കഴിഞ്ഞ ആഴ്ച കേരള രാഷ്ട്രീയത്തില്‍ കോളിളക്കമുണ്ടാക്കിയ ഒരു പ്രയോഗമായിരുന്നു, അണ്ടനും അടകോടനും എന്നത്. പ്രയോഗിച്ചത് യു ഡി എഫിന്റെ നിലവിലെ തല വേദന ആയ പി സി ജോര്‍ജ്ജും. പറഞ്ഞത് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഭാരവാഹികളേപ്പറ്റി. വേദി കോണ്‍ഗ്രസ് നേതാവായിരുന്ന എസ് വരദരാജന്‍നായര്‍ അനുസ്മരണം. കോണ്‍ഗ്രസ് വേദിയില്‍ ചെന്ന് കോണ്‍ഗ്രസുകാരെ ഇതുപോലെ അധിക്ഷേപിക്കാന്‍ യു ഡി എഫില്‍ ഇന്ന് ധൈര്യമുള്ള ഒരാളേ ഉള്ളു. അതാണു സാക്ഷാല്‍ പി സി ജോര്‍ജ്ജ്.
ഇന്നത്തെ കോണ്‍ഗ്രസ് നേതൃത്വത്തേക്കുറിച്ച് പ്രയോഗിക്കാവുന്ന ഏറ്റവും മിതത്വമുള്ള പ്രയോഗമാണിതെന്ന് നിഷ്പക്ഷ മതികളൊക്കെ സമ്മതിക്കും. ഇതുപോലെ കഴിവു കെട്ട ഒരു നേതൃത്വം ഇത് വരെ കേരളത്തില്‍ ഉണ്ടായിട്ടില്ല. കോണ്‍ഗ്രസ് നയിക്കുന്ന സര്‍ക്കാര്‍ എടുക്കുന്ന ഒരു തീരുമാനവും താന്‍ അറിയാറില്ല എന്ന് പൊതു വേദിയില്‍ പതം പറയുന്ന കെ പി സി സി പ്രസിഡണ്ടിനെയും, മറ്റു ഭാരവാഹികളെയും വിളിക്കേണ്ടത് ഇതിലും കടുത്ത പേരുകളാണ്. മന്ത്രിസഭ പുനസംഘടനയേക്കുറിച്ച് സത്യ പ്രതിജ്ഞക്ക് 5 മിനിറ്റ് മുമ്പു മാത്രം അറിയുന്ന ഒരു കെ പി സി സി പ്രസിഡണ്ട്, ആ സ്ഥാനത്തിരിക്കാന്‍ അര്‍ഹനുമല്ല.
പി സി ജോര്‍ജ്ജ് പറഞ്ഞത് ഇതായിരുന്നു. "കെ പി സി സി എക്സിക്യൂട്ടീവ് എല്ലാ അണ്ടനും അടകോടനുമുള്ള സ്ഥലമാണ്." ഇത് കേട്ടിരുന്ന പല കോണ്‍ഗ്രസുകാരും കയ്യടിച്ചു. ആരും ജോര്‍ജ്ജിനെ ചോദ്യം ചെയ്തില്ല. കെ പി സി സി എക്സിക്യൂട്ടീവില്‍ ഉള്ളവരൊക്കെ അണ്ടന്‍മാരും അടകോടന്‍മാരുമാണെന്ന് അറിവുള്ള ഒരു കോണ്‍ഗ്രസുകാരനും ജോര്‍ജ്ജിനെ വിമര്‍ശിച്ചില്ല. ഉമ്മന്‍ ചണ്ടി കമാ എന്നുരിയാടിയില്ല. പക്ഷെ അണ്ടന്‍മാരും അടകോടന്‍മാരും ജിഹാദിനിറങ്ങി. പി സി ജോര്‍ജ്ജ് യു ഡി എഫിന്റെ ആരോഗ്യത്തിനു ഹാനികരം എന്ന പേരില്‍ വീക്ഷണം ലേഖനമെഴുതി. കലികാലം സാക്ഷി എന്ന പേരില്‍ കെ എസ് യുവും ലേഖനമെഴുതി.
പാര്‍ട്ടി നേതൃത്വം ജോര്‍ജിനെ നിയന്ത്രിക്കുന്നില്ലെങ്കില്‍ കോണ്‍ഗ്രസുകാര്‍ അദ്ദേഹത്തെ കൈകാര്യം ചെയ്യുമെന്ന് മുരളീധരന്‍ മുന്നറിയിപ്പ് നല്‍കി. കെ.പി.സി.സി ആസ്ഥാനത്തെ തൂപ്പുജോലിചെയ്യാന്‍പോലും അദ്ദേഹത്തിന് യോഗ്യത ഇല്ലെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവ് ഡീന്‍ കുര്യാക്കോസ് പറഞ്ഞു. കെ.പി.സി.സി പ്രസിഡന്‍റ് ഉള്‍പ്പെടെ പാര്‍ട്ടിയിലെ ഉത്തരവാദപ്പെട്ടവര്‍ പലപ്പോഴും മൗനം പാലിക്കുകയോ തക്കസമയത്ത് ഗൗരവമായി ഇടപെടാതിരിക്കുകയോ ചെയ്യാതിരുന്നതിന്റെ ഫലമാണ് വിവാദപ്രസ്താവനകളുടെ ആവര്‍ത്തനമെന്ന് ടി.എന്‍. പ്രതാപനും പറഞ്ഞു. ഇതൊക്കെ ആയപ്പോള്‍ താന്‍ അണ്ടനും അടകോടനുമല്ല എന്നു തെളിയിക്കേണ്ട ബാധ്യത കെ പി സി സി പ്രസിഡണ്ടിനു ബോധ്യമായി. അദ്ദേഹം പ്രതികരിച്ചു. അതിരുകടക്കുന്ന ആരെയും നിലക്കുനിര്‍ത്താനുള്ള കഴിവ് കോണ്‍ഗ്രസിനുണ്ടെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. പക്ഷെ ഇതൊന്നും വകവയ്ക്കാതെ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ പരസ്യമായി വീണ്ടും ജോര്‍ജ്ജ് വെല്ലുവിളിച്ചു. മന്ത്രിസഭായോഗത്തില്‍ ജോര്‍ജിനെ വിര്‍ശിച്ച മന്ത്രിമാരോട് നിയന്ത്രിക്കാന്‍ ശ്രമിക്കാം എന്ന നിസ്സഹായ മറുപടിയാണ് മാണി നല്‍കിയത്. ജോര്‍ജിനെ മാണിയടക്കം കേരള കോണ്‍ഗ്രസ് എമ്മിലെ തലമുതിര്‍ന്ന നേതാക്കളെല്ലാം ഭയപ്പെടുന്നു. മുഖ്യമന്ത്രിപോലും ജോര്‍ജിന്റെ പ്രസ്താവനകളോട് പ്രതികരിക്കാത്തത് ഭയപ്പാടുകൊണ്ടാണെന്ന തോന്നല്‍ ചില കോണ്‍ഗ്രസുകാര്‍ക്കെങ്കിലുമുണ്ട്. ഇത്തരമൊരു സാഹചര്യത്തില്‍ തങ്ങളെത്ര പരാതിപ്പെട്ടിട്ടും കാര്യമില്ലെന്ന നിലയിലേക്കവര്‍ എത്തി. തെരഞ്ഞെടുപ്പില്‍ മാണിയുടെ മകനെ തോല്‍പ്പിച്ച് തിരിച്ചടി നല്‍കണമെന്നും അവര്‍ കണക്കുകൂട്ടുന്നു.
സെല്‍വരാജിനെ ഇടതുപക്ഷത്തുനിന്ന് ചാടിച്ചു കൊണ്ടുവന്നപ്പോള്‍ ജോര്‍ജ്ജ് യു ഡി എഫിന്റെ ക്ഷീരബല ആയിരുന്നു. പെണ്ണുപിടിയന്‍മാര്‍ക്കും, അഴിമതിവീരന്മാര്‍ക്കും എതിരെ ജോര്‍ജ്ജ് തിരിഞ്ഞപ്പോള്‍, ആരോഗ്യത്തിനു ഹാനികരവും ആയി. ചെന്നിത്തലയും മുരളീധരനും ഇപ്പോള്‍ ഇതേറ്റു പിടിക്കുന്നതിനു വ്യക്തമായ ലക്ഷ്യമുണ്ട് അത് ഉമ്മന്‍ ചാണ്ടിയാണ്. ഉമ്മന്‍ ചാണ്ടിക്ക് ജോര്‍ജ്ജിനെ തള്ളിപ്പറയാന്‍ ആകില്ല. അങ്ങനെ ഉണ്ടായാല്‍ അത് അദ്ദേഹത്തിന്റെ മുഖ്യമന്ത്രിപദത്തിന്റെ അവസാനമായിരിക്കും. അതറിയാവുന്ന മുരളിയും രമേശനും അറിഞ്ഞു തന്നെ കളിക്കുകയാണ്. അതിനവര്‍ക്ക് കോണ്‍ഗ്രസില്‍ നിന്നും നല്ല പിന്തുണയുമുണ്ട്. പി സി ജോര്‍ജ്ജിനെ കോണ്‍ഗ്രസിനോ കേരള കോണ്‍ഗ്രസിനോ നിയന്ത്രിക്കാന്‍ പറ്റുമെന്ന് തോന്നുന്നില്ല. അണ്ടന്മാരും അടകോടന്‍മാരും കുറച്ചു ദിവസം ഓരിയിടും. പിണറായി വിജയന്‍ സി പി എം സംസ്ഥാന സെക്രട്ടറി ആയിരിക്കുന്ന കാലത്തോളം ഉമ്മന്‍ ചാണ്ടിക്ക് ഭയപ്പെടാനില്ല. ഉമ്മന്‍ ചാണ്ടി ഊറിച്ചിരിക്കും.
കോണ്‍ഗ്രസിലേക്കാള്‍ നാണം കെട്ട അണ്ടന്‍മാരും അടകോടന്‍മാരും പക്ഷെ ഇന്ന് സി പി എമ്മിലാണ്. ആ പാര്‍ട്ടിയില്‍ കര്‍ക്കശമായ അച്ചടക്കമുണ്ടെന്ന് മറ്റുള്ളവര്‍ കരുതുന്നു. പക്ഷെ വി എസ് അച്യുതാനന്ദന്‍ എന്ന നേതാവു നടത്തുന്ന അച്ചടക്ക ലംഘനത്തെ നേരിടാനാകാതെ ആ പാര്‍ട്ടി നേതൃത്വത്തിലെ അണ്ടന്‍മാരും അടകോടന്‍മാരും ഇരുട്ടില്‍ തപ്പുകയാണ്. ഏറ്റവും ഒടുവിലായി ലാവലിന്‍ അഴിമതിക്കേസിലും, റ്റി പി ചന്ദ്രശേഖരന്‍ വധക്കേസിലും പാര്‍ട്ടി നിലപാടുകളെ എതിര്‍ത്തു കൊണ്ട് അദ്ദേഹം രംഗത്തു വന്നിരിക്കുന്നു. അതിന്റെ കൂടെ 2009 ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലും 201 ലെ നിയമസഭ തെരഞ്ഞെടുപ്പിലും പരാജയപ്പെട്ടത് പാര്‍ട്ടി സംസ്ഥാന നേതൃത്വത്തിന്റെ പാളിച്ചകൊണ്ടാണെന്ന പുതിയ ആരോപണവും അദ്ദേഹം ഉന്നയിച്ചിരിക്കുന്നു.
അഴിമതിക്കെതിരെ എന്നും ശക്തമായ നിലപാടെടുത്തിട്ടുള്ള സി പി എമ്മിനു ഇന്ന് അഴിമതിക്കെതിരെ ശബ്ദം നഷ്ടപ്പെട്ടിരിക്കുന്നു. ലാവലിന്‍ വിഷയത്തില്‍ പിണറായി വിജയനുള്ള അതേ ഉത്തരവാദിത്തമാണ്, കല്‍ക്കരി അഴിമതിയില്‍ മന്‍ മോഹന്‍ സിംഗിനുള്ളതും. രണ്ടും സി എ ജി കണ്ടെത്തിയവയാണ്. ലാവലിന്‍ വിഷയം പാര്‍ട്ടി അന്വേഷിച്ച് അഴിമതി ഇല്ല എന്നു കണ്ടെത്തിയ പോലെ, കല്‍ക്കരി ഇടപാടും കോണ്‍ഗ്രസ് പാര്‍ട്ടി അന്വേഷിച്ച് അഴിമതി ഇല്ല എന്ന് കണ്ടെത്തിയിരിക്കുന്നു.
പശ്ചിമ ഘട്ട പ്രശ്നത്തില്‍ മാധവ് ഗാഡ്ഗില്‍ കമ്മിറ്റി നല്‍കിയ റിപ്പോര്‍ട്ട് അതീവ പ്രാധാന്യമുള്ള ഒരു വിഷയമാണ്. കേരളത്തിന്റെയും തമിഴ്നാടിന്റെയും കര്‍ണ്ണാടകയുടെയും പരിസ്തിതിയേയും, ജനവാസത്തെയും ബാധിക്കുന്ന ഈ വിഷയത്തില്‍ ഇന്നു വരെ അര്‍ത്ഥവത്തായ ഒരു സംവാദം നടത്താനോ, ജനങ്ങളെ പങ്കെടുപ്പിച്ചു കൊണ്ട് ചര്‍ച്ച നടത്താനോ സി പി എം എന്ന ജന പക്ഷത്തു നില്‍ക്കേണ്ട പാര്‍ട്ടിക്ക് കഴിഞ്ഞിട്ടില്ല. വി എസ് അച്യുതാനന്ദന്റെ ശരീര ഭാഷ ചര്‍ച്ച ചെയ്യാന്‍, പോളിറ്റ് ബ്യൂറോയും കേന്ദ്ര കമ്മിറ്റിയും ചേരുന്ന ഈ പാര്‍ട്ടിക്ക് ദിശാബോധം നഷ്ടപ്പെട്ടു എന്നതിന്റെ ഏറ്റവും നല്ല തെളിവാണിത്. വി എസ് ഇതേക്കുറിച്ച് അഭിപ്രായം പൊതു വേദിയില്‍ പറഞ്ഞപ്പോഴാണ്, ഈ വിഷയം പാര്‍ട്ടിയുടെ ശ്രദ്ധയില്‍ പോലും വന്നത്.
ചന്ദ്രശേഖരന്‍ വധിക്കപ്പെട്ടിട്ട് ഒരു വര്‍ഷം കഴിഞ്ഞു. പാര്‍ട്ടിയുടെ പല നേതാക്കളും പ്രതികളായി ഇപ്പോള്‍ ജയിലില്‍ ഉണ്ട്. കൊല നടത്തിയ ക്വട്ടേഷന്‍ സംഘത്തിനു വേണ്ടി വക്കീലിനെ ഏര്‍പ്പാടാക്കുന്നത് പാര്‍ട്ടിയാണ്. കൊലനടത്തിയവരെയും പ്രതി ആക്കപ്പെട്ട പാര്‍ട്ടി നേതാവിനെയും സന്ദര്‍ശിക്കാന്‍ അറിയപ്പെടുന്ന കള്ളക്കടത്തു കാരന്‍ ജയിലില്‍ വരുന്നു. സാക്ഷികള്‍ ഒന്നാകെ കൂറുമാറുന്നു.
വി എസിനെ ഉള്‍ക്കൊണ്ടുകൊണ്ട് ഇനി പാര്‍ട്ടിക്ക് മുന്നോട്ടു പോകാന്‍ പറ്റുമെന്ന് തോന്നുന്നില്ല. തെരഞ്ഞെടുപ്പില്‍ വോട്ടു നേടാന്‍ വി എസ് വേണം. അതുകൊണ്ട് തല്‍ക്കാലം ഒരു പരസ്യ വിലക്കില്‍ കാര്യം അവസാനിക്കും. പറയേണ്ട കാര്യം ജനങ്ങളോട് വി എസ് പറയും. അതിനാര്‍ക്കും തടയിടാന്‍ ആകില്ല. ചെറിയ പ്രായത്തില്‍ കയർ കമ്പനിയിൽ തൊഴിലാളികളെ സംഘടിപ്പിച്ചു തുടങ്ങിയ ആ പോരാട്ടം പല സമരങ്ങളിലൂടെയും മുന്നേറിയതാണ്, വി എസിന്റെ ചരിത്രം. പാർട്ടിയുടെ നേതാവായപ്പോഴും, മുഖ്യമന്ത്രിയായപ്പോഴും പോരാട്ടമെന്ന അദ്ദേഹത്തിന്റെ സഹജ സ്വഭാവത്തിന് ഒരു മാറ്റവും വന്നില്ല. അഴിമതി, ഭൂമികൈയേറ്റം, പെൺവാണിഭം തുടങ്ങിയവയ്ക്കെതിരെ അദ്ദേഹം സന്ധിയില്ലാത്ത സമരം ചെയ്തു. ഇടമലയാർ, പാമോയിൽ, എസ്ക്രീം, കോവളം കൊട്ടാരം, മതികെട്ടാൻ, മൂന്നാർ തുടങ്ങി അനേകം വിഷയങ്ങള്‍ അദ്ദേഹം ഏറ്റെടുത്തു. സോളാർ കേസിൽ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കെതിരെയുള്ള നിയമയുദ്ധം ആരംഭിക്കുകയാണ് ഇനി. പാർട്ടിക്ക് പുറത്തെ അഴിമതിക്കും അനീതിക്കുമെതിരെ പോരാടുന്നതുപോലെ പാർട്ടിക്കുള്ളിലെ അപഭ്രംശങ്ങൾക്കെതിരെയും അദ്ദേഹം പോരാടുന്നു. പാർട്ടിയെ നേരായ വഴിക്ക് നയിക്കുക എന്നത് കമ്യൂണിസ്റ്റുകാരന്റെ ധർമ്മമെന്ന് അദ്ദേഹം വിശ്വസിക്കുന്നു. ലാവലിൻ അഴിമതിക്കേസ് തന്നെയാണെന്ന് പറയുമ്പോഴും ടി.പി വധം പാർട്ടിയുടെ ശോഭ കെടുത്തിയെന്ന് പറയുമ്പോഴും ആ നിലപാട് അദ്ദേഹം വീണ്ടും വീണ്ടും പ്രഖ്യാപിക്കുന്നു. പലതവണ ശിക്ഷാനടപടികൾ ഏറ്റുവാങ്ങിയിട്ടും തൊണ്ണൂറിലെത്തുമ്പോഴും വി എസ് വി എസ് തന്നെയാണ്.
അണ്ടനെന്നോ അടകോടനെന്നോ വിളിക്കാവുന്ന വ്യക്തിത്വം ആണ്, കേരള മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഇന്നലെ അദ്ദേഹം നടത്തിയ ഒരു പ്രസ്താവന അതിനടി വര ഇടുന്നു.
സര്‍ക്കാര്‍ സംവിധാനത്തില്‍ ന്യായമായ കാര്യം ചെയ്യാന്‍ പോലും തടസ്സം: മുഖ്യമന്ത്രി
>>>>തിരുവനന്തപുരം. സര്‍ക്കാര്‍ സംവിധാനത്തില്‍ ന്യായമായ കാര്യങ്ങള്‍ പോലും ചെയ്യാന്‍ പറ്റാത്ത അവസ്ഥയുണ്ടെന്നും അത് ഇപ്പോള്‍ നിലനില്‍ക്കുന്ന വ്യവസ്ഥകളുടെയും ചട്ടങ്ങളുടെയും പ്രശ്നമാണെന്നും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ജനസമ്പര്‍ക്ക പരിപാടിയുടെ രണ്ടാം ഘട്ടത്തിനു തുടക്കം കുറിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ന്യായമായ കാര്യങ്ങള്‍ ചെയ്തുകിട്ടാതെ വരുമ്പോള്‍ നമ്മള്‍ ഉദ്യോഗസ്ഥരെയാണു കുറ്റം പറയുക. പക്ഷേ തന്റെ അനുഭവത്തില്‍ ഉദ്യോഗസ്ഥരുടെ കുഴപ്പമല്ലിത്. ഉദ്യോഗസ്ഥര്‍ക്കു പ്രശ്നം പരിഹരിക്കാന്‍ സാധിക്കാത്ത വിധത്തിലുള്ള ചട്ടങ്ങളും മറ്റുമാണുള്ളത്. <<<<<
ഒരു സംസ്ഥാനം ഭരിക്കുന്ന മുഖ്യമന്ത്രി ആണിത് പറയുന്നതെന്നോര്‍ക്കുക. ചട്ടങ്ങള്‍ ജന വിരുദ്ധമാണെങ്കില്‍ അത് മാറ്റാന്‍ വേണ്ടിയാണ്, കേരള ഖജനാവില്‍ നിന്നും ഭാരിച്ച ശമ്പളം നല്‍കി ഉമ്മന്‍ ചാണ്ടി എന്ന വിഗ്രഹത്തെ മുഖ്യ മന്ത്രികസേരയില്‍ ഇരുത്തിയിരിക്കുന്നത്. "മുഖ്യമന്ത്രി ചെയ്യുന്നത് പാര്‍ട്ടി പ്രസിഡണ്ടായ താന്‍ അറിയുന്നില്ല" എന്നു പറയുന്ന അണ്ടനു പറ്റിയ അടകോടനാണ്, കേരള മുഖ്യമന്ത്രി. ചക്കിക്കൊത്ത ചങ്കരനെന്നും പറയാം.
കോടികള്‍ മുടക്കി കോടിക്കണക്കിനു രൂപ ധനസഹായമായി വിതരണം ചെയ്യുന്ന സമയത്ത് ചട്ടങ്ങളില്‍ വേണ്ട മാറ്റം വരുത്തി ഭരണം കാര്യക്ഷമമായി നടത്തികൊണ്ടു പോകുകയാണ്, ഒരു മുഖ്യമന്ത്രി ചെയ്യേണ്ടത്. പക്ഷെ അതിനു ഭരിക്കാനുള്ള കഴിവു വേണം. അതില്ലാത്ത അണ്ടന്‍മാരും അടകോടന്‍മാരും., രാജഭരണ കാലത്തെ രാജാക്കന്‍മാരേപ്പോലെ പണക്കിഴികള്‍ വിതരണം ചെയ്ത്, അതാണു ഭരണമെന്നു പറഞ്ഞ് ജനങ്ങളെ പറ്റിക്കാന്‍ നോക്കും. ഇതൊക്കെ കണ്ട് ജനങ്ങളപ്പാടെ തനിക്ക് വോട്ടു ചെയ്ത് തന്നെ ജനകീയന്‍ എന്നു വിളിക്കുമെന്നാണ്, ഉമ്മന്‍ ചാണ്ടി ധരിച്ചിരിക്കുന്നത്.
3 comments:
കോടികള്‍ മുടക്കി കോടിക്കണക്കിനു രൂപ ധനസഹായമായി വിതരണം ചെയ്യുന്ന സമയത്ത്, ചട്ടങ്ങളില്‍ വേണ്ട മാറ്റം വരുത്തി ഭരണം കാര്യക്ഷമമായി നടത്തികൊണ്ടു പോകുകയാണ്, ഒരു മുഖ്യമന്ത്രി ചെയ്യേണ്ടത്. പക്ഷെ അതിനു ഭരിക്കാനുള്ള കഴിവു വേണം. അതില്ലാത്ത അണ്ടന്‍മാരും അടകോടന്‍മാരും, രാജഭരണ കാലത്തെ രാജാക്കന്‍മാരേപ്പോലെ പണക്കിഴികള്‍ വിതരണം ചെയ്ത്, അതാണു ഭരണമെന്നു പറഞ്ഞ് ജനങ്ങളെ പറ്റിക്കാന്‍ നോക്കും. ഇതൊക്കെ കണ്ട് ജനങ്ങളപ്പാടെ തനിക്ക് വോട്ടു ചെയ്ത് തന്നെ ജനകീയന്‍ എന്നു വിളിക്കുമെന്നാണ്, ഉമ്മന്‍ ചാണ്ടി ധരിച്ചിരിക്കുന്നത്.
പിസി ജോര്‍ജിനെ എല്ലാര്‍ക്കും ഭയമാണല്ലോ
ഒരു വിഷയത്തിൽ പോസ്റ്റ് ഇടുമ്പോൾ അതുമായി ബന്ധപ്പെട്ട പരമാവധി വാർത്തകൾ വായിച്ചും പഠിച്ചും അവതരിപ്പിക്കാൻ താങ്കള് കാണിക്കുന്ന ആര്ജ്ജവം അഭിനന്തനം അർഹിക്കുന്നു
Post a Comment