Friday, 21 November 2008

സഭയുടെ വിലാപങ്ങള്‍

ദീപിക ദിനപത്രത്തില്‍ ടി ദേവ പ്രസാദ് എന്ന പേരില്‍ അഭയ കേസിനേ സം ബന്ധിച്ച് വന്ന ഒരു ലേഖത്തിലെ വാചകങ്ങളാണ്‌ താഴെക്കൊടുക്കുന്നത്.

പതിനാറു വര്‍ഷമായി അന്വേഷിക്കുകയും നാലുവട്ടം എഴുതിത്തള്ളണമെന്ന് സി.ബി.ഐ തന്നെ കോടതിയില്‍ ആവശ്യപ്പെടുകയും ചെയ്ത കേസില്‍ പൊടുന്നനെ രണ്ടു വൈദികരെയും ഒരു കന്യാസ്ത്രീയെയും അറസ്റ്റു ചെയ്ത സി.ബി.ഐ നടപടി സ്വന്തം മുഖം രക്ഷിക്കാനുള്ള പാഴ്ശ്രമമാണെന്ന് കേരളാ പോലീസിലെ പ്രഗത്ഭരായ പല കുറ്റാന്വേഷകരും കരുതുന്നു.


ഇത് ഒരു പരിധി വരെ ശരിയാണ്. കത്തോലിക്ക സഭയും അതിനോട് ചേര്‍ന്നു നില്‍ക്കുന്ന ഭരണ സംവിധാനങ്ങളും വികൃതമാക്കിയ സി ബി ഐയുടെ നഷ്ടപ്പെട്ട മുഖം രക്ഷിച്ചെടുക്കാനുള്ള ആദ്യത്തെ കാല്‍വയ്പ്പാണിത്. ഇന്‍ഡ്യയിലെ പ്രഗത്ഭ്മായ അന്വേഷണ സംഘമാണ്‌ സി ബി ഐ യുടേത്. കത്തോലിക്കാ സഭ പോലുള്ള സംഘടിത പ്രസ്ഥാനങ്ങള്‍ പണവും സ്വാധീനവും ഉപയോഗിച്ച് വികൃതമാക്കിയ മുഖം ആരെങ്കിലും തേച്ചു മിനുക്കി എടുക്കേണ്ടെ? അതാണ്, സി ബി ഐ ഇപ്പോള്‍ ചെയ്യുന്നതും .

സഭക്ക് അതിലുള്ള വേവലാതി മനസിലാക്കാന്‍ ബുദ്ധിമുട്ടില്ല. 16 വര്‍ഷം പ്രതികളെ സംരക്ഷിക്കാനും അന്വേഷണം അട്ടിമറിക്കാനും നടത്തിയ മഹായജ്ഞം പരാജയപ്പെടുമ്പോഴുള്ള ജാള്യത എല്ലാവര്‍ക്കും മനസിലാകും . അന്വേഷണം അതിന്റെ വഴിക്കു വിട്ടിരുന്നെങ്കില്‍ ഒരു പക്ഷെ ഈ വൈദികരും കന്യാസ്ത്രീയും 16 വര്‍ഷം മുമ്പു തന്നെ അറസ്റ്റ് ചെയ്യപ്പെടുമായിരുന്നു.

ദേവ പ്രസാദ് കരായാനും മാത്രം ഒന്നും സംഭവിച്ചില്ല. കുറ്റം ആരോപിക്കപ്പെടുന്നവര്‍ അറസ്റ്റു ചെയ്യപ്പെടുക എന്നത് നിയമ വാഴ്ച നില നില്‍ക്കുന്ന ഇടങ്ങളില്‍ സാധാരണമാണ്. വൈദികനായതു കൊണ്ടോ കന്യാസ്ത്രീ ആയതു കൊണ്ടോ നിയമത്തിനു മുമ്പില്‍ പ്രത്യേക പരിഗണന കിട്ടിയെന്നു വരില്ല.

16 വര്‍ ഷത്തിനിടയില്‍ പലവട്ടം കേസന്വേഷണം അവസാനിപ്പിക്കാന്‍ തുനിഞ്ഞ സി.ബി.ഐ ഒടുവില്‍ മൂന്നു പ്രതികളെ അറസ്റ്റ് ചെയ്തത് നിയമവാഴ്ചയും നീതിയും ഇനിയും മരിച്ചിട്ടില്ല എന്നു തെളിയിക്കുന്നു. ഇതോടൊപ്പം കുറ്റമറ്റതും നിഷ്പക്ഷവുമാവേണ്ട സി ബി ഐ എന്ന അന്വേഷണ ഏജന്‍സിയുടെ ബലഹീനതകള്‍ പുറത്തു വരുകയും ചെയ്യുന്നു.അഭയകേസിന്റെ നാള്‍ വഴി ഇങ്ങനെ.


1992 മാര്‍ച്ച് 27 ന്‌ കോട്ടയം പയസ് ടെന്‍ത് കോണ്‍വെന്റിലെ കിണറ്റില്‍ സിസ്റ്റര്‍ അഭയയുടെ മൃതദേഹം കാണപ്പെടുന്നു. അത് കൊലപതകമാണെന്ന് അഭയയുടെ മാതാപിതാക്കള്‍ അരോപിക്കുന്നു.. അതേപറ്റി അന്വേഷിച്ച ക്രൈംബ്രാഞ്ച് അഭയ ആത്മഹത്യചെയ്തതാണെന്ന നിഗമനത്തിലെത്തുന്നു. ശക്തമായ സമ്മര്‍ദ്ദങ്ങളെ തുടര്‍ന്ന് 1994 ല്‍ സി.ബി.ഐ കൊച്ചി യൂണിറ്റ് കേസന്വേഷണം ഏറ്റെടുക്കുന്നു. ഇടപെടലുകള്‍ മൂലം ചുമതല നിര്‍വഹണം അസാധ്യമായിത്തോന്നിയ അന്വേഷണ ഉദ്യോഗസ്ഥന്‍ ഡിവൈ.എസ്.പി വര്‍ഗ്ഗീസ് പി. തോമസ് രാജിവെക്കുന്നു. തുടര്‍ന്ന് സി.ബി.ഐ ഡെല്‍ഹി യൂണിറ്റിന് അന്വേഷണ ചുമതല കൈമാറുന്നു. മൂന്നു വര്‍ഷത്തെ അന്വേഷണത്തിനൊടുവില്‍ അഭയയുടേത് ആത്മഹത്യയല്ല, കൊലപാതകമാണെന്ന് സി.ബി.ഐ സ്ഥിരീകരിക്കുന്നു. പക്ഷേ, പ്രതികളെ കണ്ടെത്താന്‍ ശ്രമിക്കാതെ അവര്‍ പിന്തിരിയുന്നു. അതിന് വഴങ്ങാതെ എറണാകുളം ചീഫ് ജുഡീഷ്യല് മജിസ്ട്രേറ്റ് കൂടുതല്‍ അന്വേഷണം നടത്തി പ്രതികളെ പിടികൂടാന് ഉത്തരവിടുന്നു. ഗത്യന്തരമില്ലാതായ സി.ബി.ഐ സംഘങ്ങള്‍ വരി വരിയായി അന്വേഷണം നടത്തുന്നു.


തെളിവുകള്‍ നശിപ്പിക്കപ്പെട്ടതിനാല്‍ പ്രതികളെ കണ്ടെത്തുക അസാധ്യമാണെന്ന് 2002ല്‍ രണ്ടാമതും കോടതിമുമ്പാകെ സി ബി ഐ റിപ്പോര്‍ട്ട് ചെയ്തു. ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് അതിനും വഴങ്ങിയില്ല. സി.ബി.ഐയുടെ ഒളിച്ചുകളി അവസാനിച്ചത് പ്രശ്നം ഹൈക്കോടതിയിലെത്തിയപ്പോളാണ്‌. ജസ്റ്റിസ് വി. രാംകുമാര്‍ സി.ബി.ഐയുടെ എല്ലാ വാദഗതികളും തള്ളി കേസന്വേഷണം സി.ബി.ഐ കേരള ഘടകത്തെ തിരിച്ചേല്പിക്കാന്‍ ഉത്തരവിടുകയും ചെയ്തു.

അതിനിടയില്‍ പ്രതികളെന്ന് സംശയിക്കപ്പെടുന്നവരുടെ നാര്‍ക്കോ അനാലിസിസ് സി.ഡികളിലെ കൃത്രിമം കണ്ടുപിടിക്കപ്പെട്ടു. പിന്നീട് അന്വേഷണത്തിന്റെ ഓരോ ഘട്ടത്തിലും നീതിപീഠം ശക്തമായി ഇടപെട്ടു. ജസ്റ്റീസ് രാം കുമാര്‍ കേസു കേള്‍ക്കുന്നതില്‍ നിന്നും പിന്‍മാറിയതും ഒരു പക്ഷെ അവിഹിത ഇടപെടല്‍ കൊണ്ടായിരിക്കാം . ഒടുവില്‍ രണ്ടു വൈദികരുടെയും ഒരു കന്യാസ്ത്രീയുടെയും അറസ്റ്റില്‍ സംഭവമെത്തി. ഇവരില്‍ ആരോപിക്കപ്പെട്ട കുറ്റം തെളിയിക്കപ്പെടുകയോ ഇവര്‍ ശിക്ഷിക്കപ്പെടുകയോ ചെയ്യുമെന്ന് ഒരുറപ്പും ഇല്ല. തെളിവുകള്‍ ഏതാണ്ട് പൂര്‍ണ്ണമായി നശിപ്പിക്കപ്പെട്ടിട്ടുണ്ട്. സാക്ഷികള്‍ സ്വാധീനിക്കപ്പെട്ടിട്ടുമുണ്ട്.

സി.ബി.ഐ തുടക്കം മുതല്‍ നിഷ്പക്ഷമായും കാര്യക്ഷമമായും ചുമതല നിറവേറ്റാന്‍ തയാറായിരുന്നെങ്കില്‍, കേസിന് തുമ്പുണ്ടാവുമായിരുന്നു. അതിന് സി.ബി.ഐക്ക് സാധിക്കാതെ പോയത് മുകളില്‍ നിന്നുള്ള നിരന്തരമായ ഇടപെടലുകള്‍ കൊണ്ടാണെന്ന് വ്യക്തം. സി.ബി.ഐ പ്രധാനമന്ത്രിയുടെ ഓഫീസിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലാകയാല്‍ സംശയത്തിന്റെ മുന സ്വാഭാവികമായും നീളുന്നത് അവിടേക്കുതന്നെ. ശക്തമായ രാഷ്ട്രീയ സമ്മര്‍ദ്ദങ്ങളിലൂടെ മാത്രമേ പ്രധാനമന്ത്രിയുടെ ഓഫീസിനെ സ്വാധീനിക്കാനാവൂ എന്ന കാര്യത്തിലും സംശയമില്ല. രാജിവച്ച ഡി വൈ എസ് പി പറഞ്ഞത്, അന്നത്തെ പ്രധാനമന്ത്രി നരസിംഹറാവു വരെ കേസിനെ സ്വാധീനിക്കാന്‍ ശ്രമിച്ചു എന്നാണ്‌. നരസിംഹ റാവു പ്രതിയായതു കൊണ്ടല്ല അതെന്നു എല്ലാവര്‍ക്കും മനസിലാകും . ആരായിരിക്കാം പ്രധാനമന്ത്രിയുടെ ഒഫീസില്‍ വരെ സ്വാധീനം ചെലുത്തിയതെന്നും മനസിലാക്കാന്‍ പ്രയാസമില്ല.


ഈ കേസിന്റെ ആരംഭം മുതല്‍ കോട്ടയം രൂപത അധികാരികള്‍ വളരെ നിഷേധാത്മകമായ സമീപനമാണ്‌ സ്വീകരിച്ചത്. ഇപ്പോള്‍ വൈദികര്‍ അറസ്റ്റ് ചെയ്യപ്പെട്ടപ്പോഴും കോട്ടയം അതിരൂപത അധികരികളും, കത്തോലിക്കാ സഭ നേതാക്കള്‍ മുഴുവനായും പ്രതികരിച്ചിരിക്കുന്നത് നിഷേധാത്മകമായാണ്. സഭയുടെ ജിഹ്വയായ ദീപിക ഇങ്ങനെയെല്ലാം എഴുതിയതും അതു കൊണ്ടാണ്‌.


വളരെയധികം ജനശ്രദ്ധ ആകര്‍ഷിച്ച പ്രമാദമായ ഈ കൊലക്കേസിന്റെ അന്വേഷണത്തോടും തുടര്‍ നടപടികളോടും സഭാനേതൃത്വം പൂര്‍ണ്ണമായി സഹകരിച്ചിരുന്നെങ്കില്‍ അതു സഭയുടെ അന്തസ്സ് ഉയര്‍ത്തുകയേ ചെയ്യുമായിരുന്നുള്ളൂ. എന്തു വിലകൊടുത്തും ആരെയോ രക്ഷിക്കാന്‍ ഉത്തരവാദപ്പെട്ടവര്‍ ശ്രമിക്കുന്നു എന്ന ധാരണ സൃഷ്ടിച്ചത് സഭക്കു നാണക്കേടായിപ്പോയി. സി ബി ഐക്ക് നഷ്ടപ്പെട്ട പ്രതിച്ഛായ വീണ്ടെടുക്കേണ്ടതുണ്ട്. ഇതു ഒരു അത്മഹത്യയാണെന്നു വരുത്തിത്തീര്‍ക്കാന്‍ ആദ്യം മുതല്‍ ശ്രമിച്ചവരെ എല്ലാം അതിനു ഉത്തരം പറയിക്കണം . പോസ്റ്റ് മോര്‍ട്ടെം റിപ്പോര്‍ട്ട് തിരുത്തിയത്, രാസ പരിശോധനാ റിപ്പോര്‍ട്ട് തിരുത്തിയത്, നാര്‍ക്കോ അനാലിസിസിന്റെ സി ഡിയില്‍ കൃത്രിമം കാണിച്ചത്. തുടങ്ങി പല ചോദ്യങ്ങളും അവശേഷിക്കുന്നു. അതിനെല്ലാം ഉത്തരം കണ്ടു പിടിക്കണം . കൈകള്‍ സ്വതന്ത്രമായ സി ബി ഐ അതു ചെയ്യുമെന്നു പ്രത്യാശിക്കാം .

17 comments:

kaalidaasan said...

കോണ്‍വന്റ് അധികൃതര്‍ സത്യം വെളിപ്പെടുത്തിയാല്‍ 16 മിനിറ്റുകൊണ്ട് കേസ് തെളിയും: ഹൈക്കോടതികൊച്ചി: അഭയ കേസില്‍ അറിയുന്ന സത്യങ്ങള്‍ വെളിപ്പെടുത്തി, കോണ്‍വന്റ് അധികൃതര്‍ സിബിഐയുമായി സഹകരിച്ചാല്‍ 16 വര്‍ഷം കൊണ്ടു തെളിയിക്കപ്പെടാത്ത കേസ് 16 മിനിറ്റു കൊണ്ട് തെളിയുമെന്നു ഹൈക്കോടതി. കേസിലെ മൂന്നു പ്രതികളെ 14 ദിവസത്തേക്കു സിബിഐ കസ്റ്റഡിയില്‍ വിട്ട നടപടി ശരിവയ്ക്കവെയാണു ജസ്റ്റിസ് ആര്‍. ബസന്തിന്റെ പരാമര്‍ശം.

പ്രതികളായ ഫാ. തോമസ് കോട്ടൂര്‍, ഫാ. ജോസ് പൂതൃക്കയില്‍, സിസ്റ്റര്‍ സെഫി എന്നിവര്‍ക്ക് അഭിഭാഷകരുമായി കൂടിക്കാഴ്ചയ്ക്ക് കൊച്ചി സിബിഐ ഒാഫിസില്‍ ഇന്ന് 3. 30 മുതല്‍ അരമണിക്കൂര്‍ സമയം അനുവദിച്ചിട്ടുണ്ട്.

ഇതിനിടെ, ചോദ്യം ചെയ്യലിനു വിധേയനായ മുന്‍ എഎസ്ഐ വി. വി. അ•സ്റ്റിന്റെ മരണ സാഹചര്യം സിബിഐ ശ്രദ്ധാപൂര്‍വം പരിശോധിക്കണമെന്നും കോടതി നിര്‍ദേശിച്ചു. അന്വേഷണത്തില്‍ ഇടപെടാനുള്ള ശ്രമമാണോ എന്നും കാരണം എന്തെന്നും സിബിഐ അന്വേഷിക്കണം. കസ്റ്റഡി റിമാന്‍ഡിനെതിരെ പ്രതികള്‍ സമര്‍പ്പിച്ച ഹര്‍ജിയാണു കോടതി പരി•ണിച്ചത്.

കേസ് രേഖകള്‍ പരിശോധിച്ച കോടതി, കസ്റ്റഡി സാധൂകരിക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ ചൂണ്ടിക്കാട്ടുന്ന വസ്തുതകള്‍ അക്കമിട്ടുനിരത്തി:

ഇതൊരു കൊലപാതകമാണ്, ആത്മഹത്യയല്ല. എന്നാല്‍ ആത്മഹത്യയാണെന്നു വരുത്തി തീര്‍ക്കാന്‍ ശ്രമങ്ങളുണ്ടായി.

വിലപ്പെട്ട വിവരങ്ങള്‍ നല്‍കാന്‍ കഴിയുന്ന പലരും അന്വേഷണത്തില്‍ നിര്‍ണായകമായ പല തെളിവുകളും മറച്ചുവച്ചുവെന്ന് അന്വേഷകര്‍ കരുതുന്നു.

കോണ്‍വന്റിനകത്താണു സംഭവം നടന്നത്. ഒന്നാം പ്രതി ഫാ. തോമസ് കോട്ടൂര്‍ സംഭവസമയത്തു കോണ്‍വന്റില്‍ ഉണ്ടായിരുന്നുവെന്നു സൂചനയുണ്ട്. മൂന്നാം പ്രതി സിസ്റ്റര്‍ സെഫിയുടെ അറിവില്ലാതെ ഒന്നും നടക്കില്ല. കാര്യങ്ങളുടെ നിയന്ത്രണമുള്ള, കോണ്‍വന്റിലെ പ്രധാന വ്യക്തിയാണവര്‍.
സൌകര്യപ്രദമല്ലെങ്കിലും താഴത്തെ നിലയിലാണവര്‍ താമസിച്ചത്.

പ്രതികള്‍ ഓരോ സമയത്തും പരസ്പര വിരുദ്ധ വെളിപ്പെടുത്തലുകളിലൂടെ വഴി തെറ്റിക്കാന്‍ ശ്രമം നടത്തിയെന്ന് അന്വേഷകര്‍ വിശ്വസിക്കുന്നു. അന്വേഷണ നി•മനങ്ങളുടെ ആധികാരികത ഈ ഘട്ടത്തില്‍ വിലയിരുത്തുന്നില്ലെന്നു കോടതി കൂട്ടിച്ചേര്‍ത്തു.

അഭയയ്ക്കു മാന്യമായ സംസ്കാരത്തിന് അവസരം നല്‍കിയതില്‍ നിന്നു തന്നെ ആത്മഹത്യാ വാദത്തില്‍ കോണ്‍വന്റ് അധികാരികള്‍ വിശ്വസിക്കുന്നില്ലെന്നു വ്യക്തമായി.

എന്നാല്‍, സത്യം കണ്ടെത്താനുള്ള സിബിഐയുടെ ശ്രമത്തില്‍ കോണ്‍വന്റ് അധികാരികളുടെ ഭാഗത്തു നിന്നു മതിയായ സഹകരണമുണ്ടായില്ല. കോണ്‍വന്റ് അധികൃതരുടെ സഹകരണം തേടാന്‍ തക്കവിധം സിബിഐ എല്ലാവരുടെയും വിശ്വാസം ആര്‍ജിച്ചു മുന്നേറണം.

മതസമൂഹങ്ങളുടെ വൈകാരികതയെ മാനിക്കുന്നു. എന്നാല്‍ ചില ആശങ്കകള്‍ വെളിപ്പെടുത്താതെ വയ്യെന്ന മുഖവുരയോടെയാണു കോടതി ഈ വിഷയത്തിലേക്കു കടന്നത്. സന്യാസിനിയോ വിശ്വാസിയോ നിരീശ്വരവാദിയോ ആരു തന്നെയായാലും സത്യം കണ്ടെത്താന്‍ സഹകരിച്ചില്ലെങ്കില്‍ ഭരണഘടനയുടെ ആമുഖത്തില്‍ പറയുന്ന 'സത്യമേവ ജയതേ എന്ന തത്വം വൃഥാവിലാകുമെന്നു കോടതി പറഞ്ഞു.

ഭൂമിയിലെ നീതി നടപ്പായില്ലെങ്കില്‍പ്പോലും ദൈവത്തിന്റെ കോടതിയില്‍ നീതി നടപ്പാകുമെന്ന് ഓര്‍ക്കണം. സത്യം തുറന്നു സംസാരിക്കാന്‍ ബാധ്യതയുള്ളവര്‍ മൌനം പാലിച്ചാല്‍ ഇരുള്‍ മൂടിയ നരകാഗ്നിയിലാകും ഇരിപ്പിടമൊരുങ്ങുകയെന്ന പരാമര്‍ശത്തോടെയാണു കോടതിവിധിപ്രഖ്യാപനം പൂര്‍ത്തിയാക്കിയത്.

kaalidaasan said...

'സത്യം മൂടിവച്ചാല്‍ ശിക്ഷ നരകം'

കൊച്ചി: സത്യം മറച്ചു വയ്ക്കുന്നവര്‍ക്ക് നരകമാണ് ദൈവശിക്ഷയെന്ന് ഹൈക്കോടതി ഓര്‍മ്മപ്പെടുത്തി. ക്രിമിനോളജിസ്റ്റിന്റെയും വിദഗ്ദ്ധരുടെയും സഹായത്തോടെ ചോദ്യം ചെയ്യലിനെ ചെറുക്കാന്‍ പ്രതികള്‍ പരിശീലനം നേടിയിട്ടുണ്ടെന്ന് കേസ് ഡയറിയില്‍ രേഖപ്പെടുത്തിയതു ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് ആര്‍. ബസന്തിന്റെ പരാമര്‍ശം.

സത്യം വെളിപ്പെടുത്താന്‍ ബാദ്ധ്യതയുള്ളവര്‍ മൌനം പാലിച്ചാല്‍ ഇരുണ്ടതും ചുട്ടുപൊള്ളുന്നതുമായ ഇടമാണ് പാപത്തിന്റെ പ്രതിഫലമായി ലഭിക്കുക. അഭയയുടെ ദുരൂഹ മരണത്തേക്കുറിച്ച് അധികൃതര്‍ അന്വേഷിച്ചിട്ടില്ല. സത്യം കണ്ടെത്താന്‍ സഭയും കോണ്‍വെന്റ് അധികൃതരും സി.ബി.ഐയുമായി കൈകോര്‍ത്ത് പ്രവര്‍ത്തിക്കണം. 16 വര്‍ഷം കൊണ്ട് തെളിയിക്കാനാകാത്ത കുറ്റകൃത്യം 16 നിമിഷത്തിനകം വെളിച്ചത്തുകൊണ്ടുവരാന്‍ ഇതിലൂടെ സാധിക്കുമെന്നും ഹൈക്കോടതി പറഞ്ഞു. സുഗമമായ അന്വേഷണത്തിന് സി.ബി.ഐ വിശ്വാസം ആര്‍ജിക്കണം. സംഭവവുമായി ബന്ധപ്പെട്ടവരെ അന്വേഷണത്തില്‍ സഹകരിപ്പിക്കാനും സി.ബി.ഐക്ക് സാധിക്കണം. മനുഷ്യന്റെ നീതി നടപ്പായില്ലെങ്കിലും ദൈവനീതി കുറ്റവാളികളെ പിടികൂടുമെന്നും ഹൈക്കോടതി പറഞ്ഞു. സംശയത്തിന്റെ നിഴലിലായിട്ടും പിടിയിലായവര്‍ സത്യം പറയാന്‍ തയ്യാറാകുന്നില്ലെന്ന് സി.ബി.ഐ വ്യക്തമാക്കിയിരുന്നു.

പ്രതികളുടെ പങ്കാളിത്തത്തേക്കുറിച്ച് അന്വേഷിക്കുന്നതിനു സി.ബി.ഐ സംഘം ആധാരമാക്കിയ ശക്തമായ കണ്ടെത്തലുകളും ഹൈക്കോടതി ചൂണ്ടിക്കാട്ടി:

*അഭയ കൊല്ലപ്പെട്ട ദിവസം പയസ് ടെന്‍ത് കോണ്‍വെന്റില്‍ ഒന്നാം പ്രതി ഫാ. തോമസ് കോട്ടൂരുണ്ടായിരുന്നു.

*ആത്മഹത്യയാണെന്നു സ്ഥാപിക്കാന്‍ പലഭാഗത്തു നിന്നും ശ്രമം നടന്നു.

*അഭയ കൊല്ലപ്പെട്ടതാണെന്ന് സി.ബി.ഐ കണ്ടെത്തിയിട്ടുണ്ട്.

*മൂന്നാം പ്രതി സിസ്റ്റര്‍ സെഫിക്കാണ് കോണ്‍വെന്റിന്റെ പൂര്‍ണ നിയന്ത്രണമുണ്ടായിരുന്നത്. അവരറിയാതെ കോണ്‍വെന്റിനകത്ത് ഒന്നും നടക്കില്ല. കോണ്‍വെന്റിന്റെ താഴത്തെനിലയില്‍ താമസിക്കാന്‍ മതിയായ സ്ഥലസൌകര്യമില്ല. എന്നിട്ടും അവര്‍ അവിടെയാണ് കഴിഞ്ഞിരുന്നത്.

*അര്‍ദ്ധബോധാവസ്ഥയിലാണെങ്കിലും ബ്രെയിന്‍ മാപ്പിംഗ്, നാര്‍ക്കോ പരിശോധനകള്‍ക്കിടെ പ്രതികള്‍ നടത്തിയ വെളിപ്പെടുത്തകള്‍ നിര്‍ണായകമാണ്.

kaalidaasan said...

കൊന്നത് മഴുകൊണ്ട് തലയ്ക്കടിച്ച്

കൊച്ചി: അറസ്റ്റിലായ കന്യാസ്ത്രീയും പുരോഹിതരും മഴുകൊണ്ട് സിസ്റ്റര്‍ അഭയയെ തലയ്ക്കു പിന്നിലടിച്ചശേഷം കോണ്‍വെന്റിലെ കിണറ്റില്‍ തള്ളുകയായിരുന്നുവെന്ന് സിബിഐ കോടതിയില്‍ വെളിപ്പെടുത്തി. 1992 മാര്‍ച്ച് 27ന് പുലര്‍ച്ചെ വെള്ളമെടുക്കാന്‍ കോവെന്റിനു താഴെ നിലയിലെത്തിയ അഭയ ഫ്രിഡ്ജ് തുറന്നപ്പോള്‍ സിസ്റ്റര്‍ സെഫി, ഫാ. തോമസ് കോട്ടൂര്‍, ഫാ. ജോസ് പൂതൃക്കയില്‍ എന്നിവരെ മോശമായ സാഹചര്യത്തില്‍ കണ്ടു. തങ്ങളെ കണ്ടെന്നു മനസ്സിലാക്കിയ പ്രതികള്‍ അഭയയുടെ പിന്‍കഴുത്തില്‍ മഴുകൊണ്ട് രണ്ടുതവണ അടിച്ചു. നിലത്തുവീണ അഭയയെ മൂന്നുപേരും ചേര്‍ന്ന് വലിച്ചിഴച്ച് കൊണ്ടുപോയി കിണറ്റിലെറിയുകയായിരുന്നുവെന്നും സിബിഐ രേഖാമൂലം കോടതിയെ അറിയിച്ചു. അന്വേഷണ ഉദ്യോഗസ്ഥനായ നന്ദകുമാര്‍നായര്‍ ചീഫ് ജുഡിഷ്യല്‍ മജിസ്ട്രേട്ട് കോടതിയില്‍ സമര്‍പ്പിച്ച റിമാന്‍ഡ് റിപ്പോര്‍ട്ടിലാണ് ഈ വിവരങ്ങള്‍. സിസ്റ്റര്‍ സെഫിയെ കന്യകാത്വ പരിശോധനയ്ക്ക് വിധേയമാക്കിയതില്‍ ഇവര്‍ കന്യകയല്ലെന്ന് വൈദ്യപരിശോധനയില്‍ കണ്ടെത്തിയതായും സിബിഐ അറിയിച്ചു. ചോദ്യം ചെയ്യലിന്റെ ഭാഗമായി സിബിഐ തങ്ങളെ മാനസികമായി പീഡിപ്പിച്ചുവെന്ന് പ്രതികള്‍ ആരോപിച്ചിരുന്നു. ഇതിനുള്ള മറുപടിയായാണ് സിബിഐ ഇവര്‍ക്കെതിരെയുള്ള കണ്ടെത്തല്‍ വെളിപ്പെടുത്തിയത്. 14 ദിവസത്തെ സിബിഐ കസ്റ്റഡിക്കുശേഷം മൂന്നുപ്രതികളെയും ഡിസംബര്‍ 17വരെ എറണാകുളം സബ് ജയിലിലേക്ക് മജിസ്ട്രേട്ട് പി ഡി സോമന്‍ റിമാന്‍ഡ് ചെയ്തു. കേസ് ഡയറി ഹാജരാക്കാന്‍ കോടതി സിബിഐയോട് നിര്‍ദേശിച്ചിട്ടുണ്ട്. അതേസമയം തങ്ങളെ സിബിഐയുടെ കൂടെ അയക്കരുതെന്ന് അഭയകേസിലെ ഒന്നാംപ്രതി ഫാ. തോമസ് കോട്ടൂര്‍ കോടതിയില്‍ ആവശ്യപ്പെട്ടു. ഭക്ഷണവും ഉറങ്ങാന്‍ സ്ഥലവും നല്‍കിയെങ്കിലും സിബിഐ മാനസികമായി പീഡിപ്പിച്ചു. അതിനാല്‍ മന:ശാസ്ത്രജ്ഞന്റെ സഹായം ലഭ്യമാക്കണമെന്നും ഫാ. കോട്ടൂര്‍ ആവശ്യപ്പെട്ടു. സിബിഐക്കെതിരെ ഗുരുതരമായ പരാതികള്‍ ഒന്നുമില്ലെങ്കിലും സങ്കടം പറയാനുണ്ടെന്ന് രണ്ടാംപ്രതി ഫാ. ജോസ് പൂതൃക്കയില്‍ പറഞ്ഞു. എസി മുറിയും നല്ല ഭക്ഷണവും മറ്റെല്ലാ സൌകര്യങ്ങളും തന്നു. എന്നാല്‍ ആദ്യ ഏഴുദിവസം വളരെ പരുഷമായാണ് സിബിഐ പെരുമാറിയത്. രണ്ടുമൂന്നുദിവസം ഉറങ്ങാന്‍ അനുവദിച്ചില്ല. തനിക്ക് മാനസികപ്രശ്നങ്ങളുണ്ടെന്നും ഫാ. പൂതൃക്കയില്‍ പറഞ്ഞു. തന്നെ സിബിഐ അസഭ്യം പറയുകയും നുണപറയാന്‍ നിര്‍ബന്ധിക്കുകയും ചെയ്തുവെന്ന് മൂന്നാംപ്രതി സിസ്റ്റര്‍ സെഫി പരാതിപ്പെട്ടു. അഭയയുടെ കൊല നടന്ന ദിവസം ഫാ. കോട്ടൂര്‍ കോവെന്റില്‍ വന്നതായി താന്‍ സമ്മതിച്ചുവെന്ന് നുണ പറയാന്‍ സിബിഐ നിര്‍ബന്ധിച്ചുവെന്നാണ് പരാതി.

kaalidaasan said...

അഭയയെ പ്രതികള്‍ കോടാലി കൊണ്ടു തലയ്ക്കടിച്ചു കിണറ്റിലെറിഞ്ഞു:സിബിഐ

കൊച്ചി: സിസ്റ്റര്‍ അഭയയെ അറസ്റ്റിലായ മൂന്നു പ്രതികള്‍ ചേര്‍ന്നു കോടാലി കൊണ്ടു തലയ്ക്കടിച്ചു കിണറ്റില്‍ എറിഞ്ഞു കൊലപ്പെടുത്തിയതായാണ് അന്വേഷണത്തില്‍ തെളിയുന്നതെന്ന് എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതിയെ സിബിഐ അറിയിച്ചു. ഒന്നു മുതല്‍ മൂന്നുവരെ പ്രതികളായ ഫാ.തോമസ് എം.കോട്ടൂര്‍, ഫാ.ജോസ് പൂതൃക്കയില്‍, സിസ്റ്റര്‍ സെഫി എന്നിവരെ സിജെഎം പി.ഡി.സോമന്‍ 16 വരെ സബ് ജയിലില്‍ റിമാന്‍ഡു ചെയ്തു.

ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാക്കി പ്രതികളെ തിരികെ ഹാജരാക്കിയപ്പോഴാണു സിബിഐ പ്രോസിക്യൂട്ടര്‍ വി.എന്‍.അനില്‍കുമാര്‍ അഭയ കേസില്‍ സിബിഐയുടെ കണ്ടെത്തലുകള്‍ കോടതിയെ അറിയിച്ചത്.

വെള്ളം കുടിക്കാന്‍ അടുക്കളയിലെത്തിയ സിസ്റ്റര്‍ അഭയ, പ്രതികളെ അരുതാത്ത സാഹചര്യത്തില്‍ കണ്ടതാണു കൊലയ്ക്കു പ്രേരണയായത് എന്നു റിപ്പോര്‍ട്ടില്‍ പറയുന്നു. കോടാലി കൊണ്ടു തലയ്ക്കടിച്ച ശേഷം അഭയയെ കിണറ്റില്‍ എറിഞ്ഞ പ്രതികള്‍ മാപ്പര്‍ഹിക്കുന്നില്ലെന്നും സിബിഐ ചൂണ്ടിക്കാട്ടി.

1992 മാര്‍ച്ച് 27 നു പുലര്‍ച്ചെ പയസ് ടെന്‍ത് കോണ്‍വെന്റ് ഹോസ്റ്റലിന്റെ അടുക്കളയില്‍ വച്ചാണു സിസ്റ്റര്‍ അഭയ ആക്രമിക്കപ്പെട്ടത്. തലയ്ക്കു പിന്നില്‍ വലതു ചെവിക്കു സമീപം രണ്ടു പ്രാവശ്യം അടിയേറ്റ അഭയ താഴെ വീണു. തുടര്‍ന്ന് ഫാ. തോമസ് കോട്ടൂരും ഫാ. ജോസ് പൂതൃക്കയിലും ചേര്‍ന്നു സിസ്റ്റര്‍ സെഫിയുടെ സഹായത്തോടെ അഭയയെ സമീപത്തെ കിണറ്റിലെറിഞ്ഞു.

മൂന്നു പ്രതികളെയും റിമാന്‍ഡ് ചെയ്യണമെന്നാവശ്യപ്പെട്ട്

അന്വേഷണ ഉദ്യോഗസ്ഥന്‍ ഡിവൈഎസ്പി പി. നന്ദകുമാര്‍ നായര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണു കൊലപാതകത്തിന്റെ വിശദാംശങ്ങള്‍ വ്യക്തമാക്കിയിട്ടുള്ളത്.

അന്വേഷണത്തിന്റെ ഭാഗമായി കേസിലെ മൂന്നാം പ്രതി സിസ്റ്റര്‍ സെഫിയെ കന്യകാത്വ പരിശോധനയ്ക്കു വിധേയയാക്കിയതായി സിബിഐ വെളിപ്പെടുത്തി. ഫാ. ജോസ് പൂതൃക്കയിലിനു വേണ്ടി അഡ്വ. സി.പി. ഉദയഭാനു സമര്‍പ്പിച്ച ജാമ്യാപേക്ഷ കോടതി ഇന്നു പരിഗണിക്കും. എന്തെങ്കിലും ബോധിപ്പിക്കാനുണ്ടോയെന്നു മൂന്നു പ്രതികളോടും കോടതി ആരാഞ്ഞു.

രാജ്യത്തെ ഏതു ജയിലിലേക്കും പോകാന്‍ തയാറാണെന്നും സിബിഐക്കു മാത്രം തന്നെ വിട്ടുകൊടുക്കരുതെന്നും ഫാ. കോട്ടൂര്‍ അഭ്യര്‍ഥിച്ചു. സിബിഐയുടെ മാനസിക പീഡനം അസഹനീയമാണ്, മനശ്ശാസ്ത്രജ്ഞന്റെ സേവനം ലഭിച്ചില്ലെങ്കില്‍ സമനില തെറ്റുന്ന അവസ്ഥയിലാണെന്നും അദ്ദേഹം പറഞ്ഞു.

ഈ കേസില്‍ നിരപരാധിയായ തന്നെ കഥയ്ക്കു പറ്റിയ കഥാപാത്രമാക്കുകയാണെന്നു ഫാ.ജോസ് പൂതൃക്കയില്‍ പരാതിപ്പെട്ടു. കൊലക്കയറിന്റെ അളവിനു പറ്റിയ കഴുത്തുള്ളവനെയാണ് ഇവര്‍ക്കു വേണ്ടത്. സിബിഐ കസ്റ്റഡിയിലായി ഏഴു ദിവസം കഴിഞ്ഞാണു സൂര്യപ്രകാശം കണ്ടതെന്നും ഫാ. പൂതൃക്കയില്‍ പറഞ്ഞു. അന്വേഷണ ഉദ്യോഗസ്ഥര്‍ തെറി വിളിച്ചതായി സിസ്റ്റര്‍ സെഫി പരാതിപ്പെട്ടു.

തോമസുകുട്ടിയച്ചന്‍ (ഫാ.തോമസ് കോട്ടൂര്‍) അന്നു രാത്രി കോണ്‍വെന്റില്‍ എത്തിയതായി അച്ചന്റെ മുന്നില്‍ നിര്‍ത്തി ഉദ്യോഗസ്ഥര്‍ നിര്‍ബന്ധിച്ചു കുറ്റസമ്മതം നടത്തിച്ചതായും അവര്‍ പറഞ്ഞു.

സിബിഐ ശാരീരികമായി പീഡിപ്പിച്ചിട്ടില്ലെന്നും മികച്ച താമസ സൌകര്യവും ഭക്ഷണവും നല്‍കിയതായും പ്രതികള്‍ കോടതിയെ ബോധിപ്പിച്ചു. ജയില്‍ നിയമങ്ങള്‍ അനുവദിക്കുന്ന ചികിത്സാ സൌകര്യം പ്രതികള്‍ക്കു നല്‍കാന്‍ സിജെഎം കോടതി നിര്‍ദ്ദേശിച്ചു.

kaalidaasan said...


തെളിവു നശിപ്പിക്കാന്‍ വിചിത്ര രീതികള്‍ !കൊച്ചി: അഭയ കേസില്‍ തെളിവ് നശിപ്പിക്കാന്‍ പ്രതികള്‍ കേട്ടുകേള്‍വി ഇല്ലാത്ത കാര്യങ്ങള്‍വരെ ചെയ്തതായി വെളിപ്പെട്ടു. കന്യകയാണെന്ന് സ്ഥാപിക്കാന്‍ കന്യാചര്‍മ്മം കൃത്രിമമായി വച്ചുപിടിപ്പിക്കുന്ന ശസ്ത്രക്രിയയ്ക്കു സിസ്റ്റര്‍ സെഫി വിധേയയായതായി സി.ബി.ഐ ഇന്നലെ ചീഫ് ജുഡിഷ്യല്‍ മജിസ്ട്രേട്ട് കോടതി മുന്‍പാകെ വെളിപ്പെടുത്തി.
സിസ്റ്റര്‍ സെഫിയും ഫാ. തോമസ് കോട്ടൂരും തമ്മില്‍ ശാരീരികമായി ബന്ധപ്പെടുന്നത് കണ്ടതിനെ തുടര്‍ന്ന് അഭയയെ കൊന്നതായുള്ള കേസ് അട്ടിമറിക്കാനാണ് 'കന്യക' അല്ലാതിരുന്ന സെഫി ആധുനിക ശസ്ത്രക്രിയയിലൂടെ കന്യാചര്‍മ്മം വച്ചുപിടിപ്പിച്ചതെന്ന് കോടതി മുമ്പാകെ സി.ബി.ഐ ബോധിപ്പിച്ചു. ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ നടത്തിയ വൈദ്യപരിശോധനയിലാണ് ഇക്കാര്യം വ്യക്തമായത്. സിസ്റ്റര്‍ സെഫിയുടെ അനുമതിയില്ലാതെയാണ് കന്യകാത്വ പരിശോധന നടത്തിയതെന്നുള്ള പ്രതിഭാഗം അഭിഭാഷകന്റെ ആരോപണത്തെത്തുടര്‍ന്നാണ് കോടതിയില്‍ സി.ബി.ഐ ഇക്കാര്യം തുറന്നടിച്ചത്. അന്വേഷണത്തിന്റെ ഭാഗമായി നടത്തിയ പരിശോധനയ്ക്ക് അനുമതി തേടേണ്ടതില്ലെന്ന് സി.ബി. ഐ വാദിച്ചു.
"സെഫിയുടെ കന്യാചര്‍മ്മം പൊട്ടിയതായി പരിശോധനയില്‍ വ്യക്തമാണ്. കൃത്രിമമായി കന്യാചര്‍മ്മം വച്ചുപിടിപ്പിക്കുന്നതിന് ശസ്ത്രക്രിയ നടന്നിട്ടുണ്ട്. കേസിലെ തെളിവുകള്‍ പ്രതികള്‍ നശിപ്പിച്ചുവെന്നതിന്റെ ഏറ്റവും വലിയ മറ്റൊരു തെളിവാണിത്. ഒരു കന്യാസ്ത്രീയുടെ കന്യകാത്വം നഷ്ടപ്പെടുന്നത് എങ്ങനെയാണ്? പ്രതികള്‍ അസുഖകരമായ കാര്യങ്ങള്‍ വെളിപ്പെടുത്താന്‍ സി.ബി.ഐയെ നിര്‍ബന്ധിക്കുകയാണ്" - സി.ബി.ഐ അഭിഭാഷകന്‍ മജിസ്ട്രേട്ടിനോടു പറഞ്ഞു.
പ്രതിക്ക് പരാതിയില്ലാത്ത സാഹചര്യത്തില്‍ അഭിഭാഷകന്‍ ആശങ്കപ്പെടേണ്ടെന്ന് കോടതി വ്യക്തമാക്കി. ആ സമയം ചിലതു പറയാനുണ്ടെന്ന് പ്രതിക്കൂട്ടില്‍ നിന്നു കൈപൊക്കിക്കാണിച്ച് സെഫി മുന്നോട്ടുവന്നു. "കൂടിനിന്നവര്‍ എന്തു വിചാരിക്കുമെന്ന് കരുതിയാണ് തുറന്നു പറയാതിരുന്നത്. എന്റെ അനുമതിയില്ലാതെയാണ് കന്യകാത്വ പരിശോധന നടത്തിയത്" - സെഫി പറഞ്ഞു.

kaalidaasan said...

'തോമസ് കുട്ടി' ക്കെതിരെ കള്ളം പറയാന്‍ നിര്‍ബന്ധിച്ചു


കൊച്ചി: കോടതിമുറിയിലെ പ്രതിക്കൂട്ടില്‍ നിന്നു ആവലാതികള്‍ പറയുമ്പോള്‍ സിസ്റ്റര്‍ സെഫിക്ക് അറിയാതെ നാവു പിഴച്ചു. തോമസ് കോട്ടൂരിനെക്കുറിച്ച് പറയവേ 'തോമസ് കുട്ടി'യെന്നാണ് സംബോധന ചെയ്തത്. കോട്ടൂരുമായുള്ള സെഫിയുടെ അടുപ്പം സൂചിപ്പിക്കുന്ന വിളിയെന്ന തരത്തില്‍ കോടതി മുറിയില്‍ ചിരി പൊട്ടിയപ്പോള്‍ സെഫി ഉടനതു തിരുത്തി 'തോമസ് കോട്ടൂര്‍ അച്ചനെ'ന്നാക്കി. പിന്നീട് സെഫി പറഞ്ഞത് ഇങ്ങനെയാണ്, "അഭയ കൊല്ലപ്പെട്ട ദിവസം തോമസ് കോട്ടൂരും കോണ്‍വെന്റിലുണ്ടായിരുന്നുവെന്ന് പറയാന്‍ സി. ബി. ഐ നിര്‍ബന്ധിച്ചു. കോട്ടൂരിനെ എന്റെ മുന്നിലിരുത്തിക്കൊണ്ട് അദ്ദേഹത്തിനെതിരെ കളവുപറയാന്‍ നിര്‍ബ്ന്ധിച്ചു. കഴിഞ്ഞ 15 ദിവസത്തിനിടെ ഉറങ്ങാത്ത രാത്രികളുണ്ട്. ചോദ്യം ചെയ്യലിനിടെ അസഭ്യവും അവര്‍ പറഞ്ഞു. കന്യാസ്ത്രീയായ ഞാന്‍ സഹിക്കാവുന്നതിലേറെ പീഡനമനുഭവിച്ചു. പക്ഷെ ആരും ശാരീരികമായി പീഡിപ്പിച്ചിട്ടില്ല".

kaalidaasan said...

അഭയ: പ്രതികള്‍ കുറ്റം സമ്മതിച്ചെന്ന് സിബിഐകൊച്ചി: സിസ്റ്റര്‍ അഭയ വധക്കേസില്‍ ചോദ്യം ചെയ്യലിനിടെ പ്രതികള്‍ കുറ്റം സമ്മതിച്ചതായി സിബിഐ. രണ്ടാംപ്രതി ഫാ. ജോസ് പൂതൃക്കയില്‍ നല്‍കിയ ജാമ്യ ഹര്‍ജി പരിഗണിക്കവെയാണ് എറണാകുളം സിജെഎം കോടതിയില്‍ സിബിഐയുടെ ഈ വെളിപ്പെടുത്തല്‍.

തുടക്കത്തില്‍ കുറ്റം സമ്മതിക്കാന്‍ ഇവര്‍ തയാറായിരുന്നില്ല. നാര്‍ക്കോ അനാലിസിസ്, ബ്രെയിന്‍ മാപ്പിങ് പരിശോധനാ ഫലങ്ങള്‍ എന്നിവ കാണിച്ച് ചോദ്യം ചെയ്തപ്പോഴാണ് പ്രതികള്‍ കുറ്റം സമ്മതിച്ചത്.

മൂന്നു പ്രതികളും സാക്ഷികളില്‍ സ്വാധീനം ചെലുത്തി. സാക്ഷികള്‍ കേസുമായി സഹകരിക്കുന്നില്ല. കോട്ടയത്തുള്ള പലര്‍ക്കും അഭയ കേസിനെ കുറിച്ചും പ്രതികളെ കുറിച്ചും വ്യക്തമായി അറിയാം. എന്നാല്‍ അവര്‍ ഇതു പറയാന്‍ തയാറല്ല.

കേസിലെ ഇന്‍ക്വസ്റ്റ് തയാറാക്കിയ മുന്‍ എഎസ്ഐ അഗസ്റ്റിന്റെ മരണത്തില്‍ ദുരൂഹതയുണ്ട്. മൂന്നു പ്രതികളെയും അറസ്റ്റു ചെയ്ത ശേഷമാണ് അഗസ്റ്റിന്റെ ദുരൂഹ മരണം. ഇത് ഗൌരവമായി കാണണം. അഗ്സ്റ്റിന്റെ മരണം സംബന്ധിച്ച് വ്യക്തമായി അന്വേഷിക്കേണ്ട തുണ്ട്.

സിസ്റ്റര്‍ സെഫിയുടെ കന്യകാത്വ പരിശോധന നടത്തിയത് നിര്‍ബന്ധ പൂര്‍വമാണെന്ന വാദം ശരിയല്ല. പരിശോധനയ്ക്ക് സമ്മതമാണെന്ന് സിസ്റ്റര്‍ സെഫി രേഖാമൂലം എഴുതി നല്‍കിയിട്ടുണ്ട്. കേസില്‍ പ്രതികള്‍ ശാസ്ത്രീയമായി തെളിവുകള്‍ നശിപ്പിച്ചു. തെളിവുകള്‍ നശിപ്പിക്കുന്നതിന് ഏതറ്റം വരെ പോയെന്നതിന് തെളിവാണ് സെഫിയുടെ കന്യകാത്വ പരിശോധനാ ഫലം സൂചിപ്പിക്കുന്നത്.

സിസ്റ്റര്‍

സെഫിയുടെ കന്യാചര്‍മത്തില്‍ സര്‍ജറി നടത്തിയ അടയാളം കാണുന്നുണ്ട്. ഒരു കന്യാസ്ത്രിയെ ഇത്തരം സര്‍ജറിക്കു വിധേയയാക്കിയതു തെളിവു നശിപ്പിക്കലായി കാണണമെന്നും ഇന്നലെ സിബിഐ കോടതിയില്‍ പറഞ്ഞിരുന്നു.

കുറ്റം സമ്മതിക്കുന്നതിന് സിബിഐ പ്രേരിപ്പിച്ചതായി പ്രതികള്‍ ഇന്നലെ പറഞ്ഞിരുന്നു. ഒന്നാം പ്രതി ഫാ. തോമസ് എം. കോട്ടൂരും രണ്ടാം പ്രതി ഫാ. ജോസ് പുതൃക്കയിലും ചേര്‍ന്നാണ് അഭയയുടെ മൃതദേഹം കിണറ്റിലെറിഞ്ഞതെന്നും സിബിഐ ഇന്നു കോടതിയെ അറിയിട്ടിട്ടുണ്ട്.

അഭയയെ മഴു ഉപയോഗിച്ച് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയാ യിരുന്നുവെന്ന് സിബിഐ ഇന്നലെ വെളിപ്പെടുത്തിയിരുന്നു. കുടി വെള്ളം എടുക്കാന്‍ അടുക്കളയില്‍ എത്തിയ സിസ്റ്റര്‍ അഭയ മൂന്നു പ്രതികളേയും അരുതാത്ത രീതിയില്‍ കണ്ടു. തുടര്‍ന്ന് സിസ്റ്റര്‍ അഭയയെ മഴു ഉപയോഗിച്ചു തലയില്‍ അടിച്ചു.

പിന്നീട് മൂന്നു പ്രതികളും ചേര്‍ന്ന് അഭയയെ കിണറ്റില്‍ എറിയുകയായിരുന്നുവെന്നാണ് ഇന്നലെ സിബിഐ കോടതിയില്‍ വെളിപ്പെടുത്തിയത്.

kaalidaasan said...

ഫാ. പൂതൃക്കയില്‍ കോണ്‍വെന്റിന്റെ മതില്‍ ചാടുന്നത് കണ്ടെന്ന് വാച്ച്മാന്‍


കൊച്ചി: അഭയ കേസിലെ രണ്ടാം പ്രതി ഫാ. ജോസ് പൂതൃക്കയില്‍ അസമയത്ത് പയസ് ടെന്‍ത് കോണ്‍വെന്റിന്റെ മതില്‍ ചാടിക്കടക്കുന്നത് കണ്ടതായി വാച്ച്മാന്‍ ചെല്ലപ്പദാസ് മൊഴി നല്‍കിയിട്ടുണ്ടെന്ന് സി.ബി.ഐ ഹൈക്കോടതിയെ ബോധിപ്പിച്ചു. കേസിന്റെ ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടില്‍ തിരിമറി നടത്താന്‍ മേലുദ്യോഗസ്ഥന്‍ സമ്മര്‍ദ്ദം ചെലുത്തിയെന്ന കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷന്‍ മുന്‍ എ.എസ്.ഐ വി.വി. അഗസ്റ്റിന്റെ മൊഴിയും സി.ബി.ഐ ഹൈക്കോടതിക്കു കൈമാറിയിട്ടുണ്ട്.
കേസിലെ സാഹചര്യത്തെളിവുകള്‍ വിശദീകരിക്കണമെന്ന ഹൈക്കോടതി നിര്‍ദ്ദേശത്തെത്തുടര്‍ന്നാണ് പ്രതികള്‍ക്കെതിരായ നിര്‍ണായക മൊഴികള്‍ വെളിപ്പെടുത്തിയത്. മുഖ്യപ്രതികളായ ഫാ. തോമസ് കോട്ടൂര്‍, ഫാ. ജോസ് പൂതൃക്കയില്‍ എന്നിവര്‍ കന്യാസ്ത്രീകള്‍ മാത്രം താമസിക്കുന്ന കോണ്‍വെന്റിലെ നിത്യസന്ദര്‍ശകരായിരുന്നുവെന്ന് സാക്ഷിമൊഴികളില്‍ വ്യക്തമാണെന്ന് സി.ബി. ഐ ബോധിപ്പിച്ചു.
കോണ്‍വെന്റിനു പിന്‍വശത്തുകൂടി അകത്തുകടന്ന് കോട്ടൂരും പൂതൃക്കയിലും കോണിപ്പടി കയറിപ്പോകുന്നതു കണ്ടതായി മോഷണത്തിനെത്തിയ അടയ്ക്കാരാജു മൊഴി നല്‍കിയിട്ടുണ്ട്.
അഭയ കൊല്ലപ്പെട്ടതിനു തലേന്ന് രാത്രി 11.30നു ചായകുടിക്കാന്‍ പുറത്തേക്കിറങ്ങിയപ്പോള്‍ കോണ്‍വെന്റിനു സമീപം കോട്ടൂരിന്റെ സ്കൂട്ടര്‍ പാര്‍ക്ക് ചെയ്തത് കണ്ടിരുന്നുവെന്ന് സുപ്രധാന സാക്ഷിയായ സഞ്ജു പി. മാത്യുവും വെളിപ്പെടുത്തിയിട്ടുണ്ട്. സഞ്ജുവിന്റെ നിര്‍ണായക മൊഴിയുടെ അടിസ്ഥാനത്തിലാണ് കഴിഞ്ഞ 18ന് സി.ബി.ഐ മൂന്നു പ്രതികളെയും അറസ്റ്റ് ചെയ്തത്.

kaalidaasan said...

അഭയകേസ്: പ്രതികള്‍ക്കെതിരെ തെളിവുണ്ടെന്ന് സി.ബി.ഐ


കൊച്ചി: അഭയകേസില്‍ അറസ്റ്റിലായ പ്രതികളെ വീണ്ടും ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയരാക്കേണ്ടതില്ലെന്ന് സി.ബി.ഐ ഹൈക്കോടതിയെ ബോധിപ്പിച്ചു. കേസിലെ പ്രതികളായ തോമസ് കോട്ടൂര്‍, ജോസ് പൂതൃക്കയില്‍, സിസ്റ്റര്‍ സെഫി എന്നിവര്‍ സമര്‍പ്പിച്ച ജാമ്യ ഹര്‍ജിയിലാണ് സി.ബി.ഐ എതിര്‍ സത്യവാങ്മൂലം സമര്‍പ്പിച്ചത്. സി.ബി.ഐ സമര്‍പ്പിച്ച കേസ് ഡയറികളും നാര്‍ക്കോ പരിശോധനാ സി.ഡിയും പരിശോധിച്ചശേഷം ഹൈക്കോടതി കേസ് ഇന്ന് വീണ്ടും പരിഗണിക്കും. 21 വാള്യങ്ങളടങ്ങിയ കേസ് ഡയറിയും സാക്ഷിമൊഴികളും മറ്റുമാണ് ഹൈക്കോടതിക്കു കൈമാറിയത്.കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 302 വകുപ്പു പ്രകാരം കുറ്റം ചുമത്തി പ്രതികളെ അറസ്റ്റ് ചെയ്തതെന്ന് സി. ബി. ഐ സത്യാവാങ്മൂലത്തിലുണ്ട്. നാര്‍ക്കോ, ബ്രെയിന്‍മാപ്പിംഗ് പരിശോധനാ ഫലങ്ങളിലും സാക്ഷിമൊഴികളിലും മൂന്നു പ്രതികളുടെ പങ്ക് വ്യക്തമാകുന്നുണ്ട്. അഭയയുടെ മരണം ആത്മഹത്യയാണെന്ന് സി.ബി.ഐ ഒരിക്കലും പറഞ്ഞിട്ടില്ല. 1992 മാര്‍ച്ച് 27ലെ ഡോ. സി. രാധാകൃഷ്ണന്റെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ മുങ്ങിമരണമാണെന്നാണ് പറയുന്നത്. തലയ്ക്കടിച്ച് വീഴ്ത്തിയശേഷം കിണറ്റിലേക്ക് തള്ളിയ അഭയ വെള്ളത്തില്‍ മുങ്ങിമരിച്ചുവെന്നാണ് വെളിപ്പെട്ടതെന്ന് സി.ബി.ഐ വ്യക്തമാക്കി.കൊലപാതകത്തെക്കുറിച്ച് നിര്‍ണായക തെളിവു ലഭിച്ച സാഹചര്യത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. അതിനാല്‍ അന്വേഷണ ചരിത്രത്തിനിടെ ആദ്യമായാണ് പ്രതിചേര്‍ക്കപ്പെട്ടതെന്ന വാദം അംഗീകരിക്കാനാകില്ല. കോണ്‍വെന്റ് അധികൃതരുടെയും സഭയുടെയും നിസഹകരണം ഉണ്ടായിട്ടും, ഇരുളുവീണ കേസില്‍ വളരെ വിഷമിച്ചാണ് ഉറപ്പുള്ള തെളിവുകള്‍ ഉണ്ടാക്കിയത്. സാക്ഷികളെ ഭീഷണിപ്പെടുത്തുകയോ നിര്‍ബന്ധിക്കുകയോ ചെയ്തില്ല. വി.വി. അഗസ്റ്റിന്റെ മരണത്തിന്റെ മുഴുവന്‍ വശങ്ങളും സി.ബി.ഐ അന്വേഷിക്കും. നേരില്‍കണ്ടത് പലതും സീന്‍ മഹസറില്‍ രേഖപ്പെടുത്തിയിട്ടില്ലെന്ന അഗസ്റ്റിന്റെ മൊഴിയും സി.ബി.ഐ ഹൈക്കോടതിയെ ബോധിപ്പിച്ചിട്ടുണ്ട്.പ്രതികളെ ജുഡിഷ്യല്‍ കസ്റ്റഡിയില്‍ വിടണമെന്ന് ആവശ്യപ്പെട്ടത് ആയുധം കണ്ടെടുക്കാന്‍ മാത്രമല്ല. ഇവര്‍ പുറത്തിറങ്ങിയാല്‍ തെളിവുകള്‍ നശിപ്പിക്കുന്നത് തടയാനുമാണ്. കഴിഞ്ഞ 16 വര്‍ഷത്തിനിടെ പ്രതികളും അവരെ പിന്തുണയ്ക്കുന്നവരും സി.ബി.ഐക്ക് ലഭിക്കാവുന്ന തെളിവുകള്‍ നശിപ്പിച്ചു. ഇതിന് ആവശ്യത്തിനു സമയവും അവര്‍ക്കു ലഭിച്ചു. എന്നാല്‍ പൊലീസ് കസ്റ്റഡിയിലിരിക്കെ തെളിവുകള്‍ നശിപ്പിക്കാന്‍ ശ്രമമുണ്ടായിട്ടും നടന്നിട്ടില്ല.- സി.ബി.ഐ ബോധിപ്പിച്ചു.

kaalidaasan said...

അഭയ ആത്മഹത്യ ചെയ്തതല്ല


കൊച്ചി: സിസ്റ്റര്‍ അഭയയുടേത് ആത്മഹത്യയല്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. സി.ബി.ഐ ഹൈക്കോടതിക്കു കൈമാറിയ 21 വാള്യമുള്ള കേസ് ഡയറിയുടെ പ്രസക്തഭാഗങ്ങള്‍ വിലയിരുത്തിയ ശേഷമാണ് ജസ്റ്റിസ് കെ.ഹേമ ഇക്കാര്യം വാക്കാല്‍ പരാമര്‍ശിച്ചത്.
കേസിലെ പ്രതികളായ ഫാ. തോമസ് കോട്ടൂര്‍, ഫാ. ജോസ് പൂതൃക്കയില്‍, സിസ്റ്റര്‍ സെഫി എന്നിവര്‍ സമര്‍പ്പിച്ച ജാമ്യ ഹര്‍ജിയാണ് ഹൈക്കോടതിയുടെ പരിഗണനയിലുള്ളത്.അഭയ കൊല്ലപ്പെട്ട ദിവസം കോണ്‍വെന്റില്‍ അസാധാരണമായ സംഭവങ്ങളുണ്ടായി. കോണ്‍വെന്റിന്റെ താഴത്തെ നിലയില്‍ അടുക്കളഭാഗത്താണ് സിസ്റ്റര്‍ സെഫി താമസിച്ചിരുന്നത്. അടുക്കളയില്‍ നിന്നു ചെറിയ ശബ്ദമുണ്ടായാല്‍ പോലും സെഫി കേള്‍ക്കാതിരിക്കില്ല. സംഭവ ദിവസം രാത്രി വാതില്‍ പുറത്തുനിന്ന് ആരെങ്കിലും അടച്ചിട്ടെങ്കില്‍ ശബ്ദംകേട്ട് കോണ്‍വെന്റിലെ പട്ടി കുരയ്ക്കാതിരിക്കില്ല. ആത്മഹത്യയാണെങ്കില്‍ അഭയ കിണറ്റിലേക്ക് ചാടിയപ്പോഴും വലിയ ശബ്ദമുണ്ടാകും. പട്ടികുരച്ചാല്‍ കേള്‍ക്കാവുന്ന അകലത്താണ് സെഫി താമസിച്ചിരുന്നത്. ചെറിയ ഒരു അനക്കമുണ്ടായാല്‍പ്പോലും സെഫിക്ക് അറിയാന്‍ സാധിക്കും. കോണ്‍വെന്റില്‍ എന്തു സംഭവിച്ചെന്ന് പറയാന്‍ സെഫിക്കു ബാദ്ധ്യതയുണ്ട് - ഹൈക്കോടതി വ്യക്തമാക്കി.കോണ്‍വെന്റിലെ അടുക്കള ഭാഗത്ത് അഭയയുടെ ചെരിപ്പുകള്‍ ചിതറിക്കിടന്നതും വെള്ളക്കുപ്പി നിലത്തു വീണതും പുറത്തേക്കുളള വാതിലില്‍ ശിരോവസ്ത്രം കുടുങ്ങിക്കിടന്നതും സംശയമുണര്‍ത്തുന്നതാണ്. രാത്രി കന്യാസ്ത്രീകള്‍ ശിരോവസ്ത്രം അണിയാറില്ലെന്ന പ്രതിഭാഗം അഭിഭാഷകരുടെ വാദം ഹൈക്കോടതി തള്ളി. അടുക്കളഭാഗത്തുണ്ടായ അസ്വാഭാവിക ദൃശ്യങ്ങള്‍ ആരും കരുതിക്കൂട്ടിയുണ്ടാക്കിയതായി കരുതുന്നില്ലെന്നും അഭയ ആത്മഹത്യ ചെയ്തതാണെന്ന സിസ്റ്റര്‍ സെഫിയുടെ വാദം തള്ളിക്കൊണ്ട് ഹൈക്കോടതി പറഞ്ഞു.കോണ്‍വെന്റിലെ ഗസ്റ്റ്റൂമില്‍ താമസിച്ചിരുന്ന സിസ്റ്റര്‍ സുദീപയും അടുക്കള ജീവനക്കാരികളായ ത്രേസ്യാമ്മയും അച്ചാമ്മയും സംഭവദിവസം പുലര്‍ച്ചെ അടുക്കളഭാഗത്തു നിന്നു ശബ്ദം കേട്ടതായി മൊഴി നല്‍കിയിട്ടുണ്ടെന്ന് സി.ബി.ഐ ബോധിപ്പിച്ചു. എന്നിരിക്കെ അടുക്കളയ്ക്ക് സമീപം താമസിച്ച സിസ്റ്റര്‍ സെഫി ശബ്ദം കേര്‍ട്ടില്ലെന്ന് പറഞ്ഞത് അംഗീകരിക്കാനാവില്ലെന്നും സി.ബി.ഐ പറഞ്ഞു.
കേസില്‍ തങ്ങളെ നിര്‍ബ്ന്ധിച്ച് പ്രതി ചേര്‍ക്കുകയായിരുന്നുവെന്ന് ഹര്‍ജിക്കാര്‍ ആരോപിച്ചു. എന്നാല്‍ കോണ്‍വെന്റിലെ അന്തേവാസികള്‍ അഭയയുടേത് കൊലപാതകമാണെന്ന് സംശയിക്കുന്നുണ്ടെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. ആരാണ് ഇതിനു പിന്നിലെന്നാണ് അന്വേഷണസംഘം കണ്ടെത്താന്‍ ശ്രമിക്കുന്നത്. പുറത്തുനിന്നുള്ളവര്‍ ആരോ കൊലനടത്തിയെന്ന് അവിടെയുള്ളവര്‍ വിശ്വസിക്കുന്നു. സംഭവിച്ചതെന്തെന്ന് കൃത്യമായി പറയാന്‍ സെഫി തയ്യാറാകാത്തത് എന്തുകൊണ്ടെന്ന് ഹൈക്കോടതി ആരാഞ്ഞു.
അഭിഭാഷകന്‍ നേരിട്ടു കൂടിക്കാഴ്ച നടത്തിയാല്‍ സിസ്റ്റര്‍ സെഫി 'ആത്മഹത്യാ സിദ്ധാന്തം' ആവര്‍ത്തിക്കില്ലെന്ന് കോടതി അഭിപ്രായപ്പെട്ടു. കൂടി ക്കാഴ്ചയ്ക്ക് തയ്യാറാണെന്ന് ഈ സമയം അഭിഭാഷകന്‍ അറിയിച്ചു. തുടര്‍ന്ന് സെഫിയെ എറണാകുളം സബ്ജയിലില്‍ ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തിലല്ലാതെ കാണാന്‍ അഭിഭാ ഷകന് ഹൈക്കോടതി അനുമതി നല്‍കി. കേസ് തിങ്കളാഴ്ച വീണ്ടും പരിഗണിക്കും.

kaalidaasan said...

ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടില്‍ ആദ്യ അന്വേഷണ സംഘം തിരിമറി നടത്തി: സി.ബി.ഐ


കൊച്ചി: കേസ് ഡയറിയുടെ ഭാഗമായ ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടില്‍ ആദ്യ അന്വേഷണസംഘം തിരിമറി നടത്തിയെന്ന് സി.ബി.ഐ ഹൈക്കോടതിയെ ബോധിപ്പിച്ചു.
ആദ്യ ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട് നശിപ്പിച്ചശേഷം പുതിയ റിപ്പോര്‍ട്ടുണ്ടാക്കി കേസ് ഡയറിയോടൊപ്പം വയ്ക്കു കയായിരുന്നു. നിലവിലുള്ള പൊലീസ് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടിലെ സ്വതന്ത്ര സാക്ഷികളുടെ ഒപ്പിലും കൃത്രിമം നടന്നതായി ഫോറന്‍സിക് പരിശോധനയില്‍ വ്യക്തമായിട്ടുണ്ട്.
കേസ് അന്വേഷണച്ചുമതല വഹിച്ചിരുന്ന എസ്.പിയുടെ നിര്‍ദ്ദേശാനുസരണമാണ് എസ്.ഐ, എ.എസ്.ഐ എന്നിവര്‍ കൃത്രിമം നടത്തിയത്. അഭയയുടേത് ആത്മഹത്യയാണെന്നു വരുത്തിത്തീര്‍ക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട് തിരുത്തിയതെന്നും സി.ബി.ഐ ബോധിപ്പിച്ചു.
1992 മാര്‍ച്ച് 27, 28 തീയതികളിലാണ് എ.എസ്.ഐ അഗസ്റ്റിന്‍ അന്വേഷണം നടത്തിയത്. തുടര്‍ന്ന് മൂന്നു ദിവസം സി.ഐ നരേന്ദ്രനാഥ് അന്വേഷിച്ചു. പിന്നീടാണ് ക്രൈംബാഞ്ച് ഏറ്റെടുത്തത്. ഇതിനിടയില്‍ രേഖകളില്‍ തിരുത്തല്‍ വരുത്താന്‍ ഉദ്യോഗസ്ഥരില്‍ സമ്മര്‍ദ്ദമുണ്ടായിട്ടുണ്ട്.
എ.എസ്.ഐ അഗസ്റ്റിനടക്കമുള്ളവര്‍ തെളിവുകള്‍ രേഖപ്പെടുത്തുന്നത് മനപ്പൂര്‍വ്വം ഒഴിവാക്കിയതാണോയെന്ന് സി.ബി.ഐ കണ്ടെത്തണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചു.

kaalidaasan said...

ഘാതകരെ രക്ഷിക്കാന്‍ കുതന്ത്രങ്ങള്‍ തുടരുന്നു


കൊച്ചി : സിസ്റ്റര്‍ അഭയയുടെ മൃതദേഹം പയസ് ടെന്‍ത് കോണ്‍വെന്റിലെ കിണറ്റില്‍ കണ്ടതുമുതല്‍ തന്നെ ഘാതകരെ രക്ഷിക്കാന്‍വേണ്ടി തെളിവുകള്‍ നശിപ്പിച്ചു തുടങ്ങിയിരുന്നു എന്നു വ്യക്തമാക്കുന്നതാണ് ശിരോവസ്ത്രത്തെപ്പറ്റിയുള്ള സി.ബി.ഐയുടെ പുതിയ വെളിപ്പെടുത്തലുകള്‍.
അഭയയുടെ ശിരോവസ്ത്രം കോണ്‍വെന്റിന്റെ അടുക്കളയുടെ പിന്‍ഭാഗത്തെ വാതിലില്‍ കുടുങ്ങിക്കിടന്നിരുന്നു. ആ ശിരോവസ്ത്രത്തില്‍ രക്തം പുരണ്ടിരുന്നുവെന്ന് കേസ് ആദ്യം അന്വേഷിച്ച എ.എസ്.ഐ അഗസ്റ്റിന്‍ മൊഴി നല്‍കിയിട്ടുണ്ടെന്നാണ് സി.ബി.ഐ വെളിപ്പെടുത്തുന്നത്. അഗസ്റ്റിന്‍ ഇപ്പോള്‍ ജീവിച്ചിരിപ്പില്ല. ശിരോവസ്ത്രമാകട്ടെ പൊലീസ് രാസപരിശോധന നടത്താതെ നശിപ്പിക്കുകയും ചെയ്തു.
ശിരോവസ്ത്രം എന്തുകൊണ്ട് രാസപരിശോധനയ്ക്ക് വിധേയമാക്കിയില്ലെന്നും കേസ് സി.ബി.ഐക്ക് വിട്ടപ്പോള്‍ ശിരോവസ്ത്രവും മറ്റുതെളിവുകളും എന്തിന് നശിപ്പിച്ചു എന്നുമുള്ള ചോദ്യത്തിന് ഉത്തരം വ്യക്തമാണ്-പാവപ്പെട്ട ഒരു പെണ്‍കുട്ടിയെ അരുംകൊല ചെയ്തവരെ രക്ഷിക്കാന്‍വേണ്ടി.
സത്യം കണ്ടെത്തേണ്ട കുറ്റാന്വേഷകര്‍ ആളും അര്‍ത്ഥവും സ്വാധീനവും ആവശ്യത്തിലേറെയുള്ളവരുടെ സമ്മര്‍ദ്ദങ്ങള്‍ക്കുവഴങ്ങി കൊലയാളികളെ രക്ഷിക്കാന്‍ തെളിവുകള്‍ നശിപ്പിച്ച് കേസ് അലങ്കോലമാക്കുകയായിരുന്നു.
വിശ്വാസികളെ തെറ്റിദ്ധരിപ്പിച്ചുകൊണ്ടാണ് തുടക്കം മുതല്‍ തെളിവുകള്‍ നശിപ്പിക്കപ്പെട്ടത്. അഭയയുടെ മരണം യാദൃച്ഛികമായുണ്ടായ അപമൃത്യുവായി ചിത്രീകരിച്ച് അതിന്റെ മാനഹാനിയില്‍ നിന്ന് കോണ്‍വെന്റിനെ രക്ഷിക്കാനുള്ള ശ്രമമെന്ന വ്യാജേന തെളിവുകള്‍ നശിപ്പിക്കപ്പെടുകയായിരുന്നു.തെളിവു നശിപ്പിക്കലിന്റെ നാള്‍വഴി

* 1992 മാര്‍ച്ച് 27 പുലര്‍ച്ചെ സിസ്റ്റര്‍ അഭയയുടെ ജഡം പയസ് ടെന്‍ത് കോണ്‍വെന്റിലെ കിണറ്റില്‍ കണ്ടെത്തുന്നു.
* അഭയയുടെ ശരീരത്തില്‍ കാപ്പിപ്പൊടി നിറത്തിലുള്ള നൈറ്റിയല്ലാതെ അടിവസ്ത്രങ്ങള്‍ ഇല്ലായിരുന്നു. എ.എസ്.ഐ വി.വി. അഗസ്റ്റിന്‍ തയ്യാറാക്കിയ ഇന്‍ക്വസ്റ്റില്‍ മഞ്ഞയില്‍ കറുത്ത പുള്ളികളുള്ള നൈറ്റിയാണെന്ന് എഴുതിച്ചേര്‍ത്തു.
* അഭയയുടെ കഴുത്തിലും മാറിടത്തിലും പരിക്കുകളുണ്ടായിരുന്നെന്ന മൊഴികള്‍ പൊലീസ് രേഖപ്പെടുത്തിയില്ല. മൃതദേഹത്തിന്റെ ചിത്രങ്ങളും നെഗറ്റീവും പൊലീസ് നശിപ്പിച്ചു.
* വിരലടയാളങ്ങള്‍ ശേഖരിച്ചില്ല. പൊലീസ് നായയെ ഉപയോഗിച്ചില്ല.
* ക്രൈംബ്രാഞ്ച് എസ്.പി കെ.ടി. മൈക്കിള്‍ അഭയ ആത്മഹത്യ ചെയ്തതാണെന്ന് റിപ്പോര്‍ട്ട് നല്‍കി.
* പ്രധാന തെളിവുകളായ അഭയയുടെ ഡയറിയും ശിരോവസ്ത്രവും നശിപ്പിച്ചു.
* സി.ബി.ഐ അന്വേഷണത്തിനു മുമ്പ് അഭയയുടെ ആന്തരികാവയവങ്ങള്‍ നശിപ്പിച്ചു.
* അഭയയുടെ പോസ്റ്റ്മോര്‍ട്ടത്തിന്റെ വിവരങ്ങള്‍ മാത്രം കാണാതായി.
* തോമസ് കോട്ടൂര്‍, ജോസ് പൂതൃക്കയില്‍, സെഫി എന്നിവരുടെ നാര്‍ക്കോ പരിശോധനയുടെ സിഡികളില്‍ തിരിമറി നടത്തി.
* ഈ കള്ളക്കളി കണ്ടുപിടിച്ച ഹൈക്കോടതിയുടെ കര്‍ശന നിലപാടിനെത്തുടര്‍ന്ന് സി.ബി.ഐ കേരള യൂണിറ്റിലെ നന്ദകുമാര്‍ നായരുടെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചു. 3 പ്രതികള്‍ അറസ്റ്റില്‍.
* ഇപ്പോള്‍ കോടതിയില്‍ നിന്ന് നീതി ലഭിക്കുന്നില്ല എന്ന പരാതിയുമായി സി.ബി. ഐ ഒരു ജഡ്ജിക്കു നേരെ വിരല്‍ ചൂണ്ടി നില്‍ക്കുന്നു.

kaalidaasan said...

കോട്ടൂരച്ചന്‍ പറഞ്ഞു, "സെഫിയുമായുള്ള എന്റെ ബന്ധം അഭയയുടെ മരണത്തോളം എത്തി"

വടയാര്‍ സുനില്‍


കൊച്ചി: "ഈ ളോഹയ്ക്കുള്ളില്‍ ഞാനും ഒരു പച്ചമനുഷ്യനാണ്. എന്നെയും ഇരുമ്പോ കല്ലോ കൊണ്ട് ഉണ്ടാക്കിയതല്ല". കോട്ടയം ബിഷപ്പ് ഹൌസില്‍ വച്ച് ഫാദര്‍ തോമസ് കോട്ടൂര്‍ അഞ്ചു മാസങ്ങള്‍ക്ക് മുമ്പ് വെളിപ്പെടുത്തിയ രഹസ്യം ആലപ്പുഴ കളര്‍കോട് വേണുഗോപാലന്‍ നായരെ ഇപ്പോഴും വിറകൊള്ളിക്കുന്നു. സിസ്റ്റര്‍ അഭയ പയസ് ടെന്‍ത് കോണ്‍വെന്റില്‍ വച്ച് എങ്ങനെ കൊല്ലപ്പെട്ടുവെന്ന് ഫാദര്‍ തോമസ് കോട്ടൂര്‍ സ്വമേധയാ തുറന്നുപറഞ്ഞ ഏക സാക്ഷിയാണ് വേണുഗോപാലന്‍ നായര്‍. സി.ബി.ഐക്ക് പവന്‍ വിലയുള്ള സാക്ഷി.കേസില്‍ തനിക്ക് നിര്‍ണായകമായ വിവരം നല്‍കി സി.ബി.ഐയെ സഹായിക്കാനാകും എന്നതുകൊണ്ടാണ് ഇന്നലെ എറണാകുളം ഒന്നാം ക്ളാസ് മജിസ്ട്രേട്ട് മുമ്പാകെ ഹാജരായി ക്രിമിനല്‍ നടപടിക്രമം 164-ാം വകുപ്പനുസരിച്ച് മൊഴി നല്‍കിയതെന്നും പ്രധാനപ്പെട്ട മറ്റു ചില രേഖകളും മജിസ്ട്രേട്ടിന് കൈമാറിയിട്ടുണ്ടെന്നും വേണുഗോപാലന്‍ നായര്‍ കേരളകൌമുദി യോട് പറഞ്ഞു. തന്റെ കുടുംബത്തിന്റെ സുരക്ഷ ഉറപ്പാക്കിക്കിട്ടാന്‍ വേണ്ട നടപടികള്‍ കൈക്കൊള്ളണമെന്നും വേണുഗോപാലന്‍ നായര്‍ മജിസ്ട്രേട്ടിനോട് അപേക്ഷിച്ചിട്ടുണ്ട്.അഭയ കൊലക്കേസിന്റെ രഹസ്യങ്ങള്‍ തോമസ് കോട്ടൂര്‍ തന്നോട് വെളിപ്പെടുത്തിയ സാഹചര്യം പൊതുതാത്പര്യ വിഷയങ്ങളില്‍ നിരവധി കേസുകള്‍ നടത്തി ശ്രദ്ധേയനായ വേണുഗോപാലന്‍ നായര്‍ ഓര്‍മ്മിക്കുന്നത് ഇങ്ങനെയാണ്. നാര്‍ക്കോ അനാലിസിസ് പരിശോധന അപായകരമായതിനാല്‍ നടത്തുന്നത് തടയണമെന്ന് ക്രിമിനോളജിസ്റ്റായ ജെയിംസ് വടക്കുംചേരി അഞ്ചു മാസം മുമ്പ് മംഗളം ദിനപത്രത്തില്‍ ഒരു ലേഖനമെഴുതി. അഭയ കേസിലെ പ്രതികളെ സി.ബി.ഐ നാര്‍ക്കോ പരിശോധനയ്ക്ക് വിധേയരാക്കാന്‍ തീരുമാനിച്ച സമയത്തായിരുന്നു അത്. കേസില്‍ സംശയിക്കപ്പെട്ടവരുടെ പട്ടികയില്‍ തോമസ് കോട്ടൂര്‍ ഉള്ളതിനാല്‍ ഒരു 'അക്കാഡമിക് താത്പര്യം' വച്ചാണ് കോട്ടൂരിനെ ഫോണില്‍ വിളിച്ചത്. ഉടന്‍ ബിഷപ്പ് ഹൌസിലേക്ക് ചെല്ലാനാണ് കോട്ടൂര്‍ ആവശ്യപ്പെട്ടത്."പിറ്റേന്നുതന്നെ കോട്ടയത്തെ ബിഷപ്പ് ഹൌസിലേക്ക് പോയി. അവിടെ കോട്ടൂരച്ചനും സഭയുടെ പ്രസിദ്ധീകരണമായ 'അപ്നാ ദേശി'ന്റെ ചുമതലക്കാരനായ ഒരു കൊച്ചച്ചനുമാണ് ഉണ്ടായിരുന്നത്. ഹൈക്കോടതി മന്ദിരത്തിന്റെ മുകളില്‍ സ്ഥാപിച്ചിട്ടുള്ള അശോകസ്തംഭവും മറ്റും നിയമപ്രകാരമല്ലെന്നുള്ള കേസ് നടത്തി ജയിച്ചിട്ടുള്ള എന്നെ നേരത്തേതന്നെ അറിയാമെന്ന് തോമസ് കോട്ടൂര്‍ പറഞ്ഞു. നാര്‍ക്കോ പരിശോധന എന്ന മനുഷ്യത്വരഹിതമായ പരിശോധന അവസാനിപ്പിക്കാന്‍ വേണ്ടി ഹൈക്കോടതിയില്‍ നിങ്ങള്‍ ഒരു പൊതുതാത്പര്യ ഹര്‍ജി നല്‍കണമെന്നും വക്കീലായി ജി. ജനാര്‍ദ്ദനക്കുറുപ്പിനെപ്പോലുള്ള പ്രഗല്ഭരെ ഏര്‍പ്പാടാക്കിത്തരാമെന്നും കോട്ടൂര്‍ പറഞ്ഞു.""എന്നാല്‍ കോട്ടൂരച്ചന് നാര്‍ക്കോ പരിശോധനയെ എന്താണിത്ര ഭയമെന്ന് ഞാന്‍ ചോദിച്ചു. അപ്പോഴാണ് കുപ്പായത്തില്‍ ദാ, ഇങ്ങനെ പിടിച്ചുകൊണ്ട് ഞാനും ഒരു പച്ച മനുഷ്യനാണെന്ന് കോട്ടൂരച്ചന്‍ പറഞ്ഞത്. സിസ്റ്റര്‍ സെഫിയുമായി എനിക്കും ചില ബന്ധങ്ങളുണ്ടായിരുന്നു. ഒരു ദുര്‍ബല നിമിഷത്തില്‍ അത് അഭയയുടെ മരണത്തോളം ചെന്നെത്തി. എന്നാല്‍ സെഫിയുമായി ബന്ധമുണ്ടായിരുന്ന മറ്റു പലരെയും ഒഴിവാക്കി എന്നെ മാത്രം ക്രൂശിക്കാനുള്ള നീക്കമാണ് നടക്കുന്നത്. അതുകൊണ്ട് വേണുഗോപാലന്‍ എന്നെ സഹായിക്കണം. ഇത് സഭയെക്കൂടി രക്ഷിക്കാനുള്ള നീക്കമാണ്. ഒരു കോടി രൂപവരെ മുടക്കാന്‍ ഞങ്ങള്‍ തയ്യാറാണ്"- കോട്ടൂരച്ചന്റെ വെളിപ്പെടുത്തല്‍ കേട്ട് താന്‍ ഞെട്ടിപ്പോയെന്ന് വേണുഗോപാലന്‍ നായര്‍ പറഞ്ഞു. അരമനയില്‍ നിന്ന് ഇറങ്ങുമ്പോള്‍ കോട്ടൂരച്ചന്‍ തനിക്ക് 5000 രൂപ വഴിച്ചെലവിന് എന്ന പേരില്‍ നല്‍കി. പണം വാങ്ങാന്‍ മടിച്ചപ്പോള്‍ 'ഞങ്ങള്‍ വിളിച്ചപ്പോള്‍ ഉടന്‍ വന്നതല്ലേ 'ഇതിരിക്കട്ടെ' എന്ന് നിര്‍ബന്ധിച്ച് പണം പിടിച്ചേല്‍പ്പിച്ചു. പിന്നീട് ജനാര്‍ദ്ദനക്കുറുപ്പ് വക്കീലിന്റെ ജൂനിയറിനോട് കോട്ടൂരിന്റെ ആവശ്യത്തെക്കുറിച്ച് പറഞ്ഞപ്പോള്‍, ഇത്തരം മോശം കാര്യങ്ങള്‍ക്കൊന്നും പോയി പേര് ചീത്തയാക്കല്ലേ എന്ന് ഉപദേശം ലഭിച്ചു. അതുകൊണ്ട് ഞാന്‍ അക്കാര്യം വിട്ടുകളയുകയായിരുന്നു.എന്നാല്‍ തൊട്ടടുത്ത ദിവസം സി.ബി.ഐ തന്നെ തേടിയെത്തിയെന്ന് വേണുഗോപാലന്‍ നായര്‍ പറയുന്നു. ഫാദര്‍ തോമസ് കോട്ടൂരിന്റെ ടെലിഫോണ്‍ സി.ബി.ഐ ചോര്‍ത്തുന്നുണ്ടെന്ന് അപ്പോഴാണ് തനിക്ക് മനസിലായത്. ഒരു കൊലയാളിയെ സംരക്ഷിക്കാന്‍ ബാധ്യതയുമില്ലാത്തതുകൊണ്ട് ഞാന്‍ സി.ബി.ഐയോട് കാര്യങ്ങള്‍ തുറന്നുപറഞ്ഞു. കോട്ടൂര്‍ എന്നോട് സംസാരിച്ചത് മൊബൈല്‍ ഫോണില്‍ ഞാന്‍ രഹസ്യമായി റെക്കാഡ് ചെയ്തതും സി.ബി.ഐക്ക് കൈമാറിയിട്ടുണ്ട്.

kaalidaasan said...

അഭയയെ തലയ്ക്കടിച്ചത് സെഫി


വടയാര്‍ സുനില്‍


കൊച്ചി: അഭയ കൊലക്കേസില്‍ സിസ്റ്റര്‍ സെഫി മുഖ്യപ്രതിയാകും. രണ്ട് വൈദികരുമായി പയസ് ടെന്‍ത് കോണ്‍വെന്റിന്റെ അടുക്കളയില്‍ സിസ്റ്റര്‍ സെഫി നടത്തിയ അവിഹിതവേഴ്ച കണ്ടതിനെത്തുടര്‍ന്ന് അഭയയുടെ ശിരസില്‍ കൈക്കോടാലികൊണ്ട് അടിച്ചത് സെഫിയാണെന്ന് സി.ബി.ഐ ഇന്നലെ എറണാകുളം ചീഫ് ജുഡിഷ്യല്‍ മജിസ്ട്രേട്ട് മുന്‍പാകെ വെളിപ്പെടുത്തി.കേസില്‍ കൂടുതല്‍ പ്രതികള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് അറിയിച്ച സി.ബി.ഐ പ്രതികളാരെന്ന് സൂചിപ്പിക്കുന്ന യഥാര്‍ത്ഥ കേസ് ഡയറി കോടതിക്ക് കൈമാറി. അന്വേഷണ പുരോഗതി വിലയിരുത്തിയശേഷം മജിസ്ട്രേട്ട് പി.ഡി. സോമന്‍ പ്രതികളുടെ റിമാന്‍ഡ് കാലാവധി ജനുവരി 12 വരെ നീട്ടിയിട്ടുണ്ട്.സിസ്റ്റര്‍ അഭയയെ മറ്റൊരു കന്യാസ്ത്രീയായ സെഫിയാണ് കൈക്കോടാലികൊണ്ട് അടിച്ചുവീഴ്ത്തിയതെന്ന് നാര്‍ക്കോ അനാലിസിസ് പരിശോധനാഫലത്തിന്റെ അടിസ്ഥാനത്തില്‍ സി.ബി.ഐ ആദ്യമായാണ് വെളിപ്പെടുത്തിയിരിക്കുന്നത്. നേരത്തേ കേസ് അന്വേഷിക്കവെ ഹൈക്കോടതിയുടെ നിശിത വിമര്‍ശനത്തിന് ഇരയായ അഗര്‍വാളിന്റെ നേതൃത്വത്തിലുള്ള സി.ബി.ഐ സംഘം ഫാ. കോട്ടൂരാണ് അഭയയുടെ തലയ്ക്കു പിന്നില്‍ കോടാലിക്കടിച്ചതെന്ന് പ്രചരിപ്പിച്ചിരുന്നു. ഹൈക്കോടതിയുടെ നിര്‍ദ്ദേശാനുസരണം അന്വേഷണം ഏറ്റെടുത്ത സി.ബി.ഐ ഡിവൈ.എസ്.പി നന്ദകുമാര്‍ നായരാണ് അഭയ കേസിലെ നിര്‍ണായകമായ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്.2007 ആഗസ്റ്റ് 31ന് ബാംഗ്ളൂരിലെ ബൌറിംഗ് ആന്‍ഡ് ലേഡി കര്‍സന്‍ ആശുപത്രിയില്‍ കേന്ദ്ര ഫോറന്‍സിക് ലാബ് അസി.ഡയറക്ടര്‍ ഡോ. എസ്. മാലിനിയുടെ നേതൃത്വത്തിലുള്ള വിദഗ്ദ്ധ ഡോക്ടര്‍മാരുടെ സംഘമാണ് സിസ്റ്റര്‍ സെഫിയെ നാര്‍ക്കോ പരിശോധനയ്ക്ക് വിധേയമാക്കിയത്.
സോഡിയം പെന്റതോള്‍ എന്ന അ നസ്തേഷ്യാ മരുന്ന് കുത്തിവച്ചതിനുശേഷം സി.ബി.ഐ സംഘം സിസ്റ്റര്‍ സെഫിയോട് അഭയയെ കൊന്നത് എങ്ങനെയെന്നാണ് ആദ്യം ചോദിച്ചത്. കൈക്കോടാലിക്ക് തലയ്ക്കടിച്ചശേഷം ഫാ. തോമസ് കോട്ടൂരും ജോസ് പൂതൃക്കയിലും ഞാനും ചേര്‍ന്ന് കിണറ്റിലിട്ടു എന്നായിരുന്നു സെഫിയുടെ മറുപടി.ആരാണ് കോടാലിക്കടിച്ചത് എന്ന ചോദ്യത്തിന് സെഫി നല്‍കുന്ന മറുപടി ഇങ്ങനെയാണ്. "ഞാനാണ്. കൈക്കോടാലിയുടെ ഇരുമ്പുതലകൊണ്ട് രണ്ടുതവണ തലയ്ക്ക് പിന്നിലടിച്ചു. അഭയ കരഞ്ഞപ്പോള്‍ കോട്ടൂരും പൂതൃക്കയിലും ചേര്‍ന്ന് വായും മൂക്കും പൊത്തിപ്പിടിച്ചു. അപ്പോള്‍, കോടാലിക്കൈകൊണ്ട് ഞാന്‍ ഉച്ചിയിലടിച്ചു. അതോടെ അഭയ നിലത്തുവീണു. പിന്നെ മൂന്നുപേരും ചേര്‍ന്ന് കിണറ്റില്‍ എടുത്തിട്ടു."2007 ആഗസ്റ്റ് 3 ന് ഫാ. ജോസ് പൂതൃക്കയിലിനെ നാര്‍ക്കോ പരിശോധന നടത്തിയതിന്റെ വീഡിയോ ദൃശ്യങ്ങളിലും സെഫി വഹിച്ച പങ്ക് വ്യക്തമാകുന്നുണ്ട്. അഭയയുടെ തലയ്ക്ക് സെഫി കോടാലികൊണ്ട് അടിച്ചതുകൊണ്ടാണ് അഭയയെ കിണറ്റിലെറിയേണ്ടി വന്നതെന്നാണ് പൂതൃക്കയിലിന്റെ വെളിപ്പെടുത്തല്‍. ഫാ. തോമസ് കോട്ടൂരിനോട് അഭയയെ എന്തിന് കൊന്നുവെന്ന് നാര്‍ക്കോ പരിശോധനയില്‍ ചോദിച്ചപ്പോള്‍ പറഞ്ഞ മറുപടി ഇങ്ങനെ: "ഞാനും പൂതൃക്കയിലും സെഫിയും കൂടി നടത്തിയ 'ഓപ്പറേഷന്‍' കണ്ടതുകൊണ്ട്."

kaalidaasan said...

അഭയകൊലക്കേസ്: സി.ബി.ഐയെ പ്രകോപിപ്പിച്ച് വാങ്ങിയ വെളിപ്പെടുത്തല്‍


കൊച്ചി: സിസ്റ്റര്‍ അഭയകൊലക്കേസിന്റെ കഴിഞ്ഞ 16 വര്‍ഷത്തെ ചരിത്രം അടിമുടി മാറ്റുന്ന വെളിപ്പെടുത്തലാണ് ഡിവൈ. എസ്. പി. നന്ദകുമാര്‍ നായര്‍ കോടതി മുമ്പാകെ നടത്തിയത്. കഴിഞ്ഞ 4ന് എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി മുമ്പാകെ പ്രതികളുടെ കസ്റ്റഡി നീട്ടിക്കിട്ടാന്‍ നല്‍കിയ അപേക്ഷയിലും അഭയയെ കൈക്കോടാലികൊണ്ട് കഴുത്തിനുപിന്നില്‍ അടിച്ചുവീഴ്ത്തിയശേഷം കിണറ്റിലിട്ടുകൊന്നു എന്നുമാത്രമാണ് സി. ബി. ഐ വെളിപ്പെടുത്തിയിരുന്നത്. എന്നാല്‍ 'നിരപരാധിയായ' ഒരു സാധു കന്യാസ്ത്രീയെ സി. ബി. ഐ ജയിലിലിട്ടു പീഡിപ്പിക്കുന്നു എന്ന തരത്തില്‍ സഭാ വൃത്തങ്ങള്‍ പള്ളി പ്രസംഗങ്ങളും ലഘുലേഖാ വിതരണവും വ്യാപകമാക്കിയ സാഹചര്യത്തിലാണ് സി. ബി. ഐ അതീവരഹസ്യമാക്കി വച്ചിരുന്ന വസ്തുത ഒടുവില്‍ കോടതി മുമ്പാകെ വെളിപ്പെടുത്തിയതെന്നാണ് നിയമവൃത്തങ്ങളിലെ സംസാരം.അഭയ കൊല്ലപ്പെട്ട 92 മാര്‍ച്ച് 27 ന് പുലര്‍ച്ചെ പയസ് ടെന്‍ത് കോണ്‍വെന്റിലെ അടുക്കളമുറിയില്‍ നടന്ന സംഭവങ്ങളുടെ ഏതാണ്ട് പൂര്‍ണചിത്രം അന്വേഷണ ചുമതല ഏറ്റെടുത്ത് ഒന്നരമാസത്തിനുള്ളില്‍ തന്നെ, നേരത്തെ കാലിത്തീറ്റക്കേസില്‍ ലാലുപ്രസാദ് യാദവിനെ വരെ കുടുക്കിയ നന്ദകുമാര്‍ നായര്‍ കണ്ടെത്തിയിട്ടുണ്ട്.ഫ്ളാഷ് ബാക്ക്

* 'പ്രീഡിഗ്രി പരീക്ഷയ്ക്ക് പഠിച്ചുകൊണ്ടിരിക്കുന്നതിനിടെ ഉറക്കം വന്നതിനെത്തുടര്‍ന്ന് അടുക്കളയിലെ ഫ്രിഡ്ജില്‍ നിന്ന് മുഖം കഴുകാന്‍ തണുത്തവെള്ളമെടുക്കുന്നതിനാണ് റൂംമേറ്റായ സിസ്റ്റര്‍ ഷേര്‍ളിയോട് പറഞ്ഞതിനുശേഷം അഭയ പോയത്.

* വെള്ളമെടുക്കാന്‍ ഫ്രിഡ്ജ് തുറന്നപ്പോഴുണ്ടായ വെളിച്ചത്തിലാണ് അടുക്കള നിലത്ത് സിസ്റ്റര്‍ സെഫിയും ഫാദര്‍ കോട്ടൂരും, പൂതൃക്കയിലും ചേര്‍ന്ന് നടത്തുന്ന പ്രകൃതിവിരുദ്ധ ശാരീരികബന്ധം അഭയയുടെ കണ്ണില്‍പ്പെട്ടത്.* അഭയ ഇതുകണ്ട് ഒച്ചവച്ചതോടെ തോമസ് കോട്ടൂര്‍ വായപൊത്തിപ്പിടിച്ചു. തനിക്കിനി ജീവിക്കേണ്ട എന്ന് പറഞ്ഞ് സെഫി കരഞ്ഞു. രഹസ്യമായി സൂക്ഷിക്കണമെന്ന് അഭയയോട് അപേക്ഷിച്ചു. പറ്റില്ലെന്ന് മറുപടി ലഭിച്ചതോടെ ക്ഷുഭിതയായ സെഫി കൈക്കോടാലികൊണ്ട് മൂന്നുതവണ അഭയയുടെ തലയ്ക്കടിച്ചു.

* കോടാലിയുടെ മാടുകൊണ്ടുള്ള രണ്ടടി വലതുചെവിക്കുപിന്നിലാണ് കൊണ്ടത്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഇത് വ്യക്തമായിരുന്നു. ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടില്‍ പക്ഷേ ലോക്കല്‍ പൊലീസ് ഇത് രേഖപ്പെടുത്തിയില്ല. പൊലീസ് നശിപ്പിക്കാന്‍ മറന്ന ഫസ്റ്റ് ഇന്‍ഫര്‍മേഷന്‍ സ്റ്റേറ്റ്മെന്റില്‍ എന്നാല്‍ ഇക്കാര്യമുള്ളതായി സി. ബി. ഐ കണ്ടെത്തിയിട്ടുണ്ട്.* കൈക്കോടാലിയുടെ പിടികൊണ്ട് അഭയയുടെ നെറുകയില്‍ സെഫി ഏല്‍പ്പിച്ച മൂന്നാമത്തെ അടിയാണ് പ്രതികളെ പരിഭ്രാന്തരാക്കിയത്. ബോധം കെട്ടുവീണ അഭയ മരിച്ചുകാണുമെന്ന് കരുതി മൂവരും ചേര്‍ന്ന് കിണറ്റിലിട്ടു. ആത്മഹത്യചെയ്തതാണെന്ന് വരുത്തിതീര്‍ക്കാനായിരുന്നു ഇത്.


* നാര്‍ക്കോ പരിശോധനയില്‍ തോമസ് കോട്ടൂരും ജോസ് പൂതൃക്കയിലും ഇക്കാര്യങ്ങള്‍ ഏറ്റുപറയുന്നുണ്ട്. 'സെഫിമൂലം, സെഫിയ്ക്കുവേണ്ടി ഒരു കൈപ്പിഴ പറ്റി' എന്നാണ് ഇരുവരും ഏറ്റുപറയുന്നത്.

kaalidaasan said...

അഭയയെ കൈക്കോടാലി കൊണ്ട്‌ സെഫി മൂന്നു പ്രാവശ്യം തലയ്‌ക്കടിച്ചു - സി.ബി.ഐ.

കൊച്ചി: സിസ്റ്റര്‍ അഭയയെ സിസ്റ്റര്‍ സെഫി കൈക്കോടാലി കൊണ്ട്‌ മൂന്നു പ്രാവശ്യം തലയ്‌ക്കടിച്ചുവെന്ന്‌ ചീഫ്‌ ജുഡീഷ്യല്‍ മജിസ്‌ട്രേട്ട്‌ കോടതിയില്‍ സി.ബി.ഐ. തിങ്കളാഴ്‌ച പറഞ്ഞു.

അഭയയെ തലയ്‌ക്ക്‌ പിന്നിലായും വലത്‌ ചെവിയുടെ ഭാഗത്തായും തലയ്‌ക്ക്‌ മുകളിലായുമാണ്‌ സിസ്റ്റര്‍ സെഫി അടിച്ചതെന്ന്‌ സി.ബി.ഐ. തുടര്‍ന്ന്‌ വിശദീകരിച്ചു. നിലത്ത്‌ കുഴഞ്ഞുവീണ അഭയയെ ഫാ. തോമസ്‌ കോട്ടൂരും ഫാ. ജോസ്‌ പൂതൃക്കയിലും സിസ്റ്റര്‍ സെഫിയും ചേര്‍ന്ന്‌ എടുത്ത്‌ കിണറ്റിലിട്ടു. അഭയ ആത്മഹത്യ ചെയ്‌തതാണെന്ന്‌ വരുത്തിത്തീര്‍ക്കുകയായിരുന്നു ഇവരുടെ ലക്ഷ്യമെന്ന്‌ സി.ബി.ഐ. പറഞ്ഞു.

അഭയ കൊലക്കേസില്‍ പ്രതികളായ മൂന്നുപേരുടെയും റിമാന്‍ഡ്‌ നീട്ടിക്കിട്ടുന്നതിനായി സി.ബി.ഐ. അന്വേഷണ ഉദ്യോഗസ്ഥനായ നന്ദകുമാര്‍ നായര്‍ ഫയല്‍ ചെയ്‌ത റിപ്പോര്‍ട്ടിലാണ്‌ ഇക്കാര്യം വിശദീകരിച്ചത്‌. പ്രതികളെ ജനവരി 12 വരെ എറണാകുളം സബ്‌ ജയിലില്‍ തുടര്‍ന്ന്‌ റിമാന്‍ഡ്‌ ചെയ്‌തുകൊണ്ട്‌ ചീഫ്‌ ജുഡീഷ്യല്‍ മജിസ്‌ട്രേട്ട്‌ പി.ഡി. സോമന്‍ ഉത്തരവിട്ടു.

1992 മാര്‍ച്ച്‌ 27-നാണ്‌ അഭയ കൊല്ലപ്പെട്ടത്‌. കോണ്‍വെന്റിലെ ഒരു മുറിയില്‍ ഫാ. കോട്ടൂര്‍, ഫാ. ജോസ്‌ പൂതൃക്കയില്‍ എന്നിവരുമായി സിസ്റ്റര്‍ സെഫി അവിഹിത വേഴ്‌ചയിലായിരുന്നുവെന്ന്‌ സി.ബി.ഐ. ആരോപിച്ചു. വെളുപ്പിന്‌ നാലുമണിയോടെ വെള്ളം കുടിക്കാന്‍ അടുക്കളയില്‍ എത്തിയപ്പോഴാണ്‌ അഭയ ഈ രംഗം കണ്ടത്‌. അഭയ ഇത്‌ പുറത്തുപറഞ്ഞാല്‍ ക്‌നാനായ കത്തോലിക്ക സമൂഹത്തിന്‌ ചീത്തപ്പേരുണ്ടാകുമെന്ന്‌ പ്രതികള്‍ കരുതി. അഭയയെ കൊലപ്പെടുത്താന്‍ ഇതാണ്‌ കാരണമെന്ന്‌ സി.ബി.ഐ. ആരോപിച്ചു.

അഭയ കൊല്ലപ്പെട്ടത്‌ തലയ്‌ക്കടിയേറ്റിട്ടാണെന്ന്‌ സി.ബി.ഐ. നേരത്തെ കോടതിയില്‍ ആരോപിച്ചിരുന്നുവെങ്കിലും വിശദാംശങ്ങള്‍ തിങ്കളാഴ്‌ചയാണ്‌ മജിസ്‌ട്രേട്ട്‌ കോടതിയില്‍ പറഞ്ഞത്‌. കൈക്കോടാലി അടുക്കളയില്‍ നിന്നാണ്‌ സിസ്റ്റര്‍ സെഫിക്ക്‌ കിട്ടിയത്‌. കോണ്‍വെന്റില്‍ കഴിഞ്ഞ കുറച്ചു നാളായി വൈദികരും സിസ്റ്റര്‍ സെഫിയും തമ്മില്‍ അവിഹിത വേഴ്‌ച നടന്നുവരുന്നതായി സാക്ഷിമൊഴികള്‍ ഉണ്ടെന്ന്‌ സി.ബി.ഐ. സംഘം വ്യക്തമാക്കിയിരുന്നു. അധികൃതര്‍ അതിനെതിരെ നടപടി എടുത്തില്ല. ചില കന്യാസ്‌ത്രീകളും ഇതില്‍ പ്രതിഷേധിച്ചിരുന്നു.

പ്രതികള്‍ അഭയയെ കിണറ്റില്‍ ഇട്ട ശേഷം അടുക്കളയുടെ വാതില്‍ പുറത്തുനിന്ന്‌ പൂട്ടി. വൈദികര്‍ ഉടനെ കോണ്‍വെന്റില്‍ നിന്ന്‌ പോയി. സിസ്റ്റര്‍ സെഫി തന്റെ മുറിയിലേക്കും തിരിച്ചു. കേസ്‌ അന്വേഷിക്കാന്‍ കോണ്‍വെന്റില്‍ എത്തിയ കോട്ടയം വെസ്റ്റ്‌ അഡീഷണല്‍ എസ്‌.ഐ. അഗസ്റ്റിന്‍ പ്രേതവിചാരണ റിപ്പോര്‍ട്ട്‌ എഴുതിയപ്പോള്‍ നിരവധി കൃത്രിമങ്ങള്‍ കാണിച്ചുവെന്ന്‌ സി.ബി.ഐ. ആരോപിച്ചു. സംഭവ സ്ഥലത്തെ തെളിവുകള്‍ നശിപ്പിക്കപ്പെട്ടു. ഈ കേസില്‍ കൂടുതല്‍ പ്രതികള്‍ ഉണ്ടാകുമെന്നും സി.ബി.ഐ. കോടതിയെ അറിയിച്ചിട്ടുണ്ട്‌. കേസ്‌ അന്വേഷണം പുരോഗമിച്ചുവരുന്നതായി സി.ബി.ഐ. പറഞ്ഞു.

സീന്‍ മഹസര്‍, പ്രഥമ വിവര റിപ്പോര്‍ട്ട്‌, പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്‌ എന്നിവ തങ്ങള്‍ക്ക്‌ വേണമെന്ന്‌ ഫാ. തോമസ്‌ കോട്ടൂരിന്റെ അഭിഭാഷകന്‍ ബി. രാമന്‍പിള്ള കോടതിയില്‍ അഭ്യര്‍ത്ഥിച്ചു. അവ സി.ബി.ഐ.യുടെ പക്കല്‍ ഉണ്ടെന്ന്‌ അദ്ദേഹം പറഞ്ഞു. ഇക്കാര്യത്തില്‍ മറുപടി നല്‍കുമെന്ന്‌ സി.ബി.ഐ. അറിയിച്ചു.

പ്രതികളുമായി ബന്ധുക്കള്‍ക്ക്‌ സംസാരിക്കാന്‍ കോടതി അനുമതി നല്‍കി. നവംബര്‍ 20 മുതല്‍ പ്രതികള്‍ എറണാകുളം സബ്‌ ജയിലിലാണ്‌.

kaalidaasan said...

ഫാ. കോട്ടൂര്‍ പോലീസിനെ സ്വാധീനിച്ചുകാണും- ഫാ. പൂതൃക്കയില്‍

കൊച്ചി: അഭയ കേസ്‌ ഒതുക്കാന്‍ ഫാ. തോമസ്‌ കോട്ടൂര്‍ പോലീസിനെ സ്വാധീനിച്ചുകാണുമെന്ന്‌ ഫാ. ജോസ്‌ പൂതൃക്കയില്‍ നാര്‍കോ പരിശോധനയില്‍ വെളിപ്പെടുത്തി.

സംഭവം സംബന്ധിച്ച പ്രഥമ വിവര റിപ്പോര്‍ട്ട്‌ തയ്യാറാക്കിയത്‌ കോട്ടയം വെസ്റ്റ്‌ പോലീസിലെ അന്നത്തെ എഎസ്‌ഐ അഗസ്റ്റിനാണ്‌. അഭയയുടെ മൃതദേഹം കിണറ്റില്‍ കാണപ്പെട്ട സമയം തെറ്റായിട്ടാണ്‌ അഗസ്റ്റിന്‍ രേഖപ്പെടുത്തിയിട്ടുള്ളതെന്ന്‌ ഫാ. പൂതൃക്കയില്‍ നാര്‍കോ പരിശോധനയില്‍ പറഞ്ഞു.

കേസ്‌ ഒതുക്കാന്‍ പോലീസിനെ ആദ്യമേ ചിലര്‍ സ്വാധീനിച്ചിട്ടുണ്ട്‌. ബിഷപ്പിന്‌ ഇതില്‍ പങ്കുണ്ടാകാം. ക്രൈംബ്രാഞ്ചിനോട്‌ ബിഷപ്പ്‌ സംസാരിച്ചുകാണുമെന്നാണ്‌ ഫാ. പൂതൃക്കയില്‍ തുടര്‍ന്ന്‌ വെളിപ്പെടുത്തിയത്‌. ഫാ. താഴംപിള്ളിക്ക്‌ ചില തെറ്റിദ്ധാരണകള്‍ തന്നെ കുറിച്ചുണ്ട്‌. അതുകൊണ്ടാണ്‌ തെറ്റായ മൊഴി അന്ന്‌ പോലീസിന്‌ നല്‍കിയിട്ടുള്ളതെന്ന്‌ ഫാ. പൂതൃക്കയില്‍ പറഞ്ഞു.

ഫാദര്‍ തോമസ്‌ കോട്ടൂരിനും ഫാ. ജോസ്‌ പൂതൃക്കയിലിനും സെഫിയുമായുള്ള വൈകാരികബന്ധത്തെക്കുറിച്ച്‌ മൂവരും ഏറ്റുപറഞ്ഞിട്ടുണ്ട്‌. അഭയയെ കൊലപ്പെടുത്തിയതും കിണറ്റിലിട്ടതും തങ്ങള്‍ മൂവരും ചേര്‍ന്നാണെന്നും ഫാ. തോമസ്‌ കോട്ടൂരും ഫാ. ജോസ്‌ പൂതൃക്കയിലും സിസ്റ്റര്‍ സെഫിയും നാര്‍കോ അനാലിസിസില്‍ പറയുന്നുണ്ട്‌.

ബാംഗ്ലൂരിലെ ഫൊറന്‍സിക്‌ സയന്‍സ്‌ ലബോറട്ടറിയിലെ അസി. ഡയറക്ടര്‍ എസ്‌. മാലിനിയാണ്‌ ഫാ. കോട്ടൂരിന്‍േറയും മറ്റും നാര്‍കോ പരിശോധന നടത്തിയത്‌. മൂവരും മയക്കത്തില്‍ പറഞ്ഞത്‌ രേഖപ്പെടുത്തി ഒപ്പിട്ട്‌ സാക്ഷ്യപ്പെടുത്തി മാലിനി അത്‌ സിബിഐക്ക്‌ കൈമാറുകയാണുണ്ടായത്‌.

പരിശോധനയില്‍ വെളിപ്പെട്ട കാര്യങ്ങള്‍ ഇംഗ്ലീഷിലാക്കി കോടതിക്ക്‌ സിബിഐ കൈമാറുകയും ചെയ്‌തു.

പ്രതികളെ ചോദ്യംചെയ്‌തപ്പോള്‍ അവര്‍ കാര്യങ്ങള്‍ തുറന്നു പറഞ്ഞില്ല. എന്നാല്‍ നാര്‍കോ പരിശോധനാ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ചോദ്യംചെയ്‌തപ്പോഴാണ്‌ കുറ്റകൃത്യത്തില്‍ പ്രതികളുടെ പങ്ക്‌ തെളിഞ്ഞതെന്ന്‌ സിബിഐ, മജിസ്‌ത്രേട്ട്‌കോടതിയെ തിങ്കളാഴ്‌ച അറിയിച്ചു. ഓര്‍മ അടയാളപ്പെടുത്തല്‍ പരിശോധനാഫലവും തങ്ങള്‍ക്ക്‌ സഹായകരമായെന്ന്‌ സിബിഐ പറയുന്നു.

കൈക്കോടാലിയെക്കുറിച്ച്‌ രണ്ട്‌ മുന്‍ പോലീസ്‌ കോണ്‍സ്റ്റബിള്‍മാര്‍ സിബിഐക്ക്‌ മൊഴി നല്‍കിയിട്ടുണ്ട്‌. അവരുടെ മൊഴി ആലുവ മജിസ്‌ത്രേട്ടും രേഖപ്പെടുത്തിയിട്ടുണ്ട്‌.

പ്രതികളെ കാണാന്‍ കന്യാസ്‌ത്രീകളും വൈദികരും തിങ്കളാഴ്‌ച കോടതിയില്‍ എത്തിയിരുന്നു. സുഹൃത്തുക്കള്‍ ഫാ. കോട്ടൂരിനും ഫാ. പൂതൃക്കയിലിനും കൈകൊടുത്തു. ആശ്ലേഷിക്കുകയും ചെയ്‌തു. വൈദികര്‍ ഷേവ്‌ ചെയ്‌തിരുന്നില്ല. കന്യാസ്‌ത്രീകളോടൊപ്പം ഒത്തുചേര്‍ന്നപ്പോള്‍ സിസ്റ്റര്‍ സെഫി ഒരു നിമിഷം കണ്ണീരൊഴുക്കി.