Tuesday, 8 May 2012

കുലം കുത്തി







കുലം കുത്തി എന്ന വാക്ക് മലയാളികള്‍ മുഴുവന്‍  കേട്ടത് പിണറായി വിജയന്റെ നാവില്‍ കൂടിയാണ്. അതിനു വമ്പിച്ച പ്രചാരവും ലഭിച്ചു. സി പി എമ്മിന്റെ നേതൃത്വവുമായി തെറ്റിപ്പിരിഞ്ഞ് റ്റി പി ചന്ദ്രശേഖരന്‍ ഒരു പുതിയ പാര്‍ട്ടി രൂപീകരിച്ചപ്പോളാണതിനു ദേശവ്യാപകമായ പ്രചാരം ലഭിച്ചതും. കുലം കുത്തി എന്നു പറഞ്ഞാല്‍, സ്വന്തം കുലത്തെ നശിപ്പിക്കുന്നവന്‍ എന്നാണര്‍ത്ഥം. പിണറായി കുലം എന്ന വാക്കുകൊണ്ട് ഉദ്ദേശിച്ചത് കമ്യുണിസ്റ്റുപ്രസ്ഥാനം എന്നായിരുന്നു. പെണറായിയാണു പ്രസ്ഥാനം എന്ന  മഹദ്‌വചനമൊക്കെ കേട്ടിട്ടുള്ളവര്‍ക്ക് അത് പിണറായി വിജയന്‍ ആണെന്നു തോന്നാമെങ്കിലും, ഇവിടെ വിവക്ഷിച്ചത് കമ്യൂണിസ്റ്റുപ്രസ്ഥാനം എന്നു തന്നെയാണ്.

ഈ കുലം കുത്തല്‍ പ്രയോഗത്തിലേക്ക് നയിച്ച സംഭവവികാസം രസകരമാണ്. കാവ്യ നീതി എന്നു വിശേഷിപ്പിക്കാവുന്ന തരം രസകരം. വീരന്‍ എന്ന് പിണറായി വിജയനും സഖാക്കളും  വിശേഷിപ്പിക്കുന്ന വീരേന്ദ്ര കുമാര്‍ ജനതാ ദള്‍ നേതാവയി വാഴുന്ന കാലം. ഈ വീരേന്ദര്‍ കുമാറിന്റെ ജനതാ ദളിന്, സി പി എമ്മിന്റെ കയ്യിലിരുന്ന പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം ​ഒഴിഞ്ഞു കൊടുക്കണം എന്ന പിണറായി വിജയന്റെ ഒരു തീരുമാനമാണ്, കുലം കുത്തലിലേക്ക് ചെന്നെത്തിയത്. ആ തീരുമാനത്തിന്റെ പിന്നില്‍ സി പി എമ്മിലെ വിഭാഗീയത ആയിരുന്നു. വി എസ് അച്യുതാനന്ദന്‍ എന്ന ജനപ്രിയ നേതാവിനോടും അദ്ദേഹത്തിന്റെ നിലപാടുകളോടും ആഭിമുഖ്യം പ്രകടിപ്പിച്ചിരുന്ന മലബാറിലെ ചുരുക്കം ചില നേതാക്കളില്‍ ഒരാളായിരുന്നു ചന്ദ്ര ശേഖരന്‍. അദ്ദേഹത്തിന്റെ ചിറകുകള്‍ അരിയുക എന്നതായിരുന്നു പിണറായി വിജയന്റെ യഥാര്‍ത്ഥ ഉദ്ദേശ്യം. അതിനു വേണ്ടി ജനതാദളിനു പറയത്തക്ക സ്വാധീനമില്ലാതിരുന്ന പഞ്ചായത്തിന്റെ പ്രസിഡന്റ് പദം അവര്‍ക്കുവേണ്ടി ഒഴിഞ്ഞു കൊടുക്കാന്‍ പിണറായി നടത്തിയ ആവശ്യം ചന്ദ്രശേഖരന്‍ നിരാകരിച്ചു. ചന്ദ്രശേഖരനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി.  പക്ഷെ പിണറായി വിജയനെ ഞെട്ടിച്ചുകൊണ്ട്, പാര്‍ട്ടിയിലെ മഹാഭൂരിപക്ഷം ചന്ദ്രശേഖരനോടൊപ്പം പോയി. സി പി എമ്മില്‍ നിന്നും പുറത്തുപോകുന്നവര്‍, സാധാരണ കോണ്‍ഗ്രസില്‍ ചേരുകയോ യു ഡി എഫിന്റെ വാലാവുകയോ ചെയ്യാറാണു പതിവ്. ആ പതിവു തെറ്റിച്ച ചന്ദ്രശേഖരനും സഖാക്കളും ഒരു പുതിയ കമ്യൂണിസ്റ്റുപാര്‍ട്ടി രൂപീകരിച്ചു. അന്നു മുതല്‍ ചന്ദ്രശേഖരന്‍ കുലം കുത്തി ആയി. അദ്ദേഹത്തിന്റെ കൂടെയുള്ളവരെ തിരികെ കൊണ്ടു വരാന്‍ സി പി എം ആഞ്ഞു ശ്രമിച്ചിട്ടും കാര്യമായ ഫലമുണ്ടായില്ല.  യു ഡി എഫിലോ എല്‍ ഡി എഫിലോ ചേരാതെ കമ്യൂണിസ്റ്റാശയങ്ങളില്‍ ചന്ദ്ര ശേഖരന്‍ ഉറച്ചു നിന്നപ്പോള്‍ അദ്ദേഹത്തിന്റെ ജനപ്രീതി കൂടി. അന്നു മുതല്‍ അദ്ദേഹം പിണറായി വിജയന്റെ കണ്ണിലെ കരടാണ്. വിരേന്ദ്ര കുമാറിനു വേണ്ടി  കുലം കുത്തിയെ സൃഷ്ടിച്ച പിണറായി വിജയന്‍ അതേ വീരേന്ദ്ര കുമാറിനെ എല്‍ ഡി എഫില്‍ നിന്നു ചവുട്ടി പുറത്താക്കി. അതാണു ഞാനാദ്യം സൂചിപ്പിച്ച കാവ്യ നീതി. പിണറായി വിജയന്റെ ധാര്‍ഷ്ട്യത്തിനു മറുപടിയായി അടുത്ത തെരഞ്ഞെടുപ്പില്‍ ചന്ദ്രശേഖരന്റെ പാര്‍ട്ടി ഒറ്റക്കു മത്സരിച്ച് പഞ്ചായത്ത് ഭരണം പിടിച്ചെടുത്തു.

വ്യക്തിപരമായ നേട്ടങ്ങള്‍ക്ക് വേണ്ടിയോ സ്വന്തം സുരക്ഷക്കു വേണ്ടിപ്പോലുമോ അദ്ദേഹം ശ്രദ്ധിച്ചിരുന്നില്ല. സി പി എമ്മിലേക്ക് തിരികെ പോയിരുന്നെങ്കില്‍ നേട്ടങ്ങള്‍ ഉണ്ടാകുമായിരുന്നു.  സി.പി.എമ്മിലേക്ക് തിരികെ എത്തിക്കാനുള്ള ദൗത്യവുമായി പലരും വന്നപ്പോഴും അദ്ദേഹം ചോദിച്ചത്,   ഞങ്ങളുടെ നിലപാട് അംഗീകരിക്കുമോ,  എന്നതായിരുന്നു. നിലപാടുകള്‍ അംഗീകരിക്കാത്ത ഇടത്തേക്ക് പോകേണ്ട എന്നദ്ദേഹം തീരുമാനിച്ചു. കൂടെക്കൂടെ  ഭീഷണികള്‍ ഉണ്ടായപ്പോള്‍ അപകടം എന്നും തനിക്ക് പിന്നില്‍ ഒളിഞ്ഞിരിപ്പുണ്ടെന്ന് തിരിച്ചറിഞ്ഞിരുന്നു. എങ്കിലും പതറിയില്ല. അംഗരക്ഷകരെയോ, തോക്കോ, വെടിയുണ്ടായോ കൊണ്ടു നടന്നില്ല. ഒരു യഥാര്‍ത്ഥ കമ്യൂണിസ്റ്റ്ന്റെ  തലയെടുപ്പോടെ അതിനെയൊക്കെ  നേരിട്ടു. കോടതിയലക്ഷ്യത്തിനു  കേസുവന്നപ്പോള്‍ ശുംഭന്‍  എന്ന വാക്കിന്റെ നാനാര്‍ത്ഥങ്ങള്‍ തേടിപ്പോയി രക്ഷപ്പെടാന്‍ ശ്രമിച്ചതുപോലെ അദ്ദേഹം ഓടിയൊളിച്ചുമില്ല.

ചന്ദ്രശേഖരനും കൂട്ടരും പാര്‍ട്ടിയിലേക്ക് തിരികെ വരണം എന്ന് വി എസ് ഒരിക്കല്‍ ഒരു പൊതു വേദിയില്‍ ആവശ്യപ്പെട്ടു. അതിനോട് പിണറായി വിജയന്‍ പ്രതികരിച്ചത് ഇങ്ങനെ, പിണറായി വിജയന്‍ കുലം കുത്തി എന്ന് ഒരാളെ വിളിച്ചല്‍ അയാള്‍ക്ക് ഈ പാര്‍ട്ടിയില്‍ സ്ഥാനമുണ്ടാകില്ല. ഇവിടെയാണ്, പെണറായി ആണു പ്രസ്ഥാനം എന്ന ആപ്ത വാക്യത്തിന്റെ പ്രസക്തി. പിണറായി വിജയന്‍ എന്ന വ്യക്തിക്ക് ഇഷ്ടമില്ലെങ്കില്‍ ഒരാള്‍ക്കും ഈ പാര്‍ട്ടിയില്‍ സ്ഥാനമില്ല. മറ്റാരു ശ്രമിച്ചാലും നടക്കില്ല. പിണറായി വിജയന്‍ എന്ന വ്യക്തിയുടെ ധാര്‍ഷ്ട്യത്തിന്റെ പരകോടിയാണീ പ്രസ്താവന.


പ്രത്യയശാസ്ത്രപരമായ ഭിന്നതയുടെ പേരില്‍ പാര്‍ട്ടി വിടുന്നതും പുതിയ പാര്‍ട്ടി രൂപീകരിക്കുന്നതും കുലം കുത്തലാണെങ്കില്‍ ഈ പട്ടത്തിന്, ഏറ്റവും യോജിച്ചത് സി പി എം എന്ന പാര്‍ട്ടിയാണ്. 1964 ല്‍ ഇതുപോലെ ഒരു ഭിന്നതയുടെ പേരിലാണ്, സി പി എം ഉണ്ടായത്.  സി പി എം ഉണ്ടായപ്പോള്‍ അതിന്റെ "നേതാക്കളുടെ നാളുകള്‍ എണ്ണപ്പെട്ടു" എന്നാക്രോശിച്ച് സി പി ഐക്കാര്‍ ആരും തെരുവിലിറങ്ങിയതയി കേട്ടിട്ടില്ല. ഒന്നോ രണ്ടോ പാര്‍ട്ടികളില്‍ നിന്നും  പിളര്‍ന്നാണിന്നു കാണുന്ന അനേകം പാര്‍ട്ടികള്‍ ഉണ്ടായതും. കേരളത്തില്‍ ഇതുപോലെ അനേകം പാര്‍ട്ടികള്‍ ഉണ്ടായിട്ടുണ്ട്. പക്ഷെ  മലബാര്‍ ഭാഗങ്ങളില്‍ മാത്രം പാര്‍ട്ടിപിളരുന്നതും വ്യക്തികള്‍ പാര്‍ട്ടി മാറുന്നതും  വലിയൊരു കുറ്റമെന്ന നിലയിലാണ് ഇപ്പോഴും കാര്യങ്ങള്‍. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ രാഷ്ട്രീയ കൊലപാതകങ്ങള്‍ നടക്കുന്നതും ഇപ്പോഴും മലബാറിലാണ്. എന്തേ ഈ നാടിനു മാത്രം ഇതുപോലെ ഒരു ദുര്യോഗം?



ചെറുതെങ്കിലും ചന്ദ്രശേഖരന്റെ പാര്‍ട്ടി ഒരു പഞ്ചായത്ത് ഒറ്റക്ക് ഭരിക്കുന്നു. ആ പാര്‍ട്ടിയുടെ പരമോന്നത നേതാവാണദ്ദേഹം. ഭാര്യ ബാങ്ക് ഉദ്യോഗസ്ഥയും. എന്നിട്ടു പോലും നല്ല ഒരു വീടോ ഒരു കാറോ അദ്ദേഹത്തിനില്ല. യാത്ര മോട്ടോര്‍ സൈക്കിളില്‍. ലളിത വസ്ത്രം ധരിച്ച്, ലളിത ജീവിതം നയിച്ച്, തന്റെ നാട്ടുകാരുടെ എല്ലാ പ്രശ്നങ്ങളിലും സജീവമായി ഇടപെട്ട് അതൊക്കെ പരിഹരിച്ചിരുന്ന അദ്ദേഹത്തെ പാര്‍ട്ടികതീതമായി ആളുകള്‍ ഇഷ്ടപ്പെട്ടു. സി.പി.എമ്മിന്റെ കണ്ണിലെ കരടായിരുന്നു ഊര്‍ജ്ജ്വസ്വലനും നിസ്വാര്‍ത്ഥനുമായ ഈ പൊതുപ്രവര്‍ത്തകന്‍.    സി.പി.എമ്മിന്റെ  അതിരൂക്ഷമായ എതിര്‍പ്പുകള്‍  നേരിട്ടുകൊണ്ടുതന്നെയാണ് അദ്ദേഹംപിടിച്ചുനിന്നത്. ജീവനുതന്നെ ഭീഷണിയുണ്ടെന്നറിയാമായിരുന്നിട്ടും പൊലീസ് സംരക്ഷണമോ അംഗരക്ഷകരുടെ അകമ്പടിയോ ഒന്നും കൂടാതെ നിര്‍ഭയനായിത്തന്നെ ജീവിച്ചു. അമ്പും വില്ലും ധരിച്ച് എ സി കാറില്‍ കേരള യാത്ര നടത്തി  കേരളത്തിലെ പാവപ്പെട്ടവരുടെ പ്രശ്നങ്ങള്‍ പഠിച്ച് അവരെ ഉത്ബുദ്ധരാക്കുന്ന കപട കമ്യൂണിസ്റ്റുകളുടെ ഇടയില്‍ ചന്ദ്രശേഖരന്റെ വ്യക്തിത്വം വേറിട്ട് നില്‍ക്കുന്നു.   ശീതീകരിച്ച പാര്‍ട്ടി ഓഫീസില്‍ അന്തിയുറങ്ങുന്നവര്‍ക്കൊന്നും ചന്ദ്രശേഖരന്റെ മഹത്വം മനസിലാകില്ല. ഫാരീസ് അബൂബേക്കറും, സാന്റിയാഗോ മാര്‍ട്ടിനും, ലിസ് ചാക്കോയുമൊക്കെ കൂട്ടാളികളായവര്‍ക്ക് ഒരിക്കലും മനസിലാകില്ല.




കമ്യൂണിസ്റ്റ് എന്ന വാക്കിന്, ഏറ്റവും യോജിച്ച വ്യക്തിയായിരുന്നു ചന്ദ്രശേഖരന്‍. വാക്കിലും  പ്രവര്‍ത്തിയിലും. അദ്ദേഹം കമ്യൂണിസത്തിന്റെ കുലം കുത്തി അല്ല. ധീരനായ കമ്യൂണിസ്റ്റായിരുന്നു. പിണറായി വിജയന്‍ അദ്ദേഹത്തെ കുലം കുത്തി എന്ന് വിളിച്ച് ആക്ഷേപിച്ച്  മറ്റുള്ള കമ്യൂണിസ്റ്റുകാരില്‍ വെറുപ്പുണ്ടാക്കി . പിണറായി വിജയനെ പേടിച്ച്   കണ്ണൂര്‍ സഖാക്കളും ആ പല്ലവി ആവര്‍ത്തിച്ചു പാടി. ലഭിക്കുന്ന എല്ലാ വേദികളിലും ഇദ്ദേഹത്തെ കുലം കുത്തി എന്നും വര്‍ഗ്ഗ വഞ്ചകന്‍  എന്നും ഒക്കെ ആക്ഷേപിച്ച് ഒഞ്ചിയത്തെ സി പി എം കാരില്‍ വെറുപ്പുണ്ടാക്കി. ഇക്കഴിഞ്ഞ ഏപ്രില്‍ 30ന് കോടിയേരി ബാലകൃഷ്ണന്റെ സാന്നിധ്യത്തില്‍ ടി.പി. ചന്ദ്രശേഖരന്റെ നാളുകള്‍ എണ്ണപ്പെട്ടു എന്ന്  മുദ്രാവാക്യം വിളിച്ചു ഈ സഖാക്കള്‍.

ഇത്രനാളും  ചന്ദ്രശേഖരനെതിരെ നടത്തിയ പരാമര്‍ശങ്ങളുടെയും വെല്ലുവിളികളുടെയും, നീക്കങ്ങളുടെയും, ആക്രമണങ്ങളുടെയും പരിസമാപ്തിയാണ്, അദ്ദേഹത്തിന്റെ കൊലപാതകം. കണ്ണൂരും കോഴിക്കോട്ടുമുള്ള സി പി എമ്മിന്, ഈ വധത്തില്‍ പങ്കുണ്ടോ എന്നത് പുറത്തു വന്നിട്ടില്ല. ഉണ്ടാകരുതേ എന്നാണു ഞാന്‍ ആശിക്കുന്നതും. അത് ചെയ്തവര്‍ ഏതായാലും കമ്യൂണിസ്റ്റുകാരല്ല. അവരാണു യഥാര്‍ത്ഥ കുലം കുത്തികള്‍. സി പി എമ്മിനു പങ്കുണ്ടായാലും ഇല്ലെങ്കിലും അമ്പത്തിരണ്ടാമത്തെ വയസില്‍ അദ്ദേഹം കൊലചെയ്യപ്പെട്ടതിന്റെ ഉത്തരവാദി പിണറായി വിജയനാണ്.

Politician Pinarayi Vijayan Photograph

ചന്ദ്രശേഖരനെ സി പി എം കാരില്‍ കുറച്ചു പേര്‍ക്ക് വെറുക്കപ്പെട്ടവനാക്കിയത് പിണറായി  വിജയനാണ്. സി പി എം കാര്‍ അല്ല ഇത് ചെയ്തതെങ്കിലും ഈ വെറുപ്പാണവര്‍ മുതലാക്കിയത്.  ചന്ദ്രശേഖരന്‍ ഇപ്പോഴും സി പി എമ്മിലായിരുന്നെങ്കില്‍  അദ്ദേഹം കൊല്ലപ്പെടില്ലായിരുന്നു. പാര്‍ട്ടിയിലുള്ളവര്‍ പോലും കണ്ണൂരും കോഴിക്കോട്ടുമുള്ള നേതാക്കളെ സംശയിക്കുന്നതിന്റെ പൂര്‍ണ്ണ ഉത്തരവാദി പിണറായി വിജയനാണ്. സംസ്ഥാനം ഇന്നേവരെ കണ്ടിട്ടുള്ളതില്‍ വച്ചേറ്റവും പൈശാചികവും മൃഗീയവുമായ ഒരന്ത്യമാണ് ചന്ദ്രശേഖരനെ  തേടി വന്നത്. ഈ പാപക്കറയില്‍ നിന്നും പിണറായി വിജയനു മോചനമില്ല.

പിണറായി വിജയനോട് അടുത്തു നില്‍ക്കുന്ന സി പി എം നേതാക്കളായ പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണനും, കണ്ണൂര്‍ ജില്ലാസെക്രട്ടറി പി. ജയരാജനും, അറിയപ്പെടുന്ന ഒരു ഗുണ്ടയുടെ വീട്ടിലെ സല്‍ക്കാരത്തില്‍ പങ്കെടുത്തു. കുലം കുത്തുന്നവര്‍ ഇവരൊക്കെയാണെന്ന് മനസിലാക്കാനുള്ള വിവേകം ഏതായാലും പിണറായി വിജയനില്ല.  കറകളഞ്ഞ കമ്യൂണിസ്റ്റായ ചന്ദ്രശേഖരനേക്കാള്‍ ഇവര്‍ക്കിഷ്ടം ഗുണ്ടകളാണെന്നത് കമ്യൂണിസ്റ്റു പ്രസ്ഥാനത്തിനു തന്നെ നാണക്കേടാണ്. ഈ കോടിയേരി ബാലകൃഷ്ണന്‍ സ്വന്തം മകന്റെ വിവാഹം അംബാനിമാരേക്കാള്‍ മോടിയില്‍  നടത്തി കമ്യൂണിസത്തിനു "മതിപ്പുണ്ടാക്കിയ" വ്യക്തിയാണ്.




ചന്ദ്രശേഖരനേക്കുറിച്ച് സി പി എമ്മിലെ ചിലര്‍ ആക്ഷേപിക്കുന്നത്  അദ്ദേഹം വിപ്ളവം പോര എന്നു പറഞ്ഞാണ്,  സി പി എം വിട്ടത് എന്നും, വലതു പക്ഷത്തേക്ക് ചേക്കേറി എന്നുമായിരുന്നു. പക്ഷെ വാസ്തവത്തില്‍ അദ്ദേഹം സി പി എം വിട്ടത് പിണറായി വിജയന്റെ ധാര്‍ഷ്ട്യത്തോട് കലഹിച്ചായിരുന്നു. പാര്‍ട്ടിയുടെ വഴി തെറ്റലിനോട് കലഹിച്ചായിരുന്നു.  സി പിഎമ്മില്‍ നിന്നും പോയ പലരും കോണ്‍ഗ്രസില്‍ അഭയം തേടിയപ്പോള്‍ ചന്ദ്രശേഖരന്‍ ആ വഴി പോയില്ല. കോണ്‍ഗ്രസോ വലതുപക്ഷമോ ആയി യാതൊരു വിധ സന്ധിയും ചെയ്യാതെ, യഥാര്‍ത്ഥ കമ്യൂണിസ്റ്റായി,യഥാര്‍ത്ഥ ഇടതുപക്ഷക്കാരനായി അദ്ദേഹം നിലകൊണ്ടു. അദ്ദേഹത്തിന്റെ സ്വരം നിശബ്ദമാക്കിയവര്‍ക്ക് അദ്ദേഹം നിലകൊണ്ട സത്യത്തെ മൂടി വയ്ക്കാനാകില്ല. പഞ്ചനക്ഷത്ര ഹോട്ടലിനോ, മണല്‍ മാഫിയക്കോ, ലോട്ടറി രാജാക്കന്‍മാര്‍ക്കോ, റിയല്‍ എസ്റ്റേറ്റ് മാഫിയക്കോ, മദ്യമാഫിയക്കോ  ഒന്നും അതിനെ നിശബ്ദമാക്കാനാവില്ല.അതിന്റെ പ്രത്യക്ഷ തെളിവാണ്, ഇന്‍ഡ്യയിലെ ഏറ്റവും മുതിര്‍ന്ന കമ്യൂണിസ്റ്റായ വി എസ്, പാര്‍ട്ടി വിലക്കുപോലും ലംഘിച്ച് അദ്ദേഹത്തിന്, ആദരാഞ്ജലി അര്‍പ്പിക്കാന്‍ എത്തിയത്. വ്യക്തികളെ ഇല്ലാതാക്കാം പക്ഷെ ആശയത്തെ ഇല്ലതാക്കാനാകില്ല.

തൊഴിലാളി വര്‍ഗ്ഗ പ്രസ്ഥാനത്തിനുവേണ്ടി ജീവന്‍ ബലിയര്‍പ്പിച്ച പത്ത് ധീരസഖാക്കള്‍ ഒഞ്ചിയത്തിന്റെ സ്വത്തായിട്ടുണ്ട്. അതിലേക്ക്  ഒരാള്‍ കൂടി. പാര്‍ട്ടിക്ക് വഴിതെറ്റുന്നു എന്ന് ചങ്കൂറ്റത്തോടെ  വിളിച്ചുപറഞ്ഞതിനാണദ്ദേഹം സ്വന്തം രക്തം കൊണ്ട് വീരഗാഥ എഴുതിയത്.  വരുംകാലം അങ്ങനെ തന്നെയാവും ചന്ദ്രശേഖരന്റെ രക്തസാക്ഷിത്വത്തെ വിലയിരുത്തുക.

തന്റെ ഇംഗിതത്തിനെതിരു നില്‍ക്കുന്നവരെ നശിപ്പിക്കുക എന്ന ഒറ്റ അജണ്ടയാണു പിണറായി വിജയനുള്ളത്. ഒന്നുകില്‍ അവരെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കുക, അല്ലെങ്കില്‍ ശിക്ഷിച്ച് വരുതിയിലാക്കുക. പുറത്താക്കിയാല്‍ പോലും അവരെ വെറുതെ വിടില്ല എന്ന കുടിലത  ആണിപ്പോള്‍ ചന്ദ്ര ശേഖരന്റെ ജീവന്‍ എടുക്കുന്നതില്‍ എത്തി നില്‍ക്കുന്നതും. കൂടെ നില്‍ക്കുന്നവര്‍ വഞ്ചിച്ചു പോകുന്നതൊന്നും അദ്ദേഹത്തിനു പ്രശ്നമല്ല. ശിവരാമന്‍, അബ്ദുള്ളക്കുട്ടി, സെല്‍വരാജ്, മനോജ് തുടങ്ങിയവരൊക്കെ പോകുന്നതിനേക്കാളും, അദ്ദേഹത്തെ അലട്ടുന്നത് പാര്‍ട്ടിക്കുള്ളില്‍ കുറച്ചു പേര്‍ വി എസ് നിലകൊള്ളുന്ന ശരിയുടെ ഭാഗത്തു നില്‍ക്കുന്നതാണ്. വി എസ് പാര്‍ട്ടി വിലക്ക് ലംഘിച്ച് ചന്ദ്രശേഖരന്, ആദരാഞ്ജലി അര്‍പ്പിക്കാന്‍ പോയത് എങ്ങനെ അച്ചടക്ക ലംഘനം ആക്കി മാറ്റാം എന്നായിരിക്കുമിപ്പോള്‍ ആ കുടില മനസ് ചിന്തിക്കുന്നത്.

ചന്ദ്ര ശേഖരന്, ആദരാഞ്ജലി അര്‍പ്പിക്കാന്‍ വി എസ് പോകേണ്ട എന്ന് പാര്‍ട്ടി പറഞ്ഞപ്പോള്‍, വി എസ് പ്രതികരിച്ചത്, അതിനു നമ്മളല്ലല്ലോ അത് ചെയ്തത്   എന്നായിരുന്നു. പാര്‍ട്ടി ഇന്നെത്തി നില്‍ക്കുന്ന ധര്‍മ്മ സങ്കടത്തിന്റെ  ആഴവും പരപ്പും മുഴുവന്‍ ആ വാക്കുകളിലുണ്ട്.


Sunday, 6 May 2012

കാപട്യങ്ങളുടെ പെരുമഴക്കാലം.


ഇപ്പോള്‍ കേരളത്തില്‍ കപടന്‍മാരുടെ ഘോഷയാത്രയാണ്.

സി പി എം എം എല്‍ എ ആയ  സെല്‍വരാജ് ,  എം എല്‍ എ സ്ഥാനവും സി പി എം അംഗത്വവും രാജി വച്ചപ്പോള്‍ തുടങ്ങിയതാണീ ഘോഷയാത്ര. യുഡി എഫിലേക്ക് പോകുന്നതിലും നല്ലത് ആത്മഹത്യയാണെന്നു പറഞ്ഞ അദ്ദേഹം ,കോണ്‍ഗ്രസ് അംഗത്വം തന്നെ  സ്വീകരിച്ച് കാപട്യത്തിന്റെ കിരീടം അണിഞ്ഞു.

കമ്യൂണിസ്റ്റുകാരനായ സി പി ചന്ദ്രശേഖരന്‍ ദാരുണമായി കൊലചെയ്യപ്പെട്ടപ്പോള്‍, മുതലക്കണ്ണീരൊഴുക്കാന്‍ കോണ്‍ഗ്രസുകാരും മുസ്ലിം ലീഗുകാരും അണിനിരന്നു. കേരളത്തിലെ ഒരു മന്ത്രി കൊലചെയ്യപ്പെട്ടതുപോലെയാണ്, ഉമ്മന്‍ ചാണ്ടി ഡെല്‍ഹിയില്‍ നിന്നും പാഞ്ഞു വന്നത്. ചന്ദ്രശേഖരന്‍ തന്റെ ജീവനു ഭീക്ഷണിയുണ്ടായിരുന്നു എന്ന് ഉമ്മന്‍ ചാണ്ടിയോടും കേന്ദ്ര മന്ത്രി മുല്ലപ്പള്ളി രാമചന്ദ്രനോടും പറഞ്ഞിരുന്നു. പക്ഷെ അതവര്‍ ഗൌരവത്തില്‍ എടുത്തില്ല. ഇപ്പോള്‍ അദ്ദേഹം കൊല്ലപ്പെട്ടപ്പോള്‍  വിലപിച്ച്, കാപട്യത്തിന്റെ കിരീടം എടുത്തണിയുന്നു.

ഒരിക്കലും ഹര്‍ത്താലോ ബന്ദോ നടത്തില്ല എന്ന് ഉഗ്രപ്രതിജ്ഞ എടുത്തതായിരുന്നു രമേശ് ചെന്നിത്തലയും കോണ്‍ഗ്രസും.  അതപ്പാടെ വിഴുങ്ങി ഹര്‍ത്താലും  നടത്തി. കാപട്യത്തിന്റെ പര്യായമായി ചെന്നിത്തല വിളങ്ങി വികസിച്ചു നില്‍ക്കുന്നു.

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ അഞ്ചാറു മാസം മുമ്പ് കേരളത്തിലെ ജനങ്ങളും ബഹുജന സംഘടനകളും തെരുവിലിറങ്ങിയപ്പോള്‍ ഉമ്മന്‍ ചാണ്ടി പറഞ്ഞു, സംഗതികളൊക്കെ കേരളത്തിനനുകൂലമാണ്, ഉന്നതാധികാര സമിതി കേരളത്തിനുനുകൂലമായ തീരുമാനം എടുക്കും. ഇപ്പോള്‍ സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. 50 വര്‍ഷത്തെ ആയുസുപറഞ്ഞ്, 116 വര്‍ഷം മുമ്പ് പണുത അണക്കെട്ടിനു ബലക്ഷയമില്ല. ജലനിരപ്പ് 152 അടിയായി വേണമെങ്കില്‍ ഉയര്‍ത്താം. വലിയ ഒരു തുരംഗമുണ്ടാക്കി, കൂടുതല്‍ വെള്ളം തമിഴ് നാടിനു കൊണ്ടുപോകാം, എന്നൊക്കെയാണ്, റിപ്പോര്‍ട്ടിലെ പ്രധാന നിര്‍ദ്ദേശങ്ങള്‍ . കേരളത്തിന്റെ അവസ്ഥ ഇടിവെട്ടിയവനെ പാമ്പു കടിച്ചതുപോലെയായി. പക്ഷെ ഉമ്മന്‍ ചാണ്ടി മിണ്ടുന്നില്ല. കാപട്യം എന്തു മിണ്ടാന്‍?

ഉന്നതാധികാര സമിതി രൂപീകരിച്ചപ്പോള്‍ കേരളത്തിന്റെ ഭാഗം വിശദീകരിക്കാന്‍ ഒരു പ്രതിനിധിയെ നിര്‍ദ്ദേശിക്കാന്‍ സുപ്രീം കോടതി കേരളത്തോടാവശ്യപ്പെട്ടു. കേരള സര്‍ക്കാര്‍ ജസ്റ്റിസ് കെ.ടി.തോമസിനെ കേരളത്തിന്റെ പ്രതിനിധിയായി നിര്‍ദ്ദേശിച്ചു. സമിതിയില്‍ പക്ഷെ അദ്ദേഹം കേരളത്തിന്റെ പ്രതിനിധിയാണെന്ന സത്യം മറന്ന്, സ്വയം ഒരു ന്യായാധിപനായി അവരോധിച്ചു. അദ്ദേഹം നല്‍കിയത് നിഷ്പക്ഷ അഭിപ്രായമാണെന്നിപ്പോള്‍ പറയുന്നു. കേരളത്തിനു വേണ്ടി വാദിക്കേണ്ടത് തന്റെ ബാധ്യത അല്ലെന്ന്  കേരളത്തിന്റെ പ്രതിനിധി പറയുന്നതിലും വലിയ കാപട്യം മറ്റെന്താണുള്ളത്.

 പക്ഷെ ഇതിലുമൊക്കെ വലിയ കാപട്യം ഗണേശകുമാരനെന്ന വനം മന്ത്രിയുടേതാണ്.  കേരള ഖജനാവ് കട്ടുമുടിച്ചതിന്, ബാല കൃഷ്ണപിള്ളയെ സുപ്രീം കോടതി ശിക്ഷിച്ചു. അതിന്, വി എസ് അച്യുതാനന്ദനെ കാമ ഭ്രാന്തന്‍ എന്നാണീ മന്ത്രി വിളിച്ചത്.  അത് വിവാദമായപ്പോള്‍  അദ്ദേഹം നടത്തിയ പത്രസമ്മേളനത്തില്‍  കണ്ണീരൊഴുക്കി പറഞ്ഞത് ഇപ്രകാരം. ഞാനും ഒരു മകനാണ്, എനിക്കും ഒരച്ഛനുണ്ട്. അതു കേട്ട കേരളം ഈ മകന്റെ  പിതാസ്നേഹത്തില്‍ കോരിത്തരിച്ചു പോയിരുന്നു. മക്കളായാല്‍ ഇങ്ങനെ വേണം എന്ന് അവര്‍ മനസില്‍ പറഞ്ഞു. ഈ അച്ഛന്റെയും  മകന്റെയും ശരിക്കുമുള്ള ബന്ധം ഇപ്പോള്‍ അങ്ങാടിപ്പാട്ടാണ്.  അച്ഛനെ അനുസരിക്കാത്ത മകന്‍ എന്ന ഓമനപ്പേരും ഇപ്പോള്‍ ഗണേശ മന്ത്രിക്ക് സ്വന്തം. അച്ഛനും കൂടെയുള്ളവരും ഇപ്പോള്‍ മന്ത്രിക്ക് അഴിമതിക്കാരും വനം  കയ്യേറ്റക്കാരും  ഒക്കെയാണ്. താന്‍ സിനിമയില്‍ അഭിനയിക്കാന്‍ പോയതിനെ അച്ഛന്‍ എതിര്‍ത്തു തുടങ്ങിയ  ചന്തലെവലിലുള്ള ആരോപണങ്ങളാണ്, ദുഷ്ടനായ അച്ഛനെതിരെ മകന്‍  ആരോപിക്കുന്ന മഹാപാതകം. പക്ഷെ അച്ഛന്‍ മകനിലാരോപിക്കുന്ന കുറ്റങ്ങള്‍ കുറച്ചു കൂടെ അന്തസുള്ളവയാണ്. താന്‍ ജയിലില്‍ കിടന്നപ്പോള്‍ ഒറ്റപ്രാവശ്യമേ കാണാന്‍ വന്നിട്ടുള്ളു, അതും മന്ത്രിയായപ്പോള്‍ ലഭിച്ച വകുപ്പുകള്‍ പോര എന്ന പരാതി പറയാനാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഗണേശകുമാരന്റെ വിധേയത്വം സ്വന്തം പാര്‍ട്ടിയോടും  പാര്‍ട്ടിനേതാവായ അച്ഛനോടുമല്ല, കോണ്‍ഗ്രസ് നേതാക്കളായ ഉമ്മന്‍ ചാണ്ടിയോടും ചെന്നിത്തലയോടുമാണ്. എല്ലാ കാര്യങ്ങളും, തന്നെ എം എല്‍ എ യും മന്ത്രിയുമാക്കിയ സ്വന്തം പാര്‍ട്ടിയോടല്ല, ആലോചിക്കുന്നത്, പകരം കോണ്‍ഗ്രസിനോടാണെന്ന് യാതൊരു ഉളുപ്പുമില്ലാതെ പരസ്യമായി പറയുന്ന ഈ കാപട്യത്തിനെ കേരളം തിരിച്ചറിയുന്നില്ല. ജീവിത കാലം മുഴുവന്‍ എന്‍ എസ് എസിന്റെ അടിച്ചു തളിക്കാരായിരുന്നു  ഈ അച്ഛനും മകനും. ഇപ്പോള്‍ എന്‍ എസ് എസിനെ വരെ അധിക്ഷേപിക്കുന്നു അധികാരം തലക്ക് പിടിച്ച ഈ മന്ത്രിപുംഗവന്‍.


വേറൊരു കാപട്യത്തേകുറിച്ചു കൂടി പരാമര്‍ശിക്കാതെ  ഈ കുറിപ്പ് അവസാനിപ്പിക്കാന്‍ പറ്റുന്നില്ല. അത് സിനിമാ സംബന്ധിയായ ഒരു കാപട്യമാണ്. അടുത്തിടെ ഇറങ്ങിയ മലയാള സിനിമ,  22 ഫിമെയില്‍  കോട്ടയം, സ്ത്രീപക്ഷ സിനിമയാണ്, നവതരംഗ സിനിമയാണ്, എന്നൊക്കെ നിരൂപക കേസരികള്‍  വലിയ വായില്‍ പ്രചരിപ്പിക്കുന്നു. അതിനുള്ള കാരണമോ, താന്‍ കന്യകയല്ലെന്ന് നായിക പറയുന്നതും, തന്നെ നശിപ്പിച്ചവരോട് പ്രതികാരം  ചെയ്യുന്നതും ആണ്. ഒരു പ്രതികാരം, ഒരാണിന്റെ  ആറിഞ്ചു നീളമുള്ള ആണത്തം ചെത്തി എടുത്തിട്ടും ആണ്.  ഇവയും ഇവയിലും മഹത്തായ  പല പ്രതികാരങ്ങളും  പല  പുരുക്ഷ കഥാപാത്രങ്ങളും നടത്തുന്ന അനേകം സിനിമകള്‍ മലയാളത്തില്‍ ഇതിനു മുന്നേ ഇറങ്ങിയിട്ടുണ്ട്. അവയൊക്കെ പുരുക്ഷ പക്ഷ സിനിമകളാണെങ്കിലേ ഈ സിനിമ സ്ത്രീപക്ഷ സിനിമ ആകൂ. അങ്ങനെ ആണെന്ന് ഈ നിരൂപക കേസരികളൊന്നും അവകാശപ്പെട്ട് കണ്ടിട്ടില്ല.

ഈ  നിരൂപക കേസരികളുടെ ഒക്കെ ബെഞ്ച് മാര്‍ക്ക് തമിഴ് നാട്ടില്‍ പണ്ടെങ്ങോ ഇറങ്ങിയ സുബ്രമഹ്ണ്യപുരം എന്ന സിനിമയാണ്. ഏത് സിനിമ നിരൂപണം ചെയ്താലും ഈ ശരാശരി തമിഴ് സിനിമ, സിനിമാ ചരിത്രത്തിലെ നാഴികക്കല്ലെന്ന തരത്തില്‍ രണ്ടു വാക്കു പുകഴ്ത്തിപ്പറയാതെ ഈ കേസരികള്‍ക്കുറക്കവും വരില്ല.

22 ഫിമെയില്‍ കോട്ടയം ശരാശരിയിലും ഉയര്‍ന്ന നിലവാരമുള്ള ഒരു സിനിമയാണ്. പക്ഷെ അത് സ്ത്രീപക്ഷ സിനിമയോ നവതരംഗ സിനിമയോ അല്ല. പല സിനിമകളിലും കണ്ടു മടുത്ത പുരുക്ഷകഥാപാത്രത്തിനു സ്ത്രീരൂപം നല്‍കി അവതരിപ്പിക്കുന്നതിനെ സ്ത്രീപക്ഷമെന്നോ നവതരംഗമെന്നോ വിളിക്കാനാകില്ല. അങ്ങനെ വിളിക്കുന്നത് വെറും കാപട്യമാണ്.


ദൈവത്തിന്റെ സ്വന്തം നാട്, എന്നതിനേക്കാള്‍ ഇപ്പോള്‍ കേരളത്തിനു യോജിക്കുക, കാപട്യത്തിന്റെ സ്വന്തം നാട് എന്നായിരിക്കും.



Tuesday, 24 April 2012

കണ്ണടച്ചു പാലു കുടിക്കുന്ന കാട്ടുപൂച്ച.




പൂച്ചയുടെ  പാലു കുടിയേപ്പറ്റി ഒരു കഥ പറഞ്ഞു കേള്‍ക്കാറുണ്ട്. അത് പാലു കട്ടു കുടിക്കുമ്പോള്‍ കണ്ണടച്ചിരിക്കും. സ്വന്തം കണ്ണടച്ചിരുന്നാല്‍ മറ്റുള്ളവരും കാണുന്നില്ല എന്നാണതിന്റെ വിശ്വാസം. അതുപോലുള്ള ഒരു പാലു കുടി ഇപ്പോള്‍ കേരളത്തിലെ രാഷ്ട്രീയ രംഗത്ത് നടന്നു. മുസ്ലിം ലീഗ് എന്ന കാട്ടു പൂച്ചയാണിതിലെ കഥാപാത്രം.

രാഷ്ട്രീയം കളിക്കുന്ന  മുസ്ലിം ലീഗ് എന്ന മത സംഘടന കേരള രാഷ്ട്രീയത്തിലെ ഏറ്റവും വലിയ അശ്ലീലമായി മാറിക്കൊണ്ടിരിക്കുന്നു. കേരളത്തിലെ ഭൂരിഭാഗം ജനങ്ങളെയും വെറുപ്പിച്ചു കൊണ്ട് അഞ്ചാം മന്ത്രിയെ നേടിയെടുത്തതിനു പിന്നാലെ, ഇതാ സര്‍ക്കാര്‍ ഭൂമി കൈക്കലാക്കാനും ശ്രമിക്കുന്നു. ഭരിക്കുന്ന വകുപ്പുകളിലെല്ലാം ഇസ്ലാമിക വത്കരണം നടത്തുന്ന ഈ വിഷച്ചെടി ഇപ്പോള്‍ കോഴിക്കോട് സര്‍വകലാശാല പാണക്കാടന്റെ തറവാട്ടു സ്വത്ത് പോലെയാണു കൈകാര്യം ചെയ്യുന്നത്. ഇഷ്ടക്കാരനെ വൈസ് ചന്‍സലറാക്കി, സ്വന്തക്കാരെ സിന്‍ഡികേറ്റില്‍ കുത്തി നിറച്ചു. എന്നിട്ട് സര്‍വകലാശാലയുടെ ഭൂസ്വത്ത് ലീഗുകാരുടെ സംഘടനകള്‍ക്ക് എഴുതി കൊടുക്കാനും തീരുമാനിച്ചു.


 മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണന്‍  തങ്ങളും  കുഞ്ഞാലിയുടെയും  മുനീറിന്റെയും അടുത്ത ബന്ധുക്കളും നേതൃത്വം നല്‍കുന്ന ട്രസ്റ്റുകള്‍ക്കാണ്  ഏക്കര്‍ കണക്കിന് ഭൂമി സൗജന്യമായി നല്‍കാന്‍ യൂണിവേഴ്സിറ്റി സിന്‍ഡിക്കേറ്റ് തീരുമാനിച്ചത്.

ഭൂമി അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മുസ്ലിംലീഗ് മന്ത്രിമാരുടെ അടുത്ത ബന്ധുക്കള്‍ നടത്തുന്ന  ട്രസ്റ്റുകള്‍  അപേക്ഷ നല്‍കിയിരുന്നു.  പാണന്‍  തങ്ങള്‍ ചെയര്‍മാനായ ഗ്രേസ് എഡ്യുക്കേഷണല്‍ അസോസിയേഷന് പത്ത് ഏക്കര്‍, മുനീറിന്റെ സഹോദരീഭര്‍ത്താവ് പി എ ഹംസ പ്രസിഡന്റായ കേരള ഒളിമ്പിക് അസോസിയേഷന് 25 ഏക്കര്‍, കുഞ്ഞാലിയുടെ മകളുടെ ഭര്‍തൃപിതാവ് ഡോ. കെ കുഞ്ഞാലി മാനേജിങ് ട്രസ്റ്റിയായ കേരള ബാഡ്മിന്റണ്‍ ഡെവലപ്മെന്റ് ട്രസ്റ്റിന് മൂന്ന് ഏക്കര്‍ എന്നിങ്ങനെയാണ് കൈമാറാന്‍ തീരുമാനിച്ചത്. സി എച്ച് മുഹമ്മദ്കോയ ചെയറിനുവേണ്ടി 10 ഏക്കര്‍ ഭൂമി കൈമാറാന്‍ നേരത്തെ നീക്കമുണ്ടായിരുന്നു. എന്നാല്‍ ചെയറുകള്‍ക്ക് 20 സെന്റില്‍ കൂടുതല്‍ ഭൂമി നല്‍കാനാവാത്തതിനാല്‍ മറ്റൊരു കടലാസ് സംഘടനയുണ്ടാക്കി. അതിന് ഭൂമി നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു.  സെന്റിന് 12 ലക്ഷം വരെ മാര്‍ക്കറ്റ് വിലയുള്ള ഭൂമിയാണിത്. 396 കോടി രൂപ മൂല്യം വരും കൈമാറാന്‍ തീരുമാനിച്ച ഭൂമിക്ക്.  ബാഡ്മിന്റണ്‍ ക്ളബ് തുടങ്ങാനാണ് കേരള ബാഡ്മിന്റണ്‍ ഡെവലപ്മെന്റ് ട്രസ്റ്റ് ഭൂമി ആവശ്യപ്പെട്ടത്. കോഴിക്കോട് സ്വകാര്യ വ്യക്തികള്‍ ആരംഭിച്ച ട്രസ്റ്റ് രജിസ്റ്റര്‍ ചെയ്തിട്ട് ഒരു വര്‍ഷം പോലുമായിട്ടില്ല. എന്നാല്‍ ട്രസ്റ്റിന് ഭൂമി നല്‍കുന്നതില്‍ അമിത തിടുക്കമാണ് സിന്‍ഡിക്കേറ്റ് കാണിച്ചത്.

കോഴിക്കോട് സര്‍വകലാശാലയില്‍ കായിക സമുച്ചയം പണിയാന്‍ 50 ഏക്കര്‍ ആവശ്യപ്പെട്ടാണ് കേരള ഒളിമ്പിക് അസോസിയേഷന്‍ കോഴിക്കോട് ഘടകം സര്‍വകലാശാലയ്ക്ക് കത്ത് നല്‍കിയത്. അപേക്ഷ പരിഗണിച്ച് 25 ഏക്കര്‍ ഭൂമി അനുവദിക്കാനായിരുന്നു നീക്കം. ഈ അസോസിയേഷഷന്‌ സ്വന്തമായി ഓഫീസോ ഫണ്ടോ ഇല്ല. എന്നിട്ടും ഇതിനെ  92.5 കോടി രൂപ ചെലവില്‍ നിര്‍മിക്കുന്ന പദ്ധതിയില്‍ പങ്കാളിയാക്കി. ലീഗ് ഭരിക്കുന്ന പള്ളിക്കല്‍ പഞ്ചായത്ത് ഭരണസമിതിയും, സര്‍വകലാശാലയുടെ ഒരേക്കര്‍ ഭൂമി നല്‍കണമെന്ന് ആവശ്യപ്പെട്ട് അപേക്ഷ നല്‍കിയിട്ടുണ്ട്. ഇതും പരിഗണനയിലാണ്. സര്‍വകലാശാലയിലെ ലീഗ് അനുകൂല സര്‍വീസ് സംഘടനയുടെ കീഴിലുള്ള സഹകരണ സൊസൈറ്റിക്ക് 20 സെന്റ് ഭൂമി നല്‍കാനും സിന്‍ഡിക്കേറ്റ് അടുത്തിടെ തീരുമാനിച്ചിരുന്നു.


പക്ഷെ പാണന്‍ തങ്ങളുടെയും   സംഘത്തിന്റെയും ഉദ്ദേശ്യം ലക്ഷ്യം  കണ്ടില്ല. സംഗതി വിവാദമായി. വിവാദ ഭൂമിദാനത്തില്‍ ആദ്യം    
കോണ്‍ഗ്രസ്  ലീഗിനൊപ്പം   നിന്നു. പക്ഷെ പിന്നീട്    കാലുമാറി. അതിന്റെ കാരണം അഞ്ചാം മന്ത്രി  വിഷയത്തിലുണ്ടായ കശപിശയാണ്. കോണ്‍ഗ്രസ് കാലുമാറിയതോടെ  പ്രശ്നത്തില്‍ നിന്ന് തലയൂരാനുള്ള ശ്രമവുമായി ലീഗ് നേതൃത്വം രംഗത്ത്  വന്നു.  പക്ഷെ ഡെല്‍ഹിയിലും മലപ്പുറത്തും ലീഗിനു രണ്ടു ശബ്ദമായിരുന്നു.


ലീഗിന്റെ ജെനെറല്‍ സെക്രട്ടറി ഇ റ്റി മുഹമ്മദ് ബഷീര്‍ ഡെല്‍ഹിയില്‍ പറഞ്ഞത് ഇങ്ങനെ.


ഭൂമിദാനവുമായി മുസ്ലീം ലീഗിന് ബന്ധമില്ല   ഭൂമി ദാനം ലീഗ് അറിഞ്ഞിട്ടില്ല . സര്‍വ്വകലാശാലയുടെ നിലപാട് തെറ്റാണ്.  ഈ നടപടിയോട് ലീഗിന് യോജിപ്പില്ല.  വിദ്യാഭ്യാസ മന്ത്രിയും ഈ വിഷയം അറിഞ്ഞിട്ടില്ല.


പക്ഷെ വിദ്യാഭ്യാസമന്ത്രി അബ്ദു റബ്ബ് മലപ്പുറത്ത്  പറഞ്ഞത് നേരെ തിരിച്ചും


 ഭൂമി സ്വകാര്യ ഏജന്‍സികള്‍ക്ക് നല്‍കുന്നതില്‍ തീരുമാനമെടുക്കാന്‍ സര്‍വ്വകലാശാല സിന്‍ഡിക്കേറ്റിന് അധികാരമുണ്ട്. 


സംഗതി വളരെ വ്യക്തം. ഈ പ്രസ്താവന സംഗതികളുടെ കിടപ്പ് മറ്റുള്ളവരെ മനസിലാക്കി കൊടുത്തു. ലീഗ് നേതാക്കളുടെ കണ്ണുപൊത്തിക്കളി കൊണ്ട് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ ആകില്ല.  ലീഗിന്റെ മന്ത്രിമാരും മറ്റ് നേതാക്കളും ഒക്കെ അറിഞ്ഞു കൊണ്ടാണീ കൊള്ള നടത്താന്‍ തീരുമാനിച്ചത്.  ലീഗിന്റെ രക്ഷക്ക് മറ്റാരും എത്തില്ല എന്ന സത്യം തിരിച്ചറിഞ്ഞപ്പോള്‍ വിവാദമായ തീരുമാനങ്ങള്‍ ഒന്നാകെ സിന്‍ഡിക്കേറ്റ് റദ്ദ് ചെയ്തു.


ലീഗ് നേതാക്കള്‍ക്കെതിരെ ഉയര്‍ന്ന ആരോപണത്തില്‍ കോണ്‍ഗ്രസ് ഏതായാലും സന്തോഷത്തിലായിരിക്കും. ലീഗിനെ ന്യായീകരിക്കാന്‍ കോണ്‍ഗ്രസ് നേതാക്കളാരും രംഗത്തുവന്നിട്ടില്ല. അതിന്റെ കാരണം
അഞ്ചാംമന്ത്രിവിവാദവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസും ലീഗും തമ്മിലുള്ള തുടരുന്ന ഏറ്റുമുട്ടലും. ഈ ഭൂമിദാനം ലീഗിന്റെ നില കൂടുതല്‍ പരുങ്ങലിലാക്കിയിട്ടുണ്ട്. ഭൂമിദാനം ലീഗ് അറിഞ്ഞില്ലെന്നും നേതാക്കള്‍ക്ക് പങ്കില്ലെന്നുമുള്ള  ബഷീറിന്റെ പ്രസ്താവന ശുദ്ധ നുണയാണെന്ന് എല്ലാവര്‍ക്കും അറിയാം. പത്ത് ഏക്കര്‍ ലഭിച്ച ഗ്രേസ് എഡ്യൂക്കേഷണല്‍ അസോസിയേഷനിലെ ട്രസ്റ്റ് അംഗങ്ങളെല്ലാം ലീഗിന്റെ നേതാക്കളാണ്. ആത്മീയപരിവേഷമുണ്ടെങ്കിലും ഇപ്പോഴത്തെ പാണന്‍  തങ്ങള്‍ ദീര്‍ഘവീക്ഷണം കുറഞ്ഞ രാഷ്ട്രീയ കോമാളിയായി അധപതിച്ചിരിക്കുന്നു. കോണ്‍ഗ്രസുകാരെ മാലിന്യങ്ങളെന്ന് ആക്ഷേപിച്ച അതേ അതേ  പാണന്‍  തങ്ങള്‍ ഇപ്പോള്‍ തട്ടിപ്പിലൂടെ സര്‍ക്കാര്‍ ഭൂമി കൈക്കലാക്കാന്‍ ശ്രമിക്കുന്നു എന്ന് കേരളം തിരിച്ചറിയുന്നു. ലീഗിന്റെ സംസ്ഥാനനേതൃത്വം അറിയാതെ ഈ തട്ടിപ്പ്  നടക്കുമെന്ന് സാമാന്യബുദ്ധിയുള്ള ആരും കരുതുന്നില്ല. സംസ്ഥാന പ്രസിഡന്റ് പാണന്‍  തങ്ങള്‍ ചെയര്‍മാനായ ട്രസ്റ്റ് തട്ടിപ്പില്‍ പ്രധാന പങ്കുവഹിച്ചെന്ന വാര്‍ത്തകൂടി പുറത്തുവന്നതോടെ ലീഗ് എന്ന മത സംഘടനയുടെ തനിനിറം പുറത്തായി.


ലീഗ് മന്ത്രി റബ്ബിന്റെ ഏറ്റവും ഒടുവിലത്തെ പ്രസ്താവന ഇങ്ങനെ

സര്‍വകലാശാലയുടെ ഒരു തുണ്ട് ഭൂമി പോലും അനധികൃതമായി കൊടുത്തിട്ടില്ല. ഭൂമിയുടെ മേലുള്ള എല്ലാ അധികാരങ്ങളും നിലനിറുത്തിക്കൊണ്ടാണ് ട്രസ്റിന് കൊടുത്തത്. ഭൂമിദാനം വിദ്യാഭ്യാസ വകുപ്പിനെ ഔദ്യോഗികമായി അറിയിച്ചിട്ടില്ല.


കണ്ണടുച്ചു പാലു കുടിക്കുന്ന ലീഗ് പൂച്ചകളുടെ തനിനിറം വെളിവാക്കുന്ന പ്രസ്താവനയാണിത്. ഈ ഭൂമി ദാനം ലീഗറിഞ്ഞിട്ടുണ്ട്. വിദ്യാഭ്യാസമന്ത്രി അറിഞ്ഞിട്ടുണ്ട്. പക്ഷെ ഔദ്യോഗികമായി വിദ്യാഭ്യാസ വകുപ്പിനെ അറിയിച്ചിട്ടില്ല.


സിഎച്ചിന്റെ പേരില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിക്കാനായി  പത്തേക്കര്‍ ഭൂമി നല്‍കിയതു വളരെ തിടുക്കത്തിലായിരുന്നു.പദ്ധതി നടപ്പാക്കാന്‍ അനുമതി ചോദിച്ചു കത്ത് നല്‍കി ഒരാഴ്ചയ്ക്കുള്ളില്‍ അനുവാദം നല്‍കി.
പാണന്‍  തങ്ങളാണ് പദ്ധതി നിര്‍ദേശം സമര്‍പ്പിച്ച ഗ്രെയ്സ് എജ്യൂക്കേഷനല്‍ അസോസിയേഷന്റെ ചെയര്‍മാന്‍.   അസോസിയേഷന്‍ ചെയര്‍മാനായ  പാണന്‍  തങ്ങള്‍  വൈസ് ചാന്‍സലര്‍ക്ക് ഈ കത്ത് നല്‍കിയതു മാര്‍ച്ച് 20ന് ആയിരുന്നു ആറു ദിവസം കഴിഞ്ഞ് 27നു ചേര്‍ന്ന സിന്‍ഡിക്കറ്റ് യോഗം സിഎച്ചിന്റെ പേരില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിക്കാന്‍ സര്‍വകലാശാലയുടെ പത്തേക്കര്‍ ഭൂമി അനുവദിച്ചു. ട്രസ്റ്റിന്റെ ചെയര്‍മാനായ  പാണന്‍  തങ്ങള്‍  കത്തു നല്‍കുന്നു. എന്നിട്ടും, ഭൂമിദാനവുമായി മുസ്ലീം ലീഗിന് ബന്ധമില്ല എന്നും  ഭൂമി ദാനം ലീഗ് അറിഞ്ഞിട്ടില്ല എന്നും  ബഷീര്‍ പറയുന്നു.

മുസ്ലിം ലീഗ് എന്ന മത സംഘടനയിലുള്ളവര്‍ കരുതുന്നത് ഇതൊക്കെ കേള്‍ക്കുന്നവരൊക്കെ  ബഷീറിനേപ്പോലുള്ള  മന്ദബുദ്ധികളായിരിക്കുമെന്നാണ്.


പിറവം തെരഞ്ഞെടുപ്പും അതിനു ശേഷം ആളി ക്കത്തിച്ച അഞ്ചാം മന്ത്രി വിവാദവും അരങ്ങു തകര്‍ക്കുന്ന വിടവില്‍ ഒരു മാസത്തിനിടെ കൂടിയ മൂന്നു സിന്‍ഡിക്കേറ്റ് യോഗങ്ങളിലാണീ പകല്‍ കൊള്ളക്ക് വേണ്ട തീരുമാങ്ങളൊക്കെ ലീഗിന്റെ വൈസ് ചാന്‍സലറും മറ്റ് പിണിയാളുകളും കൂടി ചേര്‍ന്ന് എടുത്തത്. അ ഞ്ചാം മന്ത്രി പ്രശ്നം ഇപ്പോള്‍ എടുത്തിട്ടത് ഒരു പക്ഷെ ഈ വിഷയത്തില്‍ നിന്നും മാദ്ധ്യമ ശ്രദ്ധ തിരിക്കാനുദ്ദേശിച്ചായിരിക്കണം.

മുസ്ലിംലീഗിലെ മുസ്ലിങ്ങള്‍  ആത്മീയപരിവേഷം നല്‍കി ആദരിക്കുന്ന  പാണന്‍ തങ്ങള്‍ തന്നെ ഇത് ചെയ്തെന്നത് പ്രശ്നത്തിന്റെ ഗൗരവം കൂട്ടുന്നു. കോണ്‍ഗ്രസുകാരെ  മാലിന്യമെന്ന് പരിഹസിച്ച  ഈ തങ്ങളെ വിളിക്കാന്‍ എന്ത് പേരായിരിക്കും ചേരുക? ഈ ജന്തുവിനെ തന്നെ അങ്ങോട്ടുചെന്ന് കാണുകയും സഹൃദം പ്രകടിപ്പിക്കാന്‍ ചാനലുകള്‍ക്കു മുമ്പില്‍ ചെന്നിത്തല കെട്ടിപ്പിടിക്കുകയും ചെയ്തു  എന്നോര്‍ക്കുമ്പോള്‍ അറപ്പു  തോന്നുന്നു.

മുസ്ലിംലീഗിന്റെയും കേരളാ കോണ്‍ഗ്രസിന്റെയും അനര്‍ഹമായ അവകാശങ്ങള്‍ക്കും ദുശാഠ്യങ്ങള്‍ക്കും വഴങ്ങി കോണ്‍ഗ്രസ്‌ ചില ജില്ലകളില്‍ മാത്രം ഒതുങ്ങുന്ന കക്ഷിയായി മാറിക്കൊണ്ടിരിക്കുന്നു. ലീഗും കേരളാ കോണ്‍ഗ്രസും കാരണം  കോണ്‍ഗ്രസിലെ ന്യൂനപക്ഷങ്ങള്‍ക്ക്‌ അര്‍ഹിക്കുന്ന ഒരു പ്രാധാന്യവും ലഭിക്കുന്നില്ല. കോണ്‍ഗ്രസിലെ മുസ്ലിംകള്‍ക്കും ക്രിസ്‌ത്യന്‍ വിഭാഗങ്ങള്‍ക്കും അര്‍ഹമായ പ്രാതിനിധ്യം ഈ കക്ഷികള്‍ മൂലം നല്‍കാന്‍ കഴിയുന്നില്ല. കഴിഞ്ഞ നിയമസഭാതെരഞ്ഞെടുപ്പു മുതല്‍ ലീഗിനു മുന്നില്‍ കോണ്‍ഗ്രസ്‌ മുട്ടുമടക്കി. അഞ്ചാം മന്ത്രി വിഷയത്തില്‍ സാഷ്ടാംഗം പ്രണമിക്കുകയും ചെയ്തു. ഇവയൊക്കെ  മുന്നാക്ക സമുദായങ്ങളെയും കോണ്‍ഗ്രസില്‍നിന്ന്‌ അകറ്റി.

മലബാറില്‍ ലീഗിന്റെ അപ്രമാദിത്വം അംഗീകരിച്ചതുകൊണ്ട് കോണ്‍ഗ്രസ്  കണ്ണൂരില്‍ മാത്രമായി  ഒതുങ്ങി.കോഴിക്കോട്‌ ജില്ലയില്‍നിന്നും  കോണ്‍ഗ്രസ് തുടച്ചു മാറ്റപ്പെട്ടു.  കെ. കരുണാകരന്റെ കാലത്തൊക്കെ  ലീഗിനോടൊപ്പം തന്നെ മലബാറില്‍ കോണ്‍ഗ്രസും ശക്‌തമായിരുന്നു. അന്ന്‌ ശക്‌തരായ പല നേതാക്കളും അവിടെനിന്ന്‌ ഉണ്ടായിട്ടുമുണ്ട്‌. എന്നാല്‍ ഇന്ന്‌ ലീഗിന്റെ താല്‍പര്യങ്ങള്‍ക്ക്‌ മുന്നില്‍ മുട്ടുമടക്കി മലബാറില്‍ കോണ്‍ഗ്രസിന്‌ എടുത്തു കാണിക്കാന്‍ കഴിയുന്ന ഒരു നേതാവ്‌ പോലും ഇല്ല. ഇവിടെ ഇന്ന്‌ ലീഗിന്റെ നിഴലിലാണ്‌ കോണ്‍ഗ്രസ്‌. ഭാരതപ്പുഴക്ക്  വടക്ക്  ലീഗിന്റെ സഹായമില്ലാതെ ഒറ്റ സീറ്റും കോണ്‍ഗ്രസിനു നേടാനാകില്ല എന്നാണ്, ലീഗുകാര്‍ പ്രചരിപ്പിക്കുന്നത്.


മുന്നണിയെ നിലനിര്‍ത്താന്‍ വിട്ടുവീഴ്‌ച ചെയ്യുന്നതുമൂലം കോണ്‍ഗ്രസ്‌ പലേടത്തും നാമമാത്രമാകുകയാണ്‌. ഘടകകക്ഷികളുടെ അപ്രമാദിത്വത്തിന്‌ വഴങ്ങാതെ സ്വന്തം നിലപാടുകളുമായി മുന്നോട്ടുപോയില്ലെങ്കില്‍ കോണ്‍ഗ്രസിന്‌ ഭാവിയില്ല എന്ന നിലയിലേക്ക് കാര്യങ്ങള്‍ ചെന്നെത്തുന്നു. കോണ്‍ഗ്രസ് ഷയിച്ച ഇടങ്ങളിലൊക്കെ ശക്തി പ്രാപിച്ചത് ബി ജെ പിയാണ്. കോണ്‍ഗ്രസിന്റെ ന്യൂനപക്ഷ പ്രീണനം ബി ജെ പിയെ വളര്‍ത്താനേ ഉപകരിക്കൂ. അഞ്ചം മന്ത്രിയെ നല്‍കി ഭൂരിപക്ഷം മലയാളികളുടെയും ആത്മാഭിമാനം  മുസ്ലിം ലീഗ് എന്ന മത സംഘടനയുടെ മുന്നില്‍ അടിയറ വച്ചതിന്റെ ഗുണഫലം അനുഭവിക്കാന്‍  ബി ജെ പി ഇറങ്ങിയിട്ടുണ്ട്. നെയ്യാറ്റിന്‍കരയില്‍ ഒ രാജഗോപാലിനെ അവര്‍ സ്ഥാനാര്‍ത്ഥി ആക്കിയിരിക്കുന്നു. കേരള ബി ജെ പിയുടെ ചരിത്രത്തിലെ ഏറ്റവും ശക്തമായ രാഷ്ട്രീയ ഇടപെടലാണിത്.തീപാറുന്ന  ത്രികോണ മത്സരം അവിടെ ഉണ്ടാകും. പ്രവചനാതീതമായ ഫലവും.

സര്‍ക്കാര്‍ ഭൂമി സ്വന്തമാക്കാനുള്ള ലീഗിന്റെ ശ്രമം  തല്‍ക്കാലം ​വിജയിക്കില്ല. പക്ഷെ അഞ്ചാം മന്ത്രി വഴി ഉണ്ടാക്കിയ പാഴ്ചെലവ് ഒഴിവാക്കാനാകില്ല. സെല്‍വരാജിനെ രാജി വയ്പ്പിച്ച് വീണ്ടും തെരഞ്ഞെടുപ്പിനെ നേരിടുന്ന  പാഴ്ചെലവ് ഇതിലും എത്രയോ ഭീമമാണ്. ഒരു ജനപ്രതിനിധി രാജി വച്ചാല്‍ വീണ്ടും അതേ മണ്ഡലത്തില്‍ മത്സരിക്കാന്‍ പാടില്ല എന്ന ഒരു നിയമം ഉണ്ടാകേണ്ടിയിരിക്കുന്നു.