വളരെ കാലങ്ങള്‍ക്ക് ശേഷം അടുത്തനാളില്‍ ഒരു സഹപാഠിയെ കണ്ടുമുട്ടി. അനേകം കാര്യങ്ങള്‍ സംസാരിച്ച കൂടെ ജീവിതത്തേക്കുറിച്ചും സംസാരിച്ചു. സ്വാഭാവികമായി ജീവിതം നല്‍കിയ പാഠങ്ങളും വിഷയമായി. സംസാരം സിനിമയിലൂടെ സിനിമാ നടന്‍മാരേക്കുറിച്ച് പരാമര്‍ശിച്ചപ്പോഴായിരുന്നു അത് കടന്നു വന്നത്.
വര്‍ഷങ്ങള്‍ക്ക് മുന്നെ ഏതോ ഒരോണക്കാലത്ത് മോഹന്‍ ലാല്‍ എന്ന നടന്‍ പങ്കെടുത്ത ഒരു സംവാദം കണാനിടയായിട്ടുണ്ട്. സംവാദം എന്നു പറയാന്‍ പറ്റില്ല. കൊച്ചുകുട്ടികളുടെ ചില ചോദ്യങ്ങള്‍ക്ക് മറുപടി പറയുന്നതായിരുന്നു അത്. പറഞ്ഞു പഠിപ്പിച്ചതാണെങ്കിലും ഒരു കുട്ടി ചോദിച്ച ചോദ്യം ഇതായിരുന്നു.
ഇത്രകാലം സിനിമാ രംഗത്ത് പ്രവര്‍ത്തിച്ച അങ്ങ് ജീവിതത്തില്‍ നിന്നും എന്തു പാഠമാണു പഠിച്ചത്.
മോഹന്‍ ലാലിനു പെട്ടെന്നൊരുത്തരം പറയാന്‍ പറ്റിയില്ല. എനിക്ക് തോന്നുന്നത് ആര്‍ക്കും അത് പറ്റിയെന്നു വരില്ല എന്നു തന്നെയാണ്. പക്ഷെ മോഹന്‍ ലാലിന്റെ മറുപടി എന്നെ അമ്പരപ്പിച്ചു.
നമ്മള്‍ ജീവിതത്തില്‍ നിന്നും ഒന്നും പഠിക്കുന്നില്ലല്ലോ എന്നായിരുന്നു ആ മറുപടി. അതിനു ശേഷം അദ്ദേഹം പല ഉരുണ്ടുകളികളും ആ ചോദ്യത്തിനുത്തരമായി നടത്തിയതോര്‍ക്കുന്നു.
മോഹല്‍ ലാലെന്ന വ്യക്തി, സ്വന്തം ജീവിതത്തില്‍ നിന്നു കൂടുതലായൊന്നും പഠിച്ചില്ല എന്ന് അദ്ദേഹത്തിന്റെ പല പ്രവര്‍ത്തികളില്‍ നിന്നും മനസിലാക്കാന്‍ ആകും. 20 വയസുള്ളപ്പോള്‍ സിനിമയില്‍ കാണിച്ചിരുന്ന അതേ കോമാളിത്തരങ്ങള്‍, 53 വയസിലും കാണിക്കുമ്പോള്‍ ഒന്നും പഠിച്ചിട്ടില്ല എന്ന് തീര്‍ച്ചയാണ്. മലയാള സാഹിത്യ സമൂഹിക രംഗങ്ങളില്‍ നിറഞ്ഞുനിന്നിരുന്ന സുകുമാര്‍ അഴീക്കോടിന്റെ വിമര്‍ശനം വയസായ അമ്മാവന്റെ തമാശ ആയി കാണുന്ന ഒരു വ്യക്തി, ജീവിതത്തില്‍ നിന്നും ഏതായാലും ഒന്നും പഠിച്ചിട്ടില്ല എന്നത് തീര്‍ച്ചയാണ്.
ഇപ്പോള്‍ ഇതെഴുതാന്‍ കാരണം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ എന്ന ക്രിക്കറ്റ് കളിക്കാരനേക്കുറിച്ചുള്ള ഒരു ചര്‍ച്ചയില്‍ വന്ന പരാമര്‍ശമാണ്. ഇതാണാ പരാമര്‍ശം. 1999 ഇൽ തന്റെ പിതാവ് മരിച്ചിട്ട് കൂടി ഉടനെ തന്നെ ടീമിൽ തിരികെ എത്തി രാജ്യത്തിന് വേണ്ടി കളിച്ച സച്ചിൻ. ബാറ്റ് ചെയ്യാൻ ഗ്രൗണ്ടിൽ ഇറങ്ങുമ്പോൾ കോടിക്കണക്കിനു ഇന്ത്യാക്കാർ ആവേശത്തോടെ 'സച്ചിൻ സച്ചിൻ' എന്ന് വിളിക്കുന്ന ആ സച്ചിനെ മനസിലാക്കണമെങ്കിൽ സെന്സ് വേണം സെന്സിബിളിട്ടി വേണം സെന്സിട്ടിവിട്ടി വേണം.
ഇത്രയും ആമുഖമായി പറഞ്ഞത്, ഞാന്‍ ജീവിതത്തില്‍ നിന്നും പഠിച്ച ഏറ്റവും വലിയ പാഠം എന്താണെന്ന് പറയാന്‍ വേണ്ടിയാണ്. മാതാപിതാക്കളെ ബഹുമാനിക്കുക എന്നതാണാ പാഠം.
സച്ചിന്‍ പിതാവിനേക്കാള്‍ കൂടുതലായി രാജ്യത്തെ സ്നേഹിക്കുന്നു എന്നു സ്ഥാപിക്കാന്‍ വേണ്ടിയാണ്, ഇതെഴുതിയ വ്യക്തി അത് പരാമര്‍ശിച്ചത്. സ്വന്തം പിതാവു മരിച്ച് ദഹിപ്പിച്ച ചിത ആറുന്നതിനു മുന്നേ രാജ്യ സ്നേഹത്തേ പ്രതി അദ്ദേഹം കളിക്കാന്‍ ഇറങ്ങി എന്നാണി വ്യക്തി അഭിപ്രായപ്പെടുന്നത്. പക്ഷെ അത് പിതാവിനെ അവഹേളിക്കുന്ന പ്രവര്‍ത്തി ആയിപ്പോയി എന്നാണെന്റെ അഭിപ്രായം. ചൈനീസ് പട്ടാളമോ പാകിസ്താന്‍ പട്ടാളമോ ആക്രമിക്കാന്‍ വന്നപ്പോള്‍ അതിര്‍ത്തി കാക്കാനൊന്നുമല്ല ഈ സച്ചിനെന്ന ക്രിക്കറ്റ് കളിക്കാരന്‍ പോയത്. ലോക കപ്പു നേടുക എന്നതും, പണം ഉണ്ടാക്കുക എന്നതും, മാത്രമായിരുന്നു അതിനു പിന്നിലെ പ്രചോദനം. ഭാരിച്ച തുക പ്രതിഫലം മേടിച്ചു തന്നെയാണന്ന് കളിച്ചത്. പിതാവു മരിച്ചാല്‍ പിതാവിനോട് സ്നേഹമുള്ള ഏത് പുത്രനും ദുഖം ഉണ്ടാകും. ആഘോഷങ്ങളുടെ പിന്നാലെ പോകില്ല. ഇന്‍ഡ്യയിലെ ഏറ്റവും വലിയ ആഘോഷമായ ക്രിക്കറ്റിന്റെ പണക്കിലുക്കം സച്ചിനെ കളത്തിലേക്ക് മാടിവിളിച്ചു. ആ പ്രലോഭനം തടുക്കാന്‍ കഴിഞ്ഞില്ല;. പോയി കളിച്ചു. കോടികള്‍ വരുമാനവുമുണ്ടാക്കി. ഒന്നോ രണ്ടോ കളിയില്‍ കളിച്ചില്ല എന്നു കരുതി ആകാശം ഇടിഞ്ഞു വീഴുകയൊന്നുമില്ല. 1999 ല്‍ ഈ ലോകോത്തര കളിക്കാരന്‍ കളിച്ചിട്ടും ഇന്‍ഡ്യ കപ്പു നേടിയില്ല എന്നത് മറ്റൊരു കാര്യം. പണത്തിനു മീതെ പരുന്തും പറക്കില്ല എന്നത് സച്ചിന്റെ കാര്യത്തില്‍, പണത്തിനു മീതെ പിതാവും പറക്കില്ല എന്ന് തിരുത്തേണ്ടി വരും.
സ്വന്തം മാതാപിതാക്കള്‍ എത്രത്തോളം സ്നേഹം അര്‍ഹിക്കുന്നു എന്നത് മനസിലാകുന്നത് പലപ്പോഴും നമുക്ക് കുട്ടികളുണ്ടാകുമ്പോഴാണ്. അവര്‍ക്ക് വേദനിച്ചാല്‍, അവര്‍ ഭക്ഷണം കഴിക്കാതിരുന്നാല്‍, അവര്‍ക്ക് അസുഖം വന്നാല്‍, എന്തിനേറെ അവര്‍ സംസാരിക്കുന്നത് അല്‍പ്പമൊന്നു കുറഞ്ഞാല്‍ പോലും നമ്മുടെ ഹൃദയം നുറുങ്ങും. അവരെ ഒരു പോറല്‍ പോലും ഏല്‍പ്പിക്കാതെ നമ്മള്‍ കാത്തു സംരക്ഷിക്കും. പട്ടിണി കിടന്നായാലും അവരെ തീറ്റിപ്പോറ്റും. അല്‍പ്പം ഒരശ്രദ്ധ മതി നമ്മുടെ കുട്ടികളുടെ ജീവന്‍ നഷ്ടപ്പെടാന്‍,. വീട്ടിലെ ബക്കറ്റില്‍ എടുത്ത് വയ്ക്കുന്ന 10 ലിറ്റര്‍ വെള്ളം മതി അതിന്. കൈ പിടിച്ച് റോഡരുകിലൂടെ നടക്കുമ്പോള്‍ ഒന്ന് കണ്ണു തെറ്റിയാല്‍ അത് നഷ്ടപ്പെടും. അസുഖം ബാധിച്ചാല്‍ ഒരു ചെറിയ ശ്രദ്ധക്കുറവ് ആ ജീവന്‍ കവര്‍ന്നെടുക്കും. ഇതൊക്കെ അനുഭവത്തില്‍ വരുമ്പോള്‍ മാത്രമാണ്, നമ്മുടെ മാതാ പിതാക്കള്‍ നമ്മെ എങ്ങനെ കാത്തു സൂക്ഷിച്ചു എന്ന് തിരിച്ചറിയുക. അവര്‍ ഒരു നിമിഷനേരത്തേങ്കിലും അശ്രദ്ധരായിരുന്നു എങ്കില്‍ നമ്മളൊക്കെ ഇന്ന് ജീവിച്ചിരിപ്പുണ്ടാകില്ല.
ഏറ്റവും നിഷ്കളങ്കവും കാപട്യമില്ലത്തതും ആത്മാര്‍ത്ഥതയുള്ളതും പ്രതിഫലം ഇച്ഛിക്കാത്തതുമായ സ്നേഹം മാതാപിതാക്കള്‍ക്ക് മക്കളോടുള്ളതാണ്. മക്കള്‍ എത്ര കൊള്ളരുതാത്തവരായാലും മാതാപിതാക്കള്‍ അവരെ സ്നേഹിക്കും. അവര്‍ക്ക് വേണ്ടി മരിക്കും. പോലീസിന്റെ വെടിയേറ്റു മരിച്ച ഭീകരനായ മകന്റെ ശവശരീരം കാണേണ്ട എന്ന് ഒരു മാതാവു പറഞ്ഞത് കേരളത്തില്‍ ഇപ്പോഴും മുസ്ലിങ്ങളുടെ പ്രചരണായുധമായി കാണാറുണ്ട്. പക്ഷെ അത് ഒട്ടും ആത്മാര്‍ത്ഥത ഇല്ലാത്ത പ്രസ്താവനയാണ്. ഒരമ്മക്കും തന്റെ മകനെ തള്ളിപ്പറയാന്‍ ആകില്ല. അവന്‍ കൊടും പാപിയാണെങ്കിലും. അത് മനുഷ്യന്റെ ജൈവപരമായ പ്രത്യേകതയാണ്.
പക്ഷെ സമൂഹം പ്രായമായവര്‍ക്ക് ഈ സ്നേഹം തിരിച്ചു നല്‍കുന്നുണ്ടോ എന്നത് സംശയമാണ്. കുറച്ചു പേരെങ്കിലും സ്വന്തം മാതാപിതാക്കളോട് ക്രൂരമായി പെരുമാറുന്നുണ്ട്. അവരെ വഴിയില്‍ ഉപേക്ഷിക്കുന്നു., വീടുകളില്‍ നിന്നും ആട്ടിപ്പുറത്താക്കുന്നു.
സ്വന്തം മാതാപിതാക്കളെ മാത്രമല്ല. എല്ലാ മാതാപിതാക്കളെയും ബഹുമാനിക്കുക എന്ന സംസ്കാരം നമ്മള്‍ ഉണ്ടാക്കി എടുക്കേണ്ടിയിരിക്കുന്നു.
