Tuesday, 22 July 2008

യേശു കമ്യൂണിസ്റ്റാണോ?

ബൈബിള്‍ അനുസരിച്ച്‌ യേശു പറുദീസ ആദ്യം വഗ്‌ദാനം ചെയ്തത് അദ്ദേഹത്തിന്‍റെ മലയിലെ പ്രസംഗത്തിലായിരുന്നു. അതിങ്ങനെയാണു ആത്മാവില്‍ ദരിദ്രര്‍ ഭാഗ്യവാന്‍മാര്‍, എന്തെന്നാല്‍ സ്വര്‍ഗ്ഗരാജ്യം അവര്‍ക്കുള്ളതാകുന്നു. ഈശോമിശിഹായുടെ അനുയായി പരലോകജീവിത്തലുള്ള വിശ്വാസം സംരക്ഷിക്കുന്നതിനു മാര്‍ക്സിസം ഒരു തടസവും സൃ‍ഷ്ടിക്കുന്നില്ല. യേശു പഠിപ്പിച്ചതെന്താണെന്നറിയാവുന്ന ഏതൊരു ക്രിസ്ത്യാനിക്കും നല്ല ഒരു സോഷ്യലിസ്റ്റായിരിക്കാം. ഒരു സോഷ്യലിസ്റ്റേ ആയിരിക്കാന്‍ പറ്റൂ. കാരണം ഇതാണു.

ക്രിസ്തുവിന്‍റെ ഏറെ പ്രചാരമുള്ള പഠിപ്പിക്കലുകള്‍ സോഷ്യലിസത്തിനു അനുകൂലവും മുതാളിത്തത്തിനു എതിരുമാണു. ധനവാന്‍ എന്നുവച്ചാല്‍ മുതലാളി, സ്വര്‍ഗ്ഗരാജ്യത്തില്‍ പ്രവേശിക്കുന്നത്‌, ഒട്ടകം സൂചിക്കുഴയിലൂടെ കടക്കുന്നതിലും ദുഷ്കരമായിരിക്കും. ഇതു കമ്യൂണിസ്റ്റ്‌ മാനിഫെസ്റ്റോയിലേയോ , മാര്‍ക്സിന്‍റെയോ, ലെനിനിന്‍റെയൊ, മാവോയുടെയൊ ഏതെങ്കിലും പുസ്തക്ത്തില്‍ നിന്നും ഏടുത്തതോ അല്ല. ദൈവവചനമെന്നു പറഞ്ഞു പുരോഹിതര്‍ വായിക്കുകയും അതു കഴിഞ്ഞു ചുംബിക്കുകയും ചെയ്യുന്ന വിശുദ്ധ വേദപുസ്തകത്തിലേതാണിതു. അതു പറഞ്ഞത്‌ യേശു ക്രിസ്തു എന്ന മഹാനായ വ്യക്തിയും. ഇതു വായിക്കുന്ന ഏതു കഴുതയും പറയും, യേശു മുതാളിത്തതിനെതിരായിരുന്നു എന്നും, സോഷ്യലിസത്തെ പിന്തുണച്ചിരുന്നു എന്നും. ഇതു മാത്രമല്ല യേശു പറഞ്ഞിട്ടുള്ളതു. അധ്വാനിക്കുന്നവരേ ഭാരം ചുമക്കുന്നവരെ നിങ്ങള്‍ എന്‍റെ അടുക്കല്‍ വരുവിന്‍ ഞാന്‍ നിങ്ങളെ ആശ്വസിപ്പിക്കാം. മതമില്ലാത്ത ജീവന്‍ വരെ പറയും, ഇതേ ആശയമാണു, അധ്വാനിക്കുന്നവരും ഭാരം ചുമക്കുന്നവരുമായ തൊഴിലാളികള്‍ക്കു വേണ്ടി നിലകൊണ്ട മാര്‍ക്സിന്‍റെതെന്നും. അപ്പോള്‍ യേശു ഒരു കമ്യൂണിസ്റ്റുമാണെന്നു തെളിയുന്നു.


വേണമെങ്കില്‍ പുരോഹിതര്‍ക്ക് മാര്‍ക്സ്‌ അതു ബൈബിളില്‍ നിന്നും മോഷ്ടിച്ചതാണെന്നു വാദിക്കാം. യേശു അനുയായികളോട്‌ പറഞ്ഞു നിങ്ങള്‍ക്കുള്ളതെല്ലാം വിറ്റ്‌ പാവങ്ങള്‍ക്കു കൊടുത്തു എന്റെ പിന്നാലെ വരികയെന്ന്‌. അപ്പോള്‍ യേശുവിന്റെ പ്രബോധനങ്ങളില്‍ കമ്യൂണിസ്റ്റ്‌ ആശയങ്ങള്‍ ഉണ്ടെന്നതു ഒരു സത്യമാണു. യേശുവിന്‍റെ പ്രബോധനങ്ങള്‍ പഠിച്ചിട്ടുള്ള ഏതൊരു കത്തോലിക്കനും, ക്രിസ്ത്യാനിക്കും കമ്യൂണിസ്റ്റായിരിക്കാന്‍ യാതൊരു ബുദ്ധിമുട്ടുമില്ല. ബൈബിള്‍ പഠിക്കുന്നതിനു പകരം വിദ്യാഭ്യാസ കച്ചവടവും കമ്യൂണിസ്റ്റ്‌ വിരോധവും മനസു നിറയെ കൊണ്ടു നടക്കുന്ന വ്യാജ കത്തോലിക്കര്‍ക്ക്‌, ഒരു ക്രിസ്ത്യാനി പോലുമാവാനുള്ള യോഗ്യതയില്ല.


മാര്‍ക്സിയന്‍ ചിന്തയുടെ ഫലമായിട്ടല്ല പടിഞ്ഞാറന്‍ ക്രൈസ്തവ രാജ്യങ്ങള്‍ മതത്തേയും ദൈവത്തെയും തങ്ങളുടെ ജീവിതത്തില്‍ നിന്നും ആട്ടിപ്പായിച്ചത്‌. അവിടെയെങ്ങും മാര്‍ക്സിന്‍റെ ആശയങ്ങള്‍ക്ക്‌ ഒരു പ്രചാരവും ഇല്ല. 2000 വര്‍ഷക്കാലം ക്രൈസ്തവ മതമേ അവിടെ ഉണ്ടായിരുന്നുള്ളു. ക്രൈസ്തവ ചിന്ത മാത്രമേ ഉണ്ടായിരുന്നുള്ളു. എന്നിട്ടും അവര്‍ ദൈവത്തെ വേണ്ടെന്നു വച്ചു. അതു സംഭവിച്ചതു തീര്‍ച്ചയായും കത്തോലിക്കാ സഭ പോലുള്ള സ്ഥാപനങ്ങളുടെ പരാജയമാണു. ദൈവത്തേക്കുറിച്ചുള്ള ചിന്ത വളരെ വലിയ നന്‍മയായി കൊണ്ടു നടന്ന പടിഞ്ഞാറന്‍ രാജ്യങ്ങള്‍, ഇറ്റലിയുള്‍പ്പടെ, ദൈവത്തില്‍നിന്നും അകന്നു പോയതെന്തു കൊണ്ടാണെന്നു എന്തെങ്കിലും കാരണം പുരോഹിതര്‍ക്ക് പറയാനുണ്ടാവില്ല. അതില്ലെങ്കില്‍ കമ്യൂണിസത്തിന്‍റെ നേരെ കുരച്ച ചാടിയിട്ടും, വിലപിച്ചിട്ടും കാര്യമില്ല. ദൈവത്തിന്‍റെ പ്രസക്തി ദൈവിശ്വാസം പ്രോത്സാഹിപ്പിക്കുന്ന ഇടങ്ങളില്‍ ഇല്ലെങ്കില്‍ പിന്നെ എന്തിനാണു കമ്യൂണിസ്റ്റുകാര്‍ ദൈവനിഷേധികളാണെന്നു പറയുന്നതിന്‍റെ ഉദ്ദേശം? ലെനിന്‍ അതു പറഞ്ഞു, ഇതു പറഞ്ഞു എന്നു ഇടക്കിടക്കു ഉത്ഘോഷിക്കന്നുത്‌ കൊണ്ട്‌, ഒന്നും നേടില്ല.


സഭയും മുതലാളിത്തവും തമ്മിലുള്ള ബന്ധം മാര്‍ക്സ്‌ പറയാതെ തന്നെ വിവരമുള്ളവര്‍ക്കറിയാം. ഈ കൊച്ചു കേരളത്തിലും അതു കണ്ണുള്ളവര്‍ കാണുന്നുണ്ട്‌. 1967 ല്‍ പോള്‍ ആറാമന്‍ ചാക്രികലേഖനം എഴുതിയെന്നു കരുതി സഭ മുതലാളിത്തത്തെ വലിച്ചെറിഞ്ഞൊന്നും ഇല്ല. പോള്‍ ആറാമനു അന്നാണു വിവരമുണ്ടായതും, സഭ പാവപ്പെട്ടവന്‍റെ കൂടെയാണു നില്‍ക്കേണ്ടതെന്നു മനസിലായതും. 2000 വര്‍ഷം സഭ ചെയ്ത തെറ്റു തിരുത്താനാണു അന്നദ്ദേഹം ശ്രമിച്ചത്‌. പോള്‍ ആറാമനെ കമ്യൂണിസ്റ്റായി മുദ്ര കുത്തിയത്‌, മാര്‍ക്സോ, ലെനിനോ, മാവോയൊ അല്ല. പുരോഹിതര്‍ ഉള്‍പ്പെടുന്ന കത്തോലിക്ക സമൂഹമാണതു ചെയ്തത്‌. അതിനുള്ള കാരണം ഇതും . സഭയുടെ ചരിത്രത്തില്‍ അന്നാണു വലിയ ഇടയനു സ്വന്തം തത്ത്വശാസ്ത്രം പിടികിട്ടിയത്‌. അത്‌ പാവപ്പെട്ടവന്‍റെയും, അധ്വാനിക്കുന്നവന്‍റെയും ഭാരം ചുമക്കുന്നവന്‍റെയും കൂടെയാണു സഭ നില്‍ക്കേണ്ടതെന്ന്‌. ഇത്‌ സഭക്കുണ്ടായ ആദ്യത്തെ ബോധോദയം ആയി കാണാം. രണ്ടാമത്തേത് ജോണ്‍ പോള്‍ രണ്ടാമനാണുണ്ടായത്‌. അന്നദ്ദേഹം കത്തോലിക്ക സഭ, അതു വരെ ചെയ്ത ക്രൂരതകള്‍ക്കെല്ലാം മാപ്പു ചോദിച്ചു.

3 comments:

Inji Pennu said...

അപ്പോൾ കമ്മ്യൂണിസ്റ്റുകൾക്ക് ക്രിസ്ത്യാനിയാവാൻ ഒട്ടും അറക്കണ്ടല്ലോ? സമാധാനായി :)

യേശു വീഞ്ഞുകുടിച്ചിട്ടുണ്ട്, അതോണ്ട് നമുക്കും കള്ള് കുടിക്കാം എന്ന് ക്രിസ്ത്യാനികൾ പറയുന്നത് കേട്ടിട്ടുണ്ട്. അല്ലെങ്കിൽ ഭൂമിയിലുള്ള സകലതും കഴിക്കാൻ പറയുന്നതുകൊണ്ട് കമ്പ്ലീറ്റ് മാംസാഹാരം കഴിക്കാമെന്നും.
അതുപോലെയൊക്കെ തന്നെ ഈ ഔട്ട് ഓഫ് കോണ്ടക്സ്റ്റുകളും.

എന്തായാലും പിതാവിന്റെ രാജ്യം സ്ഥാപിക്കാൻ വരുമെന്നല്ലേ ക്രിസ്തു പറഞ്ഞേച്ചു പോയിരിക്കുന്നത്, അത് കഴിഞ്ഞിട്ട് നമ്മക്ക് കമ്മ്യൂ‍ണിസ്റ്റാവാം.

കമ്മ്യൂണിസ്റ്റുകളെയാവില്ല ആരെങ്കിലും എതിർക്കുന്നത്, പകരം കമ്മ്യൂണിസത്തിന്റെ പേരിൽ രൂപം കൊള്ളുന്ന അധികാര വർഗ്ഗത്തെയാവും. പാവപ്പെട്ട തൊഴിലാളിയും പാവപ്പെട്ട കിസ്ത്യാനിയും തമ്മിൽ എന്തെങ്കിലും പ്രശ്നമുള്ളതായി അറിവില്ല. ക്രിസ്ത്യൻ അധികാരങ്ങളും കമ്മ്യൂണിസ്റ്റ് അധികാരികളും തമ്മിലാണ് ഈ ഇറച്ചികഷ്ണത്തിനു വേണ്ടി അടി. പാവപ്പെട്ടവനെ അവർക്ക് രണ്ട് കൂട്ടർക്കും വീതിച്ച് എടുക്കണം.

t.k. formerly known as തൊമ്മന്‍ said...

>ബൈബിള്‍ അനുസരിച്ച്‌ യേശു പറുദീസ ആദ്യം >വഗ്‌ദാനം ചെയ്തത് അദ്ദേഹത്തിന്‍റെ മലയിലെ >പ്രസംഗത്തിലായിരുന്നു. അതിങ്ങനെയാണു ആത്മാവില്‍
>ദരിദ്രര്‍ ഭാഗ്യവാന്‍മാര്‍, എന്തെന്നാല്‍ സ്വര്‍ഗ്ഗരാജ്യം >അവര്‍ക്കുള്ളതാകുന്നു. ഈശോമിശിഹായുടെ അനുയായി >പരലോകജീവിത്തലുള്ള വിശ്വാസം സംരക്ഷിക്കുന്നതിനു >മാര്‍ക്സിസം ഒരു തടസവും സൃ‍ഷ്ടിക്കുന്നില്ല.

മാര്‍ക്സ് പ്രവാചകന്‍ പറഞ്ഞുവച്ചതുപോലെ യേശു പ്രസംഗിച്ചതു നന്നായി. മാര്‍ക്സിസം ബുദ്ധിമാന്ദ്യം വരുത്തുമെന്ന് ഇത്തരം പോസ്റ്റുകള്‍ തെളിവാണ്.

nalan::നളന്‍ said...

അധ്വാനിക്കുന്നവരേ ഭാരം ചുമക്കുന്നവരെ നിങ്ങള്‍ എന്‍റെ അടുക്കല്‍ വരുവിന്‍ ഞാന്‍ നിങ്ങളെ ആശ്വസിപ്പിക്കാം.

യേശു ഇങ്ങനെ പറയാന്‍ ഒരു സാധ്യതയും ഇല്ല.
അധ്വാനിക്കുന്നവരേ ഭാരം ചുമക്കുന്നവരെ നിങ്ങള്‍ എന്‍റെ അടുക്കല്‍ വരുവിന്‍ ഞാന്‍ നിങ്ങളെ കൊന്നു തിന്നാം എന്നായിരിക്കണം യേശു പറഞ്ഞത്.