ഇപ്പോള്‍ കേരളത്തില്‍ കപടന്‍മാരുടെ ഘോഷയാത്രയാണ്.
സി പി എം എം എല്‍ എ ആയ സെല്‍വരാജ് , എം എല്‍ എ സ്ഥാനവും സി പി എം അംഗത്വവും രാജി വച്ചപ്പോള്‍ തുടങ്ങിയതാണീ ഘോഷയാത്ര. യുഡി എഫിലേക്ക് പോകുന്നതിലും നല്ലത് ആത്മഹത്യയാണെന്നു പറഞ്ഞ അദ്ദേഹം ,കോണ്‍ഗ്രസ് അംഗത്വം തന്നെ സ്വീകരിച്ച് കാപട്യത്തിന്റെ കിരീടം അണിഞ്ഞു.
കമ്യൂണിസ്റ്റുകാരനായ സി പി ചന്ദ്രശേഖരന്‍ ദാരുണമായി കൊലചെയ്യപ്പെട്ടപ്പോള്‍, മുതലക്കണ്ണീരൊഴുക്കാന്‍ കോണ്‍ഗ്രസുകാരും മുസ്ലിം ലീഗുകാരും അണിനിരന്നു. കേരളത്തിലെ ഒരു മന്ത്രി കൊലചെയ്യപ്പെട്ടതുപോലെയാണ്, ഉമ്മന്‍ ചാണ്ടി ഡെല്‍ഹിയില്‍ നിന്നും പാഞ്ഞു വന്നത്. ചന്ദ്രശേഖരന്‍ തന്റെ ജീവനു ഭീക്ഷണിയുണ്ടായിരുന്നു എന്ന് ഉമ്മന്‍ ചാണ്ടിയോടും കേന്ദ്ര മന്ത്രി മുല്ലപ്പള്ളി രാമചന്ദ്രനോടും പറഞ്ഞിരുന്നു. പക്ഷെ അതവര്‍ ഗൌരവത്തില്‍ എടുത്തില്ല. ഇപ്പോള്‍ അദ്ദേഹം കൊല്ലപ്പെട്ടപ്പോള്‍ വിലപിച്ച്, കാപട്യത്തിന്റെ കിരീടം എടുത്തണിയുന്നു.
ഒരിക്കലും ഹര്‍ത്താലോ ബന്ദോ നടത്തില്ല എന്ന് ഉഗ്രപ്രതിജ്ഞ എടുത്തതായിരുന്നു രമേശ് ചെന്നിത്തലയും കോണ്‍ഗ്രസും. അതപ്പാടെ വിഴുങ്ങി ഹര്‍ത്താലും നടത്തി. കാപട്യത്തിന്റെ പര്യായമായി ചെന്നിത്തല വിളങ്ങി വികസിച്ചു നില്‍ക്കുന്നു.
മുല്ലപ്പെരിയാര്‍ വിഷയത്തില്‍ അഞ്ചാറു മാസം മുമ്പ് കേരളത്തിലെ ജനങ്ങളും ബഹുജന സംഘടനകളും തെരുവിലിറങ്ങിയപ്പോള്‍ ഉമ്മന്‍ ചാണ്ടി പറഞ്ഞു, സംഗതികളൊക്കെ കേരളത്തിനനുകൂലമാണ്, ഉന്നതാധികാര സമിതി കേരളത്തിനുനുകൂലമായ തീരുമാനം എടുക്കും. ഇപ്പോള്‍ സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. 50 വര്‍ഷത്തെ ആയുസുപറഞ്ഞ്, 116 വര്‍ഷം മുമ്പ് പണുത അണക്കെട്ടിനു ബലക്ഷയമില്ല. ജലനിരപ്പ് 152 അടിയായി വേണമെങ്കില്‍ ഉയര്‍ത്താം. വലിയ ഒരു തുരംഗമുണ്ടാക്കി, കൂടുതല്‍ വെള്ളം തമിഴ് നാടിനു കൊണ്ടുപോകാം, എന്നൊക്കെയാണ്, റിപ്പോര്‍ട്ടിലെ പ്രധാന നിര്‍ദ്ദേശങ്ങള്‍ . കേരളത്തിന്റെ അവസ്ഥ ഇടിവെട്ടിയവനെ പാമ്പു കടിച്ചതുപോലെയായി. പക്ഷെ ഉമ്മന്‍ ചാണ്ടി മിണ്ടുന്നില്ല. കാപട്യം എന്തു മിണ്ടാന്‍?
ഉന്നതാധികാര സമിതി രൂപീകരിച്ചപ്പോള്‍ കേരളത്തിന്റെ ഭാഗം വിശദീകരിക്കാന്‍ ഒരു പ്രതിനിധിയെ നിര്‍ദ്ദേശിക്കാന്‍ സുപ്രീം കോടതി കേരളത്തോടാവശ്യപ്പെട്ടു. കേരള സര്‍ക്കാര്‍ ജസ്റ്റിസ് കെ.ടി.തോമസിനെ കേരളത്തിന്റെ പ്രതിനിധിയായി നിര്‍ദ്ദേശിച്ചു. സമിതിയില്‍ പക്ഷെ അദ്ദേഹം കേരളത്തിന്റെ പ്രതിനിധിയാണെന്ന സത്യം മറന്ന്, സ്വയം ഒരു ന്യായാധിപനായി അവരോധിച്ചു. അദ്ദേഹം നല്‍കിയത് നിഷ്പക്ഷ അഭിപ്രായമാണെന്നിപ്പോള്‍ പറയുന്നു. കേരളത്തിനു വേണ്ടി വാദിക്കേണ്ടത് തന്റെ ബാധ്യത അല്ലെന്ന് കേരളത്തിന്റെ പ്രതിനിധി പറയുന്നതിലും വലിയ കാപട്യം മറ്റെന്താണുള്ളത്.
പക്ഷെ ഇതിലുമൊക്കെ വലിയ കാപട്യം ഗണേശകുമാരനെന്ന വനം മന്ത്രിയുടേതാണ്. കേരള ഖജനാവ് കട്ടുമുടിച്ചതിന്, ബാല കൃഷ്ണപിള്ളയെ സുപ്രീം കോടതി ശിക്ഷിച്ചു. അതിന്, വി എസ് അച്യുതാനന്ദനെ കാമ ഭ്രാന്തന്‍ എന്നാണീ മന്ത്രി വിളിച്ചത്. അത് വിവാദമായപ്പോള്‍ അദ്ദേഹം നടത്തിയ പത്രസമ്മേളനത്തില്‍ കണ്ണീരൊഴുക്കി പറഞ്ഞത് ഇപ്രകാരം. ഞാനും ഒരു മകനാണ്, എനിക്കും ഒരച്ഛനുണ്ട്. അതു കേട്ട കേരളം ഈ മകന്റെ പിതാസ്നേഹത്തില്‍ കോരിത്തരിച്ചു പോയിരുന്നു. മക്കളായാല്‍ ഇങ്ങനെ വേണം എന്ന് അവര്‍ മനസില്‍ പറഞ്ഞു. ഈ അച്ഛന്റെയും മകന്റെയും ശരിക്കുമുള്ള ബന്ധം ഇപ്പോള്‍ അങ്ങാടിപ്പാട്ടാണ്. അച്ഛനെ അനുസരിക്കാത്ത മകന്‍ എന്ന ഓമനപ്പേരും ഇപ്പോള്‍ ഗണേശ മന്ത്രിക്ക് സ്വന്തം. അച്ഛനും കൂടെയുള്ളവരും ഇപ്പോള്‍ മന്ത്രിക്ക് അഴിമതിക്കാരും വനം കയ്യേറ്റക്കാരും ഒക്കെയാണ്. താന്‍ സിനിമയില്‍ അഭിനയിക്കാന്‍ പോയതിനെ അച്ഛന്‍ എതിര്‍ത്തു തുടങ്ങിയ ചന്തലെവലിലുള്ള ആരോപണങ്ങളാണ്, ദുഷ്ടനായ അച്ഛനെതിരെ മകന്‍ ആരോപിക്കുന്ന മഹാപാതകം. പക്ഷെ അച്ഛന്‍ മകനിലാരോപിക്കുന്ന കുറ്റങ്ങള്‍ കുറച്ചു കൂടെ അന്തസുള്ളവയാണ്. താന്‍ ജയിലില്‍ കിടന്നപ്പോള്‍ ഒറ്റപ്രാവശ്യമേ കാണാന്‍ വന്നിട്ടുള്ളു, അതും മന്ത്രിയായപ്പോള്‍ ലഭിച്ച വകുപ്പുകള്‍ പോര എന്ന പരാതി പറയാനാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഗണേശകുമാരന്റെ വിധേയത്വം സ്വന്തം പാര്‍ട്ടിയോടും പാര്‍ട്ടിനേതാവായ അച്ഛനോടുമല്ല, കോണ്‍ഗ്രസ് നേതാക്കളായ ഉമ്മന്‍ ചാണ്ടിയോടും ചെന്നിത്തലയോടുമാണ്. എല്ലാ കാര്യങ്ങളും, തന്നെ എം എല്‍ എ യും മന്ത്രിയുമാക്കിയ സ്വന്തം പാര്‍ട്ടിയോടല്ല, ആലോചിക്കുന്നത്, പകരം കോണ്‍ഗ്രസിനോടാണെന്ന് യാതൊരു ഉളുപ്പുമില്ലാതെ പരസ്യമായി പറയുന്ന ഈ കാപട്യത്തിനെ കേരളം തിരിച്ചറിയുന്നില്ല. ജീവിത കാലം മുഴുവന്‍ എന്‍ എസ് എസിന്റെ അടിച്ചു തളിക്കാരായിരുന്നു ഈ അച്ഛനും മകനും. ഇപ്പോള്‍ എന്‍ എസ് എസിനെ വരെ അധിക്ഷേപിക്കുന്നു അധികാരം തലക്ക് പിടിച്ച ഈ മന്ത്രിപുംഗവന്‍.
വേറൊരു കാപട്യത്തേകുറിച്ചു കൂടി പരാമര്‍ശിക്കാതെ ഈ കുറിപ്പ് അവസാനിപ്പിക്കാന്‍ പറ്റുന്നില്ല. അത് സിനിമാ സംബന്ധിയായ ഒരു കാപട്യമാണ്. അടുത്തിടെ ഇറങ്ങിയ മലയാള സിനിമ, 22 ഫിമെയില്‍ കോട്ടയം, സ്ത്രീപക്ഷ സിനിമയാണ്, നവതരംഗ സിനിമയാണ്, എന്നൊക്കെ നിരൂപക കേസരികള്‍ വലിയ വായില്‍ പ്രചരിപ്പിക്കുന്നു. അതിനുള്ള കാരണമോ, താന്‍ കന്യകയല്ലെന്ന് നായിക പറയുന്നതും, തന്നെ നശിപ്പിച്ചവരോട് പ്രതികാരം ചെയ്യുന്നതും ആണ്. ഒരു പ്രതികാരം, ഒരാണിന്റെ ആറിഞ്ചു നീളമുള്ള ആണത്തം ചെത്തി എടുത്തിട്ടും ആണ്. ഇവയും ഇവയിലും മഹത്തായ പല പ്രതികാരങ്ങളും പല പുരുക്ഷ കഥാപാത്രങ്ങളും നടത്തുന്ന അനേകം സിനിമകള്‍ മലയാളത്തില്‍ ഇതിനു മുന്നേ ഇറങ്ങിയിട്ടുണ്ട്. അവയൊക്കെ പുരുക്ഷ പക്ഷ സിനിമകളാണെങ്കിലേ ഈ സിനിമ സ്ത്രീപക്ഷ സിനിമ ആകൂ. അങ്ങനെ ആണെന്ന് ഈ നിരൂപക കേസരികളൊന്നും അവകാശപ്പെട്ട് കണ്ടിട്ടില്ല.
ഈ നിരൂപക കേസരികളുടെ ഒക്കെ ബെഞ്ച് മാര്‍ക്ക് തമിഴ് നാട്ടില്‍ പണ്ടെങ്ങോ ഇറങ്ങിയ സുബ്രമഹ്ണ്യപുരം എന്ന സിനിമയാണ്. ഏത് സിനിമ നിരൂപണം ചെയ്താലും ഈ ശരാശരി തമിഴ് സിനിമ, സിനിമാ ചരിത്രത്തിലെ നാഴികക്കല്ലെന്ന തരത്തില്‍ രണ്ടു വാക്കു പുകഴ്ത്തിപ്പറയാതെ ഈ കേസരികള്‍ക്കുറക്കവും വരില്ല.
22 ഫിമെയില്‍ കോട്ടയം ശരാശരിയിലും ഉയര്‍ന്ന നിലവാരമുള്ള ഒരു സിനിമയാണ്. പക്ഷെ അത് സ്ത്രീപക്ഷ സിനിമയോ നവതരംഗ സിനിമയോ അല്ല. പല സിനിമകളിലും കണ്ടു മടുത്ത പുരുക്ഷകഥാപാത്രത്തിനു സ്ത്രീരൂപം നല്‍കി അവതരിപ്പിക്കുന്നതിനെ സ്ത്രീപക്ഷമെന്നോ നവതരംഗമെന്നോ വിളിക്കാനാകില്ല. അങ്ങനെ വിളിക്കുന്നത് വെറും കാപട്യമാണ്.
ദൈവത്തിന്റെ സ്വന്തം നാട്, എന്നതിനേക്കാള്‍ ഇപ്പോള്‍ കേരളത്തിനു യോജിക്കുക, കാപട്യത്തിന്റെ സ്വന്തം നാട് എന്നായിരിക്കും.
3 comments:
ദൈവത്തിന്റെ സ്വന്തം നാട്, എന്നതിനേക്കാള്‍ ഇപ്പോള്‍ കേരളത്തിനു യോജിക്കുക, കാപട്യത്തിന്റെ സ്വന്തം നാട് എന്നായിരിക്കും
സംഗതി തത്വത്തില്‍ ശരിയാണ്. വേറെയും ഒരു പാട് കാപട്യങ്ങള്‍ വിട്ടു പോവുകയോ വിട്ടു കളയുകയോ ചെയ്തെങ്കിലും...
യദാര്‍ത്ഥ കമ്മുനിസ്റ്റ്
Post a Comment