Showing posts with label രാഷ്ട്രീയം. Show all posts
Showing posts with label രാഷ്ട്രീയം. Show all posts

Tuesday, 28 June 2016

പരിസ്ഥിതി തീവ്രവാദവും ശാസ്ത്ര തീവ്രവാദവും

പരിസ്ഥിതി തീവ്രവാദവും ശാസ്ത്ര തീവ്രവാദവും
----------------------------------------------------------------------------------------

പരിസ്ഥിതി തീവ്രവാദം എല്ലാവർക്കും സുപരിചിതമാണ്. പരിസ്ഥി  പറഞ്ഞു എല്ലാ  വികസന പ്രവർത്തനങ്ങളും  എതിർക്കുന്ന  വരട്ടു വാദമാണത്. പക്ഷെ  ശാസ്ത്ര തീവ്രവാദം എന്ന വാക്ക്  അധികം കേട്ടിരിക്കാൻ സാധ്യതയില്ല. എല്ലാറ്റിനും ഉത്തരവും പ്രതിവിധിയും ശാസ്ത്രമാണെന്നു പറയുന്ന ഒരു തരം വരട്ടു വാദമാണത്.

ഇപ്പോൾ ഇത് പറയാൻ കാരണം ഈ വേദികളിൽ നടക്കുന്ന സംവാദം തന്നെ. ജൈവ കൃഷി  പ്രോത്സാഹിപ്പിക്കും എന്ന്  കൃഷി മന്ത്രി പറഞ്ഞതിനെ പുച്ഛിച്ചുകൊണ്ട് പലരും ശാസ്ത്ര തീവ്രവാദികളാകുന്നു. ജൈവ കൃഷി എന്നു കേൾക്കുമ്പോഴേക്കും ഈ തീവ്രവാദികൾക്ക് ഹാലിളകുന്നു. അതിന്റെ കാരണം മനസിലാകുന്നില്ല.

ഈ  വാദപ്രതിവാദങ്ങളുടെ കാരണം മാതൃഭൂമി ചാനലിൽ നടന്ന ഒരു സംവാദമാണ്.
http://mathrubhuminews.in/ee/Programs/Episode/27019/akam-puram-episode-1631/E

അതിൽ  ശ്രീ രവിചന്ദ്രനും ശ്രീ സുനിൽ കുമാറും തമ്മിൽ ചില വാക്കു തർക്കങ്ങളുണ്ടായി. തരിശായി കിടക്കുന്ന സ്ഥലങ്ങളിൽ ജൈവ കൃഷി നടത്തുമെന്ന് സുനിൽ കുമാർ പറഞ്ഞതായിരുന്നു രവിചന്ദ്രനെ പ്രകോപിപ്പിച്ചത്. ഇതുപോലെ എതിർക്കാൻ മാത്രം അരുതാത്തത് സുനിൽ കുമാർ പറഞ്ഞതായി തോന്നുന്നില്ല. പണ്ട് കാലത്ത് ആളുകൾ കൂടുതൽ കാലം ജീവിച്ചിരുന്നു എന്നദ്ദേഹം പറഞ്ഞു. അതിശയോക്തി തട്ടിക്കിഴിച്ചാലും അതിൽ കാര്യമുണ്ട്. ജൈവ കൃഷി മാത്രം നടത്തിയിരുന്ന കാലത്ത് സാമ്പത്തിക ശേഷി ഉള്ളവർ കൂടുതൽ കാലം ജീവിച്ചിരുന്നു എന്നാണദ്ദേഹം പറഞ്ഞതിൽ നിന്നും എനിക്ക് മനസിലായത്. അത് ശരിയുമാണ്. സമ്പന്നരുടെ ജീവിത നിലവാരം ഉയർന്നതായിരുന്നു. പോക്ഷകഗുണമുള്ള ഭക്ഷണം അവർ കഴിച്ചിരുന്നു. ആരോഗ്യം സംരക്ഷിച്ചിരുന്നു. അതുകൊണ്ട് പകർച്ചവ്യാധികളൊന്നും അവരെ ബാധിച്ചിരുന്നില്ല. അപ്പോൾ മറ്റു  ഘടകങ്ങൾ അനുകൂലമാണെങ്കിൽ രാസ വളം ഇല്ലെങ്കിലും മനുഷ്യർക്ക് ആരോഗ്യത്തോടെ കൂടുതൽ കാലം ജീവിച്ചിരിക്കാം. പട്ടിണി ഇല്ലാതായത് മാത്രമാണ് മനുഷ്യന്റെ ആയുസു വർദ്ധിപ്പിച്ചതെന്ന് പറയുന്നത് അതീവ ലളിതവത്കരണമാണ്.  ആരോഗ്യ രംഗത്തുണ്ടായ  നേട്ടങ്ങളാണ് മനുഷ്യന്റെ ആയുസു വർദ്ധിപ്പിക്കുന്നതിൽ ഏറ്റവും വലിയ പങ്കു വഹിച്ചിട്ടുള്ളത്.

രവിചന്ദ്രൻ തികച്ചും അസാംഗത്യമായ ഒരു കാര്യം ഈ ചർച്ചയിൽ കൊണ്ട് വന്നു. അത് ബംഗാൾ ക്ഷാമമാണ്. ജൈവ കൃഷി നടത്തിയ കാലത്ത് ക്ഷാമമുണ്ടായി പട്ടിണി മൂലം മനുഷ്യർ മരിച്ചു എന്നു സ്ഥാപിക്കാൻ വേണ്ടി ആയിരുന്നു അത് വലിച്ച് കൊണ്ട് വന്നത്. ഭക്ഷണമില്ലെങ്കിൽ മനുഷ്യർ മാത്രമല്ല. എല്ലാ ജീവജാലങ്ങളും മരിക്കും. പക്ഷെ ബംഗാൾ ക്ഷാമത്തിന്റെ പ്രധാന കാരണം ഭക്ഷണം ഇല്ലായ്മയല്ല. കൃത്രിമം ആയിട്ടുണ്ടാക്കിയ ക്ഷമമായിരുന്നു. ഇന്ത്യയിൽ ഇന്ന് എല്ലാ ഇന്ത്യ ക്കാരെയും തീറ്റിപോറ്റാനുള്ള ധാന്യം ഉത്പാദിപ്പിക്കുന്നുണ്ട്. പക്ഷെ പട്ടിണി മൂലം മനുഷ്യർ കഷ്ടപ്പെടുന്നു. പലരും മരിക്കുന്നു. ലോകത്ത് തന്നെ ആവശ്യമുള്ളതിനേക്കാൾ പല മടങ്ങ് ഭഷണപദാർതഥങ്ങൾ ഉത്പാദിപ്പിക്കുന്നുണ്ട്. പക്ഷെ പല കോണുകളിലും മനുഷ്യർ പട്ടിണി കൊണ്ട് മരിക്കുന്നു.

രാസവളകൃഷി കൊണ്ട് മനുഷ്യരെ മരണത്തിൽ നിന്നും രക്ഷിച്ചു എന്നതിന്റെ മറുവശമാണ് ഹിരോഷിമയും നാഗസാക്കിയും. രണ്ട് വർഷം കൊണ്ട് ബംഗാൾ ക്ഷാമം 10  ലക്ഷം  പേരെ കൊന്നെങ്കിൽ, ഒറ്റനിമിഷം കൊണ്ട് ശാസ്ത്രം ഒരു ലക്ഷം പേരെ വകവരുത്തി.

ഇത്രയും ആമുഖമായി  പറഞ്ഞത് രാസ/ജൈവ വളങ്ങളെക്കുറിച്ച് പറഞ്ഞു പരത്തുന്ന അടിസ്ഥാനമില്ലാത്ത തർക്കങ്ങളിലേക്ക് വരാൻ വേണ്ടി ആയിരുന്നു. ഈ പേരുകൾ തന്നെ അസ്ഥാനത്താണ്. ഏത് വളത്തിൽ  നിന്നായാലും മൂലകങ്ങൾ എന്ന രാസവസ്തുക്കൾ ആണ് ചെടികൾ വളരാൻ വലിച്ചെടുക്കുന്നത്. ഈ പദങ്ങളെക്കാൾ യോജിക്കുക, പ്രകൃതി വളം /കൃത്രിമ വളം എന്നീ  പേരുകളാണ്. രാസവളമെന്നു വിളിക്കുന്നതൊക്കെ കൃത്രിമയായി ഉണ്ടാക്കി എടുക്കുന്നു. ജൈവവളമെന്നു വിളിക്കുന്നത് പ്രകൃതിയിൽ ഉള്ള വസ്‌തുക്കളിൽ നിന്നും ഉണ്ടാക്കി എടുക്കുന്നു.

എന്താണ് ജൈവവളമെന്നും രാസവളമെന്നും പറയുന്നതിന് മുന്നേ എന്താണ് വളമെന്നു നോക്കാം. ചെടികൾക്ക് വളരാൻ വേണ്ട പോക്ഷകമുലകങ്ങളാണ് വളം. രാസ വളത്തിൽ  ആയാലും ജൈവ വളത്തിൽ ആയാലും ചെടികൾ ഈ മുലകങ്ങളെയാണ് വലിച്ചെടുത്ത് വളരുന്നത്. ജൈവവളത്തിലെ പത്തുകിലോയിൽ നിന്നും ലഭിക്കുന്ന മൂലകങ്ങൾ രാസവളത്തിലെ ഒരു കിലോയിൽ നിന്നും ലഭിക്കുന്നു. അത്രയേ ഉള്ളു  വ്യത്യാസം.

പ്രകൃതി വളം എന്നു പറഞ്ഞാൽ ഏറ്റവും കുറച്ച് സംസ്കരണം വഴി ഉണ്ടാക്കി എടുക്കുന്ന വളം എന്നേ അർത്ഥമുള്ളൂ. പോക്ഷകങ്ങൾ അതിന്റെ തനതായ പ്രകൃതി ദത്തമായ അവസ്ഥയിൽ ഇരിക്കുന്നു. എന്നു വച്ചാൽ അതിനെ ശുദ്ധികരിച്ചോ സംസ്കരിച്ചോ എടുക്കുന്നില്ല എന്നർത്ഥം. അവ സാധാരണ ജൈവ വസ്തുക്കളിൽ നിന്നും ഉണ്ടാക്കുന്നു. മൃഗങ്ങളുടെയും ചെടികളുടെയും അവശിഷ്ടങ്ങളിൽ നിന്ന് . ചാണകം  കമ്പോസ്ററ്,  എല്ലുപൊടി, മീൻ  വളം , ചവറ് തുടങ്ങിയവ ഈ  ഗണത്തിൽ വരും. ഇവ ഫാക്ടറികളിലോ കൃഷിയിടങ്ങളിലോ നിർമ്മിക്കാം.

പ്രകൃതി വള ങ്ങൾക്ക് ചില ഗുണങ്ങളുണ്ട്. പോക്ഷകം ലഭ്യമാക്കും എന്നതിന് പുറമെ മണ്ണിന്റെ ഘടന സംരക്ഷിക്കും, ജലം പിടിച്ചുവയ്ക്കാൻ സഹായിക്കും. കാലം ചെല്ലുന്തോറും മണ്ണിനെയും ചെടികളെയും ആരോഗ്യകരമാക്കും. ചെടികൾക്കും മണ്ണിനും ദോഷമുണ്ടാക്കുന്ന അമിത വളം എന്ന പ്രശ്നമില്ല. വിഷവസ്തുക്കളുടെ ദൂഷ്യവും  ഇല്ല.  പ്രകൃതിയോടിണങ്ങുന്നതും എളുപ്പം അലിഞ്ഞു ചേരുന്നതും ആണ്.
ഈ വളത്തിന്റെ പോരായ്മ എന്നു പറയാവുന്നത് വളരെ സാവധാനം പോക്ഷകങ്ങൾ ലഭ്യമാക്കുന്നു എന്നതാണ്.ഒന്നോ രണ്ടോ വിളകൊണ്ട് ഉദ്ദേശിക്കുന്ന അല്ലെങ്കിൽ പ്രതീക്ഷിക്കുന്ന ഫലം ലഭിക്കില്ല. ക്ഷമ വേണം.

കൃത്രിമ വളം രാസവസ്തുക്കൾ ശുദ്ധികരിച്ച് കൃത്രിമമായി നിർമ്മിക്കുന്നവയാണ്. പ്രധാനമായതും പെട്രോളിയം ഉത്പന്നങ്ങളിൽ നിന്ന്. വളരെ കുറച്ച് അല്ലാതെയും നിർമിക്കുന്നു. ഇതിൽ മൂലകങ്ങളെ അതിന്റെ ഏറ്റവും നിർമ്മലമായ(pure)  അവസ്ഥയിൽ കാണാം. പക്ഷെ അതിൽ ഒരപകടം പതിയിരിക്കുന്നുണ്ട്. ഇങ്ങനെ സൂക്ഷിക്കണമെങ്കിൽ കെമിക്കൽ ഫില്ലേഴ്‌സ്(chemical fillers )  എന്നു പറയുന്ന മറ്റു  ചില രാസവസ്തുക്കൾ കൂടെ  വേണം. ഈ വളം ഇട്ടാൽ ഫലം പെട്ടെന്ന് കിട്ടും. കൂടെ മണ്ണിൽ ഈ ഫില്ലേഴ്‌സ് വലിയ ദൂഷ്യങ്ങളും  ഉണ്ടാക്കും.

കൃത്രിമ വളത്തിൽ പോക്ഷകങ്ങൾ അതിന്റെ ഏറ്റവും നല്ല അനുപാദത്തിൽ ഉള്ളതുകൊണ്ട് ഫലം പെട്ടെന്നു ലഭ്യമാണ്. വില കുറവും ആയിരിക്കും. പക്ഷെ ദോഷങ്ങൾ അനേകമുണ്ട്. മണ്ണ് സംരക്ഷിക്കാൻ ഉള്ള ഒന്നും ഇതിൽ ഇല്ല. ഫി ല്ലേ ഴ്സ് മണ്ണിന്റെ സ്വാഭാവികത നശിപ്പിക്കും. സൂക്ഷ്മാണുക്കളെ നശിപ്പിക്കും. ദീർ ഘ കാലാടിസ്ഥാനത്തിൽ മണ്ണ് അനാരോഗ്യകരമായ തീരും. അമിതവളപ്രയോഗത്തിലേക്ക് നയിച്ച് ചെടികളെ ഇല്ലാതാക്കും. പ്രാകൃതിക സന്തുലിതാവസ്ഥ തകിടം  മറിക്കും . കൂടുതൽ ആയി ഉപയോഗിച്ചാൽ വിഷാശങ്ങളുടെ തോത് കൂടും. പരിസ്ഥിതി മലിനീകരണം ഉണ്ടാകും. മണ്ണിന്റെ അമ്ലതക്ക് മാറ്റം  വരും. കീടാണു  ബാധ കൂടും.

മലിനീകരണമില്ലാത്ത ഒറ്റ ജല സ്രോതസും ഇന്ന് കേരളത്തിൽ ഇല്ല. തെരഞ്ഞെടുക്കേണ്ടത് നമ്മളാണ്. പെട്ടെന്ന് ലാഭമുണ്ടാക്കുന്ന രീതിയാണോ നല്ലത്, അതോ ദീർഘ കാല അടിസ്ഥാനത്തിൽ ദോഷം വരാത്ത രീതിയാണോ നല്ലത്?


പട്ടിണി മാറ്റാൻ കൃത്രിമ വളപ്രയോഗം വലിയ അളവിൽ സഹായിച്ചിട്ടുണ്ട് എന്നതിൽ തർക്കമില്ല. ഇന്ന് കേരളത്തിൽ പട്ടിണി ഇല്ല. പക്ഷെ പ്രകൃതി ആകെ നശിക്കുന്ന അവസ്ഥയിലേക്കാണ് കാര്യങ്ങളുടെ പോക്ക്. അതിനു തട  ഇടേണ്ട തല്ലേ ?

Tuesday, 10 December 2013

അണ്ണാ ഹസാരെയുടെ ചരിത്രപരമായ മണ്ടത്തരം.



"ചരിത്രപരമായ മണ്ടത്തരം", എന്ന പേരില്‍ ഇന്‍ഡ്യന്‍ രാഷ്ട്രീയത്തില്‍ അറിയപ്പെടുന്ന പ്രയോഗം, സി പി എം എന്ന കമ്യൂണിസ്റ്റുപാര്‍ട്ടിയുടെ ഒരു മണ്ടന്‍ തീരുമാനമാണ്. പ്രമുഖ ഗാന്ധിയനായ അണ്ണാ ഹസാരേക്കും  അതുപോലെ ഒരു മണ്ടത്തരം പറ്റി. താന്‍ പ്രചരണം നടത്തിയിരുന്നെങ്കില്‍ ആം ആദ്മി പാര്‍ട്ടി നേതാവ്, അരവിന്ദ് കെജ്‌രിവാള്‍ ഇപ്പോള്‍ മുഖ്യമന്ത്രി ആയിരുന്നേനെ എന്ന് അദ്ദേഹം പ്രസ്താവിച്ചിരിക്കുന്നു. വളരെ ശരി ആയ ഒരു അഭിപ്രായമാണത്.





ഇക്കഴിഞ്ഞ ഡെല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ പരമ്പരാഗത രാഷ്ട്രീയ പ്രവര്‍ത്തകരെയും  പാര്‍ട്ടികളെയും ഞെട്ടിച്ചു കൊണ്ട് രംഗ പ്രവേശം ചെയ്തിരിക്കുന്ന പാര്‍ട്ടിയാണ്, ആം ആദ്‌മി  പാര്‍ട്ടി.

ഇപ്പോള്‍ ഇന്‍ഡ്യ ഭരിക്കുന്ന കോണ്‍ഗ്രസ് പാര്‍ട്ടി അഴിമതിയുടെയും  ​സ്വജന പക്ഷപാതത്തിന്റെയും കൂത്തരങ്ങായി മാറിയിട്ട് കുറച്ചു നാളായി. അതിനെതിരെ സമരം ചെയ്തുകൊണ്ട് അണ്ണാ ഹസാരെ  രംഗത്തു വന്നിരുന്നു. അദ്ദേഹത്തിന്റെ ഭാഗത്തു നിലയുറപ്പിച്ച വ്യക്തി ആയിരുന്നു അരവിന്ദ് കെജ്‌രിവാള്‍. ആദ്യമൊക്കെ അണ്ണാ ഹസാരെയുടെ സമരത്തെ പിന്തുണക്കാന്‍ വളരെയേറെ പേരുണ്ടായി. അണ്ണാ ഹസാരെ അഴിമതിക്കെതിരെ സമരം ചെയ്തിട്ട്, മന്‍ മോഹന്‍  സിംഗിനോ കോണ്‍ഗ്രസ് പാര്‍ട്ടിക്കോ യാതൊരു കുലുക്കവുമുണ്ടായില്ല. സുപ്രീം കോടതി പല പ്രാവശ്യം  വിമര്‍ശിച്ചിട്ടും യാതൊരു മാറ്റവും കണ്ടില്ല.  എങ്കിലും അണ്ണാ  ഹസാരെ നിരഹാരവും അല്ലാത്തതുമായ സമരം കൊണ്ട് മുന്നോട്ട് പോയി. അദ്ദേഹത്തിന്റെ സമരത്തിനു ലഭിച്ച പിന്തുണ മദ്ധ്യവര്‍ഗ്ഗത്തില്‍ നിന്നും വിദ്യാര്‍ത്ഥികളില്‍ നിന്നും ആയിരുന്നു. പക്ഷെ ഒരു വര്‍ഷം കഴിഞ്ഞപ്പോഴേക്കും  സമരത്തിലുള്ള പങ്കാളിത്തം  ഗണ്യമായി കുറഞ്ഞു. പലരും അണ്ണാ ഹസാരെയോട് രാഷ്ട്രീയത്തില്‍ ഇറങ്ങാന്‍ അപേക്ഷിച്ചു. പക്ഷെ ഗാന്ധിയനായ അദ്ദേഹം അധികാര രാഷ്ട്രീയത്തിന്റെ ഭാഗമാകാന്‍ വിസമ്മതിച്ചു കൊണ്ട്, മുഖം തിരിച്ചു. ബഹുജനങ്ങളെ അണിനിരത്തി, ഇന്നുള്ള രാഷ്ട്രീയ പാര്‍ട്ടികളുടെ  പ്രവര്‍ത്തനത്തില്‍ മാറ്റം വരുത്താം എന്നൊക്കെ ആയിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹം. ഡെല്‍ഹിയിലെ അഴിമതി അടുത്തു നിന്നും  കണ്ട കെജ്‌രിവാളിനാ നിലപാട് സ്വീകാര്യമായില്ല. ഇന്നത്തെ അഴിമതി നിറഞ്ഞ വ്യവസ്ഥിതിയെ വിമര്‍ശിച്ച കേജ്‌രിവാളിന്റെ  സമരത്തെ കോണ്‍ഗ്രസ് പാര്‍ട്ടി കളിയാക്കി. കപില്‍ സിബല്‍ എന്ന കേന്ദ്ര മന്ത്രി ഒരു പടി കൂടെ കടന്ന്, "രാഷ്ട്രീയത്തിനു പുറത്തു നിന്ന് വിമര്‍ശിക്കാതെ അതിനെ ശുദ്ധീകരിക്കാന്‍ വേണ്ടി അകത്തു കടന്നു വന്ന് പ്രവര്‍ത്തിക്കാന്‍"  വെല്ലുവിളിച്ചു. സല്‍മാന്‍ ഖുര്‍ഷിദും അതേറ്റു ചൊല്ലി.

ലോക പാല്‍ ബില്ല്, അവതരിപ്പിക്കാം എന്ന വ്യാജ പ്രഖ്യാപനം നടത്തി സര്‍ക്കാര്‍ അണ്ണാ ഹസാരെയുടെ സമരം കോണ്‍ഗ്രസ്  അവസാനിപ്പിച്ചു. പക്ഷെ കപില്‍ സിബലിന്റെ വെല്ലുവിളി ഏറ്റെടുക്കണമെന്ന് കേജരിവാളിനു തോന്നി. അണ്ണാ ഹസാരെ അഴിമതിക്കെതിരെ സമരത്തിനിറങ്ങുന്നതിനു മുന്നെ തന്നെ കേജ്‌രിവാള്‍, അഴിമതിക്കെതിരെ India Against Corruption എന്ന സംഘടനയുണ്ടാക്കി പ്രവര്‍ത്തിച്ചു തുടങ്ങിയിരുന്നു. സിബലിന്റെ വെല്ലുവിളി സ്വീകരിച്ചു കൊണ്ട് അദ്ദേഹം  പുതിയ ഒരു രാഷ്ട്രീയ പാര്‍ട്ടിക്ക് രൂപം നല്‍കി. അത് പ്രഖ്യാപിച്ചുകൊണ്ട് അദ്ദേഹം നടത്തിയ പ്രസ്താവന ഇതായിരുന്നു.

"Having faced with an indifferent government, we have realised the need to reposition our struggle on the street in such a way so that we can enter Parliament, not just for capturing power, but for uprooting the corrupt government and changing the entire system. For that we need to fight on the street to mobilise a revolutionary movement for all-round change".


അണ്ണാ ഹസാരെയും മറ്റ് പലരും ഇതില്‍ നിന്നും വിട്ടുനിന്നു. ജനങ്ങളെ ബോധവത്കരിച്ച്  നല്ല സ്ഥാനാര്‍ത്ഥികള്‍ക്ക് വേണ്ടി മാത്രം വോട്ടു ചെയ്യിച്ച്, വ്യവസ്ഥിതിയെ മാറ്റിയെടുക്കാം എന്നായിരുന്നു  അണ്ണാ ഹസാരെയുടെ നിലപാട്. ആദ്യം കേജ്‌രിവാള്‍  ഉദ്ദേശിച്ചിരുന്നത്, ലോക് സഭ തെരഞ്ഞെടുപ്പില്‍ ചില തെരഞ്ഞെടുത്ത സ്ഥാനര്‍ത്ഥികള്‍ക്കെതിരെ മത്സരിക്കാന്‍ ആയിരുന്നു. പക്ഷെ ശിവ സേനയും, സമാജ് വാദി പാര്‍ട്ടിയുമൊക്കെ കേജ്‌രിവാളിന്റെ രാഷ്ട്രീയ പ്രവേശനത്തെ കളിയാക്കി.

സമാജ് വാദി പാര്‍ട്ടിയിലെ രാം ഗോപാല്‍ യാദവ് പറഞ്ഞത് ഇതായിരുന്നു.

"Not one of them can win an election. It will be a miracle if a few get away with their deposits intact."

ഇതേ പാര്‍ട്ടിയിലെ മോഹന്‍  സിംഗിന്റെ അഭിപ്രായം ഇങ്ങനെ.

"It is unfortunate that the Team Anna, which was conducting an anti-corruption movement, by abusing political class and Parliament has now decided to join the very politics. They will soon realise that conducting politics and running a social movement are two different games."

ശിവ സേന നേതാവ് സഞ്ചയ് റൌട്ട് പറഞ്ഞത് ഇതായിരുന്നു.

"The Shiv Sena has always asked Team Anna to stop mudslinging the politicians from outside and, instead, enter political filed directly. Let them now fight elections and try to capture power. Now, they will understand how difficult it is to be in politics and how easy it was to preach to politicians," 

ഇടതുപക്ഷ പാര്‍ട്ടികളും ആം ആദ്മി പാര്‍ട്ടിയെ, അരാഷ്ട്രീയ വാദികള്‍ എന്നു വിളിച്ചു.

പക്ഷെ കേജ്‌രിവാള്‍ പാര്‍ട്ടിയുമായി മുന്നോട്ടു പോകാന്‍ തീരുമാനിച്ചു. പുതിയ പാര്‍ട്ടിയുടെ പ്രവര്‍ത്തന രീതിയും അദ്ദേഹം വിശദീകരിച്ചു. മാത്രമല്ല ഡെൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ തന്നെ രംഗത്തിറങ്ങാനും തീരുമാനിച്ചു.

ഡെല്‍ഹി നിയമ സഭ തെരഞ്ഞെടുപ്പില്‍ സാധാരണക്കാരെ കേജ്‌രിവാള്‍ സ്ഥാനാര്‍ത്ഥികളാക്കി. പാർട്ടിയുടെ  ചിഹ്ന മായി ചൂൽ  തെരഞ്ഞെടുത്തു. പ്രതീകാത്മകമായ നടപടി ആയിരുന്നു അത്.

കോണ്‍ഗ്രസും ബി ജെ പിയും, ആം ആദ്മി പാര്‍ട്ടിയെ Non factor എന്നും  non actor എന്നും വിളിച്ചവഗണിക്കാന്‍ ശ്രമിച്ചു.  പക്ഷെ കേജ്‌രിവാള്‍ അഴിമതിയും, വിലക്കയറ്റവും, സ്ത്രീ സുരക്ഷയും ഒക്കെ പ്രചരണ ആയുധമാക്കി. ബി ജെ പി പതിവു പോലെ  കോണ്‍ഗ്രസ് നേതാക്കളെ ആക്രമിച്ചും, ഹിന്ദുത്വ കാര്‍ഡിറക്കിയും പ്രചരണം നടത്തി.  കോണ്‍ഗ്രസാകട്ടെ ഉദാരവത്കരണവും ഇതു വരെ  നടപ്പിലാക്കാത്ത സ്വപ്ന പദ്ധതികളുമൊക്കെ പ്രയോഗിച്ചു. വിജയ്  ഗോയലിനെ മുന്നില്‍ നിറുത്തി പ്രചരണം തുടങ്ങിയ ബി ജെപിക്ക്, ഇടക്കുവച്ച് ഗോയലിനെ മാറ്റേണ്ടി വന്നു. കേജ്‌രിവളിന്റെ പാര്‍ട്ടിയുടെ പ്രസക്തി തിരിച്ചറിഞ്ഞശേഷമായിരുന്നു അതുണ്ടായത്. അനായാസം കോണ്‍ഗ്രസിനെ തോല്‍പ്പിച്ച് അധികാരത്തിലെത്താം, എന്ന് കണക്കു കൂട്ടിയ ബി ജെ പിയില്‍ തന്നെ ആദ്യ ശുദ്ധീകരണം ഉണ്ടായി. അതിന്റെ കാരണം ആം ആദ്മി പാര്‍ട്ടി തന്നെയാണ്.  പക്ഷെ അപ്പോഴും കോണ്‍ഗ്രസ് അത് തിരിച്ചറിഞ്ഞില്ല.




മുഖ്യ മന്ത്രി ഷീലാ ദീക്ഷിതിനെതിരെ തന്നെ കേജ്‌രിവാള്‍ മത്സരിച്ചു. സുരക്ഷിതമായ മണ്ഡലം തേടിപോയില്ല. അപകടം മണത്ത കോണ്‍ഗ്രസ് ചില നാറിയ കളികള്‍ക്ക് തുനിഞ്ഞു. ആം ആദ്മി പാര്‍ട്ടിയുടെ ധനസഹായത്തേക്കുറിച്ച് ആരോപണമുന്നയിച്ചു. അന്വേഷിക്കാന്‍ ഉത്തരവും ഇട്ടു. ബി ജെപിയും അതേറ്റു പിടിച്ചു. പക്ഷെ അതൊന്നും കേജ്‌രിവാളിനെ തളര്‍ത്തിയില്ല. ബാക്കിയൊക്കെ ചരിത്രം.

പല മുഖ്യമന്ത്രിമാരും, പ്രധാന മന്ത്രിയും വരെ തെരഞ്ഞെടുപ്പുകളില്‍ പരാജയപ്പെട്ടിട്ടുണ്ട്. പക്ഷെ അതൊക്കെ പ്രതിപക്ഷത്തിന്റെ  സ്ഥാനാർത്ഥികളോടായിരുന്നു. ആദ്യമായിട്ടാണ്, ഒരു മുഖ്യമന്ത്രി ആദ്യമായി രാഷ്ട്രീയം തുടങ്ങിയ ഒരു വ്യക്തിയോട് പരാജയപ്പെടുന്നത്. കോണ്‍ഗ്രസ് മുഖ്യ മന്ത്രി ഷീലാ ദീക്ഷിതിന്, ആ ബഹുമതിയും സ്വന്തം. മാസം 600 രൂപ വരുമാനമുള്ള ഒരു കുടുംബത്തിന്, സുഭിക്ഷമായി ഡെല്‍ഹിയില്‍ ജീവിക്കാം എന്ന  "പോസ്റ്റ്‌ മോഡേണ്‍" കണ്ടുപിടുത്തം നടത്തിയ ഷീലയുടെ പരാജയം അനിവാര്യമായിരുന്നു. അല്ലെങ്കില്‍ ഇന്‍ഡ്യന്‍ ജനാധിപത്യം അര്‍ത്ഥശൂന്യമെന്നു  വിളിക്കപ്പെടേണ്ടി വരും.

അധികാരം ​മോഹിച്ചല്ല ആം ആദ്മി പാര്‍ട്ടി മത്സരിച്ചത്. അധികാരം ജനങ്ങളിലേക്കെത്തിക്കുക എന്ന ജനാധിപത്യ തത്വത്തിനു വേണ്ടി ആണ്. ഒരു പക്ഷെ അവര്‍ ഇനി വരുന്ന തെരഞ്ഞെടുപ്പുകളില്‍ പരാജയപ്പെട്ടേക്കാം. പക്ഷെ അവര്‍ ഒരു മാതൃക കാണിച്ചു തന്നു. ജനങ്ങളുടെ ശക്തി എന്താണെന്നും അതെങ്ങനെ പ്രയോജനപ്പെടുത്താമെന്നും.

മധ്യ വര്‍ഗ്ഗം ഒരാവേശത്തിനു വേണ്ടി പിന്നാലെ കൂടിയ ആം ആദ്മി പാര്‍ട്ടി, ഫേസ്‌ബുക്കില്‍ ജനിച്ചു മരിച്ചു പൊയ്‌ക്കോളുമെന്നു പലരും കരുതി. മധ്യവര്‍ഗ്ഗത്തിന്റെ മിശിഹാ എന്ന് സ്വയം വിശേഷിപ്പിക്കുന്ന മോദി, ബി ജെപിയുടെ മധ്യവര്‍ഗ്ഗവോട്ടുകള്‍ സുരക്ഷിതമാക്കുമെന്നും, ആം ആദ്മി പാര്‍ട്ടി, കോണ്‍ഗ്രസിന്റെ വോട്ടുകളായിരിക്കും പിടിക്കുക എന്നുമാണ്, ബി ജെ പി കരുതിയിരുന്നത്.   ഭരണവിരുദ്ധ വോട്ടുകള്‍ ബി ജെ പിയും ആം ആദ്‌മിയും ചേര്‍ന്ന്‌ പങ്കിട്ടെടുക്കുമ്പോള്‍ ഫലം തനിക്കനുകൂലമാകുമെന്ന് ഷീലാ ദീക്ഷിതും കണക്കു കൂട്ടിയിരുന്നു. പക്ഷെ ജനകീയ പ്രശ്നങ്ങളില്‍ കെജ്‌രിവാള്‍ അക്ഷരാര്‍ത്ഥത്തില്‍ ഇടപെട്ടുതുടങ്ങിയപ്പോള്‍ ചിത്രമാകെ മാറി. ആഴ്ച്ചതോറും ഇന്ധനവില കേന്ദ്ര സര്‍ക്കാര്‍ കൂട്ടുന്നതുപോലെ, കൂടെക്കൂടെ വൈദ്യുതി നിരക്ക് ഡെല്‍ഹി സര്‍ക്കാരും കൂട്ടി. ഒറ്റ മുറിമാത്രമുള്ള വീടുകളില്‍ പോലും വൈദ്യുതി ബില്‍ 4000 രൂപയോളം  വന്നതോടെ, പലരും ബില്ലടക്കുന്നത് നിറുത്തി. വൈദ്യുതി ബന്ധം വിഛേദിച്ചായിരുന്നു ദീക്ഷിത്  പ്രതികരിച്ചത്. ഇതിനെതിരെ അധര വിലാപം നടത്താന്‍ നില്‍ക്കാതെ, വിഛേദിച്ച വൈദ്യുതി കണക്ഷനുകള്‍ സ്വയം പുനഃസ്ഥാപിച്ചുകൊണ്ട് കെജ്‌രിവാള്‍  തന്റെ പ്രതിബദ്ധത മനസിലാക്കി കൊടുത്തു. അതാണു ജനങ്ങളില്‍ വിശ്വാസം ജനിപ്പിച്ചത്. അധികാരത്തിലെത്തിയാല്‍ ജന പക്ഷത്തു നില്‍ക്കുമെന്ന ക്രമേണ പൊതു ജനത്തിനു വിശ്വാസമായി. കമ്യൂണിസ്റ്റുപാര്‍ട്ടിയുടെ ആദ്യകാലങ്ങളില്‍ അവര്‍ നടത്തിയ ഇടപെടലുകളോട് സാമ്യമുള്ളതായിരുന്നു ഇത്. ഈ പ്രവര്‍ത്തി മധ്യവര്‍ഗ്ഗത്തെ മാത്രമല്ല സമ്പന്നരെ പോലും  കെജ്‌രിവാളിന്റെ  പാര്‍ട്ടിയോടടുപ്പിച്ചു.

28 സീറ്റുകളില്‍ ജയിച്ച ആം  ആദ്മി പാര്‍ട്ടി, 20 സീറ്റുകളില്‍ രണ്ടാം സ്ഥാനത്തു വന്നു. അത് നിസാര കാര്യമല്ല. അണ്ണാ ഹസാരെയുടെ ബുദ്ധി മോശമാണ്, ആം ആദ്മി പാര്‍ട്ടിയെ ഭൂരിപക്ഷം നേടുന്നതില്‍ നിന്നും അകറ്റിയത്. അദ്ദേഹത്തിന്റെ പേരുപയോഗിക്കാനോ അദ്ദേഹത്തിന്റെ സമരത്തിന്റെ ഗുണഭോക്തവാകാനോ ആം ആദ്മിയെ അനുവദിച്ചില്ല. രാഷ്ട്രീയ പ്രചരണത്തിനു പോയില്ലെങ്കിലും, ധാര്‍മ്മിക മായ ഒരു പിന്തുണ അദ്ദേഹത്തിനു കൊടുക്കാമായിരുന്നു. എങ്കില്‍ ഇപ്പോള്‍ കേജ്‌രിവാള്‍ ഡെല്‍ഹി മുഖ്യമന്ത്രി ആയിരുന്നേനെ. കേജ്‌രി വള്‍ ഒരിക്കല്‍ മുഖ്യമന്ത്രി ആകുമെന്നൊക്കെ ഇപ്പോള്‍ അണ്ണാ ഹസാരെ പറയുന്നുണ്ട്.  ഒരാറു മാസം മുന്നെ ഇത് പറഞ്ഞിരുന്നെങ്കില്‍,  ഇപ്പോള്‍ തന്നെ കേജ്‌രിവാള്‍ മുഖ്യമന്ത്രി ആകുമായിരുന്നു.

ഡെല്‍ഹിയിലെ പ്രകടനത്തില്‍ നിന്നും ആവേശം കൊണ്ട് ആം ആദ്മി പാര്‍ട്ടിയില്‍ മുംബൈയില്‍ പ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കാന്‍ തീരുമാനിച്ചിരിക്കുന്നു. ഇപ്പോള്‍ തന്നെ വിവരാകാശ നിയമപ്രകാരം പ്രവര്‍ത്തകര്‍, എം പി മാരും എല്‍ എ മാരും അവര്‍ക്കനുവദിച്ച ഫണ്ടുകള്‍ എങ്ങനെ ദുരുപയോഗം ചെയ്തു  എന്നതിന്റെ കണക്കൊക്കെ എടുത്തു കഴിഞ്ഞു. പാര്‍പ്പിടം, വൈദ്യുതി, വെള്ളം ഇവയില്‍ ആണവര്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ഉദ്ദേശിക്കുന്നതും.

കോണ്‍ഗ്രസിനും ബി ജെ പിക്കും പകരം മൂന്നാമതൊരു കക്ഷിയെ  ജനങ്ങള്‍ ആഗ്രഹിക്കുന്നതിന്റെ സൂചനയായി ഡെല്‍ഹിലെ ആം ആദ്മി പാര്‍ട്ടിയുടെ നേട്ടത്തെ  കണക്കാക്കാം. സുതാര്യവും വിശ്വാസയോഗ്യവുമായ ബദല്‍ ഉണ്ടെങ്കില്‍ സ്വീകരിക്കാന്‍ ജനം തയ്യാറാണെന്ന് ഇത് തെളിയിക്കുന്നു.
ഒറ്റയ്‌ക്കു കേവലഭൂരിപക്ഷം നേടി അധികാരത്തിലെത്താന്‍ കഴിഞ്ഞില്ലെങ്കിലും, ഭരണത്തില്‍നിന്നു കോണ്‍ഗ്രസിനെ പിഴുതെറിയാനും  ബി ജെ പിയെ ഭരണത്തില്‍നിന്ന്‌ അകറ്റിനിര്‍ത്താനും അവര്‍ക്കായി. പോള്‍ ചെയ്‌ത വോട്ടുകളുടെ 30 ശതമാനം സ്വന്തമാക്കാനും അവര്‍ക്കു കഴിഞ്ഞിട്ടുണ്ട് എന്നാണ്, റിപ്പോര്‍ട്ടുകള്‍. കോണ്‍ഗ്രസിനും ബി ജെ പി ക്കും പകരമായി വിശ്വസിക്കാന്‍ പറ്റുന്ന ഒരു പാര്‍ട്ടിയുണ്ടെങ്കില്‍ വോട്ടര്‍മാര്‍ അവരെ സ്വീകരിക്കും എന്നാണിത് തെളിയിക്കുന്നത്.  

ആദ്യമായി ഏര്‍പ്പെടുത്തിയ നിഷേധ വോട്ടുകള്‍ ഏറ്റവും കുറവ് ഡെല്‍ഹിയിലാണു രേഖപ്പെടുത്തപ്പെട്ടത്. 0.6%. ചത്തീസ്ഘഡില്‍ 4.6 % രേഖപ്പെടത്തപ്പെട്ടപ്പോളാണിത്. ആം ആദ്മി പാര്‍ട്ടി മത്സരിച്ചില്ലായിരുന്നെകില്‍ ഏറ്റവും കൂടുതല്‍ നിഷേധ വോട്ടുകള്‍ ഉണ്ടാകേണ്ടിയിരുന്നത് ഡെല്‍ഹിയിലായിരുന്നു.

ആം ആദ്മി പാര്‍ട്ടി ഇപ്പോള്‍ ഡെല്‍ഹിയില്‍ കയറി നില്‍ക്കുന്ന സ്ഥാനത്തേക്ക് വരേണ്ടിയിരുന്നത് ഇടതുപാര്‍ട്ടികളായിരുന്നു. ചരിത്രപരമായ മണ്ടത്തരങ്ങള്‍ പലതും കാണിച്ച അവര്‍ക്കിനി അത് സാധിക്കുമെന്നു തോന്നുന്നില്ല. ഇടതുപാര്‍ട്ടികളും  ബി എസ്പിയും ഒക്കെ ഡെല്‍ഹിയില്‍ സജീവമായിരുന്നെങ്കിലും പരമ്പരഗാതമായ അവരുടെ  സമീപനത്തെ ജനങ്ങള്‍ വിശ്വാസത്തിലെടുത്തില്ല. കഴിഞ്ഞ തവണ കുറച്ച് സീറ്റുകള്‍ നേടാന്‍ കഴിഞ്ഞ ബി എസ് പിയെ അവര്‍ കയ്യൊഴിഞ്ഞു. തങ്ങളുടെ പ്രശ്‌നങ്ങള്‍ ഏറ്റെടുക്കാന്‍ തയ്യാറാകുകയും സുതാര്യവും വിശ്വാസയോഗ്യവുമായി പ്രവര്‍ത്തിക്കുകയും ചെയ്യാത്ത കക്ഷികള്‍ എത്രവലിയ പാരമ്പര്യമുള്ളവരായാലും ബദലാകാന്‍ അനുവദിക്കില്ലെന്നു സാധാരണക്കാരന്‍ പറയുന്നതിന്റെ സൂചന ഇതിലുണ്ട്‌.

Wednesday, 6 November 2013

മംഗള്‍ യാനും മംഗളവാര്‍ത്തയും 



നവംബര്‍ അഞ്ചാം തീയതി ഇന്‍ഡ്യയില്‍ രണ്ടു സംഭവങ്ങളുണ്ടായി.  ചൊവ്വയിലേക്ക് ഇന്‍ഡ്യ ഒരു പേടകമയച്ചു. അതവിടെ എത്തുമെന്ന് ഇപ്പോള്‍ പറയാറായിട്ടില്ല. രണ്ടാമത്തെ സംഭവം ഇന്‍ഡ്യയിലെ ഒരു പ്രധാന പാര്‍ട്ടിയായ സി പി എമ്മിന്റെ കേരള സംസ്ഥാന സെക്രട്ടറി പിണറായി വിജയനെ ഒരഴിമതിക്കേസിന്റെ വിചാരണയില്‍ നിന്നും കോടതി ഒഴിവാക്കി. രണ്ടും വാര്‍ത്താ പ്രാധാന്യം നേടി.

450 കോടി രൂപ ചെലവാക്കിയിട്ടാണ്, ചൊവ്വയിലേക്ക് ഈ പേടകം ഇന്‍ഡ്യ വിടുന്നത്. ഇത് വളരെ പ്രധാനപ്പെട്ടതാണെന്നും ഇത് ഇന്‍ഡ്യയിലെ ജനങ്ങള്‍ക്ക് വേണ്ടി ആണെന്നും ഐ എസ് ആര്‍ ഒ മേധാവി, കെ  രാധാകൃഷ്ണന്‍ പറഞ്ഞു.  ബഹിരാകാശ രംഗത്തെ ഇത്തരം കാൽവെയപ്പുകള്‍  രാജ്യത്തിന് നിരവധി നേട്ടങ്ങൾ കൊണ്ടു വരുമെന്നും കൂടെ അദ്ദേഹം പറഞ്ഞു. പക്ഷെ ഇതിനോട് മറ്റ് പലരും യോജിക്കുന്നില്ല.  മാധവന്‍ നായര്‍ എന്ന മുന്‍ മേധാവി പറയുന്നത് ഇത് ശുദ്ധ അസംബന്ധം ആണെന്നാണ്.

വിമര്‍ശനം ഇന്‍ഡ്യയില്‍ മാത്രമല്ല. അങ്ങ് ഇംഗ്ളണ്ടിലും ഉണ്ടായി. വര്‍ഷം തോറും ഇംഗ്ളണ്ട് ഇന്‍ഡ്യക്ക് 2800 കോടി രൂപയുടെ ധനസഹായം നല്‍കുന്നുണ്ട്. ഇതുപോലെ മറ്റുള്ളവരുടെ സഹായം സ്വീകരിക്കുന്ന ഇന്‍ഡ്യ ഇതുപോലെയുള്ള ഒരു ദൌത്യത്തിനിറങ്ങിയത് ശരിയാണോ എന്നവര്‍ ചോദിക്കുന്നു. ചോദ്യത്തില്‍ കഴമ്പില്ലാതില്ല. 40% ജനങ്ങള്‍ ദാരിദ്യരേഖക്കു താഴെ ജീവിക്കുന്ന, പകുതിയോളം ജനങ്ങള്‍ക്ക് മലവിസര്‍ജനത്തിനു സൌകര്യമില്ലാത്ത ഒരു ദരിദ്ര രാജ്യം ചൊവ്വയില്‍ പോയി എന്തു കണ്ടുപിടിക്കാനാണുദ്ദേശിക്കുന്നതെന്ന അവരുടെ ചോദ്യത്തില്‍ കഴമ്പില്ലാതില്ല.

ചൊവ്വയില്‍ ജീവന്റെ സാന്നിധ്യം കണ്ടെത്തുകയെന്നതാണ്, ഇപ്പോള്‍ ഇന്‍ഡ്യ ചൊവ്വയിലേക്ക്  പേടകം അയക്കാനുണ്ടായ കാരണം. അല്ലാതെ മറ്റെന്തെങ്കിലും ഉണ്ടെന്ന് ഇതിന്റെ ഉപജ്ഞാതാക്കളും പറയുന്നില്ല. ചൊവ്വയില്‍ ജീവനുണ്ടെന്നു കണ്ടെത്തിയാല്‍ അത് ഇന്‍ഡ്യക്കാര്‍ക്ക് എങ്ങനെ ഉപകാരപ്പെടും എന്നു മാത്രം അവര്‍ പറയുന്നില്ല.  അമേരിക്കന്‍ ബഹിരാകാശ ഗവേഷണകേന്ദ്രമായ നാസ  പോലും സംശയത്തോടെ കാണുന്ന, ദൌത്യമാണീ ചൊവ്വയിലെ ജീവന്റെ സാന്നിദ്ധ്യം തേടല്‍.

നാസ ശാസ്ത്രജ്ഞന്‍ അമിതാഭ  ഘോഷും ഇന്‍ഡ്യയുടെ ചൊവ്വ ദൌത്യത്തിന്റെ വിജയത്തേപ്പറ്റി സംശയം പ്രകടിപ്പിച്ചിട്ടുണ്ട്. പക്ഷെ മറ്റ് പലരും ഇന്‍ഡ്യന്‍ ദൌത്യത്തെ പിന്തുണച്ചു കൊണ്ട് രംഗത്തു വന്നു.  ഫിസിക്കല്‍ റിസര്‍ച്ച് ലബോറട്ടറി ചെയര്‍മാന്‍ യു. ആര്‍. റാവു ആണൊരു പ്രമുഖ വ്യക്തി. പത്തടി ഉയരത്തില്‍ പൊട്ടുന്ന ദീപാവലി പടക്കത്തിനായി മാത്രം അയ്യായിരം കോടി ചെലവിടുന്ന രാജ്യത്ത് ചൊവ്വാ ദൌത്യത്തിനായി 500 കോടി ചെലവിടുന്നതില്‍ ഒരു തെറ്റുമില്ലെന്ന് അദ്ദേഹം പറയുന്നു.

ഇതുപോലെ കൊട്ടിഘോഷിച്ച് പണ്ട് നമ്മള്‍ ചന്ദ്രനിലേക്കൊന്നു പോയിരുന്നു. അവിടെ പോയി ജലം ഉണ്ടെന്നു കണ്ടെത്തിയെന്നായിരുന്നു റിപ്പോര്‍ട്ടുകളും. ആ കണ്ടെത്തലിനു ശൂന്യാകാശഗവേഷണത്തിന്റെ വത്തിക്കാന്‍ ആയ നാസയില്‍ നിന്ന് തീട്ടൂരവും കിട്ടിയിരുന്നു.   പക്ഷെ ഇപ്പോഴിതാ ചന്ദ്രനില്‍ വെള്ളം ഉണ്ടോ എന്നന്വേഷിക്കാനായി അമേരിക്ക തന്നെ മറ്റൊരു പേടകം അയക്കുന്നു. അതിന്റെ അര്‍ത്ഥം ഇതു വരെ വെള്ളമുണ്ടോ ഇല്ലയോ എന്നൊന്നും കണ്ടെത്തിയിട്ടില്ല എന്നു തന്നെയാണ്. അമേരിക്ക പല പ്രാവശ്യം ചന്ദ്രനില്‍ ആളെ ഇറക്കി. അവിടെനിന്ന് പല വട്ടം കല്ലും മണ്ണും പൊടിപടലങ്ങളുമൊക്കെ കൊണ്ടു വന്നു പരിശോധിച്ചു. ഇതു വരെ കാര്യമായി ഒന്നും  മനസിലായില്ല. ഇനി അവിടേക്ക് ആളുകളെ അയക്കേണ്ടതുമില്ല എന്നവര്‍ തീരുമാനിച്ചു.

ഇന്‍ഡ്യ ചന്ദ്രനിലേക്കും ചൊവ്വയിലേക്കും പേടകങ്ങള്‍ അയക്കുന്നതിനു പ്രത്യേക ഉദ്ദേശ്യമൊന്നുമില്ല. ആദ്യം അമേരിക്ക ചന്ദ്രനില്‍ ഇറങ്ങിയതിന്റെ രാഷ്ട്രീയം മാത്രമേ ഉള്ളു. ബഹിരാകാശരംഗത്ത് ചൈന ഇന്‍ഡ്യയെ കടത്തി വെട്ടിക്കഴിഞ്ഞു. പിന്നിലാകരുതല്ലോ എന്നു കരുതി, ഇവരൊക്കെ പോയ സ്ഥലത്തേക്ക് പോയി, ഞങ്ങള്‍ക്കും ഇതൊക്കെ ആകുമെന്ന് അവരെ കാണിച്ചു കൊടുക്കുക. അതിലപ്പുറം ഈ അഭ്യാസങ്ങള്‍ക്ക് ഇപ്പോള്‍ പ്രസക്തിയില്ല. ഇന്‍ഡ്യയുടെ പ്രശ്നങ്ങള്‍ ചന്ദ്രിനിലോ ചൊവ്വയിലോ പോയി തീര്‍ക്കേണ്ടവയല്ല. ഇന്‍ഡ്യക്ക് ഭൌമ പഠനത്തിനും, കാര്‍ഷിക  ആവശ്യങ്ങള്‍ക്കും, നാവിഗേഷനും, വാര്‍ത്താവിനിമയത്തിനുമൊക്കെ റോക്കറ്റുകളും സാറ്റലൈറ്റുകളും ആണു വേണ്ടത്. വെറുതെ ചന്ദ്രനിലേക്കും ചൊവ്വയിലേക്കും പോകാതെ അതിനു ചെലവാക്കുന്ന പണവും അധ്വാനവും   കൊണ്ട്, ഇന്‍ഡ്യയിലെ സാധാരണക്കാര്‍ക്കും കൂടി ഉപകാരപ്പെടുന്ന ഈ വിഷയങ്ങളിലാണ്, രാധാകൃഷ്ണനേപ്പോലുള്ളവര്‍ ശ്രദ്ധിക്കേണ്ടത്. റോക്കറ്റ് വിടുന്നതിനു മുന്നെ ഗുരുവായൂരില്‍ തുലാഭാരം നടത്തുന്ന അന്ധവിശ്വാസികള്‍ക്കൊക്കെ ഈ വക ബോധ്യങ്ങളുണ്ടാകുമെന്ന് വിശ്വസിക്കുന്നവരാണു വിഡ്ഢികള്‍.

ചൊവ്വയിലേക്ക് സ്ഥിരതാമസത്തിനാളുകളെ കൊണ്ടുപോകാമെന്ന് ഒരു ഡച്ച് കമ്പനി പരസ്യം ചെയ്തപ്പോള്‍ കുറെയേറേ സൌദി പൌരന്‍മാര്‍  അതിനു വേണ്ടി അപേക്ഷ നല്‍കി. പക്ഷെ ചൊവ്വയില്‍ പോയി തമസിക്കുന്നത് അനിസ്ലാമിക മാണെന്നും, മുസ്ലിങ്ങള്‍ അങ്ങോട്ട് പോകരുതെന്നും ഒരു സൌദി മുക്രി ഫത്വയും ഇറക്കിയ്ട്ടുണ്ട്.

ഇനി മംഗള വാര്‍ത്തയിലേക്ക് പോകാം.  ഒന്നര പതിറ്റാണ്ടായി തന്നെ വേട്ടയാടുന്നു എന്ന് പിണറയി വിജയന്‍ പറയുന്ന ലാവലിന്‍ കേസില്‍ അദ്ദേഹം സമര്‍പ്പിച്ചിരുന്ന വിടുതല്‍ ഹര്‍ജിയുടെ വിധിയാണത്. ലാവലിന്‍ കേസില്‍ സി. ബി.ഐ സമര്‍പ്പിച്ച കുറ്റപത്രം നിലനില്‍ക്കില്ല എന്നും കേസിലെ ഗൂഢാലോചനയും അഴിമതിയും സി.ബി.ഐയ്ക്ക് തെളിയിക്കാനായില്ല  എന്നും വിധിന്യായത്തില്‍ കോടതി പറഞ്ഞു.

ഈ വിധി ഉണ്ടായപ്പോള്‍ കേരളരാഷ്ട്രീയത്തിലെ പ്രമുഖരൊക്കെ പ്രതികരിച്ചു. ഉമ്മന്‍ ചാണ്ടി, മന്ത്രിസഭ യോഗം കഴിഞ്ഞും, രമേശ് ചെന്നിത്തല വിധി പഠിച്ച ശേഷവും പ്ര തികരിക്കാമെന്ന് പറഞ്ഞ് ഒഴിഞ്ഞു മാറി. പക്ഷെ പിന്നീട് ചെന്നിത്തല പ്രതികരിച്ചു. ഇങ്ങനെ. "ലാവലിന്‍ കേസില്‍ പിണറായി വിജയനെ പ്രതിപ്പട്ടികയില്‍നിന്ന് ഒഴിവാക്കിയ വിധി അസ്വാഭാവികമാണ്. കേസില്‍ സാങ്കേതിക പിഴവുണ്ടോയെന്ന് പരിശോധിക്കേണ്ടതുണ്ട്. 375 കോടിയുടെ  ഇത്ര സജീവമായ അഴിമതിക്കേസ് തേച്ചുമായ്ച്ചുകളയാനോ മൂടിവയ്ക്കാനോ ആവില്ല. വിധിക്കെതിരെ സി.ബി.ഐ. അപ്പീല്‍ പോകാതിരിക്കാന്‍ കാരണമൊന്നും കാണുന്നുമില്ല. മതിയായ രേഖകള്‍ കോടതിയില്‍ നല്‍കിയിട്ടുണ്ടോ എന്ന്പരിശോധിക്കണം."

കോടതിവിധി വി.എസ്. അച്യുതാനന്ദനെന്ന ദുഷ്ടനേതാവിനേറ്റ തിരിച്ചടി ആണെന്ന് കേരള കോണ്‍ഗ്രസ് (ബി) ചെയര്‍മാന്‍ ആര്‍. ബാലകൃഷ്ണപിള്ള മൊഴിഞ്ഞു. 

പിള്ള വേറേ ചിലതുകൂടി പറഞ്ഞിട്ടുണ്ട്. സ്വന്തം പാര്‍ട്ടിസെക്രട്ടറിയെ പൂജപ്പുര ജയിലില്‍ അടയ്ക്കണമെന്ന് പറഞ്ഞ അച്യുതാനന്ദന് കോടതിവിധി തിരിച്ചടിയാണ്. പിണറായി ശിക്ഷിക്കപ്പെടണമെന്ന താത്പര്യം അച്യുതാനന്ദന് മാത്രമായിരുന്നു. ലാവലിന്‍കേസില്‍ മന്ത്രിയെന്ന നിലയ്ക്ക് പിണറായിക്ക് പങ്ക് കുറവാണെന്ന തന്റെ മുന്‍നിലപാട് ശരിയാണെന്ന് തെളിഞ്ഞു. ജനകീയതാത്പര്യം സംരക്ഷിക്കാന്‍ മന്ത്രിമാര്‍ക്ക് ചിലപ്പോള്‍ ചട്ടങ്ങള്‍ മറികടക്കേണ്ടിവരും. പിണറായിയെ പ്രതിപ്പട്ടികയില്‍നിന്ന് ഒഴിവാക്കിയതില്‍ അദ്ദേഹത്തേക്കാള്‍ സന്തോഷമുണ്ട്.

ജനകീയ താല്‍പ്പര്യം സംരക്ഷിക്കാന്‍ ചട്ടങ്ങള്‍ മറികടന്നതിന്റെ പേരില്‍ ആദ്യമായി പൂജപ്പുര ജയിലില്‍ കിടക്കേണ്ടി വന്ന ഏക രാഷ്ട്രീയക്കാരനായ പിള്ളയുടെ പരിദേവനം മനസിലാക്കാന്‍ പ്രയാസമില്ല. കേരള ഹൈക്കോടതി കുറ്റവിമുക്തനാക്കിയ പിള്ളയെ ശിക്ഷിക്കാന്‍ കാരണക്കാരന്‍ ഈ ദുഷ്ടനായ അച്യുതാനന്ദനാണെന്നത് അറിയാവുന്നവര്‍ക്ക്  ഈ കരച്ചിലില്‍ അത്ഭുതവും തോന്നില്ല.

പക്ഷെ മറ്റ് ചിലര്‍ തിരിച്ചടി കണ്ടത് പല വിധത്തില്‍ ആണ്. ഉമ്മന്‍ചാണ്ടിയുള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ കെട്ടിച്ചമച്ച കള്ളക്കേസാണ് ഇപ്പോള്‍ തകര്‍ന്നുവീണത് എന്നും ഈ വിധി കോണ്‍ഗ്രസിനേറ്റ തിരിച്ചടി ആണെന്നുമുള്ള കര്യത്തില്‍   ഡി വൈ എഫ് ഐക്കു സംശയമില്ല. മുഖ്യമന്ത്രിയുടെ മുഖത്തേറ്റ അടിആണെന്ന കാര്യത്തില്‍ കോടിയേരിക്കും സംശയമില്ല. 

പിണറായി വിജയനെ ക്രൂശിച്ചത് സ്വന്തം പാര്‍ട്ടിക്കാര്‍ തന്നെയാണ്, എന്ന് പ്രവാസികാര്യ മന്ത്രി വയലാര്‍ രവി പറഞ്ഞു. അദ്ദേഹം ഉദ്ദേശിക്കുന്നത്  വി എസിനെ ആണെന്ന് മനസിലാക്കാന്‍ പാഴൂര്‍ പടിപ്പുര വരെയൊന്നും പോകേണ്ടതില്ല.

കേസിലെ വിധി ആര്‍ക്കുളള മറുപടിയാണെന്ന്‌ മാധ്യമങ്ങള്‍ ചര്‍ച്ച ചെയ്യട്ടേയെന്ന്  എം എ ബേബി പറഞ്ഞു. കേരളത്തില്‍ ഭരണമാറ്റം വരാത്തത്‌ സിപിഎം ആഗ്രഹിക്കാത്തതുകൊണ്ട്  ആണെന്നും,   പിണറായി വിജയന്‍ ജനപ്രതിനിധി ആകണോ എന്നത്‌ പാര്‍ട്ടിയും മുന്നണിയും ആലോചിച്ച്‌ തീരുമാനിക്കും  എന്നു കൂടി അദ്ദേഹം പറഞ്ഞു.  

കേസിലെ വിധി ആര്‍ക്കുളള മറുപടിയാണെന്ന്‌ മാധ്യമങ്ങള്‍ എന്തിനു ചര്‍ച്ച ചെയ്യണമെന്ന് എത്ര ആലോചിച്ചിട്ടും പിടികുട്ടുന്നില്ല. ഇത് എം  എ ബേബിക്ക് അറിയാമല്ലോ.  അത് വി എസിനുള്ള മറുപടി ആണെന്ന പാര്‍ട്ടിയുടെ നിലപാട് അങ്ങ് പറഞ്ഞാല്‍ പോരേ? 

പിണറായി വിജയന്‍ നടത്തിയ പത്രസമ്മേളനത്തില്‍ അത് വ്യംഗ്യമായി സൂചിപ്പിക്കുകയും ചെയ്തിട്ടുണ്ട്. മഞ്ഞപ്പത്രങ്ങള്‍ക്കും മഹാനായ നേതാവിനും ഇതിലുള്ള പങ്കിനേക്കുറിച്ച് അദ്ദേഹം ആദ്യമേ തന്നെ പറഞ്ഞു. മാദ്ധ്യമങ്ങള്‍ ചര്‍ച്ച ചെയ്താലും ഇല്ലെങ്കിലും, ഒരു പതിറ്റണ്ടായി കേരളത്തിലെ സി പി എം ചേരുന്ന എല്ലാ യോഗങ്ങളിലും പറഞ്ഞു കൊണ്ടിരുന്നത് ഇനി എന്തു ചര്‍ച്ച ചെയ്യാന്‍?

എം എ ബേബി ഏതായാലും ഒരു സത്യം പറഞ്ഞു. ഇതു വരെ സി പി എം ഭരണമാറ്റം ആഗ്രഹിച്ചില്ല. പിണറായി വിജയന്‍ ജനപ്രതിനിധി ആകണോ എന്നത്‌ പാര്‍ട്ടിയും മുന്നണിയും ആലോചിച്ച്‌ തീരുമാനിച്ചാല്‍ ഉടനെ ഭരണമാറ്റം  പാര്‍ട്ടി ആഗ്രഹിക്കും.

കോടിയേരി കുറച്ചു കൂടെ മിതത്വം പാലിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ വാക്കുകള്‍ ഇങ്ങനെ

"ലോകസഭാ തിരഞ്ഞെടുപ്പോടെ കേരളത്തില്‍ രാഷ്ട്രീയ മാറ്റുണ്ടാകും. അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കാന്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന് ആകില്ല. ലാവലിന്‍ കേസില്‍ യുഡിഎഫുമായി ഒരു ഒത്തുതീര്‍പ്പുമുണ്ടായിട്ടില്ല. പ്രതിസന്ധിഘട്ടത്തില്‍ വി.എസ് പാര്‍ട്ടിയെ കൂടുതല്‍ കുഴപ്പത്തിലാക്കിയെന്ന് എനിക്ക് അഭിപ്രായമില്ല. പലപ്രതിസന്ധി ഘട്ടങ്ങളിലും പാര്‍ട്ടിയെ രക്ഷിച്ചിട്ടുള്ള നേതാവാണ് വി.എസ്." 

പിണറായി വിജയന്‍ ജനപ്രതിനിധി ആകുമ്പോള്‍ ഭരണമാറ്റമുണ്ടാകുമെന്നൊന്നും പറയാനുള്ള മൂഢത്വം അദ്ദേഹത്തിനില്ല എന്നു തോന്നുന്നു. 

പലപ്രതിസന്ധി ഘട്ടങ്ങളിലും പാര്‍ട്ടിയെ രക്ഷിച്ചിട്ടുള്ള നേതാവാണ് വി.എസ്.  എന്ന കോടിയേരിയുടെ വാക്കുകള്‍ക്ക് വലിയ മാനങ്ങളുണ്ട്. കേരളത്തിലെ പാര്‍ട്ടിക്കുണ്ടായ ഏറ്റവും വലിയ പ്രതിസന്ധി ലാവലിന്‍ കേസു തന്നെയാണ്. അതിനു ശേഷമാണ്, റ്റി പി ചന്ദ്രശേഖരന്‍ വധമുണ്ടായതും, പാര്‍ട്ടിയിലെ ഒരു പറ്റം നേതാക്കള്‍ അതിലെ പ്രതികളായതും.  ഈ രണ്ടു ഘട്ടങ്ങളിലും വി എസ് ആണു പാര്‍ട്ടിയെ രക്ഷിച്ചതെന്ന് അല്‍പമെങ്കിലും ചിന്താശേഷി ഉള്ളവര്‍ക്ക് മനസിലാകും. 

ലാവലിന്‍  കമ്പനിയുമായി ഉണ്ടാക്കിയ കരാര്‍ പ്രകാരം വൈദ്യുത പദ്ധതികളുടെ നവീകരണം വഴി ഖജനാവിനു നഷ്ടമുണ്ടായി എന്നും അതിനു പിന്നില്‍ അഴിമതി ഉണ്ടെന്നും പറഞ്ഞത് ഇന്‍ഡ്യയിലെ ഭരണഘടന സ്ഥാപനമായ സി എ ജി ആയിരുന്നു. മറ്റേത് സി എ ജി റിപ്പോര്‍ട്ടിനോടും പാര്‍ട്ടി പ്രതികരിക്കുന്നതുപോലെ തന്നെ ഈ റിപ്പോര്‍ട്ടിനോടും പ്രതികരിക്കണമെന്ന് വി എസ് നിലപാടെടുത്തു. പക്ഷെ ആരോപണ വിധേയനായത് പിണറായി വിജയന്‍ എന്ന പാര്‍ട്ടി നേതാവായതുകൊണ്ട്, സി പി എമ്മിന്, ഈ വിഷയത്തില്‍ തത്വാധിഷ്ടിതമായ ഒരു  നിലപാട് എടുക്കാന്‍ കഴിഞ്ഞില്ല. ഉമ്മന്‍ ചാണ്ടി ഈ വിഷയം സി ബി ഐ അന്വേഷണത്തിനു വിട്ടപ്പോള്‍ പാര്‍ട്ടി  നേതൃത്വം ഒന്നാകെ ഇതിനെതിരെ രംഗത്തു വന്നപ്പോഴും, വി എസ് തന്റെ നിലപാടില്‍ ഉറച്ചു നിന്നു. അതിനദ്ദേഹം വളരെയധികം പഴി കേട്ടു. അദ്ദേഹത്തോടൊപ്പമുണ്ടായിരുന്ന മറ്റ് പലരും നിലപാടു മാറ്റി സി പി എമ്മിനെ കോണ്‍ഗ്രസുപോലെ ഒരു പാര്‍ട്ടി ആക്കി മാറ്റിയപ്പോഴും, വി എസ് ഉറച്ചു തന്നെ നിന്നു. അതിനദ്ദേഹം അനേകം പ്രാവശ്യം അച്ചടക്ക നടപടികളും നേരിട്ടു.  ഒരു ജാധിപത്യ രാജ്യത്ത് പ്രവര്‍ത്തിക്കുമ്പോള്‍ ഭരണഘടനയോടും, ഭരണഘടന സ്ഥാപനങ്ങളോടും, നീതി ന്യായ വ്യവസ്ഥയോടും നീതി പുലര്‍ത്തണം എന്നു മാത്രമേ അദ്ദേഹം പറഞ്ഞുള്ളു. അതിനെ പിണറായി വിജയന്റെ പിന്തുണക്കാര്‍ വൈര നിര്യാതനം എന്ന ഓമന പ്പേരിട്ട് വിളിച്ചു.  നിയമ  പരമായി നേരിടേണ്ട ഒരു വിഷയത്തെ, രാഷ്ട്രീയമായി നേരിടുമെന്നു പറഞ്ഞിടത്ത് പാര്‍ട്ടിക്ക് തെറ്റി. നിയമപരമായി തന്നെ പാര്‍ട്ടിക്കതിനെ നേരിടേണ്ടി വന്നു. രാഷ്ട്രീയമായി നേരിടാന്‍ ഇറങ്ങിയപ്പോഴൊക്കെ പാര്‍ട്ടിക്ക് ശബ്ദം നഷ്ടപ്പെട്ടു. കേന്ദ്രത്തിലെ കോണ്‍ഗസ് സര്‍ക്കാരിന്റെ കൊടിയ അഴിമതികളെ ചോദ്യം ചെയ്യാനുള്ള ധാര്‍മ്മികതയും പാര്‍ട്ടിക്ക് നഷ്ടപ്പെട്ടു. നീതി ന്യായ വ്യവസ്ഥയിലൂടെ കടന്നു വന്നപ്പോള്‍ ഒരു പരിധി വരെ ആ ധാര്‍മ്മികത തിരിച്ചു കിട്ടിയിട്ടുണ്ട്.  

പിണറായി വിജയനെ പ്രതിപ്പട്ടികയില്‍ നിന്നും മാറ്റിയതല്ലാതെ, സി ബി ഐ സമര്‍പ്പിച്ച കുറ്റപത്രത്തിന്റെ അടിസ്ഥാനത്തില്‍ ഒരു വിചാരണ നടന്നിട്ടില്ല. കുറ്റപത്രത്തിലെ പാളിച്ചകളാണ്, കോടതി എടുത്തു പറഞ്ഞത്. കോടതി പറഞ്ഞ ഒരു കാര്യം ഇതാണ്.

"സംസ്ഥാ​ന ഖ​ജ​നാ​വി​ന് ഉണ്ടാ​യ ന​ഷ്ടം സി. എ. ജി റി​പ്പോർ​ട്ട് വ്യ​ക്ത​മാ​ക്കു​ന്നു​ണ്ടെ​ങ്കിലും അ​തി​നു​ത്ത​ര​വാ​ദി​ക​ളാ​ണ് പ്ര​തി​ക​ളെ​ന്ന് തെ​ളി​യി​ക്കാൻ ക​ഴി​ഞ്ഞി​ല്ല."

ഖജനാവിനു നഷ്ടമുണ്ടാകുന്നത് അഴിമതി ആണെന്നാണു നിയമ വ്യവസ്ഥ പറയുന്നത്. ബാലകൃഷ്ണപിള്ളക്ക് ജയിലില്‍ പോകേണ്ടി വന്നത് ഇതുപോലെ നഷ്ടമുണ്ടാക്കിയതുകൊണ്ടായിരുന്നു. 

പിണറായി വിജയന്‍ ഈ നഷ്ടമുണ്ടാക്കിയോ ഇല്ലയോ എന്ന് തീരുമാനിക്കേണ്ടത് പാര്‍ട്ടിയല്ല കോടതികളാണെന്നാണു വി എസ് പറഞ്ഞത്. അതിനു വേണ്ടിയാണദ്ദേഹം പാര്‍ട്ടിക്കുള്ളിലും പുറത്തും വാദിച്ചത്. പക്ഷെ ഈ സത്യം ഉള്‍ക്കൊള്ളാനുള്ള വിവേകം പാര്‍ട്ടിക്കില്ലാതെ പോയി. ലാവലിന്‍ കേസ് ഒരു കോടതിയിലും എത്താതിരുന്നെങ്കില്‍ സി പി എം എന്ന പാര്‍ട്ടി ഉള്ളിടത്തോളം എതിരാളികള്‍ ഇതൊരായുധമാക്കുമായിരുന്നു.  കഴിഞ്ഞ ഒന്നര പതിറ്റാണ്ടില്‍ നടന്ന എല്ലാ തെരഞ്ഞെടുപ്പുകളിലും പാര്‍ട്ടിക്ക് അതിനെ പ്രതിരോധിക്കേണ്ടി വന്നു. ഇപ്പോള്‍ ഈ വിധി ഉണ്ടായിരുന്നില്ലെങ്കില്‍ ഈ പ്രതിരോധം അനന്തകാലത്തോളം നീണ്ടുപോകുകയും ചെയ്യുമായിരുന്നു. കുറഞ്ഞ പക്ഷം പിണറായി വിജയന്‍ കേരള രാഷ്ട്രീയത്തില്‍ ഉള്ളിടത്തോളം കാലമെങ്കിലും. അങ്ങനെയുള്ള ഒരു ഗതികേടില്‍ നിന്ന് പാര്‍ട്ടിയെ രക്ഷിച്ചത് വിഎസ് ആണ്. വി എസ് മാത്രമാണ്.

ചന്ദ്രശേഖരന്‍ എന്ന കറകളഞ്ഞ കമ്യൂണിസ്റ്റുകാരന്‍ വധിക്കപ്പെട്ടപ്പോള്‍ കേരളരാഷ്ട്രീയത്തില്‍ നഗ്നരാക്കപ്പെട്ട് മുഖം നഷ്ടപ്പെട്ട് സി പി എം എന്ന പാര്‍ട്ടി നിന്നു. വധിക്കപ്പെട്ട ചന്ദ്ര ശേഖരന്റെ ശവശരീരത്തോടു  പോലും പാര്‍ട്ടി സെക്രട്ടറി  വെറുപ്പു പ്രകടിപ്പിച്ചു. സംസ്കാരമുള്ള ഒരു മനുഷ്യനും ചെയ്യില്ലാത്ത നടപടി ആയിരുന്നു അത്. പൊതു സമൂഹത്തില്‍ ഒരു ഭീകര ജന്തുവിനേപ്പോലെ സി പി എം എന്ന പാര്‍ട്ടിയും, പാര്‍ട്ടി സെക്രട്ടറിയും വെറുക്കപ്പെട്ടു നിന്നപ്പോള്‍, ഈ പാര്‍ട്ടിക്ക് നന്മയുള്ള മറ്റൊരു മുഖം കൂടി ഉണ്ടെന്ന് പൊതു സമൂഹത്തെ ബോധ്യപ്പെടുത്തിയത് വി എസ് ആയിരുന്നു.

ലാവലിന്‍ വിഷയത്തിലും ചന്ദ്രശേഖരന്‍ വധത്തിലും വി എസിന്റെ നിലപാടുകളെ നൂറുതരത്തില്‍ വ്യാഖ്യാനിക്കുന്നവരുണ്ട്. എങ്ങനെ വ്യാഖ്യാനിച്ചാലും അദ്ദേഹത്തിന്റെ നിലപാടുകളായിരുന്നു ശരി എന്ന് പാര്‍ട്ടിക്ക് ഇന്നല്ലെങ്കില്‍ നാളെ സമ്മതിക്കേണ്ടി വരും. മറ്റനേകം വിഷയത്തില്‍ അതുണ്ടായതാണ്.

ഈ കോടതി വിധിയോടു കൂടി എല്ലാം കെട്ടടങ്ങുമെന്ന് തോന്നുന്നില്ല. കോണ്‍ഗ്രസും സി പി എമ്മും ഒത്തു കളിച്ചു എന്ന്  ബി ജെപി യും, ആര്‍ എം പിയും പറഞ്ഞു കഴിഞ്ഞു. എന്തിലും വിവാദമുണ്ടാക്കുന്ന പി സി ജോര്‍ജ് കോടതി വിധിയില്‍ ദുരൂഹത കണ്ടെത്തിക്കഴിഞ്ഞു. സംസ്ഥാന സർക്കാരിന് 324 കോടി നഷ്ടപ്പെടുത്തിയതിന്റെ ഉത്തരവാദിയെ കണ്ടെത്താതെ കേസ് മുഴുവനായി തള്ളിക്കളഞ്ഞതിനോട് അദ്ദേഹത്തിനു യോജിപ്പില്ല.  ആർ.ബാലകൃഷ്ണപിള്ളയെ ശിക്ഷിക്കുകയും പിണറായിയെ വെറുതെ വിടുകയും ചെയ്തതുവഴി രണ്ടുനീതിയാണ് നടപ്പാക്കിയതെന്നും അദ്ദേഹം പറഞ്ഞു.  സി ബി ഐ അപ്പീല്‍ നല്‍കുമെന്നും പറഞ്ഞിട്ടുണ്ട്.

കേരള രാഷ്ട്രീയത്തിന്റെ ഗതി മാറുന്നു എന്നാണ്, കേരള കൌമുദി ഈ വിധിയെ വിലയിരുത്തിക്കൊണ്ട് പറയുന്നത്. പിണറായി വിജയന്‍  കേരള മുഖ്യമന്ത്രി  ആകാനുള്ള  വഴി തെളിയുന്നതാണ്. അതിനു പറയുന്ന കാരണം.   അതിനപ്പുറം കേരള രാഷ്ട്രീയത്തിന്റെ ഗതി ഈ വിധി മാറ്റുമെന്ന് അരിയാഹാരം കഴിക്കുന്ന ആരും കരുതുന്നില്ല. ഗതി മാറണമെങ്കില്‍ മൂന്നാമതൊരു മുന്നണി അധികാരത്തിലേറണം. അല്ലെങ്കില്‍ അടുത്ത തെരഞ്ഞെടുപ്പിൽ യു ഡി എഫിനെ തന്നെ ജനങ്ങൾ തെരഞ്ഞെടുക്കണം. ഇന്നത്തെ അവസ്ഥയിൽ  ഇടതു വലതു മുന്നണികള്‍ മാറി മാറി ഭരിക്കുന്നത്   തുടരും. വിജയന് പകരം കോടിയേരി ഇടതുമുന്നണിയെ നയിച്ചാലും ഇടതുമുന്നണി ജയിക്കാനാണ് സാധ്യത. വിജയന്‍  നയിച്ചാൽ ഒരു പക്ഷെ നിഷ്പക്ഷ  വോട്ടുകള്‍ ഇടതുമുന്നണിക്ക് നഷ്ടപ്പെടാനും  മതി. അത്രക്കുണ്ട് അദ്ദേഹത്തിന്, പാർട്ടിക്കു പുറത്തുള്ള സ്വീകാര്യത. 

പക്ഷെ കേരള രാഷ്ട്രീയത്തിന്റെ ഗതി കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മാറുമായിരുന്നു. പിണറായി വിജയന്റെ  വൈരനിര്യാതന ബുദ്ധി പ്രവര്‍ത്തിച്ചില്ലായിരുന്നെങ്കില്‍.  ഈ മന്ത്രിസഭയെ മറിച്ചിടില്ല എന്ന തീരുമാനം എടുക്കാതിരുന്നെങ്കില്‍.  വിജയത്തോളം എത്തിയിരുന്നു  ഇടതുപക്ഷ മുന്നണിയുടെ പ്രകടനം. വിജയിച്ചിരുന്നെങ്കില്‍ അത് കേരള രാഷ്ട്രീയത്തിന്റെ ഗതി ഒരു പക്ഷെ മാറ്റിമറിക്കുമായിരുന്നു.  തുടര്‍ച്ചയായി ഉണ്ടാകുമായിരുന്ന ഒരു വിജയം. പക്ഷെ അതിനെ വിജയന്‍ തട്ടിത്തെറിപ്പിച്ചു. വിജയന്റെ ഇപ്പോഴത്തെ ഗുരു കാരാട്ടും പണ്ട് ഇതുപോലെ ഒരു തട്ടിത്തെറിപ്പിക്കല്‍  നടത്തിയിട്ടുണ്ട്. ഇന്‍ഡ്യന്‍ രാഷ്ട്രീയത്തിന്റെ ഗതി മാറ്റിയേക്കാവുന്ന ഒരു തീരുമാനത്തെ അന്ന്  കാരാട്ട് എതിര്‍ത്തു. ജോതി ബസു പ്രധാന മന്ത്രി ആകുന്നത് അദ്ദേഹം ​മുന്നില്‍ നിന്ന് തടഞ്ഞു.

വി എസ് എന്ന വ്യക്തിയെ ഭരിക്കാന്‍ അനുവദിച്ചിരുന്നെങ്കില്‍ അത് കേരളത്തിന്റെ  മുഖഛായ തന്നെ മാറ്റുമായിരുന്നു. വ്യക്തിയല്ല പാര്‍ട്ടിയാണു വലുതെന്ന് നാഴികക്കു നല്‍പ്പതു വട്ടം പറയുന്ന പിണറായി വിജയന്‍ എന്ന വ്യക്തി, എങ്ങനെ കേരള രാഷ്ട്രീയത്തിന്റെ ഗതി മാറ്റും എന്ന് എത്ര ആലോചിച്ചിട്ടും പിടികിട്ടുന്നില്ല. 



Wednesday, 28 August 2013

സാമ്പത്തിക വൈദഗ്ദ്ധ്യം.



ഇന്‍ഡ്യന്‍ പ്രധാന മന്ത്രി,  മന്‍  മോഹന്‍ സിംഗ് അറിയപ്പെടുന്നത് ലോക പ്രശസ്ത സാമ്പത്തിക വിദഗ്ദ്ധന്‍ എന്നാണ്. ഐ എം എഫിലും വേള്‍ഡ്  ബാങ്കിലും, പിന്നീട് ഇന്‍ഡ്യന്‍ റിസര്‍വ്  ബാങ്കിലും സേവനമനുഷ്ടിച്ച ശേഷം  അദ്ദേഹം,  ഇന്‍ഡ്യന്‍ ധനകാര്യ വകുപ്പ് മന്ത്രി ആയി. അപ്പോഴാണ്, ഇന്‍ഡ്യന്‍ സമ്പദ് രംഗം വിദേശ ശക്തികള്‍ക്ക് തുറന്നു കൊടുത്തത്. ആഗോള വത്കരണമെന്നും ഉദാരവത്കരണമെന്നും പറഞ്ഞ് വിദേശികള്‍ക്ക് കരമൊഴിവായി പല ആനുകൂല്യങ്ങളും നല്‍കി. കിട്ടിയ അവസരം മുതലെടുത്ത് അവര്‍ പണമുണ്ടാക്കി. കൂടെ ഇന്‍ഡ്യക്കാരായ കുറച്ച് പണക്കാരും കൂടുതല്‍ പണമുണ്ടാക്കി. ഇന്‍ഡ്യയിലെ പാവങ്ങള്‍ കൂടുതല്‍ പാവപ്പെട്ടവരുമായി.

ഇതില്‍ സന്തോഷിച്ച ലോക മാദ്ധ്യമങ്ങള്‍ മന്‍ മോഹന്‍ സിംഗിനെ ആവോളം പുകഴ്ത്തി. ഇന്‍ഡ്യയിലെ ശിങ്കിടിക്കാരും  അതാവര്‍ത്തിച്ചു. ഇതിന്റെ ചിറകിലേറി മന്‍ മോഹന്‍ സിംഗ് ഇന്‍ഡ്യന്‍ പ്രധാന മന്ത്രിയും ആയി.

പക്ഷെ സായിപ്പ് ആഗ്രഹിച്ച പോലെ ഫലം അനുഭവിക്കാന്‍ ആകാതെ വന്നപ്പോള്‍ അവര്‍ തന്നെ മന്‍ മോഹന്‍ സിംഗിനെ Underachiever എന്ന് വിളിച്ച് ആക്ഷേപിച്ചു. ആ ആക്ഷേപത്തിനു പരിഹാരമുണ്ടാക്കാനെന്ന വണ്ണം കൂടുതല്‍ കൂടുതല്‍ ആനുകൂല്യങ്ങള്‍ വിദേശികള്‍ക്ക് അദ്ദേഹം നല്‍കി. അതിന്റെ മറവില്‍ ഇന്‍ഡ്യയിലെ സായിപ്പന്‍മാര്‍ക്കും കൂടുതല്‍ കൂടുതല്‍ ആനുകൂല്യങ്ങള്‍ നല്‍കി. അവയിലൊന്ന് ഇന്‍ഡ്യയിലെ എണ്ണയുടെ വില  ആഗോള നിലവാരത്തിലേക്ക് ഉയര്‍ത്തുകയായിരുന്നു. അതിന്റെ ആദ്യ ഫലം എല്ലാറ്റിന്റെയും വില കൂടുകയും. അവശ്യസാധനങ്ങളളുള്‍പ്പടെ എല്ലാറ്റിന്റെയും  വിലകൂടികൂടി വന്നപ്പോള്‍ മന്‍  മോഹന്‍ സിംഗ് പറഞ്ഞത്, വിലക്കയറ്റം സാമ്പത്തിക വളര്‍ച്ചയുടെ ലക്ഷണമെന്നാണ്.

ഈ വര്‍ഷം മദ്ധ്യത്തോടെ ഡോളറിന്റെ വില കൂടിയപ്പോള്‍ ധനകാര്യമന്ത്രി ചിദംബരം അതിനെ നിസാരവത്കരിച്ചു. അന്താരാഷ്ട്ര  വ്യതിയാനങ്ങളാണതിനു പിന്നിലെന്നും  പറഞ്ഞ് ഇന്‍ഡ്യക്കാരെ സമാധാനിപ്പിച്ചു. അപ്പോഴും മന്‍ മോഹന്‍ സിംഗും ചിദംബരവും ഇന്‍ഡ്യന്‍ സമ്പദ് വ്യവസ്ഥ ശക്തമാണെന്നും വളര്‍ച്ചാ  നിരക്ക് കൂടുമെന്നും പറഞ്ഞ് ഇന്‍ഡ്യക്കാരെ തെറ്റിദ്ധരിപ്പിച്ചു. ഇപ്പോള്‍ ഡോളറിന്റെ വില കൂടിക്കൂടി വരുന്നു. ഇന്ന് ഡോളറിന്റെ വില 68 രൂപയും, പൌണ്ടിന്റെ വില 106 രൂപയുമാണ്.. എല്ലാറ്റിന്റെയും വില കൂടിയപ്പോള്‍ ഡോളറിന്റെയും വില കൂടി. ഇതും  സാമ്പത്തിക വളര്‍ച്ചയുടെ ലക്ഷണമായി ഇന്‍ഡ്യക്കാര്‍ കാരുതിക്കോളണം. അതാണു  ന്യൂ ജെനെറേഷന്‍ സാമ്പത്തിക ശാസ്ത്രം.

ഒരു പതിറ്റാണ്ടു കാലം ഇന്‍ഡ്യക്കാരെ തെറ്റിദ്ധരിപ്പിക്കുകയാണിവര്‍ ചെയ്തത്. അമേരിക്കയിലും യൂറോപ്പിലും സാമ്പത്തിക മാന്ദ്യമുണ്ടായപ്പോള്‍ വന്‍കിട കമ്പനികളുടെ ലാഭത്തില്‍ കുറവു വന്നു. ലാഭം കുറയുമ്പോള്‍ അത് നഷ്ടമെന്നാണ്, മുതലാളിത്ത വ്യവസ്ഥിതിയില്‍ വിലയിരുത്തപ്പെടുന്നത്.  അത് ഇന്‍ഡ്യന്‍ സമ്പദ് വ്യവസ്ഥയെ സഹായിച്ചു. അത് നേരിട്ടുണ്ടായ സഹായമായിരുന്നില്ല. അവിടെ ലാഭം കുറഞ്ഞപ്പോള്‍  കൂടുതല്‍ ലാഭമുണ്ടാക്കാന്‍ സാധിക്കുന്ന ഇന്‍ഡ്യയിലേക്കവര്‍ വന്നു. അതിന്റെ ചില ഗുണ ഫലങ്ങള്‍ ഉണ്ടായി എന്നത് നേരാണ്. പക്ഷെ അതിനേക്കാളേറെ ദൂഷ്യങ്ങളുമുണ്ടായി.

പടിഞ്ഞാറന്‍ നാടുകളിലെ സാമ്പത്തിക മാന്ദ്യത്തിന്റെ വിടവില്‍ കൂടി ഇന്‍ഡ്യ നേടിയെടുത്ത വളര്‍ച്ച ആണിപ്പോള്‍ പിന്നോട്ടടിച്ചു കൊണ്ടിരിക്കുന്നത്. ഇതുപോലുള്ള ഒരു സാമ്പത്തിക വളര്‍ച്ച ആയിരുന്നില്ല സാമ്പത്തിക വിദഗ്ദ്ധന്‍ നേടിയെടുക്കേണ്ടിയിരുന്നത്.

ഇന്‍ഡ്യയില്‍ സാമ്പത്തിക മാന്ദ്യം ആരംഭിച്ചു കഴിഞ്ഞു. മന്‍ മോഹന്‍ സിംഗിന്റെയോ ചിദംബരത്തിന്റെയോ ചെപ്പടി വിദ്യകളൊന്നും ഇതിനു തടയിടാന്‍ പോകുന്നില്ല. അടുത്ത വര്‍ഷം വരാന്‍ പോകുന്ന പൊതു തെരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കാന്‍ ഉദ്ദേശിച്ച് നടപ്പിലാക്കുന്ന ഭക്ഷ്യ സുരക്ഷ കൂനില്‍മേല്‍ കുരു പോലെ സമ്പദ് വ്യവസ്ഥയുടെ നടുവൊടിക്കും. സാമ്പത്തിക നില മെച്ചപ്പെട്ടു നിന്ന സമയത്ത് പണക്കാരെ സഹായിക്കാനാണ്, മന്‍ മോഹന്‍ സിംഗ് ശ്രമിച്ചത്. അന്ന് സാധാരണക്കാരുടെ ജീവിതം മെച്ചപ്പെടുത്താന്‍ ഒന്നും ചെയ്യാതെ  6.7 ബില്യണ്‍ ഡോളറിന്റെ സ്വര്‍ണ്ണം വാങ്ങി വച്ചു. 1991 ല്‍ സാമ്പത്തിക ബുദ്ധിമുട്ടുണ്ടായപ്പോള്‍  സ്വര്‍ണ്ണം പണയം വച്ചതിനെ പരിഹസിച്ചവര്‍ ഈ സ്വര്‍ണ്ണം വാങ്ങലിനെ   പ്രകീര്‍ത്തിച്ചു. അത് സോഷ്യലിസത്തില്‍ നിന്നും  മുതലാളിത്തത്തിലേക്ക് ഇന്‍ഡ്യ മാറിയതിന്റെ മേന്‍മയായും  പ്രചരിപ്പിച്ചു. പക്ഷെ ഇപ്പോള്‍  1991 ല്‍ ഉണ്ടായിരുന്നതിലും ഗുരുതരമായ സാമ്പത്തിക  ബുദ്ധിമുട്ടിലേക്കാണു കാര്യങ്ങള്‍ നീങ്ങുന്നത്. സ്വര്‍ണം പണയം വച്ച് സാമ്പത്തിക ബുദ്ധിമുട്ട് മറികടക്കാന്‍ ഇപ്പോള്‍ ആലോചിക്കുന്നു.   സ്വര്‍ണ്ണം പണയം വയ്ക്കാന്‍ ലാഭം മാത്രം നോക്കുന്ന പല വ്യവസായികളും നിര്‍ബന്ധിക്കുന്നുമുണ്ട്. എന്നു വച്ചാല്‍ മുതാളിത്തത്തിലേക്ക് മാറിയിട്ടും, ലോക പ്രശസ്ത സാമ്പത്തിക വിദഗദ്ധന്‍ 10 വര്‍ഷം അമരത്തിരുന്ന് ഭരിച്ചിട്ടും, ഇന്‍ഡ്യ 1991 ലെ അവസ്ഥയിലേക്ക് തിരിച്ചു പോകുന്നു. ഓഹരി വിപണിയും തകര്‍ന്നു.

മെച്ചപ്പെട്ട സാമ്പത്തിക നില ഉണ്ടായിരുന്ന കാലത്തൊന്നും  പാവപ്പെട്ടവര്‍ക്ക് ഗുണകരമാകേണ്ടിയിരുന്ന ഭക്ഷ്യ സുരക്ഷയേപ്പറ്റി മന്‍ മോഹന്‍ സിംഗോ ചിദംബരമോ ചിന്തിച്ചതേ ഇല്ല. ഇപ്പോഴും ഇത് അദ്ദേഹത്തിന്റെ അജണ്ടയൊന്നുമല്ല. അത് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ അജണ്ടയാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പിനു മുന്നെ ഇടതുപക്ഷം നിര്‍ബന്ധിച്ച് നടപ്പിലാക്കിയ ദേശീയ തൊഴിലുറപ്പു പദ്ധതി കോണ്‍ഗ്രസിനെ സഹായിച്ചിരുന്നു. അതുപോലെ ഭക്ഷ്യ സുരക്ഷയും അടുത്ത വര്‍ഷം സഹായിക്കുമെന്നാണ്, കോണ്‍ഗ്രസിന്റെ ചിന്ത. പക്ഷെ അതിനുള്ള സാധ്യത ഇപ്പോഴില്ല.

ഇനി ചെലവു ചുരുക്കലും നികുതി വര്‍ദ്ധിപ്പിക്കലും ഉണ്ടാകും. അത് 25 വര്‍ഷത്തേക്ക് കരമൊഴിവായി പലതും വാരിക്കോരി കൊടുത്തവരെ ബാധിക്കില്ല. സാധാരണക്കാരെ മാത്രമേ ബാധിക്കൂ.  കേരളത്തിലെ പൊട്ടിപ്പൊളിഞ്ഞ റോഡുകളിലൂടെ യാത്ര ചെയ്യുമ്പോള്‍ ഇപ്പോള്‍ പണി പൂര്‍ത്തിയാകാത്ത അനേകം കെട്ടിടങ്ങള്‍ കാണാം. അവിടങ്ങളില്‍ പണി ഒന്നും നടക്കുന്നുമില്ല. മിക്കവാറും അവയൊന്നും പൂര്‍ത്തിയാകാന്‍ സാധ്യതയുമില്ല. കേരളത്തില്‍ ഇപ്പോള്‍ 20 മന്ത്രിസഭകളാണുള്ളത്. ഉമ്മന്‍ ചാണ്ടി പണ്ടത്തെ രാജാക്കന്‍മാരേപ്പോലെ നാടു നീളെ നടന്ന പണക്കിഴികള്‍ വിതരണം ചെയ്യുന്നു. ഓരോ മന്ത്രിമാരും അവര്‍ക്ക് തോന്നുമ്പോലെ പലതും ചെയ്യുന്നു. സാമ്പത്തിക സ്ഥിതി മോശമാണെന്ന് മന്ത്രി ആര്യാടന്‍ തുറന്നു പറഞ്ഞിരിക്കുന്നു. സ്ഥിതി വളരെ നല്ലതാണെന്ന് ഉമ്മന്‍ ചാണ്ടിയും  കെ എം മാണിയം ​പറയുന്നു. ആരു പറയുന്നതാണു ശരി എന്ന് ആര്‍ക്കുമറിയില്ല. പക്ഷെ ഒരു കാര്യത്തില്‍ തര്‍ക്കമില്ല. സാമ്പത്തിക മാന്ദ്യം  കേരളത്തെ വലിയ തോതില്‍ ബാധിക്കും.

രൂപയുടെ മൂല്യം ഇടിയുന്നതിനു മുന്നെ അവശ്യ സാധനങ്ങളുടെ വില കുത്തനെ കൂടിയിരുന്നു. പെട്രോളിനും ഡീസലിനും  അടുത്തു തന്നെ വില കൂടും. അപ്പോള്‍ അവശ്യസാധനങ്ങളുടെ വില പിടിച്ചാല്‍ കിട്ടാത്ത വിധം ഉയരും.  രൂപയുടെ വില കുറയുന്നതുപോലെ വില കുറയുന്ന മറ്റൊരു തരം ഉല്‍പ്പന്നം ഇന്‍ഡ്യയിലുണ്ട്.മനുഷ്യര്‍,. അവരെ ആര്‍ക്ക് വേണമെങ്കിലും പീഢിപ്പിക്കാം, കൊലപ്പെടുത്താം, പറ്റിക്കാം, തട്ടിപ്പിനിരയാക്കാം. വേണമെങ്കില്‍ കേരള മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വരെ അതിനു കൂട്ടുനില്‍ക്കും.


Tuesday, 2 April 2013

ഏപ്രില്‍ ഫൂള്‍ 


ലോകം മുഴുവന്‍ ഏപ്രില്‍ ഫൂള്‍ ആഘോഷിക്കുമ്പോള്‍, കേരളത്തിലെ ജനങ്ങളെ മുഴുവന്‍ വിഡ്ഢികളാക്കി കൊണ്ട് ഒരു പൊറാട്ടു നാടകം നടന്നു. ഇത് നടത്തിയത് കേരള മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും വനം വകുപ്പ് മന്ത്രി ഗണേശനും ചേര്‍ന്നാണ്. സഹായികളായി  യു ഡി എഫ് എന്ന വിചിത്ര മുന്നണിയും കൂടെ ഉണ്ടായിരുന്നു.

കേരളം കണ്ട ഏറ്റവും കാപട്യക്കാരനായ രാഷ്ട്രീയക്കാരനാണ്, ഉമ്മന്‍ ചാണ്ടി. പതിറ്റാണ്ടുകളോളം എ കെ ആന്റണിയെ മുന്നില്‍ നിറുത്തി കോണ്‍ഗ്രസില്‍ ഗ്രൂപ്പു കളിച്ചയാളാണ്, അദ്ദേഹം. ആന്റണിയെ മാറ്റി മുഖ്യമന്ത്രി ആയപ്പോള്‍ ആദ്യം ചെയ്തത് ബാലകൃഷ്ണപിള്ളയേയും റ്റി എം ജേക്കബിനെയും  മന്ത്രിസഭയില്‍ നിന്ന് ഒഴിവാക്കുകയായിരുന്നു.  അതിനു ശേഷം നടന്ന തെരഞ്ഞെടുപ്പില്‍ യാതൊരു ഉളുപ്പുമില്ലാതെ  ഇവര്‍ രണ്ടു പേരുടെയും കാലു പിടിച്ചു. അതുകൊണ്ട് ജേക്കബും ഗണേശനും ഈ മന്ത്രിസഭയിലെ മന്ത്രിമാരായി.

ഗണേശനെ മന്ത്രിയാക്കിയത് ബാലകൃഷ്ണപിള്ളയാണെന്ന് പിള്ളയും അതല്ല, ഉമ്മന്‍ ചാണ്ടിയാണെന്ന് ഗണേശനും വാദിക്കാന്‍ തുടങ്ങിയിട്ട് രണ്ട് വര്‍ഷത്തോളമായി. എന്നെ മന്ത്രിയാക്കിയത് എന്റെ പാര്‍ട്ടി അല്ല, ഉമ്മന്‍ ചാണ്ടിയാണ്, എന്നാണദ്ദേഹത്തിന്റെ നിലപാട്.  പത്തനാപുരത്തുകാര്‍ ജയിപ്പിച്ചതുകൊണ്ട് കൊട്ടാരക്കരക്കാരൻ  നയിക്കുന്ന  പാര്‍ട്ടിക്ക് കീഴ്പെടേണ്ട ആവശ്യമില്ല എന്നാണ്, ഗണേശന്റെ നിലപാട്. സുബോധമുള്ള ആര്‍ക്കും  അപഹാസ്യമായി തോന്നുന്ന സംഗതിയാണത്. ഗണേശന്‍ കോണ്‍ഗ്രസുകാരനാണെങ്കില്‍ അദ്ദേഹം പറയുന്നതില്‍ കാര്യമുണ്ട്. പാര്‍ട്ടിക്ക് മന്ത്രിയെ വേണ്ടെങ്കില്‍ ആ മന്ത്രിയെ ഒഴിവാക്കുകയാണു സാമാന്യ മര്യാദ. അങ്ങനെയുള്ള മര്യാദയൊന്നും ഉമ്മന്‍ ചാണ്ടിയില്‍ നിന്നും പ്രതീക്ഷിക്കുന്നതില്‍ അര്‍ത്ഥമില്ല.

കഴിഞ്ഞ രണ്ടാഴ്ചയായി കേരള രാഷ്ട്രീയം അതിന്റെ ഏറ്റവും മലീമസമായ ഘട്ടത്തില്‍ കൂടി കടന്നു പൊയ്ക്കൊണ്ടിരിക്കുന്നു. കേരള ചരിത്രത്തിലെ  ഏറ്റവും നാണം കെട്ട മുഖ്യമന്ത്രി ആയി ഉമ്മന്‍ ചാണ്ടി തരം താഴുന്ന കാഴ്ച ആണ് കേരളം ഇപ്പോള്‍ കാണുന്നത്. കൂടെ ഉമ്മന്‍ ചാണ്ടിയുടെയും ഗണേശന്റെയും കാപട്യവും കേരളം തിരിച്ചറിയുന്നു.

ഫെബ്രുവരി  22 നു ഗണേശനു മന്ത്രി മന്ദിരത്തില്‍ വച്ചു തല്ലു കൊണ്ടു. ചോര വാര്‍ന്നു പോകും വിധമുള്ള തല്ല്. അതിന്റെ  ഫോട്ടോ ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നു.  ആരു തല്ലി എന്നത് ഒരു തര്‍ക്ക വിഷയമായിരുന്നു.  ഭാര്യ  യാമിനി തല്ലി എന്നതാണു ഗണേശന്‍ പറഞ്ഞിരുന്നത്.  അതല്ല കാമുകിയുടെ ഭര്‍ത്താവു തല്ലി എന്നതാണു പി സി ജോര്‍ജ്ജ് പറഞ്ഞു നടന്നത്. അത് കേരളത്തില്‍ വലിയ ഒരു വിവാദവുമായിരുന്നു. ഗണേശന്‍  പീഢിപ്പിക്കുന്നു എന്ന പരാതിയുമായി യാമിനി  ഉമ്മന്‍ ചാണ്ടിയെ കണ്ടു. പക്ഷെ പരാതി തന്നില്ല എന്നായിരുന്നു ഉമ്മന്‍ ശഠിച്ചത്. ഇതിനിടെ ഗണേശനും യാമിനിയും തമ്മില്‍ വിവാഹ മോചനത്തിനു ധാരണയായി. പല പ്രാവശ്യം ഉമ്മന്‍ ചാണ്ടിയെ കണ്ട് പ്രശ്ന പരിഹാരത്തിനു സഹായിക്കന്‍  അഭ്യര്‍ത്ഥിച്ചു. പക്ഷെ അതുണ്ടാകുന്നതിനു മുന്നെ ഗണേശന്‍ യാമിനി തന്നെ പീഢിപ്പിക്കുന്നു എന്നും പറഞ്ഞ്   പരാതി നല്‍കി.


ഗണേശന്‍ നല്‍കിയ പരാതിയുടെ പ്രസക്ത ഭാഗങ്ങള്‍.

ഭാര്യ യാമിനി തങ്കച്ചിയുടെ പീഡനം അസഹനീയമായി.  വിവാഹമോചനം അനുവദിക്കണം. ഭാര്യയുടെ ശാരീരികപീഡനം ഭയന്നാണു മന്ത്രിമന്ദിരത്തില്‍ കഴിയുന്നത്‌.,.  വിവാഹം കഴിഞ്ഞ നാള്‍മുതല്‍ ഭാര്യ പീഡിപ്പിച്ചു വരികയാണ്.  ആഹാരവും കിടപ്പറയും പോലും എനിക്ക്‌ അന്യമായിരുന്നു. 
വ്യക്‌തിവിരോധം തീര്‍ക്കാന്‍ ചില രാഷ്‌ട്രീയക്കാരെയും മാധ്യമങ്ങളെയും യാമിനി തങ്കച്ചി ഉപയോഗിച്ചു. രാഷ്‌ട്രീയ രംഗത്തും സിനിമാ രംഗത്തുമുള്ള സ്‌ത്രീകളെ താനുമായി ബന്ധപ്പെടുത്തി കുപ്രചരണം നടത്തി. 2001-ലാണു യാമിനി തങ്കച്ചി ആദ്യമായി വിവാഹമോചന ഹര്‍ജി നല്‍കിയത്‌.,. അതു പത്തനാപുരത്തെ തെരഞ്ഞെടുപ്പിന്‌ ഉപയോഗിച്ചെങ്കിലും ഫലം കണ്ടില്ല. മകന്റെ ഭാവിയോര്‍ത്താണു വീണ്ടും ഒരുമിച്ചു താമസിക്കാന്‍ തീരുമാനിച്ചത്‌. 2013 ഫെബ്രുവരി 22-ന്‌ സന്ധ്യയ്‌ക്കു ചായ കുടിച്ചുകൊണ്ടിരുന്ന എന്നെ ചവിട്ടി നിലത്തിട്ടു മുഖത്ത്‌ അടിക്കുകയും ശരീരമാസകലം മാന്തി മുറിവേല്‍പ്പിക്കുകയും ചെയ്‌തു. മുഖത്തു ചൂടുചായ ഒഴിച്ചു. എന്റെ ലൈംഗിക അവയവങ്ങള്‍ക്ക്‌ പരുക്കേല്‍പ്പിച്ചു. പുറത്തുപറഞ്ഞാല്‍ പോലീസ്‌ സ്റ്റേഷനില്‍ ചെന്ന്‌ അവരെ ഉപദ്രവിച്ചതായി പറഞ്ഞു കേസ്‌ കൊടുക്കുമെന്നു ഭീഷണിപ്പെടുത്തി. ശാസ്‌തമംഗലത്തുളള ഡോ. ശ്രീകുമാറിന്റെ അടുത്താണു ചികില്‍സ തേടിയത്‌..,. പരുക്കേറ്റതു സംബന്ധിച്ച ഫോട്ടോകള്‍ ഇതോടൊപ്പം കോടതിയിലും ഹാജരാക്കുന്നുണ്ട്‌.,. എന്നെ മര്‍ദിച്ച കാര്യം പേഴ്‌സണല്‍ സ്‌റ്റാഫിനറിയാം. പേഴ്‌സണല്‍ സ്‌റ്റാഫിലുളള റിജോ, ഡ്രൈവര്‍ ശാന്തന്‍, ഗണ്‍മാന്‍ ഷാനവാസ്‌ എന്നിവര്‍ സാക്ഷികളാണ്‌..,. യാമിനിയുടെ ക്രൂരത സഹിക്കാവുന്നതിനപ്പുറമാണ്‌.,. യാമിനിയോടൊപ്പം കഴിയുന്നതു ജീവനു ഭീഷണിയാണ്‌.,.  


ഇത്രയുമായപ്പോള്‍ ഇതു വരെ പരസ്യമായി പ്രതികരികാതിരുന്ന യാമിനി പത്രസമ്മേളനം നടത്തി തന്റെ ഭാഗം വിശദീകരിച്ചു. പോലീസില്‍ പരാതിയും കൊടുത്തു.

യാമിനിയുടെ പത്രസമ്മേളനതിലെ പ്രസക്ത ഭാഗങ്ങള്‍ ഇവയാണ്.

മന്ത്രി ഗണേഷ്‌ കുമാറിനെക്കുറിച്ച്‌ ചീഫ്‌ വിപ്പ്‌ പി.സി. ജോര്‍ജ്‌ പറഞ്ഞതെല്ലാം ശരിയാണ്‌,. . മകന്റെ സഹപാഠിയുടെ അമ്മയാണു ഗണേഷിനൊപ്പം ആരോപിക്കപ്പെട്ട സ്‌ത്രീ. ഫെബ്രുവരി 22ന്‌ ഇവരുടെ ഭര്‍ത്താവ്‌ വീട്ടില്‍ വന്നതിന്‌ ഞാന്‍ സാക്ഷിയാണ്‌. അപ്പോയിന്റ്‌മെന്റ്‌ എടുത്താണു അയാള്‍ വന്നത്‌. അയാളുടെ ഭാര്യയെ ഗണേഷ്‌ കാറില്‍ കയറ്റിക്കൊണ്ടുപോയത്‌ എവിടെ വച്ചാണെന്നും ഏതു ഹോട്ടലിലേക്കാണു പോയതെന്നുമെല്ലാം അയാള്‍ പറഞ്ഞു. എല്ലാം കേട്ട ഗണേഷ്‌ തെറ്റുപറ്റിപ്പോയെന്നു പറഞ്ഞ്‌ അയാളുടെ കാലിലേക്കു വീണു. ഈ കാഴ്‌ച എനിക്ക്‌ വലിയ ഷോക്കായിരുന്നു. ആ നിമിഷം മറക്കാന്‍ കഴിയില്ല. എന്റെ ജീവിതം തകര്‍ന്നു വീണ നിമിഷമായിരുന്നു അത്‌. എന്റെ സുഹൃത്തും മകന്റെ സഹപാഠിയുടെ അമ്മയുമായിരുന്നു ആ സ്‌ത്രീ. അപ്പോള്‍തന്നെ ഞാന്‍ പൊട്ടിക്കരഞ്ഞുകൊണ്ടു മുറിയിലേക്കു പോയി. ഇതുകണ്ടു സഹിക്കാന്‍ വയ്യാതെ സ്‌ഥലത്തുനിന്നു മാറിയതിനാല്‍ പിന്നീട്‌ എന്താണു സംഭവിച്ചതെന്ന്‌ അറിയില്ല. തിരിച്ചുവന്നപ്പോള്‍ അയാള്‍ പോയിരുന്നു. സംഭവത്തെക്കുറിച്ചു ചോദിച്ചപ്പോള്‍ ഗണേഷ്‌ പൊട്ടിത്തെറിച്ചു. ഓഫീസ്‌മുറി പൂട്ടിയിട്ട്‌ തലങ്ങും വിലങ്ങും എന്നെ തല്ലി. ചവിട്ടുകയും അടിക്കുകയും ചെയ്‌തു. എന്റെ കൈവിരലും കാലും ഒടിഞ്ഞു. രക്ഷിക്കണമെന്നു പറഞ്ഞ്‌ ഞാന്‍ കരഞ്ഞു. ഒടുവില്‍ മര്‍ദ്ദനം നിര്‍ത്തി ഗണേഷ്‌കുമാര്‍ മുറിയില്‍നിന്ന്‌ പുറത്തേക്കു പോയി. എറണാകുളത്തു ഷൂട്ടിംഗിനെന്നു പറഞ്ഞാണു പോയത്‌..,.
പിന്നീട്‌ ഇതെല്ലാം കാണിച്ചു മുഖ്യമന്ത്രിക്കു പരാതി നല്‍കാന്‍ പോയി. എന്നാല്‍ എഴുതി നല്‍കിയ പരാതി സ്വീകരിക്കാന്‍ അദ്ദേഹം തയാറായില്ല. പ്രശ്‌നങ്ങള്‍ രമ്യമായി പരിഹരിക്കാന്‍ ഒരവസരം കൂടി നല്‍കണമെന്ന്‌ ആവശ്യപ്പെട്ടു. അച്‌ഛനും സഹോദരന്‍മാരും ഇല്ലാത്ത ഞാന്‍ പിതാവിന്റെ സ്‌ഥാനത്ത്‌ അദ്ദേഹത്തെ കണ്ടതിനാല്‍ അദ്ദേഹം ആവശ്യപ്പെട്ടതു സമ്മതിച്ചു.
കുട്ടികളുടെ ഭാവിയെക്കരുതി ഞാന്‍ ഒരു കരാറിനു തയാറായി. എല്ലാം വീഡിയോയ്‌ക്കു മുന്നിലായിരുന്നു. മന്ത്രി ഷിബു, ടി. ബാലകൃഷ്‌ണന്‍, ജയപ്രകാശ്‌ എന്നിവരായിരുന്നു മധ്യസ്‌ഥര്‍. ഇപ്പോള്‍ എല്ലാവരും ചേര്‍ന്നു എന്നെ വഞ്ചിച്ചു. പിന്നീട്‌ പ്രതിപക്ഷം ഈ വിഷയം നിയമസഭയില്‍ ഉന്നയിച്ചപ്പോള്‍ പരാതി നല്‍കിയില്ലെന്ന്‌ എഴുതി നല്‍കാന്‍ മുഖ്യമന്ത്രി ആവശ്യപ്പെട്ടു. അതിനും ഞാന്‍ തയ്യാറായി. ഇക്കാര്യം ഞാന്‍ ആരോടും പറഞ്ഞില്ല. പരാതി കൈമാറിയില്ല എന്നാണ്‌ എഴുതി നല്‍കിയത്‌,. . എന്നിട്ടും അദ്ദേഹം വിശ്വാസവഞ്ചനയാണു കാട്ടിയത്‌. പരാതി വായിക്കാന്‍ പോലും മുഖ്യമന്ത്രി കൂട്ടാക്കിയില്ല. മുഖ്യമന്ത്രിയെ വിശ്വസിച്ചതു തെറ്റായിപ്പോയെന്ന്‌ ഇപ്പോള്‍ മനസിലായി. മധ്യസ്‌ഥരായി നിന്ന ഷിബു ബേബിജോണും തെറ്റിദ്ധരിപ്പിക്കുകയായിരുന്നു. ഇപ്പോള്‍ വാദി പ്രതിയായ അവസ്‌ഥയായി. മുഖ്യമന്ത്രി അടക്കമുള്ള മധ്യസ്‌ഥര്‍ വഞ്ചിച്ചതോടെയാണു നിങ്ങള്‍ക്ക്‌ മുന്നില്‍ വന്നത്‌. ഇതിനു മുന്‍പ്‌ ഇക്കാര്യത്തില്‍ ഒരു പ്രതികരണത്തിനും മുതിര്‍ന്നിരുന്നില്ല. മാര്‍ച്ച്‌ 31 നു മുന്‍പ്‌ പരിഹാരം ഉണ്ടാക്കാമെന്നായിരുന്നു ധാരണ. ഡെഡ്‌ ലൈന്‍ ആകുന്നുവെന്നു മുഖ്യമന്ത്രിയോടു പറഞ്ഞതുമാണ്‌. മുഖ്യമന്ത്രി പരിഹരിക്കുമെന്നു പ്രതീക്ഷിച്ചു. എന്നെ നിരന്തരം പീഡിപ്പിക്കുന്നത്‌ ഗണേഷിന്റെ അച്‌ഛന്‍ ബാലകൃഷ്‌ണപിള്ളയ്‌ക്കും അറിയാമായിരുന്നു. അച്‌ഛന്‍ ഗണേഷിനെ പിന്തണിച്ചില്ല. മക്കളുടെ ഭാവി സുരക്ഷിതമാക്കേണ്ടത്‌ എന്റെ കടമയാണ്‌.,. ഗാര്‍ഹിക പീഡനവും വിവാഹേതരബന്ധവും അടക്കമുള്ള വകുപ്പുകള്‍ ചേര്‍ത്ത്‌ വനിതാ കമ്മിഷനും പോലീസിനും പരാതി നല്‍കും. ഗണേഷുമായി വേര്‍പിരിഞ്ഞു താമസിക്കുകയായിരുന്ന ഞാന്‍ മക്കളെ ആലോചിച്ചാണു വീണ്ടും അദ്ദേഹത്തോടൊപ്പം താമസിച്ചിരുന്നത്‌,. . മുന്‍പ്‌ വേര്‍പിരിയാനുള്ള കാരണവും ഇപ്പോഴത്തേതിന്‌ സമാനമായിരുന്നു. ഗണേഷ്‌ കേസിന്‌ പോയത്‌ എന്തുകൊണ്ടെന്ന്‌ അറിയില്ല. മകന്റെ പത്താം ക്ലാസ്‌ പരീക്ഷ സമയത്താണു വാര്‍ത്ത വന്നത്‌. ഇതറിഞ്ഞു മകന്‍ തകര്‍ന്നു പോയി. അവന്റെ പരീക്ഷ കുളമായി. മക്കള്‍ എന്റെ ഭാഗത്താണ്‌..,. കുട്ടികള്‍ക്കു സാധാരണ ജീവിതം വേണം. കുട്ടികളെ നല്ല പൗരന്‍മാരാക്കി വളര്‍ത്തണം. ഗണേഷിനെ ഞാന്‍ അടിച്ചിട്ടില്ല. ഇത്തരമൊരു മന്ത്രി കേരളത്തിനു വേണമോ എന്ന്‌ ജനങ്ങളാണു തീരുമാനിക്കേണ്ടത്‌-,. 

യാമിനി മുഖ്യമന്ത്രിയെ കണ്ട് പരാതി പറഞ്ഞാല്‍ തന്നെ, ഗാര്‍ഹികപീഡന നിയമപ്രകാരം  ഗണേശിനെതിരെ കേസ് എടുക്കേണ്ടതായിരുന്നു. പക്ഷെ ഉമ്മനത് ചെയ്തില്ല. ഇത് ഉമ്മന്‍ ചാണ്ടിയുടെ രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും ഇരുണ്ട അദ്ധ്യായമായി അവശേഷിക്കും. മുഖ്യമന്ത്രിക്ക് പരാതി കൊടുത്തിട്ട് ഗുണമില്ല എന്നു മനസിലാക്കിയ യാമിനി ഇപ്പോള്‍ പോലീസില്‍ പരാതി നല്‍കി. പോലീസ് കേസു രെജിസ്റ്റര്‍ ചെയ്തു. പ്രശ്നം ഇതു പോലെ കത്തിപടര്‍ന്നപ്പോള്‍ പിടിച്ചു നില്‍ക്കാന്‍ കഴിയില്ല എന്നു ബോധ്യമായ ഉമ്മനും  സഹ മന്ത്രിമാരും ഗണേശന്റെ രാജി ആവശ്യപ്പെട്ടു. പകരം നല്‍കിയ ഉറപ്പുകള്‍, കേന്ദ്ര സര്‍ക്കാര്‍ ഇറ്റലിക്ക് നല്‍കിയ ഉറപ്പുകള്‍ പോലെയാണെന്ന് ഇപ്പോള്‍ തെളിഞ്ഞു വരുന്നു.  അവിടെയും ഉമ്മന്റെ കാപട്യം ഫണം വിരിച്ചാടുന്നു. ഗാര്‍ഹിക പീഢനവും വധശ്രമവും ആണു പ്രധാന പരാതികൾ  എന്നു യാമിനി പരസ്യമായി ലോകത്തെ അറിയിച്ചിട്ടും, വധശ്രമം  കേസില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. പീഢകരെ രക്ഷിക്കലാണല്ലോ കുറച്ചു കാലമായി ഉമ്മന്റെ ദൌത്യം തന്നെ.

ഗണേശനു തല്ലു കിട്ടിയപ്പോള്‍ പിള്ളക്ക് സന്തോഷമായി കാണും. പിള്ള പണ്ടേ തല്ലണമെന്നു കരുതിയിരുന്നതാണ്. ഇപ്പോള്‍  മറ്റാരോ തല്ലി ആ പ്രശ്നം പരിഹരിച്ചു. അതുകൊണ്ട് ഗുണമുണ്ടായി. രണ്ടു വര്‍ഷമായി അച്ഛനുമായോ പാര്‍ട്ടിയുമായോ ബന്ധമില്ലാതിരുന്ന ഗണേശനു പെട്ടെന്ന് അച്ഛനും പാര്‍ട്ടിയുമായി ബന്ധമുണ്ടായി. പക്ഷെ അത് അധികം നീണ്ടുനിന്നില്ല. പിള്ളയെ ഭരണത്തിന്റെ ഏഴയലത്ത് അടുപ്പിക്കില്ല എന്ന തീരുമാനത്തിലെത്തി നിന്നപ്പോഴാണ്, അശനിപാതം പോലെ യാമിനിയുടെ പത്രസമ്മേളനവും പോലീസ് കേസും.


രാജി വച്ചു കൊണ്ട് ഗണേശന്‍ നടത്തിയ പ്രസ്ഥാവന ഇതാണ്.

അഴിമതിക്കെതിരെ ഞാന്‍ നടത്തുന്ന പോരാട്ടത്തിന് നല്‍കിയ വിലയാണ് രാജി. കഴിഞ്ഞ കുറേക്കാലമായി തനിക്കെതിരെ ഗൂഢാലോചന നടക്കുകയാണ്. വ്യാജപരാതിയാണ് എനിക്കെതിരെ നല്‍കിയത്. വനംവകുപ്പിനെ അഴിമതി വിമുക്തമാക്കാന്‍ ഞാന്‍ ശ്രമം നടത്തി. അതിന്റെ പേരില്‍ ഞാന്‍ ക്രൂശിക്കപ്പെട്ടു. യു.ഡി.എഫിന്റെ നല്ലൊരു ഭരണമാണ് ഇവിടെ നടക്കുന്നത്. മന്ത്രിക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്താല്‍ തുടരുന്നത് ശരിയല്ല. നിഷ്പക്ഷമായ അന്വേഷണം നടക്കണം. ഏതുതരത്തിലുള്ള അന്വേഷണത്തിനും ഞാന്‍ സന്നദ്ധനാണ്. ധാര്‍മികതയുടെ പേരില്‍ സ്വന്തം നിലയ്ക്കാണ് രാജിവെയ്ക്കുന്നത്. പോരാട്ടം തുടരും. 



ഇത് കേട്ടാല്‍ ആരും മൂക്കത്തു വിരല്‍ വച്ചു പോകും. അഴിമതിക്കെതിരെ നടത്തുന്ന പോരാട്ടത്തിന്റെ പേരാണോ മകന്റെ ക്ളാസ് മേറ്റിന്റെ അമ്മയുമായുള്ള അഗമ്യ ഗമനവും, ഭാര്യാ മര്‍ദ്ദനവും?.

ഗണേശനെതിരെ ഉണ്ടായ ആരോപണം ഈ പരസ്ത്രീ ബന്ധമാണ്. പക്ഷെ ഈ ആരോപണം തെറ്റാണെന്ന് ഗണേശന്‍ ഇതു വരെ പറഞ്ഞിട്ടില്ല. ഗണേശന്റെ ഇപ്പോഴത്തെ  പരസ്ത്രീ ബന്ധം കണ്ടു പിടിച്ചത് അദ്ദേഹത്തിന്റെ മൊബൈലില്‍ വന്ന ചില സന്ദേശങ്ങള്‍ യാമിനി വായിച്ചപ്പോഴായിരുന്നു. അതില്‍ ചിലത് ഇങ്ങനെ.

കണ്ണുമൂടിയാലും നീതന്നെ കണ്ണുതുറന്നാലും നീ തന്നെ, രാജിന്‌ രാജിന്റെ വഴി എനിക്ക്‌ എന്റെ വഴി, അണ്ണനോട്‌(എന്റെ റിലേഷന്‍ ദൃഢമാകണം. അതുകൊണ്ടു ഞാന്‍ എല്ലാം തുറന്നുപറയുന്നു, രാജുമായി എനിക്കിനി ഒരു ബന്ധവുമില്ല. എന്തെന്നാല്‍ ഇനി നിങ്ങള്‍ മാത്രമേ എന്റെ മനസിലുള്ളൂ, ഐ ലവ്‌ യു 


ഗണേശന്റെ പരസ്ത്രീ ഗമനം പരസ്യ വിഴുപ്പലക്കലായി കേരളം മുഴുവന്‍ തത്തിക്കളിച്ചപ്പോള്‍,  മന്ത്രിസ്ഥാനത്തു നിന്നും രാജി വയ്ക്കേണ്ടി വന്നാല്‍  എം എല്‍ എ സ്ഥാനവും കൂടി രാജി വയ്ക്കും എന്നായിരുന്നു അദ്ദേഹം ഭീഷണി മുഴക്കിയിരുന്നത്. ഇപ്പോള്‍ മന്ത്രി സ്ഥാനം രാജി വച്ചപ്പോള്‍ അടവു മാറ്റുന്നു. എം  എല്‍ എ സ്ഥാനം രാജി വയ്ക്കില്ല എന്നു പ്രഖ്യാപിച്ചു കഴിഞ്ഞു. കൂടെ മറ്റൊരു അഹന്ത കൂടി പുറത്തു വന്നു. ഞാനാണു പാര്‍ട്ടി. ജനങ്ങള്‍ എന്റെ കൂടെയാണ്, എന്നാണ്, അവസാന വീരവാദം.


ഗണേശന്റെ വാക്കുകള്‍

കേരളത്തിലെ ജനങ്ങൾ എനിക്കൊപ്പമാണ്.  ജനങ്ങൾ കൂടെയുള്ളവരാണ് യഥാർത്ഥ പാർട്ടി. പാർട്ടിയുടെ നിലപാട് കാര്യമാക്കുന്നില്ല. ജനങ്ങളോട് പ്രതിബദ്ധതയുള്ളതിനാൽ എം.എൽ.എ സ്ഥാനം രാജിവയ്ക്കുന്നില്ല. പാർട്ടിക്കു വേണ്ടിയല്ല,​ മുഖ്യമന്ത്രിയുടെ മാന്യത നിലനിർത്താനാണ് രാജിവച്ചത്. പ്രശ്നം ഉയർന്നപ്പോൾ തന്നെ മന്ത്രിസ്ഥാനം  രാജിവയ്ക്കാൻ തയ്യാറാണെന്ന് മുഖ്യമന്ത്രിയോടു വ്യക്തമാക്കിയതായിരുന്നു. 



യാമിനി മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ മറ്റ് പലതുമുണ്ട്.

ശാരീരികമായ പീഡനങ്ങള്‍ ഗണേഷില്‍ നിന്ന്‌ സഹിക്കേണ്ടിവരുന്നു. മന്ത്രിയെന്ന അധികാരം ദുര്‍വിനിയോഗം ചെയ്‌ത്‌ പല സ്‌ത്രീകളുമായും ഗണേഷ്‌ ബന്ധപ്പെടുന്നുണ്ട്‌. നേരത്തെ സിനിമാ നടനായിരുന്നപ്പോഴും ഇത്തരം ബന്ധങ്ങളുണ്ടായിട്ടുണ്ട്‌. ഗണേഷ്‌ കുടുംബത്തെ സംരക്ഷിക്കുന്നില്ല. ഇത്രയും നാള്‍ പീഡനങ്ങള്‍ ഞാന്‍ സഹിക്കുകയായിരുന്നു. ഇതിനുമുന്‍പും ബന്ധുക്കളുടെ മുന്നില്‍വച്ചുപോലും എന്നെ മര്‍ദിച്ചിട്ടുണ്ട്‌.,  തുടങ്ങി, ഏതൊരു പൊതു പ്രവര്‍ത്തകനും നാണക്കേടുണ്ടാക്കുന്ന പലതുമുണ്ട്.

പ്രശ്‌നങ്ങള്‍ ഇത്രയും വഷളാക്കിയതില്‍  ഉമ്മന്‍ ചാണ്ടിക്ക് വ്യക്തമായ പങ്കുണ്ട്.  യാമിനിയുടെ പരാതി മുഖ്യമന്ത്രി വാങ്ങാതിരുന്നത് ശരിയായ നടപടിയല്ല. കേരളം ഭരിക്കുന്ന മ്യുഖ്യമന്ത്രിയുടെ അടുത്താണ്, ഒരു സ്ത്രീ ഗാര്‍ഹിക പീഢന വിവരം പറഞ്ഞത്. ഉത്തരവാദിത്തമുള്ള ഒരു മുഖ്യമന്ത്രിക്ക് അതിനെ അവഗണിക്കാന്‍ ആകില്ല. . നാടുനീളെ നടന്ന് പരാതികള്‍ വാങ്ങുന്ന മുഖ്യമന്ത്രി തന്റെ അടുത്ത് വന്ന് പരാതി പറഞ്ഞ യാമിനിയുടെ പരാതി തള്ളിക്കളഞ്ഞത് ഒട്ടും ശരിയായില്ല.  ഇതുപോലെ നാണം കെട്ട് ഗണേശന്‍ രാജിവയ്ക്കുന്നതിലും ഭേദം, നേരത്തെ  പാര്‍ട്ടി ആവശ്യപ്പെട്ടപ്പോള്‍ രാജിവയ്ക്കുന്നതായിരുന്നു. ഇപ്പോള്‍ രാജിവച്ചത്  പാര്‍ട്ടിയെ അറിയിച്ചതുമില്ല. മാന്യതയുണ്ടെങ്കില്‍ അറിയിക്കേണ്ടിയിരുന്നു. പക്ഷെ മാന്യന്‍മാരില്‍ നിന്നല്ലേ മാന്യത പ്രതീക്ഷിക്കേണ്ടതുള്ളു.


ഇത് ഇവിടം കൊണ്ട് അവസാനിക്കുന്ന ലക്ഷണമില്ല. ഗണേശന്റെ പെര്‍സണല്‍ സ്റ്റാഫില്‍ പെട്ട റിജോ പറയുന്നത് ഇപ്രകാരം.

സംഭവം നടക്കുന്ന ദിവസം ഞാന്‍ മന്ത്രിയുടെ വസതിയിലുണ്ടായിരുന്നു. ഇന്നു ഞാന്‍ അയാളെ കൊല്ലുമെന്നു പറഞ്ഞ്‌ ചേച്ചി സാറിന്റെ മുറിയിലേക്കു കയറി. അമ്പലത്തില്‍ പോയി മടങ്ങി വന്ന സാര്‍ ഒരുകപ്പ്‌ ചായ ചോദിച്ചു. അതെടുത്തുകൊണ്ടു വരുമ്പോഴാണ്‌ ചേച്ചി വന്നത്‌.,. എന്നോട്‌ റൂമിന്റെ പുറത്തു പോകാന്‍ പറഞ്ഞു. പുറത്തേക്കിറങ്ങിയതും മുറി വലിയ ശബ്‌ദത്തില്‍ ചേച്ചി പൂട്ടി. പിന്നെ കുറച്ചു സമയത്തിനു ശേഷം മുറിക്കുള്ളില്‍ നിന്നും വലിയ ശബ്‌ദം കേട്ടു. മുറി തള്ളിത്തുറക്കാന്‍ ശ്രമിച്ചു. അതിനു ശേഷം താക്കോല്‍ പഴുതിലൂടെ മുറിയിലേക്കു നോക്കുമ്പോള്‍ സാറു നിലത്തു കിടക്കുകയാണ്‌,. അദ്ദേഹത്തിന്റെ നെഞ്ചില്‍ ചവിട്ടിക്കൊണ്ട്‌ നില്‍ക്കുന്ന ചേച്ചിയെ ഞാന്‍ കണ്ടു. കഴുത്തില്‍ കുത്തിപ്പിടിച്ചു വലിച്ചിഴച്ചു. കസേരയുടെ കാലുകൊണ്ട്‌ മുഖത്തടിച്ചു.ചായ മുഖത്തൊഴിച്ചു. പുറത്തേക്കു വന്ന അദ്ദേഹത്തിന്റെ ഷര്‍ട്ട്‌ പൂര്‍ണമായും കീറിയിരുന്നു. എറണാകുളത്തു ഷൂട്ടിംഗുണ്ട്‌ എന്നു പറഞ്ഞ്‌ പോകാനൊരുങ്ങുമ്പോള്‍ ചേച്ചി അദ്ദേഹത്തിന്റെ മൂക്കിലിടിച്ചു. ചോര വാര്‍ന്നുകൊണ്ടാണ്‌ അദ്ദേഹം പോയത്‌. എന്നിട്ടും ചേച്ചിയുടെ ദേഷ്യം തീര്‍ന്നിരുന്നില്ല. ഇതിനു മുമ്പും ചേച്ചി അദ്ദേഹത്തെ ആക്രമിച്ചിട്ടുണ്ട്‌. അദ്ദേഹത്തിന്റെ മാംസം മാന്തിപ്പറിച്ചിട്ടുണ്ട്‌. സാര്‍ തിരിച്ചൊന്നും ചെയ്യാറില്ല. ആറര വര്‍ഷമായി താന്‍ അദ്ദേഹത്തോടൊപ്പമുണ്ട്‌. അദ്ദേഹത്തിനു ഒരു ചായപോലും ചേച്ചി കൊടുക്കാറില്ല. 

ആരു പറയുന്നതാണു സത്യം? അതറിയാന്‍ കേരളം ഏറെ നാള്‍ കാത്തിരിക്കേണ്ടി വരും.  ഗണേശന്റെ മറ്റ് ലീലാവിലാസങ്ങള്‍ ഇനിയും കൂടുതല്‍ പുറത്തു വരാനാണു സാധ്യത.

ഉമ്മന്‍ പറയുന്നത് ഇങ്ങനെ.

യാമിനി എനിക്ക് പരാതി നല്‍കിയിട്ടില്ല. നിയമസഭയില്‍ പറഞ്ഞതില്‍ ഉറച്ചുനില്‍ക്കുന്നു.  നാലുപ്രാവശ്യം യാമിനി തന്നെ വന്നുകണ്ടിരുന്നെങ്കിലും പരാതിയൊന്നും നല്‍കിയിരുന്നില്ല. യാമിനി നിലപാട് മാറ്റിയതിനു പിന്നില്‍ ബാഹ്യ ഇടപെടലുകളുണ്ടാകുമെന്ന് ഞാന്‍ ഊഹിക്കുന്നു. ഗണേഷ്- യാമിനി വിഷയത്തില്‍ ഇടപെട്ടത് നല്ല ഉദ്ദേശ്യത്തോടെയാണ്. എന്നാല്‍ യാമിനി കള്ളം പറയുന്ന വ്യക്തിയല്ല. 

ഇതാണു ശരിക്കുള്ള ശിഖണ്ഠി. മഹാഭാരതത്തിലേ ഇതുപോലെ ഒന്നിനെ കാണാന്‍ സാധിക്കു.


യാമിനി കള്ളം പറയുന്ന വ്യക്തിയല്ലെങ്കില്‍  യാമിനി പറഞ്ഞതൊക്കെ സത്യമാണെന്ന് കേരളം വിശ്വസിക്കും. എങ്കില്‍ ഗാര്‍ഹിക പീഢനം ​എന്ന വകുപ്പു കൂടി ചേര്‍ത്ത് ഗണേശനെതിരെ കേസെടുക്കണം. ഏതായാലും പത്തനാപുരത്ത് ഒരുപതെരഞ്ഞെടുപ്പിലേക്കാണു കാര്യങ്ങള്‍ നീങ്ങുന്നത്.








Saturday, 16 February 2013

ശിഖണ്ഠിയുദ്ധം 


ശിഖണ്ഠി മഹാഭാരതത്തിലെ ഒരു കഥാപാത്രമാണ്. സ്ത്രീയോ പുരുഷനോ എന്ന തീര്‍ച്ചയില്ലാത്ത കഥാപാത്രം. കൌരവ പക്ഷത്തിന്റെ സാരഥി ആയിരുന്ന ഭീഷ്മരെ വീഴ്ത്താന്‍  കൃഷ്ണന്‍ ഉപയോഗിച്ച  കഥാപാത്രം. നേരിട്ടുള്ള ഒരു ഏറ്റുമുട്ടലില്‍ ഭീഷ്മരെ വീഴ്ത്താന്‍  ആകില്ല എന്നറിയാവുന്ന  ശ്രീകൃഷ്ണന്‍ എന്ന  ദൈവം പോലും ശിഖണ്ടിയെ മുന്നില്‍ നിറുത്തി അര്‍ജ്ജുനനേക്കൊണ്ട്  ഭീഷ്മരെ വീഴ്ത്തി.

ഏക ദേശം ഇതിനു സമാനമായ  ഒരു യുദ്ധം കേരള രാഷ്ട്രീയത്തില്‍ ഇപ്പോള്‍ നടക്കുന്നുണ്ട്. രണ്ടു പതിറ്റാണ്ടായി കേരള രാഷ്ട്രീയം വി എസ് അച്യുതാനന്ദന്‍ എന്ന സി പി എം നേതാവിനു ചുറ്റും കിടന്ന് തിരിയുകയാണ്. 1991 ലെ തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പാര്‍ട്ടി കണ്ടു വച്ചിരുന്ന നേതാവായിരുന്നു അദ്ദേഹം. പക്ഷെ അന്നദ്ദേഹം പ്രതി പക്ഷ നേതാവേ ആയുള്ളു.  പ്രതി പക്ഷ നേതാവിന്റെ സ്ഥാനത്തിരുന്നു കൊണ്ട് അദ്ദേഹം ഇടപെട്ട  കാര്യങ്ങള്‍  പക്ഷെ അദ്ദേഹത്തിന്റെ പാര്‍ട്ടിയിലെ ചിലരുടെ ഉറക്കം കെടുത്തി. അതിന്റെ പരിസമാപ്തി ആയിരുന്നു  സി പി എമ്മിന്റെ ഉറച്ച കോട്ടയായ മാരാരിക്കുളത്തെ  അദ്ദേഹത്തിന്റെ പരാജയം. എന്തുകൊണ്ടദ്ദേഹം അന്ന് പരാജയപ്പെട്ടു എന്നത് ഇന്നും എം എം ലോറന്‍സ് എന്ന സി ഐ റ്റിയു നേതാവിന്റെ വാക്കുകളില്‍ നിന്നും വായിച്ചെടുക്കാം. അന്ന് വി എസിനെതിരെ ആരംഭിച്ച യുദ്ധത്തിന്റെ പരിസമാപ്തിയാണിപ്പോള്‍ കേരള രാഷ്ട്രീയം കണ്ടു കൊണ്ടിരിക്കുന്നത്.




വിജയന്‍  പാര്‍ട്ടി സെക്രട്ടറി ആകുമ്പോള്‍  വി എസിന്റെ കൂടെ പിന്തുണ ഉണ്ടായിരുന്നു എന്നത് സത്യമാണ്. ലാവലിന്‍ വിഷയത്തില്‍ പാര്‍ട്ടി നിയോഗിച്ച  ബാലാനന്ദന്‍ കമ്മിറ്റി റിപ്പോര്‍ട്ട് തള്ളി വിജയന്‍ എടുത്ത തീരുമാനം കൊണ്ട്  കേരള ഖജനാവിനു നഷ്ടമുണ്ടായി എന്ന സി എ ജി റിപ്പോര്‍ട്ട് വന്നപ്പോള്‍ മുതലാണ്, വി എസും വിജയനും തമ്മില്‍ അകന്നു തുടങ്ങിയത്. പിന്നെ അതൊരു നീണ്ട യുദ്ധമായിരുന്നു. ഇന്നും തീരുമാനമാകാത്ത യുദ്ധം.

സി പി എമ്മിനു കേരളത്തില്‍ മൂന്നു മുഖ്യമന്ത്രിമാരേ ഉണ്ടായിട്ടുള്ളു. അതില്‍ ഇ എം എസിനേയും നയനാരെയും ആഴ്ചയില്‍ മൂന്നു വട്ടമെന്ന നിലയില്‍ വിജയന്‍ പുകഴ്ത്തിയിരുന്നു. അതിന്റെ  ഉദ്ദേശ്യമൊന്നു മാത്രം. വി എസ് മോശമാണെന്നു തെളിയിക്കുക. അവരൊക്കെ പാര്‍ട്ടി തീരുമാനങ്ങള്‍ ലംഘിച്ചിട്ടില്ല. മറ്റ് മന്ത്രിമാരെ സംരക്ഷിച്ചിരുന്നു. ലെനിനിസ്റ്റ് സംഘടന തത്വങ്ങള്‍ ലംഘിച്ചിട്ടില്ല എന്നൊക്കെയായിരുന്നു വിലാപങ്ങള്‍.,. . കൂടെക്കൂടെ ഇത് പറഞ്ഞിരുന്ന  വിജയന്‍ പറയാത്ത ചില കാര്യങ്ങളുണ്ട്. ഇ എം എസും നായനാരും മുഖ്യമന്ത്രിമാരായിരുന്നപ്പോള്‍ പാര്‍ട്ടി സെക്രട്ടറിമാര്‍ എങ്ങനെ പ്രവര്‍ത്തിച്ചിരുന്നു എന്നൊന്നും അദ്ദേഹം ഇതുവരെ പറഞ്ഞു കേട്ടിട്ടില്ല.

അവര്‍ തെരഞ്ഞെടുപ്പില്‍ മത്സരിച്ചപ്പോള്‍ പാര്‍ട്ടി തന്നെ തോല്‍പ്പിച്ചിട്ടില്ല. മത്സരിക്കുന്നതില്‍ നിന്നും പാര്ട്ടി  തടഞ്ഞിട്ടില്ല. സഹൂഹത്തിനു ഗുണകരമായ തീരുമാനങ്ങള്‍ എടുത്തപ്പോഴൊന്നും അതിനെ പാര്‍ട്ടി എതിര്‍ത്തു തോല്‍പ്പിച്ചിട്ടില്ല. കമ്യൂണിസ്റ്റുകാരായിരുന്ന ഇ  എം എസും നായനാരും ഭരിച്ചപ്പോഴൊന്നും കമ്യൂണിസത്തിനു നിരക്കാത്ത തീരുമാനങ്ങള്‍ പാര്‍ട്ടി എടുത്തിരുന്നില്ല. അന്നൊന്നും പാര്‍ട്ടി ഭൂമായിയുടെയും ലോട്ടറി മാഫിയയുടെയും മണല്‍ മാഫിയയുടെയും ബ്ളേഡ് കമ്പനിയുടെയും ഏജന്റുമാരായി പ്രവര്‍ത്തിച്ചിട്ടില്ല. ഭൂപരിഷ്കരണം കാലഹരണപ്പെട്ടു എന്നും പറഞ്ഞ് സ്വകാര്യ കുത്തകള്‍ക്ക് ഭൂമി വില്‌ക്കാന്‍ ഒത്താശ ചെയ്തിട്ടില്ല. പാര്‍ട്ടി അന്നൊന്നും അമ്യൂസ്മെന്റ് പാര്‍ക്കോ പഞ്ച നക്ഷത്ര ഹോട്ടലോ നടത്തിയിരുന്നില്ല. അന്നും പാര്‍ട്ടിക്കു സെക്രട്ടറിയും മറ്റുമൊക്കെ ഉണ്ടായിരുന്നു. സെക്രട്ടറി ഇതുപോലുള്ള ഒന്നിനും ചൂട്ടു പിടിക്കാതിരുന്നതു കൊണ്ട് ഇ എം എസിനോ നായനാര്‍ക്കോ എതിര്‍പ്പുണ്ടാകേണ്ട വിഷയങ്ങളുമുണ്ടായിരുന്നില്ല. ഇന്നതല്ല അവസ്ഥ. ഫാരിസ് അബൂബേക്കറേപ്പോലുള്ള ഭൂമായിയകളാണിന്ന് പാര്‍ട്ടി അജണ്ട നിശ്ചയിക്കുന്നത്. ഭൂമാഫിയ സ്ഥലം വാങ്ങിയാല്‍ അവിടെ പദ്ധതികള്‍ നടപ്പാക്കാന്‍ തീരുമാനിക്കുക എന്ന നിലയിലേക്ക് പാര്‍ട്ടിയെ തരം തഴ്ത്തിയതിന്റെ പൂര്‍ണ്ണ ഉത്തരവാദി ഇപ്പോഴത്തെ പാര്‍ട്ടി സെക്രട്ടറി  വിജയനാണ്.


Politician Pinarayi Vijayan Photograph



ജനസമൂഹത്തിനു ശരി എന്നു തോന്നുന്നതിന്റെ നേരെ എതിര്‍വശത്തു നിന്നാല്‍ വി എസിനെ പ്രകോപിപ്പിക്കാന്‍ വളരെ എളുപ്പമാണെന്ന് പിണറായി വിജയന്‍ കണ്ടുപിടിച്ചിട്ട് കാലം കുറെ ആയി. പ്രതിപക്ഷ നേതാവായിരുന്നപ്പോള്‍ ജനകീയ പ്രശ്നങ്ങളില്‍ സജീവമായി ഇടപെട്ട് ജനകീയനായപ്പോള്‍ മുതല്‍ ഇത്  ആരംഭിച്ചതാണ്. അതിപ്പോഴും തുടരുന്നു.


വി എസിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കുക എന്നാണു ലക്ഷ്യം. അത് നേരിട്ട് പറയാന്‍  ബുദ്ധിമുട്ടുണ്ട്. അതുകൊണ്ട് ശിഖണ്ഠികളേക്കൊണ്ട് പറയിപ്പിക്കുന്നു.

മുഖ്യമന്ത്രി എന്ന നിലയില്‍  , വി എസ് എല്ലാ ആഴ്ചയും പത്രസമ്മേളനം നടത്തിയിരുന്നു. അപ്പോഴൊക്കെ  പത്രക്കാര്‍ക്ക് ചോദിക്കാന്‍ വേണ്ട വിഷയങ്ങള്‍ വളരെ സമര്‍ദ്ധമായി അതിനു മുന്നേ പിണറായി വിജയന്‍ പറഞ്ഞിരുന്നു.  കേരളത്തിലെ പത്രക്കാരെ ശരിക്കും മനസിലാക്കിയ വിജയനറിയാം,   അവര്‍ വി എസിനോട് എന്തു ചോദിക്കുമെന്ന്. പത്രക്കാര്‍ക്ക് ചോദിക്കേണ്ട ചോദ്യം തയ്യാറാക്കി നല്‍കുന്നതു പോലെയാണ്‌ വിജയന്‍  മിക്കപ്പോഴും സംസാരിക്കുക. അവര്‍ ചോദിക്കുന്നതും പിണറായി പ്രതീക്ഷിക്കുന്ന ചോദ്യങ്ങള്‍ തന്നെ. വി എസ് പ്രതികരിക്കും. അത് പാര്‍ട്ടി അച്ചടക്കം ലംഘിക്കുന്നതായി വ്യാഖ്യാനിക്കാന്‍ വിജയനോളം സാമര്‍ദ്ധ്യം വേറെ ആര്‍ക്കുണ്ട്? നെയ്യപ്പം തിന്നാല്‍ രണ്ടു ഗുണം എന്നു പറഞ്ഞപോലെ. ഇഷ്ടവിനോദമായ മാദ്ധ്യമ സിന്‍ഡിക്കേറ്റിനെ നാവിന്റെ ചൊറിച്ചില്‍ മാറുന്നതു വരെ ചീത്ത പറയാം. വി എസിനേക്കൊണ്ട് ലെനിനിസ്റ്റ് സംഘടന തത്വങ്ങള്‍ ലംഘിപ്പിക്കാം. ബാക്കി പണികളൊക്കെ ചാവേറുകള്‍ നോക്കിക്കൊള്ളും. ലാവലിന്‍ പ്രശ്നത്തില്‍ ലെനിനിസ്റ്റ് തത്വങ്ങള്‍ ലംഘിപ്പിച്ച് മുഖ്യമന്ത്രി സ്ഥാനത്തു നിന്നും നീക്കുന്നതിന്റെ അടുത്തു വരെ എത്തിയതായിരുന്നു. അത് മലര്‍പ്പൊടിക്കാരന്റെ സ്വപ്നം പോലെ പൊലിഞ്ഞു പോയതിന്റെ നിരാശ ഇപ്പോഴും മാറിയിട്ടില്ല. ഇപ്പോള്‍ പ്രതിപക്ഷ നേതാവിന്റെ സ്ഥാനത്തു നിന്നും മാറ്റാന്‍ അതേ ലാവലിന്‍ വിഷയം ​ഉപയോഗിക്കുന്നു.

ഇത് വളരെ സമര്‍ദ്ധമായി ആസൂത്രണം ചെയ്ത് നടപ്പാക്കുന്ന ഒരു തന്ത്രമാണ്. സി പി എം പോലുള്ള ഒരു കേഡര്‍ പാര്‍ട്ടിയുടെ ചട്ടക്കൂട് ഇതു പോലുള്ള തന്ത്രങ്ങള്‍ വിജയിക്കാന്‍ വളരെ യോജിച്ചതുമാണ്. പാര്‍ട്ടി വിരുദ്ധനായി ആരെയും മുദ്ര കുത്താന്‍ വളരെ എളുപ്പമാണ്. ആരേക്കൊണ്ടു വേണമെങ്കിലും വളരെ എളുപ്പത്തില്‍ പാര്‍ട്ടി അച്ചടക്കം ലംഘിപ്പിക്കാം.

ഇന്‍ഡ്യന്‍ ഭരണഘടനാ സ്ഥാപനമായ സി എ ജി കണ്ടെത്തിയ ക്രമക്കേടാണ്,ലാവലിന്‍ കരാറില്‍ ഖജനാവിനുണ്ടായ നഷ്ടം. സി ബി ഐ ആണതന്വേഷിച്ച്  കുറ്റപത്രം സമര്‍പ്പിച്ചതും. അത് തീര്‍പ്പാക്കേണ്ടത്, ഏതെങ്കിലും പാര്‍ട്ടി വേദികളിലല്ല. അതിനു വ്യവസ്ഥാപിതമായ ഒരു സംവിധാനം  ഇന്‍ഡ്യയിലുണ്ട്. .  വിജയന്‍ കുറ്റക്കാരനാണോ അല്ലയോ എന്ന് പാര്‍ട്ടി തീരുമാനിച്ചാലൊന്നും അത് ജനങ്ങളും നിയമവ്യവസ്ഥയും അംഗീകരിക്കില്ല.  ആ സംവിധാനത്തിലൂടെ പോകണമെന്നേ വി എസ്  പറഞ്ഞുള്ളു. അതിന്റെ പേരില്‍ അച്ചടക്ക നടപടി നേരിട്ട വി എസിനു കിട്ടുന്ന പിന്തുണ, ജനം എങ്ങനെ ഇതിനെ കാണുന്നു എന്നതിനു തെളിവാണ്.

വി എസ് കുറേക്കാലമായി പാര്‍ട്ടിയിലെ ജീര്‍ണതക്കെതിരെ നടത്തിയ പോരാട്ടങ്ങള്‍, അച്ചടക്കമെന്ന ആയുധപ്രയോഗത്തിലൂടെ അടക്കി നിര്‍ത്തിയതിലൂടെ ഉണ്ടായതാണ് ഇന്നത്തെ പ്രതിസന്ധി. ഇത് ഇത്രയാക്കി വര്‍ദ്ധിപ്പിച്ചതില്‍ കാരാട്ടിനും വലിയ പങ്കുണ്ട്. ലാവലിന്‍ കേസാണ്, ഇതില്‍ ഏറ്റവും ഗുരുതരം. ഈ വിഷയത്തില്‍ പാര്‍ട്ടി വ്യക്തമായ ഒരു തീരുമാനം എടുത്തിട്ടില്ല ഇതു വരെ.  നേതാക്കള്‍ ചര്‍ച്ച ചെയ്ത് അംഗീകരിച്ച് നടപ്പാക്കിയ ഒരു പാര്‍ട്ടി തീരുമാനത്തെ പിന്നീട് തള്ളിപ്പറയുന്നതിന് തുല്യമായിരിക്കും എന്നതാണ് കേന്ദ്രനേതൃത്വത്തെ അലോസരപ്പെടുത്തുന്ന ചിന്ത. തെറ്റ് സംഭവിച്ചത് വിജയനല്ലെന്നും പാര്‍ട്ടിക്കാണെന്നും പരസ്യ സമ്മതം നടത്തേണ്ടിവരുമെന്ന പേടിയാണ്‌ പ്രകാശിനും മറ്റു ചിലര്‍ക്കും. അത് ഒരു തെറ്റിദ്ധാരണകൊണ്ടുള്ള നിലപാടാണ്. ലാവലിന്‍ കരാര്‍ അഴിമതിയിലൂടെ നടപ്പാക്കണമെന്ന് പാര്‍ട്ടി പിണറായിയോട് നിര്‍ദ്ദേശിച്ചിരുന്നില്ല. കരാര്‍ നടപ്പിലാക്കിയപ്പോള്‍ ചില വീഴ്ചകള്‍ സംഭവിച്ചു. അതിന്റെ ഉത്തരവാദിത്തം അത് നടപ്പിലാക്കിയ വ്യക്തികള്‍ക്കാണെന്ന തിരിച്ചറിവ്, പാര്‍ട്ടിക്കില്ലാതെ പോയി. അതുകൊണ്ടുതന്നെ, ലാവലിന്റെ വിശദാംശങ്ങളിലേക്ക് കടക്കാതെ, അറിഞ്ഞതെല്ലാം പൂര്‍ണമാണെന്ന വിലയിരുത്തലാണ്, പ്രകാശ് കാരാട്ട് നടത്തിയത്. ഇതിന്റെ ചുവടുപിടിച്ചാണ്, വിജയനെ  കുറ്റവിമുക്തനാക്കിയുള്ള തീര്‍പ്പ് കേന്ദ്രനേതൃത്വം കൈക്കൊണ്ടത്. ഇവിടെ കാരാട്ടൊക്കെ വളരെ ആപത്ക്കരമായ ഒരു നിലപാടിലേക്ക് മാറുന്നു. പിണറായി തെറ്റു ചെയ്തോ എന്നു തീരുമാനിക്കേണ്ടത്, കോടതിയല്ല പാര്‍ട്ടിയാണ്, എന്ന പുതിയ ഒരു നിലപാടാണത്. നാളെ മറ്റു പാര്‍ട്ടികളും ഇതാവര്‍ത്തിച്ചാല്‍, അത്ഭുതപ്പെടേണ്ടതില്ല. തിരുത്തപ്പെടേണ്ടത് പാര്‍ട്ടിയാകയാല്‍ അതിന് തുനിഞ്ഞില്ല. മാത്രമല്ല, അഴിമതി ആരോപിതനായ വ്യക്തിപോലും സംരക്ഷിക്കപ്പെടുന്നു എന്ന പ്രതീതി സൃഷ്ടിക്കപ്പെടുകയും ചെയ്യുന്നു.ഇത് കേന്ദ്രീകൃത ജനാധിപത്യവും ലെനിനിസ്റ്റ് സംഘടനാരീതിയും അനുവര്‍ത്തിക്കുന്ന പാര്‍ട്ടി അംഗങ്ങള്‍ക്ക് ബാധകമായിരിക്കാം. എന്നാല്‍ പാര്‍ട്ടിഭരണഘടനക്ക് പുറത്ത് കഴിയുന്നവര്‍ക്ക് സ്വീകാര്യമായിക്കൊള്ളണമെന്നില്ല.

വിജയന്‍ നേതാവായ ശേഷം ഒരു ബഹുജനസമരം പോലും പാര്‍ട്ടി നടത്തിയിട്ടില്ല. കാരാട്ടിന്റെ അവസ്ഥയും മറ്റൊന്നല്ല. അത് ബഹുജനങ്ങളെ ബാധിക്കുന്ന ഒരു പ്രശ്നവും ഇല്ലാഞ്ഞിട്ടല്ല. പൊതുസമൂഹത്തിന്റെ താഴെത്തട്ടിലുള്ള ദാരിദ്യം, ഭൂമി, പരിസ്ഥിതി, സ്ത്രീത്വം, ദലിത് മുന്നേറ്റം, തൊഴിലില്ലായ്മ, വിലക്കയറ്റം, വരള്‍ച്ച, കള്ളപ്പണം, പെണ്‍വാണിഭം, ബലാല്‍ സംഗം  എന്നിങ്ങനെ, വര്‍ഗപരമായി പ്രതിനിധാനം ചെയ്യേണ്ട ബഹുഭൂരിപക്ഷം ജനതയുടെ ഒരുപ്രശ്നം പോലും വിജയന്‍ നേതാവായ ശേഷം സി പി എം ഏറ്റെടുത്തില്ല. ഇങ്ങനെയുള്ള വിഷയങ്ങള്‍ പാര്‍ട്ടിയുടെ അജണ്ടയില്‍ നിന്നു തന്നെ മാറിപ്പോയി. എങ്ങനെയും കുറച്ച് സീറ്റു നേടുക എന്നതായി മാറി പാര്‍ട്ടി ലക്ഷ്യം. ഭൂമി കയ്യേറ്റം, അഴിമതി, ലൈംഗിക പീഢനം, നെല്‍ വയല്‍ നികത്തല്‍ തുടങ്ങിയ സമൂഹിക പ്രശ്നങ്ങള്‍ ഒറ്റക്ക് വി എസ് ഏറ്റെടുത്തു. അതിനു പിന്നില്‍ ബഹുജനങ്ങളെ അണിനിരത്തേണ്ടതായി പാര്‍ട്ടിക്കു തോന്നിയില്ല. വി എസിനു ഇവയെല്ലാം ജനപ്രിയത നേടിക്കൊടുത്തു എന്നു മനസിലായപ്പോള്‍, അതിന്റെ പങ്ക് അവകാശപ്പെടാന്‍ പാര്‍ട്ടി ശ്രമിച്ചു എന്നത് നേരാണ്. വി എസ് ഇവയിലൊക്കെ സജീവമായി ഇടപെട്ടപ്പോള്‍, പാര്‍ട്ടി നേതാക്കള്‍ മുതലാളിത്തത്തിന്റെ ഇതുവരെ എതിര്‍ത്ത കനികള്‍ ആസ്വദിക്കാന്‍ തുടങ്ങി. അമ്യൂസ്മെന്റ് പാര്‍ക്ക്, പഞ്ചനക്ഷത്ര ഹോട്ടല്‍ എന്നിവ അനുഭവിക്കുക മാത്രമല്ല, അവയുടെ നടത്തിപ്പുകാരായി ചില നേതാക്കള്‍ മാറി. ഇവിടെയും നിന്നില്ല, കള്ളപ്പണക്കാരും, കൊള്ളപ്പലിശക്കാരും, ഭൂമാഫിയക്കാരും, കള്ളവാറ്റുകാരും, വലിയ തൊഴിലുടമകളും, പാര്‍ട്ടി വേദികളില്‍ സ്വീകാര്യരും ബഹുമാനിതരും ആയി. ഇതിനെതിരെ ഉയര്‍ന്ന ശബ്ദം വി എസിന്റേതു മാത്രമായിരുന്നു.

കേരളപ്പിറവിക്കു ശേഷം ഉണ്ടായ ഏറ്റവും വിപ്ലവാത്മകമായ സമരം എന്നു വിശേഷിപ്പിക്കാവുന്നതാണു നെല്‍വയല്‍ നിരത്തലിനെതിരെ, വി എസിന്റെ നേതൃത്വത്തില്‍ നടന്ന ഒരു സമരം. അതിനെ, 'വെട്ടി നിരത്തല്‍ സമരം' എന്ന് ആക്ഷേപിച്ച് , വിമര്‍ശിച്ച് എതിര്‍ത്തു ഭൂമാഫിയകള്‍ പരാജയപ്പെടുത്തി. അത് പരാജയപ്പെടുത്തുന്നതില്‍ പാര്‍ട്ടിക്കും വ്യക്തമായ ഒരു പങ്കുണ്ട്.

അതിനു ശേഷം ഭൂമികയ്യേറ്റക്കാര്‍ക്കെതിരെ നടന്ന നീക്കവും സമാന സ്വഭാവമുള്ളതും, അഭൂത പൂര്‍വമായതുമായിരുന്നു. ഭൂമാഫിയക്കാരെ പേടിച്ചും അവര്‍ക്ക് ഒത്താശചെയ്തും ഭരണ നേതൃത്വം നിന്നിരുന്ന കേരളത്തില്‍, അവര്‍ക്കെതിരെ ആദ്യമായാണങ്ങനെ ഒരു നീക്കമുണ്ടായത്. നിര്‍ഭാഗ്യമെന്നു പറയട്ടെ പാര്‍ട്ടി നേതൃത്വം അത് പരാജയപ്പെടുത്തുന്നതിലും നല്ല ഒരു പങ്കു വഹിച്ചു. ഈ ഭൂമാഫിയക്കാരു തന്നെയാണിപ്പോള്‍ ഭൂമി വില സാധാരണക്കാര്‍ക്ക് എത്തിപ്പിടിക്കാന്‍ പറ്റാത്ത ഉയരത്തില്‍ ആക്കിയതും. ആ മാഫിയക്കാരില്‍ ഒരാളായ ഫാരീസ് അബൂബേക്കര്‍ ഇന്ന് പാര്‍ട്ടിയുടെ  ചങ്ങാതിയാണ്.

രാജ്യദ്രോഹികളുടെയും, അഴിമതിക്കാരുടെയും ചരിത്രം വായിച്ച് ആരും ആവേശം കൊള്ളില്ല. പരാജയപ്പെട്ടവരെങ്കിലും ധീരമായി ചെറുത്തു നിന്നവരുടെ ചരിത്രം വായിച്ചാണു, ആളുകള്‍ ആവേശം കൊള്ളുക. ചെ ഗവേരയെ കൊന്നവരെ ആരും ഇന്ന് ഓര്‍ക്കുന്നില്ല. അവസാനം വരെ പോരാടി മരിച്ച ചെ ഗവേരയെ ചരിത്രം എന്നും ഓര്‍മ്മിക്കും.  വി എസിനെ കീടം എന്നു വിളിച്ചാക്ഷേപിച്ചവരോടും, ബിംബം പേറുന്ന കഴുത എന്നു  വിശേഷിപ്പിച്ചവരോടും, ഈ തൊണ്ണൂറാം വയസിലും പോരാടിനില്‍ക്കുന്ന വി എസിന്റെ സമരവീര്യം ഒരു കൊഞ്ഞാണനും, ഏഴു ജന്മം ജനിച്ചാലും കിട്ടാന്‍ പോകുന്നില്ല. ഓരോ പ്രാവശ്യവും ഈ കൃമികള്‍ ചവുട്ടിത്താഴ്ത്തുമ്പോഴും വി എസിന്റെ മൂല്യം മലയാളിയുടെ മനസില്‍ ഉയരുകയാണ്.

ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ സാധാരണ ജനതയുടെ മനസാക്ഷി സൂക്ഷിപ്പുകാരായിട്ടാണറിയപ്പെടുന്നത്. സി പി എം എന്ന പാര്‍ട്ടിക്ക് ഇന്‍ഡ്യന്‍ ഭൂമികയില്‍ കറകളഞ്ഞ ഒരു സ്ഥാനം അവകാശപ്പെടാം . ആ പാര്‍ട്ടിയുടെ നേതാക്കള്‍ പൊതുവെ അഴിമതി രഹിതരും, സുതാര്യരും, എളിയ ജീവിതം നയിക്കുന്നവരുമായിട്ടാണറിയപ്പെടുന്നത്. ഇ എം എസിനേപ്പൊലുള്ള നേതാക്കള്‍ സ്വന്തം ജീവിതം തന്നെ അര്‍പ്പിച്ച് പടുത്തുയര്‍ത്തിയ പ്രസ്ഥാനമാണത്. പക്ഷെ അടുത്തകാലത്തായി അത് ഒരു പ്രത്യേകതരം അപചയം നേരിടുന്നു. പ്രസ്ഥാനം അപചയം നേരിടുന്നു എന്നു പറയുന്നതിലും യുക്തം , അതിന്റെ പുതിയ നേതാക്കള്‍ അപചയം നേരിടുന്നു എന്നതാവും കൂടുതല്‍ ശരി. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ്‌ ലാവ് ലിന്‍ കേസും പിണറായി വിജയന്‍ അതിലെ ഒരു പ്രതിയുമായതും.  ലാവലിന്‍ കേസില്‍ പിണറായി വിജയന്‍ കുറ്റക്കാരനാണോ എന്നൊന്നും തീരുമാനിക്കാനാവില്ല. പക്ഷെ അതില്‍ പല ദുരൂഹതകളും അടങ്ങിയിട്ടുണ്ട്. പിണറായി വിജയന്‍ കോഴ വാങ്ങി എന്നോ , പണം തിരിമറി ചെയ്തു എന്നോ ആരും ആക്ഷേപിച്ചിട്ടില്ല. പക്ഷെ സാധാരണ ജനങ്ങളുടെ ഇടയില്‍ പല സന്ദേഹങ്ങളും ഉണ്ട്.

പിണറായി വിജയന്‍ എന്ന വ്യക്തി കേരള രാഷ്ട്രീയത്തില്‍ അര്‍ഹിക്കുന്നതിലേറെ വേട്ടായടപ്പെട്ട ഒരു വ്യക്തിയാണ്‌. അതിന്റെ കാരണം അദ്ദേഹത്തെ ചുറ്റിപ്പറ്റി എന്നുമുള്ള ഒരു ദുരൂഹതയും .  കേരള രാഷ്ട്രീയത്തില്‍ ഒരു പ്രതി നായകന്റെ പ്രതിഛായ ഉണ്ടാക്കുന്നതില്‍ പിണറായി വിജയനും ചെറുതല്ലാത്ത പങ്കുണ്ട്. പത്രക്കാരോട് എന്നും വെറുപ്പോടെയേ അദ്ദേഹം പെരുമാറാറുള്ളൂ. അതുപോലെ പൊതുവേദികളില്‍ ചിരിക്കാറില്ല. പലതിനോടും പ്രതികരിക്കുന്നത് ധാര്‍ഷ്ട്യത്തോടെയും. ഇതു പോലെയുള്ള വ്യക്തികളെ മാധ്യമങ്ങളും ജനങ്ങളും ഇഷ്ടപ്പെടാന്‍ സാധ്യത കുറവാണ്‌. അതു കൊണ്ട്‌ മാധ്യമങ്ങള്‍ പിണറായിയെ കൂടുതല്‍ വേട്ടയാടി. ജനങ്ങള്‍ അതാഘോഷിച്ചു.

വി എസിനേപ്പോലെ ഏതെങ്കിലും  ജനകീയ സമരങ്ങളില്‍ വിജയന്‍ പങ്കെ ടുത്തതായി  കേട്ടിട്ടില്ല. വി എസിനെതിരെ ഇതു വരെ നടത്തിയ എല്ലാ നീക്കങ്ങളും തിരിച്ചടിക്കുന്നതാണു കണ്ടിട്ടുള്ളത്. 90 വയസു വരെ അദ്ദേഹം പിടിച്ചു നിന്നെങ്കില്‍ അതിന്റെ കാരണം അദ്ദേഹത്തിന്റെ ധാര്‍മ്മികത തന്നെയാണ്. അദ്ദേഹത്തെ ഒതുക്കാന്‍  വേണ്ടി  കളിക്കാവുന്ന എല്ലാ കളികളും വിജയന്‍ കളിച്ചു.  അദ്ദേഹത്തിന്റെ കൂടെ  ഉണ്ടായിരുന്നവരെ ഓരോരുത്തരേയായി അടര്‍ത്തി മാറ്റി. അതിനു വിസമ്മതിച്ചവരെ പുറത്താക്കി.  ഇതൊക്കെ വി എസ് ഒരു പരിധി വരെ അംഗീകരിച്ച് പാര്‍ട്ടിക്കു കീഴ്പ്പെട്ടു. പക്ഷെ റ്റി പി ചന്ദ്രശേഖരന്റെ വധം അദ്ദേഹത്തിനു താങ്ങാവുന്നതിലധികമായിരുന്നു. പാര്‍ട്ടിക്കതില്‍ പങ്കുണ്ടെന്ന വ്യക്തമായ അറിവു വച്ചാണദ്ദേഹം പിന്നീട് പ്രതികരിച്ചതൊക്കെ.  അതിനു ശേഷമാണദ്ദേഹം വിജയനെ പേരെടുത്തു പറഞ്ഞ് വിമര്‍ശിക്കാന്‍ തുടങ്ങിയതും.






കമ്യൂണിസത്തിനും കമ്യൂണിസ്റ്റുകാര്‍ക്കും ചേരാത്ത തീരുമാനങ്ങള്‍ എടുക്കുക. യധാര്‍ത്ഥ കമ്യൂണിസ്റ്റായ വി എസിനെക്കൊണ്ട് പ്രതികരിപ്പിക്കുക. ലെനിനിസ്റ്റ് സംഘടന  തത്വം ലംഘിച്ചു എന്നും പറഞ്ഞ് അദ്ദേഹത്തെ പ്രതികൂട്ടിലാക്കുക. ഇതാണു കുറെനാളുകളായി കേരളത്തില്‍ കാണുന്ന പ്രതിഭാസം. മൂന്നാറിലും ലാവലിനിലും കിളിരൂരിലും സ്മാര്‍ട്ട് സിറ്റിയിലും കിനാലൂരിലും ഇതൊക്കെ പലവട്ടം ആവര്‍ത്തിച്ചിട്ടുണ്ട്. അതിന്റെ അവസാന ഇനമാണ്, ഇപ്പോള്‍ ലാവലിന്‍ വിഷയത്തില്‍ വി എസ് ന്യായാധിപന്‍മാരെ സ്വാധീനിച്ചു എന്ന്  ഒരു പാര്‍ട്ടിയംഗത്തേക്കൊണ്ട് ആരോപണം ഉന്നയിപ്പിച്ചത്. അന്വേഷണം നടത്തിയ കമ്മീഷനും ഏകപക്ഷീയമായി  വി എസിനെ പ്രതിക്കൂട്ടിലാക്കി.

70 വര്‍ഷക്കാലം കേരള രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിച്ച, 30 വര്‍ഷക്കാലം അതിന്റെ  അമരത്തിരുന്ന വി എസിനെതിരെ രാഷ്ട്രീയ എതിരാളികള്‍ക്ക് കൊണ്ടുവരാനായത് രണ്ടേ രണ്ട് ആരോപണങ്ങളാണ്. മകന്‍ അരുണ്‍ കുമാറിനു വഴി വിട്ട് സ്ഥാനമാനങ്ങള്‍ നല്‍കി എന്നും ബന്ധുവിന്,
അനധികൃതമായി ഭൂമി അനുവദിച്ചു എന്നും. പക്ഷെ അദ്ദേഹത്തിന്റെ പാര്‍ട്ടിക്കാര്‍ക്ക് അദ്ദേഹത്തിനെതിരെ  ആഴ്ച്ച തോറും ആരോപണങ്ങള്‍ കൊണ്ടു വരാനായി. നിരന്തരം പാര്‍ട്ടി അച്ചടക്കം ലംഘിക്കുന്ന വ്യക്തിയായി അദ്ദേഹത്തെ പൊതു ജനമദ്ധ്യത്തില്‍ ചിത്രീകരിച്ച് അവഹേളിക്കാന്‍  ശ്രമിച്ചു. പക്ഷെ ഓരോ പ്രാവശ്യവും  വി എസിനു ജനങ്ങളുടെ ഇടയില്‍  മതിപ്പു കൂടുന്നേ ഉള്ളു. പാര്‍ട്ടിക്കുള്ളില്‍ അദ്ദേഹത്തിനെതിരെ നടക്കുന്ന പടയൊരുക്കം അദ്ദേഹം അവജ്ഞയോടെ തള്ളിക്കളയുന്നു. വി എസിന്റെ  പെഴ്‌സണല്‍ സ്റ്റാഫിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി അദ്ദേഹത്തെ നിരായുധനാക്കാന്‍  നടത്തിയ ശ്രമം ഇപ്പോഴും വിജയം കണ്ടിട്ടില്ല. അത് വിജയം കണ്ടാലും വി എസിനു മാറ്റമുണ്ടാകില്ല. പക്ഷെ ഇത് തിരിച്ചറിയാന്‍ വിജയനോ കൂടെയുള്ളവര്‍ക്കോ സാധിക്കുന്നില്ല.

ഭൂമിദാനക്കേസ് ഹൈക്കോടതിയില്‍ വന്നപ്പോള്‍ കോടതി പറഞ്ഞതൊക്കെ എല്ലാവര്‍ക്കും അറിയാം. പത്രങ്ങള്‍ ഈ കേസിനെച്ചൊല്ലി വിവാദങ്ങള്‍ ഉണ്ടാക്കിക്കൊണ്ടിരുന്ന സമയത്തൊക്കെ വി.എസ്‌. അച്യുതാനന്ദന്‍ കുലുങ്ങാതെ നിന്നു. ധാര്‍മ്മികത ഉള്ളവര്‍ക്കേ ഇതുപോലെ കുലുങ്ങാതെ നില്‍ക്കാന്‍ ആകൂ. കോടതിവിധി വന്നയുടനെ വി എസ്‌. പറഞ്ഞത് തന്നെ പ്രതിപക്ഷനേതാവു സ്‌ഥാനത്തുനിന്നു തെറിപ്പിക്കാന്‍ ഉമ്മന്‍ചാണ്ടിയും കുഞ്ഞാലിക്കുട്ടിയും ഗൂഢാലോചന നടത്തുന്നു എന്നായിരുന്നു.  വി എസിന്റെ പ്രസ്‌താവനയ്‌ക്കു മറുപടിയായി പിണറായിയുടെ പ്രസ്‌താവനയും വന്നു. വി എസ്‌. ആഗ്രഹിച്ച ഇടത്തുനിന്നുതന്നെ പ്രതികരണം വന്നു. അദ്ദേഹത്തെ  പ്രതിപക്ഷനേതാവിന്റെ സ്‌ഥാനത്തുനിന്നു മാറ്റേണ്ടത്‌ ഉമ്മന്‍ചാണ്ടിയും കുഞ്ഞാലിക്കുട്ടിയുമല്ലെന്നു ആര്‍ക്കാണറിഞ്ഞു കൂടാത്തത്?   തന്നെ പ്രതിപക്ഷനേതാവിന്റെ സ്‌ഥാനത്തുനിന്നു മാറ്റാന്‍ ശ്രമിക്കുന്നവരുടെ പേരുകളെക്കുറിച്ച്‌ അന്വേഷിക്കാനാണ്‌  അദ്ദേഹം പത്രക്കാരോടു പറഞ്ഞത്‌.,.   തന്റെ തകര്‍ച്ച സ്വപ്‌നം കാണുന്നവരെ  അദ്ദേഹം നിരാശപ്പെടുത്തുന്നു. വി.എസിനെ ആര്‍ക്കാണു പേടി എന്നതു കാലം വെളിപ്പെടുത്തിക്കൊണ്ടിരിക്കുന്നു. ഇപ്പോള്‍ അത് തെളിഞ്ഞും കഴിഞ്ഞും. കേരള സി പി എം സെക്രട്ടേറിയറ്റ്   അതിനുള്ള പ്രമേയം പാസാക്കി. സംസ്ഥാന സമിതി ബഹുഭൂരിപക്ഷത്തോടെ അതംഗീകരിച്ച് കേന്ദ്ര കമ്മിറ്റിക്കുമയച്ചു.


ഭൂമി ദാനക്കേസില്‍ കേരള ഹൈക്കോടതി നടത്തിയ അഭിപ്രായം ഇതായിരുന്നു.

"വിജിലന്‍സിനെ ദുരുപയോഗപ്പെടുത്തിയാണ് സര്‍ക്കാര്‍ പ്രതിപക്ഷനേതാവിനെ പ്രതിയാക്കിയത്. അന്വേഷണ ഉദ്യോഗസ്ഥന്‍ ദുരുദ്ദേശ്യപരമായി നടത്തിയ കേസാണിത്. കേസന്വേഷിച്ച വിജിലന്‍സ് ഉദ്യോഗസ്ഥന് ക്രിമിനല്‍ അന്വേഷണത്തിന്റെ പ്രാഥമികതത്ത്വം പോലും അറിയില്ല. പ്രതിപക്ഷനേതാവിനെ അഴിമതിക്കേസില്‍ കുടുക്കാനാണ് ശ്രമിച്ചത്. അഴിമതിക്കെതിരെ പോരാടിയിട്ടുള്ള വ്യക്തിയാണ് ഇദ്ദേഹം. പൊതുജനങ്ങള്‍ക്കിടയില്‍ തനിക്കുള്ള പ്രതിച്ഛായ തകര്‍ക്കാന്‍ വേണ്ടിയാണ് വിജിലന്‍സ് അന്വേഷണം എന്ന ഇദ്ദേഹത്തിന്റെ വാദത്തില്‍ കഴമ്പുണ്ട്. കള്ളക്കേസില്‍ ഒരാളെ കുടുക്കിയശേഷം അയാളെ ആണിയടിച്ച് തറയ്ക്കാനുള്ള കുരിശ് കണ്ടെത്തുകയാണ് ഗവ. ചെയ്തിട്ടുള്ളത്. പൊതുജനമധ്യത്തില്‍ തന്നെ കരിതേക്കാനുള്ള ശ്രമം മാത്രമായിരുന്നു കേസ് എന്ന ആരോപണത്തോട് കോടതി യോജിക്കുന്നു.'' 

പാര്‍ട്ടിക്കുള്ളിലും വി എസിനെതിരെ കുറ്റം കണ്ടെത്തുന്നതും  കോടതി അഭിപ്രായപ്പെട്ട അതേ രീതിയിലാണ്. അവാസ്ഥവങ്ങളായ ആരോപണങ്ങള്‍  ഉന്നയിപ്പിച്ച് വി എസിനെ അവഹേളിച്ച് പ്രതികരിപ്പിച്ച്  കേന്ദ്ര നേതൃ ത്വത്തേക്കൊണ്ട് നടപടി എടുപ്പിക്കുക. സ്വന്തം പാര്‍ട്ടി തന്നെ പൊതു ജന മദ്ധ്യത്തില്‍ അവഹേളിക്കപ്പെട്ടാലും വി എസിനെ ഉപദ്രവിക്കുക എന്നതാണ്, വിജയന്റെ തന്ത്രം. വിജയനെ ലാവലിന്‍ കേസില്‍ പ്രതിയാക്കിക്കാന്‍ പാര്‍ട്ടി മുഖ്യമന്ത്രി  ന്യായാധിപന്‍മാരെ സ്വാധീനിച്ചു എന്നാണവസാനത്തെ ആരോപണം. അതും ഒന്നല്ല മൂന്നു പേരെ സ്വാധീനിച്ചു എന്നാണു പറയുന്നത്. ജസ്റ്റിസ് ബാലി, ജസ്റ്റിസ് ദത്തു, ജസ്റ്റിസ് ചെലമേശ്വര്‍ എന്നിവരെ  സ്വാധീനിച്ചത്രെ. ഇവരെയൊക്കെ വി എസ് കണ്ട് ലാവലിന്‍ കേസിന്റെ കാര്യം ചര്‍ച്ച ചെയ്തു.

ഇതിനു തൊട്ടു മുമ്പുള്ള ആരോപണം വി എസിന്റെ പെഴ്സണല്‍ സ്റ്റാഫിലെ അംഗങ്ങള്‍ വി എസ് അംഗമായ ഘടകങ്ങളിലെ വാര്‍ത്ത ചോര്‍ത്തി എന്നായിരുന്നു. വി എസ് വാര്‍ത്ത ചോര്‍ത്തി എന്നു തെളിച്ചു  പറയാനുള്ള നട്ടെല്ലൊന്നും വിജയിനില്ല. അതുകൊണ്ട്  കൂടെയുള്ളവര്‍ വാര്‍ത്ത ചോര്‍ത്തി എന്നു പറഞ്ഞ്  അവരെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി. വിജയനൊക്കെ മൂഡ സ്വര്‍ഗ്ഗത്തിലാണ്. മുന്നു പെഴ്സണല്‍ സ്റ്റാഫ് അംഗങ്ങളെ പുറത്താക്കിയാല്‍ വി എസ് വരുതിയിലാകുമെന്നു കരുതുന്ന മൂഡ സ്വര്‍ഗ്ഗത്തില്‍. ഇത്ര കാലവും  വി എസിനോടൊപ്പം ഒരേ പാര്‍ട്ടിയില്‍ പ്രവര്‍ത്തിച്ചിട്ടും ഇവര്‍ക്കൊന്നും വി എസിനെ മനസിലായില്ല എന്നത് ആരിലും  അത്ഭുതമുണ്ടാക്കും.

പ്രശ്നം വളരെ ലളിതമാണ്. വി എസിനേപ്പോലുള്ള ഒരു നേതാവിനെ ഉള്‍ക്കൊണ്ടുകൊണ്ട് മുന്നോട്ടു പോകാന്‍ കേരളത്തിലെ പാര്‍ട്ടിക്കാവില്ല. ഹൈക്കോടതി പറഞ്ഞതുപോലെ പാര്‍ട്ടി എന്ന കുരിശിനേക്കാള്‍ വലുതാണ്, വി എസ് എന്ന വ്യക്തി. അദ്ദേഹത്തെ തറയ്ക്കാന്‍  കേരള സി പി എം എന്ന കുരിശു പോരാ. അപ്പോള്‍ ഒറ്റ വഴിയേ ഉള്ളു. പാര്‍ട്ടിക്ക് വി എസിനെ വിശ്വാസമില്ലെങ്കില്‍ അദ്ദേഹത്തെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കുക. ലാവലിന്‍  കേസ് രാഷ്ട്രീയ ലക്ഷ്യത്തോടെ കെട്ടിച്ചമച്ചതാണെന്നതാണ്,  പാർട്ടി നിലപാട്. ഇത് ഇപ്പോള്‍ വിഎസ് പരസ്യമായി തള്ളിയിരിക്കുന്നു.  സത്യത്തോടൊപ്പം നിന്നതിനാണ് തന്നെ പി ബിയിൽ നിന്ന് പുറത്താക്കിയതെന്നും അദ്ദേഹം പറയുന്നു.  പാർട്ടിയുടെ സംഘടനാ തത്വങ്ങളെ ലംഘിച്ചുകൊണ്ടുള്ള ഗുരുതരമായ അച്ചടക്ക ലംഘനമാണത്. വി എസിന്റെ പെഴ്സണൽ സ്റ്റാഫിലെ വിശ്വസ്തരെ പാർട്ടയിൽനിന്ന് പുറത്താക്കാൻ നടത്തിയ നീക്കം പാളിയപ്പോൾ വി എസിനെ വ്യക്തിപരമായി ആക്രമിക്കുന്ന കരുണാകരൻ കമ്മീഷൻ റിപ്പോർട്ട് പുറത്തെടുത്തു. മറ്റേതു കേസും പോലെ ജനങ്ങളൊക്കെ മറന്നു തുടങ്ങിയ ലാവലിന്‍ കേസ് ഇപ്പോള്‍ വീണ്ടും പൊതു ജനമദ്ധ്യത്തില്‍ ചര്‍ച്ചയായി.


അന്തരിച്ച പ്രഫസര്‍  എം.എന്‍ . വിജയന്‍  വി എസിനെ വിശേഷിപ്പിച്ചത് പരാജയം ഭക്ഷിച്ച് ജീവിക്കുന്ന നേതാവ് എന്നായിരുന്നു.  രാഷ്ട്രീയമായി ശരിയായ നിലപാടെടുക്കുമ്പോഴെല്ലാം സംഘടനയില്‍  വി എസ് തോറ്റുപോകുന്നതിനെയാണ് അദ്ദേഹം അങ്ങനെ വിശേഷിപ്പിച്ചത്. പാര്‍ട്ടിയില്‍  നേരിടുന്ന പരാജയങ്ങള്‍ പലപ്പോഴും വി എസിന്,  ഊര്‍ജ്ജമായി മാറുകയാണ് ചെയ്തിട്ടുള്ളത്. പക്ഷെ രാഷ്ട്രീയമായും സംഘടനാപരമായും പരാജയപ്പെട്ട നേതാവാണ് വിജയന്‍,. ഒരുതരം പകയുടെയും വിദ്വേഷത്തിന്റെയും സ്വേഛാധിപത്യത്തിന്റെയും രാഷ്ട്രീയമാണ് വിജയന്‍   കൈക്കൊണ്ടുപോന്നിട്ടുളളത്.  സംസ്ഥാന സെക്രട്ടറിയുടെ ചുമതല ഏറ്റെടുത്തതിന് ശേഷം ഒറ്റ ജനകീയ സമരമെങ്കിലും അദ്ദേഹം നടത്തിയതായി കേട്ടിട്ടില്ല. പാര്‍ട്ടിയുടെ ഊര്‍ജ്ജവും സമ്പത്തും വിനിയോഗിച്ചതാവട്ടെ വി  എസ് എന്ന രാഷ്ട്രീയ നേതാവിനെയും അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന  രാഷ്ട്രീയത്തെയും ഇല്ലാതാക്കാനും.  ആ ലക്ഷ്യം ഇതുവരെ നടപ്പാക്കാന് സാധിച്ചിട്ടുമില്ല.  ഏറെ കൊട്ടിഘോഷിച്ച് അടുത്ത കാലത്ത്  നടത്തിയ മിച്ച ഭൂമി സമരവും പെന്‍ഷന്‍ സമരവും പരാജയപ്പെട്ടു. ഈ സമരങ്ങളിലൊക്കെ ജന പങ്കാളിത്തം  വളരെ കുറവായിരുന്നു. സി പി എമ്മിന്റെ ചരിത്രത്തില്‍ ഇതിനു മുന്നെ ഇങ്ങനെ ഒന്നുണ്ടായിട്ടില്ല. സ്വകാര്യവ്യക്തികള്‍ അനധികൃതമായി കൈയടക്കിയിട്ടുള്ള ഭൂമി പിടിച്ചെടുക്കുന്നതിന് വി എസ്  സര്‍ക്കാര്‍   മൂന്നാറില് ആരംഭിച്ച നടപടികള് ,വന്‍കിട കൈയ്യേറ്റക്കാരുടെ താല്പര്യം സംരക്ഷിക്കാന്‍,  അട്ടിമറിച്ചവരാണ് മിച്ചഭൂമി പിടിക്കാനിറങ്ങിയതെന്നു മനസിലാക്കിയ പൊതു ജനം പുറം തിരിഞ്ഞു നിന്നു.

കരുണാകരന്‍  രൂപീകരിച്ച ഡി.ഐ.സിയുമായും മദനിയുമായും തെരഞ്ഞെടുപ്പ് സഖ്യമുണ്ടാക്കിയതും, ഐസ്ക്രീം പാര്‍ലര്‍  കേസില്‍  കുഞ്ഞാലിക്കുട്ടിയെ രക്ഷിക്കാന്‍  ശ്രമിച്ചതും, നിരവധി ക്രിമിനല്‍  കേസുകളില്‍  പ്രതിയായ  ടോമിന് തച്ചങ്കരിയെ രക്ഷിക്കാന് ശ്രമിച്ചതും, മൂന്നാറിലെ ഭൂമി കൈയേറ്റക്കാരെ ഒഴിപ്പിക്കാനുള്ള നീക്കം അട്ടിമറിച്ചതും ഉള്‍പ്പടെ വിജയന്റെ തൊപ്പിയില്‍ അനേകം തൂവലുകളുണ്ട്.   ഈ പ്രശ്നങ്ങളിലെല്ലാം ശരിയായ നിലപാട് സ്വീകരിച്ചതായിരുന്നു വിഎസ്,  വിജയന്റെ കണ്ണിലെ കരടാകാന്‍ ഉള്ള കാരണം. വിജയനെ വി എസ് ഡാംഗേയോടുപമിച്ചപ്പോള്‍ ഭാസുരേന്ദ്ര ബാബു പറഞ്ഞത്, ഇനി ഈ പാര്‍ട്ടിയില്‍  വി എസും വിജയനും ഒരുമിച്ചുണ്ടാകില്ല എന്നായിരുന്നു. അതാണു നല്ലതും. ആരെങ്കിലും ഒരാള്‍ മതി. എളുപ്പം നടപ്പാക്കാവുന്നത് വി എസിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കുകയാണ്.



ശിഖണ്ഠികളെ മാറ്റി നിറുത്തി  പിണറായി വിജയനെന്ന പാര്‍ട്ടി സെക്രട്ടറിക്ക് വി എസിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കണം എന്ന ആവശ്യം കേന്ദ്ര കമ്മിറ്റിക്കു മുമ്പാകെ വയ്ക്കാനാകുമോ? പര്‍ട്ടിയില്‍ നിന്നും പുറത്താക്കിയാലും അതിനെ വി എസ് കാര്യമായി എടുക്കില്ല. ജനങ്ങളുടെ നേതാവിന്റെ സ്ഥാനം ജനങ്ങളുടെ മനസിലാണ്. അല്ലാതെ ഏതെങ്കിലും പാര്‍ട്ടിയുടെ അംഗത്വ രെജിസ്റ്ററില്‍ അല്ല. ഇപ്പോള്‍ വി എസിനെ പ്രതിപക്ഷ നേതൃസ്ഥാനത്തു നിന്നും മാറ്റണമെന്നാണ്, വിജയന്റെ ആവശ്യം. പക്ഷെ വി എസ് എന്നേ കേരളത്തിലെ ആജീവനാന്ത പ്രതിപക്ഷനേതാവാണെന്ന കാര്യം വിജയന്‍ മറക്കുന്നു. ഇനി പ്രതിപക്ഷ നേതാവിന്റെ സ്‌ഥാനത്തുനിന്ന്‌ അദ്ദേഹത്തെ മാറ്റിയിട്ടും കാര്യമില്ല. വി.എസ്‌. വിചാരിച്ചാല്‍ മരണം വരെയും അദ്ദേഹം തന്നെയാണു കേരളത്തിന്റെ പ്രതിപക്ഷ നേതാവ്. അതിന്‌ എം.എല്‍.എ. ആകേണ്ട ആവശ്യം പോലുമില്ല. കേരള പൊതു  സമൂഹം അദ്ദേഹത്തെ ആ നിലയില്‍ എന്നേ തീരുമാനിച്ചു കഴിഞ്ഞു. അഞ്ചുവര്‍ഷം മുഖ്യമന്ത്രിയായി ഇരുന്നപ്പോഴും പ്രതിപക്ഷ നേതാവും അദ്ദേഹം തന്നെയായിരുന്നു. വി എസ് എവിടെ ഏത് പ്രശ്നത്തില്‍ ഇടപെട്ടാലും  ആ പ്രശ്നത്തിന്റെ ഗതിമാറുന്നതു കാണാം. നഴ്‌സുമാരുടെ സമരം തന്നെ ഏറ്റവും നല്ല  ഉദാഹരണം. ഒരു സംസ്‌ഥാനത്തെ മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും തൊഴില്‍ വകുപ്പ് മന്ത്രിക്കും സാധ്യമാവാത്തതു വി എസിനു സാധ്യമായതു കേരളം  കണ്ടു.   ഇതും മറ്റെല്ലാ പ്രശ്നങ്ങളും  അദ്ദേഹത്തിന്റെ ഒറ്റയാള്‍ പോരാട്ടമായിരുന്നു. അദ്ദേഹത്തിന്റെ പാര്‍ട്ടിക്ക്‌ ഇതിലൊരു പങ്കുമില്ല. പാര്‍ട്ടിയും വി എസും രണ്ടു വഴിക്കാണ്‌. എപ്പോഴും. ഇതിനൊക്കെ വി എസിനു പിന്തുണ ലഭിക്കുന്നത് പാര്‍ട്ടിയില്‍ നിന്നല്ല. പുറത്തു നിന്നാണ്. അദ്ദേഹം ഇടപെടുന്ന കേസുകളില്‍ പ്രതിഫലം പോലും വാങ്ങാതെ പല പ്രഗത്ഭ അഭിഭാക്ഷകരും അദ്ദേഹത്തിനു വേണ്ടി കേസു വാദിക്കുന്നു.

കേരളത്തില്‍  പാര്‍ട്ടിയെ നയിക്കുന്നവര്‍ക്ക് വി എസിനേപ്പൊലുള്ള ഒരു നേതാവിനെ ഉള്‍ക്കൊള്ളാന്‍ കഴിയില്ല. പക്ഷെ പാര്‍ട്ടി ഭേദമെന്യേ പൊതു ജനത്തിനത് കഴിയുന്നു.  സി പി എം എന്ന പാര്‍ട്ടിയില്‍ വി എസ് ഉണ്ടോ ഇല്ലയോ എന്നത് ഇപ്പോള്‍ വെറും സാങ്കേതികം മാത്രമാണ്.


Saturday, 17 November 2012

ആന്റണി പറയാതെ പറഞ്ഞത്


1980 ല്‍ ഇടതുമുന്നണിയുമായി സഖ്യമുണ്ടാക്കിയ ശേഷം മാര്‍സ്കിസ്റ്റു പാര്‍ട്ടിയെ ഏറ്റവും കടുത്തഭാഷയില്‍ വിമര്‍ശിക്കുന്ന വ്യക്തിയാണ്, ശ്രീ എ കെ ആന്റണി. വി എസ് അച്യുതാനന്ദന്‍ വികസന വിരോധി ആണെന്നും  മാര്‍ക്സിസ്റ്റ് പാര്‍ട്ടി കേരളത്തിന്റെ വികസനം തടസപ്പെടുത്തുന്നു എന്നും ആരോപിച്ചിരുന്ന ആന്റണി ആ ആരോപണം പിന്‍വലിക്കുന്ന തരത്തില്‍  നടത്തിയ ചില പരാമര്‍ശങ്ങള്‍ യു ഡി എഫ് രാഷ്ട്രീയത്തെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചു. മാര്‍ക്സിസ്റ്റ് പാര്‍ട്ടിയെ കേരളത്തിന്റെ ആറടി മണ്ണില്‍ അടക്കിയാലേ കേരളം രക്ഷപെടൂ എന്ന് കൂടെക്കൂടെ പറയാറുള്ള ആന്റണിയുടെ  മലക്കം മറിച്ചില്‍ ഇടതുമുന്നണിയെപ്പോലും അമ്പരപ്പിച്ചു.

ഉമ്മന്‍ ചാണ്ടിയുടെ അതി വേഗം ബഹു ദൂരം എന്ന വിചിത്ര നിലപാടിന്റെ ആണിക്കല്ലിളക്കാന്‍ പോരുന്ന കാര്യങ്ങളാണ്, ആന്റണി പറഞ്ഞത്. വികസനം എന്ന പേരില്‍ കഴിഞ്ഞ ഒന്നര വര്‍ഷമായി കേരളത്തില്‍ കട്ടിക്കൂട്ടുന്ന ആഭാസത്തരത്തിന്റെ യഥാര്‍ത്ഥ മുഖം തുറന്നു കാട്ടുന്ന ആ പ്രസ്താവനക്കിടയില്‍ വായിക്കാവുന്ന മറ്റൊന്നു  കൂടി ഉണ്ട്.  ഉമ്മന്‍ ചാണ്ടിയുടെ നട്ടെല്ലില്ലായ്മയെയാണ്, ആന്റണി ലക്ഷ്യം വച്ചതും.

ആന്റണിയുടെ പ്രസംഗത്തിലെ പ്രസക്തഭാഗങ്ങള്‍   





>>>തിരുവനന്തപുരം ബ്രഹ്മോസില്‍ മിസൈല്‍ ഇന്റഗ്രേഷന്‍ യൂണിറ്റ് തുടങ്ങിയതില്‍ എനിക്ക് അഭിമാനമുണ്ട്. അതേസമയം, ചിലകാര്യങ്ങളില്‍ ഖേദവുമുണ്ട്. സ്വാതന്ത്ര്യം കിട്ടി 60 വര്‍ഷത്തിനുശേഷമാണ് സാക്ഷരകേരളത്തില്‍ പ്രതിരോധവകുപ്പിന്റെ ഒരു സ്ഥാപനം വരുന്നത്. ബ്രഹ്മോസ് ആണ് ആ സ്ഥാപനം. അന്നത്തെ എല്‍.ഡി.എഫ്. സര്‍ക്കാരിന്റെ വ്യവസായ മന്ത്രിയായ എളമരം കരീമിന്റെ പൂര്‍ണ പിന്തുണ എനിക്ക് കിട്ടി. ആരെയും അറിയിക്കാതെ ഞങ്ങള്‍ ദിവസങ്ങളോളം ചര്‍ച്ച നടത്തി. ചില ദേശീയ പത്രങ്ങള്‍ ഏറെ കഴിഞ്ഞ് ഇതറിഞ്ഞു. ഹൈദരാബാദിലെ ബ്രഹ്മോസിനെ പ്രതിരോധമന്ത്രി സ്വന്തം നാട്ടിലേക്ക് കൊണ്ടുപോകുന്നുവെന്നാരോപിച്ച് അവര്‍ മുഖപ്രസംഗമെഴുതി.

എന്നാല്‍ എല്‍.ഡി.എഫ്. സര്‍ക്കാറിന്റെ ശക്തമായ പിന്തുണയുള്ളതിനാല്‍ അത്തരം വിമര്‍ശനങ്ങളെ അതിജീവിക്കാന്‍ എനിക്ക് കഴിഞ്ഞു. മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദനും പിന്തുണ നല്‍കി. രാഷ്ട്രീയമായി രണ്ട് കോണുകളിലായിട്ടും 2006 മുതല്‍ 2011 വരെ പ്രതിരോധ വകുപ്പിന്റെ ഒട്ടേറെ പദ്ധതികള്‍ കേരളത്തില്‍ തുടങ്ങാന്‍ കഴിഞ്ഞു. എളമരം കരീമിന്റെ സഹകരണത്തെക്കുറിച്ച് വിശേഷിപ്പിക്കാന്‍ എന്റെ നിഘണ്ടുവില്‍ വാക്കുകളില്ല.

കഴിഞ്ഞ രണ്ടുവര്‍ഷമായി കേരളത്തിലെ സ്ഥിതി വ്യത്യസ്തമാണ്. പ്രതിരോധ വകുപ്പിന്റെ പ്രവര്‍ത്തനശൈലിയും കേരളത്തിലെ തൊഴില്‍ സാഹചര്യവും തമ്മില്‍ യോജിച്ചുപോകുന്നില്ല. കഴിഞ്ഞ ഒന്നര - രണ്ട് വര്‍ഷമായി കേരളത്തില്‍ പ്രതിരോധ സ്ഥാപനം തുടങ്ങാനാവാത്ത സ്ഥിതിയാണ്.<<<   


ആന്റണി പറഞ്ഞതിനെ നിസാരവത്കരിക്കാന്‍ പതിവു പോലെ ഉമ്മന്‍ ചാണ്ടിയും കൂട്ടരും പാഴ്ശ്രമം നടത്തി. ഉമ്മന്റെ വാക്കുകള്‍ ഇങ്ങനെ.

''ആന്റണിയുടെ പരാമര്‍ശം സര്‍ക്കാരിനെതിരേയല്ല. ബ്രഹ്മോസിലെ തൊഴില്‍ തര്‍ക്കങ്ങളുടെ പശ്ചാത്തലത്തിലാണ് അദ്ദേഹം അങ്ങനെ പരാമര്‍ശിച്ചിത്. ഞാന്‍ കൂടി പങ്കെടുത്ത വേദിയിലാണ് ആന്റണി പ്രസംഗിച്ചത്. പ്രസംഗത്തിന് മുമ്പും ശേഷവും ഞാന്‍ ആന്റണിയോട് സംസാരിച്ചിരുന്നു. ആന്റണി പറഞ്ഞ കാര്യങ്ങള്‍ ഓരോ മാധ്യമവും ഇഷ്ടാനുസരണമാണ് ചേര്‍ത്തത്. ബ്രഹ്മോസിലെ ട്രേഡ് യൂണിയന്‍ പ്രശ്‌നങ്ങള്‍ ആന്റണിയെ അലട്ടിയിരുന്നു. അതുകൊണ്ടാണ് അദ്ദേഹം അവിടെ പ്രസംഗിച്ചത്''

ആന്റണിയുടെ പ്രസംഗം അതിന്റെ പൂര്‍ണ്ണ രൂപത്തില്‍ ഇപ്പോഴും മലയാള മനോരമയുടെ ചാനലില്‍ ഉണ്ട്. മലയാളം മനസിലാകുന്ന ആര്‍ക്കും അത് വായിച്ച് മനസിലാക്കാം.

വളരെ 'സ്‌ട്രെയ്റ്റായി' കാര്യങ്ങള്‍ പറയുന്ന ആളാണ് എ.കെ. ആന്റണി എന്ന്  മന്ത്രി ആര്യാടന്‍ മുഹമ്മദ്. മുന്‍ എല്‍.ഡി.എഫ്. സര്‍ക്കാരിനെ എ.കെ.ആന്റണി പുകഴ്ത്തിയത് എന്തിനാണെന്ന് അറിയില്ല.എന്ന് കേന്ദ്ര മന്ത്രി വയലാര്‍ രവി. താന്‍ ഭരിക്കുന്ന പ്രവാസി കാര്യ വകുപ്പിന്റെ പണിയെന്താണ്, എന്നു പോലും രവിക്കറിയില്ല. പിന്നെങ്ങനെ ആന്റണി  എന്തുകൊണ്ട് മുന്‍ എല്‍.ഡി.എഫ്. സര്‍ക്കാരിനെ  പുകഴ്ത്തി എന്ന് അദ്ദേഹത്തിനു മനസിലാകും?


രവി തുടരുന്നു.




>>>എ.കെ.ആന്റണി സംസ്ഥാന സര്‍ക്കാരിനെ അധിക്ഷേപിച്ചിട്ടില്ല.  വി.എസ്. അച്യുതാനന്ദനെയും എളമരം കരീമിനെയും കുറിച്ച് ആന്റണി പറഞ്ഞത് അദ്ദേഹത്തിന്റെ മാത്രം അഭിപ്രായമാണ്.  

എമേര്‍ജിങ് കേരളയെ എതിര്‍ത്ത സി.പി.എമ്മിന്റെ നേതാവാണ് വി.എസ്.
എളമരം കരീം കേരളത്തില്‍ വ്യവസായം കൊണ്ടുവന്നിട്ടില്ല. വികസനത്തെ എല്ലാക്കാലത്തും എതിര്‍ത്തവരാണ് സി.പിഎമ്മുകാര്‍. 

എ.കെ.ആന്റണി കേന്ദ്രസര്‍ക്കാരിലെ രണ്ടാമനാണ്. അദ്ദേഹം സംസ്ഥാന സര്‍ക്കാരിനെതിരായി ഒന്നും പറഞ്ഞിട്ടില്ല.<<<< 


9 വര്‍ഷങ്ങളായി വിദേശ രാജ്യങ്ങളില്‍ കറങ്ങി നടക്കുന്നതുകൊണ്ട് വയലാര്‍ രവിക്ക് ഇപ്പോള്‍ മലയാളം മനസിലാകുന്നില്ല. പക്ഷെ മലയാളം മനസിലാകുന്ന കേന്ദ്ര മന്ത്രിമാരുമുണ്ട്.

വ്യാഖ്യാന ഫാക്റ്ററികള്‍ എന്തൊക്കെ പറഞ്ഞാലും ആന്റണിയുടെ വാക്കുകളുടെ  പൊരുള്‍ ഒന്നു മാത്രം. കഴിഞ്ഞ ഇടതുമുന്നണിയുടെ കാലത്തുണ്ടായിരുന്ന വ്യവസായ വികസനത്തിനുള്ള സൌഹൃദ അന്തരീക്ഷം  യു ഡി എഫ് സര്‍ക്കാരിന്റെ ഭരണത്തില്‍ ഇല്ല. അതെല്ലാവര്‍ക്കും മനസിലായിട്ടുണ്ട്. പക്ഷെ തുറന്നു പറയാനുള്ള ധൈര്യം കെ വി തോമസിനു മാത്രമേ ഉണ്ടായുള്ളു.

എ.കെ. ആന്റണി പറഞ്ഞത് പച്ചമലയാളമാണ്. അത് മനസ്സിലാകേണ്ടവര്‍ക്കെല്ലാം മനസ്സിലായിട്ടുണ്ട്.

"എളമരം കരീമും  വി എസ് അച്യുതാനന്ദനും കേരളത്തില്‍ 6 വ്യവസായങ്ങള്‍ കൊണ്ടു വന്നിട്ടുണ്ട്" എന്ന് അത് അനുവദിച്ച കേന്ദ്ര മന്ത്രി പറയുന്നു. 9 വര്‍ഷം കേന്ദ്രത്തിലെ ക്യാബിനറ്റ് റാങ്കുള്ള മന്ത്രി ആയിരുന്ന രവി കേരളത്തില്‍ ഒരു പദ്ധതി പോലും അനുവദിക്കാനോ അതിനു വേണ്ടി എന്തെങ്കിലും ചെയ്യാനോ ശ്രമിച്ചിട്ടില്ല. എങ്കിലും ധാര്‍ഷ്ട്യത്തിനും അഹന്തക്കും കുറവില്ല.


ആന്റണി പറഞ്ഞത് മാദ്ധ്യമങ്ങള്‍ ദുര്‍വ്യാഖ്യാനിച്ചതാണെന്ന് ഉമ്മന്‍ ചാണ്ടിയും കിങ്കരന്‍മാരും പാടി നടക്കുന്നുണ്ട്. ഈ വിവാദം കൊഴുക്കുമ്പോഴും ആന്റണി കേരളത്തില്‍ തന്നെയുണ്ട്. പൊതു വേദികളില്‍ പ്രത്യക്ഷപ്പെടുന്നുമുണ്ട്. ഈ വിഷയത്തേക്കുറിച്ച് ആന്റണി
കനത്ത മൗനത്തിലുമാണ്. സംസ്ഥാന ഭരണത്തോടുള്ള വിയോജിപ്പ് ആന്റണിയുടെ വാക്കുകളില്‍ വളരെ സ്​പഷ്ടമാണ്. എല്‍.ഡി.എഫ്. സര്‍ക്കാരിനെയും അന്നത്തെ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനെയും വ്യവസായ മന്ത്രി എളമരം കരീമിനെയും പ്രകീര്‍ത്തിച്ചത് ഉമ്മന്‍ ചാണ്ടി  സര്‍ക്കാരിനോടുള്ള അതൃ പ്തി രേഖപ്പെടുത്താന്‍ ഉദ്ദേശിച്ചു തന്നെയാണ്.


കഴിഞ്ഞ തിരഞ്ഞെടുപ്പിനെ യു.ഡി.എഫ്. നേരിട്ടത് വികസനവും കരുതലും എന്ന മുദ്രാവാക്യം മുന്നോട്ടുവെച്ചായിരുന്നു. ഭരണത്തിലേറിയപ്പോള്‍ അത് അതി വേഗം ബഹുദൂരം എന്നായി മാറി  അതി വേഗം കേരളം മുഴുവന്‍ ഓടി നടന്ന് പണ്ടത്തെ രാജാക്കന്‍മാരേപ്പോലെ ആനുകൂല്യങ്ങള്‍ വിതരണം ചെയ്യുന്നതല്ലാതെ  ഒരു വികസനവും ഇവിടെ ഉണ്ടാകുന്നില്ല. പക്ഷെ വിവാദങ്ങള്‍ ഏറെയുണ്ടാകുന്നു. എമെര്‍ജിംഗ് കേരള എന്ന പേരില്‍ മുസ്ലിം ലീഗിനാഭിമുഖ്യമുള്ള സ്വകാര്യ വ്യക്തികള്‍ക്ക് സര്‍ക്കാര്‍ ഭൂമി വിതരണം ചെയ്യുന്ന  'വികസനം' നടക്കുന്നുണ്ട്. അഞ്ചാം മന്ത്രി വിഷയം മുതല്‍ ലീഗ് അനര്‍ഹമായ പലതും നേടുന്നുണ്ട് എന്നത് എല്ലാവര്‍ക്കും അറിയാം. ലീഗിന്റെ പ്രസിഡണ്ടിന്റെ പേരിലുള്ള  സംഘടനക്കു വരെ സര്‍ക്കാര്‍ ഭൂമി  കൊടുക്കുന്ന അവസ്ഥയൊക്കെ ആന്റണിക്കും മനസിലാകുന്നുണ്ട്. ലീഗാണു കേരളം ഭരിക്കുന്നതെന്ന് ഒരു ലീഗു മന്ത്രി തന്നെ പൊതു വേദിയില്‍ അവകാശപ്പെടുന്ന  അവസ്ഥ വരെ അത് ചെന്നെത്തി. ലീഗിനേ ചുറ്റിപ്പറ്റി ഉണ്ടായ സാമുദായിക ധ്രുവീകരണം കേരളത്തിന്റെ പുരോഗമനത്തെ പിന്നോട്ടടിക്കുന്നു എന്ന സത്യം മനസിലാക്കിയ ആന്റണിക്ക് ഇനിയും മൌനി ആയിരിക്കാന്‍ ആകില്ല എന്നിടത്ത് എത്തി.

മുഖ്യമന്ത്രി ആയിരുന്ന കാലത്ത് ഘടകകക്ഷികളിലെ തോന്ന്യാസങ്ങളെ ആന്റണി വച്ചു പൊറുപ്പിച്ചിരുന്നില്ല.  പൊതുതാല്‍പര്യത്തിനു നിരക്കാത്ത പദ്ധതികള്‍ മാറ്റിവെച്ച് ഘടകകക്ഷികളുടെ  നീരസം സമ്പാദിച്ച ചരിത്രവും അദ്ദേഹത്തിനുണ്ട്. മുസ്ലിം ലീഗ് അനര്‍ഹമായ പലതും  ഭീക്ഷണിയിലൂടെ നേടുന്നു എന്ന് മുഖ്യമന്ത്രി ആയിരുന്നപ്പോള്‍ അദ്ദേഹത്തിനു നേരിട്ട അനുഭവമുണ്ട്. അന്നത് തുറന്നു പറഞ്ഞപ്പോഴായിരുന്നു അദ്ദേഹത്തിനു  രാജി വച്ചു പോകേണ്ടി വന്നത്.

 ബ്രഹ്മോസിലെ തൊഴിൽ പ്രശ്​നമാണ് ആന്റണിയെ പ്രകോപിപ്പിച്ചതെന്ന് പറഞ്ഞ്  പ്രശ്​നം ലഘൂകരിക്കാൻ പലരും ശ്രമിക്കുന്നുണ്ടെങ്കിലും  ഉമ്മൻചാണ്ടി മന്ത്രിസഭയ്ക്കെതിരായ കുറ്റപത്രം തന്നെയാണെന്ന് മനസിലാക്കാന്‍ വലിയ ബുദ്ധിയൊന്നും വേണ്ട. മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെയും വ്യവസായ മന്ത്രി കുഞ്ഞാലിക്കുട്ടിയെയും വേദിയിലിരുത്തിക്കൊണ്ടാണ് ഒന്നര  വർഷമായി സംസ്ഥാനത്ത് വ്യവസായ അന്തരീക്ഷം മോശമായിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞത്. അതും എമർജിംഗ് കേരള നടത്തി സംസ്ഥാനത്തിന് പുതിയ വ്യവസായ കുതിപ്പുണ്ടാക്കിയെന്ന് ഉമ്മന്‍ ചാണ്ടിയും കുഞ്ഞാലിക്കുട്ടിയും പാടി നടക്കുമ്പോള്‍..,.

 വി.എസ്. അച്യുതാനന്ദനെയും  എളമരം കരീമിനെയും ആന്റണി പ്രകീർത്തിക്കുമ്പോള്‍,  ഉമ്മൻചാണ്ടിയും കുഞ്ഞാലിക്കുട്ടിയും ഒന്നും ചെയ്യുന്നില്ലെന്നാണ് അദ്ദേഹം പറഞ്ഞതിന്റെ അര്‍ത്ഥം. ആന്റണി പച്ച മലയാളത്തിൽ പറഞ്ഞത് എല്ലാവർക്കും മനസ്സലായി എന്നു കേന്ദ്രമന്ത്രി കെ.വി. തോമസ് പറഞ്ഞതിന്റെ പൊരുളും അതാണ്.

മുസ്ലിം  ലീഗും  മാണിഗ്രൂപ്പും ചെലുത്തുന്ന സമ്മർദ്ദ തന്ത്രങ്ങള്‍ക്ക് മുമ്പില്‍ ഉമ്മന്‍ ചാണ്ടി എന്ന മുഖ്യമന്ത്രി നിസഹായനാകുന്ന കാഴ്ച്ച ആരെയും അമ്പരപ്പിക്കുന്നതാണ്. ലീഗ് എന്തു പറഞ്ഞാലും, അവര്‍ക്കത് പറയാന്‍ അവകാശമുണ്ടെന്നാണ്, ഉമ്മന്‍ ചാണ്ടിയും  രമേശ് ചെന്നിത്തലയും  അഭിപ്രായപ്പെടാറുള്ളതും. കേരള ചരിത്രത്തിലെ ഏറ്റവും  ബലഹീനനായ മുഖ്യമന്ത്രി ആയി ഉമ്മന്‍ ചാണ്ടി മാറുന്ന ദയനീയ കാഴ്ച്ച മലയാളികളോടൊപ്പം ആന്റണിയും കാണുന്നുണ്ട്. ഘടകകക്ഷികൾ എല്ലാ ദിവസവും കോൺഗ്രസിനുമേൽ കുതിരകയറുന്നു. ന്യൂനപക്ഷങ്ങൾ സമ്മർദ്ദശക്തിയായി മാറിയപ്പോൾ ഭൂരിപക്ഷ സമുദായങ്ങൾ കോൺഗ്രസിൽ നിന്നും യു.ഡി.എഫിൽ നിന്നും അകലുന്നു. അതും ആന്റണിയെ ഉത്കണ്ഠാകുലനാക്കിയിരുന്നു. ഒരിക്കലും ഉണ്ടാകാത്ത വിധത്തില്‍ സാമുദായിക ചിന്ത കേരള സമൂഹത്തില്‍ വളര്‍ത്തുന്നതില്‍ ഇന്നത്തെ കോണ്‍ഗ്രസ് നേതൃത്വം ചെറുതല്ലാത്ത സംഭാവനകളാണ് നല്‍കിയിട്ടുള്ളത്. വികസനത്തിന്റെ  പേരില്‍ കാട്ടുന്നതൊക്കെയും അഴിമതിയായി മാറുന്നു. പൊതുമേഖലയിലെ വികസന പരിപാടികളല്ല, അഴിമതിക്കായുള്ള ആസൂത്രണങ്ങളാണ് കേരളത്തില്‍ നടക്കുന്നതെന്ന് വ്യക്തമായിക്കഴിഞ്ഞു. ഘടകകക്ഷികള്‍ മുഖ്യകക്ഷിക്കുമേല്‍ മേല്‍ക്കൈ നേടിയെന്നു മാത്രമല്ല, അവരത് പരസ്യമായി പറയാനും മടിക്കുന്നില്ല.



വ്യവസായികള്‍ക്കും  നിക്ഷേപകര്‍ക്കും പരവതാനി വിരിച്ച്   കോടികള്‍ മുടക്കി ‘എമര്‍ജിംഗ് കേരള’ പോലുള്ള ധൂര്‍ത്ത്  നടത്തിയവരെ മുന്നിലിരുത്തിയാണ് കഴിഞ്ഞ രണ്ടുകൊല്ലത്തിനിടയില്‍ ഒരു പദ്ധതിയും തന്റെ  മുന്നില്‍ സമര്‍പ്പിച്ചിട്ടില്ല എന്ന് ആന്‍റണി തുറന്നടിച്ചത്.  കേന്ദ്രപദ്ധതികള്‍ വേണ്ട,  കച്ചവട സാധ്യതയുള്ള പദ്ധതികള്‍ മാത്രം മതി എന്ന ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ വികല സമീപനത്തെയാണ്, ആന്റണി വിമര്‍ശിക്കുന്നതും.  വികസന നായകൻ എന്ന ഉമ്മൻചാണ്ടിയുടെ പ്രതിച്ഛായയെ കരി വാരി തേക്കുകയാണ്, അന്റണി ചെയ്തത്. മെട്രോ പദ്ധതി അടക്കം സർക്കാരിന്റെ പ്രവർത്തനങ്ങളിൽ ആന്റണിക്ക് വിയോജിപ്പുണ്ട്. പൊതുമേഖലാ സ്ഥാപനങ്ങളെ പൂർണമായും അവഗണിച്ചുകൊണ്ട് സ്വകാര്യ സംരംഭകർക്ക് പിറകെ പോകുന്ന നിലപാ‌ടിനോടും എതിർപ്പുണ്ട്.

കേരളത്തില്‍നിന്ന് എട്ടു മന്ത്രിമാര്‍ ഇപ്പോള്‍ കേന്ദ്രമന്ത്രിസഭയിലുണ്ട്. മറ്റ് സംസ്ഥാനങ്ങളിലെ മന്ത്രിമാര്‍ ചെയ്യുന്നതുപോലെ, അല്ലെങ്കില്‍ ആന്റണി ചെയ്ത പോലെ ഓരോരുത്തര്‍ ഓരോ പദ്ധതി വര്‍ഷത്തിലൊരിക്കല്‍ കൊണ്ടുവന്നാല്‍ കേരളം അതി വേഗം ബഹുദൂരം മുന്നോട്ടു പോയേനെ. അതിവേഗം ബഹുദൂരം എന്ന് പരസ്യപ്പെടുത്തുന്ന ഈ സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം ഒരു  പുതിയ വ്യവസായത്തിനും തുടക്കമിട്ടില്ല. പുതിയ ഒരു പദ്ധതിയും കേന്ദ്രസര്‍ക്കാറിനുമുന്നില്‍ സമര്‍പ്പിച്ചില്ല.വി എസ് സര്‍ക്കാര്‍  സമര്‍പ്പിച്ച കൊച്ചി മെട്രോയെ അട്ടിമറിച്ച് കമ്മീഷന്‍ അടിച്ചു മാറ്റാന്‍ ഉമ്മനും കൂട്ടരും നടത്തിയ വൃത്തികെട്ട കളികള്‍ കേരള ജനത പരാജയപ്പെടുത്തി.


ഈ സര്‍ക്കാരിന്റെ നേട്ടങ്ങള്‍ ഇവയാണ്.

ബസ് യാത്രാനിരക്ക് കൂട്ടി, വൈദ്യുതി നിരക്ക് കൂട്ടി, ഇന്ധനവില കൂട്ടി, പാല്‍ വില   കൂട്ടി. പവര്‍ കട്ട് ഏര്‍പ്പെടുത്തി.  ജാതിമത ശക്തികളുടെ ദുസ്വാധീനം അനുദിനം വര്‍ദ്ധിച്ചു വരുന്നു.

കഴിഞ്ഞ സര്‍ക്കാര്‍ ഒറ്റ ദിവസം പോലും പവര്‍ കട്ട് ഏര്‍പ്പെടുത്തിയിരുന്നില്ല. ജനജീവിതം ദുസ്സഹമാക്കിയിട്ടും ഈ  സര്‍ക്കാറിന് ഒരു കൂസലുമില്ല.



ഉമ്മന്‍ ചണ്ടിയുടെയും ഘടക കക്ഷി നേതാക്കളുടെയും പ്രതികരണം ചൂണ്ടിക്കാട്ടുന്നത് ആന്‍റണി പറഞ്ഞത് ഉള്‍ക്കൊള്ളാനുള്ള മനസ്ഥിതി അവര്‍ക്കില്ല എന്നാണ്. നന്നാകാന്‍ തയ്യാറില്ല എന്നതാണ് അവര്‍ നല്‍കുന്ന സന്ദേശം.

ആന്‍റണിയുടെ പ്രസ്താവന കോണ്‍ഗ്രസിലെ ഗ്രൂപ്പിസത്തെയും ചൂടുപിടിപ്പിക്കുന്നുണ്ട്. ആന്‍റണിവിരുദ്ധരും  ഉമ്മന്‍ചാണ്ടി വിരുദ്ധരും രംഗത്തെത്തി. കിട്ടിയ അവസരം മുതലാക്കി ദീര്‍ഘവീക്ഷണത്തോടെ കരുക്കള്‍ നീക്കാന്‍ പലരുമിറങ്ങിയിട്ടുമുണ്ട്.  ഉമ്മൻചാണ്ടിക്കെതിരായ കോൺഗ്രസിനുള്ളിലെ നീക്കങ്ങൾക്ക് ആന്റണിയുടെ വിമർശനം ശക്തി പകരും. ഇപ്പോള്‍ തന്നെ ചാരക്കേസില്‍ ഉമ്മന്‍ ചാണ്ടിയെ പ്രതികൂട്ടില്‍ നിറുത്താനുള്ള ശ്രമം മുരളീധരന്റെ ഭാഗത്തുനിന്നുണ്ട്.

ആന്റണിയുടെ പരാമര്‍ശങ്ങളില്‍ പ്രതിപക്ഷത്തിന് ആശ്വസിക്കാന്‍ ഏറെയുണ്ട്.  വി.എസ്. അച്യുതാനന്ദന്‍ വികസന വിരുദ്ധനാണെന്നതായിരുന്നു ഐക്യമുന്നണിയുടെ പ്രചാരണങ്ങളില്‍ പ്രധാനമായത്. ആ അച്യുതാനന്ദന്റെ  വികസന താല്‍പര്യങ്ങളെ ആന്‍റണി തന്നെ വാനോളം പുകഴ്ത്തി. പറഞ്ഞത് ആന്‍റണിയാണെന്നതിനാല്‍ അതിനു വിശ്വാസ്യതയും ഏറെയാണ്.


ആന്റണി പറഞ്ഞത്  അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായമാണെന്ന് വയലര്‍ രവി പറഞ്ഞതില്‍ നിന്ന് പലതും വായിച്ചെടുക്കാം. ആന്റണി  സോണിയ ഗാന്ധിയുടെ വിശ്വസ്ഥനാണ്. ഭരണത്തിലും  പാര്‍ട്ടിയിലും ആന്റണിയുടെ വാക്കുകള്‍ക്ക്  എപ്പോഴും  ബഹുമാനമുണ്ട്. അതറിയുന്ന രവി ഒരു മുഴം നീട്ടിയെറിയുകയാണ്. കേന്ദ്ര സർക്കാരിനും കോൺഗ്രസ് ഹൈക്കമാൻഡിനും കേരള സർക്കാരിന്റെ പ്രവർത്തന രീതിയോടുള്ള അതൃപ്‌തി കൂടിയാണ് ആന്റണിയുടെ കഴിഞ്ഞ ദിവസത്തെ പ്രതികരണമെന്ന് വ്യാഖ്യാനമുണ്ടായി. അങ്ങനെയല്ല എന്നു സ്ഥാപിക്കാന്‍   ശ്രമിക്കുന്നു  എന്ന്‍  രവി അഭിനയിക്കുകയാണ്.  ഭരണത്തിലും പാർട്ടിയിലും കേരള വിഷയത്തിൽ അവസാന വാക്കായ ആന്റണി തൊടുത്തുവിട്ട വിമര്‍ശനം  ഉമ്മൻചാണ്ടിക്കും കൂട്ടർക്കുമുള്ള മുന്നറിയിപ്പാണെന്ന് അറിയാവുന്ന രവി  സ്വയം ആശ്വസിക്കുകയൊന്നുമല്ല. കളം അറിഞ്ഞു കളിക്കുകയാണ്. ആന്റണിക്ക് എതിര്‍പ്പുണ്ടായാല്‍ ഉമ്മന്‍ ചാണ്ടിയുടെ നില പരുങ്ങലിലാകും. പിന്നെ പുതിയ ഒരു നേതാവ് എമെര്‍ജ് ചെയ്യാതെ പറ്റില്ല.   ഉമ്മന്‍ ചാണ്ടി മാറേണ്ടി വന്നാല്‍ മുഖ്യമന്ത്രി  സ്ഥാനത്തേക്ക്  താനും ഒരു സ്ഥാനാര്‍ത്ഥി ആകുമെന്ന് അദ്ദേഹം കണക്കു കൂട്ടുന്നു.