ഇപ്പോള്‍ വര്‍ത്തകളില്‍ നിറഞ്ഞു നില്ക്കുന്ന ഒരു സംഭവം ""ഋഷിരാജ് സിംഗ് രമേശ് ചെന്നിത്തലയെ അവഹേളിച്ചു പ്രോട്ടോക്കോള്‍ ലംഘിച്ചു"" എന്ന വാര്‍ത്തയാണല്ലോ. ഇത് സംബന്ധമായി എം എല്‍ എ ശ്രീ വി റ്റി ബല് റാമും മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി ശ്രീ ബാബു പോളും എഴുതിയ അഭിപ്രായങ്ങള്‍ വായിക്കാനിടയായി.
ബല് റാമും ബാബു പോളും പറയുന്നതിനോട് യോജിക്കാന്‍ ആകില്ല. ഋഷിരാജ് സിംഗ് രമേശ് ചെന്നിത്തലയെ അവഹേളിച്ചു എന്ന് എന്തടിസ്ഥാനത്തിലാണ്, ബല് റാം പറയുന്നത്? പിന്നിലൂടെ വരുന്ന രമേശ് ചെന്നിത്തലയെ വേദിക്കു പിന്നില്‍ നിന്ന പോലീസുകാര്‍ സല്യൂട്ട് ചെയ്യുന്നു. അതവരുടെ ജോലിയുടെ ഭാഗം. അഥിതി ആയി മുന്നില്‍ ഇരിക്കുന്ന സിംഗ് രമേശിനെ കാണുന്നില്ല. അതുകൊണ്ട് സല്യൂട്ട് ചെയ്യുന്നില്ല. ഇതില്‍ എന്ത് പ്രോട്ടോക്കോള്‍ ലംഘനമാണുള്ളത്? ഏത് പ്രോട്ടോക്കോളിലാണ്, സല്യൂട്ട് എന്ന വാക്കെഴുതി വച്ചിട്ടുള്ളത്?
അഡീഷണല്‍ ചീഫ് സെക്രട്ടറി ആയി വിരമിച്ച മുതിര്‍ന്ന ഒരു ഐ എ എസ് ഉദ്യോഗസ്ഥനായിരുന്ന ശ്രീ ബാബു പോള്‍ എഴുതിയ """അയാൾ അധികാര പരിധി ലംഘിച്ചോ എന്ന് എനിക്കറിയില്ല. പ്രോട്ടോക്കോൾ എന്താണെന്നും അറിയില്ല"""" എന്ന വാചകം അദ്ദേഹം വഹിച്ചിരുന്ന പദവിക്ക് യോജിക്കുന്നതല്ല. ഇതുപോലെ ഉയര്‍ന്ന പദവി വഹിച്ചിട്ടുള്ള ഒരാള്‍ക്ക് ഇതിലെന്തെങ്കിലും അധികാര പരിധി ലംഘനമോ പ്രോട്ടോക്കോള്‍ ലംഘനമോ ഉണ്ടായിട്ടുണ്ടോ എന്ന് തീര്‍ച്ചയായും അറിയേണ്ടതാണ്. ഈ പരാമര്‍ശം മിതമായ ഭാഷയില്‍ പറഞ്ഞാല്‍ വളരെ മോശമായി പോയി.
ജനങ്ങള്‍ ഇതാഘോഷിക്കുന്നു എന്ന ബാബു പോളിന്റെ അഭിപ്രായം മ്ളേഛമായി പോയി. ആരും ഇതാഘോഷിക്കുന്നില്ല. രാജ്യത്തെ ഭൂരിഭാഗം ജനതക്കും ഇപ്പറഞ്ഞ പ്രോട്ടോക്കോള്‍ എന്ന സാധനം എന്താണെന്നറിയില്ല. അവര്‍ക്കറിയാവുന്നത്, തങ്ങള്‍ തെരഞ്ഞെടുക്കുന്ന പ്രതിനിധികള്‍ ഭൂരിഭാഗവും അഹം ഭാവികളും അധികാര ദുര മൂത്തവരും, അഴിമതക്കാരും ഒക്കെ ആണെന്നാണ്. സരിത എന്ന ഒരു ദുര്‍നടപ്പുകാരി സ്ത്രീ ഒരു ലിസ്റ്റ് എടുത്ത് വീശുമ്പോഴേക്കും മൂത്രമൊഴിക്കുന്നവരാണിന്ന് കേരളത്തെ ഭരിക്കുന്ന മന്ത്രിമാരും ജനപ്രതിനിധികളില്‍ ഭൂരിഭാഗവും.
ഋ ഷിരാജ് സിംഗ് എന്ന ഉദ്യോഗസ്ഥന് കഴിഞ്ഞ രണ്ടു പതിറ്റാണ്ടിലധികമായി കേരളത്തിലെ സാധാരണക്കാര്‍ക്ക് പോലും സുപരിചിതനാണ്. അതിന്റെ കാരണം അദ്ദേഹം ഏറ്റെടുക്കുന്ന ജോലി നല്ല രീതിയില്‍ ചെയ്യുന്നതുകൊണ്ടും. ഇപ്പോള്‍ അദ്ദേഹം വഹിക്കുന്ന പദവിയില്‍ ഇരുന്നു കൊണ്ട് കേരളത്തിലെ മതസമുദായിക നേതാക്കളും വന്‍ കിട ബിസിനസുകാരും നടത്തുന്ന വൈദ്യുതി മോഷണം കണ്ടു പിടിച്ചു. അത് പൊതു ജന മദ്ധ്യത്തില്‍ വാര്‍ത്ത ആകുകയം ചെയ്തു. ഒരു കൂലിപ്പണിക്കാരന് കറണ്ട് ബില്ലടയ്ക്കന്‍ ഒരു ദിവസം താമസിച്ചാല്‍ അവന്റെ ഫ്യൂസൂരുന്ന അധികാരി വര്‍ഗ്ഗം ഈ വന്‍ കിടക്കാരുടെ മോഷണത്തിനു നേരെ കണ്ണടക്കുന്നു. രമേശ് ചെന്നിത്തല ഉള്‍പ്പെടുന്ന മന്ത്രിമാരുടെ അറിവോടും ഒത്താശയോടും കൂടെ ആണിതൊക്കെ നടക്കുന്നത്. ഇത് ഒരു ജനാധിപത്യത്തില്‍ ഒരു ജനപ്രതിനിധിയും ചെയ്യാന്‍ പാടില്ലാത്തതാണെന്ന് ബാബു പോളിനെയും ബലറാമിനെയും ആരും ഓര്‍മ്മപ്പെടുത്തേണ്ട ആവശ്യമില്ല.
രമേശ് ചെന്നിത്തലയെ അപമാനിച്ചതോ അവഹേളിച്ചതോ ആരും അഘോഷിക്കുന്നില്ല. ഉണ്ടെന്ന് ബാബു പോളിനു തോന്നുന്നത് ഒരു പക്ഷെ ബുദ്ധി ശരിക്കും പ്രവര്‍ത്തിക്കാത്തതോ ഉമ്മന്‍ ചാണ്ടിയോടുള്ള അമിത ആരാധനയോ ആയിരിക്കാം. വൈദ്യുതി മോഷ്ടിക്കുന്ന വന്‍ കിടക്കാര്‍ക്ക് കൂട്ടു നില്ക്കുന്ന ഭരണ നേതൃത്വത്തോടുള്ള പ്രതിഷേധമാണിത്. അല്ലാതെ ഇതില്‍ ജനാധിപത്യത്തെ അവഹേളിക്കലോ സിംഗിനെ ആരാധിക്കലോ ഇല്ല.
ബാബു പോളിനെയും ബല്‍റാമിനെയും ഫ്രഞ്ച് വിപ്ളവത്തിന്റെ ചരിത്രം ആരും പഠിപ്പിക്കേണ്ടതില്ല. ജനാധിപത്യത്തിനു വേണ്ടി ഫ്രാന്‍സിലെ ആളുകള്‍ അന്നത്തെ പ്രോട്ടോക്കോളുകള്‍ ലംഘിച്ചതായിരുന്നു അത്. ഇന്നും ലോകം മുഴുവന്‍ സുബോധമുള്ള ആളുകള്‍ ആ വിപ്ളവത്തെ ആരാധാനയോടെ കാണുന്നുണ്ട്.
മഹാത്മാ ഗാന്ധിയുടെ വാക്കുകള്‍ ഉദ്ധരിച്ച ബലറാമിനെ മറ്റൊരു പ്രോട്ടോക്കോള്‍ ലംഘനം ഓര്‍മ്മപ്പെടുത്തട്ടെ. ഇന്‍ഡ്യയില്‍ ഏറ്റവും കൂടുതല്‍ പ്രോട്ടോക്കോള്‍ ലംഘനം നടത്തിയ വ്യക്തി ആയിരുന്നു മഹാത്മാ ഗാന്ധി. അന്ന് ഇന്‍ഡ്യ ഭരിച്ചിരുന്ന ബ്രിട്ടീഷ് സര്‍ക്കാരിന്റെ ഒരു വിധം എല്ലാ പ്രോട്ടോക്കോളുകളും അദ്ദേഹം ലംഘിച്ചിട്ടുണ്ട്. ബാബു പോള്‍ അതൊക്കെ മറന്നാലും ബല്‍റാം അത് മറക്കാന്‍ പാടില്ലാത്തതാണ്.
ഋഷി രാജ് സിംഗിനെ ആരെങ്കിലും വെള്ള പൂശുന്നു എങ്കില്‍ അതിനൊരു കാരണമുണ്ട്. ബല്‍റാം ഉള്‍പ്പടെയുള്ള ഭരണ കര്‍ത്താക്കള്‍ ചെയ്തുകൂട്ടുന്ന വൃത്തികേടുകളും കൊള്ളരുതായ്മകളും നിയമ ലംഘനങ്ങളും അതു ഖജനാവിനുണ്ടാക്കുന്ന നഷ്ടങ്ങളും ഒക്കെ കാണുമ്പോള്‍ സ്വഭാവികമായി ഉണ്ടാകുന്ന പ്രതികരണമാണത്. അതിനുള്ള പരിഹാരം അവരെ പുലഭ്യം പറയലല്ല. ജനപ്രതിനിധിളുടെ ഒക്കെ ഭാഗത്തുണ്ടാകുന്ന വീഴ്കള്‍ പരിഹരിക്കലാണ്.
ബാര്‍ കോഴ വിഷയത്തില്‍ ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയും എടുത്ത നിലപാട് ശരി ആണെന്ന് ബല്‍റാമിനു നെഞ്ചത്ത് കൈ വച്ച് പറയാന്‍ സാധിക്കുമോ? ആള് ദൈവങ്ങള്‍ക്കും മത സ്ഥപനങ്ങള്‍ക്കും വന്‍ കിട വ്യവസായികള്‍ക്കും പണക്കാര്‍ക്കും വൈദ്യുതി ഇളവുകള്‍ നല്കുന്ന സര്‍ക്കാര്‍ നടപടി ശരി ആണെന്നു പറയാന്‍ സാധിക്കുമോ? അത് ശരിയല്ല എന്നാണു ബല്‍റാമിനു തോന്നുന്നതെങ്കില്‍ ഇപ്പോള്‍ ജനങ്ങള്‍ പ്രകടിപ്പിക്കുന്ന അഭിപ്രായത്തെ ബല്‍റാമിനു പിന്തുണക്കേണ്ടി വരും. പ്രോട്ടോക്കോള്‍ അധികാര പരിധി എന്നൊക്കെ ഉള്ള ഉഡായിപ്പുകളൊക്കെ പലതും മൂടി വയ്ക്കാനുള്ള കവചങ്ങള്‍ മാത്രമാണ്.
ബല്‍റാമിനേപ്പോലുള്ളവരെ പ്രതിനിധികളായി തെരഞ്ഞെടുത്തു എന്ന ഒരു തെറ്റു മാത്രമേ പൊതു ജനം ചെയ്തിട്ടുള്ളു. അത് എന്തും ചെയ്യാനുള്ള അനുമതി ആയി നിങ്ങളൊക്കെ കരുതുന്നു. ശാലൂ മേനോന്റെയും സരിതയുടെയും തട്ടിപ്പുകള്‍ക്ക് കുടപിടിക്കാനല്ല നിങ്ങളെ തെരഞ്ഞെടുക്കുന്നത്. ജനങ്ങളെ ബാധിക്കുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാനാണ്. നിങ്ങള്‍ നിങ്ങളുടെ കടമ നിറവേറ്റുന്നതില്‍ പരാജയപ്പെടുമ്പോള്‍ ജനങ്ങള്‍ അവരുടെ പ്രതിഷേധം ഇതുപോലെ പ്രകടിപ്പിക്കുന്നു. ചെന്നിത്തലയും താങ്കളും ഉള്‍പ്പെടുന്ന സര്‍ക്കാരിനോടുള്ള പ്രതിഷേധമാണ്, ഋഷിരാജ് സിംഗിനെ അനുകൂലിച്ചും സല്യൂട്ടടിച്ചുമവര്‍ പ്രകടിപ്പിക്കുന്നത്. ഇതേ സല്യൂട്ട് ചെന്നിത്തലക്ക് അവര്‍ നല്‍കുമായിരുന്നു. പക്ഷെ അദ്ദേഹം അതര്‍ഹിക്കുന്നില്ല. അതൊക്കെ മനസിലാക്കേണ്ടത് ബല്‍റാമിനേപ്പോലുള്ള ജന പ്രതിനിധികളാണ്.
ചെന്നിത്തല കടന്നു വന്നപ്പോള്‍ ഋഷിരാജ് സിംഗ് എഴുന്നേറ്റു നിന്ന് സല്യൂട്ട് ചെയ്തില്ല എന്നതിനെ പലരും വളച്ചൊടിച്ച് , ജനങ്ങളെ അപമാനിച്ചു എന്ന തരത്തിലാക്കി. ഇന്ദിരയാണ്, ഇന്‍ഡ്യ എന്ന് പണ്ടൊരു കോണ്‍ഗ്രസ് നേതാവു പറഞ്ഞതാണിപ്പോള്‍ ഓര്‍മ്മ വരുന്നത്. രമേശ് ചെന്നിത്തല എന്ന മന്ത്രിയെ അപമാനിച്ചപ്പോള്‍ ജനങ്ങളെ അപമാനിച്ചു എന്നു പറയുന്നതിന്റെ പിന്നിലെ ചേതോവികാരവും ഈ മനോഭാവത്തില്‍ നിന്നുണ്ടാകുന്നതാണ്.
സല്യൂട്ട് എന്നത് പോലീസ് സേനയുടെ ഭാഗമായ അഭിവാദ്യ രീതിയല്ല. അത് പട്ടാളത്തിലെ രീതിയാണ്. പൊതു ജന സേവന വകുപ്പായ പോലീസില്‍ സല്യൂട്ടിനു പ്രസക്തിയില്ല. പണ്ടത്തെ ബ്രിട്ടീഷ് പട്ടാള രീതികളുടെ അനുകരണമാണത്. ഇത് ഇന്‍ഡ്യയില്‍ വേണോ എന്നത് ചിന്തിക്കേണ്ടിയിരിക്കുന്നു.
പൊലീസുകാർ മേലാളന്മാരെ സല്യൂട്ട് ചെയ്യണമെന്ന് ഇന്‍ഡ്യന്‍ ഭരണഘടനയിലോ മറ്റേതെങ്കിലും നിയമത്തിലോ ഉള്ളതായി കേട്ടിട്ടില്ല. സല്യൂട്ടിന്റെ ആചാരരീതികൾ വിവരിക്കുന്ന നിയമമാണു പ്രോട്ടോക്കോൾ എന്ന രീതിയിലാണിപ്പോള്‍ ചര്‍ച്ചകള്‍ നടക്കുന്നത്. ഉദ്യോഗസ്ഥന്മാരുടേയും ജനപ്രതിനിധികളുടേയും Relative Hierarchy വിവരിക്കുന്ന രേഖയാണ്, പ്രോട്ടോക്കോള്‍.
സിവിൽ സർവ്വീസ് പരീക്ഷകളുടെ എല്ലാ കടമ്പകളും കടന്ന് അര്‍ഹിക്കുന്ന അധികാരസ്ഥാനത്തെത്തിയ ഉദ്യോഗസ്ഥനാണ്, ഋഷിരാജ് സിംഗ്. തനിക്ക് ലഭിച്ച എല്ലാ പദവികളിലും ശോഭിച്ച വ്യക്തിയും. ഉത്തരവാദിത്തങ്ങൾ കൃത്യമായി നിറവേറ്റി എന്ന് നിസംശയം പറയാവുന്ന വ്യക്തി. മറ്റൊരു ഉദ്യോഗസ്ഥനും ഇതുപോലെ പൊതു ജനങ്ങളുടെ ആദരം പിടിച്ചു പറ്റിയ ചരിത്രം കേരളത്തില്‍ കേട്ടിട്ടില്ല.
രാഷ്ട്രീയ ഗുരു ആയിരുന്ന കരുണാകരന്റെ സേവകനായി രാഷ്ട്രീയം ആരംഭിച്ച് എം എല്‍ എ യും മന്ത്രിയും എം പിയുമൊക്കെ ആയി തീര്‍ന്ന വ്യക്തിയാണ്, രമേശ് ചെന്നിത്തല. കരുണാകരന്റെ നല്ലകാലം കഴിഞ്ഞപ്പോൾ അദ്ദേഹത്തെ കാലു വാരി മറുകണ്ടം ചാടി വീണ്ടും സ്ഥാമാനങ്ങള്‍ നേടി എടുത്തു. ഇപ്പോള്‍ ആഭ്യന്തര മന്ത്രി ആകാന്‍ വേണ്ടി നായര്‍ കാര്‍ഡിറക്കിയും കളിച്ച മാന്യ ദേഹം. താക്കോല്‍ സ്ഥാനത്ത് നായരില്ലേ എന്ന് സുകുമാരന്‍ നായരേക്കൊണ്ട് പറയിപ്പിച്ച് താക്കോള്‍ സ്ഥാനമെന്ന ആഭ്യന്തര വകുപ്പ് നേടി എടുത്ത മഹാന്. ഇതുപോലെ ഉള്ള ഒരാളെ ഋഷിരാജ് സിംഗ് അവഹേളിച്ചു എന്നാണിപ്പോള്‍ സംസാര വിഷയം.
ഈ നടന്ന സംഭവവും അതുണ്ടാക്കിയ പ്രതികരണങ്ങളും ചില ചിന്തകളിലേക്ക് വഴി വയ്ക്കുന്നു. ഏറ്റവും കുത്തഴിഞ്ഞ രീതിയില്‍ പ്രവര്‍ത്തിക്കുന്ന ഒരു വകപ്പാണ്, കേരളത്തിലെ വൈദ്യുതി വകുപ്പ്. അടിക്കടി വര്‍ദ്ധിപ്പിക്കുന്ന നിരക്കും കൂടെക്കൂടെയുള്ള പവര്‍ കട്ടും, നഷ്ടത്തിന്റെ കണക്കുകള്‍ മാത്രം പറയുന്ന ഒരു മന്ത്രിയും. ഇവിടെയാണ്, ഋഷിരാജ് സിംഗ് എന്ന് ഉദ്യോഗസ്ഥനെ വിജിലന്‍സ് ഓഫീസറായി നിയമിച്ചത്. അദ്ദേഹം പലരുടെയും വെട്ടിപ്പുകള്‍ കണ്ടു പിടിച്ചു. അതില്‍ ആള് ദൈവങ്ങളുണ്ട്, മത സ്ഥാപനങ്ങളുണ്ട്, ജന പ്രതിനിധികള്‍ വരെ ഉണ്ട്. ഇവരൊന്നും വര്‍ഷങ്ങളായി ബില്ലടയ്ക്കുന്നില്ല. പലരും വളഞ്ഞ വഴിയിലൂടെ വൈദ്യുതി മോഷ്ടിക്കുകയും ചെയ്യുന്നു. ഇത് പലതും ഋഷിരാജ് സിംഗ് കണ്ടു പിടിച്ചു. സ്വാഭാവികമയി അദ്ദേഹം പലരുടെയും കണ്ണിലെ കരടായി. വൈദ്യുതി മോഷണങ്ങള്‍ കണ്ടെത്താനും തടയാനും പൊതുഖജനാവിന്റെ നഷ്ടം നികത്താനും ഋഷിരാജ് സിംഗ് നടപടി എടുത്തത് പലര്‍ക്കും സുഖിച്ചില്ല. താന്‍ ചെയ്യുന്ന എല്ലാ ജോലികളും നിയമം മുന്‍നിര്‍ത്തി ചെയ്യുക എന്നതാണ്, സത്യസന്ധനായ ഈ ഉദ്യോഗസ്ഥന്റെ രീതി. ഇത് പൊതുജനം തലകുലുക്കി സമ്മതിക്കുന്ന വസ്തുതയാണ്. ഇദ്ദേഹത്തെ കൂടെ ക്കൂടെ തസ്തിക മാറ്റി ആണ്, അധികാരി വര്‍ഗ്ഗം പകരം വീട്ടിയത്. ഇപ്പോഴും മാറ്റി. അതില്‍ ചെന്നിത്തലക്കും പങ്കുണ്ട്. അതും ഒരു പക്ഷെ ഈ പ്രശ്നത്തിന്റെ ഇടക്കുണ്ടാകാം.
ഒരു ജന പ്രതിനിധിയെ ഒരു ഉദ്യോഗസ്ഥൻ ബഹുമാനിച്ചില്ല എന്ന ഒരു വാര്‍ത്ത കേള്‍ക്കുമ്പോള്‍ ചിലര്‍ക്കെങ്കിലും സന്തോഷം തോന്നുന്നെങ്കിൽ അതിനൊരര്‍ത്ഥമേ ഉള്ളു. ജനങ്ങൾക്ക് ജന പ്രതിനിധിയിലുള്ള വിശ്വാസം നഷ്ടപ്പെട്ടിരിക്കുന്നു എന്നാണതിന്റെ അര്‍ത്ഥം.
മറ്റുള്ളവരുടെ കാര്യം എനിക്കറിയില്ല. എന്നെ ഋഷിരാജ് സിംഗ് അപമാനിച്ചതായി എനിക്ക് തോന്നിയില്ല. രമേശ് ചെന്നിത്തലയെ അപമാനിച്ചതായും തോന്നിയില്ല. കൊളോണിയല്‍ ഭരണത്തിന്റെ Hang Over ല്‍ ഇപ്പോഴും ജീവിക്കുന്നവര്‍ക്ക് തോന്നുന്നുണ്ടാകാം.
ഋഷിരാജ് സിംഗിനെ വിമര്‍ശിക്കാന്‍ സി പി എമ്മിലെ ഒരു വിഭാഗം മുന്നിലുണ്ട്. അതിന്റെ കാരണം മറ്റൊന്നാണ്. മൂന്നാര്‍ കയേറ്റം ഒഴിപ്പിക്കാന്‍ വി എസ് നിയോഗിച്ച മൂന്നു പൂച്ചകളില്‍ ഒരാളായിരുന്നല്ലോ അദ്ദേഹം. അപ്പോള്‍ പിന്നെ എന്തിര്‍ക്കാതെ വയ്യ. കേരള മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ കല്ലെറിഞ്ഞ് പരുക്കേല്‍പ്പിച്ചപ്പോള്‍ തോന്നാത്ത സങ്കടം ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ മുന്നില്‍ ഋഷിരാജ് സിംഗ് കുനിഞ്ഞില്ല എന്നതിലുള്ള ചീഞ്ഞഴുകിയ രാഷ്ട്രീയം തിരിച്ചറിയാതെ പോകരുത്.
11 comments:
ഒരു ജന പ്രതിനിധിയെ ഒരു ഉദ്യോഗസ്ഥൻ ബഹുമാനിച്ചില്ല എന്ന ഒരു വാര്‍ത്ത കേള്‍ക്കുമ്പോള്‍ ചിലര്‍ക്കെങ്കിലും സന്തോഷം തോന്നുന്നെങ്കിൽ അതിനൊരര്‍ത്ഥമേ ഉള്ളു. ജനങ്ങൾക്ക് ജന പ്രതിനിധിയിലുള്ള വിശ്വാസം നഷ്ടപ്പെട്ടിരിക്കുന്നു എന്നാണതിന്റെ അര്‍ത്ഥം.
മറ്റുള്ളവരുടെ കാര്യം എനിക്കറിയില്ല. എന്നെ ഋഷിരാജ് സിംഗ് അപമാനിച്ചതായി എനിക്ക് തോന്നിയില്ല. രമേശ് ചെന്നിത്തലയെ അപമാനിച്ചതായും തോന്നിയില്ല. കൊളോണിയല്‍ ഭരണത്തിന്റെ Hang Over ല്‍ ഇപ്പോഴും ജീവിക്കുന്നവര്‍ക്ക് തോന്നുന്നുണ്ടാകാം.
കുറെ കപടജനാധിപത്യവാദികളുണ്ട്. രമേശ് എന്നാല്‍ ജനമാണെന്ന് വ്യാഖ്യാനിക്കുന്ന മന്ദന്മാര്. മന്ത്രിയെന്നാല്‍ ജനമാണെന്ന് വിഡ്ഡികളെപ്പോലെ പുലമ്പുന്ന കഴുതകള്‍. ജനാധിപത്യത്തിലെ ജനങ്ങളുടെ വില അറിയാത്ത മണ്ടന്മാര്. അവര്‍ക്കുമാത്രമേ ഇത് അപമാനമാണെന്ന് തോന്നൂ.
പിന്നെ, രാഷ്ട്രീയപ്പാര്ട്ടിഭക്തന്മാരുടെ എതിര്‍പ്പിന് ഒരേയൊരു കാരണമേയുള്ളു.
നാളെ ഈ മീശക്കാരന് “ഞങ്ങടെ മന്ത്രി”ക്കിട്ടും ഇതുപോലെ പണി കൊടുക്കാന്‍ സാദ്ധ്യതയുണ്ട്. അന്ന് എന്തെങ്കിലും എതിര് പറഞ്ഞാല്‍ ഇന്ന് അടികൊണ്ടവര്‍ ചോദിക്കും “അന്ന് നിങ്ങടെ വായിലെന്താരുന്നു, കൊഴുക്കട്ടയായിരുന്നോ” എന്ന്.
അതുമാത്രമേയുള്ളു കാരണം.
ജനാധിപത്യത്തെ അപമാനിച്ചേ എന്ന് പറഞ്ഞ് വിളിച്ചുകൂവുന്ന എതിര്‍പാര്‍ട്ടിക്കാരൊക്കെ രമേശന് നായര്‍ക്ക് ഇങ്ങനെ ഒരു പണി കിട്ടിയതില്‍ ഉള്ളില്‍ സന്തോഷിക്കുന്നുണ്ട്, തീര്‍ച്ച
>>>പിന്നിലൂടെ വരുന്ന രമേശ് ചെന്നിത്തലയെ വേദിക്കു പിന്നില്‍ നിന്ന പോലീസുകാര്‍ സല്യൂട്ട് ചെയ്യുന്നു. അതവരുടെ ജോലിയുടെ ഭാഗം. അഥിതി ആയി മുന്നില്‍ ഇരിക്കുന്ന സിംഗ് രമേശിനെ കാണുന്നില്ല. അതുകൊണ്ട് സല്യൂട്ട് ചെയ്യുന്നില്ല. ഇതില്‍ എന്ത് പ്രോട്ടോക്കോള്‍ ലംഘനമാണുള്ളത്?<<
ഈ ഒരു സാധ്യത ശരിയാകാവുന്നതാണ് ..ഇന്നലെ പുറത്തു വന്ന ഒരു ചിത്രത്തിൽ മന്ത്രിയോട് സംസാരിക്കുന്ന ചിത്രവും ഉണ്ട്..പക്ഷെ മനപൂർവ്വം അവഗണിച്ചത് എങ്കിൽ അത് തെറ്റായി പോയി എന്നത് തന്നെ ആണ് എന്റെ പക്ഷം. കാരണം ജനാധിപത്യ സംവിധാനത്തിൽ മന്ത്രിക്ക് തന്നെ ആണ് മുൻതൂക്കം . അക്ഷര വൈരികളായ രാഷ്ട്രീയക്കാരുടെ താഴെ മാത്രം നില്‍ക്കേണ്ടി വരുന്നത് നമ്മുടെ വ്യവസ്ഥിതിയുടെ ശാപവും .വിദ്യാഭ്യാസം നേടിയ , കുറഞ്ഞ പക്ഷം ഒരു ഡിഗ്രീ എങ്കിലും ഉള്ളവരെ എം എല്‍ എ പണിക്കു എടുക്കാവൂ എന്ന നിയമം ആദ്യം ഉണ്ടാവട്ടെ.
മറ്റൊന്ന് കൂടി ബാര്‍ കോഴയിലും സരിതയിലും ഒന്നും വാ തുറക്കാതിരുന്ന ബാലരാമിനാണ് ഈ വിഷയത്തെക്കുറിച്ച് പ്രതികരിക്കാൻ ഏറ്റവും അർഹത . കാരണം അഴിമാതിയെക്കാലും, മന്ത്രിയുടെ കൊഴയെക്കളും ജനങ്ങള്ടെ ബാധിക്കുന്ന പ്രശ്നം ആണല്ലോ പ്രോട്ടോക്കോൾ ;)
ഗംഭീരമായി എഴുതിയിരിക്കുന്നു കാളിദാസന്
കൊളോണിയല്‍ ഭരണകാലത്തെ പിന്തുടര്ച്ചകള് സമസ്തമേഖലയിലും രൂപപരിണാമമേതും സംഭവിപ്പിക്കാതെ അതേപടി പിന്തുടരുന്ന നമ്മുടെ സിസ്റ്റത്തില്‍ സാങ്കേതികപരമായി ഋഷിരാജ് സിംഗ് ചെയ്തത് ചിലപ്പോള്‍ തെറ്റായിരിക്കാം. ജനാധിപത്യ സെറ്റപ്പില്‍ ജനപ്രതിനിധിക്കും വളരെ വളരെ താഴെയാണ് സിവില്‍ സര്‍വെന്റിന്റെ സ്ഥാനം എന്നതും സ്മരണീയം. എന്നാല്‍ ഋഷിരാജ് സിംഗിനെ അനുകൂലിക്കുവാന്‍ ബഹുഭൂരിപക്ഷം വരുന്ന ആള്‍ക്കാര്‍ക്ക് തോന്നുന്നത് എന്തുകൊണ്ടായിരിക്കാം? അവിടെയാണ് ജനാധിപത്യം എന്ന സമ്പ്രധായത്തിലെ പുഴുക്കുത്തുവീണ വ്യവസ്ഥിതികളോടുള്ള ജനങ്ങളുടെ പുച്ഛം മനസ്സിലാകുക. ബഹുഭൂരിപക്ഷം ജനങ്ങളും നിലവിലെ രാഷ്ട്രീയത്തേയും രാഷ്ട്രീയക്കാരേയും പാടേ വെറുക്കുന്നു. നിലവിലെ പല രാഷ്ട്രീയനേതാക്കളുടേയും ചെയ്തികള്‍ കൊണ്ട് മാത്രമാണതൊക്കെ സംഭവിക്കുന്നത്. ജനങ്ങള്‍ക്ക് ആശ്വാസം കൊള്ളാനും ആദരവോടെ നോക്കിക്കാണാനും കയ്യടിക്കുവാനും നിലവിലെ വ്യവസ്ഥിതിയില്‍ ചുരുക്കം ചില ഋഷിരാജ് സിംഗുമാര്‍ മാത്രമാകുമ്പോള്‍ അവര്‍ പാരമ്പര്യമാമൂലുകളെ ധിക്കരിച്ചുകളയും. ചവറ്റുകുട്ടയിലെറിഞ്ഞുകളയും. അതിനവരെ കുറ്റം പറഞ്ഞതുകൊണ്ട് കാര്യമില്ല. ജനങ്ങള്‍ക്ക് മുന്നില്‍ മാതൃകകളായി മാറുവാന്‍ മത്സരിക്കുകയാണ് ജനപ്രതിനിധികള്‍ ചെയ്യേണ്ടത്. അവര്‍ ആദ്യം ജനങ്ങളുടെ വിശ്വാസം നേടിയെടുക്കട്ടെ. ഒപ്പം അവരുടെ ആദരവും. അങ്ങിനെ വരുമ്പോള്‍ ഇപ്പോഴുള്ള ഈ പ്രതിഷേധം ഋഷിരാജ് സിംഗിനെപ്പോലുള്ള ഉദ്യോഗസ്ഥരുടേ നേര്‍ക്കാവും. നൂറുശതമാനമുറപ്പ്.
കാര്യങ്ങളെ നന്നായി അവതരിപ്പിച്ചിരിക്കുന്നു. എനിക്ക് ഋഷിരാജ്സിംഗിന്റെ നടപടിയെ അംഗീകരിക്കാൻ കഴിഞ്ഞില്ല. അതൊരു ധാർഷ്ട്യമായാണ് എനിക്കു തോന്നിയിട്ടുള്ളത്. ജനങ്ങൾ അതിൽ സന്തോഷിക്കാനുള്ള കാരണം ജനപ്രതിനിധികളുടെ ദുർനടപ്പാണെന്നതിൽ സംശയവുമില്ല. കൊളോണിയൽ കാലത്തെ രീതികൾ ഇപ്പോഴും പിന്തുടരുന്നു എന്നത് മുകളിലെ കമന്റുകളിൽ കാണുന്നു, എന്നാൽ ആ രീതികൾക്കെതിരെയുള്ള എതിർപ്പ് സിംഗ് ചെയ്ത രീതിയിലാണ് ചെയ്യേണ്ടിയിരുന്നത് എന്നെനിക്ക് തോന്നുന്നില്ല, അത്തരം കാര്യങ്ങൾക്കെതിരെ എതിർക്കാൻ മറ്റു വഴികളായിരുന്നു തേടേണ്ടത്.
well said.. :) ഇത് ബൽറാമിന്റെയും ബാബു പോളിന്റെയും പോസ്റ്റിനു കീഴെ കോപ്പി പേസ്റ്റ് ചെയ്തിരുന്നെങ്കിൽ നന്നായിരുന്നു.. :)
അജിത്,
ഈ വിഷയത്തില്‍ ബഹുമാനത്തിന്റെയോ അപമാനത്തിന്റെയൊ പ്രശ്നമില്ല. ഒറ്റ കാര്യമേ ഉള്ളു. രമേശനെ ഗൌനിക്കാതെ ഇരിക്കുന്ന സിംഗിന്റെ ഫോട്ടൊ പലരും കണ്ടു. ഇന്നത്തെ ചീഞ്ഞളിഞ്ഞ രാഷ്ട്രീയത്തോട് കലിപ്പുള്ളവര്‍ അതൊക്കെ പ്രചരിപ്പിച്ചു. അവരുടെ അഭിപ്രായവും രേഖപെടുത്തി. ഈ സത്യം ഉള്‍ക്കൊള്ളാന്‍ മടിയുള്ള ബലരാമനും ബാബു പോളുമൊകെ ഇത് കേരളത്തിലെ ഏറ്റവും വലിയ പ്രശ്നമെന്ന രീതിയില്‍ ഉറഞ്ഞു തുള്ളുന്നു. പ്രോട്ടോക്കോള്‍ ലംഘിച്ച, അല്ലെങ്കില്‍ സാമാന്യ മര്യാദ കാണിക്കാത്ത സിംഗിനെയും സിംഗിനെ പിന്തുണക്കുന്നവരെയും പുലഭ്യം പറയാന്‍ അവര്‍ അതുപയോഗിക്കുന്നു. ലളിതമായി പറഞ്ഞാല്‍ അസഹിഷ്ണുത.
വില്ലേജ് മാന്‍,
ജനാധിപത്യ സംവിധാനത്തിൽ മന്ത്രിക്ക് തന്നെ ആണ് മുൻതൂക്കം . ഉദ്യോഗസ്ഥര്‍ അതിനു താഴെ തന്നെ. പക്ഷെ ഇവിടെ പൊതു ജനം പ്രതികരിച്ചത് ഈ വലിപ്പച്ചെറുപ്പത്തിന്റെ തായ്വേരു കണ്ടെത്തിയൊന്നുമല്ല. വൈദ്യുതി വകുപ്പിലെ വിജിലന്‍സ് നല്ല രീതിയില്‍ കൈകാര്യം ചെയ്തിരുന്ന സിംഗിനെ പെട്ടെന്നൊരു ദിവസം പോലീസ് മന്ത്രി ആ സ്ഥാനത്തു നിന്നും മാറ്റുന്നു. അതേതായാലും സിംഗിനുള്ള ആദരമാണെന്ന് അരിയാഹാരം കഴിക്കുന്ന ആരും കരുതില്ല. ജനങ്ങള്‍ പ്രതികരിച്ചത് ഈ വിഷയത്തോടാണ്. സിംഗും പോലീസ് മന്ത്രിയുമൊരുമിച്ചു വന്ന ഒരു വേദി അതിനു കാരണമായി എന്നു മാത്രം. സിംഗിനോടുള്ള ആരാധനയേക്കാള്‍ ചെന്നിത്തല പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയത്തോടുള്ള പ്രതികരണമാണത്. അതിനെ പ്രോട്ടോക്കോള്‍ എടുത്ത് തടുക്കാനാണ്, രണ്ടു പക്ഷത്തുമുള്ള രാഷ്ട്രീയക്കാര്‍ ശ്രമിക്കുന്നത്.
മന്ത്രിമാരും മറ്റ് രാഷ്ട്രീയക്കാരും അവരുടെ കടമ നിര്‍വഹിക്കുന്നതില്‍ പരാജയപ്പെട്ടാല്‍ ഇതുപോലെ പലതും ഉണ്ടാകും.
ശ്രീക്കുട്ടന്,
അതെ ജനങ്ങള്‍ക്ക് ആശ്വാസം കൊള്ളാനും ആദരവോടെ നോക്കിക്കാണാനും കയ്യടിക്കുവാനും നിലവിലെ വ്യവസ്ഥിതിയില്‍ ചുരുക്കം ചിലരേ രാഷ്ട്രീയക്കാരിലും ഉദ്യോഗസ്ഥരിലും ഉള്ളു.
കേരളത്തിലെ ഒരു സര്‍ക്കാര്‍ ഓഫീസിലും ഇന്നു വരെ നല്ല ഒരനുഭവം എനിക്കുണ്ടായിട്ടില്ല. ഏത് കാര്യത്തിനു ചെന്നാലും ഒരായിരം തടസങ്ങളും വരട്ടു വാദങ്ങളുമൊക്കെ ആണ്, ഉദ്യോഗസ്ഥരില്‍ നിന്നുണ്ടായിട്ടുള്ളത്. സഹായിക്കുക എന്നതല്ല അവരുടെ പണി. പരാമവധി ഉപദ്രവിക്കുക എന്നതാണ്. അവരെ നേര് വഴിക്ക് നയിക്കേണ്ട മന്ത്രിമാര്‍ അതിനു ശ്രമിക്കുന്നില്ല. മറിച്ച് അവരേക്കാള്‍ അഴിമതിയും സ്വജനപക്ഷപാതവും കാണിക്കുന്നു. കെ എം മാണിക്കോ കെ ബാബുവിനോ ഉമ്മന്‍ ചാണ്ടിക്കോ ഉദ്യോഗസ്ഥരോട് അഴിമതി കാണിക്കരുതെന്ന് പറയാനുള്ള ധാര്‍മ്മികതയുമില്ല. സിംഗിനേപ്പോലുള്ള ഉദ്യോഗസ്ഥരെ കാണുമ്പോള്‍ ഈ വ്യവസ്ഥിതിയില്‍ കിടക്കുന്ന പൊതു ജനം അറിയാതെ കയ്യടിച്ചു പോകുന്നു. ഇത് ഈ വ്യവസ്ഥിതിയോടുള്ള പ്രതികരണമാണ്. ഇതിലേറ്റവും കൂടുതല്‍ വീഴ്ച്ച രാഷ്ട്രീയക്കാര്‍ക്ക് തന്നെയാണ്. ഉദ്യോഗസ്ഥരെ സത്യസന്ധരാക്കണമെങ്കില് രാഷ്ട്രീയക്കാര്‍ സത്യസന്ധരാകണം.
കാഴ്ച്ചക്കരാന്,
സിംഗ് എന്തിനെയെങ്കിലും എതിര്‍ത്തു എന്നതല്ല വിഷയം. എതിര്‍ത്തത് എന്താണെന്നു താങ്കളൊന്ന് വിശദീകരിച്ചാല്‍ നന്നയിരുന്നു.
കുഞ്ഞുറുമ്പ്,
ഈ പോസ്റ്റിലെ കുറച്ച് ഭാഗങ്ങള്‍ ഞാന്‍ ബലറാമിന്റെ പോസ്റ്റില്‍ എഴുതിയിട്ടുണ്ട്. പക്ഷെ ബലറാം പ്രതികരിച്ചിട്ടില്ല.
Post a Comment