Friday 15 June 2012

51/49



51/49. നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പ് ഫലം വിലയിരുത്തിയ പി സി ജോര്‍ജ് പ്രതികരിച്ചപ്പോള്‍ ഉപയോഗിച്ച ഒരു കണക്കാണിത്. 51% സന്തോഷവും 49% സങ്കടവും ആയിരുന്നു അദ്ദേഹത്തിന്. താന്‍ ആദ്യം അവകാശപ്പെട്ടിരുന്ന 35000 വോട്ടിന്റെ ഭൂരിപക്ഷം ലഭിക്കാത്തതുകൊണ്ടുള്ള ഖിന്നത ആ വാക്കുകളിലുണ്ട്.

ജയിച്ചു കഴിഞ്ഞപ്പോള്‍ യു ഡി എഫ് നേതാക്കളൊക്കെ ഏക സ്വരത്തില്‍ പറഞ്ഞത് ഒരു കാര്യമായിരുന്നു. സി പി എമ്മിന്റെ കൊലപാതകരാഷ്ട്രീയത്തിനെതിരെ ജനങ്ങള്‍ വിധി എഴുതി. ബി ജെ പിയുടെ പരാജയകാരണമായി രാജഗോപാല്‍ പറഞ്ഞത്, നെയ്യാറ്റിന്‍കരയില്‍ ജയിച്ചത് വര്‍ഗ്ഗീയത എന്നും.

എന്താണു വാസ്തവം. സെല്‍വരാജിനെ യു ഡി എഫ് പാളയത്തിലെത്തിച്ച ജോര്‍ജ്ജിന്റെ വീരവാദത്തിന്, അദ്ദേഹത്തിനു കേരള രാഷ്ട്രീയത്തിലുള്ള വ്യക്തിത്വത്തിന്റെ വില നല്‍കിയാല്‍ മതിയാകും.

നേരിയ ഭൂരിപക്ഷത്തിനു ഭരണം കൊണ്ടുപോകുന്ന യു ഡി എഫിനു തുണയായി സെല്‍വരാജ് കാലുമാറി വന്നതോ  അദ്ദേഹം അവകാശപ്പെടുന്നതുപോലെ സി പി എമ്മിന്റെ ഭീക്ഷണിയില്‍ നിന്നും രക്ഷപ്പെട്ട് യു ഡി എഫില്‍ അഭയം തേടിയതോ അല്ലായിരുന്നു. ആസൂത്രിത നീക്കത്തിലൂടെ സെല്‍വരാജിനെ കാലു മാറ്റി എടുത്തതായിരുന്നു. ആഴ്ചകള്‍ക്ക് മുന്നെ തനിക്കതറിയമായിരുന്നു, എന്ന് രമേശ് ചെന്നിത്തല തുറന്നു പറഞ്ഞിട്ടുണ്ട്. രാജിവച്ചാല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ആക്കാമെന്ന് സെല്‍വരാജിനുറപ്പു കിട്ടിയിരുന്നു. യു ഡി എഫില്‍ ചേരുന്നത് ആത്മഹത്യ ആണെന്നു പറഞ്ഞ സെല്‍വരാജ്, കോണ്‍ഗ്രസില്‍ തന്നെ ചേര്‍ന്നു.

സെല്‍വരാജിനെ സ്ഥാനാര്‍ത്ഥി ആക്കുന്നതിനോട് കോണ്‍ഗ്രസില്‍ തന്നെ വ്യാപകമായ എതിര്‍പ്പുണ്ടായിരുന്നു. പക്ഷെ ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും  വിചരിച്ചതു നടന്നു. അഞ്ചാം മന്ത്രി വിഷയത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ശക്തമായ എതിര്‍പ്പുണ്ടായിട്ടും  ഇവര്‍ വിചാരിച്ചത് നടത്തി എടുത്തപോലെ .

കഴിഞ്ഞ  അഞ്ചാറു മാസങ്ങളായി കേരള രാഷ്ട്രീയം ലജ്ജാവഹമായ രീതിയില്‍ കലങ്ങി മറിഞ്ഞു കിടക്കുന്നു. കോണ്‍ഗ്രസ് നേതാക്കള്‍ക്കുപോലും സഹിക്കാവുന്നതിനപ്പുറം ഭരണം  മുസ്ലിം ലീഗും കേരള കോണ്‍ഗ്രസും കൈപ്പിടിയില്‍ ഒതുക്കിയപ്പോള്‍ ഭൂരിപക്ഷ സമുദായത്തെ അത് അലോസരപ്പെടുത്തി. സമൂഹത്തിന്റെ നാനാ തുറകളില്‍ അത് ചര്‍ച്ചയുമായി. അഞ്ചാം മന്ത്രിസ്ഥാനം  മുസ്ലിം ലീഗ് എന്ന മത സംഘടന ,  കോണ്‍ഗ്രസിന്റെ കഴുത്തിന് കുത്തിപ്പിടിച്ച് കരസ്ഥമാക്കി. കോണ്‍ഗ്രസ് പാര്‍ട്ടി ഒന്നടങ്കം എതിര്‍ത്തിട്ടും ഉമ്മന്‍ ചാണ്ടി, ഭരണം നിലനിറുത്താന്‍ വേണ്ടി  ലീഗിന്റെ വാശിക്കു കീഴടങ്ങി. കോഴിക്കോട് സര്‍വകലാശാലയുടെ ഭൂമി സ്വന്തക്കാര്‍ക്ക് എഴുതി വില്‍ക്കാന്‍  മുസ്ലിം ലീഗ് തീരുമാനിച്ചതും  യുഡിഎഫിനെ നാണംകെടുത്തി. അതിന്റെ കൂടെ  പെട്രോള്‍ വിലവര്‍ധനയും. മന്ത്രിമാരുടെ വകുപ്പ് മാറ്റവും ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും തമ്മിലുള്ള ചേരിപ്പോരും ഒക്കെക്കൂടി യു.ഡി.എഫിനെ പരിതാപകരമായ അവസ്ഥയിലാണെത്തിച്ചിരുന്നു.  നെയ്യാറ്റിന്‍കരയിലെ സ്ഥാനാര്‍ത്ഥിയായ സെല്‍വരാജാകട്ടെ എല്ലാ കോണ്‍ഗ്രസുകാര്‍ക്കും സ്വീകാര്യനുമായിരുന്നില്ല. ഇതുപോലെ അനേകം നീറുന്ന പ്രശ്നങ്ങളുടെ കൂടെയാണ്, അനാവശ്യമായി അടിച്ചേല്‍പ്പിക്കപ്പെട്ട ഒരു തെരഞ്ഞെടുപ്പിലേക്ക് കേരളം എത്തിപ്പെട്ടത്. പാര്‍ട്ടി മാറാന്‍ വേണ്ടി മാത്രം സെല്‍വരാജ് ഈ തെരഞ്ഞെടുപ്പ് കേരളജനതയുടെ മേല്‍ അടിച്ചേല്‍പ്പിക്കുകയായിരുന്നു. അതിന്, കോണ്‍ഗ്രസും യു ഡി എഫും കൂട്ടു നിന്നു.

ലീഗിന്റെ ധാര്‍ഷ്ട്യവും അതിനു കോണ്‍ഗ്രസ് കീഴടങ്ങിയതും ഭൂരിപക്ഷ സമുദായത്തെ യു ഡിഎഫിനെതിരാക്കിയിരുന്നു. മാത്രമല്ല, കോണ്‍ഗ്രസിലെ ന്യൂനപക്ഷസമുദായങ്ങളെ  വരെ അത് അസ്വസ്തമാക്കിയിരുന്നു. എന്‍ എസ് എസും എസ് എന്‍ ഡി പിയും അതിനെതിരെ തുറന്ന എതിര്‍പ്പും പ്രകടിപ്പിച്ചു. ഇതിന്റെ കൂടെ പിള്ളയും മകനും തമ്മിലുള്ള കുടുംബവഴക്കും. ഇതൊക്കെ കൂടെ യു ഡി എഫിന്റെ നില തികച്ചും പരുങ്ങലിലാക്കി. യാതൊരു ന്യായീകരണവുമില്ലാത്ത സെല്‍വരാജിന്റെ കാലുമാറ്റം യു ഡി എഫിന്റെ വിശ്വാസ്യതയെ തകര്‍ക്കുകയും ചെയ്തു.  ബി ജെ പിക്ക് ഒരു മത്സരത്തിനു പോലും  വേണ്ട വോട്ടുകള്‍ നെയ്യാറ്റിന്‍കരയിലില്ലാത്ത സാഹചര്യം യു ഡി എഫും എല്‍ ഡി എഫും തമ്മില്‍ നേരിട്ടുള്ള ഒരു ഏറ്റുമുട്ടലിലേക്ക് വഴി തെളിച്ചു. അതില്‍ എല്‍ ഡി എഫിനു വ്യക്തമായ മുന്‍തൂക്കവുമുണ്ടായിരുന്നു.


ഭൂരിപക്ഷ ഹൈന്ദവ സമുദായത്തിലെ അസംതൃപ്തി മുതലെടുക്കാന്‍ തന്നെയാണ്, ബി ജെ പി രാജഗോപാലിനെ മത്സരംഗത്തേക്ക് ഇറക്കിയത്. രാജഗോപാല്‍ ഗോദായിലിറങ്ങിയതോടെ മത്സരം എല്‍ ഡി എഫും ബി ജെപിയും തമ്മിലായി. സെല്‍വരാജിന്റെ വിധി ഏകദേശം കുറിക്കപ്പെട്ട സമയത്ത് കേരള രാഷ്ട്രീയത്തെ പിടിച്ചു കുലുക്കിയ ചന്ദ്രശേഖരന്‍ വധം  നടന്നു. അതു വരെ നെയ്യാറ്റിന്‍ കരയില്‍ പ്രചാരണ രംഗത്തുപയോഗിച്ചിരുന്ന ആയുധങ്ങളെയൊക്കെ അപ്രസക്തമാക്കി ഈ സംഭവം ഏക പ്രചാരണായുധമായി. ആ ഒറ്റ സംഭവം തെരഞ്ഞെടുപ്പ് രംഗത്തെയാകെ മാറ്റി മറിച്ചു. സംശയത്തിന്റെ മുന സി പി എമ്മിലേക്ക് വീഴാന്‍ തുടങ്ങിയപ്പോളാണ്, ഈ   തെരഞ്ഞെടുപ്പ് ജയിക്കണമെന്ന വാശി പിണറായി വിജയനുണ്ടായത്.  യു ഡി എഫ് ഭരണത്തെ അട്ടിമറിക്കില്ല എന്ന് പറഞ്ഞു നടന്നിരുന്ന വിജയന്, ഭരണം കയ്യിലുണ്ടാകേണ്ട ആവശ്യം വന്നു ചേര്‍ന്നു. പാര്‍ട്ടി നേതാക്കള്‍ ഓരോന്നായി അറസ്റ്റ് ചെയ്യപ്പെട്ടപ്പോഴാണ്, പറ്റിയ മണ്ടത്തരം  മനസിലായത്. വി എസ് മുഖ്യമന്ത്രി ആകാതിരിക്കാന്‍ വേണ്ടി പല മണ്ഡലങ്ങളിലും തോറ്റു കൊടുത്തത് ബുദ്ധി മോശമായിപ്പോയി എന്നദ്ദേഹം വൈകിയാണെങ്കിലും തിരിച്ചറിഞ്ഞു. നെയ്യാറ്റിന്‍കര ജയിക്കണമെന്ന ആഗ്രഹവം ​കടന്ന്, ഭരണ മാറ്റം വേണം എന്ന അത്യാഗ്രഹം കൂടി ആ കുടില മനസിലുണ്ടായി. വി എസ് മുഖ്യമന്ത്രി ആയാലും വേണ്ടില്ല ഭരണം കയ്യിലുണ്ടെങ്കില്‍ ചന്ദ്രശേഖരന്‍ വധക്കേസില്‍ അകപ്പെട്ട പാര്‍ട്ടി നേതാക്കളെ രക്ഷിച്ചെടുക്കണം  എന്ന ചിന്തയില്‍, കഴിഞ്ഞ ഒരു വര്‍ഷം മനപ്പൂര്‍വ്വം മറന്നു കളഞ്ഞ ഭരണ മാറ്റം കൂടെക്കൂടെ ഉരുവിടാനും തുടങ്ങി. അപ്പോഴാണ്, ഇടി വെട്ടിയവനെ പാമ്പു കടിച്ചതുപോഎ എം എം മണി തന്റെ വീര കഥകളുമായി  വേദി കയ്യടക്കിയത്. പക്ഷെ കുലംകുത്തി പ്രയോഗം സാധാരണ ജനങ്ങളില്‍ വെറുപ്പുണ്ടാക്കി.  എം.എം. മണിയുടെ പ്രസംഗ ശൈലിയിലെ വ്യതിയാനത്തോടെ   ആ വെറുപ്പ് മൂര്‍ദ്ധന്യാവസ്ഥയിലെത്തി.

എല്ലാം  കീഴ്മേല്‍ മറിഞ്ഞു. ജയിക്കുമെന്ന് തീര്‍ച്ചയുണ്ടായിരുന്ന എല്‍ ഡി എഫ് പ്രതിരോധത്തിലുമായി.  മത്സരം ബി ജെ പിയും യു ഡി എഫും തമ്മിലായി. ചന്ദ്രശേഖരന്‍ വധവും മണിയുടെ വെളിപ്പെടുത്തലുകളും യു ഡിഎഫ് അതി സമര്‍ദ്ധമായി ഉപയോഗിച്ചു. ജനവിധി യു ഡി എഫിനനുകൂലമാക്കി. പതിനായിരത്തിനും ഇരുപതിനായിരത്തിനും ഇടയില്‍ ഭൂരിപക്ഷത്തിനു  ജയിക്കേണ്ടിയിരുന്ന എല്‍ ഡി എഫ് ആറായിരം വോട്ടിനു പരാജയപ്പെട്ടു.

പുതുതായി  10 % വോട്ടു കൂടുതലുണ്ടായിട്ടും, സെല്‍വരാജിന്, കഴിഞ്ഞ പ്രാവശ്യം നേടിയ വോട്ടുകള്‍ നേടാനായില്ല. ചന്ദ്രശേഖരന്‍ വധത്തിനു  മുന്നേ നിക്ഷ്പക്ഷരുടെയും അസംതൃപ്തരുടെയും വലിയ ഒരു സംഖ്യ വോട്ടുകള്‍ എല്‍ ഡി എഫിലേക്ക് ചാഞ്ഞിരുന്നു. ചന്ദ്രശേഖരന്‍ വധം  ആ വോട്ടുകളില്‍ ഭൂരിഭാഗം ബി ജെപിക്കും കുറച്ച് സെല്‍വരാജിനും പോകുന്നതിനു വഴി വച്ചു. അത് മുഴുവനും ബി ജെപിക്ക് പോയിരുന്നെങ്കില്‍ എല്‍ ഡി എഫ് ജയിക്കുമായിരുനു. കുറച്ച് സെല്‍വരാജിലേക്ക് തിരികെ പോകാന്‍ കാരണം അദ്ദേഹത്തിന്റെ കലക്കവെള്ളത്തിലെ മീന്‍ പിടുത്തമാണ്. സി പി എമ്മിലായിരിക്കുമ്പോള്‍ തന്നെ തന്റെ ജീവനു ഭീക്ഷണിയുണ്ടായിരുന്നു എന്നദേഹം ആദ്യം പറഞ്ഞത് മുട്ടായുക്തി ആയിരുന്നു. പക്ഷെ ചന്ദ്രശേഖരന്‍ വധം കഴിഞ്ഞപ്പോള്‍ അദ്ദേഹം പറഞ്ഞതില്‍ കഴമ്പുണ്ടായിരുന്നു എന്ന് കുറച്ചു പേരെങ്കിലും സംശയിച്ചു. മണിയുടെ മലനാടന്‍ തമാശ അതിനെ വോട്ടാക്കി അദ്ദേഹത്തിന്റെ പെട്ടിയിലും വീഴിച്ചു. എണ്ണായിരത്തി അഞ്ഞൂറിലേറെ വോട്ടുകള്‍  ഇടതുമുന്നണിക്ക് ഇത്തവണ ചോര്‍ന്നു.  ഇരുപതിനായിരത്തോളം വോട്ടുകള്‍ കൂടുതല്‍ പോള്‍ ചെയ്തപ്പോഴായിരുന്നു ഈ ചോര്‍ച്ച.

ഈ തെരഞ്ഞെടുപ്പിന്റെ ഗതി മാറ്റിയത് ചന്ദ്രശേഖരന്‍ വധം തന്നെയാണ്. സി പി എം ഔദ്യോഗിക നേതാക്കള്‍ അത് സമ്മതിക്കില്ല എങ്കിലും.  അവര്‍ ഒരു കാരണം കണ്ടു പിടിക്കും. അത് സ്വഭാവികമായി വി എസ് അച്യുതാനന്ദനും ആയിരിക്കും. കുറച്ചു കാലമായിട്ട് എല്ലാ തോല്‍വിയുടെയും കാരണം അച്യുതാനന്ദന്‍  ആണെന്നാണല്ലോ സി പി എമ്മിലെ നാട്ടു നടപ്പ്.

ഈ തെരഞ്ഞെടുപ്പ് പലതുകൊണ്ടും  പലര്‍ക്കും ഒരു ഷോക്ക് ട്രീറ്റ്മെന്റാണ്. പരമ്പരാഗത തെരഞ്ഞെടുപ്പു മാനദണ്ഡങ്ങള്‍ വച്ച് ഒരിക്കലും ജയിക്കാന്‍ സാധ്യത ഇല്ലാതിരുന്നിട്ടും, യു ഡി എഫിനെ വോട്ടര്‍മാര്‍ ജയിപ്പിച്ചു. കൊലപാതകം നടത്തിയവരെ സംരക്ഷിക്കുന്ന  സി പി എമ്മിലെ ചിലര്‍ക്കുള്ള താക്കീതാണത്. ജനജീവിതം ദുസഹമാക്കുന്നവരെങ്കിലും യു ഡി എഫിനെ തെരഞ്ഞെടുത്തതിന്റെ ഗുണപാഠം അതാണ്. വലിയ ഒരു വിഭാഗം വോട്ടര്‍മാര്‍, യു ഡി എഫിലെയും  എല്‍ ഡി എഫിലെയും, ബി ജെപിക്ക് വോട്ടു ചെയ്തു. അതിലെ യു ഡി എഫ് വോട്ടുകള്‍ കേരള ഭരണം  മുസ്ലിം ലീഗ് എന്ന വര്‍ഗ്ഗിയ സംഘടനക്കു മുമ്പില്‍ അടിയറ വച്ചതിന്റെ പ്രതിക്ഷേധമായിട്ടാണ്, ബി ജെ പിയിലേക്ക് പോയത്. എല്‍ ഡി എഫ് വോട്ടുകള്‍  ബി ജെപിക്ക് പോയത്, മുസ്ലിം പ്രീണനത്തിനും   സി പി എം നേതൃത്വത്തിലെ ചിലരുടെ കൊലപാതക രാഷ്ട്രീയത്തിനും ഉള്ള പ്രതിക്ഷേധമായിട്ടാണ്.

ഇതൊക്കെ കാലത്തിന്റെ ചുമരില്‍ ജനങ്ങള്‍ എഴുതി വയ്ക്കുന്ന താക്കീതുകളാണ്. ബി ജെപിയെ ഭരണം ഏല്‍പ്പിക്കാനുള്ള ചിന്തയായി ഇതിനെ വിലയിരുത്താനും ആകില്ല. ഇടതുപക്ഷം ക്ഷയിച്ചാല്‍ ഇവിടെ കയറി വരുന്നത് ബി ജെ പി ആയിരിക്കും എന്ന ചൂണ്ടുപലകയാണിത്. ഇത് മനസിലാക്കി പ്രവര്‍ത്തിച്ചാല്‍ നേട്ടം ഇടതുപക്ഷത്തിനായിരിക്കും. കോണ്‍ഗ്രസിന്, മുസ്ലിം ക്രൈസ്തവ പ്രീണന ചക്രത്തില്‍ നിന്നും മോചനമുണ്ടാകാന്‍ സാധ്യതയില്ല. ലീഗ് മലപ്പുറത്തിനും, കേരള കോണ്‍ഗ്രസ് കോട്ടയത്തിനും അപ്പുറത്തേക്ക് വളരാനും പോകുന്നില്ല. ലീഗിന്റെ വളര്‍ച്ച മുരടിച്ചു കഴിഞ്ഞു. ഇപ്പോള്‍ കിട്ടിയിരിക്കുന്നത് അവര്‍ക്ക് പരമാവധി കിട്ടാവുന്ന   നേട്ടമാണ്. ഭരണം വേണമെങ്കില്‍ കോണ്‍ഗ്രസിന്, ഇവരെ പ്രീണിപ്പിക്കാതെ വയ്യ. പക്ഷെ ഇടതുപക്ഷത്തിനാ ഗതികേടില്ല. ഇതുപോലെയുള്ള പ്രീണനമില്ലാതെ തന്നെ ഭരണം നേടാന്‍ അവര്‍ക്കാകും.


ഈതെരഞ്ഞെടുപ്പു പരാജയവും എങ്ങനെ വി എസിന്റെ ഉത്തരവാദിത്തം ആക്കിയെടുക്കാം എന്നായിരിക്കും വിജയനിപ്പോള്‍ ചിന്തിക്കുന്നത്.

ചന്ദ്രശേഖരന്റെ വധവും പരോക്ഷമായി വി എസിന്റെ ചുമലില്‍ വച്ചു കൊടുക്കാന്‍ വിജയന്‍  ശ്രമിക്കും. ചന്ദ്രശേഖരന്‍ സി പി എമ്മിലേക്ക് തിരികെ വരാന്‍ സന്നദ്ധത അറിയിച്ചിരുന്നു എന്നും ഏതോ അജ്ഞാത ശക്തി അദ്ദേഹത്തെ പിന്തിരിപ്പിച്ചു എന്നും പ്രചരിപ്പിക്കുന്നുണ്ട്. വിജയന്‍ ഉദ്ദേശിക്കുന്ന ശക്തി വി എസ് അല്ലാതെ  മറ്റാരുമല്ല. ചന്ദ്രശേഖരന്‍ വി എസിനെ റ്റെലിഫോണ്‍ ചെയ്തിരുന്നു എന്നതിന്റെ തെളിവുകളൊക്കെ ഇപ്പോള്‍ അന്വേഷിച്ചു കൊണ്ടിരിക്കുന്നു.

ഒരിടക്കാലത്തിനു ശേഷം  ചന്ദ്രശേഖരനെ കുലം കുത്തി എന്നും വീണ്ടം ​വിളിച്ചു തുടങ്ങി. ഓര്‍ക്കാട്ടേരിയില്‍ നടന്ന യോഗത്തില്‍ അണത് ആരംഭിച്ചിരിക്കുന്നതും. ചന്ദ്രശേഖരന്‍ പാര്‍ട്ടി ശത്രുക്കളോട് ചേര്‍ന്ന് പാര്‍ട്ടിയെ തകര്‍ക്കാന്‍ ശ്രമിച്ച വര്‍ഗ്ഗ വഞ്ചകന്‍ ആയിരുന്നു എന്നാണവിടെ ആവര്‍ത്തിച്ചതും. ഇപ്പോള്‍ കോണ്‍ഗ്രസില്‍ ചേക്കേറി നെയ്യാറ്റിന്‍കര മണ്ഡലം  പാര്‍ട്ടിക്ക് നഷ്ടപ്പെടുത്തിയ സെല്‍വരാജ് വര്‍ഗ്ഗ വഞ്ചകനല്ല. സിന്ധു ജോയി അല്ല. അബ്ദുള്ളക്കുട്ടി അല്ല. ശിവരാമന്‍ അല്ല. മനോജ് അല്ല. വിജയന്‍ മുന്‍ കൈ എടുത്ത് പാര്‍ട്ടി ചാനലിന്റെ തലപ്പത്തു പ്രതിഷ്ടിച്ച, ഇപ്പോള്‍ മുര്‍ഡോക്കിന്റെ അടിമപ്പണിക്കു പോയ  ബ്രിട്ടാസ് അല്ലേ അല്ല. കോണ്‍ഗ്രസുമായോ യു ഡി എഫുമായോ യാതൊരു വിധ നീക്കുപോക്കുകളും നടത്താതെ അവസാന ശ്വാസം വരെ കമ്യൂണിസ്റ്റായി ജീവിച്ച സഖാവ് ചന്ദ്രശേഖരന്‍ വര്‍ഗ്ഗ വഞ്ചകനാണ്. കുലം കുത്തി ആണ്.



Sunday 3 June 2012

ലാല്‍ സലാം 






ചന്ദ്രശേഖരന്‍ എന്ന കമ്യൂണിസ്റ്റുകാരന്‍ അതിദാരുണമായി കൊല ചെയ്യപ്പെട്ടപ്പോള്‍ കേരള സാമൂഹ്യ രാഷ്ട്രീയ മണ്ഡലങ്ങളെ അത് അക്ഷരാര്‍ത്ഥത്തില്‍  പിടിച്ചു കുലുക്കി. പരമ്പരാഗത കമ്യൂണിസ്റ്റുവിരുദ്ധരും സി പി എം വിരുദ്ധരും അത് സി പി എം എന്ന പാര്‍ട്ടിക്കെതിരെ കുറ്റവിചാരണക്കായി ഉപയോഗിച്ചു. പക്ഷെ കേരള സി പി എം പാര്‍ട്ടി നേതാക്കളില്‍ പലരും  ഈ കുറ്റവിചാരണ അര്‍ഹിക്കുന്നതാണെന്ന രീതിയില്‍ പ്രതികരിച്ചു. അതിന്റെ മുന്നണിയില്‍ നിന്നത് പിണറായി വിജയനായിരുന്നു.



 ചന്ദ്രശേഖരന്‌ അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ വി എസ് പോകുമെന്നറിഞ്ഞപ്പോള്‍ അദ്ദേഹത്തെ അതില്‍ നിന്നും വിലക്കാന്‍ നോക്കി  വിജയന്‍. പക്ഷെ വിഎസ് അതിനെ ഗൌനിച്ചില്ല. വേണ്ടതിനും വേണ്ടാത്തതിനും വി എസിനെ വിലക്കുക എന്നത് കുറച്ചു നാളായി വിജയന്റെ ദിനചര്യയുടെ ഭാഗമാണല്ലോ. കുഞ്ഞനന്തന്‍ നായരുടെ വീട്ടില്‍ പോകുന്നതില്‍ നിന്നും വി എസിനെ വിലക്കാന്‍ നോക്കി. പക്ഷെ അദ്ദേഹം വക വച്ചില്ല. പിന്നെ അവിടെ  നിന്നും ഭക്ഷണം കഴിക്കുന്നതിനു വിലക്കേര്‍പ്പെടുത്തി. പക്ഷെ ഇളനീര്‍ കുടിച്ച്  വിജയനെ നാണം കെടുത്തി. ഇതൊക്കെ അറിഞ്ഞുകൊണ്ട്  വീണ്ടും ഒരു വിലക്കുമായി വിജയന്‍ വന്നു. പക്ഷെ വി എസ് അതിനെയും വകവച്ചില്ല.

ചന്ദ്രശേഖരന്റെ ശവശരീരത്തോടു പോലും നീതികാണിക്കാതെ അദ്ദേഹം കുലം ​കുത്തി ആണെന്നും, ഒറ്റുകാരന്‍ ആണെന്നും, വര്‍ഗ്ഗവഞ്ചകന്‍  ആണെന്നും  വിജയന്‍  ആവര്‍ത്തിച്ചു.  ധാര്‍മ്മികത   മുഴുവന്‍ ചോര്‍ന്നു പോയ അവസ്ഥയിലായി സി പി എം എന്ന പാര്‍ട്ടി. ഇനിയും സി പി എമ്മില്‍ അവശേഷിക്കുന്ന ധാര്‍മ്മികത ഉള്ളതുകൊണ്ട് വി എസിന്‌ വിജയന്റെ അഭിപ്രായത്തോട് യോജിക്കാനായില്ല. അദ്ദേഹം പരസ്യമായി തന്നെ വിജയന്റെ അഭിപ്രായത്തെ നിരാകരിച്ചു. അത് പാര്‍ട്ടിയുടെ അഭിപ്രായമല്ല, എന്നും പിണറായി വിജയന്റെ വ്യക്തിപരമായ അഭിപ്രായമാണെന്നും വി എസ് പറഞ്ഞു. സി പി എമ്മിന്റെ ചരിത്രത്തില്‍ ആദ്യമായിട്ടാണ്, പാര്‍ട്ടി സെക്രട്ടറിയുടെ നിലപാടിനെ മുതിര്‍ന്ന ഒരംഗം പൊതു വേദിയില്‍ നിരാകരിക്കുന്നതും. അതു കേട്ട ഉടനെ വിജയന്റെ ചാവേറുകളായ ഭാസുരേന്ദ്ര ബാബുവും  മാധവന്‍കുട്ടിയും ഏക സ്വരത്തില്‍  പ്രഖ്യാപിച്ചു. ഇനി  വി എസും പിണറായി വിജയനും  ഒരുമിച്ച് ഒരു പാര്‍ട്ടിയില്‍ ഉണ്ടാകില്ല.

ചന്ദ്രശേഖരന്റെ വീട്ടില്‍ വി എസ് പോകും എന്ന് കേരളത്തിലെ എല്ലാവരും പ്രതീക്ഷിച്ചിരുന്നതാണ്. പക്ഷെ അത് എന്ന് സംഭവിക്കുമെന്നത് തീര്‍ച്ചയുണ്ടായില്ല. ഇതിനിടയില്‍ മണിയുടെ വക അടിയേറ്റ് പാര്‍ട്ടി ഞെട്ടിത്തരിച്ചു നിന്നു. പക്ഷെ വിജയനു കുലുക്കമൊന്നുമുണ്ടായില്ല. മണിയുടെ പ്രസംഗത്തില്‍ ചില വ്യതിയാനങ്ങളുണ്ടായി എന്നും അത് തിരുത്തും എന്നുമേ അദ്ദേഹം പറഞ്ഞു. മണി പല കൊലപാതകങ്ങളും ഏറ്റെടുത്തകൂടെ വി എസിനെ അധിക്ഷേപിക്കാനും മറന്നില്ല. ചന്ദ്രശേഖരന്‍ വി എസിന്റെ അമ്മയിയപ്പനാണോ എന്നു വരെ മണി ചോദിച്ചു.  എങ്കില്‍ ചന്ദ്രശേഖരന്‍ വി എസിനാരാണെന്നു മണി ഇപ്പോള്‍ തന്നെ അറിയട്ടെ എന്ന് വി എസും .  ഉടനെ ചന്ദ്രശേഖരന്റെ വീട്ടിലേക്ക് പോകാന്‍ തീരുമാനിച്ചു. പാര്‍ട്ടിയുടെ ഉന്നത നേതാക്കള്‍ അറിഞ്ഞു കൊണ്ടു തന്നെ ആണദ്ദേഹം  അവിടെ പോയതും. വിലക്കാന്‍ നോക്കി കാണും. അല്ലെങ്കില്‍ വിജയന്‍ മറ്റൊരാളായി ജനിക്കേണ്ടിയിരിക്കുന്നു.


ഒരു കമ്യൂണിസ്റ്റില്‍ നിന്നും ജനം പ്രതീക്ഷിക്കുന്ന നടപടിയേ വി എസ് ചെയ്തുള്ളു. ഇത്കുറച്ചു കൂടെ നേരത്തെ ആക്കാമായിരുന്നു എന്നു മാത്രം. തന്റെ ഉറച്ച അനുയായി ആയിരുന്ന ചന്ദ്രശേഖരന്റെ വെട്ടേറ്റ മുഖം ഇത്ര നാളും അദ്ദേഹത്തിന്റെ ഉറക്കം കെടുത്തിയിരിക്കണം. ഇനിയും നീട്ടിക്കൊണ്ടുപോകാനാകാത്ത വിധം അതദ്ദേഹത്തെ മഥിച്ചപ്പോള്‍ ആ വീട്ടിലേക്ക് വി എസ് പോയി. പിണറായി വിജയനോ പ്രകാശ് കരാട്ടിനോ ഇത് ചെയ്യാമായിരുന്നു. വിജയനൊരു പക്ഷെ അവിടെ സ്വീകരിക്കപ്പെടുമായിരുന്നില്ല. എങ്കിലും പോകാന്‍ അഗ്രഹിക്കുന്നു എന്ന ഒരു വാക്കു പറയാമായിരുന്നു. പക്ഷെ മനസില്‍ അടിഞ്ഞുകൂടിയ കുടിലത അതദ്ദേഹത്തേക്കൊണ്ട് പറയിച്ചില്ല. പ്രകാശ കാരാട്ട് നായനാര്‍ അനുസ്മരണ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ മംഗലാപുരംവഴിയാണു  വന്നത്.  കാസര്‍കോട്ട് വിശ്രമിച്ചു  പെരളശേരിയില്‍ വന്ന് പ്രസംഗിച്ച് അതേ വഴിയിലൂടെ തിരിച്ചു പോയി. പ്രകാശ് കാരാട്ട് ചന്ദ്രശേഖരന്റെ വീട്ടില്‍ അസ്വീകാര്യനാണെന്ന് ആരും പറഞ്ഞു കേട്ടിട്ടില്ല. അത് ചെയ്തിരുന്നെങ്കില്‍ സി പി എമ്മിനു വിജയന്‍ അവതരിപ്പിക്കുന്ന പൈശാചികതയുടെ മുഖം മാത്രമല്ല, മാനവികതയുടെ മുഖം കൂടി ഉണ്ടെന്ന് ലോകത്തെ ബോധ്യപ്പെടുത്താന്‍ കഴിയുമായിരുന്നു. വിജയനും കാരാട്ടും പരാജയപ്പെട്ടിടത്ത് വി എസിനു വിജയിച്ചേ പറ്റൂ.  സി പി എമ്മില്‍ ഇനിയും അവശേഷിക്കുന്ന മാനവികതയുടെയും ധാര്‍മ്മികതയുടെയും  മുഖമാണിന്ന് വി എസ്. ഏറ്റവും ഉചിതമായ കാര്യമാണദ്ദേഹം ചെയ്തതും.



മറ്റേതൊരു കൊലപതകവും പോലെ വെറുമൊരു രാഷ്ട്രീയ കൊലപാതകമായി ഭാവിയില്‍ എഴുതി തള്ളപ്പെടേണ്ടിയിരുന്ന ഈ കൊല പാതകം ഇപ്പോള്‍ കേരളരാഷ്ട്രീയത്തിന്റെ ഗതി നിര്‍ണ്ണയിക്കുന്ന സംഭവം ആയി മാറി.  കൂടാതെ   സി പിമ്മിലെ ഔദ്യോഗ നേതൃത്വത്തിനു പുതിയ ഒരു പട്ടം ചാര്‍ത്തി കൂടി  കൊടുത്തു. കൊലപാതകികളുടെ ഗൂഡ സംഘം. ഇടുക്കി ജില്ലാ സെക്രട്ടറി മണി അതിനു പെരുമ്പറയും കൊട്ടികൊടുത്തു.  ഒരു മൃഗത്തിന്റെ ചേഷ്ടയോടെ മണി പറഞ്ഞു.


ഞങ്ങള്‍ ഒരു പ്രസ്താവനയിറക്കി. 13 പേര്‍. വണ്‍, ടൂ, ത്രീ, ഫോര്‍. . . ആദ്യത്തെ മൂന്നുപേരെ ആദ്യം കൊന്നു. വെടിവെച്ചാ കൊന്നത് ഒന്നിനെ. ഒന്നിനെ കുത്തിക്കൊന്നു. ഒന്നിനെ തല്ലിക്കൊന്നു. മനസ്സിലായില്ലേ, ഒന്നാം പേരുകാരനെ ആദ്യം വെടിവെച്ച്, രണ്ടാം പേരുകാരനെ തല്ലിക്കൊന്നു, മൂന്നാം പേരുകാരനെ മൂന്നാമത് കുത്തിക്കൊന്നു.  

ഇതുപോലെയുള്ള കാട്ടു മൃഗങ്ങളുടെ ഇടയില്‍ വി എസിന്റെ ശബ്ദം മാനവികതയുടെയും,ധാര്‍മ്മികതയുടെയും, ആശ്വാസത്തിന്റെയുമാണ്.  സി പി എം എന്ന പാര്‍ട്ടിയുടെ മേല്‍ വീണ കരിനിഴല്‍ കുറച്ചെങ്കിലും കഴുകിക്കളയാന്‍ വി എസിന്റെ സന്ദര്‍ശനത്തിനു സാധിച്ചു.