Saturday 23 January 2010

മുഖം മൂടികള്‍ വോട്ടു ചെയ്യേണ്ടതില്ല: സുപ്രീം കോടതി.

മുഖം മൂടി പര്‍ദ്ദ ധരിക്കുന്ന മുസ്ലിം സ്ത്രീകള്‍ വോട്ടു ചെയ്യേണ്ടതില്ലെന്ന് സുപ്രീം കോടതി വിധിച്ചു. മുഴുവന്‍ മുഖവും കാണത്തക്ക വിധമുള്ള ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡുകള്‍ നിര്‍ബന്ധമാക്കിയതിനെതിരെ നേരത്തെ മദ്രാസ് ഹൈക്കോടതി തള്ളിക്കളഞ്ഞ ഒരു കേസിന്റെ അപ്പീലില്‍ ആണി വിധി.

പരാതിക്കാരന്‍ കോടതിയില്‍ വാദിച്ചതിതായിരുന്നു. പുരുഷന്‍മാരായ തെരഞ്ഞെടുപ്പുദ്യോഗസ്ഥര്‍ മുഖം കാണാനിട വന്നാല്‍ മുസ്ലിം സ്ത്രീകളുടെ മത വികാരം വൃണപ്പെടും.
 
അങ്ങനെ വൃണപ്പെടുന്ന വികാരമുള്ളവര്‍ വോട്ടു ചെയ്യേണ്ടതില്ല എന്നു കോടതി.
 
"If you have such strong religious sentiments, and do not want to be seen by members of public, then do not go to vote. You cannot go with burqa to vote. It will create complications in identification of voters."
 
ഇന്‍ഡ്യയില്‍ മാത്രമല്ല അധികരികള്‍ ഈ പ്രാകൃത ആചാരത്തിനെതിരെ തിരിഞ്ഞിരിക്കുന്നത്. ഫ്രാന്‍സ് അവരുടെ പൊതു ജീവിതത്തില്‍ നിന്നും ഈ അനാചാരത്തെ ബഹിഷ്കരിക്കാന്‍ തീരുമാനിച്ചിരിക്കുന്നു. ഫ്രെഞ്ച് പ്രസിഡണ്ട് സര്‍ക്കോസി പറഞ്ഞത് ഈ വസ്ത്രം ഫ്രാന്സ് സ്വാഗതം ചെയ്യുന്നില്ല. പൊതു ജനങ്ങള്ക്ക് പ്രവേശനമുള്ള സ്ഥലങ്ങളില് മുഖം മറച്ചുള്ള ഒരു വസ്ത്രവും അനുവദിക്കില്ല എന്നതാണ്‌ അടുത്തിടെ പാര്‍ലമെന്റില്‍ അവതരിപ്പിക്കാന്‍ പോകുന്ന ഒരു നിയമത്തിന്റെ കാതല്‍.

ഫ്രാന്‍സ് ഉദ്ദേശിക്കുന്നത് മുഖം മൂടി പര്‍ദ്ദ ധരിക്കുന്ന സ്ത്രീക്ക് 750 യൂറോ പിഴ ഈടാക്കാനാണ്. സ്ത്രീയെ പര്‍ദ്ദ ധരിക്കാന്‍ പ്രേരിപ്പിക്കുന്ന പുരുഷന്‌ ഇരട്ടി പിഴയും.

2004 ല്‍ ഫ്രാന്‍സിലെ പബ്ളിക് സ്കൂളുകളില്‍ മുസ്ലിം കുട്ടികളുടെ തല മറയ്ക്കുന്ന സ്കാര്‍ഫ് നിരോധിച്ചിരുന്നു.
 
ഫ്രാന്‍സിനു പിന്നാലെ ഡെന്‍മാര്‍ക്കും ഇതു പോലെയുള്ള ഒരു തീരുമാനം എടുക്കാന്‍ പോകുന്നു. ഡെന്‍മാര്‍ക്ക് പ്രധാനമന്ത്രി ലാര്‍സ് റസ്മുസ്സെന്‍ പറഞ്ഞതിപ്രകാരം. ക്ളാസ് മുറിയിലായാലും ജോലി സ്ഥലത്തായാലും മുന്നിലുള്ളവരെ നോക്കി സംസാരിക്കുന്ന ഒരു തുറന്ന ജനാധിപത്യ രാജ്യമാണ് ഡെന്മാര്ക്ക്

 അതുകൊണ്ട് ഇതുപോലെയുള്ള ഒരു തുണി ഡാനീഷ് സമൂഹത്തില്‍ വേണ്ട.

Friday 22 January 2010

കട്ടയും പടവും മടക്കേണ്ടതെപ്പോള്‍?????

കട്ടയും പടവും മടക്കുക എന്നത് മലയാളത്തിലെ അറിയപ്പെടുന്ന ഒരു പ്രയോഗമാണ്. പഞ്ചതന്ത്ര കഥയിലേതല്ല. പച്ച മലയാളത്തില്‍ വ്യാപകമായി ഉപയോഗിക്കുന്ന ഒരു പ്രയോഗമാണത്. പ്രതിയോഗി പിന്‍വാങ്ങുന്ന അവസ്ഥയിലാണതു സാധാരണ ഉപയോഗിക്കുക.  പൂമൂടല്‍ പോലെ ഒരു കട്ടയും പടവും മടക്കല്‍ അടുത്തിടെ ബ്ളോഗ് വേദികളില്‍ നടന്നു.

കുശാഗ്രബുദ്ധിയെന്നോ ചാണക്യ തന്ത്രമെന്നോ ഒക്കെ വിശേഷിപ്പിക്കാവുന്ന തരത്തിലുള്ള വിശകലന പാടവമുണ്ടായിരുന്നു ഇ എം എസിന്. സി പി എമ്മിന്റെ ഭാഗത്തുണ്ടാകുന്ന വീഴ്ചകളൊക്കെ അദ്ദേഹം വിശദീകരിച്ച് വീഴ്ചകളല്ലാതാക്കിയിരുന്നത് കേരളം പല പ്രാവശ്യം ദര്‍ശിച്ചിട്ടുമുണ്ട്.

ആ ഇ എം സിന്റെ പാദുകങ്ങളിലേക്ക് കയറി നില്‍ക്കാന്‍ പലരും ശ്രമിച്ച് പരാജപ്പെട്ടതാണിതിനു മുമ്പ്. കെ എ എന്‍ കുഞ്ഞഹമ്മദ് എന്ന പുരാതന ജീവി,
  പിണറായി വിജയന് പൊതു വേദികളില് ആളുകളെ പരസ്യമായി ചീത്ത പറഞ്ഞ ധാര്ഷ്ട്യത്തിന്റെ തികട്ടുലുകളൊക്കെ വര്ഗ്ഗ സമരമെന്നു  സിദ്ധാന്തിക്കാന്‍ ശ്രമിച്ചിരുന്നു കഴിഞ്ഞ വര്‍ഷം. അതിനു ശേഷം ഡി വൈ എഫ് ഐ ഉണ്ണിത്താനെ അധിഷേപിച്ചതും അതിനോടനുബധിച്ച് സഖറിയയെ കയ്യേറ്റം ചെയ്തതും
കേരളീയ സമൂഹത്തിന്റെ പൊതുവായുള്ള കുഴപ്പത്തിന്റെ  ഭാഗമാണെന്നു സ്ഥാപിക്കാനുള്ള ഒരു വിഫല ശ്രമം അടുത്തിടെ ബ്ളോഗില്‍ പലരും കണ്ടിരിക്കാം.

 ഉണ്ണിത്താന്‍ ചരിതം ബ്ളോഗുകളില്‍ നിറഞ്ഞാടിയിട്ട് അധികമായില്ല. അതിന്റെ രണ്ടാം ഭാഗമെന്ന പോലെ സഖറിയ ചരിതവും തിമിര്‍ത്താടി. സഖറിയയെ പറയാവുന്ന തെറികളൊക്കെ പറഞ്ഞു നിര്‍വൃതിയടഞ്ഞിരുന്ന അറിയപ്പെടുന്ന പിണറായി ഭക്തരൊക്കെ  നിശബ്ദരായത് സെബിന്‍ ഒരു പഞ്ചതന്ത്ര കഥ പറഞ്ഞതോടെയാണ്. നിഷ്പക്ഷമായ വിലയിരുത്തലെന്ന് വഴ്ത്തിപ്പാടപ്പെട്ട അതില്‍ സഖറിയയെ ഡി വൈ എഫ് ഐക്കാര്‍ കഴുത്തിനു പിടിച്ച് അധിക്ഷേപിച്ചതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്തം കേരളിയ സമൂഹത്തിന്റെ തലയില്‍ വച്ചു കെട്ടാനാണ്‌ സെബിന്‍ ‍ ബോധപൂര്‍വമായ ഒരു ശ്രമം നടത്തി. 

ആ ബ്ളോഗില്‍ പരാമര്‍ശിച്ച ഭൂരിഭാഗം ആശയങ്ങളെയും ഞാന്‍ അനുകൂലിച്ചിരുന്നു. പക്ഷെ അതിലൂടെ എത്തിച്ചേര്‍ന്ന നിഗമനത്തെ എനിക്ക് ഒരിക്കലും അനുകൂലിക്കാനാകില്ല.


അതിനെ വിമര്‍ശിച്ചുകൊണ്ട് ഞാന്‍ ചില കമന്റുകളൊക്കെ അതില്‍ എഴുതി. അതില്‍ ക്ഷുഭിതനായി അദ്ദേഹം  എനിക്ക് വിരുദ്ധോക്തി മനസിലാകില്ല എന്നൊക്കെയുള്ള  ചില അടക്കിയ അധിക്ഷേപങ്ങളൊക്കെ ചൊരിയുകയും ഞാന്‍ ഉയര്‍ത്തിയ ചോദ്യങ്ങളില്‍ നിന്നുമോടി ഒളിക്കുകയും ചെയ്തു. സെബിന്‍ കത്തിയും പടവും മടക്കിയപ്പോള്‍ അദ്ദേഹത്തിനു വേണ്ടി മരത്തലയന്‍ എന്നു സ്വയം വിശേഷിപ്പിക്കുന്ന ഒരാള്‍ ഒരു വിലാപകാവ്യവും  എഴുതി. പതിവുപോലെ പിണറായിയുടെ ഭൂത ഗണങ്ങള്‍ അവിടെ അന്താക്ഷരി  പാടാനും ‍ മറന്നില്ല. ഇതുപോലെ വിലാപകാവ്യങ്ങള്‍ നര്‍മ്മം എന്ന പേരിട്ട് എഴുതുന്നത് അദ്ദേഹം ഒരു ഹോബിയാക്കിയിട്ടുമുണ്ട്.

ഞാന്‍ ചോദിച്ച ചോദ്യങ്ങള്‍ക്ക് മറുപടി പറയാതെ മരത്തലയന്റെ ബ്ളോഗിലേക്കൊരു ലിങ്ക് സ്വന്തം ബ്ളോഗിന്റെ നെറ്റിയില്‍ തന്നെ പതിപ്പിക്കാന്‍ മറക്കാത്ത സെബിന്റെ ഉദ്ദേശശുദ്ധിക്കൊരു നല്ല നമസ്കാരം പറയാതെ വയ്യ.

പിണറായി വിജയനെ പ്രത്യക്ഷമായി പിന്തുണക്കുമ്പോഴും സി പി എമ്മിന്റെ ചില പാളിച്ചകളൊക്കെ തുറന്നു പറയാനുള്ള ആര്‍ജ്ജവം സെബിന്‍ കാണിക്കാറുണ്ട്. അതു സാധാരണ പിണറായി പിന്തുണക്കാരില്‍ കാണാറില്ല. അതുകൊണ്ട് അദ്ദേഹത്തിന്റെ പോസ്റ്റുകള്‍ ഞാന്‍ വിടാതെ വായിക്കാറുമുണ്ട്. അദ്ദേഹത്തിന്റെ ചില നിലപാടുകളെ ഞാന്‍ വിമര്‍ശിക്കുമ്പോഴൊന്നും അസഹിഷ്ണുത കാണിക്കാറില്ലായിരുനു. പക്ഷെ ഇപ്പോള്‍ അസഹിഷ്ണുത കാണിച്ചു. അത് അദ്ദേഹം സ്ഥാപിക്കാന്‍ ശ്രമിച്ചത് അടിസ്ഥാനമില്ലാത്തതാണെന്നു ഞാന്‍ പറഞ്ഞതുകൊണ്ടായിരിക്കാം.

സെബിന്‍ പറഞ്ഞ രണ്ടഭിപ്രയങ്ങളെയേ ഞാന്‍ അവിടെ വിമര്‍ശിച്ചിട്ടുള്ളു.

1. ഉണ്ണിത്താനെതിരെ ഡി വൈ എഫ് ഐ പ്രതിഷേധിച്ചതും സഖറിയയെ കയ്യേറ്റം ചെയ്തതും ലൈംഗികതയേക്കുറിച്ചുള്ള മലയാളിയുടെ പൊതു സ്വഭാവത്തില്‍ അധിഷ്ടിതമാണ്. മലയാളികളോട്‌ ലൈംഗികത ചര്‍ച്ച ചെയ്യാന്‍ പാടില്ല. സമൂഹത്തിന്റെ കപട സദാചാര ബോധം വഴിക്കണ്ണുമായി നോക്കിയിരിപ്പുണ്ട്‌.

2. നാട്ടുകാരില്‍ അവമതിപ്പുണ്ടാക്കുന്ന അനാശാസ്യം എതിര്‍ക്കുന്നത് മലയാളിയുടെ ആര്‍ജ്ജിതമായ സംസ്കാരത്തിന്റെ കുഴപ്പമാണ്.

ഈ രണ്ടഭിപ്രായങ്ങളോടും ഒരു മലയാളി എന്ന നിലയില്‍ എനിക്ക് യോജിക്കാനാകില്ല. അതിന്റെ കാരണങ്ങളാണു ചുവടെ.


മലയാളികളോട്‌ ലൈംഗികത ചര്‍ച്ച ചെയ്യാന്‍ പാടില്ല എന്നത് പിന്തിരിപ്പന്‍ നിലപാടാണ്.  സമൂഹം സ്വീകരിക്കുമെന്നുറപ്പുണ്ടെങ്കിലേ പുരോഗമന ആശയങ്ങള്‍ പറയാവൂ എന്നത് ഇടതു പക്ഷ നിലപാടല്ല. ഇടതു പക്ഷം സമൂഹത്തില്‍ കൊണ്ടുവന്ന മാറ്റങ്ങളെയൊക്കെ അന്ന് സമൂഹം എതിര്‍ക്കുകയേ ഉണ്ടായിട്ടുള്ളു. എതിര്‍പ്പിനെ അതിജീവിച്ചു തന്നെയാണ്‌ ഇടതുപക്ഷ ആശയങ്ങള്‍ സമൂഹത്തില്‍ അവതരിപ്പിച്ചതും നടപ്പില്‍ വരുത്തിയതും. മലയാളികളോട് ലൈംഗികത ചര്‍ച്ച ചെയ്യാന്‍ പാടില്ല എന്നാണ്‌ മലയാളികളുടെ പൊതു നിലപാടെങ്കില്‍ ഈ സമൂഹം ലൈംഗികതയിലുള്ള അജ്ഞതയില്‍ എന്നും ജീവിക്കും.

ലൈംഗികത കേരളീയ സമൂഹം വ്യാപകമായി തന്നെ ചര്‍ച്ച ചെയ്യണം എന്നതാണെന്റെ അഭിപ്രായം. ആദ്യം സമൂഹം ഇതിനെ അപലപിക്കും മുഖം തിരിക്കും. പക്ഷെ അന്തിമമായി അവര്‍ ഇത് മനസിലാക്കും. ഇതു വരെ ഇതൊന്നും ചര്‍ച്ച ചെയ്യാതിരുന്നതാണ്, ലൈംഗിക വൈകൃതങ്ങളും അന്ധവിശ്വാസങ്ങളും ഈ സമൂഹത്തില്‍ ആഴത്തില്‍ വേരോടന്‍ കാരണം.
സെബിനേപ്പോലുള്ള പുരോഗമന ചിന്താഗതിക്കാര്‍ ഇതു പോലെ പിന്തിരിപ്പന്‍ നിലപാടെടുക്കുന്നത് എന്നെ ആശ്ചര്യപ്പെടുത്തുന്നു.

സഖറിയ ചര്‍ച്ച ചെയ്ത അല്ലെങ്കില്‍ പറഞ്ഞ കാര്യത്തോട് എതിര്‍പ്പ് പ്രകടിപ്പിച്ചത് ഡി വൈ എഫ് ഐക്കാരും സി പി എം കാരും മാത്രമാണ്. ഉണ്ണിത്താന്റെയും ഡി വൈ എഫ് ഐയുടെയും നടപടി വിമര്‍ശിക്കാന്‍ കേരളീയ സമൂഹം ഒന്നാകെ മുന്നോട്ടു വന്നില്ല. ഉണ്ണിത്താനെ ന്യായീകരിക്കാന്‍ ഇടതുപക്ഷത്തുള്ള പലരും മുന്നോട്ടു വന്നു. അതു കൊണ്ട് ഇത് രണ്ടും സാമാന്യവത്കരിക്കുന്നത് തെറ്റുതന്നെയാണ്.

 കേരള രാഷ്ട്രീയ സാമൂഹ്യ നവോത്ഥാന മണ്ഡലങ്ങളില്‍ ഇടതുപക്ഷം വഹിച്ച പങ്കിനേക്കുറിച്ച് സാമാന്യം വിശദമായി വിശദീകരിച്ചു കൊണ്ടാണ്‌ സഖറിയ ഉണ്ണിത്താന്‍ വിഷയത്തിലേക്ക് കടക്കുന്നത്. ഒളിച്ചു താമസിച്ചിരുന്ന സഖാക്കളെ അതറിയുമായിരുന്ന സമൂഹം ഒട്ടുമേ സംശയിച്ചിരുന്നില്ല. ആ സഖക്കളാരും തന്നെ നിത്യ ബ്രഹ്മചാരികളായ പുരോഹിതരും അല്ലായിരുന്നു. അവര്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടിരുന്നു എങ്കില്‍ പോലും അത് തെറ്റായി അന്നാരും കണ്ടിട്ടില്ല. സെബിന്റെ വാക്കുകള്‍ കടമെടുത്താല്‍ പ്രായപൂര്‍ത്തിയായ ഒരു സ്ത്രീക്കും പുരുഷനും ഒരുമിച്ചു് ഇരിക്കാനോ നടക്കാനോ കിടക്കാനോ പെടുക്കാനോ ഉള്ള സ്വാതന്ത്ര്യം അന്നും ഉണ്ടായിരുന്നു. അന്നവര്‍ അതുപയോഗപ്പെടുത്തിയോ ഇല്ലയോ എന്നതൊക്കെ മറ്റൊരു കാര്യം. അതുപയോഗപ്പെടുത്താതിരിക്കാനായി പാര്‍ട്ടി സഖാക്കള്‍ക്ക് ചാരിത്ര്യ പൂട്ടിട്ടു പൂട്ടിയിരുന്നു എന്നും കേട്ടിട്ടില്ല.

പ്രായപൂര്‍ത്തിയായ ഒരു സ്ത്രീക്കും പുരുഷനും ഒരുമിച്ചു് ഇരിക്കാനോ നടക്കാനോ കിടക്കാനോ പെടുക്കാനോ ഉള്ള സ്വാതന്ത്ര്യം എന്നതിന്റെ മറ്റൊരു പ്രയോഗമാണ്, ലൈംഗിക അരാജകത്വം എന്നു പറയുന്നത്. അതൊക്കെ 50 വര്‍ഷം മുമ്പ് നിഷേധിക്കാതിരുന്ന ഇടതുപക്ഷതിന്റെ പുരോഗമനം ഇന്നത്തെ ഡി വൈ എഫ് ഐക്കില്ല എന്നേ സഖറിയ പറഞ്ഞുള്ളു. അദ്ദേഹത്തിനത് കുറച്ചു കൂടെ മയത്തില്‍ പറയാമായിരുന്നു. അതാണദ്ദേഹത്തിന്റെ ഭാഗത്തു ഞാന്‍ കണ്ട തെറ്റ്. ദേശാഭിമാനി ആരോപിച്ചതു പോലെ ലൈംഗിക അരാജകത്വം എന്ന വാക്ക് സഖറിയ ഉപയോഗിച്ചില്ല എന്നാണദ്ദേഹവും അന്ന് അവിടെ ഉണ്ടായിരുന്ന പലരും പറഞ്ഞത്.

ലൈംഗിക അരാജകത്വം എന്നു പോലും വിശേഷിപ്പിക്കാവുന്ന തരത്തിലുള്ള സ്വാതന്ത്ര്യം അന്ന് സഖാക്കള്‍ക്ക് അന്യ വീടുകളില്‍ കിട്ടിയിരുന്നു. അത് കമ്യൂണിസ്റ്റുകാര്‍ എതിര്‍ത്തിട്ടില്ല. ഇന്ന് മഞ്ചേരിയിലൊക്കെ ആ സ്വാതന്ത്ര്യം എതിര്‍ത്ത ഡി വൈ ഏഫ് ഐക്ക് പണ്ടുണ്ടായിരുന്ന കമ്യൂണിസ്റ്റുകാരുടെ അത്ര പുരോഗമന ചിന്താഗതി ഇല്ലായിരുന്നു എന്നാണ്‌ സഖറിയ പറഞ്ഞത്.

സഖറിയ സംസാരിച്ച സമൂഹവും മലയാളികള്‍ എന്നു സാമാന്യവത്കരിക്കാന്‍ ഞാനില്ല. പാലായിലെ ക്രിസ്ത്യാനികളുടെ അത്ര പുരോഗമനം പയ്യന്നൂരിലെ ഡി വൈ എഫ് ഐ ക്കാര്‍ക്കില്ല എന്ന സത്യം സഖറിയ മനസിലാക്കിയിരുന്നില്ല. അത് സഖറിയയുടെ വലിയ തെറ്റു തന്നെയാണ്.

എന്തു കൊണ്ട് 50 വര്‍ഷം മുമ്പ് കമ്യൂണിസ്റ്റുപാര്‍ട്ടിക്കുണ്ടായിരുന്ന പുരോഗമന ചിന്താഗതി ഇന്നില്ല എന്ന കാതലായ ചോദ്യമല്ലേ സഖറിയ ചോദിച്ചത്? ഉണ്ടാകേണ്ട അവശ്യമില്ല എന്നാണ്‌ പിണറായി വിജയനും മറ്റ് പല ഇടതു ചിന്തഗതിക്കാരും പറയുന്നത്.
 
അത് ഇസ്ലം മതം പോലെയോ ക്രിസ്തു മതം പോലെയോ അസഹിഷ്ണുത കാണിക്കുന്നതില്‍ തെറ്റില്ല എന്നും പറയുന്നു.  വേദിയറിഞ്ഞേ പ്രസംഗിക്കാവൂ എന്ന പിണറായി വിജയന്റെ പരാമര്‍ശം സെബിന്‍  വളച്ചൊടിച്ച് പാത്രമറിഞ്ഞേ വിളമ്പാവൂ എന്നാക്കി. അത് വളരെ അപക്വമായ ഒരു പ്രസ്താവനയായി പോയി. സഖറിയ സംസാരിച്ച സദസ് ചുമട്ടുതൊഴിലാളികളുടെയോ കള്ളക്കടത്തുകാരുടെയോ ആയിരുന്നില്ല. ആ  സദസ് സാംസ്കാരികമായും വിദ്യാഭ്യാസ പരമായും ഉന്നതമായ ഒരു സദസായിരുന്നു എന്നാണെനിക്ക് തോന്നിയത്.  പ്രൌഡമായതും ലൈംഗികതയേക്കുറിച്ച് കേള്‍ക്കാന്‍ ഏറ്റവും യോഗ്യതയുള്ളതുമായ ഒരു സദസായിരുന്നു അത്.  അവരോടല്ലാതെ വേറെയാരോടാണ്‌ ഇതു പോലെയുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യേണ്ടത്? ആ സദസ് പിന്തിരപ്പനും അസഹിഷ്ണുതയുള്ളവരുമായിരുന്നില്ല, വിരലിലെണ്ണവുന്നവരൊഴികെ.  അതിനര്‍ത്ഥം അവിടെയുണ്ടായിരുന്ന  ഭൂരിഭാഗം പേരും സഖറിയ പറഞ്ഞതുള്‍ക്കൊള്ളന്‍ ശേഷിയുണ്ടായിരുന്നവരയിരുന്നു. സദസിലിരുന്ന ആരും ആദ്ദേഹത്തിന്റെ പ്രസംഗം തടസപ്പെടുത്തിയില്ല. സി പി എം കാരായ ചിലരല്ലാതെ മറ്റാരും സഖറിയയെ അധിക്ഷേപിച്ചില്ല എന്നതിന്റെ അര്‍ത്ഥം, കുറ്റം മൊത്തം സമൂഹത്ത്തിന്റെയല്ല എന്നു വരുന്നു. ഒരു വിഭാഗത്തിന്റേതാണെന്നു വരുന്നു. സെബിന്‍ അത് കണ്ടില്ലെനു നടിച്ച് ആ പാപം മുഴുവന്‍ കേരളീയ സമൂഹത്തിന്റെ മേല്‍ കെട്ടിവയ്ക്കാന്‍ ശ്രമിക്കുന്നു.

സഖറിയ പറഞ്ഞത് കുറച്ച് ഡി വൈ എഫ് ഐ ക്കാര്‍ക്കും അത് പിന്നീടു കേട്ട സി പി എം അംഗങ്ങള്‍ക്കും പിടിച്ചില്ല. അത്രക്ക് ലളിതമായ ഒരു സംഗതിയാണത്‌ . അത് മുഴുവന്‍ മലയാളികളുടെയും മണ്ടയിലേക്ക് എടുത്തുവക്കുന്നത് ശരിയല്ല.

സഖറിയ കമ്യൂണിസ്റ്റു നേതാക്കളെ അധിക്ഷേപിച്ചത് തെറ്റാണെങ്കില്‍ അതിനെതിരെ പ്രതിക്ഷേധിക്കുകയും സഖറിയക്ക് വന്ന പിശക് തിരുത്തിക്കുകയുമായിരുന്നു ഡി വൈ എഫ് ഐയും സി പി എമ്മും ചെയ്യേണ്ടി ഇരുന്നത്.

സെബിന്‍ വാദിച്ചു വാദിച്ച് അവസാനം കുറ്റം സഖറിയ സംസാരിച്ച വേദിയിലെ അധ്യക്ഷനില്‍ ചാര്‍ത്തുന്നു. എം എന്‍ വിജയന്‍ പക്ഷക്കാരനായ അദ്ദേഹം സഖറിയയെ തിരുത്തിയില്ല എന്നാണാക്ഷേപിക്കുന്നത്. ഇതിലേക്ക് ഗ്രൂപ്പു വഴക്കിന്റെ കല്‍പനിക ഭംഗി ഒഴുകിവരുന്നത് കാണാന്‍ നല്ല ഗുമ്മുണ്ട്. മാരീചന്‍ പണ്ട് കേരളത്തിലെ എല്ലാ പ്രശ്നങ്ങളും സി പി എമ്മിലെ ഗ്രൂപ്പു വഴക്കിനിടയിലൂടെയേ കണ്ടിരുന്നുള്ളു. സെബിനും ആ വഴി പോകുന്നത് കാണാന്‍ നല്ല രസമുണ്ടെന്നു പറയാതെ വയ്യ.

ഇപ്പോള്‍ കുറ്റം സഖറിയക്കല്ല, എം എന്‍ വിജയന്റെ പക്ഷക്കാര്‍ക്കാണ്. എന്നാണാവോ അത് വി എസില്‍ എത്തിച്ചേരുക?
എം എ ബേബിക്കില്ലാത്ത പക്വത പിണറായിക്കില്ലാതെ പോയി എന്നാതാണിതിലെ ഫലശ്രുതി. സഖറിയ പറഞ്ഞതിനോട് യോജിപ്പില്ലെങ്കിലും ഡി വൈ എഫ് ഐയുടെ നടപടിയെ അംഗീകരിക്കില്ല എന്നാണ്‌ ബേബി പറഞ്ഞത്. എന്നാണു പിണറായി വിജയന്‌ എം എ ബേബിയോളം ഉയരുക?

ആരാണിതിലെ കുറ്റക്കാര്‍?
സഖറിയയോ
ഡി വൈ എഫ് ഐയോ
എം എന്‍ വിജയന്റെ പക്ഷക്കാരോ
പഴയ കാല കമ്യൂണിസ്റ്റുകാരോ

പഴയകാല കമ്യൂണിസ്റ്റുകാരെന്നങ്ങു തീരുമാനിച്ചാലോ? അവര്‍ അണ്ടര്‍ ഗ്രൌണ്ടില്‍ പ്രവര്‍ത്തിച്ചില്ലായിരുന്നെങ്കില്‍ സഖറിയ ഇത് പറയില്ലായിരുന്നല്ലോ

സെബിന്‍ കേരളിയ സമൂഹം എന്നത് സി പി എം സമൂഹം എന്ന ലളിത സമവാക്യത്തിലേക്ക് താഴ്ത്തിക്കൊണ്ടു വരുന്നു. അതു കൊണ്ടാണ്‌ നമ്മുടെ ജീവിതത്തില്‍ നിന്ന്‌ എന്നാണ്‌ സ്വാരസ്യവും ഫലിതവും പടിയിറങ്ങിപ്പോയത്‌, എന്ന ചോദ്യം വരുന്നതും. സെബിന്‍ ചോദിക്കേണ്ടിയിരുന്നത് സി പി എം സമൂഹത്തില്‍ നിന്നും സഹിഷ്ണുതയും ആരോഗ്യപരമായ വിമര്‍ശനങ്ങളും ചര്‍ച്ചകളും എന്നാണ്‌ പടിയിറങ്ങിപ്പോയത് എന്നായിരുന്നു.

തെറ്റു തിരുത്തല്‍ രേഖ വന്നപ്പോള്‍ ഒരു പ്രമുഖ സി പി എം നേതാവു പറഞ്ഞു.  ഈ രേഖ ചര്‍ച്ച ചെയ്യ്താല്‍ നേതാക്കള്‍ തെറ്റു ചെയ്തു എന്ന തെറ്റായ സന്ദേശം ജനങ്ങള്‍ക്കും പാര്‍ട്ടി അംഗങ്ങള്‍ക്കും നല്‍കലാകും അതെന്ന്. സ്വയം വിമര്‍ശനത്തേപ്പോലും പാര്‍ട്ടി പേടിച്ചു തുടങ്ങിയത് കമ്യൂണിസ്റ്റുപാര്‍ട്ടിയുടെ അധഃപ്പതനം എന്നു പറയേണ്ടി വരും.

രാഷ്ട്രീയമായി എതിര്‍ത്തിരുന്നപ്പോഴും കോണ്‍ഗ്രസ് ഒക്കെ കമ്യൂണിസ്റ്റുകാരുടെ ധാര്‍മ്മികതയേയും പുരോഗമന ചിന്താഗതികളേയും മാനിച്ചിരുന്നു. ഇന്ന് പക്ഷെ പാര്‍ട്ടി അണികള്‍ പോലും നേതാക്കളുടെ ധാര്‍മ്മികതയെ ചോദ്യം ചെയ്യുന്നു. മാധ്യമങ്ങള്‍ ജനങ്ങളെ അന്ധരാക്കുന്നതു കൊണ്ടല്ല അത് നടക്കുന്നത്. മാധ്യമങ്ങള്‍ പാര്‍ട്ടി അംഗങ്ങളുള്‍പ്പടെയുള്ളവരുടെ കണ്ണു തുറപ്പിക്കുന്നതു കൊണ്ടാണ്. ദേശാഭിമാനിയും കൈരളിയും മാത്രമേ കേരളത്തിലുള്ളു എന്നു കരുതുക. ഒരു പാര്‍ട്ടി നേതാവിന്റെയും വഴി വിട്ട ഒരു നടപടിയും അണികള്‍ അറിയില്ല. ചിലപ്പോഴൊക്കെ മാധ്യമങ്ങള്‍ അതിരു വിടുന്നു എന്നത് ശരിയാണ്. ചില കാര്യങ്ങളിലെങ്കിലും സി പി എം അണികളുടെ കണ്ണിലെ ആന്ധ്യം മറ്റുന്നതു ഈ മാധ്യമങ്ങളാണെന്ന കാര്യം മറക്കാനാകില്ല.

 ഇടതുപക്ഷ പ്രസ്ഥാനം പുരോഗമനചിന്തകളിലേക്കു് തിരികെവരട്ടെ എന്ന് ഒരാള്‍  പറഞ്ഞപ്പോള്‍ സെബിന്‍ കൊടുത്ത വ്യാഖ്യാനം  ഇടതുപക്ഷമപ്പാടെ അധോഗമനചിന്തകളിലേക്കു് കൂപ്പൂകുത്തിയെന്നാണോ. എന്നാണ്‌.  സെബിനേപ്പോലെ കാര്യവിവരമുള്ളവര്‍ പോലും അസഹിഷ്ണുത പ്രകടിപ്പിച്ച് ഇല്ലാത്ത വ്യാഖ്യാനം നല്‍കുന്നു. പഴയ കാല ഇടതുപക്ഷക്കാരുടെ നിലവാരത്തിലേക്ക് തിരിച്ചു പോകാന്‍ സഖറിയ നല്‍കിയ ഉപദേശത്തെ വ്യാഖ്യാനിച്ച് വളച്ചൊടിക്കുന്നതിന്റെ ഉദാഹരണമാണിത്.

സി പി എം കാരുടെ ഏത് പ്രവര്‍ത്തിയെ വിമര്‍ശിച്ചാലും ഇതു പോലുള്ള വ്യാഖ്യാനം വരാറുണ്ട്. സി പി എം തെറ്റു തിരുത്തണം എന്ന് പാര്‍ട്ടി തന്നെ തീരുമാനിച്ചതാണ്.അതേക്കുറിച്ച് ചര്‍ച്ച വന്നപ്പോള്‍ അതിനെ വ്യാഖ്യാനിച്ചത് സി പി എം അപ്പാടെ തെറ്റ് ചെയ്തു എന്നാരോപിക്കുന്നു എന്നും. ഇതു പോലെയുള്ള അസഹിഷ്ണുതകളാണ്‌ ഓരോ അരോപണവും വിവാദമാക്കുന്നത്.
ഉണ്ണിത്താന്‍ സി പി എം നേതാക്കളെ കളിയാക്കാറുണ്ട്. അതിനു പകരം വീട്ടാന്‍ മാത്രമായിട്ടാണ്‌ ഉണ്ണിത്താനെ മഞ്ചേരിയില്‍ കുടുക്കിയത്. അത് ചെയ്തത് ഡി വൈ എഫ് ഐക്കാരും പുതിയ സഖാക്കളായ പി ഡി പി ക്കാരും ചേര്‍ന്നായിരുന്നു. അതിന്റെ അര്‍ത്ഥം ഉണ്ണിത്താന്‍ എന്ന വ്യക്തിയായതു കൊണ്ടുമാത്രമാണവിടെ ആളുകള്‍ തടിച്ചുകൂടിയതെന്നാണ്‌. എന്നു വച്ചാല്‍ മറ്റാരെങ്കിലും ആയിരുന്നെങ്കില്‍ അവിടെ ആളുകള്‍ തടിച്ചുകൂടില്ല എന്നും. അത് മലയാളിയുടെ ലൈംഗിക പൊതു ബോധത്തില്‍ നിന്നും ആവേശം കൊണ്ടൊന്നും ചെയ്തതല്ല. ഉണ്ണിത്താനോടുള്ള വ്യക്തിപരമായ പ്രതിക്ഷേധം മാത്രമായിരുന്നു. മലയാളിയുടെ കപട സദാചാരത്തെ അതിന്റെ പേരില്‍ കളിയാക്കിയവരെല്ലാം ചെയ്തത് തെറ്റാണെന്നും പറയേണ്ടി വരും.

ഇടതുപക്ഷം സമൂഹത്തിന്റെ ഒരു ഭാഗമായി നിന്ന് ആര്‍ജ്ജിത സംസ്കരത്തിലൂടെ കിട്ടിയ തിരുശേഷിപ്പുകള്‍ ഉണ്ടെന്ന യാധാര്‍ത്ഥ്യം അംഗീകരിക്കുകയും മഞ്ചേരിയില്‍ ചെയ്ത പോലെ ഒഴുക്കിനനുസരിച്ച് നീന്തുകയും ചെയ്താല്‍ മതി എന്നു പറയുന്നത് അറുപിന്തിരിപ്പനും പ്രതിലോമപരവുമായ ഒരു നിലപാടാണെന്ന് എനിക്കു തോന്നുന്നു. ഇടതുപക്ഷം ഒരിക്കലും അങ്ങനത്തെ ഒരു നിലപാടെടുക്കാന്‍ പാടില്ല.
 
മനുഷ്യ കുലത്തിന്റെ ആരംഭത്തില്‍ മനുഷ്യന്‍ മറ്റ് ജീവികളില്‍ നിന്നും ഏറെ വിഭിന്നനല്ലായിരുന്നു. ലൈംഗിക കാര്യങ്ങളില്‍ പോലും. പുരോഗതി, സംസ്കാരം എന്നൊക്കെ പറയുന്ന അവസ്ഥ നേടിയപ്പോഴാണവന്‍ കുടുംബമായി ജീവിക്കാനും ഒരിണ എന്ന വ്യവസ്ഥിതി സ്വീകരിക്കാനും തുടങ്ങിയത്. വിവാഹ പൂര്‍വ ലൈംഗികത അംഗീകരിക്കുന്ന സമൂഹങ്ങള്‍ പോലും വിവാഹേതര ലൈംഗിക ബന്ധം സ്വാഗതം ചെയ്യാറില്ല. മലയാളി സമൂഹവും അതില്‍ നിന്നും വിഭിന്നമല്ല. അതു   കൊണ്ടാണ്‌ സ്വന്തം ഭാര്യയോ ഭര്‍ത്താവോ മറ്റ് ലൈംഗിക ബന്ധം പുലര്‍ത്തിയാല്‍ അംഗീകരിക്കാത്തതും.
 
അത് മനുഷ്യരാശിയുടെ മൊത്തത്തിലുള്ള ആര്‍ജ്ജിത സംസ്കാരമാണ്. മലയാളിയുടെ മാത്രമായിട്ടുള്ളതല്ല. ഇണകളെ വച്ചു മാറുന്ന സ്വഭാവം ചില മലയാളികളുടെ ഇടയിലുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ വായിച്ചിട്ടുണ്ട്. പക്ഷെ അത് ശരിയാണെന്നുള്ള ഒരു പഠനവും ഇതുവരെ നടന്നതായി കേട്ടിട്ടില്ല.

പ്രായപൂര്‍ത്തിയായ ഒരു സ്ത്രീക്കും പുരുഷനും ഒരുമിച്ചു് ഇരിക്കാനോ നടക്കാനോ കിടക്കാനോ പെടുക്കാനോ ഉള്ള സ്വാതന്ത്ര്യം ഉണ്ടെന്നു പറയുന്ന സെബിനും, അതു പോലെയുള്ള സ്ത്രീ തന്നെയായ സ്വന്തം ഭാര്യക്ക് ആ സ്വാതന്ത്ര്യം അനുവദിച്ചു കൊടുക്കുകയും ഇല്ല.

വാനരന്‍മാര്‍ സൂചിമുഖിപ്പക്ഷിയുടെ കഴുത്തു ഞെരിക്കുന്ന കഥ പറഞ്ഞാണ്‌ പോസ്റ്റിന്റെ തുടക്കം. വാനരന്‍മാരില്‍ ഒരു കുറ്റവും കാണാതെ സൂചിമുഖിപ്പക്ഷി ജീവിച്ച മരത്തില്‍ എല്ലാ കുറ്റവും ചാര്‍ത്തിയാണത് അവസാനിക്കുന്നതും.

കഴുത്തു ഞെരിച്ച വാനരസേനയോട് മാ മര്‍ക്കടാ എന്നു പറയാനുള്ള വിവേകം വിശ്വസിക്കുന്ന പ്രസ്ഥാനത്തില്‍ ആര്‍ക്കെങ്കിലും ഉണ്ടായിരുന്നെങ്കില്‍ ബുദ്ധിജീവികള്‍ക്ക് വ്യവസ്ഥിതിയില്‍ അതിന്റെ കാരണം തപ്പേണ്ടി വരില്ലായിരുന്നു. അതിന്‌ പ്രസ്ഥാനത്തെ നയിക്കുന്നവര്‍ക്ക് മനുഷ്യരൂപം മാത്രം പോരാ വേറെ ചിലതും കൂടി വേണം.

തെറ്റാണെന്ന് പൂര്‍ണ്ണ ബോധ്യമുള്ള നടപടികളില്‍ പോലും പ്രസ്ഥാനത്തെ ന്യായീകരിക്കുന്നവരാണ്‌ സി പി എമ്മിന്റെ യധാര്‍ത്ഥ ശത്രുക്കള്‍.

മത തീവ്രവദത്തിനെതിരെ എന്നും ശക്തമായ നിപാടെടുത്തിട്ടുള്ള വ്യക്തിയാണു സഖറിയ. അന്നൊക്കെ അദ്ദേഹത്തിനു സി പി എം ഉറച്ച പിന്തുണയും കൊടുത്തിരുന്നു. നട്ടെല്ലു വളച്ചു നില്‍ക്കുന്ന സുകുമാര്‍ അഴീക്കോടിനേയും, കെ ഇ എന്നിയേയും, മുകുന്ദനെയും വച്ച് നോക്കുമ്പോള്‍ സഖറിയ ഉന്നത സ്ഥാനത്തു തന്നെയായിരുന്നു. ഡി വൈ എഫ് ഐക്കു പറ്റിയ ഒരു പാളിച്ചയെ വിമര്‍ശിച്ചപ്പോഴേക്കും അദ്ദേഹത്തെ മന്ദബുദ്ധിജീവി എന്നു വരെ ചില സഖാക്കള്‍ വിളിച്ചു. അതൊക്കെ വിവരക്കേടു തന്നെയാണ്.

സി പി എമ്മിന്റെ പുരോഗമന ആശയങ്ങള്‍ക്ക് എന്നും അടിയുറച്ച പിന്തുണ നല്‍കിയ വ്യക്തിയാണു സഖറിയ. അദ്ദേഹം ഉപയോഗിച്ച വാക്കുകളും പ്രയോഗങ്ങളും അതിരു കടന്നിട്ടുണ്ടെങ്കില്‍ അത് അദ്ദേഹത്തെ ബോധ്യപ്പെടുത്തുകയാണു ചെയ്യേണ്ടിയിരുന്നത്. മാന്യമായ തരത്തില്‍. അതിന്റേതായ ഗൌവരവത്തില്‍ തന്നെ അദ്ദേഹമത് സ്വീകരിക്കുമായിരുന്നു. ഇതിന്റെയൊക്കെ ഭവിഷ്യത്ത് ഇപ്പോള്‍ അറിയാനാകില്ല. തള്ളിപ്പറഞ്ഞാലും പൊക്കിപ്പിടിക്കാന്‍ അദ്ദേഹം മദനിയൊന്നും അല്ലല്ലോ.

ലൈംഗികത ചര്‍ച്ച ചെയ്യാന്‍ മാത്രം മലയാളി സമൂഹം വളര്‍ച്ച പ്രാപിച്ചിട്ടില്ല എന്നൊക്കെ പറയുന്നത് ശുദ്ധ വിവരക്കേടു തന്നെയാണ്. എന്തു പറഞ്ഞാലും അതിനു ശാസ്ത്രീയ പിന്‍ബലം ഉണ്ടോ എന്നും Peer Reviewed Article എവിടെ എന്നുമോക്കെ ചോദിക്കുന്ന ആസ്ഥാന പണ്ഡിതരും ഇത് ചോദ്യം ചെയ്തു കണ്ടില്ല. പകരം പ്രസ്ഥാനത്തെ ന്യായീകരിക്കാനാണു ശ്രമിച്ചത്.

മലയാളിയുടെ പൊതുസ്വഭാവം എന്ന പേരില്‍ വിലയിരുത്താവുന്നതായി എനിക്ക് തോന്നിയത് മറ്റൊന്നാണ്. കേരളത്തിലായിരിക്കുമ്പോഴവര്‍ ഉണ്ണുമ്പോഴും ഉറങ്ങുമ്പോഴും അവകാശങ്ങളേക്കുറിച്ച് ആവശ്യത്തിലേറെ ബോധവാന്‍മായിരിക്കും. കേരളത്തിന്റെ അതിര്‍ത്തി  കടന്നാല്‍ അതൊക്കെ മറക്കും.  തൊഴിലാളികളുടെ അവകാശങ്ങളേക്കുറിച്ച് കൂടുതല്‍ ഒച്ചപ്പാടുണ്ടാക്കുന്ന കമ്യൂണിസ്റ്റുപാര്‍ട്ടി അംഗങ്ങള്‍ പോലും ഇത് ചെയ്യുന്നു. അറബി നാടുകളില്‍ അടിമയേപ്പോലെ പണിയെടുക്കാന്‍ അവനു മടിയില്ല. ഗള്‍ഫ് നാടുകളിലുള്ള പകുതിയോളം മലയാളികള്‍ ചെയ്യുന്ന പണികള്‍ കേരളത്തില്‍ തമിഴനും തെലുങ്കനും ഒറിയക്കാരനും ബംഗാളിയും ബിഹാറിയും ചെയ്യുന്നു.

ഇവരില്‍ പകുതിപ്പേരെങ്കിലും കേരളത്തിനുള്ളിലായിരിക്കുമ്പോള്‍ ഈ പണികളൊക്കെ ചെയ്യുകയാണെങ്കില്‍ കേരളം എത്രയോ പുരോഗമിക്കുമായിരുന്നു. അറബിയുടെ വീട്ടിലെ തോട്ടപ്പണികാരന്‍ വരെ നാട്ടില്‍ വരുമ്പോള്‍ സ്വന്തം പറമ്പിലെ കയ്യാലയുടെ കല്ലിളകിയാല്‍ അതെടുത്തു വക്കില്ല. അതിനു ഭാരിച്ച കൂലി കൊടുത്ത് ഒരു പണിക്കാരനെ ഏര്‍പ്പാടാക്കും.

മലയാളി സമൂഹത്തിന്റെ പൊതു പ്രത്യേകതകള്‍ ഇതു പോലുള്ള വൈരുധ്യാത്മക
തയാണ്. അല്ലാതെ ഉണ്ണിത്താനെതിരെ വ്യക്തി വിരോധത്തിന്റെ പേരില്‍ കേസെടുപ്പിച്ചതും സി പിഎമ്മിനിഷ്ടമില്ലാത്ത ഒരു കാര്യം പറഞ്ഞപ്പോള്‍ സഖറിയയെ കയ്യേറ്റം ചെയ്തതുമല്ല.



.

Sunday 17 January 2010

ചരിത്രം തിരുത്തുമായിരുന്ന നേതാവ്.



ജോതി ബസു എന്ന കമ്യൂണിസ്റ്റു നേതാവിനൊരു മുഖവുര ആവശ്യമില്ല. മറ്റ് പലരെയും പോലെ സമ്പന്ന കുടുംബത്തില്‍ ജനിച്ച് വിദേശ വിദ്യാഭ്യാസം നേടി കമ്യൂണിസത്തില്‍ ആകൃഷ്ടനായി ബംഗാളിന്റെ ഭാഗധേയം മാറ്റി എഴുതിയതിന്‌ ഒരു വിശദീകരണവും ആവശ്യമില്ല. സി പി ഐ കേന്ദ്ര കമ്മിറ്റിയില്‍ നിന്നുമിറങ്ങിപ്പോന്ന് സി പി ഐ എം രൂപികരിച്ചവരില്‍ ഇനി അവശേഷിക്കുന്നത് വി എസ് അച്യുതാനന്ദന്‍ മാത്രമാണ്.


അഞ്ചുപ്രാവശ്യം തുടര്‍ച്ചയായി സി പി എമ്മിനെ ബംഗാളില്‍ അധികാരത്തിലെത്തിച്ചത് ഇന്‍ഡ്യയില്‍ നിസാര കാര്യമല്ല. ജനോപകാര പ്രദമായ നയങ്ങള്‍ നടപ്പിലാക്കി ജനങ്ങളുടെ നേതാവായതാണതിനു കാരണം. അദ്ദേഹത്തിന്റെ സ്മരണക്ക് മുമ്പില്‍ ആദരാജ്ഞലികള്‍.
 
 
അദ്ദേഹത്തിന്റെ അപദാനങ്ങള്‍ പാടിപ്പുകഴ്ത്തലല്ല ഇവിടെ ഉദ്ദേശിക്കുന്നത്. അദ്ദേഹം ചരിത്രപരമായ വിഡ്ഢിത്തം എന്ന് വിശേഷിപ്പിച്ച ഒരു സംഗതിയേക്കുറിച്ചാണിവിടെ പരാമര്‍ശിക്കുന്നത്.
 
1996 ലെ പൊതു തെരഞ്ഞെടുപ്പിനു ശേഷം ആര്‍ക്കും ഭൂരിപക്ഷമില്ലാതിരുന്ന അവസ്ഥയില്‍ ഒരു കൂട്ടികക്ഷി സര്‍ക്കാരിനെ നയിക്കാന്‍ ജോതിബസുവിന്റെ പേരാണ്‌ ഏകകണ്ഠമായി നിര്‍ദ്ദേശിക്കപ്പെട്ടത്. അതിനു വ്യക്തമായ കാരണവുമുണ്ടായിരുന്നു. 25 വര്‍ഷത്തോളം കൂട്ടുകക്ഷി സര്‍ക്കാരിനെ തുടര്‍ച്ചയായി നയിച്ച അനുഭവമുള്ള അദ്ദേഹമായിരുന്നു അതിനന്ന് ഏറ്റവും യോഗ്യന്‍.
 
അന്നത്തെ പാര്‍ട്ടി സെക്രട്ടറി സുര്‍ജിത്തിനാ നിര്‍ദ്ദേശം സ്വീകര്യമായിരുന്നു. ജോതി ബസുവിനും എതിര്‍പ്പുണ്ടായിരുന്നില്ല. പക്ഷെ ആ നിര്‍ദ്ദേശത്തെ എതിര്‍ക്കാന്‍ മുന്നില്‍ നിന്നത് ഇന്നത്തെ സെക്രട്ടറി പ്രകാശ് കാരാട്ടും. രണ്ടു വട്ടം കേന്ദ്ര കമ്മിറ്റി കൂടേണ്ടിവന്നു ആ നിര്‍ദ്ദേശം തള്ളിക്കളയാന്‍. ആ തീരുമാനം ചരിത്രപരമായ വിഡ്ഢിത്തം തന്നെയെന്ന് ബസു പല പ്രാവശ്യം ആവര്‍ത്തിച്ചു പറഞ്ഞത് അത് വിഡ്ഢിത്തം ആയതുകൊണ്ടു തന്നെയാണെന്നാണെന്റെ അഭിപ്രായവും.
 
കേരളത്തിനും ബംഗാളിനും ത്രിപുരക്കും പുറത്തുള്ള ജനതക്ക് കമ്യൂണിസ്റ്റുപാര്‍ട്ടികള്‍ എന്തെന്ന് മനസിലാക്കിക്കൊടുക്കാനുള്ള സുവര്‍ണ്ണാവസരമാണന്ന് പാര്‍ട്ടി നഷ്ടപ്പെടുത്തിയത്. അത് നഷ്ടപ്പെടുത്താന്‍ കാരാട്ടൊക്കെ അന്നു പറഞ്ഞ ന്യായീകരണങ്ങള്‍ അടിസ്ഥാനമില്ലാത്തവയായിരുന്നു. അന്നത്തെ ഐക്യമുന്നണിയിലുണ്ടായിരുന്ന എല്ലാ പാര്‍ട്ടികളുമായി തന്നെ തെരഞ്ഞെടുപ്പുസഖ്യമുണ്ടായിരുന്ന സി പി എമ്മിന്‌ ആ സര്‍ക്കാരിനെ നയിക്കുന്നതില്‍ എന്തെങ്കിലും ബുദ്ധിമുട്ടുണ്ടായിരുന്നു എന്ന് എനിക്ക് തോന്നുന്നില്ല.
 
പാര്‍ട്ടി നയങ്ങള്‍ മുഴുവന്‍ നടപ്പിലാക്കാന്‍ പറ്റില്ലായിരുന്നു എന്നത് വിശ്വസനീയമായ ഒരു ന്യായീകരണമല്ല. ഇപ്പോള്‍ ഭരിക്കുന്ന മൂന്നു സംസ്ഥാനങ്ങളിലും ഇന്‍ഡ്യന്‍ ഭരണഘടനക്കുള്ളില്‍ നിന്നേ പാര്‍ട്ടി നയങ്ങള്‍ നടപ്പിലാക്കാന്‍ പറ്റൂ. അത് അഖിലേന്ത്യാ തലത്തിലും സാധ്യമായേനെ. അതിനു മുമ്പ് ബി ജെ പി പിന്തുണച്ചിരുന്ന വി പി സിംഗ് ആണ്‌ മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കിയത്. നയപരമായി ബി ജെ പി സാമുദായിക സംവരണത്തിനെതിരാണ്‌ പക്ഷെ അവര്‍ അന്നതിനെ എതിര്‍ത്തിരുന്നില്ല എന്നതും ശ്രദ്ധേയമാണ്‌.
 
പരിമിതികള്‍ക്കുള്ളില്‍ നിന്നും കുറച്ചു കാര്യങ്ങള്‍ ബസുവിന്റെ സര്‍ക്കാരിനു ചെയ്യാന്‍ കഴിയുമായിരുന്നു എന്നു തന്നെയാണ്‌ ഞാന്‍ ഉറച്ചു വിശ്വസിക്കുന്നത്. ഇനി അതുപോലെ ഒരവസരം കിട്ടുമോ എന്നത് ഇന്നത്തെ സാഹചര്യത്തില്‍ പറയുവാന്‍ ഒട്ടും സാധ്യമല്ല. കോണ്‍ഗ്രസ് പാര്‍ട്ടി സോഷ്യലിസ്റ്റ് നയങ്ങളില്‍ നിന്നും 1996ല്‍ വളരെ അകന്നിരുന്നില്ല. ബംഗാളിലും കേരളത്തിലും ത്രിപുരയിലും നടപ്പിലാക്കിയ നയങ്ങള്‍ മിക്കതും കോണ്‍ഗ്രസിനു സ്വീകാര്യവുമായിരുന്നു.
 
ബസുവിനെ പ്രധാനമന്ത്രിയാകുന്നതില്‍ നിന്നും തടയുന്നതില്‍ പ്രധാന പങ്കു വഹിച്ച കാരാട്ട് കഴിഞ്ഞ തെരഞ്ഞെടുപ്പു സമയത്ത് അങ്ങനെ ഒരു നിര്‍ദ്ദേശം വന്നാല്‍ അത് പരിഗണിക്കുമെന്ന് പറഞ്ഞപ്പോള്‍ ചരിത്രപരമായ വിഡ്ഢിത്തം തിരുത്തുകയായിരുന്നോ എന്നറിയില്ല.
 
 
 

Tuesday 12 January 2010

മരണത്തിന്റെ വ്യാപാരി

ഇന്നലെ സുപ്രീം കോടതി ഒരു സുപ്രധാന വിധി പ്രസ്താവിച്ചു. നരേന്ദ മോഡിയുടെ സര്‍ക്കാര്‍ നടത്തിയ സൊഹ്റാബുദ്ദീന് വധം സിബിഐ അന്വേഷിക്കണംഎന്നാണാ വിധി.


2009 സെപ്റ്റംബറില്‍ ഈ ബ്ളോഗില്‍ എഴുതിയ ഒരു ലേഖനം ഇവിടെ പുനര്‍ പ്രസിദ്ധീകരിക്കുന്നു.























നരേന്ദ്ര മോദി അറിയപ്പെടുന്നത് ലോക ഹിന്ദുത്വയുടെ രക്ഷകനായിട്ടാണ്. അടുത്ത ഇന്‍ഡ്യന്‍ പ്രധാനമന്ത്രി എന്ന നിലയിലാണ്, സംഘപരിവാര്‍ അദ്ദേഹത്തെ ഉയര്‍ത്തിക്കാട്ടുന്നതും. പക്ഷെ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രത്തെ നയിക്കാന്‍ ഈ മത തീവ്രവാദിക്ക് യോഗ്യതയുണ്ടോ? ഇല്ലെന്നാണ്, ദിവസം ചെല്ലുന്തോറും തെളിഞ്ഞു വരുന്നത്. തീവ്രവാദ സംശയ രോഗം കലശലായി ബാധിച്ച ഇദ്ദേഹം, തീവ്രവാദികളെന്നു സംശയിച്ച്, അല്ലെങ്കില്‍ മുദ്ര കുത്തി 24 പേരെയാണ്, കാലപുരിക്കയച്ചതായി അരോപണമുള്ളത്. അതില്‍ രണ്ടെണ്ണം അന്വേഷിച്ച ഉദ്യോഗസ്ഥര്‍ വ്യാജ എറ്റുമുട്ടലുകളായി തിരിച്ചറിഞ്ഞു കഴിഞ്ഞു. 2002 ലെ ഗുജറാത്ത് കലാപത്തിനു ശേഷം 400 ല്‍ അധികം ആളുകളാണു ഗുജറാത്തില്‍ അപ്രത്യക്ഷരായിട്ടുള്ളത്.

2005 നവംബര്‍ 26 ന്, സൊഹ്രാബുദീന്‍ ഷൈഖ് എന്ന വ്യക്തിയ അഹമ്മദാബാദില്‍ വച്ച് ഒരു ഏറ്റുമുട്ടലില്‍ ഗുജറാത്ത് പോലീസ് വധിച്ചു. പിന്നാലെ അദ്ദേഹത്തിന്റെ ഭാര്യ കൌസെര്‍ബിയും സുഹൃത്ത് തുള്‍സീറാം പ്രജാപതിയും വധിക്കപ്പെട്ടു. അതിന്റെ നാള്‍ വഴി ഇങ്ങനെ. കര്‍ണാടകയിലെ ബല്‍ഗാമില്‍ വച്ച്, ഒരു രാത്രിയില്‍ ഒരു ടൂറിസ്റ്റ് ബസില്‍ നിന്നാണ്, സൊഹ്രബുദ്ദീനെയും കൌസെര്‍ബിയേയും തുള്‍സീറാമിനെയും ജീപ്പില്‍ വന്ന ഗുജറാത്ത് പോലീസ് ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തത്. മൂന്നു ദിവസം കഴിഞ്ഞപ്പോള്‍ സൊഹ്രാബുദ്ദിന്‍ ഒരു ഏറ്റുമുട്ടലില്‍ അഹമ്മദാബാദില്‍ വച്ച് കൊല്ലപ്പെട്ടു. അതിനു ശേഷം കൌസെര്‍ബി അപ്രത്യക്ഷയായി. ഒരു വര്‍ഷത്തിനു ശേഷം തുള്‍സീറാമും മറ്റൊരു ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു.

ഗുജറാത്തിലെ ഭീകര വിരുദ്ധ സേനയുടെ തലവന്‍, ഡി ജി വിന്‍സാര അന്ന് വിജയശ്രീലളിതനായി പറഞ്ഞു, ദേശഭക്തരായ പോലീസുകാരുടെ ശ്രമ ഫലമായി, ലഷ്കര്‍ എ തോയിബയും ഐ എസ് ഐ യുമായി ബന്ധങ്ങളുള്ള, ഒരു ഭീകരനെ വധിച്ചു. നരേന്ദ്ര മോദി സംഘപരിവാര്‍ വേദികളില്‍ ഒരു വീര ദേശഭക്തനായി വഴ്ത്തപ്പെട്ടു.
പക്ഷെ ഈ നാടകം അവിടെ അവസാനിച്ചില്ല. ഭീകരന്‍മാര്‍ക്ക് ബന്ധുകളുണ്ടായിരുന്നു. സൊഹ്രാബുദ്ദിന്റെ സഹോദരന്‍ കൌസെര്‍ബിയെ കണ്ടെത്താന്‍ സഹായിക്കണമെന്ന് അപേക്ഷിച്ചു കൊണ്ട് സുപ്രീം കോടതിയിലെത്തി. സുപ്രീം കോടതി ആവശ്യപ്രകാരം ഗുജറാത്ത് പോലീസിലെ സി ഐ ഡി വിഭാഗം ഗീതാ ജോഹ്രി എന്ന ഉദ്യോഗസ്ഥയുടെ നേതൃത്വത്തില്‍ അന്വേഷിച്ചപ്പോള്‍, അതൊരു വ്യാജ ഏറ്റുമുട്ടലായിരുന്നു എന്നു കണ്ടെത്തി. മോദിക്കോ കിങ്കരന്‍മാര്‍ക്കോ ഇടപെടാന്‍ പറ്റാത്ത വിധത്തിലായിരുന്നു, കോടതി ആ അന്വേഷണം നിയന്ത്രിച്ചിരുന്നത്. ജോഹ്രിയെ അന്വേഷണ ചുമതലയില്‍ നിന്നും മോദി മാറ്റിയെങ്കിലും, സത്യം പിന്നെയും മൂടി വക്കാന്‍ മോദിക്കായില്ല. ജോഹ്രിക്കു ശേഷം വന്ന രജനീഷ് റായി ദാരുണ കൊലപാതകങ്ങളുടെയും, വെള്ള പൂശുന്ന അന്വേഷണങ്ങളുടെയും, ഉത്തരവാദിത്ത രാഹിത്യത്തിന്റെയും ഞെട്ടിക്കുന്ന സത്യങ്ങള്‍ കണ്ടെടുത്തു. അവസാനം ഗത്യന്തരമില്ലാതെ സൊഹ്രാബുദ്ദിന്റെ മരണം കരുതിക്കൂട്ടി നടത്തിയ കൊലപാതകമായിരുന്നു എന്ന് ഗുജറാത്ത് സര്‍ക്കാരിനു സമ്മതിക്കേണ്ടി വന്നു. തുടര്‍ന്ന് ഡി ജി വന്‍സാര, രാജ് കുമാര്‍ പാണ്ഢ്യന്‍, ദിനേശ് കുമാര്‍ എന്നീ മൂന്നു പോലീസുദ്യോഗസ്ഥര്‍ അറസ്റ്റിലായി. പിന്നാലെ, കൌസര്‍ബിയും ഇതു പോലെ വധിക്കപ്പെടുകയാണുണ്ടായതെന്നും സമ്മതിച്ചു.

നരേന്ദ്ര മോദിയെ വധിക്കാന്‍ വന്ന ഭീകരന്‍ എന്ന മുദ്രയാണ്, ഗുജറാത്ത് സര്‍ക്കാര്‍ അദ്ദേഹത്തിനു ചാര്‍ത്തിക്കൊടുത്തത്. അന്നുമുതല്‍ ഗുജറാത്ത് സര്‍ക്കാരും പോലീസും ഇതേ വാദത്തില്‍ ഉറച്ചു നിന്നു. കഴിഞ്ഞ ഗുജറാത്ത് അസംബ്ളി തെരഞ്ഞെടുപ്പുകാലത്ത് മോദിയുടെ ഇഷ്ട വിഭവമായ വികസനം ജനങ്ങളില്‍ സംശയം ഉണ്ടാക്കി. അപ്പോഴാണു മോദി പ്രചാരണത്തിന്റെ മുഖ്യ വിഷയം ​ഈ ഭീകര നിഗ്രഹത്തിലേക്ക് മാറ്റിയത്. അന്ന് സോണിയ ഗാന്ധി ഈ വധവുമായി ബന്ധപ്പെടുത്തി അദ്ദേഹത്തെ മരണത്തിന്റെ വ്യാപാരി എന്നാണു വിശേഷിപ്പിച്ചത്. അന്നു മോദി പറഞ്ഞത് ഇതാണ്.

കോണ്‍ഗ്രസ് പറയുന്നു, സൊഹ്രാബുദിന്‍ വധിക്കപ്പെട്ടത് മോദിയുടെ നിര്‍ദ്ദേശപ്രകരമാണെന്ന്. ഞാന്‍ കോണ്‍ഗ്രസിനെ വെല്ലു വിളിക്കുന്നു, നിങ്ങള്‍ക്ക് കേന്ദ്രത്തില്‍ ഒരു സര്‍ക്കാരുണ്ടെങ്കില്‍, നിങ്ങള്‍ക്ക് ചുണയുണ്ടെങ്കില്‍ എന്നെ വന്ന് തൂക്കിക്കൊല്ലുക. സൊഹ്രാബുദിന്‍ എ കെ 47 തോക്കു കൊണ്ട് നമ്മുടെ മണ്ണില്‍ പോലീസിനെ ആക്രമിച്ചതാണ്. അപ്പോള്‍ ഗുജറാത്ത് പോലീസ് എന്തു ചെയ്യും?അനധികൃത ആയുധങ്ങളും വെടിക്കോപ്പുകളും കൊണ്ടു നടക്കുന്ന ഒരാളെ എന്തു ചെയ്യണമെന്ന് കോണ്‍ഗ്രസ് ജനങ്ങളോട് വിശദീകരിക്കണം.

മോദി അന്നു ജനങ്ങളോട് ചോദിച്ചു, സൊഹ്രാബുദ്ദിനെ എന്തു ചെയ്യണം ? അപ്പോള്‍ ജനങ്ങള്‍ ആര്‍ത്തു വിളിച്ചു. അവനെ കൊല്ലുക, അവനെ കൊല്ലുക. അപ്പോള്‍ മോദി പ്രതിവചിച്ചു. അതാണ്. ഇത് ചെയ്യാന്‍ ഞാന്‍ സോണിയ ഗാന്ധിയുടെ അനുവാദം വാങ്ങണോ? ഞാന്‍ എന്തെങ്കിലും തെറ്റു ചെയ്തിട്ടുണ്ടെങ്കില്‍ എന്നെ തൂക്കി കൊല്ലുക.

പ്രധാനമന്ത്രി മന്‍ മോഹന്‍ സിംഗ് ആ ദിവസങ്ങളില്‍ മറ്റൊരു റാലിയില്‍ പറഞ്ഞു. മോദിയെ പിന്തുണക്കുന്ന കാലത്തോളം ഗുജറാത്തികള്‍ സുരക്ഷിതരാണ്. നിങ്ങള്‍ മോദിക്കെതിരെ ആയാല്‍ ദൈവത്തിനു മാത്രമേ നിങ്ങളെ രക്ഷിക്കാനാകൂ.

പ്രശസ്ത പത്രപ്രവര്‍ത്തകന്‍, ബി ജി വര്‍ഗീസ് നല്‍കിയ പൊതു താല്‍പ്പര്യ ഹര്‍ജിയില്‍ സമാനമായ 21 വ്യാജ ഏറ്റുമുട്ടലുകളെപ്പറ്റി അന്വേഷിക്കണം എന്ന് സുപ്രീം കോടതിയോട് അപേക്ഷിച്ചിട്ടുണ്ട്.

2009 ഏപ്രിലില്‍ സുപ്രീം കോടതി ഗുജറാത്ത് കലാപത്തില്‍ മോദിക്കും മറ്റ് 50 പേര്‍ക്കുമുള്ള പങ്ക് അന്വേഷിക്കാന്‍ പ്രത്യേക നവേഷണ സംഘത്തോടവശ്യപ്പെട്ടു.

മലയാളിയായ പ്രണേഷ്കുമാര്‍ ഉള്‍പ്പടെ നാലു പേരെ ഗുജറാത്ത് പോലീസ് വെടിവച്ചു കൊന്നതുമൊരു വ്യാജ ഏറ്റുമുട്ടലില്‍ ആയിരുന്നു എന്നാണ്, മെട്രോപ്പോളീറ്റന്‍ മജിസ്‌ട്രേട്ട്‌ എസ്‌.പി. തമാംഗ് അടുത്തിടെ നല്കിയ ഒരു ജുഡിഷ്യല്‍ അന്വേഷണ റിപ്പോര്‍ട്ട്. ഗുജറാത്ത് ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരം കഴിഞ്ഞ ഓഗസ്റ് 13-നാണ് തമാംഗ് കമ്മിറ്റി സംഭവത്തില്‍ അന്വേഷണമാരംഭിച്ചത്. മോഡിസര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കി 240 പേജുള്ള റിപ്പോര്‍ട്ടാണ് കമ്മിറ്റി സമര്‍പ്പിച്ചിട്ടുള്ളത്.

ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയെ വധിക്കാനെത്തിയ ലഷ്കര്‍ തീവ്രവാദി സംഘമെന്ന് ആരോപിച്ചാണ് അഹമ്മദാബാദ് വിമാനത്താവളത്തിനു സമീപം 2004 ജൂണ്‍ 15-നു പുലര്‍ച്ചെ നാലിന് അഹമ്മദാബാദ് ക്രൈം ബ്രാഞ്ച് പോലീസ്; ഇസ്രത്ത്‌ ജഹാന്‍, ജാവേദ്‌ ഗുലാം ഷൈഖ് എന്ന പ്രാണേഷ്‌കുമാര്‍ പിള്ള, രാജ്‌കുമാര്‍ അക്‌ബര്‍ അലി റാണ, ജിസാന്‍ ജോഹര്‍ അബ്ദുള്‍ ഗനി എന്നിവരെ, വെടിവച്ച് കൊലപ്പെടുത്തുന്നത്. മുഖ്യമന്ത്രിയെ വധിക്കാനെത്തിയ നാലുപേരേയും ഏറ്റുമുട്ടലിലൂടെ കൊലപ്പെടുത്തിയെന്നാണ് പിന്നീട് പോലീസും സര്‍ക്കാരും പറഞ്ഞുപരത്തിയത്.

എന്നാല്‍, ഇവരെ പോലീസ് സ്വാര്‍ത്ഥലാഭത്തിനായി ആസൂത്രിതമായും ക്രൂരമായും വധിക്കുകയായിരുന്നുവെന്നാണ് എസ്.പി തമാംഗ് കമ്മിറ്റി കണ്ടെത്തിയിരിക്കുന്നത്. നാലുപേര്‍ക്കും ലഷ്കറുമായി ബന്ധമില്ലെന്നും അഹമ്മദാബാദ് മെട്രോപ്പൊലിറ്റന്‍ മജിസ്ട്രേട്ട് കോടതിയില്‍ സമര്‍പ്പിച്ച 240 പേജുള്ള റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. നാലുപേരേയും മുംബൈയില്‍നിന്നു തട്ടിക്കൊണ്ടുവന്നശേഷം അഹമ്മദാബാദിലെത്തിച്ചാണ് കൊലപ്പെടുത്തിയതെന്നും നാലുപേരേയും തോക്കിനു തൊട്ടടുത്ത് നിര്‍ത്തിയാണ് വെടിവച്ചതെന്നും റിപ്പോര്‍ട്ടിലുണ്ട്. ഏറ്റുമുട്ടലുണ്ടായിട്ടില്ലെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

അന്നത്തെ സിറ്റി പൊലീസ് കമ്മിഷണര്‍ കെ. ആര്‍. കൌശിക്, ക്രൈംബ്രാഞ്ച് ജെ.സി.പി. പി.പി. പാണ്ഡെ, സസ്പെന്‍ഷനിലായ ഡി. ഐ. ജി ഡി.ജി. വന്‍സാര, എ.സി.പിമാരായ ജി. എല്‍. സിംഗാള്‍, എല്‍.കെ. അമീന്‍ എന്നിവരാണ് വ്യാജ ഏറ്റുമുട്ടല്‍ സൃഷ്ടിച്ചത്.വ്യാജ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടവര്‍ തീവ്രവാദികളാണെന്ന് പ്രഖ്യാപിച്ച് അന്വേഷണം അവസാനിപ്പിക്കുകയാണ് ഗുജറാത്ത് പൊലീസ് ചെയ്തത്.

മലയാളിയായ പ്രാണേഷിന്റെ പിതാവ് എം. ആര്‍. ഗോപിനാഥപിള്ള നല്‍കിയ ഹര്‍ജിയില്‍ അഡി. ഡി.ജി.പി തലത്തിലുള്ള മൂന്നംഗത്തെ അന്വേഷണം നടത്താന്‍ ഗുജറാത്ത് ഹൈക്കോടതി നിയോഗിച്ചിട്ടുണ്ട്. ഇതിന്റെ റിപ്പോര്‍ട്ട് മൂന്ന് മാസത്തിനകം സമര്‍പ്പിക്കപ്പെടും.

റിട്ട. ഡി.ജി.പി. കൗശിക്കുള്‍പ്പെടെ 41 പോലീസുകാരാണ്‌ വ്യാജ ഏറ്റുമുട്ടല്‍ നടത്തിയതെന്ന്‌ തമാംഗിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഏറ്റുമുട്ടലിന്‌ നേതൃത്വം നല്‌കിയെന്നു പറയുന്ന ഡി.ഐ.ജി. ഡി.ജി. വന്‍സാര സൊഹ്‌റാബുദ്ദീന്‍ ഷൈഖിനെ വ്യാജ ഏറ്റുമുട്ടലില്‍ കൊന്നതിന്റെ പേരില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്‌.

എല്ലാ പ്രതീക്ഷകളും അവസാനിച്ചിട്ടില്ല എന്നു നമ്മെ ഓര്‍മ്മിപ്പിക്കുന്നത് പരമോന്നത നീതി പീഠം പോലുള്ള സ്ഥാപനങ്ങളാണ്. അധര്‍മ്മം എന്നത്തേക്കും വിജയിക്കില്ല. മൂടി വയ്ക്കാന്‍ ശ്രമിച്ചാലും അത് പുറത്തറിയും. ഹിന്ദുത്വയുടെ സ്വര്‍ണ്ണ പാത്രം കൊണ്ട് മൂടി വച്ചാലും അസത്യം ഇതു പോലെ അനാവരണം ചെയ്യപ്പെടും. അതാണു ജീവിതം.

Friday 8 January 2010

കോര്‍പ്പറേറ്റ് മാഫിയയുടെ നീളുന്ന കരങ്ങള്‍

1990 ല്‍ കെവിന്‍ കോസ്റ്റ്നര്‍ Dances With Wolves എന്ന സിനിമയില്‍ അമേരിക്കയിലെ ആദിവാസികളെ യൂറോപ്പില്‍ നിന്നും വന്നവര്‍ അടിച്ചമര്‍ത്തിയതിന്റെ കഥ പറഞ്ഞു. ജോണ്‍ ഡണ്‍ബാര്‍ എന്ന പട്ടാളക്കാരന്‍ അമേരിക്കന്‍ ഇന്‍ഡ്യന്‍മാരുടെ സ്വത്വവും, ഭൂമിയുമായി അവര്‍ക്കുള്ള അഭേദ്യമായ ബന്ധവും തിരിച്ചറിഞ്ഞ്, അദ്ദേഹത്തിന്റെ വെള്ളക്കാരന്‍ എന്ന മാറാപ്പ് വലിച്ചെറിഞ്ഞ് ഇന്‍ഡ്യക്കാരുടെ വസ്ത്രവും ജീവിത രീതിയും തെരഞ്ഞെടുക്കുന്നതാണാ സിനിമയുടെ കഥ. പ്രകൃതിയുമയി എത്ര താദാത്മ്യം പ്രാപിച്ചാണ്‌ ഇന്‍ഡ്യക്കാര്‍ ജീവിക്കുന്നതെന്ന് അദ്ദേഹം തിരിച്ചറിയുന്നു. പക്ഷെ പരിഷ്കൃത ലോകം അദ്ദേഹത്തെ അറസ്റ്റ് ചെയ്ത് ഒറ്റുകാരന്‍ എന്ന മുദ്ര ചാര്‍ത്തുന്നു.

കോസ്റ്റ്നറുടെ സിനിമയുടെ പ്രമേയവുമായി സാമ്യമുള്ളതാണ്‌ ജെയിംസ് കാമറൂണിന്റെ Avatar. 13 വര്‍ഷത്തെ ഇടവേളക്ക് ശേഷം അദ്ദേഹം സംവിധാനം ചെയ്ത ഇ സിനിമ അതിബൃഹത്തായതും സമാനതകളില്ലാത്തതുമാണെന്ന് നിസംശയം പറയാം. ഇതിനെ വിശേഷിപ്പിക്കാന്‍ എത്ര വാക്കുകള്‍ ഉപയോഗിച്ചാലും അധികപ്പറ്റാകില്ല. മൂന്നു മണിക്കോറോളം കാഴ്ചക്കാരെ തികച്ചും വ്യത്യസ്ഥമായ ഒരു ലോകത്തേക്ക് കൊണ്ടു പോകുന്ന ഇത് ലോക സിനിമ ചരിത്രത്തില്‍ ഇന്നു വരെ ഉണ്ടാകാത്ത ഒരനുഭവമാണ്.





ജെയിംസ് കാമറൂണ്‍ ലോക സിനിമയിലെ അതികായന്‍മാരില്‍ ഒരാളാണെന്നതിന്റെ ഉത്തമ ഉദാഹരണമാണീ സിനിമ. ഒരു കലാ സൃഷ്ടി എന്ന നിലയില്‍ ഇത് awesome, stunning, breath taking, spectacular and mesmerisng. ഇതിലെ settings and special effects അതിമനോഹരം. അടുത്ത കാലത്തൊന്നും ഇത്രയധികം ആസ്വദിച്ച ഒരു സിനിമയും കണ്ടിട്ടില്ല. ഇതു വരെ ആരും കാണാത്ത കാഴ്ച. ഒരു നിമിഷം പോലും വിരസത അനുഭവപ്പെടാതെ കാണാന്‍ കഴിയുന്ന ഒരു സിനിമ. ആരെയും അത്ഭുത സ്തബ്ദരാക്കുന്ന ഒരു ദൃശ്യ ശ്രാവ്യ അനുഭവം.







ഒരു കലാസൃഷ്ടി എന്ന നിലയിലുള്ള ഒരു വിലയിരുത്തലല്ല ഈ പോസ്റ്റിന്റെ ഉദ്ദേശം. ഇതിലെ പ്രതിപാദ്യ വിഷയമാണ്‌ മനുഷ്യ കുലത്തിന്റെ ആരംഭത്തില്‍ മനുഷ്യനും പ്രകൃതിയും സന്തുലിതമായിരുന്നു. സസ്യലതാതികളെയും മറ്റ് ജീവിജാലങ്ങളെയും മനുഷ്യന്‍ സ്വന്തം കുടുംബത്തിലെ അംഗങ്ങളേപ്പോലെ ഇഷ്ടപ്പെട്ടിരുന്നു. പിന്നീടത് ചൂക്ഷണം ചെയ്യപ്പെട്ടു. അത് സ്വന്തം നാട്ടില്‍ നിന്നും പുറത്തേക്ക് വ്യാപിച്ചപ്പോള്‍ കൊളോണിയലിസം എന്ന പ്രതിഭാസം ഉണ്ടായി. ഭൂമിയിലെ ഭൂരിഭാഗം മനുഷ്യരും ഈ കൊളോണിയലിസത്തിന്റെ ഇരകളാണ്.

കെവിന്‍ കോസ്റ്റ്നര്‍ പറഞ്ഞ കഥ യൂറോപ്പില്‍ നിന്നുള്ളവര്‍ അമേരിക്കന്‍ ഇന്‍ഡ്യക്കാരോടു ചെയ്ത ക്രൂരരതകളായിരുന്നു. ജെയിംസ് കാമറൂണ്‍ പറയുന്നത് ഒരു സാങ്കല്‍പ്പിക കഥയാണ്. ലോകം മുഴുവന്‍ അവഗണിക്കപ്പെട്ട ഇപ്പോഴും അവഗണിക്കപ്പെടുന്ന ആദിവാസി സമൂഹങ്ങളുടെ അവസ്ഥയെ വിമര്‍ശനാത്മക രൂപത്തില്‍ അവതരിപ്പിക്കുകയാണിവിടെ. അതിനു തെരഞ്ഞെടുത്ത സങ്കേതം വിദൂരമായ ഒരു ഗ്രഹവും. കോര്‍പ്പറേറ്റ് മാഫിയ ഭൂമിയെ ഏതാണ്ടു മുഴുവന്‍ ചൂക്ഷണം ചെയ്ത് നശിപ്പിച്ചു കഴിഞ്ഞു. ഇനി അവശേഷിക്കുന്നത് വിദൂര ഗ്രഹങ്ങളാണ്. അങ്ങനെ ചൂക്ഷണം ചെയ്യാന്‍‍ തെരഞ്ഞെടുത്ത പന്‍ഡോര എന്ന ഗ്രഹത്തിലെ സംഭവിക്കുന്നതാണിതില്‍ ചിത്രീകരിക്കപ്പെട്ടത്.

കോര്‍പ്പറേറ്റ് മാഫിയയുടെ അത്യാര്‍ത്തി മനുഷ്യ കുലത്തിന്റെ അവസാനത്തില്‍ കലാശിക്കുമെന്ന് ഭംഗ്യന്തരേണ സൂചിപ്പിക്കുകയാണു ജെയിംസ് കാമറൂണ്‍. സാധാരണ ഇതു പോലെയുള്ള മുഖ്യധാര സിനിമകള്‍ ഈ സന്ദേശം പ്രചരിപ്പിക്കാന്‍ ഉപയോഗിക്കാറില്ല. അതിന്‌ ജെയിംസ് കാമറൂണിനെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല.

പന്‍ഡോറയിലെ യുദ്ധത്തിന്റെ യധാര്‍ത്ഥ ഹേതു അതീവ വിലപിടിപ്പുള്ള Unobtainium എന്ന ധാതുവാണ്. അവിടെ ജീവിക്കുന്ന നവികള്‍ എന്ന ജീവികള്‍ 10 അടി ഉയരവും മനുഷ്യരേക്കാള്‍ ഉത്കൃഷ്ടയുള്ളവരുമായ ജീവിവര്‍ഗ്ഗവും.  സസ്യങ്ങളുമായും മൃഗങ്ങളുമായും ആശയ വിനിമയം നടത്താന്‍ കഴിവുള്ള അവര്‍ ജീവിക്കുന്നത് Tree of Souls എന്ന് പ്രതീകാത്മകമായി പേരിട്ടിട്ടുള്ള ഒരു മഹാ വൃഷത്തിന്റെ പരിസരത്തും. Eywa എന്ന മറ്റൊരു പ്രതീകമാണിവരുടെ ദൈവം.
 















കോര്‍പ്പറേറ്റ് മാഫിയ ഇവരെ അനുനയിപ്പിക്കാനും അത് സാധിച്ചില്ലെങ്കില്‍ നശിപ്പിക്കാനുമായി ഒരു സംഘത്തെ ഭൂമിയില്‍ നിന്നും അയക്കുന്നു. അനുനയിപ്പിക്കാന്‍ തെരഞ്ഞെടുത്ത മാര്‍ഗ്ഗം സംഘാംങ്ങളില്‍ ചിലരെ നവികളുടെ രൂപത്തിലേക്ക് മാറ്റിയെടുത്ത് അവരുടെ ഇടയിലേക്കയക്കുക എന്നതും.  അങ്ങനെ തെരഞ്ഞടുക്കപ്പെട്ടവരുടെ കൂടെയാണ്‌ ജൈക്ക് സള്ളി എന്ന മുന്‍ പട്ടാളക്കാരന്‍. യുദ്ധത്തില്‍ അരയ്ക്കു കീഴെ തളര്‍ന്ന ഇദ്ദേഹം ചലന ശേഷി തിരിച്ചു കിട്ടുമെന്ന പ്രതീക്ഷയിലാണീ സംഘത്തില്‍ ചേര്‍ന്നത്. പുതിയ അവതാരത്തില്‍ ചലന ശേഷി തിരിച്ചു കിട്ടിയ അദ്ദേഹം നവികളുടെ ജീവിത രീതി മുഴുവനും പഠിച്ചെടുത്ത് അവരിലൊരാളായി മാറുകയാണ്. Tree of Souls നശിപ്പിക്കുന്നതില്‍ കോര്‍പ്പറേറ്റ് മാഫിയ വിജയിച്ചെങ്കിലും അവരുടെ സങ്കേതിക വിദ്യകളെല്ലാം നവികളുടെ അമ്പിനും വില്ലിനും മുന്നില്‍ പരാജയപ്പെടുന്നു. മുക്കാല്‍ മണിക്കൂറോളം നീണ്ടു നില്‍ക്കുന്ന ഈ യുദ്ധം ഇരിപ്പിടത്തിന്റെ അരികിലിരുന്നേ ആര്‍ക്കും കാണാനാകൂ. അത്രക്ക് ത്രില്ലിംഗ് ആണീ അനുഭവം. 





വെള്ളക്കാരന്റെ വര്‍ഗ്ഗീയവും രാഷ്ട്രീയവും ചരിത്രപരവുമായ കുറ്റ ബോധത്തില്‍ നിന്നാണീ ചിത്രത്തിന്റെ കഥയുടെ ഉത്ഭവം. ഇതിലെ സാങ്കേതിക വിദ്യക്കൊപ്പം ഇതില്‍ നിന്നനുഭവിക്കേണ്ട മറ്റൊന്നു കൂടിയുണ്ട്. ഭൂമിയെ മനുഷ്യന്‍ നശിപ്പിക്കുന്നു എന്നതാണത്. ഇത് പകര്‍ന്നു നല്‍കുന്ന ശക്തമായ സന്ദേശം ഇപ്പോള്‍ നടക്കുന്നതും ഭാവിയില്‍ സംഭവിക്കാവുന്നതുമായ കാര്യമാണ്. ജി മാധവന്‍ നായരും അബ്ദുല്‍ കലാമും ചന്ദ്രനിലേക്കും ചൊവ്വയിലേക്കും മനുഷ്യനെ അയക്കാന്‍ പറയുന്ന ന്യായീകരണം അവിടത്തെ ധാതു സമ്പത്ത് ചൂഷണം ചെയ്യുക എന്നതാണെന്നെല്ലാവര്‍ക്കുമറിയാം.  വെള്ളക്കാരന്റെ അതേ ചൂക്ഷണ മനോഭാവം കറുത്തവനിലും ഉണ്ടെന്നതിന്റെ ഉദാഹരണമാണിവരുടെ വാക്കുകള്‍.  Unobtainium എന്ന ധാതുവിന്റെ ഒരു കഷണം കയ്യില്‍ വച്ചു കൊണ്ട് സ്വപ്നം കാണുന്ന അവതാറിലെ ശാസ്ത്രജ്ഞന്‍ മാധവന്‍ നയരുടെയും കലാമിന്റെയും പ്രതീകമാണ്.

മനുഷ്യരെ അവരുടെ ആവാസ വ്യവസ്ഥയില്‍ നിന്നകറ്റുന്നതിന്റെ ഹൃദയ ഭേദകമായ കാഴ്ച ആരുടെയും മനസിലയിക്കും. കണ്ടു കഴിയുമ്പോള്‍ എല്ലാവരെയും വളരെ ആഴത്തില്‍ ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്ന സിനിമയാണിത്. നമ്മള്‍ ഇത്ര ഹൃദയമില്ലാത്തവരാണോ?

ഇതിലെ വില്ലന്‍ ഒരു വ്യക്തിയല്ല. കോര്‍പ്പറേറ്റ് മാഫിയയുടെ താളത്തിനു തുള്ളുന്ന American military industrial complex ആണത്. നവികള്‍ അനുനയത്തിനും ഭീഷണിക്കും വഴിപ്പെടുന്നില്ല എന്നറിയുമ്പോള്‍ ഇതിലെ വില്ലന്‍ പറയുന്ന ഒരു വാചകമുണ്ട്. We willl fight terror with terror. അമേരിക്കന്‍ അധികാരികള്‍ സ്ഥാനത്തും അസ്ഥാനത്തും ഉപയോഗിക്കുന്ന ഒരു വാചകമാണത്.