ഇപ്പോള്‍ കേരളത്തില്‍ ന്യൂ ജെനറേഷന്റെ കാലമാണ്. പൊതു സമൂഹം സഭ്യമല്ല എന്നു കരുതുന്ന സംഭാക്ഷണങ്ങള്‍ കുത്തി നിറച്ച് പുറത്തിറക്കിയ മലയാള സിനിമകളെ ഉദ്ദേശിച്ചാണീ വിളിപ്പേരുണ്ടായത്. സിനിമയും കടന്ന് ഇപ്പോള്‍ ന്യൂ ജെനറേഷന്‍ രാഷ്ട്രീയത്തില്‍ നിറഞ്ഞാടിക്കൊണ്ടിരിക്കുന്നു. സഭ്യമല്ലാത്ത പ്രയോഗങ്ങള്‍ കേരള മുഖ്യമന്ത്രി ഉള്‍പ്പടെയുള്ള രാഷ്ട്രീയ നേതാക്കളില്‍ നിന്നുണ്ടാകുന്നു.
സോളാര്‍ വിഷയം പൊതു സമൂഹത്തില്‍ ഉയര്‍ന്നു വന്നപ്പോള്‍ മുഖ്യമന്ത്രിയുടെ ഓഫീസിനതില്‍ ഉള്ള പങ്കിനേപ്പറ്റി ആക്ഷേപമുണ്ടായി. അപ്പോള്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞത് ഇപ്രകാരം. എന്റെ ഓഫീസിലുള്ള ആര്‍ക്കും ഇതില്‍ യാതൊരു പങ്കുമില്ല. അവരെ ആരെയെങ്കിലും ബ്വലി കൊടുത്ത് ഞാന്‍ രക്ഷപ്പെടാന്‍ ശ്രമിക്കില്ല.
ആരെയും ബലി കൊടുക്കില്ല എന്നു പറഞ്ഞ മുഖ്യമന്ത്രി തന്റെ ഓഫീസിലെ നാലു പേരെ ബലി കൊടുത്തു. ഒരാളെ അറസ്റ്റ് ചെയ്ത് ജയിലിലുമാക്കി. ന്യൂ ജെനറേഷന്റെ ആരംഭം ഇവിടെ തുടങ്ങി. ഇപ്പോള്‍ സോളാര്‍ വിവാദം ആര്‍ക്കും പിടിച്ചു നിറുത്താന്‍ വയ്യാത്ത തരത്തില്‍ പൊതു ജന മദ്ധ്യത്തില്‍ നിറഞ്ഞു നില്‍ക്കുന്നു. ഇതിന്റെ പിന്നില്‍ ഉള്ള വലിയ ഒരു ശക്തി കോണ്‍ഗ്രസിലെ രമേശ് ചെന്നിത്തല നയിക്കുന്ന ഗ്രൂപ്പാണെന്നാണ്, ഉമ്മന്‍ ചാണ്ടിയുടെ ഉറച്ച അഭിപ്രായം. അതുകൊണ്ട് രമേശനെ നിശബ്ദനാക്കാന്‍ അദ്ദേഹമിപ്പോള്‍ കോണ്‍ഗ്രസ് ഹൈക്കമാന്റിന്റെ തിണ്ണയില്‍ കിടന്ന് നിരങ്ങുന്നു. സോണിയ ഗാന്ധിയെ കാണാന്‍ സമയം ചോദിച്ചിട്ട് ഇതു വരെ അദ്ദേഹത്തിനു ലഭിച്ചിട്ടില്ല. അതിന്റെ കാരണം ഒരു പക്ഷെ വി ആര്‍ രാഗേഷിന്റെ ഈ കാര്‍ട്ടൂണില്‍ പറയുന്നതായിരിക്കാം.
പക്ഷെ ഈ തട്ടിപ്പിന്റെ ഉത്തരവാദിത്തത്തിന്റെ പങ്ക് പറ്റാന്‍ താനില്ല എന്ന കടുത്ത നിലപാടിലാണിപ്പോള്‍ രമേശ് ചെന്നിത്തലയും അദ്ദേഹത്തിന്റെ ഗ്രൂപ്പും. അത്രക്ക് യോജിപ്പാണു രമേശ് ചെന്നിത്തലയും ഉമ്മന്‍ ചാണ്ടിയും തമ്മിലിപ്പോള്‍.
ഉമ്മന്‍ ചാണ്ടിയുടെ അടുത്ത ന്യൂ ജെനറേഷന്‍ ഫലിതം വന്നത് അട്ടപ്പാടിയിലെ ആദിവാസികളുടെ വിഷയത്തിലാണ്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ അട്ടപ്പാടിയില്‍ 48 നവജാത ശിശുക്കൾ മരിച്ചു. പോക്ഷകാഹാര കുറവായിരുന്നു മരണകാരണമെന്നറിഞ്ഞപ്പോള്‍ കേരളീയ സമൂഹം ലജ്ജിച്ചു തല താഴ്ത്തി. ജീവിത സൂചികയിലും ആരോഗ്യനിലവാരത്തിലും പടിഞ്ഞാറന്‍ നാടുകളോട് കിടപിടിക്കുന്ന കേരളത്തില്‍ സംഭവിക്കാന്‍ പാടില്ലാത്തതാണിത്.അതിന്റെ ഗൌരവം മനസിലാക്കിയ കേന്ദ്ര മന്ത്രിസഭ മന്ത്രിയെ തന്നെ അട്ടപ്പാടിയിലേക്കയച്ചു. പ്രധാനമന്ത്രി തന്റെ ഓഫീസിലെ ഉദ്യോഗസ്ഥരെ അയച്ചു കാര്യങ്ങള്‍ മനസിലാക്കി. ജനസമ്പര്‍ക്ക പരിപാടിക്ക് ഐക്യരാഷ്ട്ര സഭ നല്‍കുന്ന അവാര്‍ഡ് മേടിച്ചു എന്ന കള്ളം പ്രചരിപ്പിക്കുന്ന ഉമ്മന്‍ ചാണ്ടി, താന്‍ അധികാരത്തില്‍ വന്ന ശേഷം ഈ ആദിവാസികളുമായി യാതൊരു വിധ സമ്പര്‍ക്കവും ഉണ്ടായില്ല എന്നത് ഉമ്മന്‍ ചാണ്ടിക്ക് നാണക്കേടായി തോന്നില്ല. കാരണം, കുറച്ചു നാളായി നാണക്കേടെന്താണെന്ന് അദ്ദേഹത്തിനറിയാതായിരിക്കുന്നു.പക്ഷെ ഒരു ഭരണാധികാരിയില്‍ നിന്നും വരാന്‍ പാടില്ലാത്ത ഒരു ന്യൂ ജെനറേഷന്‍ തമാശ അദ്ദേഹത്തിന്റെ നാവില്‍ നിന്നും വന്നു. അട്ടപ്പാടിയിലെ ആദിവസികള്‍ക്ക് ഇഷ്ടം പോലെ ഭക്ഷണം സര്‍ക്കാര്‍ കൊടുക്കുന്നുണ്ട്. പക്ഷെ അവര്‍ കഴിക്കുന്നില്ല. എന്തൊരു സങ്കടം!.
പിന്നീട് ന്യൂ ജെനറേഷന്‍ തമാശ വന്നത് ഉമ്മന്‍ ചാണ്ടിയുടെ ഇപ്പോഴത്തെ മനസാക്ഷി സൂക്ഷിപ്പുകാരനായ മന്ത്രി കെ സി ജോസഫില്‍ നിന്നായിരുന്നു. അട്ടപ്പാടിയിലെ ഗര്‍ഭിണികള്‍ മദ്യം കഴിക്കുന്നതാണത്രെ അവജാത ശിശുക്കള്‍ മരിക്കാന്‍ കാരണം. കൊല്ലുന്ന രാജാവിനു തിന്നുന്ന മന്ത്രി എന്നു പറഞ്ഞപോലെയാണ്, ഉമ്മന്‍ ചാണ്ടിയും കെ സി ജോസഫും.
ഇതില്‍ എത്ര വാസ്തവമുണ്ടെങ്കിലും ജയലക്ഷ്മി മന്ത്രിക്കോ, ജോസഫ് മന്ത്രിക്കോ, ഉമ്മൻ ചാ ണ്ടി മുഖ്യമന്ത്രിക്കോ ഇതു വരെ ഇതൊന്നും അറിയില്ലായിരുന്നു എന്നതാണു ശരി. കേരളം മുഴുവന്‍ ജനസമ്പര്‍ക്കം നടത്തി നാടകമാടുന്ന ഉമ്മന്‍ ചാണ്ടിക്ക് ഏതെങ്കിലും ആദിവാസി ഊരുകളില്‍ ഒരു ജനസമ്പര്‍ക്കെമെങ്കിലും നടത്താന്‍ ഇതു വരെ തോന്നിയിട്ടില്ല. അവരുടെ വോട്ടിനു വിലയില്ലല്ലോ. പിന്നെ എന്ത് സമ്പര്‍ക്കം?
ന്യൂ ജെനറേഷന്റെ അടുത്ത പ്രഭവ കേന്ദ്രം ഡെല്‍ഹിയായിരുന്നു. അവിടെ നിന്ന് കേരളത്തെ കടത്തി വെട്ടി മൂന്നു ന്യൂ ജെനറേഷന്‍ തമാശകളാണു വന്നത്.
മുംബൈയില്‍ ഒരു നേരത്തെ സുഭിക്ഷ ഭക്ഷണം ലഭിക്കാന്‍ 12 രൂപാ മതിയെന്ന് കോണ്‍ഗ്രസ് നേതാവ്, രാജ് ബബ്ബര്‍
ഡെല്‍ഹിയില്‍ ഒരു നേരത്തെ സുഭിക്ഷ ഭക്ഷണം ലഭിക്കാന്‍ അത്ര പോലും വേണ്ട, വെറും 5 രൂപാ മതിയെന്ന് മറ്റൊരു കോണ്‍ഗ്രസ് നേതാവ് റഷീദ് മസൂദ്
ഇതിനെയൊക്കെ കവച്ചു വയ്ക്കുന്നു. കേന്ദ്ര മന്ത്രി ഫറൂക്ക് അബ്ദുള്ളയുടെ ന്യൂ ജെനറേഷന്‍. അദ്ദേഹം ഒരു പട്ടണത്തെ പ്രത്യേകം എടുത്തു പറഞ്ഞില്ല. ഇന്‍ഡ്യ മൊത്തമായി തന്നെ പറഞ്ഞു. 1 രൂപക്ക് സുഭിക്ഷ ഭക്ഷണം ലഭിക്കുമത്രെ.
ഒരു രൂപയ്ക്കും 12 രൂപയ്ക്കും ഇടയില്‍ കിടന്ന് കിളിത്തട്ടു കളിക്കുന്ന ഈ ജന്തുക്കള്‍ ഒരു നേരം ഭക്ഷണം കഴിക്കാന്‍ നികുതിദായകരുടെ എത്ര രൂപ ചെലവഴിക്കുന്നു എന്നത് പക്ഷെ ഇവര്‍ പറയുന്നില്ല.
ഈ മഹാന്‍മാരുടെ ശ്രേണിയിലേക്ക് എടുത്തു വയ്ക്കാവുന്ന മറ്റ് രണ്ട് മഹദ്‌വ്യക്തികള്‍ കൂടിയുണ്ട്. ആസൂത്രണ കമ്മീഷന്‍ ഉപാധ്യക്ഷന്‍ മൊണ്ടേക് സിംഗ് അഹ്‌ലുവാലിയയും ഡെല്‍ഹി മുഖ്യമന്ത്രി ഷീല ദീക്ഷിതും. ദിവസം 29 രൂപ വരുമാനമുണ്ടെങ്കില്‍ ഒരു കുടുംബത്തിന്റെ എല്ലാ ആവശ്യങ്ങളും നടക്കുമെന്നാണ്, അഹ്‌ലുവാലിയ തമ്പുരാന്റെ പക്ഷം. ഡെല്‍ഹിയില്‍ ഒരു കുടുംബത്തിന്, ഒരു മാസം സുഭിക്ഷമായി ജീവിക്കാന്‍ 600 രൂപാ മതിയെന്നാണ്, ഷീലയുടെ അഭിപ്രായം.
അഹ്‌ലുവാലിയ തമ്പുരാന്‍ കേരളത്തില്‍ വന്ന് പണ്ടൊരു ന്യൂ ജെനറേഷന്‍ തമാശ പറഞ്ഞിരുന്നു. നിങ്ങള്‍ കൃഷിഭൂമിയൊക്കെ നികത്തി കോണ്‍ക്രീറ്റ് കൂടാരങ്ങള്‍ പണുതോളൂ. തമിഴനും തെലുങ്കനും നിസാര വിലക്ക് ഭക്ഷണപദാര്‍ത്ഥങ്ങള്‍ നിങ്ങള്‍ക്ക് തന്നോളും എന്നാണത്. ഇപ്പോള്‍ കേരളത്തിലേക്ക് തമിഴനും തെലുങ്കനും നല്‍കുന്നവയുടെ വില എത്രയെന്ന് ഈ ഭീകരനോട് ചോദിക്കാന്‍ വിവേകമുള്ള ഒരു സരിത എം എല്‍ എല്‍ യോ ഹരിത എം എല്‍ എ യോ ഇന്ന് കേരളത്തില്‍ ഇല്ല.
ഇതേ അഹ്‌ലുവലിയ നടത്തിയ മറ്റു ചില ജന സേവങ്ങളുടെ കാര്യം കൂടി പറയാം. ഇദ്ദേഹത്തിനു തൂറാനുള്ള (ക്ഷമിക്കണം. ഇത് ന്യൂ ജെനറേഷന്‍ കാലമല്ലേ. ഞാനും അല്‍പ്പം ന്യൂ ജെനറേഷന്‍ പാതയിലൂടെ സഞ്ചരിക്കട്ടെ) സര്‍ക്കാര്‍ കക്കൂസ് മോടിപ്പിക്കാന്‍ വേണ്ടി ചെലവാക്കിയ തുക 35 ലക്ഷം രൂപയാണ്. ഇത്രയേറെ വിലപിടിപ്പുള്ള കക്കൂസില്‍ തൂറാന്‍ മാത്രം എന്താണിദ്ദേഹം കഴിക്കുന്നതെന്ന് ആര്‍ക്കെങ്കിലും പറയാന്‍ സാധിക്കുമോ?
ന്യൂ ജെനറേഷന്‍ തമാശ പറയുന്ന കാര്യത്തില്‍ കേരളത്തിലെ ഒരു ഹരിത എം എല്‍ എ, വി റ്റി ബലറാം, ഒട്ടും പിന്നിലല്ല. തൃത്താല എം എല്‍ ആയ ഇദ്ദേഹത്തിനൊരു Face book അക്കൌണ്ട് ഉണ്ടായിരുന്നു. http://www.facebook.com/vtbalram . അതിന്റെ നെറ്റിയില്‍ എഴുതി വച്ചിരിക്കുന്നത് "നെറികേടിനെ നിലപാടു കൊണ്ട് ചോദ്യം ചെയ്യുക" എന്നാണ്. ഇന്നലെ വരെ ഉണ്ടായിരുന്ന ഈ അക്കൌണ്ട് ഇപ്പോള്‍ കാണാനില്ല. അവിടെ ചില നെറികേടുകളും അതിനെ അദ്ദേഹം ചോദ്യം ചെയ്ത രീതികളും ബലറാം വിശദീകരിച്ചിട്ടുണ്ട്. അന്തരിച്ച കോണ്‍ഗ്രസ് നേതാവ് എം എ ജോണിന്റെ കാലത്തൊരു മുദ്രവാക്യം ഉണ്ടായിരുന്നു. പരിപാടിയിലുള്ള പിടിവാശിയാണ്, പരിവാര്‍ത്തനവാദിയുടെ പടവാള്‍ എന്നായിരുന്നു അത്.മുദ്രവാക്യം മുഴക്കിയതല്ലാതെ ഒരു പരിവര്‍ത്തനവും എം എ ജോണും കൂട്ടരും കൊണ്ടു വന്നതായി കേട്ടിട്ടില്ല. അതുതന്നെയാണ്, ബലറാമിന്റെ കാര്യത്തിലും ഉണ്ടാകുന്നത്.
കേരളം ഭരിക്കുന്ന ഭരണ കക്ഷി എം എല്‍ എ ആണു ബലറാം. കേരളത്തില്‍ എന്തെങ്കിലും നെറികേടുണ്ടെങ്കില്‍ അതിനെ തിരുത്താന്‍ അധികാരമുള്ളതാണ്, ഭരണ കക്ഷി. കേള്‍ക്കുന്ന നാലഞ്ചുപേരുടെ കയ്യടി വാങ്ങാന്‍ വേണ്ടി നെറികേടുകള്‍ക്കെതിരെ ആക്രോശിച്ചാലൊന്നും ഒരു നെറികേടും ഓടിപ്പോകില്ല. അതിനെതിരെ നടപടി എടുക്കണം. അതിനുള്ള ആര്‍ജ്ജവമാണു വേണ്ടത്. നിര്‍ഭാഗ്യവശാല്‍ ബലറാമിനതില്ല.
അദ്ദേഹ ത്തിന്റെ മറ്റൊരു Facebook account ഇതാണ് .
അതിന്റെ ചില screen shot കള്‍ ഇവയാണ്. ഉമ്മന്‍ ചാണ്ടിയുടെ ന്യൂ ജെനറേഷന്‍ തമാശയെ കവച്ചു വയ്ക്കുന്ന ന്യൂ ജെനറേഷാനാണിവ.
കൃഷിഭൂമി നികത്തി വിമാനത്താവളമുണ്ടാക്കുന്നതിനെതിരെ യഥാര്‍ത്ഥ പരിസ്തിതിവാദികള്‍ നടത്തുന്ന സമരത്തോടനുഭാവം പ്രകടിപ്പിക്കാനാണീ അഭിനയം. നിയമസഭയിലെ ഭൂരിപക്ഷം എം എല്‍ എമാര്‍ ഒപ്പിട്ട നിവേദനത്തില്‍ താനും ഒപ്പിടാം എന്നാണിദ്ദേഹത്തിന്റെ വെല്ലുവിളി. എന്തിനാണതെന്നാരും ചോദിക്കരുത്. അതും ഒരു നെറികേടിനെതിരെ എടുക്കുന്ന നിലപടായിട്ടാണിദ്ദേഹത്തിന്റെ അഭിനയം. ആരെതിര്‍ത്താലും ഈ നെറികേടുമായി മുന്നോട്ടു പോകുമെന്നാണു ഉമ്മന്‍ ചാണ്ടി പറയുന്നത്.
ഇതിനോര്‍ത്ഥമേ ഉള്ളു. ബലറാമല്ല അദ്ദേഹത്തിന്റെ അപ്പൂപ്പന്‍ എതിര്‍ത്താലും വിമാനത്താവളം പണിയുമെന്നാണത്. ബലറാമിനീ നെറികേടിനെ നിലപാടുകൊണ്ട് ചോദ്യം ചെയ്യാം. ആരുമതിനെ ഗൌനിക്കില്ല.
ദേവസ്വം ബോര്‍ഡ് അംഗങ്ങളെ തെരഞ്ഞെടുക്കാന്‍ പറഞ്ഞ നെറികേടിനോടുള്ള നിലപാടാണിത്. ബലറാമിനെ ആരോ ഹിന്ദു എം എല്‍ ആയി മുദ്ര കുത്തി എന്നാണദ്ദേഹത്തിന്റെ തോന്നല്‍,. ആ തോന്നലില്‍ നിന്നാണീ നിലപാടുണ്ടായത്. ദേവസം ബോര്‍ഡ് അംഗങ്ങളെ തെരഞ്ഞെടുക്കുന്ന എം എല്‍ എ മാരെ ഇന്നു വരെ അരും ഹിന്ദു എം എല്‍ എ ആയി മുദ്ര കുത്തിയിട്ടില്ല. തൃത്താലയിലെ മുസ്ലിം വോട്ടില്‍ കണ്ണു വച്ച് നടത്തുന്ന ഒരു കപടാഭിനയമാണിത്. ആദ്യം മസിലു പിടിച്ചു നിന്ന ബാലറാം, ഉമ്മന്‍ ചാണ്ടി കണ്ണുരുട്ടിയപ്പോള്‍ അനുസരണയുള്ള കുഞ്ഞാടിനേപ്പോലെ പോയി വോട്ടു ചെയ്തു. അത്രയേ ഉള്ള നെറികേടിനെതിരെ എടുക്കുന്ന ബലറാം വക നിലപാട്.
ഇതാണ്, ബലറാമിന്റെ ഏറ്റവും വലിയ ന്യൂ ജെനറേഷന്‍ വ്യഥ. ബലറാമിന്റെ ഗുരു സങ്കല്‍പ്പിച്ചതുകൊണ്ട് കേരളത്തില്‍ ജാതിയോ മതമോ ഇല്ലെന്നാണീ കാപട്യത്തിന്റെ അഭിനയം. രമേശ് ചെന്നിത്തല എന്ന നായരെ മന്ത്രിയാക്കി മന്ത്രിസഭയുടെ ജാതി സമവാക്യം സന്തുലിതമാക്കാന്‍ ബലറാമിന്റെ നേതാവ്, ഉമ്മന്‍ ചാണ്ടി കിടന്ന് ചക്രശ്വാസം വലിക്കുകയാണ്. നയരാണെങ്കില്‍ അമ്പിനും വില്ലിനും അടുക്കുന്നില്ല. ഇതൊന്നുമറിയില്ല എന്ന് ഭാവിച്ചു കൊണ്ട് ബലറാം നടത്തുന്ന ഈ അഭിനയത്തിന്, ഓസ്കര്‍ അവാര്‍ഡ് കൊടുക്കേണ്ടീ വരും. കേരളത്തെ ജാതി മത ശക്തികള്‍ക്ക് തീറെഴുതികൊടുക്കുന്നത് ബലറാമിന്റെ പാര്‍ട്ടി ആയ കോണ്‍ഗ്രസാണ്. അതിനൊക്കെ നിയമസഭയില്‍ കൈ പൊക്കി പിന്തുണ കൊടുത്തിട്ട്, പുറത്തു വന്ന് ഇതുപോലെ മുഖം മൂടി ധരിക്കുന്ന ബലറാമിനേപ്പോലുള്ളവരാണീ നാടിന്റെ ശാപം. മുസ്ലിം ലീഗെന്ന മത സംഘടനയുടെ മുന്നില്‍ ഉമ്മന്‍ ചാണ്ടി സാഷ്ടാംഗം പ്രണമിച്ചു കിടക്കുന്നു. ഞാഞ്ഞൂളായ ബലറാം ജാതി ചിന്തക്കും മത ചിന്തക്കുമെതിരെ ഗീര്‍വാണം അടിക്കുന്നു. ഇതാണു പത്തരമാറ്റുള്ള ന്യൂ ജെനറേഷന്‍.
ബലറാമിനോടരപേക്ഷ ഉണ്ട്. ശ്രീനാരായണനെ വെറുതെ വിട്ടേക്കുക. താങ്കളേപ്പോലുള്ള കാപട്യങ്ങളുടെ കയ്യില്‍ അദ്ദേഹം ഒതുങ്ങില്ല.