ഇന്‍ഡ്യ സ്വാതന്ത്ര്യം നേടിയിട്ട് 62 വര്‍ഷങ്ങളായി. ഇത്രയും കാലം അധികാരത്തിലിരുന്ന എല്ലാ അണ്ടനും അടകോടനും മുറതെറ്റാതെ ചെയ്യുന്ന ഒരു നേര്‍ച്ചയാണ്, ആദിവാസികള്‍ക്കും ഗിരി വര്‍ഗ്ഗക്കാര്‍ക്കും വേണ്ടി രണ്ടു തുള്ളി മുതല കണ്ണീര്‍ പൊഴിക്കുക എന്നത്. ഇപ്പോഴത്തെ അടകോടനും അത് ചെയ്തു.
ഇക്കഴിഞ്ഞ നവംബര്‍ നാലാം തീയതി ആദിവാസികളുടെ പ്രശ്നങ്ങളേപ്പറ്റി ചര്‍ച്ച ചെയ്യാന്‍ സംസ്ഥാന മുഖ്യമന്ത്രിമാരുടെയും ആദിവാസി വകുപ്പ് മന്ത്രിമാരുടെയും ഒരു സമ്മേളനം നടന്നു. അവിടെ പ്രധാനമന്ത്രി മന്‍ മോഹന്‍ സിംഗ് ഒരു പ്രഖ്യപനം നടത്തി. അദ്ദേഹത്തിന്റെ വാക്കുകള്‍ ഇവയാണ്.
There has been a systemic failure in giving tribals a stake in the modern economic processes. The alienation built over decades is now taking a dangerous turn. We must change our ways of dealing with tribals. We have to win the battle for their hearts. Administrative machinery in some of such areas is either weak or virtually non-existent, the heavy hand of criminal justice system has become a source of harassment and exploitation and over the years, a large number of cases have been registered against the tribals, whose traditional rights were not recognized by earlier forest laws. Systematic exploitation and social and economic abuse of our tribal communities can no longer be tolerated.
വളരെ ശക്തമായ വരികള്‍ ഇല്ലേ? പക്ഷെ അത് വെറും കാപട്യമെന്നു തിരിച്ചറിയാന്‍ എത്ര പേര്‍ക്കാകും?
2004 ല്‍ പ്രധാനമന്ത്രിയായ ശേഷം അദ്ദേഹമൊരു പ്രസംഗത്തില്‍ പറഞ്ഞു, ഇന്‍ഡ്യയിലെ
161 ജില്ലകള്‍ മാവോയിസ്റ്റുകളുടെ ശക്തി കേന്ദ്രങ്ങളാണെന്ന്. ഇപ്പോള്‍ ആഭ്യന്തര മന്ത്രി പറയുന്നു
235 ജില്ലകളില്‍ മാവോയിസ്റ്റുകള്‍ ശക്തരാണെന്ന്. സാമ്പത്തിക വളര്‍ച്ചയോടൊപ്പം ഇന്‍ഡ്യ മാവോയിസ്റ്റ് വളര്‍ച്ചയിലും മുന്നിലാണിപ്പോള്‍.
ഇന്‍ഡ്യന്‍ ധനകാര്യ വകുപ്പ് മന്ത്രിക്കസേരയിലും പ്രധാനമന്ത്രിക്കസേരയിലും ഒരു ദശബ്ദത്തോളം അമര്‍ന്നിരുന്ന ഈ കാപട്യം ഒരു സാമ്പത്തിക വിദഗ്ദ്ധന്‍ എന്നാണറിയപ്പെടുന്നത്. ആ വ്യക്തി ഇതുപോലെ വിലപിക്കുന്നതു കാണുമ്പോള്‍ ഇദ്ദേഹത്തിന്റെ ഊതി വീര്‍പ്പിച്ച വൈദഗ്ദ്ധ്യത്തിന്റെ മേല്‍ ഒരു കരിനിഴല്‍ വീഴുന്നു.
നക്സലൈറ്റുകളും മാവോയിസ്റ്റുകളും ഇന്‍ഡ്യയുടെ പഴുത്തൊലിക്കുന്ന വൃണം അനാവരണം ചെയ്തു. പ്രധാനമന്ത്രിക്ക് അത് കണ്ടില്ലെന്നു നടിക്കാനാകില്ല.
നവംബര്‍ അഞ്ചാം തീയതി റാഞ്ചിയില്‍, ആയിരക്കണക്കിന് ആദിവാസികള്‍ ഒരു പ്രതിക്ഷേധ പ്രകടനം നടത്തി. പക്ഷെ അത് വാര്‍ത്തയായില്ല. അവര്‍ അമ്പും വില്ലും ഉപയോഗിച്ചായിരുന്നു പ്രകടനം നടത്തിയിരുന്നെങ്കില്‍ അത് വലിയ വാര്‍ത്തയാകുമായിരുന്നു. അങ്ങനെ വരുന്നവര്‍ക്ക് എളുപ്പത്തില്‍ കുത്താനൊരു ചാപ്പ നമ്മുടെ മുഖ്യധാര മാദ്ധ്യമങ്ങള്‍ക്കും ഭരണ കക്ഷിയായ കോണ്‍ഗ്രസിനും ഉണ്ട്.
മാവോയിസ്റ്റ് അല്ലെങ്കില്‍ നക്സല്‍.
ഝാര്‍ഖണ്ഡിലെ മുന്‍ മുഖ്യമന്ത്രിയാണ്, മധു കോഡ. ഇപ്പോള്‍ അദ്ദേഹത്തിനെതിരെ ഒരു കേസുണ്ട്. കുറ്റം 4000 കോടി രൂപാ അദ്ദേഹം അനധികൃതമായി സമ്പാദിച്ചു എന്നും. കേസ് ചാര്‍ജ് ചെയ്തപ്പോഴേക്കും അദ്ദേഹം ആശുപത്രിയെ അഭയം പ്രാപിച്ചു. ആദിവാസിയായാലും അല്ലെങ്കിലും ജന പ്രതിനിധിയായാല്‍ കുറെ അധികം ആളുകള്‍ ഇതുപോലെ പണം സമ്പാദിക്കുന്നു. പണം സമ്പാദിക്കാന്‍ അറിയാത്തവര്‍ മന്‍ മോഹന്‍ സിംഗിനേപ്പോലെ ആദിവാസികള്‍ക്ക് വേണ്ടി മുതല ക്കണ്ണീര്‍ പൊഴിക്കുന്നു. മറ്റു ചില ഭീകരന്‍മാര്‍ ആദിവാസികളെ വെല്ലു വിളിക്കുന്നു. അതു പോലത്തെ ഒരു സത്വമാണ്, ഇന്‍ഡ്യയുടെ കോര്‍പ്പറേറ്റ് മാഫിയ മന്ത്രി ചിദംബരം ചെട്ടി. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 3000 വോട്ടുകള്‍ക്ക് പരാജയപ്പെട്ടു എന്ന് മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത ചിദംബരം ചെട്ടി ഒരു അത്ഭുതപ്രവര്‍ത്തിയിലൂടെ ജയിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രിയും ആയി. അദ്ദേഹം കുറച്ചു നാളുകള്‍ക്ക് മുമ്പ് പറഞ്ഞു,
മാവോയിസ്റ്റുകളും നക്സലുകളുമാണ്, ഇന്‍ഡ്യ ഇന്ന് നേരിടുന്ന ഏറ്റവും വലിയ പ്രശ്നം.
ഗോപാല്‍ കൃഷ്ണ പിള്ള കേരള കേഡറില്‍ ഉണ്ടായിരുന്ന ഐ എ എസ് ഉദ്യോഗസ്ഥനായിരുന്നു. കേന്ദ്ര ഡെപ്യൂട്ടേഷനില്‍ പോയ അദ്ദേഹം അവിടെ ആഭ്യന്തര വകുപ്പ് സെക്രട്ടറിയാണിപ്പോള്‍. അടുത്തിടെ അദ്ദേഹം ഒരു പ്രസ്താവന നടത്തി.
ഇന്‍ഡ്യയിലെ മാവോയിസ്റ്റുകള്‍ക്ക് ചൈനയില്‍ നിന്നും ആയുധം കിട്ടുന്നു എന്നാണാ പ്രസ്താവന. അദ്ദേഹം പറഞ്ഞ വാക്കുകള്‍ ഇതാണ്.
ഇടത്തരം ആയുധങ്ങള്‍ വളരെ അധികം നിര്‍മ്മിച്ചു വില്‍ക്കുന്നവരാണു ചൈനക്കാര്‍. മവോയിസ്റ്റുകള്‍ക്ക് ആയുധം കിട്ടുന്നത് അവരില്‍ നിന്നാണെന്ന് എനിക്ക് തീര്‍ച്ചയുണ്ട്. പക്ഷെ അതിന്, അദ്ദേഹം തെളിവുകള്‍ ഒന്നും നല്‍കിയിട്ടില്ല. കൂടുതല്‍ വിവരങ്ങള്‍ അറിയണമെങ്കില്‍ അത് മാവോയിസ്റ്റുകളോടു ചോദിക്കണം എന്നാണദേഹം പറഞ്ഞത്.
ഇതിനു മുമ്പ് ഈ പിള്ള, ഇന്‍ഡ്യയിലെ മവോയിസ്റ്റുകള്‍ക്ക് നേപ്പാളിലെ മാവോയിസ്റ്റുകളുമായി ബന്ധമുണ്ടെന്നു പറഞ്ഞിട്ടുണ്ട്. അതിനും വ്യക്തമായ തെളിവുകള്‍ ഇല്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ഇതിനിടെ മറ്റൊന്നു സംഭവിച്ചു. നേപ്പാളി മവോയിസ്റ്റ് നേതാവ് പ്രചണ്ധ പറഞ്ഞു,
ഞങ്ങള്‍ക്ക് ഇന്‍ഡ്യയിലെ മവോയിസ്റ്റുകളുമയി യതൊരു ബന്ധവുമില്ല.
സത്യമെന്നു തോന്നിക്കുന്ന ചില ഊഹാപോഹങ്ങള്‍ പിള്ള പറഞ്ഞതിന്റെ കാരണമെന്തായിരിക്കാം? ദലൈ ലാമയുടെ തവാങ് സന്ദര്‍ശനം മാത്രമാണോ ഇതു പിന്നില്‍?
എന്താണിപ്പോള്‍ നക്സലുകളും മാവോയിസ്റ്റുകളും ചെട്ടിയുടെയും പിള്ളയുടെയുമൊക്കെ ഉറക്കം കെടുത്തുന്നത്? നാലഞ്ചു പതിറ്റണ്ടുകളായി അവര്‍ ഇവിടെ തന്നെ ഉണ്ടായിരുന്നു.
കഴിഞ്ഞ കുറെ വര്‍ഷങ്ങളായി നമ്മള്‍ കേള്‍ക്കുന്ന ഒരു പല്ലവിയാണ്,
ഇന്‍ഡ്യ വന്‍ശക്തിയാകാനുള്ള പേറ്റു നോവിലൂടെ കടന്നു പോകുന്നു, എന്ന്.
അതിന്റെ പടിവാതിലില്‍ എത്തി നില്‍ക്കുന്നു, ഇനി പൊന്നു തമ്പുരാന്‍ അമേരിക്ക കനിഞ്ഞ് ആ മുദ്ര കൂടി ചാര്‍ത്തിത്തന്നാല്‍ മതി എന്നൊക്കെ ഉള്ള ഉഡായിപ്പുകളില്‍ പരിപൂര്‍ണ്ണമായും വിശ്വസിക്കുന്നതു കൊണ്ടായിരിക്കാം, ട്വിറ്റര്‍ മന്ത്രി ദിവസം ഒരു ലക്ഷം രൂപാ ചെലവഴിച്ച് ആര്‍ഭാടമായിത്തന്നെ ജീവിക്കാന്‍ ആരംഭിച്ചത്.
ചിദംബരം ചെട്ടി ഈയിടെ നാനി പാല്‍ക്കിവാല ലക്ചര്‍ നടത്തിയപ്പോള്‍ അഭിപ്രായപ്പെട്ടത് ഇങ്ങനെ
If the Naxalites accuse elected governments of capitalism, land grabbing, exploiting and displacing tribal people, what prevents them from winning power through elections and reversing current policies?
ചെട്ടിയേപ്പോലുള്ള പണച്ചാക്കുകള്‍ ആണെതിരാളികളെങ്കില്‍, മാവോയിസ്റ്റുകള്‍ക്ക് ഒരു തെരഞ്ഞെടുപ്പിലും ജയിക്കാന്‍ പറ്റിയെന്നു വരില്ല. അത് മനസില്‍ വച്ചായിരിക്കാം ഇദ്ദേഹം മാവോയിസ്റ്റുകളെ മത്സരിച്ചു ജയിച്ച് വ്യവസ്ഥിതി മാറ്റാന്‍ വെല്ലുവിളിച്ചത്.
അദ്ദേഹം ചോദിച്ച ചോദ്യത്തിന്, ഉത്തരം തരുന്നത് നേപ്പാളാണ്. നേപ്പാളിലേപ്പോലെ മവോയിസ്റ്റുകള്‍ തെരഞ്ഞെടുപ്പിലൂടെ അധികാരം പിടിച്ചെടുക്കുന്ന അവസ്ഥ ഇന്‍ഡ്യയില്‍ വരാവുന്ന കാലാവസ്ഥയാണ്, ചെട്ടിയും മറ്റും കൂടി സൃഷ്ടിച്ചെടുക്കാന്‍ ശ്രമിക്കുന്നത്.
ചിദംബരം ചെട്ടി ഇന്‍ഡ്യയിലെ ബുദ്ധിജീവി സമൂഹത്തോടൊരു ചോദ്യം ചോദിച്ചു.
“Are you a Naxal Sympathizer?” ഇത് പണ്ട് ബുഷിന്റെ പ്രസിദ്ധമായ
“Either you are with us or you are with them” എന്ന പ്രസ്താവനയെ ഒര്‍മ്മിപ്പിക്കുന്നു.
തമിഴ് നാട്ടിലെ ഒരു ചെട്ടിയാര്‍ രാജകുടുംബത്തില്‍ നിന്നും വരുന്ന ചിദംബരം എന്ന വക്കീല്‍, ബ്രിട്ടീഷ് ഖനന ഭീമനായ
Vedaanta Resources എന്ന സ്ഥാപനത്തെയും, തകര്‍ന്ന
Enron എന്ന അമേരിക്കന്‍ സ്ഥാപനത്തെയും കേസുകളില്‍ പ്രതിനിധാനം ചെയ്തിരുന്നു.
Vedaanta Resources ന്റെ
board of directors ല്‍ അംഗമായിരുന്ന് വര്‍ഷം 70000 ഡോളറോളം ശമ്പളമായും വാങ്ങിയിരുന്നു. ലോകം മുഴുവന്‍ ഈ സ്ഥാപനത്തിന്റെ ചെലവില്‍ സഞ്ചരിക്കുകയും ചെയ്തിരുന്നു. തരം കിട്ടുമ്പേഴെല്ലാം ഇടതു പക്ഷ പ്രസ്ഥാനങ്ങളെ അവഹേളിക്കുന്നത് വിനോദമാക്കിയ ഇദ്ദേഹം നിസഹായതയില്‍ നിന്നാണതൊക്കെ പുലമ്പുന്നത് എന്നു മറ്റുള്ളവര്‍ക്ക് തോന്നാം.
പല പാര്‍ട്ടികളില്‍ അംഗമായിരുന്ന് പല മന്ത്രിസഭകളില്‍ കഴിഞ്ഞ 25 വര്‍ഷക്കാലം മന്ത്രിയായി ഇന്‍ഡ്യ രാജ്യം ഭരിച്ചാതാണിദ്ദേഹം. ഇപ്പോള്‍ മന്‍ മോഹന്‍ സിംഗ് വിലപിക്കുന്നതിന്റെ നല്ല ഒരു പങ്ക് ഉത്തരവാദിത്തം ഇദ്ദേഹത്തിനുണ്ട്. കഴിഞ്ഞ രണ്ടു പതിറ്റാണ്ടു കൊണ്ട് ഇന്‍ഡ്യയിലെ കോടീശ്വരന്‍ മാരുടെ എണ്ണം കൂടുന്നതു കൊണ്ട് കോരിത്തരിച്ച ഈ കുലാക്ക്, ധനകാര്യ മന്ത്രി കസേരയില്‍ ഇരുന്ന് അവരുടെ വളര്‍ച്ച കണ്ട് ആനന്ദിക്കുകയായിരുന്നു. അപ്പോഴൊന്നും ഇന്‍ഡ്യയിലെ പാവങ്ങളേക്കുറിച്ച് എപ്പോഴെങ്കിലും ഓര്‍ക്കാന്‍ ഇദ്ദേഹത്തിനു നിര്‍ഭാഗ്യം ഉണ്ടായില്ല. ആഭ്യന്തര മന്ത്രിയായപ്പോള്‍ ഇന്‍ഡ്യയുടെ യധാര്‍ത്ഥ ചിത്രം ഇദ്ദേഹത്തിന്, ഏകദേശം പിടി കിട്ടി. ഇന്‍ഡ്യയിലെ 14 സംസ്ഥാനങ്ങളില്‍ മാവോയിസ്റ്റുകളും നക്സലുകളും അവഗണികാനാകാത്ത ശക്തിയാണ്. വന്‍ ശക്തിയാകാന്‍ പോകുന്ന ഇന്‍ഡ്യയില്‍ 50% ആളുകള്‍ ദാരിദ്ര്യ രേഖക്കു താഴെ ജീവിക്കുന്നു എന്നൊക്കെ ലോക ബാങ്കും ഐക്യരഷ്ട്ര സഭയും പറഞ്ഞപ്പോള്‍ ഇദ്ദേഹം വിഡ്ഡിച്ചിരി ചിരിച്ചു കൊണ്ട്, ഇന്‍ഡ്യയുടെ സമ്പത്ത് ഏതൊക്കെ വിദേശികള്‍ക്ക് എഴുതിക്കൊടുക്കണം എന്നു തല പുകഞ്ഞാലോചിക്കുകയായിരുന്നു.
ചിദംബരം ചെട്ടിയും മന്‍ മോഹന്‍ സിംഗും അവഗണിച്ച മനുഷ്യരെ മാവോയിസ്റ്റുകളും നക്സലുകളും റാഞ്ചിയെടുത്തു. ചിദംബരം ചെട്ടിയുടെ ശ്രേണിയിലുള്ളവര്‍ ഈ പാവങ്ങളുടെ പ്രശ്നങ്ങളും കൂടി കാണാനും അവ പരിഹരിക്കാനും ശ്രമിച്ചിരുന്നെങ്കില്‍ ഒരു മാവോയിസ്റ്റും ഇവരെ വശത്താക്കുമായിരുന്നില്ല.
അറിയപ്പെടുന്ന അമേരിക്കന്‍ ഭക്തന്‍മാരൊക്കെ ആണയിട്ടു പറയുന്നു, ചൈനയാണ്, ഇന്‍ഡ്യയുടെ മുഖ്യ ശത്രു എന്ന്. അതുകൊണ്ട് ഇന്‍ഡ്യ അമേരിക്കയോടടുക്കണം. മറ്റൊരു ഭക്തന്‍ പറഞ്ഞത് അമേരിക്ക പാകിസ്ഥാനെ ആക്രമിച്ച് ഇന്‍ഡ്യയുടെ വലിയ ഒരു പ്രശ്നം പരിഹരിക്കുമെന്നാണ്. സംഘപരിവാറിന്, മുസ്ലിം തീവ്രവാദികളാണ്, ഇന്‍ഡ്യയുടെ വലിയ പ്രശ്നം. ചൈന രണ്ടാമത്തെ പ്രശ്നം മാത്രം. കോണ്‍ഗ്രസുകാര്‍ക്ക് ചൈനയാണു പ്രശ്നം. രണ്ടുകൂട്ടരും പ്രശ്നം പരിഹരിക്കാന്‍ അമേരിക്കയുടെ നേരെയാണു നോക്കുന്നത്.
ചെട്ടിയും പിള്ളയും പേടിക്കുന്ന ഈ മാവോയിസ്റ്റുകള്‍ ഏതെങ്കിലും മത തീവ്രവാദികളല്ല. അവര്‍ പെട്ടെന്ന് ഉണ്ടായി വന്നതുമല്ല. പതിറ്റാണ്ടുകളായി അവര്‍ ഇവിടെ ഉണ്ടായിരുന്നു. അവര്‍ പ്രവര്‍ത്തിക്കുന്നത് പാര്‍ശ്വവത്ക്കരിക്കപ്പെട്ട ജനതയുടെ ഇടയിലാണ്. അവരുടെ അവകാശങ്ങള്‍ക്ക് വേണ്ടിയാണ്, നക്സലുകളും മാവോയിസ്റ്റുകളും സമരം നടത്തുന്നതും. മമത ബാനര്‍ജി നന്ദിഗ്രാമിലും സിംഗൂരും ഇവരോടൊത്താണു സായുധ സമരം ചെയ്തത്.
ഇങ്ങനെയുള്ള മവോയിസ്റ്റുകളെ എതിര്‍ക്കേണ്ടതെങ്ങനെ എന്നും അദ്ദേഹം അരുളിച്ചെയ്തു.
കരസേനയും വായുസേനയും ഈ മാവോയിസ്റ്റുകളെ നേരിടണം.
തെരഞ്ഞെടുപ്പിനെ നേരിടാന്‍ കേന്ദ്ര സേന. നേതാക്കളെ സംരക്ഷിക്കാന്‍ കരിമ്പൂച്ചകള്‍. സാധാരണ മനുഷ്യരുടെ അവകാശങ്ങള്‍ക്ക് വേണ്ടി പോരാടുന്നവരെ കൊന്നൊടുക്കാന്‍ പട്ടാളവും വായു സേനയും. സാധാരണ മനുഷ്യരെ സംരക്ഷിക്കാനോ?
ഉദാരവത്കരണം, അഗോളവത്കരണം, വ്യവസായ വത്കരണം, സമ്പത്തിക വളര്‍ച്ച തുടങ്ങിയ കോര്‍പ്പറേറ്റ് ഉഡായിപ്പുകള്‍ക്കപ്പുറം ഇന്‍ഡ്യ ഇന്നും പിന്നാക്കാവസ്ഥയിലാണ്. പ്രത്യേകിച്ചും നാട്ടുമ്പുറങ്ങളില്‍. ആദിവാസി മേഖലകള്‍ തികച്ചും ശോചനീയം തന്നെ.
മലേറിയ എന്ന അസുഖത്തെ പ്രതിരോധിക്കാന്‍ കയ്യില്‍ ഖ്യുനിന്‍ ഗുളികയും ഡെറ്റോളും കൊണ്ടു നടക്കുന്ന ചത്തീസ്ഘറിലെ ആദിവാസി മാവോയിസ്റ്റാണ്, ഇന്‍ഡ്യന്‍ പോലീസിന്റെ ഭാഷയില്‍. മാവോയിസ്റ്റുകളെ വിളിക്കാന്‍ ചിദംബരം ചെട്ടി ഉപയോഗിക്കുന്ന വാക്കുകള്‍
Bandits എന്നും
Criminals എന്നുമാണ്.
ഇതിനു മുമ്പും നക്സലുകള്‍ ആളുകളുടെ തല വെട്ടുകയും, വാഹനങ്ങളും സ്ഥാപനങ്ങളും ബോംബ് വച്ച് തകര്‍ക്കുകയും, ഉദ്യോഗസ്ഥരെയും രാഷ്ട്രീയക്കാരെയും ബന്ദികളാക്കുകയും, വധിക്കുകയും ചെയ്തിട്ടുണ്ട്. പിന്നെ എന്തുകൊണ്ടാണ്, പെട്ടെന്ന് നക്സലുകള്‍ ഇന്‍ഡ്യന്‍ രാഷ്ട്രീയത്തിന്റെ മുഖ്യധാരയിലെ ചര്‍ച്ചാ വിഷയം ആയി?
ഇതു വരെ ഈ വിഷയം ചര്‍ച്ച ചെയ്യാനുള്ള ആര്‍ജ്ജവവും ആത്മാര്‍ത്ഥതയും ആരും കാണിച്ചില്ല. രാജീവ് ഗാന്ധിയുടെ ഇഷ്ടക്കാരന്‍ എന്ന ലേബലില്‍ ആഭ്യന്തരമന്ത്രിയായ ശിവരാജ് പാട്ടീലിന്, ദിവസം നാലുനേരം വസ്ത്രം മാറുന്നതൊഴിച്ച് ഭരണം നടത്താനുള്ള ശേഷിയില്ലായിരുന്നു. അദ്ദേഹത്തെ നീക്കേണ്ടി വന്നപ്പോള്‍ ഒരു കാവ്യ നീതി പോലെ ആ മുള്‍ കിരീടം ചിദംബരം ചെട്ടിയുടെ തലയിലാണു പതിച്ചത്. വ്യവസായ ലോബിക്ക് ഇന്‍ഡ്യയുടെ സ്വത്തുക്കള്‍ തീറെഴുതി കൊടുക്കുന്നതുപോലെ എളുപ്പമല്ല ക്രമ സമാധാനം നിയന്ത്രിക്കുന്നതെന്ന് ഇപ്പോള്‍ ചെട്ടി ശരിക്കും മനസിലാക്കി. അതിന്റെ പരിണിത ഫലമാണ്,
വിദേശ ഹസ്തം, ചൈന, നേപ്പാള്‍, ആയുധ സഹായം, ദേശ ദ്രോഹം, അക്രമം വികസനം, വന്‍ ശക്തി തുടങ്ങിയ പുലമ്പലുകള്‍. സംഘപരിവാരിനും കോണ്‍ഗ്രസിനും മറ്റെല്ലാ കമ്യൂണിസ്റ്റു വിരോധികള്‍ക്കും പെട്ടെന്നു ദഹിക്കുന്നതാണു ചൈന എന്ന ദിവ്യ ഔഷധം.
നക്സലുകളെ അടിച്ചമര്‍ത്തിയാലൊന്നും പ്രശ്നം പരിഹരിക്കപ്പെടില്ല. അതിന്റെ കാരണം, ചെട്ടിയും പിള്ളയും മറ്റസംഘ്യം ചെട്ടിമാരും പിള്ളമാരും പ്രശ്നമെന്താണെന്ന് മനസിലാക്കിയിട്ടും അത് പരിഹരിക്കാന്‍ ശ്രമിക്കുന്നില്ല എന്നതാണ്. ഭരണ യന്ത്രത്തിന്റെ ദയനീയ പരാജയമാണതു കാണിക്കുന്നത്. ഉയര്‍ന്ന തലം മുതല്‍ താഴെ തലം വരെ രാഷ്ട്രീയക്കാര്‍ വികസനത്തിനു ചെലവാക്കേണ്ട പണം തട്ടിയെടുക്കുന്നു. അതിന്റെ ഫലം
ദാരിദ്ര്യം , തൊഴിലില്ലായ്മ, പരിസര മലിനീകരണം , രോഗങ്ങള്‍ , ആരോഗ്യ ശോഷണം , വിദ്യാഭ്യാസ നിഷേധം, കൃഷിഭൂമി ബലമായി വികസനം എന്ന ലേബലില്‍ കയ്യടക്കല്‍, കാടുകള്‍ വെട്ടി നശിപ്പിക്കല്‍, നദികളെ നശിപ്പിക്കല്‍ തുടങ്ങിയവയൊക്കെയാണ്. ഇതിനൊക്കെ ആക്കം കൂട്ടികൊണ്ട് ആഗോള വത്കരണം. ഇതെല്ലാം ചെട്ടിക്ക് അറിയാം. മന്‍ മോഹന്‍ സിംഗിനു വളരെ നന്നായി അറിയാം. പക്ഷെ ഇന്‍ഡ്യയിലെ ജന സാമാന്യത്തോടു പറയാനാകുമോ? ഇല്ല. അതിനു പിന്നില്‍ മറ്റൊരു കാരണമുണ്ട്. ഇവര്‍ രണ്ടുപേരും കോര്‍പ്പറേറ്റ് ലോബിയുടെ പിണിയാളുകളാണ്. കോര്‍പ്പറേറ്റ് ലോബിയുടെ കണ്ണുകള്‍
Red Corridor എന്നറിയപ്പെടുന്ന സ്ഥലങ്ങളിലുള്ള വിഭവങ്ങളിലാണ്. പല ബഹുരാഷ്ട്ര കുത്തകകളുമായി ഈ വിഭവങ്ങള്‍ ചൂഷണം ചെയ്യാനുള്ള കരാറുകളുടെ ധാരണാപത്രം തയ്യാറായിക്കഴിഞ്ഞു.
ഇതിന്റെയൊക്കെ പെരുമ്പറയാണ്, മന്‍ മോഹന്റെ മുതലക്കണ്ണീരും ചെട്ടിയുടെയും പിള്ളയുടെയും ഉദീരണങ്ങളും. മാവോ എന്ന പേരുണ്ടായാല്‍ ചൈനയെ വലിച്ചിഴക്കാന്‍ വളരെ എളുപ്പമാണ്. നേപ്പാളിലെ മാവോയിസ്റ്റു പ്രശ്നം ഉയര്‍ത്തിക്കാട്ടി ഇതിനു നല്ല വിപണനമൂല്യം ഉണ്ടാക്കിയെടുക്കുകയും ചെയ്യാം.
ആദിവാസികളെ നക്സലുകളായി ചിത്രീകരിച്ചാല്‍ സംഗതി കുറച്ചു കൂടെ എളുപ്പമാകും. ഒരു വെടിക്ക് രണ്ടു പക്ഷികള്‍. ചൈന ആയുധം നല്‍കുന്ന, നേപ്പാളിലെ മവോയിസ്റ്റുകളുമായി ബന്ധമുള്ള, ചൈനയുടെ നേതാവായ മാവോയുടെ പേരിലുള്ള ഈ ദേശ ദ്രോഹ പരിഷകളെ കരസേനയുടെയും വായുസേനയുടെയും സഹായത്തോടെ അടിച്ചമര്‍ത്തുക.
Collateral Damage എന്ന കോര്‍പ്പറേറ്റ് ഓമനപ്പേരില്‍ ആദിവാസികളെ കൊന്നൊടുക്കാം. ബാക്കിയുള്ളവര്‍ ഒഴിഞ്ഞു പോകുകയും ചെയ്യും. ആദിവാസികള്‍ ഒഴിഞ്ഞുപോയാല്‍ പിന്നെ ധാതു സമ്പുഷ്ടമായ വന മേഖലകള്‍ ഏത് വിദേശിക്കും എഴുതിക്കൊടുക്കാമല്ലോ.
ക്രിസ്തുമതം സ്വീകരിക്കുന്ന ആദിവാസികളെ സംഘപരിവാര്‍ വളരെ മുമ്പേ നക്സലുകളായി ചിത്രീകരിച്ചിട്ടുണ്ട്. ഇപ്പോള്‍ ഇന്‍ഡ്യയുടെ ആഭ്യന്ത്രമന്ത്രി തന്നെ അവരെ നക്സലുകളാക്കാന്‍ ശ്രമിക്കുന്നു, കോര്‍പ്പറേറ്റ് മാഫിയക്കു വേണ്ടി.
ചെട്ടിമാരുടെയും പിള്ളമാരുടെയും ബുദ്ധി അപാരം തന്നെ.