Sunday, 28 April 2013

പോപ്പിന്‍സ് അഥവാ വിശ്വമലയാളം.


കുറച്ചു നാളുകള്‍ക്ക് മുമ്പ് ഞാന്‍ കണ്ട ഒരു മലയാള സിനിമയുടെ പേരാണ്, പോപ്പിന്‍സ് എന്നത്. ഈ സിനിമയുടെ സംവിധായകന്‍ എന്തുകൊണ്ട് ഈ പേര്, ഈ സിനിമക്ക് തെരഞ്ഞെടുത്തു എന്ന് എത്ര ആലോചിച്ചിട്ടും പിടികിട്ടിയിട്ടില്ല. ഒരു തട്ടിക്കൂട്ട് പേരുപോലെയേ അതെനിക്ക് അനുഭവപ്പെട്ടുള്ളു. സാഹിത്യ അക്കാഡമി അവാര്‍ഡ് നേടിയ  18 നാടകങ്ങള്‍ എന്ന പുസ്തകത്തിന്റെ ചലചിത്രാവിഷ്കാരം എന്നവകാശപ്പെടുന്ന  ഈ സിനിമക്ക് ഇതല്ലാതെ വേറെ ഒരു പേരു കണ്ടുപിടിക്കാന്‍ ഇതിന്റെ സംവിധായകനായില്ല. ഈ സിനിമയുടെ സങ്കേതം പഴയ രണ്ട് മലയാള സിനിമകളുടേതാണ്. സെക്സില്ല സ്റ്റണ്ടില്ല എന്നും സൃഷ്ടി എന്നും പേരായ സിനിമകള്‍.,.  സെക്സും സ്റ്റ്ണ്ടുമില്ലാത്ത ഒരു സിനിമ നിര്‍മ്മിക്കണമെന്നു വാശിപിടിക്കുന്ന ഒരു നിര്‍മ്മാതാവിനോട്,  എങ്ങനെ സിനിമയില്‍ സെക്സും സ്റ്റണ്ടും ഉണ്ടാകുന്നു എന്ന് വിശദീകരിക്കുന്ന ഒരു എഴുത്തു കാരന്റെ കഥയായിരുന്നു സെക്സില്ല സ്റ്റണ്ടില്ല എന്ന സിനിമ. ഒരു സിനിമയുടെ കഥ  എഴുതുന്ന എഴുത്തുകാരന്റെ വിവിധ ഭാവനകളായിരുന്നു സൃഷ്ടി എന്ന സിനിമയുടെ കഥ. എഴുത്തുകാരനു പകരം ഒരു സംവിധായകന്‍ തന്റെ മനസിലുള്ള പല കഥകളും  നിര്‍മ്മാതക്കളോട് പറയുന്നതാണു പോപ്പിന്‍സ് എന്ന സിനിമയുടെ കഥാ തന്തു. അവസാനം അദ്ദേഹത്തിനൊരു സിനിമ സാക്ഷത്കരിക്കാന്‍ സാധിക്കുന്നു. അതിന്റെ സന്തോഷം ഭാര്യയുമായി പങ്കു വയ്‌ക്കുന്നത് ഒരു പോപ്പിന്‍സ് മിഠായി നല്‍കിക്കൊണ്ടാണ്. അതു മാത്രമാണ്, ഈ പേരും ഈ സിനിമയുമായുള്ള ബന്ധം.ഈ സിനിമയേക്കുറിച്ചല്ല ഞാന്‍ ഇവിടെ എഴുതുന്നത്. മലയാളം എന്ന ഭാഷയെ ഇവരൊക്കെക്കൂടി വികൃതമാക്കുന്നതിനേക്കുറിച്ചാണ്.

ഇന്ന് പുറത്തിറങ്ങുന്ന മലയാള സിനിമകളുടെ പേരുകളും  അവയുടെ ആദ്യഭാഗങ്ങളും കാണുന്ന ഒരു വിദേശി കരുതുക, കേരളത്തിലെ മാതൃഭാഷ ഇംഗ്ളീഷായിരിക്കുമെന്നാണ്. ഭാഷയോട് ഇതുപോലെ പുച്ഛമുള്ള ഒരു ജനത വേറെ ഉണ്ടെന്നു തോന്നുന്നില്ല. നമ്മുടെ നാടിന്റെ പേരില്‍ നിന്നും തുടങ്ങുന്നു ആ പുച്ഛത്തിന്റെ ആരംഭം. തമിഴ് മാതൃഭാഷ യായ നാടിനെ തമിഴ് നാടെന്നും കന്നഡ മാതൃഭാഷ  ആയ നാടിനെ കര്‍ണാടക എന്നും ഒക്കെ വിളിക്കുമ്പോള്‍ മലയാളം മാതൃഭാഷ  ആയ നാടിനെ കേരളം എന്നു വിളിക്കുന്നു. കേരളം എന്നത് മലയാള വാക്കല്ല. സംസ്കൃവാക്കാണ്.  മലയാളനാടിന്റെ പേരില്‍ തന്നെ തുടങ്ങി നമുക്ക്  ഭാഷയോടുള്ള വെറുപ്പ്. അതിന്റെ പരകോടിയാണ്, ഇപ്പോഴിറങ്ങുന്ന മലയാള സിനിമകള്‍,. . അവയുടെ പേരുകള്‍ ഇങ്ങനെ. Poppins, Ladies and Gentlemen, Salt and pepper, Yakshi Faithfully Yours, Trivandrum Lodge, Entry, Love Story, English, Climax, Flat No. B, K Q, 22 Female Kotayam, ABCD, Beautiful, Hotel California, Traffic, City Of God, Red Wine, Spirit, Romans. ഇത് വളരെ ചെറിയ ഒരു പട്ടികയാണ്.

New Generation എന്ന ഓമന പേരിട്ട് വിളിക്കുന്ന ഈ വക സിനിമകളില്‍ മിക്ക കഥാപാത്രങ്ങളും സംസാരിക്കുന്നത് ഇംഗ്ളീഷിലാണ്. ലോകത്തെ വേറൊരു ഭാഷയിലും ഇറങ്ങുന്ന സിനിമകളില്‍ ഇതുപോലെ ഒരു പ്രതിഭാസം കാണാനില്ല. ഈ സിനിമകളിലെ കഥാപാത്രങ്ങളേക്കൊണ്ട് ഇംഗ്ളിഷ് സംസാരിപ്പിക്കുന്നതിനു പിന്നില്‍ വ്യക്തമായ ഉദ്ദേശ്യങ്ങളുണ്ടാകണം.

സിനിമക്കൊപ്പം പ്രസിദ്ധി നേടിയ മലയാളം ചാനലുകളാണ്, മലയാള ഭാഷയെ പുച്ഛിക്കുന്ന മറ്റൊരു സങ്കേതം. Reality Shows എന്ന പേരിട്ടിരിക്കുന്ന ഈ പേക്കൂത്തുകളൊക്കെ മലയാള ഭാഷയെ വ്യഭിചരിക്കുന്ന വേശ്യാലയങ്ങളേപ്പോലെയാണ്. ഇവ അവതരിപ്പിക്കുന്ന പേക്കോലങ്ങള്‍ക്ക് ഇംഗ്ളീഷ് ഭാഷ മാത്രമേ വശമുള്ളു. മുഖ്യമായും ഇന്‍ഡ്യന്‍  ഭാഷയിലെ പാട്ടുകളാണ്, ഇതുപോലെയുള്ള ഒരു  പരിപാടിയില്‍  പാടുന്നത്. ഇത് പാടുന്നവരും കേള്‍ക്കുന്നവരും, ഇതിനെ വിലയിരുത്തുന്നവരും  മലയാളികള്‍ മാത്രമാണ്.  ചുരുക്കം ചില തമിഴരും വിധികര്‍ത്തക്കളായി വരുന്നത് കണ്ടിട്ടുണ്ട്. ഇതില്‍  ഇംഗ്ളീഷ് ഭാഷ ഉപയോഗിക്കുന്നതിന്റെ  സാംഗത്യം  എത്ര ആലോചിച്ചിട്ടും മനസിലാകുന്നില്ല.  മലയാള ഭാഷ വക്രീകരിച്ച് ഇംഗ്ളീഷ് കൂട്ടിക്കലര്‍ത്തി ഉപയോഗിക്കുന്നതിന്റെ മുന്നണിപ്പോരാളി എന്നു വിളിക്കാവുന്ന കക്ഷി രഞ്ഞിനി നായരാണ്.


ഇവരുടെ ഗോഷ്ടികളെ  ജഗതി ശ്രീകുമാര്‍  വിമര്‍ശിച്ചത്  ഇവിടെ കാണാം.


വിധികര്‍ത്താവായി വന്ന എം ജി ശ്രീകുമാര്‍ രഞ്ഞിനിയുടെ പിന്നിലാകരുതെന്നു കരുതി  വിളിച്ചു പറയുന്ന മണ്ടത്തരങ്ങള്‍  ഇവിടെ കാണാം.



കേരളത്തിൽ ജീവിക്കുന്നവർക്കുകൂടിയും മലയാളം വേണ്ടാതായിരിക്കുന്ന അവസ്ഥയാണിന്ന്. ഭരണ രംഗത്തുള്ളവരും  സമൂഹത്തില്‍ സ്വാധീനം ചെലുത്താന്‍ കഴിയുന്നവരും കൂടി പുതിയ തലമുറയെ  മലയാളം അറിയാത്തവരായി വളർത്തിയെടുക്കാൻ ബോധപൂര്‍വ്വമായി ശ്രമിക്കുന്നുണ്ട്.


മലയാളത്തില്‍ ചോദിച്ച ഒരു ചോദ്യത്തിനു, മലയാളി ആയ കേന്ദ്ര മന്ത്രി മറുപടി പറയുന്നത് കേള്‍ക്കൂ. 


കോളേജ് വിദ്യാഭ്യാസ കാലത്തെ ഒരു സംഭവം എനിക്കോര്‍മ്മ വരുന്നു. കോളേജിലെ ഒരു സാംസ്കാരിക സമ്മേളനത്തിലെ മുഖ്യാഥിതി കവി സച്ചിതാനന്ദനായിരുന്നു. മലയാളത്തില്‍ സമാന്യം നല്ല കവിതകള്‍ എഴുതുന്ന ഇംഗ്ളീഷ് പ്രഫസറായിരുന്ന അദ്ദേഹം പ്രസംഗം തുടങ്ങിയത് ഇംഗ്ളീഷില്‍ ആയിരുന്നു. ഷേക്ക് സ്പിയറിന്റെ നാടകങ്ങളിലേതു പോലെ കടിച്ചാല്‍ പൊട്ടാത്ത പ്രയോഗങ്ങളൊക്കെ ഇടകലര്‍ത്തി  ചില ചേഷ്ടകളോടെ അദ്ദേഹം നടത്തിയ പ്രസംഗം സദസ്യര്‍ക്ക് അധികനേരം സഹിക്കാനായില്ല. അനിവര്യമായ കൂവലില്‍ അത് ചെനെത്തിയപ്പോള്‍  കവി തന്നെ തന്റെ പ്രസംഗം മലയാളത്തിലേക്ക് മാറ്റി. അപ്പോള്‍ സദസും ശാന്തമായി.

 മലയാളത്തിന്, കേരളത്തില്‍ ഇന്ന് ആരും മാന്യത കല്പിക്കുന്നില്ല. കുട്ടികളുടെ ഭാവി സുസ്ഥിരമാക്കുവാൻ മലയാളഭാഷയ്ക്കു കഴിയില്ലെന്നും അതിന് ഇംഗ്ലീഷ് തന്നെ വേണമെന്നും സമൂഹത്തെ ധരിപ്പിച്ചു വച്ചിരിക്കുന്നു. മറ്റ് ഭാഷക്കാർക്ക് അവരുടെ ഭാഷകളോട്  ഉള്ളതുപോലെ മലയാളത്തോട്  ഒരു മമതയും മലയാളികൾക്കില്ല. തമിഴ്നാട്ടിലെ ഏത് സ്ഥാപനങ്ങളുടെയും പേരുകൾ  തമിഴിൽത്തന്നെ എഴുതി വയ്ക്കണമെന്നത് തമിഴര്‍ക്ക് നിർബന്ധമുണ്ട്. പക്ഷെ മലയളികള്‍ക്കതില്ല. പണ്ടൊക്കെ സ്റ്റോഴ്സ് എന്നും ഷോപ്പ് എന്നും മലയാളത്തില്‍ എഴുതി വച്ചിരുന്ന സ്ഥാനത്ത് ഇപ്പോള്‍ വ്യാപകമായി കാണുന്നത്  shoppe എന്നാണ്. എന്താണിതുകൊണ്ട് എഴുതുന്നവര്‍ ഉദ്ദേശിക്കുന്നതെന്നറിയാന്‍ പാഴൂര്‍ പടിപ്പുരയില്‍ തന്നെ പോകേണ്ടി വരും.  പട്ടണങ്ങളില്‍  ഇംഗ്ളീഷിലും മലയാളത്തിലും  ബോര്‍ഡ് എഴുതി വയ്ക്കുന്നതു മനസിലാക്കാം.വിദേശികൾ  ബുദ്ധിമുട്ടരുതല്ലൊ. , പക്ഷെ ഗ്രാമങ്ങളില്‍ പോലും ഇംഗ്ലീഷിൽത്തന്നെ ബോർഡ്  എഴുതി  വയ്ക്കണമെന്നു നിർബന്ധമുള്ളവരാണ് മലയാളികൾ.മലയാളി ആയി ജനിച്ചു പോയതുകൊണ്ട്, ഗതികേടുകൊണ്ട് മലയാളം പഠിച്ചു പോയി എന്നാണു മിക്ക മലയാളികളുടെയും മാനസിക അവസ്ഥ. അതുകൊണ്ട് അവര്‍ മുറി ഇംഗ്ളീഷ് കൂട്ടിക്കലര്‍ത്തി  സംസാരിക്കുന്നു.  

മലയാളികളുടെ മാതൃഭാഷ മലയാളമാണ്. അതിനെ പരിപോഷിപ്പിക്കേണ്ടതും മലയാളികളാണ്.  മലയാളികൾക്ക് ഈ ഭാഷ വേണ്ടാതാകുന്ന അവസ്ഥയാണിന്നുള്ളത്. മലയാള ഭാഷക്ക് ശ്രേഷ്ട ഭാഷാ പദവി ലഭിച്ചതുകൊണ്ടോ മലയാള  സർവ്വകലാശാല സ്ഥാപിച്ചതുകൊണ്ടോ  ഈ ഭാഷയെ സംരക്ഷിക്കാനോ പരിപോഷിപ്പിക്കുവാനോ കഴിയില്ല.


ഭാഷയുടെ കാര്യത്തില്‍ മാത്രമല്ല മലയാളികള്‍ക്ക് മലയാളനാടിനോട്  അവജ്ഞ. കേരളത്തില്‍ ആയിരിക്കുമ്പോള്‍ മടിയന്‍മാരും സമരാവേശം മൂത്തവരും കേരളത്തിനു പുറത്തുപോയാല്‍ അടിമകളേപ്പൊലെ പണിയെടുക്കുന്നു.


പാലക്കാടന്‍ മലയാളി ആയിരുന്ന എം ജി രാമ ചന്ദ്ര മേനോന്‍ തമിഴ് നാട്ടിലെ തമിഴരുടെ മാത്രമല്ല, ശ്രീലങ്കയിലെ തമിഴരുടെയും രക്ഷിതാവായി സ്വയം അവരോധിച്ചിരുന്നു. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള കേന്ദ്ര മന്ത്രിമാര്‍ അവരുടെ നാടിനു വേണ്ടിയും ഭാഷക്കു വേണ്ടിയും പലതും ചെയ്യുമ്പോള്‍ കേരളത്തില്‍ നിന്നുള്ള  കേന്ദ്ര മന്ത്രിമാര്‍ ഈ വക വിഷയങ്ങളില്‍ നിന്നു മുഖം തിരിക്കുന്നു. പ്രവാസികളുടെ യാത്രാ പ്രശ്നത്തേക്കുറിച്ച്  ചോദിച്ചപ്പോള്‍ അത് മലയാളികളുടെ ചോദ്യമായല്ല വയലാര്‍ രവി എന്ന മന്ത്രി കണ്ടത്. അത് കമ്യൂണിസ്റ്റുചോദ്യമായാണ്. മാത്രമല്ല  സൂര്യനെല്ലി വിഷയത്തേപ്പറ്റി ഒരു ചോദ്യം  ​ചോദിച്ച  വനിതാ പത്ര പ്രവര്‍ത്തകയെ ദ്വയാര്‍ത്ഥ പ്രയോഗത്തിലൂടെ അധിക്ഷേപിക്കാനും ഇദ്ദേഹം തുനിഞ്ഞു.





പലരും പലപ്പോഴും പറയാറുള്ള മറ്റൊന്ന്, പ്രവാസി മലയാളികളാണ്, കേരളത്തിന്റെ സമ്പദ് വ്യവസ്ഥയെ താങ്ങി നിറുത്തുന്നത് എന്നാണ്. 53000 കോടി രൂപ വര്‍ഷം തോറും  പ്രവാസികള്‍ കേരളത്തിലേക്ക് കൊണ്ടു വരുന്നു. അതില്ലായിരുന്നെങ്കില്‍ കേരളം  കുത്തു പാള എടുത്തേനേ എന്നൊക്കെയാണു പ്രചരിപ്പിക്കുന്നത്. മറ്റൊരു റിപ്പോര്‍ട്ട് പറയുന്നത്  അന്യസംസ്ഥാന തൊഴിലാളികള്‍ കേരളത്തില്‍ നിന്നും വര്‍ഷം തോറും 20000 കോടി രൂപ കൊണ്ടുപോകുന്നു എന്ന്. പ്രവാസികളായ മലയാളികള്‍ ഗള്‍ഫ് നാടുകളില്‍ പോയി ചെയ്യുന്ന അതേ പണി തന്നെയാണ്, ഈ തൊഴിലാളികളും ചെയ്യുന്നത്. അറബിനാടുകളില്‍ അനുഭവിക്കുന്ന  കഷ്ടപ്പാടിന്റെ കണ്ണീരില്‍ കുതിര്‍ന്ന കഥകള്‍  ഇവര്‍ കൂടെക്കൂടെ പറയാറുമുണ്ട്. ഇവര്‍ക്കൊന്നും കേരളത്തിലെ ജോലി വേണ്ട. കേരളത്തില്‍ ജീവിക്കയും വേണ്ട. കേരളത്തില്‍ ജീവിക്കുന്ന പലര്‍ക്കും മലയാളം വേണ്ട. മലയാളി എന്ന പേരുപോലും ഇവര്‍ ഉപേക്ഷിക്കുന്ന കാലം വരുമെന്നാണു തോന്നുന്നത്.

ജോലിക്കാര്യത്തിലും  ഭാഷയുടെ കാര്യത്തിലും മാത്രമല്ല, മറ്റ് പല കാര്യത്തിലും  പല മലയാളികള്‍ക്കും ഇതുപോലെ ഒരു ഇരട്ടത്താപ്പു കാണാനുണ്ട്. അടുത്ത കാലത്ത്  നരേന്ദ്ര മോഡിയെ കേരളത്തിലേക്ക്  എസ് എന്‍ ഡി പിയുടെ ആഭിമുഖ്യത്തില്‍ ക്ഷണിച്ചു കൊണ്ടു വന്നു. അതിനെതിരെ വലിയ ഒരു കോലാഹലം കേരളത്തിലുണ്ടായി. എന്‍ എസ് എസും എസ് എന്‍ ഡി പിയും  ചേര്‍ന്ന് ഹിന്ദുക്കളെ സംഘടിപ്പിക്കുന്നതിന്റെ ഭാഗമായിരുന്നു അത്. ശിവ ഗിരി പോലെയുള്ള ഒരു സ്ഥലത്ത് മോഡി വരുന്നത് വിവാദമാകും എന്നറിഞ്ഞു കൊണ്ടു തന്നെയാണിവര്‍ ഇത് ചെയ്തതും. അവര്‍ ഉദ്ദേശിച്ചപോലെ വിവാദമായി.  മുസ്ലിം തീവ്രവാദ സംഘടനയായ പോപ്പുലര്‍ ഫ്രണ്ടുകാര്‍ നടത്തുന്ന വിധ്വംസക പ്രവര്‍ത്തനങ്ങളേക്കുറിച്ച്  മിണ്ടാത്ത രാഷ്ട്രീയക്കാര്‍ പോലും മോഡിയെ വിമര്‍ശിച്ചു കണ്ടു. മോദി വന്നതു സംബന്ധിച്ചുണ്ടായ വിവാദത്തില്‍ സുകുമാരന്‍ നായരും വെള്ളാപ്പള്ളിയും  പ്രകടിപ്പിച്ച അഭിപ്രായങ്ങളും  വിമര്‍ശനങ്ങളും എവിടെ കൊണ്ടു എന്ന് അടുത്ത ദിവസം ഉണ്ടായ പ്രതികരണം നമ്മെ ബോധ്യപ്പെടുത്തി. മോഡിയെ വിമര്‍ശിക്കാന്‍ മുന്നില്‍ നില്‍ക്കുന്നത് മുസ്ലിങ്ങളാണ്. പക്ഷെ മുസ്ലിം തീവ്രവാദ സംഘടനകളെ അവര്‍ ഇതുപോലെ വിമര്‍ശിക്കാറില്ല.  ലീഗുകാര്‍ പാണക്കട്ടു തങ്ങളുടെ അദ്ധ്യക്ഷതയില്‍ യോഗം ചേര്‍ന്ന്, ചില  തീരുമാനങ്ങളെടുത്തു. സുകുമാരന്‍ നായരെയും വെള്ളാപ്പള്ളിയേയും പറ്റി യു ഡി എഫില്‍ പരാതി പറയുമത്രെ. ലീഗ് തുറന്നു വിട്ട വര്‍ഗ്ഗീയ ദുര്‍ഭൂതം കേരളത്തെ ആകെ വിഴുങ്ങാന്‍ തയ്യാറെടുക്കുന്നു. ഇത്രകാലം മോഡിയെ അവഗണിച്ചു നടന്ന എസ് എന്‍ ഡി പി  ഇന്ന് മോഡിയെ ക്ഷണിച്ചതെന്തുകൊണ്ട് എന്ന് ചിന്തിക്കാനുള്ള വിവേകം ഏതായാലും മുസ്ലിം ലീഗിനോ മുസ്ലിങ്ങള്‍ക്ക് പൊതുവെയോ ഇല്ല. മറ്റ് പലതും ഉപേക്ഷിക്കുന്ന കൂടെ കേരളത്തിന്റെ മതേതര പൈതൃകവും മലയാളികള്‍, പ്രത്യേകിച്ച് മലയാളി ഹിന്ദുക്കള്‍ ഉപേക്ഷിക്കുമോ എന്ന് കാത്തിരുന്നു കാണാം. ശ്രീനാരായണഗുരുവിന്റെ ഉറച്ച അനുയായികളായ ശിവഗിരിയിലെ സന്യാസിമാര്‍ പ്രകടമായി മോഡിയെ പിന്തുണക്കുന്നത് ഗൌരവത്തോടെയേ  കാണാന്‍ പറ്റൂ.

എന്നും പച്ചപ്പട്ടു പുതച്ചു കിടന്ന കേരളം ഇപ്പോള്‍ ഒരു മരുഭൂമി ആയി മാറിക്കൊണ്ടിരിക്കുന്നു. കേന്ദ്ര  ആസൂത്രണ ബോഡ് ഉപാദ്ധ്യക്ഷന്‍ അഹ്‌ലുവാലിയ കേരളത്തില്‍ വന്നു പറഞ്ഞത് നിങ്ങള്‍ കൃഷിയൊന്നും ചെയ്യേണ്ട. കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍ പണുതോളൂ എന്നാണ്. കൃഷി ഇല്ലാതാക്കി കാടുകളൊക്കെ വെട്ടി നശിപ്പിച്ച് ഇപ്പോള്‍ കേരളത്തിലൊരിടത്തും മഴ പെയ്യുന്നില്ല. കുടി വെള്ളം ഇല്ല. കൃഷിഭൂമി മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതിനെതിരെ സമരം  ചെയ്ത വ്യക്തിക്ക് വെട്ടിനിരത്തലുകാരന്‍ എന്ന വട്ടപേരു ചാര്‍ത്തിക്കൊടുത്തു മലയാളികള്‍,. എന്നിട്ടിപ്പോള്‍ കുടി വെള്ളത്തിനു വേണ്ടി തമിഴ് നാടിന്റെ മുന്നില്‍ യാചിക്കേണ്ട അവസ്ഥയിലായി. അതും കേരളം നല്‍കുന്ന വെള്ളത്തിന്റെ ഒരംശത്തിനു വേണ്ടി.

ഇതുപോലെയുള്ള അനേകം ഇരട്ടത്താപ്പുകള്‍ മലയാളികള്‍ക്ക് സ്വന്തമായി ഉണ്ട്. സ്വന്തം മാതൃഭാഷ ഉള്‍പ്പടെ എല്ലാ പൈതൃകങ്ങളും ഉപേക്ഷിക്കാന്‍ മലയാളികള്‍ വൃതമെടുത്തിരിക്കുന്നു എന്ന ഒരു തോന്നലാണിപ്പോള്‍ ഉള്ളത്. പുരോഗതിയുടെ  അളവുകോലുകളായ പലതിലും ഏറ്റവും മുന്നില്‍ നില്‍ക്കുമ്പോഴും എന്തുകൊണ്ട് മലയാളികള്‍ ഇതുപോലെ പെരുമാറുന്നു?

നേതാക്കന്‍മാര്‍ക്ക് മലയാളം വേണ്ട. മലയാളിയെ വേണ്ട. പിന്നെ  ആര്‍ക്കാണീ നാടിന്റെ പൈതൃകം  വേണ്ടത്?

15 comments:

kaalidaasan said...

ഇതുപോലെയുള്ള അനേകം ഇരട്ടത്താപ്പുകള്‍ മലയാളികള്‍ക്ക് സ്വന്തമായി ഉണ്ട്. സ്വന്തം മാതൃഭാഷ ഉള്‍പ്പടെ എല്ലാ പൈതൃകങ്ങളും ഉപേക്ഷിക്കാന്‍ മലയാളികള്‍ വൃതമെടുത്തിരിക്കുന്നു എന്ന ഒരു തോന്നലാണിപ്പോള്‍ ഉള്ളത്. പുരോഗതിയുടെ അളവുകോലുകളായ പലതിലും ഏറ്റവും മുന്നില്‍ നില്‍ക്കുമ്പോഴും എന്തുകൊണ്ട് മലയാളികള്‍ ഇതുപോലെ പെരുമാറുന്നു?

നേതാക്കന്‍മാര്‍ക്ക് മലയാളം വേണ്ട. മലയാളിയെ വേണ്ട. പിന്നെ ആര്‍ക്കാണീ നാടിന്റെ പൈതൃകം  വേണ്ടത്?

മലക്ക് said...

അഭിപ്രായങ്ങളെ മാനിക്കുന്നു. അതിന്റെ കൂടെ എന്നോട് ഒരു തെലുങ്ക് സുഹൃത്ത്‌ (പല ദേശങ്ങളിൽ സഞ്ചരിച്ച ഒരാള്) പറഞ്ഞ ഒരു കാര്യം സൂചിപ്പിക്കട്ടെ.

"Malayalam, the world's second language. Where ever I went, I saw a Malayalee there. I think, if we know malayalam, we can survive anywhere."

പകുതി തമാശയായും പകുതി കാര്യമായും പറഞ്ഞതാണ്. ഗള്ഫിലെ കാര്യമാണെങ്കിൽ അത് തികച്ചും ശരിയാണ്. മലയാളം അറിഞ്ഞാൽ ഇവിടെ ജീവിക്കാം. തെലുങ്ക്, ഹിന്ദി, ഇംഗ്ലീഷ്, അറബി എന്നീ ഭാഷകൾ അനായേസം കൈകാര്യം ചെയ്യുന്ന അദ്ദേഹം ഇപ്പോൾ മലയാളം പഠിക്കുന്നു. മലയാളികള്ക്ക് വേണ്ടെങ്കിലും മലയാളത്തെ ബഹുമാനിക്കുന്ന അനേകം ആളുകള് വേറെ ഉണ്ട്. ആശയ വിനിമയത്തിനാനെല്ലോ ഭാഷ, ഗൾഫിൽ ഡോക്ടരമാരുടെ കാര്യം തന്നെ എടുക്കാം. മലയാളികൾ അല്ലാത്ത ഏകദേശം എന്പതു ശതമാനം ഡോക്ടര്മാര്ക്കും മലയാളം കേട്ടാല മനസിലാകും. അത് അവരുടെ ഒരു ആവശ്യമായി മാറിയിരിക്കുകയാണ്.

Baiju Elikkattoor said...

അടിസ്ഥാനപരമായി മലയാളികൾ ഭൂരിപക്ഷവും പൊങ്ങച്ചക്കാരും അടിമത്ത മനോഭാവം ഉള്ളവരും ആണ്. സായിപ്പിന്റെ ഭാഷ സായിപ്പിനെക്കാളിലും ഭംഗിയായി പറയാൻ ശ്രമിക്കും, എന്നാൽ മാതൃഭാഷ പറയുമ്പോൾ ഉച്ചാരണ ശുദ്ധി തീരെ പാലിക്കാറില്ല; ചാനലുകളിൽ വാര്ത്ത വായിക്കുന്നവരും റിപ്പോർട്ട്‌ ചെയ്യുന്നവരും ചിലപ്പോൾ വാക്കുകൾ വളരെ വികൃതമായാണ് ഉച്ചരിക്കാറുള്ളതു.

അഹങ്കാരത്തിൻറെയും പൊങ്ങച്ചത്തിന്റെയും ആൾരൂപമായ വയലാര് രവി എന്ന മന്ത്രി ഖജനാവിന് ബാദ്ധ്യത അല്ലാതെ ആർക്കും ഒരു പ്രയോജനവും ഇല്ല.

പോപ്പുലർ ഫ്രോണ്ട് എന്നാ തീവ്രവാത സംഘടനയുടെ ആയുധങ്ങൾ പിടിച്ചെടുത്തതും അതിന്റെ ആൾക്കാരെ അറസ്റ്റ് ചെയ്തതും ഒന്നും ഇവിടുത്തെ ഇടതു/വലതു രാഷ്ട്രീയ നേതൃത്വങ്ങൾക്ക് ഗൌരവം ഉള്ള കാര്യമേ അല്ല എന്ന് തോന്നുന്നൂ!

ajith said...

ക്ലാസിക് ‘മലയാലം”

kaalidaasan said...

>>>>ആശയ വിനിമയത്തിനാനെല്ലോ ഭാഷ, ഗൾഫിൽ ഡോക്ടരമാരുടെ കാര്യം തന്നെ എടുക്കാം. മലയാളികൾ അല്ലാത്ത ഏകദേശം എന്പതു ശതമാനം ഡോക്ടര്മാര്ക്കും മലയാളം കേട്ടാല മനസിലാകും. അത് അവരുടെ ഒരു ആവശ്യമായി മാറിയിരിക്കുകയാണ്.<<<<

മലക്ക്,

ഭാഷ ആശയ വിനിമയത്തിനു വേണ്ടിതന്നെയാണ്. മലയാളികളായ രോഗികളോട് സംസാരിക്കാന്‍ ഗള്‍ഫിലെ ഡോക്ടര്‍മാര്‍ മലയാളം പഠിക്കുന്നതും അറിയുന്നതും വേണ്ടതു തന്നെ. കേരളത്തില്‍ വന്നു ജോലി ചെയ്യുന്ന മറ്റ് സംസ്ഥാനക്കാരും മലയാളം പഠിക്കാറുണ്ട്.

മലയാളികള്‍ക്ക് മലയാളികളോട് ആശയ വിനിമയം നടത്താന്‍ എന്തിനാണ്, ഇംഗ്ളീഷ് എന്ന് എനിക്ക് ഒട്ടും മനസിലാകുന്നില്ല. അനിവാര്യമയ സന്ദര്‍ഭങ്ങളില്‍ നമുക്ക് ഇംഗ്ളീഷ് ഉപയോഗിക്കാം. മലയാളം മനസിലാകാത്തവരോട് സംസാരിക്കുമ്പോഴും  അവര്‍ ചോദിക്കുന്നതിനു മറുപടി പറയുമ്പോഴും അറിയാവുന്ന ഇംഗ്ളീഷില്‍  ആശയ വിനിമയം നടത്തുനതില്‍ യാതൊരു അസ്വാഭാവികതയുമില്ല.

kaalidaasan said...

>>>>അടിസ്ഥാനപരമായി മലയാളികൾ ഭൂരിപക്ഷവും പൊങ്ങച്ചക്കാരും അടിമത്ത മനോഭാവം ഉള്ളവരും ആണ്.<<<<

ബൈജു,

ഇതിനോട് പൂര്‍ണ്ണമായും യോജിക്കുന്നു. ഇതിന്റെ കൂടെ മറ്റ് ചിലതുകൂടി ഉണ്ട്. അഹങ്കാരവും പുച്ഛവും.

കേരളത്തിനു പുറത്തുപോയവരില്‍ കൂടുതലായി കാണുന്ന ഒരു സ്വഭാവം എല്ലാം സ്വകാര്യവത്കരിക്കണമെന്ന ആവശ്യമാണ്. അവരുടെ കയ്യില്‍ പണമുണ്ട്. ആ പണം കൊടുത്ത് കൂടുതല്‍  സുഖ സൌകര്യങള്‍ വാങ്ങി അനുഭവിക്കണമെങ്കില്‍  എല്ലാം സ്വകാര്യ വത്കരിച്ചേ പറ്റു. ഇവര്‍ പഴയ നെഹ്റുവിയന്‍ സോഷ്യലിസ്റ്റ് സങ്കല്‍പങ്ങളെയും അതു വഴി ഉണ്ടായ കേരളവികസനമാതൃകയെയും തള്ളിപ്പറയുന്നു. പുച്ഛിക്കുന്നു. പക്ഷെ ആ പാരമ്പര്യമാണ്, ഇവരെ ഈ നിലയില്‍ എത്തിച്ചതെന്ന സത്യം  ഇവര്‍ മറക്കുന്നു. സൗജന്യ വിദ്യാഭ്യാസവും സൌജന്യ ആരോഗ്യരക്ഷയും റേഷനുമൊക്കെ ഉണ്ടായിരുന്നില്ലെങ്കില്‍ ഇവരില്‍ ഭൂരിഭാഗം പേരും ഇന്നത്തെ നിലയിലെത്തുമായിരുന്നില്ല. ഇപ്പോള്‍ ഇവരുടെ കയ്യില്‍ കൂടുതല്‍ പണമുണ്ട്. അത് ചെലവഴിക്കാന്‍  വേണ്ട സൌകര്യങ്ങള്‍ കേരളത്തിലില്ല. അതിന്റെ കരച്ചില്‍ പലയിടത്തുനിന്നും കേള്‍ക്കാം. മുന്തിയ ഇനം കാറുകള്‍ വാങ്ങാന്‍ ശേഷിയുള്ളതുകൊണ്ട് അതോടിക്കാന്‍ വേണ്ടി ഇവര്‍ക്ക് കേരളത്തില്‍ തെക്കുവടക്കായി 100 മീറ്റര്‍ വീതിയില്‍ തന്നെ റോഡുവേണം. കൂടുതല്‍ പണം കൊടുക്കാന്‍ കഴിയുമെന്നതുകൊണ്ട് തങ്ങള്‍ക്കു കൂടുതല്‍ മികച്ച സേവനങ്ങള്‍ക്ക് അര്‍ഹതയുണ്ട് എന്നാണിവരുടെ വിചാരം. പണം കയ്യിലുള്ളതുകൊണ്ട് പൊതുസേവനങ്ങള്‍ മെച്ചപ്പെടുത്താല്‍ അവര്‍ക്ക് താല്‍പര്യമില്ല. എന്നു മാത്രമല്ല എല്ലാ സേവനങ്ങളും സ്വകാര്യവത്കരിക്കണമെന്നും ഇവര്‍ വാദിക്കുന്നു.

kaalidaasan said...

>>>>അഹങ്കാരത്തിൻറെയും പൊങ്ങച്ചത്തിന്റെയും ആൾരൂപമായ വയലാര് രവി എന്ന മന്ത്രി ഖജനാവിന് ബാദ്ധ്യത അല്ലാതെ ആർക്കും ഒരു പ്രയോജനവും ഇല്ല. <<<<

ബൈജു,

ഇദ്ദേഹത്തേപ്പോലെ ഒരു മന്ത്രിയ സഹിക്കേണ്ടത് മലയാളികളുടെ ഗതികേടാണ്. അടിമത്ത മനോഭവം ഉള്ളതുകൊണ്ടാണദ്ദേഹത്തെ ചവുട്ടിപ്പുറത്താക്കാത്തതും. വേറെ ഏതെങ്കിലും നാട്ടിലായിരുന്നെങ്കില്‍ ഇദ്ദേഹത്തിന്റെ പൊതു ജീവിതം അവസാനിക്കുമായിരുന്നു.

പി ജെ കുര്യനേ സംബന്ധിച്ച ചോദ്യമുണ്ടായപ്പോള്‍ രവി പ്രതികരിക്കുന്നതുനോക്കു. ഒരു വിടന്റെ ചേഷ്ടയോടെ തല തടവി ആ പെണ്‍കുട്ടിയോട് പ്രതികരിക്കുന്ന രീതി മാത്രം മതി ആ മനസിലെ അധമത്വം  മനസിലാക്കാന്‍,. മൂന്നാം കിട സിനിമകളിലെ വില്ലന്‍മാരെയേ ഇതുപോലെ കണ്ടിട്ടുള്ളു. ഇദ്ദേഹത്തിനു മക്കളും  ചെറുമക്കളും ഉള്ളതായി അറിയാം. എന്നിട്ടും ഒരു പെണ്‍കുട്ടിയോട് പ്രതികരിച്ച രീതി നോക്കു. ലജ്ജാവഹമാണത്.

kaalidaasan said...

>>>>പോപ്പുലർ ഫ്രോണ്ട് എന്നാ തീവ്രവാത സംഘടനയുടെ ആയുധങ്ങൾ പിടിച്ചെടുത്തതും അതിന്റെ ആൾക്കാരെ അറസ്റ്റ് ചെയ്തതും ഒന്നും ഇവിടുത്തെ ഇടതു/വലതു രാഷ്ട്രീയ നേതൃത്വങ്ങൾക്ക് ഗൌരവം ഉള്ള കാര്യമേ അല്ല എന്ന് തോന്നുന്നൂ!<<<<

ബൈജു,

കേരളത്തിലെ മുഖ്യ ധാര രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്കൊന്നും ഇസ്ലാമിക ഭീകരവാദം ഒരു പ്രശ്നമേയല്ല. ഹൈന്ദവ ഭീകരതക്കും തീവ്രവാദത്തിനും എതിരെയാണവരുടെ ആക്രോശം മുഴുവനും. യഥാര്‍ത്ഥത്തില്‍ കേരളത്തിലെ ഹിന്ദുക്കളില്‍ വളരെ ചെറിയ ഒരു വിഭാഗം മാത്രമേ തീവ ഹിന്ദുക്കളായിട്ടുള്ളു. പക്ഷെ മുസ്ലിങ്ങളിലെ ഗണ്യമായ വിഭാഗം തീവ്ര മുസ്ലിങ്ങളാണ്. മിതവാദികളെന്ന മുഖം മൂടി ധരിക്കുന്ന മുസ്ലിം ലീഗുപോലും  ഗൂഡമായി മുസ്ലിം തീവ്രവാദത്തെയും  തീവ്രവാദികളെയും ഭീകരവദികളെയും സഹായിക്കുന്നുണ്ട്. പകല്‍ ലീഗായും രാത്രി പോപ്പുലര്‍ ഫ്രണ്ടും, എന്‍ ഡി എ ഫും, എസ് ഡി പി ഐ ആയുമൊക്കെ അനേകം മുസ്ലിങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അതൊക്കെ ഈ രാഷ്ട്രീയക്കാര്‍ക്കും അറിയാം.

പോപ്പുലര്‍ ഫ്രണ്ടിന്റെയൊക്കെ യഥാര്‍ത്ഥ ഉദ്ദേശ്യമെന്തെന്ന് മനസിലാക്കിയിട്ടുള്ള വി എസിനേപ്പോലുളവര്‍ അതേക്കുറിച്ച് പല മുന്നറിയിപ്പുകളും നല്‍കിയപ്പോള്‍ അദ്ദേഹത്തെ എല്ലാവരും ചേര്‍ന്ന് പുച്ചിക്കുകയാണുണ്ടായത്.

ഇപ്പോള്‍ ആയുധ പരിശീലനം നടത്തിയ അവരെ പിടികൂടിയപ്പോള്‍ ഉണ്ടായ ഭാഷ്യം, യോഗ പരിശീലനമാണെന്നും.
മോഡിയെ എതിര്‍ക്കുന്ന അതേ ആര്‍ജ്ജവത്തോടെ പോപ്പുലര്‍ ഫ്രണ്ടും എതിര്‍ക്കപ്പെടണം.

Ajith said...

മോഡിയെ ക്ഷണിച്ചതിനു പിന്നിലെ ലക്‌ഷ്യം ഒന്നു വിരട്ടുക എന്നത് മാത്രമാണ് . I dont think it will have any impact in kerala politics vis a vis Hindu consolidation

Ajith said...

"... പകല്‍ ലീഗായും രാത്രി പോപ്പുലര്‍ ഫ്രണ്ടും, എന്‍ ഡി എ ഫും, എസ് ഡി പി ഐ ആയുമൊക്കെ അനേകം മുസ്ലിങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അതൊക്കെ ഈ രാഷ്ട്രീയക്കാര്‍ക്കും അറിയാം.".

2009ഇന്റെ ഒരു 'തനിയാവര്തനതിനുള്ള' സാധ്യതകൾ കാണുന്നുണ്ട് .Karnatakaത്തിൽ പുതിയ ഗവണ്മെന്റ് വരുകയാണെങ്കിൽ മദനി ജയിൽ മോചിതനാവും . പിന്നെ അന്നതെതു പോലുള്ള സ്വീകരണങ്ങൾ , 2014തിരഞ്ഞെടുപ്പോട്കൂടി നീക്കു പോക്കുകൾ എല്ലാം പ്രതീക്ഷിക്കാം. ഇതെല്ലം ആരെങ്കിലും വിമർശിച്ചാൽ അവർക്കുൻ നേരെ ഈ പറയുന്ന 'ഇടതു ബുദ്ധിജീവികൾ' , സവർണ പൊതുബോധം ,മൃദു ഹിന്ദുത്വം എന്നിങ്ങനെയുള്ള പൊർവിലികലുമയെതും

kaalidaasan said...

>>>>>മോഡിയെ ക്ഷണിച്ചതിനു പിന്നിലെ ലക്‌ഷ്യം ഒന്നു വിരട്ടുക എന്നത് മാത്രമാണ് . I dont think it will have any impact in kerala politics vis a vis Hindu consolidation<<<<

അജിത്,

മോഡിയെ ക്ഷണിച്ചത് വിരട്ടാന്‍ ഉദ്ദേശിച്ചു തന്നെയാണ്. എന്‍ എസ് എസും എസ് എന്‍ ഡി പിയും യോജിച്ചു പ്രവര്‍ത്തിക്കുന്നതും, ഇപ്പോള്‍ മോഡിയെ ക്ഷണിച്ചതിനുമൊക്കെ വഴി മരുന്നിട്ടത് ലീഗിന്റെ ,മുന്നില്‍ കോണ്‍ഗ്രസ് പൂര്‍ണ്ണമായി കീഴടങ്ങിയതിന്റെ പരിണിതഫലമാണ്. മുസ്ലിങ്ങള്‍ വര്‍ഗ്ഗിയമായി സംഘടിച്ച് പലതും നേടിഎടുക്കുമ്പോള്‍ എന്തുകൊണ്ട് ഹിന്ദുക്കള്‍ക്കുമായിക്കൂടാ എന്നതാണിവരുടെ നിലപാട്.

കേരള രാഷ്ട്രീയത്തില്‍ പെട്ടെന്ന് ഇത് പ്രത്യേക പ്രത്യാഘാതമൊന്നും ഉണ്ടാക്കില്ല. പക്ഷെ ഒരിക്കലും ഉണ്ടാകില്ല എന്നൊന്നും പറഞ്ഞു കൂടാ. അബ്ദുള്ളക്കുട്ടി, ഷാജി, ഷിബു, കൃഷ്ണയ്യര്‍ തുടങ്ങിയവരൊക്കെ മോഡിയെ പ്രകീര്‍ത്തിക്കുമ്പോള്‍  കുറച്ചു പേരിലെങ്കിലും  മോഡിയോടുള്ള നിലപാടില്‍ മാറ്റം വരാന്‍ സാധ്യതയുണ്ട്.

kaalidaasan said...

>>>>>2009ഇന്റെ ഒരു 'തനിയാവര്തനതിനുള്ള' സാധ്യതകൾ കാണുന്നുണ്ട് .Karnatakaത്തിൽ പുതിയ ഗവണ്മെന്റ് വരുകയാണെങ്കിൽ മദനി ജയിൽ മോചിതനാവും . പിന്നെ അന്നതെതു പോലുള്ള സ്വീകരണങ്ങൾ , 2014തിരഞ്ഞെടുപ്പോട്കൂടി നീക്കു പോക്കുകൾ എല്ലാം പ്രതീക്ഷിക്കാം.<<<<

അജിത്,

താങ്കളീ പറഞ്ഞതിനുള്ള സാധ്യതയുണ്ട്. അവിടെയാണപകടവും.

2009 ആവര്‍ത്തിച്ചാല്‍ സുകുമാരന്‍  നായരും വെള്ളാപ്പള്ളിയും അടങ്ങിയിരിക്കില്ല. ഇപ്പോഴത്തേക്കാള്‍ കൂടുതല്‍ ശക്തമായി ഇവര്‍ പ്രതികരിക്കും. ഇവര്‍ പണ്ടുണ്ടാക്കിയ രാഷ്ട്രീയ പാര്‍ട്ടികള്‍ പുനരുജ്ജീവിപ്പിച്ചാലും അതില്‍ അത്ഭുതപ്പെടേണ്ടതില്ല. ഇപ്പോള്‍ തന്നെ ജെ എസ് എസിലെ ഒരു വിഭാഗത്തെ മുന്നില്‍ നിറുത്തി വെള്ളാപ്പള്ളി ആ വഴിക്കൊക്കെ ചിന്തിക്കുന്നുണ്ട്.

മദനിയുമായി ഇടതുപക്ഷം നീക്കുപോക്കുണ്ടാക്കിയാല്‍ ഇടതു പക്ഷത്ത് പൊട്ടിത്തെറി ഉണ്ടാകും. മൃദു ഇസ്ലാമികതയുടെ വക്താവായ പിണറായി അതിനു വേണ്ടി ഇനിയും ശ്രമിക്കും. പക്ഷെ സി പി എമ്മിന്റെ കേന്ദ്ര നേതൃ ത്വം അതിനോട് എങ്ങനെ പ്രതികരിക്കും എന്നു പറയാന്‍ പറ്റില്ല.

kaalidaasan said...

>>>>>ഇതെല്ലം ആരെങ്കിലും വിമർശിച്ചാൽ അവർക്കുൻ നേരെ ഈ പറയുന്ന 'ഇടതു ബുദ്ധിജീവികൾ' , സവർണ പൊതുബോധം ,മൃദു ഹിന്ദുത്വം എന്നിങ്ങനെയുള്ള പൊർവിലികലുമയെതും<<<<

അജിത്,

മദനിയേയും, എന്‍ ഡി എഫിനെയും, പോപ്പുലര്‍ ഫ്രണ്ടിനെയും ഒക്കെ വിമര്‍ശിക്കുനവര്‍ക്കുള്ള വട്ടപ്പേരാണ്, മൃദു ഹിന്ദുത്വ വാദി എന്നത്. പോപ്പുലര്‍ ഫ്രണ്ടിന്റെയൊക്കെ യഥാര്‍ത്ഥ ലക്ഷ്യം കേരള പൊതു സമൂഹത്തോട് വിളിച്ചു പറഞ്ഞ വി എസിനിവര്‍  ഈ വട്ടപ്പേരു നേരത്തെ തന്നെ ചാര്‍ത്തിക്കൊടുത്തിട്ടുണ്ട്.

തീവ്ര ഹിന്ദുത്വയും തീവ്ര ഇസ്ലാമികതയുമൊരു പോലെ എതിര്‍ക്കപ്പെടേണ്ട വിപത്തുകളാണ്. ഒരു പരിഷ്കൃത സമൂഹത്തില്‍ ഇവക്ക് സ്ഥാനമില്ല.

അടൂർ മുനിയാണ്ടി said...

അനേകം ഇരട്ടത്താപ്പുകള്‍ മലയാളികള്‍ക്ക് സ്വന്തമായി ഉണ്ട്. സ്വന്തം മാതൃഭാഷ ഉള്‍പ്പടെ എല്ലാ പൈതൃകങ്ങളും ഉപേക്ഷിക്കാന്‍ മലയാളികള്‍ വൃതമെടുത്തിരിക്കുന്നു എന്ന ഒരു തോന്നലാണിപ്പോള്‍ ഉള്ളത്. പുരോഗതിയുടെ അളവുകോലുകളായ പലതിലും ഏറ്റവും മുന്നില്‍ നില്‍ക്കുമ്പോഴും എന്തുകൊണ്ട് മലയാളികള്‍ ഇതുപോലെ പെരുമാറുന്നു?



100 % sathyam.....

kaalidaasan said...

ഒരു പതിറ്റാണ്ട് മുന്നേ കേരളത്തിലെ മിമിക്രി സ്റ്റേജുകളില്‍ കെ മുരളീധരനെ ഒരു മന്ദബുദ്ധി ആയിട്ട് സ്ഥിരമായി അവതരിപ്പിച്ചിരുന്നു. എങ്കില്‍ ഇന്ന് ആ പദവിക് ഏറ്റവും യോജിച്ച് വ്യക്തിയാണ്, കെ പി സി സി പ്രസിഡണ്ടിന്റെ സ്ഥാനത്തിരിക്കുന്ന രമേശ് ചെന്നിത്തല. സുകുമാരന്‍ നായര്‍ പറഞ്ഞതുപോലെ ഇപ്പോള്‍ തെക്കു വടക്ക് നടക്കുന്ന ഇദ്ദേഹത്തിന്റെ പരിഭവം കേരളത്തിലെ ഭൂമി കൂടി അന്യാധീനപ്പെടുന്നു എന്നാണ്. ഭാഷ്യും പകവും നഷ്ടപ്പെടുന്ന കൂടെ ഭൂമി കൂടി മലയാളിക്ക് നഷ്ടപ്പെടുന്നു. ഭരണ കക്ഷിയുടെ പ്രസിഡണ്ട് പറയുമ്പോള്‍ അതില്‍ കര്യമുണ്ട്.

കേരളത്തിലെ ആരെല്ലാമോ വാങ്ങിക്കൂട്ടുന്നു.

കേരളത്തില്‍ ആരെല്ലാമോ ആയിരക്കണക്കിന് ഏക്കര്‍ ഭൂമി വാങ്ങിക്കൂട്ടുകയാണ്. ഇതു തടയാന്‍ അടിയന്തരമായി ഭൂ ക്രയവിക്രയ നിയമം കൊണ്ടുവരണം. ആയിരക്കണക്കിന് ഏക്കര്‍ ഭൂമിയുടെ ക്രയവിക്രയം നടക്കുമ്പോഴും സാധാരണക്കാരന് അഞ്ചു സെന്റു ഭൂമി വാങ്ങാനാകാത്ത ഗുരുതരാവസ്ഥയാണ്. കേരളത്തിന്റെ ഭൂമി കേരളീയരുടേതല്ലാതാകുന്ന അവസ്ഥ തടയാന്‍ നിയമനിര്‍മാണത്തിലൂടെ മാത്രമേ സാധിക്കൂ.

കൃഷി ഭൂമി കൃഷിയാവശ്യത്തിനു മാത്രമേ വാങ്ങാനാകൂ എന്നു കര്‍ണാടകത്തില്‍ നിയമമുണ്ട്. രാജ്യാന്തര ടൂറിസ കേന്ദ്രമായി വളരുന്ന കേരളത്തിലെ ഭൂമി പൂര്‍ണമായും അന്യാധീനപ്പെട്ടേക്കും. വികസന പദ്ധതികള്‍ക്കും നിര്‍മാണങ്ങള്‍ക്കും സമയക്രമം പ്രഖ്യാപിക്കുകയും അതു നടക്കുന്നുണ്ടോ എന്നറിയാന്‍ സാമൂഹിക ഒാഡിറ്റ് നടപ്പാക്കുകയും വേണം. സ്മാര്‍ട്ട് സിറ്റിപോലുള്ള പദ്ധതികള്‍ സമയത്തു നടപ്പാക്കാത്തതു കൊണ്ടുമാത്രം കോടികളുടെ നഷ്ടമാണു സമൂഹത്തിണ്. സിപിഎം സ്വയം മാറ്റത്തിനു വിധേയമാകാന്‍ തീരുമാനിച്ചാല്‍ മാത്രമേ കേരളത്തില്‍ വികസനം വരൂ. വികസന കാര്യത്തില്‍ ഭരണം നോക്കി എതിര്‍ക്കില്ലെന്ന സമയവായത്തിനും തയാറാകണം. എതിരാളിയെ 51 വെട്ടു വെട്ടി കൊല്ലുകയും അക്രമത്തിന്റെ പാതയില്‍ രാഷ്ട്രീയ യാത്ര നടത്തുകയും ചെയ്യുന്ന സിപിഎമ്മാണു കേരളത്തിലെ വികസനത്തെ അട്ടിമറിച്ചുകൊണ്ടിരിക്കുന്നത്. എമര്‍ജിങ് കേരളയിലൂടെ കേരളത്തില്‍ വിദേശ, തദ്ദേശ നിക്ഷേപത്തിന് അവസരമൊരുക്കിയതായിരുന്നു. കേരളം നിക്ഷേപത്തിനു പറ്റിയ സ്ഥലമല്ലെന്നു പ്രചരിപ്പിച്ചതു സിപിഎമ്മാണ്. ലോകം മുഴുവന്‍ മാറുകയാണ്. അതിനനുസരിച്ചു മാറാന്‍ സിപിഎമ്മും തയാറാകണം. ഇനിയും കേരളത്തിനു കാത്തിരിക്കാനാകില്ല.

വിദേശ മലയാളികള്‍ തിരിച്ചു വരാന്‍ തുടങ്ങുകയാണ്. കേരളം നേരിടാന്‍ പോകുന്ന ഈ ഗുരുതരമായ സാഹചര്യത്തെ എങ്ങനെ നേരിടുമെന്നതാണു വലിയ പ്രശ്നം. അത്തരം ഗുരുതര കാര്യങ്ങള്‍ ചര്‍ച്ച ചെയ്യേണ്ട സമയമാണിതെന്നും കൊലപാതക രാഷ്ട്രീയത്തിന്റെ സമയമല്ല.


കൃഷി ഭൂമി കൃഷിയാവശ്യത്തിനു മാത്രമേ ഉപയോഗിക്കാവൂ എന്ന് രണ്ട് പതിറ്റണ്ടു മുന്നെ കേരളത്തിലെ സി പി എം നേതാവു പറഞ്ഞതൊന്നും ഈ മന്ദബുദ്ധി കേട്ടിട്ടുണ്ടാകില്ല. ചെന്നിത്തലയുടെ പാര്‍ട്ടിയും മുന്നണിയും കൂടി ഏക്കറുകണക്കിനു കൃഷിഭൂമി മറ്റാവശ്യങ്ങള്‍ക്ക് കൊടുത്തു കഴിഞ്ഞപ്പോളാണ്, ഈ മന്ദബുദ്ധിക്ക് ബുദ്ധി ഉദിച്ചു വരുന്നത്. ഇദ്ദേഹം പറയുന്നതില്‍ അല്‍പ്പമെങ്കിലും ആത്മാര്‍ത്ഥത ഉണ്ടെങ്കില്‍  കൃഷിഭൂമി നികത്തി ആറന്‍മുളയില്‍ നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്ന വിമാനത്തവള പദ്ധതി ഉപേക്ഷിക്കുകയാണു വേണ്ടത്. പക്ഷെ അത് ചെയ്യാന്‍ ഈ മന്ദബുദ്ധിക്ക് ആകില്ല. അതുകൊണ്ട് മലയാളികള്‍ക്ക് ഈ തമാശ ആസ്വദിക്കാം. തെക്കു വടക്ക് നടക്കുന്ന കഴുതകളില്‍ നിന്നും ഇതില്‍ കൂടുതല്‍ പ്രതിക്ഷിക്കേണ്ടതില്ലല്ലൊ.