മൃദു ഹിന്ദുത്വ
-------------------------
ഇടതുപക്ഷ ചിന്താഗതിക്കാരനും സി പി എമ്മിലെ പടലപിണക്കത്തില്‍ വി എസ് അച്യുതാന്ദനെ പ്രകടമായി എതിര്‍ക്കുന്ന ആളുമാണ്, ശ്രീ സെബിന് ജേക്കബ്. 2009ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണി ദയനീയമായി പരാജയപ്പെട്ടു. അന്ന് വി എസ് അച്യുതാനന്ദന് സി പി എമ്മിന്റെ തോല്‍വിയില്‍ ആഹ്ളാദം പ്രകടിപ്പിച്ച് ചിരിച്ചു എന്നായിരുന്നു പിണറായി വിജയന്റെ ഭക്തരൊക്കെ പാടി നടന്നത്.
2009 ജൂണ്‍ മാസത്തില്‍ സെബിന് ജേക്കബ് എഴുതിയ ഒരു ലേഖനത്തില്‍ വി എസിനെ വിമര്‍ശിച്ചുകൊണ്ടുള്ള ചില വാചകങ്ങള്‍ ഉണ്ടായിരുന്നു. ഇതാണത്.
ആ ചിരി നിലനില്ക്കണേ ദൈവമേ..
""""ഇടതുപക്ഷത്തു് മൃദുഹൈന്ദവതയോ എന്നു് അമ്പരക്കേണ്ടതില്ല. വിഎസ് വളര്‍ത്തിയെടുത്ത ഈ കൊടിയ വിപത്തിനെ പാര്‍ട്ടി നേരിട്ടേ മതിയാകൂ. അലസമധുരമയ അമ്പലവാസി സംസ്കാരം പാര്‍ട്ടിക്കുള്ളില്‍ അടിഞ്ഞുകൂടുകയാണു്. അതു് മുസ്ലീംവിരുദ്ധവും ക്രിസ്ത്യന്‍വിരുദ്ധവുമാണു്. അതു് ഉറപ്പായും സമൂഹവിരുദ്ധവുമാണു്. ആരോ പറഞ്ഞതുപോലെ സ്വാത് ഇതാ ഇവിടെ തന്നെയുണ്ടു്.""""
വായിക്കുന്നവര്‍ക്ക് അര്‍ത്ഥം ശരിക്കും പിടി കിട്ടിയിരിക്കുമല്ലോ. ഇടതുപക്ഷത്ത് മൃദുഹൈന്ദവതയുണ്ട്. അത് കൊടിയ വിപത്താണ്. വി എസ് ആണത് വളര്‍ത്തി എടുത്തത്. അതു വഴി സി പി എമ്മിനുള്ളില്‍ അമ്പലവാസി സംസ്കാരം അടിഞ്ഞു കൂടുകയാണ്. അതിനെ സ്വാതിനോട് ഉപമിക്കാം. സ്വാത് എന്നു പറയുന്നത് പാകിസ്താനിലെ സ്വാത് താഴ്വരയാണ്. അവിടമാണ്, ഇസ്ലാമിക തീവ്രവാദത്തിന്റെ കേന്ദ്രമെന്നാണ്, റിപ്പോര്‍ട്ടുകള്‍. വി എസ് കാരണം സി പി എമ്മിലും അതു വഴി കേരളത്തിലും തീവ്രഹൈന്ദവത ഊയിര്‍ത്തെഴുന്നേല്‍ക്കാന്‍ പോകുന്നു എന്നായിരുന്നു സെബിന് ഉത്ബുദ്ധരായ മലയാളികളെ ഓര്‍മ്മിപ്പിച്ചത്.
ഇതോര്‍മ്മിപ്പിക്കാന്‍ ഉള്ള കാരണം മറ്റൊന്നാണ്. സി പി എം സെക്രട്ടറി ആയിരുന്ന വിജയന് മദനി എന്ന മുസ്ലിം തീവ്രവാദിയെ കെട്ടിപ്പിടിക്കാനും ഉമ്മ വയ്ക്കാനും നടക്കുന്നത് ശരിയായ സമീപനമല്ല എന്ന് വി എസ് ഓര്‍മ്മപ്പെടുത്തിയതായിരുന്നു. മദനിയുമായുള്ള ചങ്ങാത്തം ശരിയായില്ല എന്ന് പിന്നീട് സി പി എം തന്നെ സമ്മതിച്ചതാണെന്നോര്‍ക്കുക.
മദനിയേപ്പൊലുള്ള തീവ്ര മുസ്ലിങ്ങള്‍ ഒരിക്കലും കമ്യൂണിസ്റ്റാശയങ്ങളോട് ആഭിമുഖ്യം പ്രകടിപ്പിക്കില്ല എന്ന് തീര്‍ച്ചയുള്ള ഒരു കമ്യൂണിസ്റ്റുകാരനും മുസ്ലിം തീവ്രവാദികളുടെ കൂട്ടുപിടിക്കാന്‍ പോകില്ല. പക്ഷെ വിജയനേപ്പോലെ കമ്യൂണിസ്റ്റാശയങ്ങളില്‍ വെള്ളം ചേര്‍ക്കുന്നവര്‍ക്ക് അതിനോട് യോജിപ്പില്ലായിരുന്നു.
സെബിന് ഈ പ്രവചനം നടത്തിയിട്ട് ഇപ്പോള്‍ 7 വര്‍ഷം പിന്നിട്ടിരിക്കുന്നു. അതിനു ശേഷം സി പി എമ്മില്‍ വളരെയധികം മാറ്റങ്ങളുണ്ടായി. വിജയന് സെക്രട്ടറി സ്ഥാനത്തു നിന്നും മാറി. വിജയനെ എന്നും പിന്തുണച്ചിരുന്ന പ്രകാശ് കാരാട്ട് കേന്ദ്ര സെക്രട്ടറി സ്ഥാനമൊഴിഞ്ഞു. വി എസിനെ മിക്കപ്പോഴും സഹായിച്ചിരുന്ന സീതാറാം യച്ചൂരി സെക്രട്ടറി ആയി. വി എസിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കണമെന്ന ദുശാഠ്യത്തില്‍ നിന്നും കേരള സി പി എം പതുക്കെ മാറി. ഇപ്പോഴും വി എസിനെ പൂര്‍ണ്ണമായും ഉള്‍ക്കൊള്ളാന്‍ അവര്‍ തയ്യാറല്ലെങ്കിലും വി എസിനെ പുറത്തു കളഞ്ഞാല്‍ ദൂര വ്യപകമായ ഭവിഷ്യത്തുണ്ടാകുമെന്ന തിരിച്ചറിവിലേക്ക് അവര്‍ എത്തി ചേര്‍ന്നു.
സെബിന് പ്രവചിച്ചത് അക്ഷരം പ്രതി ശരിയായി വരുന്ന സൂചനകളാണിപ്പോള്‍ കാണുന്നത്. സെബിനെയും കടത്തി വെട്ടി കേരളത്തില്‍ മൃദുഹൈന്ദവതയല്ല തീവ്ര ഹൈന്ദവത തന്നെ ശക്തി പ്രാപിക്കുന്ന കാഴ്ച്ചയാണ്, കേരളം അത്ഭുതത്തോടെ കാണുന്നത്. സി പി എമ്മിനു പരമ്പരാഗതമായി കിട്ടിക്കൊണ്ടിരുന്ന ഹൈന്ദവ വോട്ടുകളില്‍ പലതും ഇപ്പോള്‍ ബി ജെപിയിലേക്കു പോകുന്നു. അത് പിണറായി വിജയന് തിരിച്ചറിഞ്ഞു കഴിഞ്ഞു. വെള്ളാപ്പള്ളി നടേശനെതിരെ കൊടുവാളും കൊണ്ട് നടക്കുന്നതിന്റെ പിന്നിലെ രഹസ്യം അതു തന്നെയാണ്.
പിണറായി വിജയന്റെ വികല നയങ്ങള്‍ സി പി എമിന്റെ ഹൈന്ദവ വോട്ടുകളില്‍ വിള്ളലുണ്ടാക്കുമെന്ന് വി എസ് ഒരു പറ്റിറ്റാണ്ടു മുന്നെ മുന്നറിയിപ്പു നല്‍കിയതാണ്. അതിനെയായിരുന്നു സെബിനൊക്കെ വി എസ് ഇടതുപക്ഷത്ത് മൃദുഹൈന്ദവതയെ വളര്‍ത്തി എടുത്തു എന്ന കള്ളം പറഞ്ഞധിഷേപിച്ചത്. ബി ജെപിയിലേക്ക് പോകുന്ന വോട്ടുകളില്‍ ഭൂരിഭാഗവും ഇന്ന് ഇടതുപക്ഷത്തു വരേണ്ട വോട്ടുകളാണെന്ന് യാഥാര്‍ത്ഥ്യം ഇപ്പൊഴെങ്കിലും സെബിനേപ്പോലുള്ളവര്‍ അംഗീകരിക്കില്ലെങ്കിലും ഇതാണു വാസ്തവം.
വി എസിനൊരു സ്ഥാനവും ഇല്ലാത്ത കേരള സി പി എം ഇപ്പോള്‍ മൃദുഹൈന്ദവതയും കടന്ന് തീവ്ര ഹൈന്ദവതയുടെ ആള്‍ക്കാരയി മാറുന്ന കാഴ്ച്ചയാണ്, കേരളം കാണുന്നത്. കമ്യൂണിസ്റ്റുകാരുടെ കുട്ടികളെ ഹിന്ദു ദൈവമായ ശ്രീഷ്ണന്റെ വേഷം കെട്ടിച്ച് കേരളത്തില്‍ പലയിടത്തും ഘോഷയാത്ര നടത്തുന്നു.
ഇതിനൊരു കാരണമേ ഇപ്പോള്‍ കണ്ടെത്താന്‍ കഴിയുന്നുള്ളു. വെള്ളാപ്പള്ളി നടേശന് എസ് എന്‍ ഡി പി യെ ബി ജെ പി പാളായത്തിലേക്ക് നയിക്കുന്നതാണത്. അതു വഴി കുറെ ഈഴവ വോട്ടുകളെങ്കിലും ബി ജെ പിയിലേക്ക് പോകുമെന്ന് തീര്‍ച്ചയാണ്. അരുവിക്കര ഉപതെരഞ്ഞെടുപ്പില്‍ അത് കണ്ടു. അരുവിക്കര ഉപതെരഞ്ഞെടുപ്പില്‍ ജയിക്കേണ്ടിയിരുന്ന സി പി എം തോറ്റു പോയി. സി പി എമ്മിനു കിട്ടേണ്ടിയിരുന്ന ഈഴവ വോട്ടുകള്‍ പലതും ബി ജെ പി സ്ഥാനാര്‍ത്ഥി രാജഗോപാലിനു പോയി. തെരഞ്ഞെടുപ്പു പരാജയം വിലയിരുത്താന്‍ ചേര്‍ന്ന യോഗത്തില്‍ ഇ പി ജയരാജന് പറഞ്ഞ ഒരഭിപ്രായത്തിന്റെ റിപ്പോര്‍ട്ടുകള്‍ വായിച്ചിരുന്നു. അദ്ദേഹം പറഞ്ഞത് ഇതായിരുന്നു. " ഇനി വരുന്ന തിരഞ്ഞെടുപ്പുകളിൽ വിജയിക്കാൻ പാർട്ടി ക്ക് ഭൂരിപക്ഷവർഗ്ഗീയത കളിക്കേണ്ടി വരും " ആ കളിയാണിപ്പോള്‍ ശ്രീഷ്ണ ജയന്തി ആഘോഷത്തിന്റെ പേരില്‍ നടത്തിയ വേഷം കെട്ടല്‍.
സി പി എമ്മിന്റെ ഉറച്ച വോട്ടുകളില്‍ ഭൂരിഭാഗവും ഹൈന്ദവ വോട്ടുഅക്ളാണ്. കൂടുതലും ഈഴവ സമുദായത്തിന്റേതാണ്. ഇതില്‍ ഇന്നു കുറച്ച് വോട്ടുകള്‍ ബി ജെ പിയിലേക്ക് പോയിട്ടുണ്ട് എന്നതില്‍ വാസ്തവമുണ്ട്. പക്ഷെ അതിനെ നേരിടാന്‍ സി പി എം ഇതുപോലെ തരം താഴേണ്ട ആവശ്യമുണ്ടോ? ബീഫ് ഫെസ്റ്റിവല്‍ നടത്തുന്ന പാര്‍ട്ടി ശ്രീഷ്ണ ജയന്തി ആഘോഷിക്കുന്നതില്‍ അല്‍പ്പം പന്തികേടില്ലേ?
ഒരു മതത്തിന്റെയും ജാതിയുടെയും കൂട്ടു പിടിക്കാതെ 1987 ല്‍ ഇടതുമുന്നണി കേരളത്തില്‍ അധികരത്തിലേറിയിട്ടുണ്ട്. ആ നിലപ്ടാണ്, സി പി എമ്മും ഇടതു പാര്‍ട്ടികളും എടുക്കേണ്ടത്. ഡെല്‍ഹിയില്‍ ആം ആദ്മിയെ പിന്തുണക്കാന്‍ പരസ്യമായി വന്ന ജാതി മത ശക്തികളോട് ഞങ്ങള്‍ക്ക് നിങ്ങളുടെ പിന്തുണ അവശ്യമില്ല, ഡെല്‍ഹിയിലെ ജനങ്ങളുടെ വോട്ടുകള്‍ മതി എന്നു പറഞ്ഞ കെജ്രിവാളിന്റെ ആര്‍ജ്ജവം പോലും കാണിക്കാന്‍ ഇന്ന് സി പി എമ്മില്‍ ആരുമില്ല. അതാണു സി പി എമ്മിന്റെ അപചയം. സി പി എമ്മിനോടൊപ്പം ഇടതുപക്ഷ മനസുള്ള കേരളീയരുടെയും ഗതികേടാണിത്.
ഒരു ജാതിയുടെയും മത ശക്തികളുടെയും കൂട്ടുപിടിക്കാതെ 1987 ല്‍ കേരളത്തില്‍ ഇടതുപക്ഷത്തിനും ഇപ്പോൾ ഡെല്‍ഹില്‍ കേജ്രിവാളിനും ജയിക്കാമെങ്കില്‍ എന്തിനു വെള്ളാപ്പള്ളിയുടെ നിലപാടിൽ വിളറി പിടിക്കണം? സത്യസന്ധമായ രാഷ്ട്രീയ നിലപാടും ജനങ്ങളെ വെറുപ്പിക്കാത്ത അവരെ പുലഭ്യം പറയാത്ത നേതാക്കളും ഉണ്ടെങ്കിൽ ഏതു പാര്‍ട്ടിയേയും ജനങ്ങള്‍ വിജയിപ്പിക്കും.
സി പി എം സംവദിക്കേണ്ടത് ജനങ്ങളോടാണ്. ജാതി മത ശക്തികളോടല്ല. അങ്ങനെ ഒരു നിലപാട് സി പി എം എടുത്തപ്പോഴൊക്കെ ജനങ്ങള്‍ സി പി എമ്മിന്റെ കൂടെ നിന്നിട്ടുണ്ട്. ഇനിയും നില്‍ക്കുകയും ചെയ്യും. അത് തിരിച്ചറിയാതെ പോയാല്‍ അതിനു വലിയ വില കൊടുക്കേണ്ടി വരിക സി പി എം തന്നെയായിരിക്കും.
16 comments:
സി പി എം സംവദിക്കേണ്ടത് ജനങ്ങളോടാണ്. ജാതി മത ശക്തികളോടല്ല. അങ്ങനെ ഒരു നിലപാട് സി പി എം എടുത്തപ്പോഴൊക്കെ ജനങ്ങള്‍ സി പി എമ്മിന്റെ കൂടെ നിന്നിട്ടുണ്ട്. ഇനിയും നില്‍ക്കുകയും ചെയ്യും. അത് തിരിച്ചറിയാതെ പോയാല്‍ അതിനു വലിയ വില കൊടുക്കേണ്ടി വരിക സി പി എം തന്നെയായിരിക്കും.
CPIM നേതൃത്വത്തിനു ചിന്ത ശേഷി നശിച്ചിട്ടു കാലം കുറെ ആയി. അണികളിലേക്കും അതു ബാധിച്ചു തുടങ്ങി. മതേതരത്തിലും ഇടതുപക്ഷത്തും വിശ്വസിക്കുന്ന അനുഭാവികളും ഗത്യന്തരം ഇല്ലാതെ പല വഴിക്ക് പോകും. അവസാനം ഇടതുപക്ഷ പ്രസ്ഥാനം എന്നതു മുഞ്ഞ ബാധിച്ച നെല്പാടം പോലെ ആയിത്തീരാന്‍ അധിക നാള് വേണ്ടി വരില്ല എന്ന് തോന്നു.
ജയരാജനെ പോലെ ഉള്ള ചാണക തലയന്മാര് ആണ് CPM-ന്റെ ശാപം. എന്തു വൃത്തികേടും കാട്ടി പാര്‍ടിയിലും രാഷ്ട്രീയത്തിലും സ്വന്തം സ്ഥാനം ഉറപ്പിക്കണം എന്ന് മാത്രമേ ഇത്തരം ഏഴാംകൂലി രാഷ്ട്രീയക്കാര്‍ക്ക് നോട്ടമുള്ളു. കേരളത്തിലെ ഭൂരിപക്ഷ വര്‍ഗ്ഗീയത കളിക്കാന്‍ എന്തിനാ ജയരാജാ ചിപിഎം? പിശേപ്പി ഉണ്ടല്ലോ..!!
താങ്കളോട് യോജിക്കുന്നു. അതുപോലെ കഴിഞ്ഞ ദിവസം ഗുരുവിനെ കുരിശിൽ കയറ്റിയതും ഗുരു വചനം തിരുത്തി എഴുതിയതും ഗുരുവിനെ കത്തി കാട്ടി വിരട്ടാൻ ശ്രമിക്കുന്ന ഫ്ലക്സുകളും ഇത്തിരി കടന്ന കയ്യായി പോയി. കേരളത്തിൽ കമ്യൂണിസ്റ്റുകാർ ഈശ്വര വിശ്വാസികൾ അല്ലായിരുന്നു എങ്കിലും ദൈവങ്ങളെ പ്രകടമായി അവഹേളിക്കാറില്ലായിരുന്നു പക്ഷെ ഇപ്പോൾ അതും തുടങ്ങിയിരിക്കുന്നു. വിനാശകാലേ വിപരീത ബുദ്ധി.
കമ്മ്യൂണിസം അതിന്റെ യഥാര്‍ത്ത രൂപത്തില്‍ ഇന്ത്യയില്‍ പ്രായോഗികമാകുന്നതു കണ്ടു മരിക്കാമെന്നു ഇന്നുള്ള ഒരു കമ്മ്യൂണിസ്റ്റുകാരനും സ്വപ്നത്തില്‍ പോലും ചിന്തിക്കുന്നു എന്നു കരുതാന്‍ വയ്യ. തിരഞ്ഞെടുപ്പു രാഷ്ട്രീയത്തില്‍ ഇറങ്ങിയപ്പോള്‍ തന്നെ വിട്ടു വീഴ്ചകള്‍ ആരംഭിച്ചു. പിന്നെ വിദൂരമായെങ്കിലും ആഗ്രഹിക്കാനാവുന്നതു അധികാരം ലഭിച്ചാല്‍ അതിനെ ഒരു ഉപാധിയാക്കി പാര്ശവത്കരിക്കപ്പെട്ടവരുടെ ജീവിത നിലവാരം ഉയര്‍ത്താന്‍ ശ്രമിക്കും എന്നു മാത്രമാണു. ജനാധിപത്യ പ്രക്രിയയില്‍ ജനങ്ങളോടൊപ്പം നില്‍ക്കുകയും അവരുടെ പ്രശ്നങ്ങളില്‍ ഇടപെടുകയും ചെയ്യേണ്ടതുണ്ടു.
മൂന്നു ലക്ഷത്തിലധികം സജീവ പാര്‍ട്ടി അംഗങ്ങളുള്ള കേരളത്തില്‍ 2011 ലെ കണക്കനുസരിച്ചു മത വിശ്വാസം ഇല്ലാത്തവരുടെ എണ്ണം ഒരു ലക്ഷത്തില്‍ താഴെയാണു!!! ഇതു ഏകദേശം ആകെ ജനസംഖ്യയുടെ 0.264% മാത്രമാണു. അതായതു മത നിഷേധിയായി പാര്‍ട്ടിക്കു നില നില്ക്കാന് ആകില്ല. അപ്പോള്‍ മത വിഭാഗങ്ങള്‍ക്കൊപ്പവും നില്‍ക്കേണ്ടതുണ്ട്. എന്നാല്‍ ഈ പ്രക്രിയയെ മതപ്രീണനമായി തെറ്റിദ്ധരിക്കാന്‍ ഇടവരുന്നു, അല്ലെങ്കില്‍ പാര്‍ട്ടി ശത്രുക്കള്‍ അങ്ങനെ പ്രചരിപ്പിക്കുന്നു. മത വിഭാഗങ്ങള്‍ നേരിടുന്ന അടിസ്ഥാന പ്രശ്നങ്ങളില്‍ ഇടപെടാതെ താല്‍ക്കാലിക ലാഭത്തിനായി ഉപരിപ്ളവമായ വിഷയങ്ങളില്‍ ഇടപെടുന്നതു ഗുണത്തെക്കാളേറെ പാര്‍ട്ടിക്കു ദോഷമാണുണ്ടാക്കുന്നതു. അബ്ദുള്‍ നാസ്സര്‍ മദനിയോടൊത്തു വേദി പങ്കിട്ടതും ഏശുവിനെ കമ്മ്യൂണിസ്റ്റാക്കിയതും ജന്മാഷ്ട്ടമിയില് പങ്കെടുക്കുന്നതു ഒക്കെ ആ വിഭാഗങ്ങളുടെ ഇടയില്‍ സ്വാധീനം ഉണ്ടാക്കാന്‍ കാരണമാകുമെന്നു കരുതാന്‍ ന്യായങ്ങളില്ല.
ബൈജു,
കേരളത്തിലെ സി പി എം നേതാക്കള്‍ക്ക് മുഞ്ഞ ബാധിച്ചിരിക്കുന്നു. അതിനുള്ള മരുന്ന് തല്ക്കാലം ഒന്നുമില്ല.
ശ്രീരാജ്,
നാരായണ ഗുരുവിനേക്കുറിച്ചുള്ള ടാബ്ളോയിലെ ആശയം കാലിക പ്രസക്തമാണ്. താന്‍ ഒരു മതത്തിന്റെയും ജാതിയുടെയും ആളല്ലെന്ന് വളരെ വ്യക്തമായി അദ്ദേഹം പറഞ്ഞിട്ടുണ്ട്. അദ്ദേഹത്തിന്റെ ആശയങ്ങളെ വ്യഭിചരിക്കുകയാണ്, എസ് എന്‍ ഡി പി ചെയ്യുന്നത്. കള്ളു ചെത്താനും കുടിക്കാനും പാടില്ല എന്നേ ഗുരു പറഞ്ഞിട്ടുള്ളു , പക്ഷെ വിദേശ മദ്യം ആകാം എന്ന നിലപാടണ്, വെള്ളാപ്പള്ളി കുടുംബത്തുനുള്ളത്. അദ്ദേഹത്തെ ഈഴവരുടെ ദൈവമായി വെള്ളാപ്പള്ളിയും, ഹൈന്ദവ ഗുരു ആയി ഇപ്പോള്‍ ബി ജെപിയും കൊണ്ടാടുന്നു. അതിനെയാണാ ടാബ്ളോയില്‍ വിമര്‍ശിച്ചത്. പക്ഷെ അത് മാന്സിലാക്കാന് ശേഷി ഉള്ള ആരും എസ് എന്‍ ഡി പിയിലോ കോണ്‍ഗ്രസിലോ ഇല്ല എന്ന സത്യം സി പി എം തിരിച്ചറിയേണ്ടിയിരുന്നു. വിവാദമുണ്ടാകുമെന്നുറപ്പുള്ള ആ സംഭാവം ഒഴിവാക്കേണ്ടതു തന്നെ ആയിരുന്നു.
>>>കമ്മ്യൂണിസം അതിന്റെ യഥാര്‍ത്ത രൂപത്തില്‍ ഇന്ത്യയില്‍ പ്രായോഗികമാകുന്നതു കണ്ടു മരിക്കാമെന്നു ഇന്നുള്ള ഒരു കമ്മ്യൂണിസ്റ്റുകാരനും സ്വപ്നത്തില്‍ പോലും ചിന്തിക്കുന്നു എന്നു കരുതാന്‍ വയ്യ. <<<<
ബൈജു ഖാന്,
കമ്യൂണിസ്റ്റു മാനിഫെസ്റ്റോ ഒരിക്കലും മാറ്റാനാകാത്ത ദൈവിക രേഖയൊന്നുമല്ല. അതിനു കാലികമായ മാറ്റം ഉണ്ടാകണം. മാറ്റം എന്ന വാക്കിനു മാത്രമേ മാറ്റിമില്ലാതുള്ളു എന്നാണ്, കാള്‍ മര്ക്സ് പറഞ്ഞത്. ഓരോ കാലത്തിനും, സാഹചര്യങ്ങള്‍ക്കും അനുസരിച്ച് അതിനു മാറ്റമുണ്ടാകണം.
മുതലാളിത്തം അതിന്റെ യഥാര്‍ത്ഥ രൂപത്തില്‍ ഇപ്പോള്‍ പ്രാബല്യത്തിലുള്ളത് കുറച്ച് Islamic theocracy യില്‍ മാത്രമേ ഉള്ളു. Social security യും Affirmative action ഉം ഇന്ന് മിക്ക മുതലാളിത്ത രാജ്യങ്ങളിലും ഉണ്ട്. അതുപോലെ മിനിമം കൂലിയും നിയതമായ ജോലി സമയവുമൊക്കെ ഉണ്ട്. അതുപോലെ പല വ്യവസായങ്ങളും ഇന്ന് പൊതു ഉടമയിലാണ്. ഇതൊക്കെ കമ്യൂണിസത്തിന്റെ ഭാഗമായ സോഷ്യലിസ്റ്റ് ആശയങ്ങളാണ്.
ഇന്‍ഡ്യയില്‍ പ്രായോഗികമായ രീതിയില്‍ കമ്യൂണിസ്റ്റാശയങ്ങള്‍ നടപ്പിലാക്കണം. കമ്യൂണിസം വിഭാവനം ചെയ്യുന്നത് സോഷ്യലിസ്റ്റ് വ്യവസ്ഥിതി ആണ്. അത് നേടി എടുക്കാന്‍ ഉള്ള ഒരു ഉപാധി മാത്രമാണ്, കമ്യൂണിസം. മറ്റേത് വഴിക്കും സോഷ്യലിസം നടപ്പിലായാലും മതി.
>>>തിരഞ്ഞെടുപ്പു രാഷ്ട്രീയത്തില്‍ ഇറങ്ങിയപ്പോള്‍ തന്നെ വിട്ടു വീഴ്ചകള്‍ ആരംഭിച്ചു.<<<<
ബൈജു ഖാന്,
ഇതിനോട് യോജിപ്പില്ല. ഇന്‍ഡ്യന്‍ ഭരണഘടനക്കുള്ളില് നിന്നേ കമ്യൂനിസത്തിന്, ഇന്‍ഡ്യയില്‍ പ്രവര്‍ത്തിക്കാനാകൂ. അപ്പോള്‍ ചില വിട്ടു വീഴ്ചകളൊക്കെ വേണ്ടി വരും.
>>>അതായതു മത നിഷേധിയായി പാര്‍ട്ടിക്കു നില നില്ക്കാന് ആകില്ല. അപ്പോള്‍ മത വിഭാഗങ്ങള്‍ക്കൊപ്പവും നില്‍ക്കേണ്ടതുണ്ട്. എന്നാല്‍ ഈ പ്രക്രിയയെ മതപ്രീണനമായി തെറ്റിദ്ധരിക്കാന്‍ ഇടവരുന്നു, അല്ലെങ്കില്‍ പാര്‍ട്ടി ശത്രുക്കള്‍ അങ്ങനെ പ്രചരിപ്പിക്കുന്നു. <<<<
വെറുതെ ഏതെങ്കിലും മത വിഭാഗങ്ങള്‍ക്കൊപ്പം നില്‍ക്കേണ്ട അവശ്യമില്ല. ഏതെങ്കിലും മതവിഭാഗത്തിന്, മതത്തിന്റെ അടിസ്ഥാനത്തില്‍ നീതി നിഷേധിക്കപ്പെടുന്നുണ്ടെങ്കില്‍ ആ മത വിഭാഗത്തോടൊപ്പം നില്‍ക്കണം. അല്ലാതെ മദനിയേപ്പൊലുള്ള ചില മത നേതാക്കള്‍ക്കൊപ്പം നില്‍ക്കുന്നത് ശരിയല്ല. ഗുജറാത്തില്‍ മുസ്ലിം മത വിഭാഗം തെരഞ്ഞഞ്ഞു പിടിച്ച് ആക്രമിക്കപ്പേട്ടപ്പോള് അവിടത്തെ മുസ്ലിങ്ങളുടെ കൂടെ സി പി എം നിന്നു. അതുപോലെ ഖാന്ദാമലില് ക്രിസ്ത്യാനികള്‍ തെരഞ്ഞുപിടിച്ച് ആക്രമിക്കപ്പെട്ടപ്പോള്‍ അവരുടെ കൂടെയും നിന്നു. അതൊക്കെ നീതി നിഷേധിക്കപ്പെട്ട ജനങ്ങള്‍ക്കൊപ്പം നിന്നതാണ്. ഏതെങ്കിലും മതത്തിന്റെ ഒപ്പം നിന്നതല്ല.
മദനിയെ വിചാരണ കൂടാതെ തടവില്‍ വയ്ക്കുന്ന നടപടിയെ എതിര്‍ക്കണം. പക്ഷെ മദനി ചെയ്യുന്ന എല്ലാ പ്രവര്‍ത്തികളെയും പിന്തുണച്ചതും അദ്ദേഹത്തെ എഴുന്നള്ളിച്ചു നടന്നതും ശരിയായില്ല.
ഇതൊക്കെ മനുഷ്യര്‍ക്ക് വ്യക്തമാകുന്ന രീതിയില്‍ പാര്‍ട്ടി പറഞ്ഞു മനസിലാക്കിക്കണം.
@----നാരായണ ഗുരുവിനേക്കുറിച്ചുള്ള ടാബ്ളോയിലെ ആശയം കാലിക പ്രസക്തമാണ്. താന്‍ ഒരു മതത്തിന്റെയും ജാതിയുടെയും ആളല്ലെന്ന് വളരെ വ്യക്തമായി അദ്ദേഹം പറഞ്ഞിട്ടുണ്ട്. ----
തീർച്ചയായും അങ്ങനെ തന്നെ ആണ്. അങ്ങനെ പറഞ്ഞ ആ മഹാനായ ശ്രീനാരായണ ഗുരുവിനെയാണ് കുരിശിൽ തറച്ച് അദേഹത്തിന്റെ ആശയങ്ങളെ വികലമാക്കി അവഹെളിച്ചത്. അത് വേണ്ടിയിരുന്നില്ല.
@----അദ്ദേഹത്തിന്റെ ആശയങ്ങളെ വ്യഭിചരിക്കുകയാണ്, എസ് എന്‍ ഡി പി ചെയ്യുന്നത്. കള്ളു ചെത്താനും കുടിക്കാനും പാടില്ല എന്നേ ഗുരു പറഞ്ഞിട്ടുള്ളു, പക്ഷെ വിദേശ മദ്യം ആകാം എന്ന നിലപാടണ്, വെള്ളാപ്പള്ളി കുടുംബത്തുനുള്ളത്. ----
എന്നിട്ട് വെള്ളാപ്പള്ളിയുടെ ഒരു ചെറിയ ഫോട്ടോ പോലും ടാബ്ലോയിൽ ഉണ്ടായിരുന്നില്ല. ഗുരുവിനു പകരം വെള്ളാപ്പള്ളിയെയോ SNDP യെയോ ടാബ്ലോയിൽ അവതരിപ്പിച്ചിരുന്നാൽ സാധാരണക്കാർക്ക് മനസിലാക്കാമായിരുന്നു. പാവം ശ്രീനാരായണ ഗുരുവിനെ വെറുതെ വിട്ടുകൂടെ? പകല്‍ മുഴുവൻ വെള്ളാപ്പള്ളിയെ തെറിവിളിക്കുകയും രാത്രിയിൽ തലയിൽ മുണ്ടിട്ട് അദ്ദേഹത്തിന്റെ കാല് പിടിക്കുകയും ചെയ്യും, കഷ്ടം... നേതാക്കൾ ഒക്കെ ഇപ്പൊ ബെ ബെ ബേ... വക്കുന്നത് കാണാൻ ഒരു രസവും ഇല്ല. ഛെ നാണക്കേട്!
ഇന്ത്യയിൽ ചില ഭാഗങ്ങളിൽ ക്രിസ്ത്യാനികളും മുസ്ലീങ്ങളും പീഡനം അനുഭവിക്കുന്നുണ്ട് അതിനെ കാണിക്കാൻ മുഹമ്മദിന്റെയും യേശുവിന്റെയും ഓരോ കോലങ്ങൾ ശൂലത്തിൽ തറച്ചു അവരുടെ ആശയങ്ങളെ അവഹെളിച്ച് എഴുതിയ ഫ്ലസുകളും ചേർത്തു ഇതുപോലെ ഒരു ടാബ്ലോ ഉണ്ടാക്കാൻ സിപിഎം മിന് ധൈര്യം ഉണ്ടോ? പറ്റില്ല എന്നറിയാം. പാവം ശ്രീനാരായണ ഗുരുവും കൂട്ടരും എന്തും സഹിച്ച്ചുകൊള്ളും എന്ന അഹങ്കാരം അല്ലെ ഇന്ന് സിപിഎം മിന്.
@----അദ്ദേഹത്തെ ഈഴവരുടെ ദൈവമായി വെള്ളാപ്പള്ളിയും, ഹൈന്ദവ ഗുരു ആയി ഇപ്പോള്‍ ബി ജെപിയും കൊണ്ടാടുന്നു. അതിനെയാണാ ടാബ്ളോയില്‍ വിമര്‍ശിച്ചത്.----
ഇതിൽ സിപിഎം മിൻറെ റോൾ എന്താണ്? വെള്ളാപ്പള്ളിയും ബിജെപിയും ഗുരുവിനെ എങ്ങനെ വേണമെങ്കിലും കാണട്ടെ അതിൽ സിപിഎം എന്തിനാണ് ഇത്ര ബേജാർ ആകുന്നതു? സിപിഎം കാർ ഗുരുവിനെ കമ്യൂണിസ്റ്റ്കാരൻ ആയി കണ്ടോളൂ അപ്പൊ പ്രശ്നം തീര്‍ന്നില്ലേ?
>>>തീർച്ചയായും അങ്ങനെ തന്നെ ആണ്. അങ്ങനെ പറഞ്ഞ ആ മഹാനായ ശ്രീനാരായണ ഗുരുവിനെയാണ് കുരിശിൽ തറച്ച് അദേഹത്തിന്റെ ആശയങ്ങളെ വികലമാക്കി അവഹെളിച്ചത്. അത് വേണ്ടിയിരുന്നില്ല.<<<<
താങ്കള്‍ക്ക് ഇത് ഒട്ടും മനസിലായില്ല എന്നാണീ അഭിപ്രായം തെളിയിക്കുന്നത്?
ആര് എസ് എസും എസ് എന്‍ ഡി പിയും കൂടെ ശ്രീനാരയണ ഗുരുവിനെ കുരിശില്‍ തറയ്ക്കുന്നതായി ചിത്രീകരിച്ചാല്‍ അതെങ്ങനെ ആണ്, ഗുരുവിന്റെ ആശയങ്ങളെ വികലമാക്കിയതെന്ന് താങ്കള്‍ വിലയിരുത്തുന്നത്? ഞാന്‍ മനസിലാക്കിയത് ആര് എസ് എസും എസ് എന്‍ ഡി പിയും ചേര്‍ന്ന് ഗുരുവിന്റെ ആശയങ്ങളെ അവഹേളിക്കുന്നു എന്ന് മറ്റുള്ളവരെ ബോധ്യപ്പെടുത്തുന്ന ടാബ്ളോ ആണതെന്നാണ്.
ആര് എസ് എസും എസ് എന്‍ ഡി പിയും കൂടെ ഗുരുവിന്റെ ആശയങ്ങളെ വ്യഭിചരിക്കുന്നു എന്നാണ്, റ്റാബ്ളോയുടെ ധ്വനി. അത് ശരിയല്ലേ? എസ് എന്‍ ഡി പിയുടെ നേതാവു തന്നെ മദ്യക്കച്ചവടം നടത്തുന്നത് ഗുരുവിന്റെ ആശയങ്ങളെ വ്യഭിചരിക്കലല്ലേ? ജാതിയെ തള്ളിപ്പറഞ്ഞ ഗുരുവിനെ ആര് എസ് ഐന്റെ ആലയില്‍ കൊണ്ട് കെട്ടുന്നത് അദ്ദേഹത്തെ അഹവേളിക്കലല്ലേ?
ഇത് വേണ്ടിയിരുന്നില്ല എന്നാണെന്റെയും അഭിപ്രായം. പക്ഷെ അത് ഗുരുവിനെ അഹഹേളിക്കുന്നു എന്നതുകൊണ്ടല്ല. ഇത് മനസിലാക്കാനുള്ള വിവേകം ഭൂരിപക്ഷം മലയാളികള്‍ക്കുമില്ല എന്നതുകൊണ്ടും, സി പി എമ്മിന്റെ ശത്രുക്കള്‍ ഇതിനെ വളച്ചൊടിച്ചു ദുരുപയോഗം ചെയ്യും എന്നതുകൊണ്ടുമാണ്.
>>>എന്നിട്ട് വെള്ളാപ്പള്ളിയുടെ ഒരു ചെറിയ ഫോട്ടോ പോലും ടാബ്ലോയിൽ ഉണ്ടായിരുന്നില്ല. ഗുരുവിനു പകരം വെള്ളാപ്പള്ളിയെയോ SNDP യെയോ ടാബ്ലോയിൽ അവതരിപ്പിച്ചിരുന്നാൽ സാധാരണക്കാർക്ക് മനസിലാക്കാമായിരുന്നു. പാവം ശ്രീനാരായണ ഗുരുവിനെ വെറുതെ വിട്ടുകൂടെ? <<<<
എസ് എന്‍ ഡി പിയും ആര് എസ് എസും ഗുരുവും കൂടിയുള്ള പ്രശ്നത്തില്‍ ഗുരുവില്ലാതെ വേറെ എങ്ങനെയാണു ചിത്രീകരിക്കേണ്ടതെന്ന് താങ്കളൊന്നു വിശദീകരിക്കാമോ?
>>>ഇന്ത്യയിൽ ചില ഭാഗങ്ങളിൽ ക്രിസ്ത്യാനികളും മുസ്ലീങ്ങളും പീഡനം അനുഭവിക്കുന്നുണ്ട് അതിനെ കാണിക്കാൻ മുഹമ്മദിന്റെയും യേശുവിന്റെയും ഓരോ കോലങ്ങൾ ശൂലത്തിൽ തറച്ചു അവരുടെ ആശയങ്ങളെ അവഹെളിച്ച് എഴുതിയ ഫ്ലസുകളും ചേർത്തു ഇതുപോലെ ഒരു ടാബ്ലോ ഉണ്ടാക്കാൻ സിപിഎം മിന് ധൈര്യം ഉണ്ടോ? <<<<
ഇതൊരു സാങ്കല്‍പ്പിക ചോദ്യമാണ്. ശ്രീനാരായണന്റെ ആശയങ്ങളെ അവഹേളിച്ച ഒരു ഫ്ളക്സും ആരും എഴുതിയിട്ടില്ല. താങ്കള്‍ കണ്ടിട്ടുണ്ടെങ്കില്‍ അത് ഏതാണെന്നു പറയുക.
യേശുവിന്റെ ആശയങ്ങളെ വ്യഭിചരിക്കുന്ന ക്രിസ്തുമത മേധവികള്‍ യേശുവിനെ കുരിശില്‍ തറക്കുന്നതായി ചിത്രീകരിച്ചാല്‍ അതിനെയും ഞാന്‍ സ്വാഗതം ചെയ്യും.
ടാബ്ലോയില്‍ അവതരിപ്പിക്കുന്നത് കാലിക പ്രസക്തിയുള്ള വിഷയങ്ങളാണെന്നോര്ക്കുക. ഇപ്പോള്‍ കേരളത്തില്‍ ഏറ്റവും പ്രസക്തമായ വിഷയം ആണിത്. അതുകൊണ്ട് അതവതരിപ്പിച്ചു.
കേരളത്തില്‍ ഏതെങ്കിലും ക്രിസ്ത്യാനിയേയോ മുസ്ലിമിനെയോ ആര് എസ് എസുകാരോ എസ് എന്‍ ഡി പിക്കാരൊ തല്ലിക്കൊല്ലുന്നുണ്ടെങ്കില് അതും ടാബ്ളോക്ക് വിഷയമാകുമായിരുന്നു. യേശുവിനെ അര് എസ് സുകാരും എസ് എന്‍ ഡി പികാരും ശൂലത്തില്‍ തറയ്ക്കുന്നതായി ചിത്രീകരിച്ചാല്‍ ഒരു ക്രിസ്ത്യാനിയും അതിനെതിരെ വാളെടുക്കുമെന്ന് ഞാന്‍ കരുതുന്നില്ല. പക്ഷെ മൊഹമ്മദിനെ ചിത്രീകരിച്ചാല്‍ വാളെടുക്കും.
കള്ളു ചെത്തരുത്, കുടിക്കരുത്, വില്‍ക്കരുത് എന്ന് ശ്രീനാരയണന്‍ പറഞ്ഞതിനെ വെള്ളാപ്പള്ളിയുടെ മകന് വളച്ചൊടിച്ച് അത് കള്ളിന്റെ കാര്യമാണ്, വിദേശ ,മദ്യത്തിനു ബാധകമല്ല എന്നാണ്.
>>>ഇതിൽ സിപിഎം മിൻറെ റോൾ എന്താണ്? വെള്ളാപ്പള്ളിയും ബിജെപിയും ഗുരുവിനെ എങ്ങനെ വേണമെങ്കിലും കാണട്ടെ അതിൽ സിപിഎം എന്തിനാണ് ഇത്ര ബേജാർ ആകുന്നതു? സിപിഎം കാർ ഗുരുവിനെ കമ്യൂണിസ്റ്റ്കാരൻ ആയി കണ്ടോളൂ അപ്പൊ പ്രശ്നം തീര്‍ന്നില്ലേ?<<<<
സി പി എം ഇവിടത്തെ ഒരു ബഹുജന പ്രസ്ഥാനമാണ്. ആര് എസ് എസും എസ് എന്‍ ഡി പിയും ചെയ്യുന്നത് ഇവിടത്തെ പൊതു ജനത്തെ ബോധ്യപ്പെടുത്തുക മാത്രമേ അവര്‍ ചെയ്തുള്ളു. ജാതി വേണ്ട മതം വേണ്ട എന്നു പറഞ്ഞ ഒരാളെ ജാതി വ്യവസ്ഥയുടെ പിണിയാളുകള്‍ സ്വന്തമാക്കാന്‍ ശ്രമിക്കുന്നതിനെതിരെ ഉള്ള പ്രതിഷേധം മാത്രം.
വീണ്ടും പറയട്ടെ. ആ ടാബ്ബ്ളോയിലെ ആശയത്തോട് ഞാന്‍ നൂറു ശതമാനവും യോജിക്കുന്നു. പക്ഷെ അങ്ങനെ ഒന്ന് അവതരിപ്പിച്ചാല്‍; അതിനെ എസ് എന്‍ ഡി പിഔം ആര് എസ് സും ജാതി സ്പര്‍ദ്ധ ഉണ്ടാക്കാന്‍ ശ്രമിക്കുമെന്ന് മന്‍കൂട്ടി കാണാന്‍ സി ;പി എമ്മിനായില്ല. അതുകൊണ്ടാണ്, അതൊഴിവാക്കാമായിരുനു എന്ന് ഞാന്‍ പറഞ്ഞതും.
കാളിദാസൻ ....ഞാൻ നിങ്ങളുടെ ഒരു സ്ഥിരം വായനക്കാരനാണ് ........മിക്കവാറും താങ്കൾ എഴുതുന്ന കാര്യങ്ങളിൽ യോജിപ്പും ഉണ്ട് .......എനിക്ക് താങ്കളോട് ഒരു കാര്യം അഭ്യർത്ഥിക്കുന്നു ....off topic ആണ് ......ഇപ്പോൾ പുറത്ത് വന്നിരിക്കുന്ന നേതാജി വിവാദത്തെ കുറിച് ...സമയം കിട്ടുമ്പോൾ ഒന്ന് എഴുതാമോ ......താങ്കൾ ലോജിക്കും ....സാധ്യതകളും വച് കാര്യങ്ങളെ വസ്തു നിഷ്ടമായി അവതരിപ്പിക്കുന്ന ആൾ ആണ് എന്ന് എനിക്ക് തോന്നിയത് കൊണ്ടാണ് ഈ അഭ്യർഥന .......
Roudi rajappan,
ശ്രമിക്കാം
Post a Comment