Tuesday, 14 February 2012

അണ്ണാ ഹസാരെയെ ഓടിക്കുന്നവര്‍ 





ചെമ്മീന്‍ എന്ന സിനിമയില്‍ അച്ചന്‍ കുഞ്ഞെന്നും നല്ല പെണ്ണെന്നും പേരായ രണ്ട് കഥാപാത്രങ്ങളുണ്ട്. അച്ചന്‍ കുഞ്ഞിന്റെ സ്ഥിരം ഹോബി,  കള്ളുകുടിച്ചു വന്ന് നല്ലപെണ്ണിന്റെ മുതുകിനിടിക്കുക എന്നതും. ഒരിക്കല്‍ ഒരിടികൊടുത്തപ്പോള്‍ എന്നും കരയാറുള്ള നല്ല പെണ്ണ്, കരഞ്ഞില്ല. അപ്പോള്‍ അച്ചന്‍ കുഞ്ഞു ചോദിച്ചു,
"എന്താടീ നല്ല പെണ്ണേ നീ കരയാത്തെ?"
മറുപടിയായി നല്ല പെണ്ണ്, അച്ചന്‍ കുഞ്ഞിനെ പുച്ഛഭാവത്തില്‍ ഒന്നു നോക്കിയിട്ട്, ഇടികൊണ്ട ഭാഗം തുടച്ചു കളഞ്ഞു.

ഈ കഥാസന്ദര്‍ഭം ഇപ്പോള്‍ ഓര്‍ക്കാന്‍  കാരണം  ഇന്നത്തെ മാദ്ധ്യമങ്ങളില്‍ വന്ന രണ്ടു വാര്‍ത്തകളാണ്.


ജ. ബാലകൃഷ്ണനെതിരായ പരാതിയില്‍ എന്തുചെയ്തു?-സര്‍ക്കാരിനോട് സുപ്രീംകോടതി 


ന്യൂഡല്‍ഹി: സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റിസ് കെ.ജി. ബാലകൃഷ്ണനും ബന്ധുക്കളും അനധികൃതമായി സ്വത്തു സമ്പാദിച്ചുവെന്ന പരാതിയിന്മേല്‍ കേന്ദ്രസര്‍ക്കാര്‍ എന്തു നടപടി സ്വീകരിച്ചുവെന്ന് അറിയിക്കാന്‍ സുപ്രീംകോടതി ഉത്തരവിട്ടു. മാര്‍ച്ച് 12നകം റിപ്പോര്‍ട്ട് നല്‍കാനാണ് ചീഫ് ജസ്റ്റിസ് എസ്.എച്ച്. കപാഡിയയുടെ നേതൃത്വത്തിലുള്ള മൂന്നംഗ ബെഞ്ചിന്റെ ഉത്തരവ്.


'കോമണ്‍ കോസ്' എന്ന സന്നദ്ധ സംഘടനയ്ക്കുവേണ്ടി പ്രമുഖ അഭിഭാഷകനായ പ്രശാന്ത് ഭൂഷണണാണ് ഹര്‍ജി നല്‍കിയത്. പരാതി നല്‍കിയിട്ട് പത്തുമാസം കഴിഞ്ഞുവെന്നും ഇതുവരെ നടപടി ഒന്നുമുണ്ടായില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. പരാതി പരിശോധിച്ച ശേഷം ബന്ധപ്പെട്ട അധികൃതര്‍ക്ക് ഉടന്‍ കത്തെഴുതുമെന്ന് കേന്ദ്ര സര്‍ക്കാരിനുവേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍ ജി. ഇ. വാഹന്‍വതി ബോധിപ്പിച്ചു.


ജസ്റ്റിസ് ബാലകൃഷ്ണനും ബന്ധുക്കളും ചേര്‍ന്ന് 2004നും 2009നും ഇടയില്‍ 40 കോടിരൂപയുടെ അനധികൃത സ്വത്ത് സമ്പാദിച്ചുവെന്നാണ് പരാതിയിലെ ആരോപണം. 


2010 മേയ് 10ന് ചീഫ് ജസ്റ്റിസ് സ്ഥാനത്തു നിന്ന് വിരമിച്ച ജസ്റ്റിസ് ബാലകൃഷ്ണനെതിരെ അനധികൃത സ്വത്തു സമ്പാദനവുമായി ബന്ധപ്പെട്ട് അഴിമതി വിരുദ്ധ ബ്യൂറോയും വിജിലന്‍സും അന്വേഷണം നടത്തുന്നുണ്ട്. കള്ളപ്പണക്കേസില്‍ അദ്ദേഹത്തിന്റെ ബന്ധുക്കള്‍ക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ ആദായ നികുതിവകുപ്പ് ശരിവച്ചിരുന്നു.



ഇന്ത്യക്കാരുടെ കള്ളപ്പണ നിക്ഷേപം 2450000 കോടി 

ന്യൂഡല്‍ഹി : രഹസ്യനിക്ഷേപം അനുവദിക്കുന്ന രാജ്യങ്ങളില്‍ ഏറ്റവും കൂടുതല്‍ കള്ളപ്പണം നിക്ഷേപിച്ചിട്ടുള്ളത് ഇന്ത്യക്കാരാണ്. മൊത്തം 50000 കോടി ഡോളറാണ്. (24.5 ലക്ഷം കോടിരൂപ) നിക്ഷേപിച്ചിട്ടുള്ളതെന്നും സി.ബി.ഐ ഡയറക്ടര്‍ എ.പി. സിംഗ് വെളിപ്പെടുത്തി.

ഇതുപോലുള്ള വാര്‍ത്തകള്‍ കേട്ടൊന്നും ഇപ്പോള്‍ ഇന്‍ഡ്യക്കാര്‍ ഞെട്ടാറില്ല.  കരണം കഴിഞ്ഞ കുറെ നാളുകളായി ഈ വക വര്‍ത്തകള്‍ കേട്ട് അവരുടെ കാതുകള്‍ തഴമ്പിച്ചു കഴിഞ്ഞു.  ചെമ്മീനിലെ നല്ലപെണ്ണിനേപ്പോലെ അവര്‍   എന്നു പറഞ്ഞ് മുഖം തിരിക്കുന്നു. Common  Wealth, 2 G Spectrum-, S-Band എന്നൊക്കെ പറഞ്ഞാല്‍, ചുക്കോ ചുണ്ണാമ്പോ എന്നു തിരിയാത്തവരാണ്, ഇന്‍ഡ്യയിലെ ദരിദ്രനാരായണന്‍മാര്‍.

അനിവാര്യമായ വിധി എന്നു കരുതി  പൊതു ജനം നിസംഗരായ ഈ ഭൂമികയിലാണ്, അണ്ണാ ഹസാരെ എന്ന ഗാന്ധിയന്‍ ഒരു ധര്‍മ്മസമരവുമായി ഇറങ്ങിയത്. വിധിക്കു കീഴ്പ്പെടാന്‍ ഒരുക്കമില്ലാത്ത അനേകായിരങ്ങള്‍ അദ്ദേഹത്തിന്റെ പിന്നില്‍ അണിനിരന്നു. കൂടെ  ആളുകളുണ്ട്  എന്നറിഞ്ഞപ്പോള്‍ പല  രാഷ്ട്രീയപാര്‍ട്ടികളും  പിന്നാലെ കൂടി. ആദ്യം ഗാന്ധിയന്‍ എന്നദ്ദേഹത്തെ വിളിച്ച കോണ്‍ഗ്രസുകാര്‍ക്ക്, അബദ്ധം പിന്നീടാണു മനസിലായത്. ഹസാരെയുടെ ധര്‍മ്മസമരം ഏറ്റവും കൂടുതല്‍ ബാധിക്കുക കോണ്‍ഗ്രസിനെയാണെന്നറിഞ്ഞപ്പോള്‍ അവര്‍ ചുവടു മാറ്റി.

അഴിമതിയില്‍  ഭാരതരത്നം നേടിയ സര്‍ക്കാരാണിപ്പോള്‍ ഇന്‍ഡ്യ ഭരിക്കുന്നത്. കോമണ്‍ വെല്‍ത്ത്, റ്റു ജി സ്പെക്റ്റ്രം, എസ് ബാന്‍ഡ് തുടങ്ങി ലക്ഷം കോടികളുടെ കഥകളാണിപ്പോള്‍ പുറത്ത് വന്നു കൊണ്ടിരിക്കുന്നത്. മന്‍ മോഹന്‍ സിംഗ് നേരിട്ടു ഭരിക്കുന്ന വകുപ്പിലാണ്, എസ് ബാന്‍ഡ് രാജ വെമ്പാല. വകുപ്പിന്റെ പഴയ മേധാവിയും പുതിയ മേധാവിയും തമ്മില്‍ തെരുവുയുദ്ധം. ഈ അഴിമതിയുടെ പിതൃത്വം ആര്‍ക്കാണെന്നതിന്റെ പേരില്‍  ഇപ്പോള്‍ പരസ്യമായി കടിപിടികൂടുന്ന അവസ്ഥ വരെ ആയിട്ടുണ്ട്.

അണ്ണാ ഹസാരെ എന്ന വ്യക്തിയെക്കുറിച്ച് നിരവധി ആരോപണങ്ങളാണിപ്പോള്‍ കേള്‍ക്കുന്നത്. അദ്ദേഹം ഇന്‍ഡ്യയിലെ അഴിമതിക്കെതിരെ ശക്തമായ നിലപാടുകളുമായി പൊതു വേദിയിലേക്ക് വന്നപ്പോള്‍ മുതല്‍  ഈ ആരോപണങ്ങള്‍ വന്നു തുടങ്ങി. പലരും അദ്ദേഹത്ത്ന്റെ ജീവചരിത്രം  പഠിച്ചെടുത്ത് അതില്‍ നിന്നും ഇഷ്ടമുള്ളവ പര്‍വതീകരിച്ച്, വക്രീകരിച്ച്   അദ്ദേഹം ഒരു കപടനാട്യക്കാരനാണെന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമിക്കുന്നുണ്ട്. അതിലെ ഏറ്റവും പുതിയ അദ്ധ്യായമാണ്, അണ്ണാ  ഹസാരെ ഓടിയില്ലായിരുന്നെങ്കില്‍ എന്നത്. 


ശരിയാണ്, വെടിവച്ചു കൊല്ലാന്‍ വന്ന പാകിസ്താനി പട്ടാളക്കാരില്‍ നിന്നും രക്ഷപ്പെടാന്‍ അണ്ണാ ഹസാരെ ഓടിയില്ലായിരുന്നെങ്കില്‍ ശങ്കരനാരായണന്‍ വിടുപണി ചെയ്യുന്നവരുടെ അഴിമതി  കൃഷി നിര്‍ബാധം നടക്കുമായിരുന്നു.

ശങ്കരനാരായണന്റെ അഭിപ്രായത്തില്‍ അണ്ണാ ഹസാരെ, "വര്‍ണ്ണാശ്രമം "പരിപാലിക്കുന്ന , "മനുവാദി മൂരാച്ചി ഹിന്ദു"വാണ്. അതിന്റെ തെളിവാണ്, ഒരു ഗ്രാമത്തില്‍ ഒരു ചെരുപ്പുകുത്തി, ഒരു തട്ടാന്‍, ഒരു കുംഭാരന്‍, എന്നിങ്ങനെ
യുള്ളവര്‍ ഉണ്ടായാല്‍ അത് വര്‍ണാശ്രമധര്‍മ്മം പാലിക്കലായി, എന്ന അല്‍പ്പവിജ്ഞാനം. അതിനദ്ദേഹം നല്‍കുന്ന വ്യാഖ്യാനം ഇതും.

കന്നുപൂട്ടാന്‍ പൊലയര്, ഞാറുനടാനും കൊയ്യാനും ചെറുമര്, തേങ്ങയിടാന്‍ തിയ്യര്, തങ്കത്താലി പണിയാന്‍ തട്ടാന്മാര്, അരമന പണിയാന്‍ ആശാരിമാര്. രാജാക്കന്മാരാകാനും മന്ത്രിമാരാകാനും കാര്യസ്ഥന്മാരാകാനും അതുവഴി മേല്‍പ്പറഞ്ഞവരുടെ അദ്ധ്വാനഫലങ്ങള്‍ അനുഭവിക്കാനും അവരുണ്ടാക്കിയത് അണ്ണാക്കുതൊടാതെ വിഴുങ്ങാനും അണ്ണാ ഹസാരെമാരും കിരണ്‍ ബേഡിമാരും! 

ഏതായാലും കള്ളു ചെത്തുന്നവരേപ്പറ്റി ശങ്കരനാരായണന്‍  പരാമര്‍ശിച്ചില്ല. ഇപ്പോള്‍ അതൊക്കെ നാണക്കേടായി തോന്നുന്നുണ്ടാകാം.

കേരളത്തിലെ ഏത് ചെറുപട്ടണത്തില്‍  ചെന്നാലും മിക്ക മൂലകളിലും ഒരു ചെരുപ്പു കുത്തിയേയും, തട്ടാനെയും, കുംഭാരനെയുമൊക്കെ കാണാന്‍ സാധിക്കും. ഇവരെ കാണുമ്പോള്‍ കേരളത്തിലും വര്‍ണ്ണാശ്രമ ധര്‍മ്മം ഉണ്ടെന്ന് ശങ്കരനാരായണനു തോന്നാം. അതിനെയൊക്കെ കാഴ്ചയുടെ കന്നം തിരിവുകളെന്നു വിശേഷിപ്പിക്കാം.

അന്ധമായ ഗാന്ധിവിരോധമാണദേഹത്തെ ഇങ്ങനെയൊക്കെ ദുര്‍വ്യാഖ്യാനിക്കാന്‍ പ്രേരിപ്പിക്കുന്നത്. അംബെദ്ക്കര്‍ ഭക്തി മൂത്ത് അന്ധനായിപോയതാണു ശങ്കരനാരായണന്‍.   ഗാന്ധിയേയും മറ്റ് ഗാന്ധിയന്‍മാരെയും തെറി പറഞ്ഞാല്‍, ഇന്‍ഡ്യക്കാര്‍ അംബെദ്ക്കര്‍ ഭക്തരായി മാറും എന്ന മിഥ്യാ ധാരണയിലാണ്, ശങ്കരനാരായണനും മറ്റനേകം അംബെദ്ക്കര്‍ ഭക്തരും ഇതുപോലെ പലതും വിളിച്ചു കൂവുന്നത്.

ഏത് ചെറുമന്റെയും, പൊലയന്റെയും, തിയ്യന്റെയും, ആശാരിയുടെയും, തട്ടാന്റെയും അധ്വാനഫലങ്ങളാണ്, അണ്ണാ ഹസാരെ വിഴുങ്ങിയതെന്നു പറയാനുള്ള ആര്‍ജ്ജവം ശങ്കരനാരായണന്‍  കാണിക്കണം.


അഴിമതിയുടെ സര്‍വജ്ഞ പീഠം കയറിയ ഒരു സര്‍ക്കാര്‍ നാടു ഭരിക്കുമ്പോള്‍,  ഒന്നു പ്രതിഷേധിക്കാന്‍ പോലും  ആകാത്ത നിസഹായ ഇന്‍ഡ്യക്കാര്‍ക്ക് വേണ്ടിക്കൂടിയാണ്,  ഹസാരെയുയര്‍ത്തിയ മുദ്രാവാക്യങ്ങള്‍.  അതു മനസിലാക്കാന്‍ പോലും ബുദ്ധി വികാസമില്ലാത്ത ചിലര്‍ ഈ വന്ദ്യ വയോധികന്റെ  ചരിത്രം   ചിക്കിച്ചികഞ്ഞു കിട്ടിയ എന്തോ ഒന്ന് ആഘോഷിക്കുന്ന ശങ്കരനാരയണനൊക്കെ  ഈ അഴിമതി വീരന്‍മാരെ രക്ഷിച്ചെടുക്കാന്‍ ശ്രമിക്കുകയാണ്.

  വെറും ഇരുപത്താറു  രൂപ ദിവസവരുമാനം ഉള്ള ഒരു ഗ്രാമവാസി പണക്കാരനാണെന്നാണ്,  ഇന്‍ഡ്യ ഭരിക്കുന്ന കോണ്‍ഗ്രസ് പാര്‍ട്ടിയുടെ അഭിപ്രായം.  ജീവിക്കാനുള്ള അവകാശം നിഷേധിക്കപ്പെട്ട് എഴുപതു ശതമാനത്തിലധികം ഇതുപോലുള്ള "പണക്കാരായ" ദരിദ്രനാരായണന്‍മാര്‍ ഇന്‍ഡ്യയുടെ മുക്കിലും മൂലയിലും കിടന്നു ജീവിതവുമായി മല്ലടിക്കുന്നുണ്ട് . അംബെദ്ക്കര്‍ അവര്‍ക്ക് വേണ്ടിയായിരുന്നു ശബ്ദമുയര്‍ത്തിയതെന്നാണ്, നമ്മളെ പറഞ്ഞു വിശ്വസിപ്പിച്ചിരിക്കുന്നതും. അണ്ണാ ഹാസരെയുടെ സ്ഥാനത്ത് മായാവതിയായിരുന്നു എങ്കില്‍,   അവര്‍ സ്വന്തം പ്രതിമകളും,  പാര്‍ട്ടി ചിഹ്നമായ ആനയുടെ പ്രതിമകളും ഉത്തര്‍ പ്രദേശിലങ്ങോളമിങ്ങോളം സ്ഥാപിക്കുന്നതിനേക്കുറിച്ച്  ശങ്കരനാരായണനേപ്പോലുള്ളവര്‍   ചികഞ്ഞന്വേഷിക്കില്ലായിരുന്നു. അണ്ണാ ഹസാരെ ഗാന്ധിയനായതുകൊണ്ട്, അദ്ദേഹത്തെ മനുവാദി ആക്കുന്നു.  ഇവിടെ പ്രശ്നം വളരെ ലളിതമാണ്. ആടിനെ പട്ടിയാക്കുക, പട്ടിയെ പേപ്പട്ടിയാക്കുക. അപ്പോള്‍ എറിഞ്ഞു കൊല്ലാന്‍ എളുപ്പമാണല്ലോ. മനുവാദി ആക്കിക്കഴിഞ്ഞാല്‍ അവര്‍ണ്ണര്‍ക്ക് എറിഞ്ഞു കൊല്ലാതെ പറ്റില്ല. അതാണ് "കീഴാള സ്മൃതി"   സമകാലീന ഇന്‍ഡ്യയെ പഠിപ്പിക്കുന്നതും.

ഇന്‍ഡ്യയിലെ ദരിദ്രനാരായണന്‍മാര്‍ അനുഭവിക്കേണ്ട സമ്പത്തിലെ 24.5 ലക്ഷം കോടി രൂപയാണ്, കള്ളപ്പണമായി വിദേശബാങ്കുകളില്‍ ഉള്ളതെന്ന് ഇപ്പോള്‍ സി ബി ഐ തലവന്‍  പറയുന്നു.  ആയിരത്തി അഞ്ഞൂറ് ലക്ഷം കോടി രൂപയെന്നത് അനൌദ്യോഗിക  കണക്ക്.   എന്നു വച്ചാല്‍ നമ്മുടെ രാജ്യത്തിന്റെ സമ്പത്ത്, എല്ലാ  ദരിദ്ര നാരായണന്‍മാര്‍ക്കും അനുഭവിക്കാന്‍ അവകാശമുള്ള  സമ്പത്ത്,  ധനികരായ മറ്റ് രാജ്യങ്ങളുടെ  പുരോഗതിക്കു വേണ്ടി ചിലവഴിച്ചു കൊണ്ടിരിക്കുന്നു.


റ്റൂ ജി സ്പെക്ട്രം അഴിമതിക്കേസിനേപ്പറ്റി പ്രധാനമന്ത്രിയുടെ ഓഫിസിലേക്ക് എഴുതിയ ഒരു കത്തിന്റെ മേല്‍ പ്രധാനമന്ത്രി 8 മാസക്കാലം അടയിരുന്നു. സുപ്രീം കോടതി ചോദിച്ചപ്പോളാണ്, പ്രധാനമന്ത്രിക്ക് ശബ്ദമുണ്ടായതുതന്നെ. അഴിമതിയേ ഇല്ല എന്നായിരുന്നു കരയുന്ന ശബ്ദത്തില്‍ അദ്ദേഹം പറഞ്ഞതും. അവസാനം അടിമുടി അഴിമതിയാണെന്നു കണ്ടെത്തി സുപ്രീം കോടതി  കരാറുകള്‍ ഒന്നാകെ റദ്ദാക്കി. അത് പുനപരിശോധിക്കാന്‍ കോടതിയോടാവശ്യപ്പെടാന്‍ ആണിപ്പോള്‍ പ്രധാനമന്ത്രി ആലോചിക്കുന്നതും. പോയാല്‍ ഒരു വാക്കും അല്‍പ്പം ചീത്തയും. കിട്ടിയാല്‍ ലക്ഷക്കണക്കിനു കോടികള്‍.  നാണം എന്നതു തിരിച്ചറിയുന്നവര്‍ക്കല്ലേ നാണക്കേടുണ്ടാകൂ.

ഇതിനു സമാനമായ രീതിയിലാണു മുന്‍ ചീഫ് ജസ്റ്റിസ് കെ ജി ബാലകൃഷ്ണനെതിരെയുള്ള അനധികൃത സ്വത്ത് സമ്പാദനത്തേക്കുറിച്ചുള്ള പരാതിയും. പ്രധാനമന്ത്രിയുടെ ഓഫീസ് അതിലും അടയിരിക്കുന്നു. എന്തു നടപടി എടുത്തു എന്നിപ്പോള്‍ സുപ്രീം കോടതി  ചോദിച്ചിരിക്കുന്നു.  ജസ്റ്റിസ് കെ ജി ബാലകൃഷ്ണനെതിരെ പരാതി ഉണ്ടായപ്പോള്‍ തന്നെ,  ദളിത് കോണുകളില്‍ നിന്നും ദളിതനായതുകൊണ്ട്, കേസില്‍ കുടുക്കാന്‍ ശ്രമിക്കുന്നു എന്ന പരിദേവനങ്ങള്‍ ഉയരുന്നുണ്ട്.


ഇതിനൊക്കെ എതിരെ ശബ്ദമുയര്‍ത്തുന്ന അണ്ണാ ഹസാരെയേക്കുറിച്ച് പ്രചരിപ്പിക്കപ്പെടുന്ന അര്‍ത്ഥസത്യങ്ങള്‍ വളച്ചൊടിച്ച്  ശങ്കരനാരായണന്‍ സ്ഥാപിക്കാന്‍ ഉദേശിക്കുന്നത് എന്താണ്?


ചിലര്‍ക്ക് അണ്ണാ ഹസാരെ ഒരു ഫ്രോഡാണ്. മറ്റ് ചിലര്‍ക്ക്  മനുവാദിയും. ഇനിയും ചിലര്‍ക്ക് അദ്ദേഹം  സംഘപരിവാരിയും. ഇതിലൊക്കെ അതിശയിപ്പിക്കുന്ന അഭിപ്രായമാണ്, അദ്ദേഹം അരാഷ്ട്രീയവാദി ആണെന്നത്. അപ്പോള്‍ ഉയരുന്ന ചോദ്യം എന്താണു രാഷ്ട്രീയം എന്നതാകും. രെജിസ്റ്റര്‍ ചെയ്ത രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് മാത്രമേ രഷ്ട്രീയക്കാരാകാന്‍ പാടുള്ളു എന്നതും അവര്‍ കളിക്കുന്ന രാഷ്ട്രീയം മാത്രമേ രാഷ്ട്രീയമാകൂ എന്നതുമാരാണു തീരുമാനിച്ചത്? തെരഞ്ഞെടുപ്പു രാഷ്ട്രീയത്തില്‍ പ്രത്യക്ഷമായി പങ്കെടുക്കാത്ത, ഒരു രാഷ്ട്രീയപാര്‍ട്ടിയിലും അംഗമാകാത്ത അനേകം ആളുകള്‍ ഇന്‍ഡ്യയിലുണ്ട്. അവര്‍ക്കും രാഷ്ട്രീയമുണ്ട്. അണ്ണാ ഹസാരേക്കുമുണ്ട്.

ലോക് പാല്‍ ബില്ല്, ഇന്നലെ ഉണ്ടായതല്ല. കഴിഞ്ഞ  4 പതിറ്റാണ്ടായി ഇന്‍ഡ്യന്‍ പാര്‍ലമെന്റിന്റെ മുമ്പിലുള്ളതാണ്. എന്തുകൊണ്ട് ഈ കൊടി കെട്ടിയ രാഷ്ട്രീയക്കാര്‍ക്ക്  അതൊരു നിയമമാക്കി എടുക്കാന്‍ ഇതു വരെ സാധിച്ചില്ല? അത് ചെയ്തിരുന്നെങ്കില്‍ അണ്ണാ ഹസരെയൊനും രംഗത്തു വരില്ലായിരുന്നു.

പ്രധാനമന്ത്രിയുടെ ഓഫീസ്  അഴിമതിക്ക് കൂട്ടുനില്‍ക്കുന്നു. അഴിമതി ചൂണ്ടിക്കാണിച്ചാലും അത് ഗൌനിക്കുന്നില്ല. ചീഫ് ജസ്റ്റിസ് അനധികൃത സ്വത്ത് സമ്പാദിക്കുന്നു. ഈ രണ്ടു പദവിയും ലോക്പാലിന്റെ പരിധിയില്‍ വരുന്നതാണു നല്ലത്. എങ്കിലേ പദവി വഹിക്കുന്ന ആള്‍ക്ക് ഉത്തരവാദിത്തമുണ്ടാകൂ.




ഇനി ശങ്കരനാരയണന്റെ അഭിപ്രായത്തില്‍ വര്‍ണ്ണാശ്രമധര്‍മ്മം നടപ്പിലുള്ള റെലെഗന്‍ സിദ്ധിയിലെ യാഥാര്‍ത്ഥ്യങ്ങളിലേക്ക് ഒന്നെത്തി നോക്കാം.

1975 ല്‍  അണ്ണാഹസാരെ പെന്‍ഷന്‍ പറ്റി ഈ ഗ്രാമത്തിലേക്ക് തിരിച്ചു വരുമ്പോള്‍ അവിടെയുണ്ടായിരുന്ന ഏക വ്യവസായം  ചാരായ വ്യവസായമായിരുന്നു.  ശങ്കരനാരായണന്റെ അഭിപ്രായത്തില്‍ കള്ളു ചെത്തുന്ന ചോവന്‍മാര്‍ക്ക് മാത്രമായിരുന്നു സ്ഥിരവരുമാനം. ആകെയുള്ള 2200 ഏക്കര്‍ കൃഷിഭൂമിയില്‍ 300 ഏക്കര്‍ മാത്രം ഒരു പ്രാവശ്യം കൃഷി ചെയ്തിരുന്നു. ജനങ്ങള്‍ ദിവസം ഒരു നേരം മാത്രം ഭക്ഷണം കഴിക്കുന്ന ദരിദ്രനാരായണന്‍മാരും. വേറെ വരുമാനം ​ഇല്ലാതിരുന്നതുകൊണ്ട്, ചാരായ ബിസിനസില്‍ മാത്രം ശ്രദ്ധിച്ചിരുന്ന മധുര മനോജ്ഞ പറുദീസ ആയിരുന്നു അവിടം. ഈ ഉണങ്ങി വരണ്ട ഭൂമികയിലേക്കായിരുന്നു, അണ്ണ ഹസാരെ വന്നു ചേര്‍ന്നത്.


മഴയില്ലാതെ ഉണങ്ങി വരണ്ട ഭൂമിയില്‍ ഒട്ടിയ വയറുമായി നടക്കുന്ന ദരിദ്ര നാരയണന്‍മാരോട് തത്വശാസ്ത്രം പ്രസംഗിച്ചാല്‍ ഫലമില്ല എന്നു മനസിലാക്കിയ അണ്ണാ ഹസാരെ പ്രവര്‍ത്തിക്കാന്‍ ഇറങ്ങി. സ്വന്തമായി അങ്ങു കയറി രാജവാകുകയല്ല ചെയ്തതും. അധികാരികളുടെ സഹകരണത്തോടെ അദ്ദേഹം ഓരോ ചുവടുകളും വച്ചു.

ആദ്യമായി ചെയ്തത് തുച്ചമായി ലഭിക്കുന്ന മഴവെള്ളം ഫലപ്രദമായി ഉപയോഗിക്കാനുള്ള പദ്ധതികളാവിഷ്കരിക്കുകയാണ്. ഗ്രാമത്തിലെ ജനങ്ങളുടെ സഹകരണത്തോടെ 45 Bund  കളും, 6 Check Dam കളും, 16 Gabion  അണക്കെട്ടുകളും അദ്ദേഹം നിര്‍മ്മിച്ചു.  1500 ഏക്കര്‍ ഭൂമി വര്‍ഷത്തില്‍ രണ്ടു പ്രാവശ്യം കൃഷിചെയ്യാന്‍ ഉപയുക്തമാക്കി.  കൃഷിചെയ്യാന്‍ ജൈവവളം മാത്രം ഉപയോഗിക്കുന്നു.

കൃഷിയോടൊപ്പം  പാലുത്പാദനവും ആരംഭിച്ചു. ഇന്ന് ദിവസം  4000 ലിറ്റര്‍ പാലവിടെ നിന്നും വില്‍ക്കപ്പെടുന്നു. പ്രതിശീര്‍ഷ വരുമാനം  ഗണ്യമായി കൂടി.  വര്‍ഷങ്ങളായി  റെലെഗാന്‍ സിദ്ധിയില്‍  മദ്യം, സിഗററ്റ്, ബീഡി, പുകയില തുടങ്ങിയവ  വില്‍ക്കപ്പെടുന്നില്ല.

ഗ്രാമത്തിലെ എല്ലാ റോഡുകളും സൌരോര്‍ജ്ജം കൊണ്ട് പ്രകാശിപ്പിക്കുന്നു. ഗ്രാമത്തിന്റെ പൊതു ആവശ്യത്തിലേക്കായി 4 വലിയ ബയോ ഗ്യാസ് പ്ലാന്റുകളുണ്ട്. മിക്ക വീടുകള്‍ക്കും സ്വന്തമായി ബയോ ഗ്യാസ് പ്ലാന്റുകളും ഉണ്ട്. വരള്‍ച്ച, ദാരിദ്ര്യം, കടക്കെണി, തൊഴിലില്ലായ്മ തുടങ്ങിയവ കൊണ്ട്, കിതച്ചു നടന്നിരുന്ന ഈ ഗ്രാമത്തെ അണ്ണാ ഹസാരെ സ്വയം പര്യാപ്തമാക്കി.

ജാതിചിന്തകളൊന്നും റെലെഗന്‍ സിദ്ധിയില്‍ ഇല്ല. ദളിതരുടെ കാര്‍ഷിക കടങ്ങള്‍ ഗ്രമമൊന്നാകെ ചേര്‍ന്നാണു വീട്ടിയതും. മദ്യാസക്തി, സ്ത്രീധനം, അഴിമതി, ജാതി വ്യവസ്ഥ എന്നിവ റെലെഗാന്‍ സിദ്ധിയിലില്ല. എല്ലാ പ്രവര്‍ത്തനങ്ങളും സഹകരണ സംഘങ്ങള്‍ വഴി നടത്തുന്നു. രാഷ്ട്രീയക്കാര്‍ക്ക് കയ്യിട്ടു വാരാന്‍ സാധിക്കാത്തതുകൊണ്ട് ഇവയൊക്കെ ഭംഗിയായി നടന്നു പോകുന്നു. Gram Panchayat, Cooperative Consumer Society, Cooperative Credit Society, Cooperative Dairy, Educational Society, Women’s Organization, Youth Organization, തുടങ്ങിയവ അവിടെ പ്രവര്‍ത്തിക്കുന്നു.  എല്ലാ തീരുമാനങ്ങളും ഗ്രാമ സഭയില്‍ ചര്‍ച്ച ചെയ്താണു എടുക്കുന്നത്. ഗ്രാമത്തിലെ എല്ലാവരും അംഗങ്ങളായുള്ള ഗ്രാമസഭയില്‍.  ഇത് രാഷ്ട്രീയമല്ലെങ്കില്‍ പിന്നെ എന്താണു രാഷ്ട്രീയം?

 ഇന്ന്  ചുറ്റുമുള്ള അനേകം  ഗ്രാമങ്ങള്‍ റെലെഗാന്‍ സിദ്ധിയെ അനുകരിക്കുന്നു. ലോകത്തിന്റെ പലഭാഗത്തുനിന്നും വിദഗ്ദ്ധര്‍ ഈ ഗ്രാമത്തിന്റെ നേട്ടങ്ങളേക്കുറിച്ച് പഠിക്കാന്‍ വരുന്നു. മുംബൈയില്‍ നിന്നു പോലും കുട്ടികള്‍ ഈ ഗ്രാമത്തിലെ പാഠശാലകളില്‍ പഠിക്കാന്‍ വരുന്നു.

ഇതാണ് ശങ്കരനാരായണന്‍ പഠിച്ചിട്ടുള്ള "വര്‍ണ്ണാശ്രമധര്‍മ്മ"മെങ്കില്‍ ഇതാണു, ഇന്ന് ഇന്‍ഡ്യക്കു മുഴുവന്‍ വേണ്ടത്. ഇത് "അരാഷ്ട്രീയ വാദ"മാണെങ്കില്‍ ഇന്‍ഡ്യയിലെ എല്ലാ ഗ്രാമങ്ങളും ഈ അരാഷ്ട്രീയവാദം പകര്‍ത്തണം.




8 comments:

kaalidaasan said...

ഇന്ന് ചുറ്റുമുള്ള അനേകം ഗ്രാമങ്ങള്‍ റെലെഗാന്‍ സിദ്ധിയെ അനുകരിക്കുന്നു. ലോകത്തിന്റെ പലഭാഗത്തുനിന്നും വിദഗ്ദ്ധര്‍ ഈ ഗ്രാമത്തിന്റെ നേട്ടങ്ങളേക്കുറിച്ച് പഠിക്കാന്‍ വരുന്നു. മുംബൈയില്‍ നിന്നു പോലും കുട്ടികള്‍ ഈ ഗ്രാമത്തിലെ പാഠശാലകളില്‍ പഠിക്കാന്‍ വരുന്നു.

ഇതാണ് ശങ്കരനാരായണന്‍ പഠിച്ചിട്ടുള്ള വര്‍ണ്ണാശ്രമധര്‍മ്മമെങ്കില്‍ ഇതാണു, ഇന്ന് ഇന്‍ഡ്യക്കു മുഴുവന്‍ വേണ്ടത്. ഇത് അരാഷ്ട്രീയ വാദമാണെങ്കില്‍ ഇന്‍ഡ്യയിലെ എല്ലാ ഗ്രാമങ്ങളും ഈ അരാഷ്ട്രീയവാദം പകര്‍ത്തണം.

ദിവാരേട്ടN said...

കാളിദാസന്‍ ,
കാര്യങ്ങള്‍ ഇങ്ങനെ ഒക്കെ ആണെന്ന് വര്‍ഷങ്ങളായി മഹാരാഷ്ട്രയില്‍ താമസിക്കുന്ന പലര്‍ക്കും അറിയാം. ഇതെല്ലാം ആ ഗ്രാമങ്ങളില്‍ ചെന്ന് അന്വേഷിക്കാവുന്നതുമാണ്. [അതിനു പ്രത്യേകിച്ച് പാസ്പോര്‍ട്ടും വിസയും ഒന്നും വേണ്ടല്ലോ]. പക്ഷെ ഈ എഴുതുന്നവരില്‍ പലര്‍ക്കും [വിശേഷിച്ചും ബ്ലോഗുകളില്‍ ] അണ്ണാ ഹസാരെയെ പറ്റിയോ, അദ്ദേഹത്തിന്‍റെ പ്രവര്‍ത്തനങ്ങളെപ്പറ്റിയോ ഒരു ചുക്കും അറിയില്ല; അല്ലെങ്കില്‍ അറിയാന്‍ ശ്രമിക്കുന്നില്ല. എവിടെനിന്നൊക്കെയോ, എന്തെക്കൊയോ കേട്ട് , ഒരു പോസ്റ്റ്‌ പടച്ചുവിടുന്നു, അത്ര തന്നെ.

manoj said...

തങ്ങള്‍ക്കു തോന്നുന്ന രീതിയില്‍ കാര്യങ്ങളെ വളച്ചു ഒടിക്കുന്ന ഒരു ശൈലി ബ്ലോഗ്‌ രംഗത്ത് സജീവമായുണ്ട്. ഇസ്ലാമിക രാഷ്ട്രീയത്തിന്റെ അജണ്ടയ്ക്കു അനുകൂലം ആണ് അത് എങ്കില്‍ നിര്‍ബാധം പിന്തുണയും അതിനു കിട്ടും. ഇതാണ് ശങ്കര നാരായണന്റെ ബ്ലോഗിലും സംഭവിക്കുന്നത്‌.

ഹസാരെയുടെ ഗ്രാമം സന്ദര്‍ശിച്ച മാതൃഭൂമി ലേഖകന്‍ എഴുതുന്നു : "വീടുകള്‍ക്കു പിറകിലുള്ള കൃഷിയിടങ്ങളിലേക്കു ഞങ്ങള്‍ നടന്നു. പുല്ലു വളര്‍ന്ന മേച്ചില്‍പ്പുറം പോലെയുള്ള ഒരിടത്ത് പശുക്കളും ആടുകളും. കനാലിനോടു ചേര്‍ന്നുകിടക്കുന്ന ആ ഭൂമി ദലിതുകളുടേതാണെന്ന് ആടുകളുമായി വന്ന ഒരു പരിസരവാസി പറഞ്ഞു. പൂട്ടാന്‍ പണമില്ലാത്തതു കൊണ്ട് ഞങ്ങളാണ് ഇതൊക്കെ ഉഴുതുകൊടുത്തത്. അയാള്‍ പറഞ്ഞു. ദലിതുകള്‍ക്ക് ഗ്രാമത്തില്‍ പറയത്തക്ക വിവേചനമൊന്നുമില്ല. തീണ്ടലും തോടായ്മയുമില്ല. മഹാത്മ ഫൂലെയുടെ സ്വാധീനം ഇവിടെ പ്രകടമാണ്. ഹസാരെയുടെ കര്‍ശന നിര്‍ദേശങ്ങള്‍ക്കു പുറമെ കാലങ്ങളായുള്ള സന്തുകളുടെ ഭക്തിമാര്‍ഗ്ഗവും ഇതിനു കാരണമായിട്ടുണ്ട് എന്നു പറയാം."
(റാലെഗാന്‍ സിദ്ധിയില്‍ ഹസാരെ ചെയ്തത്‌ Posted on: 04 Jan 2012,mathrubhumi e paper )

അതെ പോസ്റ്റില്‍ ഹസാരെ ഉത്തരം പറയുന്നത് കാണുക "?"മാതൃകാ രാഷ്ട്രീയക്കാരന്‍ ആരായിരിക്കണം.
അയാള്‍ ചാരിത്ര്യപുരുഷനായിരിക്കണം. മറ്റുള്ളവര്‍ക്കു മാതൃകയാവണം. അയാള്‍ കര്‍മ്മയോഗിയുമായിരിക്കണം. തുക്കാറാം പറഞ്ഞിട്ടുള്ള പോലെ പറയുന്നത് പ്രവര്‍ത്തിക്കണം"

ശൂദ്ര ജാതിയില്‍ ജനിച്ച, ജാതി വിവേചനത്തെ ശക്തമായി എതിര്‍ത്ത മഹാരാഷ്ട്രയില്‍ ജനിച്ച തുക്കാറാംമിനെ മാത്രമേ മാതൃകയാക്കാന്‍ ഈ ജാതി കോമരത്തിന് കിട്ടിയുള്ളൂ എന്നത് സങ്കട കരം തന്നെ

kaalidaasan said...

ദിവാരേട്ടന്‍,

അണ്ണാ ഹസാരെയെ കരിവാരിത്തേക്കാന്‍ പലരും പല നുണകളും എഴുതി വിടുന്നുണ്ട്. അഴിമതിക്കെതിരെ ശബ്ദമുയര്‍ത്താന്‍ ഏത് പുതിയ പ്രവാചകനാണു വേണ്ടതെന്നോ അദ്ദേഹത്തിനു വേണ്ട യോഗ്യതകളെന്തൊക്കെയെന്നോ ഇവര്‍ ആരും വ്യക്തമാക്കുന്നുമില്ല.

kaalidaasan said...

മനോജ്,

പല ദളിത് പക്ഷ ചിന്തകരും പ്രചാരകരും, ഇപ്പോള്‍ ഇസ്ലാമിക രാഷ്ട്രീയത്തിന്റെ വക്താക്കളാണ്. ദളിതരെ കൂട്ടുപിടിച്ച് ഇസ്ലമിക വോട്ടു ബാങ്കിനോട് ചേര്‍ത്ത് അധികാരം പിടിച്ചടക്കുകയാണ്, ഇസ്ലാമിക രാഷ്ട്രീയക്കാരുടെ ലക്ഷ്യവും.

ഗാന്ധിജിയോടുള്ള വെറുപ്പു കാരണം ഏത് ഗാന്ധിയനിലും കുറ്റം കണ്ടുപിടിക്കുക ഇവരുടെ പ്രധാന ഹോബിയുമാണ്.

മുകളില്‍ ദിവരേട്ടന്‍ സൂചിപ്പിച്ചതുപോലെ അന്യ ജാതിക്കാര്‍ക്കോ മതവിശ്വാസികള്‍ക്കോ പ്രവേശനമില്ലത്ത മക്ക പോലെയുള്ള സ്ഥലമൊന്നുമല്ല റെലെഗാന്‍ സിദ്ധി. ഏതൊരാള്‍ക്കും എപ്പോള്‍ വേണമെങ്കിലും കടന്നു ചെല്ലാവുന്ന സ്ഥലമാണ്. നന്മയെ ആദരിക്കുകയും അംഗീകരിക്കുകയും ചെയ്യുന്നവര്‍ക്ക് അണ്ണ ഹസാരെ ആ ഗ്രമത്തില്‍ വരുത്തിയ ഗുണകരമായ മാറ്റങ്ങള്‍ക്ക് നേരെ കണ്ണടക്കാനാകില്ല. ഇതൊന്നും മനസിലാക്കാനുള്ള ശേഷിയില്ലാത്ത ശങ്കരനാരായണന്‍ അദ്ദേഹത്തെ മനുവാദിയാക്കി ചിത്രീകരിച്ച് ആത്മരതി അനുഭവിക്കുന്നു.

Ajith said...

"ജീവചരിത്രം പഠിച്ചെടുത്ത് അതില്‍ നിന്നും ഇഷ്ടമുള്ളവ പര്‍വതീകരിച്ച് "

...Particulary the attempt to distort the image of Kiran Bedi is utterly regrettable.I hope atleast the blogger should have had a glance at her Career track record and social intiative undertaken. here are a few international accolades she recieved.

2002:
----
Woman of the Year Award Blue Drop Group Management, Cultural and Artistic Association, Italy.

1999
----
Pride of India Award American Federation of Muslims of Indian Origin (AFMI) (now she is accused of being associated with sangh)

1997
----
Fourth Joseph Beuys Award ,Germany

1994
----
Magsaysay Award ,Ramon Magsaysay Award Foundation

1991
----
Asia Region Award for Drug Prevention and Control , International Organisation of Good Templars (IOGT), Norway

kaalidaasan said...

>>>>>ശൂദ്ര ജാതിയില്‍ ജനിച്ച, ജാതി വിവേചനത്തെ ശക്തമായി എതിര്‍ത്ത മഹാരാഷ്ട്രയില്‍ ജനിച്ച തുക്കാറാംമിനെ മാത്രമേ മാതൃകയാക്കാന്‍ ഈ ജാതി കോമരത്തിന് കിട്ടിയുള്ളൂ എന്നത് സങ്കട കരം തന്നെ<<<<<

മനോജ്,

അതേ മനോജ്. സങ്കടകരം തന്നെ.

അപ്പോള്‍ ഈ "ജാതി കോമര"ത്തെ എന്തു ചെയ്യണം? മനു വാദി എന്നു വിളിക്കണം. എന്നിട്ട് ദളിതരൊക്കെ കൂടി അദ്ദേഹത്തെ എറിഞ്ഞു കൊല്ലണം. അതിന്റെ ആദ്യപടിയാണിപ്പോള്‍ ശങ്കരനാരായണന്‍ പരിശീലിക്കുന്നത്.

kaalidaasan said...

അജിത്,

കിരണ്‍ ബേഡിയെ മാത്രമല്ല സംഘടിതമായി ആക്ഷേപിക്കുന്നത്. അണ്ണാ ഹസാരെയുടെ അരികത്തുകൂടെ പോയവരേപ്പോലും വെറുതെ വിട്ടിട്ടില്ല.