Showing posts with label അദ്വാനി. Show all posts
Showing posts with label അദ്വാനി. Show all posts
Friday, 16 October 2009
നന്ദികേടിന്റെ നീതി ശാസ്ത്രം
അച്ചാര്‍ ഇന്‍ഡ്യക്കാരുടെ അപ്രധാന ഭക്ഷണപദാര്‍ത്ഥങ്ങളില്‍ ഒന്നാണ്. തൊടുകറി എന്ന നിലയിലാണത് ഉപയോഗിക്കുന്നത്. സദ്യയുടെ ചട്ടവട്ടങ്ങളിലാണ്, അച്ചാറിനു പ്രാമുഖ്യം ഉണ്ടാകുന്നതും.
മനോഹര്‍ പരിക്കര്‍ ബി ജെ പിയുടെ സമുന്നത നേതാവും മുന്‍ ഗോവ മുഖ്യമന്ത്രിയുമാണ്. അദ്ദേഹം ജനിച്ചത് 1955 ല്‍. ബി ജെ പിയുടെ മുന്‍ രൂപം ജന സംഘം പിറവിയെടുത്തത് 1951 ലും.
നെഹ്രുവിന്റെ മന്ത്രിസഭയില്‍ അംഗമായിരുന്ന ശ്യാമപ്രസാദ് മുഖര്‍ജി, പാകിസ്ഥാനുമായുണ്ടാക്കിയ ഒത്തു തീര്‍പ്പില്‍ പ്രതിക്ഷേധിച്ച് രാജിവച്ചു. ഹിന്ദു ദേശീയതയുടെ വക്താവായിരുന്ന അദ്ദേഹം ആര്‍ എസ് എസ് തല വന്‍ ഗോള്‍വാര്‍ക്കറുമായി അലോചിച്ചാണ്, ജന സംഘത്തിനു രൂപം നല്‍കിയത്. ഹിന്ദു വര്‍ ഗ്ഗീയ സംഘടനയായ ആര്‍ എസ് എസിനു നിര്‍ണ്ണായക സ്വാധീനമുണ്ടായിരുന്നു പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരണത്തില്‍. ഹിന്ദു ദേശീയതയുടെ രാഷ്ട്രീയ മുഖമായിരുന്നു ജന സംഘം. ആര്‍ എസ് എസില്‍ ദീര്‍ഘകാലം പ്രവര്‍ത്തിച്ച എല്‍ കെ അദ്വാനി ജന സംഘത്തിന്റെ സ്ഥാപക നേതാക്കളില്‍ ഒരാളും ആയിരുന്നു.
ജനസംഘത്തിനു നാലു വയസുപ്രായമായപ്പോഴാണ്, പരീക്കര്‍ ജനിച്ചത്. അദ്ദേഹം അടുത്തിടെ ഒരു അച്ചാറിന്റെ ഉപമ പറഞ്ഞു. പരീക്കര്‍ അദ്വാനിയെ വിശേഷിപ്പിക്കാന്‍ ഉപയോഗിച്ച വാക്കുകളാണ്, കാറിപ്പോയ അച്ചാര്‍ ( Pickle that has turned rancid) എന്നത്. പരീക്കര്‍ ഉപയോഗിച്ച മുഴുവന്‍ വാക്കുകളും ഇതാണ്.
"Pickle tastes good when it is left to mature for a year. But if you keep it for more than two years, it turns rancid..."
ബി ജെ പിയുടെ തല മുതിര്‍ന്ന നേതാവും ഇന്‍ഡ്യന്‍ രാഷ്ട്രീയത്തിലെ പ്രമുഖ വ്യക്തിയുമായ അദ്വാനിയെ ഇതുപോലെ വിശേഷിപ്പിക്കാന്‍ പരീക്കര്‍ തുനിഞ്ഞതെന്തുകൊണ്ടായിരിക്കും? അദ്വാനി, രാഷ്ട്രീയത്തില്‍ വന്നതിനു ശേഷം ജനിച്ച വ്യക്തിയാണു പരീക്കര്‍. കുറച്ചു നാളുകള്‍ക്ക് മുമ്പു വരെ ഉരുക്കു മനുഷ്യന്‍ എന്നു വിശേഷിപ്പിക്കപ്പെട്ട അദ്വാനി എന്ന അച്ചാര്‍ ഇത്രവേഗം കാറിപ്പോകാന്‍ കാരണം എന്താണ്?
വളരെയധികം അര്‍പ്പണബോധത്തോടും ദീര്‍ഘവീക്ഷണത്തോടും കൂടി ഹിന്ദുത്വക്കു വേണ്ടി പോരാടിയ ഈ മുന്നണി പോരാളി ഇത്ര പെട്ടെന്ന് വെറുക്കപ്പെട്ടവനായത് സമകാലീന ഇന്‍ഡ്യന്‍ രാഷ്ട്രീയത്തിലെ ഒരു ഫലിതമാണ്. അത്രയധികം നിര്‍ദ്ദയമായിട്ടാണ്, വളരെ കാലം കൂടെ നിന്നിരുന സഹപ്രവര്‍ത്തകര്‍ അദ്ദേഹത്തെ ആക്രമിച്ചത്. അതിലും അത്ഭുതം തോന്നിയത് മറ്റൊന്നാണ്. ശശി തരൂര്‍ പൊക്കിപ്പിടിക്കുന്ന Tvitter Generation ഈ ആക്രമണത്തിന്റെ ചുക്കാന്‍ പിടിക്കുന്നു എന്നതാണ്. കാര്യങ്ങളുടെ നിജ സ്ഥിതി അറിയതെയാണവര്‍ ഇത് ചെയ്യുന്നതും.
രഥമുരുട്ടിയും പള്ളി പൊളിച്ചും വിധ്വേഷം വമിക്കുന്ന പ്രസംഗങ്ങള്‍ പറഞ്ഞും അദ്ദേഹം ഹിന്ദു തീവ്രവാദികള്‍ക്ക് ഇന്‍ഡ്യയില്‍ ഒരു സ്ഥാനം നേടിക്കൊടുത്തു.
ഈര്‍ക്കിള്‍ പാര്‍ട്ടി ആയിരുന്ന ജന സംഘത്തെ അര നൂറ്റാണ്ടുകൊണ്ട് ഭരണകക്ഷിയാക്കുന്നതില്‍ പ്രധാന പങ്കു വഹിച്ചത് അദ്വാനിയായാണ്. രണ്ടോ മൂന്നോ സീറ്റു കിട്ടുന്ന ജനസംഘത്തില്‍ നിന്നും ഇന്‍ഡ്യയിലെ ഏറ്റവും വലിയ കക്ഷിയായി ബി ജെ പി വളര്‍ന്നത് അദ്വാനിയുടെ കഴിവുകൊണ്ടു മാത്രമായിരുന്നു. ഏറ്റവും വലിയ കക്ഷിയായാലും ഭരിക്കാന്‍ കഴിയണമെങ്കില്‍ ഒരു മുഖം മൂടി കൂടി ധരിക്കണമെന്ന തിരിച്ചറിവ്, അദ്വാനി ഉള്‍പ്പടെ എല്ലാ ബി ജെ പി നേതാക്കള്‍ക്കും ഉണ്ടായി. അങ്ങനെയാണ്, ബാജ്പായി ഹിന്ദുത്വയുടെ മുഖ മൂടി ആയത്.
തീവ്ര ഹിന്ദുത്വ എന്ന സത്വത്തെ അതി സമര്‍ദ്ധമായി ബാജ്പായി എന്ന മുഖം മൂടിക്കു പിന്നില്‍ ഒളിപ്പിക്കാമെന്ന് അദ്വാനിയും കൂടെയുള്ളവരും കരുതി. തീവ്ര ഹിന്ദുത്വ അജണ്ട തല്‍ക്കാലത്തേക്ക് മാറ്റി വച്ച് മറ്റു ചില പാര്‍ട്ടികളുമായി കൂട്ടുകെട്ടുണ്ടാക്കി അധികാരത്തില്‍ കയറി. അധികാരത്തിലെത്തിയപ്പോഴാണ്, ജനങ്ങള്‍ എന്തു ചിന്തിക്കുന്നു എന്ന തിരിച്ചറിവ്, അദ്വാനിക്കു കിട്ടിയത്. തീവ്ര ഹിന്ദുത്വയെ സാധാരണ ജനങ്ങള്‍ എത്രത്തോളം വെറുക്കുന്നു എന്നദ്ദേഹം മനസിലാക്കി. അതു കൊണ്ട് ബാജ്പായ് അണിഞ്ഞ മുഖം മൂടി കടം വാങ്ങി അദ്ദേഹം അണിഞ്ഞു. തെരഞ്ഞെടുപ്പടുക്കുമ്പോള്‍ ഇടക്കിടക്ക് ഹിന്ദുത്വയെ ബി ജെ പി അശ്ളേഷിക്കാറുണ്ട്. മറ്റാരും തന്നെ അത് അത്ര കര്യമായി ഇപ്പോള്‍ എടുക്കുന്നില്ല, അദ്വാനിയുടെ കസേരയിലിരിക്കാന്‍ തയ്യാറെടുക്കുന്ന നരേന്ദ്ര മോദി ഒഴികെ.
2005 ല്‍ പാകിസ്ഥാന്‍ സന്ദര്‍ശിച്ച അവസരത്തില്‍ മൊഹമ്മദാലി ജിന്നയെ പുകഴ്ത്തി പറഞ്ഞതിനദ്ദേഹം ഏറെ വിമര്‍ശിക്കപ്പെട്ടു. അന്നു പക്ഷെ പാര്‍ട്ടി നേതക്കളാരും അദ്ദേഹത്തെ കൈവിട്ടില്ല. എല്ലാവരും അദ്ദേഹത്തിന്റെ പിന്നില്‍ അണിനിരന്നു. പിന്നീടു നടക്കുന്ന തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ നയിക്കാന്‍ അദ്ദേഹം വേണമെന്ന തിരിച്ചറിവില്‍ നിന്നാണതുണ്ടായത്.
2009 ല്‍ ആ പ്രതീക്ഷ അസ്തമിച്ചപ്പോള്‍ പാര്‍ട്ടിക്കുള്ളില്‍ പല പ്രമുഖരും അദ്ദേഹത്തിനെതിരെ തിരിഞ്ഞു. അതിന്റെ അവസാനത്തെ ഉദാഹരണമാണ്, പരീക്കറിന്റെ വാക്കുകള്‍.
പാര്‍ട്ടിക്കുള്ളിലെ അദ്വാനിയുടെ ധാര്‍മ്മികമായ അധികാരം ഏതാണ്ട് അസ്തമിച്ചു. അദ്ദേഹത്ത്ന്റെ നിഴലില്‍ യുദ്ധം ചെയ്യുകയാണ്, രാജ് നാഥ് സിംഗിനേപ്പോലെയുള്ളവര്‍. ശുഷ്ക മനസ്കനായ രാജ് നാഥ് സിംഗ് പല ഒളിയമ്പുകളും എയ്യുന്നത് അദ്വാനിയുടെ ഈ ധാര്‍മ്മിക ശോഷണത്തിന്റെ നിഴലിലാണ്. രാജസ്ഥാനില്‍ ലോക് സഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കേറ്റ പരാജയത്തിനു നിയമ സഭയിലെ പ്രതിപക്ഷ നേതാവു രാജിവയ്ക്കണമെന്ന വിചിത്രമായ ആവശ്യം അങ്ങനെ ഉണ്ടായതാണ്.
ജനാധിപത്യ വ്യവസ്ഥിതിയില്‍ രാഷ്ട്രീയം ഉപേക്ഷിക്കാന്‍ പ്രായം ഒരു കാരണമല്ല. സാധാരണ രാഷ്ട്രീയക്കാര്‍ രാഷ്ട്രീയം വിടുന്നത് ആരോഗ്യപരമായ കാരണങ്ങളാലോ അഴിമതി ആരോപണം നേരിട്ടോ ആണ്. അദ്വാനിക്ക് ഇപ്പോഴും നല്ല അരോഗ്യമുണ്ട്. സ്വജന പക്ഷപാതമോ അഴിമതിയോ ഇന്നു വരെ അദ്ദേഹത്തില്‍ ആരോപിക്കപ്പെട്ടിട്ടില്ല. പാര്‍ട്ടിക്കുള്ളില്‍ അദ്ദേഹം ഇപ്പോള്‍ നേരിടുന്ന വേട്ട നന്ദികേടായിട്ടേ എനിക്ക് മനസിലാക്കാന്‍ ആകുന്നുള്ളു.
Subscribe to:
Posts (Atom)

