Wednesday, 4 July 2012

കാക്ക വഴികാട്ടിയാല്‍


ഈ ലേഖനത്തിന്റെ തലക്കെട്ട് അല്‍പ്പം പ്രശ്നമുണ്ടാക്കിയേക്കാം.

മീന കന്ദസ്വാമി എന്ന എഴുത്തുകാരിയുടെ ഒരു ഗാന്ധി കവിതയേക്കുറിച്ചുള്ള വിമര്‍ശനം  ബഷീര്‍ വള്ളിക്കുന്നിന്റെ ബ്ളോഗില്‍ ഉണ്ട്. ഗാന്ധിജിയെ വിമര്‍ശിക്കുന്നത് എന്തോ മഹാപരാധമാണെന്ന തരത്തിലാണവിടെ  എഴുതപ്പെട്ട ഭൂരിഭാഗം അഭിപ്രായങ്ങളും. മുസ്ലിം പ്രവാചകന്‍ മൊഹമ്മദിനെ വിമര്‍ശിക്കുനതുമായി പോലും താരതമ്യം ചെയ്തു  ചിലര്‍,.. ഗാന്ധിജിയെ മോശമായി ചിത്രീകരിക്കുന്ന അഭിപ്രായങ്ങളും ഉണ്ടായി. മുസ്ലിം ലീഗിന്റെ നേതാവായ  മൊഹമ്മദ് അലി ജിന്ന മുസ്ലിങ്ങള്‍ക്ക് വേണ്ടി ഒരു പ്രത്യേക രാജ്യം ആവശ്യപ്പെട്ടതിന്റെ ഉത്തരവാദി ഗാന്ധിജി ആണെന്ന രീതിയില്‍ ഒരു പരാമര്‍ശവും കണ്ടു.

മുസ്ലിം ലീഗിന്റെ അന്നത്തെ നിലപാടും ഇന്നത്തെ നിലപാടുകളും പരാമര്‍ശിച്ച് ഞാന്‍ എഴുതിയ അഭിപ്രായം  ചിലര്‍ക്ക് ഇഷ്ടമായില്ല. അതിനോടുള്ള പ്രതികരണം ഇങ്ങനെ .

>>>>>ഭൂമിയിലെ ഏതു വിഷയം പോസ്റ്റ് ആക്കിയാലും തന്റെ കമന്റ് മുസ്ലിം ലീഗിനെതിരെ ആയിരിക്കും. കാക്ക വഴികാട്ടിയാല്‍ തീട്ടക്കുണ്ടിലേക്ക് എന്ന് പറഞ്ഞത് പോലെ താനൊക്കെ ഏതു വിശയത്തില്‍ കമന്റ് എഴുതിയാലും അത് അവസാനിക്കുന്നത് മുസ്ലിം ലീഗിനെതിരെ. അത്രയ്ക്ക് പുഴുത്തു നാറിയ മനസ്സാണ് തന്റേതു. ഇവിടെ കന്തസാമിയുടെ കവിതയാണ് വിഷയം. ലീഗും പച്ച്ലടുവും അല്ല. ഒന്ന് കൂടെ പറയട്ടെ. ഞാന്‍ ലീഗുകാരന്‍ അല്ല<<<<  




കാക്ക എന്ന വാക്ക് മുസ്ലിങ്ങളെ വിശേഷിപ്പിക്കാന്‍ ഉപയോഗിക്കാറുണ്ട്. അതുപോലെ പച്ച എന്ന നിറവും മുസ്ലിങ്ങളുമായി ബന്ധപ്പെട്ട് കിടക്കുന്നു. കാവി സംഘ പരിവാറിന്റേതും, ചുവപ്പ്  കമ്യൂണിസ്റ്റുകാരുടെയും നിറമെന്ന് വിശേഷിപ്പിക്കപ്പെടുന്നതുപോലെ. ഈ അഭിപ്രായത്തില്‍ ഉപയോഗിച്ചിരിക്കുന്നത് ഒരു പഴം ചൊല്ലാണെന്നു തോന്നുന്നു. കാക്ക വഴികാട്ടിയാല്‍ തീട്ടക്കുണ്ടിലേക്ക്!!!  "കാക്ക കുളിച്ചല്‍ കൊക്കാകാ" എന്നൊക്കെ കേട്ടിട്ടുണ്ട്.പക്ഷെ  ഇത് ഞാന്‍ ആദ്യമായി കേള്‍ക്കുകയാണ്.  ഏതായാലും എനിക്കത് ഇന്നത്തെ കേരളത്തിലെ രാഷ്ട്രീയ സാമൂഹ്യ മണ്ഡലത്തില്‍ പ്രസക്തമാണെന്നു തോന്നുന്നു. 


മുസ്ലിം ലീഗ് എന്ന മത സംഘടനയുടെ അടുത്ത കാലത്തെ ഇടപെടലുകള്‍ കേരളത്തെ കൊണ്ടുപോകുന്നത് സമുദായിക ധ്രുവീകരണത്തിലേക്കാണ്. കേരളത്തില്‍ ഇപ്പോള്‍ രണ്ടു തരത്തിലുള്ള ദുര്‍ഗ്ഗന്ധങ്ങള്‍ ഉണ്ട്. പൊതു നിരത്തിലൂടെ നടന്നാല്‍ മൂക്കുപൊത്താതെ നടക്കാന്‍ ആകില്ല. സമൂഹ്യ രാഷ്ട്രീയ മണ്ഡലങ്ങളിലൂടെ നടന്നാലും മൂക്കുപൊത്താതെ നടക്കാന്‍ ആകുന്നില്ല.  ഒരു സമൂഹത്തിലെ വഴികാട്ടികള്‍  എന്നു പറയുന്നത്  അവിടത്തെ ആചാര്യന്‍മാരെയാണ്. ആചാര്യന്‍ എന്നു പറഞ്ഞാല്‍ വിദ്യ പകര്‍ന്നു നല്‍കുന്നവര്‍.,. വിദ്യ പകര്‍ന്നു നല്‍കേണ്ടവരെ നയിക്കുന്ന വിദ്യാഭ്യാസ വകുപ്പ് ഇപ്പോള്‍ ഭരിക്കുന്നത് മുസ്ലിം ലീഗ് എന്ന മതസംഘടനയുടെ മന്ത്രി അബ്ദു റബ്ബ് എന്ന മഹാനും. 






പാണക്കാട്ട് തങ്ങള്‍മാര്‍ സൌദി അറേബ്യയില്‍ നിന്നും വന്നവരാണെന്നു പറഞ്ഞതുപോലെ കേരളത്തിലെ വി ദ്യാഭ്യാസ വകുപ്പും സൌദി അറേബ്യയില്‍ നിന്നും വന്നതാണന്നാണ്, മുസ്ലിം ലീഗിന്റെ നിലപാട്. കൊടപ്പനക്കല്‍ തറവാടു ഭരിക്കുന്നതുപോലെയാണവര്‍ വിദ്യാഭ്യാസ വകുപ്പ് ഭരിക്കുന്നതും.


കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കഷ്ടിച്ച് അധികാരത്തിലെത്താന്‍  യു ഡി എഫിനെ സഹായിച്ചത് മലപ്പുറം ജില്ലയിലെ മുസ്ലിങ്ങളാണ്. മറ്റ് ജില്ലകളിലൊക്കെ അസംബ്ളി മണ്ഡലങ്ങളില്‍ കുറവുണ്ടായപ്പോള്‍ മലപ്പുറം ജില്ലയില്‍ മാത്രം കൂടി. 4 സീറ്റുകളാണവിടെ കൂടിയത്. ആ 4 സീറ്റുകളാണ്, യു ഡി എഫിനെ അധികാരത്തില്‍ എത്തിച്ചതും. മറ്റ് സമുദായക്കാര്‍ ജനസംഖ്യ നിയന്ത്രിച്ചതുപോലെ മലപ്പുറത്തെ മുസ്ലിങ്ങള്‍ നിയന്ത്രിച്ചിരുന്നെങ്കില്‍  ഈ സീറ്റു വര്‍ദ്ധന ഉണ്ടാകില്ലായിരുന്നു. യു ഡി എഫ് അധികാരത്തില്‍ വരില്ലായിരുന്നു. ഈ ഹുങ്കില്‍ മുസ്ലിം ലീഗ് കേരളപൊതു മണ്ഡലത്തെ ബന്ദിയാക്കിയിരിക്കുന്നു. അത് അപകടകരമായ സമുദായ ദ്രുവീകരണത്തിലേക്ക് കൂടി  വഴികാട്ടുന്നു. തീട്ടക്കുണ്ട് എന്ന് ആ മാന്യ ദേഹം പറഞ്ഞതിലേക്ക് കാക്കകള്‍ വഴി കാട്ടുന്നു.   സാമുദായികധ്രുവീകരണം ആണ്, സാമൂഹിക മണ്ഡലത്തില്‍ ഏറ്റവും  വലിയ ദുര്‍ഗന്ധമുണ്ടാക്കുന്നത്. മുസ്ലിം ലീഗിലെ കാക്കകളൊക്കെ കൂടി ഈ കുഴിയിലേക്കാണിപ്പോള്‍ കേരളത്തെ നയിക്കുന്നതും. 



അബ്ദു റബ്ബ് എന്ന മുസ്ലിം ലീഗ് എം എല്‍ എ, മന്ത്രിയായത് കേരളത്തിന്റെ ഗതികേട് എന്ന നിലയിലാണിപ്പോള്‍ കാര്യങ്ങളുടെ പോക്ക്. മന്ത്രി ആയ ഉടനെ. നിലവിളക്ക് തെളിയിക്കുന്നത് അനിസ്ലാമികം എന്നാണദ്ദേഹത്തിന്റെ നിലപാട്  അതു തന്നെ  സഹ മുസ്ലിം ലീഗ് മന്ത്രിമാരുടെയും നിലപാട്. പണ്ട് കുഞ്ഞാലിക്കുട്ടി മന്ത്രി ആയിരുന്നപ്പോള്‍ നിലവിളക്ക് തെളിയിക്കാന്‍ അദ്ദേഹം പരസ്യമായി വിസമ്മതിച്ചിട്ടുമുണ്ട്.

മുസ്ലിം ലീഗ് മലപ്പുറത്ത് ജയിച്ചത് അണികള്‍ ആഘോഷിച്ചത് പച്ച പായസവും, പച്ച ലഡ്ഡുവും പച്ച ബിരിയാണിയും വിതരണം ചെയ്തായിരു ന്നു.   കഴിഞ്ഞ ദിവസം റബ്ബ് മന്ത്രി ഭരിക്കുന്ന വകുപ്പിലെ ഒരുദ്യോഗസ്ഥന്‍ സ്റ്റാഫിനോട് പച്ച ബ്ളൌസ് ഇട്ടു വരാന്‍ സര്‍ക്കുലറിറക്കിയിരുന്നു. സര്‍വശിക്ഷ അഭിയാന്‍ എറണാകുളം ജില്ലാ പ്രോജക്ട് ഓഫീസറായ കെ എം അലിയാരാണ്,   കൊച്ചിയിലെ സര്‍വശിക്ഷാ അഭിയാന്‍ പരിശീലകരോടാണ്, ഇതുപോലെ വരാന്‍ ആവശ്യപ്പെട്ടതും. വിദ്യാഭ്യാസവകുപ്പിന്റെ പരിപാടിയില്‍ മന്ത്രിമാരെ സ്വീകരിക്കാന്‍ സ്ത്രീകള്‍ പച്ച ബ്ളൌസും സെറ്റ് സാരിയും ധരിച്ചെത്താന്‍  ബ്ളോക്ക് റിസോഴ്സ് സെന്ററുകള്‍ വഴി ആയിരുന്നു നിര്‍ദ്ദേശം നല്‍കിയത്. അതിനദ്ദേഹത്തെ വിദ്യാഭ്യാസ വകുപ്പ് ഡയറക്റ്റര്‍ സസ്പെന്‍ഡ് ചെയ്തു. പച്ചയോട് ആഭിമുഖ്യമുള്ള മന്ത്രിയുടെ അഭിരുചി അറിഞ്ഞ് പ്രവര്‍ത്തിച്ച ഒരുദ്യോഗസ്ഥന്റെ ദുര്യോഗം.

ഈ മന്ത്രി താമസിക്കുന്ന കേരളത്തിന്റെ പൊതു മുതലായ മന്ത്രി മന്ദിരത്തിന്റെ പേര്, ഗംഗ എന്നത് മാറ്റി. ഗ്രൈസ് എന്നാക്കി എന്നാണ്, മാദ്ധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍,. പക്ഷെ കേരള സര്‍ക്കാരിന്റെ കൈപ്പുസ്തകത്തില്‍  പറയുന്ന പേര്, തേജസ് എന്നാണ്.

അതില്‍ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇങ്ങനെ.


Minister for Education
SHRI. P.K. ABDU RABB
Office ........................................................................... 2323633,2335366
Mobile ..................................................................................... 9495355500
Fax ..................................................................................... 0471- 2326677
Email ................................................... minister-education@kerala.gov.in
Website ........................................................................ www.kerala.gov.in
Residence ................................................................... 2350235, 2350236
Office: Room 501 C,Annexe Building,
Govt. Secretariat
Residence: Thejas, VNRA 37, Vivekananda Nagar
Edapazhanji, Pangode, Thiruvananthapuram.


മറ്റ് രണ്ടു മന്ത്രിമാരുടെ  ഔദ്യോഗിക വസതികളുടെ പേരുകള്‍ ഇങ്ങനെ.


Minister for Excise and Ports
SHRI. K. BABU
Office ............................................................. 2326772,2327135 Ext-300
Mobile .............................................................. 9447048418, 9495066600
Fax ................................................................................................ 2330019
Email ............................................................. ministerkbabu@gmail.com,
....................................................... minister-excise-ports@kerala.gov.in
Website ....................................www.minister-excise-ports.kerala.gov.in
Residence ........................................................................... 0484-2777616
Office: Room No. 648, Third Floor, South Block,
Govt. Secretariat, Thiruvananthapuram.
Residence:
‘Kaveri’, No.6, Eastern Side of Cantonment House,
Thiruvananthapuram.


Minister for Welfare of Sheduled Tribes,
Youth Affairs, Museum and Zoos
KUMARI P.K. JAYALAKSHMI
Office .......................................................................... 2518204, 2333091
Mobile .............................................................. 9495366600, 9947484252
Fax ................................................................................................ 2333775
Email ........................................................ minister-wst-ya@kerala.gov.in
Website .............................................www.minister-wst-ya.kerala.gov.in
Residence .................................................................................... 2323256
Office: Room No. 647, Second Floor,
South Block, Govt. Secretariat,
Thiruvananthapuram- 695 003
Residence: ‘Nila’, Cantonment Premises,
Vikas Bhavan P.O,
Thiruvananthapuram.

പുതുതായി പണി കഴിപ്പിച്ച മന്ത്രി മന്ദിരങ്ങള്‍ക്ക് ഗംഗ, നിള, കാവേരി എന്നീ നദികളുടെ പേരുകളായിരുന്നു നല്‍കിയിരുന്നത്.  ഗംഗ  എന്നത് ഹിന്ദു പേരായതുകൊണ്ടാണ്. റബ്ബ് അത് മാറ്റി തേജസ് എന്നാക്കിയത്.  തേജസെന്ന  പേര്,  കേരളത്തില്‍ ഏത് നയപരിപാടി ഉള്ള സംഘടനയുടെ മുഖ പത്രത്തിന്റേതാണെന്ന് മലയാളികള്‍ക്കൊക്കെ അറിയാം. മുസ്ലിം ലീഗില്‍ ഇസ്ലാമിക തീവ്രവാദികള്‍ നുഴഞ്ഞു കയറിയിട്ടുണ്ട് എന്നത് നാട്ടിലെ സംസാരമാണ്. ഒരു തീവ്രവാദിയെ പിടിച്ച് മന്ത്രി വരെ ആക്കി മുസ്ലിം ലീഗ് അത് ശരിയാണെന്നു തെളിയിക്കുന്നു.



അടുത്ത കാലത്ത് മാദ്ധ്യമങ്ങളില്‍ നിറഞ്ഞു നിന്ന ഒരു വാര്‍ത്തയുണ്ട്. "സംസ്ഥാന സര്‍ക്കാരിന്റെ ന്യൂനപക്ഷ പ്രീണനത്തില്‍ പ്രതിഷേധിച്ച് എസ്.എന്‍.ഡി.പി യോഗവും എന്‍.എസ്.എസും യോജിച്ച് നില്‍ക്കും" എന്നായിരുന്നു അത്. മുസ്ലിം ലീഗ് യു ഡി എഫിനെ ബലപ്രയോഗത്തിലൂടെ ബന്ദിയാക്കി നേടിഎടുത്തതായിരുന്നു അഞ്ചാം മന്ത്രി സ്ഥാനം. കോണ്‍ഗ്രസ് പാര്‍ട്ടി ഏകകണ്ഠമായി ആ ആവശ്യത്തെ നിരാകരിച്ചതായിരുന്നു. മന്ത്രി സ്ഥാനം നല്‍കിയപ്പോള്‍ എന്‍ എസ് എസും എസ് എന്‍ ഡി പിയും ഒരുപോലെ അതിനെ വിമര്‍ശിച്ചു. ഭൂരിപക്ഷ സമുദായത്തില്‍ അതിനോട് വ്യാപകമായ എതിര്‍പ്പുണ്ടായി. അതു കഴിഞ്ഞു വന്ന നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പില്‍ ഇതിന്റെ ഫലം കൊയ്തത് ബി ജെ പി ആയിരുന്നു. അതിനു ശേഷം ആണ്,  എന്‍ എസ് എസും എസ് എന്‍ ഡി പി യു യോജിച്ച് അവകാശങ്ങള്‍ നേടിയെടുക്കാന്‍  ഇറങ്ങിയിരിക്കുന്നത്. സമ്മര്‍ദ്ധത്തിലൂടെ അനര്‍ഹമായത് നേടിയെടുക്കാന്‍  ആണവരുടെയും ഉദ്ദേശ്യം. മുസ്ലിം ലീഗനാകാമെങ്കില്‍ എന്‍ എസ് എസിനും എന്‍ എന്‍ ഡിപിക്കും ആകാം എന്നാണവരുടെ നിലപാടും.



മലപ്പുറത്തെ മുസ്ലി ലീഗിന്റെ അടുത്ത  ആളുകള്‍ നടത്തുന്ന 35 സ്വകാര്യ സ്കൂളുകളെ എയിഡഡ് ആക്കാനുള്ള തീരുമാനമാണിപ്പോള്‍ എന്‍ എസ് എസിനെയും എസ് എന്‍ ഡിപിയേയും തമ്മില്‍ അടുപ്പിച്ചത്. വര്‍ഷങ്ങളായി രണ്ട് ധ്രുവങ്ങളില്‍ നിന്നിരുന്ന ഈ രണ്ട് ജാതി സംഘടനകളും ഒരുമിക്കാന്‍ പ്രേരണ ആയത് മുസ്ലിം ലീഗിനെ യു  ഡി എഫ് പ്രീണിപ്പിക്കുന്നതാണ്. കുറെക്കാലമായി നീറിപ്പുകഞ്ഞു കൊണ്ടിരുന്ന അമര്‍ഷം അടക്കി വയ്ക്കാനാകാത്ത നിലയിലെത്തിയപ്പോള്‍ ഈ രണ്ട് സംഘടനകളും പ്രത്യക്ഷ നിലപാടുകളിലേക്ക് എത്തിച്ചേര്‍ന്നു.  എസ് എന്‍ ഡി  പി സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ വാക്കുകള്‍

"യോഗവും എന്‍.എസ്.എസും എക്കാലവും ബാലി, സുഗ്രീവന്‍മാരെപ്പോലെ കഴിയുമെന്ന് ആരും കരുതേണ്ട. ഒന്നിച്ചു നില്‍ക്കണമെന്ന് ഞങ്ങള്‍ക്ക് ബോദ്ധ്യമായി. വിദ്യാഭ്യാസ മേഖലയിലെ പ്രശ്നങ്ങളാണ് ഇപ്പോള്‍ ചര്‍ച്ച ചെയ്തത്. എന്‍.എസ്.എസ് ഈ മേഖലയില്‍ അവഗണന നേരിടുന്നത് യോഗത്തിന് ബോദ്ധ്യപ്പെട്ടിട്ടുണ്ട്. സഹകരിക്കാവുന്ന കൂടുതല്‍ മേഖലകളെപ്പറ്റി ഞങ്ങള്‍ ഉടനെ ചര്‍ച്ച നടത്തും. യു.ഡി.എഫിന്റെ ഭരണത്തിന്‍കീഴില്‍ യോഗവും എന്‍.എസ്.എസും തുല്യ ദുഃഖിതരാണ്. മലപ്പുറത്തെ മുസ്ളിങ്ങള്‍ക്കു മാത്രമുള്ളതായി മാറി വിദ്യാഭ്യാസ വകുപ്പ്. ഇനി ഇത് കൈയുംകെട്ടി നോക്കിനില്‍ക്കാന്‍ കഴിയില്ലെന്ന് ബോദ്ധ്യമായതോടെയാണ് ഒരുമിച്ചു പോരാടാന്‍ തീരുമാനിച്ചത്.  വിശാല ഹിന്ദു ഐക്യമെന്ന പ്രഖ്യാപിത ലക്ഷ്യത്തിലേക്കെത്താനാണു നായര്‍ - ഈഴവ ഐക്യശ്രമങ്ങള്‍ പുനഃരാരംഭിച്ചത്‌..  അത്‌ ഇതര മതങ്ങളിലെ പാവപ്പെട്ടവരുടെ പുരോഗതികൂടി ഉറപ്പുവരുത്തുന്നതായിരിക്കും".

നടേശന്‍ പറയുന്നതില്‍ കാര്യമുണ്ട്. കൂടെ അപകടകരമായ നിലയിലേക്ക് കാര്യങ്ങള്‍ ചെന്നെത്താനുള്ള സൂചനയുമുണ്ട്. മലയാളികള്‍ എന്നും അഭിമാനത്തോടെ പാടി നടക്കുന്ന മത സൌഹാര്‍ദ്ദവും സാമുദായിക സൌഹാര്‍ദ്ദവുമൊക്കെ ഇവിടെ നിന്നു കെട്ടുകെട്ടാന്‍ ഉള്ള വെടിമരുന്നൊക്കെ ഇവരുടെ വാക്കുകളിലുണ്ട്. മുസ്ലിം ലീഗ് എന്ന മതസംഘടനയുടെ നിരുത്തരവാദപരമായ് പെരുമാറ്റം ആണിപ്പോള്‍ ഇതിലേക്ക് വഴി വച്ചതും.

കേരളത്തിന്റെ അധികാരകേന്ദ്രം ഇന്ന് മലപ്പുറമാണ്. സുകുമാരന്‍ നായര്‍ പറഞ്ഞതുപോലെ തലസ്ഥാനം മല പ്പുറത്തേക്ക് മാറ്റാം. മുഖ്യമന്ത്രിയും കെ.പി.സി.സി. പ്രസിഡന്റുമെല്ലാം നോക്കുകുത്തികളായി.  എല്ലാം വടക്കോട്ടുപോകുന്നു. തിരുവിതംകൂറിലും കൊച്ചിയിലും മുസ്ലിങ്ങളുണ്ട്. അവര്‍ സ്വകാര്യ സ്കൂളുകള്‍ നടത്തുന്നുണ്ട്. പക്ഷെ അവരുടെ ഒരു സ്വകാര്യ സ്കൂളും എയിഡഡ് ആക്കാന്‍ മുസ്ലിം ലീഗ് ശ്രമിച്ചില്ല. മലബാറിലെ സമ്പന്ന മുസ്ലിംകളുടെ താല്‍പര്യമാണു ലീഗ്‌ സംരക്ഷിക്കുന്നത്‌. പാവപ്പെട്ട മുസ്ലിംകളെ അവര്‍ക്കു വേണ്ട. എം.ഇ.എസ്‌. പോലെയുള്ള സാമൂഹിക സംഘടനകളുടെ സ്‌കൂളുകള്‍ക്കല്ല, സ്വന്തം ഇഷ്‌ടക്കാരുടെ സ്‌കൂളുകള്‍ക്കാണ്‌ എയ്‌ഡഡ്‌ പദവി നല്‍കിയത്‌... ,.  സാമൂഹികപ്രതിബദ്ധത ആയിരുന്നു  ലക്ഷ്യമെങ്കില്‍ ഈ സ്‌കൂളുകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കണമായിരുന്നു. സര്‍ക്കാര്‍ ചെലവില്‍ ലീഗിലെ പ്രമണിമാര്‍ക്ക്  പണമുണ്ടാക്കാനുള്ള നഗ്നമായ അഴിമതിയാണിത്.

ഭരണം തുടങ്ങിയപ്പോള്‍തന്നെ ലീഗ്‌ പ്രധാനവകുപ്പുകള്‍ കൈക്കലാക്കി. അവര്‍ സ്വയം മന്ത്രിമാരെയും വകുപ്പുകളും പ്രഖ്യാപിച്ചു. അഞ്ചാം മന്ത്രിയെ പ്രഖ്യാപിച്ചപ്പോള്‍ കൊടുക്കില്ലെന്നു കെ.പി.സി.സി. പ്രസിഡന്റും മുഖ്യമന്ത്രിയും പറഞ്ഞു. ഒടുവില്‍ പാണക്കാട്‌ തങ്ങള്‍ പറഞ്ഞു പോയി എന്ന താമാശ കേരളത്തിലെ എല്ലാവരുടെയും മേല്‍  അടിച്ചേല്‍പ്പിച്ചു.  ഇതിനുമുമ്പ് ലീഗിനെ നയിച്ച തങ്ങള്‍ ഒരു സാത്വികനായിരുന്നു. കുറച്ചു കൂടെ പക്വതയും വിവേകവും ആദ്ദേഹം കാണിച്ചിരുന്നു. ഇപ്പോഴത്തെ തങ്ങള്‍ ഒരു മുരടനും തീവ്രവാദിയുമാണ്.  അബ്ദു റബ്ബിനേപ്പോലുള്ള തീവ്രവാദികള്‍ അഴിഞ്ഞാടുന്നത് ഈ തങ്ങളുടെ പൂര്‍ണ്ണ പിന്തുണയോടെ ആണ്.


എന്‍ എസ് എസും  ​എസ് എന്‍ ഡി പിയും ചേര്‍ന്ന്  ഉണ്ടാക്കാന്‍ പോകുന്ന നായരീഴവ ഐക്യത്തെ, ബി ജെ പി സ്വാഗതം ചെയ്തു കഴിഞ്ഞു. ഇതിനോട് ചേര്‍ത്ത് വായിക്കാവുന്ന മറ്റൊരു വാര്‍ത്ത കൂടി ഉണ്ട്.


"യു.പി.എ. മന്ത്രിസഭയുടെ അടുത്ത പുന:സംഘടനയില്‍ മന്ത്രിസ്‌ഥാനം ലഭിക്കണമെന്നു കേരളാ കോണ്‍ഗ്രസ്‌(( (എം) ആവശ്യപ്പെടും. രാഷ്‌ട്രപതി തെരഞ്ഞെടുപ്പിനു മുമ്പായി ഈ ആവശ്യം യു.പി.എ. അധ്യക്ഷയോടും കോണ്‍ഗ്രസ്‌ ഹൈക്കമാന്‍ഡിനോടും ആവശ്യപ്പെടാനാണു കേരളാ കോണ്‍ഗ്രസ്‌ എമ്മിന്റെ തീരുമാനം. യു.പി.എയിലെ ഘടകകക്ഷികള്‍ക്കു മന്ത്രിസ്‌ഥാനം നല്‍കിയപ്പോള്‍ തങ്ങളെ പരിഗണിച്ചില്ലെന്നാണു പാര്‍ട്ടി നേതൃത്വത്തിന്റെ പരാതി. അതിനാല്‍ രാഷ്‌ട്രപതി തെരഞ്ഞെടുപ്പിനുശേഷം യു.പി.എ. മന്ത്രിസഭയുടെ വികസനത്തില്‍ കേരളാ കോണ്‍ഗ്രസിനെ ഉള്‍പ്പെടുത്തണമെന്നാണു പാര്‍ട്ടിയുടെ ആവശ്യം. ജോസ്‌ കെ. മാണിയെ കൂടാതെ പാര്‍ട്ടി സംസ്‌ഥാന ജനറല്‍ സെക്രട്ടറിയായ ജോയി ഏബ്രഹാമും എത്തിയതോടെ പാര്‍ലമെന്റില്‍ പാര്‍ട്ടിക്കു രണ്ട്‌ എം.പിമാരായി. രണ്ട്‌ എം.പിമാരില്‍ കൂടുതലുള്ള യു.പി.എയിലെ എല്ലാ ഘടക കക്ഷികള്‍ക്കും മന്ത്രിസഭയില്‍ പ്രാതിനിധ്യം കൊടുത്തിട്ടുണ്ട്‌. അതിനാല്‍ ഇനി കാത്തിരിക്കാന്‍ കഴിയിലെന്ന നിലപാടിലാണു പാര്‍ട്ടി നേതൃത്വം".

രണ്ട് എം പി മാരുള്ള മുസ്ലിം ലീഗിന്, ഒരു മന്ത്രിസ്ഥാനമുണ്ട്. അതുകൊണ്ട് കേരള കോണ്‍ഗ്രസിനും അതാവശ്യപ്പെടാം.


ഇതുപോലെ കലുക്ഷിതമായി ഇരിക്കുന്ന കേരളത്തിന്റെ ഭൂമികയില്‍ മറ്റൊരു വാര്‍ത്ത കൂടി അലോസരമുണ്ടാക്കുന്നു.   കുറച്ചു നാളുകള്‍ക്ക് മുമ്പ് കേരളത്തിലെ അന്തരീക്ഷത്തെ പിടിച്ചു കുലുക്കിയ പേരായിരുന്നു ലൌ ജിഹാദ്. പ്രണയം നടിച്ച്  ചതിയില്‍ പെടുത്തി മതം മാറ്റുന്നു എന്നായിരുന്നു ആരോപണം. കേരള ഹൈക്കോടതി ആ ആരോപണത്തില്‍ കഴമ്പുണ്ടെന്നു പറഞ്ഞപ്പോള്‍,  മതേതര പക്ഷത്തും ഇസ്ലാമിക പക്ഷത്തും നിന്ന് അതിനെ ഒരുപോലെ ആക്രമിച്ചിരുന്നു. മതം മാറ്റമേ ഇല്ല എന്നായിരുന്നു പലരും ശഠിച്ചതും.  ഇപ്പോള്‍ വീണ്ടും അത് വാര്‍ത്താ പ്രാധാന്യം നേടുന്നുണ്ട്. അടുത്ത നാളില്‍ മലപ്പുറത്ത് തട്ടിക്കൊണ്ടു പോകപ്പെട്ട ഒരു പെണ്‍കുട്ടി കോടതിയില്‍ നടത്തിയ വെളിപ്പെടുത്തലുകള്‍ ഞെട്ടലുണ്ടാക്കുന്നതാണ്.

മലപ്പുറം തിരൂര്‍ ആതനാട് കരിമ്പനയ്ക്കല്‍ വീട്ടില്‍ ബാലസുബ്രഹ്മണ്യന്‍ തന്റെ മകളെ വിട്ടുകിട്ടാന്‍  സമര്‍പ്പിച്ച ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയില്‍ 19 വയസുള്ള മകള്‍ സൌമ്യ വെളിപ്പെടുത്തിയത്, ലൌ ജിഹാദ് എന്ന വിപത്ത് ഉണ്ടെന്നു ശരിവയ്ക്കുന്നു. സൌമ്യയെ കഴിഞ്ഞ ജൂണ്‍ 9 ന് എന്‍.ഡി.എഫ് പ്രവര്‍ത്തകനായ മുഹമ്മദ് ഹസ്സന്‍ എന്ന അംനാസ് തട്ടിക്കൊണ്ടു പോയെന്നായിരുന്നു ഹര്‍ജിയിലെ ആരോപണം. പാരലല്‍ കോളേജ് വിദ്യാര്‍ത്ഥിനിയായ താന്‍ ജൂണ്‍ 9ന് മുഹമ്മദിനൊപ്പം ബാംഗ്ളൂരിലേക്ക് പോയെന്നും, ജൂണ്‍ 17 വരെ അവിടെ ഒരു ലോഡ്ജില്‍ താമസിച്ചെന്നും തങ്ങള്‍ ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടെന്നും പെണ്‍കുട്ടി കോടതിയില്‍ മൊഴി നല്‍കി. ജൂണ്‍ 19ന് തിരൂര്‍ ജുഡിഷ്യല്‍ ഫസ്റ്റ് ക്ളാസ് മജിസ്ട്രേട്ട് കോടതിയില്‍ ഹാജരായി. കോടതി സ്വന്തം ഇഷ്ടപ്രകാരം പോകാന്‍ അനുവദിച്ചു. ഇപ്പോള്‍ മഞ്ചേരിയിലെ സത്യസരണി എന്ന മതപഠന സ്ഥാപനത്തിലാണ്. മതത്തെക്കുറിച്ച് പഠിക്കാന്‍ നാലു പുസ്തകങ്ങള്‍ സ്ഥാപനത്തില്‍ നിന്ന് നല്‍കി. തന്നെപ്പോലെ വിവിധ മതക്കാരായ മുപ്പതോളം പെണ്‍കുട്ടികള്‍ ഇവിടെ മതപഠനത്തിനായി ഉണ്ടെന്നും പെണ്‍കുട്ടി കോടതിയില്‍ വിശദീകരിച്ചു.

മതം മാറ്റത്തിനുദ്ദേശ്യമില്ലെങ്കില്‍ എന്തിനാണ്,  വിവിധ മതക്കാരായ മുപ്പതോളം പെണ്‍കുട്ടികളെ മദ്രസയില്‍  മതപഠനത്തിനായി താമസിപ്പിക്കുന്നത്?

സൌമ്യയെ തട്ടിക്കൊണ്ടു പോയ ഹസന്‍ വെളിപ്പെടുത്തിയ മറ്റ് കാര്യങ്ങള്‍.

"മതംമാറ്റാന്‍ ആദ്യം പൊന്നാനിയില്‍ കൊണ്ടുചെന്നു പക്ഷെ വൃത്തിയും സുരക്ഷയും പോരെന്നു തോന്നിയതുകൊണ്ട്  മറ്റൊരു സ്ഥാപനത്തിലാക്കി.  മതംമാറിയാല്‍ വിവാഹം ചെയ്യാന്‍ തയ്യാറാണ്.  ബാംഗ്ളൂരില്‍ ഏതു ലോഡ്ജിലാണ് താമസിച്ചതെന്നോ എത്ര രൂപയാണ് ലോഡ്ജിന്റെ വാടകയെന്നോ  അറിയില്ല. തിരൂര്‍ കോടതിയില്‍ ഹാജരാകാന്‍ ആരാണു നിര്‍ദ്ദേശിച്ചതെന്ന് കോടതിയില്‍ വ്യക്തമാക്കാന്‍   തയ്യാറല്ല".

അതിന്റെ അര്‍ത്ഥം പേരു വെളിപ്പെടുത്താനാകാത്ത മറ്റാരൊക്കെയോ ആണ്, ഹസനെ ബാംഗളൂരില്‍ കൊണ്ടുപോയതും ലോഡ്ജില്‍ താമസിപ്പിച്ചതും, കോടതിയില്‍ ഹാജരാക്കിയതും എന്നൊക്കെയാണ്. ഇതൊക്കെ വിരല്‍ ചൂണ്ടുന്നത് ഇത് സംഘടിതമായ മതം മാറ്റലാണെന്നാണ്.


കേരളം സാമുദായിക ധ്രുവീകരണത്തിലേക്ക് മന്ദം മന്ദം ചുവടു വയ്ക്കുന്നു. മുസ്ലിം ലീഗും, എന്‍ എസ് എസും, എസ് എന്‍ ഡി പിയും അവരാല്‍ കഴിയുന്ന രീതിയില്‍ ഇതിലേക്ക് എണ്ണ പകരുന്നുണ്ട്. ലീഗിനെ പ്രീണിപ്പിച്ചത് കൂടുതാലായിപ്പോയി എന്ന് മനസിലാക്കിയ ഉമ്മന്‍ ചാണ്ടി നായരെയും ഈഴവരെയും   പ്രീണിപ്പിച്ച് തുലാസിന്റെ തട്ട് ലെവലിലാക്കാന്‍ ചില പൊടിക്കൈകൊളൊക്കെ  ചെയ്തു നോക്കി. നായന്‍മാരായ തിരുവഞ്ചൂരിനെയും ശിവ കുമാറിനെയും ഈഴവനായ അടൂര്‍ പ്രകാശിനെയും പ്രധാന വകുപ്പുകള്‍ ഏല്‍പ്പിച്ചു. സുകുമാരന്‍നായരെയും വെള്ളപ്പള്ളിയേയും  വരുതിയിലക്കാനാണത് ചെയ്തതും. പക്ഷെ അവര്‍ അടങ്ങിയില്ല ഉമ്മന്റെ ചൂണ്ടയില്‍ കൊത്തിയില്ല എന്നു മാത്രമല്ല, പരസ്യമായി ഉമ്മന്‍ ചണ്ടിയെ ചീത്ത വിളിച്ച് നിലപാടും എടുത്തു.

ക്വട്ടേഷന്‍ സംഘങ്ങളേക്കാള്‍ പേടിക്കേണ്ട തരത്തിലേക്ക് മത സാമുദായിക ശക്തികള്‍ അവരുടെ നീരാളി പിടുത്തം  പിടിച്ചു കഴിഞ്ഞു. കേരളത്തിന്റെ മതേതര മുഖം പതുക്കെ മാറുകയാണ്.

ശ്രീ നൌഷാദ് വടക്കേല്‍ അറിയപ്പെടുന്ന ലീഗുകാരനാണ്. യഥാര്‍ത്ഥ മുസ്ലിമും. അദ്ദേഹത്തിന്റെ ഒരഭിപ്രായം ഫൈസ് ബുക്കില്‍ ഉണ്ട്. അതിന്റെ സ്ക്രീന്‍ ഷോട്ട് മറ്റൊരു സൈറ്റില്‍ കിടക്കുന്നുണ്ട്. അതാണു ചുവടെ ഉള്ളത്.





മുസ്ലിം ലീഗ് എന്ന മതസംഘടനയിലെ ഒരു ശരാശരി മുസ്ലിമിന്റെ അഭിപ്രായമാണിത്.

Friday, 15 June 2012

51/49



51/49. നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പ് ഫലം വിലയിരുത്തിയ പി സി ജോര്‍ജ് പ്രതികരിച്ചപ്പോള്‍ ഉപയോഗിച്ച ഒരു കണക്കാണിത്. 51% സന്തോഷവും 49% സങ്കടവും ആയിരുന്നു അദ്ദേഹത്തിന്. താന്‍ ആദ്യം അവകാശപ്പെട്ടിരുന്ന 35000 വോട്ടിന്റെ ഭൂരിപക്ഷം ലഭിക്കാത്തതുകൊണ്ടുള്ള ഖിന്നത ആ വാക്കുകളിലുണ്ട്.

ജയിച്ചു കഴിഞ്ഞപ്പോള്‍ യു ഡി എഫ് നേതാക്കളൊക്കെ ഏക സ്വരത്തില്‍ പറഞ്ഞത് ഒരു കാര്യമായിരുന്നു. സി പി എമ്മിന്റെ കൊലപാതകരാഷ്ട്രീയത്തിനെതിരെ ജനങ്ങള്‍ വിധി എഴുതി. ബി ജെ പിയുടെ പരാജയകാരണമായി രാജഗോപാല്‍ പറഞ്ഞത്, നെയ്യാറ്റിന്‍കരയില്‍ ജയിച്ചത് വര്‍ഗ്ഗീയത എന്നും.

എന്താണു വാസ്തവം. സെല്‍വരാജിനെ യു ഡി എഫ് പാളയത്തിലെത്തിച്ച ജോര്‍ജ്ജിന്റെ വീരവാദത്തിന്, അദ്ദേഹത്തിനു കേരള രാഷ്ട്രീയത്തിലുള്ള വ്യക്തിത്വത്തിന്റെ വില നല്‍കിയാല്‍ മതിയാകും.

നേരിയ ഭൂരിപക്ഷത്തിനു ഭരണം കൊണ്ടുപോകുന്ന യു ഡി എഫിനു തുണയായി സെല്‍വരാജ് കാലുമാറി വന്നതോ  അദ്ദേഹം അവകാശപ്പെടുന്നതുപോലെ സി പി എമ്മിന്റെ ഭീക്ഷണിയില്‍ നിന്നും രക്ഷപ്പെട്ട് യു ഡി എഫില്‍ അഭയം തേടിയതോ അല്ലായിരുന്നു. ആസൂത്രിത നീക്കത്തിലൂടെ സെല്‍വരാജിനെ കാലു മാറ്റി എടുത്തതായിരുന്നു. ആഴ്ചകള്‍ക്ക് മുന്നെ തനിക്കതറിയമായിരുന്നു, എന്ന് രമേശ് ചെന്നിത്തല തുറന്നു പറഞ്ഞിട്ടുണ്ട്. രാജിവച്ചാല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ആക്കാമെന്ന് സെല്‍വരാജിനുറപ്പു കിട്ടിയിരുന്നു. യു ഡി എഫില്‍ ചേരുന്നത് ആത്മഹത്യ ആണെന്നു പറഞ്ഞ സെല്‍വരാജ്, കോണ്‍ഗ്രസില്‍ തന്നെ ചേര്‍ന്നു.

സെല്‍വരാജിനെ സ്ഥാനാര്‍ത്ഥി ആക്കുന്നതിനോട് കോണ്‍ഗ്രസില്‍ തന്നെ വ്യാപകമായ എതിര്‍പ്പുണ്ടായിരുന്നു. പക്ഷെ ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും  വിചരിച്ചതു നടന്നു. അഞ്ചാം മന്ത്രി വിഷയത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ശക്തമായ എതിര്‍പ്പുണ്ടായിട്ടും  ഇവര്‍ വിചാരിച്ചത് നടത്തി എടുത്തപോലെ .

കഴിഞ്ഞ  അഞ്ചാറു മാസങ്ങളായി കേരള രാഷ്ട്രീയം ലജ്ജാവഹമായ രീതിയില്‍ കലങ്ങി മറിഞ്ഞു കിടക്കുന്നു. കോണ്‍ഗ്രസ് നേതാക്കള്‍ക്കുപോലും സഹിക്കാവുന്നതിനപ്പുറം ഭരണം  മുസ്ലിം ലീഗും കേരള കോണ്‍ഗ്രസും കൈപ്പിടിയില്‍ ഒതുക്കിയപ്പോള്‍ ഭൂരിപക്ഷ സമുദായത്തെ അത് അലോസരപ്പെടുത്തി. സമൂഹത്തിന്റെ നാനാ തുറകളില്‍ അത് ചര്‍ച്ചയുമായി. അഞ്ചാം മന്ത്രിസ്ഥാനം  മുസ്ലിം ലീഗ് എന്ന മത സംഘടന ,  കോണ്‍ഗ്രസിന്റെ കഴുത്തിന് കുത്തിപ്പിടിച്ച് കരസ്ഥമാക്കി. കോണ്‍ഗ്രസ് പാര്‍ട്ടി ഒന്നടങ്കം എതിര്‍ത്തിട്ടും ഉമ്മന്‍ ചാണ്ടി, ഭരണം നിലനിറുത്താന്‍ വേണ്ടി  ലീഗിന്റെ വാശിക്കു കീഴടങ്ങി. കോഴിക്കോട് സര്‍വകലാശാലയുടെ ഭൂമി സ്വന്തക്കാര്‍ക്ക് എഴുതി വില്‍ക്കാന്‍  മുസ്ലിം ലീഗ് തീരുമാനിച്ചതും  യുഡിഎഫിനെ നാണംകെടുത്തി. അതിന്റെ കൂടെ  പെട്രോള്‍ വിലവര്‍ധനയും. മന്ത്രിമാരുടെ വകുപ്പ് മാറ്റവും ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും തമ്മിലുള്ള ചേരിപ്പോരും ഒക്കെക്കൂടി യു.ഡി.എഫിനെ പരിതാപകരമായ അവസ്ഥയിലാണെത്തിച്ചിരുന്നു.  നെയ്യാറ്റിന്‍കരയിലെ സ്ഥാനാര്‍ത്ഥിയായ സെല്‍വരാജാകട്ടെ എല്ലാ കോണ്‍ഗ്രസുകാര്‍ക്കും സ്വീകാര്യനുമായിരുന്നില്ല. ഇതുപോലെ അനേകം നീറുന്ന പ്രശ്നങ്ങളുടെ കൂടെയാണ്, അനാവശ്യമായി അടിച്ചേല്‍പ്പിക്കപ്പെട്ട ഒരു തെരഞ്ഞെടുപ്പിലേക്ക് കേരളം എത്തിപ്പെട്ടത്. പാര്‍ട്ടി മാറാന്‍ വേണ്ടി മാത്രം സെല്‍വരാജ് ഈ തെരഞ്ഞെടുപ്പ് കേരളജനതയുടെ മേല്‍ അടിച്ചേല്‍പ്പിക്കുകയായിരുന്നു. അതിന്, കോണ്‍ഗ്രസും യു ഡി എഫും കൂട്ടു നിന്നു.

ലീഗിന്റെ ധാര്‍ഷ്ട്യവും അതിനു കോണ്‍ഗ്രസ് കീഴടങ്ങിയതും ഭൂരിപക്ഷ സമുദായത്തെ യു ഡിഎഫിനെതിരാക്കിയിരുന്നു. മാത്രമല്ല, കോണ്‍ഗ്രസിലെ ന്യൂനപക്ഷസമുദായങ്ങളെ  വരെ അത് അസ്വസ്തമാക്കിയിരുന്നു. എന്‍ എസ് എസും എസ് എന്‍ ഡി പിയും അതിനെതിരെ തുറന്ന എതിര്‍പ്പും പ്രകടിപ്പിച്ചു. ഇതിന്റെ കൂടെ പിള്ളയും മകനും തമ്മിലുള്ള കുടുംബവഴക്കും. ഇതൊക്കെ കൂടെ യു ഡി എഫിന്റെ നില തികച്ചും പരുങ്ങലിലാക്കി. യാതൊരു ന്യായീകരണവുമില്ലാത്ത സെല്‍വരാജിന്റെ കാലുമാറ്റം യു ഡി എഫിന്റെ വിശ്വാസ്യതയെ തകര്‍ക്കുകയും ചെയ്തു.  ബി ജെ പിക്ക് ഒരു മത്സരത്തിനു പോലും  വേണ്ട വോട്ടുകള്‍ നെയ്യാറ്റിന്‍കരയിലില്ലാത്ത സാഹചര്യം യു ഡി എഫും എല്‍ ഡി എഫും തമ്മില്‍ നേരിട്ടുള്ള ഒരു ഏറ്റുമുട്ടലിലേക്ക് വഴി തെളിച്ചു. അതില്‍ എല്‍ ഡി എഫിനു വ്യക്തമായ മുന്‍തൂക്കവുമുണ്ടായിരുന്നു.


ഭൂരിപക്ഷ ഹൈന്ദവ സമുദായത്തിലെ അസംതൃപ്തി മുതലെടുക്കാന്‍ തന്നെയാണ്, ബി ജെ പി രാജഗോപാലിനെ മത്സരംഗത്തേക്ക് ഇറക്കിയത്. രാജഗോപാല്‍ ഗോദായിലിറങ്ങിയതോടെ മത്സരം എല്‍ ഡി എഫും ബി ജെപിയും തമ്മിലായി. സെല്‍വരാജിന്റെ വിധി ഏകദേശം കുറിക്കപ്പെട്ട സമയത്ത് കേരള രാഷ്ട്രീയത്തെ പിടിച്ചു കുലുക്കിയ ചന്ദ്രശേഖരന്‍ വധം  നടന്നു. അതു വരെ നെയ്യാറ്റിന്‍ കരയില്‍ പ്രചാരണ രംഗത്തുപയോഗിച്ചിരുന്ന ആയുധങ്ങളെയൊക്കെ അപ്രസക്തമാക്കി ഈ സംഭവം ഏക പ്രചാരണായുധമായി. ആ ഒറ്റ സംഭവം തെരഞ്ഞെടുപ്പ് രംഗത്തെയാകെ മാറ്റി മറിച്ചു. സംശയത്തിന്റെ മുന സി പി എമ്മിലേക്ക് വീഴാന്‍ തുടങ്ങിയപ്പോളാണ്, ഈ   തെരഞ്ഞെടുപ്പ് ജയിക്കണമെന്ന വാശി പിണറായി വിജയനുണ്ടായത്.  യു ഡി എഫ് ഭരണത്തെ അട്ടിമറിക്കില്ല എന്ന് പറഞ്ഞു നടന്നിരുന്ന വിജയന്, ഭരണം കയ്യിലുണ്ടാകേണ്ട ആവശ്യം വന്നു ചേര്‍ന്നു. പാര്‍ട്ടി നേതാക്കള്‍ ഓരോന്നായി അറസ്റ്റ് ചെയ്യപ്പെട്ടപ്പോഴാണ്, പറ്റിയ മണ്ടത്തരം  മനസിലായത്. വി എസ് മുഖ്യമന്ത്രി ആകാതിരിക്കാന്‍ വേണ്ടി പല മണ്ഡലങ്ങളിലും തോറ്റു കൊടുത്തത് ബുദ്ധി മോശമായിപ്പോയി എന്നദ്ദേഹം വൈകിയാണെങ്കിലും തിരിച്ചറിഞ്ഞു. നെയ്യാറ്റിന്‍കര ജയിക്കണമെന്ന ആഗ്രഹവം ​കടന്ന്, ഭരണ മാറ്റം വേണം എന്ന അത്യാഗ്രഹം കൂടി ആ കുടില മനസിലുണ്ടായി. വി എസ് മുഖ്യമന്ത്രി ആയാലും വേണ്ടില്ല ഭരണം കയ്യിലുണ്ടെങ്കില്‍ ചന്ദ്രശേഖരന്‍ വധക്കേസില്‍ അകപ്പെട്ട പാര്‍ട്ടി നേതാക്കളെ രക്ഷിച്ചെടുക്കണം  എന്ന ചിന്തയില്‍, കഴിഞ്ഞ ഒരു വര്‍ഷം മനപ്പൂര്‍വ്വം മറന്നു കളഞ്ഞ ഭരണ മാറ്റം കൂടെക്കൂടെ ഉരുവിടാനും തുടങ്ങി. അപ്പോഴാണ്, ഇടി വെട്ടിയവനെ പാമ്പു കടിച്ചതുപോഎ എം എം മണി തന്റെ വീര കഥകളുമായി  വേദി കയ്യടക്കിയത്. പക്ഷെ കുലംകുത്തി പ്രയോഗം സാധാരണ ജനങ്ങളില്‍ വെറുപ്പുണ്ടാക്കി.  എം.എം. മണിയുടെ പ്രസംഗ ശൈലിയിലെ വ്യതിയാനത്തോടെ   ആ വെറുപ്പ് മൂര്‍ദ്ധന്യാവസ്ഥയിലെത്തി.

എല്ലാം  കീഴ്മേല്‍ മറിഞ്ഞു. ജയിക്കുമെന്ന് തീര്‍ച്ചയുണ്ടായിരുന്ന എല്‍ ഡി എഫ് പ്രതിരോധത്തിലുമായി.  മത്സരം ബി ജെ പിയും യു ഡി എഫും തമ്മിലായി. ചന്ദ്രശേഖരന്‍ വധവും മണിയുടെ വെളിപ്പെടുത്തലുകളും യു ഡിഎഫ് അതി സമര്‍ദ്ധമായി ഉപയോഗിച്ചു. ജനവിധി യു ഡി എഫിനനുകൂലമാക്കി. പതിനായിരത്തിനും ഇരുപതിനായിരത്തിനും ഇടയില്‍ ഭൂരിപക്ഷത്തിനു  ജയിക്കേണ്ടിയിരുന്ന എല്‍ ഡി എഫ് ആറായിരം വോട്ടിനു പരാജയപ്പെട്ടു.

പുതുതായി  10 % വോട്ടു കൂടുതലുണ്ടായിട്ടും, സെല്‍വരാജിന്, കഴിഞ്ഞ പ്രാവശ്യം നേടിയ വോട്ടുകള്‍ നേടാനായില്ല. ചന്ദ്രശേഖരന്‍ വധത്തിനു  മുന്നേ നിക്ഷ്പക്ഷരുടെയും അസംതൃപ്തരുടെയും വലിയ ഒരു സംഖ്യ വോട്ടുകള്‍ എല്‍ ഡി എഫിലേക്ക് ചാഞ്ഞിരുന്നു. ചന്ദ്രശേഖരന്‍ വധം  ആ വോട്ടുകളില്‍ ഭൂരിഭാഗം ബി ജെപിക്കും കുറച്ച് സെല്‍വരാജിനും പോകുന്നതിനു വഴി വച്ചു. അത് മുഴുവനും ബി ജെപിക്ക് പോയിരുന്നെങ്കില്‍ എല്‍ ഡി എഫ് ജയിക്കുമായിരുനു. കുറച്ച് സെല്‍വരാജിലേക്ക് തിരികെ പോകാന്‍ കാരണം അദ്ദേഹത്തിന്റെ കലക്കവെള്ളത്തിലെ മീന്‍ പിടുത്തമാണ്. സി പി എമ്മിലായിരിക്കുമ്പോള്‍ തന്നെ തന്റെ ജീവനു ഭീക്ഷണിയുണ്ടായിരുന്നു എന്നദേഹം ആദ്യം പറഞ്ഞത് മുട്ടായുക്തി ആയിരുന്നു. പക്ഷെ ചന്ദ്രശേഖരന്‍ വധം കഴിഞ്ഞപ്പോള്‍ അദ്ദേഹം പറഞ്ഞതില്‍ കഴമ്പുണ്ടായിരുന്നു എന്ന് കുറച്ചു പേരെങ്കിലും സംശയിച്ചു. മണിയുടെ മലനാടന്‍ തമാശ അതിനെ വോട്ടാക്കി അദ്ദേഹത്തിന്റെ പെട്ടിയിലും വീഴിച്ചു. എണ്ണായിരത്തി അഞ്ഞൂറിലേറെ വോട്ടുകള്‍  ഇടതുമുന്നണിക്ക് ഇത്തവണ ചോര്‍ന്നു.  ഇരുപതിനായിരത്തോളം വോട്ടുകള്‍ കൂടുതല്‍ പോള്‍ ചെയ്തപ്പോഴായിരുന്നു ഈ ചോര്‍ച്ച.

ഈ തെരഞ്ഞെടുപ്പിന്റെ ഗതി മാറ്റിയത് ചന്ദ്രശേഖരന്‍ വധം തന്നെയാണ്. സി പി എം ഔദ്യോഗിക നേതാക്കള്‍ അത് സമ്മതിക്കില്ല എങ്കിലും.  അവര്‍ ഒരു കാരണം കണ്ടു പിടിക്കും. അത് സ്വഭാവികമായി വി എസ് അച്യുതാനന്ദനും ആയിരിക്കും. കുറച്ചു കാലമായിട്ട് എല്ലാ തോല്‍വിയുടെയും കാരണം അച്യുതാനന്ദന്‍  ആണെന്നാണല്ലോ സി പി എമ്മിലെ നാട്ടു നടപ്പ്.

ഈ തെരഞ്ഞെടുപ്പ് പലതുകൊണ്ടും  പലര്‍ക്കും ഒരു ഷോക്ക് ട്രീറ്റ്മെന്റാണ്. പരമ്പരാഗത തെരഞ്ഞെടുപ്പു മാനദണ്ഡങ്ങള്‍ വച്ച് ഒരിക്കലും ജയിക്കാന്‍ സാധ്യത ഇല്ലാതിരുന്നിട്ടും, യു ഡി എഫിനെ വോട്ടര്‍മാര്‍ ജയിപ്പിച്ചു. കൊലപാതകം നടത്തിയവരെ സംരക്ഷിക്കുന്ന  സി പി എമ്മിലെ ചിലര്‍ക്കുള്ള താക്കീതാണത്. ജനജീവിതം ദുസഹമാക്കുന്നവരെങ്കിലും യു ഡി എഫിനെ തെരഞ്ഞെടുത്തതിന്റെ ഗുണപാഠം അതാണ്. വലിയ ഒരു വിഭാഗം വോട്ടര്‍മാര്‍, യു ഡി എഫിലെയും  എല്‍ ഡി എഫിലെയും, ബി ജെപിക്ക് വോട്ടു ചെയ്തു. അതിലെ യു ഡി എഫ് വോട്ടുകള്‍ കേരള ഭരണം  മുസ്ലിം ലീഗ് എന്ന വര്‍ഗ്ഗിയ സംഘടനക്കു മുമ്പില്‍ അടിയറ വച്ചതിന്റെ പ്രതിക്ഷേധമായിട്ടാണ്, ബി ജെ പിയിലേക്ക് പോയത്. എല്‍ ഡി എഫ് വോട്ടുകള്‍  ബി ജെപിക്ക് പോയത്, മുസ്ലിം പ്രീണനത്തിനും   സി പി എം നേതൃത്വത്തിലെ ചിലരുടെ കൊലപാതക രാഷ്ട്രീയത്തിനും ഉള്ള പ്രതിക്ഷേധമായിട്ടാണ്.

ഇതൊക്കെ കാലത്തിന്റെ ചുമരില്‍ ജനങ്ങള്‍ എഴുതി വയ്ക്കുന്ന താക്കീതുകളാണ്. ബി ജെപിയെ ഭരണം ഏല്‍പ്പിക്കാനുള്ള ചിന്തയായി ഇതിനെ വിലയിരുത്താനും ആകില്ല. ഇടതുപക്ഷം ക്ഷയിച്ചാല്‍ ഇവിടെ കയറി വരുന്നത് ബി ജെ പി ആയിരിക്കും എന്ന ചൂണ്ടുപലകയാണിത്. ഇത് മനസിലാക്കി പ്രവര്‍ത്തിച്ചാല്‍ നേട്ടം ഇടതുപക്ഷത്തിനായിരിക്കും. കോണ്‍ഗ്രസിന്, മുസ്ലിം ക്രൈസ്തവ പ്രീണന ചക്രത്തില്‍ നിന്നും മോചനമുണ്ടാകാന്‍ സാധ്യതയില്ല. ലീഗ് മലപ്പുറത്തിനും, കേരള കോണ്‍ഗ്രസ് കോട്ടയത്തിനും അപ്പുറത്തേക്ക് വളരാനും പോകുന്നില്ല. ലീഗിന്റെ വളര്‍ച്ച മുരടിച്ചു കഴിഞ്ഞു. ഇപ്പോള്‍ കിട്ടിയിരിക്കുന്നത് അവര്‍ക്ക് പരമാവധി കിട്ടാവുന്ന   നേട്ടമാണ്. ഭരണം വേണമെങ്കില്‍ കോണ്‍ഗ്രസിന്, ഇവരെ പ്രീണിപ്പിക്കാതെ വയ്യ. പക്ഷെ ഇടതുപക്ഷത്തിനാ ഗതികേടില്ല. ഇതുപോലെയുള്ള പ്രീണനമില്ലാതെ തന്നെ ഭരണം നേടാന്‍ അവര്‍ക്കാകും.


ഈതെരഞ്ഞെടുപ്പു പരാജയവും എങ്ങനെ വി എസിന്റെ ഉത്തരവാദിത്തം ആക്കിയെടുക്കാം എന്നായിരിക്കും വിജയനിപ്പോള്‍ ചിന്തിക്കുന്നത്.

ചന്ദ്രശേഖരന്റെ വധവും പരോക്ഷമായി വി എസിന്റെ ചുമലില്‍ വച്ചു കൊടുക്കാന്‍ വിജയന്‍  ശ്രമിക്കും. ചന്ദ്രശേഖരന്‍ സി പി എമ്മിലേക്ക് തിരികെ വരാന്‍ സന്നദ്ധത അറിയിച്ചിരുന്നു എന്നും ഏതോ അജ്ഞാത ശക്തി അദ്ദേഹത്തെ പിന്തിരിപ്പിച്ചു എന്നും പ്രചരിപ്പിക്കുന്നുണ്ട്. വിജയന്‍ ഉദ്ദേശിക്കുന്ന ശക്തി വി എസ് അല്ലാതെ  മറ്റാരുമല്ല. ചന്ദ്രശേഖരന്‍ വി എസിനെ റ്റെലിഫോണ്‍ ചെയ്തിരുന്നു എന്നതിന്റെ തെളിവുകളൊക്കെ ഇപ്പോള്‍ അന്വേഷിച്ചു കൊണ്ടിരിക്കുന്നു.

ഒരിടക്കാലത്തിനു ശേഷം  ചന്ദ്രശേഖരനെ കുലം കുത്തി എന്നും വീണ്ടം ​വിളിച്ചു തുടങ്ങി. ഓര്‍ക്കാട്ടേരിയില്‍ നടന്ന യോഗത്തില്‍ അണത് ആരംഭിച്ചിരിക്കുന്നതും. ചന്ദ്രശേഖരന്‍ പാര്‍ട്ടി ശത്രുക്കളോട് ചേര്‍ന്ന് പാര്‍ട്ടിയെ തകര്‍ക്കാന്‍ ശ്രമിച്ച വര്‍ഗ്ഗ വഞ്ചകന്‍ ആയിരുന്നു എന്നാണവിടെ ആവര്‍ത്തിച്ചതും. ഇപ്പോള്‍ കോണ്‍ഗ്രസില്‍ ചേക്കേറി നെയ്യാറ്റിന്‍കര മണ്ഡലം  പാര്‍ട്ടിക്ക് നഷ്ടപ്പെടുത്തിയ സെല്‍വരാജ് വര്‍ഗ്ഗ വഞ്ചകനല്ല. സിന്ധു ജോയി അല്ല. അബ്ദുള്ളക്കുട്ടി അല്ല. ശിവരാമന്‍ അല്ല. മനോജ് അല്ല. വിജയന്‍ മുന്‍ കൈ എടുത്ത് പാര്‍ട്ടി ചാനലിന്റെ തലപ്പത്തു പ്രതിഷ്ടിച്ച, ഇപ്പോള്‍ മുര്‍ഡോക്കിന്റെ അടിമപ്പണിക്കു പോയ  ബ്രിട്ടാസ് അല്ലേ അല്ല. കോണ്‍ഗ്രസുമായോ യു ഡി എഫുമായോ യാതൊരു വിധ നീക്കുപോക്കുകളും നടത്താതെ അവസാന ശ്വാസം വരെ കമ്യൂണിസ്റ്റായി ജീവിച്ച സഖാവ് ചന്ദ്രശേഖരന്‍ വര്‍ഗ്ഗ വഞ്ചകനാണ്. കുലം കുത്തി ആണ്.



Sunday, 3 June 2012

ലാല്‍ സലാം 






ചന്ദ്രശേഖരന്‍ എന്ന കമ്യൂണിസ്റ്റുകാരന്‍ അതിദാരുണമായി കൊല ചെയ്യപ്പെട്ടപ്പോള്‍ കേരള സാമൂഹ്യ രാഷ്ട്രീയ മണ്ഡലങ്ങളെ അത് അക്ഷരാര്‍ത്ഥത്തില്‍  പിടിച്ചു കുലുക്കി. പരമ്പരാഗത കമ്യൂണിസ്റ്റുവിരുദ്ധരും സി പി എം വിരുദ്ധരും അത് സി പി എം എന്ന പാര്‍ട്ടിക്കെതിരെ കുറ്റവിചാരണക്കായി ഉപയോഗിച്ചു. പക്ഷെ കേരള സി പി എം പാര്‍ട്ടി നേതാക്കളില്‍ പലരും  ഈ കുറ്റവിചാരണ അര്‍ഹിക്കുന്നതാണെന്ന രീതിയില്‍ പ്രതികരിച്ചു. അതിന്റെ മുന്നണിയില്‍ നിന്നത് പിണറായി വിജയനായിരുന്നു.



 ചന്ദ്രശേഖരന്‌ അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ വി എസ് പോകുമെന്നറിഞ്ഞപ്പോള്‍ അദ്ദേഹത്തെ അതില്‍ നിന്നും വിലക്കാന്‍ നോക്കി  വിജയന്‍. പക്ഷെ വിഎസ് അതിനെ ഗൌനിച്ചില്ല. വേണ്ടതിനും വേണ്ടാത്തതിനും വി എസിനെ വിലക്കുക എന്നത് കുറച്ചു നാളായി വിജയന്റെ ദിനചര്യയുടെ ഭാഗമാണല്ലോ. കുഞ്ഞനന്തന്‍ നായരുടെ വീട്ടില്‍ പോകുന്നതില്‍ നിന്നും വി എസിനെ വിലക്കാന്‍ നോക്കി. പക്ഷെ അദ്ദേഹം വക വച്ചില്ല. പിന്നെ അവിടെ  നിന്നും ഭക്ഷണം കഴിക്കുന്നതിനു വിലക്കേര്‍പ്പെടുത്തി. പക്ഷെ ഇളനീര്‍ കുടിച്ച്  വിജയനെ നാണം കെടുത്തി. ഇതൊക്കെ അറിഞ്ഞുകൊണ്ട്  വീണ്ടും ഒരു വിലക്കുമായി വിജയന്‍ വന്നു. പക്ഷെ വി എസ് അതിനെയും വകവച്ചില്ല.

ചന്ദ്രശേഖരന്റെ ശവശരീരത്തോടു പോലും നീതികാണിക്കാതെ അദ്ദേഹം കുലം ​കുത്തി ആണെന്നും, ഒറ്റുകാരന്‍ ആണെന്നും, വര്‍ഗ്ഗവഞ്ചകന്‍  ആണെന്നും  വിജയന്‍  ആവര്‍ത്തിച്ചു.  ധാര്‍മ്മികത   മുഴുവന്‍ ചോര്‍ന്നു പോയ അവസ്ഥയിലായി സി പി എം എന്ന പാര്‍ട്ടി. ഇനിയും സി പി എമ്മില്‍ അവശേഷിക്കുന്ന ധാര്‍മ്മികത ഉള്ളതുകൊണ്ട് വി എസിന്‌ വിജയന്റെ അഭിപ്രായത്തോട് യോജിക്കാനായില്ല. അദ്ദേഹം പരസ്യമായി തന്നെ വിജയന്റെ അഭിപ്രായത്തെ നിരാകരിച്ചു. അത് പാര്‍ട്ടിയുടെ അഭിപ്രായമല്ല, എന്നും പിണറായി വിജയന്റെ വ്യക്തിപരമായ അഭിപ്രായമാണെന്നും വി എസ് പറഞ്ഞു. സി പി എമ്മിന്റെ ചരിത്രത്തില്‍ ആദ്യമായിട്ടാണ്, പാര്‍ട്ടി സെക്രട്ടറിയുടെ നിലപാടിനെ മുതിര്‍ന്ന ഒരംഗം പൊതു വേദിയില്‍ നിരാകരിക്കുന്നതും. അതു കേട്ട ഉടനെ വിജയന്റെ ചാവേറുകളായ ഭാസുരേന്ദ്ര ബാബുവും  മാധവന്‍കുട്ടിയും ഏക സ്വരത്തില്‍  പ്രഖ്യാപിച്ചു. ഇനി  വി എസും പിണറായി വിജയനും  ഒരുമിച്ച് ഒരു പാര്‍ട്ടിയില്‍ ഉണ്ടാകില്ല.

ചന്ദ്രശേഖരന്റെ വീട്ടില്‍ വി എസ് പോകും എന്ന് കേരളത്തിലെ എല്ലാവരും പ്രതീക്ഷിച്ചിരുന്നതാണ്. പക്ഷെ അത് എന്ന് സംഭവിക്കുമെന്നത് തീര്‍ച്ചയുണ്ടായില്ല. ഇതിനിടയില്‍ മണിയുടെ വക അടിയേറ്റ് പാര്‍ട്ടി ഞെട്ടിത്തരിച്ചു നിന്നു. പക്ഷെ വിജയനു കുലുക്കമൊന്നുമുണ്ടായില്ല. മണിയുടെ പ്രസംഗത്തില്‍ ചില വ്യതിയാനങ്ങളുണ്ടായി എന്നും അത് തിരുത്തും എന്നുമേ അദ്ദേഹം പറഞ്ഞു. മണി പല കൊലപാതകങ്ങളും ഏറ്റെടുത്തകൂടെ വി എസിനെ അധിക്ഷേപിക്കാനും മറന്നില്ല. ചന്ദ്രശേഖരന്‍ വി എസിന്റെ അമ്മയിയപ്പനാണോ എന്നു വരെ മണി ചോദിച്ചു.  എങ്കില്‍ ചന്ദ്രശേഖരന്‍ വി എസിനാരാണെന്നു മണി ഇപ്പോള്‍ തന്നെ അറിയട്ടെ എന്ന് വി എസും .  ഉടനെ ചന്ദ്രശേഖരന്റെ വീട്ടിലേക്ക് പോകാന്‍ തീരുമാനിച്ചു. പാര്‍ട്ടിയുടെ ഉന്നത നേതാക്കള്‍ അറിഞ്ഞു കൊണ്ടു തന്നെ ആണദ്ദേഹം  അവിടെ പോയതും. വിലക്കാന്‍ നോക്കി കാണും. അല്ലെങ്കില്‍ വിജയന്‍ മറ്റൊരാളായി ജനിക്കേണ്ടിയിരിക്കുന്നു.


ഒരു കമ്യൂണിസ്റ്റില്‍ നിന്നും ജനം പ്രതീക്ഷിക്കുന്ന നടപടിയേ വി എസ് ചെയ്തുള്ളു. ഇത്കുറച്ചു കൂടെ നേരത്തെ ആക്കാമായിരുന്നു എന്നു മാത്രം. തന്റെ ഉറച്ച അനുയായി ആയിരുന്ന ചന്ദ്രശേഖരന്റെ വെട്ടേറ്റ മുഖം ഇത്ര നാളും അദ്ദേഹത്തിന്റെ ഉറക്കം കെടുത്തിയിരിക്കണം. ഇനിയും നീട്ടിക്കൊണ്ടുപോകാനാകാത്ത വിധം അതദ്ദേഹത്തെ മഥിച്ചപ്പോള്‍ ആ വീട്ടിലേക്ക് വി എസ് പോയി. പിണറായി വിജയനോ പ്രകാശ് കരാട്ടിനോ ഇത് ചെയ്യാമായിരുന്നു. വിജയനൊരു പക്ഷെ അവിടെ സ്വീകരിക്കപ്പെടുമായിരുന്നില്ല. എങ്കിലും പോകാന്‍ അഗ്രഹിക്കുന്നു എന്ന ഒരു വാക്കു പറയാമായിരുന്നു. പക്ഷെ മനസില്‍ അടിഞ്ഞുകൂടിയ കുടിലത അതദ്ദേഹത്തേക്കൊണ്ട് പറയിച്ചില്ല. പ്രകാശ കാരാട്ട് നായനാര്‍ അനുസ്മരണ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ മംഗലാപുരംവഴിയാണു  വന്നത്.  കാസര്‍കോട്ട് വിശ്രമിച്ചു  പെരളശേരിയില്‍ വന്ന് പ്രസംഗിച്ച് അതേ വഴിയിലൂടെ തിരിച്ചു പോയി. പ്രകാശ് കാരാട്ട് ചന്ദ്രശേഖരന്റെ വീട്ടില്‍ അസ്വീകാര്യനാണെന്ന് ആരും പറഞ്ഞു കേട്ടിട്ടില്ല. അത് ചെയ്തിരുന്നെങ്കില്‍ സി പി എമ്മിനു വിജയന്‍ അവതരിപ്പിക്കുന്ന പൈശാചികതയുടെ മുഖം മാത്രമല്ല, മാനവികതയുടെ മുഖം കൂടി ഉണ്ടെന്ന് ലോകത്തെ ബോധ്യപ്പെടുത്താന്‍ കഴിയുമായിരുന്നു. വിജയനും കാരാട്ടും പരാജയപ്പെട്ടിടത്ത് വി എസിനു വിജയിച്ചേ പറ്റൂ.  സി പി എമ്മില്‍ ഇനിയും അവശേഷിക്കുന്ന മാനവികതയുടെയും ധാര്‍മ്മികതയുടെയും  മുഖമാണിന്ന് വി എസ്. ഏറ്റവും ഉചിതമായ കാര്യമാണദ്ദേഹം ചെയ്തതും.



മറ്റേതൊരു കൊലപതകവും പോലെ വെറുമൊരു രാഷ്ട്രീയ കൊലപാതകമായി ഭാവിയില്‍ എഴുതി തള്ളപ്പെടേണ്ടിയിരുന്ന ഈ കൊല പാതകം ഇപ്പോള്‍ കേരളരാഷ്ട്രീയത്തിന്റെ ഗതി നിര്‍ണ്ണയിക്കുന്ന സംഭവം ആയി മാറി.  കൂടാതെ   സി പിമ്മിലെ ഔദ്യോഗ നേതൃത്വത്തിനു പുതിയ ഒരു പട്ടം ചാര്‍ത്തി കൂടി  കൊടുത്തു. കൊലപാതകികളുടെ ഗൂഡ സംഘം. ഇടുക്കി ജില്ലാ സെക്രട്ടറി മണി അതിനു പെരുമ്പറയും കൊട്ടികൊടുത്തു.  ഒരു മൃഗത്തിന്റെ ചേഷ്ടയോടെ മണി പറഞ്ഞു.


ഞങ്ങള്‍ ഒരു പ്രസ്താവനയിറക്കി. 13 പേര്‍. വണ്‍, ടൂ, ത്രീ, ഫോര്‍. . . ആദ്യത്തെ മൂന്നുപേരെ ആദ്യം കൊന്നു. വെടിവെച്ചാ കൊന്നത് ഒന്നിനെ. ഒന്നിനെ കുത്തിക്കൊന്നു. ഒന്നിനെ തല്ലിക്കൊന്നു. മനസ്സിലായില്ലേ, ഒന്നാം പേരുകാരനെ ആദ്യം വെടിവെച്ച്, രണ്ടാം പേരുകാരനെ തല്ലിക്കൊന്നു, മൂന്നാം പേരുകാരനെ മൂന്നാമത് കുത്തിക്കൊന്നു.  

ഇതുപോലെയുള്ള കാട്ടു മൃഗങ്ങളുടെ ഇടയില്‍ വി എസിന്റെ ശബ്ദം മാനവികതയുടെയും,ധാര്‍മ്മികതയുടെയും, ആശ്വാസത്തിന്റെയുമാണ്.  സി പി എം എന്ന പാര്‍ട്ടിയുടെ മേല്‍ വീണ കരിനിഴല്‍ കുറച്ചെങ്കിലും കഴുകിക്കളയാന്‍ വി എസിന്റെ സന്ദര്‍ശനത്തിനു സാധിച്ചു.