ഇപ്പോള്‍ മാദ്ധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒരു പദമാണ്, വേഗപ്പൂട്ട്. വാഹനത്തിന്റെ വേഗത നിയന്ത്രിക്കാനുള്ള ഉപകരണമായ Speed Governor എന്നതിന്റെ മലയാള പരിഭാഷ എന്ന രീതിയില്‍ ആരോ പ്രയോഗിച്ചതാണിത്. പക്ഷെ ഗതാഗത വകുപ്പിന്റെ രേഖകളിലൊന്നും ഇതുപോലെയുള്ള ഒരു പദപ്രയോഗം കാണാറില്ല.
അടുത്ത കാലത്ത് മലപ്പുറം ജില്ലയില്‍ അമിത വേഗതയില്‍ വന്ന ഒരു ബസിടിച്ച് ഓട്ടോറിഷയില്‍ സഞ്ചരിച്ച ഒരു കുടുംബത്തിലെ 8 പേരും, മറ്റൊരു ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് 13 പേരും മരിക്കാന്‍ ഇടയായി. ആ പശ്ചാത്തലത്തിലാണീ വേഗപ്പൂട്ടെന്ന വാക്ക് മാദ്ധ്യങ്ങളില്‍ നിറയാന്‍ തുടങ്ങിയത്.
ലോകം മുഴുവനുമുണ്ടാകുന്ന റോഡപകടങ്ങളില്‍ 90 ശതമാനവും നടക്കുന്നത് അവികസിത രാജ്യങ്ങളിലും വികസ്വര രാജ്യങ്ങളിലുമാണെന്ന് ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ പറയുന്നു. എന്നാല്‍ ലോകത്തെ വാഹനസംഖ്യയുടെ പകുതി മാത്രമാണ് ഈ രാജ്യങ്ങളില്‍ ഉളളത്. ഇത് സൂചിപ്പിക്കുന്നത് ഇവയില്‍ ഏറിയ പങ്കും ഒഴിവാക്കാവുന്നവയാണെന്നാണ്.
ഓരോ ദിവസവും സ്വകാര്യബസുകളുടെ അമിത വേഗം മൂലം ഉണ്ടാകുന്ന അപകടങ്ങളും മരണങ്ങളും സംബന്ധിച്ച വാര്‍ത്തകള്‍ വന്നുകൊണ്ടിരിക്കുന്നു. ലോകത്തെ മറ്റു പല രാജ്യങ്ങളിലും വാഹനാപകടങ്ങളും മരണങ്ങളും കുറഞ്ഞുവരുമ്പോള്‍, ഇന്ത്യയിലും കേരളത്തിലും ഓരോവര്‍ഷവും അപകടമരണ നിരക്കുകള്‍ ഉയരുകയാണ്. 2000-ത്തില്‍ 2710 പേരാണ് വാഹനാപകടത്തില്‍ മരണമടഞ്ഞതെങ്കിള്‍, 2012ലത് 4286 പേരായി. 5608 പേര്‍ക്കു പരുക്കേറ്റു. 2012-ല്‍ ആകെ 4013 ബസപകടങ്ങള്‍ ഉണ്ടായതില്‍ 3652 എണ്ണവും ഡ്രൈവര്‍മാരുടെ കുഴപ്പം കൊണ്ടാണുണ്ടായതെന്നാണ് പോലീസിന്റെ രേഖകള്‍ വെളിപ്പെടുത്തുന്നത്. ആകെയുണ്ടായ 4286 മരണങ്ങളില്‍ 3913 എണ്ണവും ഡ്രൈവര്‍മാരുടെ പിഴവു മൂലമുണ്ടായ അപകടങ്ങളിലാണു സംഭവിച്ചതും. 2012 ല്‍ കെ.എസ്.ആര്‍.ടി.സി. ബസുകള്‍ 191 അപകടങ്ങളിലായി 214 മരണങ്ങള്‍ക്കു കാരണമായി. ആ സമയത്ത് സ്വകാര്യബസുകള്‍ 581 അപകടങ്ങളിലൂടെ 616 മരണങ്ങള്‍ക്കാണു കാരണമായത്. ഇതിലൊക്കെ അമിത വേഗതയും, അശ്രദ്ധയും, ഡ്രൈവര്‍മാരുടെ പരിചയക്കുറവുമാണു കാരണമായിട്ടുള്ളത്.
ചെറിയ വാഹനക്കാരും കാല്‍നടയാത്രക്കാരും മഹാഭാഗ്യം കൊണ്ടു മാത്രമാണു പലപ്പോഴും സ്വകാര്യബസുകളുടെ മരണപ്പാച്ചിലിനിടയില്‍ നിന്നു രക്ഷപ്പെടുന്നത്. യാത്രക്കാര്‍ കയറുന്നതിനും ഇറങ്ങുന്നതിനും മുമ്പ് വണ്ടി വിടുക, വണ്ടി നില്‍ക്കുന്നതിനു മുന്നെ വേഗമിറങ്ങാന്‍ ഭീഷണിപ്പെടുത്തുക, ഇറങ്ങിയില്ലെങ്കില്‍ പിടിച്ചു വലിച്ചിറക്കുക തുടങ്ങിയ നടപടികള്‍ എല്ലാ സ്വകാര്യ ബസുകളിലിലെയും നിത്യ കാഴ്ചകളാണ്. പഴയ കാലത്തൊക്കെ പക്വമതികളും, പ്രായമുള്ളവരുമൊക്കെ ഡ്രൈവര്‍മാരായി ഉണ്ടായിരന്നു. പക്ഷെ ഇപ്പോള്‍ സ്വകാര്യബസുകളില്‍ ഡ്രൈവര്‍മാരായുള്ളത് പ്രായം വളരെ കുറഞ്ഞ, പരിചയം കമ്മിയായ ചെറുപ്പക്കാരാണ്. കാല്‍നടക്കാരോ ചെറുവാഹന യാത്രക്കാരോ റോഡുകളില്‍ ഉണ്ടെന്നു പോലും ഭാവിക്കാതെ, അവര്‍ക്കെന്തു സംഭവിച്ചാലും തങ്ങള്‍ക്കെന്ത് എന്ന ധാര്‍ഷ്‌ട്യ ഭാവമാണ് ഈ ഡ്രൈവര്‍മാര്‍ക്ക്. റോഡുകള്‍ ആകെ തകര്‍ന്ന് സഞ്ചാരയോഗ്യമല്ലാതിരിക്കുന്ന സമയത്തുപോലും ഈ കുട്ടി ഡ്രൈവര്‍മാര്‍ റോഡില്‍ സാമാന്യ മര്യാദപോലും പാലിക്കാന്‍ തയാറല്ല. എല്ലാ നിയമങ്ങളും കാറ്റില്‍ പറത്തി അകത്തും പുറത്തുമുള്ള യാത്രക്കാരുടെ ജീവന്‍ പന്താടിക്കൊണ്ട് ഇവര്‍ പല വക അഭ്യാസങ്ങളും നടത്തുന്നു. കൂടെക്കൂടെ അപകടങ്ങളുണ്ടായാലും നിരപരാധികളായ മനുഷ്യര്‍ മരിച്ചാലും ഈ ഡ്രൈവര്‍മാര്‍ അല്‍പം പോലും ശ്രദ്ധിക്കുകയില്ല. റോഡിലെ കിരീടം വയ്‌ക്കാത്ത രാജാക്കന്മാരായി, ഗതാഗത നിയമങ്ങളെല്ലാം കാറ്റില്‍പറത്തി മരണയോട്ടം നടത്തുന്ന ഇവര്‍ക്കു കടിഞ്ഞാണിടാന്‍ ഇവിടത്തെ പോലീസോ ഗതാഗതവകുപ്പോ ഇതു വരെ തയ്യാറായിരുന്നിന്നില്ല. Speed Governor കള്‍ നിര്‍ബന്ധമാക്കിക്കൊണ്ടുള്ള നിയമം നിലവിലുണ്ടെങ്കിലും ഇതുള്ള ബസുകള്‍ വിരലിലെണ്ണാവുന്നവ മാത്രമാണ്.
നിയമങ്ങള്‍ ഇല്ലാത്തതല്ല ഇവിടത്തെ പ്രശ്നം, അത് പാലിക്കാന്‍ തയ്യാറല്ലാത്തതും, അത് പാലിക്കുന്നുണ്ടോ എന്ന് അധികാരികള്‍ ഉറപ്പുവരുത്താത്തതുമൊക്കെയാണു പ്രശ്നങ്ങള്‍. ബസുകളില്‍ Speed governor ഘടിപ്പിക്കണമെന്ന് സുപ്രീം കോടതി വരെ ശരി വച്ച ഉത്തരവായിരുന്നു. പക്ഷെ പല മുടന്തന്‍ ന്യായങ്ങള്‍ പറഞ്ഞും, രാഷ്ട്രീയക്കാരെ വരുതിയിലാക്കിയും ബസുടമകള്‍ അത് നടപ്പില്‍ വരുത്താതെ നീട്ടിക്കൊണ്ടുപോയി. മലപ്പുറം ജില്ലയില്‍തന്നെ അടിക്കടിയുണ്ടായ ദാരുണമായ റോഡപകടങ്ങളിലൂടെ അനവധി നിരപരാധികളായ മനുഷ്യരുടെ ചോര ചീന്തപ്പെട്ടപ്പോള്‍ മാത്രമാണ് ഇതുവരെ അനങ്ങാപ്പാറനയം സ്വീകരിച്ചിരുന്ന മോട്ടോര്‍ വാഹന വകുപ്പ് ഒന്നു സടകുടഞ്ഞെഴുന്നേറ്റത്. ഇപ്പോഴത്തെ ട്രാന്‍സ്പോര്‍ട്ട് കമ്മീഷണറായ ഋഷിരാജ് സിംഗ് ഇക്കാര്യത്തില്‍ ചില കര്‍ശനമായ നടപടികള്‍ എടുത്തു. അതിനെതിരെ സ്വകാര്യ ബസുടമകള്‍ സമരം പ്രഖ്യാപിച്ചിരുന്നു. പക്ഷെ അത് പെട്ടെന്നു തന്നെ പിന്‍വലിക്കുകയും ചെയ്തു.
Speed governor വാഹനങ്ങളില്‍ ഘടിപ്പിക്കുക എന്നത് 2005ല്‍ നടപ്പാക്കിയ നിയമമാണ്. കോടതികളില്‍ പല പ്രാവശ്യം ചോദ്യം ചെയ്യപ്പെട്ടെങ്കിലും, ഇത് സുപ്രീം കോടതി വരെ അംഗീകരിച്ചതാണ്. ഈ നിയമം ലംഘിക്കുന്നതില്‍ ബസുടമകളും മോട്ടോര്‍ വാഹനവകുപ്പിലെ ഉദ്യോഗസ്ഥരും ഒറ്റക്കെട്ടാകുന്നു. യഥാസമയം ഈ നിയമലംഘനങ്ങളൊന്നും കണ്ടെത്താന്‍ മോട്ടോര്‍ വാഹനവകുപ്പിലെ ഉദ്യോഗസ്ഥ ്‍ തയ്യാറാകുന്നില്ല. നിയമ നടപടികളെടുക്കാനും മെനക്കെടുന്നില്ല.
കര്‍ശനമായ പരിശോധനകള്‍ നടത്തിയപ്പോള്‍ വെറും രണ്ടുദിവസംകൊണ്ട് 411 ബസുകളുടെ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റുകളാണ് മതിയായ ഫിറ്റ്‌നസ് ഇല്ലാത്തതിന്റെ പേരില്‍ റദ്ദാക്കിയത്. ഈ പരിശോധനകളും, നടപടികളും, യഥാസമയങ്ങളില്‍ കൃത്യമായി ചെയ്‌തിരുന്നെങ്കില്‍ എത്രയോ അപകടങ്ങള്‍ ഒഴിവാക്കാമായിരുന്നു. Speed governor കളില്‍ കൃത്രിമം കാണിക്കുന്ന ലോബികളും സജീവമാണ്. ടെസ്‌റ്റിംഗ് സമയത്ത് പ്രവര്‍ത്തനസജ്‌ജമാക്കി വയ്‌ക്കുകയും അതുകഴിഞ്ഞാല്‍ അതു വേര്‍പെടുത്തിയിടുകയും ചെയ്യുന്ന സമ്പ്രദായം പല ബസുടമകളും അനുവര്‍ത്തിക്കുന്നുണ്ട്. പരിശോധന കഴിയുമ്പോള്‍ വേഗനിയന്ത്രണത്തോത് കൂട്ടിവയ്‌ക്കുന്നവരും ഉണ്ട്. ഉത്തരവാദിത്വത്തോടെ കര്‍ശനമായ പരിശോധനാനടപടികള്‍ തുടരുകതന്നെ വേണം. പക്ഷേ, അനാവശ്യമായി ദ്രോഹിക്കാനുള്ള അവസരമായി ഇതിനെ ദുരുപയോഗം ചെയ്യുകയും അരുത്.
യാത്ര ചെയ്യുന്നതിന്, മതിയായ നിരക്ക് വാങ്ങുന്നുണ്ടെങ്കില്‍ അതിനനുസൃതമായ സൗകര്യങ്ങളും സുരക്ഷിതത്വവും ബസില്‍ യാത്രക്കാര്‍ക്കു നല്‍കാന്‍ ബസുടമകള്‍ ബാധ്യസ്ഥരാണ്. അല്ലാതെ ബസില്‍ കയറുന്ന വിദ്യാര്‍ഥികളടക്കമുള്ള യാത്രക്കാരെ വെറും നികൃഷ്‌ടജീവികളായി കാണുന്ന സമീപനം അല്ല വേണ്ടത്. ബസുടമകള്‍ക്ക് സമയക്രമീകരണങ്ങളടക്കം ബസുകളുടെ സുഗമമായ സര്‍വീസിന് അനിവാര്യമായ കാര്യങ്ങള്‍ സര്‍ക്കാര്‍ ചെയ്‌തുകൊടുക്കണം. ജനങ്ങളുടെ ജീവന്‍ പന്താടുന്ന മരണയോട്ടം നിര്‍ത്തി സുരക്ഷിതമായ യാത്ര ക്രമീകരിക്കുന്ന സംവിധാനമാണ് സര്‍ക്കാരും ബസുടമകളും ചേര്‍ന്ന് ചര്‍ച്ച ചെയ്‌തു കണ്ടെത്തേണ്ടതും നടപ്പാക്കേണ്ടതും.
കേരളത്തില്‍ ഈ വര്‍ഷം ജൂലൈ 31 വരെ മാത്രമുളള കണക്കു പ്രകാരം 2526 പേര്‍ റോഡപകടങ്ങളില്‍ മരിച്ചിട്ടുണ്ട്. 24256 പേര്‍ക്ക് പരിക്കേറ്റു. ആകെയുളള 21028 വാഹനാപകടങ്ങളില്‍ ഇരുചക്രവാഹനാപകടങ്ങള്‍ 12479 ആണ്. ബൈക്ക് യാത്രികര്‍ 1668 പേര്‍ മരിക്കുകയും 15841 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. വളരെ അപകടകരമായ ഒരു സ്ഥിതിവിശേഷമാണിത്. ഇരുചക്രവാഹനങ്ങള്‍ അപകടത്തില്‍ പെടുമ്പോള്‍ മരിക്കുന്നത് ബഹുഭൂരിപക്ഷവും ചെറുപ്പക്കാരാണെന്നോര്‍ക്കുക. കേരളത്തില്‍ ഇപ്പോള്‍ 70 ലക്ഷത്തിലേറെ വാഹനങ്ങളുണ്ട്. ഇരുചക്രവാഹനങ്ങളുടെ എണ്ണം 42 ലക്ഷത്തില്‍പ്പരമാണ്. സംസ്ഥാനത്തെ റോഡപകടങ്ങളില്‍ 70 % ഇരുചക്രവാഹനങ്ങള്‍ ഉള്‍പ്പെട്ടവയാണ്. മരണപ്പെടുന്നവരില്‍ 70 ശതമാനത്തിലും തലയ്ക്ക് സംഭവിക്കുന്ന പരിക്കാണ് മരണകാരണം. ഈ മരണങ്ങളില്‍ 90 % ഹെല്‍മെറ്റ് ഉപയോഗിച്ചാല്‍ ഒഴിവാക്കാനാകും. പക്ഷെ എന്തുകൊണ്ടോ ഇരുചക്ര വാഹനം ഓടിക്കുന്നവര്‍ക്ക് ഹെല്‍മെറ്റിനോട് ഒരു വക അലര്‍ജിയാണ്.
ബസുകളില്‍ speed governor ഘടിപ്പിക്കുന്നതിനോട് ബസുടമകള്‍ക്കും ഓടിക്കുന്നവര്‍ക്കും എതിര്‍പ്പ്. ഹെല്‍മെറ്റിനോട് ഇരുചക്രവാഹനങ്ങള്‍ ഓടിക്കുന്നവര്‍ക്കും എതിര്‍പ്പ്. സാക്ഷരരും, വിവരമുള്ളവരും, പുരോഗതി പ്രാപിച്ചവരുമെന്ന് അഭിമാനിക്കുന്ന മലയാളികള്‍ എന്തുകൊണ്ട് ഇങ്ങനെ പെരുമാറുന്നു? ഇതേക്കുറിച്ച് ബോധവാന്‍മാരല്ലാത്തതുകൊണ്ടാണോ?
നിയമങ്ങള്‍ കര്‍ശനമാക്കിയാലേ ഇതുപോലുള്ള അപകടങ്ങള്‍ കുറയ്ക്കാന്‍ സാധിക്കു. ഇരു ചക്രവാഹനങ്ങളില്‍ യാത്ര ചെയ്യുന്നവര്‍ നിര്‍ബന്ധമായും ഹെല്‍മെറ്റ് ധരിച്ചിരിക്കണം. രണ്ടില്‍ കൂടുതല്‍ ആളുകള്‍ ഇരുചക്രവാഹനത്തില്‍ യാത്ര ചെയ്യരുത്. കുട്ടികള്‍ ഒരു കാരണവശാലും ഇരു ചക്രവാഹങ്ങളില്‍ യാത്ര ചെയ്യരുത്. ഓട്ടോ റിഷയിലും കൂടുതല്‍ ആളുകളെ കയറ്റാന്‍ അനുവദിക്കരുത്.(മലപ്പുറത്ത് ഒരു കുടുംബത്തിലെ 14 പേരായിരുന്നു യാത്ര ചെയ്തതും അപകടത്തില്‍ പെട്ടതും, 8 പേര്‍ മരിച്ചതും)
ബസുകളുടെ വേഗത നിയന്ത്രിക്കണം. ശാസ്‌ത്രീയമായ സമയ ക്രമീകരണം ഉണ്ടാകണം. ബസുകള്‍ക്ക് നിര്‍ബന്ധമായും വാതിലുകള്‍ ഘടിപ്പിച്ചിരിക്കണം. പക്വത ഉള്ളവരെയും നല്ല പരിശീലനവും, ദീര്‍ഘ കാലം വണ്ടിയോടിച്ച് പരിചയമുള്ളവരെയും മാത്രമേ ഡ്രൈവര്‍മാരായി നിയമിക്കാവൂ. സമയാസമയങ്ങളില്‍ പരിശോധന നടത്തി നിശ്ചിത യോഗ്യത വാഹനത്തിണ്ടെന്നുറപ്പു വരുത്തണം. ഇതോടൊപ്പം റോഡുകള്‍ ഉപയോഗിക്കുന്നവര്‍ കുറച്ചു കൂടെ മിതത്വവും ക്ഷമയും, ശ്രദ്ധയും കാണിക്കണം. റോഡുകളുടെ അറ്റകുറ്റപ്പണികള്‍ യഥാസമയത്തു നടത്തി സംരക്ഷിക്കണം.
വേഗപ്പൂട്ട് എന്ന വാക്കു കേള്‍ക്കുമ്പോള്‍ എന്തോ ഒരു കല്ലു കടി തോന്നുന്നു. ഹെല്‍മെറ്റ് എന്ന ഇംഗ്ളീഷ് പദം ഉപയോഗിക്കാന്‍ മടിയില്ലാത്ത മാദ്ധ്യമങ്ങള്‍ എന്തിനാണ്, ഇതുപോലെ ഒട്ടും യോജിക്കാത്ത ഒരു പദം ഉപയോഗിക്കുന്നതെന്ന് മനസിലാകുന്നില്ല. മലയാള ഭാഷയില്‍ ഇതുപോലെ മറ്റ് ചില പ്രയോഗങ്ങളുണ്ട്. കുഴി ബോംബ് ആണ്, ഒരെണ്ണം. ബോംബ് എന്ന ഇംഗ്ളീഷ് വാക്കുപയോഗിക്കാന്‍ മടിയില്ലാത്തവര്‍, മൈന്‍ എന്ന ഇംഗ്ളീഷ് വാക്കിനോട് എതിര്‍പ്പ് പ്രകടിപ്പിക്കുന്നതെന്തിനാണ്? മറ്റൊരു അസംബന്ധ പ്രയോഗമാണ്, തൂക്കു പാര്‍ലമെന്റ് എന്ന പ്രയോഗം. പാര്‍ലമെന്റ് എന്ന ഇംഗ്ളീഷ് വാക്കിനു കുഴപ്പമില്ല. ഹംഗ് എന്നതിലാണിവര്‍ക്ക് കുഴപ്പം.
17 comments:
ബസുകളില്‍ speed governor ഘടിപ്പിക്കുന്നതിനോട് ബസുടമകള്‍ക്കും ഓടിക്കുന്നവര്‍ക്കും എതിര്‍പ്പ്. ഹെല്‍മെറ്റിനോട് ഇരുചക്രവാഹനങ്ങള്‍ ഓടിക്കുന്നവര്‍ക്കും എതിര്‍പ്പ്. സാക്ഷരരും, വിവരമുള്ളവരും, പുരോഗതി പ്രാപിച്ചവരുമെന്ന് അഭിമാനിക്കുന്ന മലയാളികള്‍ എന്തുകൊണ്ട് ഇങ്ങനെ പെരുമാറുന്നു? ഇതേക്കുറിച്ച് ബോധവാന്‍മാരല്ലാത്തതുകൊണ്ടാണോ?
"ബസുകളുടെ വേഗത നിയന്ത്രിക്കണം. ശാസ്‌ത്രീയമായ സമയ ക്രമീകരണം ഉണ്ടാകണം. ബസുകള്‍ക്ക് നിര്‍ബന്ധമായും വാതിലുകള്‍ ഘടിപ്പിച്ചിരിക്കണം. പക്വത ഉള്ളവരെയും നല്ല പരിശീലനവും, ദീര്‍ഘ കാലം വണ്ടിയോടിച്ച് പരിചയമുള്ളവരെയും മാത്രമേ ഡ്രൈവര്‍മാരായി നിയമിക്കാവൂ. സമയാസമയങ്ങളില്‍ പരിശോധന നടത്തി നിശ്ചിത യോഗ്യത വാഹനത്തിണ്ടെന്നുറപ്പു വരുത്തണം. ഇതോടൊപ്പം റോഡുകള്‍ ഉപയോഗിക്കുന്നവര്‍ കുറച്ചു കൂടെ മിതത്വവും ക്ഷമയും, ശ്രദ്ധയും കാണിക്കണം. റോഡുകളുടെ അറ്റകുറ്റപ്പണികള്‍ യഥാസമയത്തു നടത്തി സംരക്ഷിക്കണം."
here i can recall the scene from the move "Aniyan". Sri.Nedumudi Venu desparately says in the court and wanted to change the goverment system. fail to understand why our indians including malayalees not trying to adopt/follow the systems? All these will be a wild dream as long as people not prepared to change their attitude twords saftey.
rules and regulations are made in kerala/india only for police/authorities to make some money. the more rules, they make money.
yea... as Ram mentioned earlier, as long as the people dont change their behavior, its not going to solve!!!!
rules and regulations are made in kerala/india only for police/authorities to make some money. the more rules, they make money.
എത്ര ശരിയായ നിരീക്ഷണം!
പുതിയ ഒരു നിയന്ത്രണം ജീവിതത്തിലേക്കു വരുമ്പോള്‍ അതു സ്വീകരിക്കാനുള്ള മടി ആദ്യം കുറച്ചൊക്കെ ഉണ്ടാകും. എന്നാല്‍ അതിന്‍റെ ആവശ്യകത ബോധ്യമാകുമ്പോളോ അല്ലെങ്കില്‍ പ്രത്യാഘാതങ്ങള്‍ ഭയന്നിട്ടൊ പുതിയ നിയന്ത്രണങ്ങളെ ക്രമേണ ജീവിതത്തിന്‍റെ ഭാഗമായി ജനങ്ങള്‍ കണ്ടു തുടങ്ങും. നമ്മള്‍ മലയാളികള്‍ നിയന്ത്രണങ്ങള്‍ക്കു വിധേയരാകുന്നതില്‍ വലിയ വിമുഖതയുള്ളവരാണല്ലൊ! അതുകൊണ്ടൂ സര്‍ക്കാരും പോലീസും കുറച്ച് കര്‍ക്കശക്കാരായാല്‍ മാത്രമേ ഇവിടെ പുതിയ നിയന്ത്രണങ്ങള്‍ കൊണ്ടുവന്ന് വിജയിപ്പിക്കാന്‍ കഴിയൂ.
വിരലിൽ എണ്ണാവുന്ന വാഹന കമ്പനികളുടെ വാഹനങ്ങൾ മാത്രം നിരത്തിൽ ഓടിയിരുന്ന കാലത്തുണ്ടായിരുന്ന സർക്കാർ സംവിധാനങ്ങൾ, വിദേശ വാഹന കമ്പനികളുടെ കമ്പോള വളർച്ച അനുസരിച്ച് മെച്ചപ്പെട്ടിട്ടില്ല - റോഡുകളോ വാഹന നിയന്ത്രണ സംവിധാങ്ങളോ ഒന്നും തന്നെ.
വിദേശ രാജ്യങ്ങളിൽ കുട്ടികളെ കാറിന്റെ മുൻ സീറ്റിൽ ഇരുത്തുന്നത് പോലും ശിക്ഷാർഹം ആണ് എന്നാൽ, ഇവിടെ ആറു മാസം പ്രായം ഉള്ള കുഞ്ഞുങ്ങളെ പോലും ബൈകിന്റെ മുൻ ഭാഗത്ത് ഇരുത്തി യാത്ര ചെയ്യാൻ യാതൊരു പേടിയും ആളുകൾക്കില്ല അതിനു ഒരു നിയമ തടസ്സവുമില്ല എന്ന് തോന്നുന്നൂ.
ഹെൽമെറ്റ് ധരിക്കുന്നതു ഒരു ശീലമായി മാറണം. സ്റ്റാർട്ട് ചെയ്യാനുള്ള കീ പോലെ തന്നെ ടൂ വീലറിനു ഹെൽമെറ്റ് ഒഴിച്ച് കൂടാനാവാത്തതു എന്ന തോന്നൽ ഉണ്ടാവണം.
നമ്മുടെ റോഡുകളുടെ അവസ്ഥയെ പറ്റിയും കൂടി ഇതിൽ ഉൾപ്പെടുത്തിയിരുന്നെങ്കിൽ മുഴുവനകുമായിരുന്നു കാളിദാസൻ . ഈ പറയുന്ന കാരണങ്ങളൊക്കെ ശരിയാണെങ്കിലും "റോഡ്" ഒരു വില്ലനായി പല സ്ഥലങ്ങളിലും നില്ക്കുന്നു. ഒരു ഇരു ചക്ര വാഹന യാത്രക്കാരൻ എന്ന നിലയില എനിക്ക് തോന്നിയ ഒരു കാര്യം റോഡിലൂടെ വളരെ അപക്വമായി വണ്ടിയോടിക്കുന്ന ഇരു ചക്ര വാഹനക്കാരും ചെറിയ ചെറിയ അപകടങ്ങൾക്ക് വലിയ കാരണമാവുന്നുന്ടെന്നതാണ് . വാഹനങ്ങൾക്കിടയിലൂടെ വെട്ടിച് വെട്ടിച് എടുത്തു "ഹീറോ" ആകാൻ ശ്രമിക്കുന്ന യുവാക്കൾ പ്രത്യേകിച്ചും.
പിന്നെ ഹെൽമെറ്റ് കളുടെ വലിയ പ്രശ്നം അവ നമ്മുടെ കേൾവിയെ വലിയ തോതിൽ ബാധിക്കുന്നുന്ടെന്നതാണ്. വിപണിയിൽ ലഭ്യമായ പല ഹെൽമെറ്റ് കളിലും ഈ പ്രശ്നം ഗൌരവമായ തോതിലുണ്ട് . പുറകിൽ നിന്നും വരുന്ന വാഹനങ്ങളുടെ ഹോണടി മിക്കപ്പോഴും കേൾക്കാൻ ബുദ്ധിമുട്ട് ഉണ്ടാകാറുണ്ട് .
ലോകത്തിലെ ഒരു രാജ്യത്തു മാത്രം ലൈസെൻസ് കൊടുത്തതിനു ശേഷം awareness ഉം ട്രെയിനിന്ങ്ങും നല്കുന്ന രസകരമായ എര്പ്പാടും അത് വേണം എന്ന് പറയുന്ന മന്ത്രിമാരും ഉണ്ടാവുമ്പോൾ അപകടം സാധാരണം .. റോടല്ല പല അപകടങ്ങളിലും വില്ലൻ .. അപകടങ്ങൾ ശ്രദ്ധിച്ചാൽ അറിയാം മാരക അപകടങ്ങൾ നല്ല റോഡിലാണ് നടക്കുന്നത് . പത്തു പേരെ കൊന്ന ഡ്രൈവറെ കുറ്റകരമല്ലത നരഹത്യക്ക് കേസ് കേസ് എടുക്കുമ്പോൾ അത് മറ്റു ഡ്രൈവർക്ക് കുറ്റം ചെയ്യാൻ പ്രചോദനം നൽകലാണ്.
>>>>All these will be a wild dream as long as people not prepared to change their attitude twords saftey.<<<<
ഇതൊന്നും അത്ര എളുപ്പത്തില്‍ നടപ്പാകുമെന്ന് ഞാനും കരുതുന്നില്ല. നിയമം പിടികൂടട്ടെ എന്നു വിശ്വസിച്ച് ജനത വെറുതെ ചാകരുത്. ഭൂരിഭാഗം അപകടങ്ങളും വ്യക്തികള്‍ ശ്രദ്ധിച്ചാല്‍ ഒഴിവാക്കാവുന്നതേ ഉള്ളു. സുരക്ഷയെ ഇത്ര ലാഘവത്തോടെ കാണുന്ന ഒരു ജനത വേറെ ഉണ്ടെന്നു തോന്നുന്നില്ല.
അമിത വേഗതയില്‍ ഓടുന്ന ബസുകളില്‍ ജനങ്ങള്‍ കയറാതിരിക്കുക. വാതിലുകള്‍ ഇല്ലാത്ത ബസുകള്‍ ബഹിഷ്കരിക്കുക. പയ്യന്‍മാര്‍ ഓടിക്കുന്ന ബസുകളില്‍ കയറാതിരിക്കുക. ഇതൊക്കെ ഓരോ വ്യക്തിക്കും ശ്രദ്ധിക്കാവുന്നതേ ഉള്ളു.
>>>>rules and regulations are made in kerala/india only for police/authorities to make some money. the more rules, they make money.<<<<
മുക്കുവന്‍,
നിയമം അധികാരികള്‍ ദുരുപയോഗം ചെയ്യുന്നുണ്ട് എന്നത് ശരിയാണ്.
നിയമത്തിനൊക്കെ ഒരു പരിധി ഉണ്ട്. മരിക്കാന്‍ തയ്യാറായി റോഡിലേക്കിറങ്ങുന്നവരെ നിയമത്തിനൊന്നും രക്ഷിക്കാനാകില്ല. നിയമം ഉണ്ടായാലും ഇല്ലെങ്കിലും വണ്ടി ഓടിക്കുന്നവര്‍ക്ക് ഒരുത്തരവാദിത്തമില്ലേ? അതാണു കേരളത്തിലെ റോഡുകളില്‍ ഇല്ലാതെ പോകുന്നത്.
മരണം വിതക്കുന്ന തരത്തില്‍ വണ്ടി ഓടിക്കുന്നവരും ഇസ്ലാമിക ജിഹാദികളും ഒരു പോലെയാണ്. സ്വയം ചാകുന്നതിനൊപ്പം നിരപരാധികളായ അനേകരെ കൂടെ കൊല്ലുന്നു.
ബൈജു ഖാന്‍,
ഇപ്പോള്‍ ബൈക്കോടിക്കുന്ന പിള്ളേര്‍ ജനിക്കുന്നതിനു മുന്നെ തന്നെ ഹെല്‍മെറ്റ് നിര്‍ബന്ധമാക്കി കൊണ്ടുള്ള നിയമം ഇവിടെ വന്നിരുന്നു. ഇപ്പോഴും അതിന്റെ ഗുണം ബോധ്യപ്പെട്ടിട്ടില്ലെങ്കില്‍ ഈ ജനത ഒന്നും പഠിക്കാന്‍ പോകുന്നില്ല.
ബൈജു ,
ഗതാഗത രംഗത്ത് കേരളം വളരെ പിന്നിലാണ്. സര്‍ക്കാര്‍ സംവിധാനങ്ങളൊക്കെ കാര്യക്ഷമമായിട്ടേ ഞങ്ങള്‍ സുരക്ഷയേക്കുറിച്ച് ചിന്തിക്കു എന്നൊക്കെ തീരുമാനിക്കുന്നത് ബുദ്ധി മോശമാണ്.
ആറു മാസം പ്രായം ഉള്ള കുഞ്ഞുങ്ങളെ പോലും ബൈക്കിന്റെ മുൻ ഭാഗത്ത് ഇരുത്തി യാത്ര ചെയ്യാൻ ഒരു നിയമ തടസ്സവുമില്ല എന്നതിനേക്കാള്‍ ഭീതി ജനകം, അങ്ങനെ ചെയ്യാന്‍ മാതാപിതാക്കള്‍ക്ക് യാതൊരു പേടിയും ഇല്ല എന്നതാണ്.
ബൈക്കപടമുണ്ടായാല്‍ ഇതുപോലെ യാത്ര ചെയ്യുന്ന കുഞ്ഞുങ്ങള്‍ അത്ഭുതകരമായി രക്ഷപ്പെടാറാണുള്ളത്.
മനോജ്,
റോഡുകളുടെ അവസ്ഥ അടുത്ത കാലത്തൊന്നും മാറില്ല. ആര്യാടന്‍ മൊഹമ്മദെന്ന ഗതാഗത വകുപ്പുമന്ത്രി കുറഞ്ഞത് ഒരു നൂറു തവണയെങ്കിലും 100 മീറ്റര്‍ വീതിയില്‍ ദേശീയ പാത വേണമെന്ന് പൊതു വേദിയില്‍ പറയുന്നത് കേട്ടിട്ടുണ്ട്. ഉള്ള റോഡുകള്‍ നന്നാക്കണമെന്നദ്ദേഹം പറയുന്നത് കേട്ടിട്ടില്ല. അതുകൊണ്ട് ഏത് മുന്നണി ഭരിച്ചാലും റോഡുകളുടെ അവസ്ഥ മാറുമെന്നു തോന്നുന്നില്ല. അതുകൊണ്ട് നടക്കാത്ത ഒരു കാര്യത്തേക്കുറിച്ച് മനോരാജ്യം കാണുന്നതില്‍ അര്‍ത്ഥമില്ല.
നല്ല റോഡുകള്‍ ഉണ്ടായാല്‍ അപകടങ്ങള്‍ കുറയുമെന്നത് ഒരു മിഥ്യാധാരണയാണ്. 99% അപകടങ്ങള്‍ക്കും കാരണം ഡ്രൈവര്‍മാരുടെ അശ്രദ്ധയാണ്.
റോഡുകള്‍ മോശമാണെങ്കില്‍ അതിനനുസരിച്ച നമ്മുടെ സമീപനവും മാറണം. നടക്കുമ്പോള്‍ ഒരു കുഴി ഉണ്ടെന്നു കരുതി ആരും അതിലേക്ക് എടുത്ത ചാടില്ലല്ലോ. കുഴി ഒഴിവാക്കി പോകയല്ലേ ഉള്ളു.
ഇരു ചക്ര വാഹനക്കാര്‍ മാത്രമല്ല എല്ലാ വാഹനക്കാരും അപകടമുണ്ടാകുന്നുണ്ട്. വലിയ വഹനങ്ങള്‍ക്കിടയിലൂടെ വെട്ടിച്ച് പോകുന്നവര്‍ ഇരു ചക്രകാര്‍ മാത്രമല്ല, ഓട്ടോറിഷക്കാരും, കാറുകാരും, ജീപ്പുകാരുമൊക്കെ ഉണ്ട്. യാത്ര സുരക്ഷിതമാകണമെങ്കില്‍ ഇവരൊക്കെ കൂടെ ഒത്തൊരുമിച്ച് ശ്രദ്ധിക്കണം.
>>>പിന്നെ ഹെൽമെറ്റ് കളുടെ വലിയ പ്രശ്നം അവ നമ്മുടെ കേൾവിയെ വലിയ തോതിൽ ബാധിക്കുന്നുന്ടെന്നതാണ്. വിപണിയിൽ ലഭ്യമായ പല ഹെൽമെറ്റ് കളിലും ഈ പ്രശ്നം ഗൌരവമായ തോതിലുണ്ട് . പുറകിൽ നിന്നും വരുന്ന വാഹനങ്ങളുടെ ഹോണടി മിക്കപ്പോഴും കേൾക്കാൻ ബുദ്ധിമുട്ട് ഉണ്ടാകാറുണ്ട് .<<<
മനോജ്,
ഹെല്‍മെറ്റ് കേഴ്വിയെ ബാധിക്കുന്നു എന്നത് അപ്രസക്തമായ കാര്യമാണ്. കേഴ്വിയല്ല കാഴ്ചയാണ്, റോഡുകളില്‍ പ്രസക്തം.
കൂടുതല്‍ വാഹനങ്ങളുള്ള പടിഞ്ഞാറന്‍ നാടുകളില്‍ ഹോണടിയേ ഇല്ല.അപകടമുണ്ടാകാന്‍ സാധ്യത ഉള്ള അപൂര്‍വ സന്ദര്‍ഭങ്ങളില്‍ മാതമേ അവിടെ ഹോണടിക്കാറുള്ളു. മുന്നില്‍ പോകുന്ന വാഹനത്തെ ഹോണടിച്ച് മാറ്റേണ്ട ധൃതിയാണ്, അപകടങ്ങളുണ്ടാക്കുന്നത്. ഹെല്‍മെറ്റ് ഇല്ലാത്തതുകൊണ്ട് ഈ ധൃതി മറികടക്കാനും ആകില്ല.
രണ്ടു ദിവസം മുന്നെ ഉണ്ടായ ഒരപകടത്തിന്റെ റിപ്പോര്‍ട്ടാണിത്.
കാർ തട്ടി ബൈക്കിൽനിന്ന് വീണ യുവാവ് ഓട്ടോ ഇടിച്ച് മരിച്ചു
കഴക്കൂട്ടം: ചന്തവിള ബൈപാസിന് സമീപം കാർ തട്ടി വീണ ബൈക്ക് യാത്രക്കാരൻ ഓട്ടോറിക്ഷ ഇടിച്ച് മരിച്ചു. കീഴാവൂർ ലതികാഭവനിൽ വിശ്വംഭരൻ നായരുടെയും ലതികയുടെയും മകൻ ദീപക് (25) ആണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് 2ന് ചന്തവിള മാവിൻമൂട്ടിൽ വച്ചാണ് അപകടം. ചന്തവിളയിലുള്ള റിലയൻസ് ഓഫീസിലെ ജീവനക്കാരനായ ദീപക് ആഹാരം കഴിക്കാൻ ബൈക്കിൽ പോകുന്പോൾ എതിരെ വന്ന കാർ ബൈക്കിൽ തട്ടിയതിനെത്തുടർന്ന് റോഡിൽ തെറിച്ച് വീണു. അവിടെ നിന്ന് എഴുന്നേൽക്കാൻ ശ്രമിക്കുന്പോൾ പിന്നിൽ നിന്ന് വന്ന ഓട്ടോയിടിച്ച് തെറിപ്പിക്കുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ദീപക്കിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും വൈകിട്ട് മൂന്നരയോടെ മരിച്ചു.
നോക്കുക. എതിരെ വന്ന കാറാണ്, ബൈക്കില്‍ തട്ടിയത്. കുറ്റം ബൈക്കോടിച്ച വ്യക്തിയുടെ ആകാം. കാറോടിച്ച വ്യക്തിയുടെതും ആകാം. പക്ഷെ അതു കഴിഞ്ഞുണ്ടായത് ഓട്ടോറിക്ഷ ഓടിച്ച ആളുടെ അശ്രദ്ധ. മുന്നില്‍ വീണുകിടക്കുന്ന വ്യക്തിയെ ഇടിച്ചു തെറിപ്പിച്ചു. വീണപ്പോള്‍ തലയിടിച്ചു വീണതുകൊണ്ട് മരണമുണ്ടായി. ഹെല്‍മെറ്റ് ഉണ്ടായിരുന്നെങ്കില്‍ ഈ മരണം ഒഴിവാക്കാമായിരുന്നു. കേഴ്വിയെ തടുക്കുന്നു എന്ന് കുറ്റം പറയുമ്പോള്‍ ഒരു നിമിഷം ചിന്തിക്കുക. ഒഴിവാക്കാമായിരുന്ന ഒരു മരണമല്ലായിരുന്നോ ഇത്?
blogreader,
കേരളത്തില്‍ ഡ്രൈവിംഗ് ലൈസന്‍സ് വളരെ എളുപ്പത്തില്‍ എടുക്കാന്‍ ആകുന്നു. അതാണ്, ഏറ്റവും അപകടകരമായ അവസ്ഥ. അത് മാത്രമല്ല. ഈ ഡ്രൈവിംഗ് പഠനത്തില്‍ വണ്ടി ഓടിക്കല്‍ മാത്രമേ പഠിപ്പിക്കുന്നുള്ളു. റോഡ് സുരക്ഷ അതിന്റെ പരിധിയില്‍ ഇല്ല.
അപകടമരണമുണ്ടാക്കുന്ന ഡ്രൈവര്‍ക്കെതിരെ കൊലക്കുറ്റത്തിനു കേസെടുക്കണം. കഠിന ശിക്ഷ ഉണ്ടെങ്കിലേ ശ്രദ്ധ ഉണ്ടാകൂ.
കൂടുതല്‍ റോഡപകടങ്ങളും പരിക്കും കേരളത്തില്‍
ന്യൂഡല്‍ഹി: റോഡപകടങ്ങളില്‍ ഏറ്റവും കൂടുതല്‍ പേര്‍ക്ക് പരിക്കേല്ക്കുന്ന സംസ്ഥാനം കേരളം. ജനസംഖ്യയുമായി താരതമ്യംചെയ്യുമ്പോള്‍ സംസ്ഥാനത്ത് ഒരുലക്ഷം ആളുകളില്‍ 120 പേര്‍ക്കാണ് റോഡപകടങ്ങളില്‍ ഗുരുതരമായി പരിക്കേല്‍ക്കുന്നത്. രണ്ടാംസ്ഥാനത്തുള്ള തമിഴ്‌നാടില്‍ ഇത് 116 ഉം മൂന്നാമതുള്ള ഗോവയില്‍ 115 ഉം ആണ്.
ജനസംഖ്യയുമായി ബന്ധപ്പെടുത്തുമ്പോള്‍ ഏറ്റവുംകൂടുതല്‍ റോഡപകടങ്ങള്‍ നടക്കുന്ന രണ്ടാമത്തെ സംസ്ഥാനവും കേരളമാണ്. സംസ്ഥാനത്ത് ഒരുലക്ഷം ജനങ്ങള്‍ക്ക് 104 റോഡപകടങ്ങള്‍ എന്നതാണ് ഏറ്റവും ഒടുവിലത്തെ കണക്ക്. അപകടങ്ങള്‍ ഏറ്റവുമധികം നടന്ന ഗോവയില്‍ ഇത് 237 ആണ്. മൂന്നാംസ്ഥാനത്തുള്ള തമിഴ്‌നാട്ടില്‍ ഒരു ലക്ഷത്തിന് 100 അപകടങ്ങള്‍ നടക്കുന്നു. റോഡപകടങ്ങളെക്കുറിച്ച് കേന്ദ്രഗതാഗതമന്ത്രാലയം തയ്യാറാക്കിയ ഏറ്റവുംപുതിയ റിപ്പോര്‍ട്ട് കേരളത്തിലെ ഗുരുതരമായ സ്ഥിതിഗതികള്‍ വെളിപ്പെടുത്തിയിട്ടുണ്ട്.
നാലുവര്‍ഷമായി കേരളത്തില്‍ ഗുരുതരമായ റോഡപകടങ്ങളുടെ എണ്ണം കൂടിവരികയാണ്. കഴിഞ്ഞകൊല്ലം 4013 ഗുരുതരമായ അപകടങ്ങള്‍ കേരളത്തിലുണ്ടായി. 2011-ല്‍ ഇത് 3896 ആയിരുന്നു. 2010-ല്‍ 3646ഉം 2009-ല്‍ 3556 ഉം മാരകഅപകടങ്ങള്‍ നടന്നു. കേരളം, തമിഴ്‌നാട്, കര്‍ണാടകം എന്നീ സംസ്ഥാനങ്ങളൊഴികെ മറ്റിടങ്ങളില്‍ ഗുരുതരമായ അപകടങ്ങളുടെ എണ്ണം നിയന്ത്രിക്കപ്പെടുകയോ മുന്‍വര്‍ഷത്തേതിനേക്കാള്‍ കുറയുകയോ ചെയ്തിട്ടുണ്ട്.
മാരകമായ അപകടങ്ങള്‍ നടക്കുന്ന 50 ജില്ലകളില്‍ ഏഴെണ്ണം കേരളത്തിലാണ്. കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, തൃശ്ശൂര്‍, എറണാകുളം, കൊല്ലം, തിരുവനന്തപുരം എന്നിവയാണ് ഈ ജില്ലകള്‍. കണ്ണൂര്‍, കൊല്ലം, മലപ്പുറം എന്നിവിടങ്ങളില്‍ 100 അപകടങ്ങള്‍ സംഭവിക്കുമ്പോള്‍ അതില്‍ 12 പേര്‍ മരണപ്പെടുന്നു. കോഴിക്കോട്ട് ഇത് 13 ആണ്. തിരുവനന്തപുരത്ത് എട്ടും തൃശ്ശൂരില്‍ ഒമ്പതും കൊച്ചിയില്‍ ആറും പേര്‍ 100 അപകടമുണ്ടാവുമ്പോള്‍ കൊല്ലപ്പെടുന്നുണ്ട്.
അപകടങ്ങളില്‍ പരിക്കേല്‍ക്കുന്നവരുടെ കാര്യത്തില്‍ ചെന്നൈ, ഡല്‍ഹി, ബാംഗ്ലൂര്‍, മുംബൈ എന്നീ വന്‍നഗരങ്ങള്‍ക്ക് തൊട്ടുപിറകിലാണ് മലപ്പുറത്തിന്റെ സ്ഥാനം. കഴിഞ്ഞകൊല്ലം മലപ്പുറത്തുണ്ടായ 2711 അപകടങ്ങളില്‍ 325 പേര്‍ മരിക്കുകയും 3604 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. 295 അപകടങ്ങള്‍ മാരകമായ അപകടങ്ങളുടെ പട്ടികയില്‍ പെടുന്നവയായിരുന്നു. മലപ്പുറം കഴിഞ്ഞാല്‍ കൊല്ലത്താണ് കൂടുതല്‍ പേര്‍ കൊല്ലപ്പെട്ടത്. 1763 അപകടങ്ങളില്‍ 213 പേര്‍ ജില്ലയില്‍ മരിച്ചു. കോഴിക്കോട് 174, കണ്ണൂര്‍ 78, എറണാകുളം 144, തൃശ്ശൂര്‍ 127, തിരുവനന്തപുരം 167 എന്നിങ്ങനെ ആളുകള്‍ കഴിഞ്ഞവര്‍ഷം കൊല്ലപ്പെട്ടു.
ഇരുചക്രവാഹനങ്ങളുടെ പിറകിലിരുന്ന് യാത്ര ചെയ്യുന്നവർക്കും ഹെൽമറ്റ് നിർബന്ധമാക്കണം.ഇതിനായി നിയമം കൊണ്ട് വരിക.സൈക്കിളിൽ യാത്ര ചെയ്യുന്നവർക്കും ഹെല്‍മെറ്റ് ആവശ്യമാണ്.സാധാരണക്കാരും ഇടത്തരക്കാരും ആണ് കൂടുതലും ഇരുചക്രവാഹനങ്ങൾ ഓടിക്കുന്നത് .സമ്പന്നൻമാർ സഞ്ചരിക്കുന്നത് തീർച്ചയായും കാറുകളിൽ തന്നെ. ഇരുചക്രവാഹനങ്ങൾ ഓടിക്കുന്നവർ അപകടത്തിൽപെട്ടാൽ /മരണമടഞ്ഞാൽ തരുന്നത് ഒരു കുടുംബം മുഴുവനുമാണ് . സ്റ്റേറ്റിന്റെ കടമയാണ് പൗരന്റെ ജീവനും സ്വത്തിനും സംരക്ഷണം നല്കുക എന്നത്. സർക്കാർ ധിരമായി മുന്നോട്ടു പോകുക.ഇതിനായി ആദ്യം രണ്ടു ഹെല്‍മറ്റ് വീതം പുതിയ ഇരുചക്രവാഹനങ്ങള്‍ വാങ്ങുമ്പോള്‍ ടൂവീലര്‍ ഡീലര്‍ നല്‍കണമെന്ന നിയമം കൊണ്ട് വരിക. പുതിയ ഇരുചക്ര വാഹനങ്ങള്‍ക്ക് രജിസ്ട്രേഷന്‍ നല്‍കുന്ന സമയത്ത് മോട്ടോര്‍വാഹന വകുപ്പിൽ പുതിയ രണ്ടു ഹെല്‍മറ്റ് ലഭിച്ചതിന്റെ ബില്ല് സഹിതമുള്ള രേഖകൾ നൽകിയാൽ മാത്രം രജിസ്ട്രേഷന്‍ നമ്പര്‍ കൊടുക്കുക. പിറകിലിരുന്ന് യാത്ര ചെയ്യുന്നവർ ഹെൽമറ്റ് വച്ചില്ലെങ്കിൽ ഇരുചക്രവാഹനം ഓടിക്കുന്ന ആളിന്റെ ലൈസൻസ് 6 മാസത്തേക്ക് റദ്ദാക്കുക.
malayalatthanima.blogspot.in
Post a Comment