനും സഖാക്കളും ഒരു പുതിയ കമ്യൂണിസ്റ്റുപാര്‍ട്ടി രൂപീകരിച്ചു. അന്നു മുതല്‍ ചന്ദ്രശേഖരന്‍ കുലം കുത്തി ആയി. അദ്ദേഹത്തിന്റെ കൂടെയുള്ളവരെ തിരികെ കൊണ്ടു വരാന്‍ സി പി എം ആഞ്ഞു ശ്രമിച്ചിട്ടും കാര്യമായ ഫലമുണ്ടായില്ല. യു ഡി എഫിലോ എല്‍ ഡി എഫിലോ ചേരാതെ കമ്യൂണിസ്റ്റാശയങ്ങളില്‍ ചന്ദ്ര ശേഖരന്‍ ഉറച്ചു നിന്നപ്പോള്‍ അദ്ദേഹത്തിന്റെ ജനപ്രീതി കൂടി. അന്നു മുതല്‍ അദ്ദേഹം പിണറായി വിജയന്റെ കണ്ണിലെ കരടാണ്. വിരേന്ദ്ര കുമാറിനു വേണ്ടി കുലം കുത്തിയെ സൃഷ്ടിച്ച പിണറായി വിജയന്‍ അതേ വീരേന്ദ്ര കുമാറിനെ എല്‍ ഡി എഫില്‍ നിന്നു ചവുട്ടി പുറത്താക്കി. അതാണു ഞാനാദ്യം സൂചിപ്പിച്ച കാവ്യ നീതി. പിണറായി വിജയന്റെ ധാര്‍ഷ്ട്യത്തിനു മറുപടിയായി അടുത്ത തെരഞ്ഞെടുപ്പില്‍ ചന്ദ്രശേഖരന്റെ പാര്‍ട്ടി ഒറ്റക്കു മത്സരിച്ച് പഞ്ചായത്ത് ഭരണം പിടിച്ചെടുത്തു.
വ്യക്തിപരമായ നേട്ടങ്ങള്‍ക്ക് വേണ്ടിയോ സ്വന്തം സുരക്ഷക്കു വേണ്ടിപ്പോലുമോ അദ്ദേഹം ശ്രദ്ധിച്ചിരുന്നില്ല. സി പി എമ്മിലേക്ക് തിരികെ പോയിരുന്നെങ്കില്‍ നേട്ടങ്ങള്‍ ഉണ്ടാകുമായിരുന്നു. സി.പി.എമ്മിലേക്ക് തിരികെ എത്തിക്കാനുള്ള ദൗത്യവുമായി പലരും വന്നപ്പോഴും അദ്ദേഹം ചോദിച്ചത്, ഞങ്ങളുടെ നിലപാട് അംഗീകരിക്കുമോ, എന്നതായിരുന്നു. നിലപാടുകള്‍ അംഗീകരിക്കാത്ത ഇടത്തേക്ക് പോകേണ്ട എന്നദ്ദേഹം തീരുമാനിച്ചു. കൂടെക്കൂടെ ഭീഷണികള്‍ ഉണ്ടായപ്പോള്‍ അപകടം എന്നും തനിക്ക് പിന്നില്‍ ഒളിഞ്ഞിരിപ്പുണ്ടെന്ന് തിരിച്ചറിഞ്ഞിരുന്നു. എങ്കിലും പതറിയില്ല. അംഗരക്ഷകരെയോ, തോക്കോ, വെടിയുണ്ടായോ കൊണ്ടു നടന്നില്ല. ഒരു യഥാര്‍ത്ഥ കമ്യൂണിസ്റ്റ്ന്റെ തലയെടുപ്പോടെ അതിനെയൊക്കെ നേരിട്ടു. കോടതിയലക്ഷ്യത്തിനു കേസുവന്നപ്പോള്‍ ശുംഭന്‍ എന്ന വാക്കിന്റെ നാനാര്‍ത്ഥങ്ങള്‍ തേടിപ്പോയി രക്ഷപ്പെടാന്‍ ശ്രമിച്ചതുപോലെ അദ്ദേഹം ഓടിയൊളിച്ചുമില്ല.
ചന്ദ്രശേഖരനും കൂട്ടരും പാര്‍ട്ടിയിലേക്ക് തിരികെ വരണം എന്ന് വി എസ് ഒരിക്കല്‍ ഒരു പൊതു വേദിയില്‍ ആവശ്യപ്പെട്ടു. അതിനോട് പിണറായി വിജയന്‍ പ്രതികരിച്ചത് ഇങ്ങനെ, പിണറായി വിജയന്‍ കുലം കുത്തി എന്ന് ഒരാളെ വിളിച്ചല്‍ അയാള്‍ക്ക് ഈ പാര്‍ട്ടിയില്‍ സ്ഥാനമുണ്ടാകില്ല. ഇവിടെയാണ്, പെണറായി ആണു പ്രസ്ഥാനം എന്ന ആപ്ത വാക്യത്തിന്റെ പ്രസക്തി. പിണറായി വിജയന്‍ എന്ന വ്യക്തിക്ക് ഇഷ്ടമില്ലെങ്കില്‍ ഒരാള്‍ക്കും ഈ പാര്‍ട്ടിയില്‍ സ്ഥാനമില്ല. മറ്റാരു ശ്രമിച്ചാലും നടക്കില്ല. പിണറായി വിജയന്‍ എന്ന വ്യക്തിയുടെ ധാര്‍ഷ്ട്യത്തിന്റെ പരകോടിയാണീ പ്രസ്താവന.
പ്രത്യയശാസ്ത്രപരമായ ഭിന്നതയുടെ പേരില്‍ പാര്‍ട്ടി വിടുന്നതും പുതിയ പാര്‍ട്ടി രൂപീകരിക്കുന്നതും കുലം കുത്തലാണെങ്കില്‍ ഈ പട്ടത്തിന്, ഏറ്റവും യോജിച്ചത് സി പി എം എന്ന പാര്‍ട്ടിയാണ്. 1964 ല്‍ ഇതുപോലെ ഒരു ഭിന്നതയുടെ പേരിലാണ്, സി പി എം ഉണ്ടായത്. സി പി എം ഉണ്ടായപ്പോള്‍ അതിന്റെ "നേതാക്കളുടെ നാളുകള്‍ എണ്ണപ്പെട്ടു" എന്നാക്രോശിച്ച് സി പി ഐക്കാര്‍ ആരും തെരുവിലിറങ്ങിയതയി കേട്ടിട്ടില്ല. ഒന്നോ രണ്ടോ പാര്‍ട്ടികളില്‍ നിന്നും പിളര്‍ന്നാണിന്നു കാണുന്ന അനേകം പാര്‍ട്ടികള്‍ ഉണ്ടായതും. കേരളത്തില്‍ ഇതുപോലെ അനേകം പാര്‍ട്ടികള്‍ ഉണ്ടായിട്ടുണ്ട്. പക്ഷെ മലബാര്‍ ഭാഗങ്ങളില്‍ മാത്രം പാര്‍ട്ടിപിളരുന്നതും വ്യക്തികള്‍ പാര്‍ട്ടി മാറുന്നതും വലിയൊരു കുറ്റമെന്ന നിലയിലാണ് ഇപ്പോഴും കാര്യങ്ങള്‍. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ രാഷ്ട്രീയ കൊലപാതകങ്ങള്‍ നടക്കുന്നതും ഇപ്പോഴും മലബാറിലാണ്. എന്തേ ഈ നാടിനു മാത്രം ഇതുപോലെ ഒരു ദുര്യോഗം?
ചെറുതെങ്കിലും ചന്ദ്രശേഖരന്റെ പാര്‍ട്ടി ഒരു പഞ്ചായത്ത് ഒറ്റക്ക് ഭരിക്കുന്നു. ആ പാര്‍ട്ടിയുടെ പരമോന്നത നേതാവാണദ്ദേഹം. ഭാര്യ ബാങ്ക് ഉദ്യോഗസ്ഥയും. എന്നിട്ടു പോലും നല്ല ഒരു വീടോ ഒരു കാറോ അദ്ദേഹത്തിനില്ല. യാത്ര മോട്ടോര്‍ സൈക്കിളില്‍. ലളിത വസ്ത്രം ധരിച്ച്, ലളിത ജീവിതം നയിച്ച്, തന്റെ നാട്ടുകാരുടെ എല്ലാ പ്രശ്നങ്ങളിലും സജീവമായി ഇടപെട്ട് അതൊക്കെ പരിഹരിച്ചിരുന്ന അദ്ദേഹത്തെ പാര്‍ട്ടികതീതമായി ആളുകള്‍ ഇഷ്ടപ്പെട്ടു. സി.പി.എമ്മിന്റെ കണ്ണിലെ കരടായിരുന്നു ഊര്‍ജ്ജ്വസ്വലനും നിസ്വാര്‍ത്ഥനുമായ ഈ പൊതുപ്രവര്‍ത്തകന്‍. സി.പി.എമ്മിന്റെ അതിരൂക്ഷമായ എതിര്‍പ്പുകള്‍ നേരിട്ടുകൊണ്ടുതന്നെയാണ് അദ്ദേഹംപിടിച്ചുനിന്നത്. ജീവനുതന്നെ ഭീഷണിയുണ്ടെന്നറിയാമായിരുന്നിട്ടും പൊലീസ് സംരക്ഷണമോ അംഗരക്ഷകരുടെ അകമ്പടിയോ ഒന്നും കൂടാതെ നിര്‍ഭയനായിത്തന്നെ ജീവിച്ചു. അമ്പും വില്ലും ധരിച്ച് എ സി കാറില്‍ കേരള യാത്ര നടത്തി കേരളത്തിലെ പാവപ്പെട്ടവരുടെ പ്രശ്നങ്ങള്‍ പഠിച്ച് അവരെ ഉത്ബുദ്ധരാക്കുന്ന കപട കമ്യൂണിസ്റ്റുകളുടെ ഇടയില്‍ ചന്ദ്രശേഖരന്റെ വ്യക്തിത്വം വേറിട്ട് നില്‍ക്കുന്നു. ശീതീകരിച്ച പാര്‍ട്ടി ഓഫീസില്‍ അന്തിയുറങ്ങുന്നവര്‍ക്കൊന്നും ചന്ദ്രശേഖരന്റെ മഹത്വം മനസിലാകില്ല. ഫാരീസ് അബൂബേക്കറും, സാന്റിയാഗോ മാര്‍ട്ടിനും, ലിസ് ചാക്കോയുമൊക്കെ കൂട്ടാളികളായവര്‍ക്ക് ഒരിക്കലും മനസിലാകില്ല.
കമ്യൂണിസ്റ്റ് എന്ന വാക്കിന്, ഏറ്റവും യോജിച്ച വ്യക്തിയായിരുന്നു ചന്ദ്രശേഖരന്‍. വാക്കിലും പ്രവര്‍ത്തിയിലും. അദ്ദേഹം കമ്യൂണിസത്തിന്റെ കുലം കുത്തി അല്ല. ധീരനായ കമ്യൂണിസ്റ്റായിരുന്നു. പിണറായി വിജയന്‍ അദ്ദേഹത്തെ കുലം കുത്തി എന്ന് വിളിച്ച് ആക്ഷേപിച്ച് മറ്റുള്ള കമ്യൂണിസ്റ്റുകാരില്‍ വെറുപ്പുണ്ടാക്കി . പിണറായി വിജയനെ പേടിച്ച് കണ്ണൂര്‍ സഖാക്കളും ആ പല്ലവി ആവര്‍ത്തിച്ചു പാടി. ലഭിക്കുന്ന എല്ലാ വേദികളിലും ഇദ്ദേഹത്തെ കുലം കുത്തി എന്നും വര്‍ഗ്ഗ വഞ്ചകന്‍ എന്നും ഒക്കെ ആക്ഷേപിച്ച് ഒഞ്ചിയത്തെ സി പി എം കാരില്‍ വെറുപ്പുണ്ടാക്കി. ഇക്കഴിഞ്ഞ ഏപ്രില്‍ 30ന് കോടിയേരി ബാലകൃഷ്ണന്റെ സാന്നിധ്യത്തില്‍ ടി.പി. ചന്ദ്രശേഖരന്റെ നാളുകള്‍ എണ്ണപ്പെട്ടു എന്ന് മുദ്രാവാക്യം വിളിച്ചു ഈ സഖാക്കള്‍.
ഇത്രനാളും ചന്ദ്രശേഖരനെതിരെ നടത്തിയ പരാമര്‍ശങ്ങളുടെയും വെല്ലുവിളികളുടെയും, നീക്കങ്ങളുടെയും, ആക്രമണങ്ങളുടെയും പരിസമാപ്തിയാണ്, അദ്ദേഹത്തിന്റെ കൊലപാതകം. കണ്ണൂരും കോഴിക്കോട്ടുമുള്ള സി പി എമ്മിന്, ഈ വധത്തില്‍ പങ്കുണ്ടോ എന്നത് പുറത്തു വന്നിട്ടില്ല. ഉണ്ടാകരുതേ എന്നാണു ഞാന്‍ ആശിക്കുന്നതും. അത് ചെയ്തവര്‍ ഏതായാലും കമ്യൂണിസ്റ്റുകാരല്ല. അവരാണു യഥാര്‍ത്ഥ കുലം കുത്തികള്‍. സി പി എമ്മിനു പങ്കുണ്ടായാലും ഇല്ലെങ്കിലും അമ്പത്തിരണ്ടാമത്തെ വയസില്‍ അദ്ദേഹം കൊലചെയ്യപ്പെട്ടതിന്റെ ഉത്തരവാദി പിണറായി വിജയനാണ്.
ചന്ദ്രശേഖരനെ സി പി എം കാരില്‍ കുറച്ചു പേര്‍ക്ക് വെറുക്കപ്പെട്ടവനാക്കിയത് പിണറായി വിജയനാണ്. സി പി എം കാര്‍ അല്ല ഇത് ചെയ്തതെങ്കിലും ഈ വെറുപ്പാണവര്‍ മുതലാക്കിയത്. ചന്ദ്രശേഖരന്‍ ഇപ്പോഴും സി പി എമ്മിലായിരുന്നെങ്കില്‍ അദ്ദേഹം കൊല്ലപ്പെടില്ലായിരുന്നു. പാര്‍ട്ടിയിലുള്ളവര്‍ പോലും കണ്ണൂരും കോഴിക്കോട്ടുമുള്ള നേതാക്കളെ സംശയിക്കുന്നതിന്റെ പൂര്‍ണ്ണ ഉത്തരവാദി പിണറായി വിജയനാണ്. സംസ്ഥാനം ഇന്നേവരെ കണ്ടിട്ടുള്ളതില്‍ വച്ചേറ്റവും പൈശാചികവും മൃഗീയവുമായ ഒരന്ത്യമാണ് ചന്ദ്രശേഖരനെ തേടി വന്നത്. ഈ പാപക്കറയില്‍ നിന്നും പിണറായി വിജയനു മോചനമില്ല.
പിണറായി വിജയനോട് അടുത്തു നില്‍ക്കുന്ന സി പി എം നേതാക്കളായ പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണനും, കണ്ണൂര്‍ ജില്ലാസെക്രട്ടറി പി. ജയരാജനും, അറിയപ്പെടുന്ന ഒരു ഗുണ്ടയുടെ വീട്ടിലെ സല്‍ക്കാരത്തില്‍ പങ്കെടുത്തു. കുലം കുത്തുന്നവര്‍ ഇവരൊക്കെയാണെന്ന് മനസിലാക്കാനുള്ള വിവേകം ഏതായാലും പിണറായി വിജയനില്ല. കറകളഞ്ഞ കമ്യൂണിസ്റ്റായ ചന്ദ്രശേഖരനേക്കാള്‍ ഇവര്‍ക്കിഷ്ടം ഗുണ്ടകളാണെന്നത് കമ്യൂണിസ്റ്റു പ്രസ്ഥാനത്തിനു തന്നെ നാണക്കേടാണ്. ഈ കോടിയേരി ബാലകൃഷ്ണന്‍ സ്വന്തം മകന്റെ വിവാഹം അംബാനിമാരേക്കാള്‍ മോടിയില്‍ നടത്തി കമ്യൂണിസത്തിനു "മതിപ്പുണ്ടാക്കിയ" വ്യക്തിയാണ്.
ചന്ദ്രശേഖരനേക്കുറിച്ച് സി പി എമ്മിലെ ചിലര്‍ ആക്ഷേപിക്കുന്നത് അദ്ദേഹം വിപ്ളവം പോര എന്നു പറഞ്ഞാണ്, സി പി എം വിട്ടത് എന്നും, വലതു പക്ഷത്തേക്ക് ചേക്കേറി എന്നുമായിരുന്നു. പക്ഷെ വാസ്തവത്തില്‍ അദ്ദേഹം സി പി എം വിട്ടത് പിണറായി വിജയന്റെ ധാര്‍ഷ്ട്യത്തോട് കലഹിച്ചായിരുന്നു. പാര്‍ട്ടിയുടെ വഴി തെറ്റലിനോട് കലഹിച്ചായിരുന്നു. സി പിഎമ്മില്‍ നിന്നും പോയ പലരും കോണ്‍ഗ്രസില്‍ അഭയം തേടിയപ്പോള്‍ ചന്ദ്രശേഖരന്‍ ആ വഴി പോയില്ല. കോണ്‍ഗ്രസോ വലതുപക്ഷമോ ആയി യാതൊരു വിധ സന്ധിയും ചെയ്യാതെ, യഥാര്‍ത്ഥ കമ്യൂണിസ്റ്റായി,യഥാര്‍ത്ഥ ഇടതുപക്ഷക്കാരനായി അദ്ദേഹം നിലകൊണ്ടു. അദ്ദേഹത്തിന്റെ സ്വരം നിശബ്ദമാക്കിയവര്‍ക്ക് അദ്ദേഹം നിലകൊണ്ട സത്യത്തെ മൂടി വയ്ക്കാനാകില്ല. പഞ്ചനക്ഷത്ര ഹോട്ടലിനോ, മണല്‍ മാഫിയക്കോ, ലോട്ടറി രാജാക്കന്‍മാര്‍ക്കോ, റിയല്‍ എസ്റ്റേറ്റ് മാഫിയക്കോ, മദ്യമാഫിയക്കോ ഒന്നും അതിനെ നിശബ്ദമാക്കാനാവില്ല.അതിന്റെ പ്രത്യക്ഷ തെളിവാണ്, ഇന്‍ഡ്യയിലെ ഏറ്റവും മുതിര്‍ന്ന കമ്യൂണിസ്റ്റായ വി എസ്, പാര്‍ട്ടി വിലക്കുപോലും ലംഘിച്ച് അദ്ദേഹത്തിന്, ആദരാഞ്ജലി അര്‍പ്പിക്കാന്‍ എത്തിയത്. വ്യക്തികളെ ഇല്ലാതാക്കാം പക്ഷെ ആശയത്തെ ഇല്ലതാക്കാനാകില്ല.
തൊഴിലാളി വര്‍ഗ്ഗ പ്രസ്ഥാനത്തിനുവേണ്ടി ജീവന്‍ ബലിയര്‍പ്പിച്ച പത്ത് ധീരസഖാക്കള്‍ ഒഞ്ചിയത്തിന്റെ സ്വത്തായിട്ടുണ്ട്. അതിലേക്ക് ഒരാള്‍ കൂടി. പാര്‍ട്ടിക്ക് വഴിതെറ്റുന്നു എന്ന് ചങ്കൂറ്റത്തോടെ വിളിച്ചുപറഞ്ഞതിനാണദ്ദേഹം സ്വന്തം രക്തം കൊണ്ട് വീരഗാഥ എഴുതിയത്. വരുംകാലം അങ്ങനെ തന്നെയാവും ചന്ദ്രശേഖരന്റെ രക്തസാക്ഷിത്വത്തെ വിലയിരുത്തുക.
ചന്ദ്ര ശേഖരന്, ആദരാഞ്ജലി അര്‍പ്പിക്കാന്‍ വി എസ് പോകേണ്ട എന്ന് പാര്‍ട്ടി പറഞ്ഞപ്പോള്‍, വി എസ് പ്രതികരിച്ചത്, അതിനു നമ്മളല്ലല്ലോ അത് ചെയ്തത് എന്നായിരുന്നു. പാര്‍ട്ടി ഇന്നെത്തി നില്‍ക്കുന്ന ധര്‍മ്മ സങ്കടത്തിന്റെ ആഴവും പരപ്പും മുഴുവന്‍ ആ വാക്കുകളിലുണ്ട്.