Friday, 25 July 2008

പാര്‍ലമെന്ററി വ്യാമോഹം ബാധിച്ച ഒരു കമ്യൂണിസ്റ്റുകാരന്‍സോമ്നാഥ് ചാറ്റര്‍ജിയെ പുകഴ്ത്താന്‍ കോണ്ഗ്രസ്സിന്‌ ഇപ്പോള്‍ നാവുകള്‍ ആയിരമാണ്‌. കാരണം സോമ്നാഥ് ലോക പ്രശസ്ത ഭരണഘടനാ വിദഗ്ദനും, പാര്‍ലമെന്റേറിയനും ആകുന്നു. കഴിഞ്ഞ നാലു പതിറ്റാണ്ടായി ലോക്സഭ അംഗമായ അദ്ദേഹത്തെ പണ്ടിവര്‍ അധിക്ഷേപിക്കാന്‍ ഉപയോഗിച്ചിട്ടുള്ള വാക്കുകള്‍ ലോക്സഭ രേഖകളില്‍ ഇപ്പോഴും കണ്ടേക്കാം . സോമ്നാഥ് എം പി യായി തെരഞ്ഞെടുക്കപ്പെട്ടതും സ്പീക്കറായതും സി പി എം എന്ന പാര്‍ട്ടി ലേബലില്‍ ആണ്‌. അദ്യന്തികമായി അദ്ദേഹം സി പി എം അംഗമാണ്‌. അതു കൊണ്ട് അദ്ദേഹം സി പി എം ന്റെ അച്ചടക്കത്തിനുള്ളില്‍ നില്‍ക്കണം . അതാണ്‌ ആദ്യ മര്യാദ. പക്ഷെ ആ മര്യാദ കാണിക്കാനുള്ള വിവേകം അദ്ദേഹത്തിനില്ലാതെ പോയി. അതിനു കാരണമുണ്ട്. പാര്‍ലമെന്ററി വ്യാമോഹമാണത്. അങ്ങനെയുള്ള കമ്യൂണ്സ്റ്റുകാരന്റെ ഉദാഹരണമാണദ്ദേഹം .

കമ്യൂണിസ്റ്റുപാര്‍ട്ടിയില്‍ നിന്നു കിട്ടാവുന്ന എല്ലാം കിട്ടി. ഒരു കമ്യൂണിസ്റ്റുകാരനു ഇന്നത്തെ അവസ്ഥയില്‍ ഇന്‍ഡ്യയില്‍ കിട്ടാവുന്ന പരമോന്നത പദവി വരെ കിട്ടി. ഇതിലും വലിയത് ലക്ഷ്യം വച്ചതായിരുന്നു. പ്രസിഡന്റാവാന്‍ ഒരു ശ്രമം നടത്തിയതായിരുന്നു. അതിനു വേണ്ടിയാണ്‌, സി പി എം സ്ഥാനാര്‍ത്ഥി, പ്രസിഡണ്ട് പദവിയിലേക്ക് മത്സരിക്കണമെന്നു അദ്ദേഹം വാദിച്ചതും. പക്ഷെ പാര്‍ട്ടി അതു വകവച്ചില്ല. അതിന്റെ കലിപ്പ് അദ്ദേഹം മനസില്‍ സൂക്ഷിച്ചു. തക്ക സമയത്ത് പുറത്തെടുത്തു. അത് ബസുവിന്റെ പ്രധാനമന്ത്രി മോഹവുമായി താരതമ്യം ചെയ്യാവുന്നതാണ്‌. ആ വിഷമം ഇപ്പോഴും മനസില്‍ സൂക്ഷിക്കുന്ന വ്യക്തിയാണദ്ദേഹം . സോമ്നാഥും ആ തലത്തിലേക്ക് ഉയര്‍ന്നു. സമകാലീന രാഷ്ട്രീയത്തില്‍ ഇദ്ദേഹത്തിന്റെ അധികാര സ്ഥാനത്തോടുള്ള ആര്‍ത്തി , മന്‍മോഹന്‍ സിം ഗിന്റെ പ്രധാനമന്ത്രി സ്ഥാനത്തോടുള്ള ആര്‍ത്തിയോട് കിടപിടിക്കുന്നതാണ്‌. അധികാരം നില നിര്‍ത്താന്‍ ഇന്ഡ്യയുടെ ചരിത്രത്തിലെ ഏറ്റവും വൃത്തികെട്ട കുതിര കച്ചവടം നടത്തിയ അദ്ദേഹത്തിനു കൂട്ടാളിയായി സോമ്നാഥ് ഉള്ളത് ഒട്ടും അതിശയപ്പെടുത്തുന്ന കാര്യമല്ല.

പാര്‍ട്ടി പറഞ്ഞപ്പോള്‍ രാജി വക്കാതിരിക്കാന്‍ അദ്ദേഹം പറഞ്ഞ കാരണമാണു ഏറെ വിചിത്രം . ബി ജെ പി യോടൊപ്പം വോട്ടു ചെയ്യാന്‍ പറ്റില്ല എന്നാണത്. ബി ജെ പി ജനസംഘമായിരുന്നപ്പോള്‍ ഒരു മുന്നണിയായി മത്സരിക്കുകയും ബി ജെ പി വോട്ടുകള്‍ നേടി ജയിക്കുകയും ചെയ്ത വ്യക്തിയാണദ്ദേഹം . അതിനു ശേഷമാണ്‌ ജനസംഘം വര്‍ഗ്ഗീയ മുഖഛായ വെടിഞ്ഞ് ജനതാ പാര്‍ട്ടിയുടെ ഭാഗമായതും , വീണ്ടും വര്‍ഗ്ഗീയ മുഖം മൂടിയണിഞ്ഞ് ബി ജെ പി യായി പുനരവതരിച്ചതും . അതെ വര്‍ഗ്ഗിയ ബി ജെ പി യുമായി ചേര്‍ന്ന് 1989 ല്‍ വി പി സിം ഗിനു വോട്ടു ചെയ്തത്, സോമ്നാഥ് നേത്രൃത്വം കൊടുത്ത സി പി എം തന്നെയായിരുന്നു.

അന്നൊന്നും ബി ജെ പിയോട് സഹകരിക്കുന്നതിനു യാതൊരു ഉളുപ്പും ഇദ്ദേഹം കാണിച്ചില്ല. പിന്നെ എവിടന്നാണ്‌ പെട്ടെന്നൊരു ബി ജെ പി വിരോധം ഇദ്ദേഹത്തില്‍ വന്നത്? സി പി എം ന്‌ ഈ സര്‍ക്കാരില്‍ വിശ്വാസമില്ല. വേറെ ആര്‍ക്കൊക്കെ ഉണ്ടെന്ന്‌ സോമ്നാഥ് തിരക്കേണ്ട ആവശ്യം തന്നെയില്ല.

സ്പീക്കര്‍ സ്ഥാനത്ത് നിഷ്പക്ഷനാണെന്നൊക്കെ ഒരു വെറും ഭംഗിവാക്കു മാത്രമാണ്. ചോദ്യത്തിന്‌ കോഴ വാങ്ങിയ കേസില്‍ എം പി മാരെ പുറത്താക്കാന്‍ എന്തു ധ്ൃതിയായിരുന്നു സോമ്നാഥിന്. സമാന സാഹചര്യത്തില്‍ എം പി മാരെ വിലക്കെടുക്കുകയായിരുന്നു ഇപ്പോള്‍ . കോഴ കൊടുക്കുന്നതിന്റെ വീഡിയോ ദ്ൃശ്യങ്ങള്‍ കണ്ടിട്ടും അദ്ദേഹത്തിനു യാതൊരു കുലുക്കവുമില്ല. അത് അദ്ദേഹത്തിന്റെ പ്രതിബദ്ധത ആരോടാണെന്നു വ്യക്തമാക്കുന്നു. നിഷ്പക്ഷതയുടെ മഹത്വം എത്രയുണ്ടെന്നും തെളിയിക്കുന്നു. ഇന്‍ഡ്യയിലെ സ്പീക്കര്‍മാര്‍ക്ക് രാഷ്ട്രീയമുണ്ടെന്നുള്ളത് ഒരു രഹസ്യമൊന്നുമല്ല. ഇംഗ്ളണ്ടിലേപ്പോലെ സ്പീക്കര്‍മാര്‍ രാഷ്ട്രീയം പാടെ ഉപേക്ഷിക്കുകയൊന്നും ഇല്ല.

എം ഐ ഷാനവാസ് ഒരു ന്യൂസ് ചാനലില്‍ പ്രത്യക്ഷപ്പെട്ട്, ഒരു കഥകളി നടന്റെ അംഗവിഷേപത്തോടെ കുറെ ജല്‍പനങ്ങള്‍ നടത്തി . അതിന്റെ കാതല്‍ സ്പീക്കറോട് രാജി വക്കാന്‍ പറയുക വഴി സി പി എം അധ:പതനത്തിന്റെ അടിത്തട്ടില്‍ എത്തിയെന്നാണീ, പഴയ കരുണാകരന്റെ മൂടു താങ്ങി, തട്ടി വിട്ടത്. കഴിഞ്ഞ കേരള നിയമസഭയില്‍ വക്കം പുരുഷോത്തമന്‍ സ്പീക്കറായിരുന്നു. നാലു വര്‍ഷം കഴിഞ്ഞപ്പോള്‍ അദ്ദേഹത്തോട് രാജി വക്കാന്‍ പറയുകയും അദ്ദേഹം രാജി വച്ച് മന്ത്രിയാവുകയും ചെയ്തു. ആ സ്പീക്കറുടെ അരാഷ്ട്രീയത പരിശോധിക്കാതെ സോമ്നാഥ് അരാഷ്ട്രീയനായിരിക്കണം എന്നു വാശി പിടിക്കുന്നതിന്റെ ഗുട്ടന്‍സ് എന്തായിരിക്കാം?

വക്കം ആന്റണി ഗ്രൂപ്പിലായിരുന്നതു കൊണ്ടായിരിക്കുമോ?
ചരിത്രം സോമ്നാഥിനെ അരാഷ്ട്രീയക്കാരനും നിഷ്പക്ഷനുമായ സ്പീക്കറായി വിലയിരുത്തില്ല. പാര്‍ലമെന്ററി വ്യാമോഹമുള്ള ഒരു കമ്യൂണിസ്റ്റുകാരനായി മാത്രമേ അദ്ദേഹത്തെ വിലയിരുത്തൂ. സ്വന്തം പാര്‍ട്ടിയെ വഞ്ചിച്ച് എതിര്‍ പക്ഷത്തെ സഹായിച്ച വഞ്ചകനായും വിലയിരുത്തും .

7 comments:

മൂര്‍ത്തി said...

സ്വാഗതം....ബ്ലോഗ് തുടങ്ങിയത് വളരെ നന്നായി...

ഹൃ എന്നു കിട്ടുവാന്‍ hr^ എന്ന് ടൈപ്പ് ചെയ്താല്‍ ശരിയാവേണ്ടതാണല്ലോ. കാളിദാസന്‍ hra^/dra^ എന്ന് തെറ്റായി ടൈപ്പ് ചെയ്യുന്നുണ്ടോ എന്ന് സംശയം.ദ്ര^ എന്നുവരുന്നത് അങ്ങിനെയാവും.

http://malayalam-blogs.blogspot.com/ ഇവിടെ എങ്ങിനെ ലിസ്റ്റ് ചെയ്യണം എന്നൊക്കെ ഉണ്ട്. നോക്കുമല്ലോ.

http://www.aksharangal.com/index.php ഇവിടെ ASCIIയിലുള്ള ടെക്സ്റ്റ് യൂണിക്കോഡ് ആക്കാം. മനോരമ, ദേശാഭിമാനി എന്നിവയിലെ വാര്‍ത്തകള്‍ ബ്ലോഗില്‍ പേസ്റ്റ് ചെയ്യണം എങ്കില്‍ ഈ സൈറ്റ് വഴി യൂണിക്കോഡ് ആക്കി ഉപയോഗിക്കാം..

word verification ഒഴിവാക്കിക്കൂടെ?

ദീപികയിലെ മുഖപ്രസംഗം വായിച്ചില്ലേ?

ഇന്നു പൊക്കിക്കൊണ്ട് നടക്കുന്ന ഇവരൊക്കെ അദ്ദേഹം സി.പി.എമ്മിനനുകൂലമായി നാളെ എന്തെങ്കിലും പറഞ്ഞാല്‍ അപ്പോ താഴെ ഇടും. എണ്‍പതാം പിറന്നാളിനു സോണിയയും വയലാര്‍ രവിയും അടങ്ങുന്ന പ്രമുഖര്‍ എത്തിയിരുന്നുവത്രെ..സോമനാഥ് ചാറ്റര്‍ജിയെ ഇത്ര സന്തോഷവാനായി കണ്ടിട്ടില്ലെന്ന് വയലാര്‍ രവി..എന്തായാലും സോമനാഥ് ചാറ്റര്‍ജിക്ക് ഭാഗ്യം ഉണ്ട്. സി.പി.എമ്മിലിരുന്നെങ്ങാനുമായിരുന്നു പിറന്നാളാഘോഷമെങ്കില്‍ അദ്ദേഹത്തെ ബൂര്‍ഷ്വാ എന്ന് വിളിച്ച് മാധ്യമങ്ങള്‍ കൊന്നുകളഞ്ഞേനേ..

കട്ടന്‍ ചായയും പരിപ്പുവടയും കഴിച്ച് പാര്‍ട്ടി പ്രവര്‍ത്തിച്ചിരുന്ന ആ നല്ല കാലത്തെപ്പറ്റിയുള്ള നൊസ്റ്റാള്‍ജിക് മുഖപ്രസംഗങ്ങള്‍ വായിക്കാനുള്ള ചാന്‍സ് പോയി എന്ന് പറഞ്ഞാല്‍ മതിയല്ലോ..

അരവിന്ദ് നീലേശ്വരം said...

ഏതായാലും ജ്യോതിബസു കാണിച്ച മണ്ടത്തരം സഖാവ് കാണിച്ചില്ല. ഒരു പുരുഷായുസ്സ് മുഴുവനും ഇന്‍ഡ്യ (കേരളം, ബംഗാള്‍, ത്രിപുര) മുഴുവന്‍ പടര്‍ന്ന് പന്തലിച്ച് തഴച്ച് വളര്‍ന്ന് കിടക്കുന്ന സി പി എം എന്ന വലിയ പ്രസ്ഥാനത്തിനു വേണ്ടി പ്രവര്‍ത്തിച്ചിട്ട്, ഒന്നുമാകാന്‍ കഴിയാതെ പോകുക എന്നത് കഷ്ടം തന്നെയല്ലേ? ഭൂരിപക്ഷമില്ലാതെ നട്ടം തിരിഞ്ഞു നിന്ന കോണ്‍ഗ്രസ്സിന് ഭരണത്തിലമര്‍ന്നിരിക്കാന്‍ പുറത്ത് നിന്ന് താങ്ങിയതിന് പാര്‍ട്ടിക്ക് കിട്ടിയ സമ്മാനമല്ലേ ആ സ്ഥാനം. ഏ കെ ജി വിചാരിച്ചിട്ടും ഇത് പറ്റിയില്ലല്ലോ? അതങ്ങനെ വിട്ടു കളയണോ? മികച്ച പാര്‍ലമെന്റേറിയനുള്ള അവാര്‍ഡ് അദ്ദേഹം കൈപ്പറ്റിയപ്പോള്‍ ഇതേ സഖാക്കള്‍ അദ്ദേഹത്തെ പൊക്കിക്കൊണ്ട് നടന്നതല്ലേ? ഇപ്പോള്‍ അനഭിമതനായിപ്പോയോ?

ചാറ്റര്‍ജി സഖാവിന് ഇനി എത്ര തവണ പാര്‍ലമെന്റ് കവാടം കണി കാണാന്ന് കിട്ടും? ഉള്ള കാലം കൊണ്ട് അദ്ദേഹമൊന്ന് അവിടെ അമര്‍ന്നിരുന്നോട്ടേ......

മറ്റ് ചെറിയ ചെറിയ സംസ്ഥാനങ്ങളില്‍ കൂടി സി പി എം ഒന്നു വളര്‍ന്ന് വന്നാലല്ലേ ഭാരതം ഒന്ന് ഭരിക്കാന്‍ പറ്റൂ.....

അത് വരെ ഒന്ന് അടങ്ങൂ സഖാക്കന്മാരേ....

(പ്രിയ കാളിദാസ്, വേര്‍ഡ് വെരിഫിക്കേഷന്‍ എടുത്ത് കളയുമല്ലോ, പ്ലീസ്?)

kaalidaasan said...

മൂര്‍ത്തി,

നന്ദി. തെറ്റുകള്‍ ചൂണ്ടിക്കാണിച്ചതിനും , പരിഹാരങ്ങള്‍ നിര്‍ദ്ദേശിച്ചതിനും

ഞാന്‍ ഒരു ഐ റ്റി സ്പെഷ്യലിസ്റ്റ് അല്ല. അതു കൊണ്ട് കുറച്ചു പ്രശ്നങ്ങള്‍ ഉണ്ട്. കാര്യങ്ങള്‍ മനസിലാക്കി വരുന്നേ ഉള്ളൂ.

മാരീചന്‍‍ said...

കമന്റുകള്‍ വായിക്കാറുണ്ടായിരുന്നു. ബ്ലോഗ് തുടങ്ങിയത് നന്നായി........ വീണ്ടും കാണാം...

kaalidaasan said...
This comment has been removed by the author.
kaalidaasan said...

അരവിന്ദ്,

സി പി എം പടര്‍ന്ന് പന്തലിച്ച് തഴച്ച് വളര്‍ന്ന് ,
എന്നു കളിയാക്കുന്നതില്‍ വലിയ കാര്യമില്ല. കോണ്ഗ്രസ് എന്ന പാര്‍ട്ടിക്കു 425 വരെ സീറ്റുകള്‍ പാര്‍ലമെന്റില്‍ ഉണ്ടായിരുന്നു. അതു 150 ആയി ചുരിങ്ങിയതും, പടര്‍ന്നു പന്തലിക്കുന്നതിന്റെ ലക്ഷണമായി കരുതുന്നെങ്കില്‍, അതിനു കുഴപ്പമില്ല.

സി പി എം എന്ന പാര്‍ട്ടിയില്‍ ആളുകള്‍ പ്രവര്‍ത്തിക്കുന്നത് പലതുമാകാന്‍ വേണ്ടിയല്ല. കോണ്‍ഗ്രസില്‍ അങ്ങനെയായിരിക്കാം . അതാണ്‌ ബസു ആഗ്രഹിച്ചിട്ടും ചാറ്റര്‍ജി ആവശ്യപ്പെട്ടിട്ടും പാര്‍ട്ടി അനുവദിക്കാതിരുന്നത്.

പുറത്ത് നിന്ന് താങ്ങിയതിന് പാര്‍ട്ടിക്ക് കിട്ടിയ സമ്മാനമാണ്‌ ആ സ്ഥാനം എന്നു വേണമെങ്കില്‍ വിളിക്കാം . എ കെ ജി അത് ആഗ്രഹിച്ചിരുന്നു എന്ന അര്‍ത്ഥത്തില്‍ പറയുന്നത് ബുദ്ധിഭ്രമമെന്നേ ഞാന്‍ വിളിക്കൂ.

എം പി മാരെ കോഴ നല്കി സ്വാധീനിക്കാന്‍ ശ്രമിച്ചതില്‍ സ്പീക്കറുടെ ഓഫീസിനും പങ്കുള്ളതായി സം ശയിക്കേണ്ടിയിരിക്കുന്നു. അല്ലെങ്കില്‍ പിന്നെ എന്തിനാണ്, തനിക്കു കിട്ടിയ വീഡിയോ ടേപ്പുകള്‍ രഹസ്യമാക്കി വച്ചിട്ട്, ഇത്ര തിരക്കിട്ട് വിശ്വാസപ്രമേയം പാസ്സാക്കാന്‍ അദ്ദേഹം കൂട്ടു നിന്നത്?. ഇത്ര ഗുരുതരമായ ഒരാരോപണത്തെ ലാഘവബുദ്ധിയോടെ സമീപിക്കാന്‍ അദ്ദേഹത്തിനു തോന്നിയത് ഈ സംശയത്തിനു ആക്കം കൂട്ടുന്നു . അതോ മനപ്പൂര്‍വം അങ്ങനെ പെരുമാറിയതാണോ? അതോ അദ്ദേഹം തന്നെ കോഴയില്‍ വീണതാകുമോ? ഈ ഒരു സംഭവം അദ്ദേഹം ഇത്ര നാളും പൊക്കി പ്പിടിച്ചു നടന്നിരുന്നതും , കോണ്ഗ്രസുകാര്‍ ഇപ്പോള്‍ പൊക്കിപ്പിടിക്കുന്നതുമായ നിഷ്പക്ഷതക്ക് മങ്ങലേല്‍പിക്കുമെന്നു തീര്‍ച്ചയാണ്.

അവിശ്വാസപ്രമേയം അത്യന്തം ഗുരുതരമായ പ്രശ്നമൊന്നുമല്ലായിരുന്നു. രണ്ടു ദിവസം കഴിഞ്ഞ് അതു നേടിയാലും ലോകം ഒന്നും അവസാനിക്കില്ലായിരുന്നു.ആര്‍ക്കും സ്പീക്കറുടെ ധ്ൃതിയില്‍ ചില സംശയങ്ങള്‍ തോന്നാം.

മികച്ച പാര്‍ലമെന്റേറിയനുള്ള അവാര്‍ഡ് കിട്ടിയപ്പോള്‍ പൊക്കി കൊണ്ടു നടന്നു. അത് ശരിയല്ല എന്ന് പാര്‍ട്ടി ഒരിക്കലും പറയില്ല. അത് അദ്ദേഹം അര്‍ഹിക്കുന്നതും ആണ്‌. അദ്ദേഹതിന്റെ നേട്ടങ്ങള്‍ ഒന്നും കുറച്ചു കാണില്ല. പക്ഷെ വീഴ്ചകളും പാര്‍ട്ടി കുറച്ചു കാണില്ല.
അദ്ദേഹം മികച്ച പാര്‍ലമെന്റേറിയനും മികച്ച സ്പീക്കറുമായിരുന്നു. പക്ഷെ നാലു വര്‍ഷം ആര്‍ജിച്ച ആ മികവ് ഒരു ദിവസം കൊണ്ട് കളഞ്ഞുകുളിച്ചു. ഇന്‍ഡ്യന്‍ പാര്‍ലമെന്റിന്റെ ചരിത്രത്തില്‍ ഇത്ര ജുഗുപ്സാവഹമായ തരത്തില്‍ കുതിര കച്ചവടം നടന്നതായി ഓര്‍മ്മയില്ല. നരസിംഹ റാവു ഭരണം ആരംഭിക്കാനുള്ള വിശ്വാസവോട്ടിലായിരുന്നു കോഴകൊടുത്ത് എം പി മാരെ വിലക്കു വാങ്ങിയത്. ഇപ്പോള്‍ ഭരണം ഏതാണ്ട് അവസാനിക്കാറായ അവസരത്തില്‍ ഇന്‍ഡ്യന്‍ പ്രാധാനമന്ത്രി ഇത്ര തരം താണ കച്ചവടം നടത്തുന്നതും , ഇന്‍ഡ്യയുടെ സ്പീക്കര്‍ അതിനു കൂട്ടുനില്‍ക്കുന്നതും ലാഖവ ബുദ്ധിയോടെ കാണുന്ന അരവിന്ദിന്റെ സംവേദന ക്ഷമത അത്ഭുതപ്പെടുത്തുന്നു. സര്‍ക്കാരിനെതിരെ ഉള്ള ആരോപണങ്ങള്‍ അതീവ ഗുരുതരമയിരുന്നു. അതിനുള്ള തെളിവുകള്‍ കിട്ടിയിട്ടും സ്പീക്കര്‍ അതു ഗൌരവമായി എടുക്കാത്തത് അദ്ദേഹം ഇന്നോളം ആര്‍ജ്ജിച്ച എല്ലാ നേട്ടങ്ങളുടെയും മേല്‍ കറുത്ത ഒരു പാടു വീഴ്ത്തുന്നു. അതു മനസിലാക്കാന്‍ കഴിയാത്ത ഒരു സ്പീക്കറെ നല്ല സ്പീക്കറായും നല്ല പാര്‍ലമെന്റേറിയനായും എനിക്കു കാണാന്‍ സാധിക്കില്ല.


സി പി എം കോണ്ഗ്രസ് പോലെ ഒരാള്‍ക്കൂട്ടമല്ല. ആര്‍ക്കും വെറുതെ വന്നുപോകാവുന്ന ഒരു വഴിയമ്പലവുമല്ല. അത് വ്യക്തമായ ചട്ടക്കൂട്ടില്‍ പ്രവര്‍ത്തിക്കുന്ന ഒരു പ്രസ്ഥാനമാണ്‌. കരുണാകരനേപ്പോലുള്ളവര്‍ ക്ക് തോന്നുമ്പോള്‍ പുറത്തു പോകാനും, തോന്നുമ്പോള്‍ കയറി വരാനുമുള്ള ഒരു കൂടാരമൊന്നുമല്ല അത്. അക്കാര്യം ചാറ്റര്‍ജി സഖാവിനും അറിയാവുന്നതാണ്‌. അത് ഇപ്പോള്‍ അദ്ദേഹം മറന്നു. പാര്‍ട്ടിക്ക് അച്ചടക്കമാണ്‌ വലുത്, ആളുകളല്ല. ആ അച്ചടക്കത്തില്‍ നില്ക്കാന്‍ അദ്ദേഹത്തിനു താല്പര്യമില്ല. പാര്‍ട്ടി അദ്ദേഹത്തെ വേണ്ടെന്നു വക്കുകയും ചെയ്തു. ഇതില്‍ അതിനപ്പുറമൊന്നും ഇല്ല. അദ്ദേഹത്തിനു സ്പീക്കറുടെ സീറ്റിലോ , സോണിയയുടെ മടിയിലോ അമര്‍ന്നിരിക്കാനുള്ള സ്വാതന്ത്ര്യം ഉണ്ട്. പക്ഷെ സി പി എം അംഗമായി അതു പറ്റില്ലെന്നേ പാര്‍ട്ടി പറഞ്ഞുള്ളൂ. അദേഹത്തിനു കോണ്ഗ്രസില്‍ ചേരാം . മന്‍മോഹനു ശേഷം ഇന്‍ഡ്യന്‍ പ്രധാന മന്ത്രിയുമാകാം .

ഭാരതം ഭരിക്കണമെന്ന ഒരാഗ്രഹവും സി പി എമിനിപ്പോളില്ല. മന്‍മോഹന്‍ സിംഗ് പാര്‍ലമെന്റില്‍ വിലപിച്ചത് സി പി എം അദ്ദേഹത്തെ നാലു വര്‍ഷം വലിഞ്ഞ് മുറുക്കുകയായിരുനു എന്നാണ്‌. ഇന്നത്തെ സാഹചര്യത്തില്‍ അതില്‍ കൂടുതല്‍ സി പി എം ആഗ്രഹിക്കുന്നുമില്ല.

Ramachandran said...

ഡീക്കന്റെ പോസ്റ്റിലെ താങ്കളുടെ കമന്റുകള്‍ കണ്ടിരുന്നു.
ബ്ലോഗ് തുങ്ങിയത് ഇപ്പോഴാണ് കണ്ടത്. താങ്കളെപ്പോലുള്ളവരെ ഇവിടെ ആവശ്യമുണ്ട്. ജോലിത്തിരക്കുകള്‍ മൂലം ബ്ലോഗ് തുടങ്ങാന്‍ സമയം കിട്ടാത്ത ഒരു ഇടതു പക്ഷ സഹയാത്രികന്റെ അഭിവാദ്യങ്ങള്‍

പി എസ്: അരവിന്ദിനെ പ്പോലുള്ളവര്‍ രാഷ്ട്രീയത്തെക്കാണുന്നത് എന്തെങ്കിലുമൊക്കെ ഉണ്ടാക്കാനും എന്തെങ്കിലുമൊക്കെ ആകാനുമാണ് രാഷ്ട്രീയം എന്ന രീതിയിലാണ്. അതുകൊണ്ടാണ് എ കെ ജി യുമായൊക്കെ ചാറ്റര്‍ജിയെ താരതമ്യം ചെയ്യാന്‍ തന്നെ മുതിരുന്നത് അവര്‍ മുതിരുന്നത്.
ഒരു കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ നിന്ന് ഒരാള്‍ മികച്ച പാര്‍ലമെന്റേറിയന്‍ ആകുന്നുവെങ്കില്‍ അതയാളുടെ നാക്കിന്റ്റെ നീളം എന്നാണ് പാവം ധരിച്ച് വശായിരിക്കുന്നത്.